Saturday, January 31, 2009

സിസ്റ്റര്‍ ബഫി

ദയാപരനായ കര്‍ത്താവച്ചായാ ( ബാക്കിയുള്ളവര്‍ ആകാശങ്ങളുടെ ഉടയോനേ ,കടലിനു മീതെ നടന്നോനെ എന്നൊക്കെയേ വിളിക്കാവു. അദ്ദേഹത്തിന്‍റെ മണവാട്ടിയായ എനിക്ക് അച്ചായാ എന്ന് വിളിക്കാം) ,

അവിടുത്തെ നിഷ്കളങ്കയായ ഈ മണവാട്ടി നേരിടുന്ന പീഡനാനുഭവങ്ങള്‍ അങ്ങ് അറിയുന്നില്ലയോ? ഒരു വശത്ത് കഴുകന്‍ കണ്ണുകളുമായി സി ബി ഐ ,മറുവശത്ത്‌ ചെന്നായ്ക്കളെപ്പോലെ മാധ്യമങ്ങളും, ജനങ്ങളും. ഇതിനിടയില്‍ ഞാനും , വിശുദ്ധരില്‍ വിശുദ്ധരായ ഫാദര്‍ പാന്റൂരാനും, ഫാദര്‍ പൂച്ചത്രിക്കയും വലയുകയാണ് അച്ചായാ വലയുകയാണ്. നിത്യേനയെന്നവണ്ണം ഞങ്ങള്‍ അര്‍പ്പിച്ചിരുന്ന ദിവ്യബലി, ഇപ്പോള്‍ ഏതാണ്ട് മുടങ്ങിയ മട്ടാണ്. പരസ്പരം ഒന്നു ഫോണില്‍ വിളിച്ച് ദൈവ വചനങ്ങള്‍ ചര്‍ച്ച ചെയ്യണമെങ്കില്‍ കൂടി പലരെയും ഭയക്കണം എന്നായിട്ടുണ്ട്.

തിരുസഭ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് , ഏറെ സഹനങ്ങള്‍ക്കപ്പുറം ലഭിച്ച ജാമ്യം ഏതെങ്കിലും പിതാവിന് പിറക്കാത്ത പരിശുദ്ധാത്മാക്കള്‍ കയറി ഹര്‍ജ്ജി നല്‍കി റദ്ദ് ചെയ്യിക്കുമോ എന്ന ഭീതിയും ഞങ്ങളെ വേട്ടയാടുന്നു. അതിന് മുന്നേ കേരളത്തിലെ കഴുതകളായ ജനങ്ങളുടെ ശ്രദ്ധ ഞങ്ങളില്‍ നിന്നും അകറ്റുവാന്‍ തക്ക വിവാദങ്ങള്‍ എന്തെങ്കിലും ഉയര്‍ന്ന് വരുവാന്‍ എല്ലാമറിയുന്ന അവിടുന്ന് തന്നെ കനിയണം.ഇപ്പൊ ഞങ്ങളുടെ കമ്മ്യൂണിസ്റ്റ് സഹോദരനെതിരെ ഉയര്‍ന്ന് വന്നിരിക്കുന്നത് പോലെ നാലോ ,അഞ്ചോ പ്രമുഖര്‍ക്കെതിരെ സി ബി ഐ വക അന്വഷണങ്ങള്‍ വരുകയും,ഒടുവില്‍ അവയെല്ലാം കെട്ടിച്ചമക്കപ്പെട്ടവയാണെന്നും തെളിഞ്ഞാല്‍ മതി. അങ്ങനെ വന്നാല്‍ , സി ബി ഐ യുടെ വിശ്വാസ്യതയെ വിശുദ്ധ പിതാക്കന്മാര്‍ കാല്‍വരി കയറ്റിക്കൊളളും. അങ്ങനെയെന്തേലും അത്ഭുതങ്ങള്‍ അവിടുന്ന് അടയാളം കാട്ടിയില്ലേല്‍, തിരുസഭയില്‍പ്പറഞ്ഞ് ഒരു രണ്ടാം കുരിശു മരണം ഞാന്‍ ഒരുക്കിത്തരും, പറഞ്ഞേക്കാം. വെറുതെ കര്‍ത്താവാണ് കോപ്പാണ് എന്നുമ്പറഞ്ഞ് നടന്നാല്‍ പോര.
എന്തൊക്കെയായാലും ഇനി ആ സി ബി ഐക്കാരുടെ പിടിയില്‍പ്പെടാന്‍ വയ്യ അച്ചായാ , വയ്യ . കഴിഞ്ഞ തവണ എ സീ മുറിയും, പ്രത്യേക പ്രാര്‍ത്ഥനാ മുറിയുമൊക്കെ ഒരുക്കിത്തന്ന് അവര്‍ ഞങ്ങളെ വല്ലാതെ പീഡിപ്പിച്ചു . തമ്മില്‍ക്കണ്ട് ഒരു ദിവ്യബലി അര്‍പ്പിക്കാനെങ്കിലും ആ പാപികള്‍ ഞങ്ങള്‍ മൂവരെയും അനുവദിച്ചിരുന്നെങ്കില്‍ മറ്റെല്ലാം ഞാന്‍ പൊറുത്തേനെ.

എല്ലാം പരീക്ഷണങ്ങള്‍ എന്നിരുന്നാലും, അവന്‍മാര്‍ എന്നെക്കൊണ്ട് പോയി നടത്തിച്ച വൈദ്യപരിശോധന ഞാന്‍ എങ്ങനെ മറക്കും? സഭയുടെ ചിലവില്‍ നടത്തിയ ശസ്ത്രക്രിയ കാരണം അവന്മാര്‍ക്ക് ഒന്നും കണ്ടു പിടിക്കാന്‍ സാധിക്കില്ല എന്ന് വിചാരിച്ചല്ലേ നിഷ്കളങ്കയായ ഞാനും ധൈര്യപൂര്‍വ്വം പരിശോധനയ്ക്ക്‌ സമ്മതിച്ചത്? എന്‍റെ മാനം പോയത് മിച്ചം .
മരണ ശേഷം എന്‍റെ കുഴിമാടത്തില്‍ 'പാക്കേജ് റീടേണ്‍ഡ് അണ്‍ ഓപ്പണ്‍ഡ് ' എന്ന് സുവര്‍ണ്ണലിപികളില്‍ കൊത്തിവെയ്ക്കപ്പെടണമെന്ന എന്റെയാഗ്രഹം , സത്യം ലോകര്‍ അറിഞ്ഞ സ്ഥിതിക്ക് ഇനി നടക്കുമോ? ഹൃദയം തകര്‍ന്ന എന്‍റെ വേദന , അച്ചായന്‍ കുരിശില്‍ പിടയുന്നത് കണ്ട അവിടുത്തെ വിശുദ്ധ മാതാവ് പോലും അനുഭവിച്ച് കാണില്ല.

ഇത്രയും പീഡനങ്ങള്‍ സഹിച്ച അവിടുത്തെ ഈ തിരുമണവാട്ടിയെ ഇനിയും പരീക്ഷണങ്ങള്‍ നേരിടാന്‍ വിട്ടു കൊടുക്കരുതേ .എന്നെ മാത്രമല്ല , ഫാദര്‍ പന്റൂരാനെയും ,പൂച്ചത്രിക്കയെയും അവിടുത്തെ ത്രിക്കരങ്ങള്‍ തന്നെ കാക്കുമാറാകണം. ഞങ്ങള്‍ ചെയ്തതെല്ലാം അവിടുത്തെ തിരുനാമത്തിനും, തിരുസഭക്കും വേണ്ടി. ഒന്നുമില്ലെങ്കിലും,ഞങ്ങളുടെ കഥകള്‍ മാധ്യമങ്ങളില്‍ വന്ന ശേഷം സെമിനാരികളില്‍ അച്ഛന്‍പട്ടത്തിന് പഠിക്കാന്‍ ചെറുപ്പക്കാരായ യുവാക്കളുടെ ഉന്തും തള്ളും തുടങ്ങിയിട്ടുണ്ട് എന്ന സത്യം അച്ചായന്‍ മറക്കരുത്.

അവിടുത്തെ രാജ്യം വരുകയോ , വരാതിരിക്കുകയോ ചെയ്യട്ടെ .ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പ്രത്യേകം പരിഗണിക്കുമാറാകണേ.
സ്തോത്രം

സിസ്റ്റര്‍ ബഫിയുടെ പ്രത്യേക പ്രാര്‍ത്ഥന

Friday, January 30, 2009

മെഗാസ്റ്റാര്‍ വെര്‍സെസ്സ് സൂപ്പര്‍സ്റ്റാര്‍ അഥവാ ഇക്ക വെര്‍സെസ്സ് ഏട്ടന്‍

മലയാള ചലച്ചിത്ര പ്രേമികള്‍ക്ക് ഒരു അപൂര്‍വ സമ്മാനവുമായാണ് കേരളത്തിലെ ഏറ്റവും പ്രചാരമുള്ള സിനിമാ വാരികയായ തമോഗര്‍ത്തത്തിന്റെ ഈ ലക്കം നിങ്ങളുടെ മുന്നിലെത്തുന്നത്. മുപ്പതിലേറെ വര്‍ഷങ്ങളായി മലയാള സിനിമയുടെ നെടുന്തൂണുകള്‍ എന്ന് തന്നെ പറയാവുന്ന രണ്ട് മഹാപ്രതിഭകളാണ് കോട്ടയം സ്വദേശിയായ ഇക്കയെന്ന് സ്നേഹമുള്ളവര്‍ വിളിക്കുന്ന മെഗാ സൂപ്പര്‍സ്റ്റാര്‍ എ കെയും , തിരുവനന്തപുരം സ്വദേശിയായ , ആരാധകര്‍ ഏട്ടന്‍ എന്ന് വിളിക്കുന്ന സൂപ്പര്‍ മെഗാസ്റ്റാര്‍ എ കെ യും. മലയാള സിനിമയിലെ ഈ താര രാജാക്കന്മാര്‍ ഒന്നിക്കുന്ന പ്രത്യേക അഭിമുഖം തമോഗര്‍ത്തത്തില്‍ നിങ്ങള്‍ക്കായി: (അഭിമുഖം ചെയുന്നത് എ കെയല്ലാതെ പിന്നെയാര് ???)


എ കെ വെര്‍സെസ്സ് എ കെ

എ കെ : "നിങ്ങള്‍ രണ്ടാളെയും ഒന്നിച്ച് അഭിമുഖം ചെയ്യുവാന്‍ സാധിച്ചത് എന്‍റെ ജീവിതത്തിലെ ഒരു അസുലഭ അവസരമായി ഞാന്‍ കരുതുന്നു. "
ഇക്ക : "ഞങ്ങളും അങ്ങിനെ തന്നെ "
എ കെ : "നിങ്ങള്‍ക്കും...???"
ഏട്ടന്‍ : "ഞങ്ങള്‍ക്കല്ല....ഞങ്ങളെ ഒരുമിച്ച് അഭിമുഖം ചെയ്യുന്നത് നിന്‍റെ ജീവിതത്തിലെ അസുലഭ അവസരം തന്നെയാണെന്ന് ഞങ്ങളും കരുതുന്നു എന്നാ ഇക്ക ഉദ്ദേശിച്ചത്"

എ കെ : " ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന അഭിനയ പ്രതിഭകളായ നിങ്ങള്‍ തമ്മില്‍ ഏതെങ്കിലും തരത്തിലെ മത്സരം നിലനില്‍ക്കുന്നുണ്ടോ?"
ഇക്ക :"തീര്‍ച്ചയായും ഉണ്ട്. ഞങ്ങളെക്കാള്‍ എത്ര വയസിനിളപ്പമുള്ള പെണ്‍കുട്ടികളുടെ നായകന്മാരായി അഭിനയിക്കാം എന്ന കാര്യത്തില്‍ വാശിയേറിയ ഒരു മത്സരം തന്നെ ഞങ്ങള്‍ക്കിടയിലുണ്ട്‌. പക്ഷേ അക്കാര്യത്തില്‍ മിക്കപ്പോഴും ജയിക്കുന്നത് ഇവനാ . ഹോ, ചില സമയത്ത് ഇവന്‍റെയൊപ്പം മരം ചുറ്റിയോടുന്ന പെണ്ണുങ്ങളെക്കണ്ടാല്‍ സഹിക്കില്ല. "
ഏട്ടന്‍ : "മാത്രമല്ല, ഏറ്റവും കൂടുതല്‍ അന്യഭാഷാ നടിമാരെ അറ്റന്‍ഡ് ചെയ്യുക, ഛേ!!! ആക്റ്റ് ചെയ്യിപ്പിക്കുക എന്ന കാര്യത്തിലും ഞങ്ങള്‍ മത്സരിക്കാറുണ്ട്. അക്കാര്യത്തില്‍ പക്ഷെ ഇക്ക സ്ട്രോങ്ങാ.ഞാന്‍ അടുത്തെങ്ങും വരില്ല ."
എ കെ : "അല്ല ,അപ്പൊ അഭിനയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തമ്മില്‍ മത്സരം ഇല്ലേ ?"
ഇക്ക : "അഭിനയമോ? എഴുന്നേറ്റു പോടാ അവിടുന്ന്,വൃത്തികേട്‌ പറയാതെ. ഞങ്ങള്‍ അങ്ങിനെയുള്ള തറ പരിപാടികള്‍ നിറുത്തിയിട്ട്‌ അഞ്ചാറ് കൊല്ലമായി "
ഏട്ടന്‍ : "അല്ലെങ്കില്‍ നീ തന്നെ പറ. കഴിഞ്ഞ അഞ്ച് കൊല്ലങ്ങള്‍ക്കിടയില്‍ പുറത്തു വന്ന ഞങ്ങളുടെ ഏത് ചിത്രത്തിലാ നീ 'അഭിനയം' കണ്ടത്?"

എ കെ : " ക്ഷമിക്കണം . അറിയാതെ ചോദിച്ച് പോയതാണ് . അടുത്ത ചോദ്യം. ഒരു ചിത്രം ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് നിങ്ങള്‍ പരിഗണിക്കുന്നത്.?"
ഇക്ക : "അടുത്തിടയെയായി എനിക്ക് നൃത്തം , കോമഡി തുടങ്ങിയവയുടെ എന്നെക്കൊണ്ട് മാത്രം സാധിക്കുന്ന വേരിയേഷന്‍സ് ചെയ്ത്, 'ഇതിന്റെ പേരും നൃത്തമെന്നോ ? ' , 'ഇതും കോമഡിയോ' ,എന്നിങ്ങനെയുള്ള അത്ഭുത രസങ്ങള്‍ പ്രേക്ഷകരില്‍ ഉളവാക്കാനുള്ള വകുപ്പുണ്ടോ എന്നാണു ഞാന്‍ ഒരു പ്രോജെക്റ്റ്‌ വരുമ്പോള്‍ പ്രധാനമായും നോക്കാറുള്ളത്. കൂടാതെ ചിത്രത്തില്‍ ഞാന്‍ ഇടുന്ന ഷര്‍ട്ടുകളിലെ പൂക്കളുടെ എണ്ണം, വലിപ്പം ,നിറം എന്നീ കാര്യങ്ങളും , കൂളിങ്ങ് ഗ്ലാസുകള്‍ എത്രയെണ്ണം എനിക്ക് ആ ചിത്രത്തില്‍ വെക്കുവാന്‍ സാധിക്കും എന്ന വസ്തുതയും , ഞാന്‍ പരിശോധിക്കാറുണ്ട് "
ഏട്ടന്‍ : "ഞാന്‍ കുറെക്കാലമായി ചിത്രത്തില്‍ എന്‍റെ നായിക, അനുജത്തി , അനുജത്തിയുടെ സുഹൃത്തുക്കള്‍, സഹോദര ഭാര്യ , അവരുടെ സുഹൃത്തുക്കള്‍ , അയലത്തുകാരി , അവരുടെ അനുജത്തി അങ്ങിനെ ആ ചിത്രത്തില്‍ അഭിനയിക്കുന്ന യുവനടികളുടെ പൂര്‍ണ്ണമായ ലിസ്റ്റ് കൈയില്‍ കിട്ടി ബോധിച്ചാലെ ഒരു പ്രോജെക്റ്റിന് സമ്മതം മൂളാറുള്ളു.കൂടാതെ ,'നിങ്ങള്‍ക്കൊന്നും അറിയില്ല . കാരണം നിങ്ങള്‍ കഴുതകളാണ് ' തുടങ്ങിയ പഞ്ച് ഡയലോഗുകള്‍ കാണികളെ നോക്കി സ്ക്രീനില്‍ പറയുവാനുള്ള സ്കോപ്പും ഞാന്‍ നോക്കാറുണ്ട്. "

എ കെ : "അപ്പൊ സംവിധായകനും, കഥയും , തിരക്കഥയും ഒക്കെ ?"
ഇക്ക : "ഇല്ല ,ഇവനിന്ന് വല്ലതും വാങ്ങിച്ചോണ്ടേ പോകു. എടാ ഇതൊക്കെ നോക്കാന്‍ ആര്‍ക്കു നേരം?"
ഏട്ടന്‍ : "മാത്രമല്ല, ഞങ്ങളുടെ ചിത്രങ്ങള്‍ ഏത് ചെറ്റ സംവിധാനം ചെയ്‌താല്‍ എന്ത്? അതിന്റെ കഥയും തിരക്കഥയും എന്തായാല്‍ എന്ത്? ഞങ്ങളുടെ മുഖങ്ങള്‍ പോസ്റ്ററില്‍ വന്നാല്‍ , ഒരു ഇരുപത്തിയഞ്ച് ദിവസം ഫാന്‍സ്‌ എന്ന മണ്ടന്മാരും, ഞങ്ങളുടെ പഴയ നല്ല ചിത്രങ്ങളുടെ ഹാങ്ങ്‌ഓവര്‍ മനസ്സില്‍ ബാക്കി സൂക്ഷിക്കുന്ന കുറെയധികം പൊട്ടന്മാരും ഇടിച്ച് കയറിക്കൊള്ളും."
ഇക്ക : "എ , ബി ,സി വ്യതാസമില്ലാതെ സാധിക്കുന്നടുത്തോളം തിയറ്ററുകളില്‍ ഒറ്റയടിക്ക് പടമിറക്കി, ആ ഇരുപത്തിയഞ്ച് ദിവസങ്ങള്‍ മുതലാക്കുകയും ചെയ്യും."
ഏട്ടന്‍ :" പോരാത്തതിന് സാറ്റ്ലൈറ്റ് റൈറ്റ്സ് , വീഡിയോ റൈറ്റ്സ് പല പേരിലും അങ്ങിനെ പല വകയില്‍ അവന് കാശ് വേറെയും കിട്ടും . അവന്‍ ഹാപ്പി . ഞങ്ങള്‍ ഇന്നലേ ഹാപ്പി."

എ കെ : "അപ്പൊ നിങ്ങളുടെ സമീപകാലത്തിറങ്ങിയ എല്ലാ ചിത്രങ്ങളും ഹിറ്റാണോ ?"
ഇക്ക : "ഒവ്വ. അങ്ങനെയായിരുന്നേല്‍ ഞങ്ങള്‍ എവിടെയിരുന്നേനെ ഇപ്പോള്‍‍? ഹിറ്റല്ലാത്ത പടങ്ങളെ നിന്നപ്പോലുള്ള ഫ്രാഡ് മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെ ഗംഭീരം , തകര്‍ത്തു, എന്നൊക്കെ എഴുതിച്ച് ഞങ്ങള്‍ തടിയൂരും"
ഏട്ടന്‍ :"കള്ള്,പണം ,പിന്നെ അടുത്ത പടത്തിന്റെ കഥ ,തിരകഥ എഴുതാനുള്ള ഓഫര്‍, ഇതിലൊക്കെ വീഴാത്ത ഏതെങ്കിലും ചെറ്റ ഇന്ന് നിന്റെയൊക്കെ കൂട്ടത്തിലുണ്ടോ? പിന്നെ ഫിലിം ഫീല്‍ഡില്‍ ഞങ്ങളുടെ സ്വാധീനം കാരണം , അവിടുള്ള ഒരുത്തനും ഒന്നും മിണ്ടില്ല. മാത്രമല്ല എന്നെ വെച്ചു പടമെടുത്തു പൊട്ടിയ നിര്‍മ്മാതാവിന് നഷ്ടം നികത്താന്‍ ഇക്കയുടെ ഡേറ്റ് വേണം .തിരിച്ചും. അത് കൊണ്ട് അവന്‍മാരും പറയും പടം നഷ്ടം വരുത്തിയില്ല എന്ന് . അടുത്ത പടവും പൊട്ടിയാല്‍ പിന്നെയും ആദ്യത്തെ ആളുടെ അടുത്ത്‌ തിരിച്ച് വരാനുള്ളതല്ലേ അവന് . "

എ കെ : "ഇത്രയൊക്കെ കണക്കു കൂട്ടുന്ന നിങ്ങള്‍ക്ക് പക്ഷെ ചിലപ്പോള്‍ സ്വന്തം പടങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ പിഴക്കാറില്ലേ ? രണ്ടാളുടെയും പടങ്ങളുടെ റിലീസ് ഡേറ്റുകള്‍ തമ്മിലിടയാറുണ്ടല്ലോ? ഇതു രണ്ടു പേരുടേയും ചിത്രങ്ങള്‍ക്ക് ദോഷകരമല്ലേ? "
ഇക്ക :" ഇവനെ ആരെടാ പത്രപ്രവര്‍ത്തകനാക്കിയത്? എടാ , ഞങ്ങളുടെ പടങ്ങള്‍ ഒരേ സമയം റിലീസ് ചെയ്യുമ്പോള്‍ മെഗാ സുപ്പര്‍സ്റ്റാര്‍ വെര്‍സെസ് സൂപ്പര്‍ മെഗാസ്റ്റാര്‍, വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്നു , തിയറ്ററുകളില്‍ ഇനി മത്സരത്തിന്റെ നാളുകള്‍ എന്നൊക്കെ നിങ്ങള്‍ പത്രക്കാര്‍ തെണ്ടികള്‍ എഴുതും .നിങ്ങള്‍ അങ്ങിനെ എഴുതിയാലേ, ഞങ്ങള്‍ക്കും പടങ്ങള്‍ക്ക് വേണ്ട ഇമ്പാക്റ്റ് കിട്ടുകയുള്ളൂ"
ഏട്ടന്‍ : "പക്ഷേ , അടുത്തകാലത്തായി ഞങ്ങളുടെ പടങ്ങള്‍ ഒരേ ദിവസം തിയറ്ററുകളില്‍ എത്തിയാല്‍ ഏതെങ്കിലും ഒന്നിനോ, ചിലപ്പോള്‍ രണ്ടിനുമോ പണി കിട്ടുമെന്ന് ഞങ്ങള്‍ക്ക് നന്നായിട്ടറിയാം. അത് കൊണ്ട് ഒരാളുടെ പടമിറങ്ങി ചുരുങ്ങിയത് രണ്ടാഴ്ച്ചയെങ്കിലും കഴിഞ്ഞിട്ടേ അടുത്തയാളുടെ പടം പുറത്തിറങ്ങു"
ഇക്ക : "ദാ, ഇപ്പൊ തന്നെ എന്‍റെ 'ലവ് ഇന്‍ ആഫ്രിക്ക' ഇറങ്ങി. ഇവന്‍റെ 'റെഡ് കിളീസ്' അതിനൊപ്പം ഇറങ്ങും ,ഞങ്ങള്‍ തമ്മില്‍ മുട്ടന്‍ മത്സരം നടക്കും എന്ന് നീയൊക്കെ എഴുതിപ്പിടിപ്പിച്ചിട്ട് എന്തായി?"
ഏട്ടന്‍ :" ഇക്കയുടെ പടം രണ്ടാഴ്ച്ച ഓടി കിട്ടാവുന്നത്ര കളക്ഷന്‍ നേടിക്കഴിഞ്ഞിട്ടെ എന്‍റെ പടം പുറത്തിറങ്ങു. അടുത്ത തവണ തിരിച്ചും . അത് ഞങ്ങളുടെ സൌകര്യം പോലെ"

എ കെ : " അപ്പോള്‍ ഇതിന്റെ പേരില്‍ നിങ്ങളുടെ ഫാന്‍സ്‌ തമ്മിലെ ശത്രുത? കഴിഞ്ഞ തവണ ഇക്കയുടെ ഈഗിള്‍ പുളുസുവും , ഏട്ടന്റെ മാടന്‍ തമ്പിയും ഇറങ്ങിയപ്പോള്‍ നിങ്ങളുടെ ഫാന്‍സ്‌ തമ്മില്‍ ഉണ്ടായ പുകിലുകള്‍ ഓര്‍മ്മയില്ലേ?"
ഇക്ക :"അവന്മാര്‍ കിടന്ന് അടിക്കെട്ടെടാ . എന്നാലല്ലേ ഞങ്ങള്‍ക്ക് നാട്ടില്‍ ഒരു വിലയുള്ളൂ?"
ഏട്ടന്‍ : "അവന്‍മാരുടെ ഈ തമ്മില്‍ തല്ലല്ലേ സമീപകാലത്തായ് ഞങ്ങളുടെ കഞ്ഞി" .

എ കെ : "നിങ്ങള്‍ രണ്ടാളും സ്വയം, ഒരു പത്തു വര്‍ഷങ്ങള്‍ക്കപ്പുറം മലയാളത്തിലെ പ്രധാന അഭിനേതാക്കളായി തന്നെ കാണുന്നുണ്ടോ ?"
ഇക്ക : "അങ്ങിനെ കാണാനേ ഞങ്ങളും ഞങ്ങളുടെ ഫാന്‍സിനെപ്പോലെ മണ്ടന്മാരായിരിക്കണം. ഏറിയാല്‍ ഒരു അഞ്ചോ , ആറോ വര്‍ഷങ്ങള്‍ കൂടി ഇങ്ങിനെ ആളുകളെ പറ്റിച്ച് പടങ്ങള്‍ ഇറക്കണം. അതിന് ശേഷം രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ എന്താ എന്നാ ഞാന്‍ ആലോചിക്കുന്നത്."
ഏട്ടന്‍ : " അഞ്ചാറ് കൊല്ലത്തേക്ക്‌ എന്‍റെയും പരിപാടി ഇക്ക പറഞ്ഞത് തന്നെ. .അതിന് ശേഷം ഒക്കുമെങ്കില്‍ എന്‍റെ മകനെ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആക്കിയ ശേഷം, ഞാന്‍ നിര്‍മ്മാതാവായി തുടരണം എന്ന് വിചാരിക്കുന്നു. എന്‍റെ 'റെഡ് കിളീസിനു' ശേഷം വരുന്ന ' അര്‍ജ്ജുന്‍ അലിയാസ് എ കെ റീലോഡഡ് ' എന്ന ചിത്രത്തില്‍ മകന്‍ ചെറുക്കനെ എന്‍റെ പിന്‍ഗാമി എന്ന നിലയില്‍ ഒരു സീനില്‍ അവതരിപ്പിക്കുന്നുണ്ട്. "

എ കെ : "നിങ്ങള്‍ എനിക്കനുവദിച്ച സമയം ഏതാണ്ട് തീരാറായി. അവസാനമായ് ,മലയാള സിനിമയില്‍ പുതുമുഖ നടന്മാരുടെയും , പുതിയ സാങ്കേതിക പ്രവര്‍ത്തകരടെയും കടന്ന് വരവിനെക്കുറിച്ച് നിങ്ങളുടെ രണ്ടാളുടെയും അഭിപ്രായം കൂടി വായനക്കാരോട് പങ്കുവെച്ചാല്‍ നന്നായിരുന്നു. "
ഇക്ക : "ഏത് പുതുമുഖം? ഒരുവിധപ്പെട്ടവന്റെയൊക്കെ പടത്തിന് മുന്‍പും പിന്പും ഞങ്ങളുടെ രണ്ടാളുടെയും പടങ്ങള്‍ ഇറക്കി ഞങ്ങള്‍ ഒതുക്കിയതാണല്ലോ?പിന്നെ വരുന്നത് ഞങ്ങളില്‍ ആരുടെയെങ്കിലും മക്കളാണെങ്കില്‍ കുഴപ്പമില്ല . ബാക്കിയുള്ളവന്മാര്‍ തത്കാലം ഞങ്ങളുടെ അനിയന്‍ വേഷങ്ങള്‍ ചെയ്‌താല്‍ മതി . "
ഏട്ടന്‍ : "പിന്നെ സാങ്കേതിക പ്രവര്‍ത്തകര്‍ ,അവര്‍ വന്നോട്ടെ. പക്ഷേ ഞങ്ങളെ രണ്ടാളെയും വെച്ച് മാത്രമെ അവന്‍മാര്‍ സിനിമകളെടുക്കാന്‍ പാടുള്ളു ."
ഇക്ക : "അതെ ,അല്ലെങ്കില്‍ തന്നെ ഇപ്പൊ കാണികള്‍ക്ക്‌ കുറേശ്ശെ വിവരം വെച്ച് തുടങ്ങിയോ എന്നൊരു സംശയമുണ്ട്‌. അതിനിടക്ക് വേണം ഇനി വല്ല കൊള്ളാവുന്ന പുതുമുഖ സംവിധായകനോ,തിരകഥകൃത്തോ കേറി ഏതെങ്കിലും പുതിയ തെണ്ടിയെ വെച്ച് പടമെടുത്ത് ഹിറ്റവാനും ,പ്രേക്ഷകര്‍ ഒറ്റയടിക്ക് ഞങ്ങളെ രണ്ടാളെയും വല്ല കടലിലോ കുളത്തിലോ കൊണ്ട് കളയാനും."
ഏട്ടന്‍ : "അത്രയ്ക്ക് ടെഷന്‍ ഒന്നും വേണ്ടിക്കാ. അഥവാ ഇനി അങ്ങിനെ കഴിവുള്ള സംവിധായകര്‍ വന്നാല്‍ ഇപ്പോളത്തെ സാഹചര്യത്തില്‍ നമ്മളില്‍ ആരെങ്കിലും ഒരു ഡേറ്റ് ഓഫര്‍ ചെയ്‌താല്‍ മൂക്കും കുത്തി നടന്നവന്‍ വരില്ലേ? അതോടെ തീരും അവന്‍റെ കുതിപ്പ്. "

എ കെ : "ഇത്രയും സമയം വായനക്കാര്‍ക്ക്‌ വേണ്ടി ചിലവഴിച്ച നിങ്ങള്‍ രണ്ടാള്‍ക്കും, വായനക്കരുടെയും, തമോഗര്‍ത്തത്തിന്റെയും, പ്രത്യേകമായി എന്‍റെയും നന്ദി അറിയിക്കുന്നു"
ഇക്ക : " നന്ദിയൊക്കെ വാക്കില്‍ മാത്രം പോര.ഞങ്ങളുടെ പടങ്ങള്‍ ഇറങ്ങുമ്പോളും വേണം. നീ ഇപ്പ പോയി എന്‍റെ 'ലവ് ഇന്‍ ആഫ്രിക്കയുടെ' ഒരു കലക്കന്‍ നിരൂപണം എഴുതി തമോഗര്‍ത്തത്തില്‍ കൊടുത്തോ. എന്നിട്ട് വന്ന് എന്‍റെ അടുത്ത പടത്തിന് തിരകഥ എഴുതിക്കോ."
ഏട്ടന്‍ : "റെഡ് കിളീസ് പുറത്തിറങ്ങുന്ന ദിവസം അതിന്റെയും ഒരു വെടിക്കെട്ട് നിരൂപണം കാച്ചിയിട്ട് നീ നേരെ എറണാകുളം ലെ മെരിഡിയനില്‍ വാ .ഒരു തണ്ണി പാര്‍ട്ടിയുണ്ട്. "

എ കെ : "ഹൊ ,കൊതിയാവുന്നു. നിരൂപണം ഞാന്‍ എപ്പോ എഴുതി എന്ന് ചോദിച്ചാല്‍ പോരെ.മാത്രമല്ല നിങ്ങളുടെ ഏതെങ്കിലും പടം മോശമാണെന്ന് പരസ്യമായി ആര് പറഞ്ഞാലും ഞാന്‍ ഇന്നു മുതല്‍ അവന്‍റെ തന്തക്കു വിളിക്കുകയും ചെയ്തോളാം"
ഏട്ടന്‍ :" ചെറുക്കന്‍ രക്ഷപ്പെടുന്ന ലക്ഷണമുണ്ട്. പക്ഷേ രക്ഷപെട്ട ശേഷം തിരിഞ്ഞു നിന്ന് തന്തക്ക് വിളിക്കരുത്, കേട്ടോടാ?"
എ കെ :"അതെന്താ ഏട്ടാ അങ്ങിനെ പറയുന്നത്?"
ഇക്ക: "ഞങ്ങളുടെ കൂടെ രണ്ടും,മൂന്നും പടം നിരത്തിയഭിനയിച്ച ചില പുതുമുഖ നായികമാരുടെ സ്വഭാവം കാണിക്കരുത് എന്നാ അവന്‍ ഉദ്ധേശിച്ചത്. പേരെടുക്കും വരെ ഇക്ക, ഏട്ടാ എന്നൊക്കെ വിളിച്ചു സുഖിപ്പിച്ച് നിന്നിട്ട് എങ്ങിനെയെങ്കിലും തമിഴിലോ ,തെലുങ്കിലോ ഒരു പടം ഒപ്പിക്കും. ആ പടം ഓടി ഡിമാന്റ് ആയിക്കഴിഞ്ഞാല്‍ പിന്നെ ഞങ്ങളെപ്പോലുള്ള കിഴവന്മാരുടെയോപ്പം അഭിനയിക്കില്ല എന്നാ അവളന്മാര്‍ പറയാറ്‌. "
എ കെ : " ഹെയ് ഞാന്‍ അങ്ങിനെ ചെയ്യുമോ?"
ഇക്ക : "ചെയ്യരുത് എന്നാ പറഞ്ഞത്"
ഏട്ടന്‍ : "എന്നാ നീ പോയി ഇക്കേടെ പടത്തിന്റെ നിരൂപണം എഴുത്. ഞങ്ങള്‍ക്ക് അടുത്ത രണ്ടു പടങ്ങളുടെ റിലീസ് ഡേറ്റുകള്‍ ആലോചിച്ച് തീരുമാനിക്കനുണ്ട്. "

Wednesday, January 28, 2009

ഭാരതീയ നാരികള്‍ക്ക്‌ എ കെ വാനര പരിവാര്‍ വക പെരുമാറ്റച്ചട്ടങ്ങള്‍

സമീപ കാലത്തായി, പ്രത്യേകിച്ച് മെട്രോ നഗരങ്ങളിലും , അവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും ഭാരതീയ നാരികള്‍ നമ്മുടെ പൈതൃകത്തെയും, സംസ്കാരത്തെയും അവഗണിച്ച് തുടങ്ങിയ വിവരം വാനര പരിവാറിന്റെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു . അത്തരം സ്ത്രീകള്‍ക്കുള്ള അവസാന താകീതും, ഭാരത സ്ത്രീകള്‍ പൊതുവേ എങ്ങിനെ ജീവിക്കണം എന്ന അനുശാനങ്ങളും പൊതുജന ശ്രദ്ധക്കായ് പ്രസിദ്ധീകരിക്കുന്നു :

1 ) പതിവായി ബാറുകളിലും ,പബ്ബുകളിലും പോകുന്ന സ്‌ത്രീകള്‍ ഇന്നുമുതല്‍ അതാത്‌ പ്രദേശങ്ങളിലെ വാനര പരിവാര്‍ കാര്യാലയങ്ങളില്‍ എത്തുക. ബിയറിന് പകരം പുണ്യാഹവും , ടച്ചിംഗ്സിനായ് ത്രിമധുരവും സൌജന്യമായി ഇവിടങ്ങളില്‍ വിതരണം ചെയ്യുന്നതാണ് .

2 ) വസ്ത്രധാരണത്തിലും സ്‌ത്രീകള്‍ ഇന്ന് മുതല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ് . ഇറക്കം കുറഞ്ഞവ ,ഇറുകിപ്പിടിച്ചവ തുടങ്ങിയ വസ്ത്രങ്ങള്‍ നിങ്ങള്‍ ധരിച്ചാല്‍ അതുകാണുന്ന ഞങ്ങളുടെ പരിവാറിലെ എഴുന്നേറ്റ് നില്‍ക്കുവാന്‍ ശേഷിയില്ലാത്ത വന്ധ്യ (ക്ഷമിക്കണം വന്ദ്യ എന്ന് തിരുത്തി വായിക്കുക ) വയോധിക നേതാകള്‍ക്ക് അതി രക്തസമ്മര്‍ദ്ദം ,മസ്തിഷ്കാഘാതം . ഹൃദയസ്തംഭനം തുടങ്ങിയവ ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ കഴിയുന്നതും നിങ്ങള്‍ കാല്‍നഖം പോലും പുറത്ത്‌ കാട്ടാതിരിക്കുവാന്‍ ശ്രദ്ധിക്കുക .

3 ) വലെന്‍റൈന്സ് ഡേ , ഫ്രണ്ട്ഷിപ്പ് ഡേ തുടങ്ങിയ സാംസ്കാരിക അനാചാരങ്ങള്‍ ഒന്നും തന്നെ ഇനി മുതല്‍ അനുവദിക്കുന്നതല്ലാ. പകരം സ്നേഹത്തിന്റെയും , ശാന്തിയുടെയും സന്ദേശവാഹകരായ ദാരാ സിംഗ് ( ഗ്രഹാം സ്റ്റെയിന്‍സ് ഫെയിം ) , ഡോ : തൊഗാഡിയാ തുടങ്ങിയവരുടെ ജന്മജയന്തികള്‍ നിങ്ങള്‍ക്ക് പ്രണയത്തിനും, സൌഹൃദത്തിനുമുള്ള ദിനങ്ങളായി ആഘോഷിക്കാം.

4)) പ്രണയം മേലില്‍ നിങ്ങള്‍ ആശംസാ കാര്‍ഡുകള്‍ വഴി പ്രണയിതാവിനെ അറിയിച്ചു പോകരുത്. പ്രണയ ലേഖനങ്ങള്‍ക്ക് ശാകുന്തളത്തെ മാത്രം മാതൃകയാക്കുക. താമരയിലയില്‍ എഴുത്താണി കൊണ്ട് നിങ്ങള്‍ എഴുതുന്ന പ്രണയ ലേഖനങ്ങള്‍ നിങ്ങളുടെ അടുത്തുള്ള വാനര പരിവാര്‍ കാര്യാലയങ്ങളില്‍ ഏല്‍പ്പിക്കുക. അവയിലെ ഭാഷ ഭാരതീയ സംസ്കാരത്തെ മുറിവേല്‍പ്പിക്കുന്നില്ലാ എന്ന് ഉറപ്പ് വരുത്തിയ ശേഷം, പരിവാര്‍ വാനരന്മാര്‍ അത് നിങ്ങളുടെ കമിതാകള്‍ക്ക് കൈമാറുന്നതായിരിക്കും .

5) ) എം ടീവി, ചാനല്‍ വീ എന്നിവ പൂര്‍ണ്ണമായും സ്‌ത്രീകള്‍ വര്‍ജ്ജിക്കേണ്ടതാണ് . പകരം വനരസേനയുടെ സ്വന്തം ചാനലുകളില്‍ സന്യാസി / സന്യാസിനീ പ്രമുഖര്‍ നടത്തുന്ന ആത്മീയ പ്രഭാഷണങ്ങളും , ഗീതാ ഗീഥികളും കാണുക. പ്രസ്തുത യോഗി, യോഗിനിമാര്‍ എവിടെയെങ്കിലും ബോംബ് വെക്കാന്‍ പോവുന്ന വേളയില്‍ നിങ്ങള്‍ രാമായണം , സ്വാമി അയ്യപ്പന്‍, ജയ് ഹനുമാന്‍ എന്നീ പുണ്യ പുരാണ സീരിയലുകളുടെ പുനഃസംപ്രേക്ഷണം കണ്ട് നിര്‍വൃതിയടഞ്ഞു കൊള്ളണം .

6) പ്രസ്തുത സീരിയലുകളില്‍, സ്‌ത്രീകള്‍ ഭര്‍ത്താക്കന്‍മ്മാരെ സംബോധന ചെയ്യും വിധം 'ആര്യ പുത്രാ' , 'നാഥാ' , 'പ്രിയതമാ', 'പ്രഭോ' എന്നൊക്കെ വേണം നിങ്ങള്‍ ഇന്ന് മുതല്‍ ഭര്‍ത്താക്കന്മാരെ സംബോധന ചെയ്യുവാന്‍ . നിങ്ങളുടെ അയല്‍പക്കത്ത്‌ നാഥന്‍ എന്നൊരാള്‍ താമസമുണ്ടെങ്കില്‍ 'നാഥാ' എന്ന വിളി വാനര പരിവാറിന്റെ മുന്‍സമ്മതത്തോടെ ഒഴിവാക്കാം .

7 ) എന്ത് തന്നെ പ്രകോപനം ഉണ്ടായാലും, സ്‌ത്രീകള്‍ ഇന്ന് മുതല്‍ അസഭ്യ വാക്കുകള്‍ ഉച്ചരിക്കാന്‍ പാടുള്ളതല്ല. ആംഗലേയത്തിലുള്ള തെറി തീരെ പാടില്ല. ബസ്സിലോ , ഓഫീസിലോ വെച്ച് ഒരുവന്‍ നിങ്ങളെ കൈയ്യേറ്റം ചെയ്‌താല്‍ പോലും "പാപി, നീചാ ,നിനക്കുള്ള ശിക്ഷ ഭഗവാന്‍ തന്ന് കൊള്ളും" എന്ന് മാത്രമേ പറയുവാന്‍ പാടുള്ളു. അതും കണ്ണീരോടെ . അതാണ്‌ ഭാരത സ്ത്രീകളുടെ ഭാവശുദ്ധി എന്ന് മനസിലാക്കുക.

8) ) വിവാഹിതരായ സ്‌ത്രീകള്‍ പതിവൃതകളും , ശീലാവതിയുടെ സ്വഭാവമുള്ളവരുമായിരിക്കണം. നിങ്ങളുടെ ഭര്‍ത്താവിന് വേശ്യാഗമനത്തിന് താത്പര്യമുണ്ടെങ്കില്‍ , നിങ്ങള്‍ തന്നെ അദ്ദേഹത്തെ വേശ്യയുടെ അരുകില്‍ എത്തിക്കേണ്ടതാണ്. വേശ്യയുടെ വീട്ടിലേക്ക് ,നിങ്ങള്‍ ഭര്‍ത്താവിനെ ചുമലില്‍ ചുമക്കണം എന്നൊന്നും ഞങ്ങള്‍ പറയില്ല. കാറിലോ,ഓട്ടോയിലോ കൊണ്ട് വിട്ടാല്‍ മതി.

9) ഭര്‍ത്താവിന്റെ മരണ ശേഷം സ്ത്രീയുടെ ജീവിതം വ്യര്‍ത്ഥം എന്ന പ്രപഞ്ച സത്യം തിരിച്ചറിഞ്ഞ്, ഉടന്തടി ചാടി സതി അനുഷ്ടിക്കാന്‍ നിങ്ങള്‍ എപ്പോഴും സന്നദ്ധരായിരിക്കണം . ഇനി നിങ്ങളുടെ ഭര്‍ത്താവിനെ ,കൈയിലിരുപ്പിന്റെ ഗുണം കാരണം നാട്ടുക്കാര്‍ തല്ലിക്കൊന്നതാണെങ്കില്‍ കൂടി ,നിങ്ങള്‍ സതി അനുഷ്ടിച്ചേ മതിയാവു.അതാണ്‌ നമ്മുടെ സംസ്കാരം,മറക്കരുത്.

ഇന്ന് മുതല്‍ മേല്‍പ്പറഞ്ഞ നിയമാവലി ഭാരതത്തിലെ എല്ലാ സ്ത്രീകളും അക്ഷരംപ്രതി പാലിക്കേണ്ടതാണ്. ഇവ ലംഘിക്കുന്നവരെ വാനര പരിവാറിന്റെ സദാചാര പോലീസുകാരായ 'ജാംബവാന്‍ ദള്‍' , 'ജടായു സേന' എന്നിവയുടെ പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുന്നതായിരിക്കും . ഈ പ്രവര്‍ത്തകര്‍ സദാ രാമനും, കൃഷ്ണനും, ഹനുമാനും വേണ്ടി മുദ്രാവാക്യം വിളിക്കുന്നവരെങ്കിലും, പ്രകൃതിയാ രാവണന്റെ സ്വഭാവമുള്ളവരും ഞരമ്പ് രോഗികളുമായതിനാല്‍, നിയമങ്ങള്‍ പാലിക്കാത്ത സ്ത്രീകളെ ഇവര്‍ പീഡിപ്പിച്ചാല്‍ വാനര പരിവാര്‍ അതിന്‍റെ ഉത്തരവാദിത്ത്വം ഏല്‍ക്കുന്നതല്ലാ.

ഈ നിയമാവലിയിലെ നിയമങ്ങള്‍ ഒന്നും തന്നെ വനരസേനയുടെ നേതാക്കളുടെ കുടുമ്പങ്ങളിലെ സ്ത്രീകള്‍ക്ക് ബാധകമല്ല എന്നും ഇതിനാല്‍ അറിയിച്ച് കൊള്ളുന്നു.

സാംസ്കാരിക വെറിയോടെ,
പരിവാര്‍ വാനര മുഖ്യന്‍:
മഹോദയ് എ കെ

സഖാവ് എ കെ

കേരളാ മുഖ്യമന്ത്രിയും , ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ജനപ്രിയനായ കമ്മ്യുണിസ്റ്റ് നേതാവായി ഔതക്കുട്ടിച്ചായന്റെ പത്രം ഉയര്‍ത്തിക്കാട്ടുന്ന വ്യക്തിത്വവുമായ സഖാവ് എ കെ യുമായി ഞങ്ങളുടെ പ്രത്യേക ലേഖകന്‍ നടത്തിയ അഭിമുഖത്തില്‍ നിന്നും :

ലേഘകന്‍: "സഖാവ് എ കെ ജിക്ക് ശേഷം കേരളം കണ്ട ഏറ്റവും ജനപ്രീതിയുള്ള നേതാവ് എന്ന് അങ്ങയെ വിളിച്ചാല്‍ , എങ്ങിനെ പ്രതികരിക്കും? "

എ കെ : "അങ്ങിനെ വിളിച്ചില്ലെങ്കിലാവും തന്നെ പട്ടി എന്ന് വിളിച്ച് ഞാന്‍ പ്രതികരിക്കുക. പിന്നെ ഞാനീ നാടു മുഴുവന്‍ പത്രക്കാരെയും കൊണ്ട് ഓടി നടന്ന് വാഴ വെട്ടുകയും, ഫൈവ് സ്റാര്‍ ഹോട്ടലിന്റെ ഓലപ്പുരകള്‍ പറിച്ച് കടലില്‍ എറിയുകയും ചെയ്തത് പുണ്യം കിട്ടാനാണോ ? "

ലേ: " ഇത്രയും ജനപ്രീതിയുണ്ടെന്ന് അവകാശപ്പെടുന്ന സഖാവിന്റെ മുഖ്യമന്ത്രി പദത്തിലേക്കുള്ള യാത്ര പക്ഷേ സുഗമമായിരുന്നില്ലല്ലോ?"

എ കെ : "വാസ്തവം. ഈ ആഡബരമൊക്കെ കാട്ടിയിട്ടും ,അവസാനം എനിക്ക് കിട്ടിയ ഇണ്ടാസ് തിരഞ്ഞെടുപ്പില്‍ നില്‍ക്കണ്ട എന്നായിരുന്നു. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായ ഞാന്‍ അനുസരണയോടെ കേരളത്തില്‍ അങ്ങോളമിങ്ങോളം കുറേയെണ്ണത്തിനെ തെരുവിലിറക്കി പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുടെയും, ഇവിടുത്തെയാ മിന്നല്‍ പിണുങ്ങന്റെയും തന്തക്കു വിളിപ്പിച്ചു. ഔതക്കുട്ടിയും പട്ടാളവും ജനവികാരം എ കെക്ക് അനുകൂലം എന്ന് വെണ്ടയ്ക്ക നിരത്തി. അതുകൊണ്ട് മാത്രമല്ലേ ഞാനിന്നീ കസേരയില്‍ ഉടുമ്പ് പിടിച്ചിരിക്കുന്നത്. "

ലേ: "ഔതക്കുട്ടിച്ചായന്‍ സഖാവിന്റെ വല്യ ആരാധകനാണെന്ന് തോന്നുന്നെല്ലോ?"

എ കെ : "കുന്തം!!! ഔതക്കുട്ടിയുടെ മാത്രമല്ല ഒരുവിധപ്പെട്ട സകല മാധ്യമ തരികിടകളുടെയും ആഗ്രഹം ഞാനും പിണുങ്ങനും തമ്മിലടിച്ച് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണ്ടാരമടങ്ങി പോകണം എന്നല്ലേ? അതിനവന്മാര്‍ എന്നെ ചട്ടുകമാക്കുന്നു. പാര്‍ട്ടി മുങ്ങിയാലും എനിക്ക് മുഖ്യമന്ത്രി കസേര കിട്ടുമല്ലോ എന്നോര്‍ത്ത് ഞാന്‍ പിന്നെ ഒക്കേന്ന് പറഞ്ഞതല്ലേ? ജനങ്ങളെ സേവിക്കാന്‍ അധികരമില്ലാതെ വല്യ ബുദ്ധിമുട്ടാ."

ലേ : " അധികാരമില്ലാതെ തന്നെ ജനങ്ങളെ സേവിച്ച നേതാക്കള്‍ മുന്പുണ്ടായിരുന്നല്ലോ?"

എ കെ : "അതൊക്കെ പണ്ട്. ഇപ്പോ ചുരുങ്ങിയത് പ്രതിപക്ഷ നേതാവെങ്കിലും ആയില്ലേല്‍ ഒന്നും നടക്കില്ല"

ലേ : "മനസിലായില്ല?"

എ കെ "എവനാരെടാ ? എടാ , ഞാന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഞങ്ങളുടെ പാര്‍ട്ടിയുടെ വിദ്യാര്‍ഥി തൊരപ്പന്മാര്‍ സ്വാശ്രയം എന്ന് പറഞ്ഞ് കോളേജുകള്‍ സകലതും പരീക്ഷ സമയത്ത് അടപ്പിച്ചു . എന്‍റെ മോന്‍ പഠിച്ച കോളേജില്‍ മാത്രം പരീക്ഷ മണി , മണി പോലെ നടന്നു . അധികാരം ഇല്ലായിരുന്നെങ്കില്‍ മൂന്നാം ക്ലാസ്സില്‍ 'പരൂക്ഷ' ജയിച്ച അവനെ ഐ എച്ച് ആര്‍ ഡിയുടെ അസിസ്റ്റന്റ് ഡയറെക്ടര്‍ സ്ഥാനത്തും പിന്നെ കൊയര്‍ ബോര്‍ഡിന്റെ തലപത്തും പ്രതിഷ്ഠിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നോ?
ഞാന്‍ മുഖ്യമന്ത്രിയായ ശേഷം ചെക്കനെ പി എച്ച് ഡീക്ക് ,സകലവനെയും ഊശിയാക്കി ,കേരള സര്‍വകലാശാലയില്‍ തന്നെ കയറ്റാന്‍ പറ്റി. അവന് പത്തു ചക്രമൊക്കുന്ന ആ ദുബായ് സിറ്റി കരാര്‍ ഒരുവിധത്തിലാ ഞാന്‍ സെസ്സ് നിയമത്തിന്റെ പരിധിക്ക് പുറത്താക്കിയത്. ഈ ജനസേവനമൊക്കെ അധികാരമില്ലാതെ എനിക്ക് ചെയ്യാന്‍ സാധിക്കുമോ?ചില വെറുക്കപ്പെട്ടവന്‍മാര് ഇതൊക്കെ പറഞ്ഞ് ബഹളമുണ്ടാക്കാനും ,കോടതി കയറാനും നടപ്പുണ്ട്. എങ്കിലും, എല്ലാം നടന്നത് ഈ മുഖ്യമന്ത്രി കസേര കാരണമല്ലേ? "

ലേ: "പക്ഷേ അധികാരത്തിലുള്ള താങ്കളുടെ നാള്‍വഴികളും അത്ര സുഗമമല്ലല്ലോ ? പ്രതിപക്ഷ നേതാവായിരിക്കെ സ്ത്രീ പീഡനത്തിനെതിരെ ഏറ്റവുമധികം ഉയര്‍ന്ന് കേട്ട ഒരു ശബ്ദമായിരുന്നു താങ്കളുടേത്. പക്ഷേ, മുഖ്യമന്ത്രിയായത്തിന് ശേഷം താങ്കളുടെ പ്രവര്‍ത്തികളില്‍ വാക്കുകളുടെ ആര്‍ജ്ജവം ഇല്ല എന്നൊരു അക്ഷേപമുയര്‍ന്നിട്ടുണ്ടല്ലോ? താങ്കള്‍ അധികാരത്തിലെത്തിയ ശേഷം പീഡനം ,യുവതികളുടെ ആത്മഹത്യ എന്നിവ വര്‍ദ്ധിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. അതിനെക്കുറിച്ച് താങ്കളുടെ പ്രതികരണം അറിയുവാന്‍ ജനങ്ങള്‍ക്ക്‌ താത്പര്യമുണ്ടാകും"

എ കെ: "പ്രതിപക്ഷത്തിരുന്ന് വല്ലതും വിടുവാ വിളിച്ച് പറയുന്നതു പോലെയാണോ മുഖ്യമന്ത്രിയായാല്‍ . അവിടിരിക്കുമ്പോള്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ല. എന്നാല്‍ ഈ കസേരയില്‍ അങ്ങിനെയാണോ? പിന്നെ പീഡനത്തിന്റെ കാര്യത്തില്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല എന്ന് പറയാന്‍ സാധിക്കില്ല. മുന്‍പ് മെട്രോകളിലും, ചില റിസോര്‍ട്ടുകളിലും മാത്രം ഒതുങ്ങിയിരുന്ന സംഭവം ഞാന്‍ മുഖ്യമന്ത്രിയായ ശേഷം ജനകീയമാക്കിയില്ലേ? ആലപ്പുഴ എസ് എം എസ് , നാടൊട്ടുക്ക് വിവിധ പ്ലസ്ടൂ വിദ്യാര്‍ഥിനികളുടെ ആത്മഹത്യ അങ്ങിനെ എത്ര ഉദാഹരണങ്ങള്‍ "

ലേ: "അധികാരത്തിലെത്തിയ ശേഷം താങ്കളുടെ പ്രതിച്ഛായക്ക് ഏറെ മങ്ങലേറ്റിട്ടുണ്ട് , ശരിയല്ലേ?

എ കെ :" എങ്ങിനെ ഏല്‍ക്കാതിരിക്കും? ഒന്നാമത് ആ പിണുങ്ങന്‍ മനസമാധാനം തരുന്നില്ല. അതിനിടക്ക് ഇമേജ് ഒന്നു നന്നാക്കിക്കളയാം എന്ന് കരുതി ചെയ്തതെല്ലാം മണ്ടത്തരമായിപോയി . മൂന്ന് കിഴങ്ങന്മാരെയും കൊണ്ടു ഞാന്‍ കിഴക്കന്‍ മല നിരത്താന്‍ പോയി. അവിടെ എല്ലാവനും കൂടി എന്നെ 'മൂന്നാര്‍' എന്ന് മൂക്ക് കൊണ്ട് എഴുതിച്ച് പറഞ്ഞ് വിട്ടു. പോട്ടെ, രണ്ടാം ഭൂപരിഷ്കരണം എന്ന് പറഞ്ഞ് ആളുകളെ പേടിപ്പിക്കാം എന്ന് ഞാന്‍ സ്വപ്നം കണ്ടു. അധികം കളിച്ചാല്‍ ഭൂപരിഷ്കരണമാവില്ല മുഖ്യമന്ത്രി കസേരയുടെ പരിഷ്കരണമാവും നടക്കുക എന്ന് പറഞ്ഞ് അവന്മ്മാര്‍ എന്നെ ഒതുക്കി."

ലേ: "സത്യത്തില്‍ ഈ രണ്ടാം ഭൂപരിഷ്കരണം കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിച്ചത്?"

എ കെ : "പണ്ട് ജന്മിമാരുടെ ഭൂമി പിടിച്ചെടുത്ത് പാവപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കിയില്ലേ ? അത് പോലെ, കണ്ട അലവലാതികളുടെ കൈയ്യിലുള്ള ഭൂമി മൊത്തം പിടിച്ചെടുത്ത് പാവപ്പെട്ട ആ ദുബായ് സിറ്റികാര്‍ക്കും ,ദരിദ്രരായ റിയല്‍ എസ്റ്റേറ്റ്‌ മുതലാളിമാര്‍ക്കും നല്‍കുകാ എന്ന വികസനോന്മുഖ കര്‍മ്മ പരിപാടിയായിരുന്നു എന്‍റെ ലക്‌ഷ്യം. പറഞ്ഞിട്ടെന്ത് കാര്യം ? എല്ലാവനും കൂടി പൊളിച്ചടുക്കി കൈയ്യില്‍ തന്നില്ലേ ?"

ലേ: "സംസ്ഥാന സമ്മേളനത്തിന് ശേഷം പാര്‍ട്ടിയില്‍ മിന്നല്‍ പിടിമുറുക്കുകയാണല്ലോ?"

എ കെ : " കൂടെ നിന്നവന്മാരില്‍ ഭൂരിപക്ഷവും മറുകണ്ടം ചാടി. ഒപ്പം നില്‍ക്കുന്നവര്ക്കിട്ട് തന്നെ പ്ലാങ്ക് പാലിക്കുന്ന എന്‍റെ സ്വഭാവം, അവന്മാര്‍ ഇത്ര പെട്ടെന്ന് പഠിക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. പക്ഷേ ഇത് കൊണ്ടൊന്നും ഞാന്‍ തളരില്ല .ഇനി എന്തായാലും ഈ കസേര ഒരിക്കല്‍ കൂടി എനിക്ക് അവന്മ്മാര്‍ തരില്ല. അത് കൊണ്ട് ബാക്കിയുള്ള രണ്ടര കൊല്ലം കൂടി ഇതില്‍ തികച്ചിരിക്കാന്‍ ഞാന്‍ എന്തും ചെയ്യും"

ലേ: "അതിന്റെ തുടക്കമാണോ മിന്നലിനെതിരെ സി ബി ഐ 'ലോ ലവന്‍ ' കേസ് ഉയര്‍ത്തിക്കാട്ടുന്നത് ?"
എ കെ :"അതിലെനിക്ക് പങ്കൊന്നുമില്ല .പിന്നെ സി ബി ഐ ക്ക് സഹായകരമായ അല്ലറ ചില്ലറ രേഘകള്‍, എന്‍റെ മൂന്നാര്‍ പൂച്ചകളിലെ ആ തരികിട ഐ എ എസ് ഈയിടെ ഡല്‍ഹിക്ക് പോയപ്പോള്‍ അവന്‍റെ കൈയ്യില്‍ കൊടുത്ത് വിട്ടു എന്ന് മാത്രം. സി ബി ഐയുമായി സഹകരിക്കേണ്ടത് ഒരു പൌരന്‍ എന്ന നിലയില്‍ എന്‍റെ കടമയല്ലേ?"

ലേ : "വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഇതു പാര്‍ട്ടിയെ ദോഷകരമായി ബാധിക്കില്ലേ?"

എ കെ :" എന്ത് ദോഷം ? എന്തായാലും മൃഗീയ ഭൂരിപക്ഷം ഒന്നും എന്‍റെ ഭരണത്തിന്റെ മികവു കാരണം ഇത്തവണ പ്രതീക്ഷിക്കേണ്ട . പിന്നെ ഇപ്പൊ ഈ 'ലോ ലവന്‍' കേസ് പൊക്കി കൊണ്ട് വന്നില്ലെങ്കില്‍, തിരഞ്ഞെടുപ്പ് കഴിയേണ്ട ,അതിന് മുന്പ് എന്നെ അവന്മാര്‍ തോല്‍വിയുടെ ഉത്തരവാദിത്ത്വം ചുമത്തി ചെവിക്ക് പിടിച്ച് ഈ കസേരേന്ന് ഇറക്കി വിട്ടേനെ .ഇനി പാര്‍ട്ടി തോറ്റാലും അത് ' ലോ ലവന്‍ 'കേസ് കാരണമാണെന്ന് എനിക്ക് പറഞ്ഞ് നില്‍ക്കാമല്ലോ?"

ലേ : "അപ്പോള്‍ ഈ ലോക് സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റാലും താങ്കള്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി തുടരും എന്നാണോ?"

എ കെ : "എന്നാണ് എന്‍റെയും ,എന്‍റെ മോന്റെയും ആഗ്രഹം. പക്ഷേ ഉറപ്പൊന്നുമില്ല. കേന്ദ്രത്തീന്ന് ആ വകക്ക് കൊള്ളാത്ത മദാമ്മയും , സര്‍ദാര്‍ജിയും ഇറങ്ങി പോയി , പകരം ഏത് തെണ്ടി വന്നാലും ,അവര്‍ക്ക് ഈ കേസില്‍ ഇത്ര താത്പര്യം കാണും എന്ന് തറപ്പിച്ച് പറയാന്‍ സാധിക്കില്ല. കേസെങ്ങാനും മുങ്ങിപ്പോയാല്‍ മിക്കവാറും ആ പിണുങ്ങന്‍ എന്‍റെ പരിപ്പെടുക്കും. എനിക്ക് വേണ്ടി നിങ്ങളെല്ലാവരും പ്രാര്‍ത്ഥിക്കണം. വിപ്ലവാഭിവാദ്യങ്ങള്‍"

Monday, January 26, 2009

'ലവ് ഇന്‍ ആഫ്രിക്ക'-നിരൂപണം

ഞാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ലവ് ഇന്‍ ആഫ്രിക്ക' , കേരളത്തിലുടനീളമുള്ള പ്രമുഖ തിയറ്ററുകളില്‍ പ്രദര്‍ശനമാരംഭിച്ച വിവരം സന്തോഷപൂര്‍വ്വം നിങ്ങളെ അറിയിക്കട്ടെ . ഞാന്‍ എന്‍റെ ബ്ലോഗ് ആരംഭിച്ച ശേഷം പുറത്തിറങ്ങുന്ന ആദ്യ സിനിമ എന്ന നിലയില്‍ ലവ് ഇന്‍ ആഫ്രിക്ക എന്നെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒരു ചലച്ചിത്രമാണ്. എന്‍റെ ബ്ലോഗില്‍ നിങ്ങള്‍ പറഞ്ഞ ,ഞാന്‍ പുറത്തു വിടാത്ത തരവഴി കമന്റുകള്‍ക്കെല്ലാം ഒന്നിച്ച് പ്രതികാരം ചെയ്ത ഒരു ആത്മസംതൃപ്തിയാണിപ്പോള്‍ എനിക്ക്.
നല്ല സിനിമകളെ മോശം എന്ന് എഴുതിയും, കൂവിയും തോല്‍പ്പിക്കുന്ന ഒരു പ്രതിഭാസം കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി നിലവിലുണ്ട് . മാത്രമല്ല പുറത്തിറങ്ങിയ ഉടന്‍ തന്നെ ലവ് ഇന്‍ ആഫ്രിക്കക്ക് എതിരായ് ചില കേന്ദ്രങ്ങളില്‍ നിന്നും കുപ്രചരണങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്. അതിനാലാണ് ഞാന്‍ നേരിട്ട് ഈ ചലച്ചിത്ര കാവ്യത്തിന്റെ സത്യസന്ധമായ നിരൂപണം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്.

ആദ്യമേ തന്നെ പറയട്ടെ ,ഇത് ഒരു കോമഡി ചിത്രമാണ് എന്നൊരു ദുഷ്പ്രചരണം പരക്കെയുണ്ട്. എന്നാല്‍ സത്യമതല്ല. ഇത് ഹൊറര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ഒരു ചിത്രമാണ്. ചിത്രത്തിന്‍റെ ആദ്യ പകുതിയില്‍ ചളം കുമാറും , കുട്ട ബിജുവും അവതരിപ്പിക്കുന്ന ഹാസ്യ രംഗങ്ങള്‍ എത്ര കഠിന ഹൃദയനെയും ഭയപ്പെടുത്തുമെന്നത് ഉറപ്പാണ് . എന്നിട്ടും ഭയപ്പെടാത്തവരുടെ ഹൃദയമിടിപ്പ്‌ നിറുത്തുന്ന ഹാസ്യ രംഗങ്ങള്‍ ഞാനും , വെഞ്ഞാറമമൂട് കൊമേഡിയനും ചേര്‍ന്ന് രണ്ടാം പകുതിയില്‍ കുത്തി നിറച്ചിട്ടുണ്ട് . മേമ്പൊടിക്ക് എന്‍റെ വക റാപ്പ് ഡാന്‍സ് രംഗങ്ങളും. മലയാളിയല്ല ,മായാസുരന്‍ വരെ പേടിച്ച് പോകില്ലേ ഇതൊക്കെ കണ്ടാല്‍?

ഹൊറര്‍ ആണെന്ന് കരുതി ചിത്രത്തില്‍ കോമെഡി തീരെയില്ലെന്നല്ല. ഈ ചിത്രം കണ്ടിറങ്ങുന്ന നിങ്ങള്‍ അടുത്ത ഷോയ്ക്കുള്ള ടിക്കറ്റിനായി ക്യൂ നില്‍ക്കുന്നവരെ കാണുമ്പോള്‍ ചിരിച്ച് , ചിരിച്ച് മണ്ണ് കപ്പും.

ലവ് ഇന്‍ ആഫ്രിക്കയുടെ ഹൈലൈറ്റ് , എന്‍റെ മറ്റ് ചിത്രങ്ങളില്‍ എന്നത് പോലെ തന്നെ ഞാന്‍ അഭിനയിച്ച രംഗങ്ങളാണ്. അവയില്‍ തന്നെ എടുത്ത്‌ പറയേണ്ടത് , ഒരു പറ്റം സുന്ദരികളുമായ് ഞാന്‍ ഫാഷന്‍ റാമ്പില്‍ ആടുന്ന ഗാന രംഗമാണ്. റാപ്പ് സംഗീതത്തിന്റെ ചലനങ്ങളാണ് ഞാനാ ഗാനത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രീകരണം തീരും വരെ താണ്ടവമാണ് കളിച്ചത് എന്നാണ് ഞാന്‍ കരുതിയിരുന്നത്. നൃത്ത സംവിധായകന്‍ ഒടുവിലല്ലേ അത് റാപ്പ് മൂവ്‌മെന്റ്സ്‌ ആണെന്ന് പറഞ്ഞു തന്നത്. ചിത്രം കാണുന്ന നിങ്ങള്‍ക്കുമിതേ കണ്ഫ്യൂഷന്‍ ഉണ്ടാവാം. അപ്പോള്‍ ഇങ്ങിനെ പറഞ്ഞു തരാന്‍ ആരും കാണില്ലല്ലോ ? അതിനാലാണത് ഞാന്‍ ഇപ്പോഴേ വ്യക്തമാക്കിയത്.
ഇതേ ഗാന രംഗത്തില്‍ ഞാന്‍ മോഡലുകള്‍ക്കൊപ്പം വ്യതസ്ത വേഷങ്ങളും, കൂളിങ്ങ് ഗ്ലാസുകളും ധരിച്ച് റാമ്പ് വാക്ക് നടത്തുന്നുണ്ട് . ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ ഈ സീനിനെക്കുറിച്ച് ഞാന്‍ അധികം വര്‍ണ്ണിക്കുന്നില്ല. ദഹനക്കേട് വന്ന ഒട്ടകം നടക്കുന്നത് എങ്ങിനെ എന്ന് നിങ്ങള്‍ക്ക് ഈ രംഗം കണ്ട് കഴിയുമ്പോള്‍ മനസിലാകും എന്ന് മാത്രം ഇപ്പോള്‍ പറയാം.

ഇനി ചിത്രത്തിന്‍റെ എന്‍റെ കഥാപാത്രത്തിനെയും, കഥയെയും കുറിച്ച്:
ചിത്രം തുടങ്ങുന്നത് ഞാന്‍ നീളന്‍ കോട്ടും,കണ്ണാടിയും , തൊപ്പിയും ധരിച്ച് ആഫ്രിക്കയില്‍ തെണ്ടി തിരിഞ്ഞ് നടക്കുന്ന രംഗത്തോടെയാണ്. എന്‍റെ വോയിസ്‌ ഓവറില്‍ നിന്നും നിങ്ങള്‍ക്ക് ഞാന്‍ ആഫ്രിക്കയില്‍ തെണ്ടാനല്ല , ഒരുത്തനെ പിടികൂടാനാണ് വന്നത് എന്ന് മനസിലാകുന്നു.

എടുത്തെറിഞ്ഞത് പോലെ കഥ കേരളത്തിലേക്ക് വന്നു വീഴുമ്പോള്‍, ഞാന്‍ ചവറു പെറുക്കി വിറ്റ് , വിറ്റ് കോടീശ്വരനായ ഒരുവനാനെന്നും , സദാസമയം വായിട്ടലച്ച് കാണികളെ ക്ഷമയുടെ നെല്ലിപലക കാണിക്കുന്ന രണ്ടു അലവലാതികള്‍ എനിക്ക് സുഹൃത്തുക്കളായ് ഉണ്ട് എന്നും നിങ്ങള്‍ അറിയുന്നു.
ഞങ്ങളുടെ ജീവിതത്തിലേക്ക് ആകസ്മികമായി കടന്നു വരുന്ന 'കൊടുമുടി വീണു' അവതരിപ്പിക്കുന്ന കഥാപാത്രം, മണ്ടനായ എന്നെ പറ്റിച്ച്, ആക്രിക്കച്ചവടത്തില്‍ ഞാന്‍ ഉണ്ടാക്കിയ കോടികള്‍ ഓഹരി വിപണിയില്‍ മുടക്കിക്കുന്നു. മാത്രമല്ല വിപണി തകര്‍ന്നു എന്ന് പേരില്‍ ആ കോടികള്‍ ആ ദുഷ്ടന്‍ അമുക്കുകയും ചെയ്യുന്നു. ചിത്രം എങ്ങിനെയും ഇടവേള വരെ നീട്ടണമല്ലോ എന്ന് കരുതി മാത്രം വീണ്ടും , വീണ്ടും അയാള്‍ ആത്മഹത്യ ശ്രമം, അയാളുടെ മകളെ എനിക്ക് കെട്ടിച്ച് തരാം എന്ന വാഗ്ദാനം , അങ്ങിനെ പല വിദ്യകള്‍ ഇറക്കി , എന്നെ ഓടിച്ചിട്ട് മണ്ടനാക്കുന്നു.

ഇടവേളയ്ക്കു തൊട്ടു മുന്‍പ് ഞാന്‍ അവതരിപ്പിക്കുന്ന തച്ചു എന്ന കഥാപാത്രത്തിന് വെളിവ് വീഴുന്നു. അപ്പോഴേക്കും കൊടുമുടി എന്‍റെ പണവുമായി ആഫ്രിക്കയിലേക്ക് മുങ്ങുന്നു.


ഇടവേളക്ക് ശേഷം ആഫ്രിക്കയില്‍ എത്തുന്ന ഞാന്‍ ഭയങ്കര 'പുത്തിമാന്‍' മാത്രമല്ല ,കിക്ക് ബോക്സിംഗ് തുടങ്ങിയ ആയോധന കലകളും പഠിച്ചവനാണ് . ആഫ്രിക്കയില്‍ ഞാന്‍ കൊടുമുടിയെ കണ്ട് പിടിക്കുന്നു. എന്‍റെ ആക്രിക്കച്ചവട കോടികള്‍ അയാള്‍ , മകളുടെ പേരില്‍ ഒരു വന്‍കിട കമ്പനിയുടെ ഓഹരികള്‍ വാങ്ങി കൂട്ടാന്‍ ഉപയോഗിച്ചു എന്ന് എനിക്ക് 'ടക്കനെ' മനസിലാവുന്നു. ലവളെ കെട്ടി അത് മുഴുവന്‍ തിരിച്ചു പിടിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നു.

കൊടുമുടിയുടെ മകളുടെ നിശ്ചയിച്ച കല്യാണം ഞാന്‍ മുടക്കുന്നത് കൂടാതെ അയാള്‍ മകള്‍ക്ക് വേണ്ടി കണ്ടു പിടിക്കുന്ന അടുത്ത പയ്യന്റെ വീട്ടില്‍ ഞാന്‍ ജോലിക്കാരനായി കടന്നു കൂടുകയും ചെയ്യുന്നു. ആ വീട്ടിലെ പഴയ ജോലിക്കാരനാണ് വെഞാറംമൂട് കൊമേഡിയന്‍.ബുദ്ധിപരമായ നീക്കങ്ങളിലൂടെ അവനെ ഞാന്‍ അവിടുന്ന് ചവിട്ടി പുറത്താക്കുന്നു.

തുടര്‍ന്ന് ആ വീട്ടില്‍ തറ തുടക്കല്‍,പാചകം തുടങ്ങിയ മാസ്മര വിദ്യകള്‍ കാട്ടുന്ന ഞാന്‍, കൊടുമുടി മകള്‍ക്ക് വേണ്ടി കണ്ടു പിടിച്ച കിക്ക് ബോക്സിംഗ് ചാമ്പ്യനായ പുതിയ ചെറുക്കന്‍ പെണ്ണുപിടിയനും, സര്‍വോപരി ഒരു കുപ്രസിദ്ധ അധോലോക സംഘത്തിലെ അംഗവുമാണെന്ന് കണ്ടുപിടിക്കുന്നു (എന്നെ സമ്മതിക്കണം) . അവന്‍റെ ആന്റിയുടെ മകളുമായി ചില്ലറ ചുറ്റിക്കളികളുള്ള പയ്യന്‍, കൊടുമുടിയുടെ മകളെ കെട്ടാന്‍ പോകുന്നത്, അവളുടെ പേരിലുള്ള വന്‍കിട കമ്പനിയുടെ ഓഹരികള്‍ മോഹിച്ചാണെന്ന് ഞാന്‍ തന്നെ കാണികള്‍ക്ക്‌ കാട്ടി കൊടുക്കുന്നു.

ഇടക്കിടെ ആ വീട്ടില്‍ എത്തുന്ന കൊടുമുടിയെയും ,മകളെയും ഞാന്‍ പല തമാശകളിലൂടെ വിരട്ടുന്നു. അച്ഛനും ,മകളും അസ്വസ്ഥരാകുന്നു. കൊടുമുടി എന്നെ തട്ടികൊണ്ട്‌ പോയി കൊല്ലാന്‍ ആളെയക്കുന്നു. അന്ന് രാത്രി വെഞാറംമൂട് കൊമേഡിയന്‍ കൃത്യമായി എന്‍റെ മുറിയില്‍ ഇടിച്ചു കയറി വന്നു പുതച്ച് മൂടി കിടക്കുന്നു. (എന്തിന് ? ഏതിന്? തുടങ്ങിയ അനാവശ്യ ചോദ്യങ്ങള്‍ ഒഴിവാക്കുക) .കൊടുമുടിയുടെ ഗുണ്ടകള്‍ എനിക്ക് പകരം അവനെ തട്ടികൊണ്ട്‌ പോകുന്നു.

കൊടുമുടിയുടെ താവളത്തില്‍ വെച്ച് കൊമേഡിയന്‍ അബദ്ധത്തില്‍ കൊടുമുടിയെ വെടിവെക്കുന്നു. (തോക്ക് എന്നെ കൊല്ലാന്‍ വേണ്ടി കൊടുമുടി തന്നെ അവന് കൊടുക്കുന്നുണ്ട് ) .

അവിടുന്ന് ഭയന്നോടുന്ന കൊമേഡിയനെ ഞാന്‍ തന്ത്രപൂര്‍വ്വം ഒളിവില്‍ താമസിപ്പിക്കുന്നു . അവനെ കൊന്നു എന്ന് ആരോപിച്ച് കൊടുമുടിയെ അകത്താക്കിക്കുന്നു. ഇതിനിടെ അങ്ങേരുടെ മകളെയും ആ കിക്ക് ബോക്സിംഗ് പയ്യനെയും, അതിനിടെ മറുകണ്ടം ചാടിയ പയ്യന്റെ ആന്റിയുടെ മകളുടെ സഹായത്തോടെ ഞാന്‍ , തെറ്റിക്കുന്നു.
ഇത്രയുമാകുമ്പോള്‍ രണ്ടു രണ്ടര മണികൂര്‍ വട്ടമെത്തുന്നതിനാല്‍ കിക്ക് ബോക്സിംഗ് തെണ്ടിക്ക് പെട്ടെന്ന് ബുദ്ധി വരുകയും , കമ്പ്ലീറ്റ് തരികിടയും ഒപ്പിച്ചത് ഞാനാണെന്ന് അവന്‍ കണ്ടു പിടിക്കുകയും ചെയുന്നു. ആഫ്രിക്കന്‍ പോലീസ് എന്നെ ഓടിച്ചിട്ട്‌ പിടിക്കാന്‍ ശ്രമിക്കുന്നു.ഞാനാരാ മോന്‍?. ഒരു ബൈക്ക് താക്കോല്‍ സഹിതം കൃത്യസമയത്ത് കിട്ടുന്നതിനാല്‍ ഞാന്‍ രക്ഷപെടുന്നു .

പിന്നെ കിക്ക് ബോക്സിംഗ് റിങ്ങിലിട്ട് ആ ചെറുക്കനേയും, റിങ്ങിന് പുറത്ത്‌ അവന്‍റെ സംഘത്തെയും ഞാന്‍ നിരപ്പാക്കുന്നു. പോലീസ് എത്തുന്നു. അവര്‍ കാലങ്ങളായി അന്വേഷിച്ച് നടന്ന കുപ്രസിദ്ധ കൊള്ളക്കാരെ മുഴുവന്‍ ഒറ്റയടിക്ക് പിടികൂടിയ എന്‍റെ തോളില്‍ തട്ടി മിടുക്കന്‍ എന്ന് പറയുന്നു.
അത് വരെ അച്ഛനൊപ്പം സകല ഉഡായിപ്പിനും കൂട്ട് നിന്ന് എന്നെ മണ്ടനാക്കാനും,പോലീസിനെക്കൊണ്ട് പിടിപ്പിക്കാനും നടന്ന കൊടുമുടിയുടെ മകള്‍ക്ക് പെട്ടെന്ന് സ്വന്തം തന്തപടി ഒരു തരികിടയാനെന്നും,ഞാന്‍ നല്ലവനാണെന്നും മനസിലാവുന്നു. അവള്‍ എന്നെക്കയറി പ്രേമിക്കുന്നു. വന്‍കിട കമ്പനിയുടെ ഓഹരികള്‍ മാത്രമല്ല സ്വന്തം ജീവിതവും പെണ്ണ് പുല്ലു പോലെ എനിക്ക് തരുന്നു. കൊടുമുടി തെണ്ടുന്നു .
സായിപ്പന്‍മാര്‍ മാത്രമുള്ള ഡയറക്ടര്‍ ബോര്‍ഡ് ,കണ്ടാല്‍ സായിപ്പിനെ പോലെ തന്നെയുണ്ട്‌ എന്ന് എനിക്ക് ചുറ്റും കൂടി നിന്ന് പറഞ്ഞ് , എന്നെ കമ്പനിയുടെ ചെയര്‍മാന്‍ ആക്കുന്നു. (എനിക്ക് താത്പര്യമില്ല എന്ന് പറഞ്ഞതു കൊണ്ടാണ്. ഇല്ലെങ്കില്‍ ആഫ്രിക്കന്‍ പോലീസെന്നെ അവരുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനും ആക്കിയേനെ) .എല്ലാം ശുഭം.

ചിത്രത്തിലെ അഭിനേതാക്കളില്‍ മികച്ചു നില്‍ക്കുന്നത് ഞാന്‍ തന്നെ .ബാക്കിയുള്ളവന്മാര്‍ ഇടക്കിടെ മിന്നിമറഞ്ഞ് നിങ്ങളെ പീഡിപ്പിക്കുമ്പോഴും , കോമഡി, ഭാവാഭിനയം , നൃത്തം ,സംഘട്ടനം അങ്ങിനെ വിവിധ ഐറ്റംസ് , മുള്ളാണികള്‍ പോലെ വാരി വിതറി ഞാന്‍ സ്ക്രീനില്‍ നിറയും

ഇനി സിനിമയുടെ സാങ്കേതിക വശങ്ങളിലേക്ക്. ഇനി സിനിമയുടെ സാങ്കേതിക വശങ്ങളിലേക്ക്. മുകളില്‍ പറഞത് പോലുള്ള യുക്തിഭദ്രമായ ഒരു കഥക്ക് , തിരക്കഥയുടെ ആവശ്യമില്ലാത്തതിനാല്‍, അത്തരം വൃത്തികെട്ട ഏര്‍പ്പാടൊന്നും ഈ ചിത്രത്തില്‍ ഇല്ല. പിന്നെ ക്യാമറ. അത് ചിത്രത്തില്‍ ഭൂരിഭാഗം സമയവും എന്‍റെ മുഖത്തിന്റെ സൂക്ഷ്മ ഭാവങ്ങള്‍ ഒപ്പിയെടുക്കുന്നതിനാല്‍ അത്യുജ്വലമാകാതെ തരമില്ലല്ലോ.
ചിത്രത്തിന് അങ്ങിനെ പ്രത്യേകിച്ചും ഒരു പശ്ചാത്തലം ഇല്ലത്തതിനാല്‍ , പശ്ചാത്തല സംഗീതത്തെയും നമുക്കു മറക്കാം. ഗാനങ്ങളാകട്ടെ ഒരു തവണ കേട്ടാല്‍,വയലന്റാകുന്നയത്ര ആവേശകരമാണ്. എഡിറ്റിംഗ് ക്യുക്ക് ഫിക്സ് ഉപയോഗിച്ച് ഭംഗിയായി ചെയ്തിട്ടുണ്ട്.

ഇനി ചിത്രം കാണുവാന്‍ പോകുന്നവരോട് ഒരല്‍പം . ഈ ചിത്രത്തെക്കുറിച്ചുള്ള മറ്റ് നിരൂപണങ്ങള്‍ നിങ്ങള്‍ വായിക്കുന്നത്, സൗജന്യ പാസ്സില്‍ ഈ ചിത്രം കണ്ട ഏതെങ്കിലും ഫ്രാഡ് എഴുതിയ ഒന്നായാല്‍ വളരെ നല്ലത്. അല്ല , കാണും മുന്‍പ് കണ്ട ഒരുവന്റെ അഭിപ്രായം അറിയണം എന്ന നിര്ബ്ബന്ധമുണ്ടെങ്കില്‍ , എന്‍റെ ഫാന്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റിനെ വിളിച്ചു ചോദിക്കുക . അല്ലാത്തവന്‍മാരെല്ലാം ഈ ചിത്രത്തെ നശിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്, ശവങ്ങള്‍. അവരുടെ കുപ്രചരണങ്ങളില്‍ നിങ്ങള്‍ വീണു പോകരുത്.
അപ്പോള്‍ ഇനി പോയി ചിത്രം കാണുക , അനുഭവിക്കുക.

സ്നേഹപൂര്‍വ്വം

മെഗാസ്റ്റാര്‍ എ കെ

Sunday, January 25, 2009

നാന്‍ അവനല്ലയ്

വളരെയധികം മാനസിക വിഷമത്തോടെയാണ് ഞാന്‍ ഈ പോസ്റ്റ് എഴുതുന്നത്. എന്‍റെ മാനസിക വിഷമത്തിന് കാരണം ഈ ബ്ലോഗില്‍ വായനക്കാരായി എത്തുന്ന നിങ്ങളില്‍ ചിലര്‍ തന്നെയാണ് .
കഴിഞ്ഞ കുറച്ച് ദിവസങ്ങളായ് നിങ്ങളില്‍ ചിലര്‍ കമന്റുകളിലൂടെ അന്യ വ്യക്തിത്വങ്ങളെ എന്‍റെ തലയില്‍ കെട്ടിവെയ്ക്കുവാന്‍ ശ്രമിക്കുന്നു . കമന്റുകളില്‍ വരുന്ന "താങ്കള്‍ സത്യത്തില്‍ ഹൃതിക് റോഷനല്ലേ? " , "അര്‍ജ്ജുന്‍ കൃഷ്ണ എന്ന അപര നാമത്തില്‍ എഴുതുന്ന താങ്കള്‍ വാസ്തവത്തില്‍ , മരിച്ചു പോയി എന്ന് ജനം വിശ്വസിക്കുന്ന ആക്ഷന്‍ കിംഗ്‌ ജയനല്ലേ ? ", തുടങ്ങിയ ചോദ്യങ്ങള്‍ എന്നെ വല്ലാതെ മുറിവേല്‍പ്പിക്കുന്നു.
മാത്രമല്ല " താങ്കള്‍ ജോര്‍ജ് ബുഷാണ് , എനിക്കറിയാം ", "താങ്കള്‍ ടോം വടക്കനല്ലേ ?" "താങ്കള്‍ ആ ബ്ലോഗര്‍ അല്ലേ ?" ,"താങ്കള്‍ സത്യത്തില്‍ ഈ ബ്ലോഗര്‍ അല്ലേ ?" തുടങ്ങിയ കമന്റുകള്‍ എന്നെപ്പോലെ സ്ഥാനിയും ,മാനിയും, കങ്കാണിയുമായ ഒരുവന് സഹിക്കാന്‍ സാധിക്കുമോ? മാനമുള്ളവന്‍ ആത്മഹത്യ ചെയ്യേണ്ട ഈ ചോദ്യങ്ങള്‍ കണ്ടിട്ടും ഞാന്‍ പിടിച്ച് നിന്നത് മലയാളം ബ്ലോഗുകള്‍ വായിച്ചു തുടങ്ങിയ നാള്‍ മുതല്‍ എന്‍റെ മാനം കുറേശ്ശെ ചോര്‍ന്ന് പോയിത്തുടങ്ങി എന്ന ഒറ്റ കാരണത്താലാണ് .

ഈ അന്യ വ്യക്തിത്വങ്ങള്‍ എന്നില്‍ ഏറ്റവും കൂടുതല്‍ ആരോപിക്കപ്പെട്ടിട്ടുള്ളത് ഞാന്‍ ഒന്നോ, രണ്ടോ പോസ്റ്റുകള്‍ കത്തുകളുടെ രൂപത്തില്‍ ഇട്ടപ്പോഴാണ് . ഇക്കണക്കിന് രണ്ടു മൂന്ന് കത്തുകള്‍ കൂടി ഞാന്‍ എഴുതുകയാണെങ്കില്‍ നീയൊക്കെ എന്നെപ്പിടിച്ച് 'ഒരച്ഛന്‍ മകള്‍ക്കെഴുതിയ കത്തുകള്‍' രചിച്ച ജവഹര്‍ലാല്‍ നെഹ്‌റു ആക്കുമല്ലോ?

കമന്റുകളിലൂടെ ഈ ചോദ്യങ്ങള്‍ക്ക് എത്ര മറുപടികള്‍ നല്‍കിയിട്ടും പിന്നെയും സംശയങ്ങള്‍ ബാക്കി. അവ ദൂരീകരിക്കാനാണ് ഈ പോസ്റ്റ് . അടങ്ങിയിരുന്നു വായിച്ചോണം എല്ലാവനും. വായിച്ചു തീരും വരെ ഇവിടെ ശ്വാസമെടുക്കുന്ന സ്വരം കേള്‍ക്കരുത്.

ആദ്യമേ തന്നെ പറയട്ടെ , നിങ്ങള്‍ സംശയിക്കുന്നത് പോലെ ഞാന്‍ ഹൃതിക് റോഷന്‍ , ടോം ക്രുയിസ്, ആ ബ്ലോഗര്‍, ഈ ബ്ലോഗര്‍ ,മറ്റേ ബ്ലോഗര്‍ എന്നിവരില്‍ ആരുമല്ല. കാരണം ഈ പുവര്‍ 'ചാപ്പ്'സിനൊന്നും എന്‍റെ സൌന്ദര്യവും , ബുദ്ധിയും ഇല്ല .മാത്രമല്ല പ്രസ്തുത കൂറകള്‍ക്ക് എന്‍റെ അനുപമമായ ഭാഷയും , ശൈലിയും സ്വപ്നേപി സ്മരിക്കാന്‍ പോലും സാധിക്കില്ല. (ഇതൊക്കെ ആര് പറഞ്ഞു എന്നൊരുത്തനും ചോദിക്കണ്ട. പറഞ്ഞത് മഹാനായ ഒരു വ്യക്തി തന്നെയാണ്. ഈ ഞാന്‍ )

പിന്നെ ഞാന്‍ ആരാണ് എന്നതാവും അടുത്ത ചോദ്യം. എന്‍റെ നാമം അര്‍ജ്ജുന്‍ കൃഷ്ണ . തിരുവനന്തപുരം നിവാസിയായി , അത്ഭുതങ്ങള്‍ കാണിച്ച്, ആളുകളെ ബ്രഹ്മ വെച്ച് ജീവിച്ചു പോകുന്ന ഒരു അത്യപൂര്‍വ പ്രതിഭാസം . എ കെന്ന് വിളിക്കും.
സത്യസന്ധനും , സത്സ്വഭാവിയും, ദാനശീലനും , അറിവിന്‍റെ മഹാസാഗരവും (ആരെടാ അവിടെയിരുന്ന് നിറുത്തെടാ ,നിറുത്തെടാ എന്ന് വിളിച്ച് പറഞ്ഞത്?) ഒക്കെയായ ഞാന്‍ ബ്ലോഗ് തുടങ്ങുന്നത് രണ്ടായിരത്തിയെട്ട് ഓഗസ്റ്റ് മാസത്തിലാണ്. എന്തിന് തുടങ്ങി എന്ന് ചോദിച്ചാല്‍, എല്ലാത്തിനും ഒരു തുടക്കം വേണമല്ലോ എന്ന് കരുതി തുടങ്ങി . അത്ര മാത്രം .

അന്ന് മുതല്‍ ഇന്നുവരെ മോറല്‍ സയന്‍സ് പാഠങ്ങള്‍ പറഞ്ഞ് തന്ന്. കണ്ടാഗ്രസ്സായിക്കിടക്കുന്ന നിങ്ങളെയൊക്കെ നേര്‍വഴിക്കു നടത്തുക എന്ന ഒരൊറ്റ ലക്ഷ്യമേ എനിക്കുള്ളൂ. അത് നിങ്ങള്‍ക്കും ഇതിനോടകം തന്നെ എന്‍റെ പോസ്റ്റുകളില്‍ നിന്നും മനസിലായിട്ടുണ്ടാകും.

അങ്ങിനെയുള്ള എന്നിലാണ് ചിലര്‍ അന്യ വ്യക്തിത്വങ്ങള്‍ ആരോപിക്കുന്നത് . അവര്‍ക്കെതിരെ ഞാന്‍ ഈ അവസരത്തില്‍ അതിശക്തമായ് പ്രതിഷേധിക്കുന്നു (അടക്കെടാ ബ്ലോഗ്!!!, ആചരിക്കെടാ ഹര്‍ത്താല്‍!!!, കത്തിക്കെടാ ബസ്സ് !!!, കൊടുക്കെടാ സൈബര്‍ കേസ് !!!).

എന്നില്‍ അന്യരെ കാണുന്ന നരകീടങ്ങളെ , നിങ്ങളോട് ഞാന്‍ ചോദിക്കുകയാണ്, നിങ്ങള്‍ ഈ പറയുന്ന ആരെക്കെങ്കിലും എന്‍റെ ഹൈറ്റുണ്ടോ ? എന്‍റെ വെയിറ്റുണ്ടോ? എന്‍റെ കളറുണ്ടോ ? ഗ്ലാമാറുണ്ടോ? വിവരമുണ്ടോ? . ചുരിങ്ങിയ പക്ഷം അവര്‍ എന്നെപ്പോലെ തരികിടകളും , ഫ്രാഡുകളുമാണോ? (ആവേശത്തില്‍ ചോദിച്ച് പോയതാ . അവസാനത്തെ ചോദ്യം മായ്ച്ചു കളഞ്ഞു) . എന്‍റെ ഗുണഗണങ്ങളുടെ നൂറിലൊരു അംശം തൊട്ട് തീണ്ടിയിട്ടില്ലാത്ത അശുക്കളുടെ മുഖമൂടികള്‍ എന്‍റെ ഈ സുന്ദര മുഖത്ത്‌ കൊണ്ടു വെക്കുവാന്‍ നിങ്ങള്‍ക്ക് എങ്ങിനെ ധൈര്യം വന്നു ?
ഇന്നു നിറുത്തണം നിങ്ങളുടെ ഇത്തരം കപട നാടകങ്ങള്‍ . ഇത് വെറും സൂചനയാണ് .ഇതില്‍ നിന്നും നിങ്ങള്‍ പാഠം പഠിച്ചിലെങ്കില്‍....സൌകര്യം പോലെ പഠിച്ചാല്‍ മതി. സമയം ഇഷ്ടം പോലെ കിടക്കുകയല്ലേ?

ഇത്രയൊക്കെയായിട്ടും വായനക്കാര്‍ക്ക്‌ ഈ അര്‍ജ്ജുന്‍ കൃഷ്ണ എന്ന സംഭവം ആര് , എങ്ങിനെയിരിക്കും എന്നൊന്നും ഒരു പിടിയും കിട്ടിയില്ലല്ലേ ?. ഐശ്വര്യാ റായ്ക്കും എന്നെ പിടികിട്ടരുത് എന്ന് കരുതിയാണ് ഞാന്‍ പ്രൊഫൈലിലെ എന്‍റെ ഫോട്ടോ അല്‍പ്പം കറുപ്പിച്ചിരിക്കുന്നത്. ഇനി ശരിക്കുള്ള ഫോട്ടോ കണ്ടിട്ട് വേണം ആഷ് ,അഭിഷേകിനെ കളഞ്ഞിട്ട് എന്നെ തേടി വരാന്‍ . നമ്മളായിട്ടെന്തിനാ ഒരു കുടുമ്പം കലക്കുന്നത് ?

ഇതൊക്കെ കണ്ട് അസൂയപ്പെട്ട് ഏവനെങ്കിലും പറയുന്നുണ്ടാവും തിരുവനന്തപുരം മുതല്‍ തുര്‍ക്കി വരെയും , വാഗത്താനം മുതല്‍ വാഷിംഗ്‌ടണ്‍വരെയുമുള്ള ഏത് പോലീസ് സ്റ്റേഷനിലും 'ഇവരെ സൂക്ഷിക്കുക' എന്നെഴുതിയ ബോര്‍ഡില്‍ ഒരു പക്ഷേ എന്‍റെ പടം കണ്ടേക്കാം എന്ന്. പച്ചക്കള്ളമാണത് . ആ ബോര്ഡിനരുകില്‍ 'ഇവനെ പ്രത്യേകം സൂക്ഷിക്കുക' എന്ന മറ്റൊരു ബോര്‍ഡ് ചില സ്റ്റേഷനുകളില്‍ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. അതില്‍ പുഞ്ചിരിക്കുന്ന , പാല്‍ വഴിയുന്ന മുഖത്തോടെയിരിക്കുന്ന ഒരു 'ഹേസല്‍ ഐഡ്' ഡാഷിങ്ങ് (ഡാഷ് അല്ല) ഫെല്ലോയെ നിങ്ങള്‍ക്ക് കാണാം. അതാണ്‌ മൈ ഡിയര്‍ ബോയ്സ് ആന്‍ഡ് ഡിയറെസ്റ്റ് ഗേള്‍സ് (ബോയ്സിന് ഡിയര്‍ മതി ) ,നിങ്ങളുടെ പ്രിയങ്കരനായ അര്‍ജ്ജുന്‍ കൃഷ്ണ അലിയാസ് എ കെ. [റെഫറന്‍സ് : കഴക്കൂട്ടം സി ഐ ]. അല്ലാതെ ചിലര്‍ എന്നില്‍ ആരോപിക്കുന്ന വൃത്തികെട്ട മുഖങ്ങള്‍ ഒന്നുമല്ല എന്റേത്.

ആരോപികളെ , പാപീസ്!!! നിങ്ങള്‍ എന്നില്‍ ചുമത്താന്‍ പാട് പെടുന്ന വ്യക്തിത്വങ്ങള്‍ എല്ലാം തന്നെ നിങ്ങളുടെ ആരാധനാപാത്രങ്ങളാണെന്ന് എനിക്കറിയാം . എന്നില്‍ വിളങ്ങി നില്‍ക്കുന്ന ഗുണങ്ങള്‍ നിങ്ങളുടെ ആരാധ്യര്‍ക്കും ഉണ്ടാകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതും ഞാന്‍ മനസിലാക്കുന്നു. പക്ഷേ നടക്കില്ല മക്കളെ നടക്കില്ല . ഏറ്റവും കുറഞ്ഞത് , വില്യം ഷേക്ക്‌സ്പീയര്‍ , മിസ്റ്റര്‍. വേദവ്യാസന്‍ , സര്‍വ്വശ്രീ പമ്മന്‍ എന്നിവരില്‍ ആരെങ്കിലുമാണ് ഞാന്‍ എന്ന് നിങ്ങള്‍ പറയും വരെ ഞാന്‍ നിങ്ങളെ നഖശിഖാന്തം എതിര്‍ക്കും. കണ്ട കൂറക്കൊക്കെ വിശ്വപ്രസിദ്ധമായ എന്‍റെ ഐഡെന്‍റ്റിറ്റി ഞാന്‍ വിട്ടു കൊടുക്കും എന്ന് നിങ്ങള്‍ കരുതേണ്ട .

ഇത്രയൊക്കെ തെളിവുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ നിരത്തി ഞാന്‍ പറയുന്നു "നാന്‍ അവനല്ലയ്" . ഇനിയും എവനെങ്കിലും കണ്ട ചവറുകളുമായിട്ടൊക്കെ എന്നെ താരതമ്യം ചെയ്യുകയോ , 'സത്യത്തില്‍ നിങ്ങള്‍ ലോ ലാ ഫ്രാഡല്ലേ ?'തുടങ്ങിയ ചോദ്യങ്ങള്‍ എന്നോട് ചോദിക്കുകയോ ചെയ്‌താല്‍ . 'സുട്ട് പൊസുക്കിടുവേന്‍ , ബി കെയര്‍ഫുള്‍ ' .

Saturday, January 24, 2009

സിമിയോട് സംസ്കാരമില്ലാത്ത എ കെക്ക് പറയാനുള്ളത് ...

**മലയാളം ബ്ലോഗില്‍ മാന്യമായ് നുറുങ്ങ് കഥകളും, കവിതകളും , നര്‍മ്മവും , ഗൌരവതരമായ ചിന്തകളും എഴുതുന്ന എഴുത്തുകാര്‍ ക്ഷമിക്കുക . ഇത് എന്‍റെ ഒരു കടുത്ത ആരാധകന്‍ ചോദിച്ച് വാങ്ങിയതാണ് **

ബ്ലോഗന്‍ വല്യേട്ടന്‍ സിമി ( ഇതാണോ പെണ്ണോ?" ) ,

ഓഗസ്റ്റ്‌ രണ്ടായിരത്തിയെട്ടിന് ഞാന്‍ അനോണി വ്യക്തിഹത്യ /കൊട്ട് എന്ന പോസ്റ്റിടുന്ന നാള്‍ വരെ മലയാളം ബ്ലോഗില്‍ സിമിയെന്ന ഒരു പ്രതിഭ ഉദയം ചെയ്ത് അത്യന്താധുനിക കഥാസാഹിത്യത്തിനെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ച് ദിനംപ്രതി പടുകൊല ചെയുന്ന കാര്യം സത്യമായും എനിക്കറിയില്ലായിരുന്നു.

അന്ന് , ശ്രീദേവി നായര്‍ എന്ന ബ്ലോഗറുടെ കവിതകളെ അനോണി മാഷ് (എന്തൊക്കെ പേരുകള്‍???) എന്ന ബ്ലോഗര്‍ പരിഹസിച്ച വിഷയത്തില്‍, താങ്കള്‍ ശ്രീദേവി നായരുടെ ബ്ലോഗില്‍ ചെന്ന് അവര്‍ക്ക് പിന്തുണയായി താങ്കളുടെ ബ്ലോഗ് കറുപ്പിക്കുന്നു എന്ന് കമന്റിടുകയും ,പിന്നെ എന്‍റെ ബ്ലോഗില്‍ വന്ന് അനോണി മാഷിന് പിന്തുണ നല്‍കി എന്നെ വിരട്ടാന്‍ ശ്രമിക്കുകയും ചെയ്തു . ഈ ഡബിള്‍ റോളുകളിലാണ് സിമി എന്ന ബഹുമുഖ പ്രതിഭയെ ഞാന്‍ ആദ്യം പരിചയപ്പെടുന്നത്‌ . താങ്കള്‍ക്കുള്ള മറുപടി അന്നേ ഞാന്‍ കമന്റിലൂടെ തന്നിരുന്നു. തൊട്ട് പിന്നാലെ ഏതോ ഒരു അനോണി വന്ന് "സിമി ഫയങ്കര നര്‍മ്മ ഫ്രതിഫയാണെന്നും", " ബ്ലോഗ് കറുപ്പിക്കുന്നത്തിലെ നര്‍മ്മം മനസിലാക്കാത്ത അര്‍ജ്ജുന്‍ കൃഷ്ണയോട് സഹതപിക്കുകയെ തരമുള്ളൂ" എന്നും പറഞ്ഞപ്പോള്‍ , താങ്കളുടെ നര്‍മ്മബോധം നേരിട്ടറിയാന്‍ വേണ്ടിയാണ് ഞാന്‍ ആദ്യമായി 'സിമിയുടെ ബ്ലോഗില്‍' എത്തുന്നത് . സത്യം പറയാമല്ലോ,നര്‍മ്മ ഭാവനുടെയും, അത്യന്താധുനിക കഥാരചനാ കൌശലത്തിന്റെയും പാരവാരമായ താങ്കളുടെ എഴുത്ത് കണ്ടപ്പോള്‍ ... മലയാള സാഹിത്യത്തിനെ ഇങ്ങിനെ കാലേപ്പിടിച്ച് കല്ലേലടിക്കുന്നവര്‍ ചുരുക്കമായിരിക്കും എന്ന് തോന്നിപ്പോയി .
ബ്ലോഗ് എന്ന് മാധ്യമം ഗൂഗിളും മറ്റും തുറന്ന് തന്നില്ലായിരുന്നുവെങ്കില്‍ താങ്കള്‍ ഒരു പക്ഷെ നമ്മുടെ നാട്ടിലെ മറപ്പുര ചുവരുകള്‍ക്കും , കൊച്ചു പുസ്തക സാഹിത്യത്തിനും വാഗ്ദാനമാകുമായിരുന്നു എന്ന അഭിപ്രായം എനിക്കുണ്ടായത് ചിലപ്പോള്‍ അത്യന്താധുനിക കഥാഖ്യാന സങ്കേതം എനിക്ക് മനസിലാവാത്തത് കൊണ്ടാകാം . ആല്ലെങ്കിലും 'ഒരുവന്‍ റേഷന്‍ വാങ്ങി, കഞ്ഞി വെച്ച് കുടിച്ചു ' എന്നത് പത്തു താളുകള്‍ "ജീവിതത്തിന്‍റെ നൈര്യന്തരങ്ങളില്‍ ആത്മാവിന്റെ ഭോഗ തൃഷ്ണയെക്കുറിച്ച് ചിന്തിക്കുവാന്‍ എനിക്കാവില്ലായിരുന്നു ..." എന്ന് പരത്തി , ഒടുവില്‍ വായിക്കുന്നവന്, കഥാപാത്രം വീട്ടില്‍ നിന്നിറങ്ങിയത് റേഷനരി വാങ്ങാനോ അതോ ആണവകരാര്‍ ഒപ്പിടാനോ എന്ന് സംശയം ജനിപ്പിക്കുന്ന അത്യന്താധുനിക കഥാസംവേദനം എനിക്ക് മനസിലാകാതെ പോട്ടെ എന്നൊരു ശാപം പണ്ടൊരുത്തന്‍ തന്നിട്ടുണ്ട്. പോട്ടെ ,നമുക്ക് മനസിലാവാത്ത കാര്യങ്ങളെ കുറ്റം പറയുന്നത് ശരിയല്ലോ എന്ന് കരുതി ഞാന്‍ നിശബ്ദനായി തിരികെ പോന്നു.

അല്‍പ്പകാലത്തിന് ശേഷം വീണ്ടും താങ്കള്‍ എന്നെ ശാസിക്കുവാനായി എന്‍റെ ഈ പോസ്റ്റില്‍ വന്നില്ലായിരുന്നുവെങ്കില്‍ , ഇങ്ങനെ ഒരുത്തന്‍ ജീവനോടെയുണ്ട് എന്നത് പോലും എന്‍റെ ഓര്‍മ്മയില്‍ വരില്ലായിരുന്നു .

ഇത്തവണ താങ്കളുടെ വരവ് "ഈ ബ്ലോഗ് എഴുതുന്നവന് ഇവിടെ അനോണി കമന്റുകള്‍ തെറിവിളികളായി വരുന്നതാണെന്ന് നന്നായി അറിയാവുന്നതാണ്. എന്നിട്ടും ഇതില്‍ അനോണിമസ് കമന്റുകള്‍ പണ്ടുതൊട്ടേ തുറന്നുവെച്ചുകൊണ്ടിരിക്കുന്നത് - ഹേറ്റ് സ്പീച്ചിനു കളം വരച്ചുകൊടുക്കുകയാണു ചെയ്യുന്നത്." എന്ന ശാസനയുമായിട്ടയിരുന്നു ( മറ്റു വായനക്കാര്‍ക്ക്‌: മറ്റു ചിലര്‍ക്കും അദേഹം ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട് . അത് മുകളില്‍ കൊടിത്തിട്ടുള്ള ലിങ്ക് വഴി വായിക്കാം ).

വിവാദങ്ങള്‍ക്കിടയില്‍ വലിഞ്ഞ് കയറി ചെന്ന് പോക്രിത്തരങ്ങള്‍ കാട്ടുകയും, ആരെങ്കിലും ചോദിച്ചാല്‍ അത് വെറും നര്‍മ്മം എന്ന് പറയുകയും ചെയുന്ന താങ്കള്‍ തന്നെ ഹേറ്റ് സ്പീച്ചിനെക്കുറിച്ച് പ്രസംഗിക്കണം .

പിന്നെ ഞാന്‍ വെറും കളം വരയ്ക്കുന്ന ഒരുവനാണ് എന്ന സത്യം താങ്കള്‍ വിളിച്ചു പറഞ്ഞതില്‍ എനിക്ക് ശക്തിയായ പ്രതിഷേധമുണ്ട്. സത്യങ്ങള്‍ ഇങ്ങിനെ വിളിച്ചു പറയരുത് . ദോഷം കിട്ടും .ഇപ്പോള്‍ തന്നെ കേരളത്തില്‍ കഴിഞ്ഞ വര്‍ഷം വിഷാദ രോഗത്തിന് അടിമകളായി ആത്മഹത്യ ചെയ്തവരില്‍ ഭൂരിഭാഗവും താങ്കളുടെ പുറത്തിറങ്ങിയ പുസ്തകത്തിന്റെ പുറന്താള്‍ ഏതെങ്കിലും പുസ്തക വില്‍പന ശാലയില്‍ കണ്ടവരാണ് എന്ന് ഞാന്‍ വിളിച്ച് പറഞ്ഞാല്‍ ,സംഗതി സത്യമാണെങ്കില്‍ കൂടി , അത് മോശമല്ലേ ? അത് കൊണ്ട്, ഞാന്‍ അത് പറയില്ല . (ഹോ, എന്നെയും താങ്കളുടെ നര്‍മ്മ ബോധം പിടികൂടി എന്ന് തോന്നുന്നു ) .

അനോണി കമന്റുകള്‍ക്ക് അവസരം എന്‍റെ ബ്ലോഗില്‍ ഞാന്‍ തുറന്നു വെച്ചിരിക്കുന്നതിനെക്കുറിച്ചും താങ്കള്‍ രോഷം കൊള്ളുന്നത്‌ കണ്ടു. ബ്ലോഗ് ഒരു സ്വന്തന്ത്ര മാധ്യമവും ,ഇവിടുത്തെ അഭിപ്രായങ്ങള്‍ ഭയരഹിതവും ആണ് എന്ന വിശ്വാസത്തിലാണ് അനോണികള്‍ക്കും ഞാന്‍ എന്‍റെ ബ്ലോഗില്‍ അവസരം നല്‍കിയിട്ടുള്ളത്. ഇതു ഞാന്‍ താങ്കള്‍ക്കുള്ള മറുപടി കമന്‍റില്‍ പറഞ്ഞതുമാണ് .
ഇനിയതല്ല എന്‍റെ ബ്ലോഗില്‍ കമന്റുകളുടെ എണ്ണം കൂട്ടാന്‍ വേണ്ടിയാണ് ഞാന്‍ അങ്ങനെ ചെയ്തിരിക്കുന്നതെങ്കില്‍ കൂടി , അതുകൊണ്ട് തനിക്കെന്ത് നഷ്ടം കൂവാ ? എന്‍റെ ബ്ലോഗില്‍ അനോണി വേണോ , വേണ്ടേ എന്ന് തീരുമാനിക്കാന്‍ തന്നെ ഞാന്‍ ചുമതലപ്പെടുത്തിയോ? ( ഇപ്പോള്‍ ഉറപ്പിച്ചു. നര്‍മ്മ ബോധം മാത്രമല്ല സിമിയുടെ ഭാഷയും എന്നെ പിടികൂടി ) .

പിന്നെയിത് ആഭാസന്‍മാരുടെ ആറാട്ട്‌ കേന്ദ്രമാണെന്ന് താങ്കള്‍ ഘോഷിച്ചു. ശരിയാണ് . താങ്കളുടെ സാന്നിധ്യം കമന്റുകളില്‍ കണ്ടപ്പോള്‍ എനിക്കും അങ്ങിനെ തോന്നി . താങ്കള്‍ അവിടെ വരുന്നതിന് അല്‍പ്പം മുന്‍പ് മാത്രമാണ് ആ പോസ്റ്റില്‍ തെറിവിളി തുടങ്ങിയത് എന്ന വസ്തുത കണക്കിലെടുക്കുമല്ലോ?

ഇനി താങ്കളുടെ കമന്റ്റിലെ അടുത്ത ഭാഗം: "ഇവിടെ വരരുത്, കമന്റിടരുത് എന്നു വിചാരിച്ചതാണ് - ഇതുകൊണ്ട് ആരും മാറാന്‍ പോവുന്നില്ല എന്നും അറിയാം. "


ഇവിടേയ്ക്ക് താങ്കളെ താങ്കളുടെ വീട്ടില്‍ വന്ന് വെറ്റിലയും , അടക്കയും വെച്ച് "സിമി സര്‍ , പ്ലീസ് ഇങ്ങനെ പിണങ്ങി മാറി നില്‍ക്കരുത്. എന്‍റെ ബ്ലോഗില്‍ വന്ന് അതിന്‍റെ നടത്തിപ്പിനെക്കുറിച്ച് എനിക്ക് താങ്കളുടെ വിലപ്പെട്ട ഉപദേശങ്ങള്‍ തരു " എന്ന് ഞാന്‍ ക്ഷണിച്ചില്ലല്ലോ? . അങ്ങനെയിരിക്കെ , ഇതു കൊണ്ടൊന്നും ആരും മാറില്ല എന്നറിയാമായിരുന്നിട്ടും, എന്തിനേ പോന്നത്?
സ്വന്തം ബ്ലോഗില്‍ തന്നെ തൂക്കിക്കൊല്ലപ്പെട്ടവന്റെ ആത്മാവ് വായനക്കാരോട് സംവദിച്ച് , താന്‍ കിടന്നിരുന്ന ജെയിലറയുടെ പൊടി പിടിച്ച അഴികളേയും മറ്റും വര്‍ണ്ണിച്ച്, ഒടുവില്‍ ഒടുവില്‍ താന്‍ തൂക്കിലേറ്റപ്പെട്ടത് തന്നെത്തന്നെ കൊന്നതിനാണെന്ന് വായനക്കാരോട് പറയുന്നതോ, അവനെ തൂക്കാന്‍ വിധിച്ച ന്യായാധിപന്റെ ഡിലമയോ, ടി വിയില്‍ ചാനല്‍ മാറ്റി കളിക്കുന്ന വീട്ടമ്മയുടെ നെറ്റിയില്‍ പൊടിയുന്ന വിയര്‍പ്പുതുള്ളി, പുറമ്പണിക്ക് വന്നവനോടുള്ള അവരുടെ നൈമിഷിക കാമത്തിന്റെ ബിമ്പമാകുന്നതോ(കഥാതന്തുക്കള്‍ വായിച്ച് മറ്റു വായനക്കാര്‍ വട്ടായാ ? അപ്പോള്‍ ഇതെഴുതാന്‍ വേണ്ടി മാത്രം അത് മുഴുവന്‍ വായിക്കേണ്ടി വന്ന എന്‍റെ അവസ്ഥ നിങ്ങള്‍ ഒന്ന് ആലോചിക്കു) ഒക്കെയായിട്ടുള്ള അത്യന്താധുനികം എഴുതി അവിടെ വരുന്ന വായനക്കാരെ പീഡിപ്പിച്ചാല്‍ പോരായിരുന്നോ ? അതും പോരെങ്കില്‍ ഒരു പുസ്തകം കൂടി ഇറക്കണമായിരുന്നു . (കേരളത്തില്‍ അല്ലെങ്കില്‍ തന്നെ ജനപെരുപ്പം കൂടുതലാ . താങ്കളുടെ പുസ്തകം വായിച്ച് കുറെയെണ്ണം ആത്മാഹൂതി ചെയ്‌താല്‍ അത്രയുമായി) . അതുമല്ലെങ്കില്‍ മറ്റുള്ളവരുടെ ചിലവില്‍ അണ്ണന്‍ കളിക്കുക എന്നതല്ലാതെ താങ്കള്‍ക്കിഷ്ടമുള്ള മറ്റെന്തെങ്കിലും ചെയ്യാമായിരുന്നു .
ഇതൊന്നും ചെയ്യാതെ, ഇവിടെ വന്ന് എന്‍റെ ബ്ലോഗിന്റെ അഡ്മിന്‍ കളിക്കാന്‍ ശ്രമിക്കേണ്ട വല്ല കാര്യവുമുണ്ടോ ?

എന്‍റെ ബ്ലോഗില്‍ ആര്‍ക്കും വരാം , എന്നോട് വിയോജിക്കാം , എന്നെ തെറിയും വിളിക്കാം . പക്ഷെ ഇവിടെ നിരോധനമുള്ള ചില കാര്യങ്ങള്‍ ഉണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് അര്‍ഹതയില്ലാത്തവര്‍ നല്‍കുന്ന ഉപദേശം . എന്‍റെ ബ്ലോഗില്‍ ഞാന്‍ എന്ത് , എങ്ങിനെ ചെയ്യണം എന്നതിനെക്കുറിച്ച് അഭിപ്രായം പറയാനുള്ള വിവരം, പക്വത ,മാന്യത , അര്‍ഹത എന്നിവ (ചുരിങ്ങിയ പക്ഷം ഇവയില്‍ ഏതെങ്കിലും ഒന്ന്) താങ്കള്‍ക്ക് ഉണ്ടാകുമ്പോള്‍, ഉപദേശം ഞാന്‍ അവിടെ വന്ന് ചോദിച്ചോളാം.

അതുവരെ നിങ്ങള്‍ സിമിയോ, കൃമിയോ എന്നത് പോലും എനിക്ക് വിഷയമല്ലാത്ത കാര്യങ്ങളാവുന്നു. ഇവിടെ വരണമെങ്കില്‍ വരാം, ഇല്ലെങ്കില്‍ വേണ്ട. വന്നാല്‍ , സൌകര്യമുണ്ടെങ്കില്‍ , എന്‍റെ പോസ്റ്റുകളെക്കുറിച്ചും , വേണമെങ്കില്‍ എന്‍റെ സംസ്കാരത്തെക്കുറിച്ചും വരെ അഭിപ്രായം പറയാം (തെറി തന്നെ പറഞ്ഞാലും വിരോധമില്ല ) . പക്ഷെ അതിനപ്പുറം എന്‍റെ ബ്ലോഗ് ഞാന്‍ എങ്ങനെ മുന്നോട്ടു കൊണ്ടു പോകണം എന്ന മട്ടിലെ വല്യേട്ടന്‍ അഭിപ്രായങ്ങള്‍ ഇവിടെ വേണ്ട .


അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ .

അര്‍ജ്ജുന്‍ കൃഷ്ണ

Friday, January 23, 2009

ഒബാമക്ക് സ്നേഹപൂര്‍വ്വം അമേരിക്കന്‍ ആന്റി

പ്രിയപ്പെട്ട പ്രസിഡന്റ്റ് (നീണ്ട പത്തു വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം എനിക്കും കിട്ടി അമേരിക്കന്‍ പൌരത്ത്വം ),
ആദ്യമായ് സ്ഥനാരോഹണത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
ഇന്ന് ഞാന്‍ അന്തസുള്ള ഒരു അമേരിക്കന്‍ പൌരയാണ്. എങ്കിലും എന്‍റെ 'പഴയ ' ജന്മനാടായ ഇന്ത്യയെന്ന മൂന്നാം കിട രാഷ്ട്രം (എക്സ്ക്യുസ് ദ സ്ലിപ് ... മൂന്നാം ലോക രാഷ്ട്രം ) ചില നേരങ്ങളില്‍ എന്നെ വല്ലാതെ ചിന്താകുലയാക്കുന്നു (തേങ്ങാ കുലയല്ല ) . പ്രത്യേകിച്ച് കേരളത്തെക്കുറിച്ചുള്ള ചിന്തകള്‍ .പ്രധാനമായും അതിനാലാണ് താങ്കള്‍ക്ക് ഞാനീ കത്ത് എഴുതുന്നത് .

താങ്കള്‍ സ്ഥാനമേറ്റാല്‍ ഉടന്‍ ഐ ടി ഔട്ട് സോര്‍സിങ്ങ് നിറുത്തലാക്കുവാനുള്ള നടപടികള്‍ തുടങ്ങും എന്നൊരു അഭ്യൂഹം കേള്‍ക്കുവാന്‍ തുടങ്ങിയിട്ട് നാളേറെയായി. അതിലെന്തെങ്കിലും വാസ്തവം ഉണ്ടോ എന്നറിയുവാന്‍ എനിക്ക് താത്പര്യം ഉണ്ട് . ഈ വിവരം സത്യമാണെങ്കില്‍...വെല്‍ഡണ്‍ സര്‍!!!. എത്രയും പെട്ടെന്ന് അത് നിറുത്തലാക്കി ,ഞങ്ങള്‍ പണ്ട് കാലത്ത് നേഴ്സുമാരായും ,ഭര്‍ത്താക്കന്‍മാരുടെ കഴുത്തില്‍ തൂങ്ങിയും ഇവിടെയെത്തിയ അമേരിക്കന്‍ ആന്റിമാര്‍ അനുഭവിക്കുന്ന മനോവ്യഥക്ക് ഒരു പരിഹാരം അങ്ങ് കാണണം .

പണ്ടൊക്കെ ഞങ്ങള്‍ അമേരിക്കന്‍ ആന്റിമാര്‍ കേരളത്തില്‍ അവധിക്ക് ചെന്നാല്‍ എന്നാ വെയിറ്റായിരുന്നു. ഞങ്ങളുടെ അമേരിക്കന്‍ പുരാണങ്ങള്‍ കേട്ട് അവിടുത്തെ അലവലാതി പെണ്ണുങ്ങള്‍ വായുമ്പൊളിച്ചിരിക്കുമായിരുന്നു . എന്നാല്‍ ഇന്ന് അതാണോ സ്ഥിതി? . ഓണ്‍ സൈറ്റ് പ്രോജെക്റ്റ്‌ എന്നെല്ലാം പറഞ്ഞ് കണ്ട അവലാതികള്‍ക്കൊക്കെ അമേരിക്കയില്‍ വരാം എന്നായിട്ടുണ്ട്. അതും സ്വന്തമായി അഞ്ചു പൈസ മുടക്കില്ലാതെ . മക് ഡൊണാള്‍ഡിസിലെ ഞങ്ങളുടെ ലഞ്ചും അതിന്‍റെ മെനുവുമൊക്കെ കേട്ട് , ഒന്നും മനസിലായിലെങ്കിലും വായില്‍ വെള്ളമൂറിച്ച് അസൂയപ്പെട്ടിരുന്ന കേരളത്തിലെ പെണ്ണുങ്ങളുടെ മക്കളും, സഹോദരങ്ങളും, ഭര്‍ത്താക്കന്മാരും ഇന്ന് അത് "രണ്ടു ഡോളറിന്റെ ഹാപ്പി മീല്‍സ് അല്ലേ ?" എന്ന് ചോദിച്ച് ഞങ്ങളെ കൂവുന്നു. ഇതു ന്യായമാണോ സര്‍? ഞങ്ങള്‍ക്കൊരു വിലയില്ലേ? പോട്ടെ , ഡോളറിന് ഒരു വിലയില്ലേ ?
ഡോളറിന് വിലയില്ലേ എന്ന് അവന്മാരോട് ചോദിച്ചപ്പോള്‍ പറയുകയാണ്‌ മൂന്ന് മാസത്തെ ഓണ്‍ സൈറ്റില്‍ അവന്‍മാര്‍ ഞങ്ങള്‍ ഒരു വര്‍ഷം ഉണ്ടാക്കുന്ന കാശ് ഡോളറില്‍ ഉണ്ടാക്കുമെന്ന് .നാട്ടില്‍ ബാങ്കില്‍ വീഴുന്ന ഇന്ത്യന്‍ ശമ്പളം പുറമെയും . പിന്നെ ഞങ്ങള്‍ കഷ്ട്ടപ്പെട്ട് ഇവിടോട്ട് വിമാനം കയറിയത് ഊഞ്ഞാലാടാനാണോ ?

കേരളത്തില്‍ ഈ ഐ ടി തെണ്ടികള്‍ കാരണം തലപൊക്കി നടക്കാന്‍ മേലാതായിട്ടുണ്ട്. ഞങ്ങള്‍ ഡിസ്നി ലാന്‍ഡിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ അവന്‍മാര്‍ വാഷിംഗ്‌ടണ്‍ ഓണ്‍ സൈറ്റ് കഴിഞ്ഞ് ന്യൂയോര്‍ക്ക് വഴി ലണ്ടനില്‍ എത്തി ഒരു ദിവസം അവിടെ തങ്ങി ലണ്ടണ്‍ ടവറിലും , മാഡം തുസാദ് മ്യുസിയത്തിലും ഒക്കെ പോയ കഥകള്‍ മറുപടിയായി പറയും .

ഈയിടക്ക് കേരളത്തില്‍ പോയപ്പോള്‍ ഒരുത്തന്‍ വാഷിംഗ്ടണ്‍ മുതല്‍ ന്യൂയോര്‍ക്ക് വരെ വെറുതെ ഉല്ലാസത്തിന് ചെയ്ത ട്രെയിന്‍ യാത്രയെക്കുറിച്ച് എന്നോട് പറഞ്ഞ് കളഞ്ഞു. അഹങ്കാരി. വര്‍ഷം പത്ത് പതിനഞ്ചായി ഞാന്‍ അമേരിക്കയില്‍ . ഇതുവരെ ഞാന്‍ ചെയ്തിട്ടില്ല ആ ട്രെയിന്‍ യാത്ര.
എന്നാല്‍ അവനിട്ട് ഒന്നു കൊട്ടാം എന്ന് കരുതി , അമേരിക്ക സമത്വ സുന്ദരമായ ഒരു സമ്പന്ന രാഷ്ട്രവും ,ഇന്ത്യ പിച്ചക്കാരെ മുട്ടിയിട്ട് വഴി നടക്കുവാന്‍ സാധിക്കാത്ത ഒരു രാജ്യവുമാണെന്ന് ഞാന്‍ പറഞ്ഞു. പണ്ടായിരുന്നെങ്കില്‍ ഇതു കേട്ടവന്‍ തലകറങ്ങി ഇരുന്നേനെ . പക്ഷേ ഈ ഐ ടി കുരുത്തംക്കെട്ടവന്‍ പറഞ്ഞ മറുപടി കേള്‍ക്കണോ ? " ആന്റി അന്ധേരി ചേരികളെക്കാള്‍ കഷ്ടമായ മാന്‍ഹട്ടനിലെ ഹെല്‍സ് കിച്ചന്‍ അല്ലേ ? " എന്നൊരു മറുചോദ്യം അവനെന്നോട് ചോദിച്ചു കളഞ്ഞു സര്‍. പോയില്ലേ കമ്പ്ലീറ്റ് മാനവും . എന്‍റെയും, അമേരിക്കയുടെയും.

ഇതെല്ലം ക്ഷമിക്കാം സര്‍ . പണ്ട് ഞങ്ങള്‍ ഇന്ത്യയില്‍ നിന്നും ഇവിടേയ്ക്ക് കുടിയേറുന്ന കുടുമ്പങ്ങള്‍ ,കുട്ടികള്‍ ജനിക്കുമ്പോള്‍ ഞങ്ങളുടെ മാതാ പിതാക്കളെ ഇവിടേയ്ക്ക് കൊണ്ട് വരുമായിരുന്നു . കുട്ടികള്‍ വളര്‍ന്ന് ഒരു പ്രായമാകുമ്പോള്‍ കിളവനെയും ,കിളവിയെയും തിരികെ നാട്ടിലേക്കയക്കാനും ബുദ്ധിമുട്ടില്ലായിരുന്നു. മക്കള്‍ക്ക്‌ ഞങ്ങളെ അമേരിക്ക കാണിക്കാന്‍ എന്തൊരുത്സാഹം എന്ന് കരുതി അന്നൊക്കെ അവര്‍ സന്തോഷത്തോടെ വന്ന് പോയിരുന്നു. പക്ഷേ ഐ ടിക്കാര്‍ മാസത്തില്‍ രണ്ട് തവണ വീതം ഇവിടെ കയറിയിറങ്ങാന്‍ തുടങ്ങിയ ശേഷം അതല്ല സ്ഥിതി. ആ ശല്യങ്ങളുടെ മാതാ പിതാക്കളോടുള്ള സഹവാസം കാരണം ഞങ്ങളുടെ അപ്പനമ്മച്ചിമാര്‍ ഇപ്പോള്‍ ഞങ്ങളോട് "നിന്‍റെ കൊച്ചിനെ നോക്കാന്‍ വേലക്കരായി വരാന്‍ ഞങ്ങള്‍ക്ക് സൌകര്യമില്ല" എന്ന് പറഞ്ഞ് തുടങ്ങിയിരിക്കുന്നു. ബേബി സിറ്റിങ്ങിന് പണം കൊടുത്ത് മുടിഞ്ഞു സര്‍,മുടിഞ്ഞു .

ഇതൊക്കെക്കൊണ്ടാണ്‌ ഞാന്‍ പറഞ്ഞത്, ഔട്ട് സോര്‍സിങ്ങ് നിറുത്തണം സര്‍. അതോടെ തീരും അവന്റെയൊക്കെ ജാഡ. ഞങ്ങള്‍ അമേരിക്കന്‍ ആന്റിമാര്‍ക്ക് കേരളത്തില്‍ ഉണ്ടായിരുന്ന ആ അന്തസ്സ് മടങ്ങി വരുകയും ചെയ്യും. താങ്കള്‍ എന്നെ നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു.

ഓഫ് ടോപിക് : സാധാരണ എന്ത് കാര്യത്തിനും നിയമോപദേശം, സാരോപദേശം, ഭരണഘടനാപരമായ ഉപദേശം ഇതൊക്കെ ഞാന്‍ സൌജന്യമായി ആള്‍ക്കാര്‍ക്ക്, അവര്‍ ചോദിക്കാതെ തന്നെ നല്‍കാറുണ്ട്. പക്ഷേ മറ്റു ഭരണകാര്യങ്ങള്‍ താങ്കള്‍ നോക്കീം കണ്ടും ചെയ്യും എന്ന വിശ്വാസത്തില്‍ തത്കാലം ഇവിടതിന് മുതിരുന്നില്ല .

സ്നേഹപൂര്‍വ്വം

എക്സ് മീനച്ചിലാറുകാരി,
അമേരിക്കന്‍ ആന്റി

**വായനക്കാരോട് : അമേരിക്കന്‍ ആന്റി ഒബാമക്ക് മലയാളത്തില്‍ കത്തെഴുതിയോ എന്ന സംശയം വേണ്ട . നാടു മറന്നാലും ചോട് മറക്കാത്ത ആ പുണ്യവതിയെ സംശയിച്ചാല്‍ നീയൊക്കെ നിത്യനരകത്തില്‍ പോകും .ഓര്‍ത്തോ **

Wednesday, January 21, 2009

ബ്ലോഗില്‍ ബുദ്ധിജീവി (ബ്ലോജി) ആകുവാന്‍

സംഗതി പിള്ളേര്‍ക്ക് ഒരു മലയാളം ബ്ലോഗ് എങ്ങിനെ സൂപ്പര്‍ ഹിറ്റായി നടത്താം എന്ന് പറഞ്ഞു കൊടുത്തപ്പോള്‍ ഓരോരുത്തന്‍മാര്‍ എനിക്ക് പ്രതിഭയില്ലെന്ന സത്യം പരസ്യമായ് വിളിച്ച് പറഞ്ഞ് കളഞ്ഞു . ഇനി ബ്ലോഗില്‍ എങ്ങിനെ നിങ്ങള്‍ക്ക് ഒരു ബുദ്ധി ജീവിയായ് അവതരിക്കാം എന്ന് പറഞ്ഞ് കഴിയുമ്പോള്‍ എന്താണാവോ ഉണ്ടാവുക ?

ബ്ലോഗില്‍ ബുദ്ധിജീവി അഥവാ ബ്ലോജി ഒട്ടനവധി സങ്കീര്‍ണതകള്‍ നിറഞ്ഞ ഒരു ജീവിയാണ് . എങ്കിലും നിങ്ങള്‍ക്കെങ്ങിനെ ഒരു ഉത്തമ ബ്ലോജിയാവാം എന്ന് ഇവിടെ ലളിതമായി വിവരിക്കാന്‍ ശ്രമിക്കാം.

മലയാളം ബ്ലോഗ് പ്രപഞ്ചത്തില്‍ മാത്രമേ താഴെ പറയുന്ന വിദ്യകള്‍ പരീക്ഷിക്കാന്‍ പാടുള്ളു. സാമാന്യബുദ്ധി കൂടുതലുള്ള അന്യ ഭാഷക്കാരുടെയിടയില്‍ ഇവ പരീക്ഷിച്ച് ഉണ്ടാകിവെക്കുന്ന അംഗഭംഗങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല .ആദ്യമേ പറഞ്ഞേക്കാം.

**ബ്ലോജിയാവാന്‍ നിങ്ങള്‍ ഉറപ്പായും മധ്യ പൂര്‍വേഷ്യയിലെ പ്രവാസി മലയാളി ആയിരിക്കണം.മലയാളം ഒട്ടും അറിയിലെങ്കില്‍ ബഹു ജോര്‍ **

1) നിങ്ങള്‍ ആദ്യം ചെയേണ്ടത് സ്വന്തം രൂപത്തില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തുകയാണ് . അധികമൊന്നും വേണ്ട . തലമുടി നീട്ടി വളര്‍ത്തി നടുക്ക് നിന്നും പകുത്തിടുക . കണ്ടാല്‍ അതിരോമവളര്‍ച്ചയുള്ള കാട്ടുപന്നിയെപ്പോലെ ഇരുന്നാലും സാരമില്ല. നിങ്ങള്‍ക്ക് ബ്ലോജിയാവണ്ടേ? അതിന് ശേഷം ദീര്‍ഘചതുരാകൃതിയിലുള്ള ഒരു ഫ്രാഡ് കണ്ണാടി വാങ്ങി ധരിക്കുക . ഭാര്യയും മക്കളും ഈ രൂപം കണ്ടു പേടിച്ചു താമസം മാറ്റിയാലും തത്കാലം സഹിക്കുക . ബ്ലോജിയായ് അംഗീകരിക്കപ്പെട്ട ശേഷം ഈ രൂപം വെടിഞ്ഞ് അവരെ മടക്കിക്കൊണ്ട് വരാം .

2) ഇനി വേണ്ടത് ഒരു ബ്ലോഗാണ് . ( ബ്ലോഗ് എങ്ങിനെയണ്ണാ തൊടങ്ങണത് എന്നോരുത്തുനം ചോദിച്ച് പോകരുത് . തറ ,പറ പഠിപ്പിക്കാന്‍ ഇതെന്താ എഴുത്ത് സ്കൂളോ?) . ബ്ലോഗ് തുടങ്ങുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മൂന്ന്. ബ്ലോഗിന്റെ പേരു,പ്രൊഫൈലിലെ നിങ്ങളുടെ ചിത്രം, പ്രൊഫൈലിലെ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ .

ആദ്യം ബ്ലോഗിന്‍റെ പേര്: നിങ്ങളുടെ പേര് വിഷാദ് അബ്ദുള്ള കൈപൊള്ളി എന്നോ, ആന്റണി വര്‍ക്കി കിനാവള്ളി എന്നോ , ചന്ദ്രന്‍ നായര്‍ കൊരവള്ളി എന്നോ ആണെങ്കില്‍ സധൈര്യം നിങ്ങളുടെ ബ്ലോഗുകക്ള്‍ക്ക് യഥാക്രമം കൈപൊള്ളി , കിനാവള്ളി ,കൊരവള്ളി എന്നീ നാമങ്ങള്‍ നല്‍കുക. നിങ്ങളുടെ മുതുമുത്തശ്ശന്‍മാര്‍ ഉണക്ക കരുവാട് മൂന്ന് നേരം ചുട്ടു തിന്ന് പശിയടക്കിയവരായിരുന്നെങ്കില്‍ പോലും ബ്ലോഗ് വായിക്കുന്നവന്‍ നിങ്ങള്‍ ആനയും,അമ്പാരിയും ഉള്ള ഏതോ പ്രാചീന തറവാട്ടില്‍ ജനിച്ച കിടിലമാണെന്ന് ധരിച്ചോളും .

പ്രൊഫൈലിലെ വാചകങ്ങള്‍ : സ്വയം പരിചയപ്പെടുത്തുന്നത് 'ചുമ്മാ തെണ്ടി തിരിഞ്ഞു നടക്കണ ഒരു അണ്ണന്‍' എന്നോ 'ചെറുപ്പത്തില്‍ തന്നെ മലയാളം മറന്നു പോയ ഒരു ദരിദ്രവാസി' (തെറ്റി . പ്രവാസി എന്ന് തിരുത്തി വായിക്കുക ) എന്നോ ആയിരിക്കണം . എന്നാല്‍ പ്രൊഫൈലില്‍ നിങ്ങളുടെ തൊഴില്‍ എന്തെന്നെഴുതുമ്പോള്‍ ഈ വിനയം ഒട്ടും പാടില്ല . സ്പെഷ്യലൈസ്ഡ് റിനൈസെന്‍സ്സ് ആര്‍ക്കിടെക്റ്റ് എന്നോ മിഡില്‍ ഈസ്റ്റ് ഡിഫെന്‍സ് കണ്‍സല്‍റ്റന്റ് എന്നോ വേണം എഴുതാന്‍ . വയിക്കുന്നവന്റെ കണ്ണ് തള്ളി കീബോര്‍ഡില്‍ വീഴണം .

പ്രൊഫൈലിലെ ഫോട്ടോ: കീബോര്‍ഡോ , ബ്രിട്ടാനിക്കാ എന്‍സൈക്ലോപീഡിയ പോലെ കനമുള്ള ഏതെങ്കിലും പുസ്തകമോ അക്ഷരാര്‍ത്ഥത്തില്‍ കടിച്ച് കുടയുന്ന ചിത്രമായിരിക്കണം . (നിങ്ങളെ ബ്ലോഗില്‍ പത്ത് പേര്‍ അറിഞ്ഞ് കഴിഞ്ഞാല്‍ മര്യാദക്കുള്ള ഫോട്ടോ കൊടുക്കാം ) .

3) ഇനി ബ്ലോഗില്‍ എഴുതുന്ന വിഷയങ്ങളാണ്. കേരളത്തിലെ ഭരണ സം‌വിധാനം മൊത്തം കുഴപ്പമാണെന്നുള്ള രീതിയിലെ പോസ്റ്റുകള്‍ ഇടക്കിടെ കീറണം. കെ എസ് ആര്‍ ടി സി അടച്ച് പൂട്ടി പകരം പാറശ്ശാല മുതല്‍ കാസര്‍കോട്‌ വരെ ആകാശനൌക ഏര്‍പ്പെടുത്തിയാല്‍ എന്തെടേ മണ്ടന്‍ സര്‍ക്കാരേ ? , കേരളത്തിലെ ഓരോ നഗരത്തിലേക്കും ഭൂഗര്‍ഭ റെയില്‍ പാത ചുമ്മാ പണിയിച്ചൂടെ? തുടങ്ങിയ ചോദ്യങ്ങള്‍ ഇടക്കിടെ ചോദിക്കണം . ആകാശ നൌകക്കും , ഭൂഗര്‍ഭ റെയിലിനും പണം നിന്‍റെ കീച്ചി പാപ്പ മുടക്കുമോ എന്ന് ചിലര്‍ ചോദിച്ചേക്കാം . അവഗണിക്കുക . മറുപടി പറയാന്‍ പോയാല്‍ ചോദിക്കുന്നവന്‍ അല്‍പ്പം വിവരമുള്ളവനാണെങ്കില്‍ നിങ്ങള്‍ നക്ഷത്രകാലെണ്ണിപ്പോകും .

പിന്നെ വേണ്ടത് ഇന്ത്യാ മഹാരാജ്യത്തെ ദരിദ്രരായ ജനങ്ങളെക്കുറിച്ചുള്ള അതി കഠിനമായ ഉത്കണ്ഠയാണ് . ഇന്ത്യ ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയച്ചാല്‍ ,ലക്ഷകണക്കിന് ആളുകള്‍ പട്ടിണി കിടക്കുമ്പോള്‍ എന്തിനീ പാഴ്ചിലവ് എന്ന് വിലപിച്ചോണം. ഐ എസ് ആര്‍ ഓ മൊത്തം ആലിബാബയുടെ കഥയിലെ മറ്റേ നല്പത്തിയോന്നു ചേട്ടന്മാരുടെ പിന്ഗാമികളാണെന്നും തിമര്‍ത്തിക്കോ. ഐ എസ് ആര്‍ ഓ അവരുടെ ദൈനം ദിന കാര്യപരിപാടികള്‍ വിക്കിപീഡിയക്ക് നല്‍കാത്തതിനാല്‍ ഗവേഷണത്തിനു അവര്‍ ചിലവഴിക്കുന്നതിന്റെ ഇരട്ടി പണം മറ്റു രാജ്യങ്ങളുടെ വ്യാവസായിക ഉപഗ്രഹങ്ങളുടെ വിക്ഷേപണം തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ അവര്‍ തന്നെ രാജ്യത്തിന്റെ ഖജനാവിലേക്ക് നല്‍കാറുണ്ടെന്ന കാര്യം നിങ്ങളുടെ പോസ്റ്റ് വായിക്കുന്ന അധികം മണ്ടന്മാര്‍ക്കും അറിയാന്‍ വഴിയില്ല .

കേരളത്തിന്റെയും,മൊത്തം ഭാരതത്തിന്റെയും പ്രശ്നങ്ങള്‍ ഇപ്രകാരം പരിഹരിച്ചശേഷം ബ്ലോഗിലേക്ക് തിരിയുക . അവിടെ 'കാക്കക്ക് തന്‍ കുഞ്ഞ്...' എന്ന മട്ടിലെ പാവത്താന്മാരായ പൊട്ട കവികളും കഥകൃത്തുകളും ധാരാളം കാണും . വിഷയത്തില്‍ നിങ്ങള്‍ക്ക് പിടിപാടുണ്ടെങ്കിലും, ഇല്ലെങ്കിലും കയറി വിമര്‍ശിക്കുക. ഒരു നാലഞ്ച് വിമര്‍ശനങ്ങള്‍ അവന്‍റെ ഗന്ധം പോലും ബ്ലോഗില്‍ കുറെകാലത്തേക്ക് ഉണ്ടാകാത്ത രീതിയിലാവണം നിങ്ങളുടെ ആക്രമണം .നിങ്ങള്‍ക്ക് ചിത്രരചന അറിയാമെങ്കില്‍ മേല്‍പ്പറഞ്ഞ കവി/കഥാകൃത്തിന്റെ ഒരു ആലിന് ചുവട്ടിലോ മറ്റോ നില്ക്കുന്ന കാര്‍ട്ടൂണ്‍ വരച്ച് ബ്ലോഗിലിടുക . ആല് അയ്യാളുടെ ശരീരത്തില്‍ നിന്നോ , ഭൂമിയില്‍ നിന്നോ വളരുന്നത് എന്ന് കാണുന്നവര്‍ക്ക് സംശയം തോന്നത്തക്ക വിധമാകണം രചന . ( ഇരകളെ തിരഞ്ഞെടുമ്പോള്‍ സൂക്ഷ്മത വേണം . വാടാന്നു വിളിച്ചാല്‍ പോടാ പുല്ലേ എന്ന് പറയുന്ന സ്വഭാവമുള്ളവരെ കയറി ഞോണ്ടിയാല്‍, മക്കളെ!!! ചിലപ്പോ അണ്ഡം കീറിപോകും) .

അടുത്ത ഇനം മലയാളിക്ക്‌ ആംഗലേയ ഭാഷ ശുദ്ധി ഉണ്ടാക്കാനുള്ള പോസ്റ്റുകളാണ് . വെറുതെ ജി ടോക്ക് , ബ്ലോഗന്മാരുടെ ഓര്‍ക്കുട്ട് സ്ക്രാപ്പ് എന്നിവിടങ്ങളില്‍ കറങ്ങിയാല്‍ ചെറു പോസ്റ്റുകള്‍ക്കുള്ള വകകള്‍ ധാരാളം ലഭിക്കും . അവയെടുത്ത് "വൈ മലയാളീസ് ആള്‍വേസ് ഇന്സിസ്റ്റ് ഓണ്‍ ഇഗ്നോറിങ്ങ് ക്യൊസ്റ്റിയന്‍ മാര്‍ക്ക് ഇന്‍ ആന്‍ ഇന്ട്രോഗേറ്റൊറി സെന്‍റ്റെന്‍സ് ? വൈ ഡു ദേ ആവോയിഡ് പന്ഗച്യുവേഷന്‍സ് ഓള്‍ ദ ടൈം ?" എന്നിങ്ങനെയുള്ള 'ആത്മഗദകള്‍' ഇടക്കിടെ വീശിക്കൊള്ളുക ."വൈ കാണ്ട് ദേ ജസ്റ്റ് ടോക്ക് ഇന്‍ ബ്ലഡി മലയാളം ? ദിസ് വുഡ് മേക് ലൈഫ് സൊ മച്ച് ഈസിയര്‍ " എന്ന ചിന്ത ബ്ലോഗിലേക്കെറിഞ്ഞ് ' നമ്മള്‍ മലയാളികള്‍ എന്താ നന്നാവത്തത് ? ' എന്നിടക്കിടെ ചോദിക്കാന്‍ മറക്കരുത് .പേടിക്കണ്ട . ബ്ലോഗല്ലേ "വേണ്ട കാലത്ത് നിന്‍റെ മാതാ പിതാക്കള്‍ക്ക് തെങ്ങോ വാഴയോ വെയ്ക്കാന്‍ തോന്നിയിരുന്നെങ്കില്‍ ഞങ്ങളുടെ ലൈഫ് കുറച്ച് ഈസിയായേനെ" എന്ന് ആരും നിങ്ങളോട് പറയില്ല .

ഇടവേളകളില്‍ നിങ്ങള്‍ "സ്വന്തം" ഫോര്‍വീല്‍ ഡ്രൈവില്‍ നടത്തിയ സാഹസിക ഡെസ്സേര്‍ട്ട് സഫാരിയെക്കുറിച്ച് ഫോട്ടോകള്‍ സഹിതം പോസ്റ്റുകളും ആകാം .വീല്‍ മണലില്‍ താഴ്ന്ന് നിങ്ങള്‍ മണല്‍കാട്ടില്‍ പന്ത്രണ്ട് മണികൂര്‍ ഒറ്റപ്പെട്ടുപോയി എന്നോ മറ്റോ കൂടി കാച്ചിയാല്‍ സംഭവം ജോര്‍. മണലാരണ്യത്തില്‍ തെണ്ടാന്‍ പോകുമ്പൊള്‍ അവിടെക്കാണുന്ന കള്ളിമുള്ള് , ചെറു പക്ഷികള്‍ ,മൃഗങ്ങള്‍ തുടങ്ങിയവയുടെ ഫോട്ടോ എടുത്ത്‌ ഒരു ഫോട്ടോ ബ്ലോഗും ആലോചിക്ക്വുന്നതാണ് . മരുഭൂമിയില്‍ ഫോട്ടോ എടുക്കുന്ന ആവേശം മൂത്ത് സൈഡ് വൈന്‍ഡര്‍ തുടങ്ങിയ അണലിപ്പാമ്പുകളെ ഓടിച്ചിട്ട് ഫോട്ടോ എടുക്കാന്‍ ശ്രമിക്കാതിരിക്കുകയാണ് ഉത്തമം.നിങ്ങള്‍ ബ്ലോജിയാണെന്ന് പാമ്പ് അറിഞ്ഞുകൊളളണം എന്നില്ല . ഒടുവില്‍ നിങ്ങളുടെ ബ്ലോഗില്‍ ആദരാഞ്ജലി അര്‍പ്പിക്കാനായി ആള് കൂടി എന്നും വരും.

4) അടുത്തതായി ചെയ്യേണ്ടത് ഒരു ബ്ലോജിക്ക് വേണ്ട പരമമായ ഗുണം ഉണ്ടാക്കിയെടുക്കുക എന്നതാണ്. ബ്ലോജികള്‍ ബ്ലോഗിലെ കാവല്‍ നായ്ക്കള്‍ ആണെന്ന് ഓര്‍ക്കുക (കാവല്‍ മറന്നാലും നായ മറക്കരുത് ) . മണം പിടിച്ച് ബ്ലോഗിലെ വിവാദ വിഷയങ്ങള്‍ കണ്ടെത്തുക. അവയകുന്നു നിങ്ങളുടെ കമ്പിക്കാലുകള്‍. കമ്പിക്കാല്‍ കണ്ടാല്‍ നായ് ജന്മ വാസന കാണിച്ചിരിക്കണം. ഒരു കാല്‍ പൊക്കി വിവാദത്തിലേക്ക് എടുത്ത്‌ ചാടുക . കഴിയുന്നതും വിവാദ പോസ്റ്റുകളില്‍ രചൈതാവിന്റെ എതിര്‍പക്ഷം പിടിച്ച് കമന്റുകള്‍ ഇടുക . പോസ്റ്റ് എഴുതിയത് ദൈവം തമ്പുരാനാണെങ്കിലും അങ്ങേര്‍ക്കു നാലഞ്ച് ഉപദേശങ്ങള്‍ "ശ്രീ ദൈവം ..." എന്ന് തുടങ്ങി വിളമ്പുക . പോസ്റ്റിലെ വിഷയത്തെക്കുറിച്ച് വിക്കിയും, ഗൂഗിളും നല്കുന്ന വിവരങ്ങള്‍ വാരി വിതറി വിജ്ഞാനിയാവുക. പോസ്റ്റ് എഴുതിയവന്‍ നിങ്ങളെക്കാള്‍ വല്യ തരികിടയാണെങ്കില്‍ അവന്‍റെ ഒന്നു രണ്ടു മറുപടി കമന്റുകളില്‍ നിന്നും നിങ്ങള്‍ക്കത് മനസിലാകും. ഉടനടി "വിഷയം ഇങ്ങിനെ വളച്ചൊടിക്കുന്ന താങ്കളോട് സംസാരിച്ചിട്ടു കാര്യമില്ല .മാത്രമല്ല ഇവിടെവരുന്ന കമന്റുകളുടെ നിലവാരം എനിക്ക് തീരെ പിടിക്കുന്നില്ല. അതിനാല്‍ ഇനി ഈ വഴി ഇല്ല." എന്ന് ഒരു കമന്റിട്ടു തടി കഴിച്ചിലാക്കുക .

5) മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ അണുവിട ക്രമം തെറ്റാതെ ചെയ്തു കഴിയുമ്പോള്‍ പലരും നിങ്ങളെ ഒരു ബ്ലോജിയായി അംഗീകരിച്ച് തുടങ്ങും. നിങ്ങളുടെ ബ്ലോഗില്‍ അത്യാവശ്യം കമന്റുകളും വന്ന് തുടങ്ങും. കൂട്ടത്തില്‍ പുതിയതായി ബ്ലോഗ് തുടങ്ങി , പല അണ്ണന്മാരുടെയും ബ്ലോഗില്‍ ആയിരങ്ങളുടെ ഹിറ്റും കമന്റും കണ്ട്, തന്‍റെ രചനകള്‍ക്കും അങ്ങിനെ വായനക്കാര്‍ ഉണ്ടാകണം എന്ന് മോഹിക്കുന്ന ചില പാവങ്ങളും കാണും. ആളുകളെ തന്‍റെ ബ്ലോഗിലേക്ക് ആകര്‍ഷിക്കാന്‍ വായനക്കാര്‍ കൂടുതലുള്ള ബ്ലോഗില്‍ കമന്‍റ് ചെയുക എന്ന മലയാളം ബ്ലോഗന്‍/ ബ്ലോഗിത മാരുടെ കാലം തെളിയിച്ച പരിപാടി അവന്‍ നിങ്ങളുടെ ബ്ലോഗിലും ചെയ്തേക്കാം. ഒരു വികാര ബിമ്പമോ (ഇമോട്ട് ഐക്കണ്‍, വിഡ്ഢികളെ ) മറ്റോ മാത്രമിട്ട് മടങ്ങുവാന്‍ തുടങ്ങുന്ന അവനെ വിടരുത് . അവന്റെ കമന്റ് ഡിലീറ്റ് ചെയ്യുക ( ബ്ലോഗ് അഡ്മിന്‍ ആ കമന്റിനെ കാലപുരിക്കയച്ചു എന്ന് മറ്റു വായനക്കാര്‍ അറിയണം) . തൊട്ടു താഴെ നിങ്ങളുടെ കമന്റും. ഇരയായ പുതുമുഖത്തിന്റെ പേരു ദ്രോണന്‍ പുതുശ്ശേരി എന്നാണെങ്കില്‍ ,നിങ്ങളുടെ കമന്റ് ഇങ്ങിനെയാവണം "ഡാ ദ്രോണന്‍ പുതുശ്ശേരി ,കോപ്പേ , എല്ലാവരുടെയും ബ്ലോഗില്‍ ചെന്നു ചിരിക്കുന്നത് പോലെ നീ ഇവിടെ വന്നു ചിരിക്കരുത് . പട്ടി " നിങ്ങളുടെ ഈ കമന്റിനെ വിമര്‍ശിച്ച് ആരെങ്കിലും നിങ്ങള്‍ക്ക് വിവരം ഇല്ലേ എന്ന് ഉറപ്പായും ചോദിക്കും. അവന്‍റെയും തന്തക്ക് വിളിക്കുക ,ഒപ്പം നേരിട്ടു കണ്ടാല്‍ അവനെ മൂക്കില്‍ കയറ്റിക്കളയും എന്ന് മുന്നറിയിപ്പും നല്‍കുക . തെറി അംഗലേയത്തിലെ മഹത്തായ വാക്കുകളായ ഫക്ക് യു , ആസ്ഹോള്‍ , ഹൈടണ്‍ സണ്‍ ഓഫ് എ ബിച്ച് എന്നീ ജനുസ്സില്‍ പെട്ടവയാകുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക . കൂടാതെ നിങ്ങള്‍ പുതുശ്ശേരിയെ വിളിച്ച പട്ടി എന്ന പദത്തിന്റെ വെബ്സ്റെര്‍ വിശദീകരണം തപ്പിയെടുത്ത് ഇംഗ്ലീഷില്‍ തന്നെ കൊടുക്കുകയും വേണം . കൂട്ടത്തില്‍ "കോപ്പേ" എന്ന വാക്കിന്റെ ഇംഗ്ലീഷ് വിശദീകരണം ആരും ചോദിക്കാതിരിക്കാന്‍ കുറെ നേര്‍ച്ചയും നേരുക . (അതാരെങ്കിലും ചോദിച്ചാല്‍ വിക്കി പോലും ചുറ്റിപ്പോകും) .

കമന്റിന്റെ ഈ പരിപാടിയുടെ മറുവശം മറ്റു ബ്ലോഗില്‍ പരീക്ഷിക്കുക . ഉദാഹരണത്തിന് ഏതെങ്കിലും ബ്ലോഗറുടെ ഒരു പോസ്റ്റില്‍ എ കെ എന്ന അപര നാമം സ്വയം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന അര്‍ജ്ജുന്‍ കൃഷ്ണ കയറി എന്തെങ്കിലും ചൊറിയുന്ന കമന്റ് ഇട്ടതിന് ആ ബ്ലോഗര്‍ " ഡാ എ കെ , പോയിനെടാ അവിടുന്ന് " എന്ന് മറുപടി നല്‍കി എന്നിരിക്കട്ടെ. നിങ്ങള്‍ ഉടന്‍ ചാടി വീഴുക. എന്നിട്ട് " 'ഞാന്‍' ഉത്പടെയുള്ള ബ്ലോഗന്മാര്‍ ബഹുമാനിക്കുന്ന വ്യക്തിയാണ് എ കെ . അദ്ദേഹത്തെ ഇങ്ങിനെ ഡാ, പോടായെന്ന് വിളിച്ചത് ഒട്ടും ശരിയായില്ല . വേഗം മാപ്പ് പറഞ്ഞോ" എന്ന കമന്‍റ് അലക്കണം. ഇവിടെ എ കെ അല്ല വിഷയം . 'ഞാന്‍ ഉത്പടെ' -അതാണ്‌ പോയന്റ് . വായിക്കുന്ന പാവങ്ങള്‍ നിങ്ങള്‍ എന്തോ വല്യ സംഭവമാണെന്ന് ധരിക്കാന്‍ ഇത് ധാരാളം .

ഇത്രയും കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ മലയാളം ബ്ലോഗ് പ്രപഞ്ചത്തിലെ സാമാന്യം തെറ്റില്ലാത്ത ഒരു ബ്ലോജിയാണ് നിങ്ങള്‍ എന്ന് ജനം എതിര്‍പ്പില്ലാതെ തന്നെ അംഗീകരിക്കും ,ഉറപ്പ്.

സൈബര്‍ കിംഗ്‌ഡം :നവ ഐ ടി മുകുളങ്ങളുടെ ശ്രദ്ധക്ക്

എറണാകുളത്ത് പതിനായിരം ഹെക്ടര്‍ നെല്‍ വയല്‍ നികത്തി , എ കെ (എവെരിതിംഗ് ) ഇന്‍കോര്‍പ്പോറേറ്റെഡ് പണി കഴിപ്പിച്ച അത്യന്താധുനിക വിവര സാങ്കേതിക വ്യാവസായിക സാമ്രാജ്യമായ സൈബര്‍ കിംഗ്ഡത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ പരന്നിരിക്കുന്ന അപവാദങ്ങളും അതുമൂലമുള്ള ആശങ്കകളും, പുതിയതായ് സൈബര്‍ കിംഗ്ഡത്തില്‍ ജോലിക്ക് പ്രവേശിച്ചവരിലും ,ഇനി ജോലിക്ക് ചേരുവാനുള്ള യുവതി യുവാക്കള്‍ക്കിടയിലും ചില ചിന്താകുഴപ്പങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു . അവ ദൂരീകരിക്കുവാനുള്ള വിശദീകരണക്കുറിപ്പ്‌.

സൈബര്‍ കിംഗ്ഡത്തിന്‍റെ പ്രവര്‍ത്തന നയങ്ങള്‍

1) മുപ്പതിനായിരത്തിലധികം യുവതി, യുവാക്കള്‍ക്ക് ഒരേസമയം തൊഴില്‍ കൊടുക്കുക . ഒപ്പം , എന്ജിനിയറിഗ് വിദ്യാര്‍ഥികളെ ആറാം സെമെസ്റ്റെറില്‍ (എം സി എകാരുമുണ്ട്) തന്നെ ക്യാമ്പസ് ഇന്റര്‍വ്യൂ വഴി തിരഞ്ഞെടുത്ത്, ഭീമമായ ശമ്പളം വാഗ്ദാനം ചെയ്ത്‌, അന്നോളം ഇന്റെര്‍ണല്‍ മാര്‍ക്ക് കാട്ടി അവരെ പേടിപ്പിച്ച തുഛ ശമ്പളം വാങ്ങുന്ന അധ്യാപകരുടെ തന്തക്ക് വിളിക്കാന്‍ പ്രാപ്തരാക്കുക .

2) സൈബര്‍ സൈബര്‍ കിംഗ്ഡത്തില്‍ ജോലിക്ക് ചേരുന്നവര്‍ക്കായ് മക്ക് ഡൊണാള്‍ഡ്സ് , സബ് വേ, കേ എഫ് സി , പീസ ഹട്ട് തുടങ്ങിയവയുടെ ധാരാളം ഔട്ട്ലെറ്റുകള്‍ ഉണ്ടാവും . അതിനാല്‍ കേരളത്തിലെ അരിക്ഷാമം കാര്യമാക്കാനില്ല

3) നാട്ടുകാരുടെ മുന്നില്‍ ആഡമ്പരമായി നടക്കാന്‍ വേണ്ട പട്ടി തൊടല്‍ മാതൃകയിലെ ഐ ഡി കാര്‍ഡ് , രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറ് മണിവരെ (വേണ്ടി വന്നാല്‍ അതിന് ശേഷവും ) അമേരിക്ക ,ബ്രിട്ടന്‍ , സ്വിറ്റ്സര്‍ലാന്‍ഡ്‌ എന്നീ വിവിധ സുന്ദരദേശങ്ങളിലെ സായിപ്പന്മാരുടെ വക നല്ല ഇംഗ്ലീഷില്‍ തന്തക്ക് വിളി കേള്‍ക്കുവാനുള്ള അസുലഭാവസരം എന്നിവ ജോലിയുടെ ഭാഗമായ് ഏവര്‍ക്കും ലഭിക്കുന്നതാണ്

4) ജോലിക്ക് പ്രവേശിക്കുന്നവര്‍ക്കെല്ലാം എ കെ ഇന്കോര്‍പ്പോറേറ്റഡിന്റെ ഉടമസ്ഥതയിലുള്ള നവയുഗ ബാങ്കുകള്‍ കാറും, വീടും എന്തിന് വിദേശ അടിവസ്ത്രങ്ങള്‍ വരെ വാങ്ങുവാന്‍ വന്‍ തുകകള്‍ ലോണായി നല്‍കും. പോരാത്തതിന് രണ്ടില്‍ കുറയാതെ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡുകളും .നിങ്ങള്‍ വാങ്ങുന്ന ആഡമ്പര കാറുകളും,നിങ്ങളുടെ കൂറ്റന്‍ വീടുകളും,ജീവിത രീതിയും കണ്ട് തെണ്ടി തിരിഞ്ഞ് നടക്കുന്ന നാട്ടുകാരുടെ തൊലി അസൂയയാല്‍ പൊളിയണം . ഇനി ആരെങ്കിലും ഏതെങ്കിലും തരത്തില്‍ നിങ്ങളെ കളിയാക്കുവാന്‍ മുതിര്‍ന്നാല്‍ ,"ഞങ്ങള്‍ അധ്വാനിക്കുന്ന തുകയില്‍ നിന്നും നികുതി കെട്ടുന്നത് കൂടി കൊണ്ടാണെടാ തെണ്ടി നീ ഞെളിഞ്ഞ് നിന്നു പ്രസംഗിക്കുന്നത് " എന്ന് മുഖം നോക്കാതെ പറഞ്ഞേക്കുക.കമ്പനി മാസാമാസം കൃത്യമായി ആ തുക സര്‍ക്കാരില്‍ അടക്കാതെ, മുഴവന്‍ കാശായി കൈയ്യില്‍ തന്നിരുന്നെങ്കില്‍ ഏതെല്ലാം മാര്‍ഗത്തില്‍ കമഴ്ത്താമോ അതിലൂടെല്ലാം നിങ്ങള്‍ നികുതി കമ്ഴ്ത്തിയേനെ എന്ന് അവനറിയില്ലല്ലോ .

5) സ്വാന്തന്ത്ര്യ ദിനം ,റിപബ്ലിക്‌ ദിനം എന്നീ ദേശീയ അവധി ദിനങ്ങളില്‍ ഔദ്യോഗികമായ് കമ്പനിക്ക് അവധിയായിരിക്കും, പക്ഷേ എല്ലാവനും / അവളന്മാരും സ്വന്തം ഇഷ്ടപ്രകാരമെന്നവണ്ണം വന്ന്, ഹാജര്‍ പുസ്തകത്തില്‍ ഒപ്പിടാതെ ജോലി ചെയ്യേണ്ടതാണ് . ഈ ദിവസങ്ങളില്‍ വരാത്തവര്‍ക്ക് ലോസ് ഓഫ് പേ ,അടുത്ത അപ്റൈസലില്‍ ആകെ മൊത്തം ചുവന്ന വര തുടങ്ങിയ സമ്മാനങ്ങള്‍ ഉറപ്പ് .

6) സാമ്പത്തിക മാന്ദ്യം വന്ന് നിങ്ങളില്‍ ഭൂരിഭാഗത്തിനെയും കമ്പനി പിരിച്ച് വിട്ടാല്‍ വാങ്ങികൂട്ടിയ ലോണും , പഞ്ചനക്ഷത്ര അത്താഴത്തിനും, ഷോപ്പിങ്ങിനുമായി ഉരച്ച ക്രെഡിറ്റ് കാര്‍ഡിലെ തുകയും എങ്ങിനെ തിരിച്ചടക്കും എന്ന ചോദ്യം നിങ്ങള്‍ ഇപ്പോള്‍ സ്വയം ചോദിക്കരുത്. നിങ്ങളൊക്കെ ചെറുപ്പക്കാരല്ലേ? ഒരല്‍പ്പം റിസ്ക് ഇല്ലാതെ എന്ത് ജീവിതം ? മാത്രമല്ല ,ജോലിയില്ലാതെ നിങ്ങള്‍ തെണ്ടുന്നതും,ബാങ്കുകള്‍ നിങ്ങളുടെ ഭാരതിയ ലങ്കോട്ടി വരെ ഊരി വാങ്ങുന്നതും, കമ്പനിയെ ഒരു തരത്തിലും ബാധിക്കുന്ന പ്രശ്നം അല്ലാത്തതിനാല്‍ അതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമില്ലതാനും .

7) മാത്രമല്ല സൈബര്‍ കിംഗ്ഡത്തിലെ കൂട്ട പിരിച്ചുവിടലിനും തനതായ ഒരു ശൈലി ഉണ്ടായിരിക്കുന്നതാണ് . ഈ രീതി ഗോള്‍ഡന്‍ ബൂട്ട് എന്നറിയപ്പെടും . സകല ആനുകൂല്യങ്ങളും നല്‍കി,സന്തോഷത്തോടെ സ്വയം പിരിഞ്ഞ് പോകാന്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ ഷേക്ക്‌ഹാന്‍ഡ് ഒരു പഴഞ്ചന്‍ രീതിയാതിനാലാണ് ഈ നവീന സം‌വിധാനം .ഇതിന്‍ പ്രകാരം പിരിച്ചു വിടപ്പെടുന്ന,കമ്പനിയില്‍ പത്തു കൊല്ലം ജോലി ചെയ്തവനെയും/ലവളെയും, വെറും മൂന്നു മാസം മാത്രമായവരെയും, ഒരേ പോലെ ഒരു സുപ്രഭാതത്തില്‍ വിളിച്ച് ഐ ഡി പിടിച്ചു വാങ്ങി,മെയില്‍ അക്സെസ്സ് വരെ എടുത്ത്‌ കളഞ്ഞ്, സഹപ്രവര്‍ത്തകരോട് ഒന്നു യാത്രപോലും പറയാന്‍ അനുവദിക്കാതെ ചവിട്ടി പുറത്താക്കുന്നതായിരിക്കും.

8) സാമ്പത്തിക മാന്ദ്യം വരും മുന്പ് , കമ്പനി പിരിച്ച്‌ വിടാതെ ,കൂടുതല്‍ ശമ്പളവും പദവിയുമുള്ള ജോലി കിട്ടി സ്വമേധയാ പിരിഞ്ഞ് പോകുന്നവരെ,മൂന്ന് മാസത്തെ നോട്ടിസ് സമയം കാട്ടി പീഡിപ്പിക്കല്‍ , അതിന് ശേഷം റിലീവിംഗ് ഓര്‍ഡര്‍ വൈകിക്കല്‍ തുടങ്ങിയ പാരിതോഷികങ്ങള്‍ നല്‍കി മാത്രമെ കമ്പനി യാത്രയാക്കു .

കൂടാതെ പാടശേഖരങ്ങള്‍ നികത്തപെടുന്നത് വഴി അരിക്ഷാമം രൂക്ഷമാകുമെന്ന് അലമുറയിടുന്ന അലവലാതികളുടെ വായടക്കാന്‍ ,നികത്തിയ പതിനായിരം ഹെക്ടറിനരുകിലുള്ള ഒരേക്കര്‍ പാടത്ത്‌ സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സകല ഭരണകക്ഷി ചാവലികളും പങ്കെടുക്കുന്ന ഒരു ഞാറ് നടീല്‍ ഉത്സവം കമ്പനി സ്വന്തം ചിലവില്‍ നടത്തിക്കും.
ഈ ഉത്സവത്തിന് മാധ്യമങ്ങള്‍ വമ്പന്‍ പ്രചാരം നല്‍കുവാനുള്ള എല്ലാ ഏര്‍പ്പാടുകളും (കുപ്പി സഹിതം ) ഇതിനോടകം ചെയ്തു കഴിഞ്ഞു . പ്രതിപക്ഷം ബഹളമുണ്ടാക്കാതിരിക്കാന്‍ അവരുടെ ദേശീയ നേതൃത്വത്തിന്റെ അണ്ണാക്കിലും കോടികള്‍ തിരുകിയിട്ടുണ്ട് .
കാലാന്തരത്തില്‍ ഈ നട്ട ഞാറുകള്‍ നെല്‍കതിരുകളായ് കൊയ്യാന്‍ ആളെക്കിട്ടാതെ നശിച്ച് കഴിയുമ്പോള്‍ ആ ഒരേക്കര്‍ കൂടി കമ്പനി ഏറ്റെടുത്ത് അവിടെ സൈബര്‍ കിംഗ്ഡത്തിലെ ജോലിക്കാര്‍ക്കായ് ഒളിമ്പിക് സൈസ്സ് നീന്തല്‍കുളം സഹിതം ഒരു അത്യാധുനിക ക്ലബ് പണികഴിപ്പിക്കുന്നതാണ്.

എന്ന് വിശ്വാസ്യതയോടെ

എ കെ
ചെയര്‍മാന്‍ & സി ഇ ഓ
എ കെ (എവെരിതിംഗ് ) ഇന്‍കോര്‍പ്പോറേറ്റെഡ്

Monday, January 19, 2009

ഏ എസ് ഐ കുട്ടമ്പിള്ള

കേരളാ പോലീസ് മലയാളം ബ്ലോഗുകളില്‍ ചിലതിനെ നിരീക്ഷിച്ചു തുടങ്ങി എന്ന വാര്‍ത്തയെക്കുറിച്ച് പന്ന @#$%^&* യായ എ കെ എന്ന മലയാളം ബ്ലോഗര്‍ അവന്‍റെ കഴിഞ്ഞ ഒരു പോസ്റ്റില്‍ കമന്‍റ് രൂപത്തില്‍ ആശങ്കകള്‍ എന്ന ഭാവത്തില്‍ ചില അപവാദങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ നിയമം സാധാരണക്കാരന്റെ നട്ടെല്ല് ഒടിക്കാനുള്ള ഒരു ഉപാധി മാത്രമാണെന്നും ,പോലീസുകാര്‍ വെറും 'പോലീസുകാര്‍' ആണെന്നും ധ്വനിപ്പിക്കുന്ന ഈ അപവാദങ്ങളെ ശക്തമായ് തന്നെ നേരിടാന്‍ കേരളാ പോലീസ് തീരുമാനിച്ചിരിക്കുന്നു . ആ എ കെ തെണ്ടിയുടെ സകല ശങ്കകളും ഞങ്ങള്‍ താമസിയാതെ തീര്‍ക്കുന്നുണ്ട് . മാത്രമല്ല ജനങ്ങളെ ,പ്രത്യേകിച്ച് മലയാളം ബ്ലോഗന്മാരെ വിശ്വാസത്തിലെടുക്കുന്നതിന്റെ ഭാഗമായി പോലീസിന്റെ കൃത്യനിഷ്ടയും കാര്യക്ഷമതയും അവരെ ബോധ്യപ്പെടുത്താന്‍ സൈബര്‍ ക്രൈംസെല്‍ വഴി ഒരു പൊതുജന സമ്പര്‍ക്ക പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നു എന്ന വിവരം സകല 'പൊന്ന്' മക്കളെയും സന്തോഷപൂര്‍വ്വം അറിയിക്കട്ടെ . പോലീസ് സേനയിലെ ധീരശൂര പരക്രമികളുടെ ത്യാഗോജ്വലമായ സര്‍വീസ് കഥകള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
ഈ ഇനത്തിലെ ആദ്യ പ്രസിദ്ധീകരണം കേരളാ പോലീസിന്റെ അഭിമാനവും, കുറ്റവാളികളുടെ പേടിസ്വപ്നവുമായ പണ്ടാരമുക്ക് സ്റ്റേഷനിലെ മുന്‍ ഏ എസ് ഐ ശ്രീ . കുട്ടന്‍ പിള്ളയുടെ (കുട്ടമ്പിള്ളാന്ന് വിളിക്കും ) സംഭവബഹുലമായ ഔദ്യോഗിക ജീവിതിത്തില്‍ നിന്നും അടര്‍ത്തിയെടുത്ത മൂന്ന് സംഭവങ്ങള്‍ അടങ്ങിയ ഒരു സംഭവമാണ് . വായിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ തന്നെ പറയും,ഇങ്ങനെയുള്ള പോലീസുകാര്‍ തന്നെ മലയാളം ബ്ലോഗുകളെ നിരീക്ഷിക്കണം എന്ന് . എല്ലാവരും വായിക്കുക , സഹകരിക്കുക .ഇല്ലെങ്കില്‍ ദിവസം നൂറ് രൂപ പെറ്റി അടിച്ചും , കൊണ്ടിട്ടുരുട്ടിയും നിന്നെയൊക്കെ ഞങ്ങള്‍ സഹകരിപ്പിക്കും
എന്ന്
ഐ ജി പി വീരരാഘവ അഡിഗ (അടിയെടാ പെറ്റി )
ഒപ്പ്

കുട്ടമ്പിള്ള കഥകള്‍

ഹെല്‍മറ്റ് വേട്ട ബഹു: ആഭ്യന്തര മന്ത്രി വാക്കാല്‍ തടയുന്നതിന് മുന്‍പുള്ള കാലം . പണ്ടാരമുക്ക് സ്റ്റേഷനതിര്‍ത്തിയില്‍ എസ് ഐ ശശിയും അദ്ദേഹത്തിന്‍റെ വലംകൈയായ ഏ എസ് ഐ കുട്ടബിള്ളയും ചാകര കൊയ്ത്ത് നടത്തി വിളയാടിയിരുന്ന സുവര്‍ണ്ണ കാലം. പണ്ടാരമുക്ക് സ്റ്റേഷനില്‍ നിന്നും സര്‍ക്കാര്‍ നിശ്ചിത ക്വോട്ടയിലേക്ക് മോശമല്ലാത്ത ഒരു തുക എല്ലാ മാസവും ചെന്നു ചേര്‍ന്നിരുന്നു. ഹെല്‍മെറ്റ്‌ ഹെല്‍മെറ്റ്‌ ഇല്ലാതെ വരുന്ന ഇരുചക്ര വാഹന യാത്രക്കാരെ, വളവില്‍ പതുങ്ങിയിരുന്ന് അപ്രതീക്ഷിതമായ് മുന്നില്‍ ചാടി വീണ് അവരെപ്പിടിക്കുന്നതിലും, വെട്ടിച്ച് പോകുന്നവനെ ലാത്തിക്കെറിഞ്ഞിടുന്നതിലും കുട്ടബിള്ളയെക്കഴിഞ്ഞേ കേരളത്തില്‍ പോലീസുളളു എന്നതായിരുന്നു അവസ്ഥ.
അങ്ങിനെ കാലം കുറച്ച് കഴിഞ്ഞപ്പോള്‍ പണ്ടാരമുക്കില്‍ പെട്ടന്നൊരു ദിവസം ഹെല്‍മെറ്റ്‌ മോഷണം വ്യാപകമായി . ആദ്യമൊക്കെ നാട്ടുകാര്‍ ,ഹെല്‍മെറ്റ്‌ വേട്ട സഹിക്കാതെ, അത് വാങ്ങാന്‍ പാങ്ങില്ലാത്ത ആരോ പാവങ്ങള്‍ ചെയ്യുന്നതാവും എന്ന് കരുതി ക്ഷമിച്ചു . മോഷണം പോയവക്ക് പകരം പുതിയവ വാങ്ങി . പക്ഷേ അവയും കളവു പോയപ്പോള്‍ നാട്ടുകാര്‍, മോഷണ സംഘം ഹെല്‍മെറ്റ്‌ വ്യാപരികളാവും എന്ന് വ്യക്തമായി കാണിച്ച് പോലീസില്‍ പരാതിപ്പെട്ടു. ഹെല്‍മെറ്റ്‌ വേട്ടക്ക് തന്നെ സമയം തികയുന്നില്ലെങ്കിലും താമസിയാതെ കള്ളനെപ്പിടിക്കാം എന്ന് കുട്ടമ്പിള്ള അവര്‍ക്ക് ഉറപ്പ് നല്‍കി.
എന്നിട്ടും മോഷണം തുടര്‍ന്നു. മാത്രമല്ല ഹെല്‍മെറ്റ്‌ മോഷണം പോയത് പെറ്റിയടിക്കാതിരിക്കാന്‍ ഒരു കാരണമേയല്ലാ എന്ന് പറഞ്ഞു എസ് ഐ ശശിയും ,കുട്ടമ്പിള്ളയും നാട്ടുകാരെ ഓടിച്ചിട്ട് പെറ്റിയടിക്കുകയും ചെയ്തു.
അതോടെ ഹെല്‍മെറ്റ്‌ വേട്ട കഴിഞ്ഞു കള്ളനെ പിടിക്കാന്‍ പോലീസിനു നേരമില്ല എന്നരോപിച്ച് നാട്ടുകാര്‍ ഒരു സന്നദ്ധ സംഘടന രൂപീകരിച്ചു .സംഘടനയുടെ യുവാക്കളായ അംഗങ്ങള്‍ അന്ന് രാത്രി തന്നെ കള്ളനെ പിടികൂടി . മുഖമൂടി ധരിച്ച് ഒരു വീട്ടില്‍ ബൈക്കില്‍ സൈക്കില്‍ ലോക്കിട്ടു പൂട്ടി വെച്ചിരുന്ന ഹെല്‍മെറ്റ്‌ മോഷ്ടിക്കാന്‍ ശ്രമിക്കവേ മോഷ്ടാവ് ഉറക്കമൊഴിഞ്ഞ് കാത്തിരുന്ന യുവാക്കളുടെ പിടിയില്‍പ്പെടുകയായിരുന്നു .പിടിച്ച പാടെ യുവാക്കള്‍ ഇടി തുടങ്ങി . ഒടുവില്‍ കൈ കഴച്ചപ്പോള്‍ ഇടി നിറുത്തി മോഷ്ടാവിന്റെ മുഖമൂടി മാറ്റിയ അവര്‍ ഞെട്ടി . ഏ എസ് ഐ കുട്ടമ്പിള്ള ഇടികൊണ്ടവശനായ് ദാ കിടക്കുന്നു മുന്നില്‍ "ഡാ.... പന്ന @#$%^ മക്കളെ ...ഒരു കള്ളനെയും ഞങ്ങള്‍ പോലും കണ്ണീചോരയില്ലാതെ ഇടിച്ചിട്ടില്ല . മോളീന്ന് ദിവസവും ഹെല്‍മെറ്റ്‌ കേസ്സില്‍ പിടിച്ച് കൊടുക്കേണ്ട തുക കൂടി ,കൂടി വരുകയും , എല്ലാവനും ഹെല്‍മെറ്റ്‌ വാങ്ങിക്കുകയും ചെയ്‌താല്‍ പിന്നെ പാവം പോലീസുകാരന്‍ എന്ത് ചെയ്യുമെടാ @#$%^&, @##$$...?വെള്ളം ...വെള്ളം " എന്ന ദിനരോദനവുമായ് .

ഇത്ര ത്യാഗം സഹിച്ച് പോലീസ് വകുപ്പിന്റെ മാനം ഉയര്‍ത്തിപ്പിടിക്കുകയും ,ഖജനാവിലേക്ക് മുതല്‍കൂട്ടാന്‍ അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്ത കുട്ടമ്പിളളയെ അഭ്യന്തര മന്ത്രിയും, കേരള സര്‍ക്കാരും മറന്നില്ല . പുരസ്കാരമെന്നവണ്ണം സര്‍ക്കാര്‍ കുട്ടമ്പിള്ളക്ക് ഇന്റര്‍പോള്‍ സംഘടിപ്പിച്ച , ലോകത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ ഏജന്‍സി ഏത് നാട്ടിലാണ് എന്ന് കണ്ടുപിടിക്കുന്നതിനുള്ള മത്സരത്തില്‍ ഭാരതത്തെ പ്രതിനിധീകരിക്കുവാനുള്ള അവസരം ഒരുക്കി . ഏറെ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ അമേരിക്ക , ബ്രിട്ടന്‍ , റഷ്യ , പിന്നെ ഇന്ത്യ അങ്ങിനെ നാല് രാജ്യങ്ങളെ മാത്രമായിരുന്നു ഇന്റര്‍പോള്‍ മത്സരത്തിലേക്ക് തിരഞ്ഞെടുത്തിരുന്നത് .
അങ്ങിനെ അമേരിക്കയില്‍ നിന്നും എഫ് ബി ഐ ജോയിന്റ് ഡയറക്ടര്‍ മാര്‍ക്ക് മക്ഫീല്‍ഡ് , ബ്രിട്ടനില്‍ നിന്നും സ്കോട്ട്ലാന്‍ഡ്‌ യാര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ തോമസ് ബ്രൌണ്‍ , റഷ്യയില്‍ നിന്നും ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് മേധാവി നിക്കൊളായ് റൊമാനോവ് എന്നിവര്‍ക്കൊപ്പം ഏ എസ് ഐ കുട്ടമ്പിള്ളയും അദ്ദേഹത്തിന്‌ കേരള സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക പരിഭാഷകനും നിശ്ചിത ദിവസം മത്സരങ്ങള്‍ക്ക് വേദിയായി തിരഞ്ഞെടുക്കപ്പെട്ട ന്യൂസീലാണ്ടില്‍ എത്തിച്ചേര്‍ന്നു .

മത്സരത്തിന്റെ വിധികര്‍ത്താക്കള്‍ ഇന്റര്‍പോളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരായിരുന്നു .ആദ്യ ഇനം ചോദ്യോത്തരവും .
കൊലപാതകമോ , അതുപോലെ ഭീകരമായ ഒരു കുറ്റകൃത്യമോ തെളിയിക്കാന്‍ ഓരോ രാജ്യത്തെയും അന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ടി വരുന്ന സമയത്തെക്കുറിച്ചായിരുന്നു ചോദ്യം .

ശാസ്ത്രീയമായ തെളിവ് ശേഖരണ സംവിധാനങളുടെ സഹായത്തോടെ കുറ്റവാളിയെക്കണ്ടെത്തി, അറസ്റ്റ് ചെയ്ത്, ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കുറ്റം തെളിയിച്ച് കോടതി മുന്‍പാകെ ഹാജരാകുവാന്‍ അമേരിക്കകാരനും ,ബ്രിട്ടീഷ്കാരനും ഒരു മാസവും , റഷ്യക്കാരന് പതിനഞ്ച് ദിവസങ്ങളും വേണ്ടി വരുമെന്ന് യഥാക്രമം ഉത്തരങ്ങള്‍ നല്‍കപ്പെട്ടു .
എല്ലാ കണ്ണുകളും കുട്ടമ്പിള്ളയിലേക്ക് തിരിഞ്ഞു .കാക്കി കളസവും, വെളുത്ത ഷര്‍ട്ടും,പോലീസ് ബൂട്ടും , റാഡോ വാച്ചും ധരിച്ച് പോലീസുകാരില്‍ സുന്ദരനും ,സുന്ദര പോലീസുമായ കുട്ടമ്പിള്ള പതിയെ എഴുന്നേറ്റു . പരിഭാഷകന്‍ മത്തായി അരുകില്‍ ഒരുങ്ങി നിന്നു. വിനയപൂര്‍വ്വം കുട്ടമ്പിള്ള സദസ്സിനോട് സംസാരിച്ചു ."അതിപ്പോ എമാന്മാരെല്ലാം വെല്യ ,വെല്യ കാര്യങ്ങളാ പറഞ്ഞതെന്ന് മത്തായി പിള്ളക്ക് പറഞ്ഞു തന്നു. പക്ഷേ പറയുന്നതു കൊണ്ടു പിള്ളയോട് വിരോധമൊന്നും തോന്നരുത്‌. സാറമാര്‍ക്ക് അത്ര പരിചയം പോര. അതാ ഈ ഒരുമാസവും,പതിനഞ്ച് ദിവസങ്ങളും ഒക്കെ വേണ്ടി വരുന്നത്. ഇപ്പൊ ഞങ്ങളുടെ പണ്ടാരമുക്ക് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഒരു കൊലപാതകമോ ,പീഡനമോ നടന്നാല്‍, അത് ചെയ്യുന്നവന്‍ കൃത്യത്തിന് ചുരുങ്ങിയത് നാല് ദിവസം മുന്പേലും ഞങ്ങളെ വന്നു കാണേണ്ടത് പോലെ കണ്ട്, കൃത്യം എവിടെവെച്ച്,എപ്പോ ,എങ്ങിനെ നടക്കും എന്ന് അറിയിച്ചിരിക്കും. പിന്നെ ശിക്ഷയുടെ കാര്യം. അത് തീരുമാനിക്കാന്‍ നമ്മള്‍ അപ്പാവി മനുഷ്യന്മാര്‍ക്ക് പറ്റുവോ ? അത് ഞങ്ങള്‍ ദൈവത്തിന് വിടും "

കുട്ടമ്പിള്ളയുടെ മറുപടി കേട്ട് ഇന്റര്‍പോള്‍ മാത്രമല്ല ,അമേരിക്ക വരെ ഷൂസില്‍ നിന്ന് വിറച്ചു പോയത്രേ. ആദ്യ റൌണ്ടില്‍ പിള്ളക്ക് നോക്ക്ഔട്ട് വിജയം.

രണ്ടാമത്തേതും അവസാനത്തേതുമായ മത്സരം അല്‍പ്പം കഠിനമായിരുന്നു. നാല് സിംഹങ്ങളെ മത്സരത്തിനു രണ്ടു ദിവസങ്ങള്‍ മുന്പ് ഘോര വനത്തില്‍ നിന്നും ഇന്റര്‍പോള്‍ ഉദ്യോഗസ്ഥര്‍ പിടികൂടി കൂടുകളില്‍ അടച്ചിരുന്നു .കൂട്ടില്‍ കിടന്ന സിംഹങ്ങള്‍ ഓരോ മാനുകളെ വീതം കടിച്ച് കീറി കൊന്ന് തിന്നിട്ടുണ്ട് .
മത്സരത്തില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും വേണ്ടി ഓരോ സിംഹങ്ങളെ കാട്ടിലേയ്ക്ക് തുറന്നു വിടും. സിംഹത്തെ നേരിട്ട് കാണാന്‍ മത്സരത്തില്‍ പങ്കെടുക്കുന്നയാള്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല . മാനിന്റെ മൃതശരീരവും,കൊല നടന്ന സ്ഥലവും സിംഹം സ്വതന്ത്രമായതിനു ശേഷം അവര്‍ക്ക് പരിശോധിക്കാം. പിന്നെ നിരായുധരായി കാട്ടില്‍ക്കയറി അവര്‍ പരിശോധിച്ച മാനിനെ കൊന്ന സിംഹത്തെ കൃത്യമായി കണ്ടുപിടിച്ച് ജീവനോടെ കൂട്ടിലടച്ച് തിരികെ കൊണ്ട് വരണം .അതായിരുന്നു മത്സരത്തിന്റെ വ്യവസ്ഥകള്‍.

തനിക്ക് അനുവദിച്ച മാനിന്റെ ശവ ശരീരം കിടന്നിരുന്ന സ്ഥലം വിശദമായി പരിശോധിച്ച് ,സിംഹത്തിന്റെ സടയില്‍ നിന്നും അവിടെ പൊഴിഞ്ഞു വീണ രോമങ്ങള്‍ ഡി എന്‍ എ ടെസ്റ്റ് ചെയ്തു അമേരിക്കകാരന്‍ ആദ്യം കാട് കയറി (കാട്ടിലേയ്ക്ക് പോയെന്ന് ). ഒരു മാസത്തിന് ശേഷം , ആകെ അവശനായി , രക്തമൊലിക്കുന്ന ശരീരത്തോടെ അയാള്‍, ഒരു സിംഹത്തെ കൂട്ടിലടച്ച് കൊണ്ട് വന്നു. സിംഹത്തിന്റെ ശരീരത്തില്‍ അവയെ തുറന്നുവിടും മുന്‍പ് ഒളിപ്പിച്ചിരുന്ന ചെറിയ ഇലക്ട്രോണിക് ബീകണ്റെ സഹായത്താല്‍ ഇന്റര്‍പോള്‍ ഉദ്യോഗസ്ഥര്‍ അത് ശരിയായ സിംഹം തന്നെയാണെന്ന് ഉറപ്പ് വരുത്തി .
ബ്രിട്ടീഷ്കാരനും അമേരിക്കന്‍ വല്യേട്ടന്റെ പാത തന്നെ പിന്തുടര്‍ന്ന് ,രണ്ടു മാസങ്ങള്‍ക്കുള്ളില്‍ സിംഹവുമായി തിരിച്ചെത്തി. അയാളും സിംഹത്തിന്റെ ആക്രമണത്തില്‍ അവശനായിരുന്നു. റഷ്യക്കാരന്‍ ഡി എന്‍ എ പരിശോധനക്കൊപ്പം കാട്ടില്‍ കയറി സിംഹത്തെ പിടിച്ച് അതിന്റെ പല്ലുകള്‍ക്കിടയില്‍ കുരുങ്ങിയിരുന്ന മാംസത്തിന്റെ അവശിഷ്ടങ്ങളും പരിശോധനക്ക് വിധേയമാക്കി ,പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ സിംഹവുമായി തിരികെയെത്തി. അയാളും ഏകദേശം മൃതപ്രായനായിരുന്നു

തന്റെ ഊഴമായപ്പോള്‍ കുട്ടമ്പിള്ള മാനിന്റെ മൃതശരീരമോ, അത് കിടക്കുന്ന സ്ഥലമോ ഒന്നു നോക്കുക പോലും ചെയ്യാതെ കാട്ടിലേയ്ക്ക് കയറി. ഒരാഴ്ച്ചക്കുള്ളില്‍ തിരികെയെത്തിയ പിള്ളക്കൊപ്പം മൃതപ്രയമാക്കി കൂട്ടിലടച്ച നിലയില്‍ അഞ്ചു സിംഹങ്ങളും ഉണ്ടായിരുന്നു. പിള്ളക്ക് ഒരു പോറല്‍ പോലുമില്ല . "അഞ്ചിന്റെയും അടിനാഭി ചവിട്ടിക്കലക്കി പിള്ള കുറ്റസമ്മതം എഴുതി വാങ്ങിയിട്ടുണ്ട് സാറമ്മാരേ . ഇതീന്ന് എമാന്മാര്‍ക്ക് ബോധിച്ച ഒന്നിനെ പൊക്കി അകത്തിട്ട്, ചാര്‍ജ് ചെയ്യണം. ബാക്കി പിള്ളയേറ്റു . " അഞ്ച് കടലാസുകള്‍ വിധികര്‍ത്താക്കള്‍ക്ക് നേരെ നീട്ടിക്കൊണ്ട് പിള്ള പറഞ്ഞു .കുട്ടമ്പിള്ളയെ ഇന്റര്‍പോള്‍ മേധാവിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ്‌ സ്പോട്ടില്‍ അടിച്ച് കൈയ്യില്‍ കൊടുത്തു എന്നത് ബാക്കി കഥ

Saturday, January 17, 2009

ഐ ആം എ കെ / സ്നേഹപൂര്‍വ്വം എ കെ

മലയാള ചലച്ചിത്ര രംഗത്ത്‌ മെഗാസ്റ്റാറായി വളര്‍ന്നപ്പോഴും ഞാനെന്നും സാധാരണ ജനങ്ങളെ ഒരു വല്യേട്ടന്റെ സ്ഥാനത്ത്‌ നിന്ന് ശാസിച്ചും , ശിക്ഷിച്ചും നേര്‍വഴിക്ക് നടത്തുന്നതില്‍ അതീവ തത്പരനായിരുന്നു .
ഷൂട്ടിങ്ങ് സ്ഥലങ്ങളില്‍ അരുകില്‍ വരുന്നവര്‍ ,ഞാന്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ വഴിയില്‍ നില്‍ക്കുന്നവര്‍ , അങ്ങിനെ എന്‍റെ സ്നേഹപ്രകടനം ഏറ്റ് വാങ്ങിയവര്‍ അനേകം . തുറന്ന വാഹനത്തില്‍ ഞാന്‍ സഞ്ചരിക്കുമ്പോള്‍ തൊടാന്‍ കൈ നീട്ടിയ ഒരുത്തന്റെ കരണത്ത് ( ജസ്റ്റ് മിസ്സായി . അവന്റെ കൈയിലെ കൊണ്ടുള്ളു) ഞാന്‍ സ്നേഹപൂര്‍വ്വം തലോടുന്ന രംഗം യു ട്യുബില്‍ മെഗാഹിറ്റായിരുന്നു താനും .

കൂടുതല്‍ ജനങ്ങളെ എങ്ങിനെ നേര്‍വഴിക്ക് നടത്താം എന്ന ചിന്ത എന്നെ ഏറെക്കാലം അലട്ടിയതിനെ തുടര്‍ന്നാണ് ഞാന്‍ മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങുവാന്‍ തീരുമാനിച്ചത് .ബ്ലോഗിലൂടെ എന്‍റെ അറിവിന്റെ മഹാസാഗരത്തില്‍ നിന്നും ഏതാനം തുള്ളികള്‍ നിങ്ങള്‍ക്ക് പകര്‍ന്നു തരാമെന്നും , അതിലൂടെ നിങ്ങളെയൊക്കെ ഒരു വഴിക്കാക്കാമെന്നുമാണ് ഞാന്‍ കരുതിയത്‌ . പക്ഷേ മലയാളികള്‍ ഒട്ടും നന്ദിയില്ലാത്ത ഒരു വര്‍ഗ്ഗമാണെന്ന് ബ്ലോഗ് തുടങ്ങിയ ശേഷമാണ് എനിക്ക് ബോധ്യമായത്.

ആദ്യത്തെ രണ്ടു പോസ്റ്റുകളില്‍ വന്ന കമന്റുകളാണ് എനിക്ക് ഈ തിരിച്ചറിവ് തന്നത്. ആ പോസ്റ്റുകളില്‍ ആയിരത്തോളം മിടുക്കന്മാര്‍ വന്ന് "കലക്കി ഇക്ക ","ഇപ്പോഴാണ് ഞങ്ങള്‍ക്ക് സംഗതികളുടെ കിടപ്പ് മനസിലായത് ,നന്ദി ഇക്ക " ,"അങ്ങിനെ ചെയ്തിരുന്നെങ്കില്‍/ ഇങ്ങിനെ ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു ശ്രീ . എ കെ " എന്ന് പല മട്ടിലുള്ള കമന്റുകളും നിങ്ങള്‍ കണ്ടു .
കമന്‍റ് മോഡറേഷനായി ജോലിയും കൂലിയുമൊന്നുമില്ലാത്ത ഒരു മലയാളം ബ്ലോഗനെ ഞാന്‍ തപ്പിയെടുത്തു .അവന്‍ മിടുക്കനായത് കൊണ്ട് വേണ്ടാത്ത കമന്‍റുകള്‍ ഒന്നും നിങ്ങള്‍ കണ്ടിട്ടില്ല . പക്ഷേ അവയില്‍ ചിലത് ഞാന്‍ കണ്ടു . എന്‍റെ തന്നെ ഡയലോഗ് പറഞ്ഞാല്‍ "പെറ്റ തള്ള സഹികൂല കേട്ടാ" .
അതിലെന്നെ ഏറ്റവും വേദനിപ്പിച്ച ഒരു കമന്റിലെ വാക്കുകള്‍ ഇതാ .ഇത് വന്നത് എന്‍റെ ആദ്യത്തെ പോസ്റ്റില്‍

"ശ്രീ എ കെ ,
സമ്പത്ത് വ്യവസ്ഥയുടെ രാഷ്ട്രീയത്തെക്കുറിച്ച് താങ്കള്‍ എഴുതിയ ഗീര്‍വാണം വായിച്ചു. അധ്വാനത്തെക്കുറിച്ചും, ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ഥതയെക്കുറിച്ചും താങ്കള്‍ വാ തോരാതെ ( കീ ബോര്‍ഡ് തോരാതെ ) പ്രസംഗിക്കുന്നതും . വായിച്ചപ്പോള്‍ എനിക്ക് തോന്നിയ സംശയമാണിത്. സിനിമാ നടനായ താങ്കളുടെ ജോലി അഭിനയമാണല്ലോ? ആ ജോലിയോട് താങ്കള്‍ ആത്മാര്‍ഥത കാട്ടുന്നുണ്ടെന്ന് കഴിഞ്ഞ കുറെ വര്‍ഷങ്ങളായ് പുറത്തിറങ്ങുന്ന താങ്കളുടെ ഒരു ചിത്രവും കണ്ടാല്‍ തോന്നില്ല എന്ന് ഖേദപൂര്‍വ്വം പറയട്ടെ. കഠിനാധ്വാനം പോയിട്ട് തത്പര്യത്തിന്റെ ഒരു കണിക പോലും താങ്കള്ക്ക് ആ ചിത്രങ്ങളോട് അവ അഭിനയിക്കുമ്പോള്‍ ഉണ്ടായിരുന്നു എന്ന് ബോധമുള്ള ആര്‍ക്കും തോന്നില്ല . 'ആക്രിബസാര്‍' , 'ഈഗിള്‍' , 'ഒരേ കടല' അങ്ങിനെ ഒട്ടനവധി ചിത്രങ്ങള്‍ ഉദാഹരണം .
അഞ്ചു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് രാജി വെച്ച താങ്കളുടെ ഒരു ആരാധകന്‍ "

ഇതാണ് ഞാന്‍ പറഞ്ഞത് മലയാളികള്‍ ഒട്ടും നന്ദിയില്ലാത്ത ഒരു വര്‍ഗ്ഗമാണെന്ന് .

എന്‍റെ സാമൂഹികമായ ഗിരിപ്രഭാഷണങ്ങളാകും ഈ ബ്ലോഗ് നിറയെ എന്ന് ആദ്യമേ തന്നെ ഞാന്‍ സൂചിപ്പിച്ചതാണ് (വലത് വശത്തെ പ്രൊഫൈല്‍ കാണുക. അത് 'ഇടത്തേക്ക് ' ആക്കുവാന്‍ സമയം കിട്ടിയില്ല . ). ആദ്യത്തെ പോസ്റ്റില്‍ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ഏറ്റവും നല്ലത് കഠിനാധ്വാനമാണെന്ന് ഞാന്‍ പറയും വരെ നിങ്ങള്‍ക്ക് അറിയാമായിരുന്നോ ? ഇല്ലല്ലോ ?

മുകളില്‍ കണ്ട കമന്‍റിട്ട എരണംക്കെട്ടവന് മനഃസാക്ഷി എന്നൊന്നുണ്ടെങ്കില്‍ അവന്‍ എന്നോടിങ്ങിനെയൊക്കെ പറയുമോ?
ആക്രിബസാറില്‍ ,പിന്നിലൊരു കുടുമിയും വെച്ച് ആ രണ്ടു കിളിന്ത്‌ പെണ്പിള്ളാരുടെ കൂടെ ഞാന്‍ ചെയ്ത നൃത്ത രംഗങ്ങള്‍ നിങ്ങളും കണ്ടതല്ലേ? അറിയാതെ ചൂട് ദോശക്കല്ലില്‍ ഇരുന്ന് പോയവന്‍ കാണിക്കുന്ന സ്വാഭാവിക പ്രതികരണങ്ങള്‍ അല്ലേ ഞാനാ നൃത്ത രംഗങ്ങളില്‍ നിങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെട്ട് പകര്‍ത്തിയത്? അത് പോരാഞ്ഞ് ആരാധകരായ നിങ്ങളുടെ മനഃസന്തോഷത്തിന് വേണ്ടി മാത്രം നായികയെക്കൊണ്ട് "ഭൂമി മലയാളത്തില്‍ എന്നെ പോലെ സുന്ദരനും ,ദയാലുവും വേറെ ഇല്ല" എന്ന് ഞാന്‍ പറയിച്ചില്ലേ? .

ഇനി 'ഈഗിളിന്റെ' കാര്യമെടുക്കാം . അതില്‍ ഞാന്‍ അവതരിപ്പിച്ച ഈഗിള്‍ പുളുസു എന്ന കഥാപാത്രം എത്ര മാത്രം ശക്തമാണെന്നറിയാന്‍ ആ ചിത്രത്തിലെ എന്‍റെ കാവടി നൃത്തം മാത്രം കണ്ടാല്‍ പോരേ? എന്തൊരു ബലമാണ്‌ എന്‍റെ മുഖത്തെ ഓരോ പേശികള്‍ക്കും ? നൃത്ത ചലനങ്ങളോ , ബലഗുളച്ചാദിയും . തകര്‍ത്തില്ലേ ഞാന്‍ . ആ കാവടി നൃത്തം മുതല്‍ തുടങ്ങിയ കൂവല്‍ (ഛേ ഈ കീമാന്‍ ചതിച്ചല്ലോ ) അല്ല ആരവം തീര്‍ന്നത് പടത്തിന്റെ എന്‍ഡ് ക്രെഡിറ്റ്സ് കാണിക്കുമ്പോള്‍ അല്ലേ ?
ഇതിനെല്ലാം പുറമേ എന്‍റെ ഓരോ സിനിമയും നിങ്ങളെക്കൊണ്ട് പറയിപ്പിച്ചിട്ടില്ലേ "ഹൊ കഴിഞ്ഞ മാരണം ഇതിലും എത്രയോ ഭേദം" എന്ന് . കഴിഞ്ഞ കുറെ വര്‍ഷങ്ങളായി , 'ഇസ്പേഡ് ഏഴാംകൂലി', 'രുധിരം' തുടങ്ങിയ ചിത്രങ്ങളിലൂടെ തമാശ കാട്ടി നിങ്ങളെ പൊട്ടിക്കരയിക്കുകയും, ആക്ഷന്‍ രംഗങ്ങളില്‍ നിങ്ങളെ തലതല്ലി ചിരിപ്പിക്കുകയും ചെയ്തത് ഞാനല്ലെങ്കില്‍ പിന്നെയാര്? അതാണ്‌ മക്കളെ ആത്മാര്‍ത്ഥ.

ഇനി ഇതെല്ലാം പോട്ടേന്ന് വെച്ചാല്‍ തന്നെ 'ഒരേ കടല' എന്ന എന്‍റെ ഗംഭീര പടത്തില്‍ ഞാന്‍ നായികയായ മുല്ലപ്പൂവിനെ കിടക്ക പങ്കിടാന്‍ ക്ഷണിക്കുന്ന ആ ഒരു രംഗം മാത്രം പോരേ എന്‍റെ അഭിനയ തികവ് പുറത്ത്‌ ചാടാന്‍ . രംഗത്തില്‍ മൈന്യൂട്ട് ആക്റ്റിംഗ് മുതല്‍ കടുത്ത ഭാവാഭിനയം വരെ ഞാന്‍ വെള്ളിത്തിരയില്‍ വാരി വിതറിയില്ലേ? എന്‍റെ അഭിനയത്തികവ് കയറ് പൊട്ടിച്ച് ചാടുന്നത് നിങ്ങള്‍ (ഞാന്‍ ഉത്പടെ ചുരുക്കം ചിലരെ ആ സിനിമ തിയറ്ററില്‍ കണ്ടുള്ളൂ . എങ്കിലും...) കണ്ടതല്ലേ? പ്രസ്തുത രംഗത്തില്‍ എന്‍റെ മുഖത്ത്‌ മിന്നിമറഞ്ഞതില്‍ കൂടുതല്‍ ഭാവങ്ങള്‍ മോര്‍ച്ചറിയില്‍ കിടക്കുന്ന ശവത്തിന്റെ മുഖത്ത്‌ മാത്രമെ വരൂ. ഇറ്റ് വാസ് സോ റൊമാന്റിക്‌ ,യു നോ?

ഇങ്ങനെയെല്ലമുള്ള എന്നോടാണ് ഒരുത്തന്‍ പറഞ്ഞത് ഞാന്‍ കഠിനാധ്വാനിയല്ലെന്ന്. കണ്ണില്‍ ചോരയില്ലാത്തവന്‍ .

മറ്റൊരു കമന്‍റ് എന്തായിരുന്നുവെന്നോ? കോടീശ്വരനും , ജനങ്ങളില്‍ നിന്നും ഏറെ അകലെ ജീവിക്കുന്ന സിനിമാ താരവുമായ എനിക്ക് സാധാരണ ജനങ്ങളുടെ പോയിട്ട് ഉപരി മധ്യ വര്‍ഗ്ഗത്തിന്‍റെയെങ്കിലും നിത്യ ജീവിത പ്രശ്നങ്ങള്‍ മാധ്യമങ്ങളിലൂടെയല്ലാതെ അറിയുവാന്‍ സാധിക്കുമോ എന്ന് ? അതിന് സാധിച്ചില്ലെങ്കില്‍ പിന്നെ ഞാന്‍ എങ്ങിനെ സാധാരണക്കാര്‍ നിറഞ്ഞ ഒരു സമൂഹത്തിന്‍റെ ഗതിവിഗതികളെക്കുറിച്ച് അഭിപ്രായം പറയുമെന്ന് ?

ഇത് പറഞ്ഞവന് സെന്‍സും, സെന്സിബിലിറ്റിയും , സെന്‍സിറ്റിവിറ്റിയും ഈ ആയുസില്‍ ഉണ്ടാവില്ലെന്ന് മാത്രമല്ല , അവന് ദൈവദോഷവും കിട്ടും.നോക്കിക്കോ.
കാരണം സാധാരണക്കാരില്‍ , സാധാരണക്കാരനായ ഒരു ആക്രിക്കച്ചവടക്കാരന്‍ കോടീശ്വരനായിട്ടാണ് ഉടന്‍ പുറത്തിറങ്ങുന്ന എന്‍റെ പുതിയ ചിത്രമായ 'ലവ് ഇന്‍ ആഫ്രിക്ക' എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ പാവപ്പെട്ടവര്‍ തിങ്ങി താമസിക്കുന്ന കോളനിയിലേക്ക് നഗരത്തിലെ മാലിന്യങ്ങള്‍ ഒഴുക്കിവിടാന്‍ തീരുമാനിക്കുന്ന നഗരസഭക്കെതിരെ, ആ മാലിന്യങ്ങള്‍ എല്ലാം ശേഖരിച്ച് നഗരസഭാ കാര്യാലയത്തിന് മുന്നില്‍ കൊണ്ടിട്ട്,അധികാരികളോട് ഞാന്‍ ശക്തമായ് പ്രതികരിക്കുന്നുണ്ട്. അതും വെളുത്ത വീതി കസവ് മുണ്ടും, ലാല്‍ ബാഗ് ഉദ്യാനത്തിലേതിനെക്കാള്‍ പൂക്കളുള്ള ഷര്‍ട്ടുമിട്ട് വെറും സാധാരണക്കാരനായി. സാധരണക്കാരനാവാന്‍ വേണ്ടി ആ രംഗത്ത്‌ ഞാന്‍ സണ്‍ഗ്ലാസ് പോലും വെച്ചിട്ടില്ല , അറിയാമോ നിങ്ങള്‍ക്ക് ? പോരാഞ്ഞ്, ഇതേ രംഗത്തിന്റെ തുടര്‍ച്ചയായി അതുവഴി പോകുന്ന മന്ത്രിയെയും ഞാന്‍ പിടിച്ച് നിറുത്തി പല തരവഴിയും പറയുന്നുണ്ട് . ഇത്രയൊക്കെ പോരെ സാധാരണക്കാര്‍ക്ക്?

സിനിമയില്‍ ഞാന്‍ നിങ്ങള്‍ക്ക് ചെയ്യുന്ന സേവനം പോട്ടെ . ബ്ലോഗ് വഴി ജനാധിപത്യത്തിന്റെ താക്കോല്‍ ഞാന്‍ കഷ്ടപ്പെട്ട് കണ്ടു പിടിച്ച് നിങ്ങളുടെ കൈയ്യില്‍ തന്നില്ലേ? എന്‍റെ രണ്ടാമത്തെ പോസ്റ്റില്‍ നിങ്ങളോട് സമ്മതിദാനാവകാശം പാഴാക്കരുത് എന്ന് ഞാന്‍ പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഈ വരുന്ന തിരഞ്ഞെടുപ്പില്‍ ,കേരളത്തില്‍ ഒരൊറ്റ കുഞ്ഞ് വോട്ട് ചെയ്യുമോ? ഇല്ല . അതാണ്‌ ദാറ്റ്.

ഇതിനൊക്കെ എന്തെങ്കിലും വിലയുണ്ടോ ? ഉണ്ടെങ്കില്‍ ഇങ്ങിനെയുള്ള കമന്‍റുകള്‍ നിങ്ങള്‍ എന്‍റെ ബ്ലോഗില്‍ ഇടുമോ (ഇട്ടാലും അവ വെളിച്ചം കാണില്ല എന്നത് കാര്യം വേറെ) .

നന്ദി വേണമെടാ നന്ദി .

Friday, January 16, 2009

ചിത്രബുദ്ധന്റെ ആത്മദര്‍ശനങ്ങള്‍

ശ്രീ ബുദ്ധന്‍റെ തത്ത്വങ്ങള്‍ ആത്മാവില്‍ കരിന്തിരി കത്തുന്ന , ഗൗതമ ബുദ്ധന് ശേഷം വന്ന ഏക ഒര്‍ജിനല്‍ ബുദ്ധനും, ഡാവിഞ്ചിക്ക് ശേഷമുണ്ടായ ഒരേയൊരു വരപ്പിസ്റ്റുമായ ചിത്രബുദ്ധനെ ത്ഫൂലോകത്ത് കുറെ സവര്‍ണ്ണ മേധാവികള്‍ അപകീര്ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ചിത്രബുദ്ധന്റെ ശ്രദ്ധയില്‍ പെട്ടിരിക്കുന്നു .
വര്‍ഗ്ഗീയവാദികള്‍ (ചിത്രബുദ്ധനെ എതിര്‍ക്കുന്നവരെല്ലാം വര്‍ഗീയനും അതിലുപരി സവര്‍ണ്ണനുമാകുന്നു) ചിത്രബുദ്ധന്റെ ഭാഷ പലപ്പോഴും തെറിപ്പാട്ടായി മാറുന്നു എന്ന ആരോപണം നിരന്തരം ഉയര്‍ത്തുന്നുണ്ട്. ബുദ്ധനെ സദാ മനസ്സില്‍ കൊണ്ടു നടക്കുന്ന ,സ്വയമൊരു ബുദ്ധുവായ ചിത്രബുദ്ധന്‍റെ ഭാഷ അതിര് വിടുന്നുവെന്ന് പറഞ്ഞാല്‍ അതിന് മറുപടി ഒന്നേയുള്ളൂ "പെല നായിന്‍റെ മക്കളെ , പന്ന താ#$*&^കളെ, @@##$$$$%% (ഗ്രാഫിക്സ് ഒരു നാല് താളുകളിലായി നീളും) നിന്നെയൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ലടാ ചെറ്റകളെ. ചിത്രബുദ്ധന്റെ ചിന്തകള്‍ മനസിലാക്കാന്‍ നീയൊക്കെ ഇനിയും പല ജന്മങ്ങള്‍ ജനിക്കണം. അവ ചിത്രബുദ്ധന് തന്നെ നേരെചൊവ്വേ മനസിലായിട്ടില്ല .. പിന്നല്ലേ നാറികളെ നിനക്കൊക്കെ . മനുഷ്യരായ് ജീവിക്കാന്‍ നോക്കിനെടാ പന്ന @#$%^ കളെ .ബുദ്ധം ശരണം ഗച്ചാമി"
ഇനി നിങ്ങള്‍ തന്നെ പറയു,ചിത്രബുദ്ധന്റെ ഭാഷക്ക് വല്ല കുഴപ്പവുമുണ്ടോ ?

ഇത്തരം അപവാദങ്ങള്‍ ചിത്രബുദ്ധന്‍ * നിരീക്ഷിക്കുന്ന * സമൂഹത്തില്‍ ബ്രാഹ്മണ വിഷ പുകയായി പടരുന്നു എന്ന് ചിത്രബുദ്ധന്‍ മനസിലാക്കുന്നു. അതിനാലാണ് ചിത്രബുദ്ധന്റെ നയങ്ങള്‍ വ്യക്തമാക്കുവാനുള്ള ഈ 'വിഷ'ദീകരണക്കുറിപ്പ് .

ചിത്രബുദ്ധന്‍ മൊത്തം അബ്സ്ട്രാക്റ്റ് ആവുക സ്വാഭാവികം . കാരണം വെളിവുള്ളവനെ ഫോക്കസ്ഡ് ആവാന്‍ സാധിക്കു എന്ന് ചിത്രബുദ്ധനറിയാം.

നയങ്ങള്‍

1) ത്ഫൂലോകത്ത് സ്വവര്‍ഗ്ഗാനുരാഗികളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കുക എന്നതാണ്. ചിത്രബുദ്ധന്റെ ഉടനടിയുള്ള കാര്യപരിപാടി . പല തവണ ഹിന്ദു ദൈവമായ ആ പന്ന റാസ്ക്കല്‍ മഹാവിഷ്ണുവിനെ സ്വവര്‍ഗ്ഗാനുരാഗിയായി ചിത്രീകരിച്ച് ചിത്രബുദ്ധന്റെ ടേസ്റ്റ് വ്യക്തമാക്കാനും ,അതുവഴി സമാന പ്രവണതയുള്ളവരെ ആകര്‍ഷിക്കുവാനും ചിത്രബുദ്ധന്‍ ഇന്നോളം ഒളിഞ്ഞും , തെളിഞ്ഞും നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയമായിരുന്നു . അതിനാല്‍ പരസ്യമായ നയപ്രഖ്യാപനത്തോടെ ചിത്രബുദ്ധന്‍ മുന്നിട്ടിറങ്ങുകയാണ് .
ഈ സംഘടന രൂപീകൃതമായാല്‍ അടിയന്തരമായി ചിത്രബുദ്ധനെ ഗേ ഐക്കണായ് തിരഞ്ഞെടുക്കുകയും , സമസ്ത സ്ത്രീജനങ്ങളെയും ബ്ലോഗ് നിറുത്തിച്ച് അടുക്കളകളിലേക്ക് മടക്കി അയക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ് .ബ്ലോഗില്‍ നല്ല 'ഹോമോ' സാപ്പിയന്‍സ് കടന്ന് വരട്ടേ . ചിത്രബുദ്ധനും വേണ്ടേ വല്ലപ്പോഴും വിഷയ സുഖം .

2 ) രണ്ടാമതായ് ചിത്രബുദ്ധന്‍ ഒരു വരപ്പിസ്റ്റ് അക്കാദമി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നു . അക്കാദമിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ രണ്ടു മേഖലയിലാവും നടക്കുക . രാജാ രവി വര്‍മ്മ എന്ന ഫ്രോഡ് ചിത്രകാരന്‍റെ ലഭ്യമായ സകല ചിത്രങ്ങളും കണ്ടെത്തി നശിപ്പിച്ചശേഷം , ചീങ്കണ്ണി കൊടുംകാല് കുത്തി നിന്നു കത്തുന്ന തോട്ടയാല്‍ ബീഡി കത്തിക്കുന്ന രംഗം തുടങ്ങി ചിത്രബുദ്ധന്‍ വരച്ച മനോഹര ചിത്രങ്ങള്‍ അവയുടെ സ്ഥാനത്ത്‌ പ്രതിഷ്ഠിക്കുക എന്നതാവും അക്കാദമിയുടെ പ്രാഥമിക കര്‍ത്തവ്യം .
അക്കാദമിയുടെ മറ്റൊരു ജോലി ഹിന്ദു ദൈവങ്ങളുടെ പഴയ പ്രതിമകളും , ചിത്രങ്ങളും കണ്ടെത്തി അവയ്ക്ക് എത്ര കുച്ചങ്ങള്‍ ,കടിപ്രദേശം ,നിതംബം ഇവയുണ്ടെന്ന് കൃത്യമായ കണക്കുകള്‍ എടുത്ത്‌ അവ രേഘകളാക്കി സൂക്ഷിക്കുക എന്നതാണ് .ചിത്രബുദ്ധന് ആത്മസുഖത്തിന് , സമീപകാലത്തായി ഇന്റര്‍നെറ്റ് , വഴിയോര കൊച്ചു പുസ്തകങ്ങള്‍ എന്നിവ തീരെ മതിയാവാതെ വരുന്നു . പ്രസ്തുത ആവശ്യത്തിന് ഉപയോഗിക്കാനുള്ള ചരിത്ര രേഘകളാവുമിവ.

3 ) മൊത്തമപ്പന്‍, ചര്‍കോടന്‍ എന്നീ ചിത്രബുദ്ധന്റെ വിനീത ബ്ലോഗന്‍മാരെ പടനായകന്‍മാരാക്കി ചരിത്ര പരിഷ്കരണത്തിനായി ഒരു അക്കാദമി . അതാണ്‌ ചിത്രബുദ്ധന്റെ മറ്റൊരു നയം . കേരളം ഗംബ്ലീറ്റ് ഫുദ്ധ വിഹാരങ്ങളായിരുന്നു , ശ്രീലങ്ക, ഉട്ടോപ്പിയ , മന്ഗോളിയ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഇവിടേയ്ക്ക് കുടിയേറിയ കുരങ്ങന്മാരുടെ പിന്‍ഗാമികളാണ് പില്‍ക്കാലത്ത് സവര്‍ണ്ണരായ് പരിണാമം പ്രാപിച്ചത് ---ഇങ്ങനെയുള്ള ഞെട്ടിക്കുന്ന സത്യങ്ങള്‍ , ചരിത്ര രേഘകളാക്കി മറ്റു ചരിത്രമെല്ലാം കുഴിച്ച് മൂടുക . ചിത്രകാരനും, മൊത്തമപ്പനും, ചര്‍കോടനും സര്‍ക്കാരിനെക്കൊണ്ട് പ്രത്യേക സംവരണം അനുവദിപ്പിക്കുക. ഗംപ്ളീറ്റ് ബ്രാഹ്മണ ,നായര്‍ നായിന്റെ മക്കളെയും ഗ്യാസ് ചേംബറില്‍ കയറ്റി കൊല്ലുക. അങ്ങിനെ കേരളത്തിനെ ഒരു ലോക ശക്തിയായ് വളര്‍ത്തി കൈകൊട്ടി ചിരിക്കുക (ചെവിയില്‍ പൂവ് അള്‍റെഡി ദേര്‍ ) . ഇത്രയോക്കെയായിരിക്കും ഈ മൂന്നാം അക്കാദമിയുടെ ചുരുക്കം കാര്യ പരിപാടികള്‍ .

തത്കാലം ഇത്രമാത്രം. ചിത്രബുദ്ധന്റെ വീടിനടുത്ത് ഒഴിഞ്ഞ് കിടന്നിരുന്ന വീട്ടില്‍ പുതിയ വാടകക്കാരന്‍ വന്നു . വീട്ടുടമയില്‍ സമ്മര്‍ദ്ദം ചെലുത്തി അവിടേക്ക് ഒരു അവര്‍ണ്ണനെ കൊണ്ടുവരാന്‍ ചിത്രബുദ്ധന്‍ ആവുന്നതും ശ്രമിച്ചതാണ് . നടന്നില്ല . എന്നിട്ടിപ്പോ വന്നതോ ഒരു വേലായുധന്‍ നായര്‍ . വിടുമോ ചിത്രബുദ്ധന്‍. ചെന്നവനെ തെറിയഭിഷേകം ചെയ്ത് വരവേല്‍ക്കട്ടെ. നായര്‍ തെണ്ടിക്ക് വല്യ ആരോഗ്യമൊന്നും ഇല്ലെങ്കില്‍ വീണ്ടും കാണാം .
ബുദ്ധം ശരണം ഗച്ചാമി .

* സമൂഹത്തെ ചിത്രബുദ്ധന്‍ നിരീക്ഷിക്കുന്നതിന്റെ ഫോട്ടോ ചിത്രബുദ്ധന്റെ ബ്ലോഗില്‍ 'ചിത്രബുദ്ധനും കൃഷ്ണനും' എന്ന തലക്കെട്ടില്‍ കൊടുത്തിട്ടുണ്ട് . മരക്കുറ്റിയില്‍ മരപ്പട്ടി അള്ളിപ്പിടിച്ചിരിക്കുന്ന മനോഹര ദൃശ്യം നേരിട്ട് കണ്ടിട്ടില്ലാത്ത ഹതഭാഗ്യര്‍ അവിടെ ചെന്നത് കാണുക *

അര്‍ജ്ജുന്‍ അലിയാസ് എ കെ റീലോഡെഡ്

ഫ്രണ്ട്സ് , ബ്ലോഗന്‍സ്‌ ആന്‍ഡ് ബ്ലോഗിതാസ്,
കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പ്രതിഭയില്ലത്തവനാണെന്ന സത്യം ചിലര്‍ കമന്‍റായി വിളിച്ച് പറഞ്ഞിരുന്നു .പ്രതിഭ എന്നെ തിരിഞ്ഞ് നോക്കാത്തതിന് (ലവളെ ഞാന്‍ എടുത്തോളാം) ഞാന്‍ എന്ത് ചെയ്യാന്‍? . മാത്രമല്ല ദാ ഇപ്പോള്‍ എന്‍റെ കലാപരമായ പടപ്പുകള്‍ പലതും മലയാള സിനിമാ രംഗത്തെ പ്രമുഖര്‍ അടിച്ചോണ്ട് പോകുന്നു . ഏറ്റവും പുതിയതായി ഞാന്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങളുടെ നീണ്ട തപസ്സിനോടുവില്‍ എഴുതി വീട്ടിലെ ഷെല്‍ഫില്‍ വെച്ചിരുന്ന ഒരു കഥ താരതമ്യേന പുതു മുഖമായ ഒരു സംവിധായകന്‍ അടിച്ച് മാറ്റി മലയാളത്തിലെ ഒരു സൊ കാള്‍ഡ് സൂപ്പര്‍ സ്റ്റാറിനെ നായകനാക്കി സിനിമയാക്കുന്നു . സംഭവം പലയിടത്തും നിങ്ങള്‍ വായിച്ചു കാണും. പക്ഷെ എന്‍റെ സൃഷ്ടിയുടെ വൈഭവം തെളിയിക്കാന്‍ ആ ചിത്രത്തിന്‍റെ ശരിക്കുള്ള കഥാതന്തു ഇവിടെ കൊടുക്കുന്നു . ( വായിച്ചിട്ട് എന്‍റെ തന്തക്ക് വിളിക്കരുത്. ആദ്യമേ പറഞ്ഞേക്കാം ) .

ഇത് വായിച്ചാല്‍ പ്രതിഭ ഈ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും എന്നെ തേടി ഓടിയെത്തും എന്നാണ് എന്‍റെ വിശ്വാസം. ഇനി അവള്‍ വന്നിലെങ്കില്‍ നിങ്ങള്‍ എനിക്ക് വേണ്ടി ഒന്നു ശുപാര്‍ശ ചെയ്യണം.പ്ലീസ് !!!


അര്‍ജ്ജുന്‍ അലിയാസ് എ കെ റീലോഡെഡ് .

കഥയുടെ തുടക്കം ഇരുപത്തിയന്ച്ച് വര്‍ഷങ്ങള്‍ മുന്‍പാണ്. മാന്യമായി സ്വര്‍ണ്ണ ബിസ്കറ്റുകളുടെ കള്ളക്കടത്ത് നടത്തി കേരളത്തില്‍ ജീവിച്ച് പോന്ന അര്‍ജ്ജുന്‍ അലിയാസ് എ കെയെ പങ്കാളിയായ മുഖ്യമന്ത്രിയുടെ മകന്‍ ചതിക്കുന്നു. അവര്‍ തമ്മിലുള്ള പോരാട്ടത്തില്‍ എ കെയുടെ കുടുമ്പം മുഴുവന്‍ കൊല്ലപ്പെടുന്നു. പ്രതികാര ദാഹിയായ എ കെ മുഖ്യമന്ത്രിയുടെ മകനെ കാച്ചുന്നു .ഇനി ഇരുപത്തിയന്ച്ച് വര്‍ഷങ്ങള്‍ക്കു ശേഷം ദുബായ്

അര്‍ജ്ജുന്‍ അലിയാസ് എ കെ ഇന്നു ലോകത്ത് നിലയും വിലയും ഉള്ള ഒരു ഡോണാണ്. വയസ്സ് മുപ്പത്തിയഞ്ച് , അവിവാഹിതന്‍ . വായനക്കാരുടെ സംശയം മനസിലാക്കുന്നു . ഇപ്പോള്‍ വയസ്സ് മുപ്പത്തിയഞ്ച് എങ്കില്‍ ഇരുപത്തിയന്ച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മുഖ്യമന്ത്രിയുടെ മകനെ കൊല്ലുമ്പോള്‍ എ കെക്ക് പത്ത് വയസായിരുന്നോ എന്നല്ലേ? കഥ എഴുതുമ്പോള്‍ രചിതാവായ എ കെ , സൂപ്പര്‍ സ്റ്റാര്‍ എ കെയോട് ഇതേ ചോദ്യം ചോദിച്ചതാണ്. പക്ഷേ അമ്പത്തിരണ്ടുകാരനും , രണ്ടു കുട്ടികളുടെ പിതാവുമായ തന്നെ ,വെള്ളിത്തിരയില്‍ മുപ്പത്തിയഞ്ച്കാരനും, അവിവാഹിതനും, പറ്റുമെങ്കില്‍ തൊഴില്‍രഹിതനുമായി കണ്ടില്ലെങ്കില്‍ ആരാധക ബില്യണ്‍സ് സഹിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ലോജിക്ക് കൊണ്ടു കടലില്‍ കളയാനും അദ്ദേഹം കഥാകാരനെ ചട്ടം കെട്ടി .

കഥയിലേക്ക് മടങ്ങാം .എ കെ കള്ളക്കടത്തിന്റെ ഔട്ട് സോര്‍സ്സിങ്ങ് സാധ്യതകളെക്കുറിച്ച് ബാരക്ക് ഒബാമയുമായുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കയിലേക്ക് പോയിരിക്കുകയാണെന്ന് കാണികള്‍ക്ക് ദുബായിലെ എ കെ യുടെ ആസ്ഥാനമായ എ കെ ടവറില്‍ ( ബുര്‍ജ് ദുബായ് ആണ് ലൊക്കേഷന്‍ ) വട്ടം കൂടിയിരുന്നു ചായയും വാഴക്ക ബജിയും കഴിക്കുന്ന ചിലരുടെ സംഭാഷണത്തില്‍ നിന്നും മനസിലാകുന്നു. ഇവര്‍ എ കെയുടെ അനുയായികളാണ് .
രംഗത്തേക്ക് ചുമ്മാ കടന്ന് വരുന്ന എ കെ ടവറിനു എതിരെ ചായക്കട നടത്തുന്ന സുന്ദരിയെ ( മിക്കവാറും ഐശ്വര്യാ റായ് ഗസ്റ്റ് ) എ കെയുടെ അനുയായികള്‍ അവള്‍ക്ക് എ കെയോടുള്ള ഏകപക്ഷീയ പ്രണയത്തെക്കുറിച്ച് പറഞ്ഞ് കളിയാക്കുന്നു. മറുപടിയായി സുന്ദരി എ കെയെപ്പോലെ നനഞ്ഞ സിമെന്റ്റ് ചുവരിലെറിഞ്ഞ മട്ടിലെ മുഖവും, സിന്‍റ്റെക്സ് വാട്ടര്‍ ടാങ്കിന്റെ ശരീരവുമുള്ള ഒരു സുന്ദരനെ ആരാണ് പ്രണയിച്ച് പോകാത്തത് എന്ന് ചോദിക്കുന്നു. ഉടന്‍ അനുയായികള്‍ ആര്‍പ്പുവിളികളോടെ സുന്ദരിയെ എ കെയുടെ സിംഹതുല്യ പൌരുഷം മറന്ന് പോകരുത് എന്ന് ഓര്‍മ്മിപ്പിക്കുന്നു

ഇത്രയുമാകുമ്പോള്‍ കാണികള്‍ക്ക് എ കെയെ സ്ക്രീനില്‍ കാണുവാനുള്ള ആശ വന്നു നീരിറങ്ങും . അപ്പോള്‍ മറ്റൊരു കഥാപാത്രം കടന്ന് വന്ന് ദുബായ് ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് അല്‍ മക്തുമിന്റെ ഇളയ പുത്രന്‍, പാവപ്പെട്ട പെണ്‍കുട്ടികളുടെ ഉന്നമനം മാത്രം ലക്ഷ്യമിട്ട് എ കെ നടത്തുന്ന ഡാന്‍സ് ബാറില്‍ കയറി പെണ്‍കുട്ടികള്‍ മിനിസ്കേര്‍ട്ട് എങ്കിലും ധരിച്ചു നൃത്തം ചെയ്യണം എന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുന്ന വിവരം പറയുന്നു.
അമ്പതോളം പെണ്‍കുട്ടികള്‍ മാന്യമായി ,പര്‍ദ്ദ ധരിച്ചു നൃത്തം ചെയ്യുന്ന എ കെ യുടെ ഡാന്‍സ് ബാറില്‍ കയറി ബഹളംവെച്ചവനെ ബാക്കി വെയ്ക്കില്ല എന്ന് പ്രഖ്യാപിച്ച് എ കെയുടെ അനുയായികള്‍ കുതിക്കുന്നു . ബാറില്‍ ഷെയ്ക്ക് പുത്രന്റെ ഗുണ്ടകള്‍ അവരെ തല്ലി വീഴ്ത്തി അമ്പത്‌ പെണ്‍കുട്ടികളെയും ( ഈ റോളുകളിലേക്കായി പതിനാറിനും പതിനെട്ടിനും ഇടയ്ക്ക് പ്രായമുള്ള തുടുത്ത പുതുമുഖങ്ങളെ സൂപ്പര്‍സ്റ്റാര്‍ എ കെ നേരിട്ട് വിശദമായി അഭിമുഖം ചെയ്യുന്നതായിരിക്കും ) ബലമായി പിടിച്ച് കൊണ്ടു പോകുന്നു . വാതില്‍ കടന്ന് മറയുന്ന ഷെയ്ക്കിനോട് അടികൊണ്ട് വീണ എ കെയുടെ ഒരു അനുയായി ഈ അക്രമം തടുക്കാന്‍ ഒരു അവതാരം വാനില്‍ നിന്നുമിറങ്ങി വരുമെടാ എന്ന് വിളിച്ചു പറയുമ്പോള്‍ പാന്‍ ഷോട്ട് .


ആകാശത്തില്‍ നിന്നും ഇറങ്ങുന്ന ഒരു സ്വകാര്യ ജെറ്റ് . നില്‍ക്കുന്ന ജെറ്റിന്റെ കോണികള്‍ ഇറങ്ങുന്ന എ കെ . കറുത്ത അര്‍മാനി സ്യൂട്ട് പാന്റ്സ് , കറുത്ത സില്‍ക്ക് ഷര്‍ട്ട്‌ ,കറുത്ത കണ്ണാടി, കണങ്കാലൊപ്പം നീണ്ട പേറ്റന്റ് ലെതര്‍ കോട്ട് ,കറുത്ത ബൂട്ട്. ദുബായില്‍ താപനില അമ്പത്തിയൊന്ന് ഡിഗ്രീ .

ഷെയിക്കിന്‍റെ മോന്‍ പെണ്കുട്ടികളുമായി അബുദാബി എമിറേറ്റ്സ് പാലസ്സ് ഹോട്ടലില്‍ ഉണ്ടെന്ന് കാത്തു നില്‍ക്കുന്ന അനുയായികള്‍ എ കെയെ അറിയിക്കുന്നു .അവിടേക്ക് പോകാന്‍ ഹെലികോപ്റ്റര്‍ തയ്യാറാണെന്നും, കൂടാതെ അഞ്ഞൂറോളം സംഘാംഗങ്ങള്‍ അത്യന്താധുനിക ആയുധങ്ങളുമായ് ഒരുങ്ങി നില്‍ക്കുകയാണെന്നും അവര്‍ എ കെയോട് പറയുന്നു. ഹെലികോപ്റ്റര്‍ വേണ്ടെന്നു വെച്ച് എ കെ ഒരു ചുവന്ന ഫെറാറിയില്‍ കയറുന്നു . അനുയായികളോട് അഞ്ഞൂറ് പേരെയും മടക്കി വിളിച്ച് വീട്ടില്‍ പോയി ഒരു പുതിയ കുപ്പി സെയിന്‍റ് ക്രൂസെയ്ഡര്‍ പൊട്ടിക്കാന്‍ പറയുന്നു. മൂന്നാമത്തെ പെഗ്ഗില്‍ ഐസ് ക്യൂബ് വീഴും മുന്‍പ് പെണ്‍കുട്ടികളുമായി താന്‍ മടങ്ങിയെത്തുമെന്ന് അവര്‍ക്ക് ഉറപ്പു നല്‍കുന്ന എ കെ മിന്നല്‍ വേഗത്തില്‍ എമിറേറ്റ്സ് പാലസ് ലക്ഷ്യമാക്കി പായുന്നു.

ഹോട്ടലില്‍ ഷെയിക്ക് പുത്രന്‍റെ അനുയായികള്‍ കുതിച്ചെത്തുന്ന ഫെറാറിയെ തടയാന്‍ ശ്രമിക്കുന്നു , പരാജയപ്പെടുന്നു. പാര്‍ക്കിംഗ് ലോട്ടില്‍ കൃത്യമായി വണ്ടി കൊണ്ടു നിറുത്തി പുറത്തേക്ക് ഇറങ്ങുന്ന എ കെയെ അവര്‍ വളയുന്നു .
"എവിടെടാ ആ പന്ന @#$%^&&* ഷെയിക്കിന്റെ മോന്‍ ?" എ കെ ഗര്‍ജ്ജിക്കുന്നു . വളഞ്ഞ് നിന്ന ഗുണ്ടകള്‍ വഴിമാറി ഷെയിക്ക് പുത്രന്‍റെ റൂം നമ്പര്‍ കൃത്യമായി പറഞ്ഞ് കൊടുക്കുന്നു .സ്ലോമോഷനില്‍ മുന്നോട്ട് നടക്കുന്ന എ കെ . ഇയാള്‍ ഇങ്ങിനെ നടന്നാല്‍ , അവിടെയെത്തുമ്പോഴേക്കും അമ്പതിനെയും ഷെയിക്ക് സന്തതി വെടക്കാക്കിയിട്ടുണ്ടാകും എന്ന മുഖഭാവത്തില്‍ നില്‍ക്കുന്ന ഗുണ്ടകള്‍ .

ഷെയിക്ക് പുത്രന്‍റെ പെന്റ് ഹൌസ് സ്യൂട്ടിന്റെ വാതില്‍ ചവിട്ടി തുറന്നു എ കെ അകത്ത് പ്രവേശിക്കുന്നു. തടയാന്‍ ശ്രമിക്കുന്ന നാലഞ്ച് ഗുണ്ടകളെ അടിച്ചു വീഴ്ത്തുന്നു . പെണ്‍കുട്ടികള്‍ ഓടി വന്ന് മനസു പോലെ തന്നെ വിശാലമായ എ കെ യുടെ ശരീരത്തിന് പിന്നില്‍ ഒളിക്കുന്നു. ഷെയിക്കിന്റെ മകനെ അഭിമുഖീകരിക്കുന്ന എ കെ .


ശുദ്ധ മലയാളത്തില്‍ ആറ് പേജ് നീളുന്ന തീപ്പൊരി സംഭാഷണത്തിലൂടെ എ കെ നിന്ന് കത്തുന്നു . ഡയലോഗ് കേട്ട് ആരാധകരും , പെണ്‍കുട്ടികളും,ഹോട്ടല്‍ ജീവനക്കാരും എന്തിന് ഷെയിക്കിന്‍റെ മോനും, ഗുണ്ടകളും വരെ കൈയടിക്കുന്നു .
പെണ്‍കുട്ടികളുമായി മടങ്ങുന്ന എ കെ .


അവിടുന്നങ്ങോട്ട് ഷെയിക്കിന്റെ മകന്‍ എ കെയെ തറ പറ്റിക്കാന്‍ , ദാവൂദ് ഇബ്രാഹിം , ഒസാമ ബിന്‍ലാദന്‍ , മുല്ല ഒമര്‍ ,മാഫിയ ശശി ,കനല്‍ കണ്ണന്‍ , ജഗ്വാര്‍ തങ്കം, പീറ്റര്‍ ഹെയിന്‍സ് തുടങ്ങി പലരെയും ഇറക്കുന്നു . ഓരോ പതിനഞ്ച് മിനിട്ടിലുമോരോ വില്ലന്മാര്‍ രംഗപ്രവേശം ചെയ്യുന്നു. അവരെ എ കെ അടിച്ചും, ഇടിച്ചും, ഡയലോഗ് പറഞ്ഞ് പേടിപ്പിച്ചും, കോലുമുട്ടായി വാങ്ങിക്കൊടുത്തും ഓടിക്കുന്നു. അപ്പോള്‍ അടുത്തവന്‍ വരുന്നു.

ഇതിനിടക്ക്‌ ദീപിക പദുക്കോണ്‍ വക ടു പീസ് സ്വിം സ്യൂട്ടില്‍ ഒരു ഐറ്റം സോന്ഗ് ഉണ്ടാകും.പാട്ടില്‍ എ കെ നീന്തല്‍ കുളത്തിന്‍റെ കരയില്‍ ടക്സ്യുഡോ ധരിച്ചാവും എത്തുക . നീന്തുന്നതും അങ്ങിനെ തന്നെ . ഖാന്മാര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സിക്സ് , എയിറ്റ് പാക്കുകള്‍ തുറന്നു കാട്ടിയേക്കാം .പക്ഷേ എ കെക്ക് ട്വന്റി പാക്കാണുള്ളത്. വളരെ നാളത്തെ പ്രയത്ന ഫലമായിട്ടാണ് ശരീരത്തില്‍ അവിടിവിടെ തൂങ്ങുന്ന ചതകളുടെ ട്വന്റി പാക്ക് അദ്ദേഹം നേടിയെടുത്തത്. അത് അങ്ങിനെയിങ്ങനെയൊന്നും അദ്ദേഹം പുറത്തു കാട്ടുമെന്ന് ഒരുത്തനും കരുതെണ്ടാ.

ചിത്രത്തില്‍ എ കെയെക്കുറിച്ച് എക്സ്പോസ്സിംഗ് ഫീച്ചര്‍ എഴുതാന്‍ വേണ്ടി അദ്ദേഹത്തെ പരിചയപ്പെട്ട് ഒടുവില്‍ അദ്ദേഹത്തിന്‌ പ്രേമലേഘനങ്ങള്‍ എഴുതുന്ന പതിനെട്ടുകാരി ജേര്‍ണലിസ്റ്റായ് പഴയ ബാല താരം ബേബി ശ്യാമിലി അഭിനയിക്കും . (പതിനെട്ടുകാരി ജേര്‍ണലിസ്റ്റ് ??? ഞാന്‍ നേരത്തെ പറഞ്ഞു , ഇതില്‍ നായകന്‍ എ കെയാണ് )

ഒടുവില്‍ വൈറ്റ് ഹൌസില്‍ നടക്കുന്ന ഒരു ചടങ്ങില്‍ കടന്നു കയറി , അതില്‍ പങ്കെടുക്കുന്ന ഷെയിക്ക് പുത്രനെ ബരാക് ഒബാമ എറിഞ്ഞ് കൊടുക്കുന്ന തോക്ക് കൊണ്ട് എ കെ വെടിവെച്ച് കൊല്ലുന്നിടത്ത് ചിത്രം ശുഭം.
പറയാന്‍ മറന്നു . ഒബാമയും എ കെയും ചേലക്കര എല്‍ പീ സ്കൂളില്‍ ഒന്നിച്ച് പഠിച്ചവരാണ്. ആ സമയത്ത് ഒബാമ വിശപ്പടക്കിയിരുന്നത് എ കെ കൊണ്ടുവരുന്ന ഇന്‍ഡോ അന്ഗ്ലിയന്‍ ലഞ്ച് കഴിച്ചായിരുന്നു.

ഇതെന്ത് സിനിമ , ഇതെന്ത് കഥ എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരോട് : ഇതൊന്നും ഇപ്പൊ മാത്രം തോന്നിയിട്ട് ഒരു കാര്യവുമില്ല . കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പുറത്തിറങ്ങുന്ന ഭൂരിപക്ഷം മലയാളം സിനിമകള്‍ കണ്ട് കൈ അടിക്കുമ്പോള്‍ ഇതൊക്കെ ഓര്‍ക്കണമായിരുന്നു . ഇനി ഇറങ്ങുന്ന സമ നിലവാര ചിത്രങ്ങള്‍ കാണും മുന്‍പും ഇത് തോന്നണം .

ഇനി പ്രതിഭയോട് : ഇതു വായിച്ചിട്ടും നീ എന്നെ തിരിഞ്ഞ് നോക്കിയില്ലെങ്കില്‍ സത്യമായും നിന്‍റെ മോര്‍ഫ് ചെയ്‌ത നഗ്നചിത്രങ്ങള്‍ ഞാന്‍ നെറ്റിലിടും. അല്ല പിന്നെ ...നീ വരുമോ എന്ന് ഞാനൊന്ന് നോക്കട്ടെ.

Wednesday, January 14, 2009

മലയാളം ബ്ലോഗ് ഫോര്‍ ഡമ്മീസ്

നിയമപരമായ മുന്നറിയിപ്പ്: മലയാളത്തില്‍ ബ്ലോഗ് എഴുതുന്ന , സ്വന്തം ബ്ലോഗില്‍ ഹിറ്റും കമന്‍റും കിട്ടിയില്ലെങ്കില്‍ വിഷാദ രോഗം പിടിപെടുന്നവര്‍ മാത്രം തുടര്‍ന്ന് വായിക്കുക . ബാക്കിയുള്ളവന്മാര്‍ പോയി പ്രയോജനമുള്ള വല്ല പണിയും ചെയ്യുക .

നിങ്ങളുടെ ബ്ലോഗില്‍ ഹിറ്റും ,കമന്‍റുകളും കൊണ്ടു തുലാഭാരം( അവനവന്റെ മതമനുസരിച്ച് തുലാഭാരം എന്നത് മെഴുകുതിരി കത്തിക്കല്‍ , സക്കാത്ത് എന്നൊക്കെ വായിച്ചോ . ഇനി അതേപ്പിടിച്ച് തൂങ്ങരുത് .) നടക്കുവാന്‍ എട്ട് വഴികള്‍ താഴെപ്പറയുന്നു .

എല്ലാം ഒന്നിന് പിറകെ ഒന്നായി ചെയ്യേണ്ടവയാണ് . അല്‍പ്പം മിനക്കേടുണ്ട്. വേണമെങ്കില്‍ മതി

1) ബ്ലോഗ് തുടങ്ങുമ്പോള്‍ തന്നെ മലയാളിയുടെ ബലഹീനതയില്‍ പിടിച്ച് തുടങ്ങുക . എന്തും അശ്ലീലത്തില്‍ പൊതിഞ്ഞ് കൊടുക്കുക . ഉദാഹരണത്തിന്‌ 'ഗാസ ആക്രമണം' ആണ് പോസ്റ്റെങ്കില്‍ ഇസ്രായേല്‍ പ്രധാന മന്ത്രിയും കോണ്‍ഡോലിസാ റിസ്സും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ കഥയിലൂടെ വേണം വിഷയം അവതരിപ്പിക്കാന്‍ . അശ്ലീലം വിഷയത്തിലേ പാടുള്ളു , ഭാഷയില്‍ പാടില്ലാ. അതായത് ദ്വയാര്‍ത്ഥം കൂടുതല്‍ വേണം . ഭാഷ പരിധി വിടാതെ വായനക്കാരേ എങ്ങിനെ ഇക്കിളിപ്പെടുത്താം എന്നറിയാന്‍ കേരളത്തില്‍ 'ഏറ്റവും പ്രചാരമുള്ള' ഏതെങ്കിലും പത്രം തുടര്‍ച്ചയായി വായിച്ചാല്‍ മതി .

2) ഇനി ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം സ്ത്രീകളെക്കുറിച്ച് കഥകള്‍ എഴുതുക .ഉദാഹരണത്തിന് എയര്‍ഹോസ്റ്റെസ് , അമേരിക്കന്‍ അമ്മായിമാര്‍ ,പട്ടാളക്കാരന്റെ ഭാര്യ അങ്ങിനെ ,അങ്ങിനെ ,അങ്ങിനെ ...
കഥ എന്ത് കുന്തമോ ആകട്ടെ.ഒറ്റ നോട്ടത്തില്‍ അത് കഥ പോലിരിക്കണം. എന്നാല്‍ കഥയിലെ ഈ പ്രത്യേക വിഭാഗത്തെ മുഴുവന്‍ നിങ്ങള്‍ വഴിപിഴച്ചവരായി മുദ്ര കുത്തുന്നു എന്ന് കെട്ടിയോനെ മടുത്ത്, ജീവിതം വെറുത്ത് നടക്കുന്ന ഫെമിനിസ്റ്റ് അമ്മായിമാര്‍ക്ക്‌ അത് വായിക്കുമ്പോള്‍ തോന്നുകയും വേണം. ആവിധമാകണം എഴുത്ത് . അതോടെ നിങ്ങളുടെ ബ്ലോഗ് ഒരു അങ്കതട്ടാകും . ഫെമിനിസ്റ്റുകളും , എതിര്‍ ചേരിയും തമ്മില്‍ തല്ലുന്നതിനിടയിലും നിങ്ങള്‍ "ഇതു വെറും കഥ" എന്ന് ആവര്‍ത്തിച്ച് പറയണം .

3) പിന്നെ മറുപടി കമന്റ്റുകളില്‍ (പറ്റുമെങ്കില്‍ പ്രൊഫയലിലും ) നിങ്ങള്‍ ഒരു ശുദ്ധ ആഭാസന്‍ ആണെന്ന് ലോകത്തോട്‌ സധൈര്യം വിളിച്ച് പറയണം.പോസ്റ്റുകളും നേരത്തെ പറഞ്ഞ ഭാഷാപരിധി ലംഘിക്കാതെ അത്തരത്തിലുള്ളവയാകണം അതോടെ അഗ്രിഗേറ്റെര്‍ 'മൊയലാളി'മാര്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പുമായി എത്തും. അവന്മാരോട് "പോയി തൂങ്ങി ചാകിനെടാ ശുനക് സണ്‍സ്സേ. ഞാന്‍ എനിക്കിഷ്ടമുള്ളത് എഴുതും" എന്ന് മാന്യമായി മറുപടി പറയുക .ഉടനടി (അവന്മാര്‍ ബാന്‍ ചെയ്യും മുന്നേ) ആഗ്രഗേറ്റെര്‍ വ്യവസ്ഥയില്‍ നിന്നും പിന്‍മാറി നിങ്ങള്‍ "സ്വന്തന്ത്ര 'ബ്ലോഗന്‍' ആകാന്‍ പോണേ" എന്ന് ഒരു പോസ്റ്റിടുക . അതോടെ നിങ്ങള്‍ ബ്ലോഗ് വായനക്കാര്‍ക്കിടയില്‍ സാമാന്യം ഡിമാണ്ടുള്ള ഒരു റിബലായി ഉയരും .കുറെ സ്ഥിരം വായനക്കാരേ ഒപ്പിക്കുകയും ചെയ്യാം.അവിടം കൊണ്ടു നിറുത്തരുത് . ഇനിയാണ് ശരിക്കുള്ള കളി...

4) ബ്ലോഗില്‍ അവന്മാരുടെ സ്ഥിരം രസീത് കുറ്റിയുമായി അക്കാദമി , കൂട്ടായ്മ എന്നെല്ലാം പറഞ്ഞു നടക്കുന്നവന്മാര്‍ ധാരാളം കാണും(മലയാളി അല്ലേ? അവന് സംഘടന ഇല്ലെങ്കില്‍ ആദ്യരാത്രി പോലും മര്യാദക്ക് നടക്കില്ലാ ) . അവന്‍മാരുടെ കൂട്ടത്തില്‍ , അപകര്‍ഷതാ ബോധത്തിന്റെ ചുമട് ബ്ലോഗില്‍ ഇറക്കാന്‍ മാര്‍ഗ്ഗം തേടുന്ന പരിഷകളെ തിരഞ്ഞ് പിടിച്ച് കളിയാക്കുക . പാരഡി ,കോമഡി എന്നിവയാല്‍ ഫെമിനിസ്റ്റ് അമ്മായിമാരേയും വധിക്കുക . (ഇതൊരു സാമൂഹ്യ സേവനം കൂടെയാണ് .നിങ്ങള്‍ക്ക് ബ്ലോഗില്‍ ഹിറ്റും,കമന്റ്റിനും ഒപ്പം പുണ്യവും കിട്ടും) . ബ്ലോഗില്‍ ഹിറ്റുകളും ,കമന്‍റുകളും വാനോളമുയരും. പക്ഷേ തൃപ്തരാകരുത് .

5 ) ചട പടാ എട്ട് ,പത്ത് പോസ്റ്റുകള്‍ ഇടുക. അതിന് ശേഷം നിങ്ങളുടെ പോസ്റ്റുകളില്‍ സര്‍ക്കാരിനെയോ , പൊതു സംവിധാനത്തെയോ വിമര്‍ശിച്ചു കൊണ്ട് നര്‍മ്മ പ്രധാനമായ ( എന്ന് നിങ്ങള്‍ക്ക് മാത്രം തോന്നിയാല്‍ മതി. ബാക്കിയുള്ള കഴുതകള്‍ക്ക് അത് നര്‍മ്മമാണ് എന്ന് താനേ തോന്നിക്കുവാനുള്ള വഴികളാണ് പുറകെ പറയുന്നത്) ഒരു പോസ്റ്റെടുത്ത് ഇ മെയില്‍ ഫോര്‍വേഡ് ആയി ( പറഞ്ഞില്ലെങ്കില്‍ മണ്ടന്‍ മലയാളി സ്വന്തം മെയില്‍ ഐ ഡി യില്‍ തന്നെ അയക്കും എന്നറിയാം . അതുകൊണ്ട് പറയുന്നു വ്യാജ ഐ ഡി വഴി ) ഓര്‍ക്കുട്ടില്‍ നിന്നും മറ്റും സംഘടിപ്പിച്ച മറ്റു മലയാളം ബ്ലോഗ് എഴുതുന്ന തെണ്ടികളുടെ മെയില്‍ ബോക്സ്സിലേക്ക് അയക്കുക . അയക്കുന്ന ഫോര്‍വേ‍ഡില്‍ നിങ്ങളുടെ ബ്ലോഗിന്റെയോ ,നിങ്ങളുടെയോ പേര് വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.അയച്ച് കഴിഞ്ഞാല്‍ ഉടനെ "എന്‍റെ ക്ലാസ്സിക് രചനകള്‍ നിഷ്ഠൂരന്മാര്‍ അടിച്ചു മാറ്റുന്നെ. കരിവരം ആചരിക്കോ!!! " എന്ന് കൂവരുത് . ദാറ്റ്സ്സ് ഓള്‍ഡ് ട്രിക്സ് ഫോര്‍ ഓള്‍ഡ് സാഗ്സ്സ് ,മൈ ബോയ്സ് (ഗേള്‍സ്!!!). ഇത് കളി വേറെ .കുറച്ചധികം ഫോര്‍വേഡുകള്‍ ഇങ്ങിനെ തുടര്‍ച്ചയായി ചെയ്തു കഴിയും വരെ അനങ്ങരുത്. നിങ്ങളുടെ എട്ട് പത്തു രചനകള്‍ ഇങ്ങിനെ മെയിലുകള്‍ വഴി അനാഥ പ്രേതം പോലെ സൈബര്‍ നഭസ്സില്‍ കറങ്ങി തുടങ്ങുമ്പോള്‍ പതിയെ നിങ്ങളുടെ തന്നെ മറ്റൊരു രഹസ്യ ഐ ഡിയില്‍ നിന്നോ , അനോണിമസ് ആയോ,സാധിക്കുമെങ്കില്‍ പരിചയത്തിലുള്ള മറ്റൊരു ബ്ലോഗര്‍ തെണ്ടിയെക്കൊണ്ടോ (ഇതാണ് ബെസ്റ്റ് . ഈ മെയിലുകള്‍ക്ക് പിന്നില്‍ നിങ്ങളാണെന്ന് അവന്‍/ അവള്‍ അറിയരുത്) നിങ്ങളുടെ ബ്ലോഗില്‍ ഈ ഇ മെയില്‍ മോഷണം കമന്‍റ് രൂപത്തില്‍ വരുത്തിക്കുക .ആ കമന്റിനു മറുപടി നല്കുന്നത് "ഓ ...എന്നാ ചെയ്യാനാ? ഈ പ്രതിഭ ഉണ്ടായി (ഉണ്ടയായി അല്ല ) പോയാലത്തെ ഓരോ പ്രോബ്ലംസ് " എന്നോ " അവന്മാര്‍ എന്തേലും ചെയ്യട്ടെ .ഞാന്‍ എഴുതുന്നത് എഴുത്തിനോടുള്ള സ്പിരിറ്റിന്റെ പുറത്താ" ( ശരിക്കുള്ള മണിച്ചന്‍ സ്പിരിറ്റിന്റെ പുറത്താണ് ഓരോന്ന് എഴുതുന്നതെങ്കില്‍ അത് മിണ്ടി പോകരുത് ) എന്നോ ആയിരിക്കണം .

6) വീണ്ടു ഈ ഫോര്‍വേഡ് കളി ഇടക്കിടെ തുടരുക . മലയാളിയുടെ ഒരു മനഃശാസ്ത്രം വെച്ച് പറയുകയാണെങ്കില്‍ ഒരു പതിനഞ്ചാം മെയില്‍ കഴിയുമ്പോള്‍ തന്നെ വയിക്കുന്നവന്മാര്‍ക്ക് നിങ്ങള്‍ ഒരു സംഭവമാണെന്ന് തോന്നിതുടങ്ങും. അവന്മാരില്‍ ചിലര്‍ നിങ്ങളുടെ കൃതികള്‍ അടിച്ചുമാറ്റി ഫോര്‍വേഡ് ആയി അവരുടെ സൌഹൃദ വൃത്തങ്ങളില്‍ അവന്‍മാരുടെ സ്വന്തമായി പ്രചരിപ്പിച്ച് തുടങ്ങാനുമുള്ള സാധ്യതകള്‍ ധാരാളം. അവിടുന്ന് പിന്നെ നിങ്ങള്‍ക്ക് പണി കുറയും , ഫോര്‍വേഡ് , അത് പിന്നെ ഫോര്‍വേഡ് , പിന്നെയും ഫോര്‍വേഡ് എന്നിങ്ങനെയുള്ള കലാപരിപാടി ലവന്മാര്‍ ആയിക്കോളും . അപ്പോഴും നിങ്ങള്‍ മിണ്ടരുത്.പലരും നിങ്ങളുടെ പോസ്റ്റുകള്‍ മെയിലില്‍ കിട്ടി നിങ്ങളുടെ ബ്ലോഗില്‍ കമന്റുകള്‍ വഴി നിങ്ങളെ അറിയിക്കാന്‍ തുടങ്ങും. മറുപടി നേരത്തെ പറഞ്ഞതു തന്നെ .

7) ഇനി അടുത്ത പടി അല്‍പ്പം സൂക്ഷിച്ച് വേണം ചെയ്യാന്‍. നിങ്ങള്‍ വല്ല കുത്തക പത്രത്തില്‍ ജോലി ചെയ്യുന്നയാളോ ( എന്തെങ്കിലും ഫ്രാഡ് പത്രത്തിലായാലും മതി) ,അല്ലെങ്കില്‍ നിങ്ങള്‍ക്ക് പത്രപ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ ഉണ്ടെങ്കിലോ ഇത് എളുപ്പത്തില്‍ നടക്കും .ഇതൊന്നുമില്ലെങ്കില്‍ സംഭവം നടക്കുമോ എന്നത് നിങ്ങളുടെ ഭാഗ്യം പോലെയിരിക്കും . ' സംഭവന്‍' എന്താണെന്നുവെച്ചാല്‍ , നിങ്ങളുടെ ഹാസ്യാത്മക പോസ്റ്റ് (ഹിംസാത്മകം എന്ന് നാട്ടുകാര്‍ എന്തായാലും ഫോര്‍വേഡുകള്‍ മുറയ്ക്ക് കിട്ടി തുടങ്ങിയ ശേഷം പറയില്ല ,അതുറപ്പ്‌ ) ആദ്യം ഏതെങ്കിലും അന്തിപ്പത്രത്തില്‍ നിങ്ങളുടെയോ ,ബ്ലോഗിന്റെയോ പേരില്ലാതെ വരുത്തുക . പത്ര പ്രവര്‍ത്തന രംഗത്ത്‌ പരിചയമോ ,സുഹൃത്തുക്കളോ ഇല്ലാത്തവര്‍ അന്തിപ്പത്രത്തിന്റെ സ്വ: ലേക്ക് കള്ള് വാങ്ങി കൊടുത്ത് നോക്കുക . പക്ഷേ മറ്റാരെങ്കിലും വഴി,നിങ്ങളുടെ ഐഡെന്‍റ്റിറ്റി വെളിപ്പെടാത്ത രീതിയില്‍ വേണം അത് ചെയ്യാന്‍. പത്രത്തില്‍ നിങ്ങളുടെ പോസ്റ്റ് വന്നു കഴിഞ്ഞാല്‍ സ്വന്തം ബ്ലോഗ് വഴിയും ,സഹ 'ബ്ലോഗന്‍മ്മാര്‍' വഴിയും അതിന് വേണ്ട പബ്ലിസിറ്റി കൊടുക്കുക .പക്ഷേ വിവാദം അധികമാവതിരിക്കാനും ശ്രദ്ധിക്കുക . പോസ്റ്റുകള്‍ തുടരുക ,ഫോര്‍വേഡുകളും . അല്‍പ്പ കാലത്തിനു ശേഷം ഒത്താല്‍ വീണ്ടും അന്തിപ്പത്ര പരിപാടി ഒന്നുകൂടി ആവര്‍ത്തിക്കുക . വീണ്ടും പോസ്റ്റുകള്‍ തുടരുക. ഇനി അന്തിപ്പത്രത്തെ വിട്ട്, കുറച്ച് അധികം വായനക്കാരുള്ള പത്രത്തിലോ (നിങ്ങള്‍ ജോലി ചെയുന്ന പത്രം ഇറക്കുന്ന വാരാന്ത്യ പതിപ്പിലോ ,മാസികയിലോ ആണെങ്കില്‍ ബെസ്റ്റ് ) ഇതേ പരിപാടി ആവര്‍ത്തിക്കുക . നിങ്ങളുടെ പേരും ,ബ്ലോഗും ഇവിടയും വരാന്‍ പാടില്ലാ. അതിനും വേണ്ട പബ്ലിസിറ്റി കൊടുക്കുക .അതും വല്യ വിവാദം ആക്കരുത്. ഇത്രയുമായാല്‍ നിങ്ങളുടെ ജോലി കഴിഞ്ഞു .ഇനി നിങ്ങള്‍ തന്നെ കഷ്ടപ്പെട്ട് ഫോര്‍വേഡ് ചെയുക പോലും വേണ്ട .നിങ്ങള്‍ ബെല്യ പുള്ളിയാണെന്ന് ധരിച്ച് ,ബ്ലോഗിലെ ക്ലാസ്സിക്കുകള്‍ വല്ലവന്മാരും അടിച്ചുമാറ്റി നിരന്തരം ഫോര്‍വേഡ് ചെയ്തു തുടങ്ങിയിട്ടുണ്ടാകും.
ഈ ഫോര്‍വേഡ് വിവരങ്ങള്‍ പലരും സ്വമനസാ നിങ്ങളുടെ ബ്ലോഗില്‍ കമന്റായി അറിയിച്ചും തുടങ്ങും . കുറച്ച് നാള്‍ പഴയ മറുപടി നല്‍കുക. പിന്നെ കുറച്ച് കഴിഞ്ഞ് "ഹൊ ഈ ഫാദര്‍ലെസ്സ് ക്രീചേര്സ്സിനെക്കൊണ്ട് തോറ്റു" എന്നവണ്ണം നിങ്ങളുടെ ബ്ലോഗില്‍ റയിറ്റ് ക്ലിക്ക് ഡിസ്ഏബിള്‍ , വാട്ടര്‍ മാര്‍ക്കിംഗ് തുടങ്ങിയ ചില്ലറ വേലകള്‍ കാണിക്കുക .പേടിക്കണ്ട ,പണിയറിയാവുന്ന ഫ്രാഡുകള്‍ ഇതെല്ലാം മറികടന്ന് അടിച്ച് മാറ്റല്‍ തുടര്‍ന്നോളും. അപ്പോള്‍ അവന്റെയോക്കെ പത്തു പരമ്പരക്ക് വിളിച്ച് കൊണ്ട് ഹാസ്യാത്മകമായ (ഹാസ്യം വിട്ടൊരു കളി പാടില്ലാ . നിങ്ങള്‍ ഹാസ്യ സാമ്രാട്ടാവാനുള്ള നാള്‍വഴികളിലാണ്,മറക്കരുത് ) ഒരു പോസ്റ്റ് കാച്ചുക.
ബ്ലോഗില്‍ അതോടെ നിങ്ങള്‍ ഒരു 'ബരാക്കു' (ബഹു രാഷ്ട്ര കുത്തക) ആയി വളര്‍ന്നു കഴിഞ്ഞിട്ടുണ്ടാകും . ഇനിയാണ് ലോട്ടറി . പഴയ അന്തിപ്പത്ര പരിപാടി മറ്റെതവനെങ്കിലും അബോധാവസ്ഥയിലോ ,സ്വബോധത്തോടയോ നിങ്ങളുടെ കൃതി അടിച്ചുമാറ്റി പരീക്ഷിക്കും .ലവന്‍റെ കുത്തിനു പിടിച്ച് സമാധാനം പറയിപ്പിച്ചേ വിടാവു.പറ്റുമെങ്കില്‍ അവനെക്കൊണ്ട്‌ നൂറ്റൊന്നു ഏത്തവും ഇടീക്കണം.വായനക്കാര്‍ അതോടെ ഫ്ലാറ്റ് . ഗ്രില്‍ഡ്‌ ആന്‍ഡ് റെഡി റ്റു ബി സേര്‍വ്ഡ്. നിങ്ങളുടെ കീര്‍ത്തി മലയാളം ബ്ലോഗ് പ്രപഞ്ചത്തില്‍ മുഴുവന്‍ പരന്ന് കഴിയുമ്പോള്‍ , "ഡിയര്‍ ബോയ്സ് (ഗേള്‍സ് ...അവരെ വിട്ടിട്ട് നമുക്കെന്തു ആഘോഷം?) ,ലവന്‍ ഏത്തമിട്ടു,ഇനി ഹര്‍ത്താല്‍ , ബന്ദ് ,മറ്റ് പ്രതിഷേധ പരിപാടികള്‍ ഒന്നും വേണ്ട .പ്ലീസ് ." എന്ന മട്ടില്‍ ഒരു പോസ്റ്റും ആവാം .

8) ഇങ്ങിനെ സൈബര്‍ ലോകത്ത് ആരാധകരെ വര്‍ദ്ധിപ്പിച്ച ശേഷം ,പതിയെ അച്ചടി മാധ്യമങ്ങളില്‍ സ്വന്തം പേരോടുകൂടി (ബ്ലോഗിന്റെ പേര് വേണമെന്നില്ല . അത് അറിയാത്തവന്മാര്‍ താനേ കണ്ടുപിടിച്ചോളും. യുവാര്‍ എ സൂപ്പര്‍ സ്റ്റാര്‍ നൌ) ബ്ലോഗിലെ രചനകള്‍ വരുത്തിക്കുക .അതോടെ നിങ്ങളെ പിടിച്ചാല്‍ കിട്ടാതാകും. അപ്പോഴും ബ്ലോഗില്‍ നിങ്ങളുടെ പ്രതികരണം "ഓ ...എന്ത് അച്ചടി മാധ്യമം? എന്ത് പബ്ലിസിറ്റി?അവന്മാര്‍ക്ക് വേറെ പണിയൊന്നുമില്ല" എന്നായിരിക്കണം .

ഇനി നിങ്ങളുടെ ഭാവി പോസ്റ്റുകളില്‍ വരുന്ന നൂറു കണക്കിന് കമന്റുകളില്‍ ഭൂരിഭാഗവും "സ്പാറി അണ്ണാ" ."കിടു മച്ചു" ,"നമിച്ചു തമ്പുരാനെ" എന്നൊക്കെയായിരിക്കും. ഈ കമന്റുകള്‍ക്ക് പോസ്റ്റിന്റെ നിലവാരം പ്രശ്നമല്ലാ . കാരണം നിങ്ങളുടെ വായനക്കാരന്റെ മനസ്സില്‍ നിങ്ങള്‍ ഒരു 'ബരാക്കു' അല്ലേ . മോശമായത് നിങ്ങള്‍ എഴുതുമോ? ഇനി വല്ലവനും പോസ്റ്റിന്റെ യഥാര്‍ത്ഥ നിലവാരം വിളിച്ചു പറഞ്ഞാല്‍ "ആരെങ്കിലും നിന്നെ വായിക്കാന്‍ വിളിച്ചോടാ എരപ്പേ? അല്ലെങ്കിലും നിനക്കൊക്കെ ഇതു അടിച്ചുമാറ്റി വായിച്ചാലേ രസിക്കു " എന്ന് കണ്ണുംപൂട്ടി മറുപടി പറഞ്ഞോ . നിങ്ങളുടെ ആരാധക ലക്ഷങ്ങള്‍ നിങ്ങളെ തുണക്കും.
പിന്നെ ബെല്യ ആളായി കഴിഞ്ഞാല്‍ ഉപദേശം തന്ന നമ്മളെ വഴിക്ക് വെച്ച് കണ്ടാല്‍ ഒരു 'ബാര്‍ലി' വെള്ളമെങ്കിലും വാങ്ങി തന്നാല്‍ സന്തോഷം