മലയാളി ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങള്‍ :
1) റസൂല്‍ പൂക്കുട്ടിക്ക് ഓസ്കാര്‍ കിട്ടിയതില്‍ അഭിമാനിക്കുക.വിദേശിയുടെ കൈയ്യില്‍ നിന്നും ഒരു മലയാളി അവാര്‍ഡ് വാങ്ങിക്കുക എന്നത് ചില്ലറ കാര്യംവല്ലതുമാണോ.
എന്നാല്‍ അല്‍ ജലാക്കിന്റെ കൈയ്യില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെ മലയാളിയായ പോലീസുകാരന്‍ ചളുക്ക് വാങ്ങിയാല്‍ അപമാനം തോന്നുവാനേ പാടില്ല. സാധിക്കുമെങ്കില്‍ വിദേശിയുടെ തല്ല് വാങ്ങിയ ആ പോലീസുകാരനെ ചൊല്ലിയും അഭിമാനം കൊള്ളുക .
2) ഇസ്രായേലിന്റെ ഗാസയിലേക്കുള്ള കടന്ന് കയറ്റത്തെയും , ഇറാക്കിലെ അമേരിക്കന്‍ അധിനിവേശത്തെയും ഘോര ഘോരം എതിര്‍ക്കുക.പറ്റിയാല്‍ ഈ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ രചിക്കുക.
എന്നാല്‍ സിനിമ തിയറ്ററില്‍ ക്യൂ നില്‍കുമ്പോള്‍ ഒരുത്തന്‍ ഊഴം തെറ്റിച്ച്,ബലപ്രയോഗത്തിലൂടെ നിങ്ങളുടെ മുന്നിലെക്കിടിച്ച് കയറിയാല്‍ ഒരക്ഷരം മിണ്ടരുത്. കാരണം അമേരിക്കയും,ഇസ്രായേലും നിങ്ങളെ വിമര്‍ശനത്തിന്റെ പേരില്‍ തല്ലില്ല.അത് പോലാണോ ഇത്? ഇടിച്ച് കയറാന്‍ മടിക്കാത്തവന്‍ ചിലപ്പോള്‍ തല്ലാനും മടിച്ചിലെങ്കിലോ?
3) പത്രത്തിലോ ,ടി വിയിലോ കാണുന്ന അസുഖം ബാധിച്ചവര്‍ക്കും ,മൃതപ്രായര്‍ക്കും സഹായങ്ങള്‍ എത്തിക്കാന്‍ മെയില്‍ വഴിയും,ബ്ലോഗ് വഴിയും ലോകത്തെ ആഹ്വാനം ചെയ്യുക. അതിനു ചിലവോന്നുമില്ലല്ലോ?
എന്നാല്‍ നടന്നു പോകുമ്പൊള്‍ വഴിയിലൊരാള്‍ വണ്ടി തട്ടി വീണ് കിടക്കുന്നത് കണ്ടാല്‍ എതിര്‍ ദിശയിലേക്ക് നോക്കി നടന്ന് പോവുക. അയാളെ ആശുപത്രിയില്‍ കൊണ്ട് പോയി, ചിലപ്പോള്‍ രക്ത ദാനമൊക്കെ ചെയ്ത് ...അങ്ങനെ എന്തെല്ലാം മിനക്കെടുകള്‍ അത് വഴി ഒഴിവാകുമെന്ന് മാത്രം അപ്പോള്‍ ചിന്തിക്കുക.
4) സദാചാരം എപ്പോഴും കാത്തു സൂക്ഷിക്കുക.നയന്‍താര ബില്ലയില്‍ അഭിനയിച്ചതും, പാര്‍വതി ഓമനക്കുട്ടന്‍ ബിക്കിനിയിട്ടതും ഒന്നും മലയാളിയുടെ സദാചാരത്തിന് ചേര്‍ന്നതല്ലാ എന്ന അഭിപ്രായം എവിടെയും തുറന്നടിക്കുക.
എന്നാല്‍ നിങ്ങളുടെ കമ്പ്യൂട്ടറിലും, ലാപ് ടോപ്പിലും , മൊബൈലിന്റെ മെമ്മറി കാര്‍ഡിലും സൂക്ഷിച്ചിരിക്കുന്ന 'ഡല്‍ഹി പബ്ലിക് സ്കൂള്‍ എം എം എസ്', 'നടി റിയാ സെന്നിന്റെ എം എം എസ്',മറ്റ് പുളകം കൊള്ളിക്കുന്ന വീഡിയോ ക്ലിപ്പിന്ഗ്സ് ,ഇവ മറ്റാരും കാണാന്‍ ഇടവരരുത്. ചുരുങ്ങിയ പക്ഷം നിങ്ങള്‍ സദാ'ചാരം' വാരുന്ന സദസ്സിലുള്ളവരെങ്കിലും ഇവ കാണാതിരിക്കുവാന്‍ ശ്രദ്ധിക്കുക.
5) 'സായിപ്പിനെ കണ്ട് വേണം ബ്ലഡി മലയാളി പഠിക്കാന്‍' എന്ന മുഖവുരയോടെ, സായിപ്പിന്റെ നാട്ടിലെ പവര്‍ കട്ടില്ലായ്മ ,ഉഗ്രന്‍ റോഡുകള്‍ , നിയമ വ്യവസ്ഥ നല്‍കുന്ന പരിരക്ഷ എന്നിവയെക്കുറിച്ചൊക്കെ കഴിയുന്നിടങ്ങളിലെല്ലാം വാചാലത പ്രകടിപ്പിക്കുക.
എന്നാല്‍ സായിപ്പ്,പൊതുനിരത്തില്‍ തുപ്പാറില്ല, സ്വന്തം വീട്ടിലെ ചവറ് വാരി റോഡില്‍ കളയാറില്ല, സ്വന്തം കാര്യങ്ങള്‍ എല്ലാം ഉപേക്ഷിച്ച് അയലത്തുകാരന്റെ ജനാലയില്‍ കണ്ണും നട്ടിരിക്കാറില്ലാ തുടങ്ങിയ വസ്തുതകളെല്ലാം സൌകര്യപൂര്‍വ്വം മറന്നേക്കുക.
ഇത്രയുമൊക്കെ സാധിക്കുമെങ്കില്‍ നിങ്ങള്‍ അഭിമാന പുളകിതനായ ഒരു മലയാളിയാണെന്ന് സമ്മതിക്കാം(ചുരുങ്ങിയ പക്ഷം ബ്ലോഗിലെങ്കിലും). മാത്രമല്ല ,വിമാനത്താവളത്തില്‍ അല്‍ ജലാക്ക് ആ പോലീസുകാരന് നല്‍കിയത് പോലത്തെ ഓസ്കാറുകള്‍ക്ക് നിങ്ങള്‍ സര്‍വാത്മനാ യോഗ്യത നേടുകയും ചെയ്യും .
ജയ് ഹോ
Friday, February 27, 2009
Subscribe to:
Posts (Atom)