Wednesday, August 22, 2012
ഒളിമ്പിക്സ് : ബി എം ഡബ്ലിയുവും സംവരണവും
സൈനാ നെഹ്വാള്‍ മിടുക്കിയാണ് ,സെലിബ്രിറ്റി എന്ന വലയം ഉള്ളതിനാല്‍ സുന്ദരിയും. ബാഡ്മിന്‍ടണ്‍ രംഗത്ത് ഇന്ന് ഇന്ത്യയില്‍ ഉള്ള ഏറ്റവും മികച്ച കളിക്കാരിയും സൈന തന്നെ. പക്ഷേ ഈ കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സില്‍ നിര്‍ഭാഗ്യവശാല്‍ സൈനക്ക് സ്വര്‍ണ്ണം കിട്ടാതെ പോയി . നിര്‍ഭാഗ്യം എന്ന് ഞാന്‍ പറഞത് വെങ്കലം കിട്ടി നാട്ടില്‍ എത്തിയപ്പോള്‍ ,മറ്റു സമ്മാനങ്ങള്‍ക്കും , പദവികള്‍ക്കും പുറമേ ക്രിക്കട്റ്റ് ഇതിഹാസവും , രാജ്യസഭാ അംഗവും ആയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വക ഒരു ബി എം ഡബ്ല്യൂ കുട്ടിക്ക് സമ്മാനം കിട്ടി. വെള്ളിയോ സ്വര്‍ണ്ണമോ കിട്ടിയിര്‍ന്നെങ്കില്‍ ക്രിക്കറ്റ് ദൈവം ഒരു പക്ഷേ വിമാനം വല്ലതും വാങ്ങിക്കൊടുത്തേനെ.
കാര്യം ലണ്ടന്‍ ഒളിമ്പിക്സ് നടക്കുമ്പോള്‍ സൈനക്ക് സ്വര്‍ണ്ണമോ വെള്ളിയോ കിട്ടും എന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു . അല്ലെങ്കിലും വീട്ടില്‍ കപ്പലണ്ടിയും കൊറിച്ച് ബിഗ് സ്ക്രീനില്‍ ഗെയിം അനാലിസിസ് നടത്തുന്ന എന്നെ പോലുള്ളവര്‍ ആണല്ലോ ഇന്ത്യന്‍ കായിക രംഗത്തിന്റെ പ്രാണവായു . അത് പോട്ടെ , പറഞ്ഞു വന്നത് പ്രതീക്ഷ , അപ്പൊ ഞാനിങ്ങനെ പ്രതീക്ഷകളുമായി സൈനയുടെ മാച്ചുകള്‍ ഓരോന്ന് കണ്ട്, കപ്പലണ്ടി , കടല , ബോംബെ മിഠായി ഇതൊക്കെ മാറി മാറി അടിച്ച് വിശകലനങ്ങള്‍ പാസാക്കി ഇരിക്കുകയായിരുന്നു. സെമി വരെ കൊച്ച് പറന്നു അങ്ങ് എത്തി . അത് പറയാതെ വയ്യ . പക്ഷേ സെമി ഫൈനലില്‍ കൊടും ചതിയല്ലേ നടന്നത് ? വാങ്ങ് യിഹാന്‍ (ഓള്‍ടെ പേര് തന്നെ നാക്ക് ഉളുക്കിക്കും )എന്നൊരു ചീനാക്കാരി ആയിരുന്നു പാവം സൈനയുടെ എതിരാളി . ചൈനയല്ലേ ഡ്യൂപ്ലിക്കേറ്റ് ആകും എന്ന് നമ്മുടെ കൊച്ച് വിചാരിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ ? പക്ഷേ ചൈനക്കാരി ഡ്യൂപ്ലിക്കേറ്റ് അല്ല എന്ന് മാത്രമല്ല ഷാവോലിനില്‍ നിന്നും നേരിട്ട് കങ്ങ്-ഫൂ പടിച്ചവളും ആയിരുന്നു എന്ന് തോന്നുന്നു . എട്ടാമത്തെ വയസില്‍ കരാട്ടെ ഉപേക്ഷിച്ച് റാക്കെറ്റ് കൈയ്യിലെടുത്ത സമാധാന പ്രിയയായ സൈനയെ നിലം തൊടീച്ചില്ല.നാല്പത്തിയഞ്ച് മിനിട്ടുകള്‍ക്കുള്ളില്‍ ചുരുട്ടിക്കെട്ടുകയും ചെയ്തു . ശരി പോട്ടെ , വെങ്കലമെങ്കില്‍ വെങ്കലം എന്ന് സൈനയും ഒപ്പം ഞാനും
വെങ്കലം വാങ്ങിക്കാന്‍ കൊച്ച് ചെന്നപ്പോള്‍ ദാണ്ടേ അവിടെയും നില്‍ക്കുന്നു എണ്ണം പറഞ്ഞ ചൈനാക്കാരി ഒരെണ്ണം .പേര്‍ വാങ്ങ് ക്സിന്‍ (വാക്സിന്‍ എന്നും വിളിക്കാം ). ആ കൊച്ച് തൊട്ട് മുന്നേയുള്ള കളിയില്‍ കങ്ങ് -ഫൂ കാണിച്ച് കാലുളുക്കി നില്‍ക്കുകയാണ് . മോശമാണ് , എന്നാലും കളിയില്‍ സൈനയ്ക്ക് അതൊരു നേട്ടമാകും എന്ന് ഞാന്‍ പ്രതീക്ഷിച്ചു . സൈനയും പ്രതീക്ഷിച്ച് കാണും . പക്ഷേ അച്ചുതാനന്ദന്റെ മാപ്പും തിരുത്തലും പ്രതീക്ഷിച്ച പി ബി /വിജയന്‍ സഖ്യത്തിന്റെ അവസ്ഥ എന്നെയും സൈനക്കൊച്ചിനെയും കളി തുടങ്ങി രണ്ടാമത്തെ സെക്കണ്ടില്‍ പിടികൂടി എന്ന് പറഞ്ഞാല്‍ മതിയല്ലോ . വാക്സിന്‍ നമ്മുടെ കൊച്ചിനെ എടുത്തിട്ട് ഫുട്ബാള്‍ കളിക്കുകയായിരുന്നു. കാല് ഉളുക്കിയിട്ട് അവള്‍ ഇങ്ങനെ .അപ്പോള്‍ ഉളുക്കിയില്ലായിരുന്നുവെങ്കിലോ? നമ്മുടെ കൊച്ചിന്റെ ഭസ്മം ആ കണ്ണില്‍ ചോരയില്ലാത്തവള്‍ കാറ്റില്‍ പറത്തിയേനെ.
ആദ്യത്തെ ഗെയിം കിട്ടി കിട്ടിയില്ല എന്ന പരവുത്തില്‍ (നമ്മുടെ കൊച്ചിനല്ല , ലവള്‍ക്ക് ) വാക്സിന്‍ ഉളുക്കിന്റെ വേദന കാരണം വീണു. എന്നിട്ട് അവള്‍ മെഡലീന്ന് പിടി വിട്ടോ ? ഇല്ല. തിരച്ചു വന്ന് നമ്മുടെ സൈനക്കുട്ടിയെ പന്ത് തട്ടി ഗെയിം കൊണ്ട് പോയി . വാക്സിന്‍ അടുത്ത ഗെയ്മിലും ആദ്യത്തെ പോയന്റ് എടുത്തു . അപ്പോഴേക്കും പണി പാലും വെള്ളത്തില്‍ കിട്ടി. ഉളുക്ക് ഗുരുതരം . വേദന സഹിക്കാന്‍ വയ്യാതെ വാക്സിന്‍ പിന്മാറി സൈനക്കുട്ടിക്ക് വെങ്കലം. ഹോ എന്തൊരു കുളിര് !!!
ഇനി അടുത്ത മെഡല്‍ പ്രതീക്ഷ നമ്മള്‍ വെച്ചിരുന്നത് ഫ്രീ സ്റ്റൈല്‍ ഗുസ്തിയിലാണ് .ഹരിയാനയിലെ മണ്ണിലും പൊടിയിലും കിടന്ന് ഉരുണ്ട് ഗുസ്തി പഠിച്ച ഒരു സുശീലന്‍ ലണ്ടനിലേക്ക് പോയിട്ടുണ്ടായിരുന്നു. ഈ ഗുസ്തി എന്നോകെ പറയുന്നത് റാക്കറ്റ് ഗെയിമുകള്‍ പോലെ മിന്നല്‍ പോലത്തെ മോട്ടര്‍ സ്കില്‍സ് , ടെക്നിക്കുകള്‍ (ചീനികളുടെ കളികള്‍ യൂ ട്യൂബില്‍ ഉണ്ടേല്‍ കണ്ടു നോക്ക് , എല്ലാം മനസിലാകും ) ഒന്നും വേണ്ടാത്ത വെറും ഗെയിം ആണ് എന്ന് അറിയാമല്ലോ ? ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും വട്ടം ചുറ്റി പിടിക്കുക, തുണി അലക്കുന്നത് പോലെ എതിരാളിയെ എടുത്തു നിലത്തിട്ടു അടിക്കുക, നിലത്തു കുത്തുക ...കഴിഞ്ഞു . ഒരു സോഫ്സ്റ്റിക്കേഷനും ഇല്ലാത്ത ഗെയിം . ആകെയുള്ള പ്രശം നിലത്തിട്ടുള്ള ആ കുത്തില്‍ ചിലപ്പോള്‍ ഊരയുടെ കൊളുത്ത് വിട്ടു പോകും എന്നത് മാത്രമാണ് . അത് തിരിച്ചു പിടിച്ചിടാന്‍ ലോക്ക്സ്മിത് ബൈജുവോ , ആലപ്പുറം ബാപ്പു തങ്ങളോ വരേണ്ടി വരും. അങ്ങനെയുള്ള ഒരു ഗെയ്മില്‍ എനിക്ക് വലിയ താത്പര്യം ഒന്നുമില്ല. എന്നാലും സുശീലന്റെ കളി ഒന്ന് കണ്ടു കളയാം എന്ന് കരുതി . ഒന്നര മുതല്‍ ആറര വരെയുള്ള ഇന്ത്യന്‍ സമയത്തിനിടയ്ക്ക് നാല് മാച്ചുകള്‍ . ഓരോ ലെവല്‍ കഴിയുമ്പോഴും എതിരാളികള്‍ ഹിഡിമ്പന്‍ , അതിനേക്കാള്‍ മുറ്റിയ ബകന്‍ , കുഭകര്‍ണ്ണന്‍ എന്നീ നിലവാരത്തില്‍ നില്‍ക്കുന്നവരും. സെമിയിലെ കസാക്കിസ്ഥനില്‍ നിന്നുള്ള അക്ഷുറെക്ക് ടാനടാറോവ് (സുകു എന്ന് വിളിക്കാം ) എന്നാ സാത്വിക മനുഷ്യനെ കണ്ടാല്‍ ഒരു വെളുത്ത ഘടോത്കച്ചന്‍ . കസാക്കിസ്ഥാന്‍ സുകുവിനെയും എങ്ങനെയൊക്കെയോ തൂക്കി വാരി തറയിലടിച്ച് വീങ്ങിയ മുഖവും ശരീരവുമായി സുശീലന്‍ ഫൈനലില്‍ എത്തി. അപ്പോള്‍ അവിടെ നില്‍ക്കുന്നു തത്സുഹിരോ യോനെമിസ്തു (ജപ്പാന്‍ ഭാഷയിലെ ശശി വര്‍മ്മ ). സാക്ഷാല്‍ രാവണന്‍ .കണ്ടാലറിയാം ജനിച്ചപ്പോള്‍ മുതല്‍ പ്രോട്ടീന്‍ അല്ലാതെ അദേഹം ഒന്നും കഴിച്ചിട്ടില്ല , സുപ്പര്‍ കമ്പ്യൂട്ടര്‍ സിമുലേഷന്‍ ഉപയോഗിച്ചല്ലാതെ ഗുസ്തി പഠിച്ചിട്ടുമില്ല . പോരാത്തതിന് ജപ്പാന്‍ ഗ്രൌണ്ട് സെല്‍ഫ് ഡിഫെന്‍സ് ഫോര്‍സിലെ അംഗവും . തികഞ്ഞില്ലേ നമ്പര്‍ ? ഇവിടെ പാലും നെയ്യും കടം വാങ്ങിയ കാശിനു വാങ്ങി കഴിച്ച് ലോക്കല്‍ അഖാഡ കളില്‍ (ജിം വരുന്നതിനു മുന്നേ അങ്ങനെ ഒരു സാധനം നിലവല്‍ ഉണ്ടായിരുന്നു ) ഭീം സിംഗ് ഫയല്വാന്മാരുമായി ഉരുട്ടി പിടുത്തം മോഡല്‍ ഗുസ്തി പഠിച്ച പാവം സുശീലനെ ജപ്പാന്‍ ശശി വര്‍മ്മ തോല്‍പ്പിച്ചു . സുശീലന് വെള്ളി.
ഇത്രയും കഥ . ഇനി സച്ചിന്‍ തെണ്ടുല്‍ക്കര്‍ സൈന കൊച്ചിന് ബി എം ഡബ്ല്യൂ ഒരെണ്ണം മുഴുവനായി വാങ്ങി കൊടുക്കുകുകയും , കൊച്ചിന്റെ കോച്ചന്‍മാര്‍ക്ക് വേറെ ഏതോ കാറുകള്‍ സമ്മാനിക്കുകയും ചെയ്തു എന്ന് കേട്ടപ്പോള്‍ എനിക്ക് തോന്നിയ ഒരു സംശയം . പാവം സുശീലനും കോച്ചുകള്‍ക്കും ഓരോ സൈക്കിള്‍ എങ്കിലും വാങ്ങി കൊടുത്തൂടെ ? സച്ചിന്റെ കാശ് , കൊച്ചന്റെ ഇഷ്ടം ...ഞാന്‍ ചോദിച്ചു എന്നെ ഉള്ളു . എതിരാളി നില തൊടാതെ തോല്‍പ്പിക്കും എന്ന അവസ്ഥയില്‍ അവളുടെ കാല് ഉളുക്കിയത് കൊണ്ട് വെങ്കലം കിട്ടിയ കൊച്ചിന് ബി എം ഡബ്ല്യൂ . സുശീലന് സൈക്കിള്‍ കിട്ടുമോ എന്ന് അറിയില്ല ...സുശീല്‍ കുമാറിന് കിട്ടിയ മറ്റു സമ്മാനങ്ങള്‍ മറക്കുന്നില്ല . എന്നാലും സൈനയെക്കാള്‍ അഭിനന്ദനത്തിന് അര്‍ഹന്‍ അദ്ദേഹമാണ് എന്നൊരു തോന്നല്‍ പിടി വിടുന്നില്ല .
ആടുത്ത ഒളിമ്പിക്സില്‍ സംവരണം ഉണ്ടാകുമോ ?
ഇനി പൊതുവായ ചില കാര്യങ്ങള്‍ . ഒളിമ്പിക്സില്‍ ഒന്ന് പങ്കെടുത്തു കൊടുത്താല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പദവിക്ക് തുല്യമായ കോച്ച് ജോലിയും മറ്റും ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട് .അത് കേട്ടപ്പോള്‍ തോന്നിയ ചില സംശയങ്ങളാണ് ഇനി
1 ) ഒളിമ്പിക്സ് നിലവാരത്തിലെ കായിക താരങ്ങളെ വികസിപ്പിച്ചെടുക്കാനുള്ള ട്രെയ്നിങ്ങിന്റെ ജോബ് ഓര്‍ഡര്‍ കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ ഉണ്ടോ ?കാണുമായിരിക്കും.
2 )ഈ ആനുകൂല്യങ്ങള്‍ ഒക്കെ കാരണം ഒളിമ്പിക്സ് സംഘത്തില്‍ പേരു വരാന്‍ ഇനി ഉന്തും തള്ളും ആയിരിക്കും . സെലക്ഷന്‍ എളുപ്പമാക്കാന്‍ ഇന്ത്യ ഒട്ടാകെ സെലക്ഷന്‍ കമ്മറ്റി അതി വേഗ കൌണ്ടറുകള്‍ തുടങ്ങുമോ ? അതോ ഏക ജാലക സംവിധാനമാണോ ഉദ്ദേശിക്കുന്നത് ?
3 ) കൌണ്ടര്‍ ആയാലും ജാലകം ആയാലും അവിടെ അപേക്ഷകര്‍ മേശയുടെ സ്വീകരിക്കേണ്ട മുകളിലൂടെയുള്ള നടപടി ക്രമങ്ങള്‍ , മേശയ്ക്കു അടിയിലൂടെ മസ്റ്റ് ആയിട്ടും വേണ്ട നടപടികള്‍ എന്നിവയുടെ ഇനം തിരിച്ച വിശദമായ വിവരങ്ങള്‍ ഏതെങ്കിലും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കുമോ ?
4 )റിയോ ഡി ജെനിറോയില്‍ രണ്ടായിരത്തി പതിനാറില്‍ നടക്കുന്ന ഒളിപിക്സ്സില്‍ പങ്കെടുക്കുന്ന കായികതാരങ്ങളുടെ തിരഞ്ഞെടുപ്പിന് സംവരണം ഉണ്ടോ ? ഇല്ലെങ്കില്‍ കോടതിയെ സമീപിച്ചാല്‍ കിട്ടുമോ ?
5 ) സംവരണം ഉണ്ടെങ്കില്‍ ഏത് വിഭാഗത്തിനാകും മുന്‍ഗണന ? ആ വിഭാഗത്തിലേക്ക് മതമോ /ജാതിയോ ഒന്ന് മാറ്റി എടുക്കണമെങ്കില്‍ അതിവേഗ സംവിധാനങ്ങള്‍ എന്തെങ്കിലും കൊണ്ട് വല്ല പ്രയോജനവും ഉണ്ടാകുമോ ?
6 ) സംവരണത്തിലൂടെ അത്ലെറ്റിക്ക് മീറ്റുകളില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന എനിക്ക് സമയത്തിലും ദൂരത്തിലും ഇളവ് കിട്ടുമോ ? ഉസൈന്‍ ബോള്‍ട്ടിനെ പോലെയുള്ള സവര്‍ണ്ണ ഫാസിസ്റ്റുകള്‍ നൂറു മീറ്റര്‍ ദൂരം ഒന്‍പത് സെക്കന്‍ഡോ അതില്‍ താഴെയോ ഉള്ള സമയത്ത് ഓടി തീര്‍ക്കുമ്പോള്‍ ഞാന്‍ ഒരു ഇരുപത്തിയെട്ട് മീറ്റര്‍ പതിനൊന്ന് സെക്കണ്ട് കൊണ്ട് ഓടി തീര്‍ത്താല്‍ സ്വര്‍ണ്ണം കിട്ടുമോ ? ഇത് സംബന്ധിച്ച ഇന്ത്യന്‍ നിയമം റിയോയില്‍ നടപ്പാക്കാന്‍ ഏത് കോടതിയില്‍ പോണം ?
7 )ഒളിമ്പിക്സ് സംഘത്തില്‍ കായികതാരമായി തല കാണിച്ച് അസിസ്റ്റന്റ്റ് കമ്മീഷണര്‍ റാങ്കിലുള്ള ജോലിയും മറ്റു ആനുകൂല്യങ്ങളും കൈപറ്റിക്കഴിഞ്ഞാല്‍ പിന്നെ ഞാന്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കണം എന്ന് നിര്‍ബന്ധം ഉണ്ടോ ? അതോ കോച്ചായി വല്ല ടീവി പരിപാടികളിലും കണ്ട്രാക്കും അടിച്ചു നടന്നാല്‍ മതിയോ ?
8 ) എന്റെ അമ്മാവന്റെ മൂന്നാം ഭാര്യ ഇറ്റലിയില്‍ നിന്നോ കൊളംബിയയില്‍ നിന്നോ ആകുന്നത് കൊണ്ട് സെലക്ഷന്‍ കമ്മറ്റി മുന്‍പാകെ എന്തെങ്കിലും അനൂകൂല്യത്തിന് സ്കോപ്പുണ്ടോ ?
9 ) പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി ത്രയമായ മദരാജന്മാര്‍ ആരെങ്കിലുമോ, മൂവരും ഒരുമിച്ചോ എനിക്ക് വേണ്ടി ശുപാര്‍ശ ചെയ്‌താല്‍ ഞാന്‍ ഒളിമ്പിക്സ് സംഘത്തിന്റെ അകത്താകുമോ അതോ കണ്ണൂര്‍ സെന്‍ട്രല്‍ ജെയിലിന്റെ അകത്താകുമോ ? എനിക്ക് വേണ്ടി ടി വി രജനീഷ് എം എല്‍ എ ടി വി യില്‍ക്കൂടെ കരഞ്ഞാല്‍ എന്തെങ്കിലും പ്രത്യേക ഇളവിന് സ്കോപ്പുണ്ടോ ?
10 ) നിര്‍ബന്ധമായും സെലക്ഷന്‍ കിട്ടാന്‍ നരേന്ദ്ര മോഡിയെ തള്ളിപ്പറഞ്ഞാല്‍ മതിയാകുമോ ? അങ്ങനെ പറഞ്ഞാല്‍ ഇപ്പോഴത്തെ കാറ്റ് അനുസരിച്ച് അമേരിക്ക വഴക്ക് പറയുമോ ?
ലാസ്റ്റ് ഒരു സംശയം കൂടി : ഇനി കായിക താരം ആക്കിയില്ലെങ്കിലും വേണ്ട . സെലക്ഷന്‍ കമ്മറ്റിയില്‍ കയറി പറ്റാന്‍ ഞാന്‍ എന്ത് ചെയ്യണം .?
ആരെങ്കിലുമൊക്കെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ തരികയും , ഞാന്‍ രണ്ടായിരത്തി പതിനാറില്‍ റിയോയില്‍ ഇന്ത്യയുടെ അഭിമാനത്തെ ഒരു അരുക്കാക്കുകയും ചെയ്യും എന്ന ശുഭ പ്രതീക്ഷയില്‍ തത്കാലം നിറുത്തുന്നു .
സ്വന്തം
എ കെ
Wednesday, January 13, 2010
എഴുത്തിന്റെ ഊ....ത...മ്പ്രാന്‍
"ഗുഡ് മോര്‍ണിംഗ് , ഇരിക്കണം "
"ഇരിക്കാന്‍ തീരെ സമയമില്ല ഡോക്ക്ടര്‍ . ഞാന്‍ ഇവിടെയിരുന്നാല്‍ ലക്ഷക്കണക്കിന് ആളുകളുടെ തന്തക്കു ആര് വിളിക്കുമെന്നേ ? "
"അപ്പൊ പ്രശ്നം ഗുരുതരമാണ്. എന്തായാലും സ്വയം മാനസിക പ്രശ്നം ഉണ്ടെന്ന് തിരിച്ചറിഞ്ഞ് വൈദ്യ സഹായം തേടുവാന്‍ തീരുമാനിച്ചത് അഭിനന്ദനാര്‍ഹം തന്നെ "
"തന്റെ തന്തക്കാടോ മാനസിക പ്രശ്നം . ഞാന്‍ വന്നത് എന്റെ വായനക്കാര്‍ക്ക് ഭയങ്കര മാനസിക പ്രശ്നം . അതിനു പരിഹാരം കാണാനാ"
"അപ്പൊ എഴുത്താണോ പണി ?"
"താങ്കള്‍ എന്റെ 'പെരിഗ്വയില്‍ നിന്നും പന്നിക്കുട്ടി' , 'കമ്പനാ വര്‍മ്മയുടെ കമ്പനങ്ങള്‍ ' , 'സിനിമാ നടി കാര്‍ത്ത്യായനി ഇപ്പോള്‍ എവിടെ?' തുടങ്ങിയ കൃതികള്‍ ഒന്നും താങ്കള്‍ വായിച്ചിട്ടില്ലേ?"
" 'സിനിമാ നടി കാര്‍ത്ത്യായനി ഇപ്പോള്‍ എവിടെ?' ഒരു ഇ-മെയില്‍ ഫോര്‍വേര്‍ഡ് വന്ന വാര്‍ത്തയല്ലേ?"
"പോക്ക്രിത്തരം പറയരുത് . എന്റെ കൃതികള്‍ ആളുകള്‍ അടിച്ചു മാറ്റി ഫോര്‍വേഡ് ചെയ്യുന്നതല്ലാതെ , ഞാന്‍ ഇന്നേ വരെ ഒരു ഇ-മെയിലും അടിച്ചു മാറിയിട്ടില്ല"
"ആരോപണം വരുന്നതിനു മുന്നേ നിഷേധിക്കുന്നത് തന്നെ ഒരു തരത്തില്‍ കുറ്റ സമ്മതമാണ്"
"ആന്നോ? എന്നാല്‍ എഴുത്തുകാരിലെ തമ്പ്രാനായ എനിക്ക് എന്തും ചെയ്യാം. അത് പോലാന്നോ മറ്റുള്ളവര്‍?"
"ശരിക്കും എന്താ തന്റെ പ്രശ്നം? "
"ഞാന്‍ ഒരു എഴുത്തുകാരനാണെന്ന് ഡോക്ക്റ്റര്‍ക്ക് അറിയാമല്ലോ?"
"പറഞ്ഞപ്പോള്‍ അറിഞ്ഞു. ആട്ടെ , ഈ എം ടി , മുട്ടത്തു വര്‍ക്കി, , പമ്മന്‍ , തോമസ് പാലാ എന്നിവരെയൊക്കെ പോലെയുള്ള എഴുത്തുകാരന്‍ തന്നെയല്ലേ?"
"അവരൊക്കെ എന്നാ എഴുത്തുകാരാണെന്നാ ? എന്റെ എഴുത്തല്ലയോ എഴുത്ത് . ഞാന്‍ എഴുത്തുകാരുടെ എഴുത്തച്ഛന്‍ ആണെന്നാ എല്ലാവരും പറയുന്നത്"
"എല്ലാവരും എന്ന് വെച്ചാല്‍? കേരളം മുഴുവന്‍ ആളുകള്‍ നടന്ന് പറയുന്നുണ്ടോ? "
"അസൂയ കാരണം പലരും പറയാത്തത് കൊണ്ട് ഞാന്‍ സ്വയം കള്ള പേരുകളിലും, പിന്നെ ഞാന്‍ മണിയടിച്ചും , മറ്റു പലതും ചെയ്തും വെച്ചിരിക്കുന്ന ചില സിനിമാ നടന്മാരെക്കൊണ്ടും പറയിപ്പിക്കുന്നു. നാട്ടുക്കാര്‍ക്കൊക്കെ ഇങ്ങനെ അസൂയ തുടങ്ങിയാല്‍ എന്നെ പോലുള്ള പ്രതിഭാശാലികള്‍ പിന്നെ ഞങ്ങളുടെ പ്രതിഭ പത്തു പേരെ അറിയിക്കാന്‍ എന്നാ ചെയ്യുമെന്നെ?"
"പെരപ്പുരത്തു കയറി നിന്ന് കൂവ് . ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത് എന്നാത്തിനാ?"
"അടുത്തിടയായി എന്റെ വായനക്കാര്‍ക്ക് മൊത്തം വട്ടായോ എന്ന് എനിക്കൊരു സംശയം"
"ഉം...എന്നാ പറ്റി?"
"അല്ല, അവര്‍ ഒന്നുകില്‍ എന്റെ കൃതികള്‍ വായിക്കുന്നത് നിറുത്തുന്നു .അല്ലേല്‍ ഞാന്‍ എഴുതുന്നതെല്ലാം വെറും കാട്ടി കൂട്ടലാന്ന് പറയുന്നു"
"അപ്പൊ അവരുടെ ഭ്രാന്തു മാറി വരുന്നു എന്നല്ലേഡോ പറയേണ്ടത്?"
"ചുമ്മാ ആക്കരുത്..."
"ഞാന്‍ കാര്യം പറഞ്ഞതാ..താനും പെട്ടന്നത് ചെയ്‌താല്‍ നമുക്ക് രണ്ടാള്‍ക്കും കൊള്ളാം"
"അവന്മാരുടെ ഭ്രാന്ത് മാറ്റാനായി ഞാന്‍ ലോകത്തുള്ള സകല കൌതുക വാര്‍ത്തകളും ലേഖനങ്ങളായി എഴുതി നോക്കി. നടന്നില്ല. പിന്നെ പണ്ടൊക്കെ സ്ഥിരമായി കൊണ്ട് നടന്നിരുന്ന 'എന്റെ സൃഷ്ടി ദാണ്ടേ കട്ടോണ്ട് പോയേ !!!' എന്ന് അലമുറയിട്ടു അവന്മാരുടെ ശ്രദ്ധ തിരിക്കാന്‍ നോക്കി"
"എന്നിട്ട്?"
"പണി പാളി എന്ന് പറഞ്ഞാല്‍ കഴിഞ്ഞു. എന്റെ കൃതി അടിച്ചു മാറ്റി എന്ന് ഞാന്‍ പറഞ്ഞ ലേഖനത്തിന് ചില അവന്മാര്‍ പറഞ്ഞത് എന്നതൊക്കെയാണെന്ന് അറിയാവോ? ആ കൃതി ഞാന്‍ തന്നെ എവിടുന്നോ പൊക്കിയതാന്ന് "
"സത്യത്തില്‍ അങ്ങനെ വല്ലതുവാന്നോ?"
"ഡോക്ക്റ്റര്‍ , അനാവശ്യം പറയരുത്. എന്നെയും, അനൂ മാലിക്കിനെയും പോലുള്ള സര്‍ഗ്ഗധനന്മാര്‍ ഒന്നും പൊക്കാറില്ല. ഞങ്ങള്‍ കൊള്ളാവുന്ന ആണുങ്ങള്‍ എഴുതിയ ലേഖനം, ഉണ്ടാക്കിയ പാട്ട് ഇതൊക്കെ വായിച്ചും കേട്ടും ഇന്‍സ്പയേര്‍ട് ആകും. എന്നിട്ട് സ്വന്തമായി വല്ലതുമൊക്കെ പടച്ചു വിടും "
"സുരുക്കമാ സൊന്നാല്‍ , അടിച്ചു മാറ്റല്‍ തന്നെ പരിപാടി?"
"അങ്ങനെ സംശയം പ്രകടിപ്പിച്ച ചില അവന്മാരെ ഞാന്‍ തന്തക്കു വിളിച്ചിട്ടുണ്ട് എന്നാണ് വെയ്പ്പ്"
"ഈ സൂക്കേട് നേരത്തെ ഉണ്ടോ?"
"ഏത് സൂക്കേട്?"
"അല്ല...നാട്ടുകാരുടെ തന്തക്കു വിളിക്കുന്നത്?"
"അത് സൂക്കേടാന്നോ....നല്ല ഇരുമ്പന്‍ അച്ചായന്മാരുടെ ലക്ഷണം അല്ലിയോ?"
"ലക്ഷണം തന്നെ . പക്ഷെ താന്‍ പറഞ്ഞതിന്റെ അല്ല . ഒരു കള്ളന്‍ അവന്റെ കള്ളത്തരം മറയ്ക്കാന്‍ മറ്റുള്ളവരെ കള്ളാ എന്ന് വിളിക്കും എന്ന് കേട്ടിട്ടില്ലേ? അത് പോലെ സ്വന്തം തന്തപ്പടി യാര്‍ എന്ന സംശയം ഉപബോധ മനസ്സില്‍ ഉള്ളവര്‍ക്കാണ് ഇടയ്ക്കിടെ മറ്റുള്ളവരെ തന്തയില്ലത്തവന്മാര്‍ എന്ന് വിളിച്ചില്ലേല്‍ ഒരു ഏനക്കേട് പോലെ തോന്നുന്നത് "
"പക്ഷേ ഞാന്‍ ഇടയ്ക്കിടെ ആളുകളെ പല തന്തക്കു പിറന്നവന്മാരെ എന്നും വിളിക്കാറുണ്ടല്ലോ , ജിങ്കി ജിങ്കാ !!!"
"അത് ശരി , സ്വന്തം കാര്യത്തില്‍ അങ്ങനെ ഒരു സംശയവും തനിക്കുണ്ട്. അപ്പൊ, മൊത്തം പ്രശ്നമാ."
"എന്ത് പ്രശ്നം , തന്തയില്ലായ്മ പറയരുത്"
"ഹേയ്...ഞാന്‍ അങ്ങനെ പറയുമോ ? താന്‍ വാ, ഒരു കാര്യം കാണിച്ചു തരാം"
"എന്റെ കൃതികള്‍ വായിച്ചു തരളിതരായി , തളര്‍ന്നുറങ്ങുന്ന യുവതികളെയാണോ?"
"കര്‍ത്താവേ, അപ്പൊ ഇന്നേ വരെ ഒരു പെണ്ണിന്റെ ചൂരും ചെറുക്കന്‍ അറിഞ്ഞിട്ടില്ല. ആ വികലമായ ഫന്റെസികള്‍ക്ക് ചികിത്സ വേറെ വേണ്ടി വരുമല്ലോ!!!"
"എന്നതാ?"
"ഹേയ്...ഉറക്കെ ചിന്തിച്ചതാ. താന്‍ വാ"
"അധികം സമയം എടുക്കരുത്. എന്റെ വായനക്കാര്‍ അക്ഷമരായി കാത്തു നില്‍ക്കുകയാണ് എന്ന് ഓര്‍ക്കണം "
"എല്ലാം ഓര്‍മ്മയുണ്ട്...താനിങ്ങ് വന്നേ"
------------
ഡോക്ക്റ്റര്‍ കൊണ്ട് പോയി തലയ്ക്കു ഇലവന്‍ കേ വി കണക്കറ്റു ചെയ്തതിന്റെ പിറ്റേ ദിവസം സാഹിത്യകാരനെ നാട്ടുകാര്‍ കാണുന്നത് , വീട്ടിന്റെ മതിലിനു മുകളില്‍ കയറിയിരുന്ന് അയാളുടെ കോലം കത്തിക്കാന്‍ വന്ന സങ്കല്പികരായ എതിരാളികളെ തെറി വിളിക്കുകയും, അദൃശ്യരായ പതിനായിരം പേരോട് ഒറ്റയ്ക്ക് യുദ്ധം ചെയുകയും ചെയ്യുന്ന നിലയിലാണ് . ഡോക്ക്റ്റര്‍ ഈ കേസ് കൈ ഒഴിയുകയും ചെയ്തു. ഇനി എന്നാ ചെയ്യും???
Wednesday, September 23, 2009
എ കെ മാധ്യമങ്ങളില്‍
മാധ്യമങ്ങളില്‍ പറയുന്ന അത്ര കഴിവുകള്‍ എനിക്കുണ്ടോ എന്ന് എനിക്കറിയില്ല . അവ കല്‍പ്പിച്ചു തരുന്ന ഉയരങ്ങില്‍ ശരിക്കും എത്തപ്പെടുവാന്‍ ഇനി ദൂരം ഏറെയില്ലേ എന്ന സംശയവും എന്നില്‍ ബാക്കിയാണ്.
എങ്കിലും കൂടുതല്‍ വിനയത്തോടെ ഒന്നുറപ്പ് തരാം. ഈ ബഹുമതിക്ക് ശരിക്കും അര്‍ഹനാകുവാന്‍ എന്റെ കഴിവിന്റെ പരമാവധി സാധിക്കുന്നതെല്ലാം ഞാന്‍ തുടര്‍ന്നും ചെയ്യുന്നതാണ്. മലയാളം ബ്ലോഗില്‍ പ്രമുഖരായ പ്രതിഭകള്‍ അനവധിയുള്ളപ്പോള്‍ ലക്ഷ്യത്തില്‍ എത്തുവാനുള്ള പ്രചോദനത്തിന് പുറത്തെവിടെയും അന്വേഷിക്കേണ്ടതില്ല എന്ന സന്തോഷത്തോടെ , ഈ ആഹ്ലാദ നിമിഷം നിങ്ങളുമായി പങ്കുവെയ്ക്കുന്നു.
മാധ്യമങ്ങളില്‍ എ കെ
സ്നേഹപൂര്‍വ്വം
എ കെ
Friday, July 24, 2009
അത്യാധുനിക ടെര്‍മിനേറ്റര്‍
യന്ത്രങ്ങളായി ചിലര്‍ മക്ക്ജിയുടെ ടെര്‍മിനേറ്റര്‍ സാല്‍വേഷനിലും പ്രത്യക്ഷപ്പെടുന്നുണ്ട്.യന്ത്രങ്ങളുടെ സിനിമ എന്നാ നിര്‍ണ്ണായാകത്വത്തിനുപരി യന്ത്രങ്ങള്‍ക്കു ഈ ചിത്രത്തില്‍ ചില ദൌത്യങ്ങള്‍ നിര്‍വഹിക്കാന്‍ ഉണ്ടെന്ന് തോന്നുന്നു. വധ ശിക്ഷ കാത്തിരിക്കുന്ന ക്രൂരനായ കൊലപാതകി മാര്‍ക്കസ്സിന്റെ ജീവിതിത്തിലേക്ക് കടന്നു വരുന്ന സൈബര്‍ ഡൈയ്ന്‍ എന്ന യന്ത്രങ്ങളുടെ നിര്‍മ്മാണ കമ്പനി, മാര്‍ക്കസിന്റെ ശരീരത്തിലേക്ക് മാരക വിഷം കുത്തി വെയ്ക്കുന്ന യന്ത്രങ്ങള്‍ , സമാന്തരമായി വര്‍ത്തമാന കാലത്തില്‍ സ്ക്രീനില്‍ മൊത്തം ഓടി നടക്കുന്ന യന്ത്രങ്ങള്‍ എന്നിവയുമുണ്ട്.
കാഴ്ക്കാരും, കേള്‍വിക്കാരുമായി പിന്നെയുമുണ്ട് കുറെ യന്ത്രങ്ങള്‍.
കുറച്ചുകൂടി ആലോചിച്ചാല്‍ സിനിമ തീര്‍ക്കുന്ന മാനിസ്ക ലോകം തന്നെ യന്ത്രങ്ങളുടെതാണ് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. മാനസിക പക്ത്വയില്ലത്ത യന്ത്രങ്ങള്‍ നടത്തുന്ന എടുത്ത് ചട്ടങ്ങളും, അത് മൂലമുണ്ടാകുന്ന പിരിമുറുക്കങ്ങളുമാണ് സിനിമക്കുള്ളിലെ അതിനാടകത്തെ പൊലിപ്പിക്കുന്നത്.യാന്ത്രികമായ ഈ അവസ്ഥ സാല്‍വേഷനിലെ എല്ലാ കഥാപാത്രങ്ങളിലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കാണാന്‍ സാധിക്കുന്നുണ്ട്. അപ്പോള്‍ യന്ത്രങ്ങള്‍ക്കു വേണ്ടി നിര്‍മ്മിക്കപ്പെട്ട ഒരു ചിത്രമാണോ ഇത് എന്നാണ് ആലോചിക്കാനുള്ളത്.
യന്ത്രങ്ങളുടെ മാനസിക വളര്‍ച്ചയില്ലായ്മ മാത്രമല്ല ,സഫലമാകാത്ത ലൈംഗിക തൃഷ്ണയുടെ തീക്ഷണമായ അന്തര്‍പ്രവാഹങ്ങളുടെ സൂചനകളും ചിത്രത്തില്‍ ഉടനീളം ഒളിഞ്ഞ് കിടപ്പുണ്ട്. സിനിമയുടെ ആരംഭത്തില്‍, ഒരു ചുമ്പനത്തിന് വേണ്ടി മരണ ശേഷം തന്റെ ശരീരം യന്ത്രമാക്കി മാറ്റാന്‍ വിട്ടു കൊടുക്കുന്ന മാര്‍ക്കസ് ഒരു പ്രതീകമാണ്. ഈ പ്രതീകത്തിന്റെ വിശദീകരണമാണ് തുടര്‍ന്നുള്ള ചിത്രത്തിന്‍റെ ഗതി മുഴുവന്‍.
ചിത്രത്തില്‍ പല യന്ത്രങ്ങളും ഉപയോഗിക്കുന്ന തോക്കുകളുടെ വലിപ്പം, പലപ്പോഴും തിയറ്ററിലെ ഇരുട്ടില്‍ ബാല്യ കാലത്ത് നമ്മുടെ എക്യുപ്പ്മെന്റിന്റെ നീളം അളന്നത് ഓര്‍മിപ്പിക്കുന്നത് കൊണ്ടാകും, ഇരുളില്‍ ഇത്രയധികം കൈയ്യടികള്‍ കേട്ടത്.
ഇനി വിവരമില്ലാത്ത ഞാന്‍ എഴുതുന്നത് :
പൊന്ന് കൂടപ്പിറപ്പുകളേ , മറ്റു ഹറാം പിറപ്പുകളേ,
മുകളില്‍ കൊടുത്തിരിക്കുന്നത് അടുത്തിടെ വായിക്കാന്‍ ഇടയായ ചില ചലച്ചിത്ര നിരൂപണങ്ങളുടെ രൂപരേഖയാണ്.വായിച്ചു കണ്ണ് ബള്‍ബ്ബായത് കൊണ്ട് മാത്രമാണ് അവ പോലെ ഒന്ന് പുനഃസൃഷ്ടിക്കാന്‍ ശ്രമിച്ചു നോക്കിയത്. വല്യ പാടൊന്നുമില്ല.'നേര്‍ കാര്യം പറയുന്നത് ജിലേബി പോലെ നേര്‍ വരയിലാകും' എന്ന അടിസ്ഥാന തത്ത്വം അങ്ങോട്ട് മുറുകെ പിടിച്ചാല്‍ പകുതി ജോലി കഴിഞ്ഞു. എന്നാലും സ്ഥിരമായി ഈ പണി നമുക്ക് പറ്റില്ല എന്നതും വേദനയോടെ ഞാന്‍ തിരിച്ചറിയുന്നു. കാരണം ഒരു സിനിമയില്‍ ബിമ്പങ്ങളും, അതിനുള്ളില്‍ അന്തരാള സൂചനകളും കണ്ടെത്തി, മേല്‍പ്പറഞ്ഞ തരത്തില്‍ ദിവസേനെ നിരൂപണം എഴുതിയാല്‍ എന്റെ നാലഞ്ച് നട്ട് എപ്പോ ഇളകി എന്ന് ചോദിച്ചാല്‍ മതി.
ഈ അഭിനവ പണ്ഡിതന്മാരെ സമ്മതിക്കണം. എഴുത്ത് അങ്ങോട്ട് മൂക്കുമ്പോള്‍ , വായിക്കുന്നവന് ഇത് സിനിമയെ കുറിച്ച് എഴുതുന്ന കാലന്റെ അഭിപ്രായമാണോ അതോ മാഗ്നാകാര്‍ട്ടയുടെ അസല്‍ പതിപ്പോ എന്ന് തോന്നത്തക്ക വിധമുള്ള എഴുത്ത് . ഹോ!!! ഭയങ്കരം തന്നെ അണ്ണന്മാരെ.
എന്നാല്‍ മറ്റു ചില സാറന്മാര്‍ സംവിധാനം മുതല്‍ വേഷവിധാനത്തിന് വരെ മാര്‍ക്കുകള്‍ ഇട്ട് നിരൂപിക്കും. എന്നാല്‍ ആ പാത പിന്തുടരാം എന്ന് കരുതിയതാ (നമുക്കുമില്ലേ ആഗ്രഹങ്ങള്‍).പക്ഷേ അവിടെയും വന്‍ പ്രശ്നം.നമ്മള്‍ ഒരു പടത്തിനെ എങ്ങനെ നിരൂപിച്ചാലും അതില്‍ വ്യക്തമായി രണ്ട് കാര്യങ്ങള്‍ പറയും.
1) പടം നമുക്ക് ഇഷ്ട്ടപ്പെട്ടോ?
2)നമ്മുടെ അഭിപ്രായത്തില്‍ പടം കണ്ടാല്‍ കാശ് മുതലാണോ?
മേല്‍പ്പറഞ്ഞ ചേട്ടന്മാരുടെ നിരൂപണങ്ങളില്‍ ഈ രണ്ട് കാര്യം മാത്രം പൊടി പോലുമില്ല കണ്ടുപിടിക്കാന്‍. ബാക്കി സംവിധായകന് രണ്ട് മാര്‍ക്ക്, നാടാണ് പത്തു മാര്‍ക്ക് തുടങ്ങിയ റേറ്റിങ്ങും ,' പടം അത്ര പോരെങ്കിലും , മമ്മൂട്ടിക്ക് ഇതില്‍ കാര്യമായി ഒന്നും ചെയ്യാനില്ല'(സംശയം വേണ്ട, ഇത് തന്നെയാണ് ലൈന്‍ ) തുടങ്ങി ഗീര്‍വാണങ്ങള്‍ അനവധി ഉണ്ടാകും താനും. നമുക്കാണേല്‍ അതൊട്ട് പറ്റുകയുമില്ല .
ആത്മാര്‍ത്ഥമായി ചോദിക്കുകയാണ് പണ്ഡിതന്മാരെ , മാര്‍ക്കിടല്‍ ചേട്ടന്മാരെ; ഈ പരിപാടികള്‍ എങ്ങനെ സുഗമാമായി ചെയ്യാം എന്നതിന്റെ ട്യൂട്ടോറിയല്‍ വല്ലയിടത്തും ലഭ്യമാണോ? ആണെങ്കില്‍ ദയവു ചെയ്തു പറഞ്ഞു തരണം. നിങ്ങളെപ്പോലെ അത ബൌധിക വ്യായാമത്തിന്റെ തലങ്ങളില്‍ വിഹരിക്കാനും, മാര്‍ക്കിട്ടു കളിക്കാനുമൊക്കെ എനിക്കും ആഗ്രഹങ്ങള്‍ ഉണ്ടേ. അത് കൊണ്ടാ.
മലയാളം ബ്ലോഗില്‍ നല്ല സിനിമാ നിരൂപണം നടത്തിയിരുന്ന ജയകൃഷ്ണന്റെ ബ്ലോഗിന്റെ ഓര്‍മയ്ക്ക് മുന്നില്‍ സമര്‍പ്പണം
Monday, June 29, 2009
അനോണി ആന്റണിക്കും,മറ്റുള്ളവര്‍ക്കും.
എന്‍റെ കഴിഞ്ഞ ഒരു പോസ്റ്റ് ചിലര്‍ക്കെങ്കിലും ചില തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്ന് തോന്നിയതിനാല്‍ ചില 'പായന്റ്സ്' വിശദീകരിക്കുന്നു.ദാറ്റ് ഈസ് ദാറ്റ്.
തെറ്റിദ്ധാരണകള്‍ ഉണ്ടാക്കി എന്ന് തോന്നിയത് ഞാന്‍ എഴുതിയ പോസ്റ്റായതിനാല്‍ , അവയ്ക്ക് വിശദീകരണം നല്‍കാനുള്ള ചോദ്യങ്ങള്‍ സാറ് തന്നെ (ഇത് ആന്റോക്കുട്ടി പതിച്ച് തന്ന പട്ടമാണ്) ചോദിക്കും, ഉത്തരങ്ങള്‍ സാറ് തന്നെ പറയും.പരാതിയുള്ളവര്‍ക്ക് സൈബര്‍ സെല്ലിന്റെ നമ്പര്‍ ആരെങ്കിലും കൊടുത്ത് സഹായിക്കുക.
ആദ്യം മറ്റുള്ളവര്‍ക്ക്:
1) ഞാന്‍ സംവരണത്തിന് എതിരാണോ?
തീര്‍ച്ചയായും എതിരാണ്.കാരണം കുട്ടിക്കാലം മുതല്‍ പള്ളികൂടത്തിലേയും കോളജുകളിലെയും പാഠങ്ങളില്‍ ഉള്ളത് പോരാഞ്ഞ് ദിവസേന നാഴികക്ക് നാല്‍പ്പതു വട്ടം എന്ന കണക്കില്‍ അരങ്ങേറുന്ന വല്യ ബുദ്ധി ജീവികളുടെയും, സാംസ്കാരിക നായകന്മാര്‍ എന്ന് വിളിക്കുന്ന വര്‍ഗ്ഗത്തിന്റെയും കവല പ്രസംഗങ്ങളില്‍ വരെ 'ജാതി മത ഭേദമന്യേ സകലവനും വാഴുന്ന എന്തരോ സ്ഥലമാണ് ഭാരതം' എന്ന നിലവിളി വിശ്വസിച്ച്, പ്രബുദ്ധന്‍ എന്ന വിളിപ്പേര് സ്വീകരിക്കണോ എന്ന ചിന്തയില്‍ ജീവിച്ച് വരികയായിരുന്നു ഞാന്‍.അപ്പോഴാണ് നമ്മുടെ ചായക്കടക്കാരന്‍ രാമന്‍ നായരുടെ മകന്‍ ശങ്കര്‍ 'ഡേയ് അച്ഛന്‍ പറയുന്നു പഠിച്ച് പരീക്ഷകള്‍ക്ക് നല്ല മാര്‍ക്ക് വാങ്ങിയാല്‍ പോലും, ഞാന്‍ നായരായിപ്പോയത് കൊണ്ട് എന്നേക്കാള്‍ കുറഞ്ഞ മാര്‍ക്ക് വാങ്ങിയവന് എനിക്ക് മുന്‍പേ സര്‍ക്കാരു ജോലി കിട്ടാന്‍ എളുപ്പമാണെന്ന് , ശരിയാണോടെ?"എന്ന ചോദ്യം എന്നോട് ചോദിക്കുന്നത്. അന്തപ്പന്റെ സ്ഥിതിവിവര കണക്ക് അന്ന് കിട്ടിയിരുന്നേല്‍,ഞാന്‍ അതവനെ കാണിച്ച് പറഞ്ഞു നോക്കാമായിരുന്നു 'ഡേയ്, കൃത്യപ്രാതിനിദ്ധ്യം കമ്പ്ലീറ്റായിട്ട് കിട്ടും വരെ നീ ഒന്ന് ക്ഷമി.അത് കഴിഞ്ഞാല്‍ നമുടെ നാട് മാവേലി നാടല്ലേ? പക്ഷെ, അത് വരെ നിനക്ക് ജോലി നിന്നെക്കാള്‍ കഴിവ് (പഠനത്തില്‍) കുറഞ്ഞവന് കിട്ടി കഴിഞ്ഞേ കിട്ടു. മാത്രമല്ല നായരെന്ന വാല് മാത്രം ബാക്കിയുള്ള നിന്റെ തന്തയെ ചിത്രകാരനെയും, ചാര്‍വാകനെയും പോലുള്ള പന്നിക്കൂട്ടങ്ങള്‍ തള്ളക്ക് വിളിക്കുന്നത് നീ കേട്ടോണ്ട് നിന്നോണം.ഇല്ലേല്‍ സെക്കുലറിസം പരുന്ത് റാഞ്ചി പോകും' എന്ന്.
2) അങ്ങിനെയെങ്കില്‍ ജാതി തിരിച്ച് ആളുകളെ ഇന്നും എണ്ണുന്നതിന്റെ കാരണം സംവരണം ആണെന്നാണോ ഞാന്‍ വിശ്വസിക്കുന്നത്?
ഇന്നേ ദിവസം എന്‍റെ കണ്മുന്പില്‍ വെച്ച് ഒരുത്തന്‍ ഒരു പെണ്ണിന്റെ മേല്‍മുണ്ട് പറിക്കുകയാണെങ്കില്‍,പണ്ട് എന്‍റെ ജാതിക്കാര്‍ ചാന്നാര്‍ ലഹളക്ക് അനുകൂലമായിരുന്നോ,പ്രതികൂലമായിരുന്നോ എന്നത്, അത് ചെയ്യുന്നവന്റെ പരിപ്പെടുക്കുന്നതില്‍ നിന്നും എന്നെ തടയില്ല എന്ന് ഉത്തമ വിശ്വാസം ഉള്ളത് കൊണ്ട്,അതേ. തീര്‍ച്ചയായും ഇന്ന് താഴ്ന്ന ജാതി എന്നത് സംവരണം കൊണ്ട് മാത്രം നില നില്‍ക്കുന്ന ഒരു പട്ടമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മേല്‍മുണ്ട് അപഹരിക്കപ്പെടുന്ന സ്ത്രീ അന്തര്‍ജനമോ,നായരോ,പുലയിയോ ഇനി അതൊന്നുമല്ലാത്ത ഒരു വേശ്യയോ ആണെങ്കില്‍ കൂടി എന്‍റെ പ്രതികരണത്തെ അത് ബാധിക്കില്ല.
മാത്രമല്ല നടപ്പിലുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍, നായരെന്ന് അന്തപ്പന്‍ ആരോപിക്കുന്ന ഞാനും, ക്രിസ്ത്യാനിയായ അന്തപ്പനും(സ്വയം പറയുന്ന), ഈഴവനായ ബാബുവും(ചുമ്മാ വാദത്തിന് വേണ്ടി) ഒരു കടയില്‍ നൂറു രൂപ കൊടുത്താല്‍, മുപ്പത്തിനാല് രൂപയ്ക്ക് ഒരു പാക്കെറ്റ് വില്‍സും,ബാക്കി അറുപത്തിയാറ് രൂപയും കിട്ടും.അല്ലാതെ ഈഴവനായ ബാബുവിന് ഇരുപത്തിയെട്ട് രൂപയ്ക്ക് കടക്കാരന്‍ ഒരു പാക്കെറ്റ് വില്‍സ് കൊടുക്കില്ലല്ലോ.മറ്റെല്ലാ കാര്യത്തിലും ഇങ്ങനെ സമത്വം നില നില്‍കുമ്പോള്‍ , സംവരം ഒന്ന് കൊണ്ട് മാത്രം ആളുകളെ നായര്‍, ഈഴവന്‍ എന്നൊക്കെ തരം തിരിക്കുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചു പോകുന്നത് സാമന്യ ബുദ്ധി അല്‍പ്പം കൂടുതല്‍ ഉള്ളത് കൊണ്ടാണ്.അല്ലാതെ ശാസ്ത്ര സാഹിത്യ പരിഷകളുടെ പ്രബന്ധം വായിച്ചിട്ടും,ചാന്നാര്‍ ലഹളയുടെ ചരിത്രം പഠിച്ചിട്ടുമല്ല.
3)അപ്പോള്‍ പണ്ടത്തെ ചാതുര്‍ വര്‍ണ്യ വ്യവസ്ഥ അനുസരിച്ച് പിന്നോക്ക ജാതിക്കാരായിരുന്നവരുടെ പിന്‍തലമുറയ്ക്ക് ഉന്നമനം വേണ്ടേ?
തീര്‍ച്ചയായിട്ടും വേണം.വിദ്യാഭ്യാസം ആണല്ലോ സാമൂഹിക പുരോഗതിക്കുള്ള ഇന്നത്തെ മാനദണ്ഡം.അപ്പോള്‍ സര്‍ക്കാരിന് ചെയ്യാവുന്നത് ;ഏത് നില വരെയും കഴിവുള്ളവന് (പഠിക്കാന്‍, സ്വാശ്രയ ഫീസിനല്ല)സൗജന്യ വിദ്യാഭ്യാസം,അത് കഴിഞ്ഞാല്‍ അവനനവന്റെ കഴിവനുസരിച്ച് (അഭിരുചിയും) ജോലിയും എന്നത് ഒരു കര്‍മ്മ പദ്ധതിയായി നടപ്പാക്കകുക എന്നതാണ്.സൗജന്യ ആരോഗ്യ സംരക്ഷണം എന്നത് തത്വത്തിലെങ്കിലും നടപ്പാക്കിയിട്ടുള്ള ഇന്ത്യയില്‍ ഇതും നടക്കും. ഒരല്‍പ്പം ഇച്ഛാശക്തിയുള്ള നേതൃത്വം വേണം എന്ന് മാത്രം. അല്ലാതെ പൂര്‍വ്വികര്‍ അനുഭവിച്ച പീഡനത്തിന്റെ പരിഹാരം സംവരണം മാത്രമാണെങ്കില്‍, അമേരിക്കയിലും, ആഫ്രിക്കയിലും കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് കിട്ടേണ്ട സംവരണം ലോകത്ത് വേറെ ഒരുത്തനം കൊടുക്കാന്‍ പാടില്ല.കാരണം അവര്‍ അനുഭവിച്ചതിന്റെ നൂറിലൊന്ന് ഇവിടെ അര് അനുഭവിച്ചിരിക്കുന്നു?ഒരു കറുമ്പന്‍ അമേരിക്കയുടെ തലപ്പത്ത് വന്നത് സംവരണം എന്ന ആനുകൂല്യത്തിനു വേണ്ടി പോരാടിയ ജനതയുടെ പ്രതിനിധിയായി അല്ല മറിച്ച് സമത്വം എന്ന അവകാശത്തിനു വേണ്ടി ജീവന്‍ കളഞ്ഞവരുടെ പിന്‍ഗാമിയായിട്ടാണ് എന്നതും ഇവിടെ സ്മരണീയം.
ഇനി അന്തപ്പന് മാത്രമായി ചിലത്:
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനവും,മറ്റു സ്ഥിതി വിവര കണക്കുകളും പുക്കെട്ടിരുന്നു പഠിച്ച നേരത്ത്,ഞാന്‍ എഴുതിയ പോസ്റ്റ് ഒന്ന് മനസിരുത്തി വായിക്കാമായിരുന്നു. കാരണം അതില്‍ ഞാന്‍ സംവരണത്തെക്കുറിച്ചുള്ള എന്‍റെ അഭിപ്രായമല്ല പറഞ്ഞിരുന്നത്. ജാതി വ്യവസ്ഥയിലുള്ള സംവരണം വേണം എന്ന് പറയുന്ന അതെ ശ്വാസത്തില്‍ തന്നെ ജാതി വ്യവസ്ഥ തുടച്ച് നീക്കണം എന്നും പറയുന്ന ചിത്രകാരന്‍, ചാര്‍വാകന്‍ തുടങ്ങിയ ഫ്രാഡുകളെക്കുറിച്ചുള്ള എന്‍റെ അഭിപ്രായമായിരുന്നു ഞാന്‍ അവിടെ എഴുതിയത്. ജാതി വ്യവസ്ഥയില്‍ ഉള്ള സംവരണം നിലനിറുത്തിക്കൊണ്ട് തന്നെ ജാതി മത ചിന്തകളെ തുടച്ച് നീക്കണം എന്ന് പറയുന്നത് ശുദ്ധ അബദ്ധമോ,കള്ളത്തരമോ ആണെന്ന് പറയുന്നതിന്റെ ഭാഗമായിട്ട് മാത്രമാണ് സംവരണം എന്ന വിഷയം ആ പോസ്റ്റില്‍ കടന്നു വന്നത്.
അന്തപ്പന്റെ പോസ്റ്റില്‍ പറഞ്ഞത് പോലെ 'അന്തപ്പന് കണക്കുകള്‍ എവിടുന്ന് കിട്ടി?' എന്നതല്ല എ കെ സാറിന്റെ സംശയം.ശാസ്ത്ര സാഹിത്യ പരിഷത്തിലും, ബ്രിട്ടാനിക്കയിലും മുങ്ങി തപ്പുന്നവര്‍ക്ക് മലയാളം മനസിലാവില്ലേ എന്നതാണ്? അതോ നേരെ പറയുന്ന കാര്യങ്ങള്‍ പോലും അത്തരക്കാര്‍ തലതിരിഞ്ഞേ വ്യാഖ്യാനിക്കാവു എന്ന് നിയമം വല്ലതും ഉണ്ടോ?
അപ്പ ശരി,എല്ലാം പറഞ്ഞത് പോലെ.
എ കെ.
Monday, June 15, 2009
തെരിയാത് ???
ഇത് വെറും ഒരു സാങ്കല്പിക കഥയാണെന്നോ ,ഇതില്‍ കഥാപാത്രങ്ങള്‍ വെറും മായയാണെന്നോ ഒക്കെ പറയാന്‍ എനിക്ക് നല്ല സൌകര്യമില്ല. വിരോധമുള്ളവര്‍ വിരോധിച്ചോ.
:)കഥ :) (സ്മൈലികള് ചുമ്മാ കിടക്കട്ട്.എന്ന് കരുതി ഇനി പറയുന്നത് തമാശയല്ല കേട്ടാ ??? )
ഒരു നാടിന്റെ മുഴുവന്‍ അഭിമാനവും, ആശയും പ്രതീക്ഷയുമായി പിന്നെ മറ്റെന്തക്കെയോ കൂടിയായി വളര്‍ന്ന് വന്ന ഒരു വ്യക്തി ,ഒരു സുപ്രഭാതത്തില്‍ എല്ലാവരാലും നിരസിക്കപ്പെട്ടവനായി ആത്മഹത്യ ചെയ്യുക;ദാരുണമായ ഈ സംഭവം നടന്നത് കോട്ടയം ജില്ലയിലെ പാലയിലാണ്.
സംഭവത്തിലേക്ക് കടക്കും മുന്‍പ് ഒരല്‍പ്പം പിന്‍കഥ പറയേണ്ടതുണ്ട്.
പാലയുടെ അഭിമാനമായിരുന്നു കുഞ്ഞുമോന്‍.ഉത്സാഹശാലിയായ ചുമരെഴുത്ത് തൊഴിലാളി മാത്രമല്ല,അന്നാട്ടിലെ എന്ത് നല്ല കാര്യത്തിനും മുന്നിട്ടിറങ്ങുന്ന പൊതുകാര്യ പ്രസക്തന്‍ കൂടിയായ കുഞ്ഞുമോന്‍ എഴുതിയ ചുമരെഴുത്തുകള്‍ മ്യൂറല്‍ ചിത്രങ്ങളെ വെല്ലുന്നവയായിരുന്നത്രേ. പാലാക്കാര്‍ക്കാണേലോ;'പേറെടുക്കല്‍ തുടങ്ങി ശവമടക്കുവരെ എന്നാ ചടങ്ങായാലും മാണി സാറ് വന്നില്ലേലും കുഞ്ഞുമോന്‍ മസ്റ്റായിട്ട് വേണം,ഇല്ലേ സങ്കടവാ' എന്ന അവസ്ഥയും. ഇത്ര മാത്രംപോരെ കുഞ്ഞുമോന്റെ ജനസമ്മതി മനസിലാക്കാന്‍ ? (പോരെങ്കില്‍ ദാ ഇതൂടെ പിടിച്ചോ ) തങ്കപ്പെട്ട സ്വഭാവമുള്ള കുഞ്ഞുമോന്‍ പാലായിലെ അമ്മമാരുടെ പുത്ര സങ്കല്‍പ്പവും, അവിവാഹിതകളുടെ ഭര്‍തൃ സങ്കല്‍പ്പവുമായിരുന്നു.
നാട്ടിലുള്ള ചെറുപ്പക്കാരികളുടെ മുഴുവന്‍ സ്വപ്നമായിരുന്നെങ്കിലും,കുഞ്ഞുമോന്റെ മനസ്സില്‍ ദേവസ്സി മുതലാളിയുടെ മകള്‍ ടെസ്സി മാത്രമായിരുന്നു. മനസ്സില്‍ മാത്രമല്ല ,വൈകുന്നേരങ്ങളില്‍ ബാറില്‍ പോയി പതിവുള്ള നാലെണ്ണം കീച്ചിയ ശേഷം കുഞ്ഞുമോന്‍ പാടുന്ന പാട്ടുകളില്‍ പോലും ടെസ്സി നിറഞ്ഞ് നിന്നിരുന്നു.സാമ്പത്തികമായി തന്നെക്കാള്‍ ഏറെ പിന്നോക്കം നില്‍ക്കുന്നവനെങ്കിലും, കുഞ്ഞുമോനെപ്പോലെ സ്വഭാവ മഹിമയും,ജന സമ്മതിയും ഉള്ള ഒരാള്‍ തന്റെ മകളെ സ്നേഹിക്കുന്നതില്‍ ദേവസ്സി മുതലാളിക്കും, നോ പ്രോബ്ലം.
അങ്ങനെ സ്വച്ഛമായി ഒഴുകുന്ന മീനച്ചലാറിന്റെ മട്ടില്‍ ജീവിതം മുന്നോട്ട് പോകവെയാണ്, ഏറ്റുമാനൂര്‍കാരന്‍ ബിജു കുഞ്ഞുമോന്റെ പതിവ് ബാറില്‍ സപ്ലയറായി എത്തുന്നത്. എത്തിയ ദിവസം തന്നെ അവന്‍ കുഞ്ഞുമോന്റെ ജീവിതം കോഞ്ഞാട്ടയാക്കി എന്ന് പറയുമ്പോള്‍ ,അത് വെറും സത്യം മാത്രമായി ചരിത്രത്തിലേക്ക് കയറിയേക്കാവുന്ന ഒരു പ്രസ്താവനയാകും.
പാലയുടെ മുത്തായ കുഞ്ഞുമോനെക്കുറിച്ച് സഹപ്രവര്‍ത്തകരില്‍ നിന്നും അറിഞ്ഞ ബിജു,അന്ന് കുഞ്ഞുമോന്റെ പതിവ് കോന്റെസ്സാ റമ്മും , ബീഫ് ഉലത്തിയതും വിളമ്പുന്ന ജോലി സ്വയം ഏറ്റെടുത്തു.
നാലാമത്തെ ലാര്‍ജ്ജില്‍ മൂന്നാം ഐസ് ക്യൂബ് ഇട്ട ശേഷമാണ് കുഞ്ഞുമോന്റെ ജീവിത കട്ടപൊഹയാക്കിയ ചോദ്യം അവന്റെ നാവില്‍ നിന്നും വീണത്.
"പാലയില്‍ കുഞ്ഞുമോന്‍ ചേട്ടായിയെക്കാള്‍ പ്രശസ്തനായി ഫ്രാഡ് പാപ്പി മാത്രമേ കാണു,അല്ലേ ചേട്ടായി?".
ടെസ്സിയെക്കുറിച്ച് ഒരു ഗാനം സ്വയം നിര്‍മ്മിച്ച് ട്യൂണ്‍ ചെയ്തു പാടാന്‍ ഒരുങ്ങുകയായിരുന്ന കുഞ്ഞുമോന്‍ അമ്പരപ്പോടെ ബിജുവിനെ നോക്കി "ഏത് ഫ്രാഡ് പാപ്പി?"
ബിജുവിനോട് കുഞ്ഞുമോന്‍ ചോദിച്ച ആ മറുചോദ്യം പ്രതികരണമുയര്‍ത്തിയത് ആ ബാറിലൊന്നാകെയായിരുന്നു. വെള്ളമടിച്ച് ചുവന്ന അനേകം ജോടി കണ്ണുകള്‍ കുഞ്ഞുമോനെ തുറിച്ച് നോക്കുന്നു.
പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു.ബാറില്‍ നിന്നും പാലാ ഫ്രാഡ് പാപ്പിയെ അറിയാത്തതിന്റെ പേരില്‍ മനേജര്‍ ഉത്പെട്ടവര്‍ ചേര്‍ന്ന് ഉത്പടെയുള്ളവര്‍ കുഞ്ഞുമോനെ കഴുത്തിനു പിടിച്ച് പുറത്താക്കുന്നതില്‍ തീര്‍ന്നില്ല കാര്യങ്ങള്‍.
ടെസ്സി കുഞ്ഞുമോനെ തള്ളി പറഞ്ഞു. ദേവസ്സി കുഞ്ഞുമോനോട് 'ഇനി എന്റെ പുരയിടത്തിന്റെ പരിസരത്ത് നിന്നെ കാണരുത് ,ചെകുത്താനെ!!! ' എന്ന് ആട്ടി. കുഞ്ഞുമോന്റെ സ്വന്തം അപ്പനും ,അമ്മയും ഏക മകനെ ഉപേക്ഷിച്ചു ധ്യാനം കൂടാന്‍ പോയി. ഇടവക വികാരി കുഞ്ഞുമോനെതിരെ ഇടയലേഖനം ഇറക്കി .വേണ്ടിവന്നാല്‍ കുഞ്ഞുമോനെ പാലയില്‍ നിന്നും തുരത്താന്‍ മൂന്നാം വിമോചന സമരം (രണ്ടാം സമരം വേറെ ചില കാര്യങ്ങള്‍ക്ക് ഉടനടി നടത്തും എന്നാണു ലോഹകള്‍ പറയുന്നത്) നടത്തും എന്ന് അരമനയില്‍ നിന്നും അറിയിപ്പുണ്ടായി.
ഇത്രയൊക്കെയായിട്ടും പാല ഫ്രാഡ് പാപ്പി ആരെന്നു മാത്രം ഒരാളും കുഞ്ഞ്മോന് പറഞ്ഞു കൊടുത്തില്ല. ജീവനേക്കാള്‍ ഏറെ സ്നേഹിച്ച പെണ്ണും, അവളുടെ പണക്കാരന്‍ അപ്പനും ഒരുപോലെ തള്ളിപ്പറഞ്ഞതും ,തലേന്നുവരെ 'കുഞ്ഞുമോനെ' എന്ന് തികച്ച് വിളിക്കാത്ത വീട്ടുകാരുടെ പ്രവര്‍ത്തിയും,ബാറിലെ സംഭവത്തിനു ശേഷം '@#$%^മോനെ'എന്ന് നിരന്തരം വിളിക്കുന്ന നാട്ടുകാരും എല്ലാംകൂടി കുഞ്ഞുമോന്റെ മനസിനെ വേട്ടയാടി. ഒടുവില്‍ കുഞ്ഞ്മോന്‍ ഒരു തീരുമാനത്തിലെത്തി.'തന്നെ ആര്‍ക്കും വേണ്ടെങ്കില്‍ അങ്ങ് ചത്തേക്കാം.'
വളരെ കഷ്ട്ടപ്പെട്ടു ഒരു ഫുള്‍ റമ്മും, ഒരു പാക്കെറ്റ് എലിപ്പാഷാണവും സംഘടിപ്പിച്ച് (പാലായിലെ കടക്കാര്‍ ഫ്രാഡ് പാപ്പിയെ അറിയാത്ത കുഞ്ഞുമോന് സാധങ്ങള്‍ കൊടിക്കില്ല എന്ന വാശിയിലായിരുന്നത്രേ) കോട്ടയം പട്ടണത്തില്‍ പോയി കുഞ്ഞുമോന്‍ ഒരു ലോഡ്ജില്‍ മുറിയെടുത്തു. അവസാനത്തെ ലാര്‍ജില്‍ പാഷാണം കലര്‍ത്തി കുടിക്കുക എന്ന ഉദ്ദേശത്തോടെ കുഞ്ഞുമോന്‍ ,മുറിയടച്ചിരുന്ന് സേവ തുടങ്ങി. ഇടക്കെപ്പഴോ കുഞ്ഞുമോന്റെ അലയിളകുന്ന മനസ്സ് ആ വിലകുറഞ്ഞ ലോഡ്ജ് മുറിയിലെ ഒരു പ്രത്യേകത ശ്രദ്ധിച്ചു.ആ മുറിയില്‍ അഞ്ച് വെയിസ്റ്റ് ബാസ്കെറ്റുകള്‍ ഉണ്ട്.അവയില്‍ നാലെണ്ണം നിറഞ്ഞ് കവിയുന്നത്ര ചാരം. അഞ്ചാമത്തെ ചവറ്റുകുട്ടയില്‍ ചാരം തന്നെയധികമെങ്കിലും, കത്താതെ ശേഷിക്കുന്ന നാലഞ്ച് താള്‍ കടലാസുകള്‍ .മുറി വൃത്തിയാക്കാന്‍ ലോഡ്ജുകാര്‍ മറന്നതില്‍ കുഞ്ഞുമോന് എന്തോ തെല്ലും നീരസം തോന്നിയില്ല. മാത്രമല്ല ഒരു കൌതുകത്തിന് വേണ്ടി ചവറ്റു കുട്ടയില്‍ കത്താതെ ശേഷിച്ച താളുകള്‍ അയാള്‍ എഴാം ലാര്‍ജ്ജിനൊപ്പം എടുത്ത് വായിച്ച് തുടങ്ങി.
രണ്ട് താളുകള്‍ വായിച്ച് കഴിഞ്ഞതും കുഞ്ഞുമോന്റെ മുഖമാകെ വലിഞ്ഞു മുറുകി. ഭ്രാന്ത് പിടിച്ചത് പോലൊരു അവസ്ഥയില്‍ കുഞ്ഞുമോന്‍ ലൈറ്റര്‍ കത്തിച്ച് കൈയ്യിലിരുന്ന ആ മുഴുവന്‍ കടലാസുകളും ഒറ്റയടിക്ക് ചാരമാക്കി.അനന്തരം ആ ചാരവും, ചവറ്റുകുട്ടകളിലെ ചാരവും എല്ലാം എടുത്ത് ടോയിലെറ്റില്‍ കൊണ്ട് ഫ്ലഷ് ചെയ്തു തിരികെയെത്തിയ കുഞ്ഞുമോന്‍, ഷര്‍ട്ടിന്റെ പോകറ്റില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് എഴുതാനായി കൊണ്ട് വന്നിരുന്ന കടലാസും,പേനയും എടുത്ത് ധൃതിയില്‍ എന്തോ എഴുതി.ശേഷം അവസാന ലാര്‍ജിനു കാക്കാതെ പാഷാണം അത് പടി പൊട്ടിച്ച് വായിലേക്ക് തട്ടി.എന്നിട്ട് റം കുപ്പി മൊത്തി കുടിച്ചു;മരിച്ച് വീണു.
പിറ്റേന്ന് പോലീസ് ലോഡ്ജ്മുറിയില്‍ നിന്നും കുഞ്ഞുമോന്റെ മൃതശരീരത്തോടൊപ്പം അയാള്‍ എഴുതിയ കുറിപ്പും കണ്ടെടുത്തു. അത് ഇങ്ങനെ വായിച്ചു
'ഈ മുറിയില്‍ മുന്‍പ് താമസിച്ചിരുന്ന കഴുവേറി അനുഭവിച്ചേ ചാകത്തൊള്ളു. ഫ്രാഡ് പാപ്പി എഴുതിയ കഥകള്‍ കത്തിച്ചു ചാരമാക്കുമ്പോള്‍, അതില്‍ നാലഞ്ച് താളുകള്‍ കത്താതെ പോയത് ശ്രദ്ധിക്കാത്ത അവന്‍ ഒറ്റയൊരുത്തന്‍ കാരണമാണ് എന്റെ ടെസ്സിക്ക് എഴുതേണ്ടിയിരുന്ന യാത്രാമൊഴി ഈ പരുവത്തിലായതും, ഞാന്‍ വിചാരിച്ചതിലും നേരത്തെ ആത്മഹത്യ ചെയ്യുന്നതും.രണ്ട് പേജെങ്കില്‍ രണ്ട് പേജ്...ഫ്രാഡ് പാപ്പി എഴുതിയ ചവറ് ഞാന്‍ വായിക്കുവാന്‍ കാരണക്കാരനായ തെണ്ടി ...നീ നിത്യ നരകത്തില്‍ പോട്ടെ.'
കുഞ്ഞുമോന്‍
മോറല്‍ ഓഫ് ദി സ്റ്റോറി:
ടെസ്സി വക : 'ധീരനും, സത്ഗുണ സമ്പന്നനുമായ എ കെയെ അറിയില്ലെങ്കിലും (കണ്ടാ,കണ്ടാ,കഥയില്‍ ഇല്ലായിരുന്നിട്ടും ഞാന്‍ കയറി സ്കോര്‍ ചെയ്യുന്നത് കണ്ടാ) ഫ്രാഡ് പാപ്പിയെ കുഞ്ഞിച്ചായന്‍ അറിയേണ്ടതല്ലേ?ചന്ദനക്കുളം കണ്ടില്ലെങ്കിലും, ചാണകക്കുഴി കാണണ്ടേ?'
ദേവസ്സി മുതലാളി വക : ' ആളുകളെ നിറുത്തി വടിയാക്കുന്ന ഇത്ര വല്യ ഒരു ചെറ്റയെ അറിയാത്ത ഒരു ശുദ്ധന്‍ എങ്ങനെ എന്റെ മോളെക്കെട്ടി , എന്റെ സ്ഥാപനങ്ങള്‍ ഒക്കെ നോക്കി നടത്തുമെന്നെ?
ഇടവക വികാരി വക : 'യേശുവിനെ അറിഞ്ഞില്ലെങ്കിലും , ബറാബസ്സിനെ തിരിച്ചറിയാന്‍ കഴിവില്ലാത്തവന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര കൊള്ളുന്നത് തന്നെയാണ് ഉത്തമം'.
ഇനി എന്റെ വക ഒന്ന് സ്പെഷ്യല്‍ : 'ചുമ്മാ തരികിട പരിപാടികള്‍ കാണിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു, ഇങ്ങനെ എന്തേലുമൊക്കെ വന്ന് കൂടുമെന്ന്.'
Tuesday, June 2, 2009
ജീവന്റെ നീതി
ലേഖനത്തില്‍ എന്നെ ഏറ്റവു പ്രബുദ്ധനാക്കിയ വാചകങ്ങള്‍ ഇവയാണ്
" പേര് എന്താണെന്ന് നസറുദ്ദീന്‍ ഷായുടെ കഥാപാത്രം വെളിപ്പെടുത്തുന്നുണ്ടെങ്കിലും അത് പ്രേക്ഷകരുമായി പങ്കുവയ്ക്കാന്‍ സാധ്യമല്ലെന്നാണ് പ്രകാശ് റാത്തോഡ് പറയുന്നത്. കയ്യില്‍ മുഴുവന്‍ മന്ത്രച്ചരടുകള്‍ കെട്ടിയ പ്രകാശ് റാത്തോഡിന്റെ കയ്യില്‍ നിന്ന് ഷേയ്ക്ക്‌ഹാന്‍ഡ് വാങ്ങുന്ന നസറുദ്ദീന്‍ ഷായുടെ ഒരു ചരടും ഇല്ലാത്ത കയ്യുടെ ക്ലോസപ്പ് സിനിമയിലുണ്ട്. അത് കാണുമ്പോഴും സിനിമയുടെ മൊത്തം സാഹചര്യം മനസിലാവുമ്പോഴും നസറുദ്ദീന്‍ ഷായുടെ കഥാപാത്രത്തിന്റെ മതമെന്താണെന്ന് നമുക്ക് മനസിലാവും. സര്‍ക്കാരിനോടും പൊലീസിനോടും വിലപേശി നസറുദ്ദീന്‍ ഷായുടെ കഥാപാത്രം ജയിലിന് വെളിയില്‍ കൊണ്ടുവരുന്ന എല്ലാ തീവ്രവാദികളെയും ഇല്ലായ്മ ചെയ്യാന്‍ ‘സാധാരണക്കാരിലൊരുവന്’ കഴിയുന്നു. ഒടുവിലത്തെ തീവ്രവാദിയെ അവസാനിപ്പിക്കാന്‍ ഒരു മുസ്ലീം പൊലീസ് ഓഫീസറുടെ സേവനവും നസറുദ്ദീന്‍ ഷായുടെ കഥാപാത്രത്തിന് കിട്ടുന്നു. സിനിമയുടെ അവസാനം, ഒഴിഞ്ഞ ഒരു കെട്ടിടത്തിന് താഴെ പ്രകാശ് റാത്തോഡിനെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട് നസറുദ്ദീന്‍ ഷായുടെ കഥാപാത്രത്തിന്. തീവ്രവാദികള്‍ മുഴുവന്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍ നിന്നുള്ളവരാണെന്ന ഭൂരിഭാഗത്തിന്റെ അബദ്ധധാരണ നീരജ് പാണ്ഡേയും ആവര്‍ത്തിക്കുന്നു. ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ട തീവ്രവാദികളെ ഇല്ലായ്മ ചെയ്യാന്‍ ആ മതവിഭാഗത്തില്‍ പെട്ട ഒരാള്‍ തന്നെ ‘വാളണ്ടിയര്‍’ ആയി മുന്നോട്ട് വരുന്നിടത്താണ് നീരജ് അറിയാതെ തന്നെ (അതോ അറിഞ്ഞിട്ടോ) ഈ സിനിമ ‘ഭൂരിപക്ഷ വര്‍ഗീയത’യുടെ ഭാഗമാവുന്നത്." (നസറുദ്ദീന്‍ ഷാ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അരയിലും കൂടി ലേഖകന് ഒന്ന് തപ്പി നോക്കാമായിരുന്നു.വല്ല ഏലസോ, തകിടോ കിട്ടിയാല്‍ പ്രശ്നം തീര്‍ന്നില്ലേ ?)
ഈ കണ്ടുപിടുത്തം നടത്തിയ മഹാനെ ഒന്ന് അഭിനന്ദിക്കണം എന്ന തോന്നല്‍ ഉണ്ടായതാണ്.പക്ഷേ ഇത്ര ഗഹനമായ ഗവേഷണം നടത്തി കലയിലും,കവിതയിലും ഭൂരിപക്ഷ വര്‍ഗീയത കണ്ടെത്തുന്ന ഇന്റെര്‍നെറ്റിലെ ആദ്യത്തെയാളല്ല ഈ ലേഖകന്‍ എന്ന കാര്യം ഓര്‍ത്തത് അപ്പോഴാണ് .സമീപ കാലത്ത് തന്നെ ഒരു ബ്ലോഗില്‍ 'പാസഞ്ചര്‍' എന്ന ചിത്രത്തിന്‍റെ നിരൂപണത്തിന് വന്നൊരു അഭിപ്രായത്തില്‍ പറഞ്ഞിരിക്കുന്നത് ' സിനിമയില്‍ അണലി ഷാജി എന്ന ഗുണ്ടയെ അയാളുടെ അനുയായികള്‍ ഇക്കാ എന്ന് സംബോധന ചെയ്യുന്നത് ഒഴിവാക്കിയിരുന്നെങ്കില്‍ ഷാജി മതമില്ലാത്ത ഒരു വില്ലന്‍ ആയേനെ' എന്നതായിരുന്നു. ചിത്രത്തിലെ തോമസ് ചാക്കോ ,ഡി ജി പി സ്വാമി എന്നീ വില്ലന്മാരുടെ ജാതിയോ മതമോ അഭിപ്രായം പറഞ്ഞ വ്യക്തി ശ്രദ്ധിച്ച് കാണില്ല.ഒരു പക്ഷേ അവിടെ വര്‍ഗീയത ഉണ്ടെന്ന് കൂവിയാല്‍ ഏറ്റു പിടിക്കാന്‍ കിട്ടുമോ എന്ന സംശയമായിരിക്കാം കാരണം.
പരിതാപകരമായ ചലച്ചിത്ര ആസ്വാദനം ,അപക്വമായ ചിന്തകള്‍ , മന്ദബുദ്ധികളുടെ ശ്രേണിയില്‍പ്പെടുത്താവുന്ന ഭാഷ;ഇവയൊക്കെ ക്ഷമിക്കാം. പ്രത്യേക വിഭാഗത്തിനെ പ്രക്ഷുബ്ദരാക്കുന്ന തരത്തില്‍, വികലമായ സ്വന്തം ആശയങ്ങള്‍ മറ്റൊരാളുടെ തലയില്‍ കെട്ടി വെയ്ക്കാനുള്ള ശ്രമങ്ങളെ എന്ത് ചെയ്യണം?പ്രത്യേകിച്ചൊന്നും ചെയ്യേണ്ട കാര്യമില്ല;ഇത്തരം അഭിപ്രായങ്ങള്‍ വായിക്കുകയോ ,കേള്‍ക്കുകയോ ചെയ്യുന്നവര്‍ സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുകയാണെങ്കില്‍.അല്ലാതെ അബ്ദുല്‍ കരീമിന്റെ കയ്യില്‍ നിന്നും കടം വാങ്ങിയ കാശ് അയാള്‍ തിരികെ ചോദിച്ചപ്പോള്‍ കൊടുക്കാതെ അയാളെ അനാവശ്യം പറഞ്ഞ അര്‍ജ്ജുന്‍ കൃഷ്ണയെ അബ്ദുല്‍കരീം തല്ലി.അവര്‍ തമ്മില്‍ അടി പിടിയായി എന്ന സംഭവത്തെ പത്രങ്ങളോ ,മേല്‍പ്പറഞ്ഞത് പോലുള്ള വിഷ ജന്തുക്കളോ 'തിരുവനന്തപുരത്ത് അബ്ദുല്‍കരീം എന്ന മുസ്ലീം സഹോദരനെ അര്‍ജ്ജുന്‍ കൃഷ്ണ എന്ന ഹിന്ദു വര്‍ഗീയ വാദി തല്ലി' എന്ന് അവതരിപ്പിക്കുമ്പോള്‍,അത് വായിക്കുന്ന മുഹമ്മദ് 'ഓഹോ എന്റെ മതമായ ഇസ്ലാമില്‍ പെട്ട അബ്ദുല്‍ കരീമിനെ ഹിന്ദുവായ അര്‍ജ്ജുന്‍ തല്ലിയോ?"എന്നും,രാമന്‍ തിരിച്ചും ചിന്തിക്കുന്നടുത്താണ് പ്രശ്നങ്ങളുടെ തുടക്കം.
ഇത്തരത്തില്‍ ചിന്തിക്കാന്‍ തയാറായ ഒരു ജനതയെ തന്നെയാണ് ആദ്യ കാലം മുതല്‍ മാധ്യമങ്ങളും ഇപ്പോള്‍ ബ്ലോഗിലും , സൈറ്റുകളിലും കുറെ ക്ഷുദ്ര ജീവികളും ഭംഗിയായി അവരുടെ വിവിധ കാര്യ സാധ്യങ്ങള്‍ക്കായി ഉപയോഗിച്ച് വരുന്നത് .(അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ആക്രമണം നടത്തുന്ന കാലത്ത് ,ഡല്‍ഹി ജുമാ മസ്ജിദില്‍ ജുമാ നിസ്കാരത്തിനു തടിച്ചു കൂടിയ ആയിരങ്ങളുടെ ചിത്രം കൊടുത്തിട്ട് 'ബിന്‍ ലാദന്റെ സുരക്ഷക്കായി പ്രാര്ത്ഥിക്കാന്‍ തടിച്ച് കൂടിയ ജനം' എന്നാ അടിക്കുറിപ്പ് കൊടുത്ത പത്രത്തിന്റെ നാടാണിത് .)
മാധ്യമങ്ങളുടെയും മറ്റുള്ളവരുടെയും ലക്ഷ്യങ്ങള്‍ എന്തുമാകട്ടെ. അവര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ സ്വന്തം തലച്ചോറ് ഉപയോഗിച്ച് ചിന്തിച്ചു തുടങ്ങിയാല്‍ പിന്നെയവര്‍ എന്ത് എഴുതി വിട്ടാലും അത് വിഷയമാകില്ല.
പക്ഷേ സ്വബുദ്ധിയില്‍ ചിന്തിയ്ക്കാന്‍ എത്ര ആളുകള്‍ ഉണ്ടാകും ഇന്ന് നമ്മുടെ നാട്ടില്‍?അവനവന്റെ വിശ്വാസത്തെ സംരക്ഷിക്കാന്‍ ആയുധം എടുക്കുക എന്നത് അന്തിമമായി ആ വിശ്വാസത്തെ തന്നെ വഞ്ചിക്കുക എന്ന അവസ്ഥയാണ് എന്നത് എത്ര പേര്‍ തിരിച്ചറിയും?
പറഞ്ഞത് രാമനോ ,കൃഷ്ണനോ ,മുഹമ്മദോ ,ക്രിസ്തുവോ ആരുമാകട്ടെ.പേരില്‍ മാത്രമല്ല,ലോകത്തിന് തീ പിടിക്കുന്ന കാരണമായാല്‍ തന്നെ മറ്റൊരു ജീവന്‍ എടുക്കുവാന്‍ ഈ ഭൂമിയില്‍ ഒരുവനും അവകാശമില്ല .(രാമന്‍ ,മുഹമ്മദ്,ക്രിസ്തു എന്നിവര്‍ അന്യ മത വിശ്വാസികളെ കൊന്ന് തള്ളണം എന്ന് പറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നത് അവരവര്‍ തീരുമാനിക്കേണ്ട വിഷയമാണ് .മത ഗ്രന്ഥങ്ങള്‍ വായിച്ചിട്ടല്ല ,സ്വന്തം ബുദ്ധി ഉപയോഗിച്ച് .)
മതം, ജാതി ,നിറം,ഭാഷ,ദേശം തുടങ്ങിയവയിളുള്ള വ്യത്യാസങ്ങള്‍ നില നില്‍ക്കുമ്പോഴും,മനുഷ്യനെ സമന്മാരാക്കുന്നത് ജീവന്‍ എന്ന പ്രതിഭാസം മാത്രമാണ്. ജീവന് യാതൊരു വ്യത്യാസങ്ങളും ഇല്ല .അതിന് ഒരു നീതിയെ ഉള്ളു.സ്വച്ഛമായ നിലനില്‍പ്പ്.ഭൂമിയിലെ ജീവന്‍ മുഴുവന്‍ മുനുഷ്യന്‍ തമ്മില്‍ത്തല്ലി നശിപ്പിച്ചാലും,പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും അത് വീണ്ടും ഉരുവാകും.അത് തീര്‍ച്ചയാണ്. അക്കാരണം കൊണ്ട് തന്നെ,സുന്ദരമായ ഈ ഭൂമിയില്‍ ഏതെങ്കിലും സ്വാമിയോ,പാതിരിയോ ,മൌലവിയോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ പ്രചരിപ്പിക്കുന്ന അബദ്ധങ്ങളില്‍ മയങ്ങി, തമ്മിലടിച്ച് സ്വയം നശിക്കണോ എന്ന തീരുമാനം നമ്മുടേത് മാത്രമാകുന്നത്.
Sunday, May 3, 2009
ഒരു ബ്ലോഗിയുടെ മരണം
മരണമെന്നാല്‍ ഇതാണ് മരണം. അല്ലലില്ലാത്ത സുഖമരണം. മരിച്ചത് ഒരു പ്രമുഖ ബ്ലോഗി. ബ്ലോഗിയെന്നാല്‍ ബ്ലോഗ് വായനക്കാരന്‍.(എഴുതുന്നവന്മാര്‍ ബ്ലോഗേര്‍സ് ആണെങ്കില്‍ വായിക്കുന്നവന്‍ ബ്ലോഗി എന്ന് പറഞ്ഞത് വേറെ ആരുമല്ല,മഹാനായ വണ്‍ ആന്‍ഡ് ഒണ്‍ലി മീ).
അവന്‍ ബ്ലോഗിയായത് തികച്ചും യാദൃശ്ചികമായിട്ടയിരുന്നു.അവസാനത്തെ രണ്ടു കാമുകിമാരില്‍ ഒരുവള്‍ മഠത്തില്‍ ചേരുകയും,മറ്റവളുടെ വിവാഹം കഴിയുകയും ചെയ്ത ദിവസം, നഗരത്തിലെ ബാറുകളില്‍ ഒന്നില്‍ നിന്ന് പോലും പറ്റ് കിട്ടുകയില്ല എന്ന അവസ്ഥയില്‍ മലയാളം ബ്ലോഗുകളുടെ ലോകത്തെത്തിയ അവന്‍ പിന്നെ പിടി വിട്ടില്ല.
രാപ്പകലില്ലാതെ മലയാളം ബ്ലോഗുകള്‍ വായിച്ച് തള്ളി അവന്‍ ബ്ലോഗിയായത്തിന്റെ അനന്തര ഫലം ആദ്യം അനുഭവിച്ചത് സ്വന്തം വീട്ടില്‍ അച്ഛനും, ബ്ലോഗിയാകുന്നതിന് മുന്‍പ് അവനുംചെര്‍ന്നു വാങ്ങി ക്കൂട്ടിയിരുന്ന പുസ്തകങ്ങളാണ്."വായനക്കാര്‍ക്ക് ഉടനടി കമന്‍റ് രൂപത്തില്‍ അഭിപ്രായം പറയാന്‍ പുസ്തകങ്ങളില്‍ വകുപ്പുണ്ടോ?പോട്ടെ,ഇവയിലെ ഭാഷക്ക് മലയാളം ബ്ലോഗുകളിലെ ശുദ്ധിയുണ്ടോ?" എന്നൊക്കെയായിരുന്നു പുസ്തകങ്ങള്‍ വാരിയിട്ടു തീ കൊളുത്തുമ്പോള്‍ അവന്‍റെ ചോദ്യം. ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടിയില്ലെങ്കിലും,ചെയ്ത പ്രവൃത്തിക്ക് പ്രതികരണം സ്പോട്ടില്‍ കിട്ടി .ഇപ്പോള്‍ വീട്ടില്‍ കൈ നോക്കാന്‍ കാക്കത്തികള്‍ വന്നാല്‍ അമ്മയുടന്‍ അവനെ വിളിച്ച് ഇടത്തേ കാരണം കാട്ടിയാണ് അവന്‍റെ അച്ഛന്റെ ഭാവി ചോദിക്കുന്നത്.
പക്ഷേ അത് കൊണ്ടൊന്നും അവന്‍ ബ്ലോഗി എന്ന സ്ഥാനം ഉപേക്ഷിച്ചില്ല.ഫലമോ, നാലിന്റെയന്ന് വീടിനടുത്ത കടയിലെ ബുക്ക് സ്റ്റാന്ഡില്‍ വെച്ചിരുന്ന മാസികകള്‍ ഒന്നൊഴിയാതെ എടുത്ത് തുണ്ടം തുണ്ടമായി നുറുക്കി. 'രാഷ്ട്രീയ പൈങ്കിളി ലേഖനങ്ങളുടെ നടപ്പ് അല്‍ഗോരിതം ഡീകണ്‍സ്ട്രെക്റ്റ്' ചെയ്യുകയായിരുന്നത്രേ ഉദ്ദേശം.'
നാട്ടുകാര്‍ അധികപക്ഷവും ബ്ലോഗ് വായനക്കാര്‍ അല്ലായിരുന്നതിനാല്‍ ബ്ലോഗി സ്ഥലം എസ് ഐക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടു."മേലാല്‍ ഇമ്മാതിരി പോക്രിത്തരങ്ങള്‍ കാണിച്ചാല്‍ @#$%^& നിന്നെപ്പിടിച്ച് ചങ്ങലക്കിടും ഞാന്‍!!!" എന്ന് വിരട്ടാന്‍ ശ്രമിച്ച എസ് ഐയെ "ഭീഷണി വേണ്ട. വിവരസാങ്കേതിക വിദ്യ സൃഷ്ട്ടിക്കുന്ന വിപ്ലവത്തിന്റെ സോഷ്യലിസം തന്നെപ്പോലുള്ളവരെ പരിഭ്രാന്തരാക്കും എന്നെനിക്കറിയാം. അമേരിക്കയില്‍ ഒബാമയുടെ തിരഞ്ഞെടുപ്പ് കമ്പ്ലീറ്റ് ഞങ്ങള്‍ മലയാളം ബ്ലോഗുകളിലൂടെ നിയന്ത്രിച്ചത് പോലെ താമസിയാതെ ഇവിടെയും മാറ്റത്തിന്റെ കാറ്റടിക്കും,മി .എസ് ഐ" എന്നവന്‍ തിരിച്ചു വിരട്ടി. പാവം എസ് ഐ, രാത്രിക്ക് രാത്രി പച്ചാളത്തേക്ക് സ്ഥലംമാറ്റം വാങ്ങി നാട് കടന്നു.
അത് ബ്ലോഗിയുടെ പ്രയാണത്തിന്റെ തുടക്കം മാത്രമായിരുന്നു.താമസിയാതെ കേരളത്തിലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണ്ണയം ഗാസ ആക്രമിച്ചതില്‍ ഇസ്രായേലിനെക്കൊണ്ട് ഏത്തമിടീക്കല്‍,അമേരിക്കയെ ബെഞ്ചില്‍ക്കയറ്റി നിറുത്തല്‍ ,മന്‍മോഹന്‍ സിങ്ങിന് മെഡല്‍ ഓഫ് ഓണര്‍ നല്‍കല്‍ ,പ്രകാശ് കാരാട്ടിനെയും ,പിണറായി വിജയനെയും മര്യാദ പഠിപ്പിക്കല്‍ , പുസ്തകക്കച്ചവടം ,കൊടുങ്ങലൂര്‍ ഭരണി തുടങ്ങിയ കാര്യങ്ങള്‍ ബ്ലോഗര്‍മാര്‍ മലയാളം ബ്ലോഗുകള്‍ വഴി പുഷ്പം പോലെ നടത്തിയ കഥകള്‍ അവന്‍ കാണുന്നവരോടൊക്കെ പറഞ്ഞ് തുടങ്ങി.
മകനെ ഇത്രയധികം സ്വാധീനിക്കുന്ന ബ്ലോഗ് എന്താണെന്നറിയാന്‍ അവന്റെ അച്ഛന്‍ ഒരു ശ്രമം നടത്തി നോക്കിയത് അപ്പോഴാണ്.വലത്പക്ഷ രാഷ്ട്രീയ പ്രതിരോധത്തിലൂന്നിയ ഒരു അമേരിക്കന്‍ ബ്ലോഗിലെ പോസ്റ്റ് കാല്‍ ഭാഗവും, ഇടതുപക്ഷത്തിന്റെ സമാന കുന്തം തലക്കെട്ടും, മത ഗ്രന്ഥങ്ങളെ വിശകലനം ചെയ്യുന്ന ഭൌതിക ബ്ലോഗുകളില്‍ ഒന്നിലെ പോസ്റ്റ് ഒന്ന് മുഴുവനും,അവന്റെ അച്ഛന്‍ ധീരമായി വായിച്ചു.പിന്നെ രണ്ട് ദിവസത്തേക്ക് അവന്റെ അച്ഛന് മലയാള അക്ഷരങ്ങള്‍ തിരിച്ചറിയാന്‍ ഭാഷാ നിഘണ്ടു വേണ്ടി വന്നത്രേ.
ഏതായാലും അതിന് ശേഷം മകനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല എന്ന തീരുമാനത്തില്‍ വീട്ടുകാര്‍ ബ്ലോഗിയെ കേരളത്തിലെ ഒരു പ്രമുഖ മനോരോഗ വിദഗ്ദ്ധന്റെ മുന്നിലെത്തിച്ചു.
ഡോക്റ്റര്‍ അവനെ ഹിപ്നോട്ടൈസ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ പാതിമയക്കത്തില്‍ ഉരുവിട്ടത് 'കരിദിനാചരണവും ,അനോണിയായി അവനെ ഹിപ്നോട്ടൈസ് ചെയ്യാന്‍ ശ്രമിക്കുന്ന ഡോക്റ്ററുടെ പേരില്‍ സൈബര്‍ കേസ് എടുക്കാനുള്ള വിവിധ നിയമങ്ങളെക്കുറിച്ചുമായിരുന്നു' .അതിന് ശേഷമാണ്, ബ്ലോഗിക്ക് പള്ളിവാസലില്‍ നിന്നും നേരിട്ട് ലൈന്‍ വലിച്ച് ഷോക്ക് കൊടുക്കാന്‍ തീരുമാനമായത്.നാലാമത്തെ ഷോക്കിന് ശേഷം അവന്‍ ആദ്യം ചെയ്തത് സന്തത സഹചാരിയായ ലാപ്പ് ടോപ് അതെ ലൈനില്‍ ചാര്‍ജ് ചെയ്യാന്‍ വെയ്ക്കുകയായിരുന്നത്രേ. ഒടുവില്‍ പരാജയം സമ്മതിച്ച മനോരോഗ വിദഗ്ദ്ധന്‍,സ്വയം ഒരു ബ്ലോഗ് വായനക്കാരനാകും എന്ന ഘട്ടം വരെയെത്തി കാര്യങ്ങള്‍.
ആ സന്ദര്‍ഭത്തില്‍, ദൈവം അയച്ചത് പോലെ , ഡോക്റ്ററുടെ ക്ലീനിക്കില്‍ പണ്ട് ജോലി ചെയ്തിരുന്ന ഒരു നേഴ്സ് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തിയത്. വിവാഹ ശേഷം അമേരിക്കക്ക് കടന്ന അവര്‍ ഏറെ കാലങ്ങള്‍ക്കു ശേഷമായിരുന്നത്രേ നാട്ടില്‍ അവധിക്ക് വന്നത്.
കുശല പ്രശ്നങ്ങള്‍ക്കിടയില്‍ ബ്ലോഗി കടന്നു വന്നു. അമേരിക്കക്കാരി സംഭവം വിശദമായി കേട്ട ശേഷം ബ്ലോഗിയെ ഒന്ന് കാണുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.
ഡോക്റ്ററും, നേഴ്സും കടന്ന് ചെല്ലുമ്പോള്‍ അബ്ദുള്‍ നാസര്‍ മദനി എന്ത് കൊണ്ട് സഖാക്കളുടെ കൂടെ കൂടാന്‍ പാടില്ല എന്ന വിഷയത്തെക്കുറിച്ച് കിടക്കയില്‍ക്കയറി നിന്ന് പ്രസംഗിക്കുകയായിരുന്നു ബ്ലോഗി.
അവനെ കണ്ടപാടെ നേഴ്സ് ഈ രോഗം നിസാരമായി താന്‍ ഭേദമാക്കിക്കൊടുക്കാം എന്ന് ഡോക്റ്ററോട് പറഞ്ഞു.
തുടര്‍ന്ന്, അര മണികൂര്‍ നേഴ്സ് ബ്ലോഗിയുമായി തനിച്ച് സംസാരിച്ചു. ഒടുവില്‍ 'ഇനി മുതല്‍ ഞാന്‍ മലയാളം ബ്ലോഗുകള്‍ വായിക്കുന്നതല്ല' എന്ന പ്രഖ്യാപനത്തോടെ ലാപ്പ് ടോപ്പുമായി ബ്ലോഗി മുറി വിട്ട് ഇറങ്ങിപ്പോയത്രേ.
അക്കാദമിക് ഇന്ററെസ്റ്റ് വല്ലാതെ വേട്ടയാടിയപ്പോള്‍ 'എന്ത് മന്ത്രമാണ് നേഴ്സ് പ്രയോഗിച്ചത്?' എന്ന് ഡോക്റ്റര്‍ ചോദിച്ചു."സാമൂഹിക പ്രതിബദ്ധതയുള്ള ഒരുവന്‍ വെറും ബ്ലോഗിയായി ഒതുങ്ങാന്‍ പാടില്ലെന്നും , വേഗം പോയി സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങണമെന്നും ഞാന്‍ അവനെ പറഞ്ഞു മനസിലാക്കി. സ്വന്തമായി ബ്ലോഗ് തുടങ്ങിക്കഴിഞ്ഞാല്‍,മറ്റുള്ള ബ്ലോഗുകളുടെ തലക്കെട്ടും, പോസ്റ്റിന്റെ ആദ്യത്തെയും അവസാനത്തെയും പാരഗ്രാഫുകള്‍ മാത്രമേ അവന്‍ വായിക്കു. എഴുത്ത് ഒരു ലെവല്‍ കഴിയുമ്പോള്‍, കടയില്‍ നിന്നും കപ്പലണ്ടി പൊതിഞ്ഞു കൊടുക്കുന്ന കടലാസ് കൂടി അവന്‍ വായിക്കില്ല" എന്നായിരുന്നു നേഴ്സിന്റെ മറുപടി.
ബ്ലോഗിയില്‍ നിന്നും ബ്ലോഗറായി അവന്‍ പരിണമിക്കുന്നത് കൂടുതല്‍ ദോഷകരമാകില്ലേ എന്ന ന്യായമായ സംശയം ഡോക്റ്റര്‍ക്കും അവന്റെ വീട്ടുകാര്‍ക്കും ഉണ്ടായി.
"എന്തപകടം.? അവനോട് ഞാന്‍ മലയാളം ബ്ലോഗ് എഴുതാനാ പറഞ്ഞത്.ബ്ലോഗ് തുടങ്ങി ഒരു മാസത്തിനുള്ളില്‍, ഒരു പ്രയോജനവുമില്ലാതെ എന്തെങ്കിലുമൊക്കെ എഴുതിക്കൂട്ടി, കുരയ്ക്കുന്ന,കടിക്കാത്ത പട്ടിയായി അവന്‍ മാറിയില്ലെങ്കില്‍ എന്‍റെ പേര് നിങ്ങളുടെ പട്ടിക്കിട്ടോ.ഞാനും നാലഞ്ചു കൊല്ലമായി ബ്ലോഗെഴുതുന്നതാ " എന്നായിരുന്നു നേഴ്സമ്മയുടെ മറുപടി.
അങ്ങനെ ഒരു ബ്ലോഗി മരിക്കുകയും,ആ ചാരം ചൂടാറും മുന്‍പ് ഒരു ബ്ലോഗര്‍ ജനിക്കുകയും ചെയ്തു.
നിയമ ലംഘനം: ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണ് എന്നൊന്നും പറയാന്‍ എനിക്ക് സൌകര്യമില്ല. സ്വന്തം ഭാവനക്കനുസരിച്ച് ആര് ഈ കഥയെ എങ്ങനെ വ്യാഖ്യാനിച്ചാലും എനിക്കൊരു മണ്ണുമില്ല.
Sunday, March 8, 2009
അനോണി തങ്കമ്മയുടെ കുമ്പസാരം
കഴിഞ്ഞ കുറച്ച് ദിവസങ്ങളായ്, തങ്കമ്മ എന്ന് സ്വയം വിളിക്കുന്ന ഒരു സാധു അനോണി,എന്‍റെ ശ്രദ്ധ പിടിച്ച് പറ്റുവാനായി ഈ ബ്ലോഗില്‍ കിടന്നു കറങ്ങുന്നു. കഴിഞ്ഞ പോസ്റ്റിലെ അവരുടെ കമന്റ് കണ്ടപ്പോള്‍ ,എന്നെ അടുത്തറിയാവുന്ന ആരോ ആണ് ഈ തങ്കമ്മ എന്ന് എനിക്ക് സംശയം തോന്നി. കമന്റ് രൂപത്തില്‍ ഞാനത് ചോദിക്കുകയും ചെയ്തു. അതിനു മറുപടി വന്നത് സുദീര്ഘമായ ഒരു ഇ മെയിലും. എന്‍റെ ശ്രദ്ധ പിടിച്ച് പറ്റുവാന്‍ തങ്കമ്മ ശ്രമിച്ചതിന്റെ കാരണങ്ങള്‍ക്കൊപ്പം, തങ്കമ്മയുടെ ജീവിത കഥ കൂടിയാണ് ഈ മെയില്‍ . തങ്കമ്മയുടെ ജീവിത കഥയില്‍ ചിലപ്പോള്‍ വനിതകള്‍ക്ക് അസുഖകരമായ വസ്തുതകള്‍ കണ്ടേക്കാം എന്ന് ആദ്യമേ മുന്നറിയിപ്പ് തരുന്നു.
സാധാരണ ഇത്തരം തറ ഇടപാടുകള്‍ ഈ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാത്തതാണ്. എന്നാലും തങ്കമക്ക് ജന്മനാ ഉള്ള ചില വൈകല്യങ്ങളും , അവരുടെ ഇപ്പോഴത്തെ അവസ്ഥയും പരിഗണിച്ചാണ് ഈ സൌജന്യം ഞാന്‍ ചെയ്യുന്നത്.തങ്കമ്മയുടെ മെയിലിന്റെ പൂര്‍ണ്ണ രൂപം താഴെ.
പ്രിയപ്പെട്ട എ കെ ഉടയത് അറിയാന്‍,
താങ്കളുടെ ബ്ലോഗില്‍ സ്ഥിരമായി അനോണി കമന്റിടുന്ന ഒരാളാണ് ഞാന്‍. ഹായ്,വിഷയ തൊമ്മൻ,അനാഥൻ ആന്‍ഡ് ആനാഥൻ,അനോണികളുടെ രക്ഷകന്‍, എന്ന പേരിലൊക്കെ,താങ്കളുടെ കഴിഞ്ഞതിന്റെ മുന്‍പത്തെ പോസ്റ്റില്‍ വരെ, ചില്ലക്ഷരങ്ങള്‍ക്ക് പകരം 'ർ' ഉപയോഗിച്ചിരുന്ന അതേ അനോണി. അതേ പോസ്റ്റില്‍ തന്നെ ഞാന്‍ എന്‍റെ യഥാര്‍ത്ഥ പേരും പറഞ്ഞിരുന്നു. തങ്കമ്മ എന്ന്.
എന്‍റെ പേരില്‍ നിന്നും ലിങ്ക് ഞാന്‍ താങ്കളുടെ പ്രൊഫൈലിലേക്ക് കൊടുത്തതും മനപൂര്‍വ്വമാണ്. കാരണം നാം തമ്മില്‍ രക്ത ബന്ധമൊന്നുമില്ലെങ്കിലും,അമ്മ വഴിയുള്ള ബന്ധത്തില്‍ താങ്കളെ ഞാനെന്‍റെ സ്വന്തം പിതാവായാണ് കാണുന്നത്.(എന്‍റെ മൂത്ത സഹോദരി പറയുന്നു അവളുമായുള്ള ബന്ധത്തില്‍ താങ്കള്‍ എനിക്ക് അളിയാനാണെന്ന്).
താങ്കള്‍ പണ്ട് കഥയെഴുതുവാനായി,oooooooooooo ല്‍ കുറച്ച് കാലം താമസിച്ചത് ഓര്‍ക്കുന്നുണ്ടോ? അപ്പോള്‍ താങ്കളുടെ വീടടിച്ചു വാരാനും , വല്ലതും വെച്ചു വിളമ്പി തന്ന് താങ്കളെ ഉറക്കാനും ,നാട്ടുകാര്‍ കമ്പക്കെട്ട് എന്ന് വിളിച്ചിരുന്ന ഒരു ൦൦൦൦൦൦൦൦ വും അവരുടെ പതിനാറുകാരിയായ മകള്‍ ൦൦൦൦൦൦൦൦൦യും വരുമായിരുന്നു. നാട്ടുകാരുടെ ആ കമ്പക്കെട്ടിന് ജനിച്ച മറ്റൊരു സന്താനമാണ് ഞാന്‍
താങ്കള്‍ നാട്ടില്‍ വരുന്നതിനു കുറെ നാളുകള്‍ മുന്‍പ് , എന്‍റെ ചേച്ചിയുടെ അച്ഛന്‍ കൂടാതെ ഒരു തമിഴന്‍ ഡാന്‍സ് മാസറ്റര്‍ ഇടയ്ക്കിടെ കമ്പക്കെട്ടിനു തീ കൊടുക്കാന്‍ വരുമായിരുന്നു. ആ വെടിക്കെട്ടിന്റെ അനന്തര ഫലമാണ് തങ്കമ്മ എന്ന ഈ ഞാന്‍ (എന്നെക്കുറിച്ച് താങ്കളോട് യാതൊന്നും അമ്മ പറയാത്തത് ,താങ്കള്‍ക്ക് എന്നെ പണിക്ക് നിറുത്തുന്നതില്‍ ഒരു താത്പര്യവും ഉണ്ടാകില്ല എന്നറിഞ്ഞു കൊണ്ടാണ്.കാരണം എന്‍റെ ചേച്ചിയെ പോലെയല്ലല്ലോ ഞാന്‍)
ജനിച്ചപ്പോള്‍ മുതല്‍ എന്നെ തങ്കമ്മ എന്ന് വിളിക്കണോ അതോ തങ്കപ്പന്‍ എന്ന് വിളിക്കണോ എന്ന് നാട്ടുകാര്‍ക്ക് സംശയമാണ്(എനിക്ക് തങ്കമ്മ എന്ന പേരാ ഇഷ്ടം). അത് കൊണ്ടവര്‍ എന്നെ 'ഒന്‍പത് ' എന്ന് വിളിച്ചു. അത് താങ്കള്‍ക്ക് സിഗ്നലിലൂടെ മനസിലാക്കിത്തരുവാനായാണ് ഞാന്‍ എന്‍റെ കമന്റുകളില്‍ ചില്ലക്ഷരങ്ങള്‍ക്ക് പകരം 'ർ' ഉപയോഗിച്ചത്. അല്ലാതെ മലയാളം അറിയാത്തത് കൊണ്ടല്ല. പക്ഷെ താങ്കള്‍ക്ക് ഞങ്ങള്‍ ചാന്തുപൊട്ട് അസോസിയേഷന്റെ സിഗ്നലുകളൊന്നും അറിയില്ല എന്ന് എനിക്ക് മനസിലായി. അത് കൊണ്ട് കൂടിയാണ് ഞാന്‍ ഈ മെയില്‍ അയക്കുന്നത്.
അമ്മ മരിച്ചതിനു ശേഷം ആകെ കഷ്ട്ടപ്പാടിലാണ് ഞാനും ചേച്ചിയും. ഒരു ഒന്‍പതായ എന്നെ ഒരു പണിക്കും, ഒരു വിധപ്പെട്ട ആണുങ്ങള്‍ വിളിക്കുന്നില്ല . കോഴിക്കോട് പോലും ആര്‍ക്കും എന്നെ വേണ്ടാതായിരിക്കുന്നു.
ചേച്ചിയാകട്ടെ പലയിടത്തും പണിക്കു പോയി നോക്കി. പക്ഷെ പത്തു കൊല്ലങ്ങള്‍ക്കു മുന്‍പ് എ കെക്ക് ചെയ്തു കൊടുത്ത പണികളുടെ ഒരു തൃപ്തി ഒന്നിലും കിട്ടുന്നില്ല എന്നാണ് അവള്‍ പറയുന്നത്.
അവളുടെ ഈ പറച്ചില്‍ കാരണം ഞങ്ങള്‍ മുഴുപ്പട്ടിണിയാകുന്ന ലക്ഷണമാണ്. അത് കൊണ്ട് മാത്രമാണ് താങ്കളുടെ ബ്ലോഗില്‍ കയറി അനോണി കമന്റുകളിട്ട്,താങ്കളെ പ്രകോപിപ്പിച്ച്, ശ്രദ്ധ ആകര്‍ഷിക്കുവാന്‍ ഞാന്‍ ശ്രമിച്ചത്.
എന്‍റെ ചൊറിച്ചില്‍ സഹിക്ക വയ്യാതെ ഐ പി ട്രാക്ക് ഉപയോഗിച്ച് താങ്കള്‍ എന്നെ കണ്ടു പിടിക്കും,അപ്പോള്‍ കാര്യങ്ങള്‍ നേരിട്ട് പറയാം എന്നൊക്കെയായിരുന്നു എന്‍റെ മോഹങ്ങള്‍. പക്ഷേ കാസര്‍ഗോഡ് മുതല്‍ കളിയിക്കാവിള വരെ പിതാക്കള്‍ ഘോഷയാത്ര നടത്തുന്ന അനോണികളോട് പോലും, തികച്ചും മാന്യമായി മാത്രം ഇടപഴകുന്ന ഒരു മഹാനുഭാവനാണ് എ കെ എന്ന് ഈ തങ്കമ്മക്ക് അറിയില്ലായിരുന്നു. കുറ്റബോധം കൊണ്ട് ഇപ്പോള്‍ എന്‍റെ മനസ്സ് ഒരു നെരിപ്പോടാണ് .അതണക്കാന്‍ കൂടി വേണ്ടിയാണ് ഈ കത്ത്.
ഹൃദയ വിശാലത ഏറെയുള്ള താങ്കള്‍ എനിക്ക് മാപ്പ് തരും എന്നറിയാം.എങ്കിലും തങ്കമ്മയുടെ ഹൃദയ പൂര്‍വ്വമായ ക്ഷമാപണം സ്വീകരിച്ചാലും.
ഇനി പ്രധാന വിഷയം. എന്‍റെ ചേച്ചിയുടെ കാര്യത്തില്‍ താങ്കള്‍ ദയവ് വിചാരിച്ച് എന്തെങ്കിലും പരിഹാരം ഉണ്ടാക്കണം. നാട്ടിലെ അമ്പലക്കാളയെ ചില പ്രത്യേക സാഹചര്യങ്ങളില്‍ കാണുമ്പോഴും, രാവിലെ എനിക്ക് പുഴുങ്ങിത്തരാന്‍ നേന്ത്രപ്പഴം വാങ്ങാന്‍ പോകുമ്പോഴുമൊക്കെ താങ്കളുടെ ഓര്‍മ്മകള്‍ അവളെ വല്ലാതെ വേട്ടയാടുന്നു എന്ന് അവള്‍ പറഞ്ഞ് തുടങ്ങിയിരിക്കുന്നു. അതെന്താ അങ്ങനെ? എനിക്കൊന്നും മനസിലാകാറില്ല.
എന്തായാലും ഈയിടെയായി ഒരു തരം പനി പിടിച്ച അവസ്ഥയിലാണവള്‍(വിഷയ ദാരിദ്ര്യമാണ് പ്രധാന പ്രശ്നമത്രേ). താങ്കളുടെ വരവ് മാത്രമേ ഇതിനൊരു പരിഹാരമായി ഞാന്‍ കാണുന്നുള്ളൂ. സ്ഥിരം സെറ്റപ്പിനൊന്നും താങ്കള്‍ക്ക് താത്പര്യം കാണില്ല എന്ന് എനിക്കറിയാം.ആറ് മാസത്തില്‍ ഒരിക്കല്‍,ഒന്ന് ഇത്രേടം വരെ വന്നു പോവുക. ബാക്കി ചിലവിനുള്ള കാശ് എന്നെ ഏല്‍പ്പിക്കുക. അത്രയും മതി . താങ്കള്‍ അങ്ങനെ ചെയ്‌താല്‍ പുറമ്പണിക്ക് പോകുന്നത് മുഴുവനായി നിറുത്താം എന്ന് അവളും സമ്മതിച്ചിട്ടുണ്ട്.
ഇത്രയെങ്കിലും ചെയ്യാന്‍ താങ്കള്‍ക്ക് താത്പര്യമില്ലെങ്കില്‍,പിന്നെ ഈ തങ്കമ്മ നിസഹായയാണ്. താങ്കളുടെ ബ്ലോഗില്‍ വീണ്ടും സ്വന്തം പേരിലും മറ്റു പല പേരിലും കയറി അനോണി കമന്റിട്ടു ചൊറിയാന്‍ ശ്രമിക്കുക എന്നതല്ലാതെ എന്‍റെ മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങളില്ല.
ഈ പാവത്തിനെയും കുടുമ്പത്തെയും പട്ടിണിക്കിട്ട് കൊല്ലരുത് എന്ന അപേക്ഷയോടെ,
താങ്കള്‍ സമ്മതിച്ചാല്‍, താങ്കളുടെ വിനീതയായ ഭാവി മാമി (മാമിയാ എനിക്കിഷ്ടം,മാമനല്ല)
തങ്കമ്മ
P S: താങ്കള്‍ ഒരു പക്ഷേ ഈ മെയില്‍ താങ്കളുടെ ബ്ലോഗില്‍ ഇടുകയാണെങ്കില്‍, എന്‍റെ പേരൊഴികെ മറ്റെല്ലാ പേരുകളും ,സ്ഥലപേരുകള്‍ സഹിതം മായ്ച്ച് കളഞ്ഞ ശേഷമേ അപ്രകാരം ചെയ്യാവു എന്ന് താഴ്മയായി അപേക്ഷിക്കുന്നു.
വായനക്കാരോട് :
തങ്കമ്മയുടെ കത്ത് വായിച്ച ശേഷം , നിങ്ങളിലാരെങ്കിലും ഈ വിഷയത്തില്‍ ഞാന്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്ന് ദയവ് ചെയ്തു പറഞ്ഞ് തരണം.കാരണം ഞാനാകെ ആശയ കുഴപ്പത്തിലാണ്. ഇന്നലെ തിരുവനന്തപുരത്തു വെച്ചു കണ്ടപ്പോള്‍ അസിനും, പാര്‍വതി ഓമനക്കുട്ടനും മാറി മാറി എന്നെ ബോംബെയിലേക്ക് ക്ഷണിക്കുന്ന അവസരത്തില്‍, ഞാന്‍ തങ്കമ്മ പറഞ്ഞ പ്രശ്നങ്ങള്‍ ഏറ്റെടുക്കാനോ? വേണ്ടി വന്നാല്‍ ഈ വിഷയത്തില്‍ ഒരു പോള്‍, സര്‍വേ എന്നിവ നടത്താനും ഞാന്‍ ഒരുക്കമാണ്(അതാണല്ലോ ഇപ്പൊ ഫാഷന്‍) . മാത്രമല്ല ഇതാണല്ലോ ഡെമോക്രസി "വാട്ട് ആന്‍ ഐഡിയ സര്‍ജി"
എ കെ എന്ത് ചെയ്യണം ?
1) അസിനും,പാര്‍വതിക്കുമൊപ്പം ബോളിവുഡിലേക്ക് പോകണം
2) തങ്കമ്മയുടെ സഹോദരിയെ ഏറ്റെടുക്കണം
3) ബോളിവുഡിലേക്ക് പോകുന്നത് കൊണ്ട് കുഴപ്പമില്ല. പക്ഷേ തങ്കമ്മയുടെ സഹോദരിയെക്കൂടി ഏറ്റെടുക്കണം.
4) തങ്കമ്മയുടെ അപേക്ഷ തള്ളിക്കളഞ്ഞ്,ആ ഒന്‍പത് ചൊറിച്ചില്‍ തുടരട്ടേ എന്ന് കരുതി,പാരീസ് ഹില്‍ട്ടണ് ഒരു ജീവിതം കൊടുക്കണം.
വായനക്കാര്‍ ദയവ് ചെയ്ത് അവരുടെ അഭിപ്രായങ്ങള്‍ ഒന്ന്,രണ്ട്, മൂന്ന്, നാല് എന്നീ ക്രമത്തില്‍ രേഖപ്പെടുത്തി നാലഞ്ച് ജീവിതങ്ങള്‍ (അസിന്‍, പാര്‍വതി, പാരീസ് , തങ്കമ്മ സോദരി ,അത് വഴി തങ്കമ്മയുടെയും) രക്ഷിക്കണം.
സ്നേഹപൂര്‍വ്വം
എ കെ
Sunday, January 25, 2009
നാന്‍ അവനല്ലയ്
വളരെയധികം മാനസിക വിഷമത്തോടെയാണ് ഞാന്‍ ഈ പോസ്റ്റ് എഴുതുന്നത്. എന്‍റെ മാനസിക വിഷമത്തിന് കാരണം ഈ ബ്ലോഗില്‍ വായനക്കാരായി എത്തുന്ന നിങ്ങളില്‍ ചിലര്‍ തന്നെയാണ് .
കഴിഞ്ഞ കുറച്ച് ദിവസങ്ങളായ് നിങ്ങളില്‍ ചിലര്‍ കമന്റുകളിലൂടെ അന്യ വ്യക്തിത്വങ്ങളെ എന്‍റെ തലയില്‍ കെട്ടിവെയ്ക്കുവാന്‍ ശ്രമിക്കുന്നു . കമന്റുകളില്‍ വരുന്ന "താങ്കള്‍ സത്യത്തില്‍ ഹൃതിക് റോഷനല്ലേ? " , "അര്‍ജ്ജുന്‍ കൃഷ്ണ എന്ന അപര നാമത്തില്‍ എഴുതുന്ന താങ്കള്‍ വാസ്തവത്തില്‍ , മരിച്ചു പോയി എന്ന് ജനം വിശ്വസിക്കുന്ന ആക്ഷന്‍ കിംഗ് ജയനല്ലേ ? ", തുടങ്ങിയ ചോദ്യങ്ങള്‍ എന്നെ വല്ലാതെ മുറിവേല്‍പ്പിക്കുന്നു.
മാത്രമല്ല " താങ്കള്‍ ജോര്‍ജ് ബുഷാണ് , എനിക്കറിയാം ", "താങ്കള്‍ ടോം വടക്കനല്ലേ ?" "താങ്കള്‍ ആ ബ്ലോഗര്‍ അല്ലേ ?" ,"താങ്കള്‍ സത്യത്തില്‍ ഈ ബ്ലോഗര്‍ അല്ലേ ?" തുടങ്ങിയ കമന്റുകള്‍ എന്നെപ്പോലെ സ്ഥാനിയും ,മാനിയും, കങ്കാണിയുമായ ഒരുവന് സഹിക്കാന്‍ സാധിക്കുമോ? മാനമുള്ളവന്‍ ആത്മഹത്യ ചെയ്യേണ്ട ഈ ചോദ്യങ്ങള്‍ കണ്ടിട്ടും ഞാന്‍ പിടിച്ച് നിന്നത് മലയാളം ബ്ലോഗുകള്‍ വായിച്ചു തുടങ്ങിയ നാള്‍ മുതല്‍ എന്‍റെ മാനം കുറേശ്ശെ ചോര്‍ന്ന് പോയിത്തുടങ്ങി എന്ന ഒറ്റ കാരണത്താലാണ് .
ഈ അന്യ വ്യക്തിത്വങ്ങള്‍ എന്നില്‍ ഏറ്റവും കൂടുതല്‍ ആരോപിക്കപ്പെട്ടിട്ടുള്ളത് ഞാന്‍ ഒന്നോ, രണ്ടോ പോസ്റ്റുകള്‍ കത്തുകളുടെ രൂപത്തില്‍ ഇട്ടപ്പോഴാണ് . ഇക്കണക്കിന് രണ്ടു മൂന്ന് കത്തുകള്‍ കൂടി ഞാന്‍ എഴുതുകയാണെങ്കില്‍ നീയൊക്കെ എന്നെപ്പിടിച്ച് 'ഒരച്ഛന്‍ മകള്‍ക്കെഴുതിയ കത്തുകള്‍' രചിച്ച ജവഹര്‍ലാല്‍ നെഹ്‌റു ആക്കുമല്ലോ?
കമന്റുകളിലൂടെ ഈ ചോദ്യങ്ങള്‍ക്ക് എത്ര മറുപടികള്‍ നല്‍കിയിട്ടും പിന്നെയും സംശയങ്ങള്‍ ബാക്കി. അവ ദൂരീകരിക്കാനാണ് ഈ പോസ്റ്റ് . അടങ്ങിയിരുന്നു വായിച്ചോണം എല്ലാവനും. വായിച്ചു തീരും വരെ ഇവിടെ ശ്വാസമെടുക്കുന്ന സ്വരം കേള്‍ക്കരുത്.
ആദ്യമേ തന്നെ പറയട്ടെ , നിങ്ങള്‍ സംശയിക്കുന്നത് പോലെ ഞാന്‍ ഹൃതിക് റോഷന്‍ , ടോം ക്രുയിസ്, ആ ബ്ലോഗര്‍, ഈ ബ്ലോഗര്‍ ,മറ്റേ ബ്ലോഗര്‍ എന്നിവരില്‍ ആരുമല്ല. കാരണം ഈ പുവര്‍ 'ചാപ്പ്'സിനൊന്നും എന്‍റെ സൌന്ദര്യവും , ബുദ്ധിയും ഇല്ല .മാത്രമല്ല പ്രസ്തുത കൂറകള്‍ക്ക് എന്‍റെ അനുപമമായ ഭാഷയും , ശൈലിയും സ്വപ്നേപി സ്മരിക്കാന്‍ പോലും സാധിക്കില്ല. (ഇതൊക്കെ ആര് പറഞ്ഞു എന്നൊരുത്തനും ചോദിക്കണ്ട. പറഞ്ഞത് മഹാനായ ഒരു വ്യക്തി തന്നെയാണ്. ഈ ഞാന്‍ )
പിന്നെ ഞാന്‍ ആരാണ് എന്നതാവും അടുത്ത ചോദ്യം. എന്‍റെ നാമം അര്‍ജ്ജുന്‍ കൃഷ്ണ . തിരുവനന്തപുരം നിവാസിയായി , അത്ഭുതങ്ങള്‍ കാണിച്ച്, ആളുകളെ ബ്രഹ്മ വെച്ച് ജീവിച്ചു പോകുന്ന ഒരു അത്യപൂര്‍വ പ്രതിഭാസം . എ കെന്ന് വിളിക്കും.
സത്യസന്ധനും , സത്സ്വഭാവിയും, ദാനശീലനും , അറിവിന്‍റെ മഹാസാഗരവും (ആരെടാ അവിടെയിരുന്ന് നിറുത്തെടാ ,നിറുത്തെടാ എന്ന് വിളിച്ച് പറഞ്ഞത്?) ഒക്കെയായ ഞാന്‍ ബ്ലോഗ് തുടങ്ങുന്നത് രണ്ടായിരത്തിയെട്ട് ഓഗസ്റ്റ് മാസത്തിലാണ്. എന്തിന് തുടങ്ങി എന്ന് ചോദിച്ചാല്‍, എല്ലാത്തിനും ഒരു തുടക്കം വേണമല്ലോ എന്ന് കരുതി തുടങ്ങി . അത്ര മാത്രം .
അന്ന് മുതല്‍ ഇന്നുവരെ മോറല്‍ സയന്‍സ് പാഠങ്ങള്‍ പറഞ്ഞ് തന്ന്. കണ്ടാഗ്രസ്സായിക്കിടക്കുന്ന നിങ്ങളെയൊക്കെ നേര്‍വഴിക്കു നടത്തുക എന്ന ഒരൊറ്റ ലക്ഷ്യമേ എനിക്കുള്ളൂ. അത് നിങ്ങള്‍ക്കും ഇതിനോടകം തന്നെ എന്‍റെ പോസ്റ്റുകളില്‍ നിന്നും മനസിലായിട്ടുണ്ടാകും.
അങ്ങിനെയുള്ള എന്നിലാണ് ചിലര്‍ അന്യ വ്യക്തിത്വങ്ങള്‍ ആരോപിക്കുന്നത് . അവര്‍ക്കെതിരെ ഞാന്‍ ഈ അവസരത്തില്‍ അതിശക്തമായ് പ്രതിഷേധിക്കുന്നു (അടക്കെടാ ബ്ലോഗ്!!!, ആചരിക്കെടാ ഹര്‍ത്താല്‍!!!, കത്തിക്കെടാ ബസ്സ് !!!, കൊടുക്കെടാ സൈബര്‍ കേസ് !!!).
എന്നില്‍ അന്യരെ കാണുന്ന നരകീടങ്ങളെ , നിങ്ങളോട് ഞാന്‍ ചോദിക്കുകയാണ്, നിങ്ങള്‍ ഈ പറയുന്ന ആരെക്കെങ്കിലും എന്‍റെ ഹൈറ്റുണ്ടോ ? എന്‍റെ വെയിറ്റുണ്ടോ? എന്‍റെ കളറുണ്ടോ ? ഗ്ലാമാറുണ്ടോ? വിവരമുണ്ടോ? . ചുരിങ്ങിയ പക്ഷം അവര്‍ എന്നെപ്പോലെ തരികിടകളും , ഫ്രാഡുകളുമാണോ? (ആവേശത്തില്‍ ചോദിച്ച് പോയതാ . അവസാനത്തെ ചോദ്യം മായ്ച്ചു കളഞ്ഞു) . എന്‍റെ ഗുണഗണങ്ങളുടെ നൂറിലൊരു അംശം തൊട്ട് തീണ്ടിയിട്ടില്ലാത്ത അശുക്കളുടെ മുഖമൂടികള്‍ എന്‍റെ ഈ സുന്ദര മുഖത്ത് കൊണ്ടു വെക്കുവാന്‍ നിങ്ങള്‍ക്ക് എങ്ങിനെ ധൈര്യം വന്നു ?
ഇന്നു നിറുത്തണം നിങ്ങളുടെ ഇത്തരം കപട നാടകങ്ങള്‍ . ഇത് വെറും സൂചനയാണ് .ഇതില്‍ നിന്നും നിങ്ങള്‍ പാഠം പഠിച്ചിലെങ്കില്‍....സൌകര്യം പോലെ പഠിച്ചാല്‍ മതി. സമയം ഇഷ്ടം പോലെ കിടക്കുകയല്ലേ?
ഇത്രയൊക്കെയായിട്ടും വായനക്കാര്‍ക്ക് ഈ അര്‍ജ്ജുന്‍ കൃഷ്ണ എന്ന സംഭവം ആര് , എങ്ങിനെയിരിക്കും എന്നൊന്നും ഒരു പിടിയും കിട്ടിയില്ലല്ലേ ?. ഐശ്വര്യാ റായ്ക്കും എന്നെ പിടികിട്ടരുത് എന്ന് കരുതിയാണ് ഞാന്‍ പ്രൊഫൈലിലെ എന്‍റെ ഫോട്ടോ അല്‍പ്പം കറുപ്പിച്ചിരിക്കുന്നത്. ഇനി ശരിക്കുള്ള ഫോട്ടോ കണ്ടിട്ട് വേണം ആഷ് ,അഭിഷേകിനെ കളഞ്ഞിട്ട് എന്നെ തേടി വരാന്‍ . നമ്മളായിട്ടെന്തിനാ ഒരു കുടുമ്പം കലക്കുന്നത് ?
ഇതൊക്കെ കണ്ട് അസൂയപ്പെട്ട് ഏവനെങ്കിലും പറയുന്നുണ്ടാവും തിരുവനന്തപുരം മുതല്‍ തുര്‍ക്കി വരെയും , വാഗത്താനം മുതല്‍ വാഷിംഗ്‌ടണ്‍വരെയുമുള്ള ഏത് പോലീസ് സ്റ്റേഷനിലും 'ഇവരെ സൂക്ഷിക്കുക' എന്നെഴുതിയ ബോര്‍ഡില്‍ ഒരു പക്ഷേ എന്‍റെ പടം കണ്ടേക്കാം എന്ന്. പച്ചക്കള്ളമാണത് . ആ ബോര്ഡിനരുകില്‍ 'ഇവനെ പ്രത്യേകം സൂക്ഷിക്കുക' എന്ന മറ്റൊരു ബോര്‍ഡ് ചില സ്റ്റേഷനുകളില്‍ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. അതില്‍ പുഞ്ചിരിക്കുന്ന , പാല്‍ വഴിയുന്ന മുഖത്തോടെയിരിക്കുന്ന ഒരു 'ഹേസല്‍ ഐഡ്' ഡാഷിങ്ങ് (ഡാഷ് അല്ല) ഫെല്ലോയെ നിങ്ങള്‍ക്ക് കാണാം. അതാണ് മൈ ഡിയര്‍ ബോയ്സ് ആന്‍ഡ് ഡിയറെസ്റ്റ് ഗേള്‍സ് (ബോയ്സിന് ഡിയര്‍ മതി ) ,നിങ്ങളുടെ പ്രിയങ്കരനായ അര്‍ജ്ജുന്‍ കൃഷ്ണ അലിയാസ് എ കെ. [റെഫറന്‍സ് : കഴക്കൂട്ടം സി ഐ ]. അല്ലാതെ ചിലര്‍ എന്നില്‍ ആരോപിക്കുന്ന വൃത്തികെട്ട മുഖങ്ങള്‍ ഒന്നുമല്ല എന്റേത്.
ആരോപികളെ , പാപീസ്!!! നിങ്ങള്‍ എന്നില്‍ ചുമത്താന്‍ പാട് പെടുന്ന വ്യക്തിത്വങ്ങള്‍ എല്ലാം തന്നെ നിങ്ങളുടെ ആരാധനാപാത്രങ്ങളാണെന്ന് എനിക്കറിയാം . എന്നില്‍ വിളങ്ങി നില്‍ക്കുന്ന ഗുണങ്ങള്‍ നിങ്ങളുടെ ആരാധ്യര്‍ക്കും ഉണ്ടാകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതും ഞാന്‍ മനസിലാക്കുന്നു. പക്ഷേ നടക്കില്ല മക്കളെ നടക്കില്ല . ഏറ്റവും കുറഞ്ഞത് , വില്യം ഷേക്ക്‌സ്പീയര്‍ , മിസ്റ്റര്‍. വേദവ്യാസന്‍ , സര്‍വ്വശ്രീ പമ്മന്‍ എന്നിവരില്‍ ആരെങ്കിലുമാണ് ഞാന്‍ എന്ന് നിങ്ങള്‍ പറയും വരെ ഞാന്‍ നിങ്ങളെ നഖശിഖാന്തം എതിര്‍ക്കും. കണ്ട കൂറക്കൊക്കെ വിശ്വപ്രസിദ്ധമായ എന്‍റെ ഐഡെന്‍റ്റിറ്റി ഞാന്‍ വിട്ടു കൊടുക്കും എന്ന് നിങ്ങള്‍ കരുതേണ്ട .
ഇത്രയൊക്കെ തെളിവുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ നിരത്തി ഞാന്‍ പറയുന്നു "നാന്‍ അവനല്ലയ്" . ഇനിയും എവനെങ്കിലും കണ്ട ചവറുകളുമായിട്ടൊക്കെ എന്നെ താരതമ്യം ചെയ്യുകയോ , 'സത്യത്തില്‍ നിങ്ങള്‍ ലോ ലാ ഫ്രാഡല്ലേ ?'തുടങ്ങിയ ചോദ്യങ്ങള്‍ എന്നോട് ചോദിക്കുകയോ ചെയ്‌താല്‍ . 'സുട്ട് പൊസുക്കിടുവേന്‍ , ബി കെയര്‍ഫുള്‍ ' .