Sunday, April 17, 2011

അണ്ണാ ,ജനാധിപത്യം.- അച്ചുവിന്റെ സ്വന്തം കാവ്യം

മഹാരാജാവ് ഭരതന്‍ രാജ്യത്തിന്‌ ഭാരതം എന്ന പേര് ദാനം ചെയ്യാന്‍ പോകുന്നു എന്ന തീരുമാനം എടുക്കുന്ന കാര്യത്തില്‍ അഫസല്‍ ഗുരുവിനെ തൂക്കണോ വേണ്ടയോ എന്ന് കണ്ണ് ബള്‍ബ് ആയ പ്രതിഭാ പാട്ടിലിനെ പോലെ വാഴുന്ന കാലം .കണ്‍ഫ്യൂഷന്‍ കൂടി കൂടി ഭരതന്‍ എന്ന സ്വന്തം പേര് രാജാവ് കണ്‍ഫ്യൂഷ്യസ് എന്ന് മാറ്റി ഗസ്സറ്റില്‍ ഇടും എന്ന ഘട്ടമായപ്പോള്‍ കൊട്ടാരത്തിലെ ആസ്മാദികള്‍ കക്ഷിക്ക് വിദഗ്ദോപദേശം നല്‍കാന്‍ പാങ്ങുള്ള ആരെങ്കിലും ഭൂമിയില്‍ ഉണ്ടോ എന്ന് മനോരമയില്‍ പരസ്യം കൊടുത്തു. കാലം സാമ്പത്തിക മാന്ദ്യത്തിന്റെ കാലവും കൂടി ആയിരുന്നതിനാല്‍ പരസ്യത്തിനു മറുപടിയായി ബംഗ്ലൂരിലെ ഐ ടി പ്രൊഫഷനല്‍ , ദുബായിലെ കണ്‍സ്ട്രക്ഷന്‍ ഇഞ്ചിനിയര്‍ എന്നിവര്‍ തുടങ്ങി താന്‍ ദുര്‍ബലന്‍ അല്ല എന്ന് തെളിയിക്കുന്ന ഡോക്റ്റര്‍ സര്‍ട്ടിഫിക്കറ്റ് സഹിതം റാം രാജ്യത്തെ പ്രധാനമന്ത്രിയുടെ വരെ അപേക്ഷകള്‍ കൊട്ടാരത്തില്‍ കുമിഞ്ഞ്‌ കൂടി .

ഇത് ഒരു നടക്കു പോകില്ല എന്ന് തോന്നിയപ്പോള്‍ കൊട്ടാരം പ്രധാനമന്ത്രി ചീഫ് സെക്രട്ടറിയുമായി കൂടി ആലോചിക്കുന്നു . എന്ത് കാര്യങ്ങളും പടച്ചവനു മേലെ വരെ തീര്‍പ്പാകാന്‍ കഴിവുള്ള ഒരു മിടുക്കനെയാണ് ഇപ്പോള്‍ ആവശ്യം എന്ന് ചീഫ് സെക്രട്ടറി പറയുന്നു . അത്തരത്തില്‍ ഒരാള്‍ മുംബൈ അധോലോകത്ത് ഉണ്ടെന്നും അയാളുടെ അധോലോകത്തെ ഓമനപ്പേര് ഷേ-ഷേര്‍ അല്ലെങ്കില്‍ പുപ്പുലി എന്നാണെന്നും ചീഫ് സെക്രട്ടറി പറയുമ്പോള്‍ പ്രധാനമന്ത്രിയുടെ മനോസ്ക്രീനില്‍ ആളിക്കത്തുന്ന തീയുടെ ഇടയില്‍ നിന്നും വായുവില്‍ കരണം മറിഞ്ഞ് വെടി വെയ്ക്കുന്ന (തോക്ക് കൊണ്ട് , സത്യം !!!) കോട്ട് സ്യൂട്ട് ധാരിയായ എ കെയുടെ രൂപം തെളിയുന്നു . എ കെയുടെ ഫാന്‍സ്‌ അസോസിയേഷന്‍ വക പാലഭിഷേകം,കയ്യടി , പുഷ്പ വൃഷ്ടി , ആര്‍പ്പുവിളി , കഥകളി ,ക്യാബറേ .

ചീഫ് സെക്രട്ടറി നേരിട്ട് വിളിച്ചു പറയുമ്പോള്‍ പോടാ പുല്ലേ എന്ന് പറയുന്ന എ കെ ഒടുവില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നിന്നും ബാരക്ക് ഒബാമ വിളിച്ച് ശുപാര്‍ശ ചെയ്യുമ്പോള്‍ ദൌത്യം ഏറ്റെടുക്കാം എന്ന് സമ്മതിക്കുന്നു .

സ്വിച് സ്പാന്‍ ടു വിമാനത്താവളം

തന്നെ സ്വീകരിക്കാന്‍ കൊട്ടാരത്തില്‍ നിന്നും വന്ന എസ ക്ലാസ് ബെന്‍സ് ,തനിക്കു സഞ്ചരിക്കാന്‍ മിനിമം മെയ്‌ബാ അല്ലെങ്കില്‍ റോള്‍സ് എങ്കിലും വേണം എന്ന് പറഞ്ഞു എ കെ മടക്കി അയക്കുന്നു. രണ്ടും സംഘടിപ്പിക്കാന്‍ തത്കാലം നിവൃത്തിയില്ല എന്ന് കൊട്ടാരത്തില്‍ നിന്നും മറുപടി ലഭിക്കുമ്പോള്‍ ഒരു പെട്ടി ഓട്ടോയില്‍ ലിഫ്റ്റ്‌ അടിച്ച് എ കെ കൊട്ടാരത്തില്‍ എത്തുന്നു .

ഒന്നര കോടി രൂപ കൈക്കൂലി വാങ്ങി , ഇരുപത്തിയഞ്ച് ലക്ഷം ചീഫ് സെക്രട്ടറിക്ക് കമ്മീഷന്‍ കൊടുത്തിട്ട് എ കെ പ്രത്യേകം തയാറാക്കിയ കൌണ്സിലിംഗ് മുറിയില്‍ അയാളെ കാത്തിരിക്കുന്ന ഭരത മഹാരാജാവിനെ കാണാന്‍ പോകുന്നു

മുറിയില്‍ മഹാരാജാവ് ഇരിക്കുന്നു .ഭാവം ചിന്താ ഡോട്ട് കോം .താടിക്ക് കൈ,വിദൂരതയിലേക്ക് എറിഞ്ഞു കളഞ്ഞ കണ്ണുകള്‍

എ കെ : ഗുഡ് മോര്‍ണിംഗ് മി.മഹാരാജ്

മ.രാ :(ചിന്തയില്‍ നിന്നും പൊടുന്നനെ ചന്തയില്‍ എത്തിയ ഭാവത്തില്‍ )വന്ദനം മഹാരാജാവേ എന്ന് പറയെടാ

എ കെ :നിങ്ങള്‍ പഠിച്ചിട്ടുള്ള ശാസ്ത്രങ്ങളില്‍ ഒക്കെ അതാവാം വിധി .ബട്ട് ,ഞാന്‍ പിന്തുടരുന്നത് മലയാള ചലച്ചിത്ര സംഹിതയാണ്. അതനുസരിച്ച് നായകന്റെ മുന്നില്‍ ദൈവം വന്നാലും നായകന്‍ മി.ദൈവം എന്നേ സംബോധന ചെയ്യു . ഡാ ദൈവമേ എന്ന് വിളിക്കാത്തത് ജസ്റ്റ് ഒരു സൌജന്യം മാത്രം. ദൈവം നായകന്റെ ദോസ്താണ് എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ഫാന്‍സ്‌ സഹിക്കും.ഇല്ലെങ്കില്‍ കലിപ്പാണ്‌

മ രാ : നീയാണ് ഈ കഥയില്‍ നായകന്‍ എന്ന് ആര് തീരുമാനിച്ചു ?

എ കെ : ഞാന്‍ എഴുതുന്ന കഥയില്‍ പിന്നെ അമീര്‍ ഖാനെ നായകനാക്കണോ ?

മ രാ : നീ മലയാളം സിനിമ കാണുന്നവന്‍ അല്ലെ ? പറഞ്ഞിട്ട് കാര്യമില്ല . ഇപ്പൊ വന്ന കാര്യം പറ .ഈ രാജ്യത്തിന്‌ ഞാന്‍ എന്റെ പേര് കൊടുക്കണോ വേണ്ടേ ?

എ കെ : സ്വന്തം പേരിനോട് നിങ്ങള്‍ക്ക് അത്ര വിരോധം ഉണ്ടെങ്കില്‍ ചുമ്മാ കൊടുക്കണം ?

മ രാ : അതെന്ത് അങ്ങനെ ?

എ കെ : ഭാവിയില്‍ രാജ ഭരണം പോയി ജനാധിപത്യം ഈ രാജ്യത്ത് വരും എന്ന് തെരിയുമാ ?

മ രാ : ജോതിഷന്‍ ഹോറോസ്കോപ്പ് പ്രൊഫഷനല്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആ വിവരം കണ്ടു പിടിച്ചിട്ടുണ്ട് . ജനാധിപത്യത്തിലെ ഭരണാധികാരികള്‍ കാട്ടുകള്ളന്മാര്‍ , വിവരദോഷികള്‍ എന്നീ വര്‍ഗ്ഗങ്ങളുടെ സങ്കരം ആയതിനാല്‍ നമ്മുടെ പേര് നാറും എന്നാണോ നീ ഉദ്ദേശിച്ചത് ? പക്ഷെ നല്ലവരായ ജനങ്ങള്‍ നമ്മെ എന്നും സ്നേഹത്തോടെ ഓര്‍ക്കില്ലേ ?

എ കെ : ജനങ്ങള്‍ അല്ലെ ?ഒവ്വാ.

മ രാ : അതെന്ത് ?

എ കെ : ഭരണാധികാരികള്‍ ഫ്രാഡുകള്‍ ആകുന്നത്‌ ജനങ്ങള്‍ നട്ടെല്ല് ഇല്ലാതാകുമ്പോള്‍ ആണെന്ന് കേട്ടിട്ടില്ലേ ?

മ രാ :ഇപ്പൊ കേട്ടു .അപ്പോള്‍ നമ്മുടെ രാജ്യത്തെ ഭാവി ജനങ്ങള്‍ കഴുപ്പണം കെട്ടവന്മാര്‍ ആകും എന്നാണോ നീ പറയുന്നത് ?

എ കെ : ഏതാണ്ട് അങ്ങനെ തന്നെ

മ രാ : നീ ചുമ്മാ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു എന്‍റെ മനസ്സ് വിഷമിപ്പിക്കതാടെ

എ കെ : തെളിവ് തരാം

മ രാ : എന്ത് തെളിവ് ?

എ കെ : മനോ സ്ക്രീനില്‍ അവതാര്‍ ത്രീഡിയില്‍ ചില ഭാവി കാഴ്ചകള്‍ കാട്ടിത്തരാം . എന്നിട്ട് തീരുമാനിക്ക് ?

മ രാ : ഓ കെ .

ഫസ്റ്റ് സീന്‍ .

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ രാജാവിന്റെ പേര് വെടക്കാക്കുന്ന രാജ്യത്തിന്റെ തെക്കേ മൂലയിലുള്ള ഒരു ഇട്ടാവട്ടം സംസ്ഥാനത്ത് ജനാധിപത്യം നല്‍കിയ അവകാശമായ വോട്ടു കുത്താന്‍ വന്ന ചലച്ചിത്ര നടി മേട ചൂടില്‍ കത്തി കരിഞ്ഞു വോട്ടു ചെയ്യാന്‍ വരി പിടിച്ചു നില്‍ക്കുന്ന ജങ്ങളെ പുല്ലു പോലെ അവഗണിച്ച് പോളിംഗ് ബൂത്തിലേക്ക് കയറി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതും , സുരേഷ് ഗോപി മോഡലില്‍ ക്ഷുഭിത യൌവനത്തിന്റെ പ്രതീകമായ ഒരു ചെറുപ്പക്കാരന്‍ അതിനെ ചോദ്യം ചെയ്യുന്നതും , നടി വോട്ടു ചെയ്യാതെ പിന്‍വാങ്ങുന്നതും , പിന്നെ വൈകുന്നേരം വന്നു മര്യാദക്ക് വരിയില്‍ നിന്ന് തന്നെ വോട്ടു ചെയ്യുന്നതും സ്ക്രീനില്‍ മിന്നി മറഞ്ഞു . ഇതര മാധ്യമങ്ങള്‍ ആ വാര്‍ത്ത ആഘോഷമാക്കുന്നതും രാജാവ് കണ്ടു

മ രാ : ഹോ കണ്ടിട്ട് കുളിര് കോരുന്നു . ഇത്രയും പ്രതിബദ്ധതയും , പ്രതികരണ ശേഷിയും ഉള്ള ജനങ്ങളെയാണോടാ നീ വകയ്ക്കു കൊളളാത്തവന്മാര്‍ എന്ന് പറഞ്ഞത് ?

എ കെ : അനിയാ സോറി രാജാവേ നില്‍. അടുത്ത സീനും കൂടി ഒന്ന് കണ്ടു നോക്ക് .

സീന്‍ ടൂ

സിനിമാ നടിയെ ജനം ജനാധിപത്യ മര്യാദയുടെ അ ആ ഇ ഈ പഠിപ്പിച്ച അതെ ദിവസം തന്നെ ജനങ്ങള്‍ തിരഞ്ഞടുത്ത് കൊമ്പത് പ്രതിഷ്ഠിച്ച സംസ്ഥാന മുഖ്യമന്ത്രി വോട്ടു ചെയ്യാന്‍ എത്തുന്ന രംഗം സ്ക്രീനില്‍ . പോളിംഗ് ബൂത്തിന്റെ നൂറു മീറ്റര്‍ ചുറ്റളവില്‍ കനത്ത പോലീസ് വലയം , വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കുന്ന ജീവികളുടെ വായില്‍ നാക്കുണ്ടോ എന്ന് സംശയം ജനിപ്പിക്കുന്ന രീതിയില്‍ അവരെ കടന്ന് പുല്ലു പോലെ വോട്ടു ചെയ്തു മടങ്ങുന്ന മുഖ്യന്‍. ജനങ്ങള്‍ വാ കൈ പൊത്തി നില്‍ക്കുന്നതെ ഉള്ളു. ആകാശത്തേക്ക് ഫോക്സ് ചെയ്ത നിലയില്‍ മാധ്യമങ്ങള്‍ .

കട്ട് ടു...

അതെ സംസ്ഥാനത്തെ മറ്റൊരു പോളിങ്ങ് ബൂത്തില്‍ ചോദിക്കാനും പറയാനും അരുമില്ലാത്തത് പോലെ പത്തു പതിനഞ്ച് നിമിഷങ്ങള്‍ ക്യൂ നിന്ന് വോട്ടു കുത്തി മടങ്ങുന്ന രാജ്യത്തിന്റെ പ്രതിരോധ മന്ത്രി


മ രാ : എന്തോന്നടെ ഇത് ?
എ കെ : അത്ഭുതപെടേണ്ട . ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മാധ്യമ ഗുരുക്കള്‍ ജനങ്ങളെ പറഞ്ഞു പഠിപ്പിച്ച് വെച്ചിരിക്കുന്നത് സിനിമാ നടിയെ അത്യാവശ്യം നിങ്ങള്‍ക്ക് മര്യാദ പഠിപ്പിക്കാം പക്ഷെ മുഖ്യനെ താണ് വണങ്ങിയില്ലെങ്കില്‍ തട്ട് കിട്ടും എന്നാണ്.


മ രാ : അപ്പോള്‍ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജനങ്ങള്‍ എന്ന് പറയുന്ന ജീവികള്‍ക്ക് സ്വന്തമായ അഭിപ്രായം എന്നൊന്നില്ലേഡേ ?

എ കെ :
എവിടെ ? സ്വന്തമായ ചിന്തകളില്‍ നിന്നും ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അവനൊക്കെ എവിടെ എത്തും? മാധ്യമങ്ങള്‍ , ചാനലുകള്‍ ഇതൊക്കെ പറയുന്നത് കേട്ട് അതില്‍ അവര്‍ക്ക് സൌകര്യപ്രദമായ ഒരു പക്ഷം പിടിക്കും.എന്നിട്ട് ഘോര ഘോരം പ്രസംഗിക്കും . പക്ഷെ തടിക്ക് തട്ട് കിട്ടും എന്ന ചെറിയ സംശയം തോന്നുന്ന കാര്യങ്ങള്‍ അവന്മാര്‍ കണ്ടില്ലാ എന്ന് കൂളായി നടിച്ചുകളയും . അത് എന്ത് വലിയ പോക്രിത്തരമായാലും . ഉദാഹരണത്തിന് സിനിമാ നടിക്ക് കൊടുക്കുന്ന പ്രത്യേക പരിഗണന ചോദ്യം ചെയ്ത യുവാവിനെ കയ്യടിച്ചു പ്രോസ്ത്സാഹിപ്പിക്കുന്നവര്‍ തന്നെ മുഖ്യന്റെ ചെയ്തിയെ ആരും എതിര്‍ക്കാത്തതിനെപ്പറ്റി ഒരക്ഷരം മിണ്ടില്ല .


മ രാ : നല്ല ബെസ്റ്റ് നാട് .

എ കെ : തീര്‍ന്നില്ല . ഈ ജാനാധിപത്യം എന്ന ഇട്ടാപ്പിനെ തന്നെ ചില ഡിമാന്‍ണ്ട് അനുസരിച്ച് ഡാഡിയെ
മാറ്റുന്നവര്‍ അവന്മാരുടെ സൗകര്യം പോലെ വളച്ചു ഒടിക്കുകയും ചെയ്യും


മ രാ : ഫോര്‍ എക്സാമ്പിള്‍ ?

എ കെ : ഭാവി പ്രജകള്‍ അഴിമതിക്കെതിരെ നിരാഹാരം കിടക്കുന്ന ഒരു
മൂപ്പീന്നിനെ എടുത്ത് ഉടുത്തു കളയും . അങ്ങേര്‍ ചെയ്യുന്ന കുറ്റം ജനാധിപത്യ രീതിയില്‍ അതേ രാജ്യത്ത് തന്നെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ എന്തെങ്കിലും കാര്യത്തിന് ഒന്ന് അഭിനന്ദിക്കുന്നതിന്റെ പേരില്‍ . അത്ര തന്നെ . അതും പോരാഞ്ഞ് ഇതേ അവന്മാര്‍ തന്നെ ജനാധിപത്യം സിനിമാ തരാങ്ങള്‍ക്ക് ഇതൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാനുള്ള അവകാശം നല്‍കുന്നുണ്ട് എന്ന് ആക്രോശിക്കും . അതും അവരെ കുറെ തലക്ക് വെളിവില്ലാത്തവന്മാര്‍ ഏതോ നടിയെ എതിര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങി എന്നാ പേരില്‍ എന്തോ പൊക്കി കാണിച്ചു എന്ന പേരില്‍ .

മ രാ : നിറുത്തഡേ. കൂടുതല്‍ കേള്‍ക്കാനുള്ള പാങ്ങ് എനിക്കില്ല . ഇവനൊക്കെ എന്ത് ഇങ്ങനെ ?


എ കെ : ചെറുപ്പത്തിലെ മുതല്‍ മിക്കതിനെയും വീട്ടുകാരും , ബന്ധുക്കളും , ചുറ്റുമുള്ളവന്മാരും പറഞ്ഞ് പഠിപ്പിക്കുന്നത്‌ ഭൂരിപക്ഷം നിശബ്ദം സഹിക്കുന്ന തെറ്റുകള്‍ക്ക് എതിരെ ശബ്ദിച്ചാല്‍ നീ ഒറ്റപ്പെടും, തടി വെടക്കാകും എന്നൊക്കെയാണ് ."

മ രാ : ഡേ , നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ നമ്മുടെ രാജ്യത്തിനെ വെള്ളക്കാര്‍ പിടിച്ചടക്കും എന്നും, നാനൂറു വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിന് ശേഷമേ ഒടുക്കം രാജ്യം അവിടുത്തെ പ്രജകള്‍ക്കു പൂര്‍ണ്ണമായും തിരിച്ചു കിട്ടുകയുള്ളൂ എന്നും ജോതിഷി പറഞ്ഞു . ഇങ്ങനെയുള്ളവന്മാര്‍ ആണ് നാട്ടുകാര്‍ എങ്കില്‍ , വല്ലതും നടക്കുമോടെ ?

എ കെ : പല ടൈപ്പ് വെള്ളക്കാര്‍ മാറി മാറി വരുമ്പോള്‍ മുതല്‍ അവന്മാര്‍ കളഞ്ഞിട്ടു പോകുന്ന കാലഘട്ടം വരെ നട്ടെല്ലുള്ള കുറച്ചു ആളുകള്‍ എങ്കിലും നാട്ടില്‍ ബാക്കി കാണും. അത് കഴിഞ്ഞു ഒരു അറുപത് എഴുപത് കൊല്ലങ്ങള്‍ക്കുള്ളില്‍ അങ്ങേയുടെ ജന വിഭാഗം ഏതാണ്ട് പൂര്‍ണ്ണമായും നട്ടെല്ല് ഇല്ലാത്ത ജീവജാലമായി പരിണമിക്കും .

മ രാ : എന്തൊക്കെയായാലും എനിക്ക് ഈ രാജ്യത്തിന്‌ എന്‍റെ പേര് കൊടുത്തേ പറ്റു.

എ കെ : എന്നാല്‍ നേരെ പോയി ഫോറിനില്‍ നിന്ന് നാല് ഡിഗ്രിയും പിന്നെ ഐക്യ രാഷ്ട്ര സഭയില്‍ വല്ല തൂപ്പ് പണിയോ അല്ലെങ്കില്‍ ഐ എം എഫില്‍ ഗുമസ്ത പണിയോ ഒപ്പിച്ചോ . അങ്ങനെ ഉള്ളവന്മാരെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭരത പ്രജക്കള്‍ക്ക് മുട്ടന്‍ ബഹുമാനമാണ് . അല്ലാതെ സ്വന്തം രാജ്യത്തെ നല്ല രാജാവ് എന്നൊക്കെ പറഞ്ഞാല്‍ അവന്മാര്‍ ചിലപ്പോള്‍ പുറംകാലിന് തൊഴിക്കും

മ രാ : ഐക്യരാഷ്ട്ര സഭാ , ഐ എം എഫ് , ഇതൊക്കെ നിലവില്‍ വരാന്‍ യുഗങ്ങള്‍ പലതു പോകണമെഡേ

എ കെ : അപ്പൊ രാജാവിന്‍റെ പേര് കോഞ്ഞാട്ടയാകും . അത് മൂന്നു തരം

No comments: