എത്രയും പ്രിയപ്പെട്ട സാല് മോന് ,
ഇന്നലെ വാപ്പിച്ചി പെരിങ്ങമലയില്‍ എത്തി. യൂണിറ്റ് നേരത്തെ തന്നെ എത്തിയിരുന്നു . ഇന്നലെ തന്നെ വിവരത്തിന് ഇമെയില്‍ അയക്കാം എന്ന് കരുതി ഡാറ്റാ കാര്‍ഡ് കുത്തിയപ്പോ സിഗ്നല്‍ വീക്ക് .പിന്നെ ഇന്ന് രാവിലെ റിസര്‍വോയറിന്റെ മേലെ കേറിയിരുന്നാണ് അത് ഒന്ന് സ്ട്രോങ്ങ് ആക്കിയത് .അപ്പൊ ദാ ബ്രൌസറിന് ഏതാണ്ട് പ്രശ്നം. ഒരു ടെക്ക്നീഷ്യനെ ഈ പട്ടിക്കാട്ടില് എവിടെ കിട്ടാനാ ? പിന്നെ ഫാന്‍സ് പിള്ളാര് ഒരുത്തനെ എവിടുന്നോ പൊക്കിക്കൊണ്ട് വന്നു. ഏതാണ്ട് വൈറസ് ആയിരുന്നു. സംഗതി നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ആ ടെക്നീഷ്യന് കോപ്പന് കണ്ണീചോരയില്ലാതെ ഒരു കമന്റ്. ഈ വൈറസ് കയറിയാല്‍ പിന്നെ സിസ്സ്റ്റം സ്റ്റണ്ട് രംഗങ്ങളില്‍ അഭിനയിക്കുന്ന ഇക്കയെ പോലെ ആയിരിക്കും എന്ന് .അനങ്ങാന്‍ വയ്യാത്ത പരുവത്തില്‍ ഗോഷ്ടികള്‍ കാണിച്ചോണ്ട് നിന്ന് കളയും എന്ന് . യൂനിറ്റ് മുഴുവന്‍ കൂട്ട ചിരി .പട്ടിക്കാട്ടില് വേറെ ടെക്നീഷ്യനെ കിട്ടാത്തത് കൊണ്ട് ഞാനും ചിരിച്ചു കാണിച്ചു . സംഗതി ശരിയാക്കിയിട്ട് കാശ് വാങ്ങി പോയ അവനെ ഒന്ന് കൈകാര്യം ചെയ്യാന്‍ നമ്മുടെ പെരിങ്ങമല എ കെ ഫാന്‍സ് അസോസിയേഷന് സെക്രട്ടറി മരപ്പട്ടി മമ്മതിനോട് പറഞ്ഞു. പിള്ളര് ചെക്കന്റെ രണ്ടു കാലും തല്ലിയൊടിച്ചു എന്നാണ് കേട്ടത്. അല്ല പിന്നെ ,മരിപ്പിന് ഞാന്‍ ലേറ്റായി ചെന്നത് ചോദ്യം ചെയ്തവനെ നമ്മള് വിട്ടിട്ടില്ല .പിന്നെയാണ് ഇവന് .
അതൊക്കെ പോട്ടേ ...നിന്റെ പുതിയ പടം 'ഭീകരം' ഭീകരമായി തന്നെ പുരോഗമിക്കുന്നു എന്ന് ഇപ്പൊ ഓണ്‍ലൈനില്‍ വായിച്ചു.നല്ല കാര്യം .നടക്കട്ടെ.പക്ഷെ ഇന്നത്തെക്കാലത്ത് ഈ ഫീല്‍ഡില്‍ സ്റ്റാര്‍ ആയിട്ട് പിടിച്ച് നില്ക്കാന് അഭിനയം അല്ല വേണ്ടത് എന്ന കാര്യം മാത്രം എന്റെ പൊന്ന് മോന് മറന്ന് പോകരുത് . അഭിനയത്തിന്റെ കാര്യത്തില്‍ നീ ന്യൂയോര്‍ക്കിലോ , ചൊവ്വായിലോ പോയി സ്പെഷ്യല്‍ ട്രെയിനിംഗ് എടുത്തതാണ് എന്ന് നിന്റെ ഫേസ് ബുക്ക് ഫ്രണ്ട്സിനെക്കൊണ്ട് പറയിച്ചാല്‍ മതി (പത്രം , വാരിക ഇതൊക്കെ നമ്മുടെ ഡ്രൈവര്‍ ബെന്നി നോക്കിക്കൊള്ളും , മിടുക്കനാ ). പിന്നെ നീ സിനിമയില്‍ നിന്റെ അപ്പന് മരിച്ചു കിടക്കുന്ന സീനില്‍ ചിരിച്ചു കാണിച്ചാലും ഉദാത്തമായ ദുഖത്തിന്റെ പ്രകടനം എന്ന് മക്കുണ്ണികള്‍ വാഴ്ത്തിക്കൊള്ളും.സായിപ്പിന്റെ ഡിഗ്രീ , സായിപ്പു വാഴ്ത്തി എന്ന് പറയുന്ന ഒരുത്തന്റെ കഴിവുകള്‍ ,ഇതിനെയൊന്നും ചോദ്യം ചെയ്യാനുള്ള ആത്മവിശ്വാസമോ നട്ടെല്ലോ നമ്മുടെ നാട്ടില്‍ അധികം തെണ്ടികള്‍ക്കും ഇല്ല. നമ്മുടെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍
പിന്നെ ഇന്നലെ ഞാന്‍ പെരിങ്ങമലയിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ മുഴുവന്‍ ചിന്തയും നിന്റെ കരിയറിനെക്കുറിച്ച് ആയിരുന്നു.കാര്യം നിന്റെ 'ഒടുക്കത്തെ ഷോയും' ,അലുകുലുത്ത് റസ്റ്ററന്റും ആള്‍ക്കാരെ മണ്ടന്മാരാക്കി നമ്മള് ഒരുവിധം തടിയൂരിയെടുത്തു. പക്ഷേ വളരെ ചെറിയ രീതിയില്‍ ഉള്ള പടം , മലപ്പുറം കത്തിയുടെ അതെ രുചി , ഭയങ്കര പുതുമ എന്നൊക്കെ പരസ്യം ചെയ്ത് എപ്പോഴും ആളുകളെ ഉദാത്തര്‍ ആക്കുന്ന പരിപാടി നടന്നെന്ന് വരില്ല.ചെറിയ പടം , ഭയങ്കര പുതുമ ,നാല് പാട് നിന്നും മുടിഞ്ഞ പ്രശംസകള്‍ എന്നൊക്കെ നോട്ടീസ് അടിച്ച് ഒടുക്കത്തെ ഷോയുടെ നിര്‍മ്മാതാവിന്റെ കളസം കീറാതെ നോക്കാന്‍ നമ്മള് പെട്ട പാട് ഓര്‍മ്മയുണ്ടല്ലോ ?
ഒടുക്കത്തെ ഷോയില്‍ നിന്നും പഠിച്ച പാഠങ്ങളാണ് അലുക്കുലുത്ത് റസ്റ്ററന്റ് റിലീസ് ആകുന്നതിന് മുന്‍പ് തന്നെ ഓണ്‍ലൈനിലെ സകല തെണ്ടികളെയും വേണ്ട പോലെ കണ്ടു ഇറങ്ങുന്ന ദിവസം തന്നെ എന്തര് പടം , മലബാര്‍ ബിരിയാണിയുടെ അതെ രുചിയും മണവും എന്നൊക്കെ എഴുതിക്കാന്‍ പറ്റിയത്. പടം ഇറങ്ങുന്നതിന് മുന്‍പേ സകല പാചക മാസികയുടെയും കവര്‍ പേജില്‍ നീ വറുത്ത കോഴിക്കാലും പിടിച്ചു നില്ക്കുന്ന പടം വരാനും എത്ര കാശും കള്ളും ചിലവായി. അതൊന്നും ഇല്ലായിരുന്നെങ്കില്‍ ആ പടത്തിന്റെ നിലവാരം വെച്ച് അതിന്റെ ഗതി എന്താകുമായിരുന്നു എന്ന് മോന് ഒന്ന് ആലോചിച്ചു നോക്കിക്കേ ? ഞാനും നീയും പോലും ടിക്കറ്റ് വാങ്ങി കയറുമായിരുന്നോ ? ഇല്ല. അതാണ് വാപ്പിച്ചി പറഞ്ഞത് പ്ലാനിങ്ങ് വേണം പ്ലാനിങ്ങ് .
നമ്മുടെ മലയാള സിനിമാ പ്രേക്ഷകര്‍ എന്ന് പറയുന്ന തെണ്ടികളില്‍ ഭൂരിഭാഗവും പ്രമോഷനില്‍ വീഴുന്ന കഴുതകളാണ്. ഇപ്പോഴത്തെ സാറ്റ്ലൈറ്റ് റേറ്റ് ,ഓവര്‍സീസ് ഷെയര്‍ ഒക്കെ വെച്ച് തത്കാലം ആ ചെറ്റകളെ നമുക്ക് വലിയ ആവശ്യം ഒന്നുമില്ല .പക്ഷേ, ഭാവിയില്‍ സാറ്റ്ലൈറ്റ് റേറ്റ് ചാനല്‍ തെണ്ടികള് നിജപ്പെടുത്തുകയും , ഓവര്‍സീസ് മാര്‍ക്കറ്റില്‍ നമ്മുടെ പടം ക്യൂ നിന്ന് കാണുന്ന ഹമുക്കുകള് പണി പോയി നാട്ടില്‍ വന്നു തെണ്ടി തിരിയുകയും ചെയ്യുന്ന യൊരു അവസ്ഥയും നമ്മള് മുന്‍കൂട്ടി കാണണം. അന്ന് നമുക്ക് നാട്ടിലുള്ള വൃത്തികെട്ടവന്മാര് കാശ് മുടക്കി തിയറ്ററില്‍ കയറിയാലേ കഞ്ഞി കുടിക്കാന്‍ പറ്റു. എന്ന് വെച്ച് മോന് പേടിക്കുകയൊന്നും വേണ്ട .നമ്മുടെ നാട്ടിലെ മണ്ടന്മാരെ ഇക്കാലത്ത് തിയറ്ററില്‍ കയറ്റുന്നത് വളരെ സിമ്പിളാണ് . അതിനേക്കാള്‍ എളുപ്പമാണ് നിനക്ക് അവന്മാരുടെ മനസ്സില്‍ സുപ്പര്‍ താരം എന്ന നിലയില്‍ കയറി പറ്റുന്നത്. എന്റെ കാര്യം തന്നെ നോക്ക് . പത്ത് മുപ്പത്തിയഞ്ച് കൊല്ലങ്ങളായി ഈ എന്നെ അവന്മാര് അഭിനയ സമ്രാട്ട് , അഭിനയ ചക്രവര്‍ത്തി ,മൈന്യൂട്ട് അക്ട്ടിങ്ങിന്റെ വാപ്പ എന്നൊക്കെ വിളിക്കണമെങ്കില്‍ അവന്മാരുടെ വിവരം എത്ര ഉണ്ടാകുമെന്ന് .അതാണ് ഞാന്‍ പറഞത് സംഗതി സിമ്പിളാണ്
ഇന്നലെ പെരിങ്ങമലയ്ക്ക് ഡ്രൈവ് ചെയ്തു വരുമ്പോള്‍ ഈ പറഞ്ഞ കാര്യങ്ങള്‍ക്ക് വേണ്ടി ചെയ്യേണ്ട ചില പൊടികൈയ്യുകള്‍ വാപ്പിച്ചി കണ്ടു വെച്ചിട്ടുണ്ട്. ഓര്‍മ്മ വരുന്ന മുറയ്ക്ക് ഒന്നേ രണ്ടേ എന്ന് പറയാം . കുറിച്ച് വെച്ച് ഇന്ന് തന്നെ വേണ്ടത് ചെയ്തു തുടങ്ങിക്കോ
1 ) നിന്റെ ഓള് കേരളാ ഫക്രൂ സാല്മോന് ഫാന്‍സ് അസോസിയേഷന്‍കാരോട് ഒന്ന് കൂടെ ഉഷാറായി നില്ക്കാന് പറയണം. ഓണ്‍ലൈന്‍ കമ്യൂണിറ്റികളില്‍ അവന്മാരുടെ ശക്തമായ സാന്നിധ്യം എപ്പോഴും ഉണ്ടാകണം. മലബാര്‍ രുചി , തെക്കിന്റെ തനിമ ,കിടുങ്ങുന്ന പുതുമ , കൂള്‍ ലുക്കുമായുള്ള നിന്റെ അഭിനയം അങ്ങനെ കുറെ സ്ഥിരം പോയന്റ്കള്‍ അവന്മാരെ പഠിപ്പിച്ചു വെയ്ക്കണം . ഓരോ പടം ഇറങ്ങുന്ന മുറയ്ക്ക് ഇതൊക്കെ എടുത്ത് തിരിച്ചും മറിച്ചും ഇട്ട് പടം ഇറങ്ങി ഒരാഴ്ച്ചയ്ക്കുള്ളില്‍ അത് എന്തോ ഭയങ്കര സംഭവം ആണെന്ന് ഒരു ഫീല്‍ പരത്തിയേക്കണം. അത് വൃത്തിയായി എങ്ങനെ ചെയ്യണം എന്ന് നീ ആ അനീത് തോന്ന്യവസനെ കണ്ടു പഠിക്ക്. മുത്തുച്ചിപ്പി നിലവാരം പോലുമില്ലാത്ത ആ വെളിവിന് മറയത്ത് അവന് ബ്ലോക്ക് ബസ്റ്റര്‍ ആക്കി എടുത്തില്ലേ ?
2 ) ഓണ്‍ലൈനില്‍ ഫാന്‍സിന്റെ ശ്രദ്ധ പ്രധാനമായി വേണ്ട മറ്റൊരു ഏരിയ നിന്റെ പുതിയ പടം ഇറങ്ങുമ്പോള്‍ അവിടെ നടക്കാവുന്ന നിന്റെ പഴയ സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ആണ്. ഉദാഹരണത്തിന് ഭീകരം ഇറങ്ങുമ്പോള്‍ ഓണ്‍ലൈനില്‍ വരുന്ന റിവ്യൂ/വാര്‍ത്ത എന്നിവയില്‍ ഏതെങ്കിലും തെണ്ടി അലുക്കുലുത്ത് റസ്റ്ററന്റ് ഒരു കുതറ പടമായിരുന്നത് കൊണ്ട് ഭീകരത്തിലും വലിയ പ്രതീക്ഷ ഒന്നും വേണ്ടന്നോ, അലുക്കുലുത്ത് റസ്റ്ററന്റ്നെക്കാള്‍ തറ പടമാണ് ഭീകരം എന്നോ ഒക്കെ വിളിച്ചു പറയാന്‍ സാധ്യതയുണ്ട്.ചാടിക്കയറി അലുക്കുലുത്തിനെ മഹത്തായ പടം എന്ന് വാഴ്ത്തരുത് എന്ന് ഫാന്‍സ് തെണ്ടികളോട് പ്രത്യേകം പറയണം.അത് കഴിഞ്ഞ കഥ.ആ പടത്തിന് മാക്സിമം മണ്ടന്മാരെ പറ്റിച്ചു തിയറ്ററില്‍ കയറ്റി നമ്മള് കാശുണ്ടാക്കി കഴിഞ്ഞു.ഇനി അതിനെ വിട്ടേക്ക് ഭീകരം അല്ലെങ്കില്‍ പുതിയ പടം ഏതാണോ അത് ഹിറ്റാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.അതിന് രണ്ടു തരത്തിലെ സമീപനമാണ് നിഷ്പക്ഷ പ്രേക്ഷകര്‍ എന്ന മുഖമൂടി അണിഞ്ഞ നിന്റെ ഫാന്‍സ് ചെയ്യേണ്ടത്. ഒരു കൂട്ടര് അലുകുലുത്ത് റസ്റ്റോറന്റ് അലമ്പ് പടമായിരുന്നു എന്ന് അങ്ങ് സമ്മതിച്ചു കൊടുത്തേക്കുക (വല്ലപ്പോഴും അവര്‍ക്കും കിട്ടട്ടെ സത്യം പറഞ്ഞ സന്തോഷം ). പക്ഷെ ഭീകരം പ്രതീക്ഷകള്‍ നല്കുന്ന ,പുതുമകള്‍ കുത്തി നിറച്ച ഭയങ്കര പടമാണ് എന്നും അവര്‍ തന്നെ പറയുക. ഇനി രണ്ടാമത്തെ കൂട്ടര് സ്വീകരിക്കേണ്ടത് 'ഇത് എത്രനാളായി ഈ അലുകുലുത്ത് റസ്റ്റോറന്റ് എന്ന പടത്തിനെക്കുറിച്ച് തന്നെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് . ബോറടിച്ചു ചാകുന്നു ഭായി.പുതിയ പടത്തിന്റെ കാര്യങ്ങള്‍ പറയു ' എന്ന മട്ടില്‍ നിരന്തരം അഭിപ്രായങ്ങള്‍ പറയണം. കുറച്ചു കഴിയുമ്പോള്‍ ഭൂരിഭാഗം മണ്ടന്മാരും അലുക്കുലുത്ത് കൂറയായിരുന്നു എന്ന സത്യം മറക്കും. ഭീകരത്തിന്റെ പ്രമോഷനുകളില്‍ കണ്ണ് മഞ്ഞളിച്ചു തിയറ്ററില്‍ ഇടിച്ചു കയറുകയും ചെയ്യും. അത്മാഭിമാനമോ , സ്വന്തമായ തീരുമാനങ്ങളോ കാലണയ്ക്ക് കയ്യിലില്ലാത്ത ഈ ഭൂരിഭാഗത്തിലാണ് നമ്മുടെ കഞ്ഞി കുടി
3 )ഇനി പറയാന്‍ പോകുന്ന പോയന്റ് അല്‍പ്പം രഹസ്യമാണ് . ഈ പെണ്ണുങ്ങളെ വഴിതെറ്റിക്കാന്‍ ഇറങ്ങുന്ന മഹിളാ ലഹള, വനജ , ഗ്രഹാന്തകി തുടങ്ങിയ മാസികകളുടെ സ്പെഷ്യല്‍ ഫീച്ചറുകള്‍ കൈകാര്യം ചെയ്യുന്ന ജന്തുക്കളെ കലാ കാലത്ത് ഡ്രൈവര്‍ ബെന്നി ചാക്കിട്ട് കൊണ്ട് വരും .നിന്റെ ബാല്യകാല സ്മരണകള്‍ , ഭാര്യുമായുള്ള ബന്ധം , അവളെ നീ അടുക്കളയില്‍ സഹായിക്കാറുണ്ടോ, അവള് നിന്റെ സിനിമകള്‍ കണ്ടിട്ട് വിമര്‍ശിക്കാറുണ്ടോ തുടങ്ങിയ സ്ഥിരം കുറെ വിഴിപ്പ് ചോദ്യങ്ങള്‍ കാണും അവന്മാരുടെ അല്ലെങ്കില്‍ അവളന്മാരുടെ കയ്യില്‍ . അതിനൊക്കെ മധുരതരം , ഞങ്ങള്‍ ഇപ്പോഴാണ് ശരിക്കും പ്രണയിച്ചു തുടങ്ങിയത് , സമയം കിട്ടുമ്പോള്‍ ഒക്കെ ഞാന്‍ പാചകം ചെയ്യാറുണ്ട് , അവളാണ് എന്റെ ഏറ്റവും വലിയ ക്രിട്ടിക് എന്നൊക്കെ ക്രമപ്രകാരം കണ്ണില്‍ ചോരയില്ലാതെ അടിച്ചു വിടുക .എന്നിട്ട് ഇന്റെര്‍വ്യൂ ബുദ്ധിപൂര്‍വ്വം നീയും ബ്രിഗേഡിയര്‍ ഭരത് മെഗാ സ്റ്റാര്‍ അങ്കിളിന്റെ മകന് നിര്‍വാണുമായിയുള്ള ബന്ധത്തിലേക്ക് കൊണ്ട് വരിക . മിക്കവാറും തെണ്ടികള് ആ ചോദ്യം താനേ ചോദിക്കും. ചോദിച്ചില്ലെങ്കില്‍ നിന്റെ പുതിയ പടത്തിന്റെ മ്യൂസിക് കേട്ടിട്ട് മെഗാ സ്റ്റാര്‍ അങ്കിളോ നിര്‍വാണോ വിളിച്ചിരുന്നു എന്നോ മറ്റോ കഷ്യ്വലായി പറയുക .എല്ലിന് കഷ്ണം കണ്ട പട്ടികള്‍ ചാടി വീണോളും . ഈ ചോദ്യത്തിന്റെ ഉത്തരം വളരെ ശ്രദ്ധിച്ച് വേണം കൊടുക്കാന്‍ . നിങ്ങള്‍ തമ്മില്‍ അങ്ങനെ സ്ഥിരമായി കാണാറോ സംസാരിക്കാറോ ഇല്ലെങ്കിലും പരസ്പരം ഒടുക്കത്തെ ആത്മബന്ധമാണ് എന്നും ഒരാള്‍ക്ക് കൈത്താങ്ങും മറ്റെയാള്‍ക്ക് മുട്ട് താങ്ങും ഒക്കെയാണ് നിങ്ങള്‍ എന്നും ഒക്കെ വേണം അച്ചടിച്ച് വരാന്‍. ഞാനും ബ്രിഗേഡിയര്‍ അങ്കിളും അങ്ങനെ കാലാ കാലമായി ജനങ്ങളെ പുളകിതരാക്കുന്നത് നീ കണ്ടിട്ടുള്ളതല്ലേ ? നമ്മുടെ മലയാളി കൊണാപ്പന്മാര്ക്ക് എന്താണ് എന്ന് അറിയില്ല ഇതൊക്കെ വലിയ കാര്യമാണ് . പെണ്ണുങ്ങള്‍ക്ക് പിന്നെ ഈ ലേഖനം അങ്ങോട്ട് വായിച്ചു കഴിഞ്ഞാല്‍ നിങ്ങളെ രണ്ടാളെയും സ്നേഹിച്ചു കൊല്ലാതെ ഉറക്കം വരില്ല .ഇന്നല്ലെങ്കില്‍ നാളെ ആ ചെക്കനും സിനിമയില്‍ നായകനായി വരും . സിനിമകള്‍ ഇറങ്ങുമ്പോള്‍ കടുത്ത മത്സരം നിങ്ങള്‍ തമ്മിലും നിങ്ങളുടെ ഫാന്സുകള് തമ്മിലും നിലനില്ക്കുന്നു എന്നും അല്ലാത്തപ്പോ നിങ്ങള്‍ ചക്കരയും ഈച്ചയും ആണെന്നും ഒക്കെ പ്രചരിപ്പിക്കുന്നതിന്റെ ഗുണം കഴിഞ്ഞ കുറെ കൊല്ലങ്ങളായി ഞാനും അങ്കിളും അനുഭവിച്ചു കൊണ്ടിരിക്കുന്നു .നിങ്ങളുടെ കാര്യത്തിലും അതിനുള്ള ഒരു അടിത്തറയാണ് ഇത്.
തത്കാലം ഇതൊക്കെ ചെയ്ത് തുടങ്ങു . പിന്നെ ദാണ്ടേ ഇപ്പൊ ഫേസ്ബുക്കില്‍ ഒരു അപ്ഡേറ്റ് കണ്ടു .എന്റെ പുതിയ പടം സണ്‍ഗ്ലാസാനയുടെ സ്റ്റില്‍ നിന്റെ അക്കൌണ്ടില്‍ കൊടുത്തിട്ട് ഹൌ മെനി ലൈക്ക്സ്സ് എന്ന് ചോദിക്കേണ്ട വല്ല കാര്യവും നിനക്കുണ്ടായിരുന്നോ ? ഇനി അങ്ങനെ ചെയ്താല്‍ തന്നെ ഒന്നുകില്‍ കമന്റുകള്‍ ശ്രദ്ധിക്കണം . അല്ലെങ്കില്‍ 'പൊളിച്ചടുക്കി ', 'എ കെ ഇക്ക ഈസ് ബാക്ക്', 'ഉഗ്രന്‍ എന്റര്ടെയ്നര്' എന്നൊക്കെ പറയിക്കാന്‍ കുറെയെണ്ണത്തിനെ ഒരുക്കി നിറുത്തിയിട്ട് വേണ്ടേ ഇതൊക്കെ ചെയ്യാന്‍ ? രണ്ടായിരത്തി എട്ട് മുതല്‍ ഇങ്ങോട്ടുള്ള കണക്ക് മര്യാദക്ക് നോക്കിയാല്‍ നോക്കിയാല്‍ അകെ പറയാന്‍ ഒരു റാഞ്ചിയെട്ടനും ചെക്കുത്താനും , നല്ല ബെസ്റ്റ് അഭിനേതാവും ഒഴിച്ച് നിറുത്തിയാല്‍ ഏതാണ്ട് മുപ്പതോളം പടങ്ങള്‍ പാളീസാക്കി റെക്കോര്‍ഡ് ഇട്ടവനാണ് നിന്റെ വാപ്പിച്ചി എന്നെങ്കിലും നീ ഓര്‍ക്കണ്ടേ ? വര്‍ഷം പിന്നെയും പുറകോട്ട് പോയാല്‍ ലിസ്റ്റ് പിന്നെ ഇന്നൊന്നും തീരില്ല. ജോക്കര്‍ രാജ , ഫിഫ്റ്റി ഫിഫ്റ്റി ഇതൊക്കെ വിജയിച്ചത് എന്റെ കഴിവാണ് എന്ന് ഞാന്‍ പോലും ധൈര്യമായി പറയില്ല .അങ്ങനെയുള്ള എന്റെ പുതിയ പടം , അതും ആ കോണി അന്തോണിയെപ്പോലൊരുത്തന്‍ സംവിധാനം ചെയ്ത സാധനം , അതിന്റെ സ്റ്റില്‍ എടുത്ത് ഫേസ്ബുക്കില്‍ കയറ്റി വഴിയെ പോണവനൊക്കെ കയറി എന്റെ തന്തക്കു വരെ വിളിച്ചിട്ട് പോകാനുള്ള അവസരം ഉണ്ടാക്കി കൊടുക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ ? ടെക്നോളജി അറിയാവുന്ന നിങ്ങള്‍ പുതിയ പിള്ളേര്‍ക്ക് ഇതൊക്കെ ഞാന്‍ പറഞ്ഞു തരണം എന്ന് വന്നാല്‍ കഷ്ടമാണ് . എന്തായാലും തത്കാലം നിറുത്തുന്നു.. ഇനി സെന്‍ട്രി ഓഫ് പെരിങ്ങമലയില്‍ ഷൂട്ട് ചെയ്യാനുള്ളത് എന്റെ ഒരു കോമഡി രംഗമാണ് ആണ്. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചല്ലേ അത് പറ്റു. അല്ലാതെ പത്തു പേര് കാണുന്ന സ്ഥലത്ത് വെച്ച് ഞാന്‍ കോമഡി കാണിച്ചാല്‍ , തിയറ്റര്‍ മുതലാളിമാരുടെ കയ്യില്‍ നിന്ന് നമ്മള് വാങ്ങുന്ന അഡ്വാന്‍സ് പോലെ കൂവലും ചിലപ്പോ അഡ്വാന്‍സ് ആയി തന്നെ കിട്ടി ഏന്നു വരും. ആളൊഴിഞ്ഞ ഒരു ലൊക്കേഷന്‍ കിട്ടി എന്ന് സംവിധായകന് വന്നു പറഞ്ഞിട്ട് പോയി. അര മണികൂര് നേരം കൂടി അവിടെ ആള് സഞ്ചാരം കാണില്ല എന്നാണു പറയുന്നത്. ഒരു അന്‍പത്തി രണ്ടാമത്തെ ടെയ്ക്കില്‍ എങ്കിലും വാപ്പിചിയുടെ ഈ സീന്‍ ഒക്കെയാക്കി തരണേ എന്ന് മോന് പ്രാര്‍ത്ഥിക്ക്
അടുത്ത മെയില്‍ നാളെ
സ്നേഹപൂര്‍വ്വം
അഭിനയ സമ്രാട്ട് ഡോക്റ്റര്‍ ഇക്ക സോറി വാപ്പിച്ചി
Sunday, August 19, 2012
Subscribe to:
Post Comments (Atom)
2 comments:
വാപ്പിച്ചീനേം മോനേം ഇങ്ങനെ കൊല്ലണ്ടെനും...!! നല്ല ഹാസ്യം .ആശംസകള്‍ !
ഇത്രക്ക് വേണായിരുനോ?
Post a Comment