Thursday, April 30, 2009
സുന്ദര സ്വപ്നമേ...ഇതൊരുമാതിരി മറ്റേ പണിയായിപ്പോയി
ആള് മാറിയാണ് സുന്ദരീ കോപത്തിന്‍റെ ദിശ എന്ന് അവളെ ബോധ്യപ്പെടുത്തി,മഴ നനയാതെ തന്‍റെ വീട്ടില്‍ വന്ന് വിശ്രമിച്ചിട്ട് പോകാന്‍ ക്ഷണിക്കുക എന്ന ഉദ്ദേശത്തോടെ (അവന്‍റെ വീട്ടുകാര്‍ ആലപ്പുഴ പോയിരിക്കുകയായിരുന്നെങ്കിലും വേറെ ഉദ്ദേശമൊന്നും ഇല്ലായിരുന്നു എന്ന് അവന്‍ പറയുന്നു) അവന്‍ സംഭാഷണത്തിന് തുടക്കം കുറിച്ചു.
അവന്‍ :"മഴ പെട്ടന്നായിരുന്നല്ലേ ?"
ലവള്‍ : (ഒട്ടും മയമില്ലാതെ) "സാധാരണ തന്നെ ഫോണ്‍ ചെയ്തു പറഞ്ഞിട്ടാണോ മഴ പെയ്യുന്നത്?"
ലവന്‍ :(അന്ധാളിപ്പ് മറയ്ക്കാന്‍ ശ്രമപ്പെട്ട് കൊണ്ട്):"അല്ല,മഴയത്ത് ഒറ്റയ്ക്ക് നില്‍ക്കുകയും ...എന്നെ പരിചയമുള്ളത് പോലെ നോക്കുകയും ചെയ്തപ്പോള്‍...
ലവള്‍ :"മുന്‍പരിചയം വല്ലതും തോന്നിയോ?"
ലവന്‍:"പ്രവാസത്തില്‍ മലയാളം ബ്ലോഗ് എഴുതി ഭാരതത്തെ ഉദ്ധരിക്കുന്ന ആരെങ്കിലുമാണോ ഭവതി ?"
ലവള്‍:" എന്തേ അങ്ങനെ തോന്നാന്‍?"
ലവന്‍:"അല്ല സമീപ കാലത്ത് കണ്ണുകളില്‍ കൊലപാതകവുമായി എന്നെ നോക്കാന്‍ സാധ്യതയുള്ള സ്ത്രീകള്‍ മലയാളം ബ്ലോഗില്‍ മാത്രമേയുള്ളു.അത് കൊണ്ട് ചോദിച്ചതാ"
ലവള്‍:"തന്നെ കൊല്ലാനുള്ള കലിയെനിക്കുണ്ട്.അതിന് കാരണം തന്‍റെ ലേഖനങ്ങളുമാണ്.പക്ഷേ താന്‍ പറഞ്ഞ വകുപ്പില്‍ പെട്ട ആരുമല്ല ഞാന്‍. എനിക്ക് ഇതു വരെ ജീവിതത്തോട് അത്ര ഈര്‍ഷ തോന്നിയിട്ടില്ല"
ലവന്‍:"പിന്നെ നിങ്ങളാരാണാവോ ? ഞാന്‍ എഴുതിയ എന്ത് കുന്തത്തിന്റെ പേരിലാണ് എന്നോടിത്ര ദേഷ്യം ?"
ലവള്‍:"എന്‍റെ പേര് ജനാധിപത്യം.ഇംഗ്ലീഷില്‍ ഡെമോക്രെസ്സി എന്ന് വിളിക്കും."
ലവന്‍:"ഞാന്‍ എ കെ.തത്കാലം നിങ്ങളെ ഡെമൂന്ന് വിളിക്കാം. അല്ല , ദേഷ്യത്തിന്റെ കാര്യം ..."
ഡെമു (കുപിതയായി): "എനിക്ക് ഭാരതത്തില്‍ തീരെ ഗ്ലാമറില്ല എന്ന് താന്‍ പറഞ്ഞില്ലേ?"
എ കെ :(ഓടാന്‍ തയ്യാറെടുത്ത്): "എന്നല്ല ...അതി സുന്ദരിയായ ഡെമൂനെ ഇവിടുള്ളവന്മാര്‍ കോലം കെടുത്തി എന്നാണ് ഞാന്‍ പറഞ്ഞത്"
ഡെമു:"എന്നെ ആര് കോലം കെടുത്തി എന്നാ താനീ പറയുന്നത്? മാനവും മര്യാദയുമായി ജീവിക്കുന്ന പെണ്ണുങ്ങളെക്കുറിച്ച് അനാവശ്യം പറയരുത്"
എ കെ:" അല്ലെങ്കില്‍ ഡെമു തന്നെ ആലോചിച്ച് നോക്ക്...ഇവിടുള്ള ഓരോ കുഞ്ഞിനും ഭക്ഷണം ,താമസം അടിസ്ഥാന വിദ്യാഭ്യാസം ഇവയൊക്കെ ന്ടെന്കിലല്ലേ ഡെമൂന് മുട്ടന്‍ ഗ്ലാമര്‍ വരു? അതോക്കെയുണ്ടോ ഇവിടെ?"
ഡെമു:"ഇത്രയും വല്യ രാജ്യത്ത് എല്ലാര്‍ക്കും അതൊക്കെ കിട്ടാന്‍ സമയമെടുക്കില്ലേ?"
എ കെ :"നമ്മുടെ രാജ്യത്തെക്കാള്‍ വലുതല്ലേ ചൈന ...നമുക്കും വെറും മുപ്പത് നാല്‍പ്പത് കൊല്ലം മുന്‍പ് റിപബ്ലിക്ക് ആയ രാജ്യം.അവിടുണ്ട് തൊണ്ണൂറു ശതമാനം സാക്ഷരത. നമുക്ക് ഇപ്പോഴും വെറും അറുപത്.അവിടുത്തെ ആള്‍ക്കാരുടെ പ്രതി ശീര്‍ഷ വരുമാനവും ,നമ്മുടെ നാട്ടിലെ പ്രതി ശീര്‍ഷ വരുമാനവും കൂടി എടുക്കുകയാണെങ്കില്‍ ഡെമു പിന്നെ കണ്ണാടിയില്‍ മുഖം നോക്കില്ല. വൃത്തികെട്ട പാര്‍ട്ടി ഭരണമാണ് അവിടെ എന്ന് കൂടി ഓര്‍ക്കണം"
ഡെമു മൌനം.
എ കെ :"അത് പോട്ടെ.ജനിച്ച് വീഴുന്ന കുഞ്ഞ് വരെ ദിവസം രണ്ടു മലയാള പത്രം മിനിമം വായിക്കുന്ന കേരളത്തിലോ...ഒരു പാര്‍ട്ടിക്ക് വോട്ട് ചെയ്തില്ല എന്നാ കാരണത്തിന് കാസര്‍കോട് ആളുകളെ തല്ലി ആശുപത്രിയിലാക്കുന്നു,വല്ല നാട്ടില്‍ നിന്നും വന്ന പുലികള്‍ ഇവിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഏത്തമിടീക്കുന്നു, വേറെ കുറേ ചേട്ടന്മാര്‍ അതിന് ഉടനെ വര്‍ഗീയത എന്ന ലേബല്‍ ഒട്ടിച്ച് കൊടുക്കുന്നു...ഇതാണോ ഡെമു ഡെമു.?"
ഡെമു:"എന്തൊക്കെ പ്രശന്മുണ്ടെങ്കിലും അതിന് തിരഞ്ഞെടുപ്പിലൂടെ മറുപടി പറയാന്‍ ജനത്തിന് അവകാശമില്ലേ ഇവിടെ?"
എ കെ :"തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ എല്ലാം പോങ്ങന്മാരാണെങ്കില്‍?"
ഡെമു (വിജയ ഭാവത്തോടെ) : "49-0 ഉപയോഗിക്കണം.ജനത്തിന് നല്‍കിയിരിക്കുന്ന ഏറ്റവും വല്യ ആയുധമല്ലേ അത്?"
എ കെ:"എന്ന് തന്നെയാണ് ഞാനും വിചാരിച്ചിരുന്നത്.ഈ ഇലക്ഷനില്‍ അത് ഉപയോഗിക്കാന്‍ സാധിക്കാത്തതില്‍ കുറേ വിഷമിക്കുകയും ചെയ്തു.പക്ഷേ ഈ കഴിഞ്ഞ തിങ്കളാഴ്ച്ചത്തെ മാതൃഭൂമി പത്രത്തില്‍ അധികം ആരും ശ്രദ്ധിക്കാത്ത രീതിയില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു."
ഡെമു :"എന്ത് വാര്‍ത്ത?"
എ കെ :" ഒരു നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ആര്‍ക്കും വോട്ട് ചെയ്യാന്‍ ഒരാള്‍ക്ക് താത്പര്യം ഇല്ലെങ്കില്‍, പോളിംഗ് ബൂത്തില്‍ ചെന്ന് അധികൃതരോട് വിവരം പറഞ്ഞ് ഫോറം പതിനേഴ് എന്നൊരു ഇട്ടാപ്പ് വാങ്ങി ഈ കാര്യം രേഖപ്പെടുത്തി നല്‍കാം. പക്ഷേ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്, ഇനി ഫോറം പതിനേഴിന്റെ എണ്ണം തിരഞ്ഞെടുപ്പിലെ വിജയിക്ക് കിട്ടിയ വോട്ടിനേക്കാള്‍ കൂടുതലാണെങ്കില്‍ പോലും ആ തിരഞ്ഞെടുപ്പ് അസാധുവാക്കാന്‍ വകുപ്പില്ല;ജയിച്ചവന്‍ തന്നെ ജയിക്കും"
ഡെമു:"അപ്പോള്‍ അങ്ങനെ വന്നാല്‍ തിരഞ്ഞെടുപ്പ് അസാധുവാക്കും...അത്തവണ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല എന്നൊക്കെ പറയുന്നത്?"
എ കെ:"അതൊക്കെ ഇന്റര്‍നെറ്റിലും,ബ്ലോഗിലുമുള്ള ജ്ഞാനികളായ മഹാ പണ്ഡിതന്മാരുടെ ഓരോ ഭോഷ്ക്കുകള്‍.49-0 ,ഫോറം പതിനേഴ് എന്നിവ കൊണ്ട് നിലവിലുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ താത്പര്യമില്ലത്തവരുടെ വിശദവിവരങ്ങള്‍ അധികൃതര്‍ക്ക് ലഭിക്കും എന്നാലാതെ പ്രത്യേകിച്ച് വേറെ ഒരു പ്രയോജനവും ഇല്ല. തിരഞ്ഞെടുപ്പ് അസാധുവാക്കാനൊന്നും ഈ നിയമം കൊണ്ട് സാധിക്കില്ല. പറഞ്ഞത് ഇന്റര്‍നെറ്റിലെ മഹാന്മാരല്ല. തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് അധികൃതരാ"
ഡെമു:" അത് ചതിയായി പോയല്ലോ?"
എ കെ :"അതാണ് ഞാന്‍ പറഞ്ഞത് ...നമ്മുടെ നാട്ടില്‍ ഡെമൂന്‍റെ പേരില്‍ ആളുകളെ വടിയാക്കുന്ന ഇടപാടാണ് നടക്കുന്നതെന്ന്. ഇപ്പൊത്തന്നെ ജനാധിപത്യത്തില്‍,ഒരു പൌരന് വഴിയില്‍ അവനെ തടഞ്ഞു നിറുത്തുന്ന പോലീസുകാരനോട് ഐ ഡി ചോദിക്കാനുള്ള അവകാശമുണ്ട്. എന്ന് കരുതി ഏതെങ്കിലും പാവം അത് ചോദിച്ചാലോ?ഏമാന്മാര്‍ ഇടിച്ചവന്റെ കൂമ്പ് വാട്ടില്ലേ? ഇതും അത് പോലെ തന്നെ"
ഡെമുവിന്റെ കണ്ണുകള്‍ സജലങ്ങളായി.
എ കെ:(അത് കാണാതെ):"ഇവിടെയുള്ളവന്മാര് ഡെമൂന്‍റെ സുന്ദരമായ മുഖത്ത് കരിയോയില്‍ പൂശുന്നതും പോരാഞ്ഞ്,അതിന്റെ ഫോട്ടോയെടുത്ത് മാധ്യമങ്ങളിലും മറ്റുമുള്ള അവന്മാരുടെ കുഴലൂത്തുകാര്‍ വഴി ജനത്തിനെ അത് കാണിച്ച് 'ഇതാണ് യഥാര്‍ത്ഥ സൌന്ദര്യം' എന്ന് പ്രചരിപ്പിക്കുക കൂടി ചെയ്യുന്നവന്മാരാ"
ഡെമു പൊട്ടിക്കരഞ്ഞ് തുടങ്ങിയിരുന്നു.
"കരയാതെ ഡെമു" എന്ന് പറഞ്ഞ് അവളുടെ കണ്ണുനീര്‍ തുടക്കാന്‍ കൈ നീട്ടിക്കൊണ്ടാണ് എ കെ കിടക്കയില്‍ എഴുന്നേറ്റിരുന്നത്.മുഖത്ത് വീണത് ഡെമുവിന്റെ കണ്ണുനീരല്, അടക്കാന്‍ മറന്ന ജാലകത്തിലൂടെ കാറ്റ് കൊണ്ടു വന്ന മഴത്തുള്ളിയാണ് എന്നു മനസ്സിലാക്കാന്‍ അവന് മാത്ര നേരം വേണ്ടി വന്നു.
"കിടക്കും മുന്‍പ് ആഗ്രഗേറ്ററില്‍ കാണുന്ന സകല ചവറുകളും വായിക്കരുത് എന്നു പറഞ്ഞാല്‍ നീ കേള്‍ക്കില്ല.അനുഭവിച്ചോടാ...ഒടുക്കം നീ എഴുതുന്നവ തന്നെ നിന്നെ സ്വപ്നത്തില്‍ വേട്ടയാടിത്തുടങ്ങിയിരിക്കുന്നു" ജനാല അടച്ച്,ഒരു സിഗരറ്റിന് തീ കൊടുത്ത് കൊണ്ടവന്‍ സ്വയം പറഞ്ഞു
Tuesday, April 28, 2009
ഭാരതത്തിന്റെ ധീര ഭരണാധികാരികളെ...
ഭാരതത്തിന്റെ കണ്ണിലുണ്ണികളായ ധീര ഭരണാധികാരികളെ,
ഒടുക്കത്തെ സന്തോഷം സഹിക്ക വയ്യാതെയാണ് ഞാന്‍ ഈ കത്തെഴുതുന്നത്.നിങ്ങളോടെല്ലാവരോടുമുള്ള ഒരു അപേക്ഷയായി പരിഗണിക്കാന്‍ ദയവുണ്ടാകണം.
ധീര ദേശാഭിമാനി സരവ ശ്രീ വേലുപ്പിള്ള പ്രഭാകരനെയും കൂട്ടരെയും രക്ഷിക്കാനുള്ള നിങ്ങളുടെ അശ്രാന്ത പരിശ്രമങ്ങള്‍ സത്യത്തില്‍ എന്‍റെ ശരീരത്തിലെ ഓരോ അണുവിലും ആവേശമായി നിറയുന്നു. നമ്മുടെ ദേശത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ഒരാളെ ക്രൂരമായി വധിച്ച ഒരു തീവ്രവാദ സംഘടനയുടെ തലവനാണ് പ്രഭാകരനെങ്കിലും, തത്കാലം നമുക്ക് വേണ്ടത് തമിഴ് നാട്ടിലെ വോട്ടുകളാണ്(അതാണ് സ്പിരിറ്റ്).
അതിലേക്കായി നിങ്ങള്‍ ഇപ്പോള്‍ ശ്രീലങ്കയില്‍ പോയി നടത്തുന്ന സമാധാന ശ്രമങ്ങള്‍ മാത്രം പോരാ എന്നാണ് എന്‍റെ അഭിപ്രായം. പറ്റുമെങ്കില്‍,ശ്രീലങ്കയിലെ സൈനിക നടപടികള്‍ക്കെതിരേയുള്ള പ്രതിഷേധ സൂചകമായി,തമിഴ്നാട്ടില്‍ നമ്മുടെ ദേശീയ പതാക കത്തിക്കാന്‍ ശ്രമിച്ച ശുനക ഛേ ശിങ്കക്കുട്ടികള്‍ക്ക് ഓരോ പത്മശ്രീയോ,പത്മവിഭൂഷണോ നല്‍കി ആദരിക്കണം.രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് പന്ത്രണ്ട് മണിവരെ എയര്‍ കൂളറുകള്‍ക്ക് നടുവില്‍ക്കിടന്ന് ധീരമായി നിരാഹരിച്ച,കാലന് പോലും വേണ്ടാത്ത,ദേ പിന്നെയും തെറ്റി, കലൈജ്ഞ്ര്‍ കരുണാനിധിക്ക് ഒരു ഭാരത രത്നവും നല്‍കിയേക്കുക.
അത് കൊണ്ടും തമിഴ് മക്കള്‍ക്ക് തൃപ്തി വന്നില്ലെങ്കില്‍ ദ്രാവിഡ കഴകത്തിന്റെ കൊടി നമ്മുടെ ദേശീയ പതാകയാക്കാനും,'നാന്‍ ആണയിട്ടാല്‍' നമ്മുടെ ദേശീയ ഗാനമാക്കാനും വല്ല വഴിയുമുണ്ടോ എന്ന് നോക്കുക.
പ്രഭാകരനെ ജീവനോടെ പിടിച്ചാല്‍ ഭാരതത്തിന് കൈമാറാം എന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനത്തില്‍ നിന്നും ഒരു കാലത്തും നിങ്ങള്‍ പിടി വിടരുത്. വേലിയിലിരിക്കുന്ന വെള്ളിക്കെട്ടനെയെടുത്ത് വി ഐ പി ക്കുള്ളില്‍(സ്വന്തമല്ല,ജനങ്ങളുടെ) വെച്ച്,അതിനിട്ട് ഒരു നുള്ളും കൂടി കൊടുക്കുക എന്ന നമ്മുടെ സര്‍ക്കാരിന്റെ പാരമ്പര്യത്തില്‍ നിന്നും നാം അണുവിട വ്യതിചലിച്ച് കൂടാ.
മാത്രമല്ല പ്രഭാകരന്‍ ശ്രീലങ്കയില്‍ വിചാരണ നേരിട്ടാല്‍ അവന്മ്മാര്‍ മൂന്നിന്റെയന്ന് കുരിശിനെ കാച്ചാന്‍ സാധ്യതയുണ്ട്. അനുവദിക്കരുത്!!!കഴിയുന്നതും വേഗം അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ട് വന്ന് പഞ്ച നക്ഷത്ര തടവറകളില്‍ ഏതെങ്കിലുമൊന്നില്‍ താമസമൊരുക്കിക്കൊടുത്ത്, ഒരു പത്തിരുപത്തിയഞ്ച് വര്‍ഷം നീളുന്ന വിചാരണയും,പുനര്‍:വിചാരണയുമായി നമുക്ക് വോട്ട് പിടിക്കണ്ടേ? ഇനി കഷ്ടകാലത്തിന് വിചാരണ തുടങ്ങി ഇരുപത്തിയഞ്ചാം വര്‍ഷം കോടതി അങ്ങേരെ തൂക്കാന്‍ വിധിച്ചാലും, ദയാ ഹര്‍ജ്ജിയുടെ അപേക്ഷക്ക് മേലുള്ള തീരുമാനം വൈകിച്ച് നമുക്ക് അദ്ദേഹത്തിന് വാര്‍ദ്ധക്യ സഹജമായ കാരണങ്ങളാല്‍ സുഖ മരണം വരികാനുള്ള സൌകര്യം ഒരുക്കാമല്ലോ. ഇനി ഇതൊന്നും നടന്നില്ലെങ്കില്‍ വല്ല വിമാനമോ മറ്റോ റാഞ്ചി ആരെങ്കിലും അങ്ങേരെ രക്ഷിച്ചോളും.
പൂര്‍വികര്‍ തെണ്ടിത്തിരിഞ്ഞ് വല്ല നാട്ടീന്നും വന്നതാണെങ്കിലും,നിത്യ വൃത്തിക്കുള്ള വഴി കണ്ടു കഴിയുമ്പോള്‍, ചെന്ന് കയറിയടുത്ത് സ്വന്തമായി രാജ്യം വേണം എന്ന് അലമ്പുണ്ടാക്കി,ഇപ്പോള്‍ ഓടി നടന്ന് പണി വാങ്ങിക്കുന്ന ആ തമിഴ് വീരനില്‍ മാത്രം നിങ്ങളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒതുക്കരുത് എന്നാണ് എനിക്ക് പറയാനുള്ള മറ്റൊരു കാര്യം.
സാധിക്കുമെങ്കില്‍ മെക്സിക്കന്‍ കൊളമ്പ്യന്‍ മയക്കുമരുന്ന് രാജാക്കന്മാരില്‍ ശേഷിക്കുന്നവരെയും ഇന്ത്യയിലേക്ക് കൊണ്ട് വരണം.അവരോട് നാം കാണിക്കുന്ന മാനുഷിക പരിഗണന ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ വോട്ടുകള്‍ മറിക്കാന്‍ നമുക്ക് ശ്രമിക്കാവുന്നതാണ് മിക്കാവുന്നതാണ്.
ഇതേ രീതിയില്‍ ഹിന്ദു വോട്ടുകള്‍ മറിക്കാന്‍ വല്യ ശ്രമമൊന്നും വേണ്ട. വല്ല കൂട്ടക്കൊലയോ, തുടര്‍ സ്ത്രീ പീഡനമോ നടത്തിയ ഏതെങ്കിലും ഫ്രാഡ് സ്വാമിയെ കണ്ടെത്താനാണോ നമുക്ക് പാട്. അദ്ദേഹത്തെ ഒരമ്പലം പണിയിച്ചു ആരാധിക്കുന്നതൊഴികെ മറ്റെല്ലാം നമുക്ക് ചെയ്യാം.എന്നിട്ട് നമുക്ക് ചുവപ്പ് കോട്ടയുടെ മുകളില്കയറി നിന്ന് സുധീരമായ ഭരണത്തിന്റെ നേട്ടങ്ങള്‍ എഴുന്നള്ളിക്കുന്ന നോട്ടീസ്സ് വിതറി കളിക്കാം.
നിങ്ങളുടെ ഭരണത്തിന്‍ കീഴില്‍ ഭാരതാംബയുടെ ഭാവിയോര്‍ത്ത് എന്‍റെ കണ്ണുകള്‍ നിറയുന്നതിനാല്‍ കൂടുതല്‍ എഴുതാനാകുന്നില്ല.
തത്കാലം നിറുത്തുന്നു
എ കെ
Sunday, April 26, 2009
മലയാള സിനിമ തകര്‍ക്കും!!!
ചലച്ചിത്ര വാര്‍ത്തകള്‍
മോഹന്‍ലാല്‍:
നോട്ട് ബുക്കിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം, മോഹന്‍ലാലിന്റെ വ്യത്യസ്തമായ വേഷം,ബാഗ്ലൂരില്‍ കണ്ണഞ്ചിപ്പിക്കുന്ന ചടങ്ങില്‍ തുടക്കം;എന്തെല്ലാം ബഹളങ്ങളായിരുന്നു കാസനോവ എന്ന മോഹന്‍ലാല്‍ ചിത്രത്തിനെക്കുറിച്ച്. നൂറ്റിയെട്ട് പെണ്‍കുട്ടികളെ പ്രണയിക്കുന്ന നിത്യ കാമുകനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ,പ്രതീക്ഷകള്‍ വനോളമായിരുന്നിരിക്കണം. പ്രേക്ഷകര്‍ക്കല്ല,മോഹന്‍ലാലിന്. പറഞ്ഞിട്ടെന്ത് കാര്യം? ചിത്രം തുടങ്ങും മുന്‍പേ നിര്‍മ്മാതാക്കള്‍ കളിക്കാന്‍ വന്ന കോണ്‍ഫിഡെന്റ് ഗ്രൂപ്പ് കാലു മാറിയില്ലേ!!!
നിര്‍മ്മാണ ചിലവ് കൂടിയത് കൊണ്ടാണ് അവര്‍ പിന്മാറിയത് എന്നാണ് ഔദ്യോഗിക വിശദീകരണം. പക്ഷേ, സാഗര്‍ അലിയാസ് ജാക്കിയുടെ 'ഉജ്ജ്വല' പ്രകടനം കണ്ട ശേഷമുണ്ടായ 'വല്ല എന്‍ ആര്‍ ഐ കാര്‍ക്കും വില്ലയും ഫ്ലാറ്റും പണിഞ്ഞ് കൊടുത്തുണ്ടാക്കിയ പണം വെറുതെ വിയന്നയിലും ,മറ്റും കൊണ്ട് ലാലിനെ ആടി പാടിച്ച് കളയണോ' എന്ന വികാരമാണ് നിര്‍മ്മാതാക്കളെ ഓടി രക്ഷപ്പെടുവാന്‍ പ്രേരിപ്പിച്ചത് എന്ന് സ്ഥിരീകരിക്കാത്ത ഒരു വാര്‍ത്തയും ചലച്ചിത്ര ലോകത്ത് കറങ്ങുന്നുണ്ട്.
അതിന്‍റെ സത്യമെന്തായാലും നൂറ്റിയെട്ട് പോയിട്ട് ഒരെണ്ണം പോലും കാസനോവക്ക് ഇനി തടയില്ല എന്നത് പരമാര്‍ത്ഥം. പടം ഉപേക്ഷിച്ചു.
പക്ഷേ റോഷന്‍ ആരാ പുള്ളി. കാസനോവ ഇല്ലെങ്കില്‍ കൃസ്ത്യാനി ക്ഷീര കര്‍ഷകനായിട്ട് മോഹന്‍ലാലിനെ,ജെയിംസ് ആല്‍ബെര്‍ട്ടിന്‍റെ(ക്ലാസ്മേറ്റ്സ്, സൈക്കില്‍) തിരക്കഥയില്‍ അഭ്രപാളിയില്‍ അവതരിപ്പിക്കാനാണ് പുതിയ തീരുമാനം.
'നൂറ്റിയെട്ട് പ്രണയമില്ലെങ്കില്‍ ലാലേട്ടന് ഞാന്‍ ആയിരത്തിയെട്ട് പശുക്കളെ തരാം' എന്ന് റോഷന്‍ പറഞ്ഞു കാണുമോ? അറിയില്ല. പക്ഷേ അറിയാവുന്ന ഒന്നുണ്ട്. ചിത്രത്തിന്‍റെ കഥ ഒരു ക്ഷീര കര്‍ഷകന്റെ സാധാരണ ജീവിതത്തില്‍ നടക്കുന്ന അസാധാരണ സംഭവങ്ങളെക്കുറിച്ചാണത്രേ.ഇനി ക്ഷീര കര്‍ഷകന്‍ ദിവസവും ആയിരത്തിയെട്ട് പശുക്കളുടെ പാല്,ഒരു തുള്ളി പുറത്ത് കൊടുക്കാതെ മുഴവന്‍ സ്വയം കുടിക്കുന്നതാണോ അസാധാരണ സംഭവം? അങ്ങനെയാണെങ്കില്‍ ഇപ്പോഴത്തെ ശരീരപ്രകൃതി വെച്ച് മോഹന്‍ലാലിന് ലഭിക്കുന്ന ഏറ്റവും വിശ്വസനീയമായ കഥാപാത്രമാകും ഇതെന്നതില്‍ സംശയമില്ല.
കമലഹാസനുമൊത്ത് അഭിനയിക്കുന്ന ഉന്നൈപ്പോല്‍ ഒരുവന്‍ന്റെ (ഹിന്ദിയിലെ ആ വെനസ്സ് ഡേ എന്ന വെടിക്കെട്ട് പടത്തിന്റെ തമിഴ് ആഖ്യാനം)ചിത്രീകരനത്തിന് ശേഷം മോഹന്‍ലാല്‍ കര്‍ഷകനാകും എന്നാണ് അറിയുന്നത്.
മമ്മൂട്ടി:
മമ്മൂട്ടി മറ്റ് നടന്മാരില്‍ നിന്നും തീര്‍ത്തും വ്യതസ്ഥനാണ് എന്ന അഭിപ്രായം അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കിടയില്‍(ലവ് ഇന്‍ സിങ്കപ്പൂര്‍,മായാബസാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അവശേഷിച്ചിരിക്കുന്നവര്‍ക്കിടയില്‍) ശക്തമാണ്. അടുത്തിടെ അദ്ദേഹം അഭിനയിക്കുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ വെച്ച് നോക്കുമ്പോള്‍,ഇത് സത്യമാണ് എന്ന് വിശ്വസിക്കാന്‍ ന്യായങ്ങള്‍ ഏറെയുണ്ട്.ഉടന്‍ പുറത്തിറങ്ങാനുള്ള 'ഈ പട്ടണത്തില്‍ ഭൂതത്തിലും', 'ഡാഡി കൂളിലും' ജീവിതത്തോടു വളരെ അടുത്ത് നില്‍ക്കുന്ന വേഷങ്ങളാണ് അദ്ദേഹം ചെയ്യുന്നത് എന്ന് അവയെക്കുറിച്ച് കേട്ടപ്പോള്‍ തോന്നി.
'ഈ പട്ടണത്തില്‍ ഭൂതത്തില്‍' ,അഞ്ച് വയസ്സുകാരന്റെ ബുദ്ധിയും,ആയിരം ആനകളുടെ ശക്തിയും ഉള്ള ഭൂതമായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. ഭൂതത്തിന്റെ ഗുണങ്ങളില്‍ ഏതാണ് അദ്ദേഹത്തിനുള്ളത് എന്നത് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങള്‍ കണ്ട ശേഷം(നിങ്ങളുടെ ഒരു സമയമേ!!!) വായനക്കാര്‍ക്ക് തീരുമാനിക്കാം.
ഡാഡി കൂളില്‍ ചെയ്യുന്ന പണിയോടു യാതൊരു താത്പര്യവുമില്ലാതെ നടക്കുന്ന, എന്നാല്‍ പത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കും മുന്നില്‍ എന്നെക്കഴിഞ്ഞേ ആളുള്ളൂ എന്ന മട്ടില്‍ നടക്കുന്ന ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കൂടുതല്‍ വിശദീകരണം വേണോ?
ദിലീപ്:
ക്രേസി ഗോപാലന്‍ ,മോസ് ആന്‍ഡ് ക്യാറ്റ് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ തന്‍റെ സ്ഥാനം (ലാസ്റ്റീന്ന് ഫസ്റ്റ് ) അരക്കിട്ടുറപ്പിച്ച ശേഷം ദിലീപ് ഇപ്പോള്‍ സംവിധായകന്‍ സിദ്ദിക്കിന്റെ ബോഡിഗാര്‍ഡില്‍ അഭിനയിച്ച് വരുകയാണ്.
ചിത്രത്തില്‍ നയന്‍ താരയുടെ ബോഡിഗാര്‍ഡായിട്ടാണ് ദിലീപ് എത്തുന്നത്. ഹോ!!!അങ്ങേരുടെ (ദിലീപിന്റെയല്ല, ചിത്രത്തിലെ അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്റെ) തലയില്‍ വരച്ച റീഫില്‍ ഒന്ന് കിട്ടാന്‍ എന്താ മാര്‍ഗ്ഗം?
സംഗതി നയന്‍താരയും ബോഡിയും ഛെ ബോഡി ഗാര്‍ഡുമൊക്കെയാണെങ്കിലും ചിത്രീകരണം തുടങ്ങിയപ്പോള്‍ മുതല്‍ ചിത്രത്തിന് ആകെ പ്രശ്നങ്ങളാണ്. ആദ്യം മൊബൈലില്‍ ഫോട്ടോ എടുത്ത കോളേജ് പിള്ളേരെ നയന്‍ വിരട്ടിയത്,പിന്നെ നയന്‍ അമ്പല വാതുക്കല്‍ ചുരിദാര്‍ അഴിച്ച് വെച്ചില്ലെന്നോ,അമ്പലത്തില്‍ അതുമിട്ടോണ്ട് കയറിയെന്നോ ഒക്കെ പറഞ്ഞുള്ള വിവാദം, പിന്നെ യൂണിറ്റ് വണ്ടി മറിഞ്ഞ് ചിത്രത്തിന്‍റെ രണ്ട് അണിയറ പ്രവര്‍ത്തകര്‍ ആശുപത്രിയിലായത്... അങ്ങനെ തുടരെ തുടരെ പ്രശ്നങ്ങള്‍.
ഒടുവില്‍ എല്ലാം ഒന്ന് ഒതുങ്ങിയെന്ന് കരുതി ഒറ്റപ്പാലത്ത് വീണ്ടും ചിത്രീകരണം തുടങ്ങിയപ്പോള്‍ ദാ വരുന്നു പിടിച്ചതിനേക്കാള്‍ വലുത്.
മാക്ട-ദിലീപ് പ്രശ്നം തുടങ്ങിയിട്ട് കുറച്ച് കാലമായി.
അതിന്റെ പേരില്‍ ജനപ്രിയ സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ നേതൃത്വത്തില്‍ ചിലര്‍( ജെയിംസ് ബോണ്ട് എന്ന ചിത്രത്തിന് ശേഷം പത്തു കൊല്ലമായിട്ട് അദ്ദേഹം പടമൊന്നും എടുത്തിട്ടില്ല എന്ന ഒറ്റകാരണത്താല്‍ ബൈജു കൊട്ടാരക്കര ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ്) ആദ്യം ബോഡിഗാര്‍ഡിന്റെ ചിത്രീകരണം തടസ്സപ്പെടുത്തി.ടീവിയില്‍ ഉണ്ടായിരുന്നു. ബൈജു ധീരമായി അറസ്റ്റു വരിച്ച ശേഷം ജീപ്പിന്റെ പടിയില്‍ ഇറങ്ങി നിന്ന് 'കണ്ടോളാമെടാ @#$%^&' എന്ന് ആക്രോശിക്കുന്നത്. തുടര്‍ന്ന് പോലീസിന്റെ മദ്ധ്യസ്ഥതയില്‍ ദിലീപും സിദ്ദിക്കും, ബൈജുവും മാക്ടയുമായി ചര്‍ച്ചകള്‍ നടത്താം എന്ന് തീരുമാനിക്കപ്പെട്ടു. പക്ഷെ അവസാന നിമിഷം ദിലീപ് മാക്ടയുമായി ചര്‍ച്ചകള്‍ക്ക് ഇല്ല എന്ന് പറഞ്ഞു പിന്മാറി. കേരളാ പോലീസല്ലേ ഇടനിലക്കാര്‍?വിടുമോ? അപ്പോള്‍ കൊടുത്തു സിദ്ദിക്കിന് ചിത്രീകരണം പൂട്ടിക്കെട്ടാനുള്ള ഇണ്ടാസ്.
ദിലീപിന്റെ ഒരു സമയമേ. അതാണ് നേരത്തെ പറഞ്ഞത് അദ്ദേഹത്തിന്‍റെ തലയില്‍ വരച്ച റീഫില്‍ വേണ്ടാ, ചിത്രത്തിലെ കഥാപാത്രത്തിന്റെ തലയില്‍ വരച്ചത് മതിയെന്ന്.
മലയാള സിനിമയുടെ ഈ മൂന്ന് ആധാരസ്തംഭങ്ങള്‍ ഇപ്പോള്‍ ഏതൊക്കെ സിനിമയില്‍ അഭിനയിക്കുന്നു, അതിലവരുടെ കഥാപാത്രങ്ങള്‍ എന്തൊക്കെ എന്നതിനെക്കുറിച്ചൊക്കെ വായനക്കാര്‍ക്ക് ഒരു ഏകദേശ രൂപം കിട്ടിയില്ലേ?ഇനി കാത്തിരുന്നോളുക; ഈ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്താന്‍.(വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല മക്കളെ. അത് അനുഭവിച്ച് തന്നെ തീരണം).
ഇവയൊന്നും പോരാഞ്ഞ്,വരാന്‍ പോകുന്ന തകര്‍പ്പന്‍ മറ്റ് ചിത്രങ്ങളെക്കുറിച്ചോര്‍ത്ത് ആവേശം സഹിക്ക വയ്യാതെ വായനക്കാര്‍ സ്വയം തീ കൊളുത്തി മരിക്കുക, തീവണ്ടിക്ക് തല വെയ്ക്കുക തുടങ്ങിയ കലാപരിപാടികള്‍ നടത്താതിരിക്കാനുള്ള ഒരു മുന്‍കരുതല്‍ എന്ന നിലക്കാണ് മലയാള ചലച്ചിത്ര രംഗത്തെ മറ്റു താരങ്ങളുടെ വെള്ളിത്തിരയിലെ വിശേഷങ്ങള്‍ ഇവിടെ പറയാത്തത്
Friday, April 24, 2009
ജനാധിപത്യത്തെ എനിക്ക് ഭയമാണേ!!! - ഒന്ന്
കേരളത്തില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞു . ഭാരതത്തിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഇന്നലെ (ഇരുപത്തിമൂന്ന് ഏപ്രില്‍) മുതല്‍ ആരംഭിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയകളില്‍ ഒന്നിന്നിറെ പുരോഗമനം...ഹൌ , കേള്‍ക്കുമ്പോള്‍ തന്നെ എന്താ കുളിര്?
വോട്ട് ചെയ്യണം ചെയ്യണം എന്ന് വിചാരിച്ചിരുന്നതാ.പക്ഷേ രാവിലെ തൊട്ടടുത്ത സ്കൂളിലേക്ക് പോകാന്‍ ഒരുങ്ങി ഇറങ്ങിയപ്പോള്‍ ഒരു സംശയം. സ്വന്തം വോട്ട് തിരുവനതപുരത്തായതിനാലും, ബാരക്ക് ഒബാമയുടെ തിരഞ്ഞെടുപ്പ് ആള്‍റെഡി കഴിഞ്ഞു പോയതിനാലും, ആര്‍ക്കു വോട്ട് ചെയ്യണം എന്നൊരു ആശയക്കുഴപ്പം.സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഒന്ന് കണ്ണോടിച്ചു
ശശി തരൂര്‍ : കൂംംംംംംം. അതിലും ഭേദം ജുവാനിറ്റ (രാഹുല്‍ ഗാന്ധിയുടെ പഴയ സ്പാനിഷ് സഖിയുടെ പേര് അതാണെന്നാണ് ഓര്‍മ്മ ) മത്സരിക്കുന്നതായിരുന്നു. സോണിയാ ഗാന്ധിക്കുള്ള രാഷ്ട്രീയ പരിചയമൊക്കെ ആ കുട്ടിക്കും കാണും.
രാമചന്ദ്രന്‍ നായര്‍ :പാവം മനുഷ്യന്‍ . ലോക സഭയിലേക്ക് പോയാലും പന്ന്യന്‍ സഖാവ് പോയതിലും കൂടുതല്‍ ഒന്നും ചെയ്യാനില്ല(അതായത് തിരുവനന്തപുരത്തിന് പ്രത്യേകിച്ച് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല). ഇനി എന്‍റെ വോട്ട് കൊണ്ട് മാത്രമാണ് അദ്ദേഹം ജയിച്ചത് എന്നു വന്നാല്‍,അദ്ദേഹത്തിന്‍റെ കുടുമ്പത്തിന് ഇടയ്ക്കിടെ അദ്ദേഹത്തോടൊപ്പം പോയി സിനിമ കാണാനുള്ള അവസരം നഷ്ടപ്പെട്ടാലോ?
പോകുന്നത് വെറുതെയാണെങ്കിലും, ജയിച്ചാല്‍ സഭ കൂടുമ്പോള്‍ ഡല്‍ഹി വഴി പോകാതിരിക്കാന്‍ അദ്ദേഹം നടന്‍ ഗോവിന്ദയല്ലല്ലോ.
കൃഷ്ണദാസ്: അവിടെ കുത്തിയാല്‍ പ്രയോജനം ഉണ്ടോ ഇല്ലയോ എന്നറിയില്ല.തിരഞ്ഞെടുപ്പ് സമയത്തല്ലാതെ ബി ജെ പി എന്നൊരു സാധനം നാട്ടില്‍ ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞ് വേണം അറിയാന്‍.
നീലലോഹിത ദാസ് : ബു ഹ ഹ ഹ. ബകന്‍, ക്ഷമി... ബഹന്‍ മായാവതിയുടെ സ്ഥാനാര്‍ഥിയല്ലേ? .കഷ്ടകാലത്തിന് ജയിച്ചിട്ട് വേണം, തിരുവനന്തപുരത്തിന്റെ മാറത്ത് സ്വന്തം പ്രതിമ ആദ്യം ലക്ഷങ്ങള്‍ ഇന്നലെ മുടക്കിയും,പിന്നെ അതു പൊളിച്ചു കോടികള്‍ മുടക്കിയും കൊണ്ട് സ്ഥാപിക്കാന്‍.
ബാക്കിയുള്ള എം പി ഗംഗാധരന്‍, ഷാജര്‍ഖാന്‍ തുടങ്ങിയ സാറന്മാര്‍ക്കെല്ലാം ചേര്‍ത്ത് ഒരു "കഷ്ടം!!!"
അപ്പോ പിന്നെ ? നേരെ പോയി അയന്‍ കണ്ടു.
വോട്ടു ചെയ്യാത്തവനെ,ജനാധിപത്യ ധ്വംസകാ, നീചാ എന്നൊക്കെ സ്ഥലത്തെ പ്രബുദ്ധ പ്രവര്‍ത്തകര്‍ ചിലര്‍ വൈകുന്നേരം കവലയില്‍ കണ്ടപ്പോള്‍ വിളിച്ചു. "പോയിനെടാ പോകിന്‍ ...കൊള്ളാവുന്ന ഒരുത്തനെ ,മിനിമം ലോക സഭയില്‍ ചെന്നിട്ട് 'ഡാ മാര്‍വാഡി, ത്രിവേന്ത്രം അല്ല ,ട്രിവാന്‍ഡ്രം അല്ലെങ്കില്‍ തിരുവനന്തപുരം' എന്ന് പറയാന്‍ കെല്‍പ്പും ,തന്റേടവും ഉള്ള ഒരാളെ സ്ഥാനാര്‍ഥിയാക്ക്. എന്നിട്ട് ചെയ്യാം ഞാന്‍ വോട്ട്" എന്ന് മറുപടിയും കൊടുത്തു.
വിഷം, ആസിഡ് ,ഫിനോയില്‍ ഇവ മൂന്നും മുന്നില്‍ വെച്ച് 'ദാ മകനെ, ഇതില്‍ ഒന്ന് തിരഞ്ഞെടുത്ത് കുടിക്കാനുള്ള അവകാശം ഭാരതത്തിലെ ജനാധിപത്യ വ്യവസ്ഥ നിനക്ക് നല്‍കുന്നുണ്ട്.മാത്രമല്ല ഇവയില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും കുടിക്കുക എന്നത് ഒരു ഭാരതീയന്‍ എന്ന നിലയില്‍ നിന്‍റെ കടമയുമാണ്'.ഇതാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ചിത്രം.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സാധാരണക്കാരന് ഒരു പങ്കും നമ്മുടെ നാട്ടില്‍ ഇല്ല.'കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നെങ്കിലും പാലിച്ചോഡാ കൂവേ' എന്ന് വോട്ടു തെണ്ടി വരുന്ന സ്ഥാനാര്‍ഥിയോട് ചോദിക്കാനുള്ള സ്വാതന്ത്ര്യവും അവനില്ല (സ്ഥാനാര്‍ഥിയുടെ കൂടെ വരുന്ന അനുയായികള്‍ കൂമ്പ് വാട്ടും എന്ന ഭയം).
സംഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തിരഞ്ഞെടുപ്പിന്റെ അന്ന് മാത്രം സാധാരണ പൌരന് മുട്ടന്‍ ജനാധിപത്യ അവകാശങ്ങളാണത്രേ. ഈ നില്‍ക്കുന്ന ഫ്രാഡുകളില്‍ ഒരുത്തനും വോട്ട് ചെയ്യാന്‍ താത്പര്യമില്ല (നണ്‍ ഓഫ് ദ അബൌ)' എന്നൊരു ബട്ടന്‍ കൂടി ആ വോട്ടിംഗ് യന്ത്രത്തില്‍ ഉണ്ടായിരുന്നെങ്കില്‍,ഈ പറയുന്നത് കേള്‍ക്കാന്‍ ഒരു സുഖമുണ്ടായിരുന്നു.
സുപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി വരെ വോട്ട് ചെയ്തു.അതും സ്വന്തം തിരിച്ചറിയല്‍ കാര്‍ഡ് വരാനായി അര മണിക്കൂറോളം കാത്ത് നിന്ന ശേഷം.അങ്ങേര്‍ വെറും വങ്കനായത് കൊണ്ടാണോ അങ്ങനെ ചെയ്തത്?അങ്ങേര്‍ക്ക് വോട്ടു ചെയ്യാമെങ്കില്‍ പിന്നെ മറ്റുള്ളവര്‍ക്ക് കൊമ്പുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ സത്യത്തില്‍ സഹതാപം പോലും അര്‍ഹിക്കാത്ത മന്ദബുദ്ധികളാണ്.
കാരണം, യാതൊരു തിരിച്ചറിയല്‍ രേഖകളുമില്ലാതെ,മമ്മൂട്ടിയെപ്പോലെ ഒരാള്‍ വോട്ടു ചെല്ലുന്നതിന്റെ പിന്നില്‍, ഒന്നുകില്‍ അജ്ഞത അല്ലെങ്കില്‍ അഹങ്കാരം(ഇങ്ങനെ അഹങ്കാരമോ അജ്ഞതയോ കാരണം ഇമ്മാതിരി പണി വാങ്ങിക്കുന്നവരെയാണ് നാട്ടിന്‍ പുറങ്ങളില്‍ വങ്കന്‍ എന്ന് പറയുന്നത് എന്നത് മറ്റൊരു സത്യം).രണ്ടായാലും അത് നാട്ടിലെ വ്യവസ്ഥയുടെ പരാജയമാണ്.
തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതെ വോട്ട് ചെയ്യാന്‍ ചെല്ലരുത് എന്ന് മമ്മൂട്ടിയെ പോലെ ഒരാള്‍ക്ക് അറിയില്ലെങ്കില്‍, ഈ തിരഞ്ഞെടുപ്പിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതില്‍ നമ്മുടെ വ്യവസ്ഥ പരാജയപ്പെട്ടു എന്നര്‍ത്ഥം.
ഇനി അതല്ല 'ഞാന്‍ മമ്മൂട്ടി, എന്നെ കേരളത്തില്‍ എല്ലാവരും അറിയും' എന്ന അഹങ്കാരമായിരുന്നുവെങ്കില്‍, പ്രസിദ്ധര്‍ക്കും, സ്വാധീനമുള്ളവര്‍ക്കും ഈ നാട്ടില്‍ എന്തുമാകാം എന്ന ചിന്താഗതി വളരുവാന്‍ സഹായിച്ചു എന്ന ഒറ്റ കാരണത്താല്‍ ഭാരതത്തിലെ ജനാധിപത്യം അവിടെയും പരാജയപ്പെടുകയാണ്.
പരാജയപ്പെട്ട ഒരു വ്യവസ്ഥയിലേക്ക്,എന്‍റെ സമ്മതിദാനാവകാശം വിനയോഗിച്ച് കൂടുതല്‍ കാപെറുക്കികളെ ജനപ്രതിനിധികള്‍ എന്ന പട്ടംക്കെട്ടിച്ച് വിടാന്‍ എനിക്ക് താത്പര്യമില്ല.
കൂടാതെ, ജനാധിപത്യത്തിന്റെ താക്കോലോ, താഴോ മലയാളം ബ്ലോഗ് വായനക്കാര്‍ക്ക് കണ്ടു പിടിച്ച് കൊടുത്ത മമ്മൂട്ടി, തിരിച്ചറിയല്‍ രേഖകളില്ലാതെ വോട്ട് ചെയ്യാന്‍ അര മണികൂര്‍ കാത്ത് നിന്ന് 'പൌരബോധത്തിന്റെ ഉത്ബോധനം' എന്ന റോഡ് ഷോ നടത്തിയത് ലോകത്തിലെ ഏറ്റവും വല്യ ത്യാഗങ്ങളില്‍ ഒന്നായി കാണുവാനും ഞാന്‍ ഒരുക്കമല്ല. കാരണം യഥാര്‍ത്ഥ ജനാധിപത്യ വ്യവസ്ഥയില്‍ സിനിമാ നടന്‍ മമ്മൂട്ടിയും, വോട്ട് ചെയ്യാന്‍ പൊരിവെയിലത്ത് മണിക്കൂറുകള്‍ കാത്തു നില്‍ക്കുന്ന പെട്ടിക്കടക്കാരന്‍ അബ്ദൂട്ടിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്നാണ് വെയ്പ്പ്. (തീര്‍ത്തും വ്യതാസമില്ല എന്ന് പറഞ്ഞ് കൂടാ.അബ്ദൂട്ടി വോട്ട് ചെയ്യാന്‍ പോയത് കാരണം കട ഉച്ചവരെ തുറന്നില്ലെങ്കില്‍ അയാളുടെ മകള്‍ക്ക് നോട്ട് പുസ്തകം ഒരു പക്ഷെ അതിനടുത്ത ദിവസമേ കിട്ടു എന്നൊരു പ്രശനവും, മമ്മൂട്ടി അര മണികൂര്‍ താമസിച്ചത് കാരണം ഷൂട്ടിംഗ് മുടങ്ങിയാല്‍ ലവ് ഇന്‍ സിങ്കപ്പൂര്‍ പോലുള്ള വധങ്ങള്‍ ജനങ്ങള്‍ക്ക് അത്രയും താമസിച്ച് സഹിച്ചാല്‍ മതി എന്നൊരു ഗുണവും ഉണ്ട് അവര്‍ തമ്മിലെ വ്യത്യാസമായിട്ട് ).
ഇവിടെ പ്രസക്തമാകുന്ന ഒരു ചോദ്യം 'ഈ പരാജയപ്പെട്ട വ്യവസ്ഥ തന്നെയല്ലേ എനിക്ക് വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശവും,ഈ പോസ്റ്റിലെ കാര്യങ്ങള്‍ നിര്‍ഭയം വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യവും തരുന്നത്?' എന്നതാവും.
എന്തവകാശം?എന്ത് സ്വാതന്ത്ര്യം? ഒരു മണ്ണുമില്ല. അര്‍ജ്ജുന്‍ കൃഷ്ണ എന്നൊരുത്തന്‍, ബ്ലോഗ് എന്ന എന്തോ കുന്തത്തില്‍ ഇതൊക്കെ എഴുതി വെച്ചു എന്ന് കരുതി നാളെ മുതല്‍ ഭാരതത്തിലെ ജനങ്ങള്‍ രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്യാന്‍ മുതിരില്ല എന്ന് സാറന്മാര്‍ക്ക് വ്യക്തമായിട്ടറിയാം.
അങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ച ഒട്ടു മിക്ക ആള്‍ക്കാരെയും നമ്മുടെ ജനാധിപത്യ വ്യവസ്ഥയില്‍ നിന്ന് തന്നെ ബന്ധപ്പെട്ടവര്‍ സംഹരിച്ചിട്ടുമുണ്ട്. സഫ്ദര്‍ ഹഷ്മി ഒരു ഉദാഹരണം മാത്രം.
നിസാരം മുംബൈ തീവ്രവാദ ആക്രമണത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ,പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ രാഷ്ട്രീയ നേതാകള്‍ക്കെതിരെ ജനരോഷം ആളിപ്പടര്‍ന്നപ്പോള്‍ 'ജനങ്ങള്‍ രാഷ്ട്രീയ നേതാക്കളെ തള്ളിപ്പറയുന്നത് നല്ലതിനല്ല' എന്ന് പറയുവാന്‍ മുന്നിട്ടിറങ്ങിയത് സോമനാഥ് ചാറ്റര്‍ജി ,ബര്‍ദാന്‍ തുടങ്ങിയ തൈക്കിളവന്‍മാരാണ്.
തീവ്രവാദത്തിനെതിരെയും, കഴിവില്ലാത്ത നേതാക്കള്‍ക്കെതിരെയും ഉയര്‍ന്ന ആ ശബ്ദങ്ങള്‍ ഏതാനം ദിവസം ആഘോഷിച്ചിട്ട് മാധ്യമങ്ങളും കുഴിച്ച് മൂടിക്കളഞ്ഞു
വോട്ടിന്റെ കാര്യവും അങ്ങനെ തന്നെ . ഞാന്‍ വോട്ടുചെയ്താലും,ചെയ്തില്ലെങ്കിലും ജയിക്കാനുള്ളവനെ നാട്ടിലെ ബാക്കി കഴുതകള്‍ ജയിപ്പിച്ചോളും എന്ന് ഇവന്മാര്‍ക്ക് അറിയാം. ഇനി വല്ല ദുരിതത്തിനും എന്‍റെ വോട്ടാണ് നിര്‍ണയ ശക്തി എന്ന അവസ്ഥ വന്നാല്‍, ഈ നേതാക്കള്‍ എന്ന പരാദങ്ങള്‍ പ്രലോഭനം, ഭീഷണി, വേണ്ടി വന്നാല്‍ നിയമ പുനര്‍: നിര്‍മ്മാണം എന്നിവ വഴി എന്‍റെ ശവമെങ്കിലും ബൂത്തില്‍ എത്തിച്ചിരിക്കും എന്നത് സംശയമില്ലാത്ത കാര്യമാണ്.
അങ്ങിനെയെങ്കില്‍ ജനാധിപത്യം എന്നത് മോശപ്പെട്ട ഒരു കാര്യമാണോ? അല്ല. അത് ലോകത്തിലെ ഏറ്റവും മഹത്തായ ഒരു അവകാശമാണ്. പക്ഷെ ഭാരതത്തില്‍ അത് നടപ്പാക്കുന്ന രീതിയാണ് പ്രശ്നം.
വായനക്കാരുടെ ശ്രദ്ധയ്ക്ക് :വായനാ സുഖം എന്ന കാര്യം ഇതെഴുതുമ്പോള്‍ മനസ്സില്‍ ഇല്ലാതെ പോയതിനാല്‍ മൂന്ന് പേജുകളായാണ് ഈ പോസ്റ്റിന്റെ പരിണാമം.കമന്റ് ഓപ്ഷന്‍ മൂന്നാം പേജിലെ ഉണ്ടാകു.
രണ്ടാം പേജിലേക്ക്
ജനാധിപത്യത്തെ എനിക്ക് ഭയമാണേ!!! - രണ്ട്
ഇന്ത്യയിലെ ജനാധിപത്യ അവകാശങ്ങള്‍ ഒരു ഒന്ന് ഒന്നര അവകാശങ്ങളാണ് എന്ന് മാധ്യമങ്ങളും, രാഷ്ട്രീയ നേതാക്കളും പറഞ്ഞാല്‍, ഞങ്ങള്‍ സ്പോട്ടില്‍ അഭിമാനവും, രോമാഞ്ചവും,കുളിര്‍പ്പനിയും വന്ന് വീഴും.
ജനാധിപത്യ വ്യവസ്ഥയില്‍ ഒരു സാധാരണക്കാരന് ലഭിക്കേണ്ട അടിസ്ഥാന സംരക്ഷണം പോലും ഇവിടെ ലഭിക്കുന്നില്ല എന്ന് സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിക്കാന്‍ ഞങ്ങള്‍ക്കറിയില്ല.
പിടികിട്ടാപ്പുള്ളികള്‍ തിരഞ്ഞെടുപ്പിന് മത്സരിക്കുമ്പോഴും, ഞങ്ങളുടെ പോലീസുകാര്‍ കര്‍മ്മ ശേഷി തെളിയിക്കുന്നത് , പകലന്തിയോളം ഗ്രഹോപകരണ സാധനങ്ങളും,നിഘണ്ടുക്കളും വീട് വീടാന്തരം കയറി ഇറങ്ങി വിറ്റതിന്റെ ക്ഷീണം മാറ്റാന്‍ സെക്കണ്ട് ഷോ കണ്ടു മടങ്ങി വരുന്നവനെ വഴിയില്‍ തടഞ്ഞ് നിറുത്തി 'പത്രിരാത്രിക്ക് ആരുടെ @@#$%^ പോയിട്ട് വരുന്നെടാ നായിന്‍റെ മോനെ' എന്ന് ചോദിച്ചാണ്. 'മര്യാദക്ക് സംസാരിക്കണം സാര്‍' എന്ന് പോലീസുകാരനോട് പറയാനുള്ള അവകാശം ഞങ്ങള്‍ക്കില്ല എന്നാണ് ഞങ്ങള്‍ കുട്ടിക്കാലം മുതല്‍ പഠിച്ചിരിക്കുന്നത്.
ഞങ്ങള്‍ പൊരി വെയിലത്ത് സിഗ്നല്‍ കാത്ത് നില്‍ക്കുമ്പോള്‍,മന്ത്രിമാരുടെ വാഹനങ്ങള്‍ നിലവിളി ശബ്ദവും , വെടിയും പടയുമായി ഞങ്ങളെക്കടന്ന് പോയാല്‍, അതവരുടെ അവകാശമാണ് എന്നാണ് ഞങ്ങള്‍ മനസിലാക്കിയിരിക്കുന്നത്.
ജനാധിപത്യം എന്നാല്‍ ജനങ്ങളുടെ സേവകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ക്ക് സാധാരണ ജനത്തിന് മേല്‍ സമ്പൂര്‍ണ്ണാധിപത്യം എന്നതാണ് ഞങ്ങള്‍ പാലിക്കുന്ന അര്‍ത്ഥം.
'അരിയുടെയും,പച്ചക്കറിയുടെയും വില കൂടന്നല്ലോ മന്ത്രി സാര്‍' എന്ന് ഞങ്ങള്‍ ചോദിക്കുമ്പോള്‍ മന്ത്രി ചോദിക്കും 'മറ്റെവന്മാര്‍ ഭരിച്ചിരുന്നപ്പോള്‍ കൂടിയിട്ടില്ലേ?'. അത് അതു 'ശരിയായിരിക്കും ഈ വിലക്കയറ്റം സൂര്യന്‍ ഉദിക്കുന്നത് പോലെ തടയാനാവാത്ത ഒരു പ്രതിഭാസമാകണം' എന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ച് ഞങ്ങള്‍ തിരിച്ചു പോകും.
രാജ്യത്തിന് യാതൊരു പ്രയോജനവുമില്ലാത്ത ഉന്നയിച്ച് രാഷ്ട്രീയക്കാര്‍ ഹര്‍ത്താലുകളും ,സമരങ്ങളുമായി പൊതു നിരത്ത് കൈയ്യേറുമ്പോള്‍, അത് ഞങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളാണ് എന്ന് കരുതി ഞങ്ങള്‍ അവധി ദിവസം ആഘോഷിക്കും.
ഈ പറയുന്നതൊന്നുമല്ല ജനാധിപത്യം എന്ന് ആരെങ്കിലും ഞങ്ങളോട് പറഞ്ഞാല്‍ 'നിലവിലുള്ള വ്യവസ്ഥക്ക് കുഴപ്പങ്ങള്‍ കണ്ടേക്കാം. പക്ഷേ എന്ത് കൊണ്ടും പട്ടാള ഭരണത്തെയോ എകാധിപത്യത്തെയോ അപേക്ഷിച്ച് ഇത് മെച്ചപ്പെട്ടതാണ് ' എന്നു പറഞ്ഞ് നിലവിലുള്ള വ്യവസ്ഥക്ക് പകരം വെയ്ക്കാവുന്നവ ഭയാനകമാണെന്ന ഒറ്റ കാരണം കൊണ്ട്,ഇപ്പോള്‍ നടക്കുന്ന സകല പോക്ക്രിത്തരവും സഹിക്കുക എന്നത് നമ്മുടെ ബാധ്യതയാണ് എന്ന് ഞങ്ങള്‍ അവനെ പഠിപ്പിക്കും.
ഈ ജനാധിപത്യത്തിലും ക്രൂരമായ ലോക്കപ്പ് മരണങ്ങളും, രാഷ്ട്രീയ കൊലപാതകങ്ങളും,വര്‍ഗീയ കലാപങ്ങളും ഞങ്ങള്‍ക്ക് ചുറ്റും നടന്നപ്പോള്‍ ഞങ്ങള്‍ കണ്ണുകള്‍ മുറുക്കിയടച്ചു. 'തിരഞ്ഞെടുപ്പില്‍ ചട്ട വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് രാജി വെയ്ക്കണം എന്ന കോടതി വിധി തൃണവത്ഗണിച്ച് രാജ്യത്തെ അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ടും ഇന്ദിരാ ഗാന്ധി അധികാരത്തില്‍ തുടര്‍ന്ന' ജനാധിപത്യ വ്യവസ്ഥയുടെ ഏറ്റവും നഗ്നമായ ലഘനം നടന്നത് മറ്റേതോ നാട്ടിലാണ് എന്ന മട്ടില്‍, വീണ്ടും ഞങ്ങള്‍ ജനാധിപത്യം പൌരന് നല്‍കിയ ഏറ്റവും വല്യ ആയുധമായ സമ്മതിദാനാവകാശം ഉപയോഗിച്ച് തന്നെ അവരെ അധികാരത്തിലേറ്റി. അപ്പോഴും ഞങ്ങള്‍,ഇന്തയില്‍ ജനാധിപത്യം പൂത്തുലഞ്ഞ് നില്‍ക്കുകയാണെന്നും, പത്തു പതിനഞ്ച് കൊല്ലങ്ങള്‍ക്കുള്ളില്‍ ഭാരതം ലോകത്തെ നയിക്കുമെന്നും അവര്‍ പറഞ്ഞത് വിശ്വസിച്ചു;അഭിമാനിച്ചു. ഇന്നും അഭിമാനിക്കുന്നു.
മറ്റു താളുകള്‍:
മൂന്നാം പേജിലേക്ക്
ഒന്നാം പേജിലേക്ക്
ജനാധിപത്യത്തെ എനിക്ക് ഭയമാണേ!!! - മൂന്ന്
ജനാധിപത്യത്തിന് പകരമുള്ള മറ്റു വ്യവസ്ഥകള്‍ ഒക്കെ അതിക്രൂരമാണ്.സത്യം.പക്ഷേ എന്നതു കൊണ്ട് , ജനാധിപത്യ വ്യവസ്ഥയില്‍ നടക്കുന്ന എല്ലാ കൊള്ളരുതായ്മകളും സഹിക്കുക മാത്രമല്ല , അവ ചെയ്യുന്നവന്മാരെ മാത്രം വീണ്ടും, വീണ്ടും തിരഞ്ഞെടുത്ത് അധികാരത്തിലേറ്റുക എന്ന പ്രക്രിയയിലൂടെ നാം ജനാധിപത്യ സംരക്ഷണത്തില്‍ നമ്മുടെ പങ്ക് വഹിച്ചു എന്ന് അഭിമാനം കൊള്ളുകയും വേണം എന്നതാണ് ഇന്നത്തെ കാഴ്ച്ചപ്പാട്.
അങ്ങനെ ചൂണ്ടു വിരലില്‍ മഷിയടയാളം പതിപ്പിച്ച്, തലയ്ക്ക് മുകളില്‍ കാര്‍ട്ടൂണുകളില്‍ കാണുന്നത് പോലെ 'മരക്കഴുത' എന്ന നമുക്ക് കാണാനാവാത്ത ബോര്‍ഡും വെച്ചു നടക്കാന്‍ എനിക്ക് മനസ്സില്ല.
ജനാധിപത്യത്തിന്റെ മഹത്വം സംരക്ഷിക്കാന്‍ എന്ന പേരില്‍,കണ്ട വേങ്ങന്‍മാരെ എന്‍റെ വോട്ട് കൊണ്ട് എന്‍റെ ഉടയോന്മാരായി തിരഞ്ഞെടുത്ത് വിടാന്‍ എനിക്ക് സൌകര്യവുമില്ല.
അല്ലെങ്കില്‍ നണ്‍ ഓഫ് ദ അബൌ എന്ന ഓപ്ഷന്‍ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയാകുവാന്‍ എന്താണ് നിയപരമായ വഴി എന്ന് നിയമജ്ഞര്‍ ദയവായി പറഞ്ഞു തരിക.അതിനുള്ള മാര്‍ഗ്ഗങ്ങള്‍ നോക്കാം. (മറ്റേ ഫോര്‍ട്ടീ നയന്‍ സീറോയെക്കുറിച്ചുള്ള അനന്തമായ ചര്‍ച്ചകളും, പേജുകള്‍ നീളുന്ന ഗീര്‍വാണവും അല്ല ഉദ്ദേശിച്ചത്).
ഇനി അങ്ങനെയൊന്നും തത്കാലം നമ്മുടെ നാട്ടില്‍ നടക്കില്ലെങ്കില്‍, നമ്മുടെ സൈനികര്‍ യുദ്ധങ്ങള്‍ക്ക് പോയപ്പോള്‍ വഴി നീളെ ആഹാരവും, ആശംസകളുമായി നിന്നിരുന്ന സാധാരണ വീട്ടമ്മമാരുടെ കഥകള്‍ ഓര്‍ത്ത് ,ദേശാഭിമാനമുള്ളവര്‍ ഇപ്പോഴും നമ്മുടെ മണ്ണില്‍ ബാക്കിയുണ്ട് എന്ന് ഞാന്‍ ആശ്വസിച്ചോളാം.വോട്ട് ചെയ്ത് ഉണ്ടാകുന്ന 'ദോഷാ'ഭിമാനം എനിക്ക് എന്തായാലും ഈ അവസ്ഥയില്‍ വേണ്ട.
ചുരുങ്ങിയത് ഒരു സാധാരണക്കാരനോട് നമ്മുടെ നാട്ടിലെ കാക്കി ഏമാന്മാര്‍ മര്യാദക്ക് പെരുമാറുന്ന ഒരു കാലം വരുന്നത് വരെ വോട്ട് ചെയ്യാന്‍ ഞാന്‍ കാത്തിരുന്നോളാം. കാരണം എന്‍റെ വോട്ടിനും, സമയത്തിനും വിലയുണ്ട്.
മാത്രമല്ല നമ്മള്‍ ഇന്ന് അഭിമാനത്തോടെ നമ്മുടെ മുന്‍ തലമുറ ഇരുന്നൂറ് വര്‍ഷങ്ങള്‍ നീണ്ട വിദേശ ഭരണത്തെ തുടച്ചെറിഞ്ഞ കഥകള്‍ പറയുന്നില്ലേ?അതു പോലെ, നമ്മുടെ പിന്‍തലമുറ നാളെ പറയും 'കുറെ നട്ടെല്ലില്ലാത്തവന്മാര്‍ നമുക്ക് മുന്‍പേ ഈ നാട്ടില്‍ ജീവിച്ചിരുന്നത് കൊണ്ടാണ് നമ്മള്‍ ഇന്ന് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത് എന്ന്.'
ചുരുങ്ങിയ പക്ഷം ഇന്ന് ഭാരതത്തില്‍ നടക്കുന്നതാണ് യഥാര്‍ത്ഥ ജനാധിപത്യം എന്ന് വാഴ്ത്തുന്ന പക്ഷി മൂളകളോട് "പോടാ കാപെറുക്കികളേ!!!'" എന്ന് എന്നാലാവും വിധം പറഞ്ഞതിന്റെ പേരിലെങ്കിലും, ഭാവി തലമുറ കഴുപ്പണംക്കെട്ടവന്മാര്‍ എന്ന പട്ടം ചാര്‍ത്തിക്കൊടുക്കുന്നവരുടെ കൂട്ടത്തില്‍ എന്‍റെ നാമം ഉണ്ടാവില്ല. അത് തന്നെ ധാരാളം.
മറ്റു താളുകള്‍:
ഒന്നാം പേജിലേക്ക്രണ്ടാം പേജിലേക്ക്
Thursday, April 23, 2009
ഭാഗ്യദേവത : സത്യന്‍ സാര്‍!!!
തിരകഥാ രചന താങ്കള്‍ക്ക് പറ്റിയ പണിയല്ല എന്ന് നടന്ന് പറഞ്ഞിട്ടുള്ള ഒരു ചലച്ചിത്ര പ്രേമിയാണ് ഞാന്‍. അങ്ങനെ പറയുവാന്‍ കാരണം താങ്കള്‍ ആദ്യമായി തിരകഥ എഴുതിയ രസതന്ത്രം , ഇന്നത്തെ ചിന്താവിഷയം, വിനോദയാത്ര എന്നീ മൂന്ന് ചിത്രങ്ങള്‍ തന്നെയാണ് താനും.
രസതന്ത്രത്തില്‍ വാസ്തുശാസ്ത്രം മുതല്‍ ആശാരിപ്പണിവരെ ജയിലില്‍ നിന്നും പഠിച്ച്,അവയെക്കുറിച്ചും പിന്നെ ഫ്രീ ടൈമില്‍ ലോക തത്വങ്ങളെക്കുറിച്ചും നാട്ടുകാര്‍ക്ക് ക്ലാസ് എടുക്കുന്ന നായകനായി മോഹന്‍ലാലിനെ താങ്കള്‍ അവതരപ്പിച്ചു. മാത്രമല്ല ഇടവേള കൊണ്ട് തീര്‍ക്കാവുന്ന ഒരു കഥ വലിച്ചു നീട്ടി,എങ്ങനെ തീര്‍ക്കും എന്നറിയാതെ, ജഗതി മുതലായവരെ ഏച്ചു കെട്ടി കഷ്ട്ടപ്പെടുന്ന താങ്കളിലെ എഴുത്തുകാരനെയും ആ ചിത്രത്തില്‍ കാണുവാന്‍ സാധിച്ചു.
ഇന്നത്തെ ചിന്താവിഷയത്തില്‍ ആവശ്യമില്ലാത്ത രണ്ട് കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു.മോഹന്‍ലാലും മീരാ ജാസ്മിനും. പിന്നെ ഈ ചിത്രത്തിലായപ്പോള്‍ മോഹന്‍ലാലിന്റെ കഥാപാത്രം,പടത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ, മുന്നില്‍ കാണുന്നവരെയൊക്കെ യാതൊരു പ്രകോപനവും കൂടാതെ, ഓടിച്ചിട്ട് പിടിച്ച് ഉപദേശിക്കും എന്ന ഗതിയുമായി.
വിനോദയാത്രയിലാകട്ടെ ഉപദേശത്തിന്റെ മൊത്തം അവകാശം താങ്കള്‍ മീരാ ജാസ്മിന് നല്‍കി. ഇത്രയൊക്കെ പോരേ സാര്‍ ,സ്ഥിരമായി ഒട്ടുമിക്ക മലയാള പടങ്ങളും ഇറങ്ങി ഒരാഴ്ച്ചക്കുള്ളില്‍ കാണുന്ന ഒരുത്തന്, താങ്കള്‍ ഒരു മോശം തിരകഥാകൃത്താണ് എന്ന് തോന്നാന്‍? എനിക്കും തോന്നി.
പക്ഷേ ഗ്രാമീണ നന്മകള്‍ കുറച്ചധികമുള്ള താങ്കളുടെ മനസ്സിനക്കരെ വരെയുള്ള ചിത്രങ്ങളെ, ഇന്നും ഒരു ചെറു പുഞ്ചിരിയോടെ കണ്ടവസാനിപ്പിക്കുന്ന ഒരുവന്‍ എന്ന മേന്മ കൂടി സ്വയം അവകാശപ്പെട്ട് കൊണ്ട് സന്തോഷപൂര്‍വ്വം പറയട്ടെ ...താങ്കളുടെ തിരകഥാ സംവിധാനത്തില്‍ പുറത്ത് വന്ന ഭാഗ്യദേവത ആദ്യ ഷോ തന്നെ കണ്ട ശേഷം,തിരകഥയുടെ കല വശമില്ലാത്തതല്ല താങ്കളുടെ പ്രശ്നം എന്ന് ഞാന്‍ മനസിലാക്കുന്നു. ആദ്യത്തെ രണ്ടു ചിത്രങ്ങളിലും മോഹന്‍ലാലും, വിനോദയാത്രയില്‍ മീരാ ജാസ്മിനും ആയിരുന്നു താങ്കളുടെ പ്രശ്നം.
സുപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി തിരകഥ രചിക്കുക എന്ന അമിതഭാരമോ, മീരാ ജാസ്മിനെ പോലൊരു നടിക്ക് കഥയില്‍ ആവശ്യമില്ലാത്ത വികാസം കൊടുക്കാനുള്ള ബാധ്യതയോ ഇല്ലാതെ താങ്കള്‍ ഭാഗ്യദേവതക്ക് തിരകഥ എഴുതിയപ്പോള്‍,സത്യത്തില്‍ സത്യന്‍ സാര്‍ !!! നന്നായിരിക്കുന്നു.യാതൊരു ഏച്ചു കെട്ടലും അനുഭവിപ്പിക്കാതെ, സരളമായ ഒരു കഥ,നല്ല ഒഴുക്കോടെ പറഞ്ഞു പോയിരിക്കുന്നു.
കുട്ടനാട്ടിലെ കേബിള്‍ കമ്പനി ഏജന്‍സി ഉടമയായ ബെന്നിയെ ആദ്യം സ്ക്രീനില്‍ കാണുമ്പോള്‍ മുതല്‍ ,നാട്ടില്‍ നമുക്ക് പരിചയമുള്ള ഒരാള്‍ എന്ന് തോന്നും. പതിവില്ലാത്ത കൈയ്യടക്കം ജയറാം ബെന്നിയെ അവതരിപ്പിക്കുന്നതില്‍ കാണിച്ചപ്പോള്‍ അതും പടത്തിന് നേട്ടമായി.
കനിഹ അവതരിപ്പിച്ച ഡെയ്സി എന്ന ഒതുക്കമുള്ള നായികയെ കണ്ടപ്പോള്‍ ഒരു കാര്യത്തിന് ഞാന്‍ താര സംഘടനയായ അമ്മക്ക് നന്ദി പറഞ്ഞു പോയി. മീരാ ജാസ്മിനെ അനൌദ്യോഗികമായി വിലക്കിയതിനു. ആദ്യം മീരയെ ആണല്ലോ താങ്കള്‍ ഈ ചിത്രത്തില്‍ നായികയാക്കാന്‍ തീരുമാനിച്ചിരുന്നത്? വിലക്ക് ഇല്ലായിരുന്നെങ്കില്‍ മീര ഈ ചിത്രത്തില്‍ നായികയായി എത്തുകയും, ആവശ്യമില്ലാത്ത ഫോക്കസ് അവരുടെ കഥാപാത്രത്തിന് നല്‍കുവാന്‍ താങ്കള്‍ നിര്‍ബന്ധിതനാവുകയും (ആ നടിയുടെ കഴിവുകള്‍ കൊണ്ടോ, താങ്കള്‍ക്ക് അവരോടുള്ള വ്യക്തിപരമായ അടുപ്പം കൊണ്ടോ ...ആദ്യം പറഞ്ഞ മൂന്ന് സിനിമകളിലും ബോധപൂര്‍വം അങ്ങനെ ഒരു ശ്രമം വ്യക്തമാണ്) ചെയ്തേനെ. അങ്ങനെ വന്നിരുന്നുവെങ്കില്‍, ഭാഗ്യദേവതയിലെ നായിക ചാക്ക് കണക്കിന് കൂവല്‍ വീട്ടില്‍ കൊണ്ട് പോയേനെ. ഇപ്പോള്‍, കഥക്ക് വേണ്ട കഥാപാത്രത്തെ താങ്കള്‍ സൃഷ്ടിച്ചപ്പോള്‍ കനിഹ അത് മനോഹരമായിത്തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്.
ജയറാമിന്റെ അമ്മയുടെ കഥാപാത്രം,പതിവ് ചലച്ചിത്ര മാതാക്കളുടെ ചട്ടക്കൂടില്‍ ഒതുങ്ങാതെ, കെട്ടിയവന്റെ കൂടെ കാടും മേടും വെട്ടിപ്പിടിക്കാന്‍ കൂസലന്യേ പോയിരുന്ന ആ പഴയ നസ്രാണി പെണ്ണുങ്ങളുടെ തന്റേടം കാട്ടുന്നത് , കെ പി എ സി ലളിതയെപ്പോലെ ഒരു നടിയിലൂടെയായപ്പോള്‍, അതും കലക്കി.
ഇന്നസെന്റ് ,നെടുമുടി വേണു, മാമുക്കോയ, ശ്രീകുമാര്‍ , വേണു നാഗവള്ളി , പ്രകാശ് എന്നിവരില്‍ ആരുടേയും കഥാപാത്രങ്ങള്‍ കഥയില്‍ അനാവശ്യമായി കയറിക്കൂടിയതാണ് എന്ന് ഒരിടത്തു പോലും തോന്നില്ല. ജയറാമിന്റെ അനുജത്തിമാരായി അഭിനയിച്ചവര്‍ (ഒരാളുടെ പേര് രശ്മി പ്രിയ എന്നാണ് ഓര്‍മ്മ) ,ചെറിയ വേഷത്തില്‍ നരേന്‍ എന്നിവരും അവരവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി
എന്തിന്,മൂന്ന് സീനുകളില്‍ മാത്രം വരുന്ന നായികയുടെ അനുജന്‍ കഥാപാത്രം പോലും,തിയറ്റര്‍ വിട്ട ശേഷവും മനസിലുണ്ട്.
മനസിനക്കരക്ക് ശേഷം,ഇളയരാജ വീണ്ടും ശ്രവണ സുഖമുള്ള ഗാനങ്ങള്‍ (രസതന്ത്രത്തിലെ പൂ കുങ്കുമ പൂ കൂടി കൂട്ടാം) നല്‍കിയിരിക്കുന്നു. വേണുവിന്റെ ക്യാമറ കുട്ടനാട്ടിലെ സൌന്ദര്യം ചോരാതെ കഥക്ക് ഇണങ്ങി നില്‍ക്കുമ്പോള്‍ ,എഡിറ്റിങ്ങ് കഥയുടെ വേഗത കാത്തു സൂക്ഷിക്കുന്നുണ്ട്.
ഇങ്ങനെ ചെറുചിരിയും, ചിലപ്പോള്‍ പൊട്ടിച്ചിരിയും,ഇടയ്ക്കല്‍പ്പം വേദനയും നല്‍കി സുഗമമായി നീങ്ങി ഒടുവില്‍ ഒരു ചെറു സ്പര്‍ശത്തിലോ,നോട്ടത്തിലോ എല്ലാ പരിഭവങ്ങളും അലിയുന്ന സത്യന്‍ ചിത്രങ്ങള്‍ താങ്കളില്‍ നിന്നും ഇനിയും ഉണ്ടാകട്ടെ. പക്ഷേ അതിന് ആദ്യം മനസ് വെയ്ക്കേണ്ടത് താങ്കളാണ്. ദയവ് ചെയ്ത് താങ്കള്‍ ഇനി സുപ്പര്‍ താരങ്ങളുടെ വഴി നടക്കരുത്. മമ്മൂട്ടി പണ്ടേ താങ്കളുടെ ചിത്രങ്ങള്‍ക്ക് അനുയോജ്യനല്ല. മോഹന്‍ലാല്‍ ഒരു കാലത്ത് താങ്കള്‍ക്ക് ഏറ്റവും അനുയോജ്യനായ നായകനായിരുന്നു. അത്രയും മാനസിക ഐക്യം മറ്റൊരു നടനുമായും താങ്കള്‍ക്ക് ഇനി ഉണ്ടാവുകയുമില്ല. പക്ഷേ ഇന്ന് മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാടിന്റെ പരിധിക്ക് മുകളിലേക്ക് വളര്‍ന്ന് പോയി (രൂപം, ഭാവം, പരിവേഷം എല്ലാത്തിലും). ഉദാഹരണത്തിന് ബെന്നി എന്ന കുട്ടനാടന്‍ നസ്രാണിയെ ഭാഗ്യദേവതയില്‍ ലാല്‍ അവതരപ്പിച്ചിരുന്നുവെങ്കില്‍, അങ്ങേര്‍ക്ക് കഥയില്‍ മിനിമം നാല് ഹൌസ് ബോട്ട് സ്വന്തമായി കൊടുക്കാനോ, നായകന്‍ പള്ളീലച്ചന് ബൈബിളില്‍ ക്ലാസ് എടുക്കുന്ന രംഗങ്ങള്‍ ഒരുക്കാനോ ഒരുപക്ഷേ താങ്കള്‍ നിര്‍ബന്ധിതനായേനെ.ഇതൊന്നുമില്ലെങ്കില്‍ സ്വാര്‍ഥനായ നായകന്‍ ചെയ്ത് കൂട്ടിയതിനെല്ലാം ലോകത്തെങ്ങുമില്ലാത്ത ന്യായീകരണങ്ങള്‍ താങ്കള്‍ക്ക് കണ്ടു പിടിക്കേണ്ടി വന്നേനെ.
പിന്നെ മീരാ ജാസ്മിന്‍ ...പ്ലീസ് സര്‍, തത്കാലം ആ കൊച്ച് തമിഴിലും,കന്നടയിലും അഭിനയച്ച് തെളിയട്ടെ. താങ്കളുടെ പടത്തില്‍ അവര്‍ ചെയ്തിട്ടുള്ള കഥപാത്രങ്ങളേക്കാള്‍ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്കിഷ്ടം, അവര്‍ തമിഴിലും, കന്നടയിലും, തെലുങ്കിലും നയന്‍താരയും , മമതാ മോഹന്‍ദാസും ഒക്കെ ചെയ്യുന്നത് പോലുള്ള വേഷങ്ങള്‍ ചെയ്യുന്നതാണ്. താങ്കളുടെ പടത്തില്‍ വന്നു കഥ മൊത്തം കുളമാക്കുന്നതിലും ഭേദമല്ലേ അത്?
ഈ രണ്ടു കാര്യങ്ങള്‍ ചെയ്തിട്ട്, താങ്കള്‍ എങ്ങനെ പടം എടുത്താലും, ഭാഗ്യദേവത പോലെയുള്ള പടങ്ങള്‍ ഇനിയുമുണ്ടാകും. ക്ലാസിക്ക് ഒന്നുമല്ലെങ്കിലും, സുഖകരമായി കണ്ടിരിക്കാവുന്ന ആ സത്യന്‍ ടച്ച് ഉള്ള സിനിമകള്‍ . എനിക്ക് ഉറപ്പാണ്.
സ്നേഹപൂര്‍വ്വം
എ കെ
Tuesday, April 21, 2009
ഒരു പ്രധാനമന്ത്രിയുടെ വ്യഥകള്‍
ഞാന്‍ പ്രധാനമന്ത്രിയായപ്പോള്‍ അവന്‍മാര്‍ നടന്ന് പറഞ്ഞു ഞാന്‍ ഐ എം എഫിന്റെ നോമിനിയാണെന്ന്. ദാ ഇപ്പൊ പറയുന്നു മദാമ്മയുടെ പാവയാണെന്ന്. വാക്കിന് സ്ഥിരതയില്ലത്തവര്‍. ഏതെങ്കിലും ഒന്ന് പറഞ്ഞാല്‍ പോരെ ഇവന്മാര്‍ക്ക്?
ഇതൊക്കെ കേട്ടിട്ടും തിരിച്ച് ഒരക്ഷരം മിണ്ടാന്‍ പറ്റാത്ത എന്‍റെ ഗതികേട്, ഛേ അല്ല, ഒരു പ്രധാനമന്ത്രിയുടെ വിഷമങ്ങള്‍ ആരെങ്കിലും അറിയുന്നുണ്ടോ?
ആ മൂപ്പീന്ന് ലോഹ്പുരുഷിനെക്കൊണ്ട് ഒരു രക്ഷയുമില്ല എന്നായിട്ടുണ്ട്. ഞാന്‍ ദുര്‍ബലനാണത്രേ? മനുഷ്യര് വല്ലതും പറയുന്ന കാര്യമാണോ ഇത്? ഇനി ദുര്‍ബലനല്ല എന്ന് കാണിക്കാന്‍ ,ഞാന്‍ പരസ്യമായി വെയിറ്റ് ലിഫ്റ്റിങ്ങ് നടത്തണോ?ബൈപാസ് കഴിഞ്ഞ സമയമല്ലായിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു.
അവര്‍ പറയുന്നത് പോലെ ഞാന്‍ കഴുപ്പണംക്കെട്ടവനായത് കൊണ്ടല്ല ,മാഡവും കുടുമ്പവും, അവരുടെ അടുക്കളക്കാരും അലക്കുകാരും ഒക്കെ പറയുന്ന കാര്യങ്ങള്‍ എല്ലാം തലയാട്ടി സമ്മതിക്കുന്നത്.മാഡത്തിന്റെ കുടുമ്പസ്വത്താണ് ഞങ്ങളുടെ പാര്‍ട്ടി. അവരുടെ കുടുമ്പ ബിസിനസ്സ് ഇന്ത്യയെ ഭരിക്കലും. അവരായിട്ട് ദയവു തോന്നി തന്നൊരു സ്ഥാനം. അവിടിരിക്കുമ്പോള്‍ ഞാന്‍ പിന്നെ ആര് പറയുന്നത് കേള്‍ക്കണം? ഇന്ത്യയിലെ ജനങ്ങള്‍ എന്ന് വിളിക്കുന്ന പരിഷകള്‍ പറയുന്നതോ? ഇന്നോളം ഒരു തിരഞ്ഞെടുപ്പില്‍ പോലും നില്‍ക്കാത്ത, ഇനി നില്‍ക്കാന്‍ യാതൊരു ഉദ്ദേശവുമില്ലാത്ത എനിക്ക് ഈ ജനങ്ങള്‍ എന്ന് പറയുന്ന അലവലാതികളെക്കൊണ്ട് എന്ത് പ്രയോജനം? എവിടെയെങ്കിലും തിരഞ്ഞെടുപ്പിന് പോയി നിന്നാല്‍ അവന്മാര്‍ എന്നെ ജയിപ്പിക്കുമാരിയുന്നെങ്കില്‍ പോട്ടേന്നു വെയ്ക്കാമായിരുന്നു.പഞ്ചാബില്‍ ജനിച്ച എനിക്ക് ആസാമില്‍ രാജ്യസഭാ സീറ്റ് തരാന്‍ ഈ ജനത്തിന് പറ്റുമോ? അതിന് തത്കാലം മാഡം തന്നെ വേണം.ഇതൊക്കെ ഇവന്മാരെ ഒന്ന് പറഞ്ഞു മനസിലാക്കി കൊടുക്കണേ എന്‍റെ ഗുരുവായൂരപ്പാ, സോറി ഗുരു നാനാക്കേ.
ഇതൊന്നു ആ ലോഹ്പുരുഷിന് അറിയാത്തതല്ല. എന്നിട്ടും അങ്ങേര്‍ എന്‍റെ പിന്നാലെ കൂടിയിരിക്കുകയാണ്. ഞാന്‍ ദുര്‍ബലനല്ലെങ്കില്‍ അങ്ങേര്‍ എന്നെക്കുറിച്ച് പറയുന്ന കാര്യങ്ങളുടെയും, ഇന്ത്യയിലെ പൊതുവായ പ്രശ്നങ്ങളുടെയും മേല്‍ ഒരു സംവാദത്തിന് ചെല്ലാന്‍. പിന്നെ, എന്‍റെ പട്ടി പോകും. കാത്തിരുന്നാല്‍ മതി.
സംവാദവും മറ്റും അമേരിക്കന്‍ രീതിയാണ് എന്ന് പറഞ്ഞ് ഞാന്‍ തടിയൂരി. ഭാരതീയ രീതിയായിരുന്നെങ്കില്‍ ലോഹ്പുരുഷിന്റെ ശവം കളത്തില്‍ വീണേനെ എന്ന മട്ടില്‍. (ഇന്ത്യയാത് ഭാഗ്യം ...കൊള്ളാവുന്ന വല്ല രാജ്യത്തുമായിരുന്നു ഒരു രാഷ്ട്രത്തലവന്‍ ഇങ്ങനെ പറഞ്ഞിരുന്നതെങ്കില്‍ ആ ഒരൊറ്റ കാരണം കൊണ്ട് അയാളുടെ പാര്‍ട്ടി അടുത്ത തിരഞ്ഞെടുപ്പില്‍ കൂടടക്കം പൊട്ടിയേനെ. ഇവിടുള്ള കഴുതകള്‍ക്ക് ഇത് വല്ലതും അറിയാമോ?).
ഭാഗ്യം,അമേരിക്കന്‍ രീതി വേണ്ടെങ്കില്‍ ഭാരതീയ തനതു രീതിയായ ഗുസ്തി പിടിച്ചു കാര്യങ്ങള്‍ തീരുമാനിക്കാം എന്ന് ആ ലോഹ് പറയാത്തത്.ഞാന്‍ ഓടിപ്പോയേനെ !!!
അങ്ങേര്‍ക്ക് ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ? വല്ല രാമാ ക്ഷേത്രമോ, ശിവന്റെ അമ്പലമോ പണിയാം പിള്ളേരെ എന്ന് വിളിച്ചു പറഞ്ഞ് 'അമ്പലം വന്നു കഴിഞ്ഞാല്‍ പിന്നെ ഇന്ത്യയില്‍ പാലും തേനുമാണ് ഒഴുകാന്‍ പോകുന്നത് ' എന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു നടന്നാല്‍ പോരെ? ഇതൊക്കെ വിട്ടിട്ട് എന്‍റെ നെന്ച്ത്തു കേറാന്‍ ,പാവം ഞാന്‍ എന്ത് പിഴച്ചു?
ലോഹ്പുരുഷിന്റെ കാര്യം പിന്നെയും പോട്ടെ എന്ന് വെയ്ക്കാം. അങ്ങേര്‍ എതിര്‍ പാര്‍ട്ടിയല്ലേ? എന്‍റെ തന്നെ പാര്‍ട്ടിയിലുള്ളവന്മാര്‍ കാണിക്കുന്ന കന്നംതിരുവുകള്‍ കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ല.
ഒരു വിധം പ്രശ്നങ്ങള്‍ ഒന്ന് ഒതുങ്ങുമ്പോള്‍, മാഡത്തിന്റെ ത്രിപ്പുത്രന്‍ എനിക്ക് വേണ്ടി ലോഹ്പുരുഷിനോട് ഗ്വാ ഗ്വാ വിളിക്കും. അതിന്റെ തെറി ലോഹ്പുരുഷിന്റെ അനുയായികളുടെ വായീന്ന് കേള്‍ക്കുന്നതും ഞാന്‍ തന്നെ(അവന്മാര്‍ പറയുന്ന തെറി...ഹോ!!!വാക്കിന് വാക്കിന് ബഹന്‍ @@#$ വിളിക്കുന്ന ഞങ്ങള്‍ സര്‍ദാര്‍മാര്‍ നമിച്ചു പോകും).ആ ചെറുക്കന് എന്നെ ഇങ്ങനെ തെറി കേള്‍പ്പിക്കേണ്ടെ വല്ല കാര്യവുമുണ്ടോ. എനിക്ക് വേണ്ടി മറുപടി പറയാന്‍ ലവനാര് എന്ന് മറ്റെവന്മാര്‍ ചോദിക്കുന്നത് ന്യായമല്ലേ? ആ ചെക്കന് സ്പെയ്നീന്നോ, ഇറ്റലീന്നോ വല്ലവളന്മാരെയും വളച്ച് കുമാരകത്തോ,കുളുവിലോ പോയി കിടക്കരുതോ? വെറുതെ എന്‍റെ തന്തക്കു വല്ലവനെയും കൊണ്ട് വിളിപ്പിച്ചിട്ട് അവനെത് ഗുണം?
മാഡത്തിന്റെ സന്താനങ്ങള്‍ ഒരു വഴിക്ക്,പാര്‍ട്ടിയിലുള്ള ബാക്കി അമ്പലം വിഴുങ്ങികള്‍ വേറൊരു വഴിക്ക്. ദാ ഇന്നലെത്തന്നെ പത്രക്കാര്‍ എന്നെ വളഞ്ഞിട്ട് പിടിച്ചു ചോദിക്കുകയാണ് 'ഇസ്രായേലില്‍ നിന്നും ആയുധം വാങ്ങിയ ഇടപാടില്‍ കോടികളുടെ അഴിമതി നടന്നിട്ടില്ലേ ?' എന്ന്.ഛെടാ!!!ഇതൊക്കെ കാലാ കാലത്ത് ഞാന്‍ കൃത്യമായി അറിഞ്ഞിരുന്നെങ്കില്‍, ഞാനിന്ന് ആരാകുമായിരുന്നു?മാഡത്തിന്റെ ഭര്‍ത്താവ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍,അങ്ങേരുടെ മൂക്കിന്റെ താഴെ നടന്ന പല ആയുധ ഇടപാടുകളും അങ്ങേര്‍ അറിഞ്ഞിട്ടില്ല. പിന്നല്ലേ ഈ ഞാന്‍? ചിലപ്പഴേയുള്ളു.(എന്നാലും ആ പ്രതിരോധ മന്ത്രി പുണ്യാളന്‍ അറിയാതെ ഇവന്മാര്‍ എങ്ങനെ ഇത് സംഘടിപ്പിച്ചു?മിടുക്കന്മാര്‍ തന്നെ)
ലോഹ്പുരുഷും,മാഡത്തിന്റെ സന്താനവും, സ്വന്തം പാര്‍ട്ടിക്കാരും ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ഒന്നും പോരാഞ്ഞിട്ട് ഇപ്പൊ സഖ്യകക്ഷികള്‍ എന്നുമ്പറഞ്ഞ് ഇത്രയും നാള്‍ കൂടെ നടന്നവന്മാരും തുടങ്ങിയിട്ടുണ്ട്. ഒരുത്തന്‍ നാട് നീളെ നടന്നു പറയുന്നു ആ പള്ളി പൊളിച്ചതില്‍ എന്‍റെ പാര്‍ട്ടിക്കും പങ്കുണ്ടെന്ന്. വേറൊരുത്തന് ഇപ്പോഴാണ് ഓര്‍മ്മവന്നത്,ആ തമിഴ്പ്പുലി അവന്‍റെ കൂടെ മണ്ണപ്പം ചുട്ടു കളിച്ചിട്ടുണ്ട് എന്ന്. ഇവന്മാരെല്ലാം ഇങ്ങനെ തുടങ്ങിയാല്‍ ഞാന്‍ എന്ത് ചെയ്യും?
അധികം കളിച്ചാല്‍ ഒടുക്കം പോട്ട് പുല്ലെന്ന് വെച്ച് എല്ലാം കൂടി കളഞ്ഞിട്ട് ഞാന്‍ വല്ല അമേരിക്കന്‍ സര്‍വകലാശാലയിലും വിസിറ്റിംഗ് പ്രൊഫസ്സറായി പോകും. അവസാനം ഇനി അതൊക്കയെയുള്ളു രക്ഷയായിട്ട്.
Monday, April 20, 2009
വേണ്ടാ വേണ്ടാന്ന് അന്നേ പറഞ്ഞാ...
'കാണെടാ കാണ് ഇന്ത്യന്‍ ഫ്രാഡുകളെ,ലോണ്ടെ ലതാണ് പടം' എന്ന് പെരപ്പുറത്ത് കയറി നിന്നല്ലായിരുന്നോ അട്ടഹാസം.അസൂയ മൂത്ത പ്രിയദര്‍ശനും,ആവശ്യമുള്ളതും ഇല്ലാത്തതുമായ സകലിടത്തും കയറി അഭിപ്രായം പറഞ്ഞു തെറി കേള്‍ക്കുന്നത് വിനോദമാക്കിയ അമിതാബും ഏതാണ്ട് വിവരക്കേടുകള്‍ വിളിച്ചു പറഞ്ഞതിന് ലവന്മാരെ വലിച്ചു കീറി ഉടുത്തുകളഞ്ഞില്ലേ? ഡാനി ബോയല്‍ അക്കിറോ കുറസോവയുടെ പുനര്‍ജന്മാണെന്ന് ഭാഗ്യത്തിന് പറഞ്ഞില്ല എന്നേയുള്ളു.വേറെ വിഷയങ്ങള്‍ പെട്ടന്ന് കിട്ടിയില്ലായിരുന്നേല്‍ ചിലപ്പോ അതും കേള്‍ക്കേണ്ടി വന്നേനെ.
അപ്പോഴേ പറഞ്ഞതാണ് "പൊന്നണ്ണന്‍മാരേ സായിപ്പ് പടം പിടിച്ചത് ലവന് വേണ്ടിയാണ്. അത് കൊണ്ട് പൂക്കുട്ടിക്കും റഹ്മാനും ഒസ്കാറുകള്‍ കിട്ടിയതില്‍ സന്തോഷം.ലതവിടെ വിട്.ഇവിടുത്തെ കുറെ കാപെറുക്കികള്‍ ആ സിനിമയെ ചീത്ത പറഞ്ഞത് കൊണ്ടോ നിങ്ങളെല്ലാം കൂടി അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചത് കൊണ്ടോ ഇന്ത്യയിലെ ചേരികളോ,അവിടുത്തെ ആള്‍ക്കാരുടെ ജീവിതാവസ്ഥയോ മാറാന്‍ പോകുന്നില്ല" എന്ന്.ആര് കേള്‍ക്കാന്‍?
'സമ്മതിക്കൂല,സ്ലം ഡോഗ് ഇന്ത്യന്‍ ചേരികള്‍ എന്ന യാഥാര്‍ത്ഥ്യമാണ് ലോകത്തിന് മുന്നില്‍ തുറന്നു കാട്ടിയത് അത് ഇഷ്ട്ടപ്പെടാത്ത പ്രിയദര്‍ശനെയും,അമിതാബിനെയും ഉടുതുണിയഴിച്ച് പുളിവാറലിന് പെടച്ചിട്ടെ ശേഷം കാര്യമുള്ളൂ' എന്നതല്ലയിരുന്നോ സാറന്മാരുടെ ലൈന്‍.വേറെ ഏതാണ്ട് കൂടെ പറഞ്ഞായിരുന്നല്ല....' ഇന്ത്യയില്‍ ചേരികള്‍ ഒരു നഗ്ന സത്യമാണ്.അവിടെ ജീവിക്കുന്ന ആളുകളും എന്‍റെ സഹോദരരാണ്'അങ്ങനെ ഏതാണ്ടോ.
ഇതൊക്കെ എവിടെ ചെന്ന് നില്‍ക്കും എന്ന് അറിയാവുന്നത് കൊണ്ട് ഒരിക്കല്‍ കൂടി പറഞ്ഞു നോക്കി "സായിപ്പ് പടം പിടിച്ചത് ഇന്ത്യയിലെ ചേരികള്‍ ഉദ്ധരിക്കാന്‍ അല്ല.അതു പോലെ തന്നെ ആ പടത്തിനെ തെറി പറയുന്നവന്മാര്‍, അവന്മാര്‍ക്ക് ഓസ്കാര്‍ ചടങ്ങില്‍ പോയി ജാഡ കാണിക്കാന്‍ സാധിക്കാത്ത കെറുവിലാ വിവരക്കേടുകള്‍ വിളിച്ച് പറയുന്നത്"എന്ന്.സമ്മതിച്ചില്ല.
എന്നിട്ട് ഇപ്പൊ എല്ലാവനും ദാണ്ടേ അച്ചിയെ കളയുകേം ചെയ്തു കൊച്ചീലൊട്ട് എത്തിയതുമില്ല എന്ന അവസ്ഥയിലായില്ലേ?
സ്ലം ഡോഗ് എടുത്ത് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ അതേ സായിപ്പിന്റെ നാട്ടുകാര്‍ തന്നെ സ്റ്റിങ്ങ് ഓപ്പറേഷന്‍ എന്നുമ്പറഞ്ഞ് സ്ലം ഡോഗ് ബാല നായികയുടെ തന്തപ്പടിയെക്കൊണ്ട് ഒന്നരക്കോടി രൂപക്ക് ആ കുട്ടിയെ കച്ചവടം ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് പറയിപ്പിച്ചു.
പത്രങ്ങള്‍ ആ വാര്‍ത്ത ആഘോഷിക്കുന്നത് പോട്ടെ.സ്ലം ഡോഗില്‍ ഇന്ത്യയുടെ ഒരു വിഭാഗം ജനങ്ങള്‍ ചേരികള്‍ പോലെ വൃത്തികെട്ട ചുറ്റുപാടുകളില്‍ ജീവിക്കുന്നു എന്ന സത്യം വിളിച്ചു പറഞ്ഞ ഡാനി ബോയലിനെ തോളില്‍ത്തട്ടി അഭിനന്ദിക്കാന്‍ ബ്രിട്ടനിലേക്ക് അടുത്ത 'ബീ'മാനം എപ്പോഴാ എന്ന് ചോദിച്ചവന്മാര്‍ തന്നെ ബ്രിട്ടീഷ് പത്രം 'ഇന്ത്യക്കാരന്‍ ആയുഷ്കാലം മുഴുവന്‍ ചേരിയില്‍ത്തന്നെ കഴിയണം'എന്ന സന്ദേശമാണ് ഈ സ്റ്റിങ്ങ് ഓപ്പറേഷന്‍ എന്ന പോക്ക്രിത്തരത്തിലൂടെ പ്രചരിപ്പിക്കുന്നതെന്ന് അട്ടഹസിക്കുന്നു.ഇത് തന്നയല്ലേ പ്രിയനും,അമിതാബും സ്ലം ഡോഗിനെക്കുറിച്ചും മറ്റൊരു തരത്തില്‍ പറഞ്ഞത്.മണ്ടത്തരങ്ങളാണ് വിളിച്ച് പറഞ്ഞതെങ്കിലും,പ്രിയന്‍ ചുരുങ്ങിയ പക്ഷം ഇപ്പോഴും അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നുണ്ട്(ജയ് ഹോ പരസ്യം ചെയ്തത് അങ്ങേരുടെ പ്രൊഫഷന്‍ .പക്ഷേ സ്ലം ഡോഗിനെ ചൊല്ലി അഭിമാനിച്ചവരോ?
സിനിമയില്‍ കാണിച്ചാല്‍ അത് നഗ്നമായ സത്യങ്ങളുടെ തുറന്നു കാട്ടല്‍.പത്രത്തില്‍ വന്നാല്‍ അത് രാജ്യത്തെ അപമാനിക്കല്‍. അല്ല ചേട്ടന്മാരെ, ഇങ്ങനെ മാറ്റി മാറ്റി അഭിപ്രായം പറയുന്നതിനല്ലേ നാട്ടില്‍ ഡെയ്ലി ആദ്യം കാണുന്നവനെ ഡാഡി എന്ന് വിളിക്കുന്ന സ്വഭാവം എന്ന് പറയുന്നത് ? നമുക്ക് ആ സ്വഭാവം ഇല്ലാത്തത് കൊണ്ട് അറിയില്ലേ. അത് കൊണ്ട് ചോദിച്ചതാ.
അതോ, ഇനി സ്ലം ഡോഗ്,സായിപ്പ് ഉദ്ദേശ ശുദ്ധിയോടെ സത്യസന്ധമായി എടുത്ത പടവും,പത്രങ്ങള്‍ ഈ കാണിച്ചത് ദുഷ്ടലാക്കോടെയുള്ള നുണകളും ആണെന്ന് ആര്‍ക്കെങ്കിലും തോന്നിയോ?
അന്‍പതിനായിരവും,അറുപതിനായിരവും മാസം എണ്ണി വാങ്ങുന്ന ഉപരി മധ്യവര്‍ഗ്ഗത്തിനും,കോടികള്‍ കൊണ്ട് കളിക്കുന്ന ഉപരി വര്‍ഗ്ഗത്തിനും ചിലപ്പോള്‍ എത്ര കോടി രൂപ തരാം എന്ന് പറഞ്ഞാലും ഒരു അച്ഛന്‍ മകളെ മറ്റൊരാള്‍ക്ക് വില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലായിരിക്കും (ഇവര്‍ അതിലും വല്യ വൃത്തികേടുകളെ കാണിക്കു.അതു കാര്യം വേറെ.)പക്ഷേ സ്ലം ഡോഗില്‍ കണ്ട മാലിന്യങ്ങള്‍ നിറഞ്ഞ ചേരിയിലെ ജീവിതവും,ഭിക്ഷാടന മാഫിയയും പോലെ തന്നെ, ജീവിത സാഹചര്യങ്ങള്‍ കാരണം മകളെ വില്‍ക്കാന്‍ ഒരുങ്ങുന്ന അച്ഛനും ഇന്ത്യയിലെ വേദനിപ്പിക്കുന്ന സത്യമാണ്. സ്ലം ഡോഗിനെ പുകഴ്ത്തുകയും,ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തെ ഇകഴ്ത്തുകയും ചെയ്യുന്ന ചേട്ടന്‍മാരോടും ചേച്ചിമാരോടും ഞാന്‍ അന്നേ പറഞ്ഞതാ, സായിപ്പ് ഈ ചെയ്യുന്നതൊന്നും ഇന്ത്യയെ ലോകത്തിനു മുന്നില്‍ പത്തരമാറ്റ് തിളക്കത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള ത്വര കൊണ്ടല്ലാന്ന്. അവന് മീന്‍ പിടിക്കാനുള്ള (അത് പടമായാലും, വര്‍ത്തയായാലും) സാഹചര്യം ,നമ്മള്‍ ഇന്ത്യക്കാര്‍ തന്നെ ഇവിടെ ആവശ്യത്തിലേറെ ഒരുക്കി കൊടുത്തിട്ടുണ്ട്.അതവന്‍ ഉപയോഗിക്കുന്നു.
അപ്പോള്‍ ചോദിക്കും വാര്‍ത്തയാക്കുന്നതിന് പകരം ആ കുട്ടിയുടെ അച്ഛന് മര്യാദക്ക് ജീവിക്കാന്‍ കുറച്ചു പണം കൊടുക്കുന്നതല്ലായിരുന്നോ ഇതിലും അന്തസ്സെന്ന്. സ്ലം ഡോഗിന്റെ അണിയറക്കാര്‍,ഓസ്കാര്‍ ചടങ്ങില്‍ കൊണ്ട് നടന്നു പ്രദര്‍ശിപ്പിച്ച ശേഷം ആ കുട്ടികളെ നടതള്ളിയത് കൊണ്ടായിരിക്കണമല്ലോ ഇപ്പോള്‍ ഈ വാര്‍ത്തക്ക് ആധാരമായ സാഹചര്യം സംജാതമായത്?അങ്ങനെയെങ്കില്‍ ആ ചോദ്യം ആദ്യം ചോദിക്കേണ്ടത് ഡാനി ബോയലിനോടല്ലേ?
സായിപ്പിനെ പറഞ്ഞിട്ട് കാര്യമില്ല.ഇക്കാര്യത്തില്‍ ക്രിയാത്മകമായി എന്തെങ്കിലും ചെയാന്‍ സാധിക്കുക നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ക്കാണ്.മൂന്നാം ലോകത്തെ മാധ്യമ സംസ്കാരം അതിന് അനുവദിക്കുന്നിലെങ്കില്‍,പ്രബുദ്ധരായ പത്രപ്രവര്‍ത്തകര്‍ സ്വമേധയാ അതിന് തുനിഞ്ഞിറങ്ങണം.ഇതിനൊന്നും വയ്യെങ്കില്‍,ചുരുങ്ങിയ പക്ഷം 'ബ്ലഡി ഇന്ത്യന്‍സ്.നമ്മുടെ പയ്യന്‍ സ്ലം ഡോഗ് എടുത്തപ്പോള്‍ അവനൊക്കെ ഇന്ത്യയിലെ ചേരികളെക്കുറിച്ച് അഭിമാനം. ഇപ്പൊ അവിടെ നടക്കുന്ന മറ്റു സത്യങ്ങള്‍ വിളിച്ച് പറഞ്ഞപ്പോള്‍ അവനൊക്കെ അപമാനം. തരംതാണ ഇരട്ടത്താപ്പ്' എന്ന് സായിപ്പിനെക്കൊണ്ട് പറയിപ്പിക്കുന്ന(സായിപ്പിത്രയും നീളത്തില്‍ മലയാളം പറയുമോ എന്ന് അറിയില്ല.ഇംഗ്ലീഷില്‍ തീര്‍ച്ചയായും പറയും)തരത്തിലെ അഭിപ്രായങ്ങള്‍ പറയാതിരിക്കുക.പ്ലീസ്!!!അപേക്ഷയാണ്.
Sunday, April 19, 2009
ഭാരതത്തിലെ എല്ലാ പ്രശനങ്ങളുടെയും കാരണങ്ങള്‍...
എങ്കിലും തന്‍റെ ആത്മഹത്യാ തീരുമാനം പ്രമാണിച്ച് അവര്‍ക്ക് വിഷു ആഘോഷം മാറ്റി വെയ്ക്കാമായിരുന്നു എന്ന നിലപാടില്‍ കോരന്‍ ഉറച്ച് നിന്നതിനാല്‍,വിഷമം മാറ്റാന്‍ ബാറില്‍ പോയി നാലെണ്ണം വിട്ടോളാന്‍ എല്‍ സി(സ്ഥലത്തെ പ്രധാന 'പൊതു'പ്രവര്‍ത്തക പള്ളിമുക്ക് എല്‍സിയല്ല) സഖാവിന് അനുവാദം നല്‍കി. എന്ത് തന്നെ നടന്നാലും കേന്ദ്രത്തില്‍ മൂന്നാം മുന്നണിയോ,വീണ്ടും ഇടതുപക്ഷ പിന്തുണയോടെ യു പി എ സര്‍ക്കാരോ അധികാരത്തില്‍ വന്നില്ലെങ്കില്‍, തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഏഴാം നാള്‍ ആത്മഹത്യ എന്ന തന്‍റെ തീരുമാനത്തിന് മാറ്റമില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച ശേഷമാണ് സഖാവ് യോഗം വിട്ടത്.
ബാറില്‍ എല്‍ സി അനുവദിച്ച ക്വാട്ട താണ്ടി വിപ്ലവ വീര്യം ചെലുത്തുമ്പോള്‍ , സ്ഥലത്തെ പ്രധാന ബൂര്‍ഷ്വാസിയായ എ കെ സഖാവിന്റെ മുന്നില്‍ വന്നു പെട്ടു.നിര്‍ബന്ധിച്ച് പറഞ്ഞപ്പോള്‍ എ കെ സഖാവിന് കമ്പനി കൊടുക്കാം എന്ന് സമ്മതിച്ചു.രണ്ടെണ്ണം കൂടി ചെന്നപ്പോള്‍ സഖാവിലെ വിപ്ലവം അണ മുറിച്ച് ഒഴുകിത്തുടങ്ങി.
കോരന്‍ :"സാമ്രാജത്വത്തിനും ,ആഗോളവത്കരണത്തിനും ശക്തമായ താകീത് നല്‍കുവാന്‍ വേണ്ടി ഞാന്‍ ആത്മഹത്യാ ചെയ്യാന്‍ എടുത്ത തീരുമാനത്തെ പരിഹസിച്ച് താന്‍ ലേഖനം എഴുതിയല്ലേ?"
എ കെ :"എഴുതി...അര്‍ത്ഥം മനസിലാക്കാതെ ഓരോരുത്തന്മാര്‍ വല്ലതുമൊക്കെ വിളിച്ചു പറയുമ്പോള്‍, ഇങ്ങനെയൊക്കെ പറയാനും ആരെങ്കിലും വേണ്ടേ ?"
കോരന്‍ :"എടാ ചെക്കാ നിനക്ക് സത്യത്തില്‍ പ്രാന്താണൊ?കുറച്ച് ദിവസമായി നീ എഴുതന്നത് കാണുമ്പോള്‍ സത്യത്തില്‍ നിന്നോട് അനുകമ്പ തോന്നുന്നു. ഈ ചെറു പ്രായത്തിൽ പ്രാന്തു പിടിച്ചല്ലോ എന്നോര്‍ത്ത് . അപ്പനും അമ്മയും ഒന്നും ഇല്ലേടാ നല്ല ബുദ്ധി പറഞ്ഞു തരാന്‍.അല്‍പ്പായുസ്സായി പോകുമല്ലോട ചെക്കാ"
എ കെ :"എന്നെപ്പോലുള്ള ഭ്രാന്തമാര്‍ കുറച്ചു പേരെങ്കിലും കേരളത്തില്‍ ബാക്കിയുള്ളത് കൊണ്ടാണല്ലോ സഖാക്കളും കേരള ജനതയെ മുഴുവനായി വലിച്ചു കീറി ഉടുക്കാത്തത്. അത് കൊണ്ടാ ഭ്രാന്ത് ഞാനങ്ങ് സഹിച്ചു. തന്‍റെ അനുകമ്പ ...അത് താന്‍ കൈയ്യില്‍ തന്നെ വെച്ചോ. അല്ല തീരെ അനുകമ്പ സഹിക്കാന്‍ പാടില്ലെങ്കില്‍ ,വല്ല മുള്ള് മുരിക്കിലും വലിഞ്ഞ് കയറ്. ചിലപ്പോള്‍ ശമനം കിട്ടും. പിന്നെ വീട്ടില്‍ അച്ഛനും,അമ്മയും ഉണ്ട്.അവര്‍ തന്നെയാണ് പഠിപ്പിച്ചത് തന്നെപ്പോലുള്ള ഗ്രഹണകാല വിഷജീവികളെ എന്ത് ചെയ്യണം എന്ന്. ആയുസ് കുറക്കുന്നതൊക്കെ നിങ്ങളുടെ പാര്‍ട്ടി ജനറല്‍ സെക്രെട്ടറിയെ ബസ്സില്‍ ഇരുന്ന് എന്തോ പറഞ്ഞതിന്, സഖാക്കള്‍ തല്ലി കോലം മാറ്റിയില്ലേ,അത് പോലുള്ള പാവപ്പെട്ടവന്മാരോട് നടക്കും.യമന്റെ കണക്ക് പുസ്തകത്തില്‍ ശിവന്റെ ആയുസ്സിന്റെ അളവ് കാണില്ല സഖാവേ."
കോരന്‍:"അല്ല ...എന്നാലും നമ്മുടെ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വല്യ രണ്ടു പ്രശ്നങ്ങള്‍ക്കെതിരെ ആരെങ്കിലും പ്രതികരിക്കുമ്പോള്‍ അവരെ നിരുത്സാഹപ്പെടുത്തരുത്. മോശമാണ് അതൊക്കെ"
എ കെ :"എടോ ഈ പ്രകാശ് കാരാട്ടും, ബര്‍ദാനും ഒക്കെ നാഴികക്ക് നാല്പതുവട്ടം പറയുമ്പോള്‍ ഈ സാമ്രാജ്യത്വം ,ആഗോളവത്കരണം ,ഇതൊക്കെ സത്യത്തില്‍ എന്താണെന്ന് തനിക്കറിയാമോ?"
കോരന്‍:"ആത്മഹത്യാ തീരുമാനം എടുത്തതിനു ശേഷം ഈ രണ്ടു കാര്യങ്ങളെക്കുറിച്ചും ഞാന്‍ വിശദമായ പഠനങ്ങള്‍ നടത്തി"
എ കെ :"എന്നിട്ട്? അത് രണ്ടും തന്നെയാണോ ഇന്ന് ഇന്ത്യയിലെ ഏറ്റവും വല്യ പ്രശ്നങ്ങള്‍?"
കോരന്‍:"പിന്നല്ലാതെ? അമേരിക്കന്‍ സാമ്പത്തിക മേധാവിത്ത്വം പതിയെ പതിയെ ഭാരതത്തിനെ വിഴുങ്ങുകയല്ലേ? ആഗോളവത്കരണം അതിന്‍റെ ഒരു ഉപാധിയും"
എ കെ :"ഇന്ത്യയില്‍ മൊത്തമുള്ള പ്രശ്നങ്ങള്‍ അവിടെ നില്‍ക്കട്ടെ. തത്കാലം കേരളത്തിലെ കാര്യം മാത്രമെടുക്ക്. എനിക്കറിയാന്‍ പാടില്ലാത്തത് കൊണ്ട് ചോദിക്കുകയാണ്,കേരളത്തില്‍ നെല്‍ വയലുകള്‍ ഉണങ്ങി വരണ്ട് കിടക്കുന്നതും, പണ്ട് കാലത്ത് സുഭിക്ഷമായിരുന്ന നെല്ലറകളില്‍ ഇപ്പോള്‍ പാണ്ടി ലോറി വന്നാലെ എന്തെങ്കിലുമൊക്കെ കാണു എന്ന അവസ്ഥയും ഒക്കെ ഉണ്ടായത് സാമ്രാജ്യത്വവും, ആഗോളവത്കരണവും കാരണമാണോ?"
കോരന്‍:"സംശയമെന്ത്?"
എ കെ :"അല്ലാതെ ഞാറ് നടാനും,കൊയ്യാനും ഒക്കെ കഷ്ട്ടപ്പാട് കുറച്ചുണ്ടല്ലോ എന്നോര്‍ത്ത് സഖാക്കള്‍ കോളറില്‍ അഴുക്ക് പറ്റാതെ ബക്കറ്റ് പിരിവു നടത്താന്‍ പോയത് കൊണ്ടും ,പണിക്കാളെക്കിട്ടാതെ വല്ലവനും വല്ല യന്ത്രവും മേടിച്ചു കൃഷി നടത്താന്‍ കഷ്ടകാലത്തിന് ശ്രമിച്ചാല്‍,അധ്വാനിക്കുന്ന ജനവിഭാഗത്തിന് തൊഴില്‍ നിഷേധിക്കുന്നു എന്നുമ്പറഞ്ഞ് അവന്റെ കൂമ്പിടിച്ച് വാട്ടുന്നതും കൊണ്ടല്ല?"
കോരന്‍ :"അല്ല അധ്വാനിക്കുന്നവര്‍ക്ക് തൊഴില്‍ വേണ്ടേ?"
എ കെ :" അത് അധ്വാനിക്കുന്നവര്‍ക്ക്. ഇനി നിന്റെയൊക്കെ കൂട്ടത്തില്‍ ഈ പണി ചെയ്യുന്ന വല്ലവനും അബദ്ധത്തില്‍ ഉണ്ടെങ്കിലോ,അവന്‍ ചോദിക്കുന്ന കൂലി കൊടുക്കുന്നതിനേക്കാള്‍ ലാഭം ഉടമ വയലില്‍ ഉണങ്ങി പോട്ടെ എന്ന് വിചാരിക്കുന്നതാ."
കോരന്‍:"അത് പുതിയ സഖാക്കളെ , അവര്‍ക്ക് ഇഷ്ടമില്ലെങ്കിലും ചേറിലും ,മണ്ണിലും പണിയെടുക്കണം എന്ന് പാര്‍ട്ടിക്ക് നിര്‍ബന്ധിക്കാന്‍ സാധിക്കില്ലലോ?"
എ കെ :"ആര് പറഞ്ഞു നിര്‍ബന്ധിക്കണം എന്ന്? നിന്റെയൊന്നും സഹായമില്ലാതെ വല്ല വിധവും കൃഷി നടത്താന്‍ പോകുന്നവന്റെ വയറ്റത്തടിക്കാതിരിക്കാന്‍ പറയാമല്ലോ? അത് പറഞ്ഞാല്‍ പിന്നെ പത്രക്കാരുടെ മുന്നില്‍ വാഴ വെട്ടി തൂക്കിപ്പിടിച്ച് ഫോട്ടോയ്ക്ക് പോസ്സ് ചെയ്തു വര്‍ഗ്ഗ സമരം ഉണ്ടാക്കാന്‍ സാധിക്കില്ലല്ലോ അല്ലേ?"
കോരന്‍:" നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും സാമ്രജ്യത്ത്വവും , ആഗോളവത്കരണവും ഭാരതം അഭിമുഖികരിക്കുന്ന മുഖ്യ പ്രശ്നങ്ങള്‍ തന്നെയാണ്"
എ കെ :"ആ പ്രശ്നങ്ങളെ നേരിടാനായിരിക്കും കണ്ണൂരിലൊക്കെ സഖാക്കന്മാരും,കാവിപ്പടയും തമ്മില്‍ ബോംബെറിഞ്ഞും വെട്ടിയും ,കുത്തിയും ചാകുന്നത്"
കോരന്‍:" ഒരു ചര്‍ച്ച നടക്കുമ്പോള്‍ അതുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ വലിച്ചിഴക്കുന്നത് പണ്ട് മുതലേ ബൂര്‍ഷ്വാസികളുടെ ഒരു സ്ഥിരം പരിപാടിയാണ്"
എ കെ :"പാര്‍ട്ടി പത്രവും, ലഘു ലേഖകളും മാത്രം വായിച്ചു പൊട്ടക്കിണറ്റിലെ തവളകളായിക്കിടക്കുന്ന നിന്നോടൊക്കെ ചര്‍ച്ചയോ? അതൊക്കെ സ്വന്തം തല കൊണ്ട് ചിന്തിക്കുന്ന വല്ലവരുമായി ചെയ്യേണ്ട കാര്യങ്ങളാണ് സഖാവേ. പിന്നെ ഈ വെട്ടും കൊലയും നമ്മള്‍ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രശ്നങ്ങള്‍ തന്നെയാണ്.കേരളത്തിലുള്ള പ്രകൃതി വിഭവങ്ങള്‍ വര്‍ഗ്ഗ സമരം എന്ന കാലഹരണപ്പെട്ട ന്യായം പറഞ്ഞു നശിപ്പിച്ച് കളയാതെ, അവ ഉപയോഗിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കിയാല്‍ നല്ലൊരു ശതമാനം ചെറുപ്പക്കാര്‍ ഈ വെട്ടിനും കുത്തിനും ഒന്നും പോകാതെ ജോലി ചെയ്തു അന്തസായി ജീവിച്ചോളും"
കോരന്‍:" നമ്മുടെ പ്രകൃതി വിഭവങ്ങള്‍ വിദേശികള്‍ ചൂഷണം ചെയ്യുന്നതിനെ മാത്രമേ ഞങ്ങള്‍ എതിര്‍ക്കാറുള്ളു.നാട്ടില്‍ തന്നെ കഴിവുള്ളവര്‍ ഉണ്ടല്ലോ . അവര്‍ തുടങ്ങട്ടെ വ്യവസായ സംരംഭങ്ങള്‍"
എ കെ :"നീയൊക്കെയുള്ള നാട്ടില്‍ വ്യവസായം തുടങ്ങിയേച്ചാലും മതി. മാവൂര്‍ റയോണ്‍സ് , എണ്ണമില്ലാത്ത തുണി മില്ലുകള്‍ ഇതൊക്കെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തി അടപ്പിച്ചത് അവരെല്ലാം കേരളത്തിലെ വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ വന്ന വിദേശികളായത് കൊണ്ടായിരിക്കും?"
കോരന്‍:" മുതലാളിത്വത്തിനെതിരെ , തൊഴിലാകളുടെ നമക്കായി നടന്ന ഉജ്ജ്വല സമരങ്ങളാണ് അതൊക്കെ"
എ കെ :"ഈ ഉജ്ജ്വല സമരങ്ങളുടെ ഒടുക്കം എന്തായി? മുതലാളിമാര്‍ കുത്തുപാളയെടുത്തത് പോട്ടെ. തൊഴിലാളികളും പട്ടിണിയായി. ആ സമരങ്ങളുടെ പേരും പറഞ്ഞ് കുറെ പരാന്നഭോജികള്‍ നേതാക്കന്മാരായത് മിച്ചം"
കോരന്‍ നിശബ്ദനായി ഇരുന്ന് പാര്‍ട്ടി മനിഫെസ്റ്റോയില്‍ എ കെക്ക് നല്‍കുവാന്‍ മറുപടി വല്ലതും കിട്ടുമോ എന്ന് ചിന്തിക്കുമ്പോള്‍ വര്‍ഗ്ഗശത്രു തുടര്‍ന്നു.
എ കെ :"താന്‍ നേരത്തെ പറഞ്ഞ ആഗോളവത്കരണമോ, സാമ്രാജത്വമോ ഒന്നും ഈ നാട്ടില്‍ ഒരു പൂക്കചൊളയും ഉണ്ടാക്കില്ല. ഇവിടുള്ളവര്‍ക്ക് അന്തസായി ജീവിക്കാനുള്ള സകല വകുപ്പുകളും നമ്മുടെ നാട്ടില്‍ തന്നെയുണ്ട്.അതൊക്കെ മര്യാദക്ക് ഉപയോഗിക്കാനുള്ള മാര്‍ഗങ്ങള്‍ സാധാരണക്കാര്‍ക്ക് ചെയ്തു കൊടുത്താല്‍ മതി."
കോരന്‍ എ കെയെ തുറിച്ചു നോക്കി
എ കെ :"നിസാരം സര്‍ക്കാര്‍ സ്കൂളുകളില്‍ എല്ലാ ക്ലാസുകളിലും അധ്യാപകര്‍ യൂണിയന്‍ പ്രവര്‍ത്തനം എന്ന പേരില്‍ ക്ലാസുകള്‍ മുടക്കാതെ പഠിപ്പിക്കുകയും, സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്റ്റര്‍മാര്‍ അവരവരുടെ ജോലികള്‍ മര്യാദക്ക് ചെയ്യുകയും ചെയ്‌താല്‍ നാട്ടിലെ ജീവിത നിലവാരം കുറെയൊക്കെ മെച്ചപ്പെടും. സര്‍ക്കാര്‍ സ്കൂളുകളില്‍ നല്ലൊരു വിദ്യാഭ്യാസ രീതി ഉണ്ടെന്നു ബോധ്യം വന്നാല്‍ വര്‍ഷം ലക്ഷം രൂപ കടം വാങ്ങിയും കൊടുത്ത് പിള്ളേരെ പഠിപ്പിക്കാന്‍ സ്വകാര്യ സ്കൂളുകള്‍ അന്വേഷിച്ചു നടക്കുന്ന രക്ഷകര്‍ത്താക്കളില്‍ പലരും അത് വേണ്ടെന്നു വെയ്ക്കും. നിവൃത്തികേട് കൊണ്ട് സ്വകാര്യ ആശുപത്രികളുടെ കത്തിക്ക് തല വെയ്ക്കുന്നവന്റെയും കാര്യം അത് തന്നെ. ഇങ്ങനെ ആളുകള്‍ ലാഭിക്കുന്ന കാശ് അവര്‍ പുഴുങ്ങി തിന്നുകയൊന്നുമില്ലല്ലോ. അതും നാട്ടിലെ സാമ്പത്തിക വ്യവസ്ഥയില്‍ തന്നെ ഒരു തരത്തില്‍ ,അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എത്തും...ശരിയല്ലേ?"
കോരന്‍:"എന്ന് ചോദിച്ചാല്‍..."
എ കെ :"ആലോചിച്ച് വിഷമിക്കേണ്ടാ...പാര്‍ട്ടി ലഘു ലേഖകളില്‍ ഉത്തരം കാണില്ല.പോട്ടെ,തമിഴ് നാട്ടില്‍ നിന്നും പച്ചക്കറിയും മറ്റുമായി വരുന്ന ലോറികളെ പോലീസ് ഏമാന്മാര്‍ ഓടിച്ചിട്ടാണ് പെറ്റിയടിക്കുന്നത്.സാറന്മാര്‍ക്ക് കൊടുക്കുന്ന പിച്ചയുടെ കാശും കൂടി പാണ്ടി സാധനങ്ങളുടെ വിലയില്‍ ഇടും. ഇതിനു പകരം തമിഴ്നാട്ടില്‍ നിന്നും സാധനങ്ങള്‍ കൊണ്ട് വരാനും, അത് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ട് പോകാനും കെ എസ് ആര്‍ ടി സിക്കും, റെയില്‍വേയ്ക്കും സ്ഥിരം സംവിധാനങ്ങള്‍ എന്തൊക്കെ ചെയ്യാം? അവശ്യ സാധനങ്ങള്‍ അടുത്ത സ്റ്റേറ്റില്‍ നിന്ന് വാങ്ങിയാല്‍ തന്നെ ,ഇങ്ങനെ എന്തെങ്കിലും സംവിധാനം ഉണ്ടെങ്കില്‍ അവ എളുപ്പത്തിലും, വളരെ കുറഞ്ഞ വിലയിലും നാട്ടുകാര്‍ക്ക് കിട്ടില്ലേ?
കോരന്‍ അപ്പോഴേക്കും ആത്മഹത്യ നേരത്തെയാക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരുന്നു.
എ കെ :"ഇടതും വലതും മാറിമാറി ഭരിച്ചിട്ടും ഇത് പോലുള്ള നിസാര കാര്യങ്ങള്‍ ഒരുത്തനും ചെയ്യാന്‍ വയ്യ. എന്നിട്ട് കമ്പ്ലീറ്റ് പ്രശ്നവും സാമ്രാജത്വവും , ആഗോളവത്കരണവും ഉണ്ടാക്കുന്നതാണെന്ന് പെരപ്പുരത്തു കയറി നിന്ന് പ്രസംഗിക്കുകയും. എഴുന്നേറ്റു പോടാ...പോയി പെട്ടെന്ന് ചാവ് ...നികൃഷ്ട ജീവികളില്‍ ഒരെണ്ണം ഒടുങ്ങിയാല്‍ അത്രയുമായി."
കോരന്‍ പൊട്ടിക്കരയും എന്ന സ്ഥിതിയിലായിരുന്നു.
എ കെ :"അല്ല നിന്നെയൊക്കെ മാത്രം പറഞ്ഞിട്ടും കാര്യമില്ല.നാട്ടിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഞാന്‍ നേരത്തെ പറഞ്ഞത് പോലെ സ്വന്തം തല കൊണ്ടല്ലല്ലോ ചിന്തിക്കുന്നത്. പ്രകാശ് കാരാട്ട് 'നാട്ടിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം മന്‍മോഹന്‍ സിംഗിന്റെ അമേരിക്കന്‍ പ്രീണന നയമാണ്' എന്ന് പറഞ്ഞാല്‍ ഇടത് പക്ഷക്കാരന്‍ അത് തൊണ്ട തൊടാതെ വിഴുങ്ങും.മന്‍മോഹന്‍ സിംഗ് 'ബി ജെ പിയുടെ വര്‍ഗ്ഗീയ നയങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ വികസിച്ചു പരണത്ത് കയറിയേനെ ' എന്ന് പറഞ്ഞാല്‍ ഇടതും വലതും ഒരു പോലെ ഹാപ്പി.'രാമ ക്ഷേത്രം കെട്ടിയാല്‍ ഇന്ത്യ രാമ രാജ്യം പോലെ സമ്പത്ത് സമൃദ്ധമാകും' എന്ന് അദ്വാനി പറഞ്ഞാല്‍ ബി ജെ പി ക്കാരന് പിന്നെ അപ്പീല്‍ ഇല്ല. സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിക്കാന്‍ മടിയുള്ള നമ്മുടെ നാട്ടുകാര്‍ക്ക്, നിന്നെപ്പോലുള്ള കൊതുകുകള്‍ തന്നെയാണ്,അവര്‍ അര്‍ഹിക്കുന്ന നേതാക്കള്‍"
Saturday, April 18, 2009
ഭാവി പ്രധാനമന്ത്രിയുടെ വിവാഹ പരസ്യം
പയ്യന് വയസ്സ് നാല്‍പ്പത്.ആറടി ഉയരം, വെളുത്ത നിറം. തൊഴില്‍ മുഴുവന്‍ സമയ രാഷ്ട്രീയം(കുടുമ്പ ബിസിനസ്സ്). ഇന്ത്യയുടെ പ്രധാനമന്ത്രിയാവാന്‍ എന്തുകൊണ്ടും യോഗ്യന്‍ എന്ന് അദ്ദേഹത്തിന്‍റെ സഹോദരി പ്രിയറാണി വഡോധര (അത് സൌകര്യം പോലെ വഡോധര,മൈന, ഗാന്ധി, തേങ്ങാക്കൊല എന്നൊക്കെ പത്രക്കാര്‍ ഈ കൊച്ചിന്റെ സര്‍നെയിം മാറ്റി മാറ്റി പറയും) പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രിയാവാന്‍ ഇതില്‍ പരം യോഗ്യത വല്ലതും വേറെ വേണോ. പ്രിയറാണി പറഞ്ഞാല്‍ പിന്നെ അതിന് മറു വാക്കുണ്ടോ?
പയ്യന്‍ വളരെ ഉല്ലാസ പ്രകൃതിയാണ്. രാജ്യത്ത് തീവ്രവാദ ആക്രമണം നടക്കുന്നു എന്ന് കേട്ടാല്‍ പോലും കുലുങ്ങാതെ നേരം വെളുക്കും വരെ പാര്‍ട്ടികളില്‍ കുടിച്ചു കുന്തം മറിയുന്ന ഇദ്ദേഹം, അഭിനവ നീറോ ചക്രവര്‍ത്തിയാണെന്ന് പക്ഷേ അസൂയാലുക്കള്‍ വെറുതെ പ്രചരിപ്പിക്കുന്നതാണ്. കാരണം ഇന്ത്യയിലെ പിച്ചതെണ്ടികളെ കാണുവാന്‍ വിദേശ നയതന്ത്ര പ്രതിനിധികളുമായി ഇടയ്ക്കിടെ യുവരാജാവ് 'തെണ്ടി യാത്രകള്‍' നടത്താറുണ്ട്. നീറോ റോമില്‍ അങ്ങനെ ചെയ്തതായി ചരിത്രമില്ല.
പ്രത്യക്ഷത്തില്‍ എം പി എന്ന സ്ഥാനത്തിന് പുറമേ അമ്മ നേതൃത്വം വഹിക്കുന്ന പാര്‍ട്ടിയുടെ ദേശീയ സമതിയുടെ ജനറല്‍ സെക്രെട്ടരിമാരില്‍ ഒരാള്‍, പാര്‍ട്ടിയുടെ യുവജന സംഘടനയുടെ മേല്‍നോട്ടം എന്നിവ മാത്രമേ പയ്യന് പണിയായുള്ളു എന്ന് കരുതി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വിഷമിക്കണ്ട. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തും, ഈ തിരഞ്ഞെടുപ്പുക്കാലത്തുമായി വെളിപ്പെടുത്തിയ പയ്യന്റെ സ്വത്തുക്കളുടെ വിവരങ്ങള്‍ ഒന്ന് താരതമ്യം ചെയ്ത് നോക്കിയ ശേഷം മാത്രം നിങ്ങള്‍ തീരുമാനങ്ങള്‍ എടുക്കുക. അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് ,പ്രത്യക്ഷത്തില്‍ വല്യ വരുമാനമൊന്നുമില്ലാത്ത ജോലികളില്‍ തുടര്‍ന്ന് കൊണ്ട്, സ്വത്തുക്കള്‍ ഇരട്ടിയും,നാലിരട്ടിയും ആക്കുന്ന മാന്ത്രിക വിദ്യ, നിങ്ങള്‍ക്ക് ലഭിച്ചേക്കാവുന്ന മറ്റു മരുമക്കള്‍ക്ക് അറിയുവാന്‍ യാതൊരു സാധ്യതയുമില്ല.
പയ്യന്റെ വിദ്യാഭ്യാസത്തിനെക്കുറിച്ച് അറിയണം എന്ന് നിര്‍ബന്ധമുള്ള പെണ്‍കുട്ടികളുടെ മാതാ പിതാക്കള്‍ ഈ വിവാഹക്കാര്യം മറക്കുന്നതാണ് നല്ലത് .ഇനി നിങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം ഇത്തരം അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ട് വിവാഹത്തിനുള്ള അപേക്ഷ വല്ലതും അയച്ചാല്‍, യുവരാജാവിന്റെ നിയമോപദേശക സമതി ഒരുപക്ഷെ നിങ്ങളുടെ പേരില്‍ നിയമ നടപടികള്‍ എടുത്തേക്കാം. പയ്യന്‍ ഹാര്‍വാര്‍ഡിലും ,കേംബ്രിഡ്ജിലും ഒക്കെ പഠിച്ച് മറിച്ചിട്ടുണ്ടെന്ന് പറഞ്ഞ് നടക്കുന്നത് വെറുതെയാണ് എന്ന് എഴുതിയ ഒരു പത്രത്തിനെ വക്കീല്‍ നോട്ടീസ് അയച്ചു വിരട്ടിയിട്ട് കൊല്ലം മൂന്നേ ആയുള്ളൂ. ഇപ്പൊ പയ്യന്‍ അവകാശപ്പെടുന്നത് വികസന സാമ്പത്തിക ശാസ്ത്രത്തില്‍ എം ഫില്‍ ബിരുദധാരിയാണ് താനെന്നാണ്. അത് വിശ്വസിക്കാന്‍ നല്ല സൌകര്യമുള്ളവര്‍ വിവാഹാലോചനയുമായി വന്നാല്‍ മതി.
പെണ്‍കുട്ടികള്‍ സ്പെയ്നില്‍ നിന്നോ വെനെസ്വലായില്‍ നിന്നോ ആയാലും യുവരാജാവിന് വിരോധമില്ല. പക്ഷേ ഒരൊറ്റ നിര്‍ബന്ധം മാത്രമേയുള്ളൂ. വിവാഹത്തിന് മുന്‍പ് തന്നെ സാരി,പല്ലു കൊണ്ട് തല മൂടുന്ന ഭാരത സ്ത്രീ ലൈനില്‍ ഉടുക്കാനും, അതാവശ്യം ഹിന്ദി നോക്കി വായിക്കാനും പഠിച്ചിരിക്കണം. കാരണം ഭാവിയില്‍ വല്ല തീവ്രവാദികളും പയ്യനെ തട്ടിയാല്‍,പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനവും,ഒത്താല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി പദവും നിങ്ങളുടെ കൈയ്യില്‍ വരാനുള്ളതാണ്. അപ്പോള്‍ സ്റ്റേജിലൊക്കെ കയറി നിന്ന് 'ഭ ഭ ഭാ' എന്ന് പറയാന്‍ ഇടവരരുത്.
മോസ് & ക്യാറ്റ് : ഇതാണ് പടം
മുപ്പത്തിയഞ്ച് ദിവസം തിരുവനന്തപുരം ന്യൂ തിയറ്ററില്‍ തികച്ചോടി, സുപ്പര്‍ മെഗാ ഹിറ്റായ ക്രേസി ഗോപാലന് ശേഷം ജനപ്രിയ നായകന്‍ ദിലീപേട്ടന്റെ(കീ ജയ്) അടുത്ത ചിത്രം മോസ് & ക്യാറ്റ് കേരളക്കരയെ പ്രകമ്പനം കൊള്ളിക്കുന്നതില്‍ സന്തോഷമുണ്ട്.മലയാളിക്ക് ദിലീപേട്ടന്റെ വക വിഷു കൈനീട്ടമാണ് ഈ ചിത്രമെന്നതില്‍ തര്‍ക്കമില്ല.
മാത്രമല്ല, രണ്ടു വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഫാസില്‍ മടങ്ങിയെത്തുമ്പോള്‍, ആ സംവിധാന മികവിനെ സീറ്റില്‍ കയറി നിന്ന് കൈയ്യടിച്ച് സമ്മതിക്കതിരിക്കാനാവില്ല.
ദിലീപേട്ടന്‍ അവതരിപ്പിക്കുന്ന മോസ് ഡി സാമുവല്‍ എന്ന ചെറുകിട കള്ളന്റെ വേഷ വിധാനത്തില്‍ വരെ മലയാളം സിനിമാ പ്രവര്‍ത്തകര്‍ സ്നേഹപൂര്‍വ്വം പാച്ചിക്ക എന്ന് വിളിക്കുന്ന ഫാസില്‍ സര്‍ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. കൊച്ചി പോലൊരു നഗരത്തില്‍ നട്ടുച്ചക്ക്, ടീ ഷര്‍ട്ടും ,അതിനു മേല്‍ ഷര്‍ട്ടും, ഒക്കെത്തിനും മേല്‍ ഡെനിം കോട്ടുമിട്ട നായകനെ പാച്ചിക്കക്കല്ലാതെ മറ്റാര്‍ക്ക് കാണികള്‍ക്കായി നല്‍കുവാന്‍ സാധിക്കും.
പാച്ചിക്കയുടെ മികവിനെ നമ്മള്‍ സമ്മതിച്ച് പോകുന്ന മറ്റൊരു കാര്യം, അദ്ദേഹം പടത്തില്‍ ബേബി നിവേദിതയെ അഭിനയിപ്പിച്ചിരിക്കുന്ന രീതിയാണ്. കഥയില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്ന ഒന്നാണ്, ദിലീപേട്ടന്‍ ആ കുട്ടിക്ക് മുന്നില്‍ മുട്ട് കുത്തിയിരിക്കുകയും, ആ കുട്ടി നടന്ന് വന്ന് ദിലീപേട്ടന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും എന്തെങ്കിലും എടുക്കുകയും ചെയുക എന്നത്. മുന്നോട്ടു നടക്കുന്നതിനു മുന്‍പ് ആ കുട്ടിയുടെ മുഖത്ത് വരുന്ന ഭാവം 'പ്രിയപ്പെട്ട നാട്ടുകാരെ ,ഇനി ഞാന്‍ അവതരിപ്പിക്കുന്നത് ഓമനത്തം തുളുമ്പുന്ന ഭാവാഭിനയം' എന്നാണ്. അതിനു ശേഷം മാത്രമേ ഓമനത്തം വരൂ.അഭിനേതാക്കളെ മാത്രമല്ല, കാണികളെ വരെ ഇങ്ങനെ പ്രോംപ്റ്റ് ചെയ്യാന്‍ ഇന്ന് മലയാള സിനിമയില്‍ പാച്ചിക്കയെയുള്ളൂ.
ദിലീപേട്ടന്റെ അഭിനയമാണെങ്കില്‍ പറയാനുമില്ല.രണ്ടരയിഞ്ചിന്റെ ഹീലും വെച്ച്,ആ അഹങ്കാരമൊന്നുമില്ലാതെ, ചിത്രത്തിന്‍റെ അവസാന പതിനഞ്ച് മിനിട്ട് വരെ നമ്മള്‍ കാണികളോടൊപ്പം 'ദെന്താപ്പാ നടക്കണത്,ഒരു പിടിയും കിട്ടണില്ലല്ലാ' എന്ന് അന്തംവിട്ട് നില്‍ക്കുകയും, അവസാന നിമിഷങ്ങളില്‍ അതിബുദ്ധിമാനായി മാറി, വില്ലനെ ഒതുക്കുന്ന ഹീറോ, മനോരോഗ വിദഗ്ദ്ധന്‍,കാമുകന്‍ അങ്ങനെ ഒട്ടേറെ വേഷങ്ങള്‍ ഒറ്റയ്ക്ക് ചെയ്തു തീര്‍ക്കുകയും ചെയ്ത അദ്ദേഹം തന്നെയല്ലേ യഥാര്‍ത്ഥ ജനപ്രിയ നായകന്‍? അതും മുന്നിലൊക്കെ ഇരുന്നവന്‍മാരുടെ അസാധ്യ കൂവലിനിടക്ക്,ശ്രദ്ധ മാറിപോകാതെ ഇതൊക്കെ ഒറ്റയ്ക്ക് ചെയ്യാന്‍ രജനീകാന്തിന് പോലും പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.
പിന്നെ പടത്തിനെ കുറ്റം പറയുന്നവര്‍ക്ക് വേണമെങ്കില്‍ പറയാം, ഹരിശ്രീ അശോകനും, സുധീഷും ചേര്‍ന്നുള്ള കോമഡി രംഗങ്ങള്‍ കൊള്ളില്ല എന്ന്. അതും വേണമെങ്കില്‍ മാത്രം.അല്ലാതെ ആ രംഗങ്ങള്‍ കണ്ടപ്പോള്‍, തിയറ്ററില്‍ എന്റെയടുത്തിരുന്നിരുന്ന രണ്ടെണ്ണം ചെയ്തത് പോലെ സ്വന്തം തലമുടി വലിച്ച് പറിക്കുക, നെച്ചത്തടിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒന്നും ചെയ്യേണ്ട ഒരു ആവശ്യവുമില്ല. ചുമ്മാ പടം കൊള്ളില്ല എന്ന് മറ്റുള്ളവരെ കാണിക്കാനുള്ള ഒരു പ്രഹസനമല്ലേ ഇതും,ഈ കൂവലുകളുമൊക്കെ. ഇവന്മാര്‍ക്ക് ഒന്നുമില്ലെങ്കിലും പടത്തിലെ തകര്‍പ്പന്‍ രംഗ സജ്ജീകരണവും, വസ്ത്രാലങ്കാരവും കണ്ട് മിണ്ടാതിരുന്നൂടെ?
ചിത്രത്തിലെ വസ്ത്രാലങ്കാരം എടുത്ത് പറഞ്ഞേ മതിയാവു. ചേട്ടന്‍ മുഴുഭ്രാന്തിന്റെ വക്കില്‍, കാമുകന്‍ കളഞ്ഞിട്ടു പോകാന്‍ നില്‍ക്കുന്നു...അങ്ങനെയുള്ള അവസരത്തില്‍ ശോക ഗാനത്തില്‍ അഭിനയിക്കുമ്പോള്‍ പോലും നായികയുടെ ഡ്രെസ്സും, കമ്മലും, ചെരിപ്പും ,ലിപ്സ്റ്റിക്കും തമ്മില്‍ എന്ത് മാച്ചാണെന്നോ. അറിയണമെങ്കില്‍ പടം കാണുക തന്നെ വേണം.
നായികയായ് അഭിനയിച്ച അശ്വതി അശോക്,നല്ലത് പോലെ ഡാന്‍സ് ചെയ്യുകയും,ഇടയ്ക്കിടെ കരയുകയും, ഒടുക്കം ദിലീപേട്ടനെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്.മലയാള സിനിമയില്‍ അല്ലെങ്കില്‍ താമസിയാതെ പാച്ചിക്കയുടെ കൈയ്യെത്തും ദൂരത്ത് എന്ന പടത്തിലെ നായിക നിഖിതയെപ്പോലെ (സരോജയിലെ ഡാന്‍സ് കണ്ടവര്‍ മറക്കില്ല)തമിഴിലെങ്കിലും ആ കുട്ടിക്ക് ഭാവിയുണ്ട്.
ക്യാമറ കൈകാര്യം ചെയ്ത ആനന്ദക്കുട്ടന്‍ സാറും ,പടം എഡിറ്റ് ചെയ്ത കെ ആര്‍ ഗൌരിശങ്കര്‍ സാറും ചെയ്സ് രംഗങ്ങളിലൊക്കെ കുട്ടികള്‍ ഓടി തൊട്ട് കളിക്കുന്ന ഒരു അനുഭവം കാണികള്‍ക്ക് നല്‍കാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചിട്ടുണ്ടാകണം.
മാഫിയാ ശശിയുടെ സംഘട്ടനം അത്ര പോരാ.വില്ലന്‍ മനോജ് കേ ജയനിട്ട് ഈ പടത്തില്‍ അവസാന രംഗത്ത് ദിലിപേട്ടന്‍ ഒരു ചവിട്ട് മാത്രമേ കൊടുക്കുന്നുള്ളൂ. അങ്ങനെയുള്ളപ്പോള്‍ പേരെഴുതി കാണിക്കുമ്പോള്‍ സംഘട്ടനം മാഫിയാ ശശി എന്ന് എഴുതിക്കാണിച്ചാല്‍, അസൂയാലുക്കള്‍ 'ദിലിപേട്ടന്‍ കുള്ളനായത് കൊണ്ട് ആ ചവിട്ടും കയറു കെട്ടി ചവിട്ടിക്കാന്‍ സ്റ്റണ്ട് മാസ്റ്റര്‍ വേണമായിരിക്കും' എന്ന് പറയുവാന്‍ സാധ്യതയുണ്ട്. ചെയ്സിനും , അവസാനത്തെ വില്ലന്റെ മരണത്തിനും ഒക്കെ സ്റ്റണ്ട് മാസ്റ്റര്‍ മാത്രമല്ല സ്റ്റണ്ട് താരങ്ങളും വേണം എന്ന് ഒരുത്തനെ ഞാന്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു നോക്കിയതാ . അപ്പൊ അവന്‍ പറയുകയാണ് 'ഈ പടത്തില്‍ കാണിച്ച ചെയ്സും മറ്റും ചെയ്യാന്‍ മാഫിയാ ശശിയും ടീമും ഒന്നും വേണ്ടാ കൂവേ. ഏതെങ്കിലും ഡ്രില്‍ മാഷ് മതിയെന്ന്'. ഇനി ദിലിപേട്ടനെ വെച്ച് ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ജോണി സാഗരിഗ ഇക്കാര്യം ഒന്ന് പ്രത്യേകം ശ്രദ്ധിക്കണം.
മനോജ് കെ ജയന്റെ കഥാപാത്രം മലയാളത്തിന് ലഭിച്ച പുതുമയുള്ള വില്ലാനാണ് എന്ന് കൂടി പറയാതെ എന്തായാലും ഈ കത്ത് ഞാന്‍ അവസാനിപ്പിക്കുന്ന പ്രശ്നമില്ല. കണ്ണുരുട്ടി,പല്ല് ഞെരിച്ച് അദ്ദേഹം സ്ക്രീനിലേക്ക് നോക്കുമ്പോള്‍, ഹോ പേടിയാവും. എന്ന് വെച്ച് ഫുള്‍ ടൈം കണ്ണുരുട്ടല്‍ അല്ല...കൂളിംഗ് ഗ്ലാസ് വെയ്ക്കാത്തപ്പോള്‍ മാത്രമേ പനക്കല്‍ ദാസ് എന്ന മനോജിന്റെ വില്ലന്‍ വേഷം കണ്ണുരുട്ടു. വെറുതെ ആള്‍ക്കാരെ അധികം പേടിപ്പിക്കണ്ടാ എന്ന് കരുതിയാവണം , അദ്ദേഹം മിക്കവാറും കൂളിംഗ് ഗ്ലാസ് വെച്ചാണ് നടക്കുന്നത്. എങ്കിലും താന്‍ വില്ലനാണ് എന്ന് കാണികള്‍ മറന്നു പോകാതിരിക്കാന്‍ ഇടയ്ക്കിടെ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞു അദ്ദേഹം സ്ക്രീനില്‍ വരുന്നുണ്ട്.
എന്തായാലും,ഇത്രയും ഒരു തകര്‍പ്പന്‍ പടം മലയാളികള്‍ക്ക് സമ്മാനിച്ച പാച്ചിക്കക്കും ദിലിപേട്ടനും നന്ദി.
ബിജു.കെ.പി
ദിലീപ് ഫാന്‍സ് അസോസിയേഷന്‍ (സെക്രെട്ടറി)
വെങ്ങാനൂര്‍ യൂണിറ്റ്
ഒരു തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാരാന്റെ ആത്മഹത്യാക്കുറിപ്പ്
ചോരപ്പുഴകള്‍ നീന്തിക്കടന്ന സമരാവേശത്തിലും, ഇന്ന് ഞാന്‍ ദുഖിതനാണ്. പൊന്നരിവാള്‍ അമ്പിളി രാകി രാകി, പൊന്‍ പുലരി കാത്തിരുന്ന് മടുത്തത് കൊണ്ടല്ല എന്നെ വിഷാദ രോഗം പിടികൂടിയത് എന്ന് ആദ്യമേ തന്നെ നിങ്ങളോട് പറയട്ടേ. ആ പുലരി സഖാവ് കാരാട്ടോ,സഖാവ് ബര്‍ദാനോ ആരെങ്കിലും കൊണ്ട് വരുമെന്നുള്ളതു തീര്‍ച്ചയാണ്. പക്ഷേ ആ ദിനത്തെ റെഡ് സല്യൂട്ട് നല്‍കി സ്വീകരിക്കാന്‍ അന്ന് നിങ്ങളോടൊപ്പം ഞാന്‍ ഉണ്ടാവില്ല എന്ന് മാത്രം.
തിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ കഴിഞ്ഞ്, ഫല പ്രഖ്യാപനത്തിന്റെ മുന്നോടിയായി മുതലാളിത്ത വ്യവസ്ഥയുടെ സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ചാനലുകള്‍,ഫല പ്രവചനം നടത്തുന്നത് ഒന്ന് കണ്ടേക്കാം എന്ന് കരുതി. തകര്‍ന്നു പോയി സഖാക്കളെ ,തകര്‍ന്നു പോയി. കേരളത്തില്‍ യു ഡീ എഫിന് മുന്‍തൂക്കം ലഭിക്കും എന്ന് അവന്മാര്‍ പറഞ്ഞത് ഞാന്‍ സഹിക്കും.പക്ഷേ കേന്ദ്രത്തില്‍ വീണ്ടും യു പി എ സര്‍ക്കാര്‍ ... അത് ഞാന്‍ എങ്ങനെ സഹിക്കും?അങ്ങനെ വന്നേക്കാന്‍ സാധ്യത ഉണ്ടത്രേ.
ജയപരാജയങ്ങള്‍ തുല്യമായിക്കണ്ട് മുന്നോട്ട് നടക്കുന്നവനാണ് ഒരു യഥാര്‍ത്ഥ വിപ്ലവകാരി എന്നത് ഞാന്‍ വിസ്മരിക്കുന്നില്ല. പക്ഷേ കേന്ദ്രത്തില്‍ യു പി എ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ സാമ്രാജ്യത്ത്വവും, ആഗോളവത്കരണവും ഇന്ത്യയില്‍ അഴിഞാടുമെന്നല്ലേ ഇന്നാള് ബര്‍ദാന്‍ സഖാവ് തിരുവനന്തപുരത്ത് പ്രസംഗിച്ചത്. ഈ സാമ്രാജ്യത്ത്വത്തിനെയും, ആഗോളവത്കരണത്തിനെയും ഞാന്‍ ഇന്നുവരെ നേരില്‍ കണ്ടിട്ടില്ല. എന്നാലും സഖാവ് അന്ന് പറഞ്ഞത് വെച്ച് നോക്കുമ്പോള്‍,രണ്ടും കൊടും ഭീകരന്മാരാകാനാണ് സാധ്യത. മാത്രമല്ല സഖാവ് അന്ന് തിരുവനന്തപുരത്ത് വന്നത് കൊണ്ട്, ഉറപ്പായിട്ടും സാമ്രാജ്യത്ത്വം പേടിച്ച് വടക്കന്‍ ജില്ലകളിലേക്ക് കടന്ന് എവിടെയെങ്കിലും പതുങ്ങിയിരിപ്പുണ്ടാകും. ആഗോളവത്കരണവും അതുപോലെ തന്നെ എവിടെയെങ്കിലുമൊക്കെ കാണും.യു പി എ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇവന്മാര്‍ രണ്ടും വീണ്ടും തല പൊക്കില്ലേ?പിന്നെ ഒരു യഥാര്‍ത്ഥ സഖാവ് ജീവിച്ചിരിക്കുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ?
ഈ ചിന്ത എന്നെ വല്ലാണ്ട് അലട്ടിയപ്പോള്‍,വോട്ടിങ്ങ് യന്ത്രങ്ങള്‍ പിടിച്ചെടുത്ത് വിപ്ലവത്തിന്റെ മാര്‍ഗ്ഗത്തിലൂടെ ഈ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എന്തെങ്കിലും വകുപ്പുണ്ടോ എന്നറിയാന്‍ ഞാന്‍ ഒന്ന് കറങ്ങി നോക്കി. യന്ത്രങ്ങള്‍ക്കു കാവല്‍ കേരളാ പോലീസ് അല്ല കമാണ്ടോസ് ആണെന്ന് അന്ന് രാവിലത്തെ പത്രം വായിച്ചിരുന്നെങ്കില്‍ അറിഞ്ഞേനെ. വിപ്ലവം കഴിഞ്ഞ് വന്ന് നെസ്കഫേയും (കട്ടഞ്ചായയുടെ കാലം കഴിഞ്ഞില്ലേ) കുടിച്ചു പത്രം വായിക്കാം എന്ന് കരുതിയതാണ് കുഴപ്പമായത്. എന്തിനേറെ പറയുന്നു...ഹിന്ദിക്കാരുടെ ഇടിക്ക് ഒരു മയവുമില്ലായിരുന്നു.
മൂന്നാം മുന്നണി എന്നൊക്കെ പറഞ്ഞു ആശുപത്രിയില്‍ കാണാന്‍ വന്ന സഖാക്കള്‍ പലരും എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഓ ...എവിടെ നടക്കാന്‍.? മായാവതിയും ടീമുമല്ലേ പാര്‍ട്ടികള്‍. നാലഞ്ച് മന്ത്രി കസേരകള്‍ ആ മദാമ്മ പൊക്കി കാണിച്ചാല്‍ എല്ലാവളന്മാരും, അവന്മാരും ക്യൂവായി അങ്ങോട്ട് പോകും. അതുകൊണ്ട് സഖാക്കളെ ,ഫല പ്രഖ്യാപനത്തിന് ഫല പ്രഖ്യാപനത്തിന് കൃത്യം ഏഴ് ദിവസങ്ങള്‍ക്ക് ശേഷം, ഞാന്‍ എന്‍റെ ജീവനൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഒരാഴ്ച്ച സമയം എന്തിനാണെന്നാല്‍ ബി ജെ പി അധികാരത്തില്‍ വരാതിരിക്കാന്‍ എന്ന ന്യായം പറഞ്ഞ് കാരാട്ട് സഖാവും മറ്റും വീണ്ടും മദാമ്മയുമായി ഇഷ്ടം കൂടിയാലോ? അങ്ങനെ വന്നാല്‍ പിന്നെ സാമ്രാജ്യത്വത്തിനെ പേടിക്കണ്ടല്ലോ. ആഗോളവത്കരണം അതോടെ കടലില്‍ ചാടി ചത്തോളും.
ഇനി അങ്ങനെയൊന്നും സംഭവിച്ചിലെങ്കില്‍, ഈ സഖാവിനെ നിങ്ങളാരും വിസ്മരിക്കരുത്. 'ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉയരുന്നു.' എന്നൊക്കെപ്പറഞ്ഞ് , നാട്ടില്‍ ഉമ്മന്‍ ചാണ്ടിയെയും, കേന്ദ്രത്തില്‍ ആ തലേക്കെട്ടുകാരന്‍ താടി പാവ പ്രധാനമന്ത്രിയെയും വിരട്ടുമ്പോള്‍ എന്‍റെ പേരും നിങ്ങള്‍ രക്തസാക്ഷികള്‍ക്കൊപ്പം കൂട്ടിപ്പറയണം.
യാത്രയില്ല സഖാക്കളെ യാത്രയില്ല...
വിപ്ലവാഭിവാദ്യങ്ങള്‍ മാത്രം
സഖാവ് കോരന്‍
സമസ്ത കേരളം:കൊല്ലെടാ കൊല്ല്
പടം തുടങ്ങി ഇരുപതോളം മിനിട്ടുകള്‍ക്ക് ശേഷം(അമ്മയാണെ വാച്ച് നോക്കി),തോന്നക്കരയില്‍ പ്രഭാകരന്‍ എന്ന ഗാന്ധിയന്‍(ജയറാം) ഇലക്ഷന്‍ ജയിച്ച് പഞ്ചായത്ത് മെമ്പര്‍ ആകുന്നതോടെ ചിത്രത്തിന്‍റെ കഥ തുടങ്ങുന്നു. അപ്പോളതുവരെ എന്ത് കുന്തമായിരുന്നെടാ കൂവേ പടത്തില്‍ എന്ന് ചോദിച്ചാല്‍...തോന്നക്കര പഞ്ചായത്തിനെയും അവിടുത്തെ ആളുകളെയും ജയറാം വോയിസ് ഓവറിലൂടെ അജന്തയില്‍ പടം കാണാന്‍ ഉണ്ടായിരുന്ന ചുരുക്കം ചില ആളുകള്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു.
മഹാത്മാ എന്ന പേരില്‍ ഒരു ബുക്ക് സ്റ്റാള്‍ നടത്തുന്ന പ്രഭാകരന്‍ ,അമ്മയോടും , പ്രഭാകരന്റെ അച്ഛന്‍ വഴിയില്‍ നിന്നും എടുത്ത് വളര്‍ത്തിയ കുട്ടിയായ രാധയോടും (പ്രിയങ്ക) ഒപ്പം താമസിക്കുന്നത് ,പ്രഭാകരന്റെ മുംബൈയില്‍ സ്ഥിര താമസമാക്കിയ ചെറിയമ്മാവന്റെ (ശ്രീകുമാര്‍) പേരിലുള്ള കുടുമ്പ വീട്ടിലാണ്.
ഒരിക്കലും നാട്ടിലേക്ക് തിരിച്ചു വരില്ല എന്ന് കരുതിയിരുന്ന പ്രഭാകരന്റെ ചെറിയമ്മാവന്‍, മുംബൈയില്‍ നിന്നും കുത്തുപാള ഒരെണ്ണം നീറ്റായി കിട്ടി നാട്ടിലെത്തുന്നത്തോടെ പ്രഭാകരന്റെ കുടുമ്പത്തില്‍ പ്രശനങ്ങള്‍ തുടങ്ങുന്നു. അതുവരെ പ്രഭാകരനെയും, രാപകല്‍ പാടത്തും,പറമ്പിലും കഷ്ടപ്പെടുന്ന രാധയെയും മുതലാക്കി ജീവിച്ചിരുന്ന വല്യമ്മാവനും അമ്മായിയും വരെ പതിയെ പ്രഭാകരനെതിരെ തിരിയുന്നു.
ഇതിനിടെ പഞ്ചായത്തില്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ നടക്കുന്ന അഴിമതികള്‍ പ്രഭാകരന്‍ എതിര്‍ക്കുന്നത് കാരണം പഞ്ചായത്ത് പ്രസിഡന്റ് അവറാച്ചന്(ജഗതി ശ്രീകുമാര്‍) നഷ്ടങ്ങള്‍ ഏറെ സഹിക്കേണ്ടി വരുന്നു. തുടര്‍ന്ന് അവറാച്ചന്‍ പ്രഭാകരനെ കള്ള നോട്ട് കേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുകയും, അത് നടക്കാതെ വരുമ്പോള്‍ പെങ്ങളെപ്പോലെ പ്രഭാകരന്‍ കാണുന്ന രാധുമായി ചേര്‍ത്ത് അപവാദം ഉണ്ടാക്കുകയും ചെയ്യുന്നു. സ്വന്തം അമ്മ മുതല്‍,രാധയുടെ ഭര്‍ത്താവ് വരെ പ്രഭാകരനെ തെറ്റിദ്ധരിക്കുന്നു. ഒടുവില്‍ അവറാച്ചനെ കത്തിമുനയില്‍ നിറുത്തി പ്രഭാകരന്‍ സത്യം പുറത്തു കൊണ്ട് വരുന്നു. സുരുക്കമാ സൊന്നാ, മക്കളെ കേരളത്തില്‍ ഡീസെന്‍റ്റായിട്ട് ജീവിച്ചാല്‍ നാട്ടുകാര്‍ ഓടിച്ചിട്ട് പണി തരും.നമുക്ക് ശരണം കത്തിയും വാളുമൊക്കെ തന്നെ.
പറയാന്‍ വിട്ട് പോയി, ഇടക്ക് മുംബെയില്‍ നിന്നും ചെറിയമ്മാവനെയും,മകളെയും പിന്തുടര്‍ന്ന് വരുന്ന മയക്കു മരുന്നിനടിമയായ,പലിശപ്പണക്കാരനെ (ഗിരീഷ് കുമാര്‍,ഉങ്കളുക്കേ ഇത് കൊഞ്ചം ഒവറാ തെരിയലെ?) പ്രഭാകരന്‍ ഇടി കൊടുത്ത് ഓടിക്കുന്നതുമുണ്ട് കേട്ടോ.
പടത്തില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെങ്കില്‍ കൂടി ജയറാം തന്‍റെ വേഷം സാമാന്യം തെറ്റില്ലാതെ വൃത്തികേടാക്കിയിട്ടുണ്ട്.അച്ഛന്റെ മാര്‍ഗ്ഗമായിരുന്ന അഹിംസയില്‍ നിന്നും ഐ എന്‍ എക്കാരനായിരുന്ന അപ്പുപ്പന്റെ മാര്‍ഗ്ഗത്തിലേക്കുള്ള പരിണാമമായാലും,അമ്മാവന്റെ മകളുമായുള്ള ചെറുകിട പ്രേമമായാലും, എല്ലാം പുള്ളി അവതരിപ്പിക്കുന്നത് പണ്ട് മിമിക്ക്രി സ്റ്റേജില്‍ ഹിറ്റാക്കിയ നസീറിന്റെ ഹാങ്ങ്‌ഓവറിലാണ്.
അഴിമതിക്കാരനായ വില്ലനായി ജഗതി, അയാളുടെ മരുമകനായി ജഗദീഷ് എന്നിവര്‍ അവരോടു സംവിധായകന്‍ ആവശ്യപ്പെട്ടത് കൃത്യമായി നല്‍കിയിട്ടുണ്ട് എന്ന് തോന്നി. രണ്ടു പേര്‍ക്കും കാര്യമായ പണിയൊന്നും ഇല്ല പടത്തില്‍.
സെറ അവതരിപ്പിക്കുന്ന നായിക മുംബൈയില്‍ നിന്നുമാണ് വരുന്നത് എന്ന് പറയുന്നുണ്ട്. പക്ഷേ കൊച്ചിനെ കണ്ടാല്‍ ദാണ്ടെ ഇപ്പൊ ഏതോ കുഗ്രാമത്തില്‍ നിന്നും പിടിച്ചു ചുരിദാറും ഇടീച്ച് ക്യാമറക്ക് മുന്നില്‍ നിറുത്തിയ മാതിരിയുണ്ട്.വേഷത്തിലാവട്ടെ, നായികയുടെ ശരീര ഭാഷയിലാകട്ടെ മുംബൈ പോലൊരു മഹാ നഗരത്തില്‍ വളര്‍ന്ന യാതൊരു ലക്ഷണവും, മുടിപ്പുര അമ്മച്ചിയാണേ ഇല്ല.
പ്രഭാകരനെ ചതിക്കുന്ന സുഹൃത്തായി സലിം കുമാര്‍ തവളക്കണ്ണുകളില്‍ നിറയുന്ന നവരസങ്ങളുമായി സ്ത്രീ ജനങ്ങളുടെ ഓമനയാകും എന്ന് ബിപിന്‍ പ്രഭാകരന്‍ തീര്‍ച്ചയായും അങ്ങേരെ പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ടാകണം.
സുരാജ് വെഞാറമ്മൂട്, കൊച്ചു പ്രേമന്‍ തുടങ്ങിയ പലരും ചിത്രത്തില്‍ ഗതി കിട്ടാത്ത ആത്മാക്കള്‍ കണക്കെ അലഞ്ഞ് നടക്കുന്നുണ്ട്.
ഒരു വിധം നന്നായി എന്ന് പറയാവുന്നത് രാധയായി എത്തുന്ന പ്രിയങ്ക മാത്രം.
ബിപിന്‍ പ്രഭാകറില്‍ നിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷിച്ചില്ല എന്ന് പറയുമ്പോള്‍ , ഇത് വായിക്കുന്നവര്‍ ചോദിക്കരുത് 'പിന്നെ ഗിരീഷ് കുമാറില്‍ നിന്നുമാണോ നല്ല കഥ പ്രതീക്ഷിച്ചത്' എന്ന്.സത്യമായിട്ടും അല്ല.കാരണം വെറുതെ ഒരു ഭാര്യ നല്ല സിനിമയാണെന്ന അഭിപ്രായം എനിക്കില്ല. മലയാള സിനിമയുടെ ആയ കാലത്ത് (1998 വരെയുള്ള കാലം) ഇറങ്ങിരുന്നെങ്കില്‍ ഒരു പക്ഷേ ഫസ്റ്റ് ബെല്‍ ,മാന്ത്രികചെപ്പ് (അങ്ങനെയും പടങ്ങള്‍ ഉണ്ട് പിള്ളേരെ) എന്നിവയുടെ അവസ്ഥയില്‍ പോകേണ്ട ഒരു പടം . അത്രേയുള്ളൂ വെറുതെ ഒരു ഭാര്യ എന്‍റെ നോട്ടത്തില്‍.
പ്രതീക്ഷിച്ചത് ജയറാമില്‍ നിന്നുമാണ്.വരം പോലെ വീണു കിട്ടിയ ഒരു രണ്ടാമൂഴം അങ്ങേര്‍ പാഴാക്കിക്കളയുന്നത് കാണുമ്പോള്‍ ഒരു വിഷമം. അടുത്ത പടം സത്യന്‍ അന്തിക്കാടിന്റെതാണെന്ന ആത്മ വിശ്വാസം കൊള്ളാം. പക്ഷേ രണ്ടു കാര്യങ്ങള്‍ ജയറാം ഓര്‍ത്താല്‍ കൊള്ളാം.ഭാഗ്യദേവതയുടെ തിരക്കഥ സത്യന്‍ തന്നെയാണ്.(അദ്ദേഹത്തിന് ആ പണി സത്യമായും പറഞ്ഞിട്ടില്ല). രണ്ടാമത്തെ കാര്യം ഭാഗ്യദേവതക്ക് ശേഷം വരുന്നത് കെ മധുവിന്റെ ആക്ഷന്‍ ത്രില്ലറാണ്. കെ മധു ,ജയറാം, ആക്ഷന്‍ ...പൊന്നണ്ണാ തീക്കളിയാണ്.
ഓ നിരൂപണം എന്ന് പറയുമ്പോള്‍ ചിത്രത്തിന്‍റെ സാങ്കേതിക വശങ്ങളും 'നിരൂവിക്കണമല്ലോ'. ദാ പിടിച്ചോ.
സംഗീതം: എം ജയച്ചന്ദ്രന്‍ : വീണ്ടും ചില വീടുകാര്യങ്ങളില്‍ ജയറാം ലോഹിതദാസിനോട് പറയുന്ന ഒരു ഡയലോഗുണ്ട് "താടീ...!!!" എന്ന് ,കൈ ചുരുട്ടി ഇടിക്കാന്‍ പോകുന്ന ലൈനില്‍ . ജയച്ചന്ദ്രനോട് എനിക്കും അതേ പറയാനുള്ളൂ.
ക്യാമറ(രാജരത്തിനം): അതൊണ്ട്. അതില്ലാതെ പടം പതിയൂലല്ല...അത് കൊണ്ട് മാത്രം ക്യാമറ ഒണ്ട്.
എഡിറ്റിംഗ് (രഞ്ജന്‍ അബ്രഹാം): ദൈവമേ, അങ്ങനെ ഒരിടാപാടും ഇതില്‍ ഉണ്ടായിരുന്നല്ലേ? ദോഷം പറയരുതല്ലോ,പടത്തിന്റെ സ്പീഡ് കണ്ടാല്‍ പറയൂല കേട്ടാ.
കലാ സംവിധാനം ,നൃത്തം , സംഘട്ടനം: പിന്നെ ,ഇത്രയും വായിച്ച ശേഷം ,ഇതിന്റെയൊക്കെ മികവും അറിഞ്ഞിട്ടല്ലേ അടുത്ത ഷോക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍.
നിര്‍മ്മാതാവ് ഹൌളി പോട്ടൂരിനെ പരിചയമുള്ള ആരെങ്കിലും ഇത് വായിക്കുകയാണെങ്കില്‍ ,ടിയാന്റെ മേല്‍വിലാസം തന്ന് എന്നെ ഒന്ന് സഹായിക്കണം. വേറൊന്നിനുമല്ല,പുള്ളിയുടെ കൈയ്യില്‍ വെറുതെ കളയാന്‍ ചക്രം ധാരാളമുണ്ടെങ്കില്‍ ഒരു രണ്ടു രണ്ടര കോടി രൂപ ചോദിക്കാനാ. നാലഞ്ച് കിന്നാരത്തുമ്പികള്‍ മോഡല്‍ സിനിമകള്‍ എടുക്കാന്‍ എനിക്ക് പരിപാടിയുണ്ടേ...
Sunday, April 5, 2009
ഐ ജി : സുരേഷ് ഗോപി മാത്രം
"എന്തെരണ്ണാ ഇന്നലെ കണ്ടില്ലല്ല്?" എന്ന ചോദ്യവുമായി സുഗതന്‍ പിള്ളക്കെതിരെ സ്ഥാനംപ്പിടിച്ചു.
പിള്ള:"ഇന്നലെ ഐ ജി കാണാന്‍ പോയിരുന്നടെ"
സുഗതന്‍:"എന്തെരെണ്ണാ ഇത് ? നിങ്ങള് സുരേഷ് ഗോവീടെ പടങ്ങളെല്ലാം കാണുമോ?"
പിള്ള:"എന്തെടേ സുരേഷ് ഗോപിക്ക് കുഴപ്പം?"
സുഗതന്‍ :"ചവറു പടങ്ങളല്ലേ?അങ്ങേര്‍ക്കു അഫിനയം വല്ലോം വരുമോ? "
പിള്ള :"ഡേ, സുഗതാ മമ്മൂട്ടിക്കും മോഹന്‍ലാലിനും മാത്രമേ അഭിനയം വരൂ എന്ന് പറയുന്ന, ചില തനിമലയാളിക്കഴുവേറി മക്കളുണ്ട്.ലവന്മാരുടെ ഗ്യാങ്ങില്‍ തന്നെടെ നീയും?"
സുഗതന്‍:"സുരേഷ് ഗോവി നല്ല നടനെനെന്നാണാ അണ്ണന്‍ ഈ പറഞ്ഞോണ്ട് വരുന്നത്?"
പിള്ള :"അങ്ങേരു വല്യ കുഴപ്പമില്ല എന്നാ എനിക്ക് തോന്നിട്ടുള്ളത്"
സുഗതന്‍:"ഒരു നാഷണല്‍ അവാര്‍ഡ് കിട്ടിയോണ്ടായിരിക്കും? അത് നമ്മുടെ മമ്മൂട്ടിക്ക് എത്രെണ്ണം കിട്ടിയിരിക്കുന്നു?"മമ്മൂട്ടിയുടെ കടുത്ത ആരാധകനായ സുഗതന്‍ പുച്ഛം കലര്‍ന്ന സ്വരത്തിലാണ് അത് പറഞ്ഞത്
പിള്ള:"അവാര്‍ഡുകളൊക്കെ വിടടേ.സുരേഷ് ഗോപി വല്യ സ്റ്റാറാകും വരെ മലയാളത്തില്‍ പോലീസ് വേഷം ചെയ്യാന്‍ നിന്റെ മമ്മൂട്ടി മാത്രമേ ഉണ്ടായിരുന്നുള്ളല്ലോ? സുരേഷ് ഗോപി വന്ന ശേഷം മറ്റേ അങ്ങേരുടെ ഒരൊറ്റ പോലീസ് പടം വിജയിച്ചോ? ഗോഡ്മാന്‍ മുതല്‍ രൗദ്രം വരെ എതുമെടുത്തോ നീ. പോട്ടെ,മമ്മൂട്ടി അച്ചായന്‍ വേഷങ്ങള്‍ തകര്‍ക്കും എന്നാണല്ലോ പൊതുവേയുള്ള വെയ്പ്പ്. സുരേഷ് ഗോപി ലേലം ചെയ്തതിന് ശേഷം വന്ന നസ്രാണിയും ഭും"
സുഗതന്‍:"അണ്ണന്‍ അത് വിട്...ഐ ജിടെ കാര്യം പറ"
പിള്ള:"ചോദിച്ചു മേടിച്ചതല്ലേ നീ. ഐ ജി കണ്ടോണ്ടിരിക്കാമടേ. ഒരൊറ്റ മിനിട്ട് പോലും ബോറടിക്കൂല
"സുഗതന്‍:"പക്ഷേ നിരൂവണങ്ങള് എഴുതുന്ന അണ്ണന്‍മാര് പറയണത് പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നാണല്ല്"
പിള്ള:" പോലീസുകാരന്‍ നായകനായിട്ട് വരുന്ന രാഷ്ട്രീയം വിഷയമായിട്ടുള്ള പടങ്ങള്‍ എല്ലാം ഒരേ രീതിയില്‍ തന്നെ ആവൂലേടെ? അതില്‍ കൊള്ളാവുന്ന രീതിയില്‍ നല്ല കുറിക്ക് കൊള്ളുന്ന കാലത്തിനു ചേര്‍ന്ന വിമര്‍ശനങലുള്ള പടങ്ങള്‍ കലക്കും. നീ ട്വിസ്റ്റെര്‍ , ഡീപ്പ് ഇംപാക്റ്റ് അങ്ങനത്തെ പടങ്ങള്‍ വല്ലതും കണ്ടിട്ടുണ്ടോ? എല്ലാത്തിലും ഓരോ പ്രകൃതി ദുരന്തങ്ങള്‍ വരാന്‍ പോകുന്നതും, ഒടുവില്‍ സായിപ്പ് മാന്ത്രിക വിദ്യ കാണിച്ച് ലോകത്തിനെ രക്ഷിക്കുന്നതും തന്നെ കഥ. കുറെ ഗ്രാഫിക്സും വാരി വിതറി കാശ് പൊട്ടിക്കുന്ന അത്തരം പടങ്ങള്‍ക്കൊക്കെ നീ ഈപ്പറഞ്ഞ നിരൂപണങ്ങള്‍ എഴുതുന്ന തെണ്ടികള്‍ പോയിരുന്ന് വിസിലടിക്കും. എന്നാ അവന്റെയൊക്കെ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ പച്ചക്ക് വിളിച്ച് പറയുന്ന ,സായിപ്പിന്റെ ആയിരത്തിലൊന്ന് ചിലവില്‍ എടുക്കുന്ന മലയാളം പടങ്ങളെ ലവന്മാര്‍ക്കു പുച്ഛം.സായിപ്പ് പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ കൊടുത്താല്‍ അത് അമൃതാവുമോടേ?"
"ബി ഉണ്ണീഷ്ണന്‍ ഇതിലത്ര പൊലിച്ചില്ല എന്നാണല്ലോ കേട്ടത് ? " നിയമ പാലനത്തില്‍ മാത്രമല്ല അത്യാവശ്യം ലോക സിനിമകളുടെ കാര്യത്തിലും പിള്ള വിജ്ഞനാണെന്ന് ആണെന്ന് മനസിലാക്കിയ സുഗതന്‍ പരീക്ഷണം മറ്റൊരു തരത്തിലാക്കി
പിള്ള:"ഒരു ചെറിയ കഥ വൃത്തിയായിട്ട്, അളുകളെ ബോറടിപ്പിക്കാതെ സിനിമയാക്കി വെയ്ക്കുന്നതില്‍ കൂടുതല്‍ എങ്ങനാടാ അങ്ങേര്‍ പൊലിക്കേണ്ടത്?"
സുഗതന്‍:"അല്ല രൗദ്രം ,ആയുധം ഈ പടങ്ങളുടെ ഒരു മിക്സാ ഐ ജി എന്ന് ..."
പിള്ള (സുഗതനെ മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ): "നിന്റെ ഒണക്ക നിരൂപണക്കാര് പറഞ്ഞതാവും. ഡാ നീ പറഞ്ഞ രണ്ടു പടങ്ങളുമായിട്ട് ഐ ജിയെ അവന്മാര്‍ താരതമ്യം ചെയ്യുന്നത് അത് രണ്ടും പൊട്ടിയ പടങ്ങളായത് കൊണ്ടാ. ഈ പടത്തിനെ വേണമെങ്കില്‍ ടൈഗറുമായി കൂട്ടിക്കെട്ടാം. നിന്റെ നിരൂപണ ഫ്രാഡുകളത് ചെയ്യുകേല .കാരണം ടൈഗര്‍ വിജയിച്ച പടമാണല്ലോ. അവനൊക്കെ സ്ഥിരമായി കുഴലൂതുന്ന മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പടങ്ങള്‍ തറ തൊടാതെ പൊട്ടുമ്പോള്‍ സുരേഷ് ഗോപിയുടെ വല്യ കുഴപ്പമില്ലാത്ത പടത്തിനെക്കുറിച്ച് നല്ലത് പറയുന്നതെങ്ങനെ?"
സുഗതന്‍:"അല്ല പടത്തില് ഒരു നായികയോ ,നല്ലൊരു പാട്ടോ പോലും ഇല്ല. ശരിയല്ലേ?"
പിള്ള:" ഇല്ലെടാ ...നഗരത്തില്‍ ബോംബ് വെയ്ക്കാന്‍ പോകുന്ന തീവ്രവാദിയെ പിടിക്കാന്‍ നടക്കുന്നതിനിടെ ഐ ജി കത്രീന കൈഫുമായി മൌറീഷ്യസ്സില്‍ പോയി പാട്ട് പാടുന്നില്ല"
സുഗതന്‍ :"അതല്ല ഉണ്ണീഷ്ണന്റെ ഇതിന് മുന്‍പത്തെ പടം മാടമ്പിയില്‍ അമ്മ മഴക്കാറ് പാട്ട് കേട്ട് കേരളത്തില്‍ കരയാത്തവര്‍ ആരുമില്ല "
പിള്ള :തിയറ്ററില്‍ ആ പാട്ടില്‍ കരക്കടിഞ്ഞ തിമിംഗലത്തിന്റെ ശവം പോലെ കട്ടിലില്‍ കിടക്കുന്ന ലാലിനെക്കണ്ട് എന്‍റെ കണ്ണും നിറഞ്ഞെടാ. ആക്ഷന്‍ പടത്തില്‍ എന്തിനാടാ കണ്ണ് നിറയിക്കുന്ന പാട്ട്? പടത്തിനാവശ്യമുള്ള സെന്റിമെന്റ്സ് അതിലുണ്ട്. പിന്നെ പടം തുടക്കം മുതല്‍ ഒടുക്കം വരെ നല്ല പൊളപ്പന്‍ ഡയലോഗുകളുമായി കൊണ്ട് പോകുന്നത് സുരേഷ് ഗോപിയാണ്. പടത്തില്‍ തന്നെ പറയും പോലെ ഇതാണ് മോനെ പോലീസ്. ബാക്കിയൊക്കെ വെറും വേസ്റ്റ് "
സുഗതന്‍:" അപ്പൊ ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍, സുരേഷ് ഗോപി പടങ്ങള്‍ പോലെ ഇതും തകര്‍പ്പനാണെന്നാണോ അണ്ണന്‍ പറഞ്ഞോണ്ട് വരുന്നത് ?"
പിള്ള:"അവര്‍ മൂന്നാളും ഒരുമിച്ച് കൂടുമ്പോള്‍ കളി വേറെ മോനെ. ഇത് ഉണ്ണികൃഷ്ണന്റെ രീതിയില്‍, ബോറടിക്കാതെ രണ്ടര മണിക്കൂര്‍ കണ്ടോണ്ടിരിക്കാവുന്ന ഒരു സുരേഷ് ഗോപി പടം."
സുഗതന്‍:" ശരിയാണ്. നിരൂപണം എഴുതണ അണ്ണനും പറഞ്ഞത് ഒരു സീനില്‍ പോലും കൊവ്വലുകലില്ല ,ചെല സീനില്‍ കൈയടികള് ലാവിഷായിട്ട് ഒണ്ടെന്നുമാണ് കേട്ടാ"
പിള്ള :"അത്രയെങ്കിലും പറഞ്ഞല്ലോ ഒരുത്തന്‍. അവനെ ദൈവം കാക്കും. എന്നാലും പടം അത്ര പോരാ എന്നേ അവന്മാര്‍ പറയു. സൂപ്പര്‍ താരങ്ങളുടെ ഏത് കൂറ പടം വന്നാല് അവന്മാര്‍ 'പടമത്ര നല്ലതല്ലെങ്കിലും തിയറ്ററുകളില്‍ ജന പ്രവാഹം' എന്ന് ഒരുളുപ്പുമില്ലാതെ വെച്ച് കാച്ചുകയും ചെയ്യും "
സുഗതന്‍:"അപ്പ നാളെ ഞാന്‍ ഐ ജി കാണാന്‍ പോട്ടാ അണ്ണാ?"
പിള്ള :"നിനക്ക് ടൈഗര്‍ ഇഷ്ടപ്പെട്ടാടെ ?"
സുഗതന്‍:" ഓ. ഹിറ്റ് പടമല്ലേ. "
പിള്ള :"എന്നാ ഐ ജിക്ക് ധൈര്യമായിട്ട് പോ.ഇഷ്ടപ്പെടും"
Wednesday, April 1, 2009
വിദേശത്ത് ജനിച്ചാല്‍ എന്താടാ കുഴപ്പം?
രാജ് ഭവനില്‍ എത്തി ഗവര്‍ണറെ കണ്ട് സഖാവ് മിന്നലിനെതിരെ എങ്ങനെയെങ്കിലുംഎന്തെങ്കിലും നടപടി എടുത്ത് തന്‍റെ മാനം രക്ഷിക്കണം എന്ന നൂറാമത്തെ നിവേദനം നല്‍കി മടങ്ങും വഴിയാണ്, കവഡിയാര്‍ കഫേ ഡേയ്ക്ക് മുന്നില്‍ പെട്ടിയോട്ടോയില്‍ വില്‍ക്കുന്ന തണ്ണിമത്തന്‍ സഹായ വിലക്ക് കിട്ടുമോ എന്നന്വേഷിച്ച് കറങ്ങി നിന്നിരുന്ന എ കെ തൊമ്മി സാറിന്റെ കണ്ണില്‍പ്പെട്ടത്. കാറ് നിറുത്തിച്ച്, സംഭവത്തെ കൈയ്യോടെ പിടികൂടി.എ കെയെയും കയറ്റി കാറ് വീണ്ടും നീങ്ങിത്തുടങ്ങിയപ്പോള്‍ തൊമ്മി സാര്‍ പരാതികളുടെ ഭാണ്ഡം അഴിച്ചു.
തൊമ്മി :"എന്നാലും തന്നെക്കുറിച്ച് ഞാന്‍ ഇങ്ങനെയൊന്നുമല്ലടോ കരുതിയിരുന്നത് "
എ കെ :" അത് സാറേ...കഫേ ഡേയിലേക്ക് കയറി പോയ പെങ്കൊച്ചിനെ എനിക്ക് നേരത്തെ പരിചയമുള്ളത് പോലെ തോന്നി. അല്ലാതെ സാറ് കരുതുമ്പോലെ അവളുടെ മറ്റെവിടെയുമല്ല ഞാന്‍ നോക്കിയത് "
തൊമ്മി:"ഏതു പെങ്കൊച്ച്? എടോ, ഞാന്‍ പറഞ്ഞത് ഇന്നലെ താന്‍ പത്രത്തില്‍ എന്നെക്കുറിച്ച് 'ഇത്രക്കും നിഷ്ക്രിയനായ ഒരു പ്രതിപക്ഷ നേതാവ് കേരളത്തില്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല' എന്നുമ്പറഞ്ഞ് ഒരു മുഖപ്രസംഗം എഴുതിയില്ലായോ ,അതിനെക്കുറിച്ചാ..."
എ കെ :"ഓ ...അതായിരുന്നോ...ഞാന്‍ വിചാരിച്ചു...അല്ല എഴുതിയത് സത്യമല്ലേ സാറേ ?"
തൊമ്മി :"മാങ്ങാത്തൊലി. എടോ,പ്രതിപക്ഷ നേതാവിനെ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കേരളാ മുഖ്യമന്ത്രി അനുവദിക്കണ്ടേ?"
എ കെ :"താങ്കള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അങ്ങേരുടെ അനുവാദം എന്തിനാ ?"
തൊമ്മി :"ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ അങ്ങേര്‍ എനിക്ക് മുന്നേ കയറി ചെയ്‌താല്‍ പിന്നെ ഞാന്‍ എന്നാ ചെയ്യുമെന്ന് പറ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ എന്നായേലും ഒരു കച്ചിത്തുരുമ്പ് കിട്ടിയാല്‍ , ഞാന്‍ പത്രക്കാരെ വിളിക്കണം എന്ന് ആലോചിക്കുന്നതിനു മുന്‍പേ അങ്ങേര്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് പ്രസ്താവന ഇറക്കും. അതിനു ഔദ്യോഗിക പക്ഷത്തിന്റെ മറുപടിയും ,അങ്ങേര്‍ക്കിട്ട് പോളിറ്റ് ബ്യൂറോ വക ചവിട്ടും ഒക്കെ കഴിയുമ്പോഴേക്കും ഞാന്‍ പത്ര സമ്മേളനം വിളിച്ചാല്‍ പത്രക്കാര്‍ തെണ്ടികള്‍ 'പുതിയ കാര്യം വല്ലതും ഉണ്ടേല്‍ വരാം സാറേ എന്നല്യോ പറയുന്നത്' "
എ കെ :"അത് വാസ്തവം"
തൊമ്മി :"എന്നെക്കുറിച്ച് താന്‍ എഴുതിയത് പോട്ടെ.ഈ ഇലക്ഷനില്‍ ഞങ്ങളുടെ സ്ഥാനാര്‍ഥി പട്ടിക വെറും സ്ഥാനത്തിന് ആര്‍ത്തി പിടിച്ച് നടക്കുന്ന കുറെ അവന്‍മാരുടെ പട്ടികയാണെന്ന് താന്‍ പത്രത്തില്‍ എഴുതിയില്ലേ?"
എ കെ :"സത്യമല്ലേ? നിങ്ങളുടെ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിയുടെ കാര്യം തന്നെയെടുക്ക്. ലണ്ടനില്‍ ജനിച്ച്, അമേരിക്കയില്‍ വളര്‍ന്ന്, ഇസ്രായേല്‍ പത്രത്തില്‍ ലേഖനമെഴുതി ,കാനഡയില്‍ വീടുള്ള ഒരാളെ എന്തടിസ്ഥാനത്തിലാ കേരളത്തിന്‍റെ തലസ്ഥാനത്തെ എം പിയാക്കാന്‍ നിങ്ങള്‍ മുതിരുന്നത്?അങ്ങേര്‍ക്ക് തിരുവനന്തപുരം എന്ന് മലയാളത്തില്‍ എഴുതിക്കാണിച്ചാല്‍ അത് വായിക്കാന്‍ സാധിക്കുമോ എന്ന് വരെ എനിക്ക് സംശയമുണ്ട് "
തൊമ്മി:"എടോ,ജയിച്ചാല്‍ അങ്ങേര്‍ വിദേശ കാര്യ മന്ത്രിയാണ്.കേരളത്തിന് ചുളിവില്‍ ഒരു കേന്ദ്ര മന്ത്രിയായില്ലേ ?"
എ കെ :"ഇപ്പോഴും ഉണ്ടെല്ലോ ഒരെണ്ണം. ഒരു പരമ പുണ്യവാളന്‍ പ്രതിരോധം. കേരളത്തിന് എന്ത് പ്രയോജനം?അങ്ങേര്‍ക്ക് ഈ നാട്ടില്‍ വീണ്ടും ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധൈര്യം പോലുമില്ല."
തൊമ്മി :"ഒരു പ്രയോജനവും ഇല്ല എന്ന് താന്‍ ചുമ്മാ അങ്ങ് കയറി പറയാതെ. ബ്രഹ്മോസ് പദ്ധതി ഇവിടെ വന്നത് അങ്ങേര്‍ കാരണമല്ലേ?"
എ കെ :"അതുപോലുള്ള പല പദ്ധതികള്‍ക്കും പാലം വലിക്കുന്ന തരത്തിലെ ആയുധക്കരാര്‍ ഇസ്രായേലുമായി ഒപ്പിട്ടതും അടുത്തിടെയല്ലേ? തൊള്ളായിരം കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ മാത്രം ഇന്ത്യയില്‍ വാരി വിതറിയിട്ടുണ്ടെന്നാ ആ ആയുധ കമ്പനിക്കാര്‍ തന്നെ പറയുന്നത്"
തൊമ്മി :"ആ വിഷയം വിട്...നമ്മള്‍ സംസാരിച്ച് കൊണ്ടിരുന്നത് വിദേശത്തു ജനിച്ചു വളര്‍ന്ന ഒരാള്‍ ഇവിടെ സ്ഥാനാര്‍ഥിയാകാന്‍ യോഗ്യനാണോ അല്ലയോ എന്നല്ലേ? "
എ കെ :"നിങ്ങളുടെ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി ഒരു തരത്തിലും അതിനു യോഗ്യനല്ല എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം"
തൊമ്മി:"ഇത്ര സങ്കുചിതമായി ചിന്തിക്കരുത്. ലോകം മാറുവല്ലയോ? താന്‍ കാലിഫോര്‍ണിയയില്‍ പോയിട്ടുണ്ടോ?പോട്ടെ ചുരുങ്ങിയ പക്ഷം ആ സ്ഥലത്തെക്കുറിച്ച് എന്നതെങ്കിലും വായിച്ചിട്ടുണ്ടോ?"
എ കെ :"കാലിഫോര്‍ണിയക്ക് എന്ത് പറ്റിയിപ്പോള്‍?"
തൊമ്മി :"എടോ അവിടുത്തെ ഗവര്‍ണര്‍ ആര്‍നോള്‍ഡ് ഷ്വാഷ്നാഗര്‍ ഓസ്ട്രിയയില്‍ ജനിച്ച വ്യക്തിയാണ്. ലോകത്തെ ഏറ്റവും വികസിത രാജ്യങ്ങളില്‍ ഒന്നായ അമേരിക്കയില്‍ ജനങ്ങള്‍ക്ക് പുറം രാജ്യത്ത് ജനിച്ച ഒരുത്തനെ ഇത്രയും വല്യ ഒരു പദവിയില്‍ എത്തിക്കാമെങ്കില്‍ തിരുവനന്തപുരത്തുകാര്‍ക്ക് എന്നാ പ്രശ്നം?"
എ കെ :" ബെസ്റ്റ്. സാറേ ആര്‍നോള്‍ഡ് അങ്ങേരുടെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം ചിലവഴിച്ചത് കാലിഫോര്‍ണിയയില്‍ തന്നെയാ. അല്ലാതെ ഒരു സുപ്രഭാതത്തില്‍ അവിടെ പ്രത്യക്ഷപ്പെട്ട് 'ഞാന്‍ കാലിഫോര്‍ണിയില്‍ കമ്പ്ലീറ്റ് പ്രശ്നങ്ങളും പരിഹരിക്കാം.എന്നെ ഗവര്‍ണര്‍ ആക്കു ' എന്ന് ഓസ്ട്രിയന്‍ ഭാഷ കലര്‍ന്ന ഇംഗ്ലീഷില്‍ അവിടുത്തെ ജനങ്ങളോട് പറഞ്ഞിട്ടല്ല ഇലക്ഷന് നിന്നത്. മാത്രമല്ല ഓസ്ട്രിയന്‍ വംശജനായ അങ്ങേര്‍ക്ക് അമേരിക്കയുടെ പ്രസിഡന്‍റ്റ് പദവി ഒരിക്കലും സ്വപ്നം കാണാനും കഴിയില്ല.അതിന് അമേരിക്കയില്‍ തന്നെ ജനിച്ച ആള് വേണം എന്ന നിയമവും സാര്‍ ഈ പറഞ്ഞ വികസിത രാജ്യത്തുണ്ട്. അറിയാമോ?"
തൊമ്മി :" അങ്ങനെയുണ്ടോ?"
എ കെ :"അല്ല,ഇന്ത്യക്ക് ഇറ്റാലിയന്‍ പ്രധാനമന്ത്രിയെ നല്‍കാന്‍ കൊണ്ട് പിടിച്ച് ശ്രമിച്ച നിങ്ങളൊന്നും അത് അറിയാന്‍ വകുപ്പില്ല.ഇപ്പൊ ഒരുത്തനെ ചുമന്നോണ്ട് നടക്കുന്നുണ്ടല്ലോ, ഭാവി പ്രധാനമന്ത്രി , യുവരാജാവ് എന്നൊക്കെ പറഞ്ഞ്...പുള്ളിയെ പബ്ലിക്കായിട്ട് ഗാന്ധി നാമം ചേര്‍ത്ത് വിളിക്കുമ്പോഴും ഔദ്യോഗിക നാമം എന്തോ റൌള്‍ മൈനോ ആണെന്നാ കേട്ടത്. അല്ല സാറേ ഒരു സംശയം. പുള്ളി ഇലക്ഷന് നാമനിര്‍ദ്ദേശ പത്രിക കൊടുക്കുമ്പോള്‍ ഏത് പേരില്‍ കൊടുക്കും ?"
തൊമ്മി:"നാട്ടുകാര്‍ അറിയുന്ന പേരില്‍ തന്നെ, എന്നാ സംശയം?"
എ കെ :" ഔദ്യോഗിക രേഖകളില്‍ ജോസഫ് പിന്റോ എന്നാണ് എന്‍റെ പേരെങ്കില്‍, സര്‍ക്കാരിന് സമര്‍പ്പിക്കുന്ന ഏതെങ്കിലും അപേക്ഷയില്‍ ഞാന്‍ എന്‍റെ പേര് എ കെ എന്ന് കാണിച്ചാല്‍, എന്‍റെ പേരില്‍ ആള്‍ മാറാട്ടത്തിന് കേസെടുക്കാന്‍ നിയമത്തില്‍ വകുപ്പില്ലേ എന്നൊരു സംശയം?"
ആ ചോദ്യത്തോടെ എ കെ നട്ടുച്ച വെയിലത്ത്, പെരുവഴിയില്‍ ഇറക്കി വിടപ്പെട്ടു.