Friday, April 24, 2009

ജനാധിപത്യത്തെ എനിക്ക് ഭയമാണേ!!! - ഒന്ന്

മുന്നറിയിപ്പ്: ഇന്ത്യ എന്ന ഭയങ്കര ജനാധിപത്യ രാജ്യത്ത്‌,നിലവിലുള്ള സ്ഥിതിഗതികളില്‍ ജീവിക്കുന്നതില്‍ സഹിക്കാന്‍ പറ്റാത്ത അഭിമാനമുള്ളവരും, വിദേശ പൌരത്വം സ്വീകരിച്ച ശേഷം ബ്ലോഗിലൂടെ ഇന്ത്യയെ എങ്ങനെ നന്നാക്കാം എന്ന "സജഷനുകള്‍" നല്‍കുന്ന അഭിനവ സായിപ്പിന്‍ക്കുഞ്ഞുങ്ങളുംതുടര്‍ന്ന് വായിക്കാതിരിക്കുകയാവും ഉത്തമം.

കേരളത്തില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞു . ഭാരതത്തിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഇന്നലെ (ഇരുപത്തിമൂന്ന് ഏപ്രില്‍) മുതല്‍ ആരംഭിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയകളില്‍ ഒന്നിന്നിറെ പുരോഗമനം...ഹൌ , കേള്‍ക്കുമ്പോള്‍ തന്നെ എന്താ കുളിര്?

വോട്ട് ചെയ്യണം ചെയ്യണം എന്ന് വിചാരിച്ചിരുന്നതാ.പക്ഷേ രാവിലെ തൊട്ടടുത്ത സ്കൂളിലേക്ക് പോകാന്‍ ഒരുങ്ങി ഇറങ്ങിയപ്പോള്‍ ഒരു സംശയം. സ്വന്തം വോട്ട് തിരുവനതപുരത്തായതിനാലും, ബാരക്ക് ഒബാമയുടെ തിരഞ്ഞെടുപ്പ് ആള്‍റെഡി കഴിഞ്ഞു പോയതിനാലും, ആര്‍ക്കു വോട്ട് ചെയ്യണം എന്നൊരു ആശയക്കുഴപ്പം.സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഒന്ന് കണ്ണോടിച്ചു

ശശി തരൂര്‍ : കൂംംംംംംം. അതിലും ഭേദം ജുവാനിറ്റ (രാഹുല്‍ ഗാന്ധിയുടെ പഴയ സ്പാനിഷ് സഖിയുടെ പേര് അതാണെന്നാണ് ഓര്‍മ്മ ) മത്സരിക്കുന്നതായിരുന്നു. സോണിയാ ഗാന്ധിക്കുള്ള രാഷ്ട്രീയ പരിചയമൊക്കെ ആ കുട്ടിക്കും കാണും.
രാമചന്ദ്രന്‍ നായര്‍ :പാവം മനുഷ്യന്‍ . ലോക സഭയിലേക്ക് പോയാലും പന്ന്യന്‍ സഖാവ് പോയതിലും കൂടുതല്‍ ഒന്നും ചെയ്യാനില്ല(അതായത് തിരുവനന്തപുരത്തിന് പ്രത്യേകിച്ച് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല). ഇനി എന്‍റെ വോട്ട് കൊണ്ട് മാത്രമാണ് അദ്ദേഹം ജയിച്ചത് എന്നു വന്നാല്‍,അദ്ദേഹത്തിന്‍റെ കുടുമ്പത്തിന് ഇടയ്ക്കിടെ അദ്ദേഹത്തോടൊപ്പം പോയി സിനിമ കാണാനുള്ള അവസരം നഷ്ടപ്പെട്ടാലോ?
പോകുന്നത് വെറുതെയാണെങ്കിലും, ജയിച്ചാല്‍ സഭ കൂടുമ്പോള്‍ ഡല്‍ഹി വഴി പോകാതിരിക്കാന്‍ അദ്ദേഹം നടന്‍ ഗോവിന്ദയല്ലല്ലോ.
കൃഷ്ണദാസ്: അവിടെ കുത്തിയാല്‍ പ്രയോജനം ഉണ്ടോ ഇല്ലയോ എന്നറിയില്ല.തിരഞ്ഞെടുപ്പ് സമയത്തല്ലാതെ ബി ജെ പി എന്നൊരു സാധനം നാട്ടില്‍ ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞ് വേണം അറിയാന്‍.
നീലലോഹിത ദാസ് : ബു ഹ ഹ ഹ. ബകന്‍, ക്ഷമി... ബഹന്‍ മായാവതിയുടെ സ്ഥാനാര്‍ഥിയല്ലേ? .കഷ്ടകാലത്തിന് ജയിച്ചിട്ട് വേണം, തിരുവനന്തപുരത്തിന്റെ മാറത്ത് സ്വന്തം പ്രതിമ ആദ്യം ലക്ഷങ്ങള്‍ ഇന്നലെ മുടക്കിയും,പിന്നെ അതു പൊളിച്ചു കോടികള്‍ മുടക്കിയും കൊണ്ട് സ്ഥാപിക്കാന്‍.
ബാക്കിയുള്ള എം പി ഗംഗാധരന്‍, ഷാജര്‍ഖാന്‍ തുടങ്ങിയ സാറന്മാര്‍ക്കെല്ലാം ചേര്‍ത്ത് ഒരു "കഷ്ടം!!!"

അപ്പോ പിന്നെ ? നേരെ പോയി അയന്‍ കണ്ടു.
വോട്ടു ചെയ്യാത്തവനെ,ജനാധിപത്യ ധ്വംസകാ, നീചാ എന്നൊക്കെ സ്ഥലത്തെ പ്രബുദ്ധ പ്രവര്‍ത്തകര്‍ ചിലര്‍ വൈകുന്നേരം കവലയില്‍ കണ്ടപ്പോള്‍ വിളിച്ചു. "പോയിനെടാ പോകിന്‍ ...കൊള്ളാവുന്ന ഒരുത്തനെ ,മിനിമം ലോക സഭയില്‍ ചെന്നിട്ട് 'ഡാ മാര്‍വാഡി, ത്രിവേന്ത്രം അല്ല ,ട്രിവാന്‍ഡ്രം അല്ലെങ്കില്‍ തിരുവനന്തപുരം' എന്ന് പറയാന്‍ കെല്‍പ്പും ,തന്റേടവും ഉള്ള ഒരാളെ സ്ഥാനാര്‍ഥിയാക്ക്. എന്നിട്ട് ചെയ്യാം ഞാന്‍ വോട്ട്" എന്ന് മറുപടിയും കൊടുത്തു.

വിഷം, ആസിഡ് ,ഫിനോയില്‍ ഇവ മൂന്നും മുന്നില്‍ വെച്ച് 'ദാ മകനെ, ഇതില്‍ ഒന്ന് തിരഞ്ഞെടുത്ത് കുടിക്കാനുള്ള അവകാശം ഭാരതത്തിലെ ജനാധിപത്യ വ്യവസ്ഥ നിനക്ക് നല്‍കുന്നുണ്ട്.മാത്രമല്ല ഇവയില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും കുടിക്കുക എന്നത് ഒരു ഭാരതീയന്‍ എന്ന നിലയില്‍ നിന്‍റെ കടമയുമാണ്'.ഇതാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ചിത്രം.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സാധാരണക്കാരന് ഒരു പങ്കും നമ്മുടെ നാട്ടില്‍ ഇല്ല.'കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നെങ്കിലും പാലിച്ചോഡാ കൂവേ' എന്ന് വോട്ടു തെണ്ടി വരുന്ന സ്ഥാനാര്‍ഥിയോട് ചോദിക്കാനുള്ള സ്വാതന്ത്ര്യവും അവനില്ല (സ്ഥാനാര്‍ഥിയുടെ കൂടെ വരുന്ന അനുയായികള്‍ കൂമ്പ്‌ വാട്ടും എന്ന ഭയം).

സംഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തിരഞ്ഞെടുപ്പിന്റെ അന്ന് മാത്രം സാധാരണ പൌരന് മുട്ടന്‍ ജനാധിപത്യ അവകാശങ്ങളാണത്രേ. ഈ നില്‍ക്കുന്ന ഫ്രാഡുകളില്‍ ഒരുത്തനും വോട്ട് ചെയ്യാന്‍ താത്പര്യമില്ല (നണ്‍ ഓഫ് ദ അബൌ)' എന്നൊരു ബട്ടന്‍ കൂടി ആ വോട്ടിംഗ് യന്ത്രത്തില്‍ ഉണ്ടായിരുന്നെങ്കില്‍,ഈ പറയുന്നത് കേള്‍ക്കാന്‍ ഒരു സുഖമുണ്ടായിരുന്നു.

സുപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി വരെ വോട്ട് ചെയ്തു.അതും സ്വന്തം തിരിച്ചറിയല്‍ കാര്‍ഡ് വരാനായി അര മണിക്കൂറോളം കാത്ത്‌ നിന്ന ശേഷം.അങ്ങേര്‍ വെറും വങ്കനായത് കൊണ്ടാണോ അങ്ങനെ ചെയ്തത്?അങ്ങേര്‍ക്ക് വോട്ടു ചെയ്യാമെങ്കില്‍ പിന്നെ മറ്റുള്ളവര്‍ക്ക് കൊമ്പുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ സത്യത്തില്‍ സഹതാപം പോലും അര്‍ഹിക്കാത്ത മന്ദബുദ്ധികളാണ്.

കാരണം, യാതൊരു തിരിച്ചറിയല്‍ രേഖകളുമില്ലാതെ,മമ്മൂട്ടിയെപ്പോലെ ഒരാള്‍ വോട്ടു ചെല്ലുന്നതിന്റെ പിന്നില്‍, ഒന്നുകില്‍ അജ്ഞത അല്ലെങ്കില്‍ അഹങ്കാരം(ഇങ്ങനെ അഹങ്കാരമോ അജ്ഞതയോ കാരണം ഇമ്മാതിരി പണി വാങ്ങിക്കുന്നവരെയാണ് നാട്ടിന്‍ പുറങ്ങളില്‍ വങ്കന്‍ എന്ന് പറയുന്നത് എന്നത് മറ്റൊരു സത്യം).രണ്ടായാലും അത് നാട്ടിലെ വ്യവസ്ഥയുടെ പരാജയമാണ്.
തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതെ വോട്ട് ചെയ്യാന്‍ ചെല്ലരുത്‌ എന്ന് മമ്മൂട്ടിയെ പോലെ ഒരാള്‍ക്ക്‌ അറിയില്ലെങ്കില്‍, ഈ തിരഞ്ഞെടുപ്പിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതില്‍ നമ്മുടെ വ്യവസ്ഥ പരാജയപ്പെട്ടു എന്നര്‍ത്ഥം.
ഇനി അതല്ല 'ഞാന്‍ മമ്മൂട്ടി, എന്നെ കേരളത്തില്‍ എല്ലാവരും അറിയും' എന്ന അഹങ്കാരമായിരുന്നുവെങ്കില്‍, പ്രസിദ്ധര്‍ക്കും, സ്വാധീനമുള്ളവര്‍ക്കും ഈ നാട്ടില്‍ എന്തുമാകാം എന്ന ചിന്താഗതി വളരുവാന്‍ സഹായിച്ചു എന്ന ഒറ്റ കാരണത്താല്‍ ഭാരതത്തിലെ ജനാധിപത്യം അവിടെയും പരാജയപ്പെടുകയാണ്.

പരാജയപ്പെട്ട ഒരു വ്യവസ്ഥയിലേക്ക്,എന്‍റെ സമ്മതിദാനാവകാശം വിനയോഗിച്ച് കൂടുതല്‍ കാപെറുക്കികളെ ജനപ്രതിനിധികള്‍ എന്ന പട്ടംക്കെട്ടിച്ച് വിടാന്‍ എനിക്ക് താത്പര്യമില്ല.

കൂടാതെ, ജനാധിപത്യത്തിന്റെ താക്കോലോ, താഴോ മലയാളം ബ്ലോഗ് വായനക്കാര്‍ക്ക് കണ്ടു പിടിച്ച് കൊടുത്ത മമ്മൂട്ടി, തിരിച്ചറിയല്‍ രേഖകളില്ലാതെ വോട്ട് ചെയ്യാന്‍ അര മണികൂര്‍ കാത്ത് നിന്ന് 'പൌരബോധത്തിന്റെ ഉത്ബോധനം' എന്ന റോഡ് ഷോ നടത്തിയത് ലോകത്തിലെ ഏറ്റവും വല്യ ത്യാഗങ്ങളില്‍ ഒന്നായി കാണുവാനും ഞാന്‍ ഒരുക്കമല്ല. കാരണം യഥാര്‍ത്ഥ ജനാധിപത്യ വ്യവസ്ഥയില്‍ സിനിമാ നടന്‍ മമ്മൂട്ടിയും, വോട്ട് ചെയ്യാന്‍ പൊരിവെയിലത്ത് മണിക്കൂറുകള്‍ കാത്തു നില്‍ക്കുന്ന പെട്ടിക്കടക്കാരന്‍ അബ്ദൂട്ടിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്നാണ് വെയ്പ്പ്. (തീര്‍ത്തും വ്യതാസമില്ല എന്ന് പറഞ്ഞ് കൂടാ.അബ്ദൂട്ടി വോട്ട് ചെയ്യാന്‍ പോയത് കാരണം കട ഉച്ചവരെ തുറന്നില്ലെങ്കില്‍ അയാളുടെ മകള്‍ക്ക് നോട്ട് പുസ്തകം ഒരു പക്ഷെ അതിനടുത്ത ദിവസമേ കിട്ടു എന്നൊരു പ്രശനവും, മമ്മൂട്ടി അര മണികൂര്‍ താമസിച്ചത് കാരണം ഷൂട്ടിംഗ് മുടങ്ങിയാല്‍ ലവ് ഇന്‍ സിങ്കപ്പൂര്‍ പോലുള്ള വധങ്ങള്‍ ജനങ്ങള്‍ക്ക്‌ അത്രയും താമസിച്ച് സഹിച്ചാല്‍ മതി എന്നൊരു ഗുണവും ഉണ്ട് അവര്‍ തമ്മിലെ വ്യത്യാസമായിട്ട് ).

ഇവിടെ പ്രസക്തമാകുന്ന ഒരു ചോദ്യം 'ഈ പരാജയപ്പെട്ട വ്യവസ്ഥ തന്നെയല്ലേ എനിക്ക് വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശവും,ഈ പോസ്റ്റിലെ കാര്യങ്ങള്‍ നിര്‍ഭയം വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യവും തരുന്നത്?' എന്നതാവും.
എന്തവകാശം?എന്ത് സ്വാതന്ത്ര്യം? ഒരു മണ്ണുമില്ല. അര്‍ജ്ജുന്‍ കൃഷ്ണ എന്നൊരുത്തന്‍, ബ്ലോഗ് എന്ന എന്തോ കുന്തത്തില്‍ ഇതൊക്കെ എഴുതി വെച്ചു എന്ന് കരുതി നാളെ മുതല്‍ ഭാരതത്തിലെ ജനങ്ങള്‍ രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്യാന്‍ മുതിരില്ല എന്ന് സാറന്മാര്‍ക്ക്‌ വ്യക്തമായിട്ടറിയാം.
അങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ച ഒട്ടു മിക്ക ആള്‍ക്കാരെയും നമ്മുടെ ജനാധിപത്യ വ്യവസ്ഥയില്‍ നിന്ന് തന്നെ ബന്ധപ്പെട്ടവര്‍ സംഹരിച്ചിട്ടുമുണ്ട്. സഫ്ദര്‍ ഹഷ്മി ഒരു ഉദാഹരണം മാത്രം.

നിസാരം മുംബൈ തീവ്രവാദ ആക്രമണത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ,പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ രാഷ്ട്രീയ നേതാകള്‍ക്കെതിരെ ജനരോഷം ആളിപ്പടര്‍ന്നപ്പോള്‍ 'ജനങ്ങള്‍ രാഷ്ട്രീയ നേതാക്കളെ തള്ളിപ്പറയുന്നത് നല്ലതിനല്ല' എന്ന് പറയുവാന്‍ മുന്നിട്ടിറങ്ങിയത് സോമനാഥ് ചാറ്റര്‍ജി ,ബര്‍ദാന്‍ തുടങ്ങിയ തൈക്കിളവന്‍മാരാണ്.
തീവ്രവാദത്തിനെതിരെയും, കഴിവില്ലാത്ത നേതാക്കള്‍ക്കെതിരെയും ഉയര്‍ന്ന ആ ശബ്ദങ്ങള്‍ ഏതാനം ദിവസം ആഘോഷിച്ചിട്ട് മാധ്യമങ്ങളും കുഴിച്ച് മൂടിക്കളഞ്ഞു

വോട്ടിന്റെ കാര്യവും അങ്ങനെ തന്നെ . ഞാന്‍ വോട്ടുചെയ്താലും,ചെയ്തില്ലെങ്കിലും ജയിക്കാനുള്ളവനെ നാട്ടിലെ ബാക്കി കഴുതകള്‍ ജയിപ്പിച്ചോളും എന്ന് ഇവന്മാര്‍ക്ക് അറിയാം. ഇനി വല്ല ദുരിതത്തിനും എന്‍റെ വോട്ടാണ് നിര്‍ണയ ശക്തി എന്ന അവസ്ഥ വന്നാല്‍, ഈ നേതാക്കള്‍ എന്ന പരാദങ്ങള്‍ പ്രലോഭനം, ഭീഷണി, വേണ്ടി വന്നാല്‍ നിയമ പുനര്‍: നിര്‍മ്മാണം എന്നിവ വഴി എന്‍റെ ശവമെങ്കിലും ബൂത്തില്‍ എത്തിച്ചിരിക്കും എന്നത് സംശയമില്ലാത്ത കാര്യമാണ്.

അങ്ങിനെയെങ്കില്‍ ജനാധിപത്യം എന്നത് മോശപ്പെട്ട ഒരു കാര്യമാണോ? അല്ല. അത് ലോകത്തിലെ ഏറ്റവും മഹത്തായ ഒരു അവകാശമാണ്. പക്ഷെ ഭാരതത്തില്‍ അത് നടപ്പാക്കുന്ന രീതിയാണ് പ്രശ്നം.

വായനക്കാരുടെ ശ്രദ്ധയ്ക്ക് :വായനാ സുഖം എന്ന കാര്യം ഇതെഴുതുമ്പോള്‍ മനസ്സില്‍ ഇല്ലാതെ പോയതിനാല്‍ മൂന്ന് പേജുകളായാണ് ഈ പോസ്റ്റിന്റെ പരിണാമം.കമന്റ് ഓപ്ഷന്‍ മൂന്നാം പേജിലെ ഉണ്ടാകു.

രണ്ടാം പേജിലേക്ക്