Friday, February 27, 2009

അല്‍ ജലാക്കിന്റെ ഓസ്കാര്‍

മലയാളി ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങള്‍ :

1) റസൂല്‍ പൂക്കുട്ടിക്ക് ഓസ്കാര്‍ കിട്ടിയതില്‍ അഭിമാനിക്കുക.വിദേശിയുടെ കൈയ്യില്‍ നിന്നും ഒരു മലയാളി അവാര്‍ഡ് വാങ്ങിക്കുക എന്നത് ചില്ലറ കാര്യംവല്ലതുമാണോ.

എന്നാല്‍ അല്‍ ജലാക്കിന്റെ കൈയ്യില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെ മലയാളിയായ പോലീസുകാരന്‍ ചളുക്ക് വാങ്ങിയാല്‍ അപമാനം തോന്നുവാനേ പാടില്ല. സാധിക്കുമെങ്കില്‍ വിദേശിയുടെ തല്ല് വാങ്ങിയ ആ പോലീസുകാരനെ ചൊല്ലിയും അഭിമാനം കൊള്ളുക .

2) ഇസ്രായേലിന്റെ ഗാസയിലേക്കുള്ള കടന്ന് കയറ്റത്തെയും , ഇറാക്കിലെ അമേരിക്കന്‍ അധിനിവേശത്തെയും ഘോര ഘോരം എതിര്‍ക്കുക.പറ്റിയാല്‍ ഈ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ രചിക്കുക.

എന്നാല്‍ സിനിമ തിയറ്ററില്‍ ക്യൂ നില്‍കുമ്പോള്‍ ഒരുത്തന്‍ ഊഴം തെറ്റിച്ച്,ബലപ്രയോഗത്തിലൂടെ നിങ്ങളുടെ മുന്നിലെക്കിടിച്ച് കയറിയാല്‍ ഒരക്ഷരം മിണ്ടരുത്. കാരണം അമേരിക്കയും,ഇസ്രായേലും നിങ്ങളെ വിമര്‍ശനത്തിന്റെ പേരില്‍ തല്ലില്ല.അത് പോലാണോ ഇത്? ഇടിച്ച് കയറാന്‍ മടിക്കാത്തവന്‍ ചിലപ്പോള്‍ തല്ലാനും മടിച്ചിലെങ്കിലോ?

3) പത്രത്തിലോ ,ടി വിയിലോ കാണുന്ന അസുഖം ബാധിച്ചവര്‍ക്കും ,മൃതപ്രായര്‍ക്കും സഹായങ്ങള്‍ എത്തിക്കാന്‍ മെയില്‍ വഴിയും,ബ്ലോഗ് വഴിയും ലോകത്തെ ആഹ്വാനം ചെയ്യുക. അതിനു ചിലവോന്നുമില്ലല്ലോ?

എന്നാല്‍ നടന്നു പോകുമ്പൊള്‍ വഴിയിലൊരാള്‍ വണ്ടി തട്ടി വീണ് കിടക്കുന്നത് കണ്ടാല്‍ എതിര്‍ ദിശയിലേക്ക് നോക്കി നടന്ന് പോവുക. അയാളെ ആശുപത്രിയില്‍ കൊണ്ട് പോയി, ചിലപ്പോള്‍ രക്ത ദാനമൊക്കെ ചെയ്ത് ...അങ്ങനെ എന്തെല്ലാം മിനക്കെടുകള്‍ അത് വഴി ഒഴിവാകുമെന്ന് മാത്രം അപ്പോള്‍ ചിന്തിക്കുക.

4) സദാചാരം എപ്പോഴും കാത്തു സൂക്ഷിക്കുക.നയന്‍താര ബില്ലയില്‍ അഭിനയിച്ചതും, പാര്‍വതി ഓമനക്കുട്ടന്‍ ബിക്കിനിയിട്ടതും ഒന്നും മലയാളിയുടെ സദാചാരത്തിന് ചേര്‍ന്നതല്ലാ എന്ന അഭിപ്രായം എവിടെയും തുറന്നടിക്കുക.

എന്നാല്‍ നിങ്ങളുടെ കമ്പ്യൂട്ടറിലും, ലാപ് ടോപ്പിലും , മൊബൈലിന്റെ മെമ്മറി കാര്‍ഡിലും സൂക്ഷിച്ചിരിക്കുന്ന 'ഡല്‍ഹി പബ്ലിക് സ്കൂള്‍ എം എം എസ്', 'നടി റിയാ സെന്നിന്റെ എം എം എസ്',മറ്റ് പുളകം കൊള്ളിക്കുന്ന വീഡിയോ ക്ലിപ്പിന്ഗ്സ് ,ഇവ മറ്റാരും കാണാന്‍ ഇടവരരുത്. ചുരുങ്ങിയ പക്ഷം നിങ്ങള്‍ സദാ'ചാരം' വാരുന്ന സദസ്സിലുള്ളവരെങ്കിലും ഇവ കാണാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

5) 'സായിപ്പിനെ കണ്ട് വേണം ബ്ലഡി മലയാളി പഠിക്കാന്‍' എന്ന മുഖവുരയോടെ, സായിപ്പിന്റെ നാട്ടിലെ പവര്‍ കട്ടില്ലായ്മ ,ഉഗ്രന്‍ റോഡുകള്‍ , നിയമ വ്യവസ്ഥ നല്‍കുന്ന പരിരക്ഷ എന്നിവയെക്കുറിച്ചൊക്കെ കഴിയുന്നിടങ്ങളിലെല്ലാം വാചാലത പ്രകടിപ്പിക്കുക.

എന്നാല്‍ സായിപ്പ്,പൊതുനിരത്തില്‍ തുപ്പാറില്ല, സ്വന്തം വീട്ടിലെ ചവറ് വാരി റോഡില്‍ കളയാറില്ല, സ്വന്തം കാര്യങ്ങള്‍ എല്ലാം ഉപേക്ഷിച്ച് അയലത്തുകാരന്റെ ജനാലയില്‍ കണ്ണും നട്ടിരിക്കാറില്ലാ തുടങ്ങിയ വസ്തുതകളെല്ലാം സൌകര്യപൂര്‍വ്വം മറന്നേക്കുക.

ഇത്രയുമൊക്കെ സാധിക്കുമെങ്കില്‍ നിങ്ങള്‍ അഭിമാന പുളകിതനായ ഒരു മലയാളിയാണെന്ന് സമ്മതിക്കാം(ചുരുങ്ങിയ പക്ഷം ബ്ലോഗിലെങ്കിലും). മാത്രമല്ല ,വിമാനത്താവളത്തില്‍ അല്‍ ജലാക്ക് ആ പോലീസുകാരന് നല്‍കിയത് പോലത്തെ ഓസ്കാറുകള്‍ക്ക് നിങ്ങള്‍ സര്‍വാത്മനാ യോഗ്യത നേടുകയും ചെയ്യും .

ജയ് ഹോ

Thursday, February 26, 2009

ഒരു മാധ്യമ സിന്‍ഡിക്കേറ്റ് അംഗത്തിന്‍റെ കത്ത് ...

കുളത്തില്‍ ഔതകുട്ടിച്ചായന്,

തല കറക്കവും , ബോധക്കേടും മാറിക്കാണും എന്ന് വിചാരിക്കുന്നു. ഏതിനും , ആ പ്രഷറിന്റെ ഗുളിക രണ്ടെണ്ണം എടുത്ത്‌ കൈയ്യില്‍പ്പിടിച്ചിട്ട്, ശേഷം വായിക്കുന്നത് നന്നായിരിക്കും.

ഞങ്ങള്‍ മാധ്യമ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക്‌ എന്തെല്ലാം വാഗ്ദാനങ്ങള്‍ നില്‍കിയാണ് താങ്കള്‍ ഞങ്ങളുടെ നേതൃ സ്ഥാനത്ത്‌ കയറിപ്പറ്റിയത് എന്ന് വല്ല സ്മരണയുമുണ്ടോ? നമ്മള്‍ മാധ്യമങ്ങള്‍ വീര സഖാവിനെ വാനോളമുയര്‍ത്തിയാല്‍,അങ്ങേര്‍ പാര്‍ട്ടിക്കകത്ത് കുത്തിത്തിരിപ്പുണ്ടാക്കുകയും, ഒടുവില്‍ അവര്‍ അങ്ങേരെ ചവിട്ടി പുറത്താക്കുകയും ചെയ്യും എന്നായിരുന്നല്ലോ താങ്കളുടെ അവകാശവാദം? അങ്ങേരെ പാര്‍ട്ടി പുറത്താക്കുമ്പോള്‍ , 'ആദര്‍ശ ധീരനെ ദാണ്ടെ കൊന്നേ'!!! എന്ന് മുറവിളികൂട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനമധ്യത്തില്‍ പൊതു വിചാരണ ചെയ്തു തൂക്കിലേറ്റാമെന്ന് നമ്മുടെ കൂട്ടത്തിലെ പലരും സ്വപനം കണ്ടു.എന്നിട്ടൊടുക്കം എല്ലാവനും 'ഉ' ഗാണ്ടയിലോട്ടും , മു'ബൈയിലോട്ടും പോകാന്‍ പരുവത്തിലായത് മിച്ചം.

നിങ്ങള്‍ ഒറ്റയൊരാളാണ് ഇതിനൊക്കെ കാരണം. ഈ കളി തുടങ്ങിയപ്പോഴേ ഞാന്‍ പറഞ്ഞതാണ്,ആ മൂപ്പിന്നിനെ അടിച്ച് കൊന്നാല്‍ അങ്ങേര്‍ കസേരയില്‍ നിന്നും പിടി വിടുകേല എന്ന്.അപ്പോള്‍ നിങ്ങള്‍ പറഞ്ഞു,'അങ്ങേരെ വിടാതെ പിന്തുടര്‍ന്ന് കുഴിത്തുരുമ്പ് ചോദ്യങ്ങള്‍ ചോദിച്ചതിനു മറുപടികള്‍ പറയിപ്പിക്കുകയും,പിന്നെ ചാനലുകളിലൂടെ കുറെ അലവലാതികളുടെ വിശകലനങ്ങള്‍ നാട്ടുകാരെ കാണിക്കുകയും ചെയ്‌താല്‍,ഒടുവില്‍ ആദര്‍ശത്തിന്റെ പേരില്‍ ജനങ്ങളുടെ മുന്നില്‍ തലയുയര്‍ത്തി നടക്കാന്‍ വേണ്ടി അങ്ങേര്‍ പോളിറ്റ് ബ്യുറോയെ ധിക്കരിക്കുമെന്ന്'. നിങ്ങളുടെ ചാനലില്‍ കൂടി,'അങ്ങേര്‍ ഇത്രയും ഡയലോഗ് അടിച്ച ശേഷം ഇനി സമാപന സമ്മേളനത്തിന് പോകുന്നത് ആത്മഹത്യാപരമാകും ' എന്ന് വിശകലനം ചെയ്തു കൈയ്യില്‍ കൊടുത്തല്ലോ ,മിനിഞ്ഞാന്ന് രാത്രി വരെ? എന്നിട്ടോ?
ഇന്നലെ വൈകുന്നേരം മുതല്‍ നിങ്ങളുടെ ആ വിശകലന വിദഗ്ദ്ധന്മാരെ ഒരുത്തനെയും കാണുന്നില്ലല്ലോ? എല്ലാവനും, ശംഖുമുഖത്ത്‌ തന്നെ കടലില്‍ ചാടി ജീവത്യാഗം ചെയ്തോ?

എന്തായാലും നമ്മള്‍ മാധ്യമങ്ങള്‍ നാറാനുള്ളത് നാറി. ചുരുങ്ങിയ പക്ഷം എല്ലാം കഴിഞ്ഞ ശേഷം വൃത്തിയായിട്ട് ഒരു മുഖം രക്ഷിക്കലെങ്കിലും നടത്താന്‍ നിങ്ങള്‍ക്ക് കഴിഞ്ഞോ? 'സഖാവ് കടപ്പുറത്തെത്തിയപ്പോള്‍ ജനസാഗരം അങ്ങേരെ പൊതിഞ്ഞു' എന്നുമ്പറഞ്ഞ് നിങ്ങളുടെ പത്രത്തില്‍ ഒരു ഫോട്ടോ കണ്ടു. അങ്ങേരുടെ ചുറ്റും കുറെ കാക്കി തൊപ്പികളും,റെഡ് വോളന്റിയേര്‍സും മാത്രം. ആ ഫോട്ടോ ആരാണാവോ എടുത്തത്? നിങ്ങളുടെ പത്ത് വയസുകാരന്‍ കൊച്ചു മോനോ?.പോട്ടെ,കുറെ അധികം നാല്‍ക്കാലികളെ നിങ്ങളെ കേരളത്തിലെ പത്രപ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഉഗ്രന്മാര്‍ എന്ന് കൊട്ടിഘോഷിച്ച് തീറ്റി പോറ്റുന്നുണ്ടല്ലോ? അവന്മാരില്‍ ഒരുത്തനെങ്കിലും,ഇന്നലെ ശംഖുമുഖം കടല്‍ തീരത്ത്‌ നടന്ന നാടകം നമുക്കനുകൂലമായ ഒരു റിപ്പോര്‍ട്ടായി എഴുതി ഫലിപ്പിക്കാന്‍ സാധിച്ചോ .'ഏത് വസ്തുതയും വളച്ചൊടിച്ച്,നമുക്ക് വേണ്ടുന്ന രീതിയില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള പരിശീലനം അവിടെ ജോലിക്ക് കയറുന്ന സകല ചെറ്റകള്‍ക്കും കൊടുക്കാറുണ്ട്' എന്നായിരുന്നല്ലോ അവസാനം നാം തമ്മില്‍ കണ്ടപ്പോള്‍ പോലും നിങ്ങള്‍ പറഞ്ഞത്? എന്നിട്ടെന്തു പറ്റി? കൊടുത്ത പരിശീലനം നിങ്ങളുടെ അമൂല്‍ ബേബികള്‍ മറന്നു പോയോ?
അനുകൂലമായ വാര്‍ത്തകള്‍ സൃഷ്ടിച്ചില്ല എന്നതോ പോട്ടെ,നിങ്ങളുടെ വാര്‍ത്താ ചാനലില്‍ ആ എന്കൌണ്ടര്‍ പോയന്റിന്റെ അവതാരിക ഇന്നലെ രാത്രി അവസാനമായി മൊഴിഞ്ഞതെന്തായിരുന്നു? 'താത്കാലികമായെങ്കിലും വീര സഖാവിനെ തങ്ങളുടെ വഴിക്ക് നടത്തുന്നതില്‍ പാര്‍ട്ടി വിജയിച്ചു എന്ന് സമ്മതിക്കാതെ തരമില്ലാ' . അപ്പോള്‍ നിങ്ങളുടെ വാക്ക് വിശ്വസിച്ചു ,മിനിഞ്ഞാന്ന് വരെ സ്വന്തം പത്രങ്ങളിലും,ചാനലുകളിലും 'കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പൊളിച്ചടുക്കിയിട്ടാണെങ്കിലും വീര സഖാവ് അഴിമതിക്കെതിരെ പോരാടും' എന്ന് വിളിച്ചു പറഞ്ഞവന്മാരോക്കെ വെറും ഊളകളായില്ലേ?

അല്ലെങ്കിലും ഇന്നെന്‍റെ പത്രം പത്തു കോപ്പി കൂടുതല്‍ ചിലവാകണം എന്ന ചിന്തയല്ലാതെ ,ദീര്‍ഘവീക്ഷണം എന്നൊന്ന് നിങ്ങള്‍ക്ക് പണ്ടേ ഇല്ലല്ലോ. അതുണ്ടായിരുന്നെങ്കില്‍ പണ്ട് ചാരമാണ്, ചമ്പലാണ് എന്നൊക്കെ പറഞ്ഞ് ആ ഭീഷ്മാചാര്യര്‍ക്കിട്ട് നിങ്ങള്‍ പണിയില്ലായിരുന്നു. അന്ന് തുടങ്ങിയ ഗതികേടാണ് അങ്ങേര്‍ക്ക്.
ഇപ്പോഴത്തെ സാഹചര്യത്തില്‍, അങ്ങേരെങ്ങാനുമായിരുന്നിരിക്കണം പ്രതിപക്ഷ നേതാവ്. വീര സഖാവിനെ പാര്‍ട്ടിയില്‍ നിന്നും ചാടിച്ച് , തന്റെയടുത്ത് പിടിച്ചിരുത്തി ,പാമോയിലില്‍ വറുത്ത പലഹാരങ്ങളും കൊറിക്കാന്‍ കൊടുത്ത്, സഖാവിനെക്കൊണ്ട് തന്നെ അങ്ങേര്‍ കമ്യൂണിസ്റ്റുകാരന്റെ തന്തക്ക് വിളിപ്പിക്കുമായിരുന്നു.
മാത്രമല്ല വല്യ അധ്വാനമൊന്നുമിലാതെ ആ ഭീഷ്മര്‍ ഇപ്പൊ മിന്നല്‍ സഖാവിനെയും , ആ പ്രകാശമില്ലാത്ത പഞ്ഞിത്തലയനെയും ജനങ്ങള്‍ കല്ലെറിഞ്ഞില്ലെകിലും ,കാറി തുപ്പുന്ന അവസ്ഥയെങ്കിലും ഉണ്ടാക്കിയെടുത്തേനെ.
അങ്ങേര്‍ക്ക് പകരം നിങ്ങളെല്ലാം കൂടി ഉത്സാഹിച്ച് കേരളത്തില്‍ ഖദറുകളുടെ തലപ്പത്ത് രണ്ട് പിണ്ണാക്കുമാടന്മാരെ കയറ്റിയിരുത്തിയിട്ടുണ്ടല്ലോ. അതില്‍ പ്രതിപക്ഷ നേതാവിനെ പറഞ്ഞിട്ട് കാര്യമില്ല. വല്ലതുമൊക്കെ കാണാതെ പഠിച്ച് ക്യാമറക്ക്‌ മുന്നില്‍ വിളമ്പാനും, തിരശീലക്ക് പിന്നിലെ ഫ്രോഡ് പരിപാടികള്‍ക്കും (സ്വന്തം പാര്‍ട്ടിക്കുള്ളിലെ മാത്രം) അല്ലാതെ അങ്ങേരെക്കൊണ്ട് ഒന്നിനും കൊള്ളില്ല. പിന്നെയൊരുത്തനുണ്ട്. കേരളം മുഴുവന്‍ ' സ്വന്തം മാനം രക്ഷാ യാത്ര ' എന്ന് പറഞ്ഞ് നടന്ന് തെണ്ടുന്ന ഒരു അനാഥ പ്രേതം . ഈ അരപ്രാണികളെക്കൊണ്ട്, സകല തരികിടയും പഠിച്ച ആ മിന്നലിനെ ഒന്ന് തൊടാനെങ്കിലും സാധിക്കുമോ?? അതാണ്‌ ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് ദീര്‍ഘ വീക്ഷണം ഇല്ല എന്ന്.അനുഭവിച്ചോ!!!.

എന്തായാലും ഇനി മതി.നാളെ രാവിലെ ഞാന്‍ ഓഫീസിലെത്തുമ്പോള്‍ ആദ്യം കാണുന്നത് മാധ്യമ സിന്‍ഡിക്കേറ്റിന്റെ നേതൃ സ്ഥാനത്ത്‌ നിന്നും രാജി വെച്ചു കൊണ്ടുള്ള നിങ്ങളുടെ കത്തിന്റെ ഫാക്സ് കോപ്പിയായിരിക്കണം. ഇനിയുള്ള കളി എങ്ങനെ കളിക്കണം എന്ന് ഞങ്ങള്‍ ചെറുപ്പകാര്‍ കാണിച്ചു തരാം.നിങ്ങള്‍ വീട്ടില്‍ പോയിരിക്ക്‌.വയസ്സും പ്രായവുമൊക്കെയായില്ലേ?.വിശ്രമിക്ക്. ഇടയ്ക്കിടയ്ക്ക് 'മലയാളത്തിന്റെ വാഴക്കുല', 'ഭാഷയുടെ മൂത്താശാരി' തുടങ്ങിയ പദവികള്‍ ഞങ്ങള്‍ അവിടെ എത്തിച്ചോളാം. ബാക്കി തരികിടകള്‍ ഇനി ഞങ്ങളായിക്കോളാം.

എന്ന്

സിന്‍ഡിക്കേറ്റ് അംഗം (നാളെ മുതല്‍ തലവന്‍),

എ കെ

Wednesday, February 25, 2009

കാലഹരണപ്പെട്ട സഖാവിന്‍റെ ഡയറിക്കുറിപ്പ്‌

വല്ലവനും പറയുന്നത് കേട്ട് തുള്ളാന്‍ പോയതിന്റെ ഭവിഷ്യത്ത് ഇന്ന് ഞാന്‍ അറിയുന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടു മുന്‍പ് വരെ എന്നെ സ്റ്റാലിനിസ്റ്റ്റ് , വികസന വിരോധി എന്നൊക്കെ വിളിച്ചിരുന്ന മാധ്യമങ്ങള്‍ ,പാര്‍ട്ടി എന്നെ ഇലക്ഷന് നിറുത്തുന്നില്ല എന്ന് കണ്ടപ്പോള്‍ പെട്ടെന്നെന്നെ സ്നേഹിച്ചു തുടങ്ങിയ നിമിഷം തന്നെ ആ വെറുക്കപ്പെട്ടവന്മാരെ ഞാന്‍ തിരിച്ചറിയണമായിരുന്നു. പക്ഷേ പകരം ഞാന്‍ ചെയ്തതോ? കേരളത്തിലെ ,ചുരുങ്ങിയത് രണ്ടര കോടി ജനങ്ങളും എന്റെ പിന്നാലെ മാര്‍ച്ച് പാസ്റ്റ് നടത്താന്‍ വെമ്പി നിക്കുകയാണ് എന്ന് അവന്മാരെല്ലാം കൂടി എഴുതി പിടിപ്പിച്ചത് , തൊണ്ട തൊടാതെ വിഴുങ്ങി.

എന്നാല്‍ മുഖ്യമന്ത്രിയായ ശേഷമെങ്കിലും എനിക്ക് മിണ്ടാതിരുന്നൂടായിരുന്നോ? ചെയ്തില്ല. പാര്‍ട്ടിയേക്കാള്‍ വല്യ കൊമ്പനാണ്‌ ഞാന്‍ എന്ന് കാണിക്കാനുള്ള വെമ്പലായിരുന്നില്ലേ? എന്നെയും,പാര്‍ട്ടിയെയും ഒന്നിച്ചു കുഴിച്ച് മൂടാന്‍ നടക്കുന്ന ആ മാധ്യമ തെണ്ടികള്‍ ആ ഉദ്ദേശം വെച്ച് എന്നെ വാനോളം പൊക്കിയപ്പോള്‍ അറിയാതെ പൊങ്ങിപ്പോയി . ഞാനും മനുഷ്യനല്ലേ?

എന്നാലും എന്‍റെ മാധ്യമ സിന്‍ഡിക്കേറ്റേ , ശത്രുകള്‍ക്കിട്ട് പോലും ഈ ജാതി പണി പണിയരുത്. നീയെല്ലാം കൂടി എഴുതി പിടിപ്പിച്ചതൊക്കെ വിശ്വസിച്ച് ,പാര്‍ട്ടി നേതൃത്വത്തിനെ കുറച്ചു കാലം കൂടി ഞാന്‍ വെല്ലുവിളിച്ചിരുന്നെങ്കില്‍ , എന്‍റെ ശിഷ്ട ജീവിതം പരുന്തും കാലില്‍ പോയേനെ. ജന കോടികളുടെ 'ആദര്‍ശ നേതാവാണ്‌ ഞാന്‍' എന്ന് വിശ്വസിച്ചിരുന്ന ഞാന്‍ , വൈകിയ വേളയില്‍ മലയാളത്തില്‍ ബ്ലോഗോ.ക്ലീഗോ അങ്ങനെ എന്തോ കുന്ത്രാണ്ടം എഴുതുന്ന നാലുംമൂന്നേഴ് തൊരപ്പന്‍മാരും,പിന്നെ പാര്‍ട്ടി പലപ്പോഴായി ചവിട്ടിപ്പുറത്താക്കിയ കുറച്ച് അലവാലാതികളും മാത്രമേ എന്‍റെ കൂടെയുള്ളൂ എന്ന് അറിയുന്നു. ഈപ്പറഞ്ഞ കൂറകളെ മാത്രം നമ്പി ഇനിയും മുന്നോട്ടു പോയാല്‍ ഞാന്‍ പിന്നെ 'ഊഞ്ഞാലാ ,ഊഞ്ഞാലാ' പാടി നടക്കേണ്ടി വരും. ഇത്രത്തോളം നമ്പിയത് കൊണ്ട് തന്നെ മാനം കപ്പല്‍ കയറി എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ.
എന്തെലാമായിരുന്നു ബഹളം ...'ഒറ്റയാന്റെ പോര്‍വിളി' , ' അഴിമതിക്കാരെ തട്ടി അകത്താക്കും' ,...ഹോ!!! ഓര്‍ത്തിട്ടെനിക്ക് ഇപ്പൊ പേടിയാവുന്നു.

നെഞ്ചും വിരിച്ച് നിന്ന് 'ഇല്ലാ ,ഇല്ലാ ,ഇല്ലാ ' എന്ന് പറഞ്ഞ എന്നെ കുതിര കവഞ്ചിക്കടിക്കണം എന്ന് എനിക്ക് തന്നെ ഇപ്പോള്‍ തോന്നി തുടങ്ങിയിട്ടുണ്ട് . മാധ്യമങ്ങള്‍, അലവലാതികള്‍, അത് ശീമോന്‍ പത്രോസ് കര്‍ത്താവിനെ മൂന്ന് വട്ടം തള്ളിപ്പറഞ്ഞതിനേക്കാള്‍ പ്രാധാന്യത്തോടെ നാട് മുഴുവന്‍ പരസ്യപ്പെടുത്തുകയും ചെയ്തു.
ഞാന്‍ കരുതിയിരുന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ അവന്‍മാര്‍ എന്നെ ആദര്‍ശത്തിന്‍റെ മൂര്‍ത്തീഭാവമായി ഉയര്‍ത്തിക്കാട്ടിയപ്പോള്‍, അത് കാണിച്ച് പാര്‍ട്ടി നേതൃത്വത്തിനെ വിരട്ടി സീറ്റ് നേടി മുഖ്യമന്ത്രിയായത് പോലെ ഇത്തവണയും കളിക്കാം എന്നാണ്.
പക്ഷേ കളി കൈവിട്ട് പോയ ലക്ഷണമാണ്. സമ്മേളനത്തിന് പോയില്ലെങ്കില്‍ മിക്കവാറും പാര്‍ട്ടി എന്നെ ചവിട്ടി പുറത്താക്കും.ഞാന്‍ വെറും തെരുവ് നായുടെ അവസ്ഥയിലുമാകും .
ഇനി പോകാം എന്ന് വെച്ചാല്‍ ,ഇതുവരെ ഞാന്‍ പ്രസംഗിച്ച ആദര്‍ശം മുഴുവന്‍ വെറും ഗീര്‍വാണങ്ങളായിരുന്നു എന്ന് ജനം തിരിച്ചറിയും( അല്ലെങ്കിലും സാമാന്യ ബുദ്ധിയുള്ളവന് അതറിയാം എന്നത് കാര്യം വേറെ).

പക്ഷേ മാനം പോയാലും, നാണങ്കെട്ടാലും, എന്‍റെ കാര്യം ഞാന്‍ തന്നെ വേണ്ടേ നോക്കാന്‍. ആറ്റുനോറ്റിരുന്ന് കിട്ടിയതാണ് മുഖ്യമന്ത്രി സ്ഥാനം. അത് നാലഞ്ച് തലയ്ക്കു വെളിവില്ലാത്തവന്‍മാരുടെ ആശയും,ആവേശവും ആകുവാന്‍ വേണ്ടി വലിച്ചെറിയാന്‍ വേറെ ആളെ നോക്കണം. അത് കൊണ്ട് ഞാന്‍ സമ്മേളനത്തിന് പോകുവാന്‍ തന്നെ തീരുമാനിച്ചു.

അവിടെ വേദിയില്‍ കയറി വിവരക്കെടോന്നും വിളിച്ച് പറയുവാന്‍ തോന്നിച്ചെക്കല്ലേ എന്‍റെ സ്റ്റാലിനപ്പാ.
ഇല്ല,കുഴപ്പമില്ല , അവിടെക്കയറി എന്‍റെ ഭരണ നേട്ടങ്ങള്‍ പറയാം.പിന്നെ ആ യൂ ഡി എഫ്കാരെ കുറെ തെറിയും വിളിക്കാം.
എന്നാലും ഇത്രയും പോര് കാണിച്ചിട്ട് ഇപ്പൊ വാലുമാട്ടി ആ മിന്നല്‍ വരച്ച വരയില്‍ ചെന്ന് നില്‍ക്കാന്‍ ഒരു വിഷമം. സാരമില്ല, ആ വിഷമം തിരികെ വന്ന് മുഖ്യമന്ത്രിക്കസേരയില്‍ കുറച്ച് നേരമിരുന്നാല്‍ താനേ മാറിക്കോളും.

ഒറ്റയാന്‍ സ്ഥാനം ഒഴിഞ്ഞ കേരള മുഖ്യന്‍,

സഖാവ് എ കെ

Tuesday, February 24, 2009

എ കെ ഗ്രൂപ്പിന്‍റെ പത്രം

പ്രാദേശിക ഭാഷകളില്‍ വര്‍ത്തമാന ദിനപ്പത്രങ്ങള്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ബഹു രാഷ്ട്ര കുത്തകയായ എ കെ ഗ്രൂപ്പിന്റെ ആദ്യ പത്രം മലയാളത്തിലായിരിക്കും. കേരളത്തില്‍ , പുതിയ പത്രത്തിന്‍റെ നടത്തിപ്പിന്‍റെ ചുമതല വഹിക്കുന്ന പ്രമുഖര്‍ക്ക് ,പത്രത്തിന്‍റെ പ്രവര്‍ത്തന രീതികളും ,നയങ്ങളും സംബന്ധിച്ച് എ കെ നേരിട്ട് നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ (ചോര്‍ന്ന് കിട്ടിയത്) .


എ കെ യുടെ നിര്‍ദ്ദേശങ്ങള്‍:

1) പത്രത്തിന്‍റെ പേര് തിരഞ്ഞെടുക്കുമ്പോള്‍ 'മലയാളം' അല്ലെങ്കില്‍ 'കേരളം' എന്നീ വാക്കുകളില്‍ ഏതെങ്കിലും ഒന്ന് ആ പേരില്‍ ഉണ്ടാവണം . 'മലയാള ആനമയക്കി' ,'കേരള തരികിട' എന്നീ പേരുകള്‍ പരിഗണിക്കുക. ഇനി അതല്ലെങ്കില്‍, ചുരുങ്ങിയ പക്ഷം 'ഭൂമി' എന്ന വാക്കെങ്കിലും പേരില്‍ ഉണ്ടാവണം. വല്ല 'മൃതഭൂമി' എന്നോ മറ്റോ ആലോചിക്കുക. പക്ഷെ 'അഭിമാനി' എന്ന വാക്ക് പേരില്‍ കയറിക്കൂടാതെ പ്രത്യേകം ശ്രദ്ധിക്കുക. 'സഖാഭിമാനി' എന്നോ മറ്റോ കയറി പത്രത്തിന് പേരിട്ടിട്ട് ഒടുവില്‍ അത് സഖാക്കള്‍ മാത്രം വായിക്കുന്ന ഒന്നായാല്‍, ഭരണ സമതിയിലെ എല്ലാവനും ചവിട്ട്‌ വാങ്ങും.

2) പത്രത്തിന്‍റെ നാമത്തിനൊപ്പം ആകര്‍ഷകമായ ഒരു ടാഗ് ലൈന്‍ നിശ്ചയമായും വേണം. 'കേരളത്തിന്‍റെ ദുഷ്പ്രഭാതം', 'മലയാളത്തിന്റെ കാളകൂടം' , ' നേരല്ലാത്തത് ഛേ ,നേരിനെ നേരത്തും കാലത്തും അറിയാന്‍' 'മറ്റന്നാളത്തെ വാര്‍ത്ത ഇന്നെലയെ അറിയാന്‍' ...ഈ ജനുസ്സില്‍ എന്തെങ്കിലും.

3) വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ സത്യം മാത്രമേ എഴുതു എന്ന് നിര്‍ബന്ധമുളളവന്മാരെ സ്റ്റാഫില്‍ വെച്ചു പൊറുപ്പിക്കരുത് . വാര്‍ത്തകളെ വളച്ചൊടിച്ച് , മാനേജ്മെന്റിന്റെ കാലാകാലത്തുള്ള നയങ്ങള്‍ക്ക് അനുകൂലമാക്കി എഴുതുന്നവന്മാരെ കേരളത്തിലെ ഏത് പ്രമുഖ പത്രത്തില്‍ നോക്കിയാലും യഥേഷ്ടം കാണാം. കൂടുതല്‍ പണവും ,മറ്റു സൌകര്യങ്ങളും കൊടുത്താല്‍ വാലുമാട്ടി പോന്നോളും അവന്മാര്‍. പുതിയതായി ജോലിക്ക് ചേരുന്ന ആദര്‍ശ ധീരന്മാരേ ഒരാഴ്ച്ച ഈ പഴയ പെരുച്ചാഴികളുടെ കീഴില്‍ ജോലി ചെയ്യിപ്പിച്ചാല്‍, അവന്മാരും വെടക്കായിക്കൊള്ളും.

4) കാലികമായി നയങ്ങള്‍ പലതു മാറുമെങ്കിലും, അടിസ്ഥാനപരമായി പത്രം (പ്രാദേശിക തലത്തില്‍ മാത്രം) കമ്മ്യൂണിസ്റ്റ് വിരുദ്ധമായിരിക്കും. ഇതു ഖദറിട്ടവന്‍മാരോടുള്ള സ്നേഹത്തിന്റെ പുറത്തോന്നുമല്ല . നമ്മുടെ കൈയ്യിലെ ആയിരത്തിന്റെ നോട്ടിലെ ഗാന്ധിയുടെ ചിത്രം കണ്ടാല്‍ ,കമഴ്ന്ന് വീണ് നാവാല്‍ നമ്മുടെ ചെരുപ്പ് വൃത്തിയാക്കാത്ത ആളുകള്‍ ഖദറില്‍ കുറവാണ്. അവരില്‍ അല്‍പ്പം പിടിപാടുള്ള ഒരുത്തനെ കൈയ്യിലെടുത്ത് വെച്ചാല്‍ പാര്‍ട്ടിക്കു പ്ലാങ്ക് വലിച്ചും അവന്‍ നമ്മുടെ കാര്യങ്ങള്‍ നടത്തിത്തരും. പക്ഷെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരു കാര്യം നടക്കണമെങ്കില്‍,പോളിറ്റ് ബ്യൂറോ മുതല്‍ ലോക്കല്‍ കമ്മറ്റിയിലെ സഖാവിന്റെ വരെ ചെരുപ്പ് നമ്മള്‍ നക്കി കൊടുക്കണം.കൂടാതെ പാര്‍ട്ടി ഫണ്ടിലേക്ക് നല്ലൊരു തുക മറിക്കുകയും വേണം. മാത്രമല്ല അടിസ്ഥാന വിപ്ലവ നയം അനുസരിച്ച് നമ്മള്‍ അവര്‍ക്ക് ബൂര്‍ഷ്വാ പത്രമാകാനാണ് സാധ്യത. തൊഴിലാളികള്‍ക്ക് നമ്മള്‍ കൊടുക്കുന്ന സൌകര്യങ്ങള്‍ വെച്ചു നോക്കുമ്പോള്‍, അവന്മാര്‍ നമ്മുടെ നെഞ്ചത്ത് കയറി യുണിയനൊന്നും തുടങ്ങില്ല .പക്ഷേ നമ്മുടെ പത്രത്തെ 'കുത്തക പത്രം', 'മുതലാളിത്ത്വത്തിന്റെ ലൌഡ് സ്പീക്കര്‍; എന്നൊക്കെ വിളിച്ച് അവന്മാര്‍ എതിര്‍ത്തെക്കും . ഇപ്പൊ പാര്‍ട്ടി മുഴുവന്‍ മാടമ്പിമാരും മുതലാളിമാരും ആണെന്ന കാര്യം വേറെ. പക്ഷേ കോവര്‍ കഴുതകളായ അണികളെ സുഖിപ്പിച്ച് നിറുത്താന്‍ അവന്മാര്‍ക്ക് നമ്മളെപ്പോലെ ഒരു വില്ലനെ സൃഷ്ടിച്ചേ മതിയാവു.

5) മാനേജ്മെന്റിന്റെ നയങ്ങളുടെ ഭാഗമായി ഒരു വ്യക്തിക്കോ, പ്രസ്ഥാനത്തിനോ എതിരെ എഴുതുമ്പോള്‍ ,വായനക്കാരന് ഒരിക്കലും നമ്മള്‍ എന്തെങ്കിലും ഗൂഡോദ്ദേശം വെച്ചുകൊണ്ടാണ്‌ ആ വാര്‍ത്തകള്‍ കൊടുക്കുന്നത് ചിന്ത പോകാത്ത രീതിയില്‍ വേണം എഴുതുവാന്‍. ഉദാഹരണത്തിന്‌ ,കമ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കുമ്പോള്‍ ,നേരിട്ട് ആ പാര്‍ട്ടിക്ക് എതിരെ നാം ഒന്നും തന്നെ എഴുതാന്‍ പാടില്ല. പകരം അതെ പാര്‍ട്ടിയില്‍,ഈച്ചയടിച്ചിരിക്കുന്ന ഏതെങ്കിലും കടല്‍ കിഴവന്മാരെ നാം ആദര്‍ശ ധീരനായ് ഉയര്‍ത്തിക്കാട്ടുക. കേരളം മൊത്തം അയ്യാളുടെ പിന്നാലെ മാര്‍ച്ച് പാസ്റ്റ് നടത്തുകയാണ് എന്ന മട്ടിലായിരിക്കണം നമ്മുടെ എഴുത്ത്. മിക്കവാറും ഇത്തരം കാലഹരണപ്പെട്ട കേസുകെട്ടുകള്‍, പാര്‍ട്ടി നേതൃത്വത്തിന് അനഭിമിതരായിരിക്കും . കഴിയുമെങ്കില്‍ നമ്മുടെ കഥാപത്രത്തെ നായകനും ,പാര്‍ട്ടിയെ ജനപ്രിയനായ നേതാവിനെ എതിര്‍ക്കുന്ന വില്ലനുമായി ചിത്രികരിക്കുക.ദിവസവും എന്തെങ്കിലും വാര്‍ത്തകള്‍ പാര്‍ട്ടിയും , നമ്മുടെ ആദര്‍ശ ധീരനും തമ്മിലുള്ള അടിയെക്കുറിച്ച് പ്രസിദ്ധീകരിച്ച് കൊണ്ടേയിരിക്കുക . പലപ്പോഴായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ പലരും,നമ്മുടെ ആദര്‍ശ നേതാവിന് പിന്തുണയുമായി രംഗത്തെത്തുക എന്നത് , നാം തുടങ്ങുന്ന പ്രക്രിയയുടെ ഒരു സ്വാഭാവിക പുരോഗമനം മാത്രമായിരിക്കും .വല്യ താമസമില്ലാതെ നമ്മുടെ ആദര്‍ശവും , പാര്‍ട്ടിയും പരസ്പരം കുഴി തോണ്ടിക്കൊള്ളും.

6) സാംസ്കാരിക നായകന്മാരുടെ ഒരു പട തന്നെ എപ്പോഴും നമുക്ക് വേണ്ടി ലേഖനങ്ങള്‍ എഴുതുവാന്‍ തയാറായി നില്‍ക്കണം. കോഴിക്കോട് മുതല്‍ അഴിക്കോടുവരെയുള്ള സ്ഥലങ്ങളിലെ സാംസ്കാരികന്മാര്‍ , ഒരു വിധപ്പെട്ട എല്ലാവനും, കാശോ,കള്ളോ , ഇനിയത് രണ്ടുമല്ലെങ്കില്‍ പത്രത്തിന്റെ സ്വാധീനത്തിലൂടെ നേടിക്കൊടുക്കുന്ന എന്തെങ്കിലും പദവിയോ കണ്ടാല്‍ ,നമ്മള്‍ പറയുന്ന എന്തിനും താഴെ കൈയ്യൊപ്പിട്ട് തരും. ഇവന്മാര്‍ എഴുതി പടച്ച് വിടുന്നത് എന്തായാലും, ജനം തൊണ്ട തൊടാതെ വിഴുങ്ങിക്കൊള്ളും.
നമ്മുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഒരു വ്യക്തിയെയോ പ്രസ്ഥാനത്തെയോ വളര്‍ത്താനോ, തളര്‍ത്താനോ ഈ തെണ്ടികളുടെ ലേഖനങ്ങളും നമുക്ക് പ്രയോജനപ്പെടും. ഉളുപ്പില്ലാത്ത അധികാര മോഹികളും, എന്നാല്‍ നിര്‍ഗുണരുമായ പലരും ഇത്തരം സാംസ്കാരിക നായകന്മാരുടെ വാഴ്ത്തു പാട്ടിന്റെ പച്ചയില്‍ മാത്രം രാജ്യത്തിന്റെ പ്രതിരോധ വകുപ്പ് മന്ത്രി വരെയായിട്ടുണ്ട് എന്ന് മറക്കരുത്.

7) വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍, എപ്പോഴും വളരെ സൂക്ഷ്മതയോട് കൂടിയായിരിക്കണം അതിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. ഉദാഹരണത്തിന്‌ എതെങ്കിലും മന്ത്രിയുടെ മക്കളോ അവന്മാരുടെ സുഹൃത്തുക്കളോ നാട്ടില്‍ എന്തെങ്കിലും തെണ്ടിത്തരം കാട്ടിയാല്‍,നേരെ കയറി 'ഇന്ന മന്ത്രിക്ക്, ഇന്നാരിലുണ്ടായ മോനും, അവന്റെ സുഹൃത്തുക്കളും ' എന്ന് വിശദമായി എഴുതിയെക്കരുത്. 'മന്ത്രിപുത്രന്‍' , 'മന്ത്രിപുത്രന്റെ സുഹൃത്ത്' ,'ഉന്നത ബന്ധങ്ങളുള്ള പ്രമുഖന്‍' എന്നൊക്കെ ,പേരുകള്‍ വെളിപ്പെടുത്താതെ വേണം കഴിയുന്നതും ഇത്തരം സംഭവങ്ങളുടെ പ്രാഥമിക ഘട്ട വാര്‍ത്തകള്‍ പുറത്ത്‌ വരാന്‍. കാരണം ,മന്ത്രിയും ആള്‍ക്കാരും നമ്മളെ വേണ്ടത് പോലെ കാണുകയാണെങ്കില്‍, കേസ്സ് വഴി തെറ്റിച്ചത് വല്ല പാവപ്പെട്ട പോലീസ് ഉദ്യോഗസ്ഥനുമാണെന്ന് (മന്ത്രി പുത്രന്‍ ഇടപെട്ട കേസില്‍, സ്വാഭാവികമായി മുകളില്‍ നിനിന്നുള്ള ഉത്തരവുകള്‍ അനുസരിക്കുക മാത്രം ചെയ്ത ബലിയാടുകള്‍ ധാരാളമുണ്ടാകും) എഴുതി പിടിപ്പിക്കനുള്ളതാണ് നമുക്ക്.
8) ആരെയും എന്തിനേയും ഒരു ബ്രാണ്ടായി വളര്‍ത്താനും,തളര്‍ത്താനുമുള്ള കഴിവ് മാധ്യമങ്ങള്‍ക്ക് ഉണ്ടെന്ന് തിരിച്ചറിയുക. ഉദാഹരണമായി ക്രിക്കറ്റിന്റെ കഥ ഓര്‍ക്കുക. കോഴ വിവാദത്തില്‍പ്പെട്ട് ക്രിക്കറ്റിന്റെ ജന പ്രീതി കുത്തനെ വീണപ്പോള്‍,മാധ്യമങ്ങള്‍ ഒത്തു പിടിച്ച് ഉത്സാഹിച്ച് , 'ദാ ഇന്ത്യ കാലങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാന്‍ പിടിച്ചടക്കാന്‍ പോണേ' എന്ന് കൂവി. കഴുതകള്‍ ജനങ്ങള്‍ 'തന്നെ? പോയി പിടിച്ചോണ്ട് വാ മച്ചമ്പിമാരെ' എന്ന് പറഞ്ഞ് പരമ്പര കാണുവാന്‍ ടി വിയുടെ മുന്നില്‍ വീണ്ടും ചടഞ്ഞ്‌ കൂടിയില്ലേ. ലോക കപ്പ് വിരസമായപ്പോള്‍ ഐ സി സി യും ,മാധ്യമങ്ങളും ചേര്‍ന്ന് ട്വന്റി ട്വന്റി ഹിറ്റാക്കി . മുന്‍പ് ബദ്ധ ശത്രുക്കള്‍ ഏറ്റുമുട്ടുന്നു എന്ന് പറഞ്ഞ് മാധ്യമങ്ങള്‍ പടം കൊടുത്തിരുന്ന ഷോയിബ് അക്തറും (ഇന്ത്യ പാക്ക് പരമ്പര നടക്കുമ്പോള്‍ ഇവനെയാണ് നമ്മള്‍ പാക്ക് ചാരനായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുക) സൌരവ് ഗാംഗുലിയും തോളോട് തോള്‍ ചേര്‍ന്ന് കളിക്കുന്നതും മാധ്യമങ്ങള്‍ ജനങ്ങളെക്കൊണ്ട് വിഴുങ്ങിച്ചില്ലേ? അതാണ്‌ മാധ്യമങ്ങളുടെ കരുത്ത് . മാത്രമല്ല ,ഇതു പോലുള്ള കളികളുമായി ബന്ധപ്പെട്ട് കിടക്കുന്ന കോടികളുടെ പരസ്യ വിപണിയാണ് നമ്മുടെ ചോറെന്ന് മറക്കരുത്. പ്രബുദ്ധരായ മലയാളികള്‍ ഇതൊക്കെ വിശ്വസിക്കുമോ എന്ന ചിന്ത വേണ്ട. വിശ്വസിച്ചിട്ടുണ്ട് . ഇനിയും വിശ്വസിക്കുകയും ചെയ്യും.
നാം തുടര്‍ച്ചയായി പത്ത് ദിവസം ഇവന്മാരില്‍ ഒരുത്തന്‍റെ അച്ഛന്‍ ,ഇപ്പോളുള്ള ആളല്ല വേറൊരുത്തന്നാണ് എന്ന മട്ടില്‍ എഴുതിയാല്‍ , പതിനൊന്നാം ദിവസം ആ മകന്റെ മനസ്സില്‍ വരെ സംശയം അങ്കുരിക്കും. പതിനഞ്ചാം ദിവസം അവന്‍ നാം പറയുന്ന ആളെ അച്ഛാ എന്ന് വിളിക്കുകയും ചെയ്യും.

9) പത്രത്തില്‍ പരസ്യങ്ങള്‍ നിലയ്ക്കുന്ന ഒരവസ്ഥയും നാട്ടില്‍ സംജാതമാവാതെ പരമാവധി ശ്രദ്ധിക്കുക. ഉദാഹരണത്തിന് സാമ്പത്തിക മാന്ദ്യം കാരണം നാടു കുട്ടിച്ചോറാവുന്ന അവസ്ഥ വന്നാലും, നമ്മള്‍ ഇതാണ് സ്ഥലവും വീടുമൊക്കെ വാങ്ങാന്‍ പറ്റിയ സമയം എന്നേ എഴുതാവു. മാത്രമല്ല,മാന്ദ്യ സമയത്ത് പരസ്യം നല്‍കുന്ന കമ്പനികള്‍ക്ക് മാത്രമെ മാന്ദ്യ ശേഷം നിലനില്‍പ്പുള്ളൂ എന്നതും ആവര്‍ത്തിച്ച് പറഞ്ഞ് കൊണ്ടേയിരിക്കുക . കഴിയുമെങ്കില്‍ മാന്ദ്യം എന്നത് ഒരു മായ മാത്രമാണെന്നും , സത്യത്തില്‍ അങ്ങിനെ ഒര്വസ്ഥയെയില്ല എന്ന് ജനങ്ങളെ വിശ്വസിപ്പിക്കുക.

10) ഇതൊന്നും കൂടാതെ എന്നെ മലയാള ഭാഷയുടെ കുലപതിയായി അവരോധിക്കാന്‍ വേണ്ടതെല്ലാം നിങ്ങളാല്‍ കഴിയും വിധം ചെയുക.

നമ്മുടെ കമ്പനിയുടെ ഗുഡ് വില്‍ കണ്ട് ,പത്രത്തില്‍ പരസ്യങ്ങള്‍ കുന്നുകൂടും എന്നതില്‍ സംശയമില്ല. അതില്‍ നിന്നുള്ള വരുമാനം കാരണം പത്രം നാട്ടുകാര്‍ക്ക് വെറുതെ കൊടുത്താലും നമുക്കു ലാഭമേയുള്ളൂ. അതിനാല്‍ ആദ്യത്തെ ആറ് മാസം പത്രം കേരളത്തിലാകമാനം സൌജന്യമായി വിതരണം ചെയ്യുക. വര്‍ണ്ണ ശബളവും , മസാല നിറഞ്ഞതുമായ നമ്മുടെ പത്രത്തിന് കേരളത്തിലെ കഴുതകള്‍ അടിമകളായിക്കഴിഞ്ഞാല്‍, വിലയിട്ടത് നല്‍കുക. അപ്പോഴേക്കും ഇപ്പോഴുള്ള പ്രമുഖ പത്രങ്ങള്‍ മണ്ണോടു മണ്ണായിട്ടുണ്ടാകും.

ആശംസകളോടെ

എ കെ

ചെയര്‍മാന്‍,
എ കെ ഗ്രൂപ്പ് .

കോരന്റെ ഓസ്കാര്‍ രോമാഞ്ചം


ആദിത്യന്‍ മെയിലില്‍ അയച്ച് തന്ന കാര്‍ട്ടൂണ്‍. ആശയം, വര എല്ലാം അദ്ദേഹത്തിന്‌ സ്വന്തം. ആര്‍ കെ ലക്ഷ്മണ്‍ സ്റ്റൈല്‍ എനിക്ക് ഇഷ്ടമായതിനാല്‍ പ്രസിദ്ധീകരിക്കുന്നു.

Saturday, February 21, 2009

ഓസ്കാര്‍ അവാര്‍ഡുകള്‍ക്ക് മലയാളത്തിന്‍റെ മറുപടി.

മലയാള ചലച്ചിത്രങ്ങളെ ഓസ്കാര്‍ അവാര്‍ഡിന് ഇന്നോളം പരിഗണിക്കാത്തത് ,വിദേശിയുടെ വര്‍ണ്ണ വെറിയുടെ ഒരു ഉത്തമ ഉദാഹരണമായല്ലാതെ മറ്റൊന്നുമായി കാണുവാന്‍ സാധിക്കില്ല. ഈ അവഗണനയില്‍ പ്രതിഷേധിച്ച് , ഓസ്കാര്‍ അവാര്‍ഡുകള്‍ക്ക് തുല്യമോ ,അവയ്ക്ക് മേലെ നില്‍ക്കുന്നതോ ആയ എ കെ അവാര്‍ഡുകള്‍ മലയാള ചലച്ചിത്ര രംഗത്തെ മികവുകളെ ആദരിക്കാനായി, എ കെ ഗ്രൂപ്പ് ഈ വര്‍ഷം മുതല്‍ നല്‍കി തുടങ്ങുന്നു.
രണ്ടായിരിത്തി ഒന്‍പത് അവസാനിച്ചിട്ടില്ലെങ്കിലും,ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രങ്ങളുടെ അത്യുജ്ജ്വല പ്രകടനങ്ങള്‍ സഹിക്കാന്‍ വയ്യാതെയാണ് ഇപ്പോള്‍ ഈ അവാര്‍ഡുകള്‍ തിടുക്കപ്പെട്ട് പ്രഖ്യാപിക്കുന്നത്.
ഫിലിം റീല്‍ (ഡിജിറ്റല്‍ സിനിമയുടെ കാലമാണ്,എന്നാലും സാരമില്ല ) തലയില്‍ ചുമന്ന് അവശനായ പ്രേക്ഷകന്‍റെ പ്രതിരൂപമായ ശില്‍പ്പം എ കെ അവാര്‍ഡുകളുടെ പ്രത്യേകതയായിരിക്കും. ജൂറിയും, എസ് എം എസ് തുടങ്ങിയ ആളെ വടിയാക്കാനുള്ള പരിപാടികള്‍ ഒന്നും ഈ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ഉണ്ടായിരുന്നില്ല . എ കെ ഗ്രൂപ്പ്പിന്റെ അധിപനായ എ കെ നേരിട്ട് ജേതാക്കളെ നിര്‍ണ്ണയിക്കുകയായിരുന്നു.

രണ്ടായിരത്തി ഒന്‍പതിലെ ജേതാക്കളുടെ വിവരങ്ങള്‍ :

മികച്ച നടന്‍ : ശ്രീ ചാത്തപ്പന്‍ , ചിത്രം മകന്‍റെ അച്ഛന്‍. ചാത്തപ്പനെ മലയാളത്തില്‍ ഇന്നോളമൊരു പ്രേക്ഷനും കണ്ടിട്ടുണ്ടാവില്ല.പക്ഷേ ചലച്ചിത്ര നിരൂപണ രംഗത്ത്‌ ഇദ്ദേഹം അതി പ്രശസ്തനാണ് . മകന്റെ അച്ഛന്‍ എന്ന ചിത്രം രണ്ടര മണികൂറോളം സഹിച്ചിരുന്ന് കണ്ട്, അതിന് ശേഷം തിരികെ വന്ന് ഉജ്ജ്വലം ,കാലഘട്ടത്തിന്‍റെ ചിത്രം എന്നൊക്കെ നിരൂപണം എഴുതിയ ഇവന് മികച്ച നടനുള്ള അവാര്‍ഡ് കൊടുത്തില്ലെങ്കില്‍,പിന്നെയാര്‍ക്ക് കൊടുക്കും?

മികച്ച നടി : അടുത്തിടെ കല്യാണം കഴിഞ്ഞ ഏതെങ്കിലും ഒരു യുവ നടി. ഇനിയങ്ങോട്ട് മുഴുവന്‍ അഭിനയമായിരിക്കുമല്ലോ എന്ന വസ്തുത കണക്കിലെടുത്താണീ അവാര്‍ഡ്. വിദേശത്തു നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ വരാനുള്ള അവരുടെ സൌകര്യമനുസരിച്ച്, ആളെ പിന്നീട് തീരുമാനിക്കും.

മികച്ച സംവിധായകന്‍ : പ്രിയദര്‍ശന്‍ . അദ്ദേഹം സംവിധാനം ചെയ്യുന്ന ഏത് ചിത്രവും ഓസ്കാറിനു നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ചിത്രങ്ങളെക്കാളും മികച്ചതായിരിക്കും എന്ന ഭാവം മാത്രമല്ല ഈ പുരസ്കാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്. മലയാളത്തില്‍ അദ്ദേഹം സമീപകാലത്തൊന്നും ഒരു ചിത്രം സംവിധാനം ചെയ്യാത്തതിനുള്ള നന്ദി പ്രകടനം കൂടിയാണീ അവാര്‍ഡ്.

മികച്ച രണ്ടാമത്തെ നടന്‍ : സലിം കുമാര്‍. ചിത്രങ്ങളില്‍ അഭിനയിച്ചതിനല്ല , പല ചിത്രങ്ങളിലും അഭിനയിക്കാതെ പ്രേക്ഷകരോട് ദയവ് കാട്ടിയതിനാണ് ഈ പുരസ്കാരം. ഈ വിഭാഗത്തില്‍ അവസാനം വരെ ശക്തമായ മത്സരവുമായി വെഞാറമ്മൂട് സുരാജ് രംഗത്തുണ്ടായിരുന്നു. ഒടുവില്‍ അഭിനയ രംഗത്തെ സീനിയോരിറ്റി മാനിച്ചാണ് സലിം കുമാറിനെ പരിഗണിച്ചത്.

മികച്ച രണ്ടാമത്തെ നടി : നമിത. (ചുമ്മാ. അവാര്‍ഡ് വാങ്ങാന്‍ വരുമ്പോ ഒന്ന് നേരിട്ട് കാണാമല്ലോ എന്ന് വെച്ചാ).

മികച്ച പുതുമുഖ നടന്‍ : പ്രണവ് മോഹന്‍ലാല്‍. ചിത്രം സാഗര്‍ അലിയാസ് ജാക്കി . ഈ ചിത്രത്തിന്‍റെ, ചിത്രീകരണം പോലും കഴിഞ്ഞിട്ടില്ലെങ്കിലും , ഇതില്‍ ഒരു സീനില്‍ അഭിനയിക്കുന്ന പ്രണവ് തകര്‍ക്കും എന്ന് ഉറപ്പാണ്. അല്ലാതെ മോഹന്‍ലാലിനെ മണിയടിക്കാനൊന്നുമല്ല ഈ അവാര്‍ഡ് കൊടുക്കുന്നത്.

മികച്ച ഹാസ്യ താരം : പ്രിയദര്‍ശന്‍ . സ്ലം ഡോഗ് മില്ല്യണര്‍ എന്ന ചിത്രത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ , കേട്ടും ,വായിച്ചും ചിരി തുടങ്ങിയവര്‍ പലരും ഇപ്പോഴും ചിരി നിറുത്തിയിട്ടില്ല.

മികച്ച വില്ലന്‍ : മനോജ് രാംസിംഗ്. 'കഥാ , സംവിധാനം കുഞ്ചാക്കോ' എന്ന ചിത്രം നിര്‍മ്മിച്ച ഇദ്ദേഹം തന്നെയാണ് ഒരു പ്രേക്ഷകന്‍റെ കാഴ്ച്ചയില്‍, ഈ വര്‍ഷത്തെ ഏറ്റവും മികച്ച വില്ലന്‍. മകന്‍റെ അച്ഛനിലെ അഭിനയത്തിന് ശ്രീനിവാസന് ഈ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശവും ഉണ്ടാവും.

മികച്ച സ്വഭാവ നടന്‍ : ദിലീപ്. നല്ല സ്വഭാവത്തിന്റെ സാക്ഷ്യം, ഇദ്ദേഹത്തിന് വേണ്ടി അമ്മയുടെ എല്ലാ അംഗങ്ങളും(ശ്രീ തിലകന്‍ ഒഴികെ) നല്‍കുമ്പോള്‍ ,ഈ അവാര്‍ഡ് കൊടുക്കാതിരിക്കുന്നതെങ്ങനെ ?

മികച്ച സ്വഭാവ നടി : സംഗീതാ മോഹന്‍ . സീരിയല്‍ നടിയാണെങ്കിലും , വെള്ളമടിച്ച് വണ്ടി വല്ലവന്റെയും നെഞ്ചത്ത് കയറ്റുന്ന സ്വഭാവം തത്കാലം സിനിമാ നടികളില്‍ ആരും ഇതു വരെ പൊതുജനമദ്ധ്യത്തില്‍ കാട്ടത്തത്തിനാലാണ് ഈ അവാര്‍ഡ് അവര്‍ക്ക് നല്‍കുന്നത്.

മികച്ച ബാലതാരം : രണ്ട് പേര്‍ ഈ അവാര്‍ഡ് പങ്കിടുന്നു. മമ്മൂട്ടിയും ,മോഹന്‍ലാലും. സമീപകാലത്തായി അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രായവും, സ്വഭാവവും പരിഗണിച്ചാണ് ഈ അവാര്‍ഡ് ഇരുവര്‍ക്കും നല്‍കുവാന്‍ തീരുമാനിച്ചത് .

മികച്ച ചിത്രം : ലവ് ഇന്‍ സിംഗപ്പോര്‍ (പേരിങ്ങനെയാണ് ,കാരണം അറിയില്ല ) .ഇങ്ങനെയും ചിത്രങ്ങള്‍ പടയ്ക്കാം എന്ന് തെളിയിച്ചതിന്റെ പേരിലാണ് ഈ അവാര്‍ഡ്.

മികച്ച സംഗീത സംവിധായകന്‍ : എം ജയചന്ദ്രന്‍. മകന്‍റെ അച്ഛന്‍ എന്ന ചിത്രത്തിലെ റാപ്പ് സംഗീതത്തിന് . കേട്ടപ്പോള്‍ തുടങ്ങിയ കലിയാണ്. അവാര്‍ഡ് വാങ്ങാന്‍ ആള് വരുമ്പോള്‍,നേരിട്ട് തീര്‍ക്കണം എന്ന് കരുതുന്നു.

മികച്ച ഗാന രചന : റെഡ് ചില്ലീസ് എന്ന ചിത്രത്തിലെ 'മഴ പെയ്യണം' എന്ന ഗാനം എഴുതിയത് എവനാണെങ്കിലും അവന്. ഏഴേ , ഏഴ് വാക്കുകള്‍ കൊണ്ട് ഒരു ഗാനം രചിക്കാം എന്ന് തെളിയിച്ച ആ പ്രതിഭക്ക് ഒരവാര്‍ഡ് കൊടുത്താല്‍ പോര.

മികച്ച ഛായാഗ്രഹണം : വെള്ളമടിച്ച ശേഷം ,റോളര്‍ സകേറ്റ്സുമിട്ട് റെഡ് ചില്ലീസിന്റെ ക്യാമറ ചലിപ്പിച്ച ഷാജി .

മികച്ച ചിത്രസംയോജനം : ഷാജി കൈലാസ് എന്ന അത്ഭുത പ്രതിഭ എടുത്ത്‌ കൂട്ടിയതെല്ലാം കൂടി വെട്ടിയൊട്ടിച്ച് റെഡ് ചില്ലീസിനെ ഈ പരുവത്തിലെങ്കിലും വെള്ളിത്തിരയില്‍ എത്തിച്ച സംജിത്ത്.

മികച്ച തിരക്കഥ : റാഫി മെക്കാര്‍ട്ടിന്‍. 'ലവ് ഇന്‍ സിംഗപ്പോര്‍' കണ്ട എല്ലാവരും ,ആ ചിത്രത്തിന്‍റെ കഥയും, തിരക്കഥയും എന്താണെന്ന് ഇപ്പോഴും തിരഞ്ഞ് നടക്കുകയാണ്. കഥയ്ക്കുള്ള അവാര്‍ഡും ഈ അത്ഭുതദ്വയത്തിന് തന്നെ.

അവാര്‍ഡ് ദാന ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടാനായി നൃത്ത രംഗങ്ങള്‍ അവതരിപ്പിക്കാന്‍ പത്തിരുപത്തിയഞ്ച് തമിഴ് ,ഹിന്ദി നടിമാരെ ക്ഷണിച്ചിട്ടുണ്ട്. അവരുടെ ഡേറ്റ് ഒത്ത് വരുന്നതനുസരിച്ച് , ചടങ്ങുകളുടെ തീയതിയും സ്ഥലവും പിന്നീട് തീരുമാനിക്കുന്നതാണ്.

Friday, February 20, 2009

ടെന്‍ക്ലാരയുടെ തത്വങ്ങള്‍

ഏറെ നാളുകളുടെ ഇടവേളയ്ക്കു ശേഷം ,മലയാളത്തില്‍ വീണ്ടും അഭിനയിക്കനെത്തുന്ന,തെന്നിന്ത്യയിലെ ഏറ്റവും വില പിടിപ്പുള്ള നായികയായ (അഭിനയത്തിന്റെ പ്രതിഫലമാണ് ഉദ്ദേശിച്ചത്. ബാക്കിയുള്ള റേറ്റുകള്‍ വായനക്കാര്‍ക്ക്‌ ആവശ്യമുണ്ടെങ്കില്‍ നേരിട്ട് വിളിച്ച് ചോദിക്കുക) ടെന്‍ക്ലാര ,കൊച്ചി ലേ മെരിഡിയന്‍ ഹോട്ടലില്‍ വെച്ച്, തമോഗര്‍ത്തത്തിന് അനുവദിച്ച പ്രത്യേക അഭിമുഖം. (അഭിമുഖം ചെയ്യുന്നത് , ആ തെണ്ടി എ കെ തന്നെ . അല്ലെങ്കിലും ഇത് പോലെ കൊള്ളാവുന്ന കേസുകള്‍ ആ അലവലാതി നേരിട്ടല്ലാതെ, മറ്റാരെയും അറ്റന്‍ഡ് ചെയ്യാന്‍ സമ്മതിക്കില്ല).

എ കെ :" നമസ്കാരം ക്ലാരാ, തിരികെ മലയാളം സിനിമയിലേക്ക് സ്വാഗതം. "

ടെന്‍ : " ധന്യവാദലു എ കെഗാരു "

എ കെ : "എന്തോന്ന് ? കങ്കാരുവോ? "

ടെന്‍ : "ഓ ...സോറി...ഒരു നിമിഷം ഞാന്‍ തെലുങ്കാനയിലാണെന്ന് വിചാരിച്ചു പോയി.താങ്കസ് എന്നാണ് പറഞ്ഞത്"

എ കെ :"ഒരു നിമിഷത്തേക്ക് ഞാന്‍ വിചാരിച്ചു പഴയ തിരുവല്ലക്കാരിയുടെ വക ഞാന്‍ കേട്ടിട്ടില്ലാത്ത തെറി വല്ലതുമായിരിക്കുമെന്ന്"

ടെന്‍ : "ഉം..ഉം.. അഭിമുഖം തുടങ്ങ്‌,അഭിമുഖം തുടങ്ങ്‌."

എ കെ :" മലയാളത്തില്‍ സുപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ചുക്കൊണ്ടിരുന്ന കാലഘട്ടത്തിലാണ് ക്ലാര ആദ്യം തമിഴിലേക്കും പിന്നീട് തെലുങ്കിലേക്ക് ചേക്കേറിയത്. അങ്ങനെ ഒരു തീരുമാനം എടുക്കാനിടയായ സാഹചര്യങ്ങള്‍ എന്തായിരുന്നു എന്നറിയാന്‍ വായനക്കാര്‍ക്ക്‌ താത്പര്യമുണ്ടാകും."

ടെന്‍ :"അവന്മാര്‍ക്ക് അങ്ങനെ എന്‍റെ പലതും അറിയാന്‍ താത്പര്യമുണ്ടാകും എന്നെനിക്കറിയാം.എന്ത് സാഹചര്യം?അന്ന് നല്ല കാലത്തിന് തമിഴിലേക്ക് പോയില്ലായിരുന്നുവെങ്കില്‍, ഇന്ന് എനിക്കും ,കെട്ടാന്‍ ഏതെങ്കിലും വിദേശ മലയാളിക്കോന്തനെ അന്വേഷിക്കേണ്ടി വന്നേനെ."

എ കെ : "അതെന്താ? ക്ലാരക്ക് അന്നും മലയാളത്തില്‍ അവസരങ്ങള്‍ക്ക് ക്ഷാമാമില്ലയിരുന്നല്ലോ?"

ടെന്‍ : " എന്തവസരം? രണ്ട് മുതു കെളവന്മാരുടെ കൂടെ മാറി മാറി ഈരണ്ട് പടങ്ങള്‍ അഭിനയിച്ചു.അവസാനം ആ പൊണ്ണത്തടിയന്റെ കൂടെ അഭിനയിച്ച നായാട്ട് രാജാവില്‍ വേഷം ഒരു വീട്ട് വേലക്കാരിയുടെയും. ഒരു രണ്ട് പടം കൂടി അങ്ങനെ മുന്നോട്ടു പോയിരുന്നേല്‍ , പിന്നെയുള്ള എന്‍റെ അഭിനയം മുഴുവന്‍ ലൊക്കേഷനില്‍ ക്യാരവാന്റകത്തും, ഹോട്ടല്‍ മുറികളിലും മാത്രമായിരുന്നേനെ. "

എ കെ : " പക്ഷേ തമിഴിലോ,തെലുങ്കിലോ പോകാതെ മലയാളത്തില്‍ തന്നെ പ്രിയ നായികമാരായി നില്‍ക്കുന്നവരുണ്ടല്ലോ?"

ടെന്‍ :" ക്യാമറക്ക്‌ മുന്നില്‍ സാരി മൂടി പുതച്ച്, കരിങ്കൂവളക്കണ്ണുകള്‍ മാത്രം കാട്ടി , 'അടുത്ത വീട്ടിലെ കുട്ടി' ഇമേജ് ഉണ്ടാക്കിയെടുത്തവരെക്കുറിച്ചാവും പറഞ്ഞ് വരുന്നത്?"

എ കെ : "അതെ, അങ്ങനെയുള്ളവരും ഇല്ലേ?"

ടെന്‍ : "ഉണ്ടാവും. പക്ഷേ അവര്‍ക്ക് ക്യാമറക്ക്‌ പിന്നില്‍ ജോലി കൂടുതലായിരിക്കും"

എ കെ :" അങ്ങനെ സാമാന്യവത്കരിക്കണോ? "

ടെന്‍ : "മലയാളത്തില്‍ ഇന്ന് ഒരു നായിക സിനിമയില്‍ ഉണ്ടെന്ന ഒറ്റ കാരണത്താല്‍ ആ ചിത്രം വിജയിക്കുമോ?

എ കെ :"നായകന്‍മാരുടെ കാര്യത്തില്‍ ഒരു പരിധി വരെ അങ്ങനെയുണ്ട്. പക്ഷേ നായികയുടെ കാര്യത്തില്‍ അങ്ങനെയൊന്നും ഇല്ല. കഴിയുമെങ്കില്‍ സുപ്പര്‍ സ്റ്റാറുകള്‍ തന്നെ നായകരാകണം എന്നേ പ്രേക്ഷകര്‍ക്കുള്ളു . നായിക ആരായാലും അവര്‍ക്ക് വിഷയമല്ല "

ടെന്‍ :"അങ്ങനെയുള്ളപ്പോള്‍, പടമെടുക്കുമ്പോള്‍ അഭിനയ ചാതുര്യം മാത്രം നോക്കി ഏതെങ്കിലും നായികയെ, ആരെങ്കിലും കാസ്റ്റ് ചെയ്യുമോ? "

എ കെ :"പിന്നെ?"

ടെന്‍ :"ക്യാമറക്ക്‌ പിന്നിലും പെര്‍ഫോം ചെയ്യാന്‍ തയ്യാറുള്ളവര്‍ മാത്രം മതി എന്ന് സൂപ്പര്‍ താരങ്ങളോ നിര്‍മാതാവോ,സംവിധായകനോ വാശി പിടിച്ചാല്‍ , ഏതെങ്കിലും നായികക്ക് പറ്റില്ല എന്ന് പറയാന്‍ സാധിക്കുമോ? "

എ കെ : "ഇല്ലേ ?"

ടെന്‍ : "പറഞ്ഞാല്‍ അവള്‍ പണിയില്ലാതെ വീട്ടിലിരിക്കും. പിന്നെ ക്യാമറക്ക്‌ മുന്നില്‍ ഗ്ലാമറസ്സ് ആകാന്‍ മടിയില്ലത്തവര്‍ക്ക്,കുറച്ചു കഴിയുമ്പോള്‍ ഭാഗ്യമുണ്ടെങ്കില്‍ എന്നെപ്പോലെ ജനപ്രീതിയുണ്ടാവും. അപ്പോള്‍ ക്യാമറക്ക്‌ പിന്നിലുള്ള പ്രകടനങ്ങള്‍, മുഴുവനില്ലെങ്കിലും കുറെയൊക്കെ നമ്മുടെ ഇഷ്ടം കൂടി നോക്കിയെ നടക്കു .അതല്ലാതെ ,ഞാന്‍ നിഷ്കളങ്ക എന്ന് ക്യാമറക്ക്‌ മുന്നില്‍ കാണിക്കുന്നവര്‍ ,കുറച്ച് കാലം ഏതെങ്കിലും രണ്ടാം നിര നടന്റെ ക്യാമ്പില്‍ മാത്രം കിടന്നു കറങ്ങും. അതിന്‍റെ ആയുസ്സ്‌ കഴിയുമ്പോള്‍ അവാര്‍ഡ് പടങ്ങള്‍ എന്ന പേരില്‍ കുരെതര പടങ്ങളും,ഒന്നോ രണ്ടോ സുപ്പര്‍ താര ചിത്രങ്ങളും ചെയ്ത്, ഒടുവില്‍ ഞാന്‍ നേരത്തെ പറഞ്ഞതു പോലെ വല്ല കോന്തന്റെയും കഴുത്തില്‍ തൂങ്ങി വിദേശത്തേക്ക് പോകും"

എ കെ :" അപ്പോള്‍ ഗ്ലാമര്‍ സിനിമയുടെ ആവശ്യ ഘടകമാണെന്നാണോ?"

ടെന്‍ : "ആവശ്യമാണോ,അല്ലയോ എന്നൊന്നും എനിക്കറിയില്ല . പക്ഷേ മൂന്ന് കോടി മുടക്കി പടമെടുക്കുന്ന നിര്‍മാതാവിന് ആ കാശ് തിരിച്ചു കിട്ടുന്നത് മുപ്പത് രൂപ കൊടുക്കുന്ന പ്രേക്ഷകനില്‍ നിന്നല്ലേ?സുപ്പര്‍ താരങ്ങളെ സുപ്പറാക്കുന്നതും ഈ മുപ്പത് രൂപ മുടക്കുന്നവര്‍ തന്നെ. അവര്‍ പടം കാണാന്‍ കയറുന്നത്, അത് ഓസ്കാറിന് അയക്കാന്‍ പറ്റുന്നതാണോ എന്ന് നോക്കാനല്ലലോ? മൂന്ന് കോടി മുടക്കുന്നവനും, അഞ്ച് പൈസ മുടക്കാത്ത കെളവന്‍ സ്റ്റാറുകളും ഞങ്ങളെ കാണുന്ന അത്രയില്ലെങ്കിലും, മുപ്പത് രൂപ മുടക്കുനവനും എന്തെങ്കിലുമൊക്കെ കാണുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. "

എ കെ :" അത് ശരിയാ. എനിക്കും പലപ്പോഴും തോന്നിയിട്ടുള്ള കാര്യമാണിത്"

ടെന്‍ : "അതങ്ങനെയേ വരൂ"

എ കെ : " ഈ ആറ്റിറ്റ്യൂഡ് ഉള്ള ക്ലാര പക്ഷേ ഷൂട്ടിങ്ങിന് കൊച്ചിയില്‍ വന്നപ്പോള്‍, ആരാധകര്‍ മൊബൈലില്‍ ഫോട്ടോ എടുത്തതിനെ ചൊല്ലി പ്രശ്നങ്ങളുണ്ടാക്കി എന്നൊരു വാര്‍ത്തയുണ്ടായിരുന്നല്ലോ?"

ടെന്‍ : " അത് സ്ക്രീനില്‍ കാണുന്നതും, മൊബൈലില്‍ പടം പിടിക്കുന്നതും തമ്മില്‍ വ്യതാസമില്ലേ ? അല്ലെങ്കില്‍ തന്നെ തമിഴിലെ ആ ചിമ്പാന്‍സി ,ഞങ്ങള്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്ന സമയത്ത് മൊബൈലില്‍ എടുത്ത പടങ്ങള്‍ ഇന്റര്‍നെറ്റില്‍ വന്ന ശേഷം, എനിക്ക് മറ്റുള്ളവരുടെ കയ്യില്‍ മൊബൈല്‍ കാണുന്നതേ അലര്‍ജിയാണ്. "

എ കെ :" തെന്നിന്ത്യയില്‍ തിരക്കുള്ള താരമായി. ഇനി മലയാളത്തിലേക്ക് മടങ്ങി വരാനുള്ള ചുവടുവെയ്പ്പാണോ ഈ പുതിയ ചിത്രം?" അതോ തമിഴില്‍ കഴിഞ്ഞ മൂന്നു പടവും സാമാന്യം തെറ്റില്ലാതെ പൊട്ടി, തെലുങ്കിലും അവസരങ്ങള്‍ കുറയുന്നു, എന്നതൊക്കെയാണോ ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ ?"

ടെന്‍ :"വാരികയില്‍ കൊടുക്കുമ്പോള്‍ മലയാളത്തില്‍ അഭിനയിക്കാനുള്ള ആക്രാന്തം അടക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഞാന്‍ തിരകെ വരുന്നത് എന്ന് കൊടുത്താല്‍ മതി "

എ കെ : " അവസാനമായി,അടുത്തിടെ തമിഴില്‍ നിര്‍മാതാക്കളുടെ സംഘടന ക്ലാരക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നല്ലോ? ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയിട്ട് പിന്മാറുകയും, അഡ്വാന്‍സ് തുക മടക്കി നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തതിന്റെ പേരില്‍? "

ടെന്‍ : "ശുദ്ധ പോക്രിത്തരമല്ലേ അവന്മാര്‍ കാണിച്ചത്? ഒരു പ്രതിഫലം പറഞ്ഞുറപ്പിച്ചിട്ട്,ഞാന്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ പറയുകയാണ്‌ സാമ്പത്തിക മാന്ദ്യം കാരണം റേറ്റ് കുറക്കണമത്രേ. പോയി പണി നോക്കാന്‍ ഞാനും പറഞ്ഞു.അവന്മാര്‍ വേറൊരു നായികയെ വെച്ച് പടം തുടങ്ങി. ഞാന്‍ അഡ്വാന്‍സ് തിരികെ കൊടുക്കില്ല എന്ന് പറഞ്ഞു. ആന മെലിഞ്ഞു എന്ന് കരുതി തൊഴുത്തില്‍ കെട്ടാമോ? പിന്നെ വിലക്കായി, ബഹളമായി. "

എ കെ :"ഒടുവില്‍ അഡ്വാന്‍സ് തിരികെ കൊടുത്തു അല്ലേ?"

ടെന്‍ :"എന്‍റെ പട്ടി കൊടുക്കും. വേറൊരു തമിഴ് പടം കരാറായിട്ടുണ്ട് . അതിന്‍റെ നിര്‍മാതാവ് ആ കാശ് മറ്റവന്മാര്‍ക്ക് കൊടുത്തോളും ."

എ കെ :"അപ്പോള്‍ ആ തുക ,പുതിയ പടത്തിന്റെ പ്രതിഫലത്തില്‍ നിന്നും കുറയ്ക്കുമോ ?"

ടെന്‍ : "ഇല്ല ...അതാണ്‌ ഇപ്പോള്‍ എന്‍റെ ഒരേയൊരു ടെന്‍ഷന്‍...ഇനി അതിന്‍റെ പേരില്‍ ഞാന്‍ എത്ര ബിഹൈന്‍ഡ് ദ സീന്‍ പെര്‍ഫോമെന്‍സുകള്‍ നടത്തേണ്ടി വരുമോ എന്തോ?"

Thursday, February 19, 2009

മുന്നണികളുടെ പിന്നണികള്‍

കേരളത്തില്‍ യൂ ഡീ എഫ് ,എല്‍ ഡി എഫ് സര്‍ക്കാരുകള്‍ മാറി മാറി ഭരിച്ചിട്ടും ,ഇന്നേവരെ സംസ്ഥാനത്തിന് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്ന് മുറവിളി കൂട്ടുന്ന ദോഷൈകദൃക്കുകളുടെ ശ്രദ്ധക്കായ്, മേല്‍പ്പറഞ്ഞ രണ്ടു മുന്നണികളും നമ്മുടെ നാടിന് നല്‍കിയ സംഭാവനകളില്‍ ചിലത് ഇവിടെ കൊടുക്കുന്നു :

1) മധുരപ്രിയരായിരുന്ന കേരളത്തിലെ സ്ത്രീ ജനങ്ങളുടെ ആരോഗ്യം നില നിറുത്തുന്നതില്‍, മുന്‍ യു ഡി എഫ് സര്‍ക്കാര്‍ വഹിച്ച പങ്ക് ആര്‍ക്കു നിഷേധിക്കാന്‍ സാധിക്കുന്നതല്ല. ഐസ്ക്രീം എന്ന വാക്ക് കേട്ടാല്‍ തന്നെ ഇന്ന് കേരളത്തിലെ ഏതൊരു സ്ത്രീയും ഒന്നറയ്ക്കും. ജനാബിന്റെ മുഖം മനസ്സില്‍ തെളിയുന്ന ഒരു സ്ത്രീയും ,ഇന്ന് മനസ്സുറപ്പിച്ച് കേരളത്തില്‍ ഐസ്ക്രീം കഴിക്കുമെന്ന് തോന്നുന്നില്ല.
എല്‍ ഡി എഫും കേരളത്തിലെ വനിതകളുടെ ആരോഗ്യ സംരക്ഷണത്തില്‍ പിന്നോട്ടയിരുന്നില്ല. സ്ത്രീകള്‍, പ്രത്യേകിച്ച് ഇടക്കിടെ വിമാന യാത്ര ചെയ്യന്ന സ്ത്രീകള്‍ ,പലരും സ്വയ രക്ഷക്കായുള്ള ആയോധനകലകള്‍ പഠിച്ചു തുടങ്ങി എന്നാണറിവ്. ചില ഞരമ്പുകളോടൊപ്പം വിമാന യാത്ര ചെയ്യേണ്ടി വന്നാലുപകരിക്കുന്നത് കൂടാതെ,ആയോധന കലകള്‍ എന്നും ശാരീരികമായ ആരോഗ്യത്തിനു നല്ലതാണ് എന്ന് വായനക്കാര്‍ ഓര്‍ക്കുമല്ലോ.

2) കേരളത്തില്‍, അന്യാധീനമാകുമായിരുന്ന ഭൂമികള്‍ പലതും,മലയാളികളുടെ അധീനതയില്‍ കൊണ്ടു വരുന്നതില്‍ ഇരുമുന്നണികളും തമ്മില്‍ വാശിയേറിയ ഒരുമത്സരം നില നില്‍ക്കുന്നുണ്ട്‌ എന്ന് തന്നെ പറയാം. യു ഡി എഫില്‍ , പാര്‍ട്ടി അംഗങ്ങളും ,ബന്ധുക്കളുമാണ് തന്നെയാണ് ഇത്തരം ഭൂമി ഇടപാടുകള്‍ മിക്കവയും കൈകാര്യം ചെയ്തിരുന്നതെങ്കില്‍, എല്‍ ഡി എഫ് കുറച്ചു കൂടി ജനകീയമായ ഒരു നയത്തിന്റെ വ്യക്താക്കളാണ്. കാശുള്ള ആര്‍ക്കും, അവര്‍ ഭൂമി കൊടുക്കും.

3) ബ്ലേഡ് മാഫിയാ ( അന്ന് വരെ സാധാ ബ്ലേഡുകളെ നാട്ടില്‍ ഉണ്ടായിരുന്നുള്ളൂ) എന്നൊരു വര്‍ഗ്ഗത്തെത്തന്നെ യു ഡി എഫ് ഭരണം കേരളത്തിനു സംഭാവന ചെയ്തു .കേരളത്തിലെ വര്‍ദ്ധിച്ച് വരുന്ന ജനസംഘ്യാ നിരക്ക് കുറയ്ക്കുന്നതിലും, അനേകം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതിലും (ഗുണ്ടാപ്പണിയെന്ന് അസൂയാലുക്കള്‍) , ഈ വര്‍ഗ്ഗം വഹിച്ച പങ്ക് ചെറുതൊന്നുമല്ല.
എല്‍ ഡി എഫ് ഭരണത്തില്‍ , ബ്ലേഡ് മാഫിയാ, ഗുണ്ടാ സംഘങ്ങള്‍ തുടങ്ങിയ ഗൌരവതരമായ ജോലികള്‍ ഒന്നും സാധാരണ ഔട്ട് സോഴ്സ് ചെയ്യാറില്ല. മന്ത്രിപുത്രന്മാര്‍ എന്നൊരു വര്‍ഗ്ഗമാണ് ഈ പറഞ്ഞകാര്യങ്ങള്‍ എല്ലാം മൊത്തത്തില്‍ കൈകാര്യം ചെയ്യുന്നത്. ഈ മന്ത്രിപുത്രന്മാര്‍ എന്നത് പ്രത്യേകം ഒരു വര്‍ഗ്ഗമാണ്. ഏത് വിവാദമുണ്ടായാലും, അതിലെ ഒരു പ്രധാന കഥാപാത്രം ഈ വര്‍ഗ്ഗത്തില്‍ നിന്നുമായിരിക്കും. പക്ഷെ ഒരു മന്ത്രിപുത്രന്‍ എന്നല്ലാതെ , മാധ്യമങ്ങള്‍ ഒരിക്കലും ഈ വര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ പേര് വെളിപ്പെടുത്താറില്ല. (ഇനി മത്രിസഭയിലെ അംഗങ്ങളില്‍ ആരുമാകാം അവന്‍റെ അച്ഛന്‍ എന്നുള്ളത് കൊണ്ടാണോ ഇങ്ങനെ എന്നറിയില്ല)

4) രണ്ടു മുന്നണികളുടെ കീഴിലും പോലീസ് വകുപ്പ് കൂടുതല്‍ ,കൂടുതല്‍ ജനകീയമാവുകയാണ്‌. ജനകീയം മാത്രമല്ല ,പോലീസുകാരെ ആര്‍ക്കും എവിടെവെച്ചും കൈകാര്യം ചെയ്യാവുന്ന പൊതു സ്വത്തുക്കളാക്കി മാറ്റിയതില്‍ ഇരുമുന്നണികളും ഒരു പോലെ പ്രശംസ അര്‍ഹിക്കുന്നു. യു ഡി എഫ് ഭരണകാലത്ത് ,തല്ലുംകുത്തുംപോലീസിനു റോഡില്‍ നിന്നുമാണ് കിട്ടിയിരുന്നതെങ്കില്‍, ഇപ്പോള്‍ അത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വരെ സൌജന്യമായിയും ,സുലഭമായും കിട്ടുന്നുണ്ട്‌. എന്നാല്‍ യു ഡി എഫ് ഭരണകാലത്തും,പോലീസിനെ ഓടിച്ചിട്ട് കൈകാര്യം ചെയ്തിരുന്നത് തങ്ങളുടെ അണികളാണെന്നും , അതിനാല്‍ പോലീസിനെ ജനകീയവത്കരിച്ചതിന്റെ കീര്‍ത്തി,പൂര്‍ണ്ണമായും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും എല്‍ ഡി എഫുകാര്‍ പറയുന്നുണ്ട്.

5) ഇരു മുന്നണികളുടെയും ജനസേവനത്തിന്റെ പട്ടിക അന്തമില്ലത്തതാണ്. എങ്കിലും ജനങ്ങളുടെ മാനസികോല്ലാസത്തിന് ഇരുകൂട്ടരും നല്‍കുന്ന ഊന്നലിനെക്കുറിച്ച് കൂടി പറഞ്ഞ്,തത്കാലം നിറുത്താം. വര്‍ഷത്തില്‍ മുന്നൂറ്‌ ദിവസമെങ്കിലും ജനങ്ങള്‍ക്ക്‌,ജോലിക്ക് പോകാതെ വീട്ടില്‍ വിശ്രമിക്കാന്‍ അവസരമുണ്ടാക്കി കൊടുക്കുന്ന തരത്തില്‍, ഹര്‍ത്താലുകള്‍ നടത്തുന്നതില്‍ ഇരു മുന്നണികളും ഭരണകാലവും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്.
പക്ഷെ ഏറ്റവും കൂടുതല്‍ ഹര്‍ത്താലുകളും ,സമരങ്ങളും നടത്തിയിടുള്ള മുന്നണി എല്‍ ഡി എഫ് തന്നെയാണെന്ന് നിസംശയം പറയാം.
തങ്ങളുടെ ഭാഗത്ത് നിന്നും ഹര്‍ത്താലുകളുടെ എണ്ണം കുറഞ്ഞത് തങ്ങള്‍  ഗാന്ധി വാദികളായതിനാലാണെന്ന് യു ഡി എഫ്കാര്‍ പറയുമ്പോള്‍ , അതവന്മാര്‍ക്ക് അണികളെ  കിട്ടാഞ്ഞിട്ടാണെന്നാണ് എല്‍ ഡി എഫുകാരുടെ ആക്ഷേപം
അതെന്തായാലും ,ഇരു മുന്നണികളും ഹര്‍ത്താലുകളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി മുന്‍കൂട്ടി അറിയിക്കുന്നതിനാല്‍, ബിവറേജസ് കോര്‍പറേഷനില്‍ നിന്നും ഹര്‍ത്താല്‍ ദിവസത്തെക്കായി നേരത്തെ സ്റ്റോക്ക് എടുത്ത്‌ വെയ്ക്കാനും വെയ്ക്കുവാന്‍, ജനങ്ങള്‍ക്ക്‌ മിക്കപ്പോഴും സാധിക്കാറുണ്ട്.

Wednesday, February 18, 2009

തനി മലയാളി

തനി മലയാളിയുടെ ലക്ഷണ ശാസ്ത്രം, അത് അറിയാത്തവര്‍ക്കായി:

1) അടിസ്ഥാനപരമായി തനിക്ക് യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിയാത്ത എല്ലാ കാര്യത്തിലും , ബദ്ധശ്രദ്ധനായിരിക്കുക. കേരളത്തില്‍ അഴിമതിയും, അക്രമവും അരങ്ങ് തകര്‍ക്കുമ്പോഴും ഗാസയില്‍ ഇസ്രായേല്‍ കാണിച്ചത് ശുദ്ധ തെമ്മടിത്തരമായിപ്പോയി എന്ന് നാലാള്‍ കൂടുന്നിടത്ത് ഘോര ഘോരം പ്രസംഗിക്കുക. സെക്രട്ടേറിയേറ്റിന് മുന്നിലും,നാടിന്റെ നാനാ ഭാഗത്തും അവകാശ സമരങ്ങള്‍ എന്ന് വല്ലവനും പ്രലോഭിപ്പിച്ച് , നൂറു കണക്കിന് പാവങ്ങള്‍ പട്ടിണി സമരം ചെയുമ്പോള്‍ സൊമാലിയയിലെ കുട്ടികളെ ഓര്‍ത്ത്‌ കണ്ണീര്‍ ഒഴുക്കുക. ക്യൂബക്ക് വേണ്ടി അരി ശേഖരണം നടത്തുക . സദ്ദാം ഹുസൈനെ അമേരിക്ക വധിച്ചതില്‍ പ്രതിഷേധിച്ച് പാറശാലയില്‍ ഹര്‍ത്താല്‍ നടത്തുക.

2) രാഷ്ട്രീയ പ്രബുദ്ധതയുടെയും, ബൌദ്ധിക നിലവരത്തിന്റെയും ഉന്നതമായ മലയാളി കണക്കുകള്‍ കഴിയിന്നിടുത്തെല്ലാം നിരത്തുക. വിഷയം അറിഞ്ഞാലും,ഇല്ലെങ്കിലും എന്തിനെക്കുറിച്ചും ആധികാരികമായി മാത്രം സംസാരിക്കുക.

3) പാര്‍വ്വതി ഓമനക്കുട്ടന്‍ ബിക്കിനിയിട്ട് നിന്ന് , ലോകത്തിന്റെ മുന്നില്‍ മലയാളിയുടെ മാനം കളഞ്ഞതിനെക്കുറിച്ച് പ്രസംഗിക്കുന്ന മലയാളി ,ഒരു പെണ്ണിനെക്കണ്ടാല്‍ അവളുടെ മുഖത്ത്‌ നോക്കുന്നത് അപൂര്‍വ്വം. അവളുടെ ശരീരത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും , ആര്‍ത്തിയോടെ അവന്‍റെ കണ്ണുകള്‍ എത്തിയിരിക്കും. മനസ്സു കൊണ്ടവളെ വിവസ്ത്രയാക്കുന്നവരും ധാരാളം. സെക്ഷ്യുവലി സ്റ്റാര്‍വ്ഡ് എന്ന് ഇവരുടെ നെറ്റിയില്‍ എഴുതി ഒട്ടിച്ചിട്ടുണ്ടാകും.

പെണ്ണുങ്ങള്‍ , അതെ സമയം , ആത്മവിശ്വാസത്തിന്റെ കണികയില്ലാതെ, ചുറ്റും കമ്പ്ലീട്ടു പീഡകരാണെന്ന മട്ടില്‍, നിലത്തു നോക്കി മാത്രമെ നടക്കു. ഇനി അബദ്ധത്തില്‍ ആത്മവിശ്വാസമുള്ള ഒരുത്തി ഇവരുടെ കൂട്ടത്തില്‍ ഉണ്ടെങ്കില്‍, അവളെ ബാക്കിയുള്ള മഹതികള്‍ തന്നെ തെറിച്ചവളും , അഹങ്കാരിയുമായി മുദ്ര കുത്തി ശരിയാക്കിക്കൊള്ളും.

4) ആരാധനാ വിഗ്രഹങ്ങള്‍ ഇല്ലാതെ ഭൂരിഭാഗം മലയാളികള്‍ക്കും ജീവിക്കുക പ്രയാസം. സിനിമയില്‍,മമ്മൂട്ടി,മോഹന്‍ലാല്‍ , രാഷ്ട്രീയത്തില്‍ വി എസ് , പിണറായി,അല്ലെങ്കില്‍ കരുണാകരന്‍ അങ്ങിനെ ആരെങ്കിലുമൊക്കെ. സ്വന്തം കുടുമ്പത്തിന് അഞ്ച് നയാ പൈസയുടെ പ്രയോജനം ഇല്ലെങ്കിലും, ഈ ആരാധനാ വിഗ്രഹങ്ങള്‍ക്ക് വേണ്ടി ആരെയും തല്ലാനും, കൊല്ലാനും മലയാളി റെഡി.

ഇവരുടെ കൂട്ടത്തില്‍ പെടാത്ത മലയാളികളും ഉണ്ട്. ബൌധിക നിലവാരം കൂടുതല്‍ എന്ന് ഭാവിക്കുന്ന ഇവരുടെ സിനിമയിലെ പ്രിയപ്പെട്ട നടന്‍ മിക്കവാറും അപകര്‍ഷതാ ബോധത്തിന്റെ മൊത്തക്കച്ചവടക്കാരനായ ശ്രീനിവാസനായിരിക്കും. രാഷ്ട്രീയത്തിലും ,മറ്റു കാര്യങ്ങളിലും ഇവരുടെ അഭിരുചി, മനപൂര്‍വ്വം എന്നവണ്ണം മറ്റുള്ളവരില്‍ നിന്നും ഭിന്നമാകും (പ്രത്യേകിച്ച് കാരണമൊന്നും ഒന്നും കാണില്ല ,വ്യതാസത്തിന് വേണ്ടി വ്യത്യാസം ...അത്ര മാത്രം )

5) തടിച്ച് വീര്‍ത്ത്,മുഖത്ത്‌ വരെ മാംസം അട്ടിയട്ടിയായി തൂങ്ങി , കണ്ണ് കാണാനും, നേരെ ശ്വാസം കഴിക്കാനും വരെ പ്രയാസപ്പെട്ട് നടക്കുന്ന മലയാളികള്‍ക്കും, അവരുടെ സിനിമകളിലെ നായകന്‍ എയിറ്റ് പാക്ക് തന്നെയാവണം എന്ന വാശിയുണ്ടാവും. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ആദ്യ ദിവസം തന്നെ ഇടിച്ചു കയറി കാണും. എങ്കിലും പുറത്തിറങ്ങിയാല്‍ 'മോഹന്‍ലാലിന് ശരീരം ശ്രദ്ധിച്ച് കൂടേ? കണ്ടാല്‍ പന്നിയെപ്പോലെയിരിക്കുന്നു "എന്നേ മലയാളി ഇപ്പോള്‍ മൊഴിയാറുള്ളൂ.

6) രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ മാത്രമല്ല , സ്വന്തം ജീവിതത്തിലും, ജോലിയിലും എല്ലാം മലയാളിക്ക്‌ ഏറെ പ്രത്യേകതകള്‍ ഉണ്ട്. സ്വകാര്യ മേഖലയില്‍ ജോലി സാധ്യതകള്‍ വര്‍ദ്ധിച്ച സമയത്ത്,മലയാളിയുടെ ജീവിത നിലവാരവും ഉയര്‍ന്നു. മാസം നാല്‍പ്പതിനായിരം രൂപ ശമ്പളം കിട്ടുന്ന ജോലിയില്‍ പ്രവേശിച്ചാല്‍ ഉടന്‍, ആറു മാസത്തിനപ്പുറം വരാനിരിക്കുന്ന വന്‍ ശമ്പള വര്‍ദ്ധനവ്‌ മുന്നില്‍ക്കണ്ട്,കടം വാങ്ങി ,ജീവിതം അവര്‍ ആഘോഷിച്ചിരിക്കും. സാമ്പത്തിക മാന്ദ്യം വന്ന് ,ജോലിയും പോയി, മൂക്കറ്റം കടവും കയറിക്കഴിയുമ്പോള്‍, എല്ലാ കുറ്റവും സര്‍ക്കാരിന്.
ഈ കാലഘട്ടത്തില്‍ , മര്യാദക്ക് ജോലി ചെയ്യാത്തതിന് പിരിച്ച് വിടപ്പെട്ടവരും ,അവരെ സര്‍ക്കാര്‍ സംരക്ഷിക്കണം എന്ന ആവശ്യമുന്നയിച്ച് നോക്കും. നടന്നാല്‍ നടക്കട്ടെ. മെരിറ്റിനെക്കാള്‍ ,ആനുകൂല്യങ്ങളിലാണല്ലോ മലയാളിക്ക്‌ എന്നും താത്പര്യം.

7)വിദേശ മലയാളിയെക്കുറിച്ച് പറയാതെ ,മലയാളിയുടെ വിവരണം പൂര്‍ണ്ണമാകുന്നതെങ്ങിനെ? വിദേശത്ത്‌ ജോലിയുള്ള മലയാളികളുടെ , നാടിനും , നാട്ടുകാരോടുമുള്ള സ്ഥായിയായ ഭാവം പുച്ഛമായിരിക്കും(ഇവിടെ കറണ്ടില്ല , റോഡൊന്നും ശരിയല്ല, നാട്ടുകാരൊക്കെ മടിയന്മാര്‍ ...ഏതാണ്ട് ഈ ലൈന്‍). കേരളം മൊത്തം ഓടുന്നത്, തങ്ങള്‍ വിദേശത്ത്‌ നിന്നും അയക്കുന്ന പണത്തിന്റെ പുറത്താണ് എന്നതാണ് ഇവരുടെ മതം.
തിരിച്ച് , നാട്ടുകാരുടെ കണ്ണില്‍ വിദേശ മലയാളികള്‍ എന്നും സായിപ്പിന്റെയും ,അറബികളുടെയുമൊക്കെ കൂലിപ്പണികാര്‍ മാത്രമായിരിക്കും. വിദേശ മലയാളി നാട്ടില്‍ വരുമ്പോള്‍ , അവനെ ഓസ്സി കഴിച്ച കള്ളും, ഭക്ഷണവും ദഹിക്കും മുന്‍പ് തന്നെ, നാട്ടുകാരന്‍ ചുരുങ്ങിയത് നാല് പേരോടെങ്കിലും ഈ അഭിപ്രായം പറയുകയും ചെയ്യും

Monday, February 16, 2009

അനോണികളെ / സംശയ രോഗികളെ കേള്‍ക്കുവിന്‍

ഈ ബ്ലോഗില്‍ അനോണി കമന്‍റ് ഓപ്ഷന്‍ തുറന്ന് വെച്ചിരിക്കുന്നത്, സ്വന്തം പേരു വെളിപ്പെടുത്താന്‍ ഇഷ്ടമില്ലാത്തവര്‍ക്ക്, ഇവിടെ ഞാന്‍ എഴുതിയിടുന്ന വിഷയങ്ങളെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങള്‍ ആരെയും ഭയക്കാതെ തുറന്ന് പറയുവാന്‍ വേണ്ടിയാണ് . ഇനിയും അത് അങ്ങിനെ തന്നെയായിരിക്കും താനും.

കഴിയുന്നതും കമന്റുകള്‍ ഒന്നും ഞാന്‍ ഡിലീറ്റ് ചെയ്യാറുമില്ല. വളരെ മലീമസമായ ഒരു ഭാഷയോ, അല്ലെങ്കില്‍ എന്നെയല്ലാതെ മറ്റാരെയെങ്കിലും ഈ ബ്ലോഗിലൂടെ തെറി വിളിക്കുകയോ (വിമര്‍ശിക്കുകയല്ല, നല്ല പുളിച്ച തെറി ) ചെയ്തിട്ടുള്ള കമന്റുകള്‍ മാത്രമെ ഞാന്‍ ഇതുവരെ നീക്കം ചെയ്തിട്ടുള്ളൂ.

എന്‍റെ കഴിഞ്ഞ പോസ്റ്റില്‍, വിഷയത്തില്‍ നിന്നും ക്വാട്ട് ചെയ്തു വി എം എന്ന ബ്ലോഗര്‍ അഭിപ്രായം എഴുതിയപ്പോള്‍, അങ്ങേരെ തെറി വിളിക്കാന്‍ കുറെ പോസ്റ്റ് നേരെ ചൊവ്വേ വായിക്കാത്ത അനോണികള്‍ ഉണ്ടായി.

മറ്റാര്‍ക്കോ വേണ്ടി ,ഒരു കാര്യവുമില്ലാതെ ,ബ്ലോഗുകള്‍ തെറിപ്പാട്ടിന്റെ വേദിയാക്കുന്ന,അച്ഛനാരാണെന്ന് ചോദിച്ചാല്‍ ,പാറശാല മുതല്‍ കാസര്‍കോട്‌ വരെയുള്ള ആരുമാകാം എന്ന് മറുപടി പറയേണ്ടി വരുന്ന,ഇത്തരം അനോണികളാണ്,മര്യാദക്ക് സ്വന്തം അഭിപ്രായം ഭയമില്ലാതെ പ്രകടിപ്പിക്കാന്‍ അനോണി സൌകര്യം ഉപയോഗിക്കുന്നവര്‍ക്കു കൂടി ചീത്തപ്പേരുണ്ടാക്കുന്നത്.

പോസ്റ്റിലുള്ള വിഷയത്തില്‍ കവിഞ്ഞ് ഒരു വിമര്‍ശനവും എന്‍റെ ഭാഗത്ത് നിന്നും ആര്‍ക്കും നേരെ ഉണ്ടായിട്ടില്ല,ഇനി ഉണ്ടാവുകയുമില്ല. പക്ഷേ ആരോടെങ്കിലുമുള്ള വ്യക്തി വൈരാഗ്യങ്ങള്‍ തീര്‍ക്കാനും, ഏതെങ്കിലും പ്രത്യേക അജണ്ട നടപ്പാക്കാനുമായി ഈ ബ്ലോഗ് ഉപയോഗിക്കാം എന്ന് ധരിക്കുന്നവര്‍ക്കുള്ള മറുപടിയാണ് മുകളില്‍ പറഞ്ഞത്.

ഇനി പ്രധാന വിഷയത്തിലേക്ക്. കുറച്ച് ദിവസങ്ങളായി ,കുറെ അവന്മാര്‍ അര്‍ജ്ജുന്‍ കൃഷ്ണ എന്ന ഞാനും , ബെര്‍ളി തോമസും ഒരാളാണെന്ന് സ്ഥാപിച്ചെടുക്കാന്‍, മനപൂര്‍വ്വം എന്ന വണ്ണം,അനോണി കമന്റുകളിലൂടെ ശ്രമം തുടങ്ങിയിട്ട്.

ഈ ചോദ്യത്തിന് ഉത്തരം ഞാന്‍ പല വട്ടം പറഞ്ഞു കഴിഞ്ഞതാണ് . ഒരിക്കല്‍ക്കൂടി ,വ്യക്തമായി പറയുന്നു, ഞാന്‍ ബെര്‍ളിയല്ല . ബെര്‍ളി തോമസ് എന്ന വ്യക്തിയെ ബ്ലോഗിലൂടെയല്ലാതെ ,ഇന്നോളം ഞാന്‍ നേരിട്ട് കണ്ടിട്ടില്ല.
ഞാന്‍ അര്‍ജ്ജുന്‍ കൃഷ്ണ .വി. തിരുവനന്തപുരത്ത് സ്ഥിരതാമസം. അച്ഛന്റെ പേര്, വേണു വടക്കേടം.അമ്മയുടെ പേര് ശ്യാമള .
ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ആരെയെങ്കിലും അറിയിക്കേണ്ട ഒരു ബാധ്യതയും എനിക്കില്ല.

ഒന്നു കൂടി: ഞാന്‍ ശുദ്ധ നുണയനോ,തോന്ന്യവാസിയോ , സ്ഥിരം വഷളനോ അല്ല. മറിച്ച് , അതി ബുദ്ധിമാനും, സുന്ദരനും, സുമുഖനും ആണ്.

ഇനിയും ഞാന്‍ ബെര്‍ളി തന്നെയല്ലേ എന്ന സംശയം ബാക്കി നില്‍ക്കുന്നവര്‍, നിങ്ങള്‍ക്ക് വേണമെങ്കില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ബെര്‍ളി തോമസിനോട് ചോദിച്ചു കൊള്ളൂ. അങ്ങേര്‍ മറുപടി തന്നാല്‍ അതും വാങ്ങി സന്തോഷമായിട്ടിരിക്കുക . ഇല്ലെങ്കില്‍ ... അത് എന്നെ ബാധിക്കുന്ന കാര്യമേയല്ല.

ഇതിന് മുന്‍പ്,വ്യക്തമായ ഐ ഡി ഉള്ള ചിലരും ഇതേ സംശയം പ്രകടിപ്പിച്ചിരുന്നു.അവര്‍ക്കെല്ലാം അന്ന് കൃത്യമായ മറുപടി ഞാന്‍ കൊടുത്തതാണ്. അതിനപ്പുറം , സ്വന്തം അച്ഛന്റെ പേര് യാതൊരു കാരണവശാലും മാറ്റാന്‍ ഉദ്ദേശം ഇല്ലാത്തതിനാലും,എന്‍റെ എക്സ്സിസ്റ്റെന്സ്സ് ഒരുത്തന്റെയും മുന്നില്‍ തെളിയിക്കേണ്ട ഗതികേട് എനിക്കില്ലാത്തതിനാലും, ഇനി മുതല്‍ ഞാന്‍ ബെര്‍ളി അല്ലേ എന്നുള്ള ചോദ്യങ്ങള്‍ ഇവിടെ എടുക്കുന്നതല്ല. അങ്ങിനെയുള്ള കമന്‍റുകള്‍ ,കാണും പടി നീക്കം ചെയ്യുന്നതാണ്. ഇതുവരെ അങ്ങിനെയുള്ള ചോദ്യങ്ങള്‍,ചോദിച്ചത് അനോണിയോ സനോനിയോ ആവട്ടെ, ഒന്നും തന്നെ ഞാന്‍ പഴയ പോസ്റ്റുകളില്‍ നിന്നും നീക്കം ചെയ്തിട്ടില്ല.പക്ഷേ തുടര്‍ന്നങ്ങോട്ട്,പുതിയ പോസ്റ്റുകളില്‍,അതുണ്ടാകും.

ഇനി ഞാന്‍ ബെര്‍ളി തോമസ് എന്ന ബ്ലോഗര്‍ സ്വന്തം മുഖം രക്ഷിക്കാന്‍ പേര് മാറ്റി എഴുതുന്നതാണ് ഈ ബ്ലോഗില്‍ എന്ന് ആര്‍ക്കെങ്കിലും അത്ര ഉറപ്പുണ്ടെങ്കില്‍,അത് സംശയലേശമന്യേ തെളിയിക്കു.

എ കെ എന്നൊരു കഥാപാത്രത്തിനെ ഞാന്‍ ഈ ബ്ലോഗില്‍ ഉപയോഗിക്കാറുണ്ട് എന്നത് തെളിവാക്കരുത്,പ്ലീസ്. അത് തെളിവായി സ്വീകരിച്ചാല്‍ ഞാന്‍ ബെര്‍ളിയെക്കള്‍ വി കെ എന്‍, ഇയാന്‍ ഫ്ലെമിംഗ് എന്നിവരില്‍ ആരെങ്കിലും ആകാനാണ് സാധ്യത.കാരാണം ഞാനോ, ബെര്‍ളി തോമസോ ജനിക്കും മുന്‍പ് തന്നെ സ്വന്തം അനുഭവങ്ങള്‍ /ചിന്തകള്‍ ,പയ്യന്‍, ജെയിംസ് ബോണ്ട് എന്നെ കഥാപാത്രങ്ങളിലൂടെ മേല്‍പ്പറഞ്ഞ ക്രമത്തില്‍ അവതരിപ്പിച്ചു വിജയിപ്പിച്ചത് അവരാണ്.

അത് കൊണ്ട് ,ഞാന്‍ ബെര്‍ളി തന്നെയാണെന്ന് വാശി പിടിക്കുന്ന അനോണികളെ/സംശയ രോഗികളെ,ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ അത് തെളിയിക്കുക. അല്ല ,സംശയ ലേശമന്യേ നിങ്ങള്‍ക്ക് അതിന് കഴിയില്ല എന്നുണ്ടെങ്കില്‍ ,തുടര്‍ന്നുള്ള ചോദ്യങ്ങള്‍/അഭിപ്രായങ്ങള്‍ ബെര്‍ളി തോമസിനോട് നേരിട്ട് ചോദിക്കുകയോ, ചോദിക്കതിരിക്കുകയോ ചെയ്യുക.അതെന്തായാലും, ഇവിടെ അത്തരം ചോദ്യങ്ങള്‍ ഇന്നു മുതല്‍ പ്രോത്സാഹിപ്പിക്കുന്നതല്ല.

സാമന്യ ബുദ്ധിയില്ലാത്ത (ആദ്യമാദ്യം ഈ സംശയം പ്രകടിപ്പിച്ച സനോണികളെ ഈ കൂട്ടത്തില്‍പ്പെടുത്തിയിട്ടില്ലാ)ഇത്തരം വായനക്കാര്‍ ഉള്ളത് കൊണ്ട് തന്നെയാണ് കരിവാരം, സൈബര്‍ കേസ് , കമറ്റ് ഓപ്ഷന്‍ അടക്കല്‍ , വീണ്ടും തുറക്കല്‍.വായനക്കാരേ ഭീഷിണിപ്പെടുത്തല്‍ ,പിന്നെ മാപ്പ് ചോദിക്കല്‍ തുടങ്ങിയ നാടകങ്ങള്‍ മലയാളം ബ്ലോഗില്‍ നടക്കുന്നത്. ഇതിന്റെയൊക്കെ പിന്നാലെ നടന്ന്, ഇതൊക്കെ ചെയ്യുന്നവന്മാരുടെ/അവളന്മാരുടെ ബ്ലോഗുകളില്‍ ഹിറ്റും, കമന്റും നേര്‍ച്ചയായി ഇടാന്‍ വേണ്ടിയാണ് മലയാളം ബ്ലോഗുകളില്‍ അനോണിത്തം ഇന്ന് കുറെ ഇളിച്ച വായന്മാര്‍ ഏറ്റവുംകൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് എന്നറിയാം. പിന്നെ ഇഷ്ടമില്ലാത്തവരെ തെറി പറയാനും.

എന്‍റെ ബ്ലോഗിന്റെ ഉദ്ദേശം ഇതൊന്നുമല്ല. ഇതെല്ലാം കൂടി പുസ്തകമാക്കണോ,ബ്ലോഗിലൂടെ സിനിമാ താരങ്ങളെ പരിചയപ്പെട്ട് തിരക്കഥ എഴുതാന്‍ അവസരമുണ്ടാക്കാനോ,ഏതെങ്കിലും ഒരു പ്രത്യേക ചിന്താ സരണിയില്‍ വായനക്കാരേ ഉത്പ്പെടുത്താനോ അല്ല , മറിച്ച് എന്‍റെ ചിന്തകള്‍, അവ സിനിമ,മാധ്യമങ്ങള്‍, രാഷ്ട്രീയം, ബ്ലോഗുകള്‍ അങ്ങിനെ എനിക്ക് ചുറ്റും നടക്കുന്ന എന്തിനെക്കുറിച്ചുള്ളതായാലും, കുറിച്ചിടാനുള്ള ഒരിടമാണ് എനിക്ക് സവ്യസാചി എന്ന ഈ ബ്ലോഗ്. ആരെങ്കിലുമൊക്കെ അവ വായിച്ചാല്‍ , വായിച്ച ശേഷം എന്‍റെ എഴുത്ത് നല്ലതെന്ന് പറയുകയോ, ചീത്തയെന്ന് വിമര്‍ശിക്കുകയോ ചെയ്‌താല്‍,സന്തോഷം.

ഇത്രയും കൂടി പറഞ്ഞത് എന്തിനാണെന്ന് വെച്ചാല്‍,ഞാന്‍ ബെര്‍ളിയല്ലേ,യേശു കൃസ്തു അല്ലേ , ശങ്കരാചാര്യരല്ലേ തുടങ്ങിയ ചോദ്യങ്ങള്‍ അടങ്ങിയ കമന്റുകള്‍ മേലില്‍ ഡിലീറ്റ് ചെയ്യും എന്നല്ലാതെ,അനോണി ഓപ്ഷന്‍ പൂട്ടാണോ,കമന്റ് മൊത്തമായി അടക്കാനോ, കമന്‍റ് മോഡറേഷന്‍ വെയ്ക്കാനോ എനിക്ക് ഉദ്ദേശമില്ല എന്ന് പറയാനാണ്.

കാരണം ജീവിതത്തില്‍ ഇന്നോളം, ആരെയും പേടിച്ച് ജീവിക്കാന്‍ ഞാന്‍ ശീലിച്ചിട്ടില്ല. ഒരു ബ്ലോഗ് തുടങ്ങിയതിന്റെ പേരില്‍ അനോണികളെ പേടിച്ച് തുടങ്ങാനും ഉദ്ദേശമില്ല. ഇതിന് മുന്‍പ് പലരെയും അനോണികളായി തെറി വിളിച്ചും,ഒരേയൊരു പോസ്റ്റിനായി ബ്ലോഗ് തുടങ്ങി തേജോവധം ചെയ്തതുമായ കഥകള്‍ എല്ലാം ഓര്‍ത്ത്‌ കൊണ്ട് തന്നെ പറയുന്നു,അനോണികളെ ഇത് കളം വേറെ, കളി വേറെ.

ഒരുത്തന്റെയും ഐ പി ട്രാക്ക് ചെയ്യാനോ,സൈബര്‍ കേസ് കൊടുക്കാനോ ഒന്നും ഞാന്‍ മിനക്കെടില്ല. ഇവിടെ പറയുന്നതിനും, ചെയ്യുന്നതിനും മറുപടി ഇവിടെത്തന്നെ തരുന്നതാണ്.ചെയ്യവുന്നതിന്റെ അങ്ങേയറ്റം നിങ്ങള്‍ ചെയ്യുക (അഭിപ്രായ സ്വാതന്ത്ര്യം ഞാന്‍ ചങ്ങലക്കിട്ടു എന്ന് പറയരുതല്ലോ),നമുക്ക് നോക്കാം.

Saturday, February 14, 2009

ബ്ലോഗിലെ അലവലാതികളെ...

ഫെബ്രുവരി പത്ത് : വായനക്കാരേ ,ചെറ്റകളെ...

ചെറ്റകളെ, ആയിരത്തി തൊള്ളായിരത്തി നാല്പത്തിയേഴിലാണെന്ന് തോന്നുന്നു ,ഞാന്‍ ബ്ലോഗ് എഴുത്ത് തുടങ്ങിയത്. അന്ന് തൊട്ടിന്നുവരെ 'എനിക്കിഷ്ടമുള്ളത് എഴുതുക,വായിക്കുന്നവന് അത് ഇഷ്ടമായാലും ഇല്ലെങ്കിലും എനിക്ക് തേങ്ങയാണ്' എന്നതാണ് എന്‍റെ എഴുത്തിന്റെ അടിസ്ഥാന തത്വം. മറ്റൊരുവന്റെയും ഇഷ്ട്ടത്തിന് ഞാന്‍ ഇന്നോളമെഴുതിയിട്ടില്ല,ഇനിയൊട്ട് എഴുതുകയുമില്ല . ഇതു സത്യം ,സത്യം, വിപ്രോ.

പക്ഷേ, സമീപ കാലത്തായി പല നാറികളും, എന്‍റെ ബ്ലോഗ് അവന്റെയൊക്കെ തറവാട്ടു സ്വത്താനെന്ന ധാരണ വെച്ച് പുലര്‍ത്തിത്തുടങ്ങിയിരിക്കുന്നു. ഈ ബ്ലോഗ് ഞാന്‍ എന്‍റെ സ്വന്തം അധ്വാനത്തില്‍ പടുത്തുയര്‍ത്തിയ ചരിത്ര സ്മാരകമാണ്.ഇവിടെ ഞാന്‍ എഴുതുന്ന ക്ലാസ്സിക്കുകള്‍,വന്ന് ഓസ്സിന് വായിച്ചിട്ട് പോകാന്‍ നിന്നെയൊക്കെ ഞാന്‍ അനുവദിക്കുന്നത് തന്നെ എന്‍റെ വിശാല മനഃസ്ഥിതി കൊണ്ടാണ്.അപ്പോഴാണ്‌ ഓരോരുത്തന്മാര്‍ ,'ഈ പോസ്റ്റ് ബോറ്' ,'ആ പോസ്റ്റ് ബോറ്', 'ഇതത്ര ഗുമ്മായില്ല, കുറച്ച് ദിവസങ്ങളായല്ലോ സിനിമയെക്കുറിച്ച് തന്നെ എഴുതുന്നു, ഇനി വേറെ വിഷയം തിരഞ്ഞെടുത്ത് കൂടെ?', 'ദിവസത്തില്‍ ഓരോ പോസ്റ്റ് വെച്ച് എഴുതണം എന്ന വാശി ഉപേക്ഷിച്ചാല്‍ , എഴുത്തിന്റെ നിലവാരം മെച്ചപ്പെടില്ലേ?' , തുടങ്ങിയ അഭിപ്രായങ്ങള്‍ കമന്‍റ് രൂപത്തില്‍ എഴുന്നള്ളിക്കുന്നത്.

നിന്റെയൊക്കെ അപ്പനപ്പുപ്പന്മാര്‍ ഉണ്ടാക്കിയ ബ്ലോഗുകളില്‍ മതി ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍,കേട്ടോടാ സൂപ്പര്‍ ഡാഷുകളെ. മലയാളം ബ്ലോഗില്‍ മാത്രമല്ല, വിശ്വസാഹിത്യശ്രേണിയിലെ തന്നെ ഇരട്ടച്ചങ്കുള്ള ഏക എഴുത്തുകാരനും,ആട് തോമയുമായ എന്നോട്, ഞാന്‍ എന്തെഴുതണം, എന്തെഴുതെണ്ടാ എന്ന് പറയുവാന്‍ നീയൊന്നും വളര്‍ന്നിട്ടില്ല. എനിക്ക് തോന്നിയത് ഞാന്‍ എഴുത്തും.നീയൊക്കെ വേണേല്‍ വന്ന് വായിച്ചിട്ട്,മിണ്ടാതെ പൊയ്ക്കോണം.

പിന്നെ എന്‍റെ പോസ്റ്റുകളുടെ നിലവാരം... അതളക്കാന്‍ ഇവിടെ ഞാനുണ്ട്. അതുകൊണ്ട് നിന്റെയൊക്കെ അളവുകോലുകള്‍ തത്കാലം മടക്കിക്കോ,അതാ നല്ലത്.

മുന്‍പേ പറഞ്ഞിട്ടുള്ളതാണ്,എങ്കിലും വീണ്ടും പറയുന്നു... ഞാന്‍ ഇവിടെ ചെയ്യുന്നതെന്തോ,അതാണ്‌ ബ്ലോഗിങ്ങ്. ഒരുത്തനെയും ഞാന്‍ അങ്ങോട്ട് വന്ന്, എന്‍റെ മഹത്തരമായ രചനകള്‍ വായിക്കാന്‍ ക്ഷണിച്ചിട്ടില്ല. ഞാന്‍ എഴുതിയത് നിനക്കൊക്കെ ഇഷ്ടപ്പെടുമോ ,ഇല്ലയോ എന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങുന്ന നിമിഷം എഴുത്ത് നിറുത്തി ഞാന്‍ ആത്മഹത്യ ചെയ്തിരിക്കും. കര്‍ത്താവാണേ സത്യം.

ഫെബ്രുവരി പതിനൊന്ന്: നിന്റെയൊക്കെ കമന്റുകള്‍, ത്ഫൂ...

ഇന്നലെ വരെ ഈ ബ്ലോഗില്‍ വായനക്കാരുടെ ആശയും,പ്രതീക്ഷയും, സന്തോഷവുമായി പരിലസിച്ചിരുന്ന കമന്‍റ് ഓപ്ഷന്‍ ഇന്ന് മുതലില്ല. നിന്റെയോന്നും കമറ്റുകള്‍,എന്‍റെ മഹത്തായ ക്ലാസ്സിക്ക് സൃഷ്ടികളിലെക്കായി ഒരു പുല്ലും സംഭാവന ചെയ്തിരുന്നില്ലെങ്കിലും,ഞാന്‍ ബ്ലോഗില്‍ കമന്‍റ് ഓപ്ഷന്‍ തുറന്ന് വെച്ചിരുന്നത്,സര്‍ഗ്ഗശേഷി തൊട്ടു തീണ്ടിയിട്ടില്ലാത്ത നീയൊക്കെ എന്നെ പുകഴ്ത്തിയെങ്കിലും സന്തോഷിക്കട്ടെ എന്ന് കരുതിയാണ്. അപ്പോള്‍ ആ സൌകര്യം മുതലെടുത്ത്‌ ചില പന്നിക്കുരിപ്പുകള്‍, എന്‍റെ രചനകളെ വിമര്‍ശിക്കാനുള്ള ധൈര്യം കാട്ടി തുടങ്ങിയിരിക്കുന്നു.

അങ്ങനെ ഒരുത്തനും ഇവിടെ കയറി ഒണ്ടാക്കണ്ടാ എന്ന് പല തവണ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇവിടെ എഴുതുന്നതെല്ലാം ,എന്‍റെ സ്വന്തമിഷ്ടപ്രകാരമാണ്. കോടിക്കണക്കിന്,കമന്‍റിടാന്‍ അറിയാത്ത വയാനക്കരുള്ള എന്‍റെ ബ്ലോഗില്‍ , കമന്റിടുന്ന അന്‍പതോ നൂറോ ചെറ്റകള്‍ മൊത്തം കൂട്ടമായി ചത്താലും ഒരു നഷ്ടവും സംഭവിക്കാനുമില്ല.

കമന്‍റ് ഓപ്ഷന്‍ അടക്കാനുണ്ടായ സാഹചര്യങ്ങളുടെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല.കാരണം ഞാന്‍ ഇവിടെ നടത്തുന്ന പരാമര്‍ശങ്ങള്‍ക്ക്,കമന്റിലൂടെ മറുപടി പറയാന്‍ നിങ്ങള്‍ക്ക് വകുപ്പില്ല. തത്കാലം ,നിന്റെയൊക്കെ കമന്‍റ് ഇരുപത്തി മണിക്കൂറും നോക്കിയിരുന്ന്,അതില്‍ എന്നെ വിമര്‍ശിക്കുന്നവ കണ്ട് പിടിച്ച് ഡിലീറ്റ് ചെയ്യാനോ,മറുപടി പറയാനോ എനിക്ക് സമയമില്ലാ എന്ന് മാത്രം ധരിക്കുക.

മാത്രമല്ല, അനോണികളായി വന്നമാരുടെ തെറി സഹിക്ക വയ്യാതെ ,അനോണി ഓപ്ഷന്‍ അടച്ചപ്പോള്‍, പുതിയ ഐ ഡി ഉണ്ടാക്കിയും ഓരോരുത്തന്മാര്‍ എന്നോട് ,കമന്‍റ് ഓപ്ഷന്‍ വേണ്ടെങ്കില്‍ അടച്ചിട്ടു പോടേ എന്ന് എന്ന് പറഞ്ഞു തുടങ്ങിയത് കൊണ്ടോ, ബ്ലോഗിലെ തന്നെ പ്രമുഖരുടെ എനിക്ക് നേരെയുള്ള പ്രതികരണം രൂക്ഷമാകുന്നത് കൊണ്ടോ ആണ് ഞാന്‍ കമന്‍റ് ഓപ്ഷന്‍ അടക്കുന്നത് എന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ലാ. ഇതിനെ എന്‍റെ ചങ്കൂറ്റത്തിന്റെ ഒരു ഡിസ്പ്ലേ ആയി മാത്രം കണ്ടാല്‍ മതി,കേട്ടോടാ പുല്ലുകളേ.

അതു കൊണ്ട് , ഇന്നു മുതല്‍ , നീയൊന്നും ഇവിടെ നിന്റെയൊക്കെ അഭിപ്രായങ്ങള്‍ എഴുന്നള്ളിക്കേണ്ട. ഇവിടെ ഞാന്‍ എഴുതി പോസ്റ്റ് ചെയുന്ന വിശ്വോത്തര രചനകള്‍,വേണമെങ്കില്‍,നല്ല സൌകര്യമുണ്ടെങ്കില്‍, വന്നു വായിച്ചിട്ട് പൊക്കോ. ഇനി നീയൊന്നും അവ വായിച്ചില്ലെങ്കിലും, എനിക്ക് ഒരു ഉണ്ടയുമില്ല.

ഫെബ്രുവരി പതിമൂന്ന് (അതിരാവിലെ):ബ്ലോഗ് ഡിലീറ്റ് ചെയ്ത്,ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു.

എന്‍റെ ബ്ലോഗില്‍ കമന്‍റ് ഓപ്ഷന്‍ അടച്ചപ്പോള്‍,പല ചെറ്റകളും, ഞാന്‍ അഹങ്കാരിയാണെന്ന് പറഞ്ഞു നടക്കുന്നു.എന്‍റെ ബ്ലോഗ് ബാന്‍ ചെയ്യിക്കണമത്രേ.

ശരിയാക്കിത്തരാമെടാ പട്ടികളെ. ഞാന്‍ തന്തയില്ലായ്മ കാട്ടിയാലും, 'കലക്കി അച്ചായ' , 'തകര്‍ത്തു ഗുരു' എന്ന് കൈയ്യടിക്കുന്ന എന്‍റെ കോടിക്കണക്കിന് വായനക്കാര്‍, ഇതാ നിന്നെയൊക്കെ ഭസ്മമാക്കുവാന്‍ പോകുന്നു.

ബ്ലോഗ് ഡിലീറ്റ് ചെയ്തു ഞാന്‍ ആത്മഹത്യ ചെയ്യണോ? വായനക്കാരേ നിങ്ങള്‍ പറയു. നിങ്ങളുടെ അഭിപ്രായം താഴെ രേഖപ്പെടുത്താം.

1) കമറ്റ് ഓപ്ഷന്‍ അടച്ചു,ഞാന്‍ വിശ്വോത്തര രചനകള്‍ തുടര്‍ന്നാലും നിങ്ങള്‍ വായിക്കുമോ?

2) അതോ കമന്റ് വേണോ?

3) ബ്ലോഗ് ഡിലീറ്റ് ചെയ്ത് ഞാന്‍ ആത്മഹത്യ ചെയ്യണോ ?

ഫെബ്രുവരി പതിനാറ്, തിങ്കളാഴ്ച്ച വൈകുന്നേരം വരെ നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായം പറയാം. അത് കഴിഞ്ഞാല്‍ പിന്നെ പറ്റില്ല.അന്ന് വൈകുന്നേരം, ഭൂരിപക്ഷത്തിന്റെ അഭിപ്രായം ഞാന്‍ ആത്മഹത്യ ചെയ്യണം എന്നാണെങ്കില്‍, ഞാന്‍ അങ്ങനെ ചെയ്തിരിക്കും, ഗോഡ് പ്രോമിസ്.

ഫെബ്രുവരി പതിമൂന്ന് (ഉച്ച തിരിഞ്ഞ്) : ഇല്ല ,ഞാന്‍ ആത്മഹത്യ ചെയ്യില്ല ...

എന്‍റെ പൊന്ന് വായനക്കാരേ,

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം ഞാന്‍ തന്നിരുന്നത് തിങ്കളാഴ്ച്ച വൈകുന്നേരം വരെയാണെങ്കിലും, സംഗതി അത്ര നീട്ടിക്കൊണ്ട് പോയാല്‍ കളി കൈവിട്ടു പോകും എന്ന് ബോധ്യമായതിനാലും,കേരളത്തില്‍ നിന്നു മാത്രമല്ല , യുറാനസ് ,നെപ്ട്ട്യൂണ്‍ ,പ്ലൂട്ടോ എന്നീ അന്യ ഗ്രഹങ്ങളില്‍ നിന്നു വരെ, എന്‍റെ മെയില്‍ ബോക്സ് നിറച്ച് കൊണ്ട് പ്രവഹിക്കുന്ന 'ബോളഗ് നിറുത്തല്ലേ അച്ചായാ' എന്നപേക്ഷിക്കുന്ന ലക്ഷക്കണക്കിന്‌ ഇ മെയിലുകളും, അമേരിക്കന്‍ രാഷ്ട്രപതി ഒബാമയുടെ ബ്ലോഗ് നിറുത്തരുത് എന്ന് എന്നോടപേക്ഷിച്ചുക്കൊണ്ടുള്ള പേര്‍സണല്‍ കോളും,എന്‍റെ മനസ്സു മാറ്റിയിരിക്കുന്നു . 
( ഹൊ ഉച്ചവരെ ,' പന്ന നായിന്റെ മോനേ നീ ബ്ലോഗും ഡിലീറ്റ് ചെയ്ത് പോയി രാജധാനി എക്സ്പ്രസ്സിന് തല വെക്കെടാ' എന്ന അഭിപ്രയങ്ങള്‍ കണ്ണീചോരയില്ലാത്തവന്മാര്‍ ലാവിഷായിട്ടല്ലേ ഇട്ടോണ്ടിരുന്നത്. ഊണ് കഴിഞ്ഞിട്ട് വന്ന് ബ്ലോഗ് തുറന്ന എന്‍റെ ചങ്ക് കത്തി പോയി. പിന്നെ 'ഞാന്‍ ബ്ലോഗ് തുടരണം' എന്ന അഭിപ്രായം ഒന്നു സ്ട്രോങ്ങാക്കി എടുക്കാന്‍ എനിക്ക് കാട്ടേണ്ടി വന്ന അത്ഭുതങ്ങള്‍ , എന്റെയമ്മോ!!! .ഇക്കണക്കിന് ,ഈ പോള്‍ ഫെബ്രുവരി പതിനാറ് വരെ നീട്ടിക്കൊണ്ട് പോയാല്‍ , ഒടുക്കം എന്‍റെ പതിനാറ് അന്ന് നടത്തേണ്ടി വരും...)

ബ്ലോഗ് നിറുത്തരുത് എന്ന് ആവശ്യപ്പെട്ട് വന്ന മെയിലുകളില്‍, എന്നെ കോരിത്തരിപ്പിച്ച ചില മെയിലുകള്‍, നിങ്ങള്‍ക്കായി ഇവിടെ കൊടുക്കുന്നു. . ഇവ ആരയച്ചു എന്ന് തത്കാലം വായനക്കാര്‍ അറിയണ്ടാ 

'പൂയ് അച്ചായാ,
മീ ഗ്രേറ്റ്‌ ഫാന്‍ യുവേര്‍സ്‌ ... യു കണ്ടിന്യു ബ്ലോഗ് ,ഐ റീഡ്. യു നോ കണ്ടിന്യു ഐ സുയിസൈഡ്'

'അച്ചായാ,
നിങ്ങള്‍ ബ്ലോഗ് നിറുത്തിയാല്‍ നിങ്ങളുടെ പഴയ പോസ്റ്റുകള്‍ , (പ്രിന്‍റ് ഔട്ട് എടുത്ത്‌ വെച്ചവ ) വായിച്ചു , വായിച്ചു , പട്ടിണി കിടന്ന് മരിക്കും. '

'ഇച്ചായ,
നിങ്ങളറിയാത്ത നിങ്ങളുടെ ഒരു ആരാധികയാണ് ഞാന്‍. നിങ്ങള്‍ ബ്ലോഗ് നിറുത്തി മലയാള സാഹിത്യത്തെ അനാഥമാക്കിയാല്‍,ഞാന്‍ നാളെ മുതല്‍ മലയാളം വായന നിറുത്തും. മാ വാരികകള്‍ പിന്നെ ഞാന്‍ കൈ കൊണ്ട് തൊടില്ല . ഇതു സത്യം , സത്യം, സത്യം.'

'ക്ലക്ല സട്ട്യി‌,

ദ്ഫ്ങശ്ഫ് ഹ്ഞുയു കിയ്റ്റ് കെയിഅന്ത്ജ്ലോ കട്ര്ര ലെയായ്ഞ'
(ഇതു നെപ്ട്യൂനില്‍ നിന്നുള ഒരു ആരാധികയുടെ മെയില്‍ )

ഇത്രയധികം ആരാധകര്‍ കണ്ണീരോടെ അപേക്ഷിക്കുമ്പോള്‍,ഞാന്‍ ബ്ലോഗിങ്ങ്‌ നിറുത്തുന്നതെങ്ങനെ? അത് കൊണ്ട്, തത്കാലം ഞാനീ കാണിച്ച പോക്ക്രിത്തരത്തിന്റെയെല്ലാം ഉത്തരവാദിത്തം അനോണികളുടെ തലയില്‍ കെട്ടിവെച്ച്, ഞാന്‍ ഇന്ന് മുതല്‍ ഉളുപ്പില്ലാതെ വീണ്ടും എഴുത്ത് തുടരാന്‍ തീരുമാനിച്ചിരിക്കുന്നു.

പൈശാചിക ഭൂരിപക്ഷത്തോടെ എന്നെ വിജയിപ്പിച്ച എന്‍റെ വായനക്കാര്‍ക്ക് നന്ദി .നിങ്ങളാണ് എന്‍റെ ബ്ലോഗിന്റെ അത്താണികള്‍,എന്‍റെ എഴുത്തിന്റെ ഊര്‍ജ ശ്രോതസുക്കള്‍. (ഒരുത്തനും വേണ്ടിയിട്ടല്ലെടാ പുല്ലുകളേ ഞാന്‍ എഴുതുന്നത് എന്നൊക്കെ കാലാ കാലങ്ങളായി ഞാന്‍ പറഞ്ഞു നടന്നിരുന്നതിനെക്കുറിച്ച് എന്നെ ആരും ഓര്‍മ്മിപ്പിക്കരുത്,പ്ലീസ്.ദിവസങ്ങള്‍ കൊണ്ട്, ഞാന്‍ എന്‍റെ ചങ്കൂറ്റവും , തന്റേടവും,നട്ടെല്ലും എല്ലാം ബ്ലേഡില്‍ പണയം വെച്ചു).

ഇന്നു മുതല്‍ ഞാന്‍ പൂര്‍വാധികം ശക്തിയോടെ വീണ്ടും പോസ്റ്റുകള്‍ ഇടുന്നതായിരിക്കും. കമന്‍റ് ഓപ്ഷന്‍ വീണ്ടും ഞാന്‍ തുറക്കും.പക്ഷേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ കാണിച്ച തരവഴികളെക്കുറിച്ച് ആരും നിങ്ങളെ വീണ്ടും ഓര്‍മ്മിപ്പിക്കതിരിക്കാന്‍ ,കമന്‍റ് മോഡറേഷന്‍ കാണും.മാത്രമല്ല ,സംഗതി സത്യമാണെങ്കിലും, ' ഇതൊരുമാതിരി നാലേ നാല് ദിവസങ്ങള്‍ കൊണ്ട് തോമാച്ചനെ , ചാക്കോച്ചനായി മാറ്റിയ എടവാടണല്ലോടാ കൂവേ 'എന്നിങ്ങനെയുള്ള കമന്റുകള്‍ വായനക്കാര്‍ കാണാതെ ഒഴിവാക്കേണ്ടത്, എന്‍റെ മാനത്തിന്റെ (അതില്‍ ബാക്കി കുറച്ച് ഇപ്പോഴും ഉണ്ടെന്ന് തന്നെയാണ് എന്‍റെ വിശ്വാസം) പ്രശനം കൂടിയാണല്ലോ ?.

അടുത്ത പോസ്റ്റ് ഉടനെ ഉണ്ടാകും.

പൊന്ന് വായനക്കാരേ, ദൈവങ്ങളെ ,അമ്മാ ,തായേ ...എല്ലാവരും അടുത്ത പോസ്റ്റും വായിക്കണേ...

എന്ന് 

ബ്ലോഗ് വേദവ്യാസന്‍ / എഴുത്തച്ഛന്‍/ കീചകന്‍ എല്ലാം ചേര്‍ന്ന,

നിങ്ങളുടെ സ്വന്തം അച്ചായന്‍

Friday, February 13, 2009

പ്രണയ ദിനത്തില്‍ കാമുകിക്കായി...

വാലെന്റൈന്‍സ്‌ ഡേ , പ്രണയിതാക്കളുടെ ജീവിതത്തിലെ അപൂര്‍വ സുന്ദരമായ ഒരു ദിനം . പ്രണയത്തിന് മാത്രമായുള്ള ഈ ദിനത്തില്‍ ( അപ്പോള്‍ വര്‍ഷത്തില്‍ ബാക്കിയുള്ള ദിവസങ്ങള്‍ പാക്കിസ്ഥാനുമായി യുദ്ധത്തിനുള്ളതാണോ എന്ന് ചോദിക്കരുത്) നിങ്ങളുടെ പ്രിയപ്പെട്ടവള്‍ക്ക് വേണ്ടി പ്രത്യേകമായി എന്തൊക്കെ ചെയ്യണം എന്ന ആശയകുഴപ്പം നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍. ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. 

പ്രണയിക്കുന്നവര്‍ക്കായുള്ള ഈ ദിനം , നായ്ക്കള്‍ക്ക് കന്നി മാസത്തില്‍ മാത്രം വരുന്ന ശാരീരിക പരിണാമം പോലെ , ഏറെ പ്രത്യേകതകളുള്ളതാണ്. ഈ ദിവസത്തില്‍ ,കമിതാക്കള്‍ തങ്ങളുടെ പ്രണയം പ്രകടിപ്പിച്ചിലെങ്കില്‍, അത് നിങ്ങളുടെ ജീവിതത്തിലെ ഒരു നികത്താനാവാത്ത നഷ്ടം തന്നെയാകും എന്നതില്‍ സംശയമില്ല . 

കാമുകന്‍മാര്‍ക്ക്,ഈ ദിനം ആശംസാ കാര്‍ഡുകളിലൂടെ ആരംഭിക്കാം. മനോഹരമായ ചിത്രങ്ങളും, ഹൃദയസ്പര്‍ശിയായ വരികളും, ഹൃദയാഘാതം വരുത്തുന്ന വിലയുമുള്ള ആശംസാകാര്‍ഡുകള്‍, നാടെങ്ങുമുള്ള കുത്തക കമ്പനികളുടെ ഔട്ട് ലെറ്റുകളില്‍ സുലഭമാണ്.
'എന്തിന് ആശംസാ കാര്‍ഡുകള്‍? മനസിലുള്ളത്, പെണ്ണിന്റെ മുഖത്ത്‌ നോക്കി പറഞ്ഞാല്‍ പോരെ?' എന്ന് ചില പ്രണയ വിരോധികള്‍ ചോദിച്ചേക്കാം. അത് മുഖ വിലക്കെടുത്താല്‍ നിന്റെയൊക്കെ ജീവിതം കോഞ്ഞാട്ടയാകും എന്ന് ഓര്‍ക്കുക. മാത്രമല്ല , ആശംസാ കാര്‍ഡുകളും, മനോഹര സമ്മാന വസ്തുക്കളും വില്‍ക്കുന്ന കുത്തകകളെ കാമുകര്‍ ഒരിക്കലും മറക്കാന്‍ പാടില്ല. കാരണം ,പത്ത് പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വാലെന്റൈന്‍സ്‌ ഡേ, ഫ്രണ്ട്ഷിപ്പ് ഡേ ,മദേര്‍സ് ഡേ ,ഫദേര്‍സ് ഡേ എന്നിങ്ങനെ പല ഡേകള്‍ ലോകത്തുണ്ടെന്ന്, അന്നോളം ടീച്ചേര്‍സ് ഡേ മാത്രം അറിയാമായിരുന്ന നിന്നെയൊക്കെ പഠിപ്പിക്കുന്നതില്‍ ഈ കുത്തകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്‌.

അത് കൊണ്ട്, വിലപിടിപ്പുള്ള കാര്‍ഡും, മനോഹരമായ സമ്മാനങ്ങളും നിങ്ങള്‍ കാമുകിക്കായി വാങ്ങുക. ഓര്‍ക്കുക ,തുക കൂടുംതോറും, അവളുടെ മനസ്സില്‍ നിങ്ങളോടുള്ള സ്നേഹത്തിന്‍റെ അളവാണ് കൂടുന്നത്.  

കുത്തക കമ്പനികളുടെ ഔട്ട് ലെറ്റില്‍ ഒരു അയ്യായിരം രൂപയെങ്കിലും നേര്‍ച്ചയിട്ട്,നിങ്ങള്‍ നേരെ പോകേണ്ടത് ഞങ്ങളുടെ ദിനപത്രത്തില്‍ ഫുള്‍ പേജ് പരസ്യം ചെയ്യുന്ന സ്വര്‍ണാഭരണക്കടയിലേക്കാണ്. പ്രണയ ദിന സ്പെഷ്യല്‍ എന്ന പേരില്‍ അവന്‍മാര്‍ അവിടെ ഒരുപാട് തട്ടിപ്പുകള്‍ ഒരുക്കിയിട്ടുണ്ടാകും . ഹൃദയത്തിന്റെ ആകൃതിയിലുള്ള പെന്‍ഡെന്‍റ്റ് മുതല്‍ നിങ്ങളുടെ സെലക്ഷന്‍ തുടങ്ങാം . കടം വാങ്ങിച്ചോ,കൊള്ളയടിച്ചോ നിങ്ങളുടെ കാമുകിക്ക്,അവളുടെ കൂട്ടുകാരിക്ക് ലഭിക്കുന്നതിനേക്കാള്‍ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങള്‍ നല്‍കുന്നു എന്ന് ഉറപ്പു വരുത്തുക.

ഇത്രയും കൊണ്ട് വാലെന്റൈന്‍ ദിനത്തില്‍ കാമുകന്‍ എന്ന നിലയില്‍ നിങ്ങളുടെ പങ്കപ്പാട് തീര്‍ന്നു എന്ന് കരുതരുത്. അവസാനമായി ,ഞങ്ങളുടെ ദിനപത്രം വഴി നിങ്ങളുടെ കാമുകിക്ക് പ്രണയ ദിനാശംസകള്‍ അയക്കാന്‍ മറക്കരുത് . ഈ സന്ദേശങ്ങള്‍ സൌജന്യമായി ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ് (നീയൊക്കെ എത്ര കൂടുതല്‍ സന്ദേശങ്ങള്‍ അയക്കുന്നു എന്നതും കൂടി കാണിച്ചിട്ട് വേണം നാളെ മുതല്‍ ആശംസാ കാര്‍ഡ് കമ്പനികളോടും, സ്വര്‍ണ്ണ വ്യാപാരികളോടും ഞങ്ങള്ക്ക് പരസ്യ തുകയില്‍ വില പേശാന്‍ ).  

നിങ്ങളുടെ കാമുകി കാണാന്‍ കൊള്ളാവുന്ന ഒരുത്തിയാണെങ്കില്‍, ചിലപ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ അവള്‍ക്ക് വേണ്ടി ചെയ്യാന്‍ നൂറുപേരുണ്ടായേക്കാം. എന്ന് കരുതി,നിങ്ങള്‍ ചെയ്യേണ്ടത് ചെയ്യതിരിക്കരുത്.കര്‍മ്മം ചെയ്യുക,അതിന്റെ ഫലം നിങ്ങളെക്കാള്‍ കാശുള്ളവന്‍ കൊണ്ടുപോയി , (ഞങ്ങളുടെ പത്രത്തില്‍ പരസ്യം ചെയ്യുന്ന) ഏതെങ്കിലും റിസോര്‍ട്ടില്‍ വെച്ച് ഭക്ഷിച്ചോളും.

ഇനി കല്യാണം കഴിഞ്ഞ പുരുഷന്മാരോട് . ഒരാവേശം തോന്നി ,കുഴിയില്‍ ചാടിയ നിങ്ങളില്‍ ഭൂരിഭാഗത്തിനും (വായിക്കുന്ന ഒരുത്തനും സ്വയം ന്യൂനപക്ഷത്താണെന്ന ചിന്ത വേണ്ട. ഈ ന്യൂനപക്ഷത്തില്‍ വിരലില്‍ എണ്ണാന്‍ പോലും ആളില്ല ) , സ്വന്തം ഭാര്യയുടെ മുഖം കണ്ടാല്‍ ,മിക്കപോഴും മറുതയെ എടുത്ത്‌ കിണറ്റിലിടാന്‍ തോന്നും എന്നറിയാം. എങ്കിലും അവള്‍ക്ക് വേണ്ടി നിങ്ങള്‍ക്കും മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യാം. ചട്ടിയിലായ മീനിന് ചൂണ്ടയിടുന്നത് പോലെയാണിത് . എങ്കിലും, കുറെ ദിവസത്തേക്ക് (ഒരു രണ്ടോ , മൂന്നോ ദിവസം ) അവള്‍ക്ക് നിങ്ങളോട് സ്നേഹം തോന്നാനും,നിങ്ങളെ നിങ്ങളുടെ പാട്ടിന് വിടാനും ഇതു സഹായിച്ചേക്കാം. ആ അവസരം മുതലെടുത്ത്‌ ,കൊള്ളാവുന്ന വല്ലവളെയും ട്യൂണ്‍ ചെയ്യാന്‍ നോക്കാവുന്നതാണ്. അതൊക്കെ നിങ്ങളുടെ കഴിവ് പോലെ . 

അപ്പോള്‍ ആഘോഷിക്കു, ആഹ്ലാദിക്കു

ഹാപ്പി വാലെന്റൈന്‍സ്‌ ഡേ 

എ കെ

Wednesday, February 11, 2009

തൂപ്പുകാര്‍ക്കാണ് മുന്‍ഗണന വേണ്ടത് : ടോമി വെടക്കന്‍

'ഇന്ത്യ നാശമാക്കിയ കോണ്ഗ്രസ്സിന്റെ' പാരമ്പര്യമനുസരിച്ച്, ഇറ്റാലിയന്‍ കുടുമ്പത്തില്‍ പിറന്നവരല്ലെങ്കില്‍ പിന്നെ പാര്‍ട്ടി ഓഫീസും,നേതാക്കളുടെ അടുക്കളപ്പുറവും അടിച്ച് വാരുന്നവര്‍ക്കും, ചായ മുതല്‍ ചാരായം വരെ നേതാക്കള്‍ക്ക് എത്തിച്ച് കൊടുക്കുന്നവര്‍ക്കും,നേതാക്കളുടെ അലക്കുകാര്‍ക്കുമാണ് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ഗണന ലഭിക്കേണ്ടത് എന്ന് ' ആള്‍ ഇന്ത്യ ചെരുപ്പ് ചുമക്കല്‍' സെക്രട്ടറി ടോമി വെടക്കന്‍ അഭിപ്രായപ്പെട്ടു. കണ്ട തൂപ്പുകാരനും , പാര്‍ട്ടി ഓഫീസില്‍ ചായ വാങ്ങാന്‍ നില്‍ക്കുന്ന കൂറകള്‍ക്കും പതിവു പോലെ സീറ്റ് വിഭജനത്തില്‍ മുന്‍തൂക്കം ലഭിക്കുമോ എന്ന് ആശങ്കയുണ്ടെന്ന ,പാര്‍ട്ടി ഓന്തുംചോല മണ്ഡലം പ്രസിഡന്റ്‌ സൈന്യാധിപന്‍ നാണുവിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വെടക്കന്‍ ഞങ്ങളുടെ റെസിഡെന്റ് എഡിറ്റര്‍ എ കെയെ കാലുപിടിച്ച് വിളിച്ച് വരുത്തി,സ്കോച്ച് സത്കാരം നടത്തിയ ശേഷം , നല്‍കിയ പ്രത്യേക അഭിമുഖം.

(വെടക്കന്റെ നാക്കില്‍ ഗോലിയുരുട്ടിയുള്ള സംസാരം, വായനക്കാര്‍ക്ക്‌ വേണ്ടി കഷ്ട്ടപ്പെട്ട് ശുദ്ധ മലയാളത്തിലാക്കിയതാണ് . വെടക്കന്റെ വെടക്ക് ഭാഷ അതേപടി പ്രസിദ്ധീകരിച്ചിരുന്നുവെങ്കില്‍, നിങ്ങള്‍ വണ്ടി പിടിച്ചു വന്നാണേലും ഞങ്ങളെ എടുത്തിട്ട് പൊതുക്കിയേനെ )

എ കെ : "സൈന്യാധിപന്‍റെ വിമര്‍ശനത്തോടുള്ള താങ്കളുടെ പ്രതികരണം ?" 

വെടക്കന്‍ :" സൈന്യാധിപന്‍, ചെറ്റ !!!. അവന് ഈ പാര്‍ട്ടിയുടെ രീതികളെക്കുറിച്ച് എന്തെങ്കിലും അറിയാമോ? കാലാ കാലങ്ങളായി പാര്‍ട്ടി കൊണ്ട് നടക്കുന്ന പവിത്രമായ ഒരു കീഴ്വഴക്കത്തെക്കുറിച്ച് ആശങ്കപ്പെടാന്‍ അവനാര്? " 

എ കെ : " താങ്കളുടെ വാക്കുകളില്‍ നിന്നും സൈന്യാധിപന്‍ ഉദ്ധേശിച്ച തൂപ്പുകാരുടെയും ,ചായ കൊണ്ട് കൊടുക്കുന്നവരുടെയും കൂട്ടത്തില്‍ താങ്കളും പെടും എന്ന് തോന്നുന്നുവല്ലോ?" 

വെടക്കന്‍ : "അനാവശ്യം പറയരുത്. ഞാന്‍ തൂപ്പുകാരനൊന്നുമല്ല . എനിക്ക് മാഡത്തിന്റെ വീട്ടില്‍ അന്തസ്സായ അലക്ക് പണിയുണ്ട് . അടിപാവട അലക്കാന്‍ എന്നെക്കഴിഞ്ഞേ ആളുള്ളൂ എന്നാണ് പാര്‍ട്ടിയില്‍ എന്നെക്കുറിച്ച് പൊതുവേയുള്ള അഭിപ്രായം " 

എ കെ :"ഇത്തവണ തിരഞ്ഞെടുപ്പിന് താങ്കള്‍ മത്സരിക്കുന്നുണ്ടോ?" 

വെടക്കന്‍ : "ആഞ്ഞ്‌ ശ്രമിക്കുന്നുണ്ട് . മാഡം കനിയും എന്ന് വിശ്വസിക്കുന്നു." 

എ കെ : "പൊതുജനവുമായി ഒരു ബന്ധവുമില്ലാത്ത ,ഇരുപത്തിനാല് മണിക്കൂറില്‍ ഇരുപത് മാഡത്തിന്റെ അലക്കും, ബാക്കി നാല് ടീ വി ക്യമാറകള്‍ക്ക് മുന്നില്‍ വിവരക്കേട് വിളമ്പലുമായി നടക്കുന്ന താങ്കള്‍ ,കേരളത്തില്‍ ഒരു തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ജയിക്കുമെന്ന വിശ്വാസമുണ്ടോ?"  

വെടക്കന്‍ : " പൊതുജനം , നാറികള്‍!!! അല്ലെങ്കിലും അവന്മാര്‍ എന്‍റെ സൌന്ദര്യം കണ്ടിട്ട് എനിക്ക് വോട്ട് തരില്ലെന്ന് എനിക്കറിയാം. പിന്നെ കേരളത്തില്‍ ആ മാമനും ,പിണവും തമ്മിലടിച്ച്
വിപ്ലവം ആകെ നാറി നില്‍ക്കുന്ന സമയമായതു കൊണ്ട് , കഴുതകളായ ജനങ്ങള്‍ മറ്റു നിവൃത്തിയില്ലാതെ ഞങ്ങളുടെ പാര്‍ട്ടിയെ ജയിപ്പിക്കും എന്നാ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അങ്ങനെ പല കാപെറുക്കികളും ജയിക്കുന്ന കൂട്ടത്തില്‍ ഞാനും ജയിച്ചേക്കും എന്നൊരു നേരിയ പ്രതീക്ഷ. ഏതിനും ,ഇത് അവസാന ചാന്‍സാ. അത് കൊണ്ട് സീറ്റ് കിട്ടും വരെ വിടില്ല ഞാന്‍. അതിനിടക്കാണ് ഓരോ തെണ്ടികളുടെ ആശങ്കകള്‍ . എന്ത് ചെയ്യുമെന്ന് നിങ്ങള്‍ തന്നെ പറയു. എന്നെ പോലുള്ളവര്‍ക്കും ജീവിക്കണ്ടേ? " 

എ കെ : " സൈന്യാധിപന്‍റെ ആശങ്കകള്‍ ഒരു പരിധി വരെ സത്യമല്ലേ ? താങ്കളെപ്പോലുള്ളവര്‍ക്ക് സീറ്റ് ലഭിച്ചാല്‍ ,പ്രവര്‍ത്തന പാരമ്പര്യമുള്ള ചില നേതാക്കള്‍ക്കെങ്കിലും അവസരം നഷ്ട്ടപ്പെടുവാന്‍ അത് കാരണമാവില്ലേ?" 

വെടക്കന്‍ : "ആദ്യം എന്‍റെ കാര്യം. പിന്നെ മതി ബാക്കി ചെറ്റകള്‍ .മാത്രമല്ല പ്രവര്‍ത്തന പാരമ്പര്യം എന്ന് നെഞ്ചും വിരിച്ച് നിന്ന് പറയാന്‍ തൊണ്ണൂറ് വയസായ ആ ഭീഷ്മര്‍ അല്ലാതെ ആരുണ്ട്‌ കേരളത്തില്‍ ഇന്ന്? തിരഞ്ഞെടുപ്പ് അടുക്കാറാകുമ്പോള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ പോയി എന്തെകിലും കുഴിത്തുരുമ്പ് പരിപാടി കാണിച്ചു , പോലീസുകാരുടെ കൈയ്യില്‍ നിന്നും കൃത്യമായി ഒരടി മാത്രം വാങ്ങി പത്രത്തില്‍ പടം വരുത്തിക്കുന്ന ആ സാദിക്കിനെ പോലുള്ള യുവ ജന ഫ്രോഡുകളോ?"

എ കെ : " ശരി...തന്ന സ്കോച്ചിനുള്ള ചോദ്യങ്ങള്‍ കഴിഞ്ഞു . എങ്കിലും , അഭിമുഖം അവസാനിപ്പിക്കുന്നതിന് മുന്‍പ് ഒരു ചോദ്യം കൂടി. താങ്കള്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ഉന്നതമായ ഒരു പദവി രാജി വെച്ചാണ് പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായത്. എന്തായിരുന്നു അതിനുള്ള പ്രചോദനം? ഇന്ത്യയിലെ ജനങ്ങളെ സേവിച്ച് ഒരു വഴിക്കാക്കാന്‍ അത്രക്ക് ആക്രാന്തമായിരുന്നോ? "

വെടക്കന്‍ : "എന്‍റെ പ്രവര്‍ത്തന മേന്മ കാരണം , ഒരാഴ്ച്ച കൂടി ഞാന്‍ ആ പദവിയില്‍ തുടര്‍ന്നിരുന്നെങ്കില്‍, ആ കമ്പനി തന്നെ എന്നെ ചവിട്ടി പുറത്താക്കുമായിരുന്നു . അതിലും ഭേദം മാഡത്തിന്റെ വീട്ടിലെ മുഴുവന്‍ സമയ അലക്കുകാരന്റെ ജോലിയാണെന്ന് എനിക്ക് തോന്നി. മാത്രമല്ല ഇതിലാണ് മെച്ചവും കൂടുതല്‍"  

എ കെ :" അപ്പോള്‍ കേരളത്തിലെ ജനത്തിന്റെ കാര്യം ഇത്തവണയും ഏതാണ്ട് തീരുമാനമായി? "

വെടക്കന്‍ : "മാഡം കനിഞ്ഞാല്‍ , തീര്‍ച്ചയായും "

കാക്ക കാക്ക : കുട്ടമ്പിള്ള റിട്ടേണ്‍സ്

ഉപക്രമം

തിരുവനന്തുരം നഗരത്തിലെ ഒട്ടു മിക്ക മാലിന്യങ്ങളും വന്നടിയുന്ന ആമയിഴഞ്ചാന്‍ തോടിന്റെ കരയിലൂടെ പാഞ്ഞ് പോകുന്ന ഒരു പച്ച ടയോട്ടാ (ടൊയോട്ട എന്ന് സായിപ്പിന്റെ മക്കള്‍ ) ക്വാളിസ് . വേഗത തെല്ലും കുറയാതെ തന്നെ ആ വണ്ടിയുടെ ,തോടിന്റെ വശത്തേക്കുള്ള പിന്‍വാതില്‍ തുറക്കപ്പെട്ടതും,അരിച്ചാക്ക് പോലെ , പോലീസ് യുണിഫോം അണിഞ്ഞ ഒരു കൂറ്റന്‍ ശരീരം തോട്ടിലേക്ക് തെറിച്ചു വീണതും മിന്നല്‍ വേഗത്തില്‍ അല്ലായിരുന്നുവെങ്കിലും , കെ. കരുണാകരന്റെ ബെന്‍സിന്റെ വേഗതയിലായിരുന്നു . തോട്ടിലെ കറുത്തു കലങ്ങിയ വെള്ളത്തില്‍ വീണ ആ ശരീരം, ഏറെ താമസിയാതെ മാലിന്യങ്ങല്‍ക്കിടയിലൂടെ ആഴങ്ങളിലേക്ക് താഴ്ന്നു.
പക്ഷെ നാടന്‍ വാറ്റ്‌ 'മണവാട്ടിയുടെ ' പൂര്‍ണ്ണമായും പാകമാകാത്ത രുചി വായില്‍ അനുഭവപ്പെട്ടപ്പോള്‍ , കര്‍മ്മധീരനായ ആ പോലീസുകാരന്‍ മിഴികള്‍ തുറന്നു. കള്ളവാറ്റ് കേന്ദ്രത്തിലല്ല ,തോടിനടിയിലാണ് താന്‍ എന്ന തിരിച്ചറിവിന്റെ ഏതാനം സെക്കണ്ടുകള്‍ക്കൊടുവില്‍ , അയ്യാള്‍ മുകള്‍ പരപ്പിലേക്ക് നീന്തി തുടങ്ങി . തോടിന്റെ ജലപരപ്പിന് മുകളില്‍ തല ഉയര്‍ന്ന പാടെ,ചുറ്റും നിറഞ്ഞിരുന്ന മാലിന്യങ്ങളുടെ സുഗന്ധം അയാളെ ബോധരഹിതനാക്കി .

നാട്ടുകാര്‍,ഫയര്‍ഫോര്‍സിന്റെ സഹായത്തോടെ ,മുന്‍സിപ്പാലിറ്റി ചവറ് വണ്ടിയില്‍ ആശുപത്രിയിലെത്തിച്ച അര്‍ദ്ധപ്രാണനായ ആ പോലീസുകാരന്‍, കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരം ഇന്റര്‍പോളിന്റെ തലവന്‍ സ്ഥാനം രാജി വെച്ച്,തിരികെ കേരളത്തില്‍ അനുദിനം വഷളാകുന്ന ക്രമസമാധാന നില നേരെയാക്കാന്‍ വന്ന മുന്‍ ഏ എസ് ഐ കുട്ടമ്പിള്ളയാണെന്ന തിരിച്ചറിവ് സംസ്ഥാനത്തെ മാത്രമല്ല , രാജ്യത്തെ ഒട്ടാകെ തന്നെ നടുക്കി .

കുട്ടമ്പിള്ളയുടെ വധ ശ്രമത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ആരോപിച്ചു. കുട്ടന്‍പിള്ളക്കെതിരെ ഗൂഡാലോചന നടത്തിയവരെ ഇന്ത്യക്ക് കൈമാറാന്‍ പാക്കിസ്ഥാന്‍ തയ്യാറാകാത്ത പക്ഷം, ആ രാജ്യം തന്നെ മണ്ണോടു മന്നക്കാന്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ ഒരുങ്ങി നിന്നു . 'കുട്ടമ്പിള്ള തനിക്ക് ജനിക്കാതെ പോയ സഹോദരന്‍ ' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും , ' കുട്ടമ്പിള്ളയോട് തനിക്കും മറ്റ് പാക്കിസ്ഥാനികള്‍ക്കും, സ്വന്തം പിതാക്കന്മാരോടുള്ളതിനേക്കാള്‍ ബഹുമാനമുണ്ട് ' എന്ന് പാക്കിസ്ഥാന്‍ ജാനാധിപതിയും മാറി മാറി ആണയിട്ടു .
സ്ഥിതിഗതികള്‍ ഇങ്ങനെ അനുദിനം കൂടുതല്‍ സംഘര്‍ഷഭരിതമാകവേയാണ് , കേരള സര്‍ക്കാര്‍ ,കുട്ടമ്പിള്ളയുടെ കുടുംബാംഗങ്ങളുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ച് , സംഭവത്തിന്റെ അന്വേഷണ ചുമതല സി ബി ഐക്കോ ,ഐ ബിക്കോ നല്‍കാതെ ,കുട്ടമ്പിള്ളയുടെ അടുത്ത സുഹൃത്തും, മുന്‍ മേലുദ്യോഗസ്ഥനുമായ പണ്ടാരമുക്ക് സ്റ്റേഷനിലെ എസ് ഐ ശശിക്ക് കൈമാറിയത്.

ഒരു 'കേരളാ' പോലീസ് ഉദ്യോഗസ്ഥന്‍റെ ജീവിതത്തിലെ ഒരു ദിവസം :

അന്വേഷണം എവിടെ തുടങ്ങണം എന്നറിയാതെ ശശി നക്ഷത്രകാലെണ്ണി സ്റ്റേഷനില്‍ ഇരിക്കുമ്പോളാണ് , അദ്ദേഹത്തെ തേടി സ്ഥലത്തെ പ്രാധാന ശവംതീനിയും , പ്രമുഖ കുത്തക പത്രത്തിന്‍റെ റെസിഡന്റ്റ് എഡിറ്ററുമായ എ കെ കടന്നു വരുന്നത്. സംഭവത്തിന്റെ അന്വേഷണത്തില്‍ ഒരു പക്ഷേ തനിക്ക് ശശിയെ സഹായിക്കാനാവും എന്ന മുഖവുരയോടെ കടന്ന് വന്ന എ കെ യെ ശശി ചായയും, കടിയും, വില്‍സും നല്കി സ്വീകരിച്ചിരുത്തി .

എ കെ : (സിഗരറ്റ് പുകക്കുന്നതിനിടെ ) " കുട്ടമ്പിള്ള സാര്‍ കേരളത്തില്‍ മടങ്ങി എത്തിയ ഉടന്‍ അന്വേഷണ ചുമതലയേറ്റ രണ്ട് കേസുകളും വളരെ ഗുരുതര സ്വഭാവമുള്ളവയായിരുന്നു എന്ന് സാറിനറിയാമല്ലോ ? "

ശശി :" ഇവിടെ നമ്മടെ പെറ്റീ കേസുകളെ ഓര്‍ക്കാന്‍ സമയം കിട്ടണില്ല. ഏത് കേസുകളെടേ അത് "

എ കെ : "ഒന്നാമതായ്, ആ പ്ലസ് ടൂ വിദ്യാര്‍ഥിനികളുടെ ആത്മഹത്യ സംബന്ധിച്ച കേസ്."

ശശി "വോ, അതില്‍ ആ രണ്ട് പിറുങ്ങിണി പയലുകളെ പിള്ള തട്ടി അകത്താക്കീലേ ?"

എ കെ : "പക്ഷേ രണ്ട് മന്ത്രി പുത്രമാര്‍ക്ക് ആ സംഭവത്തില്‍ പങ്കുണ്ടെന്ന് ഒരു ആരോപണം ഉയര്‍ന്നിരുന്നു. ഇനി പിള്ള സാറിന് അതുമായി ബന്ധപ്പെട്ട തെളിവ് വല്ലതും കിട്ടിയിട്ട്, ആ മന്ത്രി പുത്രന്മാരുടെ ആള്‍ക്കാരാകുമോ അദ്ദേഹത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചത്?"

ശശി :" ഡേ , ഡേ ...ഇപ്പം എന്തര് ഇന്റര്‍പോളെന്ന് പറഞ്ഞാലും പിള്ള കേരളാ പോലീസിന്നു പോയതാണ് കേട്ടാ.അങ്ങിനെ എന്തേലും തെളിവ് കിട്ടിയിട്ടുണ്ടേല്‍ തന്നെ അത് കൃത്യമായ് ഒരു കുഞ്ഞു പോലുമറിയാതെ മന്ത്രീടെ സമക്ഷം കൊണ്ട് കൊടുക്കാന്‍ പിള്ളേ ആരും പഠിപ്പിക്കണ്ട "

എ കെ : "അപ്പൊ മന്ത്രി പുത്രന്മാരല്ല .ഇനി അറസ്റ്റിലായ പിള്ളാരുടെ ആള്‍ക്കാര്‍ വല്ലതും ? അല്ല ഞങ്ങള്‍ പത്രക്കാര്‍ക്ക് കിട്ടിയ വിവരങ്ങള്‍ വെച്ച് ആത്മഹത്യ ചെയ്ത പെണ്ണുങ്ങളില്‍ ഒരാളുടെ ഡയറിയില്‍ കഥാ രൂപത്തില്‍ കണ്ട എന്തോ കുറിപ്പും, അവരില്‍ ഒരാളുടെ സ്നേഹം ഈ പയ്യന്മാരില്‍ ഒരാള്‍ നിരസിച്ചു എന്ന സഹാപാഠികളുടെ മൊഴിയുടെയും മാത്രം അടിസ്ഥാനത്തിലായിരുന്നല്ലോ ആ പയ്യന്മാരുടെ അറസ്റ്റ് .ഇനി അതില്‍ പ്രതിഷേധിച്ച് ആ പിള്ളാരുടെ ബന്ധുക്കള്‍ വല്ലവരും പെരുമാറിയതാണോ?"

ശശി : " എന്തര് വെവരക്കേടുകളെടേ നീയീ പൊലമ്പണത് ? ആളെ വെച്ച് പിള്ളയെ താക്കാന്‍ ശേഷിയുള്ള കുടുമ്പക്കാര് , അയ്യാളെ കാണേണ്ട രീതിയില്‍ കണ്ട് ചില്ലറകള്‍ വല്ലോം കൊടുത്താല്‍ കേസ് ഇതിലെ പരണത്ത് കേറീന്ന് ചോദിച്ചാ പോരെ ? അപ്പ ആരെങ്കിലും ഈ അടി പിടിക്ക് പോകുമോടെ ?"

എ കെ : " അത് ന്യായം . ഇനി ആ പിള്ളേരുടെ കൈയ്യിലെ മെമ്മറി കാര്‍ഡില്‍ നിന്നും പിള്ള സാറിന് ആ പെമ്പിള്ളാരെ ബ്ലാക്ക് മെയില് ചെയ്യാന്‍ അവന്‍മാര്‍ ഉപയോഗിച്ച വീഡിയോ ക്ലിപ്പുകള്‍ കിട്ടുകയും , ബന്ധുക്കള്‍ വില പേശാന്‍ ചെന്നപ്പോള്‍ ,തുകയുടെ കാര്യത്തില്‍ അവര്‍ തമ്മില്‍ തെറ്റുകയും ചെയ്തിട്ടുണ്ടെങ്കിലോ? "

ശശി : "എന്തര് കാര്‍ഡ് ? ഡേയ്, അവര് പോട്ടങ്ങള് പിടിച്ചൂന്ന് പറയണത് മൊവീലിലല്ലേ?"

എ കെ :" ഓ എന്റെ സാറേ...ഈ മൊബൈലില്‍ ഇടുന്ന ഒരു കുന്ത്രാണ്ടം തന്നെയാണ് ഈ മെമ്മറി കാര്‍ഡ്"

ശശി:"ഇതൊക്കെ ആര്‍ക്കെടെ അറിയണത്? ഏതായാലും എന്‍റെ അറിവില്‍ അങ്ങിനെ ഒന്നും കിട്ടീട്ടില്ലടേ. ആ ചത്ത പെണ്ണുങ്ങളില്‍ ഒരുത്തി ഡയറിയില്‍ എന്തോ കഥയോ , കവിതയോ എഴുതീന്ന് പറഞ്ഞില്ലേ .അതില്‍ കാമുകിയുമായുള്ള ഡിങ്കോള്‍ഫി മൊവീലില്‍ പിടിച്ചവളെ വെരട്ടണ ഒരു കാമുകനെക്കുറിച്ച് എന്തരോ സീനുകള് ഒണ്ട് . അത് വെച്ചല്ലേ പിള്ള ആ പയലുകളെ പൊക്കിയത് ?"

എ കെ : "അപ്പോള്‍ മറ്റു തെളിവുകള്‍ ?"

ശശി :" എന്തര് തെളിവുകള്‍? അതൊക്കെ ആ പയലുകളുടെ തന്തമാര് വേണ്ട പോലെ കണ്ടിലെങ്കി പോരെടെ തെളിവുകള് ഒണ്ടാക്കണത് .പിള്ള കാണാത്ത തെളിവാ ? "

എ കെ : " അപ്പോള്‍ ആ കേസല്ല പിള്ള സാറിന്റെ നേരെയുള്ള ആക്രമണത്തിന് കാരണം ?"

ശശി : "അല്ലടേ"

എ കെ : " ഈ കഴിഞ്ഞ ദിവസം ,പുറംനാടുകളില്‍ നിന്നും കരാറ് പണിക്ക് കുറെയധികം ജോലിക്കാരെ അടച്ച് മൂടിയ കണ്ടൈനര്‍ ലോറിയില്‍, ദിവസങ്ങളോളം ആഹാരവും വെള്ളവും ഒന്നു കൊടുക്കാതെ കേരളത്തിലേക്ക് കൊണ്ടു വന്നത് , നാട്ടുകാര്‍ പിടിച്ച് പോലീസിലേപ്പിച്ചില്ലേ? ആ കേസും പിള്ള സാര്‍ തന്നെയല്ലേ അന്വേഷിക്കുന്നത്? "

ശശി :" വോ തന്നെ .പക്ഷേങ്കി ആ ഫയലുകള് ക്ലോസാക്കിയല്ലോടേ? . ലോറീടെ ഡ്രൈവര്‍ക്ക് പിള്ള സ്പോട്ടില് അടിച്ചു കൊടുത്തില്ലേ മൂവായിരം ഉറുപ്പിയ പെറ്റി? ആ ജോലിക്കാര് ശവങ്ങളെ അവരുടെ കരാറുകാരന്‍ , വന്ന് കൊണ്ട് പൂവേം ചെയ്തല്ല "

എ കെ :(അതിശയത്തോടെ ) "ഇറാന്‍ പോലുള്ള രാജ്യങ്ങളില്‍ മരണ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റത്തിന് നമ്മുടെ നാട്ടില്‍ വെറും പെറ്റിയോ? അതും ഒന്നുമറിയാതെ , ആജ്ഞകള്‍ അനുസരിക്കാന്‍ മാത്രം ബാധ്യസ്ഥനായ ഡ്രൈവര്‍ക്ക്?"

ശശി : ഡേയ്, ഡേയ്...എന്തരടേ നിനക്കു പെറ്റിന്ന് പറഞ്ഞപ്പ ഒരു ജാതി പരിഹാസങ്ങള് ? പിള്ള ഇന്റര്‍പോളിലായിരുന്നപ്പ കൂടി പെറ്റി അടിച്ചിട്ടുണ്ട്, അറിയാവോടേ? നമ്മടെ ഒസാമയേയും ,ദാവൂദ് ഇബ്രാഹിമിനെയും പിള്ള ഓടിച്ചിട്ട് പിടിച്ചതല്ലേ ? ഒസാമക്ക് അഞ്ഞൂറ് അമേരിക്കന്‍ കാശും , ദാവൂദിന് നൂറു അമേരിക്കന്‍ കാശും പെട്ടിയടിച്ച്ചു, ചക്രം വാങ്ങി രെസീതും കൊടുത്തെ പിള്ള വിട്ടൊള്ളൂ . ചെല്ലാ , പെറ്റീല് കവിഞ്ഞ് കൊള്ളാവുന്ന ഒരു ശിക്ഷയും കേരളാ പോലീസിന്റെ കണക്കിലില്ല .അതാണ്‌ ഇപ്പം ഞങ്ങടെ ചോറ് , കേട്ടാടേ? . തന്നെയല്ല ആ കരാറുകാരന്‍ സാറ് പൊന്നുങ്കൊടത്ത്‌ സ്വഭാവമുള്ള ഒരു മുനഷ്യനാണെന്നാ ,പിള്ള ഇന്നലേം കൂടി എന്നെ വിളിച്ചപ്പം പറഞ്ഞത്. "

എ കെ :" അപ്പോള്‍ ആ കേസുമല്ല പിള്ള സാറിന്റെ ഈ അവസ്ഥക്ക് കാരണം. പിന്നെ എന്തായിരിക്കും?"

ശശി :" അത് കണ്ട് പിടിച്ച് തരാന്ന് മോഹിപ്പിച്ചല്ലേടെ നീ ഇത് വരെ രണ്ട് ചായയും ,നാല് വില്‍സും ഒസ്സിയത് ?"
എ കെ മറുപടിയെന്തെങ്കിലും പറയും മുന്‍പ് ,ഒരു പോലീസുകാരന്‍ കടന്നു വന്ന് , ആശുപത്രിയില്‍ ബോധം തെളിഞ്ഞ കുട്ടമ്പിള്ള എസ് ഐ ശശിയെ അന്വേഷിക്കുന്നു എന്നറിയിച്ചു.
ആശുപത്രിയിലേക്ക് പുറപ്പെട്ട ശശിക്കൊപ്പം എ കെയും കൂടി .


ശരീരത്തിന് ഒടിവും, ചതവും നല്ല രീതിയിലുണ്ടായിരുന്നുവെങ്കിലും, പിള്ളക്ക് ബോധം പൂര്‍ണ്ണമായി വീണ്ടു കിട്ടിയിരുന്നു.
"എന്തര് പിള്ളേ ഇത്? ഈ ദുരിതങ്ങള് എങ്ങനെ വന്ന് ഭവിച്ച് ?" പിള്ളയുടെ കിടക്കകരുകില്‍ സ്ഥാനം പിടിച്ച എസ് ഐ ശശി അന്വേഷിച്ചു
കുട്ടമ്പിള്ള : (ഇടക്കിടെ വേദനയാല്‍ ഞരങ്ങിക്കൊണ്ട് )"ഒന്നും പറയണ്ട സാറേ .... പെങ്ങടെ മോന്‍ ഇന്ന് ദുബായിക്ക് പോയി.ഞാനും പോയി അവന്റെ കൂടെ എയര്പോര്ട്ടില്‍ . യുണിഫോമില്‍ പോയത് കൊണ്ട് എമിഗ്രേഷന്‍ കൌണ്ടര്‍ വരെ ചെറുക്കന്റെ കൂടെ പോകാനൊത്തു ....അമ്മേ ... അവിടെ ചെന്നപ്പോള്‍ ഷാര്‍ജ വിമാനത്തില് വന്നിറങ്ങിയ രണ്ടെണ്ണം മുട്ടന്‍ കലിപ്പുകള്. കാവല് നിന്ന പോലീസുകാരെയും ,നാട്ടുകാരെയും അവന്‍മാര് കൈ വെക്കുന്നു. പോലീസുകാരന്‍ കേന്ദ്രത്തീന് ശമ്പളം പറ്റുന്നവനാനെങ്കിലും പോലീസുകാരനല്ലേ ? അവന്‍റെ ദേഹത്ത് കൈ വെക്കുന്നത് കണ്ട് ഞാന്‍ ചുമ്മായിരിക്കുന്നത് ശരിയല്ലല്ലോ . ആ രണ്ടു പയലുകളെയും .... അയ്യോ വയ്യേ.... ഞാന്‍ തൂക്കിയെടുത്ത് മുട്ടുകാല് കേറ്റി. നാട്ടുകാരും കൂടി എന്‍റെ കൂടെ . നല്ല വൃത്തിയായിട്ട് കൊടുത്ത് പഴന്തുണി പരുവത്തില്‍ രണ്ടിനെയും ഞാന്‍ തന്നെ വലിയതുറ സ്റ്റേഷനില്‍ കൊണ്ടിട്ടു. രണ്ടും വെള്ളമടിച്ചിട്ടുണ്ടെന്ന് ഡോക്ടറുടെ ഓല വാങ്ങാന്‍ തൊടങ്ങുകേം .... ദാ വരുന്നു മന്ത്രീടെ മോനും, ഒരു സിനിമാക്കാരനും. "
" ഏത് മന്ത്രീടെ മോന്‍? ഏത് സിനിമാക്കാരന്‍ ?" എസ് ഐ ശശിക്ക് അരുകിലിരുന്നിരുന്ന എ കെ യിലെ പത്രപ്രവര്‍ത്തകന്‍ ഉണര്‍ന്നു

കുട്ടമ്പിള്ള: (അവശതക്കിടയിലും എ കെയെ രൂക്ഷമായി നോക്കിക്കൊണ്ട് ) : "അതൊക്കെ ഔദ്യോഗിക രഹസ്യങ്ങളാണ് . പോടെ ,പോടെ "

എസ് ഐ ശശി : "അവര് വന്നിട്ടെന്തര് ഒണ്ടായത് പിള്ളേ? നിങ്ങള് വെവരങ്ങള് പറയീന്‍"

കുട്ടമ്പിള്ള : "ഞാന്‍ അകത്താക്കിയ പയലുകള്‍ മന്ത്രിടെ മോന്റെ അടുത്ത കൂട്ടുകാരാണത്രേ . ഇത്ര കാര്യമായിട്ട് പിള്ളാര് പറഞ്ഞതല്ലേ എന്ന് കരുതി രണ്ട് പയലുകളെയും ഞാന്‍ ചില്ലറ ചാര്‍ജ്ജിന്റെ പുറത്ത്‌ വിട്ട്. എന്നിട്ട് അവരുടെ കൂടെ സ്റ്റേഷന്റെ പുറത്തു കിടന്ന വണ്ടിയോളം ഞാനും... ചെന്നു .അതാ കുഴപ്പമായത് . വണ്ടി വിടാന്‍ തുടങ്ങിയതും, അവന്മാര്‍ എന്നെ തൂക്കിയെടുത്ത് വണ്ടിക്കകത്തിട്ടു. വണ്ടി സ്റ്റേഷന്റെ ഗേറ്റ് കഴിയും മുന്‍പ് ഇടിയും തുടങ്ങി. ദോഷം പറയരുതല്ലോ സാറേ ...നല്ല രസികന്‍ ഇടി ...നമ്മളൊന്നും ആ പിള്ളാരുടെ വെട്ടത്ത് നിക്കുകേല . എയര്‍പോര്‍ട്ടില്‍ നാട്ടുകാര്‍ കൈവെച്ചതിന്റെ ചൊരുക്കും അവന്മാര്‍ എനിക്കിട്ട് തീര്‍ത്തു. എന്നെയെടുത്ത് ഏതോ തോട്ടില്‍ അവന്മാര്‍ എറിഞ്ഞതും, മുങ്ങി ചാവാതെ ഞാന്‍ മോളിലേക്ക് നീന്തിയതും വരെ എനിക്ക് ഓര്‍മ്മയുണ്ട്. പിന്നെ കണ്ണ് തുറന്നപ്പോ കണ്ടത്, ദാ മോളീ കറങ്ങുന്ന ഫാനാ ."

എ കെ :(ആവേശത്തോടെ ) "ഇത് ചെയ്തവര്‍ ആരായാലും വിടരുത് സാര്‍.പൊക്കണം.പൊക്കി ഇടിച്ച് പതം വരുത്തണം "

കുട്ടമ്പിള്ള : (വേദന മറന്ന് , കുപിതനായ് ) " എഴുന്നേറ്റ് പോടാ നായിന്‍റെ മോനേ അവിടുന്ന്!!! ഇത്രേ സംഭവിച്ചുളളല്ലോന്ന് പഴവങ്ങാടി ഗണപതിക്ക്‌ ആയിരത്തൊന്ന് തേങ്ങ നേര്‍ന്നിട്ട് കിടക്കുവാ ഞാന്‍. ഇനി അവന്മാരെ പൊക്കാന്‍ പോയിട്ട് വേണം , എന്‍റെ തൊപ്പിയും, തലയും ഒന്നിച്ച് തെറിക്കാന്‍... അവന്‍റെ ഒരു ഉപദേശം, അലവലാതി!!!"