Thursday, December 31, 2009

വാര്‍ഷിക ചലച്ചിത്ര കുഴലൂത്ത്

ബഹുമാനപ്പെട്ട എ കെ ,

മലയാള
സിനിമയുടെ ചരിത്രത്തില്‍ ഇന്നോളം സംഭവിച്ചിട്ടില്ലാതത്ര ഉ...ഉ....ഉജാല മുക്കിയ ഒരു വര്‍ഷമായിരുന്നു ദാണ്ടേ ഈ കടന്നു പോയത്. പ്രേക്ഷകര്‍ തിരിഞ്ഞു നോക്കിയില്ലെങ്കിലും കലാ മൂല്യമുള്ള പടങ്ങള്‍ മാര്‍ച്ച്പാസ്റ്റു നടത്തുകയല്ലയിരുന്നോ. പിന്നെ കുറെ പടങ്ങള്‍ നമ്മള്‍ പത്രക്കാരും, ഇന്റര്‍നെറ്റില്‍ ബ്ലോക്കോ, ബ്ലോഗോ അങ്ങനെ ഏതാണ്ടൊക്കെ എഴുതുന്ന ചില എന്തിരവന്മാരും കൂടി കുഴലൂതി ഊതി ഹിറ്റാനെന്നു കുറച്ചു പൊട്ടന്മാരെയെങ്കിലും വിശ്വസിപ്പിച്ചില്ലേ? ലതാണ് ദാറ്റ് . അടുത്ത
വര്‍ഷവും നുമ്മ തകര്‍ക്കും.
മലയാള സിനിമയില്‍ രണ്ടായിരത്തി ഒന്‍പതില്‍ രണ്ടു മുടിഞ്ഞ സുപ്പര്‍ ഹിറ്റുകളാണ് ഉണ്ടായത് എന്നൊക്കെയാണ് നമ്മള്‍ വാര്‍ഷിക കണക്കെടുപ്പില്‍ കൂടി കുറെ കാപെറുക്കികളെയെങ്കിലും പറഞ്ഞു വിശ്വസിപ്പിക്കാന്‍ പോകുന്നത്. ടു ഹരിഹര്‍ നഗറും , പഴശ്ശി രാജയും . അപ്പൊ താങ്കള്‍ക്ക് സംശയം തോന്നാം ഹരിഹര്‍ നഗര്‍ ഓക്കേ , പക്ഷെ അമ്പതു ദിവസം കഷ്ടപ്പെട്ടു ബുദ്ധിമുട്ടി പെട്ടി തിയറ്ററുകളില്‍ ഇഴയുന്ന, ഇരുപത്തി ഏഴു കോടി രൂപ പഴശ്ശി രാജ എങ്ങനെ സുപ്പര്‍ ഹിറ്റാകും എന്ന്? നൂറു ദിവസങ്ങള്‍ കേരളത്തില്‍ പതിനഞ്ചോളം കേന്ദ്രങ്ങളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടത്തിയ വെറുതെ ഒരു ഭാര്യക്ക് കിട്ടിയത് ഒന്‍പതു കോടി രൂപയുടെ ഷെയര്‍ , ലപ്പോ എങ്ങനാടെ അമ്പതു ദിവസം മുട്ടേല്‍ ഇഴഞ്ഞ പഴശ്ശി സുപ്പര്‍ ഹിറ്റാകുന്നത്‌ വന്ന താങ്കളുടെ സ്ഥിരം ശൈലിയിലുള്ള ചോദ്യം ഞാന്‍ ഭാവനയില്‍ കാണുന്നു. പഴശ്ശി മൂ...മൂ ...മുംബാസ ആയാലും അതിന്റെ നിര്‍മാതാവിന് ലാഭം മാത്രമേ ഉള്ളു എന്ന് വെള്ളാപ്പള്ളി സാര്‍ പറഞ്ഞത് താങ്കള്‍ ഓര്‍ക്കണം. എത്ര ബ്ലാക്ക് വെളുപ്പിക്കാം? കഷ്ട കാലത്തിന് പടം മുടക്ക് മുതലും , ലാഭവും എല്ലാം കൂടി തിരികെ പിടിച്ചിരുന്നേല്‍ ഗോപാലേട്ടന്റെ ട്രൌസര്‍ കിഴിയില്ലയിരുന്നോ? അത് കൊണ്ട് പഴശ്ശി സുപ്പര്‍ ഹിറ്റ് തന്നെ .

പിന്നെ വാര്‍ഷിക കണക്കെടുപ്പില്‍ , സുപ്പര്‍ താരങ്ങളുടെ കുഴലൂത്താണ് നമ്മുടെ പ്രധാന പണി എന്നുള്ളതിനാല്‍ നാലഞ്ചു കാര്യങ്ങള്‍ നമ്മള്‍ വെടിപ്പിന് ചെയ്യും.
1) വാര്‍ഷിക കണക്കെടുപ്പില്‍ ഭ്രമരം, പാലേരി മാണിക്യം, ലൌഡ് സ്പീക്കര്‍ തുടങ്ങിയ പടങ്ങളെക്കുറിച്ച് എവിടെയെങ്കിലും പറയേണ്ടി വന്നാല്‍ 'മോഹന്‍ലാലിനെ തിരിച്ചു കിട്ടി, കളഞ്ഞു കിട്ടി', 'മമ്മൂട്ടി വിസ്മയിപ്പിക്കുന്നു, ഒലത്തുന്നു ഛെ സോറി ഉലക അഭിനയം കാഴച്ച വെയ്ക്കുന്നു ' എന്നൊക്കെ നമ്മള്‍ എഴുതും.( ഈ പണി വൃത്തിയായി ചെയ്യുന്ന ചില അവന്മാര്‍ മലയാളം ബ്ലോഗില്‍ ഉണ്ടെന്നാ കേട്ടത് മമ്മൂട്ടിയുടെ ബ്ലോഗ്‌ അഡ്മിന്‍ ചെയ്യാനോ , മോഹന്‍ലാലിന്റെ അണ്ടര്‍വെയര്‍ കഴുകാനോ ഒക്കെയുള്ള പണി സബ് കൊണ്ട്രാക്റ്റ് കിട്ടിയ ശേഷം ലവന്മാര്‍ പ്രസ്തുത താരങ്ങള്‍ക്ക് വേണ്ടി ഊത്തോട് ഊത്താണെന്നാ കേട്ടത് . വേണ്ടി വന്നാല്‍ അവന്മാരുടെ സഹായം നമുക്ക് ഈ കാര്യത്തില്‍ സ്വീകരിക്കാവുന്നതാണ്)

2) പട്ടണത്തില്‍ ഭൂതം, ലവ് ഇന്‍ സിങ്കപൂര്‍ , ഭഗവാന്‍ , എയ്ഞ്ചല്‍ ജോണ്‍ തുടങ്ങിയ പടങ്ങളില്‍ സുപ്പറുകളുടെ ഉദാത്ത അഭിനയശേഷി ചൂഷണം ചെയ്യാനുള്ള ഒരു ഇട്ടാപ്പും ഇല്ല , അതാണ്‌ ഈ പടങ്ങള്‍ വെടി തീരാനുള്ള കാരണം എന്നതാവും നമ്മുടെ ലൈന്‍

3) കഴിഞ്ഞ കൊല്ലം ആ ചീള് ചെറുക്കന്‍ പ്രിഥ്വി രാജിന്റെ രണ്ടു പടങ്ങള്‍ വല്യ കുഴപ്പമില്ലാതെ പോയത് നമ്മള്‍ മുക്കും. ലവന്‍ ഇപ്പൊ അങ്ങനെ വല്യ സ്റ്റാര്‍ ആകണ്ടാ

3) ഭാഗ്യദേവത, ഇവര്‍ വിവാഹിതരായി , പാസ്സെഞ്ചര്‍ , ഗുലുമാല്‍ തുടങ്ങി അത്യാവശ്യം കുഴപ്പമില്ലാതെ ഓടി , നിര്‍മ്മാതാവിന് ലാഭവും, മന:സമാധാനവും(സുപ്പറുകളുടെ ജാഡ സഹിക്കണ്ടാ , നായിക മുതല്‍ എക്സ്ട്രാ വരെയുള്ളവരുടെ കേസുകള്‍ അങ്ങേര്‍ അറ്റന്‍ഡ് ചെയ്തിട്ടേ ആരും എടുക്കു...അങ്ങനെ എന്തെല്ലാം പ്രയോജങ്ങള്‍ ചെറിയ പടങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടെന്നോ. തെണ്ടികള്‍!!!!) ഉണ്ടാക്കി കൊടുത്ത പടങ്ങള്‍ നമ്മള്‍ 'ഉം, വല്യ കുഴപ്പമില്ല' എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് ഒഴിവാക്കും.സുപ്പര്‍ താരങ്ങളുടെ കുഴല്‍ ഊതുന്ന നമ്മള്‍, ചെറിയ പടങ്ങള്‍ ലാഭം ഉണ്ടാക്കുന്നു എന്ന് മുഴുവനായി സമതിക്കാന്‍ പാടില്ലല്ലോ. അതും സുപ്പരുകളുടെ പടങ്ങള്‍ തറ തൊടാതെ പൊട്ടുന്ന ഈ കാലത്ത്.

അപ്പൊ അതാണ്‌ നമ്മുടെ ഒരു മലയാള ചലച്ചിത്ര വാര്‍ഷിക റിവ്യൂവിന്റെ ലൈന്‍ .ഇനി കേട്ടില്ല, പറഞ്ഞില്ല, അറിഞ്ഞില്ല എന്ന് പറയരുത്.
എന്ന്

വിശ്വസ്തതയോടെ

മാത്യു ഊത്തുപുരക്കല്‍
റെസിഡന്റ് എഡിറ്റര്‍
എ കെ 47

മലയാള സിനിമയെക്കുറിച്ച് ഇനി ഉടനെ ഒന്നും ഒരു കുന്തവും എഴുതരുത് എന്ന് വിചാരിച്ചിരുന്നതാണ്. പക്ഷേ വാരാന്ത്യത്തില്‍ നഗരത്തില്‍ ചുമ്മാ ഒന്ന് കറങ്ങാന്‍ ഇറങ്ങിയപ്പോള്‍ ഒരു കാര്യം വ്യക്തമായി. മലയാള സിനിമയെപ്പറ്റി വല്ലതും എഴുതണം എന്നുണ്ടെങ്കില്‍ ഇപ്പൊ കാച്ചണം. കുറച്ചു നാള്‍ കൂടി കഴിഞ്ഞാല്‍ ചിലപ്പോള്‍ അങ്ങനൊരു സാധനത്തിനെ മഷിയിട്ട് നോക്കിയാലും കണ്ടുപിടിക്കാന്‍ സാധിച്ചു എന്ന് വരില്ല.
നഗരത്തിലെ നാല് പ്രമുഖ തിയറ്ററുകളില്‍ മൂന്നെണ്ണത്തില്‍ വേട്ടക്കാരന്‍ (രണ്ടാഴച്ച്ചക്ക് ശേഷവും ബ്ലാക്കില്‍ ടിക്കറ്റ് വില രൂപ എഴുപത്തിയഞ്ച് ), ഒരിടത്ത് അവതാര്‍ (അവിടെ കൂട്ടയിടിയും നിലവിളിയുമാണ്, പടം കാണാന്‍) . രാജമാണിക്യം വീഞ്ഞ് പ്രജാപതിക്കുപ്പിയില്‍ വീഴ്ത്തിയ ചട്ടബിനാട് , മോഹന്‍ലാലിന്റെ എവിടയോ സ്വര്‍ഗമാണ് ( ഈ പടം കണ്ടില്ല. കാണണം. അവതാര്‍ ഒന്നൂടെ കണ്ടിട്ട് വേണം ഇനി മലയാളം കൊല വീണ്ടും ഏറ്റു വാങ്ങി തുടങ്ങാന്‍) തുടങ്ങിയ പടങ്ങള്‍ വേട്ടക്കാരനെയും , അവതാറിനെയും പേടിച്ചു റിലീസ് ഒരാഴ്ച്ച നീട്ടി വെയ്ക്കുന്നു . മലയാളം സിനിമ ഊ ...ഊ ...ഊര്‍ജ്ജസ്വലമാകാന്‍ ഇത്രയൊക്കെപോരെ???

Wednesday, December 16, 2009

പലവ്യഞ്ജന മാണിക്ക്യം : ഒരു നിരന്തര കൊലപാതകത്തിന്റെ കഥ.

എന്തെടെ നീ ഇന്നലെ എവിടെ ആയിരുന്നു?

വോ എന്തിര് പറയാന്‍ പാലേരി മാണിക്യം കാണാന്‍ പോയിരുന്നു അണ്ണാ.

എന്നിട്ട് ?

---------

എന്തെടെ ഒരു അനക്കം ഇല്ലാത്തത് ?

സത്യം പറഞ്ഞാല്‍ ഉണ്ടല്ലോ ആ പടം കണ്ടു കഴിഞ്ഞപ്പോള്‍ ജയരാജിനോട് ഭയങ്കര ബഹുമാനം തോന്നി.

ഏതു ജയരാജ്‌ ? നമ്മുടെ സംവിധായകനോ ?

വോ,തന്നെ.

ഉം?

അണ്ണാ, അങ്ങേര്‍ ദേശാടനം എടുക്കുമ്പോള്‍ അതിനിടയില്‍ തുമ്പോളി കടപ്പുറം കൊണ്ട് വരാറില്ല . അറേബ്യ ക്കിടയില്‍ പൈതൃകം കൊണ്ട് തിരുകാറില്ല അത് തന്നെ കാര്യം.

അതിപ്പോള്‍ പറയാന്‍....

കുറ്റാന്വേഷണ ചിത്രം എടുക്കാനാണ് പരിപാടി എങ്കില്‍ അത് എടുക്കണം . അല്ല കേരളത്തിലെ പഴയ സാമുഹ്യ വ്യവസ്ഥിതി കാണിക്കാനാണ് ആഗ്രഹം എങ്കില്‍ അത് ചെയണം. ഏതു എല്ലാം ഐ കൂടി കുഴച്ചു ഒരു മാതിരി അവിയല് പോലെ....

എടേ നീ തനി മലയാളീ അകാതെ. ഒരുമാതിരി സകലതിനെയും പുച്ഛം ......

മലയാളീ സകലതിനെയും പുചിച്ചതും കുറ്റം പറഞ്ഞതും ഒക്കെ പണ്ടായിരുന്നു അണ്ണാ എപ്പോള്‍ ഒരൊറ്റ ഓളത്തില്‍ എല്ലാവനും വീഴും.

ഓളമോ ? അതെന്തോന്നു ?

അണ്ണാ ഈ മീഡിയ രാജാക്കന്മാരും റിവ്യൂ രചിക്കുന്ന മഹാന്മാരും മറ്റു ശിങ്കിടികളും ചേര്‍ന്ന് ഒരുക്കുന്ന ബഹളം (പബ്ലിസിറ്റി ക്യാംപെയിന്‍ എന്ന് ഇംഗ്ലീഷില്‍ പറയും എന്നാ കേട്ടിടുള്ളത് ) സംഗതി ഓ മഹത്തരം , ഉദാത്തം , കിടിലം എങ്ങനെയുള്ള വാക്കുകള്‍ തിരിച്ചും മറിച്ചും പ്രയോഗിച്ചു ഇതൊരു ലോക സംഭവം ആണെന്ന് തോന്നല്‍ ഉണ്ടാക്കുക എന്നതാണ് സംഗതി .

എടേ നീ കാടു കേറാതെ .. ഒരു മാതിരി ബൂ ലോകത്തെ സിനിമ നിരൂപകരെ പോലെ... . സംഗതി കൊള്ളാമോ ഇല്ലെങ്കില്‍ എന്ത് കൊണ്ട്? അത് പറയെടെ.

അണ്ണാ സത്യം സത്യമായി പറഞ്ഞാല്‍ എനിക്ക് പടം പിടിച്ചില്ല.

മം എന്താ കാരണം ?

അമ്പതു കൊല്ലം മുന്‍പ് ജന്മി പീഡിപ്പിച്ചു കൊന്ന ഒരു പെണ്ണ് . അതാണ് മാണിക്യം . ജന്മിയാണ് കൊന്നത് എന്നും അയാളാണ് കേസ് തേച്ചു മാച്ചു കളഞ്ഞത് എന്നും എല്ലാര്ക്കും അറിയാം . പരാതിക്കാരും പ്രതികള്‍ എന്ന് സംശയിക്കപെട്ടവരും എല്ലാം മരിച്ചു കഴിഞ്ഞു . എന്നാലും സത്യം കണ്ടു പിടിക്കണം എന്ന് നായകന് വാശി .(മാണിക്യം മരിച്ച അതെ ദിവസം അന്ന് നായകന്‍ ഹരിദാസും ജനിച്ചത്‌ എന്നതാവാം മാണിക്യത്തെ കുറിച്ച് അന്വേഷിക്കാനുള്ള ആഗ്രഹം എന്നാണ് പറയപെടുന്നത്. (പിന്നെ ഉപബോധ മനസിന്റെ പ്രേരണ , ഉറങ്ങാന്‍ പറ്റുന്നില്ല മുതലായ സ്ഥിരം കാരണങ്ങള്‍ ) എന്നാല്‍ അതെ ദിവസം മരിച്ച നമ്പൂതിരി യെ കുറിച്ച് ആര്‍ക്കും ഒന്നും അറിയണ്ട .(വേറെ ജോലി ഇല്ലെ?).

അങ്ങനെ നായകനും അങ്ങേരുടെ ഒരു സെറ്റ് അപ്പ്‌ ഉം (ക്ഷമിക്കണം , വല്ല പാവപെട്ടവന്‍ എന്തെങ്ങിലും ഒക്കെ ചെയ്താലല്ലേ ഇത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ പറ്റു. ഇതു ബൌധിക തലത്തിലുള്ള ഉദാത്തമായ ബന്ധം) പലേരിയില്‍ എത്തുന്നു . കണ്ടവനോടൊക്കെ സംസാരിക്കുന്നു . തകര്‍പ്പന്‍ നാടകീയമായ ആത്മഗതങ്ങള്‍ തലങ്ങും വിലങ്ങും വീശുന്നു .നായകന് അറിയാവുന്ന (അയാള്‍ പലേരിയില്‍ ജനിച്ചു വളര്‍ന്ന ആളാണ് ) വിവരങ്ങള്‍ വീണ്ടും നാട്ടുകാരെ കൊണ്ട് കൊണ്ട് പറയിച്ചു നമ്മളെ കേള്‍പ്പിക്കുന്നു .അവസാനം രണ്ടു മണിക്കൂര്‍ തീരാറായി എന്നോര്‍മ വരുമ്പോള്‍ ഒരു കിടിലന്‍ ക്ലൈമാക്സ്‌ സഹിതം സത്യം പുറത്തു കൊണ്ടുവരുന്നു. ഒരു പ്രകോപനവും കുടാതെ ആകുന്നു സത്യം പുറത്തു വരുനത്‌ എന്നതാണ് ഇതിലെ ക്യാച്ച് .

എടേ അപ്പോള്‍ ക്ലൈമാക്സ്‌ ഇല്‍ ഒരു സസ്പെന്‍സും ഇല്ല എന്നാണോ ?

പൊന്നണ്ണാ, ഒരു മണികൂര്‍ കഴിഞ്ഞു സംഗതികളുടെ കിടപ്പ് മനസില്ലകുമ്പോള്‍ തന്നെ മാണിക്യത്തെ ആരു കൊന്നാലും വലിയ വിഷയം ഒന്നും ഇല്ല എല്ലാര്ക്കും അറിയാം . പിന്നെ ജന്മി തനെയാണ്‌ കൊന്നത് എന്ന് വന്നാല്‍ പിന്നെ നായകന്‍ ഈ വേഷം എന്തിനു കെട്ടി എന്നൊരു ചോദ്യം വരാം. അത് കൊണ്ട് വഴിയെ പോയ ഒരുത്തനെ പ്രതി ആക്കുന്ന പഴയ ആ എസ എന്‍ സ്വാമി നമ്പര്‍ (സിബിഐ ഡയറി കുറിപ്പ് ) വൃത്തികെട്ട രീതില്‍ ഉപയോഗിച്ചിരിക്കുന്നു .

എന്ന് പറഞ്ഞാല്‍ ......

എന്ന് വെച്ചാല്‍ അതിനു മുന്‍പോ ശേഷമോ ഒരു കുറ്റ കൃത്യമോ , ചീത്ത പേരോ ഇല്ലാത്ത മനുഷ്യന്‍ . പെട്ടന്ന് ഒരു പ്രകോപനവും കുടാതെ പൊയ് മാണിക്യത്തെ പീഡിപ്പിച്ചു എന്ന് പറഞ്ഞാല്‍ ഒരു മാതിരി കാണുന്നവനെ ഊഉ .. ആക്കുന്ന പരിപാടി അല്ലെ അണ്ണാ .

എടേ നീ അടങ്ങു . ഇതൊരു നോവല്‍ അല്ലെടെ അപ്പോള്‍ പിന്നെ അതില്‍ എഴുതിയിരിക്കുനത് പോലെ അല്ലെ പടം പിടിക്കാന്‍ പറ്റു.

അങ്ങനെ പറയുനതിന് മുന്‍പ് അണ്ണന്‍ പത്മരാജന്‍ എഴുതിയ ഉദകപ്പോള എന്ന നോവലും തൂവാനതുമ്പികള്‍ എന്ന പടവും ഒന്ന് കണ്ടു .നോക്കണം നോവല്‍ പടം ആക്കേണ്ടത് എങ്ങനെ എന്ന് മനസിലാകും .

ശരി അതൊക്കെ പോട്ടെ , നീ അഭിനയത്തെ പറ്റി പറ. മമ്മൂട്ടിയുത്പ്പടെ എല്ലാരും തകര്‍ത്തിട്ടുണ്ടോ??

നായക കഥാപാത്രം (ഹരിദാസ്‌) തിരകഥാകൃത്ത്‌ എഴുതിവിട്ട നാടകീയമായ ആത്മഗതങ്ങള്‍ തുരു തുരാ വിടുന്നു എന്നതൊഴിച്ചാല്‍ വലിയ ഉപദ്രവം ഒന്നും ചെയുന്നില്ല (കുടുംബത്തോട് കള്ളം പറഞ്ഞു ഒരു യുവ - ബുദ്ധിജീവി സുന്ദരിയും ആയി നാട് ചുറ്റാനുള്ള (പിന്നെ ബാക്കിയും) ഭാഗ്യം കണ്ടു അസൂയ പെടുനവര്‍ക്ക് അതാകാം ).ചെറിയ ഒരു ഭാഗത്ത്‌ വരുന്ന അത്ഭുത കഥാപാത്രം (?) ആത്മഹത്യ ചെയുനത് കണ്ട ആശ്വാസത്തില്‍ "ഇവന്‍ എന്തിനാ ഇതു ചെയുനത് " എന്ന് ചോദിക്കാന്‍ പോലും കണ്ടോണ്ടിരിക്കുന്നവന്‍ മറന്നു പോകുന്നു .

ശരി പക്ഷെ സൂപ്പര്‍ താരം അഭിനയിക്കുന്ന ജന്മി കഥാപാത്രം വിസ്മയിപ്പിച്ചെന്നോ , കണ്ണ് തള്ളിച്ചെന്നോ ഒക്കെയാണല്ലോ ബൂലോകത്തെ മുതലാളിമാര്‍ പോലും പറയുന്നേ .

അന്നോ?ശരി , എന്നികു തോന്നിയത് ആരോഗ്യം സമ്മതിക്കും എങ്കില്‍ തിലകന് അഭിനയിച്ചു തകര്ക്കാവുന്ന റോള്‍ ആയിരുന്നു അത് എന്നാണ് . ജീവിച്ചിരുന്നിരുന്നെങ്കില്‍ ബാലന്‍ കെ നായര്‍ ഒക്കെ പുഷ്പം പോലെ ചെയുന്ന കഥാപാത്രം . ഈ പറയുന്ന പോലെ സ്ത്രീ ലമ്പടന്റെയോ, ഇണയുടെ ശരീരം മാന്തിപ്പൊളിക്കുന്ന ക്രൂരതയുടെ ഉടമയുമായ കഥാപാത്രം നന്നായി അവതരിപ്പിക്കാന്‍ സത്യത്തില്‍ മമ്മൂട്ടി പോരാ.. ഫാന്‍ അല്ലാത്തത് കൊണ്ടാകും പ്രതേകിച്ചു കോള്‍മയിര്‍ ഒന്നും തോന്നിയില്ല. അങ്ങേര്‍ അത്യാവശ്യം ബോറായി എന്ന് തോന്നുകയും ചെയ്തു. പിന്നെ
ഒരു പക്ഷെ മറ്റു രണ്ടു വേഷങ്ങളിലും പ്രത്യേകിച്ചു ഒന്നും ചെയനില്ലത്തത് കൊണ്ടാകും അഹമ്മദ്‌ ഹാജി
കലക്കി എന്ന ഈ പ്രചരണം .
,
അനിയാ എന്തൊക്കെയായാലും ഒരു സൂപ്പര്‍ താരം തന്റെ ഇമേജ് പോലും കണക്കാക്കാതെ ഒരു നെഗറ്റീവ് വേഷം അഭിനയിച്ചത് ഒരു വലിയ കാര്യം അല്ലെ?
ഛെ ഇങ്ങേരു ഫാന്‍സിനെക്കാളും കഷ്ടം ആണല്ലോ . എന്റെ പൊന്ന് അണ്ണാ ഇങ്ങനത്തെ അഭിപ്രായങ്ങള്‍ എഴുനള്ളികുന്നതിനു മുന്‍പ് ഒരു പ്രാവശ്യം ഇവനൊക്കെ പുച്ഛം പറയുന്ന ശ്രീ പ്രേം നസീര്‍ അഭിനയിച്ച നിഴാലട്ടം എന്ന പടം ഒന്ന് കണ്ടു നോക്കണം . സ്റ്റാറായി കത്തി നില്‍ക്കുന്ന കാലത്ത്, അപ്പുറത്ത് നല്ലവനായ ഒരു ഇരട്ട വേഷ കഥാപാത്രമോ ഒന്നും തിരുകി കയറ്റാതെ , മറ്റു ന്യായങ്ങളും ഒന്നും ഇല്ലാതെ ഒരു നെഗറ്റീവ് വേഷം ചെയ്യാന്‍ കുറച്ചു അധികം ധൈര്യം വേണം എന്ന് മനസിലാകും

ആണോ സുരുക്കമാ സൊന്നാല്‍?

ആരു കൊന്നു എന്നതിന് ഒരു പ്രസക്തിയും ഇല്ല . എന്തിനു കൊന്നു എന്തിനു ഒരു പ്രസക്തിയും ഇല്ല . എന്തിനു അന്വേഷിക്കുന്നു എന്തിനു തീരെ പ്രസക്തിയില്ല . പക്ഷെ പടത്തിന് മുട്ടന്‍ പ്രസക്തിയും . എപ്പിടി..? പിന്നെ കലാസംവിധാനം കൊള്ളാം (എന്ന് വെച്ചാല്‍ അമ്പതു കൊല്ലം മുന്‍പത്തെ കേരളം കാണിക്കുമ്പോള്‍ ചുവരില്‍ രാജമാണിക്യം പോസ്റ്റര്‍ കാണാനില്ല എന്നര്‍ത്ഥം ).
എടേ അപ്പോള്‍ ഈ സിനിമയുടെ ഭാവി ...?

പതിവ് തന്നെ . ഒരു 25-30 ദിവസം ആഘോഷവും പിന്നെ നിരങ്ങി വലിഞ്ഞു കാശു കൊടുത്തു എത്തിക്കുന്ന ഒരു നൂറാം ദിന ബഹളവും
സംഭവാമി യുഗേ യുഗേ.
------------------------------

സംഗതി ലേറ്റാണ്‌ എന്ന് അറിയാം.എന്നാലും ഇപ്പോഴേ ഇട്ടാപ്പു പോസ്റ്റ് ചെയ്യാന്‍ സൌകര്യപ്പെട്ടുള്ളൂ. ഒരാഴ്ച്ച കൂടി കഴിഞ്ഞാല്‍ ജനം ഏത് പാലേരി മാണിക്ക്യം എന്ന് ചോദിക്കും എന്നുള്ളത് കൊണ്ട് മാത്രമാണ് ഇപ്പോഴെങ്കിലും ഇത് കയറ്റിയത് .

Wednesday, October 28, 2009

മലയാളത്തിന്‍റെ ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ടെക്നിക്കല്‍ പെര്‍ഫെക്ഷനുള്ള ചലച്ചിത്രം നിര്‍മ്മിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നെ തടയരുത്, പ്ലീസ്‌!!! മലയാളത്തിന് ഒരു ലോകോത്തര സിനിമ എടുത്ത്‌ കൊടുത്തെ ഞാന്‍ അടങ്ങു.

പെര്ഫെക്ഷന്റെ ആദ്യപടി എം ടി - ഹരിഹരന്‍- മമ്മൂട്ടി ടീമിനെറെ പേരുകള്‍ നീളത്തില്‍ പത്രത്തില്‍ കൊടുക്കുക എന്നതാണ്. പിന്നെ എന്ത് കോപ്രായം സ്ക്രീനില്‍ കാണിച്ചു വെച്ചാലും, ഈ ദൈവങ്ങളെ കുറ്റം പറയാന്‍ പാടുണ്ടോ എന്ന ചിന്തയില്‍ സകലവനും മിണ്ടാതിരുന്നോളും. അബദ്ധത്തില്‍ വല്ലവനും നമ്മുടെ പടത്തിനെ കുറ്റം പറഞ്ഞു പോയാല്‍ എം ടിയും, മമ്മൂട്ടിയും , ഹരിഹരനും ചേര്‍ന്നാല്‍ നല്ല സിനിമ മാത്രമേ ഉണ്ടാകു എന്ന് പത്രക്കാരും , മറ്റു മാധ്യമങ്ങളും പറഞ്ഞു പഠിപ്പിച്ചു വെച്ചിരിക്കുന്ന മണ്ടന്മാര്‍ കയറി അവന്റെ നെഞ്ചത്ത് പൊങ്കാലയിട്ടോളും.

ചരിത്രം വല്ലതും പടമാക്കിയാലോ എന്ന ആലോചനക്കിടയിലാണ് ചെഗുവരെയുടെ കഥ ഓര്‍മ്മ വന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല , അതിത്തന്നെ കച്ചവടം ഉറപ്പിച്ചു. ഇനി വേണം വല്ല കാട്ടിലും , കുന്നിലും പോയി ഒരു രണ്ടു വര്‍ഷം കിടന്നിട്ട് ഉദാത്ത പടം ഒരെണ്ണം എടുത്ത്‌ മലയാളിയുടെ മോന്തക്കിട്ട്‌ പൂശിക്കൊടുക്കാന്‍ .

പത്തു മുപ്പത് കോടി രൂപ ചിലവാക്കി , രണ്ടു വര്‍ഷങ്ങള്‍ കാട്ടിലും , മലയിലും ഒക്കെ കിടന്ന് കഷ്ടപ്പെട്ടു എന്നൊക്കെ നാല് പരസ്യവും, പത്ര വാര്‍ത്തകളും കൊടുത്താല്‍ പിന്നെ പടത്തിന്റെ നിലവാരം വല്ലതും വിഷയമാണോ?

ചെഗുവരെയുടെ കഥയാകുമ്പോള്‍ ഒളിപ്പോരാണല്ലോ പ്രധാന ആകര്‍ഷണം. അതിനു വേണ്ടി പുത്തരിക്കണ്ടം മൈതാനം ഒരു മാസത്തേക്ക് ബുക്ക്‌ ചെയ്യണം.ഒളിപ്പോരാണെന്ന് പറഞ്ഞു തുറസ്സായ സ്ഥലത്ത് കിടന്ന് കൂട്ടയടി നടത്തുക എന്നതാണ് മലയാള സിനിമയുടെ പുതിയ ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍. അത് നമ്മള്‍ കലക്കും.

പിന്നെ സ്റ്റണ്ട് സീനുകളില്‍ കയര്‍ ലാവിഷായിട്ട്‌ കാണും. പെര്‍ഫെക്ഷന്റെ ഭാഗമായി , റോപ്പ്‌ ടെക്നിക്ക്‌ ഉപയോഗിക്കുന്ന ഓരോ സീനും സ്ക്രീനില്‍ വരുമ്പോള്‍ കണ്ടിരിക്കുന്ന മൂന്ന് വയസുകാരന് വരെ ഇത് കയറാണ് എന്ന് മനസിലാകുന്ന രീതിയിലാകും ഓരോ രംഗത്തിന്റെയും ചിത്രീകരണം.

വല്ലവനും ചോദിച്ചാല്‍ , "ഇംഗ്ലീഷ്‌ സിനിമകളില്‍ കയറു കെട്ടി നടത്തിയാല്‍ നിനക്കൊന്നും ഒരു കുഴപ്പവും ഇല്ല അല്ലേടാ?" എന്ന് നമുക്ക് ചോദിക്കാം . അപ്പൊ വല്ലവനും "ഇംഗ്ലീഷ്‌ പടങ്ങളില്‍ കയറ് ഉപയോഗിച്ചാലും കണ്ടോണ്ടിരിക്കുന്നവന് അത് തോന്നാത്ത രീതിയില്‍ അവന്മാര്‍ ഡീസന്റായി അത് ചെയ്യും" എന്ന് പറഞ്ഞേക്കാം . ലവന്മാരോട് "മുന്നൂറ്‌ കോടി മുടക്കി പിടിക്കുന്ന ഇംഗ്ലീഷ്‌ പടത്തെയും, മുപ്പത് കോടിയുടെ ഈ ചിത്രത്തെയും താരതമ്യം ചെയ്യുന്നോടാ വിവരം കെട്ടവനെ ?" എന്ന് ചോദിക്കാം. പിന്നെയും ചില അവന്മാരുണ്ട് "ഇംഗ്ലീഷ്‌ പടങ്ങള്‍ നില്‍ക്കട്ടെ ,മുപ്പത് കോടി മുടക്കി എടുത്ത്‌, കയറും കോപ്പുമൊക്കെ ലാവിഷായിട്ട്‌ തന്നെ ഉപയോഗിച്ച് തെലുങ്കന്‍മാര്‍ 'മഗാധീര' എന്നൊരു പടം എടുത്തായിരുന്നു. ഇത്തരം ഒരു കോപ്പ് എടുക്കും മുന്‍പ് അതെങ്കിലും ഒന്ന് മനസിരുത്തി കണ്ടൂടായിരുന്നോ?" എന്നൊക്കെ ചോദിക്കുന്നവന്മാര്‍. അവന്മാരോട് "പ്രബുദ്ധ മലയാളികളായ എം ടി -ഹരിഹരന്‍ പിന്നെ അഭിനയ കലയുടെ കൊലപാതകി സോറി കുലപതിയായ മമ്മൂട്ടിയും ഉള്ള പടത്തിനെ ഫ്രാഡ് തെലുങ്ക് പടവുമായി താരതമ്യം ചെയ്യുന്നോ? നിനോക്കൊക്കെ തെലുങ്കന്റെ കൂറ പടങ്ങളെ പറഞ്ഞിട്ടുള്ളടാ." എന്നൊക്കെപ്പറഞ്ഞ് ഒതുക്കാന്‍ നമ്മുടെ നാട്ടില്‍ ആളുകള്‍ ഉണ്ടാകും. നമ്മള്‍ അതൊന്നും ശ്രദ്ധിക്കണ്ട. ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍, അത് ഞാന്‍ തകര്‍ത്തിരിക്കും, കട്ടായം.

റസൂല്‍ പൂക്കുട്ടി തന്നെ ഈ പടത്തിന്റെ ശബ്ദലേഖനം ചെയ്യണം എന്ന് എനിക്ക് വാശിയാണ്. അങ്ങേരെ സമയത്ത് കിട്ടിയില്ലെങ്കില്‍ വേണ്ടി വന്നാല്‍ ഈ പടം ഞാന്‍ ഒരു നിശബ്ദ ചിത്രമായിട്ടിറക്കാനും മടിക്കില്ല.ങാഹാ!! കളി എന്നോടോ? പൂക്കുട്ടി പടത്തില്‍ വന്നാല്‍ ഉടന്‍ പടം ഓസ്കാര്‍ നിലവാരത്തില്‍ ഏതിലെ എത്തി എന്ന് ചോദിച്ചാല്‍ പോരെ?

മഴയുടെയോ, കാറ്റ് വീശുന്നതിറെയോ ശബ്ദം കറക്ട്ടായിട്ട് കിട്ടിയാല്‍ ബാക്കി നമുക്ക് കൊഴുപ്പിക്കാം.പൂക്കുട്ടിയുടെ ഒരു നാല് അഭിമുഖങ്ങള്‍ പത്രങ്ങളിലും , മാസികകളിലും ഈ സിനിമയെക്കുറിച്ച് വന്നു കഴിഞ്ഞാല്‍ രാവണന്റെ കാലത്തെ ശബ്ദ ക്രമീകരണമുള്ള തിയറ്ററില്‍ ഇരുന്നു പടം കണ്ട കഴുതകളും "ഹോ!!! എന്തൊരു ഭയങ്കര ശബ്ദമാ?" എന്നേ പറയു.

പടം ഇറങ്ങുന്നതിന് ഒരു രണ്ടു ദിവസം മുന്നേ എം ടി സാറിനെക്കൊണ്ട് " ദാണ്ടെ വരുന്നെടാ മലയാളത്തിന്റെ ബെന്‍ഹര്‍" എന്നോ മറ്റോ ഒന്ന് പറയിപ്പിച്ചല്‍ ജയിച്ചു. പിന്നെ ഏതെങ്കിലും വിമര്‍ശകന്‍ വാ തുറക്കുമോ? പടം എത്ര തറയാണെങ്കിലും എംടി നല്ലതെന്ന് പറഞ്ഞതിനെ വിമര്‍ശിക്കാന്‍ എതവനെങ്കിലും ധൈര്യം കാണിക്കുമോ ?

പടം അങ്ങോട്ടിറങ്ങിയാല്‍ ബാക്കി ഫാന്‍സുകാര്‍ നോക്കിക്കോളും. പിന്നെ ആ പടമല്ലേ മലയാളത്തിന്റെ ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍. അല്ലാ എന്ന് പറയന്നവന്മാരേയോക്കെ അവന്മാര്‍ മോഹന്‍ലാല്‍ ഫാന്‍ ആക്കിക്കോളും.

അപ്പൊ എല്ലാം പറഞ്ഞത് പോലെ . ഞാന്‍ വല്ല ക്യൂബന്‍ കാടുകളിലേക്കും പോകട്ടെ. രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞ് മലയാളത്തിലെ ഏറ്റവും ടെക്ക്നിക്കല്‍ പെര്‍ഫെക്ഷന്‍ ഉള്ള പടവുമായി ഞാന്‍ ഒരു വരവുണ്ട്. നോക്കിക്കോ.


അമ്പാടി കോവാല്‍

Monday, October 26, 2009

കര്‍ത്താവും, റോമിയോമാരും, പാല്‍പ്പൊടിയും

കെ എന്‍ പി സി വി യു (കര്‍ത്താവിനെ നിദ്ര പ്രാപിപ്പിച്ച കൌണ്‍സില്‍ ഫോര്‍ വിജിലന്‍സ് & ഉഡായിപ്പ്)

തീവ്രവാദത്തിന് ഒരു പുതിയ മുഖം, അല്ലെങ്കില് ന്യൂ ഫേസ് , അല്ലെങ്കില് നയാ ചെഹരാ നല്‍കി പുതിയൊരു യുദ്ധമുഖം തുറക്കുകയാണ് ചില പന്നിക്കുരിപ്പുകള്‍. റോമിയോ ജിഹാദ്, ലവ്‌ ജിഹാദ് എന്നൊക്കെയാണ് പത്രക്കാരും, നമ്മള്‍ കര്‍ത്താവിന്റെ ജാഗ്രതാ സൈന്യക്കാരും ഈ പരിപാടിയെ , അല്ലെങ്കില്‍ പദ്ധതിയെ വിളിക്കുന്നത്‌ .

ആസൂത്രിത പ്രണയവും മതം മാറ്റവും
പോക്രിത്തരമല്ലിയോ ഇവന്മാര്‍ കാണിക്കുന്നത് ? പാല്‍പ്പൊടിയും . കമ്പളി പുതപ്പും കൊടുത്ത് നമ്മുടെ കര്‍ത്താവിന്റെ മണവാട്ടിമാര്‍ ആദിവാസികള്‍ മുതല്‍ ഏത് ജാതിക്കാരെയും മതം മാറ്റി കര്‍ത്താവില്‍ അഭയം പ്രാപിപ്പിക്കുന്നത് പോലെ വല്ല പരിപാടിയുമാണോ ഇത്? നമ്മുടെ സഭയുടെ ഫീമെയില്‍ കുഞ്ഞാടുകളെ പ്രണയിച്ച്, അല്ലെങ്കില് ലൈന്‍ അടിച്ചു, അല്ലെങ്കില് വളച്ച് ചാടിച്ചോണ്ട് പോയി മതം മാറ്റുക എന്നൊക്കെ പറഞ്ഞാല്‍? വൃത്തികെട്ടവന്മാര്‍ !!!

കൃത്രിമമായി ഒരുക്കുന്ന പ്രണയക്കുരുക്ക്
വളരെ ബോധപൂര്‍വ്വം ഒരു പ്രണയക്കുരുക്ക് നിര്‍മ്മിക്കുകയാണ് ലവ്‌ ജിഹാദികള്‍ ആദ്യം ചെയ്യുന്നത്. പ്രണയത്തിന്റെ ആരംഭത്തില്‍, മാന്യമായ പെരുമാറ്റം, സമ്പന്നമായ വസ്ത്ര ധാരണം എന്നിവയാല്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുക എന്നതാണ് ഇവരുടെ തന്ത്രം.

ആദ്യം തന്നെ ഇവരെ ബ്ലാക്ക്‌ മെയില്‍ ചെയ്യാനുള്ള തന്ത്രങ്ങള്‍ മെനയപ്പെടുന്നു . അശ്ലീല സിഡികളില്‍ തളയ്ക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് പിന്നെ ഒരിക്കലും സമൂഹത്തില്‍ സ്വന്തന്ത്രമായി ജീവിക്കാന്‍ സാധിക്കുന്നില്ല. ഒന്നുകില്‍ ആത്മഹത്യ അല്ലെങ്കില്‍ ലൈംഗിക പീഡനങ്ങള്‍ക്കും (പ്രകൃതി വിരുദ്ധം ഉത്പ്പടെ. ഹോ!!! ) കമ്പ്ലീറ്റ് പരിപാടികള്‍ക്കും വഴങ്ങിക്കൊടുക്കുക എന്നത് മാത്രമാകും പിന്നെ ഇവര്‍ക്ക് മുന്നിലുള്ള വഴികള്‍. അല്ല, അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുകയാണ്, ഇതിനൊക്കെ വേണ്ടി നിങ്ങള്‍ എന്തിനു ലവ് /റോമിയോ ജിഹാദികളെ അന്വേഷിച്ചു ബുദ്ധിമുട്ടണം . വല്ല പയസ് ട്വന്റിയോ തേര്‍ട്ടിയോ കോണ്‍വെന്റിലും ചേര്‍ന്നാല്‍ പോരെ? ലൈംഗിക പീഡനം, ആത്മഹത്യ എന്നിവയില്‍ നിങ്ങള്‍ക്ക് തിയറി/ പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ എടുക്കാന്‍ ഫാദര്‍ പൂച്ചത്രിക്ക , ഫാദര്‍ പാന്റൂരാന്‍, സിസ്റ്റര്‍ ബഫി തുടങ്ങിയ എത്രയെത്ര പ്രഗത്ഭരാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ളത് .

ഇങ്ങനെ പെണ്‍കുട്ടികള്‍ നമ്മുടെ കൂട്ടത്തില്‍നിന്നും ചാടി പോകുന്നത് തടയേണ്ടത് നിയമം ഒന്നുമല്ല. ഇനി നിയമം ഉണ്ടാക്കാന്‍ പോയി ,മത പരിവര്‍ത്തനം എങ്ങാനും നിരോധിക്കപ്പെട്ടാല്‍ നമ്മുടെ ആപ്പീസ് ഏതിലെ പൂട്ടി എന്ന് ചോദിച്ചാല്‍ മതി (തമിഴ്‌ നാട്ടിലൊക്കെ ഉഡായിപ്പ് മത പരിവര്‍ത്തനം നിറുത്തലാക്കിയത് കൊണ്ടുണ്ടായ ക്ഷീണം നമുക്കിതുവരെ മാറിയിട്ടില്ല എന്നത് ഈ അവസരത്തില്‍ സ്മരിക്കുക കുഞ്ഞാടുകളെ). അത് കൊണ്ട് ഇത്തരക്കാരെ നമ്മള്‍ തന്നെ തടയണം എന്നാണ് കൌണ്‍സിലിന്റെ അഭിപ്രായം.

അതിനായി പെണ്‍കുട്ടികളുടെ മാതാ പിതാക്കള്‍ക്കായി കൌണ്‍സില്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നു
1) നിങ്ങളുടെ കുട്ടികളുടെ മൊബൈല്‍ , ഇന്റര്‍നെറ്റ് ഉപയോഗം സദാ നിരീക്ഷിച്ചേക്കണം.

2) ഐസ്ക്രീം പാര്‍ലര്‍, ഇന്റര്‍നെറ്റ്‌ കഫേ തുടങ്ങിയ അടച്ചുറപ്പുള്ള പൊതു സ്ഥലങ്ങള്‍ സദാ നിരീക്ഷിക്കണം. നിങ്ങള്‍ക്ക് ഇതില്‍ വല്ല ബുദ്ധിമുട്ടും ഉണ്ടേല്‍ പറഞ്ഞാല്‍ മതി, നമ്മുടെ യൂത്ത് മൂവ്മെന്റിലെ പണിയില്ലാത്ത കുറെ കുഞ്ഞാടുകളെ ഇതിലേക്കായി വിട്ട് തരാം.അവര്‍ക്കും ഒരു പണിയാവട്ടെ.

3) കുട്ടികള്‍ നിങ്ങളോട് അകല്‍ച്ച പാലിക്കുക, സദാ സമയം മുറിയില്‍ കതകടച്ചിരിക്കുക തുടങ്ങിയ സ്വഭാവങ്ങള്‍ കാണിച്ചു തുടങ്ങിയാല്‍ സംശയിക്കണ്ട, അത് ലവ് ജിഹാദ് തന്നെ. ഉടനെ അവരെ പിടിച്ച് ഇടവക വികാരിയുടെ മുന്നില്‍ എത്തിക്കുക. ബാക്കി അദ്ദേഹം നോക്കിക്കൊള്ളും


4) ഇടവക വികാരിയുടെ കൈയ്യില്‍ നില്‍ക്കാത്ത കേസുകെട്ടുകള്‍ പയസ് കോണ്‍വെന്റുകളിലേക്ക് റെഫര്‍ ചെയ്യുന്നതാണ്. കോടാലി കൈ , കിണര്‍ തുടങ്ങിയ കുരിശിന്റെ വഴിയിലേക്കുള്ള മാര്‍ഗ്ഗദര്ശികള്‍ ഉപയോഗിച്ചുള്ള കൌണ്സിലിങ്ങില്‍ എന്നതായാലും ഒരു തീരുമാനം ഉണ്ടാകും.

5) ഇത്രയൊക്കെ മുന്‍കരുതലുകള്‍ എടുത്താലും ചില അവളന്മാര്‍ ചാടി പോകും. ചാടി പോയത് മുസ്ലീം പയ്യന്റെ കൂടെയാണെങ്കില്‍, ഇനിയവന്‍ ജനിച്ചിട്ട്‌ നിങ്ങളുടെ നാടിന്റെ അതിര്‍ത്തിക്കപ്പുറം പോകത്തവനാണെങ്കില്‍ കൂടി, താലിബാന് വേണ്ടി ലവ് ജിഹാദ് നടത്താനാണ് നിങ്ങളുടെ മകളെ അടിച്ചോണ്ട് പോയത് എന്ന് പോലീസില്‍ പരാതി കൊടുത്തേക്കുക. പയ്യന് മുന്‍ തീവ്രവാദ ബന്ധങ്ങള്‍ ഒന്നും ഇല്ല എന്നതൊന്നും ഇവിടെ വിഷയമല്ല. നമ്മുടെ സുവിശേഷ പത്രങ്ങള്‍ , നമ്മോട്‌ അനുഭാവമുള്ള മറ്റു മാധ്യമങ്ങള്‍ ഇവയിലൂടെ സംഗതികള്‍ നമുക്ക് വെടിപ്പാക്കാം.

ഫാദര്‍ കോണി പാല്‍പ്പൊടി
സെക്രെട്ടറി ,
കെ എന്‍ പി സി വി യു

Sunday, October 18, 2009

പഴശൂംംംംരാജ

മലയാളത്തിന്‍റെ ലോക എനിമ ഛെ സിനിമ പഴശ്ശി രാജ കേരള ചരിത്രത്തെ കുറിച്ച് എന്നെപ്പോലുള്ള വിവരദോഷികളെ പ്രബുദ്ധരാക്കാന്‍ ഗോകുലം ഗോപാലന്‍ സാര്‍ പത്തു മുപ്പതു കോടി രൂപ ചുമ്മാ പോട്ട് പുല്ലെന്ന് മുടക്കി എടുത്ത പടമാണെന്നാണ് തിയറ്ററിനു മുന്നില്‍ ലഡ്ഡു വിതരണം നടത്തിയ മമ്മൂട്ടി ഫാന്‍സ്‌ ചേട്ടന്മാര്‍ പറഞ്ഞത്.

പടം കണ്ടപ്പോള്‍ തോന്നി,ഇത് ചരിത്രത്തിന്റെ സത്യസന്ധമായ ആവിഷ്കാരമാണെങ്കില്‍ പഴശ്ശി രാജയെ ബ്രിട്ടീഷുകാര്‍ കൊന്നതില്‍ ഒരു അത്ഭുതവും ഇല്ല. ഒളിപ്പോര്‍ ആയിരുന്നല്ലോ പഴശ്ശിയുടെ യുദ്ധ തന്ത്രം. ഹരിഹരന്‍ എം ടി മമ്മൂട്ടി ടീമിന്റെ ഈ മൈ...മൈ ...മൈനാക പടത്തില്‍ കാണിച്ചിരിക്കുന്നത്‌ പോലെയാണ് ഒര്‍ജിനല്‍ പഴശ്ശി യുദ്ധം ചെയ്തതെങ്കില്‍ അങ്ങേരെ കൊല്ലാന്‍ ഈസ്റ്റ്‌ ഇന്ത്യ കമ്പനി പട്ടാളം ഒന്നും വേണ്ട.നമ്മുടെ ലോക്കല്‍ പി സി കുട്ടമ്പിള്ളയും ,അഞ്ചു പോലീസുകാരും മതി.

ചിത്രത്തിലെ ആദ്യ യുദ്ധ രംഗം കണ്ടപ്പോള്‍ സത്യത്തില്‍ കിടുങ്ങിപ്പോയി. കുരുത്തോല കൊണ്ട് കര്‍ട്ടന്‍ കെട്ടി മുഖം മറച്ച നാലഞ്ചു ആദിവാസികള്‍ ഒളിഞ്ഞിരുന്നു പട്ടാളത്തിനു നേരെ അമ്പെയ്യുന്നു. ഒരു വന്‍ മരത്തില്‍ നിന്നും പരുന്ത് പറന്നിറങ്ങുന്ന പോലെ ചാടി വീഴുന്ന മനോജ്‌ കെ ജയന്‍. കുറ്റിക്കാട്ടില്‍ പതുങ്ങിയിരിക്കുന്ന പദ്മപ്രിയയും ടീമും. അത്രയും വരെ ഒകെ. പിന്നെ പഴശ്ശി ഒളിപ്പോര്‍ നടത്താനാണ് പറഞ്ഞത് എന്ന് മറന്നു പോയിട്ടായിരിക്കണം, ഒരു തുറന്ന പ്രദേശത്ത്‌ കൂട്ടയടിയാണ് അവര്‍ നടത്തുന്നത്. പത്തിരുന്നൂറ് ബ്രിട്ടീഷ്‌ പട്ടാളക്കാരുടെ പരിപ്പെടുക്കുന്ന നല്ല അമറന്‍ അടി.

ചിത്രത്തിന്‍റെ കഥ പോരാളിയായ രാജകുമാരനെക്കുറിച്ചായത് കൊണ്ട് യുദ്ധ രംഗങ്ങള്‍ ലാവിഷ്. അത് ചിത്രീകരിച്ചിരിക്കുന്നതോ , വിജയ്കാന്ത് ചിത്രങ്ങളെ വെല്ലുന്ന രീതിയില്‍ കയറുകള്‍ ഉപയോഗിച്ചും. മമ്മൂട്ടിയും ശരത്കുമാറും തമ്മിലെ പരിശീലന പയറ്റ് മുതല്‍ കഥാപാത്രങ്ങള്‍ ഫുള്‍ ടൈം അന്തരീക്ഷത്തിലാണ്.

ചരിത്രത്തെ ഉദ്ധരിക്കുന്നതിന്റെ കൂടെ ആലപ്പുഴയിലെ കയറ് വ്യവസായത്തെ കൂടി പ്രോത്സാഹിപ്പിക്കാം എന്ന് വിചാരിച്ചായിരിക്കണം ഗോകുലം ഗോപാലേട്ടന്‍ യുദ്ധ രംഗങ്ങളില്‍ കയറു കെട്ടി ആളെ പൊക്കുന്ന നമ്പര്‍ വാരി വിതറിയത്.

ചിത്രത്തിന്‍റെ തിരക്കഥ ഇനി ഓസ്കാറിന് അയച്ചില്ലെങ്കില്‍ കൂടി അവന്മാര്‍ ഒന്നോ രണ്ടോ ഓസ്കാര്‍ ഇങ്ങോട്ട് കൊണ്ട് തരാന്‍ സകല സാധ്യതയുമുണ്ട്.
ഒരു ചെറിയ സാമ്പിള്‍ ദാ. അനുയായിയായ തലക്കല്‍ ചന്തുവിനെ ചതിയില്‍ പിടിച്ച് തൂക്കികൊല്ലുന്നതിന് പകരമായി പഴശ്ശി രാജ ഒറ്റയ്ക്ക് ബ്രിട്ടീഷുകാരുടെ താവളം ആക്രമിച്ച് കുറെ വല്യ സായിപ്പന്മാരെ തട്ടുന്നു. ഉള്ളതില്‍ ഒരു വല്യ സായിപ്പിന്റെ ശവം തൂക്കുമരത്തില്‍ കെട്ടിത്തൂക്കി ഇടുന്നു. സാധാരണ അങ്ങനെ ഒരു കര്‍മ്മം പഴശ്ശിയുടെ വിജയമല്ലേ? പക്ഷെ എം ടിയും ഹരിഹരനും പറയുന്നത് അങ്ങനെയല്ല എന്നാണ്. കാരണം മേല്‍പറഞ്ഞ സംഭവം കഴിഞ്ഞ ഉടന്‍ ചിത്രത്തില്‍ നടക്കുന്നത് പഴശ്ശിയുടെ പട്ടാളത്തില്‍ നിന്നും ആളുകള്‍ കൂട്ടമായി പിരിഞ്ഞ് ബ്രിട്ടീഷ്‌ പട്ടാളത്തിന് മുന്നില്‍ കീഴടങ്ങുന്നതാണ്. പോട്ടെ പാവങ്ങള്‍ പേടിച്ചു പോയിക്കാണും എന്ന് കണ്ടിരിക്കുന്നവന്‍ വിചാരിക്കുമ്പോഴേക്കും, നല്ല തണ്ടും തടിയുമുള്ള പുലി പോലൊരുത്തന്‍ കീഴടങ്ങാന്‍ പോകും വഴി മമ്മൂട്ടിക്ക് മുന്നില്‍ വന്നു നിന്ന് ഒരു ഡയലോഗ് "ആയുധം എടുക്കാന്‍ ശക്തി വീണ്ടു കിട്ടിയാല്‍ ഞങ്ങള്‍ തിരിച്ച് വരും " എന്ന് . കൊടുക്കണ്ടേ തിരക്കഥക്കും സംഭാഷണത്തിനും സ്പോട്ടില്‍ അവാര്‍ഡ്?

ഹരിഹരന്റെ സംവിധാനത്തിന്റെ മികവ് പൂര്‍ണ്ണമായി പ്രകടമാകുന്നത് യുദ്ധരംഗങ്ങളിലാണ്. ആഫ്രിക്കന്‍ കുഴല്‍ തോക്ക് (ഡാര്‍ട്ട് ഗണ്‍:- ഊതി വിഷ സൂചി തെറിപ്പിക്കുന്നരണ്ട് ലാ സാധനം) ഉപയോഗിക്കുന്ന വയനാടിലെ ലോക്കല്‍ ആദിവാസികള്‍ പങ്കെടുക്കുന്ന അത്ഭുതകരമായ യുദ്ധ രംഗങ്ങള്‍ ഒരു പക്ഷെ ലോക സിനിമയില്‍ മറ്റൊരിടത്തും കാണാന്‍ സാധിക്കില്ല.

പടം ക്ലൈമാക്സില്‍ എത്തുമ്പോഴേക്കും ഹരിഹരന്‍ ഫുള്‍ ഫോമിലാകും. ഇരുപത്തിയന്ച്ചില്‍ കൂടാത്ത സൈന്യ ബലവുമായി പഴശ്ശി ഒരു പുല്‍മേട്ടില്‍ ബ്രിട്ടീഷുകാരെ അഭിമുഖീകരിക്കുന്നു. "ഐ ആം പഴശ്ശി ..." എന്ന് രണ്ടു ഇംഗ്ലീഷ്‌ ഡയലോഗ് അടിച്ച് സായിപ്പിനെ വിരട്ടുന്നു (മമ്മൂട്ടി മാക്സിമം പരത്തി ഇംഗ്ലീഷ്‌ പറയാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും എനിക്ക് ഇന്‍സ്പെക്ടര്‍ ബല്‍റാമിലെ "ഉസ് ഷേര്‍ കാ നാം ഹേ ഇന്‍സ്പെക്ടര്‍ ബല്‍റാം" എന്ന ഹിന്ദി ഡയലോഗിന്റെ കനം അനുഭവപ്പെട്ടു പഴശ്ശിയുടെ ഇംഗ്ലീഷില്‍). മമ്മൂട്ടിയുടെ ഇംഗ്ലീഷ്‌ കേട്ട സായിപ്പ് "വെക്കടാ വെടി !!!" എന്ന് ഉത്തരവിടുന്നു. അപ്പൊ ദാണ്ടേ ചാടി വീഴുന്നു വേറൊരു സായിപ്പ് "ടിയാനെ ജീവനോടെ പിടിക്കണം എന്നാണ് ഡങ്കന്‍ (ഡിങ്കന്‍ അല്ല) സായിപ്പിന്റെ ഉത്തരവ്‌" എന്ന്. മറ്റേ സായിപ്പ് വെടി ക്യാന്‍സല്‍ ചെയ്ത് അടി തുടങ്ങാന്‍ പറയുന്നു. പിന്നെയങ്ങോട്ട് ബാലഭവന്‍ പിള്ളാരുടെ മഹാഭാരതം നാടകത്തിനെ വെല്ലുന്ന യുദ്ധമാണ് . ഇടയ്ക്ക് ട്രോയ് , 300 തുടങ്ങിയ ഇംഗ്ലീഷ്‌ ചിത്രങ്ങളുടെ ഓര്‍മ്മയില്‍ മമ്മൂട്ടി ചില അന്യായ കോമഡികളും കാണിക്കുന്നുണ്ട്. ഒടുവില്‍ സായിപ്പ് മമ്മൂട്ടിയുടെ കോമഡി സഹിക്കാന്‍ വയ്യാതെ അങ്ങേരെ വെടി വെച്ചു കൊല്ലുന്നു.
അപ്പോള്‍ ഡങ്കന്‍ സായിപ്പിന്റെ ഉത്തരവ്‌? അത് ക്ലൈമാക്സില്‍ മമ്മൂട്ടിക്ക് കുറെ ഷോകള്‍ കാണിക്കാനുള്ള അവസരം കൊടുത്തിട്ടേ വെടി വെച്ച് കൊല്ലാന്‍ പാടുള്ളു എന്നാണ് ഡങ്കന്‍ രഹസ്യമായി ഉത്തരവ്‌ കൊടുത്തത് എന്ന് ഊഹിക്കാനുള്ള ബുദ്ധി മലയാളികള്‍ക്കുണ്ട് എന്ന് ഹരിഹരന് അറിയാം. അത് കൊണ്ട് പഴശ്ശി മരിച്ചു കഴിഞ്ഞ് ജീവനോടെ പിടിക്കാനുള്ള ഉത്തരവിനെക്കുറിച്ച് ആരും ഒരക്ഷരവും മിണ്ടുന്നില്ല.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. പഴശ്ശിയുടെ സേനാനാകനായ ഇടച്ചേന കുങ്കന്‍ എന്ന പോരാളിയായി ശരത്കുമാര്‍ നന്നായിട്ടുണ്ട്. ശരിക്കും ഒരു അപരാജിതനായ യോദ്ധാവിന്റെ കെട്ടും മട്ടും കുങ്കനില്‍ കൊണ്ട് വരാന്‍ ശരത്കുമാറിന് കഴിഞ്ഞിട്ടുണ്ട്. എനിക്കൊപ്പം പടം കണ്ട ഒരു സുഹൃത്ത് പറഞ്ഞ "പടത്തിലെ ബാക്കിയുള്ള സകലവന്മാരും ബോറായത് കൊണ്ട് കൂടെയാണ് ശരത്കുമാര്‍ തകര്‍ത്തു എന്ന് നിനക്ക് തോന്നിയത്" എന്ന വാക്കുകളും സത്യമാവാം.

പദ്മപ്രിയയുടെ നീലി എന്ന ആദിവാസി പോരാളി യുവതിയുടെയും ,മനോജ്‌ കെ ജയന്റെ തലക്കല്‍ ചന്തു എന്ന കഥാപാത്രത്തിന്റെയും പാത്രസൃഷ്ടി വടക്കന്‍ വീരഗാഥയിലെ അരിങ്ങോടരെ സൃഷ്ടിച്ച അതേ തൂലിക തന്നെ നടത്തിയിരുന്നുവെങ്കില്‍ എന്ന് തോന്നിപ്പോയി. സ്ക്രീനില്‍ തിളങ്ങാന്‍ ഏറെ അവസരങ്ങള്‍ ഒന്നും കഥയില്‍ ഇരുവര്‍ക്കും ഇല്ല എന്നത് ഒരു ദുഃഖസത്യം .
വില്ലന്മാര്‍ എല്ലാം കണക്കാ. എല്ലാവരും ഒരുമാതിരി നേരത്തെ ഹിസ്റ്ററി ബുക്ക്‌ വായിച്ച് ക്ലൈമാക്സില്‍ പഴശ്ശി മരിക്കും എന്ന് മനസിലാക്കിയ മട്ടിലാണ് തെക്ക് വടക്ക് നടക്കുന്നത്. ഏറെ ഫുട്ടെജ് ഉള്ള സുമന്‍ പോലും ഒരു ജാതി സ്വപ്നാടനം നടത്തുന്ന ഭാവത്തിലാണ് ഫുള്‍ ടൈം.
ഒടുവില്‍ മമ്മുക്ക. യുവത്ത്വം തുടിക്കുന്ന മമ്മുക്ക കയറ് കെട്ടി പറന്നു പയറ്റാത്തപ്പോള്‍ കാലങ്ങളായി ദഹനക്കേട് അലട്ടുന്ന രീതിയില്‍ ഉജ്ജല പ്രകടനം കാണിച്ച് ആദ്യാവസാനം സ്ക്രീനില്‍ നിറയുന്നുണ്ട് എന്നത് ഫാന്‍സിനെ ഹരം കൊള്ളിക്കതിരിക്കില്ല.

പഴശ്ശിയുടെ പത്നി കൈതേരി മാക്കമായ കനിഹ, സ്വന്തം അംഗവടിവ് നമ്മളെ ബോധ്യപ്പെടുത്താനായി മാത്രം അമേരിക്കയില്‍ നിന്നും വിമാനം കയറി വന്ന് ഈ പടത്തില്‍ അഭിനയിച്ചതിന് ആര് നന്ദി പറഞ്ഞില്ലെങ്കിലും ഞാന്‍ നന്ദി പറയും. മൂന്ന് തരം!!!

ഇളയരാജയുടെ സംഗീതത്തില്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന ഗാനം മാത്രം ചിത്രത്തിന്‍റെ അടിസ്ഥാന സ്വഭാവവുമായി( വീര്യം എന്നാണല്ലോ വെപ്പ്. ബാക്കി ഒരിടത്തും ഈ പറഞ്ഞ സാധനം ഇല്ല എന്നത് കാര്യം വേറെ) ഒത്ത് പോകുന്നുണ്ട്. പിതാമഹന്‍ പോലുള്ള ചിത്രങ്ങളിലെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതം നല്‍കിയ രാജക്ക് ഇതു എന്ത് പറ്റി എന്ന് തോന്നിപ്പോയി ചിത്രത്തിലെ പശ്ചാത്തല സംഗീതം കേട്ടപ്പോള്‍.

ഛായാഗ്രഹണം യുദ്ധരംഗങ്ങളെ ബാലിശമാക്കുന്നതില്‍ മോശമല്ലാത്ത പങ്കു വഹിച്ചു എന്നത് അഭിനന്ദനാര്‍ഹമായ ഒരു കാര്യമാണ്. സംവിധായകനും , തിരക്കഥാകൃത്തും, നായകനും, നിര്‍മ്മാതാവും ഒരു തറപ്പടം എടുക്കണം എന്ന വാശിയില്‍ രണ്ടു കൊല്ലങ്ങള്‍ കാട്ടിലും ,മലയിലും കിടന്നു കഷ്ട്ടപ്പെടുമ്പോള്‍ ഛായാഗ്രാഹകന്‍ ഒട്ടും മോശമാകരുതല്ലോ.

റസൂല്‍ പൂക്കുട്ടിയെ മറന്നതല്ല കേട്ടോ. വാളുകള്‍ കൂട്ടി മുട്ടുന്ന സ്വരങ്ങളും, മഴയുടെ ശബ്ദങ്ങളും കലക്കിയിട്ടുണ്ട്. പക്ഷെ അത് പോലെ ബോറായ ചില ഇടപാടുകളും പടത്തില്‍ പൂക്കുട്ടി സാര്‍ വകയുണ്ട്. നിലത്തു കിടക്കുന്ന ഒരു വാള്‍ മറ്റൊരു വാള്‍ കൊണ്ട് കോരിയെടുത്ത് മമ്മൂട്ടി ശരത്ത് കുമാറിന് എറിഞ്ഞ് കൊടുക്കുന്ന രംഗത്തില്‍ കേട്ട ശബ്ദം ഇതിനേക്കാള്‍ വൃത്തിയായി പാലാട്ട് കോമനില്‍ കേട്ടിട്ടുണ്ട് എന്നാണ് എന്‍റെ ഓര്‍മ്മ.

അപ്പോള്‍ മൊത്തത്തില്‍ ഏതാണ്ട് എല്ലാം കവര്‍ ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്. ശേഷം വല്ലതും ബാക്കിയുണ്ടെങ്കില്‍ അവനവന്‍ പോയിക്കണ്ട് അനുഭവിച്ചോ.

പഴശ്ശി രാജ കണ്ടു കഴിഞ്ഞപ്പോള്‍ ചില സംശയങ്ങള്‍ ബാക്കി. അവ കൂടി കുറിക്കുന്നു:
1) കയറ് കെട്ടി ആളെ പറപ്പിച്ച് വൃത്തികേടാക്കിയ യുദ്ധരംഗങ്ങള്‍ക്കും, തറ ഗ്രാഫിക്സിനും വേണ്ടിയാണോ ഗോപാലന്‍ സാര്‍ മുപ്പതു കോടിയോളം വാരി വിതറി എന്ന് പറഞ്ഞത് ? അതോ പടത്തില്‍ പീസ് നിരത്താനോ? (കനിഹ ,പദ്മപ്രിയ ,സുമന്റെ ഭാര്യയായി ഒരൊറ്റ സീനിലേക്ക്‌ ഒരു ഒരു യുവ സുന്ദരി,അങ്ങനെ അങ്ങനെ...). അതോ, ഇനി ബ്ലാക്ക്‌ വൈറ്റ് ആക്കാനോ?

2) പഴയ ഉദയ വടക്കന്‍പ്പാട്ടുകളുടെ (നസീര്‍ ടീ ഷര്‍ട്ടും ഇട്ട് കുതിരപ്പുറത്ത്‌ സെറ്റില്‍ നിന്നും സെറ്റിലേക്ക് പോയി അഭിനയിച്ചിരുന്ന ആ പടങ്ങള്‍ തന്നെ ) ഡി വി ഡികള്‍ എവിടെക്കിട്ടും? അന്നത്തെ പ്രേക്ഷകരെ ബോറടിപ്പിക്കാതെ ഹിറ്റായ പടങ്ങളാണല്ലോ അവയെല്ലാം? പഴശ്ശി രാജ പോലുള്ള മലയാളത്തിന്‍റെ ലോക എനിമകള്‍ കാണുന്നതിനേക്കാള്‍ ഭേദം പൊന്നാപുരം കോട്ട , പാലാട്ട് കുഞ്ഞിക്കണ്ണന്‍ തുടങ്ങിയ ചിത്രങ്ങള്‍ കാണുന്നതാണ്.

Thursday, October 8, 2009

രാഹുലിന്റെ ദണ്ടി യാത്രകള്‍; തേക്കടിയിലെ തെണ്ടികളും

രാഹുല്‍ ഗാന്ധി ഈ ഇടയായി ഇന്ത്യയാകെ നടന്ന് തെണ്ടി ഛെ ദണ്ടി യാത്ര നടത്താനുള്ള പുറപ്പാടിലാണെന്ന് തോന്നുന്നു. നടന്നെന്ന് ചുമ്മാ ഒരു ഗുമ്മിന് പറഞ്ഞതാണ്. കേന്ദ്ര സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കി പ്രത്യേകം വിമാനം വിട്ട് കൊടുത്തിട്ടുണ്ട് ,യുവരാജാവിന് യു പിയില്‍ പോയി പാവപ്പെട്ട ഏതെങ്കിലും മോത്തി ഭായി ഉണ്ടാകിക്കൊടുക്കുന്ന ചായ മോന്താനും , പിന്നെ അതെ വേഗത്തില്‍ തിരുവനതപുരത്ത് വന്നു ഇവിടെ മാര്‍ഗ്ഗ തടസ്സങ്ങള്‍ സൃഷ്ടിക്കാനും. അല്ലെങ്കിലേ ജപ്പാന്‍ കുടിവെള്ളം, അവന്‍റെ അമ്മുമ്മേടെ പദ്ധതി എന്നീ പല പേരുകളില്‍ ഇനി വെട്ടിപ്പൊളിക്കാന്‍ കൊള്ളാവുന്ന ഒരു റോഡും തിരുവനന്തപുരത്ത് ബാക്കിയില്ല . അത് കൊണ്ടുള്ള യാത്രാ ദുരിതം പോരാഞ്ഞിട്ടാണ്‌ ,യുവരാജാവ് വക ഗതാഗത നിയന്ത്രണം തലസ്ഥാനത്തുകാരുടെ അസ്ഥാനത്തിട്ട് കിട്ടുന്നത്.

പ്രത്യേക വിമാനത്തില്‍ വന്നിറങ്ങി സാധാരണക്കാരന് ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ പോട്ടെ എന്ന് വെയ്ക്കാം(അല്ലേലും ഇങ്ങനെയുള്ളവന്മാരെ ജയിപ്പിച്ച്‌ 'പ'രണത്തില്‍ കയറ്റിയ മണുങ്ങന്‍ ജനത്തിന് ഈ പണിയൊന്നും കിട്ടിയാല്‍ പോരാ)എന്നങ്ങോട്ട് ചിന്തിക്കണം എന്ന് ചിന്തിച്ചപ്പോഴേക്കും ദാ വരുന്നു അടുത്ത രസികന്‍ ന്യൂസ്‌. പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ യുവരാജാവിന് വെടിവെയ്ക്കാന്‍ സോറി വെടി കൊള്ളാതിരിക്കാനുള്ള പ്രത്യേക വണ്ടി തിരുവനന്തപുരത്ത് എത്തിക്കാന്‍ എയര്‍ ഫോഴ്സ് വിമാനം നാലഞ്ച് വട്ടം ഷട്ടിലടിച്ചു എന്ന്.കേട്ടപ്പോള്‍ കോള്‍മയിര്‍ കൊണ്ട് പോയി. തേക്കടിയില്‍ ബോട്ട് മുങ്ങി മരിച്ച പത്തന്‍പത് മൃതദേഹങ്ങള്‍ അവരവരുടെ ജന്മനാട്ടില്‍ എത്തിക്കാന്‍ വിമാനം വിട്ട് കൊടുക്കുമോ എന്ന് ചോദിച്ചപ്പോള്‍ പറ്റില്ല എന്ന് തത്വം മൊഴിഞ്ഞ എയര്‍ ഫോഴ്സ് മാമകള്‍ തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ വണ്ടി എടുക്കാന്‍(വണ്ടി എന്ന് തന്നെ വായിക്കണം...ട്ടാ) പോയത് എന്നോര്‍ത്തപ്പോള്‍ 'ഫാരതാമ്പേ!!!' എന്ന് അമ്മച്ചിയാണേ വിളിച്ചു പോയി.

സംഭവം അധികമാളുകള്‍ അറിയും മുന്‍പ് തോല്‍വികളില്‍ തളരാത്ത എം ഐ .ഷാനവാസ്‌ (കേരളം മുഴുവന്‍ നടന്ന് തോറ്റിട്ടാണേ ഒടുക്കം വയനാട്ടില്‍ അടുത്തിടെ പച്ച തൊട്ടത്‌ )വിശദീകരണവുമായി എത്തുകയും ചെയ്തു.ഭാവി പ്രധാനമന്ത്രിയായ രാഹുല്‍ വാവക്ക് വണ്ടി വാങ്ങാന്‍ പോയതിനെയും , തേക്കടിയില്‍ മരിച്ചവരെ അവരവരുടെ നാടുകളില്‍ എത്തിക്കാന്‍ കൂട്ടാക്കാത്തതിനെയും തമ്മില്‍ താരതമ്യം ചെയ്യരുതെന്ന്. അതെ സാര്‍, തേക്കടിയിലെ അനാഥ പ്രേതങ്ങള്‍ എവിടെക്കിടക്കുന്നു രാഹുല്‍ ഗാന്ധി എവിടെ കിടക്കുന്നു. ജനാധിപത്യ വ്യവസ്ഥയില്‍ ഭാരതത്തിലെ സകല തെണ്ടികളും സമന്മാരാണെന്ന് പറഞ്ഞവനെ പുറങ്കാലിനടിച്ച് വാള്‍ പോസ്റ്ററാക്കണം.

രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് വന്നാലും ,ഇവിടെ ഗതാഗത തടസം ഉണ്ടാക്കിയാലും എനിക്കൊരു പീകോക്കുമില്ല. ഇങ്ങനെയുള്ള ബാധകള്‍ വരുന്ന ദിവസം ഈ നഗരം വിട്ട് പോകുന്നവനാണ് ഞാന്‍. പിന്നെ എന്ത് പിണ്ണാക്കിന് ഇത്രയും എഴുതിക്കൂട്ടി എന്ന് ചോദിച്ചാല്‍, ചില കാര്യങ്ങള്‍ പറയാന്‍ അധികമാളുകള്‍ ഇല്ലാത്തത് കൊണ്ട് എന്നായിരിക്കും എന്‍റെ മറുപടി.

എന്തായാലും സ്വന്തം കാശ് മുടക്കിയാണ് യുവരാജാവ് തിരുവനന്തപുരത്തേക്ക് കെട്ടിയെടുത്തത് എന്ന് എനിക്ക് തോന്നുന്നില്ല. അതിനാല്‍ തന്നെ , രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് ചുറ്റിത്തിരിയുമ്പോള്‍ 'ഈ ചെറുക്കന് വേറെ ഒരു പണിയുമില്ലേ' എന്നോ മറ്റോ വയര്‍ലെസ്സിലൂടെ ചോദിച്ച ആ പോലീസുകാരന് എന്‍റെ സ്വന്തം പേരിലും , തേക്കടിയിലെ കുറെ അനാഥ പ്രേതങ്ങളുടെ പേരിലും അമര്‍ത്തി ചവുട്ടി ഒരു സല്യൂട്ട്.

എ കെ

ഇപ്പോഴേ പറഞ്ഞേക്കാം:ഇവിടെ വിഷയം രാഹുല്‍ ഗാന്ധിയും തേക്കടിയുമാണ്. അതിനിടക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു പതിനായിരം കോടിയുടെ സ്വത്തുണ്ട്,ലാവലിനില്‍ പിണറായി കുറെ കാശ് അമുക്കി എന്ന പതിവ് നമ്പരുകള്‍ ഇറക്കി ഒരുത്തനും ഇങ്ങോട്ട് വന്നേക്കരുത്

Tuesday, October 6, 2009

ലവ്‌ ജിഹാദ്/ പ്രണയത്തിന്റെ ധര്‍മ്മയുദ്ധം

പ്രിയപ്പെട്ട നൂര്‍ജഹാന്‍,
ശ്രാവണ നിലാവൊത്ത (ഇനി ഞാന്‍ നിന്നെ കയറി റംസാന്‍ ചന്ദ്രിക എന്ന് വിളിച്ചത് കൊണ്ട് മലബാര്‍ സംസാഥാന വാദികളും ,ശ്രീരാമ സേനയും കലിപ്പുണ്ടാക്കണ്ട. ശ്രാവണ നിലാവിനെ നീ രഹസ്യമായിട്ട്‌ റംസാന്‍ ചന്ദ്രിക എന്ന് വായിച്ചോ. ആരുമറിയണ്ട) നിന്നെ കണ്ടും, നിന്റെ പ്രണയത്തിന്റെ സുലൈമാനി കുടിച്ചും മതിയാവും മുന്നേ ഇങ്ങനെ ഒരു കത്തെഴുതേണ്ടി വന്നത് നമ്മള്‍ രണ്ടും വല്ല അമേരിക്കയിലും ജനിക്കാത്തത് കൊണ്ട് മാത്രമാണ്. ആര്‍ഷ ഭാരത ഭൂവില്‍ നമ്മുടെ പ്രേമം ഏതാണ്ട് കോഞ്ഞാട്ടയാവാനുള്ള സകല ലക്ഷണവും ഞാന്‍ കാണുന്നുണ്ട് .

ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് നമ്മുടെ പ്രണയം വിവാഹമായോ , നിക്കാഹായോ പരിണമിച്ചാല്‍, അല്‍പ്പ സ്വല്‍പ്പം പൊട്ടലും ചീറ്റലും നമ്മുടെ വീട്ടുകാര്‍ക്കിടയില്‍ കുറച്ചു കാലത്തേക്ക് ഉണ്ടാകും,കാണാ കുണാ പറഞ്ഞോണ്ട് വരുന്ന മത നേതാക്കന്മാരോട് പോയി പണി നോക്കാന്‍ പറയാം എന്നൊക്കെയായിരുന്നു എന്‍റെ വിശ്വാസം.

പക്ഷേ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയൊന്നുമല്ല എന്ന് വളരെയടുത്താണ്‌ എനിക്ക് മനസിലായത് .
മുത്തലാക് (അവന്റെ പേര് തന്നെ വശപിശകാണ് ) അനുയായികളായ ശ്രീരാമ സേനക്കാര്‍ പറയുന്നത് നീ എന്നെ മതം മാറ്റി തീവ്രവാദത്തിലേക്ക് നയിക്കാന്‍ വേണ്ടി മാത്രം എന്നെ പ്രണയിക്കുന്ന ഒരു തീവ്രവാദിനിയാണെന്നാണ്. ദീപിക പത്രക്കാരും ഏതാണ്ട് ഇതൊക്കെ തന്നെയാണ് പറയുന്നത്.

ജനിച്ചിട്ട്‌ ഇന്നേ വരെ തിരുവനന്തപുരത്തിന് അപ്പുറത്തെ ലോകം കണ്ടിട്ടില്ലാത്ത നീ (കഴിഞ്ഞ മാസം നമ്മള്‍ മൂന്നാറില്‍ പോയത് കൂട്ടില്ല) എങ്ങനെ തീവ്രവാദിനിയാകും എന്ന് ഞാന്‍ ചോദിച്ച് നോക്കി. പക്ഷേ ആര് കേള്‍ക്കാന്‍? ശ്രീരാമ സേനക്കാര്‍ ഓടി നടന്ന് ലവ്‌ ജിഹാദിനെതിരെ കോളേജുകള്‍ക്ക് മുന്നില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നു. അഭയാ കേസ് , ഹിമാലയ കൊലപാതം, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്,പോള്‍ മുത്തൂറ്റ് വധം തുടങ്ങിയ കേസുകളൊക്കെ പ്രശസ്തമായ വിധം അന്വേഷിച്ച് പരണത്ത് കയറ്റി ഒരു പണിയുമില്ലാതെ ഇരുന്നിരുന്ന കേരളാ പോലീസ്‌ , ഒരു പണി കിട്ടിയ സന്തോഷത്തില്‍ , ' ആരെടാ പോസ്റ്റര്‍ ഒട്ടിച്ചത്?' എന്ന് അന്വേഷിക്കുന്നു. (ഒരു പോസ്റ്ററിന്റെ പേരില്‍ അന്വേഷണം തുടങ്ങിയ ഏമാന്മാര്‍ , ഇതേ വിഷയം കവര്‍ സ്റ്റോറി ആക്കി എഴുതിയ കേരള ശബ്ദത്തിനും , വാര്‍ത്തയായി കൊടുത്ത ദീപികക്കും എതിരെ കേസേടുക്കുമായിരിക്കും എന്ന് പ്രതീക്ഷിക്കാം, അല്ലേ?).

ശ്രീരാമ സേനക്കാര്‍ പുല്ലന്മാര്‍ പോസ്റ്റര്‍ ഒട്ടിക്കുകയോ, പോലീസിന്റെ ഇടി കൊള്ളുകയോ ചെയ്യട്ടെ , അതില്‍ നമുക്കെന്ത് കാര്യം എന്ന് വിചാരിച്ചു തുടങ്ങിയതാണ്‌ ഞാന്‍. അപ്പോഴേക്കും ദാണ്ടെ വരുന്നു കോടതിയുടെ വക ഇണ്ടാസ്‌ . ലവ്‌ ജിഹാദ് ശരിക്കും ഉണ്ടോ എന്ന് കണ്ടു പിടിക്കാന്‍ . പോലീസ് ബഹുത് കുഷ്‌ . സേനക്കാരുടെ കൂടെ ഇനി ലോക്കല്‍ ജിഹാദികളെയും ഇടിക്കമല്ലോ.

പ്രിയപ്പെട്ടവളെ , ഇപ്പൊ നിനക്ക് മനസിലായില്ലേ , നമ്മുടെ പ്രണയത്തിന്റെ കാര്യം ഏതാണ്ട് ഒരു തീരുമാനമായി എന്ന്? ഇനി അങ്ങോട്ട്‌ , ഞാന്‍ മതം മാറി ഇസ്ലാമായായി നിന്നെ കെട്ടിയാല്‍ നീ തീവ്രവാദിനിയാണ് . പോട്ടെ, നീ മതം മാറി ഹിന്ദുവായാല്‍ പ്രശ്നം തീരുമോ? നാളെ ഇവന്മാരെല്ലാം കൂടി എന്നെ പ്രണയ ധര്‍മ്മയുദ്ധത്തിനായി നിന്നെ മതം മാറ്റിയ ഹിന്ദു തീവ്രവാദി ആക്കില്ല എന്ന് ആര് കണ്ടു?

എങ്ങാണ്ടോ രണ്ട് കുണ്ടന്മാര്‍ , ഏതോ രണ്ട് പിടകളെ ചാടിച്ചോണ്ട് പോയെന്നും, ലവളന്മാരെ തട്ടിക്കൊണ്ടു പോയി എന്ന് കാണിച്ചു മാതാപിതാക്കള്‍ കൊടുത്ത പരാതിയുടെ പുറത്താണ് ഇതിന്റെയൊക്കെ തുടക്കമെന്നും കേള്‍ക്കുന്നു. അതെന്തായാലും നമ്മള്‍ വഴിയാധാരമായത് മിച്ചം.

ഇനി പുല്ലന്മാരെയെല്ലാം അവഗണിച്ച് ഞാന്‍ നിന്നെ കെട്ടി എന്ന് വെച്ചോ. നമുക്ക് ജനിക്കുന്ന മക്കളെ മതമില്ലാത്ത കുട്ടികളായി വളര്‍ത്താന്‍ ഇവിടുത്തെ പന്നിക്കുരിപ്പുകള്‍ സമ്മതിക്കുമോ? മതമില്ലാത്ത ജീവന്റെ പേരില്‍ ഗുരുവിനെ ചവിട്ടിക്കൊന്ന നാടാണിത് എന്ന് ഓര്‍ക്കണം. മതമില്ലായ്മ എന്ന് ആരേലും പറഞ്ഞാല്‍ മാത്രം ഇവിടെ ശ്രീരാമ സേനയും, മലബാര്‍ വാദികളും , പാതിരിമാരും ഒറ്റക്കെട്ടാണ്. കഷ്ടകാലത്തിന് എങ്ങാനും മതം വേണ്ട എന്ന് പറയുന്ന ഒരു ജനത ഈ നാട്ടില്‍ വന്ന് പോയാല്‍ അവന്മാരുടെ കഞ്ഞികുടി മുട്ടില്ലേ?

അതുകൊണ്ട് നമ്മുടെ മുന്നില്‍ രണ്ട് വഴികളാണ് ഇനിയുള്ളത്. ഒന്നുകില്‍ നമുക്ക് നാട് വിട്ട് വല്ല അമേരിക്കയിലും പോയി അവിടുത്തെ പൌരനും പൌരിയും ആയി സുഖമായി ജീവിക്കാം (നമ്മുടെ നാട്ടില്‍ ജീവിക്കുക എന്ന ചടങ്ങിനേക്കാള്‍ എളുപ്പമാണ് ഇത് , സത്യം!!!). അല്ലെങ്കില്‍, നമ്മുടെ പ്രണയം ഈ നാട്ടിലെ ശ്രീരാമ സേനക്കാരും, മലബാര്‍ സംസ്ഥാന വാദികളും ഒന്നോടെ പണ്ടാരമടങ്ങിയിട്ട് സാക്ഷാത്കരിക്കപ്പെടുന്ന ഒരു ദിവസത്തിനായി കാത്തിരിക്കാം.

പ്രണയപൂര്‍വ്വം
എ കെ

Saturday, October 3, 2009

പഴശ്ശി രാജ ബഹിഷ്കരണം

ഓര്‍മ്മ ശരിയാണെങ്കില്‍, പുനയില്‍ 'കുച്ച് കുച്ച് ഹോതാ ഹേ' എന്നാ ഷാരുഖ് ഖാന്‍ ചിത്രത്തിനാണ് ആദ്യ നാളുകളില്‍ ടിക്കറ്റ്‌ നിരക്ക് കൂട്ടിയുള്ള അഭ്യാസം ഞാന്‍ കാണുന്നത്. പിന്നെ 'ദുബായ്' എന്ന മമ്മൂട്ടി ചിത്രത്തിന് കേരളത്തിലും ഈ കലാ പരിപാടി അരങ്ങേറി. (ദുബായ് എട്ട് നിലയില്‍ പൊട്ടിയപ്പോള്‍ ആ വിഷമം തീര്‍ന്നു ). അടുത്തിടെ ട്വന്റി ട്വന്റിക്കും ആദ്യ നാളുകളില്‍ ടിക്കറ്റ്‌ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. (ആദ്യത്തെ മൂന്ന് ദിവസത്തെ ഷോകള്‍ക്ക് കയറാതെ പ്രതിഷേധിച്ച മോഹന്‍ലാല്‍ ഫാന്‍സിനു ചിയേര്‍സ്!!!) .ഇപ്പോഴിതാ മമ്മൂട്ടി നായകനാകുന്ന മാഗ്നം ഓപ്പസ് (???) പഴശ്ശി രാജയ്ക്കും ടിക്കറ്റ്‌ നിരക്ക് ആദ്യ ദിനങ്ങളില്‍ വര്‍ദ്ധിപ്പിച്ചേക്കും എന്ന് കേള്‍ക്കുന്നു.

മമ്മൂട്ടി അഭിനയിച്ച സിനിമകള്‍ കാണണമെങ്കില്‍ ഇങ്ങോട്ട് കാശ് തരണം എന്ന് ജനം പറയുന്ന ഈ കാലത്ത്, അറുപതും, നൂറും രൂപ അങ്ങോട്ട്‌ കൊടുക്കണം എന്ന് പറഞ്ഞാല്‍ പെറ്റ തള്ള സഹിക്കുമോ? ഇനി അഥവാ വല്ലവരുടെയുമൊക്കെ പെറ്റ തള്ളമാര്‍ ഇത് അങ്ങോട്ട്‌ സഹിച്ചാലും, എനിക്ക് സഹിക്കാന്‍ സൌകര്യമില്ല.

ഗോകുലം ഗോപാലന്‍ പത്തു മുപ്പത് കോടി രൂപ മുടക്കി കേരള ചരിത്രത്തിന്റെ ഒരേട്‌ മലയാളികളെ കഷ്ട്ടപ്പെട്ട് പഠിപ്പിക്കാന്‍ ഇറങ്ങി തിരിച്ച ത്യാഗത്തിന്റെ പേരിലാണത്രേ ഇപ്പോള്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കണം എന്ന കരച്ചില്‍.

അതെന്തായാലും , ഈ ഗോപാലനോട്‌ ഞാന്‍ വീട്ടില്‍ ചെന്ന് 'കോവാലന്‍ സര്‍, ചിട്ടി കമ്പനി നടത്തി പണം കുന്ന് കൂട്ടാതെ, ചുമ്മാ ഒരു മുപ്പത് കോടി ഇറക്കി കേരള ചരിത്രത്തെക്കുറിച്ച് മലയാളികളെ ബോധവത്കരിക്കണം, പ്ലീസ്!!!' എന്ന് പറഞ്ഞിട്ടില്ല.

തന്നെയുമല്ല, പടം പിടിച്ച വക , പിന്നെ അതിന്റെ അഗ്രസ്സീവ് പ്രൊമോഷന് വേണ്ടി മീഡിയയെ കാണേണ്ട പോലെ കണ്ട വക , പോസ്റ്റര്‍ കാശ് വക; അങ്ങനെ ഗോകുലത്തിന് ചിലവായ പണം ലാഭ സഹിതം അങ്ങേര്‍ക്ക് തിരിച്ച് കിട്ടണം എന്ന നിര്‍ബന്ധം എനിക്ക് തെല്ലുമില്ല. . മാത്രമല്ല, ഈ പടത്തിന് ആദ്യ നാളുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ , പടം തറ തൊടാതെ പൊട്ടണം എന്ന ആഗ്രഹം ശക്തിയായി ഉണ്ട് താനും.

പത്തു മുപ്പത് കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന ഒരു ചിത്രം പൊട്ടിയാല്‍ അത് സിനിമാ വ്യവസായത്തെ തന്നെ പ്രതികൂലമായി ബാധിക്കില്ലേ? എത്ര കുടുമ്പങ്ങള്‍ അത് മൂലം പട്ടിണിയിലാകും? ഈ ചോദ്യങ്ങള്‍ പ്രസക്തമാകുന്നത് ഇപ്പോഴാണ് എന്ന് ചിലര്‍ക്ക് തോന്നാം. എന്നാല്‍ എനിക്ക് അങ്ങനെ ഒരു പീകോക്കും (മയില്‍, മയില്‍) തോന്നുന്നില്ല.
മറിച്ച് എനിക്ക് തോന്നുന്ന കാര്യങ്ങള്‍ രണ്ടാണ് :

1) ഇന്ന് കന്നഡ സിനിമയേക്കാള്‍ കഷ്ടമായ അവസ്ഥയില്‍ നില്‍ക്കുന്ന മലയാള സിനിമ പൊളിഞ്ഞ് തകര്‍ന്നിട്ടു പുതുരക്തം വരേണ്ട സമയം അതിക്രമിച്ച് നാളുകള്‍ ഏറെയായി. അതിന് പഴശ്ശി രാജ പൊളിയുന്നതാണ് ആവശ്യമെങ്കില്‍ അങ്ങനെ. നമുക്ക് കാര്യം നടന്നാല്‍ മതി.

2)ഞാന്‍ ഒരു കൂലി പണിക്കാരനായ, സിനിമാ ഭ്രാന്തനായിരുന്നെങ്കില്‍ , ആദ്യ ദിവസം വര്‍ദ്ധിച്ച നിരക്കില്‍ ടിക്കറ്റ് എടുത്ത്‌ ഞാന്‍ പടം കണ്ടാല്‍ എന്റെ കുടുമ്പം ചിലപ്പോള്‍ ആ ദിവസം പട്ടിണി ആയേനെ. ആ അവസ്ഥയെക്കാള്‍ എനിക്കിഷ്ടം സിനിമയെ നമ്പി നില്‍ക്കുന്ന കുടുമ്പങ്ങള്‍ പട്ടിണിയാകുന്നതാണ്.

പഴശ്ശി രാജ മോശം ചിത്രമായിരിക്കുമെന്നോ , ഉദാത്തമായ ചിത്രമായിരിക്കുമെന്നോ പടം ഇറങ്ങും മുന്‍പ് പറയാന്‍ എനിക്ക് മാധ്യമ കുഴലൂത്ത് വശമില്ല. ഒരുപക്ഷേ പടം ഇനി ഭൂലോക ക്ലാസിക്ക് തന്നെയായാലും, ഞാന്‍ എന്തായാലും വര്‍ദ്ധിപ്പിച്ച ടിക്കറ്റ്‌ നിരക്കില്‍ പടം കണ്ടു ഗോകുലം ഗോപാലനേയും , മമ്മൂട്ടിയെയും സേവിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ആദ്യ ദിവസം കൂടിയ ടിക്കറ്റ് വാങ്ങി മമ്മുക്കയെ കണ്ടു പുളകം കൊള്ളാന്‍ ഒരുങ്ങി നില്‍ക്കുന്ന മണ്ടന്മാരോട് എനിക്ക് ഒന്നും പറയാനില്ല. നിങ്ങളുടെ കാശ്, നിങ്ങളുടെ സാമാന്യ ബുദ്ധി . ഞാന്‍ എന്തായാലും നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ പഴശ്ശി രാജ ബഹിഷ്കരണം നടത്താന്‍ തീരുമാനിച്ചു. നിരക്ക് കുറയുകയാണെങ്കില്‍ ഞാന്‍ പടം അന്ന് കണ്ടോളാം. ഇല്ലെങ്കില്‍ ഡി വീ ഡി ഇറങ്ങുമ്പോള്‍. ഇനി നിരക്ക് വര്‍ദ്ധന വെറും കെട്ടുകഥയാണെങ്കില്‍ ആദ്യ ദിവസങ്ങളില്‍ തന്നെ സന്തോഷത്തോടെ പഴശ്ശി രാജ കാണുന്നവരില്‍ ഞാനുമുണ്ടാകും.

എ കെ

Friday, October 2, 2009

ഗാന്ധിഗിരി

ഗാന്ധിജി നമ്മുടെ രാഷ്ട്ര പിതാവ് :
പാവം, പുള്ളി അറിഞ്ഞോ ഭാവിയില്‍ സര്‍ക്കാര് അങ്ങേരെ നൂറിലും, അഞ്ഞൂറിലും , ആയിരത്തിലും ഒക്കെ പതിപ്പിക്കുമെന്ന് ; പട്ട ഷാപ്പ്‌ മുതല്‍ വെടിപ്പുര വരെ ക്രയ വിക്രയം ഇപ്പോള്‍ പുള്ളിയുടെ മഹനീയ സാന്നിധ്യത്തിലല്ലേ? മാത്രമല്ല പുള്ളിയുടെ പടമുള്ള നോട്ടുകളുടെ വിലയാണേല്‍ ദിവസേന മൂക്കുംക്കുത്തി താഴേക്കും .

മഹാത്മാ ഗാന്ധി ജനത സ്വയം തൊഴില്‍ കണ്ടെത്തിയും , ഗ്രാമ സ്വാരാജ്‌ കൈവരിക്കുകയും ചെയ്യുക വഴി വേണം രാജ്യം അഭിവൃദ്ധിപ്പെട്ടാന്‍ എന്നോ മറ്റോ പറഞു
. :
കേരളത്തിലെ ഗാന്ധി മാര്‍ഗ്ഗികളായ പിള്ളേര്‍സ് സ്വയം തൊഴില്‍ കണ്ടെത്തി തുടങ്ങി. ക്വൊട്ടേഷന്‍. ഗാന്ധിജി ഇന്ന് ജീവിച്ചിരുന്നേല്‍ ഗള്‍ഫ്‌ ഹെയര്‍ പിടിപ്പിച്ച് തലമുടി എഴുന്നേല്‍പ്പിച്ച് നിറുത്തി പുളകിതനായേനെ. മാത്രമല്ല 'വെറുതെ ഉപ്പു സത്യാഗ്രഹം, നിരാഹാരം എന്നൊന്നും മിനക്കെടാതെ അന്നത്തെ വല്ല ,ഓംപ്രകാശിനോ , പുത്തന്‍പാലം രാജേഷിനോ നാല് ക്വൊട്ടേഷന്‍ കൊടുത്തിരുന്നേല്‍ പൊടിയന്മാര്‍ ബ്രിട്ടീഷുകാരുടെ പരിപ്പെടുത്തേനെ' എന്ന് സങ്കടപ്പെടുകയും ചെയ്തേനെ.

ഗാന്ധിജി സഹന സമരത്തിലൂടെ വെള്ളക്കാരെ നേരിട്ടു:
ആ കാര്യത്തില്‍ ഇന്നത്തെ പിള്ളേരെ സമ്മതിക്കണം. ഐ ടി കമ്പനികള്‍ മുതല്‍ വിദേശ ചാനലുകള്‍ (താമസിയാതെ പത്രവും) വരെയുള്ള ഇന്ത്യയിലെ ഒട്ടനേകം ഓഫിസുകളില്‍ പതിനായിരക്കണക്കിനു യുവ മുകുളങ്ങള്‍ ദിവസേന വെള്ളക്കാരെ സഹന സമരത്തിലൂടെ നേരിടുകയല്ലേ ഇന്ന്. വെള്ളക്കാരന്‍ തന്തക്കോ, തള്ളക്കോ വിളിച്ചാല്‍ പോലും ഒരു ചെറു പുഞ്ചിരിയോടെ 'യെസ് മി. സ്വൈന്‍' എന്ന് നട്ടെല്ല് വളച്ചു നിന്ന് പറഞ്ഞ് ഒരു ജാതി സഹനമല്ലേ പിള്ളേര്‍ ഇന്ന് നടത്തുന്നത്. ഗാന്ധിജി അന്തരിച്ചത് അങ്ങേരുടെ ഭാഗ്യം. ഇല്ലേല്‍ ചിലപ്പോള്‍ കഴുത്തില്‍ പട്ടി തൊടലും തൂകി ഐ ടി പ്രൊഫഷണലായി ഈ ആധുനിക സമരമുറയില്‍ പങ്കെടുക്കേണ്ടി വന്നേനെ കക്ഷിക്ക്.

ഒരു ജനസേവകന്റെ ഉത്തമ മാതൃകയാണ് ഗാന്ധിജി
:
ആണെല്ലോ. പക്ഷേ പുള്ളിയുടെ ദയ കൊണ്ട് അധികാരത്തില്‍ വന്നവരുടെ പിന്തലമുരക്കാര്‍ , ഗാന്ധിജിയെ സൂക്ഷ്മമായി പഠിക്കുന്നത് 'എങ്ങനെ അങ്ങേരെ പോലെ ആകാതിരിക്കാം' എന്നറിയാനാണ് ; അത്രേ വ്യത്യാസമുള്ളൂ . ഇപ്പോഴും അങ്ങേര്‍ ഉത്തമ മാതൃകയായി തന്നെ തുടരുന്നു.

മൌന്റ്റ്‌ ബാറ്റന്‍ (എഡ്വീനയുടെ ഹബി) പണ്ട് ഗാന്ധിജിയെ 'അര്‍ദ്ധനഗ്നനായ ഫക്കീര്‍' എന്ന് വിളിച്ചു:

ഇന്ന് കേന്ദ്ര/ കേരള സര്‍ക്കാരുകള്‍ ആഞ്ഞു പിടിച്ച് ആസിയാന്‍ , സ്മാര്‍ട്ട് സിറ്റി, ആണവം, ഭൂമിക്കച്ചവടം എന്നൊക്കെ പറഞ്ഞ് ജനങ്ങളെ പൂര്‍ണ്ണ നഗ്നരായ ഫക്കീറുകള്‍ ആക്കാനുള്ള ശ്രമമാണ് എന്ന് തോന്നുന്നു. ഗാന്ധിജിക്ക് അര്‍ദ്ധ നഗ്നനാവാമെങ്കില്‍ വെറും തുക്കടാ ജനങ്ങള്‍ക്ക്‌ പൂര്‍ണ്ണനഗ്നരായാല്‍ എന്ത് ? അല്ല എന്ത്?

ഹാപ്പി ബര്‍ത്ത്ഡേ ഗാന്ധിയപ്പുപ്പാ!!! മഹാത്മാ ഗാന്ധി കി ജയ് !!!

Monday, September 28, 2009

റോബിന്‍ഹുഡ്: ചില അവന്മാര്‍ക്ക് ക്ലാസിക്കേ പിടിക്കു.

ആദ്യമേ സ്വന്തം അഭിപ്രായം പറഞ്ഞേക്കാം. രണ്ടര- രണ്ടേമുക്കാല്‍ മണിക്കൂര്‍ മനുഷ്യനെ ഇരുത്തി വധിക്കാത്ത പടം എന്ന നിലയില്‍ റോബിന്‍ഹുഡ്(നായകന്‍ :പൃഥ്വിരാജ്, സംവിധാനം: ജോഷി) എനിക്ക് ഇഷ്ടപ്പെട്ടു.സാധാരണ ഇമ്മാതിരി പടങ്ങള്‍ കഴിയുന്നതും ആദ്യ ദിവസം തന്നെ കാണാന്‍ ശ്രമിക്കുന്ന ഒരുത്താനാണ് ഞാന്‍. പടം കാണും മുന്‍പ് (അതിനു ശേഷവും) മറ്റൊരുത്തന്റെയും അഭിപ്രായങ്ങള്‍ക്ക് ചെവി കൊടുക്കാറുമില്ല . പക്ഷേ റോബിന്‍ഹുഡ് കാണും മുന്‍പ് കഷ്ടകാലത്തിന് ചില അവന്മാരുടെ 'നിരൂവണം' വായിക്കുക എന്ന ഗതികേട് എനിക്കുണ്ടായി .അത് കൊണ്ട് തന്നെ , എത്ര ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും ചില മുന്‍‌വിധികളുമായാണ് ഞാന്‍ പടം കാണാന്‍ കയറിയത്.

പടം കാണുന്നതിന് മുന്‍പ് മേല്‍പറഞ്ഞ 'നിരൂവക' പ്രതിഭകള്‍ വക കേട്ട അഭിപ്രായങ്ങളില്‍ ചിലത് ഇവയാണ്:

1) അണിയറ പ്രവര്‍ത്തകര്‍ നശിപ്പിച്ച സിനിമ

2) മുറുക്കമില്ലാത്ത തിരക്കഥ

3) കഥാതന്തുവിന് ടെമ്പോ ഇല്ല

4) ചില കഥാപാത്രങ്ങള്‍ക്ക് തീരെ വ്യക്തിത്വം ഇല്ല

5) അനാവശ്യമായ ഗാന രംഗങ്ങള്‍

6) സിനിമയെ നിലനിര്‍ത്തുന്ന സുപ്രധാനമായ പല വിവരങ്ങളും വളരെ വൈകി ദുര്‍ബലമായ ചില സീനുകളിലൂടെ അവ്യക്തമായി പറഞ്ഞു പോകുന്നേയുള്ളൂ.

പടം കണ്ടു കൊണ്ടിരിക്കവെയും കണ്ടു കഴിഞ്ഞും എനിക്ക് തോന്നിയ അഭിപ്രായങ്ങള്‍ ഇവയും :

1) അത്യാവശ്യം വൃത്തിയായ തിരക്കഥയും, സംവിധാനവും , അഭിനേതാക്കളുടെ അലോസരം ഉണ്ടാക്കാത്ത പ്രകടനങ്ങളും, കഥാഗതിക്ക്‌ ചേരുന്ന പശ്ചാത്തല സംഗീതവും, സാധാരണ പ്രേക്ഷന് തലവേദന ഉണ്ടാക്കാത്ത ക്യാമറയും- ഇത്രയുമൊക്കെ ഉണ്ടായിട്ടും അണിയറ പ്രവര്‍ത്തകര്‍ ഈ പടത്തിനെ എങ്ങനെ നശിപ്പിച്ചു എന്ന് അമ്മയാണെ എനിക്ക് മനസിലായില്ല. ഇനിയിപ്പോള്‍ അധിക സമയവും കെട്ടിടങ്ങല്‍ക്കുള്ളിലും, എ ടി എം കൌണ്ടറുകളിലുമായ് നടക്കുന്ന കഥക്കിടയില്‍ ചുമ്മാ താജ്‌മഹാലിന്റെ സെറ്റ് ഇട്ട് വെയ്ക്കാത്ത കലാസംവിധായകനാണോ ഈ പടത്തിനെ നശിപ്പിച്ച അണിയറ പ്രവര്‍ത്തകന്‍? അതോ രണ്ടര- രണ്ടേമുക്കാല്‍ മണിക്കൂര്‍ സമയം സാധാരണക്കാരനെക്കൊണ്ട് "നിറുത്തീട്ടു പോടേ!!!" എന്ന് പറയിപ്പിക്കാത്ത വിധം ചിത്രം എഡിറ്റ് ചെയ്ത മനുഷ്യനോ?എന്തോ, ഞാനാകെ കണ്ഫ്യൂഷനിലായി .

2) നാല്‍പ്പത് രൂപ മുടക്കി ചിത്രം കാണാന്‍ കയറുന്ന ഒരു സാധാരണക്കാരന് തുടക്കം മുതല്‍ ഒടുക്കം വരെ വല്യ മുഷിച്ചിലുണ്ടാക്കാതെ (ഇരുട്ട് വീണാല്‍ ആമ്പിയര്‍ കൂടുന്ന മലയാളി ഒരു സീനില്‍ പോലും കൂവിയില്ല എന്നത് തന്നെ തെളിവ് ) പോവുക എന്നതില്‍ പരം മുറുക്കം മുടക്കുന്ന കാശ് തിര്‍ച്ച്ചു കിടാന്‍ പിടിക്കുന്ന ഒരു മലയാള ചിത്രത്തിലും ഞാന്‍ നോക്കാറില്ല. അത് കൊണ്ടാകാം എനിക്ക് തിരക്കഥയില്‍ വല്യ മുരുക്ക കുറവ് തോന്നാത്തത്. സച്ചി-സേതു ദ്വയത്തില്‍ നിന്ന് 'എല്‍ ഏ കോണ്‍ഫിഡെന്‍ഷ്യല്‍' മോഡല്‍ തിരക്കഥയോ 'ബെന്ഹര്‍ ' സ്റ്റയില്‍ തിരക്കഥയോ പ്രതീക്ഷിച്ച് പടം കാണുന്ന തരത്തില്‍ എന്‍റെ ബുദ്ധി വികസിച്ചിട്ടില്ലായിരിക്കാം. പൂവര്‍ മീ!!!

3) ഒന്നാം പകുതിയില്‍ അന്വേഷകനും കുറ്റവാളിയും തമ്മിലുള്ള ചില്ലറ പൂച്ചയും- എലിയും കളി (അന്താരാഷ്ട്ര നിലവാരം ഒന്നുമില്ല,എങ്കിലും ബോറടിച്ചില്ല. രണ്ടാം പകുതിയില്‍ ഒരു അന്ത്യത്തിലേക്ക് എന്ന് തോന്നിച്ചു വ്യത്യസ്തമായ ഒരു പരിണാമത്തില്‍ വല്യ പരിക്കൊന്നും (ചില്ലറ ഉദായിപ്പുകള്‍ ഉണ്ടെന്നത് സത്യം,പക്ഷേ അതും അല്‍പ്പം ആലോചിച്ചാലേ പിടികിട്ടു) കൂടാതെ എത്തിക്കുന്ന ടെമ്പോ മതി ഇത്തരം ചിത്രങ്ങള്‍ക്ക് എന്നാണു എന്‍റെ അഭിപ്രായം.

4) കഥാപാത്രങ്ങളുടെ പൂര്‍ണ്ണ വ്യക്തിത്വങ്ങളും ,പശ്ചാത്തലവും വിശദീകരിച്ച് വികസിപ്പിക്കേണ്ട ഒരു ആവശ്യവും ഈ കഥയില്‍ ഇല്ല എന്നാണു എനിക്ക് തോന്നിയത്. എ സി പിയായി വരുന്ന ജയസൂര്യയുടെ കഥാപാത്രത്തിന് വ്യതസ്ഥതയില്ല' ,'നരേന്‍ അവതരിപ്പിക്കുന്ന പ്രൈവെറ്റ് ഇന്‍വെസ്റ്റിഗേറ്റര്‍ക്ക് വ്യക്തിത്വം പോരാ' എന്നൊക്കെ ഓരോരുത്തന്മാര്‍ പറയുന്നത് സ്വന്തം അഭിപ്രായം ആയിരിക്കാം.പക്ഷേ ഇതൊക്കെ കേട്ടിട്ട് പടം കാണുന്ന ഒരുത്തന് ' തീര്‍ത്തും വ്യതസ്തമായ പോലീസ്‌ വേഷങ്ങുലെ എട്ടു കളിയാണല്ലോ മലയാളം സിനിമയില്‍?' എന്നോ 'വ്യക്തിത്വം വികസിപ്പിച്ച് ഒടുക്കം പടമേ ഇല്ലാണ്ടാക്കത്തത് തന്നെ വല്യ കാര്യം' എന്നോ തോന്നിയാല്‍ അവനെയും കുറ്റം പറയരുത്,പ്ലീസ്‌.

5) ഗാനരംഗങ്ങള്‍ തന്നെ സിനിമയില്‍ അനാവശ്യമാണ് എന്ന അഭിപ്രായക്കാരനാണ് ഞാന്‍.പക്ഷേ ഇന്‍ഫോര്‍മേഷന്‍ സുപ്പര്‍ ഹൈവേ ,ആയിരത്തിയെട്ടു ചാനലുകള്‍ തുടങ്ങിയ നൂതന സംവിധാനങ്ങള്‍ എണ്ണമില്ലാത്ത അന്യഭാഷാ ചിത്രങ്ങള്‍ എന്‍റെ മുന്നില്‍ കൊണ്ട് വരും വരെ ഇന്ത്യന്‍ ചിത്രങ്ങളിലെ ആരും ഈഴും ഗാന രംഗങ്ങള്‍ അവയുടെ വരന്ന ഭങ്ങിക്ക് വേണ്ടി ആസ്വദിച്ച ഒരു കാലവും എനിക്കുണ്ട്. അത് കൊണ്ട് ഈ ചിത്രത്തിലെ മൂന്ന് ഗാനങ്ങളെക്കുറിച്ച് ഞാന്‍ കുറ്റം പറയില്ല. ഗാനങ്ങള്‍ ഒഴിവാക്കിയാല്‍ പദത്തിന്റെ നീളം ഒരു പതിനഞ്ച് മിനിട്ടു കുറയും. അത്ര മാത്രം.

6) ഏതോ ഒരുത്തന്‍ എഴുതിയിരിക്കുന്നത് കണ്ടു 'സൂക്ഷ്മ നിരീക്ഷണത്തില്‍ എ ടി എം കവര്‍ച്ചക്ക് നായകന്‍ ഉപയോഗിക്കുന്നത് ടെലിഫോണ്‍ റീചാര്‍ജ് കാര്‍ഡുകള്‍ ആണ് എന്ന് കാണികള്‍ക്ക് മനസിലാകും' എന്ന്. കൂടാതെ 'സിനിമയെ നിലനിര്‍ത്തുന്ന ഇത്തരം സുപ്രധാനമായ പല വിവരങ്ങളും വളരെ വൈകി ദുര്‍ബലമായ ചില സീനുകളിലൂടെ അവ്യക്തമായി പറഞ്ഞു പോകുന്നേയുള്ളൂ.' എന്നും. സത്യമായും പടം കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് മേല്‍പ്പറഞ്ഞ കാപെറുക്കി ആദ്യ ദിവസം സിനിമ കണ്ട ഏവനോ ഫോണില്‍ വിളിച്ചു പറഞ്ഞ വിവരം വെച്ചാണ് 'നിരൂവണം' കാച്ചിയത് എന്നാണ്. എ ടി എം കവര്‍ച്ച കാണിക്കുന്ന ആദ്യ സീനില്‍ നായകന്‍ ഉപയോഗിക്കുന്നത് ടെലിഫോണ്‍ റീചാര്‍ജ് കാര്‍ഡുകള്‍ ആണ് എന്ന് വളരെ വ്യക്തമായി കാണിക്കുന്നുണ്ട്. മാത്രമല്ല അതിന് പിന്നില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ (നായകന്‍ അതി ബുദ്ധിമാനാണ് എന്നത് ക്ഷമി!!!) ഒരു മുന്‍ബെഞ്ച് പ്രേക്ഷകന് മനസിലാകുന്ന രീതിയില്‍ പറയുന്നതുമുണ്ട്. നിരൂപണത്തെ നിരൂവണം ആകുമ്പോള്‍ മിനിമം ഒരു 'വെള്ളരിക്കാപ്പട്ടണം' നിലവാരമെങ്കിലും വേണ്ടേ?

റോബിന്‍ഹുഡ് മലയാള സിനിമാ ചരിത്രത്തിലെ അത്യുദാത്തമായ ഒരു ചിത്രമൊന്നും അല്ല. മലയാളത്തില്‍ പുതുമയുള്ള ഒരു തീം. അത് മനുഷ്യനെ കൊന്ന് കൊലവിളിക്കാതെ എടുത്ത്‌ വെച്ചിട്ടുമുണ്ട്. നാല് മലയാളം ചിത്രങ്ങളുടെ ബഡ്ജെറ്റില്‍ നിര്‍മിക്കുന്ന അയന്‍ പോലുള്ള തമിഴ് ചിത്രങ്ങളുടെ പൊലിമ മലയാളം ചിത്രങ്ങള്‍ക്ക് വേണം എന്ന വാശി തത്കാലം ഇല്ലാത്തതിനാലും, ട്വെന്റി ട്വെന്റി പോലുള്ള പടങ്ങള്‍ വേണം തമിഴന്റെ സുബ്രഹമണ്യപുരത്തിന് മറുപടിയായി നല്‍കാന്‍ എന്ന് പറയത്തക്ക ബൌധിക നിലവാരത്തില്‍ ഞാന്‍ ഇതുവരെ എത്താത്തതിനാലും എനിക്ക് ഈ പടം വല്യ തെറ്റില്ല എന്ന് തോന്നി. ക്ലാസിക്ക് പടങ്ങളില്‍ മാത്രമേ പൃഥ്വിരാജ്, നരേന്‍,ജയസൂര്യ,ഭാവന തുടങ്ങിയവര്‍ അഭിനയിക്കാന്‍ പാടുള്ളു എന്ന് വാശിയുള്ളവരോട് എനിക്ക് ഒന്നും പറയാനുമില്ല .

പിന്‍കുറിപ്പ്
: റോബിന്‍ഹുഡ് ബോക്സ്‌ ഓഫീസില്‍ എങ്ങനെ പോകും എന്ന് പറയാന്‍ സമയമായിട്ടില്ല. എങ്കിലും തിരുവനന്തപുരം ശ്രീപത്മനാഭയില്‍ ,കഴിഞ്ഞ നാല് ദിവസത്തെ എല്ലാ ഷോകളും ഫുള്ളായാണ് ഓടുന്നത്. പുതുമയിലേക്കുള്ള ഒരു ശ്രമം(അത് എത്ര ചെറുതാണെങ്കിലും) എന്ന നിലയില്‍ ഈ ചിത്രം വിജയിക്കണം എന്നാണ് എന്‍റെ വ്യക്തിപരമായ ആഗ്രഹം. തടിയന്‍ സുപ്പര്‍മെഗാ സ്റ്റാറിനെയും, കോമാളി മെഗാ സുപ്പര്‍ സ്റ്റാറിനെയും, അവര്‍ പടച്ചു വിടുന്ന മഹാകലാരുപങ്ങളെയും ഇനിയും ഏറെ നാള്‍ സഹിക്കാന്‍ ത്രാണിയില്ല എന്ന ഒരു സ്ഥിരം സിനിമാ പ്രേക്ഷകന്റെ തോന്നലാവാം ഈ ആഗ്രഹത്തിന് പിന്നില്‍ .

Wednesday, September 23, 2009

എ കെ മാധ്യമങ്ങളില്‍

മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്ന പല പ്രമുഖരെയും കുറിച്ചുള്ള വാര്‍ത്തകളും, ഫീച്ചറുകളും, ലേഖനങളും ഒക്കെ ഇയ്തിനു മുന്‍പും വിവിധ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്.പക്ഷേ ഒരേ സമയം കേരളത്തിലെ എല്ലാ പ്രമുഖ മാധ്യമങ്ങളും ഒരു ബ്ലോഗറെക്കുറിച്ച് വാര്‍ത്ത വരുന്നത് ഇത് നടാടെയാണ് എന്ന് തോന്നുന്നു.

മാധ്യമങ്ങളില്‍ പറയുന്ന അത്ര കഴിവുകള്‍ എനിക്കുണ്ടോ എന്ന് എനിക്കറിയില്ല . അവ കല്‍പ്പിച്ചു തരുന്ന ഉയരങ്ങില്‍ ശരിക്കും എത്തപ്പെടുവാന്‍ ഇനി ദൂരം ഏറെയില്ലേ എന്ന സംശയവും എന്നില്‍ ബാക്കിയാണ്.
എങ്കിലും കൂടുതല്‍ വിനയത്തോടെ ഒന്നുറപ്പ് തരാം. ഈ ബഹുമതിക്ക് ശരിക്കും അര്‍ഹനാകുവാന്‍ എന്റെ കഴിവിന്റെ പരമാവധി സാധിക്കുന്നതെല്ലാം ഞാന്‍ തുടര്‍ന്നും ചെയ്യുന്നതാണ്. മലയാളം ബ്ലോഗില്‍ പ്രമുഖരായ പ്രതിഭകള്‍ അനവധിയുള്ളപ്പോള്‍ ലക്ഷ്യത്തില്‍ എത്തുവാനുള്ള പ്രചോദനത്തിന് പുറത്തെവിടെയും അന്വേഷിക്കേണ്ടതില്ല എന്ന സന്തോഷത്തോടെ , ഈ ആഹ്ലാദ നിമിഷം നിങ്ങളുമായി പങ്കുവെയ്ക്കുന്നു.

മാധ്യമങ്ങളില്‍ എ കെ
സ്നേഹപൂര്‍വ്വം

എ കെ

Monday, September 21, 2009

വാണ്‍ണ്ടഡ്

വാണ്‍ണ്ടഡ്

ഈ ചിത്രത്തില്‍ കാണുന്ന എ കെ എന്നറിയപ്പെടുന്ന എ കെയെ കുറച്ചു നാളായി ഞങ്ങള്‍ അന്വേഷിക്കുകയാണ്. ഇന്റര്‍പോള്‍ ലുക്ക്‌ഔട്ട്‌ , എഫ്‌ ബി ഐ റെഡ് ഫ്ലാഗ്, സി ഐ എ യുടെ ലവ് ലെറ്റര്‍ തുടങ്ങിയ വിശ്വ പ്രസിദ്ധ കടലാസുകളില്‍ എല്ലാം മോശമല്ലാത്ത സ്ഥാനമുള്ള ടിയാന്‍ കേരളാ പോലീസിന്റെ ശ്രദ്ധയില്‍ വരുന്നത് ഗള്‍ഫിലെ ഒരു മലയാളിയായ അക്കന്‍ ക്ഷമിക്കണം മഹതി നല്‍കിയ പരാതിയുടെ വെളിച്ചത്തിലാണ് .

ഒരു ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ ഫോട്ടോക്കോപ്പി ആയമ്മ അവരുടെ പരിചയക്കാര്‍ക്ക് അയച്ച് കൊടുക്കുകയും , അതില്‍ എ കെയുടെ അക്കൌണ്ടിലേക്ക് ഒരു മാസത്തിനുള്ളില്‍ ഒന്നര ലക്ഷത്തോളം രൂപ അവര്‍ മാറ്റിയതായി കാണിക്കുകയും ചെയ്തിരുന്നു. ഈ തുക എ കെ ആ മഹതിയെ , തനിക്കു വര്‍ഷങ്ങളായി ഫിലാണ്ടറിങ്ങ് എന്ന അസുഖം ഉണ്ടെന്നും , അതിന്റെ ഓരോ ഡോസ് ചികിത്സക്കും വേണ്ടി എറണാകുളം , തിരുവനന്തപുരം, ബാന്‍ഗ്ലൂര്‍ എന്നീ നഗരങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിലപിടിപ്പുള്ള വസ്ത്രങ്ങള്‍, പെര്‍ഫ്യൂമുകള്‍ മറ്റു കിടി പിടികള്‍ എന്നിവ വാങ്ങുന്നതിലെക്കായി വന്‍ തുക ആവശ്യമുണ്ട് എന്നുമൊക്കെ പറഞ്ഞ് കളിപ്പിച്ചു വാങ്ങിയതാനത്രേ. ആ മഹതിയുടെ പരിചയക്കാര്‍ പരാതിപ്പെട്ടതനുസരിച്ച് പോലീസ്‌ അന്വേഷണം നടത്തിയപ്പോള്‍ അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഒരു പെണ്ണ് പിടിയനും , മദ്യപാനിയും , തരികിടയുമാണ് ടിയാന്‍ എന്ന് വ്യക്തമാവുകയായിരുന്നു. (ആന്റി നേരിട്ട് പരാതി നല്‍കാത്തത് ,അങ്ങിനെ ചെയ്‌താല്‍ പണം മാത്രമല്ല അവര്‍ക്കും എ കെയ്ക്കും ഇടയില്‍ നടന്ന മറ്റ് കൊടുക്കല്‍ വാങ്ങലുകള്‍ എല്ലാം വെളിപ്പെടുത്തേണ്ടി വന്നേയ്ക്കും എന്ന ഭയത്താലാവണം )

കേസില്‍ നിന്നും ഊരാന്‍ പതിനഞ്ച് ലക്ഷം രൂപ തലയെണ്ണി അന്വേഷണോദ്യോഗസ്ഥന്മാര്‍ക്ക് നല്‍കാം എന്ന വാഗ്ദാനം നല്‍കി കടന്ന് കളഞ്ഞ ഈ തരികിടക്ക്‌ വേണ്ടി കേരളാ പോലീസ്‌ നാട് നീളെ ഒറ്റാല് വെച്ചിട്ടുണ്ട് .എന്നാലും മലയാള ബ്ലോഗു സമൂഹത്തിലെ പ്രമുഖന്മാരുടെ സഹായം ഉണ്ടെങ്കില്‍ ഇവനെ എളുപ്പം പിടിക്കൂടാം എന്ന് തോന്നിയതിനാലാണ് ഇന്റര്‍നെറ്റിലും, മറ്റു അച്ചടി മാധ്യമങ്ങളിലും ഈ പരസ്യം നല്‍കുന്നത്.

എ കെ കളിപ്പിച്ച മതി അനില്‍ @ ബ്ലോഗ്‌ തുടങ്ങിയ പ്രമുഖ ബ്ലോഗന്മാരുടെ വേണ്ടപ്പെട്ട ആന്റി അല്ലാത്തതിനാല്‍ ലവനെ കണ്ടു പിടിക്കുന്ന കാര്യത്തില്‍ ദയവു ചെയ്തു ആരും ഉപേക്ഷ വിചാരിക്കരുത്. നമുക്ക് ഒരുമിച്ചു അവന്റെ നാല് തലമുറയുടെ ജാതകം വരെ പൊക്കിയെടുക്കണം.

നിങ്ങളെല്ലാം കൂടി ഉഉത്സാഹിച്ച് ഒരാഴ്ച്ച ബ്ലോഗിലൂടെ വിഴുപ്പലക്കിയാല്‍ സഹികെട്ട് ഒരു പക്ഷെ അവന്‍ മാളത്തില്‍ നിന്നും പുറത്ത്‌ വന്നേയ്ക്കും.

വിശ്വാസ്യതയോടെ

രഹസ്യന്വേഷ്ണ മേധാവി

കുട്ടമ്പിള്ള

എ കെ മാധ്യമങ്ങളില്‍

Saturday, September 19, 2009

കേരളാ ക്വിസ്സ്

ക്വിസ്സ് മാസ്റ്റര്‍ (ക്വി.മാ ) : പരം പിറ്റ്ഫീല്‍ഡ് (നമ്മുടെ പരമന്‍ കുഴീപാടം തന്നെ.ഡാനി ബോയല്‍ എന്നൊക്കെ പറയുമ്പോലെ സായിപ്പിന്റെ പേര് വന്നാലെ ഇന്ത്യക്കാര് തെണ്ടികള്‍ക്ക്‌ ഒരു വിലയുള്ളൂ)

മത്സരാത്ഥികള്‍ : ദുബായി മൊയ്തു (ദു.മൊ: ദുബായില്‍ ഷെയിക്ക് ), ഫ്ലോറിഡാ കുഞ്ഞുറോത (ഫ്ലോ.കു: ഫ്ലോറിഡയിലെ വല്യ കേസുകെട്ടാ), എ കെ (എ കെ തന്നെ), ടോമോഹ്വാക് വാസു (ടോ.വാ: ടോമോഹ്വാക് പത്രത്തിന്റെ എന്തോ കിടുതാപ്പ്) .

ക്വി മാ: "അപ്പൊ തുടങ്ങാം."
ടോ വാ: "അല്ല മത്സരത്തിനു മുന്‍പ് ചായയും ,കടിയുമൊന്നും...?"
ക്വി മാ : "അത് പത്രസമ്മേളനത്തില്,ഇവിടല്ല. അപ്പോള്‍ തുടങ്ങുന്നു.ചോദ്യങ്ങള്‍ പ്രധാനമായും കേരളത്തെക്കുറിച്ച് ആയിരിക്കുമെങ്കിലും ഇടയ്ക്ക് ചില പൊതുവിജ്ഞാന ചോദ്യങ്ങളും കടന്ന് വന്നേക്കാം. ദുബായി മൊയ്തു,ഫ്ലോറിഡാ കുഞ്ഞുറോത, എ കെ , ടോമോഹ്വാക് വാസു എന്നീ ക്രമത്തിലാകും ഉത്തരങ്ങള്‍ പറയേണ്ടത്. ശരി ഉത്തരത്തിന് ഒന്നിന് പത്തു പോയന്റ്. തെറ്റായ ഉത്തരത്തിന്,ഉത്തരത്തിന്റെ നിലവാരം അനുസരിച്ച് ചവിട്ട്‌,തൊഴി,കുനിച്ചു നിറുത്തി നടുവിനിടി."

ഫ്ലോ കു :" അമേരിക്കയില്‍ എല്ലാ മത്സരങ്ങള്‍ക്കും ബസ്സര്‍ ഉണ്ടാകും.ഇവിടെ അതില്ലേ?പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ കേ മാര്‍ട്ടില്‍ നിന്നുമൊരെണ്ണം വാങ്ങി വന്നേനെ "
ക്വി മാ :" ഇവിടുത്തെ ബസ്സര്‍ കേടാ. തത്കാലം പറഞ്ഞ ക്രമത്തില്‍ ഉത്തരം പറയുകയേ നിവൃത്തിയുള്ളൂ" ഫ്ലോ കു :"ഓ ഘാഷ്‌ !!!ഞാന്‍ യു എസ്സില്‍ പോയ പത്തു വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യ ഇത്ര പുവര്‍ കണ്ട്രി ആയോ? "
ക്വി മാ :"'പു' ചേര്‍ത്ത് ആരേലും വല്ല മറുപടിയും അതിനു പറയും മുന്‍പേ മത്സരം തുടങ്ങുന്നു. ചോദ്യം ഒന്ന്.മലയാളത്തിലെ ഏറ്റവും ജനപ്രിയനായ എഴുത്തുകാരന്‍ ആര് ?"
ദു മൊ :"മമ്മൂട്ടിക്ക"
ക്വി മാ: "കൂലിക്ക് ആളെ വെച്ച് എഴുതിക്കുന്നവരുടെ കാര്യമല്ല ചോദിച്ചത്"
ഫ്ലോ കു: "സ്ത്രൈണ മനസ്സിലെ മഞ്ഞുതുള്ളി എഴുതിയ നാന്‍സി ജേക്കബ്‌?"
ക്വി മാ:" ആ മഞ്ഞു തുള്ളി ചേച്ചി മാത്രമേ കണ്ടു കാണു . നെക്സ്റ്റ്"
എ കെ:"ഡാന്‍ ബ്രൌണ്‍ "
ക്വി മാ:" എ കെ പറഞ്ഞ ഉത്തരം ശരിയാണ്. മലയാളത്തില്‍ ഇന്നോളം ഒരു വരി പോലും എഴുതി വായനക്കാരേ കൊല്ലാത്ത ഡാന്‍ ബ്രൌണ്‍ തന്നെയാണ് മലയാളത്തിന്റെ ജനപ്രിയ എഴുത്തുകാരന്‍ .എ കെക്ക് പത്തു പോയന്റ്"

ക്വി മാ :" അടുത്ത ചോദ്യം. ക്രമം അനുസരിച്ച് വാസുവിന് ആദ്യം ഉത്തരം നല്‍കാം. കേരളത്തില്‍ പോയതിലും വേഗത്തില്‍ മടങ്ങി വന്നത് എന്ത് ?"
ടോ വാ :" ഇന്ത്യന്‍ ടീമില്‍ നിന്നും ശ്രീശാന്ത്"
ക്വി മാ :" ഓനെയും കുടുമ്പക്കാരെയും നിങ്ങള്‍ പത്രക്കാര്പൊക്കിക്കൊണ്ട് നടന്ന സ്പീഡിന് ഓനിതിലും വേഗം തിരിച്ച് വരേണ്ടതായിരുന്നു ,നെക്സ്റ്റ്. "
ദു മൊ:" ലിഫ്റ്റ്‌ ടെക്നോളജി പഠിച്ചിട്ട് ദുബായിലേക്ക് വിമാനം കയറിയ ഹമുക്കുകള്‍"
ക്വി മാ :" അതിലും വേഗത്തില്‍ മടങ്ങിയെത്തിയ ഒന്നുണ്ട്"
ഫ്ലോ കു :"ബൂമറാങ്ങ്"
ക്വി മാ :" കേരളത്തിലോ? തുടക്കത്തില്‍ തന്നെ നിലവാരം ഇങ്ങനെ വിളിച്ചറിയിക്കല്ലേ"
എ കെ :" കാവ്യാ മാധവന്‍"
ക്വി മാ :"വീണ്ടും എ കെക്ക് പത്ത് മാര്‍ക്ക് "


ക്വി മാ : "മൂന്നാം ചോദ്യം. വീണ്ടും വാസുവില്‍ നിന്നും തുടങ്ങാം. കേരളത്തില്‍ കരയില്‍ കാണപ്പെടുന്ന ഏറ്റവും വല്യ ജീവി ?"
ടോ വാ : "ആന"
ക്വി മാ :" അല്ല"
ദു മൊ :" ഒട്ടകം"
ക്വി മാ :" എഴുന്നേറ്റു പോടാ അവിടുന്ന്"
ഫ്ലോ കു :" ജിറാഫ്‌ "
ക്വി മാ :" അല്ല"
എ കെ :"മോഹന്‍ലാല്‍"
ക്വി മാ :"നീ തകര്‍ക്കുമെടാ മോനെ. ബാക്കിയുള്ളവര്‍ പറഞ്ഞ ജീവികളൊക്കെ ഇപ്പൊ നമ്മുടെ ലാലേട്ടന്റെ ഇപ്പോഴത്തെ ഒരു ശരീരപ്രകൃതി വെച്ച് നോക്കിയാല്‍ വെറും അശുക്കള്‍ . എ കെക്ക് പിന്നേം പത്ത് മാര്‍ക്ക്"

ക്വി മാ : "നാലാം ചോദ്യം.കേരളത്തില്‍ വളരെ വിരളമായി കാണപ്പെടുന്ന ഒരു ജീവി ?"
ടോ വാ :" ആഫ്രിക്കന്‍ മഞ്ഞത്തവള"
ക്വി മാ: "തെറ്റ് "
ദു മൊ:"കുറുനരി "
ക്വി മാ :" നിയമസഭയില്‍ നല്ല മുറ്റിയ ഇനങ്ങള്‍ ധാരാളമുണ്ട്"
ഫ്ലോ കു : " ആനകോണ്ട"
ക്വി മാ :" ഫിനാന്‍സ്‌ കമ്പനികള്‍ മുട്ടിന് മുട്ടിന് ഉള്ള ഈ നാട്ടില്‍ ആ കുറവ് അറിയുകേല"
എ കെ :"പ്രതിരോധ മന്ത്രി എ. കെ. ആന്റണി"
ക്വി മാ :"വളരെ ശരി. അടുത്ത കാലത്തായിട്ട് ഇലക്ഷന് നില്‍ക്കാന്‍ പോയിട്ട് ഇങ്ങോട്ട് ഒന്ന് വരാന്‍ പോലും അതിയാന് എന്തോ അസ്കിത ഉള്ളത് പോലെ . എ കെ ക്ക് വീണ്ടും പത്തു പോയന്റ്"

ക്വി മാ :"തിരുവനന്തപുരത്ത് തീരെ കാണപ്പെടാത്തതും ലോകത്തിന്റെ മറ്റേത് ഭാഗത്തും കാണപ്പെടാവുന്നതുമായ ഒരു ജീവി ?"
ടോ വാ:" വൈദുതി മന്ത്രി ബാലന്‍.പുള്ളി ഇപ്പൊ സ്ഥിരം മുല്ലപ്പെരിയാറിലാണ്"
ക്വി മാ:" പുള്ളിക്ക് തിരുവനന്തപുരം വിട്ടാല്‍ മുല്ലപ്പെരിയാര്‍ മാത്രമേയുള്ളു .തന്നെയുമല്ല ഇടക്കെങ്കിലും അങ്ങേര്‍ തിരുവനന്തപുരത്ത് എത്താറുണ്ട് "
ദു മൊ : " കെ മുരളീധരന്‍. ഒരു ജാഥ തീരുമ്പോള്‍ അടുത്ത ജാഥക്ക് തുടക്കമിടാന്‍ വല്ലിടത്തോട്ടും ഒക്കെ പോണ്ടേ?"
ക്വി മാ:" എന്‍ സി പിയിലും ഇല്ല ,കോണ്ഗ്രസ്സിലും ഇല്ല,കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും സ്വന്തം വെട്ടിലും കയറ്റുകയുമില്ല എന്നാ ഇപ്പോഴത്തെ അവസ്ഥയില്‍ കക്ഷി ഇപ്പൊ എവിടെ എന്ന് ആര്‍ക്കും ഒരു പിടിയുമില്ല. അതിനാല്‍ ഉത്തരമായി അങ്ങേരെ പരിഗണിക്കാന്‍ സാധിക്കില്ല"
ഫ്ലോ കു :" തിരുവനന്തപുരം എം പി ശശി തരൂര്‍ "
ക്വി മാ :"വളരെ ശരി. കുഞ്ഞുറോതയ്ക്ക് പത്തു പോയന്റ് "

ക്വി മാ : "ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളി ആര് ? ഇനി എ കെയുടെ ഊഴമാണ് "
എ കെ :"മോഹന്‍ലാല്‍"
ക്വി മാ :" മണിച്ചിത്രത്താഴ് വരെ അത് ശരിയായിരുന്നു. പക്ഷെ ഇപ്പോള്‍ പ്രശസ്തി താഴേക്കാ. സാഗര്‍ അലിയാസ് ജാക്കിക്ക് ശേഷം പ്രത്യേകിച്ചും"
ടോ വാ:"ബിനീഷ്‌ കോടിയേരി"
ക്വി മാ :" ഉത്തരം ശരിയാണ്. വാസുവിനെ പോലുള്ള പത്രപ്രവര്‍ത്തകര്‍ തന്നെയാണല്ലോ കേരളത്തില്‍ ഒരു പൂച്ച തുമ്മിയാലും അതില്‍ പ്രസ്തുതന്റെ കറുത്ത കരങ്ങള്‍ ഉണ്ടെന്നെഴുതി അങ്ങേരെ ഇത്ര പ്രശസ്തനാക്കിയത്. വാസുവിന് പത്തു പോയന്റ്."

ക്വി മാ :" കേരളത്തില്‍ ഏറ്റവും ജനകീയമായ വിനോദം എന്ത് ? ഈ റൌണ്ട് ദുബായി മൊയ്തുവില്‍ തുടങ്ങാം "
ദു മൊ :" വെള്ളമടി"
ക്വി മാ :" അത് കറക്റ്റ്. മൊയ്തു പത്തു പോയന്റ് അടിച്ച് മാറ്റിയിരിക്കുന്നു "

ക്വി മാ :" ഭൂമികുലുക്കി പക്ഷിയുടെ അതെ സ്വഭാവം, സ്വന്തം വാല് കുലുങ്ങിയാല്‍ ഭൂമി കുലുങ്ങും എന്ന അതേ സ്വഭാവം വെച്ച് പുലര്‍ത്തുന്ന കേരളത്തിലെ ജീവി ഏത് ?"
ഫ്ലോ കു : "അച്ചുതാനന്ദന്‍"
ക്വി മാ :"പി ബിയില്‍ നിന്നും ചവിട്ടിയിറക്കിയതിന് ശേഷം ആ സ്വഭാവം അല്‍പ്പ സ്വല്‍പ്പം മാറിയിട്ടുണ്ടോ എന്നൊരു സംശയം നില നില്‍ക്കുന്നതിനാല്‍ ആ ഉത്തരം അംഗീകരിക്കാന്‍ സാധ്യമല്ല"
എ കെ :"ഗള്‍ഫ്‌ മലയാളി"
ക്വി മാ :"വെരി ഗുഡ്. കേരളത്തെ മൊത്തം താങ്ങി നിറുത്തിയിരിക്കുന്നത്‌ തങ്ങളാണ് എന്നാ ഓന്മാരുടെ വിചാരം. എ കെക്ക് പത്തു പോയന്റ്"

ക്വി മാ :" ജീവിതകാലം മുഴുവന്‍ കഴുതയായി കഴിയുകയും എന്നാല്‍ സ്വയം കുതിരയാണ് എന്ന് മരണം വരെ മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ജീവി ഏത് ?"
ടോ വാ :" കേരളത്തിലെ സോഫ്റ്റ്‌വെയര്‍ തൊഴിലാളികള്‍"
ക്വി മാ :"പത്രപ്രവര്‍ത്തകനാണെങ്കിലും വാസൂനു വല്ലപ്പോഴുമൊക്കെ വിവരം ഉണ്ട്. പത്തു പോയന്റ് പിടിച്ചോ"

ക്വി മാ :" മത്സരത്തിലെ ഒടുക്കത്തെ ചോദ്യമാണ്. കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും ദുഖിതരാകുന്ന ദിവസം ?"
ദു മൊ :" പെട്രോള്‍ വില കൂടുന്ന ദിവസം"
ക്വി മാ :"എന്നാപ്പിന്നെ ദിവസവും ദുഖിച്ച് നടക്കാനേ ജനങ്ങള്‍ക്ക് നേരം കാണു "
ഫ്ലോ കു :" ഹര്‍ത്താല്‍ ദിവസം"
ക്വി മാ :"ദേശീയോത്സവം സന്തോഷത്തിന്റെ ദിവസമല്ലേ ചേച്ചി?"
എ കെ :"എല്ലാ മാസവും ഒന്നാം തീയതി. അന്ന് ബാറുകള്‍ അടപ്പായിരിക്കും"
ക്വി മാ :" നീയാടാ യഥാര്‍ത്ഥ കുടിയന്‍. പത്തു പോയന്റ് ടച്ചിന്ഗസായി പിടിച്ചോ."

ഒടുക്കത്തെ പോയന്റ് നില :
ദുബായി മൊയ്തു :പത്ത്
ഫ്ലോറിഡ കുഞ്ഞുറോത :പത്ത്
എ കെ : അറുപത്
ടോമോഹ്വാക് വാസു :ഇരുപത്

Friday, September 18, 2009

എ കെക്ക് ഐ എ എസ് ഉണ്ടോ?

എന്‍കൌണ്ടര്‍ സുന്ദരി : "ശ്രീ എ കെ,എന്‍കൌണ്ടര്‍ പോയന്റിലേക്ക് സ്വാഗതം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താങ്കളെപ്പറ്റിയുള്ള വിവാദങ്ങള്‍ കേരളത്തില്‍ കൊടുമ്പിരി കൊള്ളുകയാണല്ലോ.അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ എല്ലാം താങ്കളുടെ മുഖം നിറഞ്ഞ് നില്‍ക്കുമ്പോഴും അര്‍ത്ഥഗര്‍ഭമായ മൌനം അവലമ്പിച്ച താങ്കള്‍ ഇന്ന് ഞങ്ങളുടെ സ്റ്റുഡിയോയില്‍ എത്തുമ്പോള്‍ സ്വാഭാവികമായും ഈ വിവാദങ്ങളില്‍ താങ്കളുടെ പക്ഷം ഞങ്ങളുടെ പ്രേക്ഷകര്‍ ആകാംഷാഭരിതരായി കാത്തിരിക്കുകയാവും. മാത്രമല്ല ഈ വിവാദങ്ങളില്‍ കേരള ജനതയോട് ചിലതെല്ലാം തുറന്ന് പറയേണ്ട ഉത്തരവാദിത്ത്വം താങ്കള്‍ക്കും ഉണ്ടെന്ന വസ്തുതയും നമുക്ക് വിസ്മരിക്കാനാവില്ല. അത് കൊണ്ട് തന്നെ വളരെ ചുരുക്കത്തില്‍...."

എ കെ :" ഡി പെണ്ണെ, ഇടക്കൊക്കെ ഒന്ന് ശ്വാസം എടുക്കാനെങ്കിലും ബ്രെയിക്കിട്. എന്നിട്ട് നീ ചുരുക്കത്തില്‍ പറ , എന്താ നിന്‍റെ പ്രശ്നം? "

സുന്ദരി :" ശ്രീ എ കെ ,താങ്കള്‍ക്ക് ഉണ്ട് എന്ന് പറയുന്ന ഐ എ എസ് വ്യാജമാണോ?"

എ കെ :" അതാണോ നിന്‍റെ പ്രശ്നം?"

സുന്ദരി :" എന്‍റെ മാത്രമല്ല ശ്രീ എ കെ ,കേരളത്തിലെ ജനങ്ങള്‍..."

എ കെ :"ലവന്മാര്‍ക്കും ,ലവളന്മാര്‍ക്കും എനിക്ക് ഐ എ എസ് ഉണ്ടോ ഇല്ലയോ എന്നറിഞ്ഞിട്ട് ചെന്നാലേ റേഷന്‍ കടേന്ന് അരിയും,മണ്ണെണ്ണയും കൊടുക്കുവുള്ളോ?"

സുന്ദരി :"എന്നല്ല ശ്രീ എ കെ. സത്യം സത്യമായി ജനങ്ങള്‍ക്ക്‌ മുന്നില്‍ കൊണ്ട് വരേണ്ട ബാധ്യത ഞങ്ങള്‍ മാധ്യമങ്ങള്‍ക്കുണ്ട്‌"

എ കെ :"തന്നെ? എന്നാല്‍ ആദ്യം നിന്‍റെ ചാനല്‍ മുതലാളിയുടെ അപ്പനെ പണ്ട് പിടിച്ച് ജയലില്‍ ഇട്ടത് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനല്ല , ചിട്ടി കമ്പനി നടത്തി നീ ഈ പറഞ്ഞ ജനങ്ങളുടെ അപ്പന്‍ ,അപ്പുപ്പന്‍മാരെ വലിപ്പിച്ചതിനാണ് എന്ന സത്യവും നീ പുറത്തു കൊണ്ട് വരുമോ?"

സുന്ദരി :" ശ്രീ എ കെ , താങ്കള്‍ എന്‍റെ ചോദ്യത്തില്‍ എന്‍റെ ചോദ്യത്തില്‍ നിന്നും വഴുതി മാറുന്നത് മാത്രമല്ല എന്‍റെ കഞ്ഞിയില്‍ പാറ്റയിടാന്‍ കൂടി ശ്രമിക്കുന്നത് വളരെ വ്യക്തമാണ്"

എ കെ :" ശരി ഒഴിഞ്ഞ് മാറുന്നില്ല. ഐ എ എസുകാരനാണ് എന്ന് ഞാന്‍ എപ്പോഴേലും നിന്നോട് പറഞ്ഞിട്ടുണ്ടോ?"

സുന്ദരി :" എന്നോട് പറഞ്ഞിട്ടില്ല. പക്ഷേ താങ്കള്‍ ഐ എ എസുകാരനാണ് എന്ന് താങ്കളുടെ അയല്‍ക്കാരിയുടെ, സഹോദരിയുടെ സുഹൃത്തിന്റെ കാമുകന്റെ അനിയത്തിയുടെ അയല്‍ക്കാരി പറയുന്നത് കേട്ട് ശ്രീ കുനഷ്ട് @ ഡോഗ് അതിനെക്കുറിച്ച് അന്വേഷിക്കുകയും, ആ അന്വേഷണത്തില്‍ ഐ എ എസുകാരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുന്ന വെബ്സൈറ്റില്‍ താങ്കളുടെ പേര് ഇല്ല എന്ന വസ്തുത വെളിവാകുകയും ചെയ്തു എന്നത് സത്യമല്ലേ?"

എ കെ :" ഡി കൊച്ചേ, പാതിരാത്രി കിടക്കേന്ന് പെണ്ണുമ്പിള്ള ചവിട്ടി ഇറക്കി വിട്ടത് കാരണം പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ രണ്ടു കൈയ്യും കീബോര്‍ഡില്‍ പ്രയോഗിക്കുന്ന പലവന്മാരും അങ്ങനെ പലതും കാലാകാലങ്ങളില്‍ പൊക്കിക്കൊണ്ട് വരും. അല്ല,അറിയാന്‍ മേലാത്തൊണ്ട്‌ ചോദിക്കുകയാ. ഞാന്‍ ഐ എ എസാണ് എന്ന് പറഞ്ഞ് ആരെയും സാമ്പത്തികമായോ,അല്ലാതെയോ പറ്റിച്ചിട്ടുണ്ടോ? അല്ല , ഈ കിടന്നു കുരയ്ക്കുന്ന ഏതേലും ഡോഗിന്റെ ഡോഗിനോട് ഞാന്‍ ഐ എ എസ് ആണേ എന്ന് വിളിച്ചു പറഞ്ഞിട്ടുണ്ടോ? തത്കാലം ആര്‍ക്കും പരാതിയില്ലാത്ത സ്ഥിതിക്ക് എനിക്ക് ഐ എ എസ് ഉണ്ടെങ്കില്‍ എന്ത് ഇല്ലെങ്കില്‍ എന്ത്. അതിന്റെ സത്യാവസ്ഥ അറിഞ്ഞാല്‍ നീ നേരത്തെ പറഞ്ഞ കാപെറുക്കിയെ അവന്റെ പെണ്ണുമ്പിള്ള വീണ്ടും കിടപ്പ് മുറിയില്‍ കേറ്റുമോ? പോട്ടെ ,കേരളത്തിലെ ഒരു കുഞ്ഞിന്റെയെങ്കിലും ഒരു നേരത്തെ വിശപ്പ്‌ ഇതിന്റെ സത്യാവസ്ഥ അറിഞ്ഞത് കൊണ്ട് മാറുമോ?"

സുന്ദരി :"അതൊന്നും ഉണ്ടാകുമെന്ന പ്രതീക്ഷ ഇവിടെ ആര്‍ക്കുമില്ല ശ്രീ എ കെ ...."

എ കെ :"അതൊന്നും ഒണ്ടാവില്ലേല്‍ പിന്നെ എന്ത് വാഴയ്ക്കാ ഒണ്ടാക്കാനാ കൊച്ചേ ഈ ചോദ്യം? വേറെ വല്ലതും ഒണ്ടേല്‍ ചോദിക്ക്. ഇല്ലേല്‍ ഞാന്‍ അങ്ങോട്ട്‌ പോയേക്കാം."

സുന്ദരി :" അങ്ങനെ പോകല്ലേ. ശരി ,ഇനി താങ്കളുമായി ബന്ധപ്പെട്ട് ..."

എ കെ :"പബ്ലിക്കായൊന്നും നടക്കില്ല പെണ്ണെ. വേണേ ക്യാമറ ഓഫാക്കി , സ്റ്റുഡിയോക്ക് പിന്നിലേക്കു വാ."

സുന്ദരി :"അതല്ല...താങ്കളുമായി ബന്ധപെട്ട മറ്റൊരു ആരോപണത്തെക്കുറിച്ച് സംസാരിക്കാം എന്നാ പറഞ്ഞ് വന്നത്"

എ കെ :" ഓ ...അല്ലേലും നീ നിന്‍റെ ചാനലിന്റെ സ്വഭാവമല്ലേ കാണിക്കു.ഓരോന്ന് പറഞ്ഞ് മനുഷ്യനെ വെറുതെ ഇളക്കിയിട്ട് ഒടുക്കം അതല്ല ഇതാണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞ് ആളെ വടിയാക്കുന്ന സ്ഥിരം പരിപാടി. എനിക്കതില്‍ താത്പര്യമില്ല. പോയി വേറെ പണി നോക്ക് കൊച്ചേ "

പിന്‍കുറിപ്പ് : നിയമം കോടതി അങ്ങനെ പലതും നമ്മുടെ നാട്ടില്‍ തമാശയാണെന്ന് അറിയാം.എങ്കിലും കുറച്ചു വിശ്വാസം നിയമത്തില്‍ ബാക്കിയുള്ളതിനാല്‍ , തട്ടിപ്പിനിരയായവര്‍ എന്ന് സ്വയം അവകാശപ്പെടുന്നവരും ,എവിടെ എല്ലിന്‍ കഷ്ണം കണ്ടാലും ഉടന്‍ ചാടി വീഴുന്ന നായ്ക്കളും നിയമ സഹായം തേടാതെ അച്ചടി മാധ്യമങ്ങള്‍,ചാനല്‍ ,പിന്നെ ബ്ലോഗ്‌ എന്നിവയിലൂടെ ഗ്വാ ഗ്വാ വിളിക്കുന്ന ആസുരകാലത്തിന് എന്‍റെ വക സമര്‍പ്പണം.കൂടുതല്‍ വിശദീകരണം ഒരുത്തനും പ്രതീക്ഷിക്കണ്ട

എ കെ



Thursday, September 17, 2009

ചെലവ് ചുരുക്കല്‍- മാഡം മോഡല്‍

ഇക്കണോമിക്‌ ക്ലാസില്‍ സഞ്ചരിക്കാനുള്ള ത്യാഗ മനോഭാവം ഭാരതത്തിന്റെ ബഹു (മരുമോള്‍ എന്ന് സിസിലിയന്‍ സ്ലാങ്ങ്) ഇറ്റാലിയന്‍ മാഡം കാണിച്ചു തരികയും, തൊട്ടു പിന്നാലെ സത്പുത്രന്‍ ട്രെയിനില്‍ ചെയര്‍ കാറുകളില്‍ സഞ്ചരിച്ചു ഇന്ത്യയിലെ ദരിദ്രരുടെ കണ്ണുനീര്‍ ഒപ്പുവാന്‍ തീരുമാനിക്കുകയും ചെയ്തതോടെ ചെലവ് ചുരുക്കല്‍ തരംഗം ഭാരതത്തില്‍ പിടിച്ചാല്‍ കിട്ടാതെ അഫ്ഗാന്‍ ബോര്‍ഡര്‍ കടന്ന മട്ടാണ്. ഒരു ഇക്കണോമിക്‌ ക്ലാസ്സ്‌ യാത്ര കൊണ്ടൊന്നും മാഡം (പുത്രനും) പരിപാടി നിറുത്താന്‍ ഉദ്ദേശിച്ചിട്ടില്ല എന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പറയുന്നത്.

സാമ്പത്തിക മാന്ദ്യം മുതല്‍ അറബിക്കടലിലെ ന്യൂന മര്‍ദ്ദത്തിന് വരെ ശാസ്ത്ത്രീയ വിശകലനങ്ങളും , ഉപദേശങ്ങളും നല്‍കുന്ന നമ്മുടെ നാട്ടിലെ എണ്ണം പറഞ്ഞ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ ഇതെല്ലാം കണ്ടുംകേട്ടും വെറുതെ ഇരിക്കുമോ? ഇല്ല. ചിലവ് ചുരുക്കി ഭാരതത്തിനെ ഒരരികാക്കാന്‍ വേണ്ട ഉപദേശങ്ങളുടെ പ്രവാഹമാണത്രേ ഇപ്പോള്‍. മാഡത്തിനെയും പുത്രനെയും മാത്രമല്ല രാജ്യത്തെ പ്രമുഖന്മാരായ പലരെയും മേല്‍പ്പറഞ്ഞ വിദഗദ്ധന്മാര്‍ പിടിച്ച് ഉപദേശിച്ച് കഴിഞ്ഞത്രേ.

ചെലവ് ചുരുക്കലിന്റെ ഭാഗമായി ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങളില്‍ ഏവരും എഴുന്നേറ്റു നിന്ന് കൈയടിച്ച് അംഗീകരിച്ചത് ഇന്ത്യയുടെ സൈനികരുമായി ബദ്ധപെട്ട ഒരു ഉപദേശമായിരുന്നു എന്നാണ് ശ്രുതി. ജമ്മു കാശ്മീര്‍ , പഞ്ചാബ് അതിര്‍ത്തികളില്‍ സൈനികര്‍ക്ക് പുതിയ യന്ത്രത്തോക്കുകള്‍ക്ക് പകരം കളിത്തോക്കുകള്‍ നല്‍കുക.പാക്കിസ്ഥാന്‍കാരെ ചുമ്മാ പേടിപ്പിച്ചാല്‍ മതി അവര്‍ നന്നായിക്കോളും.ചൈനീസ്‌ അതിര്‍ത്തികളില്‍ ഈ തോക്കുകള്‍ മതിയാവാതെ വന്നാല്‍ , അതാതു ഭാഗങ്ങളില്‍ ചൈനക്ക് നമ്മുടെ കൈയ്യില്‍ നിന്നും വേണ്ട സ്ഥലം ആയിരം കൊല്ലത്തേക്കോ മറ്റോ പാട്ടത്തിന് കൊടുത്ത്, മോശമല്ലാത്ത ഒരു തുക പ്രധാന പാവ , പ്രതിരോധപ്പാവ , കൂട്ടുക്കക്ഷി അധ്യക്ഷ എന്ന്വിരുടെ കീശയിലേക്ക്‌ മുതല്‍ക്കൂട്ടണം എന്ന അനുബന്ധ നിര്‍ദ്ദേശവും പരക്കെ അംഗീകാരം നേടിയത്രേ . ആരുടെ കീശയിലേക്കായാലും പണം ഇന്ത്യയിലേക്കല്ലേ വരുന്നത് എന്ന് ചോദിച്ച സാമ്പത്തിക ശാസ്ത്രജ്ഞന് പ്രധാന പാവ സ്വന്തം കാശില്‍ ചായയുടെ കൂടെ ഒരു പരിപ്പ് വട കൂടി വാങ്ങി കൊടുത്തു എന്നാണ് കേള്‍വി.

കളിത്തോക്കുകള്‍ മിക്കവാറും ഇറ്റലിയിലുള്ള മാഡത്തിന്റെ ബന്ധുക്കള്‍ക്കോ , പഴയ കേസ് കെട്ടുകള്‍ക്കോ അങ്ങനെ ആരെക്കെങ്കിലും ഇടനിലയുള്ള ഏതെങ്കിലും കമ്പനിക്ക് നല്‍കിയാല്‍ മതി എന്നതാണ് പൊതുവായ അഭിപ്രായം. വിശ്വാസമുള്ളവരെ ആരെയെങ്കിലും ഇത്തരം പണികള്‍ ഏല്‍പ്പിക്കണം എന്ന് പഴമക്കാര്‍ പറഞ്ഞിട്ടുണ്ടത്രേ. ഇനി അതല്ല ഇസ്രായേലില്‍ നിന്നുള്ള കമ്പനികള്‍ വല്ലതുമാണ് കരാര്‍ പിടിക്കുന്നതെങ്കില്‍ പ്രതിരോധ അന്തപ്പന്‍ നേരിട്ട് മാത്രമേ അവരോട് ഇടപെടാവു. പുണ്യവാളന്‍ ദമ്പടി അണാ പൈ കുറയാതെ മൊത്തത്തില്‍ കെട്ടിപ്പെറുക്കി മാഡത്തിന്റെ കാലിന്റെ ....ചുവട്ടില്‍ കൊണ്ട് വെച്ചു കൊള്ളുമത്രേ.മരിക്കും വരെ കേരളത്തിലേക്ക് വരാതെ സര്‍ക്കാരു ചിലവില്‍ ഡല്‍ഹിയില്‍ പുട്ടടിച്ച് കഴിയാനുള്ള വകുപ്പില്‍ കവിഞ്ഞ് അന്തപ്പന്‍ പുണ്യവാളന് പ്രത്യേകിച്ച് ആഗ്രഹങ്ങള്‍ ഒന്നുമില്ലത്തതാവാം വിദഗ്ദ്ധരെക്കൊണ്ട് ഇപ്രകാരം പറയിപ്പിച്ചത്.കേരളത്തിന്‍റെ പുണ്യമാണ് അന്തപ്പന്‍ എന്ന് പറയാതെ വയ്യ.

മാഡത്തിന് തത്കാലം ഇത്രയൊക്കയെ ഇന്ത്യക്കാര്‍ക്ക് വേണ്ടി ത്യാഗം സഹിക്കാന്‍ വകുപ്പുള്ളൂ എങ്കിലും മകന്‍ ചെറുപ്പമായതിനാല്‍ പുള്ളി കൂടുതല്‍ ഇടിച്ച് നില്‍ക്കേണ്ടത് മസ്റ്റാണ് എന്നാണ് പൊതു മതം. മാഡത്തിന്റെ പുത്രന്‍ ഇനി ഭാവി കാമുകിമാരെയൊക്കെ കൊളംബിയ , സ്പെയിന്‍ തുടങ്ങിയ ദേശങ്ങള്‍ക്ക് പകരം തോപ്രാങ്കുടി , മണ്ണാമൂല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കണ്ടെത്തണം എന്നതാണ് അദ്ദേഹത്തിന്‌ ലഭിച്ച ഉപദേശം . യാത്രാ ചെലവ് എത്രയാ ലാഭം. പഴയ കൊളംബിയന്‍ കാമുകിയുടെ തന്തപ്പടിയുടെ പൊടി ബിസിനസ്സിന്റെ അത്രയും വരില്ലെങ്കിലും ഇടുക്കി പ്രദേശത്ത്‌ മോശമല്ലാത്ത നീലച്ചടയന്‍ തോട്ടങ്ങള്‍ക്കുടമകളായ കര്‍ഷക ശ്രീകള്‍ അനവധി ഉണ്ടെന്ന കാരണത്താല്‍ വട്ടചിലവും തട്ട് കൂടാതെ നടക്കും എന്ന കാരണം കൊണ്ട് മാത്രം ചിലപ്പോള്‍ സത്പുത്രന്‍ ഈ ഉപദേശം സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സംഭവത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

കേരളത്തിലേക്ക് എത്തിയപ്പോള്‍ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായിരുന്നു . തിരുവനന്തപുരം എം പി തറയൂരിന് ലഭിച്ച ഉപദേശം ക്യാനഡയിലേക്കോ , ന്യൂ യോര്‍ക്കിലെക്കോ സ്ഥിരമായി താമസം മാറ്റിക്കൊള്ളാനാണ് . ഗൂഗിള്‍ മാപ്പില്‍ പുള്ളി തിരുവനതപുരം കാണുന്നതും, ഇടയ്ക്കിടെ ചുമ്മാ ബീമാനത്തേല്‍ കയറി തിരുവനന്തപുരത്തേക്ക് പ്രത്യേകിച്ച് പ്രയോജനമില്ലാതെ പോകുന്നതും തമ്മില്‍ ആദ്യത്തേതാണ് സര്‍ക്കാരിന് ലാഭം. അമേരിക്കയിലോ മറ്റോ ആണ് പുള്ളിയെങ്കില്‍ ഗൂഗിള്‍ മാപ്പ് കാണാനുള്ള ഇന്റെര്‍നെറ്റിന്റെ കാശ് പോലും ഭാരതത്തിന്‌ ലാഭമാണ് എന്ന് പറയപ്പെടുന്നു.

അച്ചു മാമക്ക്‌ മുന്നില്‍ വിദഗ്ദ്ധര്‍ രണ്ടു വഴികളാണ് തുറന്നു വെച്ചത്. ഒന്നുകില്‍ രാജി വെച്ചു പുറത്തു പോവുക, അല്ലെങ്കില്‍ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ വാ തുറക്കുക. അങ്ങനെയെങ്കില്‍ ഏത്തമിടാനും, ശയന പ്രദക്ഷിണം നടത്താനും പിബിക്ക് മുന്നിലേക്ക് വിമാന യാത്ര രണ്ടു കൊല്ലത്തില്‍ ഒരിക്കല്‍ മതിയല്ലോ.
അതേ സമയം ആഭ്യന്തര പുത്രന്‍ അടിയന്തരമായി രണ്ടു ചുരുള്‍ പഞ്ഞി വാങ്ങി ചെവികള്‍ അടച്ചാല്‍ ഇടയ്ക്കിടെ ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ വക്കീല്‍ നോട്ടിസ് അയക്കേണ്ട ചെലവ് ലാഭിക്കാം എന്ന നിര്‍ദ്ദേശം പഞ്ഞി നിര്‍മിക്കുന്ന ഏതോ വിദേശ കുത്തകയെ സഹായിക്കാന്‍ വേണ്ടി സാമ്പത്തിക വിദഗ്ദ്ധര്‍ മനഃപൂര്‍വ്വം പറയുന്നതാണെന്ന് പന്തം കണ്ട മുക്കില്‍ ലോക്കല്‍ കമ്മറ്റി സ്ക്രെട്ടറി സഖാവ് കരിങ്കൊടി സാബു ആരോപിച്ചു .

ഇത്രയൊക്കെ പ്രമുഖര്‍ ചെയ്തു കളയും എന്ന നിലയിലായപ്പോള്‍ മാപ്രാണത്തെ ബീഡി തെറുപ്പുകാരന്‍ മുനീറും ചെലവ് ചുരുക്കാന്‍ തീരുമാനിച്ചു. രാത്രി കഞ്ഞിയുടെ കൂടെയുള്ള വറ്റല്‍ മുളക് മേലാല്‍ വേണ്ടാനു വെക്കുമെന്ന് അദ്ദേഹം സാമ്പത്തിക വിദഗ്ദ്ധരെ അറിയിച്ചു. മുനീറിന്റെ തീരുമാനത്തില്‍ വിദ്ധഗ്ദ്ധര്‍ക്ക് അത്ര തൃപ്തി പോരാ; ഫസ്റ്റ് ക്ലാസ്സില്‍ നിന്നും ഇക്കണോമിക്‌ ക്ലാസിലേക്ക് വരാനുള്ള മാഡം ജീവിക്കുന്ന ഈ നാട്ടില്‍ മുനീറിനെ പോലുള്ള ഒരു തെണ്ടി മിനിമം ആഴ്ച്ചയില്‍ രണ്ടു ദിവസത്തെ ഭക്ഷണം തന്നെ ഉപേക്ഷിക്കണം എന്നാണത്രേ അവര് പറയുന്നത്.മാത്രമല്ല ദിവസവും പത്തു കിലോമീറ്റര്‍ ബജാജ് എം എയ്റ്റിയില്‍ സഞ്ചരിച്ച് മാപ്രാണം എല്‍ പി സ്കൂളില്‍ മകളെക്കൊണ്ട് വിടുന്ന മുനീര്‍ ഇനി മുതല്‍ കാല്‍നടയായി വേണം ആ കര്‍മ്മം ചെയ്യാന്‍ എന്നും ചിലര്‍ വാദിക്കുന്നുണ്ട്.

Monday, September 14, 2009

അവന്‍റെയൊരു നാര്‍ക്കോ അനാലിസിസ്സ്

പുതിയതായി പുറത്തു വന്ന ഫാദര്‍ പൂച്ചതൃക്ക, സിസ്റ്റര്‍ ബഫി ,ഫാദര്‍ മുണ്ടൂരാന്‍ എന്നിവരുടെ നാര്‍ക്കോ അനാലിസിസ്സ് സി ഡിയുടെ പൂര്‍ണ്ണ രൂപത്തിന്റെ വെളിച്ചത്തില്‍ സഭയുടെ അവകാശ സംരക്ഷണ തിരുനാള്‍ ഈ വര്‍ഷം നേരത്തെയാക്കിയതായി സകല കുഞ്ഞാടുകളെയും , വിത്തുകാളകളെയും സോറി പാതിരിമാരെയും ഇതിനാല്‍ കര്‍ത്താവിന്റെ മണവാട്ടിമാരില്‍ അതിയായ പ്രിയത്തോടെ അറിയിച്ച് കൊള്ളുന്നു .

തിരുനാളിന്റെ മുന്നോടിയായി ചില ആവശ്യങ്ങള്‍ സഭാ നേതൃത്ത്വം ഈ നാട്ടിലെ നിയമത്തിനും ഭരണാധികാരികള്‍ക്കും മുന്നിലേക്ക് വെയ്ക്കുന്നതാണ് . സാധാരണ തിരഞ്ഞെടുപ്പ് കാലത്താണ്‌ ഈ വില പേശല്‍. നേരത്തെ പറഞ്ഞില്ലായോ, അടിയന്തര സാഹചര്യങ്ങള്‍ മുന്‍ നിറുത്തി ഇക്കൊല്ലം നേരത്തെയാ പരിപാടികള്‍ എന്ന്.

അവകാശ സംരക്ഷണത്തിനായുള്ള ആവശ്യങ്ങള്‍ താഴെ പറയും പ്രകാരമാകും

1 ) നാര്‍ക്കോ അനാലിസിസ്സ് , കീര്‍ക്കോ അനാലിസിസ്സ് തുടങ്ങിയ ശാസ്ത്രീയമായ തെളിവുകള്‍ കോടതി സഭയുടെ കാര്യത്തില്‍ അംഗീകരിക്കാന്‍ പാടുള്ളതല്ല. ഇനി അഥവാ അംഗീകരിക്കണം എന്ന് വല്ല നിര്‍ബന്ധവും ഉണ്ടേല്‍ പണ്ട് ഞങ്ങള്‍ ഭൂമി ഉരുണ്ടതാണ് എന്ന് സമ്മതിക്കാന്‍ നാനൂറു വര്‍ഷങ്ങള്‍ എടുത്തില്ലേ...ചുരുങ്ങിയത് അത്ര കാലം എങ്കിലും കഴിഞ്ഞേ പ്രസ്തുത ശാസ്ത്രീയ വസ്തുതകള്‍ അംഗീകരിക്കാന്‍ പാടുള്ളു. മാത്രമല്ല വര്‍ത്തമാന കാലത്ത് ഇത്തരം ശാസ്ത്രീയ സത്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നവന്മാരെക്കൊണ്ട് അവയുടെ സി ഡികള്‍ തീറ്റിക്കുകയും വേണം . (ഗലീലിയോയുടെ കഥ റെഫെറന്‍സ് ആയി എടുക്കാം)

2) പട്ടാളക്കാരെയും, പട്ടാളക്കാരികളെയും വിചാരണ ചെയ്യാനും ശിക്ഷിക്കാനും പട്ടാളക്കോടതി ഉള്ളത് പോലെ പാതിരിമാര്‍ക്കും , കര്‍ത്താവിന്റെ തിരുമണവാട്ടിമാര്‍ക്കും പ്രത്യേക കോടതി വേണം .സുപ്രീം കോടതിക്ക് പകരം മാര്‍പ്പാപ്പ. എന്നാ ശാന്തിയും സമാധാനവും ആയിരിക്കും നാട്ടില് .

3) കേരളത്തിലെ എല്ലാ കോണ്‍വെന്റുകളിലും സര്‍ക്കാര്‍ ചിലവില്‍ കിണറുകള്‍ നിര്‍മ്മിച്ചു നല്‍കേണ്ടതാണ്. കിണറുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പാതിരാ കുര്‍ബാനയ്ക്ക് പോകേണ്ടി വരുന്ന പാതിരിമാരുടെ അവസ്ഥ ദയനീയമാണ് എന്നത് ഏവര്‍ക്കും അറിയുന്ന വസ്തുതയാണല്ലോ.

4 ) പാതിരിമാരും മണവാട്ടിമാരും തമ്മില്‍ എന്തേലും ബന്ധം ഉണ്ടെങ്കില്‍ തന്നെ അതിനെ കണ്ട അലവലാതികള്‍ കയറി ഡിങ്കോള്‍ഫി, സെറ്റപ്പ്, സുഡോള്‍ഫിക്കേഷന്‍ എന്നൊക്കെ വല്ല ചായക്കടയിലും ഇരുന്നു പറയുന്നത് സര്‍ക്കാര്‍ ഇടപെട്ട് തടയണം.പകരം ഈ പവിത്ര ബന്ധങ്ങളെ വിശുദ്ധ ബലി, ആത്മ നിവേദനം ,പീഡാ പരീക്ഷ എന്നൊക്കെ വേണം സംബോധന ചെയ്യാന്‍ എന്നത് ഗസെറ്റ് വഴി ഈ അലവലാതികള്‍ ഉത്പ്പെട്ട സമൂഹത്തെ അറിയിച്ചേക്കണം.

5) അവസാനമായിട്ട് മേല്‍പ്പറഞ്ഞമാതിരി എന്നായേലും ബന്ധങ്ങളെക്കുറിച്ചോ , വല്ല ചെറിയ കൊലപാതകങ്ങളെക്കുറിച്ചോ ഏതേലും പാതിരിയോ ,കര്‍ത്താവിന്റെ മണവാട്ടിയോ വല്ലതും വിളിച്ചു പറഞ്ഞാല്‍ ( ആ സി ബി ഐയിലെ ചെകുത്താന് പിറന്നവന്മാര്‍ വല്ല മരുന്നും കുത്തിക്കേറ്റി പറയിപ്പിക്കുന്ന കാര്യം തന്നെയാ പറഞ്ഞോണ്ട് വരുന്നത്. അല്ലാതെ സ്വബോധത്തില്‍ ഞങ്ങളുടെ ഒരു കുഞ്ഞാടും ഇതൊന്നും പുറത്തു പറയുകേല...ഡിങ്കി ഡിങ്കാ!!!), ആ പറഞ്ഞതോക്കെയും കുമ്പസാര രഹസ്യത്തിനേക്കാള്‍ പവിത്രതയോടെ പുറംലോകം (കോടതിയും അതില്‍ പെടും) അറിയാതെ കാക്കേണ്ടത്‌ അന്വേഷണ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ചുമതലയാക്കി മാറ്റണം.അല്ലാതെ നാര്‍ക്കോ ,പൂ...ഛെ!!! ...കീര്‍ക്കോ എന്നൊക്കെ പറഞ്ഞു വൃത്തികേടാക്കരുത് .അവന്റെയൊക്കെ ഒരു നാര്‍ക്കോ അനാലിസിസ്സ്...ത്ഫൂ!!!

സഭയും സഭാധികാരികളും സൌഖ്യമായി ഇരിക്കട്ടെ
ഫാ: മാര്‍ കോടാലിയോസ്‌

ജനപ്രിയ അവാര്‍ഡുകള്‍

ദേശിയ അവാര്‍ഡൊക്കെ എന്തോന്ന് അവാര്‍ഡ്. കേരളത്തില്‍ വേള്‍ഡ് ഫെയ്മസായ ഞാന്‍ കൊടുക്കുന്നതാണ് അവാര്‍ഡെന്ന് ഇനിയും അറിയാത്തവന്മാര്‍ (ലവളന്മാരും) ഇപ്പൊ അറിഞ്ഞോളണം.
ഇത്തവണത്തെ എന്റെ ഫൌണ്‍ഡേഷന്‍ നല്‍കുന്ന ജനപ്രിയ അവാര്‍ഡുകളുടെ വിശദ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

മികച്ച സംവിധായകന്‍ : കുളത്തില്‍ ഔതക്കുട്ടി (റബ്ബറും പത്രവും എന്ന ചിത്രത്തിന്) . ഓം പ്രകാശിന്റെ തന്തപ്പടിയുടെ അഭിമുഖം ആരൊക്കെയോ പറഞ്ഞു കൊടുത്ത് പറയിപ്പിച്ചതാണ് എന്ന് ഉച്ചക്ക്‌ പന്ത്രണ്ടു മണിക്ക് സമ്മതിച്ചങ്ങോട്ട് നാക്ക്‌ വായിലേക്കിടും മുന്നേ 'അങ്ങനൊന്നും ആരും പറഞ്ഞിട്ടില്ല ' എന്ന് മാറ്റി പറയുന്ന രംഗം അച്ചായനെ കൊണ്ട് മാത്രമേ സംവിധാനം ചെയ്യാന്‍ സാധിക്കു എന്നായിരുന്നു ജൂറിയുടെ അഭിപ്രായം. ആവേശം മൂത്ത ഒരു ജൂറി മെമ്പര്‍ ഒരു പടി കൂടിക്കടന്ന് , 'പത്തു ചക്രമൊക്കുവേല്‍ കുളത്തില്‍ വറീത്‌ മാപ്പിള സ്വന്തം അപ്പനാന്ന് അമ്മച്ചി ഇന്നേ വരെ പറഞ്ഞിട്ടില്ല എന്ന് വരെ പറയാന്‍ ചങ്കുറപ്പ് ഉള്ളവനാണ് അച്ചായന്‍' എന്ന് പ്രസ്താവിച്ചു കളഞ്ഞത്രേ

മികച്ച നടന്‍ : കോഴിക്കള്ളാ എന്ന് ആ മിന്നല്‍ വിജയന്‍ ചുമ്മാ പൊതുവായി ഒന്ന് വിളിച്ചപ്പോഴേ ചാടി വീണ് "ഞാനല്ല നിന്റെ അപ്പുപ്പനാടാ കള്ളന്‍ " എന്ന് ഗര്‍ജ്ജിച്ച 'സാധാകാരനും' 'സുധീര'മായി ആരും ചോദിയ്ക്കാതെ തന്നെ 'ഞാന്‍ പുണ്യാത്മാവ്' എന്ന് നാഴികക്ക് നാല്‍പതു വട്ടം വിലപിക്കുന്ന ചേട്ടായിയും ഇത്തവണത്തെ മികച്ച നടനുള്ള അവാര്‍ഡ് പങ്കിടും.

മികച്ച നടി : ഔതക്കുട്ടിയുടെ ചാനലില്‍ രാത്രി എന്‍കൌണ്ടര്‍ പോയന്റ് അവതരിപ്പുക്കുന്ന ഷോനീ. എന്നാ ഒരു ആങ്കാ കൊച്ചിന്റെ. ഒബാമ കറുത്ത വര്‍ഗ്ഗക്കരനായതും മിന്നല്‍ വിജയന്‍ പാര്‍ട്ടി സെക്രെട്ടറി ആയതു കൊണ്ടാണെന്ന് അഭിനയിച്ചു ഫലിപ്പിച്ച് കളയും. കൊടുക്കണ്ടേ അവള്‍ക്ക് ഒരു ഒന്നൊന്നര അവാര്‍ഡ്?

മികച്ച സഹനടന്‍ : അച്ചു മാമ. തുടക്കത്തില്‍ ഘോര ഘോരം അട്ടഹസിച്ച് ഒടുവില്‍ ഒരു പി ബി കഴിഞ്ഞപ്പോഴേക്കും അണ്ണാക്കില്‍ പ്ലാസ്റ്റര്‍ ഓഫ് പാരിസ്‌ കുഴച്ചു തള്ളിക്കയറ്റിയ പരുവത്തിലെ പരിതാപകകരമായ അവസ്ഥയുടെ തന്മായത്ത്വമായ അവതരണത്തിനാണ് ഈ അവാര്‍ഡ്

മികച്ച സഹനടി : ഓം പ്രകാശിന്റെ വൈഫ്‌ . ചുമ്മാ കിടക്കട്ടെ.

മികച്ച ഹാസ്യ നടന്‍ : സഖാവ് വെളിവില്ലാത്ത പാര്‍ഗ്ഗവന്‍ .ഇടയ്ക്കിടെ പുള്ളി മിന്നലിനെ മര്യാദ പഠിപ്പിക്കും എന്ന മട്ടില്‍ നടത്തുന്ന ഓരോ അഭ്യാസങ്ങള്‍ കണ്ട്‌ കേരള ജനത ഒന്നാകെ ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി തുടങ്ങിയിട്ട് കാലം കുറേയായി.

മികച്ച സ്വഭാവ നടന്‍ : ആഭ്യന്തര പുന്ത്രന്‍ കൊടിയേറിയവന് കൊടുക്കണമെന്ന് ഖദര്‍ ലൈജവും അല്ല ലൈജുവിനാണ് അതിന് കൂടുതല്‍ അര്‍ഹത എന്ന് കൊടിയേറിയവനും പറയുന്നു. രണ്ടാളും കൂടി ഒരു തീരുമാനത്തില്‍ എത്തിയാല്‍ നമുക്ക് പണി കുറഞ്ഞേനെ

മികച്ച തിരക്കഥ :കേരളാ പോലീസ്‌ . ഒന്നല്ല ഒരായിരം ക്ലാസ്സിക്ക് തിരക്കഥകള്‍ അണ്ണന്മാരുടെ കൈയ്യില്‍ സ്റ്റോക്കുണ്ട് .അവസ്നാന റൌണ്ട് വരെ പക്ഷെ കുളത്തില്‍ ഔതക്കുട്ടിച്ചായനും കട്ടക്ക് കട്ട ഈ അവാര്‍ഡിന് വേണ്ടിയുള്ള മല്‍പ്പിടിത്തത്തില്‍ ഉണ്ടായിരുന്നു. പക്ഷെ ഒടുക്കം ഉണ്ടാക്കുന്ന കഥകള്‍ക്ക് മിനിമം തെളിവ് വേണം എന്ന വ്യവസ്ഥ കേട്ട് അച്ചായന്‍ പിന്മാറി.അത് പത്രധര്‍മ്മത്തിന് നിരക്കാത്ത വ്യവസ്ഥയാണത്രെ. പക്ഷേ നമ്മുടെ ഏമാന്മാര്‍ അപ്പോഴും കല്ല്‌ പോലെ നിന്നില്ലേ. തെളിവ് എന്ത് വേണം എന്ന് പറഞ്ഞാല്‍ സ്പോട്ടില്‍ ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞവര്‍ ജൂറിയെ വീഴ്ത്തി.

മികച്ച ഛായാഗ്രാഹകന്‍ : ഓം പ്രകാശിന്റെ തന്തപ്പടിയുടെ അഭിമുഖം (ഒര്‍ജിനല്‍) പകര്‍ത്തിയ ഖാദര്‍ധാരി

മികച്ച എഡിറ്റിംഗ് : മുകളില്‍ പറഞ്ഞ മഹാന്‍ തന്നെ

മികച്ച സംഗീത സംവിധായകന്‍ : മുകളിലെ സകല അവാര്‍ഡ് പടങ്ങള്‍ക്കും ഊത്തൂതുന്ന ഏതേലും ഒരുത്തന്‍ (ബ്ലോഗിലായാലും മതി) ജൂറിയെ സമീപിക്കുക

പ്രധാനപ്പെട്ട ഒരെണ്ണം വിട്ട് പോയി .മികച്ച വില്ലന്‍ : കേരളത്തിലെ പൊതുജനം. അതങ്ങനയെ വരൂ

അവാര്‍ഡ് ദാനം : ഓംപ്രകാശ് അണ്ണനും രാജേഷ്‌ അണ്ണനും ജാമ്യം കിട്ടുകയാണേല്‍ അവരുടെ സാന്നിധ്യത്തില്‍ നടത്തണം എന്ന് വിചാരിക്കുന്നു. അവരുടെയൊക്കെ ആശിര്‍വാദം ഉണ്ടേല്‍ പിന്നെ എന്ത് പേടിക്കാനാ !!!

Monday, September 7, 2009

വീണ്ടും എ കെ

ഇന്ത മാവട്ടത്തിലെ സകല വട്ടന്മാര്‍ക്കും വണക്കം,

ഓണാശംസകള്‍ തരാന്‍ തത്കാലം സൌകര്യമില്ല. ഒരു മാസമായി ബ്ലോഗില്‍ ഞാന്‍ ഒന്നും എഴുതാത്തതിനാല്‍ മലയാളം ഭാഷ കടലില്‍ ചാടി ചാവത്തത് കൊണ്ട് മറ്റു വിശദീകരണങ്ങളും ഇല്ല. നേരെ കാര്യത്തിലേക്ക് കടക്കാം.

പുതിയ ഒരു പ്രോജെക്റ്റ്‌ ആരംഭിക്കാനുള്ള പ്രാരംഭ മുടക്ക് മുതല്‍ സംഭരിക്കുന്നതിനെക്കുറിച്ച് കൂലങ്കുഷമായി നടന്നും, ഇരുന്നും, ഓടിയും ആലോചിക്കുകയാണ് ഞാന്‍ (കിടന്ന് ആലോചനയില്ല...മറ്റു പരിപാടികളാണ് പഥ്യം.) ബ്ലോഗിലെ സുഹൃത്തുക്കളോട് (ബു ഹ ഹ ഹ !!!) ബ്ലോഗിലൂടെ അഭിപ്രായം ചോദിക്കടെ എന്ന് ബ്ലോഗ് എഴുതാതെ , വായിക്കുക മാത്രം ചെയ്യുന്ന അടുത്ത സുഹൃത്തുക്കള്‍ ഉപദേശിച്ചു.
അങ്ങിനെ ചെയ്യാത്തത് സത്യത്തില്‍ പേടിച്ചിട്ടാണ്.

ബ്ലോഗിലെ ചേട്ടന്മാരോടും, ചേച്ചിമാരോടും ചോദിക്കേണ്ട താമസം, ഇങ്ങോട്ട് എടുത്ത്‌ തരില്ലേ ഗമണ്ടന്‍ ഉപദേശങ്ങള്‍?

സാമ്പിള്‍ വേണേ പിടിച്ചോ:

പാവം ഞാന്‍ : ചേട്ടന്മാരെ /ചേച്ചിമാരെ അടിയന്തരമായി ഒരു ഉഡായിപ്പിന് വേണ്ടി ഒന്നരക്കോടി രൂപ സംഭരിക്കാനുള്ള മാര്‍ഗ്ഗം ആരേലും ഒന്ന് പറഞ്ഞു തരുമോ?

ചാര്‍വാനരന്‍ : "കീഴാളന്മാരുടെ ഉന്നമനത്തിനായി ഒന്നരക്കോടിയല്ല, ഒരു രണ്ട് രണ്ടര കോടിയെങ്കിലും സംഭരിക്കേണ്ടതാണ് . തിരുവതാങ്കൂര്‍ മഹാരാജാവായിരുന്ന സ്വാതി തിരുന്നാള്‍ എന്ന സവര്‍ണ്ണ മൂരാച്ചിയുടെ കാലത്ത് കീഴാളരെ മോഹിനിയാട്ടം കാണാന്‍ അനുവദിച്ചിരുന്നില്ല.ഇന്ന് നാട്ടില്‍ ഞാനും, എന്റെ പിള്ളാരും അനുഭവിക്കുന്ന സകല ദുരിതങ്ങള്‍ക്കും കാരണം അതാണ്‌.അത് കൊണ്ട് രണ്ടര കോടിയില്‍ ഒരു പൈ കുറയരുത്‌ എന്നാണ് എന്റെ അഭിപ്രായം.അതില്‍ സവര്‍ണ്ണ മേലാളന്മാര്‍ ആരും വിഷമിച്ചിട്ട് കാര്യമില്ല."

പെയിന്റര്‍ : "ബുദ്ധന്‍ ശരണം ഗച്ചാമി. ചാര്‍വാനരന്റെ പോസ്റ്റ്‌ കാലിക പ്രസക്തവും ഉചിതവുമായി.അതിന് താഴെ ഒരു ഒപ്പ് ."

ഞാന്‍: " അപ്പൊ എന്‍റെ പ്രോജെക്റ്റ്‌?"

അനോണി ഒന്നാമന്‍ : "കീഴാളന്‍മാരുടെ ഉന്നമനത്തിന്റെ കാര്യം പറയുന്നതിനിടക്കാ അവന്റെ പൊനാങ്ങിലെ പ്രോജെക്റ്റ്‌. പോടാ @#$%^&൮!!!"

അനോണി രണ്ടാമന്‍ :"മേലാള സമൂഹത്തിന് വേണ്ടി പടവാളുയര്‍ത്തിയ എ കെക്ക് അഭിവാദ്യങ്ങള്‍!!!"

അനോണി അന്തപ്പന്‍ : " എ കെ സാറിന്റെ പോസ്റ്റ്‌ വായിച്ചു. ഒന്നര കോടി രൂപ പ്രോജെക്റ്റിന് വേണ്ടി സംഭരിക്കാനുള്ള ശ്രമമൊക്കെ കൊള്ളാം. പക്ഷെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ ആയിരത്തി തൊള്ളായിരത്തി രണ്ടായിരത്തില്‍ പ്രസിദ്ധീകരിച്ച 'കേരളത്തിലെ ഒന്നര മുണ്ടും, തോര്‍ത്തും' എന്ന പൊത്തകത്തിന്റെ മുപ്പത്തിരണ്ടാം പേജിലെ , നാലാം പാരയില്‍ 'ഏവം പശു നഹി , നഹി ' എന്ന് പറയുന്നുണ്ട് . അത് കൊണ്ട് കാര്യങ്ങള്‍ എ കെ വിചാരിക്കുന്നതു പോലെയല്ല. ഒന്നര കോടി രൂപക്ക് പശുക്കളെ വാങ്ങാനൊന്നും ഇന്നത്തെ കാലത്ത് ആരും മുതിരില്ല."

പൊതു അഭിപ്രായം :"അന്തപ്പാ, രസിയന്‍ പോസ്റ്റ്. വളരെയധികം വിജ്ഞാനദായിയായ , നര്‍മ്മ ലേഖനം. :)"

ഞാന്‍ : "അതിന് പശുക്കളെ വാങ്ങാനാണ് ഞാന്‍ കാശിനുള്ള വഴി ചോദിച്ചത് എന്ന് ആര് പറഞ്ഞു???"

കുഞ്ഞി പെണ്ണ് : "ഒന്നര കോടി മുതല്‍ മുടക്കുള്ള പ്രോജെക്റ്റിന് വനിതകള്‍ക്ക് അഞ്ചു പൈസയുടെ പങ്കില്ല എന്നുള്ളത് നമ്മുടെ നാട്ടിലെ പുരുഷ മേധാവിത്വത്തിന്റെ മറ്റൊരു തെളിവ് മാത്രമാണ് .മാത്രമല്ല,അമേരിക്കന്‍ സെനറ്റില്‍ വരെ വിശ്വ ഹിന്ദു പരിഷത്ത് കടന്നു കയറി എന്നതും ആശങ്കാജനകമാണ്. ബ്ലോഗിലെ സഖാക്കള്‍ പോലും ഇക്കാര്യത്തില്‍ നിശബ്ദരാണ് എന്നത് ലജ്ജാവഹം തന്നെ "

കാലി: "നന്നായി കുഞ്ഞി!!!നല്ല കൊട്ട്. ഇസ്രായേല്‍ സൈന്യം പാലസ്തീനികളോട് കാണിക്കുന്നത് മറ്റൊന്നല്ലല്ലോ. ഗോലാന്‍ കുന്നുകളിലെ ജല ശ്രോതസുകളില്‍ ....(ഇതങ്ങനെ ഖാണ്ഡം , ഖാണ്ഡമായി കിടക്കും) "

സനോണി പൊതു അഭിപ്രായം: "ജാജലമാന്യമായ ലേഖനം കുഞ്ഞി. കാലിയുടെ കമന്റും , അനുബന്ധ പോസ്റ്റും കലക്കി....ഉമ്മ്മ്മ്മ്മം (ഒലിപ്പീരിന്റെ ശരിക്കുള്ള സൌണ്ട് അറിയാവുന്ന ഒലിപ്പിസ്റ്റുകള്‍ കമന്റായി ഇടുക. )

അനോണി പൊതു അഭിപ്രായം :"@#$%, *&^%$, *&&^%$##,&^%$$#@",൮൭൬൫൪, ൭൬൫൪!!!"

ഞാന്‍ :"ചേച്ചിമാരുടെ നിലവാരത്തില്‍ എത്താന്‍ തലകുത്തി നിന്നാലും എനിക്ക് സാധിക്കാത്തതിനാല്‍ (വിവരക്കേട് അഭിനയിക്കുന്നതിന് ഒരു പരിധിയൊക്കെയില്ലെ?) നോ കമന്റ്സ്‌"

പാലാ ഫ്രാഡ്‌ പാപ്പി : " ബ്ലോഗില്‍ നിന്നും ഒരുത്തന്‍ പണം പിരിക്കുമ്പോള്‍ ഒരു സംഘടന രജിസ്റ്റര്‍ ചെയ്യാതെ ചുമ്മാ കയറി ബ്ലോഗ്‌ പണപ്പിരിവ് ഉപദേശം എന്ന പേരില്‍ അതിനെ വിളിക്കുന്നത്‌ സമ്മതിച്ചു കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ട് .നാളെ അനോണി പേരില്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ ഒരു ബ്ലോഗ്‌ തുടങ്ങി പണപ്പിരിവ് നടത്തിയാല്‍ ആര് സമാധാനം പറയുമെന്നേ !!!"

മണ്ടന്മാരുടെ സ്റ്റാന്‍ഡേര്‍ഡ് അഭിപ്രായം : "കലക്കി അച്ചായാ!!!"

ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്ത ബ്ലോഗന്‍ : "തന്നെ ക്ഷണിക്കാത്ത എന്ത് പരിപാടിക്കും താന്‍ ഇടങ്കോലിടും അല്ലെടാ, നാറി!!!"

അഭിപ്രായം മൂന്ന് :" അച്ചായാ, ഈ വിഷയം വിട്ടിട്ട് ഓംപ്രകാശിന്റെ കാറില്‍ ഉണ്ടായിരുന്ന നടി ആരാന്ന് ഒരു പോസ്റ്റിട് .പെട്ടെന്നാവട്ടെ... അത് വായിച്ചിട്ട് വേണം ഒന്ന് അറുമ്പാദിക്കാന്‍ ‍. "

ഞാന്‍ :" ഇവിടെ ഞാന്‍ അഭിപ്രായം പറയുന്നില്ല. അല്ലാതെ തന്നെ അവിടെ കൂട്ടയടി നടത്തി ഫ്രാഡ്‌ പാപ്പിക്ക് ഹിറ്റും കമന്റും കൂട്ടാന്‍ മണ്ടന്മാര്‍ റെഡിയല്ലേ?"

മാരിചാങ്ങ് : "ഒന്നരക്കോടി രൂപ സംഭരിച്ച് കുത്തക മുതലാളിമാരുടെ ആധുനിക ബിമ്പ കല്‍പ്പനകളുടെ അന്തസത്ത ഉടലാര്‍ന്ന എ കെ തുടങ്ങാന്‍ പോകുന്ന ഈ പദ്ധതി നഗ്ന നേത്രങ്ങള്‍ക്ക് വിഷയീഭവിക്കുന്നയത്ര ലളിതമാണ് എന്ന് വിശ്വസിക്കാതിരിക്കുവാന്‍ കാരണങ്ങള്‍ അനേകമാണ്. അമേരിക്കന്‍ കുത്തക സംരഭമായ ഗൂഗിള്‍ നടത്തുന്ന ബ്ലോഗിലൂടെ നടത്തപ്പെടുന്ന ഈ പൊറാട്ടു നാടകം, ചൈനയുടെ വന്‍ സാമ്പത്തിക മുന്നേറ്റത്തില്‍ വിരളി പിടിച്ച സി ഐ എ ,എ കെ യെ മുന്‍നിറുത്തി നടത്തുന്ന ഒരു അന്താരാഷ്ട്ര ഗൂഡാലോച്ചനയുടെ ആദ്യ ചുവടാണോ എന്ന് സംശയിക്കാന്‍ എനിക്ക് ഒരു കട്ടന്‍ ചായയുടെ ചെലവ് പോലുമില്ല."

പഴയ സഖാവ്,ഇപ്പൊ ഗള്‍ഫില്‍ ഷെയിക്ക്: "നന്നായി മാരിചാങ്ങ് സഖാവേ. ആധുനിക മുതലാളിത്തത്തിന്റെ പൊയ്മുഖങ്ങളും കപട നീതികളെയും അട്ടിയട്ടിയായി പൊളിച്ചടുക്കുന്ന ഈ ലേഖനം സ്റ്റാലിനിസ്റ്റ് തത്ത്വങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച് പൊന്നരിവാള്‍ അമ്പിളി രാകുന്ന എല്ലാര്‍ക്കും ഒരു പ്രചോദനമാണ്.(കണ്ടാ,കണ്ടാ...പഴയ സഖാവ് വന്നിറങ്ങുന്നത് കണ്ടാ)"

ഫിഷര്‍മാന്‍ :" മന്‍മോഹന്‍ സിംഗും, സോണിയാജിയും ഈ നാട്ടിന് വേണ്ടി ചെയ്യുന്ന ത്യാഗങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന മാരിചാങ്ങ് തന്നെ വേണം ഇതു പറയാന്‍. ചൈനയില്‍ ആര്‍ക്കെങ്കിലും രാഹുല്‍ ഗാന്ധിയുടെ ഗ്ലാമറോ ,പ്രിയങ്കയുടെ ഷെയിപ്പോ ഉണ്ടോ? ഉണ്ടാവില്ല,കാരണം അവര് കമ്മ്യൂണിസ്റ്റുകള്‍ അല്ലേ?"

ബി ജെ പി അനുഭാവി :" മാരിചാങ്ങിന് മറുപടി ഇവിടെ ഉണ്ട് .('ഇവിടെ' എന്നത് ലിങ്കാവും.അബദ്ധത്തില്‍ ചെന്ന് നോക്കിയാല്‍ മാരിയെ മഹാമാരി പിടിച്ച കണക്കിന് ആറു പേജില്‍ കുറയാതെ ഒരു ലേഖനം കാണാം)"

ഞാന്‍:"ലിവനോടൊക്കെ വല്ലതും പറയാന്‍ പോകുന്നതിലും ഭേദം വല്ല മുള്ളുമുരുക്കിലും തുണിയില്ലാതെ വലിഞ്ഞു കയറുന്നുതാ (ഞാന്‍ ബ്ലോഗ്‌ എഴുതുന്നതിലും ഭേദം മേല്‍പ്പറഞ്ഞ പരിപാടിയാണ് എന്ന് തോന്നുന്നവര്‍ക്ക്: അതിനുള്ള വിഷമം ഞാന്‍ നിന്റെയോക്കെ ബ്ലോഗ്‌ വായിച്ച് തീര്‍ക്കുന്നുണ്ട്.അത് വെച്ചു നോക്കുമ്പോള്‍ മുള്ളുമുരിക്കൊക്കെ ചീള് കേസല്ലേ?)


-------

ചക്കെന്നു പറഞ്ഞാല്‍ തിരിച്ച് കൊക്കെന്നു പറയുന്നവന്മാരെ പിന്നെയും സഹിക്കാം. പക്ഷേ ചക്കിനെ ക്രിക്കറ്റ് ബാറ്റാക്കുന്നവനെയും, വിവരക്കേടിന് കൈയും കാലും വെച്ച അവളന്മാരെയും, ഒത്തു കിട്ടിയാല്‍ സ്വന്തം അപ്പനമ്മമാരുടെ സ്വകാര്യ നിമിഷങ്ങളുടെ യൂ ട്യൂബ് ലിങ്ക് വരെ ബ്ലോഗില്‍ കാച്ചുന്ന ആധുനിക മാത്തുക്കുട്ടിമാരെയും ,മറ്റു പല അവതാരങ്ങളെയും മുട്ടിയിട്ട് നടക്കാന്‍ വയ്യാത്ത മലയാളം ബ്ലോഗില്‍ വിവരമുള്ളവര്‍ കൊള്ളാവുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മിനക്കെടില്ല എന്ന് എന്‍റെ ബ്ലോഗെന്നാല്‍ എന്തോ സംഭവമാണ് എന്ന് ധരിച്ചു വശായ കൂട്ടുകാരോട് പറയാന്‍ ഒക്കുമോ? പറഞ്ഞു വരുമ്പോള്‍ ഞാനും ഒരു ബ്ലോഗനാണല്ലോ.

അത് കൊണ്ട് ഞാന്‍ എന്‍റെ പദ്ധതിക്കുള്ള മുടക്കുമുതല്‍, ഓംപ്രകാശിനോ,ഒറ്റപ്പാലം/ഇരട്ടപ്പാലം രാജേഷിനോ വേണ്ടി വല്ല കൊലപാതകത്തിന്റെയും ഉത്തരവാദിത്ത്വം ഏറ്റെടുത്തു ഉണ്ടാക്കിയാലോ എന്ന് ആലോചിക്കുകയാണ്? അങ്ങനെ ഫെയ്മസായി കഴിഞ്ഞാല്‍ പിന്നെ എന്നെ പിടിച്ചാല്‍ കിട്ടുമോ? അമേരിക്കക്ക് വരെ മുട്ടിടിക്കില്ലേ എന്നെ കണ്ടാല്‍ . അബദ്ധത്തില്‍ അവന്മാരുടെ വിമാനത്താവളത്തില്‍ എന്നെയെങ്ങാനും തടഞ്ഞാല്‍പ്പോലും മലയാളം ബ്ലോഗ്‌ ഉലകം ലവന്മാരെ വെറുതെ വിടുമോ? 'ഇന്ത്യയുടെ മാനം ഗപ്പല്‍ ഗയറി. സായ്പ്പിന്റെ ഗൂമ്പിനിടിക്കുക' എന്ന് നിങ്ങള്‍ എനിക്ക് വേണ്ടി ഗൂവില്ലേ സഗോദരന്‍മാരേ ? പകരമായി 'എറണാകുളം , തിരുവനന്തപുരം ഹൈവേയില്‍ അര്‍ദ്ധരാത്രി പാഞ്ഞു പോയ എന്‍റെ ഓഡി ക്യൂ സെവെനില്‍ ഉണ്ടായിരുന്ന നടിയാര്? ലവള്‍ ധരിച്ചിരുന്നത് വിക്ടോറിയാസ് സീക്രട്ടോ ലതോ ഓപിയം ബൊറ്റീക്കോ?' എന്നൊക്കെ ഭാവനയെ ഇക്കിളി കൂട്ടുന്ന (സിനിമാ നടി ഭാവനയല്ല. ലവളെ ഇക്കിളി കൂട്ടാന്‍ ഞാന്‍ മതി) ഗഥകള്‍ ഞാന്‍ ഇടയ്ക്കിടെ തന്നോളാം. എന്ത് പറയുന്നു? ഓകെയല്ലേ?
സ്നേഹപൂര്‍വ്വം,

ഭാവി കിടു
എ കെ



Saturday, July 25, 2009

എ കെ :ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്‌

എന്‍റെ പ്രിയപ്പെട്ട ആരാധകരെ ( വല്ലവരും ബാക്കിയുണ്ടെങ്കില്‍ അവരെയാണ് ഉദ്ദേശിച്ചത്),

തരികടനെറ്റ് ചാനലില്‍ ഈ ശനിയാഴ്ച്ച രാത്രി ഒന്‍പത് മണിക്ക് ആരംഭിക്കുന്ന എ കെ - ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്‌ എന്ന മെഗാ റിയാലിറ്റി ഷോയെക്കുറിച്ച് കേരളത്തില്‍ ഇനിയറിയാന്‍ ബാക്കി സുഗുണന്‍ ഓടനാവട്ടം മാത്രമേ കാണു.സുഗുണനെ നിങ്ങള്‍ക്ക് പരിചയം കാണില്ല. എന്‍റെ അവസാനമിറങ്ങിയ ചിത്രമായ 'ടൌണില്‍ ചെകുത്താന്‍' കാണണം എന്ന് വാശി പിടിച്ച്,അങ്ങേര്‍ ആ പടം കാണുവാന്‍ കാരണക്കാരായ രണ്ട് മക്കളെ, സിനിമ കണ്ടിറങ്ങിയ ഉടന്‍ കിണറ്റില്‍ തള്ളിയിട്ട് കൊന്ന ശേഷം അവരുടെ കൂടെ ചാടി,ചാകാതെ ആശുപത്രിയില്‍ കോമയില്‍ കിടക്കുന്ന മാന്യദേഹമാണ് ശ്രീ സുഗുണന്‍.
അത് പോട്ടെ. സുഗണനല്ല, എന്‍റെ എല്ലാ സമീപ കാല ചിത്രങ്ങളിലെയും പോലെ ഞാന്‍ മാത്രമാണല്ലോ എവിടെ വിഷയം.എന്‍റെ ഫുള്‍ ഫിഗര്‍,എന്‍റെ ഫേസ്,എന്‍റെ ഫേസ്, എന്‍റെ ഫുള്‍ ഫിഗര്‍,ബാക്കി എന്‍റെ ഡാന്‍സും. ക്ഷമിക്കണം,ഒരു നിമിഷത്തേക്ക് ഏതോ സെറ്റിലാണ് എന്ന് തോന്നിപ്പോയി. അപ്പോള്‍ കാര്യത്തിലേക്ക് കടക്കാം.
തരികിടനെറ്റില്‍ ഈ മെഗാ റിയാലിറ്റി ഷോ എങ്ങനെ സംഭവ്യമായി എന്നത് ഇന്നും പലര്‍ക്കും ഒരു അത്ഭുതമാണ്.ബെസ്റ്റ് അക്ടറും ഞാനും തമ്മില്‍ എന്ത് ബന്ധം എന്നാണ് പല അവന്മാരും ചോദിക്കുന്നത്. അവന്മാര്‍ക്കൊക്കെ മറുപടി എന്‍റെ സ്നേഹപൂര്‍വ്വം എ കെ എന്ന ബ്ലോഗിലൂടെ കൊടുക്കാം എന്ന് വിചാരിച്ചതാണ്. പക്ഷേ പിന്നെ വിചാരിച്ചു, എന്തിന് കമന്റ് മോഡറേറ്റ് ചെയ്യുന്നവനെ ഇതുവരെ അവന്‍ കേട്ടിട്ടില്ലാത്ത തെറികള്‍ കേള്‍പ്പിക്കണം എന്ന്.അത് കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു വിശദീകരണം എ കെ 47 പത്രത്തിലൂടെ ഞാന്‍ നല്‍കുന്നത്.

അടുത്തിടെ ഞാനും എന്‍റെ മകനും കൂടി പ്ലേസ്കൂള്‍ എന്നൊരു ചലച്ചിത്ര നിര്‍മ്മാണ കമ്പനി തുടങ്ങിയ വിവരം എല്ലാര്‍ക്കും അറിയാവുന്നതാണല്ലോ. കമ്പനിയുടെ പ്രധാന പരിപാടി എന്‍റെ പടങ്ങള്‍ വിതരണത്തിന് എടുക്കുക എന്നത് തന്നെ.പിന്നെ മോന്‍ ചെറുക്കന്‍ പറഞ്ഞത് കൊണ്ട് മാത്രം പുതിയ പിള്ളാരുടെ ചില പടങ്ങള്‍ കൂടി ഞങ്ങള്‍ വിതരണം ചെയ്യുകയും, നിര്‍മ്മിക്കുകയും ചെയ്യും. അല്ലേലും പുറത്തൊക്കെ പോയി പഠിച്ച ചെറുക്കന് വിവരമുണ്ട്. എന്‍റെ ഈഗിള്‍ ,ലവ് ഇന്‍ ആഫ്രിക്ക ഈ ജനുസ്സില്‍പ്പെട്ട പടങ്ങള്‍ വിതരണം ചെയ്‌താല്‍ ലാഭം പോയിട്ട് കുത്തുപാള ഒരെണ്ണം സെറ്റപ്പ് ചെയ്യാനുള്ള കാശ് പോലും കിട്ടില്ല എന്ന് അവനറിയാം.

അങ്ങനെ ഞങ്ങള്‍ ഉപ്പയും, മോനും സിനിമാ നിര്‍മ്മാണം, വിതരണം തുടങ്ങിയ തരികിടകളുമായി ഇറങ്ങാന്‍ എന്തായലും തീരുമാനിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് എന്‍റെ തലയില്‍ ഒരു ഐഡിയ കത്തിയത്.
കഴിഞ്ഞ അഞ്ചാറു കൊല്ലങ്ങളായി തിയറ്ററില്‍ വരുന്ന എന്‍റെ പടങ്ങള്‍ക്കെല്ലാം ഇനിഷ്യല്‍ കളക്ഷനായി വരെ കിട്ടുന്നത് നല്ല അസാധ്യ കൂവലാണ്. ലവ് ഇന്‍ ആഫ്രിക്കയും , ടൌണില്‍ ചെകുത്താനും ഒക്കെ അബദ്ധത്തില്‍ കാണാന്‍ കയറിയവന്മാര്‍ ,അടുത്ത പടം കാണാന്‍ അതേ തിയറ്ററില്‍ വരുമ്പോള്‍,അവിടെ ലാസ്റ്റ് കണ്ട എന്‍റെ പടങ്ങളുടെ ഓര്‍മ്മയില്‍ ചിലപ്പോള്‍ കൂവി പോകാറുണ്ടത്രേ.

സംഗതികള്‍ അങ്ങനെയിരിക്കെ, എന്തായാലും വിവരമുള്ള ഒരുത്തനും എന്നെ ബെസ്റ്റ് ആക്ടര്‍ എന്ന് ഇനി പറയും എന്ന് തോന്നുന്നില്ല. അപ്പോള്‍ ഞാന്‍ തന്നെ പറഞ്ഞേക്കാം. മെഗാ റിയാലിറ്റി ഷോ എന്ന പേരില്‍ കുറെ പിള്ളേരെ വിളിച്ച്,അവരെക്കൊണ്ട് ഞാന്‍ അഭിനയിച്ച ചിത്രങ്ങളിലെ രംഗങ്ങള്‍ സ്റെജില്‍ അവതരിപ്പിച്ച് , ഒടുക്കം അവരില്‍ ഒരുത്തനോ ഒരുത്തിക്കോ, എന്‍റെ ഒരു സിനിമയില്‍ ചാക്കില്‍ കെട്ടി ആറ്റില്‍ കളയുന്ന ഒരു സീനും കൊടുക്കാം. അവന്മാര്‍ക്ക് കൊടുന്ന അവാര്‍ഡിന് 'എ കെ - ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്‌' എന്ന പേരും കൂടിയിട്ടാല്‍ ഞാനാരായി? പോരാത്തതിന് 'ഒരു നടന്റെ അഭിനയം പാഠ പുസ്തകമാക്കി ദാണ്ടേ കുറെ പിള്ളാര്‍ അഭിനയം പഠിക്കുന്നേ!!!' എന്ന് കുറെ പത്രക്കാര് അലവലാതികളെക്കൊണ്ട് എഴുതിക്കുകയും ചെയ്യാം. എന്‍റെ ഒരു ബുദ്ധിയേ!!!സമ്മതിക്കണം.

അപ്പോള്‍ ഈ ശനിയാഴ്ച്ച മുതല്‍ നമ്മള്‍ തകര്‍ക്കാന്‍ തുടങ്ങുകയാണ്.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ. അത് കൊണ്ട് മാത്രം ഈ ഷോയെക്കുറിച്ച് എന്‍റെ മനസ്സില്‍ ഉള്ള ചില ചെറിയ ആകുലതകള്‍ കൂടി ഞാന്‍ നിങ്ങളുമായി പങ്കു വെയ്ക്കുകയാണ്. ഷോയില്‍ പിള്ളര്‍ ഞാന്‍ അഭിനയിച്ച രംഗങ്ങള്‍ സ്റ്റേജില്‍ അവതരിപ്പിക്കുമ്പോള്‍, അതിനു മാര്‍ക്കിടുന്നത്‌ പഴയകാല നായിക 'ചീലയും', ഹാസ്യ സാമ്രാട്ട് 'നിശ്ചല്‍- സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ഇന്ത്യയും', എന്‍റെ ബോറിംഗ് ബാച്ച്ലര്‍ എന്ന പടത്തിന്റെ സംവിധാകന്‍ ചിദ്ദിക്കുമാണ്.പിള്ളാര്‍ സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍, പിന്നിലുള്ള സ്ക്രീനില്‍ ചിലപ്പോള്‍ ഞാന്‍ അഭിനയിച്ച ഒര്‍ജിനല്‍ രംഗങ്ങളും കാണിക്കാന്‍ സാധ്യതയുണ്ട്.ഈഗിളിലെ എന്‍റെ കാവടിയും, ലവ് ഇന്‍ ആഫ്രിക്കയിലെ പട്ടി കമ്പിക്കാല് കണ്ട പോലുള്ള ഡാന്‍സും, കണ്ണന്‍ കമ്പിയിലെ 'കാ'മഡിയും ഒക്കെ കണ്ടിട്ട് ഇനി മാര്‍ക്കിടാന്‍ വന്നവര്‍ എന്നെ എടുത്തിട്ട് ചളുക്കുമോ എന്നാണ് പേടി. നമ്മുടെ പെര്‍ഫോമന്‍സ് തിയറ്ററില്‍ സഹിക്കുന്ന തെണ്ടികളെ പോലെയല്ലല്ലോ ഇവര്‍. കാശ് മുടക്കി തിയറ്ററില്‍ പടം കാണുന്നവന്റെ മുന്നില്‍ നമുക്ക് ചെന്ന് ചാടാതെ കഴിക്കാം.അതുപോലാണോ ദിവസേനയെന്നവണ്ണം കാണേണ്ട ഇവര്‍?
ഇനി ഞാന്‍ അഭിനയിച്ച രംഗങ്ങളില്‍ വല്ലതും പുതിയ പിള്ളേര്‍ വൃത്തിയായിട്ട് അഭിനയിച്ചാല്‍ 'കണ്ടു പഠിക്കടാ കൊണാപ്പാ, ഇതാണ് അഭിനയം' എന്ന് ആ നിശ്ചല്‍ പറയാനും മതി. കേരളത്തിലെ മികച്ച അഞ്ചു നടമാരുടെ കൂട്ടത്തില്‍ ഞാന്‍ പെടില്ല എന്ന് പണ്ട് പച്ചക്ക് പറഞ്ഞ മോനാ അത്.
ങ്ങാ!!!എന്തായാലും നനഞ്ഞിറങ്ങി.ഇനി കുളിച്ചു കയറാം.
അപ്പൊ ശനിയാഴ്ച്ച കാണാം.
സ്നേഹപൂര്‍വ്വം

മെഗാസ്റ്റാര്‍ എ കെ/ ഇക്ക

Friday, July 24, 2009

അത്യാധുനിക ടെര്‍മിനേറ്റര്‍

വിവരമുള്ള പണ്ഡിതരുടെ കുറിപ്പുകള്‍:
യന്ത്രങ്ങളായി ചിലര്‍ മക്ക്ജിയുടെ ടെര്‍മിനേറ്റര്‍ സാല്‍വേഷനിലും പ്രത്യക്ഷപ്പെടുന്നുണ്ട്.യന്ത്രങ്ങളുടെ സിനിമ എന്നാ നിര്‍ണ്ണായാകത്വത്തിനുപരി യന്ത്രങ്ങള്‍ക്കു ഈ ചിത്രത്തില്‍ ചില ദൌത്യങ്ങള്‍ നിര്‍വഹിക്കാന്‍ ഉണ്ടെന്ന് തോന്നുന്നു. വധ ശിക്ഷ കാത്തിരിക്കുന്ന ക്രൂരനായ കൊലപാതകി മാര്‍ക്കസ്സിന്റെ ജീവിതിത്തിലേക്ക് കടന്നു വരുന്ന സൈബര്‍ ഡൈയ്ന്‍ എന്ന യന്ത്രങ്ങളുടെ നിര്‍മ്മാണ കമ്പനി, മാര്‍ക്കസിന്റെ ശരീരത്തിലേക്ക്‌ മാരക വിഷം കുത്തി വെയ്ക്കുന്ന യന്ത്രങ്ങള്‍ , സമാന്തരമായി വര്‍ത്തമാന കാലത്തില്‍ സ്ക്രീനില്‍ മൊത്തം ഓടി നടക്കുന്ന യന്ത്രങ്ങള്‍ എന്നിവയുമുണ്ട്.
കാഴ്ക്കാരും, കേള്‍വിക്കാരുമായി പിന്നെയുമുണ്ട് കുറെ യന്ത്രങ്ങള്‍.

കുറച്ചുകൂടി ആലോചിച്ചാല്‍ സിനിമ തീര്‍ക്കുന്ന മാനിസ്ക ലോകം തന്നെ യന്ത്രങ്ങളുടെതാണ് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. മാനസിക പക്ത്വയില്ലത്ത യന്ത്രങ്ങള്‍ നടത്തുന്ന എടുത്ത്‌ ചട്ടങ്ങളും, അത് മൂലമുണ്ടാകുന്ന പിരിമുറുക്കങ്ങ‍ളുമാണ് സിനിമക്കുള്ളിലെ അതിനാടകത്തെ പൊലിപ്പിക്കുന്നത്.യാന്ത്രികമായ ഈ അവസ്ഥ സാല്‍വേഷനിലെ എല്ലാ കഥാപാത്രങ്ങളിലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കാണാന്‍ സാധിക്കുന്നുണ്ട്. അപ്പോള്‍ യന്ത്രങ്ങള്‍ക്കു വേണ്ടി നിര്‍മ്മിക്കപ്പെട്ട ഒരു ചിത്രമാണോ ഇത് എന്നാണ് ആലോചിക്കാനുള്ളത്.
യന്ത്രങ്ങളുടെ മാനസിക വളര്‍ച്ചയില്ലായ്മ മാത്രമല്ല ,സഫലമാകാത്ത ലൈംഗിക തൃഷ്ണയുടെ തീക്ഷണമായ അന്തര്‍പ്രവാഹങ്ങളുടെ സൂചനകളും ചിത്രത്തില്‍ ഉടനീളം ഒളിഞ്ഞ് കിടപ്പുണ്ട്. സിനിമയുടെ ആരംഭത്തില്‍, ഒരു ചുമ്പനത്തിന് വേണ്ടി മരണ ശേഷം തന്റെ ശരീരം യന്ത്രമാക്കി മാറ്റാന്‍ വിട്ടു കൊടുക്കുന്ന മാര്‍ക്കസ് ഒരു പ്രതീകമാണ്. ഈ പ്രതീകത്തിന്റെ വിശദീകരണമാണ് തുടര്‍ന്നുള്ള ചിത്രത്തിന്‍റെ ഗതി മുഴുവന്‍.
ചിത്രത്തില്‍ പല യന്ത്രങ്ങളും ഉപയോഗിക്കുന്ന തോക്കുകളുടെ വലിപ്പം, പലപ്പോഴും തിയറ്ററിലെ ഇരുട്ടില്‍ ബാല്യ കാലത്ത് നമ്മുടെ എക്യുപ്പ്മെന്റിന്റെ നീളം അളന്നത് ഓര്‍മിപ്പിക്കുന്നത്‌ കൊണ്ടാകും, ഇരുളില്‍ ഇത്രയധികം കൈയ്യടികള്‍ കേട്ടത്.

ഇനി വിവരമില്ലാത്ത ഞാന്‍ എഴുതുന്നത് :
പൊന്ന് കൂടപ്പിറപ്പുകളേ , മറ്റു ഹറാം പിറപ്പുകളേ,
മുകളില്‍ കൊടുത്തിരിക്കുന്നത് അടുത്തിടെ വായിക്കാന്‍ ഇടയായ ചില ചലച്ചിത്ര നിരൂപണങ്ങളുടെ രൂപരേഖയാണ്.വായിച്ചു കണ്ണ് ബള്‍ബ്ബായത് കൊണ്ട് മാത്രമാണ് അവ പോലെ ഒന്ന് പുനഃസൃഷ്ടിക്കാന്‍ ശ്രമിച്ചു നോക്കിയത്. വല്യ പാടൊന്നുമില്ല.'നേര്‍ കാര്യം പറയുന്നത് ജിലേബി പോലെ നേര്‍ വരയിലാകും' എന്ന അടിസ്ഥാന തത്ത്വം അങ്ങോട്ട്‌ മുറുകെ പിടിച്ചാല്‍ പകുതി ജോലി കഴിഞ്ഞു.
എന്നാലും സ്ഥിരമായി ഈ പണി നമുക്ക് പറ്റില്ല എന്നതും വേദനയോടെ ഞാന്‍ തിരിച്ചറിയുന്നു. കാരണം ഒരു സിനിമയില്‍ ബിമ്പങ്ങളും, അതിനുള്ളില്‍ അന്തരാള സൂചനകളും കണ്ടെത്തി, മേല്‍പ്പറഞ്ഞ തരത്തില്‍ ദിവസേനെ നിരൂപണം എഴുതിയാല്‍ എന്റെ നാലഞ്ച് നട്ട് എപ്പോ ഇളകി എന്ന് ചോദിച്ചാല്‍ മതി.
ഈ അഭിനവ പണ്ഡിതന്മാരെ സമ്മതിക്കണം. എഴുത്ത് അങ്ങോട്ട്‌ മൂക്കുമ്പോള്‍ , വായിക്കുന്നവന് ഇത് സിനിമയെ കുറിച്ച് എഴുതുന്ന കാലന്റെ അഭിപ്രായമാണോ അതോ മാഗ്നാകാര്‍ട്ടയുടെ അസല്‍ പതിപ്പോ എന്ന് തോന്നത്തക്ക വിധമുള്ള എഴുത്ത് . ഹോ!!! ഭയങ്കരം തന്നെ അണ്ണന്മാരെ.

എന്നാല്‍ മറ്റു ചില സാറന്മാര്‍ സംവിധാനം മുതല്‍ വേഷവിധാനത്തിന് വരെ മാര്‍ക്കുകള്‍ ഇട്ട് നിരൂപിക്കും. എന്നാല്‍ ആ പാത പിന്തുടരാം എന്ന് കരുതിയതാ (നമുക്കുമില്ലേ ആഗ്രഹങ്ങള്‍).പക്ഷേ അവിടെയും വന്‍ പ്രശ്നം.നമ്മള്‍ ഒരു പടത്തിനെ എങ്ങനെ നിരൂപിച്ചാലും അതില്‍ വ്യക്തമായി രണ്ട് കാര്യങ്ങള്‍ പറയും.
1) പടം നമുക്ക് ഇഷ്ട്ടപ്പെട്ടോ?
2)നമ്മുടെ അഭിപ്രായത്തില്‍ പടം കണ്ടാല്‍ കാശ് മുതലാണോ?
മേല്‍പ്പറഞ്ഞ ചേട്ടന്മാരുടെ നിരൂപണങ്ങളില്‍ ഈ രണ്ട് കാര്യം മാത്രം പൊടി പോലുമില്ല കണ്ടുപിടിക്കാന്‍. ബാക്കി സംവിധായകന് രണ്ട് മാര്‍ക്ക്, നാടാണ്‌ പത്തു മാര്‍ക്ക് തുടങ്ങിയ റേറ്റിങ്ങും ,' പടം അത്ര പോരെങ്കിലും , മമ്മൂട്ടിക്ക് ഇതില്‍ കാര്യമായി ഒന്നും ചെയ്യാനില്ല'(സംശയം വേണ്ട, ഇത് തന്നെയാണ് ലൈന്‍ ) തുടങ്ങി ഗീര്‍വാണങ്ങള്‍ അനവധി ഉണ്ടാകും താനും. നമുക്കാണേല്‍ അതൊട്ട്‌ പറ്റുകയുമില്ല
.

ആത്മാര്‍ത്ഥമായി ചോദിക്കുകയാണ് പണ്ഡിതന്മാരെ , മാര്‍ക്കിടല്‍ ചേട്ടന്മാരെ; ഈ പരിപാടികള്‍ എങ്ങനെ സുഗമാമായി ചെയ്യാം എന്നതിന്റെ ട്യൂട്ടോറിയല്‍ വല്ലയിടത്തും ലഭ്യമാണോ? ആണെങ്കില്‍ ദയവു ചെയ്തു പറഞ്ഞു തരണം. നിങ്ങളെപ്പോലെ അത ബൌധിക വ്യായാമത്തിന്റെ തലങ്ങളില്‍ വിഹരിക്കാനും, മാര്‍ക്കിട്ടു കളിക്കാനുമൊക്കെ എനിക്കും ആഗ്രഹങ്ങള്‍ ഉണ്ടേ. അത് കൊണ്ടാ.

മലയാളം ബ്ലോഗില്‍ നല്ല സിനിമാ നിരൂപണം നടത്തിയിരുന്ന ജയകൃഷ്ണന്റെ ബ്ലോഗിന്റെ ഓര്‍മയ്ക്ക് മുന്നില്‍ സമര്‍പ്പണം


Wednesday, July 22, 2009

എല്ലാം കോമ്പ്ലിമെന്റ്സ്...

അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള നമ്മുടെ നാട്ടില്‍ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം.എങ്കിലും ചിലത് പറയാതെ പോയാല്‍ , 'എനിക്കത് അന്ന് പറയാമായിരുന്നു' എന്ന് പിന്നിട് തോന്നും. അത് കൊണ്ട് ദേണ്ടെ കിടക്കുന്നു .
മുന്‍ രാഷ്ട്രപതി ഡോ : എ പി ജെ അബ്ദ്ദുള്‍ കലാമിനെ അമേരിക്കന്‍ വിമാന കമ്പനി ദേഹ പരിശോധനയ്ക്ക്‌ വിധേയനാക്കി എന്നതാണല്ലോ ഇപ്പൊഴത്തെ ഫാന്‍സി ടോപ്പിക്ക്‌ .

ഈ വിഷയത്തില്‍ ഉയര്‍ന്ന് കേട്ട ചില അഭിപ്രായങ്ങള്‍ :
1) അമേരിക്കക്കാരന് ഇത്ര അഹങ്കാരമോ? അവനും ഇവിടെ വരുമ്പോള്‍ തുണി അഴിച്ചു നിറുത്തി പരിശോധിക്കണം.
നുമ്മ അഭിപ്രായം: ഒവ്വ , ഒവ്വ ...അമേരിക്കന്‍ മുന്‍ രാഷ്ട്രപതിയെ വിട് , അവിടുത്തെ ഒരു മുന്‍ പഞ്ചായത്ത് പ്രസിഡന്റ്‌ (അമേരിക്കയില്‍ പഞ്ചായത്തില്ലെങ്കില്‍ അതെന്റെ കുറ്റമല്ല) ഇവിടെ വന്നാല്‍ ഉടന്‍ നമ്മുടെ വിദേശ കാര്യവും, സ്വദേശ കാര്യവും എല്ലാം കൂടി തായമ്പക മുതല്‍ ഓല പീപ്പി വരെ സകലതുമായി ചെന്ന് പരവതാനി നിവര്‍ത്തി സ്വീകരിക്കും.അതിനിടേലാ പരിശോധന .ഇമ്മിണി പുളിക്കും.

2) മുസ്ലീമായത് കൊണ്ടാണ് ഡോ :കലാമിന് ഈ ദുഃസ്ഥിതി ഉണ്ടായത്.
മച്ചാന്റെ ടേക്ക് : തന്നേ?അപ്പൊ പണ്ട് ജോര്‍ജ് ഫെര്‍ണാണ്ടസിനെ അമേരിക്കയിലിട്ടു തുണി ഉരിഞ്ഞത് അങ്ങേര്‍ അങ്ങോട്ട്‌ പോണ വഴി പൊന്നാനിയില്‍ പോയി തൊപ്പിയിട്ടത് കൊണ്ടാണോ? അഫ്സല്‍ ഗുരു മുതല്‍ അബ്ദുല്‍ കലാം വരെ ആരുടെ പേരിലും മതം തിരുകി കയറ്റുന്ന ഇത്തരക്കാര്‍ ഉള്ളത് കൊണ്ട് തന്നെയാവാം ഒരു പക്ഷെ വെള്ളക്കാരന് ‍തെണ്ടി ഇവിടുന്ന് താടി വെച്ച് ചെല്ലുന്നവനൊക്കെ ബോംബ് വെയ്ക്കാന്‍ ചെല്ലുന്നതാണ് എന്ന് കരുതുന്നത് (ഫെര്‍ണാണ്ടസിനും,ഡോ :കലാമിനും താടിയില്ലല്ലോ എന്ന വാദത്തിനു സ്കോപ്പുണ്ട് ചേട്ടന്മാരെ.തുടങ്ങിക്കോ !!!) .

3) അമേരിക്കന്‍ നിയമം ഇന്ത്യന്‍ മണ്ണില്‍ ബാധകമാകുമോ എന്ന് പഠിക്കേണ്ടിയിരിക്കുന്നു.
സാറിന്റെ മൊഡ: പഠിച്ചോ, പഠിച്ചോ. പഠിക്കുമ്പോള്‍ ഇതൂടെ ഒന്നോര്‍ക്കണേ.സായിപ്പിന്റെ ബി പി ഓകളിലും , ഔട്ട്‌ സോര്‍സ്സിങ്ങ് സോഫ്റ്റ്‌വെയര്‍ സ്ഥാപനങ്ങളിലും ഓഗസ്റ്റ്‌ പതിനഞ്ചിനും, ജനുവരി ഇരുപത്തിയാറിനും , ഒക്ടോബര്‍ രണ്ടിനും പോയിരുന്നു മണി മണി ജോലി ചെയ്തിട്ട് 'അത് ഞങ്ങളുടെ നിവൃത്തി കേട്‌ കൊണ്ടാ' എന്ന് വിലപിക്കുകയും, അബദ്ധത്തില്‍ സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ നരസിംഹത്തിന്റെ നൂലുകെട്ടിനും,സ്നാപക യോഹന്നാന്റെ മാമോദിസക്കും , ഹാജി അലിയുടെ മയ്യതിനും അവധി കിട്ടിയില്ല എന്ന് കൊടി പിടിക്കുകയും ചെയ്യുന്ന നാണം കെട്ടവന്മാരുടെ നാട്ടില്‍ അമേരിക്കയുടെ അല്ല, താമസിയാതെ ഉട്ടോപ്പിയയുടെ നിയമം വരെ അവന്മാര്‍ വന്നു നടപ്പാക്കിയിട്ട് പോകും.
പൊതു അവധികള്‍ എന്ന് സകല അലവലാതികള്‍ക്കും ബാധകമായ അടിസ്ഥാന നിയമങ്ങള്‍ ലംഘിക്കാന്‍ കൂട്ട് നില്‍ക്കുന്ന കാപെറുക്കികള്‍ ഇവിടെ തന്നെയുള്ളപ്പോള്‍, അമേരിക്കകാരന്‍ ചെറ്റയെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ എന്നൂടെ പഠിക്കണേ സാറന്മ്മാരേ.

4) സ്വന്തം ജോലി കൃത്യമായി ചെയ്ത വിമാന കമ്പനിക്കരനെ അഭിനന്ദിക്കണം.
നമുക്ക് തോന്നിയത് : പിന്നെ, വേണം!!! ഭാരതത്തിലെ ഒരു നിയമം, അത് എന്ത് തന്നെയായാലും, ലംഘിക്കുക എന്നത് ഒരു തെണ്ടിയുടെ ജോലിയുടെ ഭാഗമാണെങ്കില്‍ ‍, അവനെ മാത്രമല്ല‍, അവന്‌ ആ ജോലി കൊടുത്തവന്മാരെക്കൂടി ഭാരതരത്നം നല്‍കി അഭിനന്ദിക്കണം.

ഇനി പൊതുവായി ചിലത് :
വന്‍ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമുള്ള മന്ത്രിമാര്‍, ജനങ്ങളുടെ മുന്നില്‍ സമ്മതിദാനം തേടാന്‍ കെല്‍പ്പില്ലാതെ (എഴുന്നേറ്റു നില്‍ക്കാനും) പിന്‍വാതിലില്‍ കൂടി പ്രധാനമന്ത്രിയാകുന്നവര്‍ , നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിന്റെ ചില ഉന്നത പ്രതീകങ്ങള്‍ക്ക് മാത്രം നല്‍കപ്പെടേണ്ട നിയമപരമായ ഇളവുകള്‍ രാഷ്ട്രീയക്കാരായ ഏത് ചെറ്റയ്ക്കും ഒരുളുപ്പുമില്ലാതെ അനുഭവിക്കാവുന്ന ഒരു വ്യവസ്ഥ; ഇങ്ങനെ നമ്മുടെ നിയമങ്ങളെ വളച്ചൊടിക്കാനും, അപഹാസ്യമാക്കാനും മുന്‍പന്തിയില്‍ നില്‍ക്കുന്നത് നാം തന്നെയാണ് എന്നിരിക്കെ, പുറം രാജ്യത്തുള്ള ഏതെങ്കിലും ഒരുത്തന്‍ ആ നിയമത്തെ ബഹുമാനിക്കണം എന്ന് നമ്മള്‍ വിലപിക്കുന്നത് അര്‍ത്ഥശൂന്യമാണ് .

ദിവസേന മന്ത്രിമാരുടെയും, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി , പ്രിയങ്കാ ഗാന്ധി , അവരുടെ പുള്ളകള്‍ (കോണ്ഗ്രെസ്സുകാര്‍ക്ക് യഥാക്രമം അഡ്വാനി അങ്ങനെ തുടങ്ങി വായിക്കാം) എന്നിവരുടെ സന്ദര്‍ശനം, ഗതാഗത നിയന്ത്രണം , അമ്മുമ്മേടെ അടിയന്തരം അങ്ങനെ പല പേരില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളില്‍ ചിലരെങ്കിലും ഏതെങ്കിലും വി വി ഐ പിയെ സായിപ്പ് പിടിച്ച് തുണി ഉരിയുമ്പോള്‍ ഉള്ളു കൊണ്ട് സന്തോഷിക്കുന്നതിന്റെ കാരണവും മേല്‍പ്പറഞ്ഞ ദുരുപയോഗങ്ങളാണ്.

ഇത്രയും പറഞ്ഞ നിലക്ക് :
മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഡോ: കലാം സംഭവം, ഇത്ര കാലം കഴിഞ്ഞിട്ടാണോ പുറത്ത്‌ വരുന്നത്? ഡോ കലാം പരാതിപ്പെട്ടില്ല എന്നത് നില്‍ക്കട്ടെ. പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥര്‍ ആരും സംഭവം നടക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കൂടെ ഇല്ലായിരുന്നോ? അതോ, ഇപ്പോള്‍ ഈ വിവാദം പെട്ടന്ന് പൊങ്ങി വരുകയും, രണ്ടാം ദിവസം വിമാന കമ്പനി പറഞ്ഞ് എല്ലാം കോമ്പ്ലിമെന്റ്സ് ആക്കുകയും ചെയ്തത് മറ്റെന്തിലെങ്കിലും നിന്ന് മാധ്യമ/ജന ശ്രദ്ധ തിരിക്കാനുള്ള വിദ്യയോ ? മിസ്‌ഡിറക്ഷന്‍ എന്ന ജാല വിദ്യക്കാരുടെ നമ്പര്‍? അല്ല, ഹിലാരി ചേച്ചി ഒതുക്കത്തില്‍ ഇവിടെ വന്നു നാലഞ്ചു കരാറുകളും മറ്റും ഒപ്പിട്ട് പോയായിരുന്നേ. ആയുധ കരാറോ, ഇന്ത്യന്‍ സൈനിക മേധാവികളുടെ ലങ്കോട്ടി വരെ എന്തും അമേരിക്കന്‍ ആശാന്മാര്‍ക്ക് പരിശോധിക്കാനുള്ള കരാറോ...അങ്ങനെ എന്തൊക്കെയോ. ഡോ:കലാം വിവാദത്തില്‍ വിവാദത്തിനിടെ , കരാറിനെക്കുറിച്ച് മാധ്യമങ്ങളോ , രാഷ്ട്രീയ വിശകലന ഫ്രാഡുകളോ കാര്യമായി ഒന്നും പറഞ്ഞു കണ്ടില്ല? ശ്രദ്ധ തിരിഞ്ഞത് തന്നേ? അതോ പതിവ് പോലെ ജനത്തിനെ നിറുത്തി പറ്റിച്ചതോ?