Saturday, September 19, 2009

കേരളാ ക്വിസ്സ്

ക്വിസ്സ് മാസ്റ്റര്‍ (ക്വി.മാ ) : പരം പിറ്റ്ഫീല്‍ഡ് (നമ്മുടെ പരമന്‍ കുഴീപാടം തന്നെ.ഡാനി ബോയല്‍ എന്നൊക്കെ പറയുമ്പോലെ സായിപ്പിന്റെ പേര് വന്നാലെ ഇന്ത്യക്കാര് തെണ്ടികള്‍ക്ക്‌ ഒരു വിലയുള്ളൂ)

മത്സരാത്ഥികള്‍ : ദുബായി മൊയ്തു (ദു.മൊ: ദുബായില്‍ ഷെയിക്ക് ), ഫ്ലോറിഡാ കുഞ്ഞുറോത (ഫ്ലോ.കു: ഫ്ലോറിഡയിലെ വല്യ കേസുകെട്ടാ), എ കെ (എ കെ തന്നെ), ടോമോഹ്വാക് വാസു (ടോ.വാ: ടോമോഹ്വാക് പത്രത്തിന്റെ എന്തോ കിടുതാപ്പ്) .

ക്വി മാ: "അപ്പൊ തുടങ്ങാം."
ടോ വാ: "അല്ല മത്സരത്തിനു മുന്‍പ് ചായയും ,കടിയുമൊന്നും...?"
ക്വി മാ : "അത് പത്രസമ്മേളനത്തില്,ഇവിടല്ല. അപ്പോള്‍ തുടങ്ങുന്നു.ചോദ്യങ്ങള്‍ പ്രധാനമായും കേരളത്തെക്കുറിച്ച് ആയിരിക്കുമെങ്കിലും ഇടയ്ക്ക് ചില പൊതുവിജ്ഞാന ചോദ്യങ്ങളും കടന്ന് വന്നേക്കാം. ദുബായി മൊയ്തു,ഫ്ലോറിഡാ കുഞ്ഞുറോത, എ കെ , ടോമോഹ്വാക് വാസു എന്നീ ക്രമത്തിലാകും ഉത്തരങ്ങള്‍ പറയേണ്ടത്. ശരി ഉത്തരത്തിന് ഒന്നിന് പത്തു പോയന്റ്. തെറ്റായ ഉത്തരത്തിന്,ഉത്തരത്തിന്റെ നിലവാരം അനുസരിച്ച് ചവിട്ട്‌,തൊഴി,കുനിച്ചു നിറുത്തി നടുവിനിടി."

ഫ്ലോ കു :" അമേരിക്കയില്‍ എല്ലാ മത്സരങ്ങള്‍ക്കും ബസ്സര്‍ ഉണ്ടാകും.ഇവിടെ അതില്ലേ?പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ കേ മാര്‍ട്ടില്‍ നിന്നുമൊരെണ്ണം വാങ്ങി വന്നേനെ "
ക്വി മാ :" ഇവിടുത്തെ ബസ്സര്‍ കേടാ. തത്കാലം പറഞ്ഞ ക്രമത്തില്‍ ഉത്തരം പറയുകയേ നിവൃത്തിയുള്ളൂ" ഫ്ലോ കു :"ഓ ഘാഷ്‌ !!!ഞാന്‍ യു എസ്സില്‍ പോയ പത്തു വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യ ഇത്ര പുവര്‍ കണ്ട്രി ആയോ? "
ക്വി മാ :"'പു' ചേര്‍ത്ത് ആരേലും വല്ല മറുപടിയും അതിനു പറയും മുന്‍പേ മത്സരം തുടങ്ങുന്നു. ചോദ്യം ഒന്ന്.മലയാളത്തിലെ ഏറ്റവും ജനപ്രിയനായ എഴുത്തുകാരന്‍ ആര് ?"
ദു മൊ :"മമ്മൂട്ടിക്ക"
ക്വി മാ: "കൂലിക്ക് ആളെ വെച്ച് എഴുതിക്കുന്നവരുടെ കാര്യമല്ല ചോദിച്ചത്"
ഫ്ലോ കു: "സ്ത്രൈണ മനസ്സിലെ മഞ്ഞുതുള്ളി എഴുതിയ നാന്‍സി ജേക്കബ്‌?"
ക്വി മാ:" ആ മഞ്ഞു തുള്ളി ചേച്ചി മാത്രമേ കണ്ടു കാണു . നെക്സ്റ്റ്"
എ കെ:"ഡാന്‍ ബ്രൌണ്‍ "
ക്വി മാ:" എ കെ പറഞ്ഞ ഉത്തരം ശരിയാണ്. മലയാളത്തില്‍ ഇന്നോളം ഒരു വരി പോലും എഴുതി വായനക്കാരേ കൊല്ലാത്ത ഡാന്‍ ബ്രൌണ്‍ തന്നെയാണ് മലയാളത്തിന്റെ ജനപ്രിയ എഴുത്തുകാരന്‍ .എ കെക്ക് പത്തു പോയന്റ്"

ക്വി മാ :" അടുത്ത ചോദ്യം. ക്രമം അനുസരിച്ച് വാസുവിന് ആദ്യം ഉത്തരം നല്‍കാം. കേരളത്തില്‍ പോയതിലും വേഗത്തില്‍ മടങ്ങി വന്നത് എന്ത് ?"
ടോ വാ :" ഇന്ത്യന്‍ ടീമില്‍ നിന്നും ശ്രീശാന്ത്"
ക്വി മാ :" ഓനെയും കുടുമ്പക്കാരെയും നിങ്ങള്‍ പത്രക്കാര്പൊക്കിക്കൊണ്ട് നടന്ന സ്പീഡിന് ഓനിതിലും വേഗം തിരിച്ച് വരേണ്ടതായിരുന്നു ,നെക്സ്റ്റ്. "
ദു മൊ:" ലിഫ്റ്റ്‌ ടെക്നോളജി പഠിച്ചിട്ട് ദുബായിലേക്ക് വിമാനം കയറിയ ഹമുക്കുകള്‍"
ക്വി മാ :" അതിലും വേഗത്തില്‍ മടങ്ങിയെത്തിയ ഒന്നുണ്ട്"
ഫ്ലോ കു :"ബൂമറാങ്ങ്"
ക്വി മാ :" കേരളത്തിലോ? തുടക്കത്തില്‍ തന്നെ നിലവാരം ഇങ്ങനെ വിളിച്ചറിയിക്കല്ലേ"
എ കെ :" കാവ്യാ മാധവന്‍"
ക്വി മാ :"വീണ്ടും എ കെക്ക് പത്ത് മാര്‍ക്ക് "


ക്വി മാ : "മൂന്നാം ചോദ്യം. വീണ്ടും വാസുവില്‍ നിന്നും തുടങ്ങാം. കേരളത്തില്‍ കരയില്‍ കാണപ്പെടുന്ന ഏറ്റവും വല്യ ജീവി ?"
ടോ വാ : "ആന"
ക്വി മാ :" അല്ല"
ദു മൊ :" ഒട്ടകം"
ക്വി മാ :" എഴുന്നേറ്റു പോടാ അവിടുന്ന്"
ഫ്ലോ കു :" ജിറാഫ്‌ "
ക്വി മാ :" അല്ല"
എ കെ :"മോഹന്‍ലാല്‍"
ക്വി മാ :"നീ തകര്‍ക്കുമെടാ മോനെ. ബാക്കിയുള്ളവര്‍ പറഞ്ഞ ജീവികളൊക്കെ ഇപ്പൊ നമ്മുടെ ലാലേട്ടന്റെ ഇപ്പോഴത്തെ ഒരു ശരീരപ്രകൃതി വെച്ച് നോക്കിയാല്‍ വെറും അശുക്കള്‍ . എ കെക്ക് പിന്നേം പത്ത് മാര്‍ക്ക്"

ക്വി മാ : "നാലാം ചോദ്യം.കേരളത്തില്‍ വളരെ വിരളമായി കാണപ്പെടുന്ന ഒരു ജീവി ?"
ടോ വാ :" ആഫ്രിക്കന്‍ മഞ്ഞത്തവള"
ക്വി മാ: "തെറ്റ് "
ദു മൊ:"കുറുനരി "
ക്വി മാ :" നിയമസഭയില്‍ നല്ല മുറ്റിയ ഇനങ്ങള്‍ ധാരാളമുണ്ട്"
ഫ്ലോ കു : " ആനകോണ്ട"
ക്വി മാ :" ഫിനാന്‍സ്‌ കമ്പനികള്‍ മുട്ടിന് മുട്ടിന് ഉള്ള ഈ നാട്ടില്‍ ആ കുറവ് അറിയുകേല"
എ കെ :"പ്രതിരോധ മന്ത്രി എ. കെ. ആന്റണി"
ക്വി മാ :"വളരെ ശരി. അടുത്ത കാലത്തായിട്ട് ഇലക്ഷന് നില്‍ക്കാന്‍ പോയിട്ട് ഇങ്ങോട്ട് ഒന്ന് വരാന്‍ പോലും അതിയാന് എന്തോ അസ്കിത ഉള്ളത് പോലെ . എ കെ ക്ക് വീണ്ടും പത്തു പോയന്റ്"

ക്വി മാ :"തിരുവനന്തപുരത്ത് തീരെ കാണപ്പെടാത്തതും ലോകത്തിന്റെ മറ്റേത് ഭാഗത്തും കാണപ്പെടാവുന്നതുമായ ഒരു ജീവി ?"
ടോ വാ:" വൈദുതി മന്ത്രി ബാലന്‍.പുള്ളി ഇപ്പൊ സ്ഥിരം മുല്ലപ്പെരിയാറിലാണ്"
ക്വി മാ:" പുള്ളിക്ക് തിരുവനന്തപുരം വിട്ടാല്‍ മുല്ലപ്പെരിയാര്‍ മാത്രമേയുള്ളു .തന്നെയുമല്ല ഇടക്കെങ്കിലും അങ്ങേര്‍ തിരുവനന്തപുരത്ത് എത്താറുണ്ട് "
ദു മൊ : " കെ മുരളീധരന്‍. ഒരു ജാഥ തീരുമ്പോള്‍ അടുത്ത ജാഥക്ക് തുടക്കമിടാന്‍ വല്ലിടത്തോട്ടും ഒക്കെ പോണ്ടേ?"
ക്വി മാ:" എന്‍ സി പിയിലും ഇല്ല ,കോണ്ഗ്രസ്സിലും ഇല്ല,കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും സ്വന്തം വെട്ടിലും കയറ്റുകയുമില്ല എന്നാ ഇപ്പോഴത്തെ അവസ്ഥയില്‍ കക്ഷി ഇപ്പൊ എവിടെ എന്ന് ആര്‍ക്കും ഒരു പിടിയുമില്ല. അതിനാല്‍ ഉത്തരമായി അങ്ങേരെ പരിഗണിക്കാന്‍ സാധിക്കില്ല"
ഫ്ലോ കു :" തിരുവനന്തപുരം എം പി ശശി തരൂര്‍ "
ക്വി മാ :"വളരെ ശരി. കുഞ്ഞുറോതയ്ക്ക് പത്തു പോയന്റ് "

ക്വി മാ : "ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളി ആര് ? ഇനി എ കെയുടെ ഊഴമാണ് "
എ കെ :"മോഹന്‍ലാല്‍"
ക്വി മാ :" മണിച്ചിത്രത്താഴ് വരെ അത് ശരിയായിരുന്നു. പക്ഷെ ഇപ്പോള്‍ പ്രശസ്തി താഴേക്കാ. സാഗര്‍ അലിയാസ് ജാക്കിക്ക് ശേഷം പ്രത്യേകിച്ചും"
ടോ വാ:"ബിനീഷ്‌ കോടിയേരി"
ക്വി മാ :" ഉത്തരം ശരിയാണ്. വാസുവിനെ പോലുള്ള പത്രപ്രവര്‍ത്തകര്‍ തന്നെയാണല്ലോ കേരളത്തില്‍ ഒരു പൂച്ച തുമ്മിയാലും അതില്‍ പ്രസ്തുതന്റെ കറുത്ത കരങ്ങള്‍ ഉണ്ടെന്നെഴുതി അങ്ങേരെ ഇത്ര പ്രശസ്തനാക്കിയത്. വാസുവിന് പത്തു പോയന്റ്."

ക്വി മാ :" കേരളത്തില്‍ ഏറ്റവും ജനകീയമായ വിനോദം എന്ത് ? ഈ റൌണ്ട് ദുബായി മൊയ്തുവില്‍ തുടങ്ങാം "
ദു മൊ :" വെള്ളമടി"
ക്വി മാ :" അത് കറക്റ്റ്. മൊയ്തു പത്തു പോയന്റ് അടിച്ച് മാറ്റിയിരിക്കുന്നു "

ക്വി മാ :" ഭൂമികുലുക്കി പക്ഷിയുടെ അതെ സ്വഭാവം, സ്വന്തം വാല് കുലുങ്ങിയാല്‍ ഭൂമി കുലുങ്ങും എന്ന അതേ സ്വഭാവം വെച്ച് പുലര്‍ത്തുന്ന കേരളത്തിലെ ജീവി ഏത് ?"
ഫ്ലോ കു : "അച്ചുതാനന്ദന്‍"
ക്വി മാ :"പി ബിയില്‍ നിന്നും ചവിട്ടിയിറക്കിയതിന് ശേഷം ആ സ്വഭാവം അല്‍പ്പ സ്വല്‍പ്പം മാറിയിട്ടുണ്ടോ എന്നൊരു സംശയം നില നില്‍ക്കുന്നതിനാല്‍ ആ ഉത്തരം അംഗീകരിക്കാന്‍ സാധ്യമല്ല"
എ കെ :"ഗള്‍ഫ്‌ മലയാളി"
ക്വി മാ :"വെരി ഗുഡ്. കേരളത്തെ മൊത്തം താങ്ങി നിറുത്തിയിരിക്കുന്നത്‌ തങ്ങളാണ് എന്നാ ഓന്മാരുടെ വിചാരം. എ കെക്ക് പത്തു പോയന്റ്"

ക്വി മാ :" ജീവിതകാലം മുഴുവന്‍ കഴുതയായി കഴിയുകയും എന്നാല്‍ സ്വയം കുതിരയാണ് എന്ന് മരണം വരെ മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ജീവി ഏത് ?"
ടോ വാ :" കേരളത്തിലെ സോഫ്റ്റ്‌വെയര്‍ തൊഴിലാളികള്‍"
ക്വി മാ :"പത്രപ്രവര്‍ത്തകനാണെങ്കിലും വാസൂനു വല്ലപ്പോഴുമൊക്കെ വിവരം ഉണ്ട്. പത്തു പോയന്റ് പിടിച്ചോ"

ക്വി മാ :" മത്സരത്തിലെ ഒടുക്കത്തെ ചോദ്യമാണ്. കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും ദുഖിതരാകുന്ന ദിവസം ?"
ദു മൊ :" പെട്രോള്‍ വില കൂടുന്ന ദിവസം"
ക്വി മാ :"എന്നാപ്പിന്നെ ദിവസവും ദുഖിച്ച് നടക്കാനേ ജനങ്ങള്‍ക്ക് നേരം കാണു "
ഫ്ലോ കു :" ഹര്‍ത്താല്‍ ദിവസം"
ക്വി മാ :"ദേശീയോത്സവം സന്തോഷത്തിന്റെ ദിവസമല്ലേ ചേച്ചി?"
എ കെ :"എല്ലാ മാസവും ഒന്നാം തീയതി. അന്ന് ബാറുകള്‍ അടപ്പായിരിക്കും"
ക്വി മാ :" നീയാടാ യഥാര്‍ത്ഥ കുടിയന്‍. പത്തു പോയന്റ് ടച്ചിന്ഗസായി പിടിച്ചോ."

ഒടുക്കത്തെ പോയന്റ് നില :
ദുബായി മൊയ്തു :പത്ത്
ഫ്ലോറിഡ കുഞ്ഞുറോത :പത്ത്
എ കെ : അറുപത്
ടോമോഹ്വാക് വാസു :ഇരുപത്

3 comments:

Jon said...

Adipolli!!!!!

nikhimenon said...

good try

മനു said...

ആകെ ഒരന്നത്ത്തിനു മാത്രം നിലവാരമുണ്ട്

കേരളത്തില്‍ പോയതിലും വേഗത്തില്‍ മടങ്ങി വന്നത് എന്ത് ?"