Thursday, December 31, 2009

വാര്‍ഷിക ചലച്ചിത്ര കുഴലൂത്ത്

ബഹുമാനപ്പെട്ട എ കെ ,

മലയാള
സിനിമയുടെ ചരിത്രത്തില്‍ ഇന്നോളം സംഭവിച്ചിട്ടില്ലാതത്ര ഉ...ഉ....ഉജാല മുക്കിയ ഒരു വര്‍ഷമായിരുന്നു ദാണ്ടേ ഈ കടന്നു പോയത്. പ്രേക്ഷകര്‍ തിരിഞ്ഞു നോക്കിയില്ലെങ്കിലും കലാ മൂല്യമുള്ള പടങ്ങള്‍ മാര്‍ച്ച്പാസ്റ്റു നടത്തുകയല്ലയിരുന്നോ. പിന്നെ കുറെ പടങ്ങള്‍ നമ്മള്‍ പത്രക്കാരും, ഇന്റര്‍നെറ്റില്‍ ബ്ലോക്കോ, ബ്ലോഗോ അങ്ങനെ ഏതാണ്ടൊക്കെ എഴുതുന്ന ചില എന്തിരവന്മാരും കൂടി കുഴലൂതി ഊതി ഹിറ്റാനെന്നു കുറച്ചു പൊട്ടന്മാരെയെങ്കിലും വിശ്വസിപ്പിച്ചില്ലേ? ലതാണ് ദാറ്റ് . അടുത്ത
വര്‍ഷവും നുമ്മ തകര്‍ക്കും.
മലയാള സിനിമയില്‍ രണ്ടായിരത്തി ഒന്‍പതില്‍ രണ്ടു മുടിഞ്ഞ സുപ്പര്‍ ഹിറ്റുകളാണ് ഉണ്ടായത് എന്നൊക്കെയാണ് നമ്മള്‍ വാര്‍ഷിക കണക്കെടുപ്പില്‍ കൂടി കുറെ കാപെറുക്കികളെയെങ്കിലും പറഞ്ഞു വിശ്വസിപ്പിക്കാന്‍ പോകുന്നത്. ടു ഹരിഹര്‍ നഗറും , പഴശ്ശി രാജയും . അപ്പൊ താങ്കള്‍ക്ക് സംശയം തോന്നാം ഹരിഹര്‍ നഗര്‍ ഓക്കേ , പക്ഷെ അമ്പതു ദിവസം കഷ്ടപ്പെട്ടു ബുദ്ധിമുട്ടി പെട്ടി തിയറ്ററുകളില്‍ ഇഴയുന്ന, ഇരുപത്തി ഏഴു കോടി രൂപ പഴശ്ശി രാജ എങ്ങനെ സുപ്പര്‍ ഹിറ്റാകും എന്ന്? നൂറു ദിവസങ്ങള്‍ കേരളത്തില്‍ പതിനഞ്ചോളം കേന്ദ്രങ്ങളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടത്തിയ വെറുതെ ഒരു ഭാര്യക്ക് കിട്ടിയത് ഒന്‍പതു കോടി രൂപയുടെ ഷെയര്‍ , ലപ്പോ എങ്ങനാടെ അമ്പതു ദിവസം മുട്ടേല്‍ ഇഴഞ്ഞ പഴശ്ശി സുപ്പര്‍ ഹിറ്റാകുന്നത്‌ വന്ന താങ്കളുടെ സ്ഥിരം ശൈലിയിലുള്ള ചോദ്യം ഞാന്‍ ഭാവനയില്‍ കാണുന്നു. പഴശ്ശി മൂ...മൂ ...മുംബാസ ആയാലും അതിന്റെ നിര്‍മാതാവിന് ലാഭം മാത്രമേ ഉള്ളു എന്ന് വെള്ളാപ്പള്ളി സാര്‍ പറഞ്ഞത് താങ്കള്‍ ഓര്‍ക്കണം. എത്ര ബ്ലാക്ക് വെളുപ്പിക്കാം? കഷ്ട കാലത്തിന് പടം മുടക്ക് മുതലും , ലാഭവും എല്ലാം കൂടി തിരികെ പിടിച്ചിരുന്നേല്‍ ഗോപാലേട്ടന്റെ ട്രൌസര്‍ കിഴിയില്ലയിരുന്നോ? അത് കൊണ്ട് പഴശ്ശി സുപ്പര്‍ ഹിറ്റ് തന്നെ .

പിന്നെ വാര്‍ഷിക കണക്കെടുപ്പില്‍ , സുപ്പര്‍ താരങ്ങളുടെ കുഴലൂത്താണ് നമ്മുടെ പ്രധാന പണി എന്നുള്ളതിനാല്‍ നാലഞ്ചു കാര്യങ്ങള്‍ നമ്മള്‍ വെടിപ്പിന് ചെയ്യും.
1) വാര്‍ഷിക കണക്കെടുപ്പില്‍ ഭ്രമരം, പാലേരി മാണിക്യം, ലൌഡ് സ്പീക്കര്‍ തുടങ്ങിയ പടങ്ങളെക്കുറിച്ച് എവിടെയെങ്കിലും പറയേണ്ടി വന്നാല്‍ 'മോഹന്‍ലാലിനെ തിരിച്ചു കിട്ടി, കളഞ്ഞു കിട്ടി', 'മമ്മൂട്ടി വിസ്മയിപ്പിക്കുന്നു, ഒലത്തുന്നു ഛെ സോറി ഉലക അഭിനയം കാഴച്ച വെയ്ക്കുന്നു ' എന്നൊക്കെ നമ്മള്‍ എഴുതും.( ഈ പണി വൃത്തിയായി ചെയ്യുന്ന ചില അവന്മാര്‍ മലയാളം ബ്ലോഗില്‍ ഉണ്ടെന്നാ കേട്ടത് മമ്മൂട്ടിയുടെ ബ്ലോഗ്‌ അഡ്മിന്‍ ചെയ്യാനോ , മോഹന്‍ലാലിന്റെ അണ്ടര്‍വെയര്‍ കഴുകാനോ ഒക്കെയുള്ള പണി സബ് കൊണ്ട്രാക്റ്റ് കിട്ടിയ ശേഷം ലവന്മാര്‍ പ്രസ്തുത താരങ്ങള്‍ക്ക് വേണ്ടി ഊത്തോട് ഊത്താണെന്നാ കേട്ടത് . വേണ്ടി വന്നാല്‍ അവന്മാരുടെ സഹായം നമുക്ക് ഈ കാര്യത്തില്‍ സ്വീകരിക്കാവുന്നതാണ്)

2) പട്ടണത്തില്‍ ഭൂതം, ലവ് ഇന്‍ സിങ്കപൂര്‍ , ഭഗവാന്‍ , എയ്ഞ്ചല്‍ ജോണ്‍ തുടങ്ങിയ പടങ്ങളില്‍ സുപ്പറുകളുടെ ഉദാത്ത അഭിനയശേഷി ചൂഷണം ചെയ്യാനുള്ള ഒരു ഇട്ടാപ്പും ഇല്ല , അതാണ്‌ ഈ പടങ്ങള്‍ വെടി തീരാനുള്ള കാരണം എന്നതാവും നമ്മുടെ ലൈന്‍

3) കഴിഞ്ഞ കൊല്ലം ആ ചീള് ചെറുക്കന്‍ പ്രിഥ്വി രാജിന്റെ രണ്ടു പടങ്ങള്‍ വല്യ കുഴപ്പമില്ലാതെ പോയത് നമ്മള്‍ മുക്കും. ലവന്‍ ഇപ്പൊ അങ്ങനെ വല്യ സ്റ്റാര്‍ ആകണ്ടാ

3) ഭാഗ്യദേവത, ഇവര്‍ വിവാഹിതരായി , പാസ്സെഞ്ചര്‍ , ഗുലുമാല്‍ തുടങ്ങി അത്യാവശ്യം കുഴപ്പമില്ലാതെ ഓടി , നിര്‍മ്മാതാവിന് ലാഭവും, മന:സമാധാനവും(സുപ്പറുകളുടെ ജാഡ സഹിക്കണ്ടാ , നായിക മുതല്‍ എക്സ്ട്രാ വരെയുള്ളവരുടെ കേസുകള്‍ അങ്ങേര്‍ അറ്റന്‍ഡ് ചെയ്തിട്ടേ ആരും എടുക്കു...അങ്ങനെ എന്തെല്ലാം പ്രയോജങ്ങള്‍ ചെറിയ പടങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടെന്നോ. തെണ്ടികള്‍!!!!) ഉണ്ടാക്കി കൊടുത്ത പടങ്ങള്‍ നമ്മള്‍ 'ഉം, വല്യ കുഴപ്പമില്ല' എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് ഒഴിവാക്കും.സുപ്പര്‍ താരങ്ങളുടെ കുഴല്‍ ഊതുന്ന നമ്മള്‍, ചെറിയ പടങ്ങള്‍ ലാഭം ഉണ്ടാക്കുന്നു എന്ന് മുഴുവനായി സമതിക്കാന്‍ പാടില്ലല്ലോ. അതും സുപ്പരുകളുടെ പടങ്ങള്‍ തറ തൊടാതെ പൊട്ടുന്ന ഈ കാലത്ത്.

അപ്പൊ അതാണ്‌ നമ്മുടെ ഒരു മലയാള ചലച്ചിത്ര വാര്‍ഷിക റിവ്യൂവിന്റെ ലൈന്‍ .ഇനി കേട്ടില്ല, പറഞ്ഞില്ല, അറിഞ്ഞില്ല എന്ന് പറയരുത്.
എന്ന്

വിശ്വസ്തതയോടെ

മാത്യു ഊത്തുപുരക്കല്‍
റെസിഡന്റ് എഡിറ്റര്‍
എ കെ 47

മലയാള സിനിമയെക്കുറിച്ച് ഇനി ഉടനെ ഒന്നും ഒരു കുന്തവും എഴുതരുത് എന്ന് വിചാരിച്ചിരുന്നതാണ്. പക്ഷേ വാരാന്ത്യത്തില്‍ നഗരത്തില്‍ ചുമ്മാ ഒന്ന് കറങ്ങാന്‍ ഇറങ്ങിയപ്പോള്‍ ഒരു കാര്യം വ്യക്തമായി. മലയാള സിനിമയെപ്പറ്റി വല്ലതും എഴുതണം എന്നുണ്ടെങ്കില്‍ ഇപ്പൊ കാച്ചണം. കുറച്ചു നാള്‍ കൂടി കഴിഞ്ഞാല്‍ ചിലപ്പോള്‍ അങ്ങനൊരു സാധനത്തിനെ മഷിയിട്ട് നോക്കിയാലും കണ്ടുപിടിക്കാന്‍ സാധിച്ചു എന്ന് വരില്ല.
നഗരത്തിലെ നാല് പ്രമുഖ തിയറ്ററുകളില്‍ മൂന്നെണ്ണത്തില്‍ വേട്ടക്കാരന്‍ (രണ്ടാഴച്ച്ചക്ക് ശേഷവും ബ്ലാക്കില്‍ ടിക്കറ്റ് വില രൂപ എഴുപത്തിയഞ്ച് ), ഒരിടത്ത് അവതാര്‍ (അവിടെ കൂട്ടയിടിയും നിലവിളിയുമാണ്, പടം കാണാന്‍) . രാജമാണിക്യം വീഞ്ഞ് പ്രജാപതിക്കുപ്പിയില്‍ വീഴ്ത്തിയ ചട്ടബിനാട് , മോഹന്‍ലാലിന്റെ എവിടയോ സ്വര്‍ഗമാണ് ( ഈ പടം കണ്ടില്ല. കാണണം. അവതാര്‍ ഒന്നൂടെ കണ്ടിട്ട് വേണം ഇനി മലയാളം കൊല വീണ്ടും ഏറ്റു വാങ്ങി തുടങ്ങാന്‍) തുടങ്ങിയ പടങ്ങള്‍ വേട്ടക്കാരനെയും , അവതാറിനെയും പേടിച്ചു റിലീസ് ഒരാഴ്ച്ച നീട്ടി വെയ്ക്കുന്നു . മലയാളം സിനിമ ഊ ...ഊ ...ഊര്‍ജ്ജസ്വലമാകാന്‍ ഇത്രയൊക്കെപോരെ???

Wednesday, December 16, 2009

പലവ്യഞ്ജന മാണിക്ക്യം : ഒരു നിരന്തര കൊലപാതകത്തിന്റെ കഥ.

എന്തെടെ നീ ഇന്നലെ എവിടെ ആയിരുന്നു?

വോ എന്തിര് പറയാന്‍ പാലേരി മാണിക്യം കാണാന്‍ പോയിരുന്നു അണ്ണാ.

എന്നിട്ട് ?

---------

എന്തെടെ ഒരു അനക്കം ഇല്ലാത്തത് ?

സത്യം പറഞ്ഞാല്‍ ഉണ്ടല്ലോ ആ പടം കണ്ടു കഴിഞ്ഞപ്പോള്‍ ജയരാജിനോട് ഭയങ്കര ബഹുമാനം തോന്നി.

ഏതു ജയരാജ്‌ ? നമ്മുടെ സംവിധായകനോ ?

വോ,തന്നെ.

ഉം?

അണ്ണാ, അങ്ങേര്‍ ദേശാടനം എടുക്കുമ്പോള്‍ അതിനിടയില്‍ തുമ്പോളി കടപ്പുറം കൊണ്ട് വരാറില്ല . അറേബ്യ ക്കിടയില്‍ പൈതൃകം കൊണ്ട് തിരുകാറില്ല അത് തന്നെ കാര്യം.

അതിപ്പോള്‍ പറയാന്‍....

കുറ്റാന്വേഷണ ചിത്രം എടുക്കാനാണ് പരിപാടി എങ്കില്‍ അത് എടുക്കണം . അല്ല കേരളത്തിലെ പഴയ സാമുഹ്യ വ്യവസ്ഥിതി കാണിക്കാനാണ് ആഗ്രഹം എങ്കില്‍ അത് ചെയണം. ഏതു എല്ലാം ഐ കൂടി കുഴച്ചു ഒരു മാതിരി അവിയല് പോലെ....

എടേ നീ തനി മലയാളീ അകാതെ. ഒരുമാതിരി സകലതിനെയും പുച്ഛം ......

മലയാളീ സകലതിനെയും പുചിച്ചതും കുറ്റം പറഞ്ഞതും ഒക്കെ പണ്ടായിരുന്നു അണ്ണാ എപ്പോള്‍ ഒരൊറ്റ ഓളത്തില്‍ എല്ലാവനും വീഴും.

ഓളമോ ? അതെന്തോന്നു ?

അണ്ണാ ഈ മീഡിയ രാജാക്കന്മാരും റിവ്യൂ രചിക്കുന്ന മഹാന്മാരും മറ്റു ശിങ്കിടികളും ചേര്‍ന്ന് ഒരുക്കുന്ന ബഹളം (പബ്ലിസിറ്റി ക്യാംപെയിന്‍ എന്ന് ഇംഗ്ലീഷില്‍ പറയും എന്നാ കേട്ടിടുള്ളത് ) സംഗതി ഓ മഹത്തരം , ഉദാത്തം , കിടിലം എങ്ങനെയുള്ള വാക്കുകള്‍ തിരിച്ചും മറിച്ചും പ്രയോഗിച്ചു ഇതൊരു ലോക സംഭവം ആണെന്ന് തോന്നല്‍ ഉണ്ടാക്കുക എന്നതാണ് സംഗതി .

എടേ നീ കാടു കേറാതെ .. ഒരു മാതിരി ബൂ ലോകത്തെ സിനിമ നിരൂപകരെ പോലെ... . സംഗതി കൊള്ളാമോ ഇല്ലെങ്കില്‍ എന്ത് കൊണ്ട്? അത് പറയെടെ.

അണ്ണാ സത്യം സത്യമായി പറഞ്ഞാല്‍ എനിക്ക് പടം പിടിച്ചില്ല.

മം എന്താ കാരണം ?

അമ്പതു കൊല്ലം മുന്‍പ് ജന്മി പീഡിപ്പിച്ചു കൊന്ന ഒരു പെണ്ണ് . അതാണ് മാണിക്യം . ജന്മിയാണ് കൊന്നത് എന്നും അയാളാണ് കേസ് തേച്ചു മാച്ചു കളഞ്ഞത് എന്നും എല്ലാര്ക്കും അറിയാം . പരാതിക്കാരും പ്രതികള്‍ എന്ന് സംശയിക്കപെട്ടവരും എല്ലാം മരിച്ചു കഴിഞ്ഞു . എന്നാലും സത്യം കണ്ടു പിടിക്കണം എന്ന് നായകന് വാശി .(മാണിക്യം മരിച്ച അതെ ദിവസം അന്ന് നായകന്‍ ഹരിദാസും ജനിച്ചത്‌ എന്നതാവാം മാണിക്യത്തെ കുറിച്ച് അന്വേഷിക്കാനുള്ള ആഗ്രഹം എന്നാണ് പറയപെടുന്നത്. (പിന്നെ ഉപബോധ മനസിന്റെ പ്രേരണ , ഉറങ്ങാന്‍ പറ്റുന്നില്ല മുതലായ സ്ഥിരം കാരണങ്ങള്‍ ) എന്നാല്‍ അതെ ദിവസം മരിച്ച നമ്പൂതിരി യെ കുറിച്ച് ആര്‍ക്കും ഒന്നും അറിയണ്ട .(വേറെ ജോലി ഇല്ലെ?).

അങ്ങനെ നായകനും അങ്ങേരുടെ ഒരു സെറ്റ് അപ്പ്‌ ഉം (ക്ഷമിക്കണം , വല്ല പാവപെട്ടവന്‍ എന്തെങ്ങിലും ഒക്കെ ചെയ്താലല്ലേ ഇത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ പറ്റു. ഇതു ബൌധിക തലത്തിലുള്ള ഉദാത്തമായ ബന്ധം) പലേരിയില്‍ എത്തുന്നു . കണ്ടവനോടൊക്കെ സംസാരിക്കുന്നു . തകര്‍പ്പന്‍ നാടകീയമായ ആത്മഗതങ്ങള്‍ തലങ്ങും വിലങ്ങും വീശുന്നു .നായകന് അറിയാവുന്ന (അയാള്‍ പലേരിയില്‍ ജനിച്ചു വളര്‍ന്ന ആളാണ് ) വിവരങ്ങള്‍ വീണ്ടും നാട്ടുകാരെ കൊണ്ട് കൊണ്ട് പറയിച്ചു നമ്മളെ കേള്‍പ്പിക്കുന്നു .അവസാനം രണ്ടു മണിക്കൂര്‍ തീരാറായി എന്നോര്‍മ വരുമ്പോള്‍ ഒരു കിടിലന്‍ ക്ലൈമാക്സ്‌ സഹിതം സത്യം പുറത്തു കൊണ്ടുവരുന്നു. ഒരു പ്രകോപനവും കുടാതെ ആകുന്നു സത്യം പുറത്തു വരുനത്‌ എന്നതാണ് ഇതിലെ ക്യാച്ച് .

എടേ അപ്പോള്‍ ക്ലൈമാക്സ്‌ ഇല്‍ ഒരു സസ്പെന്‍സും ഇല്ല എന്നാണോ ?

പൊന്നണ്ണാ, ഒരു മണികൂര്‍ കഴിഞ്ഞു സംഗതികളുടെ കിടപ്പ് മനസില്ലകുമ്പോള്‍ തന്നെ മാണിക്യത്തെ ആരു കൊന്നാലും വലിയ വിഷയം ഒന്നും ഇല്ല എല്ലാര്ക്കും അറിയാം . പിന്നെ ജന്മി തനെയാണ്‌ കൊന്നത് എന്ന് വന്നാല്‍ പിന്നെ നായകന്‍ ഈ വേഷം എന്തിനു കെട്ടി എന്നൊരു ചോദ്യം വരാം. അത് കൊണ്ട് വഴിയെ പോയ ഒരുത്തനെ പ്രതി ആക്കുന്ന പഴയ ആ എസ എന്‍ സ്വാമി നമ്പര്‍ (സിബിഐ ഡയറി കുറിപ്പ് ) വൃത്തികെട്ട രീതില്‍ ഉപയോഗിച്ചിരിക്കുന്നു .

എന്ന് പറഞ്ഞാല്‍ ......

എന്ന് വെച്ചാല്‍ അതിനു മുന്‍പോ ശേഷമോ ഒരു കുറ്റ കൃത്യമോ , ചീത്ത പേരോ ഇല്ലാത്ത മനുഷ്യന്‍ . പെട്ടന്ന് ഒരു പ്രകോപനവും കുടാതെ പൊയ് മാണിക്യത്തെ പീഡിപ്പിച്ചു എന്ന് പറഞ്ഞാല്‍ ഒരു മാതിരി കാണുന്നവനെ ഊഉ .. ആക്കുന്ന പരിപാടി അല്ലെ അണ്ണാ .

എടേ നീ അടങ്ങു . ഇതൊരു നോവല്‍ അല്ലെടെ അപ്പോള്‍ പിന്നെ അതില്‍ എഴുതിയിരിക്കുനത് പോലെ അല്ലെ പടം പിടിക്കാന്‍ പറ്റു.

അങ്ങനെ പറയുനതിന് മുന്‍പ് അണ്ണന്‍ പത്മരാജന്‍ എഴുതിയ ഉദകപ്പോള എന്ന നോവലും തൂവാനതുമ്പികള്‍ എന്ന പടവും ഒന്ന് കണ്ടു .നോക്കണം നോവല്‍ പടം ആക്കേണ്ടത് എങ്ങനെ എന്ന് മനസിലാകും .

ശരി അതൊക്കെ പോട്ടെ , നീ അഭിനയത്തെ പറ്റി പറ. മമ്മൂട്ടിയുത്പ്പടെ എല്ലാരും തകര്‍ത്തിട്ടുണ്ടോ??

നായക കഥാപാത്രം (ഹരിദാസ്‌) തിരകഥാകൃത്ത്‌ എഴുതിവിട്ട നാടകീയമായ ആത്മഗതങ്ങള്‍ തുരു തുരാ വിടുന്നു എന്നതൊഴിച്ചാല്‍ വലിയ ഉപദ്രവം ഒന്നും ചെയുന്നില്ല (കുടുംബത്തോട് കള്ളം പറഞ്ഞു ഒരു യുവ - ബുദ്ധിജീവി സുന്ദരിയും ആയി നാട് ചുറ്റാനുള്ള (പിന്നെ ബാക്കിയും) ഭാഗ്യം കണ്ടു അസൂയ പെടുനവര്‍ക്ക് അതാകാം ).ചെറിയ ഒരു ഭാഗത്ത്‌ വരുന്ന അത്ഭുത കഥാപാത്രം (?) ആത്മഹത്യ ചെയുനത് കണ്ട ആശ്വാസത്തില്‍ "ഇവന്‍ എന്തിനാ ഇതു ചെയുനത് " എന്ന് ചോദിക്കാന്‍ പോലും കണ്ടോണ്ടിരിക്കുന്നവന്‍ മറന്നു പോകുന്നു .

ശരി പക്ഷെ സൂപ്പര്‍ താരം അഭിനയിക്കുന്ന ജന്മി കഥാപാത്രം വിസ്മയിപ്പിച്ചെന്നോ , കണ്ണ് തള്ളിച്ചെന്നോ ഒക്കെയാണല്ലോ ബൂലോകത്തെ മുതലാളിമാര്‍ പോലും പറയുന്നേ .

അന്നോ?ശരി , എന്നികു തോന്നിയത് ആരോഗ്യം സമ്മതിക്കും എങ്കില്‍ തിലകന് അഭിനയിച്ചു തകര്ക്കാവുന്ന റോള്‍ ആയിരുന്നു അത് എന്നാണ് . ജീവിച്ചിരുന്നിരുന്നെങ്കില്‍ ബാലന്‍ കെ നായര്‍ ഒക്കെ പുഷ്പം പോലെ ചെയുന്ന കഥാപാത്രം . ഈ പറയുന്ന പോലെ സ്ത്രീ ലമ്പടന്റെയോ, ഇണയുടെ ശരീരം മാന്തിപ്പൊളിക്കുന്ന ക്രൂരതയുടെ ഉടമയുമായ കഥാപാത്രം നന്നായി അവതരിപ്പിക്കാന്‍ സത്യത്തില്‍ മമ്മൂട്ടി പോരാ.. ഫാന്‍ അല്ലാത്തത് കൊണ്ടാകും പ്രതേകിച്ചു കോള്‍മയിര്‍ ഒന്നും തോന്നിയില്ല. അങ്ങേര്‍ അത്യാവശ്യം ബോറായി എന്ന് തോന്നുകയും ചെയ്തു. പിന്നെ
ഒരു പക്ഷെ മറ്റു രണ്ടു വേഷങ്ങളിലും പ്രത്യേകിച്ചു ഒന്നും ചെയനില്ലത്തത് കൊണ്ടാകും അഹമ്മദ്‌ ഹാജി
കലക്കി എന്ന ഈ പ്രചരണം .
,
അനിയാ എന്തൊക്കെയായാലും ഒരു സൂപ്പര്‍ താരം തന്റെ ഇമേജ് പോലും കണക്കാക്കാതെ ഒരു നെഗറ്റീവ് വേഷം അഭിനയിച്ചത് ഒരു വലിയ കാര്യം അല്ലെ?
ഛെ ഇങ്ങേരു ഫാന്‍സിനെക്കാളും കഷ്ടം ആണല്ലോ . എന്റെ പൊന്ന് അണ്ണാ ഇങ്ങനത്തെ അഭിപ്രായങ്ങള്‍ എഴുനള്ളികുന്നതിനു മുന്‍പ് ഒരു പ്രാവശ്യം ഇവനൊക്കെ പുച്ഛം പറയുന്ന ശ്രീ പ്രേം നസീര്‍ അഭിനയിച്ച നിഴാലട്ടം എന്ന പടം ഒന്ന് കണ്ടു നോക്കണം . സ്റ്റാറായി കത്തി നില്‍ക്കുന്ന കാലത്ത്, അപ്പുറത്ത് നല്ലവനായ ഒരു ഇരട്ട വേഷ കഥാപാത്രമോ ഒന്നും തിരുകി കയറ്റാതെ , മറ്റു ന്യായങ്ങളും ഒന്നും ഇല്ലാതെ ഒരു നെഗറ്റീവ് വേഷം ചെയ്യാന്‍ കുറച്ചു അധികം ധൈര്യം വേണം എന്ന് മനസിലാകും

ആണോ സുരുക്കമാ സൊന്നാല്‍?

ആരു കൊന്നു എന്നതിന് ഒരു പ്രസക്തിയും ഇല്ല . എന്തിനു കൊന്നു എന്തിനു ഒരു പ്രസക്തിയും ഇല്ല . എന്തിനു അന്വേഷിക്കുന്നു എന്തിനു തീരെ പ്രസക്തിയില്ല . പക്ഷെ പടത്തിന് മുട്ടന്‍ പ്രസക്തിയും . എപ്പിടി..? പിന്നെ കലാസംവിധാനം കൊള്ളാം (എന്ന് വെച്ചാല്‍ അമ്പതു കൊല്ലം മുന്‍പത്തെ കേരളം കാണിക്കുമ്പോള്‍ ചുവരില്‍ രാജമാണിക്യം പോസ്റ്റര്‍ കാണാനില്ല എന്നര്‍ത്ഥം ).
എടേ അപ്പോള്‍ ഈ സിനിമയുടെ ഭാവി ...?

പതിവ് തന്നെ . ഒരു 25-30 ദിവസം ആഘോഷവും പിന്നെ നിരങ്ങി വലിഞ്ഞു കാശു കൊടുത്തു എത്തിക്കുന്ന ഒരു നൂറാം ദിന ബഹളവും
സംഭവാമി യുഗേ യുഗേ.
------------------------------

സംഗതി ലേറ്റാണ്‌ എന്ന് അറിയാം.എന്നാലും ഇപ്പോഴേ ഇട്ടാപ്പു പോസ്റ്റ് ചെയ്യാന്‍ സൌകര്യപ്പെട്ടുള്ളൂ. ഒരാഴ്ച്ച കൂടി കഴിഞ്ഞാല്‍ ജനം ഏത് പാലേരി മാണിക്ക്യം എന്ന് ചോദിക്കും എന്നുള്ളത് കൊണ്ട് മാത്രമാണ് ഇപ്പോഴെങ്കിലും ഇത് കയറ്റിയത് .