Monday, May 2, 2011

ബുഷ്‌ വെറും ശശ് (ശശി ) ?

ബിന്‍ ലാദന്‍ സത്യത്തില്‍ മരിച്ചോ ? അങ്ങേരുടെ മോളെ കെട്ടാന്‍ എനിക്ക് ഉദ്ദേശം ഇല്ലാത്തതിനാലും , അങ്ങേര്‍ എനിക്ക് കടം വാങ്ങിയ ഇനത്തില്‍ കാശൊന്നും തിരികെ തരാന്‍ ഇല്ലാത്തതിനാലും ഒസാമ ജീവിച്ചിരുന്നാലും, മരിച്ചാലും എനിക്കൊന്നുമില്ല . നയന്‍ ഇലവന്‍ എന്ന് പ്രസിദ്ധി (കുപ്രസിദ്ധി എന്നൊന്ന് ഇന്നില്ല . ഈവെന്‍ ബാഡ് പ്രസ്‌ ഈസ്‌ പബ്ളിസിറ്റി എന്ന് മറ്റാരെക്കാളും മലയാളം ബ്ലോഗികളായ നമുക്ക് അറിഞ്ഞൂടെ? ) നേടിയ വേള്‍ഡ് ട്രേഡ് സെന്റര്‍ പൊളിച്ചടുക്കിയ സംഭവം കൊള്ള സങ്കേതത്തില്‍ ഇരുന്നു ആസൂത്രണം ചെയ്ത് നടപ്പാക്കി മുതലക്കുഞ്ഞുങ്ങളെ തലോടി പൊട്ടിച്ചിരിച്ച അന്താരാഷ്ട്ര ജോസ് പ്രകാശ് ആണ് ലാദന്‍ എന്ന് അമേരിക്ക പറഞ്ഞ അറിവേ അങ്ങേരെക്കുറിച്ച് എനിക്കുള്ളൂ.

ആ ജോസ് പ്രകാശിനെ ഒതുക്കാന്‍ അഫ്ഗാനിസ്ഥാന്‍ എന്ന പൊന്നാപുരം കോട്ട നിരപ്പാകിയ ജോര്‍ജ് ബുഷ്‌ (രണ്ടാമന്‍) എനിക്ക് ഇന്ന് രാവിലെ വരെ ' ഊരിയ വാളിത്‌ ചോരയില്‍ മുക്കി ചരിത്രമെഴുതും ഞാന്‍' എന്ന പാട്ട് പാടി മിനിക്കുപണികളുള്ള പിങ്ക് ടീ ഷര്‍ട്ടുമിട്ട് കുതിരപ്പുറത്ത് പോകുന്ന പ്രേം നസീര്‍ ആയിരുന്നു . പക്ഷെ യഥാര്‍ത്ഥത്തില്‍ ഒസാമ ഇന്ന് വടിയായെങ്കില്‍ , അത് ഒരുമാതിരി നസീര്‍ വെട്ടിപ്പിടിച്ച (എണ്ണ പൈപ്പ് ലൈന്‍ പണികള്‍ വരെ ആരംഭിച്ച) കോട്ടയില്‍ ഒടുക്കം കുതിരവട്ടം പപ്പു കയറി മെയിന്‍ വില്ലനെ കൊന്ന പരിപാടി ആയിപ്പോയി .

പപ്പു ഇവിടെ വേറെയാരുമല്ല . ശ്രീമാന്‍ ‌ ബാരക് ഒബാമ തന്നെ .

ഒബാമ ചേട്ടന്‍ റീ ഇലക്ഷന്‍ ക്യാംപെയിന്‍ തുടങ്ങിയതിന്റെ തിട്ടടുത്ത ദിവസങ്ങളില്‍ തന്നെ ലാദന്‍ ചേട്ടന്റെ പരിപ്പ് എടുത്തത് വെറും യാദൃശ്ചികമാണ് എന്ന് ലോകം വിശ്വസിക്കും. ആരും വിശ്വസിച്ചില്ലെങ്കിലും കേരളത്തിലുള്ള ബുദ്ധിമാന്മാര്‍ എങ്കിലും വിശ്വസിക്കും. അച്ചു മാമ നിരാഹാരം കിടന്നത് കൊണ്ടും, ഇടത് കണാപ്പന്മാര്‍ ഹര്‍ത്താല്‍ നടത്തിയത് കൊണ്ടുമാണ് സ്റ്റോക്ക്ഹോം കണ്‍വെന്‍ഷ നില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് എന്ന് നെഞ്ചും വിരിച്ചു നിന്ന് പറയുന്ന മിടുക്കന്മാര്‍ നമ്മുടെ നാട്ടില്‍ ഉണ്ട് . അടുത്ത പത്തു കൊല്ലത്തേക്ക്‌ കൂടി ലോകത്ത് നിരോധിച്ച വിഷം ഇന്ത്യയില്‍ തുടര്‍ന്നും ഉപയോഗിക്കും എന്നതും ഇവന്മാരുടെ വിജയം തന്നെയാണല്ലോ . പോട്ടെ , വിഷയം ലാദന്‍ ആന്‍ഡ്‌ ബുഷ്‌ ബ്രാക്കറ്റില്‍ ഒബാമയും ആണല്ലോ .

ഒസാമയെ കീച്ചിയ ഒബാമ എന്ന നിലയില്‍ ചിലപ്പോള്‍ അടുത്ത ഇലക്ഷനില്‍ ഒബാമ തൂത്തുവാരി ജയിച്ചേക്കാം. ജയിക്കട്ടെ എന്ന് തന്നെ ആശംസിക്കുന്നു. പക്ഷെ ലാദന്റെ ശവത്തിന്റെ തലക്കല്‍ 'ഇത് ബുഷ്‌ അണ്ണന് വേണ്ടി' എന്നൊരു തലക്കല്ല് (പേള്‍ ഹാര്‍ബര്‍ സിനിമാ ലൈന്‍ ) എന്ന തലക്കല് എങ്കിലും വെയ്ക്കുമോ ? ഇല്ലെങ്കില്‍ ബുഷ്‌ വെറും ശശ് അല്ലെങ്കില്‍ ശശി ആയി പോകില്ലേ ? മോശമല്ലേ അത്? കണ്ടാല്‍ മന്ദബുദ്ധിയാണെങ്കിലും പാവമല്ലേ ബുഷ്‌ ?

ലാദന്‍ തട്ടി പോയെങ്കില്‍ , ഇനി അമേരിക്കക്ക് ലോകത്തിനു മുന്നില്‍ ചൂണ്ടിക്കാണിക്കാന്‍ പുതിയ വില്ലന്മാര്‍ വേണ്ടേ ? അടുത്തത്‌ ഇനി ഇറാനും , കൊറിയയും തന്നെയാണോ ?