Wednesday, July 6, 2011

നീല്‍ തോമ VS പ്രധാനമന്ത്രി എ കെ

"നമസ്കാരം മി പ്രധാനമന്ത്രി "

"എ കെ ജി എന്നാണ് സാധാരണ എല്ലാവരും എന്നെ വിളിക്കുന്നത്‌ "

"ജി ചേര്‍ത്ത് ഞങ്ങള്‍ പത്രക്കാര്‍ ഇപ്പോള്‍ അമൂല്‍ ബേബി ജിയെ മാത്രമേ സംബോധന ചെയ്യു. പത്രത്തിന്‍റെ പോളിസിയാണ് "

"യുവരാജ് അമൂല്‍ ജിയുടെ പബ്ലിസിറ്റിക്കായുള്ള എന്ത് പോളിസിയും ഞാന്‍ സ്വാഗതം ചെയ്യും "

"താങ്കളുടെ ജോബ്‌ ഡിസ്ക്രിപ്ഷനില്‍ ആദ്യത്തെ വ്യവസ്ഥ അതാണ്‌ എന്ന് എനിക്കറിയാം "

"ഉം...ഉം ... നീ വന്ന കാര്യം പറ "

"അഭിമുഖത്തിന് സമയം അനുവദിച്ചിരുന്നു "

"പ്രായം കുറെ ആയില്ലേ അനിയാ . മറവി പിടിച്ച് തുടങ്ങി "

"എന്നാല്‍ പിന്നെ ഇതൊക്കെ വിട്ടിട്ടു വീട്ടില്‍ ഇരിക്കുന്നതല്ലേ നല്ലത് ? കൊച്ചു മക്കളെയും കളിപ്പിച്ച് , പണ്ട് ആളെ പറ്റിക്കാന്‍ എഴുതിയ ഇക്കണോമിക്ക്സ് തരികിടകളുടെ റോയല്‍റ്റിയും വാങ്ങി ..."

"ഡേയ് ...ഞാന്‍ ഒരു പ്രധാനമന്ത്രി അല്ലേഡേ ? കുറച്ച് കൂടെ മാന്യമായിട്ട് ..."

"താങ്കള്‍ മാഡത്തിന്‍റെ അടിപാവാട കഴുകല്‍ , അമൂല്‍ ജിക്ക് ഇങ്ക് കുറുക്കി കൊടുക്ക‍ല്‍ എന്നിവ മുഴുവന്‍ സമയ ജോലികളായി സ്വീകരിച്ചതിനു ശേഷം നാട്ടില്‍ ഇപ്പോള്‍ താങ്കളുടെ അവസ്ഥയും ഹെല്‍മെറ്റ്‌ പിരിവ് ഫുള്‍ ടൈം പണിയാക്കിയ പോലീസിന്‍റെയും അവസ്ഥ ഏതാണ്ട് ഒരു പോലെയാണ് . നോ റെസ്പെക്റ്റ് അറ്റ് ആള്‍"

"അഭിമുഖം തുടങ്ങെടാ !!!"

"ആയിക്കോട്ടെ .ആദ്യമായിട്ട് വ്യക്തിപരമായ ഒരു ചോദ്യം . പണ്ട് താങ്കള്‍ക്ക് ഇന്‍റര്‍നാഷണല്‍ മോഷണ ഫണ്ടിലും ഈ അടിപാവാട കഴുകലും .ഇങ്ക് കുറുക്കലും തന്നെയായിരുന്നോ പണി ?"

"അല്ല. അണ്ടര്‍ സ്കേര്‍ട്ട്‌ വാഷിംഗ് ആന്‍ഡ്‌ ബേബി ഫുഡ്‌ പ്രോസിസ്സസിംഗ് ."

"തൊമ്മിക്കുഞ്ഞ് അമേരിക്കയില്‍ പോയാല്‍ ടോം.കേ. ഞ്ച് ആകുമ്പോലെ അല്ലെ? "

"ഏതാണ്ട്."

"ഇനി നമുക്ക് പ്രധാന വിഷയത്തിലേക്ക് കടക്കാം. അഴിമതി , കള്ളപ്പണ നിരോധന ബില്ലിന്‍റെ പരിധിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെയും കൊണ്ട് വരണം എന്ന ആവശ്യം ഉന്നയിച്ച് നീല്‍ തോമ നടത്തിയ നിരാഹാര സത്യാഗ്രഹത്തെയും , അത് പൊളിച്ചടുക്കി കൊടുക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെയും കുറിച്ച് താങ്കളുടെ അഭിപ്രായം അറിയാന്‍ ഞങ്ങളുടെ വായനക്കാര്‍ക്ക് ഏറെ താത്പര്യം ഉണ്ട് "

"നീല്‍ തോമ ...കള്ള നാ ...."

"സാര്‍ !!!"

"സോറി ...കള്ള നാണയം . ആരാ ഈ നീല്‍ തോമ എന്ന് നിങ്ങള്‍ ഒന്ന് വിശദമായി അന്വേഷിക്കണം . ഏതോ റബര്‍ കാട്ടില്‍ ഇരുന്ന് തുണ്ട് കഥകളും , കൌതുക വാര്‍ത്തകളും , ഇക്കിളി സാഹിത്യവും അച്ചടിച്ച് വിറ്റ് കോടികള്‍ ഉണ്ടാക്കിയവനാണ് അവന്‍ . അങ്ങനെ ഒരുത്തന് എന്നെ അഴിമതി നിരോധന ബില്ലിന്‍റെ പരിധിയില്‍ കൊണ്ട് വരണം എന്ന ആവശ്യം ഉന്നയിക്കാന്‍ എന്ത് അവകാശം "

"ഈ പറഞ്ഞത് ഒന്നും നിയമം മൂലം നിരോധിച്ചിട്ടുള്ള പണികള്‍ അല്ലല്ലോ സാര്‍ നമ്മള്‍ എല്ലാവരും, അവനനവന് അറിയാവുന്ന പണികള്‍ ചെയ്ത് ജീവിക്കുന്നു . സാറ് അടിപ്പാവാട കഴുകുന്നു , തോമ തുണ്ട് എഴുതുന്നു . പിന്നെ അത്രയല്ലേ ഉള്ളു.വി കേ എന്‍ , ബഷീര്‍ ലെവലില്‍ ഒക്കെ എഴുതണം എന്ന് തോമക്ക് ആഗ്രഹം കലശലായി ഉണ്ട് . പക്ഷേ അവന്‍റെ കൈയ്യില്‍ ഉള്ളതല്ലേ അവനെടുത്ത് പൂശാന്‍ പറ്റു.അവന്‍റെ വി കെ എന്‍ /ബഷീര്‍ ആഗ്രഹം സാറിന് സമര്‍ത്ഥനായ ഒരു ഭരണാധികാരിയായി അറിയപ്പെടണം എന്നുള്ള ആഗ്രഹം പോലെ കണ്ടാല്‍ മതി "

"മാഡത്തിന്‍റെ അടിപാവാട കഴുകുന്നത് ഈ രാജ്യത്തെ ഏറ്റവും മഹത്തരമായ ജോലിയാണ്. അത് കഴിഞ്ഞ പത്തു പതിനഞ്ച് കൊല്ലങ്ങളായി വൃത്തിയായി ചെയ്യുന്ന ഞാന്‍ എവിടെക്കിടക്കുന്നു , വെറും തുണ്ട് സാഹിത്യകാരനായ ലവന്‍ എവിടെ കിടക്കുന്നു"

"ശരി, സമ്മതിച്ചു .പക്ഷേ നീല്‍ തോമ നിയമങ്ങള്‍ ഒന്നും ലംഘിക്കാത്ത കാലത്തോളം , അയാള്‍ എന്ത് ജോലി ചെയുന്നു എന്ന് നോക്കേണ്ട കാര്യമുണ്ടോ. അയാളുടെ ആവശ്യങ്ങള്‍ ന്യായമാണോ എന്ന് മാത്രം നോക്കിയാല്‍ പോരെ ? "

"ന്യായമായ ആവശ്യങ്ങളോ ? അവന്‍റെ ആവശ്യങ്ങള്‍ ശുദ്ധ അനാവശ്യങ്ങളാണ്. തന്ത്രപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസിനെ അങ്ങനെ കണ്ട ആപ്പ ഊപ്പ ബില്ലുകളുടെ ഒന്നും പരിധിയില്‍ കൊണ്ട് വരാന്‍ ഒക്കില്ല"

"അപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഈ രാജ്യത്തെ നിയമത്തിന് അതീതമാണ് എന്നാണോ സാര്‍ പറയുന്നത് ? "

"ഈ ജനാധിപത്യ രാജ്യത്തെ പരമോന്നത പദവികളില്‍ ഒന്നല്ലേഡേ പ്രാധാനമന്ത്രി പദം ?"

"അത് കൊണ്ട് അത് നിയമങ്ങള്‍ക്ക് അതീതമാണോ ?"

"എന്നല്ല...പിന്നെ വ്യക്തിപരമായി ഞാന്‍ അഴിമതികള്‍ക്ക് മേലെയല്ലേ ?"

"അഴിമതി കാണിക്കുന്നതില്‍ മേലെയാണെന്നോ ?"

"ഡാ!!!"

"താങ്കളെക്കുറിച്ച് വ്യക്തിപരമായി പറഞ്ഞാല്‍ , ഈ ജനാധിപത്യ രാജ്യത്ത് ഒരു തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാതെ താങ്കള്‍ എങ്ങനെ ഈ പദവിയില്‍ എത്തി എന്ന് ഈ രാജ്യത്തെ തൊണ്ണൂറ് ശതമാനം ആളുകള്‍ക്കും അറിയില്ല . ബാക്കി പത്ത് ശതമാനം വിദ്യാഭ്യാസമുള്ള ശുദ്ധ വിവരദോഷികള്‍ മാധ്യമങ്ങള്‍ താങ്കളെ മാര്‍ക്കറ്റ് ചെയ്ത മോഷണ ഫണ്ടിലെ കിടിലം, പത്ത് പി എച് ഡി എടുത്ത ബുദ്ധിജീവി ;ഇതൊക്കെ വിശ്വസിച്ച്,ഹോ എ കെയെ പ്രധാനമന്ത്രിയായി കിട്ടിയത് നമ്മുടെ പുണ്യമാണ് എന്ന മട്ടില്‍ നടക്കുകയാണ് . അത് കൊണ്ട് താങ്കളുടെ വ്യക്തിത്വത്തിന്‍റെ മഹത്ത്വം ഒരുപാട് പൊക്കിപ്പിടിക്കാതിരിക്കുകയാണ് നല്ലത്."

"പക്ഷേ തന്ത്ര പ്രധാന തീരുമാനങ്ങള്‍ ..."

"കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ താങ്കള്‍ എടുത്ത തന്ത്ര പ്രധാന തീരുമാനങ്ങള്‍ ഇന്ധന വില തോന്നിയത് പോലെ കൂട്ടാന്‍ കമ്പനികള്‍ക്ക് അനുവാദം നല്‍കി , പല അഴിമതികളും അന്വേഷിക്കാന്‍ ആവശ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഉണ്ട വിഴുങ്ങിയത് പോലെ മൌനം പാലിച്ചു ; ഇതൊക്കെയല്ലേ ? ഇനി തന്ത്ര പ്രധാന തീരുമാനങ്ങള്‍ വേറെ എന്തെങ്കിലുമൊക്കെ താങ്കള്‍ ഒളിച്ചിരുന്ന് ആരും അറിയാതെ എടുക്കാറുണ്ട് എന്ന് തന്നെ ഇരിക്കട്ടെ . എങ്കില്‍ ആ ഒരറ്റ കാരണം കൊണ്ട് പ്രധാനമന്ത്രി ഈ രാജ്യത്തെ നിയമങ്ങള്‍ക്ക് അതീതനാണോ ?"

"ഒരിക്കലുമല്ല . പക്ഷെ ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന നീല്‍ തോമ ഒരു ശുദ്ധ അഭാസനാണ് . മാത്രമല്ല പഞ്ച നക്ഷത്ര ഹോട്ടലില്‍ ഉള്ള സൌകര്യങ്ങളെക്കാള്‍ വലിയ സൌകര്യങ്ങള്‍ ഒരുക്കിയാണ് നിരാഹാരം കിടന്നത്. പിന്നെ അവന്‍റെ പിന്നില്‍ പ്രതിപക്ഷത്തിന്‍റെ കറുത്ത കരങ്ങള്‍ ഞാന്‍ കാണുന്നു. രാവണ ഭൂമി മൈതാനത്ത് , അവനെ പൊക്കാന്‍ രാത്രി പോലീസ് കയറിയപ്പോള്‍ ലവന്‍ ഓടി.ഓടുന്നതിനിടെ അവന്‍റെ മുണ്ടഴിഞ്ഞു വീണപ്പോള്‍ അടിയില്‍ കാവി അണ്ടര്‍വെയര്‍ പോലീസുകാര്‍ കണ്ടിരുന്നു ."

"ഈ പറഞ്ഞത് ഒന്നും നീല്‍ തോമ ഉന്നയിക്കുന്ന ആവശ്യങ്ങളുടെ സാധുത ഇല്ലതാക്കുന്നില്ലല്ലോ? തോമ അഭാസനാണ് എങ്കില്‍ അവന് കൊള്ളം. നിയമം വല്ലതും ലംഘിച്ചിട്ടുണ്ടെങ്കില്‍ അവനിട്ട് കൊള്ളും. പ്രതിപക്ഷം എന്ന് പറയുന്നത് ഐ എസ് ഐയുടെ ഈ നാട്ടിലെ ബ്രാഞ്ച് അല്ല. ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികള്‍ തന്നെയല്ലേ അവരും ? തോമയുടെ അണ്ടര്‍വെയറിന്‍റെ കളര്‍ എന്തായിരുന്നു എന്നുള്ളതല്ല എന്‍റെ ചോദ്യം. തോമയുടെ പ്രധാന ആവശ്യങ്ങള്‍ രണ്ടാണ്. ഒന്ന് ,വിദേശ ബാങ്കുകളില്‍ ഒളിപ്പിക്കപ്പെട്ട കണക്കില്ലാത്ത കള്ളപ്പണം നമ്മുടെ നാട്ടിലേക്ക് മടക്കി കൊണ്ട് വരിക. രണ്ട് താങ്കളുടെ ഓഫീസ് ഉത്പടെ സകല സര്‍ക്കാര്‍ സംവിധാനങ്ങളെയും അഴിമതി നിരോധന ബില്ലിന്‍റെ പരിധിയില്‍ കൊണ്ട് വരിക. ഈ ആവശ്യങ്ങള്‍ ന്യായമാണോ അല്ലയോ ? എന്‍റെ ചോദ്യം അതാണ്"

"ഒരിക്കലും ന്യായമല്ല "

"എന്ത് കൊണ്ട് എന്ന് കൂടി വിശദമാക്കാമോ ?"

"പൊന്നനിയാ , ഈ ആവശ്യങ്ങള്‍ ഞാന്‍ അംഗീകരിച്ചാല്‍ എന്‍റെ തല വെട്ടി അവര്‍ ഫൂട്ട്ബാള്‍ കളിക്കും "

"ആര് ?"

"എന്‍റെ സഹ മന്ത്രിമാര്‍ മുതല്‍ മാഡം വരെ .പിന്നെ രാജ്യത്തെ വന്‍ തോക്കുകളും "

"അപ്പൊ സാര്‍ പേരിനൊരു പ്രധാനമന്ത്രി .റബര്‍ സ്റ്റാമ്പ്‌ പോലെ .ഭരണം ഒക്കെ അവര് നോക്കിക്കോളും , അല്ലേ ?"

"എഴുന്നേറ്റ് പോടാ അവിടുന്ന് . അതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. അവന്‍റെ ഒരു കണ്ടുപിടുത്തം."

Tuesday, July 5, 2011

കോടികളുടെ കഴപ്പ്.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും ലക്ഷം കോടിക്ക് മേല്‍ വരുന്ന സ്വത്തുക്കള്‍ കണ്ടെത്തി . ഇനിയും കൂടുതല്‍ കണ്ടെത്താന്‍ സാധ്യതകള്‍ ഏറെ. സകല അവന്മാരും ഇപ്പോള്‍ നിധി എങ്ങനെ സംരക്ഷിക്കാം , അത് കേരളത്തിനു വേണ്ടി ചിലവാക്കണോ അതോ ഇന്ത്യക്ക് മുഴുവന്‍ വേണ്ടി ചിലവാക്കണോ , കമ്പ്ലീറ്റ് രാജാ കുടുമ്പം നാട്ടുകാരെ പറ്റിച്ച് ഉണ്ടാക്കിയ സ്വത്തുക്കളാകും തുടങ്ങിയ ഘോര ചര്‍ച്ചകളിലാണ്. ഇതെല്ലാം കൂടി കേട്ടപ്പോള്‍ എനിക്ക് ചില്ലറ ഡൗട്ട്സ്. അതാണ്‌ ഈ പോസ്റ്റ്. അത് ഒന്നേ രണ്ടേ എന്ന് കുറിച്ച് അങ്ങ് പറഞ്ഞേക്കാം.

1) ഈ ലക്ഷം കോടി രൂപയുടെ നിധി നാട്ടുകാരെ പറ്റിച്ച് തിരുവതാങ്കൂര്‍ രാജ കുടുമ്പം ഇത്രകാലം സൂക്ഷിച്ചിരുന്ന സ്വത്തുക്കളാണെങ്കില്‍ , എന്ത് കൊണ്ട് ഇത്ര കാലം അവരുടെ അധീനത്തില്‍ ഇരുന്ന ക്ഷേത്രത്തിലെ അറകളില്‍ നിന്ന് അവര്‍ അത് മാറ്റിയില്ലേ ? മാറ്റാത്തത് പോട്ടെ , അറകള്‍ പരിശോധിക്കാന്‍ പൊക്കി പിടിച്ച് (ഷെര്‍ലക്കിന്‍റെ ലെന്‍സേ.) അകത്തോട്ടു കയറിയ സാറന്മാര്‍ പറഞ്ഞതനുസരിച്ച് പല അറകളും അനേക വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന അവസ്ഥയിലാണ് കാണപ്പെട്ടത്. ഇനി രാജ കുടുമ്പമായത് കൊണ്ട് സ്വര്‍ണ്ണ നാണയങ്ങളും രത്നാഭരണങ്ങളും ഒക്കെ അറകള്‍ തുറക്കാതെ മായ വഴി അവരുടെ മുന്നില്‍ എത്തുന്ന സെറ്റപ്പ് വല്ലതും ഉണ്ടാകുമോ ?

2) ഈ സ്വത്തുക്കള്‍ രാജ്യ നന്മക്കു വേണ്ടി ഉപയോഗിക്കണം എന്ന് വാദിക്കുന്ന ഒരു പക്ഷം ആളുകള്‍ ഉണ്ടെന്ന് കേട്ടു.വേണ്ടത് തന്നെ. നാട്ടില്‍ നല്ല റോഡുകളും , എല്ലാ വിധ മികച്ച സൌകര്യങ്ങളും ഉണ്ടാക്കാന്‍ ഈ സ്വത്ത് സഹായകമായാല്‍ , അത് വളരെ നല്ലൊരു കാര്യമാണ്. പക്ഷെ പത്മനാഭന്‍റെ സ്വത്തില്‍ തൊട്ടാല്‍ തൊട്ടവനെ കാച്ചും എന്നാ മട്ടില്‍ ഒരു പക്ഷവും ഉണ്ട് .അവിശ്വാസികള്‍ക്ക്‌
(അന്യമതസ്ഥര്‍) കൂടി വേണ്ടി ചിലവഴിക്കാന്‍ പത്മനാഭന്‍റെ സ്വത്തില്‍ തൊടാന്‍ പാടില്ല എന്നാണത്രേ അവരുടെ പക്ഷം. ഒരു ഒത്തു തീര്‍പ്പ് ഫോര്‍മുല എന്ന നിലയ്ക്ക് നാട്ടിലുള്ള ക്രിസ്ത്യന്‍ , മുസ്ലീം ,ദേവാലയങ്ങളുടെ വരുമാനം എല്ലാം ഓഡിറ്റ്‌ ചെയ്ത് , അവിടങ്ങളില്‍ ഒരു കൊല്ലം ലഭിക്കുന്ന വരുമാനം (എന്നാലെ ലക്ഷം കോടിയുടെ ആയിരത്തിലൊന്ന് എങ്കിലും വരൂ) ഈ നാട് നന്നാക്കല്‍ ഫണ്ടിലേക്ക് സംഭാവന ചെയ്ത് മറ്റു മത വിശ്വാസികള്‍ കൂടി ഈ സംരഭത്തില്‍ പങ്കാളികള്‍ ആയാല്‍ സംഗതി 'ജാ' എന്ന് ഇരിക്കും . ഇല്ലേ ?

3)
ഈ ചോദ്യം നിയമത്തില്‍ വിവരമുള്ള ആരെങ്കിലും ഉണ്ടെകില്‍ അവര്‍ക്കാണ് . ഏതോ ഒരു ധാര്‍മിക ബോധമുള്ള പൌരന്‍ സുപ്രീംകോടതി വരെ കയറി ഇറങ്ങിയാണ്‌ ഇപ്പോള്‍ നടക്കുന്ന പരിശോധനക്കുള്ള ഒപ്പിച്ചത് എന്ന് എവിടെയോ വായിച്ചു . സുബ്രഹമണ്യ അയ്യര്‍ക്ക് (ചുമ്മാ ഒരു പേര് പറഞ്ഞതാണ്.ഒര്‍ജിനല്‍ ധര്‍മ്മക്കാരന്‍റെ [ധാര്‍മ്മികം ഇന്‍ മൈ സ്റ്റൈല്‍ ] പേരൊക്കെ ആര് ഓര്‍ക്കുന്നു ) പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ സ്വത്ത് വിവരങ്ങള്‍ പരിശോധിപ്പിക്കാന്‍ ഉള്ള ഉത്തരവ് കോടതിയില്‍ നിന്നും കിട്ടുമെങ്കില്‍. എന്‍റെ സുഹൃത്ത് തോമസ് കുട്ടിക്ക് വേളാങ്കണ്ണി പള്ളിയുടെയും , ഇബ്രാഹിം കുട്ടിക്ക് അയാള്‍ക്ക് താത്പര്യമുള്ള ഏതെങ്കിലും പള്ളിയുടെയും (കോടതിയെ സമീപിക്കും മുന്‍പ് പള്ളി ചൂണ്ടി കാണിക്കാം എന്ന് ഇബ്രാഹിം കുട്ടി വാക്ക് തന്നിട്ടുണ്ട് ) സ്വത്ത് വിവരങ്ങള്‍ സര്‍ക്കാര്‍ അധകൃതരെ സോറി അധികൃതരെക്കൊണ്ട് പരിശോധിപ്പിക്കാനുള്ള വിധി കിട്ടാന്‍ എന്തെങ്കിലും നിയമ തടസമുണ്ടോ ? അതോ ബൈബിളും , ഖുറാനും വിശദമായി പഠിച്ചതിനു ശേഷമേ അക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയുള്ളോ? ഞാന്‍ എല്‍ എല്‍ ബി ഫെയില്‍ ആയിരുന്നത് കൊണ്ട് എനിക്ക് ഇക്കാര്യത്തിലെ നിയമം അത്ര പിടുത്തം പോര . ആരെങ്കിലും ഒന്ന് പറഞ്ഞു തന്നാല്‍ ഉപകാരം .

ഇനി ഒരല്‍പ്പം നാട്ടുകാര്യങ്ങള്‍ :

ശ്രീ ചിത്തിര തിരുനാള്‍ ബാലരാമാവര്‍മ്മ എന്ന അവസാനത്തെ തിരുവതാങ്കൂര്‍ രാജാവ് , എനിക്ക് ഇഷ്ടമുള്ള ഒരു വ്യക്തിയാണ് . ആ ഇഷ്ടത്തിന് കാരണം , തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഞാന്‍ അനുഭവിക്കുന്ന അത്യാവശ്യം കുഴപ്പമില്ലാത്ത (ബിഫോര്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി-ഒരു കുഴപ്പവും ഇല്ലായിരുന്ന ) റോഡുകള്‍ , വലിയ തട്ടുകേടില്ലാത്ത ജല വിതരണ സംവിധാനം (ഇതു ജപ്പാന്‍ വന്നാലും ഇന്നും തിരോന്തരംകാര്‍ക്ക് അരുവിക്കര ഡാമും അവിടുന്നുള്ള പൈപ്പും തന്നെ ശരണം ) ഒക്കെ ചിത്തിര തിരുനാളിന്‍റെ കാലത്ത് ഉണ്ടാക്കിയതാണ് എന്നുള്ളത് കൊണ്ടാണ് . ജനകീയ പ്രക്ഷോഭം , ബാലെറ്റ് എന്നൊക്കെ പറഞ്ഞു അധികാരത്തില്‍ വന്ന ഒരുത്തനും കഴിഞ്ഞ പത്തറുപത്തിയഞ്ച് വര്‍ഷങ്ങളായി ഇവിടെ സേവനം പോയിട്ട് ജനത്തിനു ഉപകാരപ്രദമായ ഒരു ക്ഷൌരവും ചെയ്തിട്ടില്ല. ചെയ്തിരുന്നെങ്കില്‍ ഇന്ന് കേരളം ഈ കാണുന്ന ദുരിതാവസ്ഥയില്‍ എത്തുമായിരുന്നില്ല. അപ്പോള്‍ പിന്നെ എന്‍റെ നോട്ടത്തില്‍ ,ചിത്തിര തിരുനാള്‍ ഇന്നുള്ള ഖദറും, ചുവപ്പും, കാവിയും , പച്ചയും ഒക്കെക്കൊണ്ട്‌ ലങ്കോട്ടി കെട്ടുന്ന നിരവധി രാജാക്കന്മാരെക്കാള്‍ ഭേദപ്പെട്ട ഭരണാധികാരിയാണ്. ഒരു ക്ണാപ്പന്‍ രാഷ്ട്രീയ കക്ഷിയും പറയാതെ തിരുവനന്തപുരത്തെ വ്യാപാരികള്‍ എല്ലാവരും, ഏക മനസ്സോടെ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചത്‌ ചിത്തിര തിരുനാള്‍ മരിച്ചപ്പോള്‍ മാത്രമാണ് . എല്ലാ ജാതിക്കും അതീതര്‍ എന്ന് നടിച്ച് പഴയ ചതുര്‍വര്‍ണ്യത്തെക്കാള്‍ ഉഗ്ര വിഷമുള്ള ജാതിത്തിരിവ് മനസ്സില്‍ സൂക്ഷിക്കുന്ന ചില ഫ്രാഡുകള്‍ , തിരുവനന്തപുരത്തെ വ്യാപാരികളുടെ പ്രവര്‍ത്തിയെ 'വിട്ടു മാറാത്ത അടിമത്ത മനോഭാവം' എന്നൊക്കെ വിശേപ്പിച്ചേക്കാം . പക്ഷേ ഞാന്‍ അതിനെ കാണുന്നത് , തിരുവനന്തപുരത്ത്കാര്‍ ആ മനുഷ്യന് നല്‍കിയ ആദരവായിട്ടാണ് (വ്യക്തിപരമായി ഞാന്‍ ഇത്തരം നേരത്തെ പറഞ്ഞ ഫ്രാഡ് കാപെറുക്കികളുടെ അഭിപ്രായങ്ങള്‍ക്ക് തെരുവില്‍ കുരയ്ക്കുന്ന നായ്ക്കളുടെ കുരയുടെ വില പോലും , കൊടുക്കാറില്ല. പിന്നെ ഇത് പബ്ലിക്കായി ആര്‍ക്കും അഭിപ്രായം പറയാവുന്ന വേദിയാണ് എന്നുള്ളത് കൊണ്ട് പറഞ്ഞു എന്ന് മാത്രം).

ഇനി ചിത്തിര തിരുനാള്‍ പക്കാ ഫ്രാഡ് ആയിരുന്നു എന്ന് സ്ഥാപിക്കുന്ന, ഏതെങ്കിലും പോച്ചമ്പള്ളി കുട്ടിചാത്തന്‍ എഴുതിയ ചരിത്ര രേഖകള്‍ ആരെങ്കിലും ഹജരാക്കിയാലും എന്‍റെ അഭിപ്രായങ്ങള്‍ മാറാന്‍ സാധ്യതയില്ല .കാരണം അങ്ങേരുടെ ഭരണ കാലത്ത് തിരുവനന്തപുരത്ത് നടന്ന വികസനങ്ങളുടെ നല്ല വശങ്ങള്‍ അനുഭവിക്കുന്നത് എന്‍റെ തലമുറയാണ്. പിന്നെ വ്യക്തിപരമായി ചിത്തിര തിരുനാള്‍ നല്ലവനായാലും , മോശക്കരനായാലും എനിക്ക് ഒന്നുമില്ല താനും.

ഇത്രയും നാട്ടുകാര്യം പറഞ്ഞത് , പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ , ഇപ്പോഴും അവിടെ തന്നെ സുരക്ഷിതമായി ഇരിക്കുന്നതിന് നന്ദി പറയേണ്ടത് (തെണ്ടികള്‍ ജനങ്ങള്‍ അല്ല .ഇനി ആ സ്വത്തുക്കള്‍ കയ്യിട്ടു വരാന്‍ പോകുന്നവര്‍ ) തിരുവതാങ്കൂര്‍ രാജ വംശത്തോട്‌ തന്നെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നത് കൊണ്ടാണ് . അമ്പതു കൊല്ലം മുന്‍പ് , അവര്‍ അത് മുഴുവന്‍ അവിടുന്ന് ചുമന്നു മാറ്റിയിരുന്നെങ്കില്‍ , ഇന്ന് നിധി കുഴിക്കാന്‍ ചെന്നവന്‍ തമിഴിലെ മുഖങ്ങളായി , പുതിയ മുഖം പാട്ടും പാടി , മഞ്ചും കഴിച്ചു വന്നേനെ.

പ്രത്യേകം ശ്രദ്ധിക്കുക : ഇനി സമീപ ഭാവിയില്‍ ഉണ്ടാകുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ പുതിയ ഭരണ സമതിയില്‍ (അങ്ങനെ ഒരെണ്ണം ഞാന്‍ മുന്നില്‍ കാണുന്നു ) എനിക്ക് മോശമല്ലാത്ത ഒരു സ്ഥാനവും , ലക്ഷം കോടിയില്‍ കയ്യിട്ടു വാരി നക്കാന്‍ അവസരവും തരുകയാണെങ്കില്‍ , ഈ പറഞ്ഞതൊക്കെ മാറ്റിപ്പറഞ്ഞ് , 'ലക്ഷം കോടി നിരുപാധികം ജന നമയ്ക്ക് വിനയോഗിക്കുക ' എന്ന ബാനര്‍ ഞാന്‍ പിടിക്കും. കണ്ണില്‍ ചോരയില്ലാതെ തന്നെ പിടിക്കും.

Monday, May 2, 2011

ബുഷ്‌ വെറും ശശ് (ശശി ) ?

ബിന്‍ ലാദന്‍ സത്യത്തില്‍ മരിച്ചോ ? അങ്ങേരുടെ മോളെ കെട്ടാന്‍ എനിക്ക് ഉദ്ദേശം ഇല്ലാത്തതിനാലും , അങ്ങേര്‍ എനിക്ക് കടം വാങ്ങിയ ഇനത്തില്‍ കാശൊന്നും തിരികെ തരാന്‍ ഇല്ലാത്തതിനാലും ഒസാമ ജീവിച്ചിരുന്നാലും, മരിച്ചാലും എനിക്കൊന്നുമില്ല . നയന്‍ ഇലവന്‍ എന്ന് പ്രസിദ്ധി (കുപ്രസിദ്ധി എന്നൊന്ന് ഇന്നില്ല . ഈവെന്‍ ബാഡ് പ്രസ്‌ ഈസ്‌ പബ്ളിസിറ്റി എന്ന് മറ്റാരെക്കാളും മലയാളം ബ്ലോഗികളായ നമുക്ക് അറിഞ്ഞൂടെ? ) നേടിയ വേള്‍ഡ് ട്രേഡ് സെന്റര്‍ പൊളിച്ചടുക്കിയ സംഭവം കൊള്ള സങ്കേതത്തില്‍ ഇരുന്നു ആസൂത്രണം ചെയ്ത് നടപ്പാക്കി മുതലക്കുഞ്ഞുങ്ങളെ തലോടി പൊട്ടിച്ചിരിച്ച അന്താരാഷ്ട്ര ജോസ് പ്രകാശ് ആണ് ലാദന്‍ എന്ന് അമേരിക്ക പറഞ്ഞ അറിവേ അങ്ങേരെക്കുറിച്ച് എനിക്കുള്ളൂ.

ആ ജോസ് പ്രകാശിനെ ഒതുക്കാന്‍ അഫ്ഗാനിസ്ഥാന്‍ എന്ന പൊന്നാപുരം കോട്ട നിരപ്പാകിയ ജോര്‍ജ് ബുഷ്‌ (രണ്ടാമന്‍) എനിക്ക് ഇന്ന് രാവിലെ വരെ ' ഊരിയ വാളിത്‌ ചോരയില്‍ മുക്കി ചരിത്രമെഴുതും ഞാന്‍' എന്ന പാട്ട് പാടി മിനിക്കുപണികളുള്ള പിങ്ക് ടീ ഷര്‍ട്ടുമിട്ട് കുതിരപ്പുറത്ത് പോകുന്ന പ്രേം നസീര്‍ ആയിരുന്നു . പക്ഷെ യഥാര്‍ത്ഥത്തില്‍ ഒസാമ ഇന്ന് വടിയായെങ്കില്‍ , അത് ഒരുമാതിരി നസീര്‍ വെട്ടിപ്പിടിച്ച (എണ്ണ പൈപ്പ് ലൈന്‍ പണികള്‍ വരെ ആരംഭിച്ച) കോട്ടയില്‍ ഒടുക്കം കുതിരവട്ടം പപ്പു കയറി മെയിന്‍ വില്ലനെ കൊന്ന പരിപാടി ആയിപ്പോയി .

പപ്പു ഇവിടെ വേറെയാരുമല്ല . ശ്രീമാന്‍ ‌ ബാരക് ഒബാമ തന്നെ .

ഒബാമ ചേട്ടന്‍ റീ ഇലക്ഷന്‍ ക്യാംപെയിന്‍ തുടങ്ങിയതിന്റെ തിട്ടടുത്ത ദിവസങ്ങളില്‍ തന്നെ ലാദന്‍ ചേട്ടന്റെ പരിപ്പ് എടുത്തത് വെറും യാദൃശ്ചികമാണ് എന്ന് ലോകം വിശ്വസിക്കും. ആരും വിശ്വസിച്ചില്ലെങ്കിലും കേരളത്തിലുള്ള ബുദ്ധിമാന്മാര്‍ എങ്കിലും വിശ്വസിക്കും. അച്ചു മാമ നിരാഹാരം കിടന്നത് കൊണ്ടും, ഇടത് കണാപ്പന്മാര്‍ ഹര്‍ത്താല്‍ നടത്തിയത് കൊണ്ടുമാണ് സ്റ്റോക്ക്ഹോം കണ്‍വെന്‍ഷ നില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് എന്ന് നെഞ്ചും വിരിച്ചു നിന്ന് പറയുന്ന മിടുക്കന്മാര്‍ നമ്മുടെ നാട്ടില്‍ ഉണ്ട് . അടുത്ത പത്തു കൊല്ലത്തേക്ക്‌ കൂടി ലോകത്ത് നിരോധിച്ച വിഷം ഇന്ത്യയില്‍ തുടര്‍ന്നും ഉപയോഗിക്കും എന്നതും ഇവന്മാരുടെ വിജയം തന്നെയാണല്ലോ . പോട്ടെ , വിഷയം ലാദന്‍ ആന്‍ഡ്‌ ബുഷ്‌ ബ്രാക്കറ്റില്‍ ഒബാമയും ആണല്ലോ .

ഒസാമയെ കീച്ചിയ ഒബാമ എന്ന നിലയില്‍ ചിലപ്പോള്‍ അടുത്ത ഇലക്ഷനില്‍ ഒബാമ തൂത്തുവാരി ജയിച്ചേക്കാം. ജയിക്കട്ടെ എന്ന് തന്നെ ആശംസിക്കുന്നു. പക്ഷെ ലാദന്റെ ശവത്തിന്റെ തലക്കല്‍ 'ഇത് ബുഷ്‌ അണ്ണന് വേണ്ടി' എന്നൊരു തലക്കല്ല് (പേള്‍ ഹാര്‍ബര്‍ സിനിമാ ലൈന്‍ ) എന്ന തലക്കല് എങ്കിലും വെയ്ക്കുമോ ? ഇല്ലെങ്കില്‍ ബുഷ്‌ വെറും ശശ് അല്ലെങ്കില്‍ ശശി ആയി പോകില്ലേ ? മോശമല്ലേ അത്? കണ്ടാല്‍ മന്ദബുദ്ധിയാണെങ്കിലും പാവമല്ലേ ബുഷ്‌ ?

ലാദന്‍ തട്ടി പോയെങ്കില്‍ , ഇനി അമേരിക്കക്ക് ലോകത്തിനു മുന്നില്‍ ചൂണ്ടിക്കാണിക്കാന്‍ പുതിയ വില്ലന്മാര്‍ വേണ്ടേ ? അടുത്തത്‌ ഇനി ഇറാനും , കൊറിയയും തന്നെയാണോ ?

Tuesday, April 26, 2011

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍

1) സംസ്ഥാന മുഖ്യന്‍ ഒന്‍പത് മുതല്‍ അഞ്ചു വരെ അലാറം വെച്ച് പട്ടിണി കിടന്നത് കൊണ്ട് ഒരു ഫലവും ഉണ്ടാകാന്‍ പോകുന്നില്ല . അടുത്തു കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് അണ്ണാ ഹസാരെയുടെ സമരത്തിന് ശക്തമായ (നീട്ടി ...ഈണത്തില്‍ സംഗതികളോടെ തന്നെ ) പിന്തുണച്ച മുഖ്യന്‍ അണ്ണാ ചെയ്തത് പോലെ മരണം വരെ നിരാഹാരം ഒന്ന് പരീക്ഷിച്ചു നോക്കുന്നത് നന്നായിരിക്കും . (ശീലമില്ലാത്ത കാര്യങ്ങള്‍ ചെയ്തു ഒടുക്കം തടി വെടക്കായാല്‍ എന്നെ പറയരുത് ,പ്ലീസ് )

2) പിന്നെ പാര്‍ട്ടി അണികള്‍ക്ക് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപരോധിക്കാം . ഡല്‍ഹിയിലേക്ക് എ കെ ജി സെന്റെറില്‍ നിന്നുമൊരു പ്രതിഷേധ പദയാത്ര നടത്താം . (പദയാത്ര തന്നെ വേണം .അല്ലെങ്കില്‍ തന്നെ കേന്ദ്ര തലപ്പാവ് സിങ്ങും ടീമും പെട്രോളിന് വീണ്ടും വില കൂട്ടാന്‍ പ്ലാനിടുകയാണ് .വാഹന ജാഥ നടത്തി മുടിക്കരുത് ) . വല്ല സിനിമാ താരങ്ങളെയും കരിങ്കൊടി പൊക്കി കാണിക്കാന്‍ മാത്രം പോരല്ലോ വീര്യം

പ്രതിപക്ഷ നേതാവിനെ ഞാന്‍ കുറ്റമൊന്നും പറയില്ല .രണ്ട് വാക്ക് സംസാരിക്കുമ്പോള്‍ ഒരു ബക്കറ്റ് വിയര്‍പ്പ് ഒഴിക്കേണ്ടി വരുന്ന അവസ്ഥയാണ് പാവത്തിന് ഇപ്പോള്‍ . എന്‍ഡോസള്‍ഫാന്‍ കൊടിയ വിഷമാണ് .അത് തലമുറകളെ തന്നെ ഒരു പക്ഷെ ഇല്ലാതാക്കും .അത് നിരോധിക്കുന്ന കാര്യത്തില്‍ തുറന്നു കാണിക്കുന്ന (ക്ഷമിക്കണം ,തുറന്ന സമീപനം സ്വീകരിക്കുന്ന എന്ന് വായിക്കുക) പ്രധാനകൃഷിക്രിക്കറ്റ് ആക്കിയ മന്ത്രിമാര്‍ അങ്ങേരെ കണ്ണുരുട്ടി കാണിക്കുമ്പോള്‍ പാവം എന്ത് ചെയ്യാന്‍ . അല്ലെങ്കില്‍ ധീരമായി പോട്ട് പുല്ല് എന്ന് കരുതി അവന്മാരെ എതിരിടണം.അപ്പൊ പിന്നെ മനപ്പായസം കണ്ട മുഖ്യമന്ത്രി കസേര പ്രതികരിക്കു എന്ന് അലമുറയിടുന്ന ഫൂള്‍സിന്റെ കുടുമ്പത്ത് നിന്ന് കൊണ്ട് കൊടുക്കുമോ .ആ സിമ്പതിയുടെ പുറത്തു പ്രതി പക്ഷനും , കൊണാപ്പ് സി സി നേതാവിനും ഈ വിഷയത്തില്‍ ചെയ്യാനുള്ള ചില കാര്യങ്ങളുടെ ടിപ്സ് കൂടി ഞാന്‍ ഇവിടെ ചേര്‍ക്കുന്നു

3)കേന്ദ്ര നിലപാട് ന്യായികരിക്കണമെങ്കില്‍ അടുത്ത തവണ യുവരാജാവ് കേരളം കാണാന്‍ വരുമ്പോള്‍ കുടിക്കാന്‍ കൊടുക്കുന്ന കരിക്കില്‍ എന്‍ഡോസള്‍ഫാന്‍ കലക്കി അങ്ങേരെക്കൊണ്ട് കുടിപ്പിക്കുക . കുടിച്ചു തീരും വരെ അങ്ങേര്‍ വിവരം അറിയരുത് . യുവരാജാവ് ആ കരിക്ക് കുടിച്ചു കഴിഞ്ഞാല്‍ ഉടന്‍ 'കാണുവിന്‍ ജങ്ങളെ. നമ്മുടെ ധീരനായ യുവരാജാവ് എന്‍ഡോസള്‍ഫാന്‍ കലര്‍ന്ന കരിക്ക് കുടിച്ചിട്ടും കട്ടക്ക് നില്‍ക്കുന്നു.ഇതില്‍ നിന്നും മുഖ്യമന്ത്രി പറയുന്നതൊക്കെ കള്ളമാണ് എന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെട്ടില്ലേ ?' എന്ന് ചോദിക്കാം .ഇനി കരിക്ക് കുടിച്ച യുവരാജാവ് കട്ടക്ക് നില്‍ക്കാതെ കട്ടപ്പുറത്ത് ആയെന്നിരിക്കട്ടെ . അപ്പോള്‍ ജനങ്ങളോട് പറയേണ്ടത് ' നിരോധിക്കണം , നിരോധിക്കണം എന്ന തുറന്ന സമീപനത്തില്‍ യാതൊരു പുരോഗതിയും ഇതുവരെ കൊണ്ടുവരാന്‍ കേന്ദ്രജീമാര്‍ക്ക് സാധിക്കാത്തതില്‍ മനം നൊന്ത് യുവരാജാവിതാ എന്‍ഡോസള്‍ഫാന്‍ അടിച്ച് തന്നെ വടിയായിരിക്കുന്നു ' . ഒന്ന് ചെയ്തു നോക്ക് . സഹതാപ വോട്ടുകളുടെ റാലി ആയിരിക്കും പിന്നെ നടക്കുന്നത് .ഇനി യുവരാജാവിനെ സമയത്ത് കിട്ടിയിലെങ്കില്‍ മുഖ്യമന്ത്രി കസേരക്ക് അവകാശം ഉന്നയിക്കാന്‍ ചാന്‍സുള്ള ആളുകളിലും ഈ പരീക്ഷണം ആകാം . അങ്കവും കാണാം , താളിയും ഒടിക്കാം ,മാക്കത്തിന്റെ നീരാട്ടും കാണാം .

4) അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഉപവാസത്തിന് ബദലായി പാര്‍ട്ടി നേതാക്കളുടെ ഒരു തീറ്റി മത്സരം സംഘടിപ്പിക്കുക . എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്ന് അപേക്ഷിച്ച് (കേന്ദ്രത്തില്‍ നമ്മുടെ ദൈവങ്ങള്‍ ഇരിക്കുമ്പോള്‍ ആവശ്യപ്പെടാന്‍ വകുപ്പില്ല ) രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ പ്രതിപക്ഷ നേതാക്കള്‍ നടത്തുന്ന ധീരമായ തീറ്റി സമരം . നേതാക്കന്മാരും,അണികളും ആരും പ്രസ്തുത കര്‍മ്മത്തില്‍ മോശക്കാര്‍ അല്ലാത്തതിനാല്‍ സംഭവം ഇരമ്പും.

ബാക്കിയുള്ളത് കേരളത്തിലെ ജനങ്ങളാണ് . അവരോട് ഒരു മണ്ണും പറഞ്ഞിട്ട് കാര്യമില്ല . രാജ്യത്തിന്റെ തലപ്പത്തിരിക്കുന്ന തൊരപ്പന്‍ ഒരു വകയ്ക്കും കൊള്ളാത്തവനാണ് എന്ന് കാരണ സഹിതം പറയുമ്പോള്‍ അയാളുടെ പി എച് ഡി എടുത്തു വെച്ചോണ്ട് നടക്കുന്ന പിണ്ണാക്ക്മാടന്മാര്‍ ഈ നാട്ടില്‍ ഉള്ള കാലം , ഇങ്ങനെയൊക്കെ തന്നയെ വരൂ . ആധുനിക ഭാരതത്തിന്റെ പിതാവ് , ലിബറല്‍ എകോണമിയുടെ രേതസ്സ് എന്നൊക്കെ ഓരോ കണാപ്പന്മാരെ വാഴ്ത്തിപ്പാടിയിട്ട് ഒടുക്കം അവന്മാര്‍ പി എച് ഡി തുറന്ന് കാണിക്കുമ്പോഴും അതിനെ എതിര്‍ക്കുന്നവരോട് 'അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ ഇന്നും അമ്പാസിഡര്‍ കാറേ ഉണ്ടാകു . ബെന്‍സ് വരില്ലായിരുന്നു ' എന്ന് പറയാന്‍ ആളുള്ള നാടാണ് ഇത്. മഹാന്റെ കൊണപതിയാരം കാരണം ബെന്‍സില്‍ ഒഴിക്കാനുള്ള ഇന്ധനത്തിന് ഇന്ന് പഴയ അമ്പാസിഡര്‍ കാറിനേക്കാള്‍ വില കൊടുക്കണം എന്ന് ഒരുത്തനും മിണ്ടില്ല .പകരം അയാളുടെ ബിരുദങ്ങളുടെ പട്ടിക പ്രസ്സിദ്ധീകരിക്കാന്‍ നടക്കും.

കുറച്ചു നാള്‍ മുന്‍പ് ക്യാനഡയില്‍ നിന്നോ, അമേരിക്കയില്‍ നിന്നോ വേറെ ഒരു അവതാരത്തിനെ ഐക്യരാഷ്ട്ര സഭയില്‍ പഴയ തൂപ്പുകാരനോ, അണ്ടര്‍ സെക്രട്ടറിയോ , ഓവര്‍ സെക്രട്ടറിയോ മറ്റോ ആയിരുന്നു എന്ന് കൊട്ടിഘോഷിച്ച് തിരുവനന്തപുരത്ത് കെട്ടി ഇറക്കിയപ്പോഴും ഞാന്‍ പറഞ്ഞിരുന്നു , ഗൂഗിള്‍ മാപ്പില്‍ പോലും തിരുവനന്തപുരം കണ്ടില്ലത്ത അങ്ങേര്‍ ഒന്നുമിവിടെ മറിക്കാന്‍ പോകുന്നില്ല എന്ന്. ഉടനെ അങ്ങേരുടെ ജനന സര്‍ട്ടിഫിക്കറ്റ് മുതല്‍ ഡിഗ്രികളുടെ താമ്ര പത്രങ്ങള്‍ വരെ എടുത്തു മേല്‍പ്പറഞ്ഞ മന്ദബുദ്ധികള്‍ ഘോഷയാത്ര നടത്തി . എന്നിട്ടോ? കൊച്ചിക്ക്‌ ഒരു ഐ പി എല്‍ ടീം ഉണ്ടാക്കി സ്വന്തം പണി കളഞ്ഞു എന്നല്ലാതെ അങ്ങേരെക്കൊണ്ട് ഇന്നോളം തിരുവനന്തപുരത്തിന് എന്തെങ്കിലും പ്രയോജനം ഉണ്ടായി എന്ന് അങ്ങേര്‍ പോലും പറയില്ല .

അങ്ങനെയുള്ള ജനങ്ങള്‍ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ നാളെ ഇവന്മാര്‍ എല്ലാം കൂടി അറ്റം ബോംബ്‌ ഇട്ടാലും അവരെ ന്യായികരിക്കാന്‍ ആളുകള്‍ കാണും. അത് തന്നെയാണ് ഈ ശവംതീനി കഴുകന്മാരുടെ ഏറ്റവും വലിയ ബലവും

എന്ത് പി എച് ഡി എടുത്താലും , ചെയ്യുന്ന ജോലിയോട് (മന്ത്രിപദം , ജനസേവനം ഇതെല്ലാം എന്‍റെ കണക്കില്‍ ജോലി തന്നെ ) ആത്മാര്‍ഥതയും , നട്ടെല്ലിന് ഉറപ്പും , രാജ്യത്തോട് ഒരല്‍പ്പം കൂറുമില്ലാതെ കാസര്‍ഗോഡ് ഒരു ഗ്രാമത്തെ വെച്ചു മാത്രം എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സാധിക്കില്ല എന്ന് പറയുന്ന അവന്മാരെയും അതിന് താളം പിടിക്കുന്ന തലപ്പാവ് സിങ്ങുകളെയും (ഒന്നുകില്‍ കഴിവുകേട് അല്ലെങ്കില്‍ കൈക്കൂലി ) എനിക്ക് തരിമ്പും ബഹുമാനമില്ല എന്ന് മാത്രമല്ല പുച്ഛവുമാണ് .


പിന്‍കുറിപ്പ് : മുഖ്യനും പടയും കാട്ടുന്ന റിയാലിറ്റി ഷോയോടും എനിക്ക് മതിപ്പ് തീരെ ഇല്ല. നിരോധിച്ച ഒരു വസ്തു സംസ്ഥാനത്ത് ഉപയോഗിക്കുന്നതിനെ ശക്തമായി സ്വന്തം നിയമ സംവിധാനം ഉപയോഗിച്ച് ചെറുക്കാന്‍ കഴിവില്ലാത്ത ടീമുകളും ഒരു പോലെ കണക്കാണ് .

ഒന്ന് കൂടി : കേന്ദ്രം പ്രോത്സാഹിപ്പിക്കുന്ന ഒന്ന് സംസ്ഥാനത്തിന് പൂര്‍ണ്ണമായും നിരോധിക്കാന്‍ സാധിക്കുമോ എന്ന നിയമവശം ഇവിടെ പ്രസക്തമാണ് . അങ്ങനെ നേരിട്ട് സാധിക്കില്ല എങ്കില്‍ കോടതികളെ സമീപിക്കണം അല്ലെങ്കില്‍ അതിനുള്ള നിയമഭേദഗതികള്‍ ഉണ്ടാക്കാന്‍ ശ്രമിക്കണം. കാരണം , അന്നന്നുള്ള അന്നം തേടി വിര്‍പ്പ് ഒഴുക്കുന്ന സാധാരണക്കാരന്റെ ജീവന് എന്ന് നമ്മുടെ നാട്ടില്‍ പ്രധാനമന്ത്രിയുടെയും , മുഖ്യമന്ത്രിയുടെയും ജീവനുകളെക്കാള്‍ വില വരുന്നോ അന്നേ ശരിക്കും നമ്മള്‍ സ്വതന്ത്രരാകു


യന്ഗ് സൂപ്പര്‍സ്റ്റാറിന്റെ രഹസ്യവിവാഹം ചട്ട വിരുദ്ധം

തമോഗര്‍ത്തം സിനിമാ വാരികയുടെ വായനക്കാര്‍ അവശ്യ സാധനങ്ങളുടെയും ,പെട്രോളിന്റെയും വില കൂടിയതും , സള്‍ഫാന്‍ മുതല്‍ സല്‍ഫൂരിക്ക് ആസിഡ് വരെ അവന്റെയൊക്കെ മാത്രമല്ല വരുന്ന പത്തു തലമുറകളുടെ അണ്ണാക്കില്‍ ഒഴിക്കാന്‍ ,പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കാന്‍ ആവതില്ലാത്ത ചില കാപെറുക്കികള്‍ പാളത്താറും , തലപ്പാവും മുറുക്കി നില്‍ക്കുന്നതും ഒക്കെ മറന്ന് ആകാംഷയോടെ കാത്തിരുന്നത് ഈ ഒരു അഭിമുഖത്തിന് വേണ്ടിയായിരുന്നല്ലോ . അത് കൊണ്ട് കേരളത്തിലെ മൂന്നു കോടിയില്‍ ഒന്ന് കുറഞ്ഞ ( ഈ ഞാന്‍ ) വിഡ്ഢികളെ എല്ലാം വീണ്ടും വിഡ്ഢികളാക്കി ,മാധ്യമങ്ങളെ എല്ലാം വെറും ഊ ഊ....ഊശിയാക്കി ഇന്നലെ രഹസ്യമായി വിവാഹിതനായ യന്ഗ് സുപ്പര്‍സ്റ്റാര്‍ എ കെയുമായുള്ള അഭിമുഖം നിങ്ങള്‍ വായിനോക്കികള്‍ക്കായി ദാണ്ടേ കിടക്കുന്നു . എ കെയെ അഭിമുഖം ചെയ്തത് ഞങ്ങളുടെ പ്രത്യേകം ലേഖകന്‍ ഒറ്റക്കാട്ടില്‍ പന്നി എന്ന ഒപിയാണ് എന്ന് പ്രത്യേകം ഓര്‍ക്കണം

ഒപി : ഇന്നലെ വിവാഹിതനായ താങ്കള്‍ക്ക് ആശംസകള്‍ അറിയിക്കണം എന്നുണ്ട് .പക്ഷെ വിവാഹത്തിന്റെ കാര്യം ഞങ്ങള്‍ മാധ്യമങ്ങളെ അറിയിക്കത്തത് പോട്ടെ , ഞങ്ങള്‍ സംഗതികള്‍ മണത്തറിഞ്ഞു എത്തിയപ്പോള്‍ ആ ഏരിയയില്‍ ഞങ്ങളെ കയറ്റിയതുമില്ല. അതിന് താങ്കള്‍ സമാധാനം പറഞ്ഞിട്ട് മതി ആശംസകള്‍ എന്നാണു ഞങ്ങളുടെ കൂട്ടായ തീരുമാനം

എ കെ :ആശംസ നീ ബാങ്കിലിട്ടോ. നിന്നെയൊന്നും ക്ഷണിക്കാത്തത് മനപൂര്‍വ്വമാണ്. കാലാകാലത്ത് എന്റെ വിവാഹം പല അവളന്മാരുടെയും കൂടെ നീയൊക്കെ നടത്തിയിട്ടുണ്ടല്ലോ ? അത് പോലെ ഇനിയും പല ഭാവനകളും വിരിയിക്കാന്‍ നിനക്കൊക്കെ ഒരു അവസരമാകട്ടെ എന്ന് ഞാനും കരുതി

ഒപി : ഏതാനം ആഴ്ചകള്‍ക്ക് മുന്‍പ് ഞങ്ങള്‍ മാധ്യമങ്ങള്‍ വളരെയധികം കഷ്ടപ്പെട്ട് ,ബുദ്ധിമുട്ടി നിങ്ങള്‍ മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകയുമായി പ്രണയത്തിലാണ് എന്ന് കണ്ട്പിടിച്ചിരുന്നു .പക്ഷെ അന്ന് നിങ്ങളും ,നിങ്ങളുടെ വേണ്ടപ്പെട്ടവരും ആ വാര്‍ത്ത നിഷേധിച്ചിരുന്നു . ഇന്നലെ നിങ്ങള്‍ വിവാഹം ചെയ്തത് അതെ മാധ്യമ പ്രവര്‍ത്തകയെ . കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം വിഡ്ഢികളാക്കുന്ന പരിപാടിയല്ലേ ഇത് ?"

എ കെ : സംശയമെന്ത് ? അത് തന്നെ . മലയാള സിനിമയുടെ സുപ്പര്‍ ഏട്ടനും ,മെഗാ
ഇക്കയും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാസക്കണക്കിന് മരിച്ചീനി ടൌണ്‍ , ത്രിബിള്‍സ് , ഓഗസ്റ്റ്‌ മുപ്പത്തിയഞ്ച്, ക്രിസ്റ്റീനാ സിസ്റ്റെര്സ് എന്നൊക്കെ പറഞ്ഞു പടം കാണാന്‍ ഇടിച്ചു കയറുന്ന ഇവിടുത്തെ ജനങ്ങളെ കഴുതകള്‍ ആക്കുകയല്ലേ? ഭാവിയില്‍ ഞാന്‍ അവരുടെ സ്ഥാനത്തു എത്തുമ്പോള്‍ ജനങ്ങളെ ആസ്സാക്കുന്ന ഈ പരിപാടി വൃത്തിയായി ചെയ്യാനുള്ള ഒരു പരിശീലനമാണ് ഇതെന്ന് കരുതിയാല്‍മതി . 'ഞങ്ങള്‍ തലക്കകത്ത് ആള്‍ താമസമില്ലത്തവന്മാരാണ് .പ്ലീസ് ഞങ്ങളെ ഒന്ന് വിഡ്ഢികള്‍ എന്ന് വിളിക്കു' എന്ന് മുന്നില്‍ വന്നു കെഞ്ചുന്നവന്മാരെ പിന്നെ എന്ത് ചെയ്യണം ?

ഒപി : എന്നാലും ഈ വിവരം ജനങ്ങളെ അറിയിക്കാനുള്ള ഞങ്ങളുടെ അവകാശത്തെയും , അതു അറിയാനുള്ള അവരുടെ ആക്രാന്തത്തെയും അല്ലെ നിങ്ങള്‍ വെല്ലു വിളിച്ചത് ?

എ കെ : സ്വന്തം വീട്ടിലെ അടുപ്പ് പുകയാന്‍ പാണ്ടിനാട്ടിലെ ലോറി വരണം . ഡീസല്‍ വില കൂടിയത് കൊണ്ട് ആ വരുന്ന അരിക്കും വില കൂടും.ഇതൊന്നും അറിയണ്ടാ . ഞാന്‍ വിവാഹം കഴിച്ചോ? എനിക്ക് വേറെ ആരെങ്കിലുമായി സെറ്റ്അപ്പ്‌ ഉണ്ടോ ?ഇതൊക്കെയല്ലേ മലയാളിയെ ഇന്ന് അലട്ടുന്ന പ്രശ്നങ്ങള്‍ ? അങ്ങനെയുള്ളവന്മാര്‍ ഇങ്ങനെയൊക്കെ കാര്യങ്ങള്‍ അറിഞ്ഞാല്‍ മതി

ഒപി :നിങ്ങള്‍ക്ക് ഈ താരസ്ഥാനം കല്‍പ്പിച്ചു തന്നത് ജനങ്ങള്‍ അല്ലെ ? അവരോടു നിങ്ങള്‍ക്ക് ചില ഉത്തരവാദിത്വങ്ങള്‍ ഇല്ലേ ?

എ കെ : താരസ്ഥാനം കല്‍പ്പിച്ചു തന്നവര്‍ക്ക് എന്റെ സിനിമകള്‍ എന്നിറങ്ങുന്നു ,അവ നല്ലതോ ചീത്തയോ,ഇതൊക്കെ അറിഞ്ഞാല്‍ പോരെ ? എന്റെ കല്യാണം എന്ന് , എന്റെ ശാന്തി മുഹൂര്‍ത്തം എന്ന് ,ഇതെല്ലാം അറിഞ്ഞിട്ട് അവന്മാര്‍ക്ക് എന്ത് ഗുണം ?

ഒപി : സെലിബ്രിറ്റികള്‍ അങ്ങനെ സ്വകാര്യതയ്ക്ക് വാശി പിടിക്കാമോ ?

എ കെ :പറ്റുന്നത് പോലെയൊക്കെ ചെയ്യാം. ബാക്കി മണം പിടിച്ച് ജനങ്ങളെ അറിയിക്കാന്‍ നീയൊക്കെ ഉണ്ടല്ലോ

ഒപി : ഈ താര ജാഡ നല്ലതിനല്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ . നിങ്ങളുടെ വിവാഹ വാര്‍ത്ത അതീവ രഹസ്യമാക്കി വെച്ചത് നേരത്തെ വിവരമറിഞ്ഞാല്‍ മാധ്യമങ്ങളും , ഫാന്‍സും ഇരമ്പിക്കയറി സംഗതി അലമ്പാക്കും എന്നാ അഹങ്കാര ചിന്തയില്‍ നിന്നുമാണ് എന്ന് ഞങ്ങള്‍ എഴുത്തും .ജനം നിങ്ങളെ പരിഹസിച്ചു ചിരിക്കും

എ കെ : ആയിക്കോട്ടെ .ഇപ്പൊ ഇങ്ങനെ വിവാഹം നടന്നിട്ട് കൂടി ഇന്റെര്‍നെറ്റിലും ,നിന്റെയൊക്കെ ഓണ്‍ലൈന്‍ എഡിഷനുകളിലും എച്ചില്‍ പൊതി കിട്ടിയ കൊടിച്ചി പ്പട്ടികളുടെ മട്ടിലാണ് എല്ലാവനും കടിപിടി കൂടുന്നത് . അപ്പോള്‍ ഈ വാര്‍ത്ത നേരത്തെ അറിഞ്ഞിരുന്നുവെങ്കിലോ?

ഒപി : എന്തായാലും നിങ്ങള്‍ സമ്പൂര്‍ണ്ണ അഹങ്കാരിയാണ് എന്ന് നാളെ ഞാന്‍ ഞങ്ങളുടെ പത്രത്തില്‍ എഴുതും

എ കെ : നീ ഞൊട്ടും .നിനക്ക് ശമ്പളം തരുന്ന മുതലാളിക്ക് ഈ സിനിമാ വരികയും,പത്രവും മാത്രമല്ലാ ഉള്ളത് . വനിതാ മാസികയും ,മറ്റു പ്രസ്സിദ്ധീകരണങ്ങള്‍ ഒക്കെയില്ലേ ? അതില്‍ വിശേഷാല്‍ പതിപ്പുകളില്‍ ഞാനും ഭാര്യയും കസവുമുണ്ടും , സെറ്റും അണിഞ്ഞു നില്‍ക്കുന്ന പടങ്ങള്‍,ഞങ്ങളുടെ പ്രണയദിനങ്ങളുടെ ഓര്‍മ്മകുറിപ്പുകള്‍ ,കുടുമ്പജീവിതം ഇതൊക്കെ കാണ്ഡം കാണ്ഡമായി അച്ചടിച്ച് കഴുതകള്‍ക്ക് വിറ്റ് ആ തെണ്ടിക്ക് കാശുണ്ടാക്കാന്‍ ഉള്ളതാ .അത് കൊണ്ട് മാക്സിമം നീ നാളത്തെ പത്രത്തില്‍ എന്റെ ഒരു വിവാഹ ഫോട്ടോ കൊടുക്കും , വാരികയില്‍ ഒരു അര പേജ് അഭിമുഖവും. എഴുന്നേറ്റ് പോടാ അവിടുന്ന്. പോകുന്ന വഴി ഗേറ്റില്‍ സെക്യൂരിറ്റിയുടെ കയ്യില്‍ നിന്നും നിങ്ങള്‍ മാധ്യമ കണാപ്പന്‍മാര്‍ക്ക് നാളെ പ്രധാന പേജില്‍ കൊടുക്കാനുള്ള എന്റെ വിവാഹ ഫോട്ടോയും വാങ്ങിച്ചോ

Sunday, April 17, 2011

അണ്ണാ ,ജനാധിപത്യം.- അച്ചുവിന്റെ സ്വന്തം കാവ്യം

മഹാരാജാവ് ഭരതന്‍ രാജ്യത്തിന്‌ ഭാരതം എന്ന പേര് ദാനം ചെയ്യാന്‍ പോകുന്നു എന്ന തീരുമാനം എടുക്കുന്ന കാര്യത്തില്‍ അഫസല്‍ ഗുരുവിനെ തൂക്കണോ വേണ്ടയോ എന്ന് കണ്ണ് ബള്‍ബ് ആയ പ്രതിഭാ പാട്ടിലിനെ പോലെ വാഴുന്ന കാലം .കണ്‍ഫ്യൂഷന്‍ കൂടി കൂടി ഭരതന്‍ എന്ന സ്വന്തം പേര് രാജാവ് കണ്‍ഫ്യൂഷ്യസ് എന്ന് മാറ്റി ഗസ്സറ്റില്‍ ഇടും എന്ന ഘട്ടമായപ്പോള്‍ കൊട്ടാരത്തിലെ ആസ്മാദികള്‍ കക്ഷിക്ക് വിദഗ്ദോപദേശം നല്‍കാന്‍ പാങ്ങുള്ള ആരെങ്കിലും ഭൂമിയില്‍ ഉണ്ടോ എന്ന് മനോരമയില്‍ പരസ്യം കൊടുത്തു. കാലം സാമ്പത്തിക മാന്ദ്യത്തിന്റെ കാലവും കൂടി ആയിരുന്നതിനാല്‍ പരസ്യത്തിനു മറുപടിയായി ബംഗ്ലൂരിലെ ഐ ടി പ്രൊഫഷനല്‍ , ദുബായിലെ കണ്‍സ്ട്രക്ഷന്‍ ഇഞ്ചിനിയര്‍ എന്നിവര്‍ തുടങ്ങി താന്‍ ദുര്‍ബലന്‍ അല്ല എന്ന് തെളിയിക്കുന്ന ഡോക്റ്റര്‍ സര്‍ട്ടിഫിക്കറ്റ് സഹിതം റാം രാജ്യത്തെ പ്രധാനമന്ത്രിയുടെ വരെ അപേക്ഷകള്‍ കൊട്ടാരത്തില്‍ കുമിഞ്ഞ്‌ കൂടി .

ഇത് ഒരു നടക്കു പോകില്ല എന്ന് തോന്നിയപ്പോള്‍ കൊട്ടാരം പ്രധാനമന്ത്രി ചീഫ് സെക്രട്ടറിയുമായി കൂടി ആലോചിക്കുന്നു . എന്ത് കാര്യങ്ങളും പടച്ചവനു മേലെ വരെ തീര്‍പ്പാകാന്‍ കഴിവുള്ള ഒരു മിടുക്കനെയാണ് ഇപ്പോള്‍ ആവശ്യം എന്ന് ചീഫ് സെക്രട്ടറി പറയുന്നു . അത്തരത്തില്‍ ഒരാള്‍ മുംബൈ അധോലോകത്ത് ഉണ്ടെന്നും അയാളുടെ അധോലോകത്തെ ഓമനപ്പേര് ഷേ-ഷേര്‍ അല്ലെങ്കില്‍ പുപ്പുലി എന്നാണെന്നും ചീഫ് സെക്രട്ടറി പറയുമ്പോള്‍ പ്രധാനമന്ത്രിയുടെ മനോസ്ക്രീനില്‍ ആളിക്കത്തുന്ന തീയുടെ ഇടയില്‍ നിന്നും വായുവില്‍ കരണം മറിഞ്ഞ് വെടി വെയ്ക്കുന്ന (തോക്ക് കൊണ്ട് , സത്യം !!!) കോട്ട് സ്യൂട്ട് ധാരിയായ എ കെയുടെ രൂപം തെളിയുന്നു . എ കെയുടെ ഫാന്‍സ്‌ അസോസിയേഷന്‍ വക പാലഭിഷേകം,കയ്യടി , പുഷ്പ വൃഷ്ടി , ആര്‍പ്പുവിളി , കഥകളി ,ക്യാബറേ .

ചീഫ് സെക്രട്ടറി നേരിട്ട് വിളിച്ചു പറയുമ്പോള്‍ പോടാ പുല്ലേ എന്ന് പറയുന്ന എ കെ ഒടുവില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നിന്നും ബാരക്ക് ഒബാമ വിളിച്ച് ശുപാര്‍ശ ചെയ്യുമ്പോള്‍ ദൌത്യം ഏറ്റെടുക്കാം എന്ന് സമ്മതിക്കുന്നു .

സ്വിച് സ്പാന്‍ ടു വിമാനത്താവളം

തന്നെ സ്വീകരിക്കാന്‍ കൊട്ടാരത്തില്‍ നിന്നും വന്ന എസ ക്ലാസ് ബെന്‍സ് ,തനിക്കു സഞ്ചരിക്കാന്‍ മിനിമം മെയ്‌ബാ അല്ലെങ്കില്‍ റോള്‍സ് എങ്കിലും വേണം എന്ന് പറഞ്ഞു എ കെ മടക്കി അയക്കുന്നു. രണ്ടും സംഘടിപ്പിക്കാന്‍ തത്കാലം നിവൃത്തിയില്ല എന്ന് കൊട്ടാരത്തില്‍ നിന്നും മറുപടി ലഭിക്കുമ്പോള്‍ ഒരു പെട്ടി ഓട്ടോയില്‍ ലിഫ്റ്റ്‌ അടിച്ച് എ കെ കൊട്ടാരത്തില്‍ എത്തുന്നു .

ഒന്നര കോടി രൂപ കൈക്കൂലി വാങ്ങി , ഇരുപത്തിയഞ്ച് ലക്ഷം ചീഫ് സെക്രട്ടറിക്ക് കമ്മീഷന്‍ കൊടുത്തിട്ട് എ കെ പ്രത്യേകം തയാറാക്കിയ കൌണ്സിലിംഗ് മുറിയില്‍ അയാളെ കാത്തിരിക്കുന്ന ഭരത മഹാരാജാവിനെ കാണാന്‍ പോകുന്നു

മുറിയില്‍ മഹാരാജാവ് ഇരിക്കുന്നു .ഭാവം ചിന്താ ഡോട്ട് കോം .താടിക്ക് കൈ,വിദൂരതയിലേക്ക് എറിഞ്ഞു കളഞ്ഞ കണ്ണുകള്‍

എ കെ : ഗുഡ് മോര്‍ണിംഗ് മി.മഹാരാജ്

മ.രാ :(ചിന്തയില്‍ നിന്നും പൊടുന്നനെ ചന്തയില്‍ എത്തിയ ഭാവത്തില്‍ )വന്ദനം മഹാരാജാവേ എന്ന് പറയെടാ

എ കെ :നിങ്ങള്‍ പഠിച്ചിട്ടുള്ള ശാസ്ത്രങ്ങളില്‍ ഒക്കെ അതാവാം വിധി .ബട്ട് ,ഞാന്‍ പിന്തുടരുന്നത് മലയാള ചലച്ചിത്ര സംഹിതയാണ്. അതനുസരിച്ച് നായകന്റെ മുന്നില്‍ ദൈവം വന്നാലും നായകന്‍ മി.ദൈവം എന്നേ സംബോധന ചെയ്യു . ഡാ ദൈവമേ എന്ന് വിളിക്കാത്തത് ജസ്റ്റ് ഒരു സൌജന്യം മാത്രം. ദൈവം നായകന്റെ ദോസ്താണ് എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ഫാന്‍സ്‌ സഹിക്കും.ഇല്ലെങ്കില്‍ കലിപ്പാണ്‌

മ രാ : നീയാണ് ഈ കഥയില്‍ നായകന്‍ എന്ന് ആര് തീരുമാനിച്ചു ?

എ കെ : ഞാന്‍ എഴുതുന്ന കഥയില്‍ പിന്നെ അമീര്‍ ഖാനെ നായകനാക്കണോ ?

മ രാ : നീ മലയാളം സിനിമ കാണുന്നവന്‍ അല്ലെ ? പറഞ്ഞിട്ട് കാര്യമില്ല . ഇപ്പൊ വന്ന കാര്യം പറ .ഈ രാജ്യത്തിന്‌ ഞാന്‍ എന്റെ പേര് കൊടുക്കണോ വേണ്ടേ ?

എ കെ : സ്വന്തം പേരിനോട് നിങ്ങള്‍ക്ക് അത്ര വിരോധം ഉണ്ടെങ്കില്‍ ചുമ്മാ കൊടുക്കണം ?

മ രാ : അതെന്ത് അങ്ങനെ ?

എ കെ : ഭാവിയില്‍ രാജ ഭരണം പോയി ജനാധിപത്യം ഈ രാജ്യത്ത് വരും എന്ന് തെരിയുമാ ?

മ രാ : ജോതിഷന്‍ ഹോറോസ്കോപ്പ് പ്രൊഫഷനല്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആ വിവരം കണ്ടു പിടിച്ചിട്ടുണ്ട് . ജനാധിപത്യത്തിലെ ഭരണാധികാരികള്‍ കാട്ടുകള്ളന്മാര്‍ , വിവരദോഷികള്‍ എന്നീ വര്‍ഗ്ഗങ്ങളുടെ സങ്കരം ആയതിനാല്‍ നമ്മുടെ പേര് നാറും എന്നാണോ നീ ഉദ്ദേശിച്ചത് ? പക്ഷെ നല്ലവരായ ജനങ്ങള്‍ നമ്മെ എന്നും സ്നേഹത്തോടെ ഓര്‍ക്കില്ലേ ?

എ കെ : ജനങ്ങള്‍ അല്ലെ ?ഒവ്വാ.

മ രാ : അതെന്ത് ?

എ കെ : ഭരണാധികാരികള്‍ ഫ്രാഡുകള്‍ ആകുന്നത്‌ ജനങ്ങള്‍ നട്ടെല്ല് ഇല്ലാതാകുമ്പോള്‍ ആണെന്ന് കേട്ടിട്ടില്ലേ ?

മ രാ :ഇപ്പൊ കേട്ടു .അപ്പോള്‍ നമ്മുടെ രാജ്യത്തെ ഭാവി ജനങ്ങള്‍ കഴുപ്പണം കെട്ടവന്മാര്‍ ആകും എന്നാണോ നീ പറയുന്നത് ?

എ കെ : ഏതാണ്ട് അങ്ങനെ തന്നെ

മ രാ : നീ ചുമ്മാ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു എന്‍റെ മനസ്സ് വിഷമിപ്പിക്കതാടെ

എ കെ : തെളിവ് തരാം

മ രാ : എന്ത് തെളിവ് ?

എ കെ : മനോ സ്ക്രീനില്‍ അവതാര്‍ ത്രീഡിയില്‍ ചില ഭാവി കാഴ്ചകള്‍ കാട്ടിത്തരാം . എന്നിട്ട് തീരുമാനിക്ക് ?

മ രാ : ഓ കെ .

ഫസ്റ്റ് സീന്‍ .

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ രാജാവിന്റെ പേര് വെടക്കാക്കുന്ന രാജ്യത്തിന്റെ തെക്കേ മൂലയിലുള്ള ഒരു ഇട്ടാവട്ടം സംസ്ഥാനത്ത് ജനാധിപത്യം നല്‍കിയ അവകാശമായ വോട്ടു കുത്താന്‍ വന്ന ചലച്ചിത്ര നടി മേട ചൂടില്‍ കത്തി കരിഞ്ഞു വോട്ടു ചെയ്യാന്‍ വരി പിടിച്ചു നില്‍ക്കുന്ന ജങ്ങളെ പുല്ലു പോലെ അവഗണിച്ച് പോളിംഗ് ബൂത്തിലേക്ക് കയറി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതും , സുരേഷ് ഗോപി മോഡലില്‍ ക്ഷുഭിത യൌവനത്തിന്റെ പ്രതീകമായ ഒരു ചെറുപ്പക്കാരന്‍ അതിനെ ചോദ്യം ചെയ്യുന്നതും , നടി വോട്ടു ചെയ്യാതെ പിന്‍വാങ്ങുന്നതും , പിന്നെ വൈകുന്നേരം വന്നു മര്യാദക്ക് വരിയില്‍ നിന്ന് തന്നെ വോട്ടു ചെയ്യുന്നതും സ്ക്രീനില്‍ മിന്നി മറഞ്ഞു . ഇതര മാധ്യമങ്ങള്‍ ആ വാര്‍ത്ത ആഘോഷമാക്കുന്നതും രാജാവ് കണ്ടു

മ രാ : ഹോ കണ്ടിട്ട് കുളിര് കോരുന്നു . ഇത്രയും പ്രതിബദ്ധതയും , പ്രതികരണ ശേഷിയും ഉള്ള ജനങ്ങളെയാണോടാ നീ വകയ്ക്കു കൊളളാത്തവന്മാര്‍ എന്ന് പറഞ്ഞത് ?

എ കെ : അനിയാ സോറി രാജാവേ നില്‍. അടുത്ത സീനും കൂടി ഒന്ന് കണ്ടു നോക്ക് .

സീന്‍ ടൂ

സിനിമാ നടിയെ ജനം ജനാധിപത്യ മര്യാദയുടെ അ ആ ഇ ഈ പഠിപ്പിച്ച അതെ ദിവസം തന്നെ ജനങ്ങള്‍ തിരഞ്ഞടുത്ത് കൊമ്പത് പ്രതിഷ്ഠിച്ച സംസ്ഥാന മുഖ്യമന്ത്രി വോട്ടു ചെയ്യാന്‍ എത്തുന്ന രംഗം സ്ക്രീനില്‍ . പോളിംഗ് ബൂത്തിന്റെ നൂറു മീറ്റര്‍ ചുറ്റളവില്‍ കനത്ത പോലീസ് വലയം , വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കുന്ന ജീവികളുടെ വായില്‍ നാക്കുണ്ടോ എന്ന് സംശയം ജനിപ്പിക്കുന്ന രീതിയില്‍ അവരെ കടന്ന് പുല്ലു പോലെ വോട്ടു ചെയ്തു മടങ്ങുന്ന മുഖ്യന്‍. ജനങ്ങള്‍ വാ കൈ പൊത്തി നില്‍ക്കുന്നതെ ഉള്ളു. ആകാശത്തേക്ക് ഫോക്സ് ചെയ്ത നിലയില്‍ മാധ്യമങ്ങള്‍ .

കട്ട് ടു...

അതെ സംസ്ഥാനത്തെ മറ്റൊരു പോളിങ്ങ് ബൂത്തില്‍ ചോദിക്കാനും പറയാനും അരുമില്ലാത്തത് പോലെ പത്തു പതിനഞ്ച് നിമിഷങ്ങള്‍ ക്യൂ നിന്ന് വോട്ടു കുത്തി മടങ്ങുന്ന രാജ്യത്തിന്റെ പ്രതിരോധ മന്ത്രി


മ രാ : എന്തോന്നടെ ഇത് ?
എ കെ : അത്ഭുതപെടേണ്ട . ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മാധ്യമ ഗുരുക്കള്‍ ജനങ്ങളെ പറഞ്ഞു പഠിപ്പിച്ച് വെച്ചിരിക്കുന്നത് സിനിമാ നടിയെ അത്യാവശ്യം നിങ്ങള്‍ക്ക് മര്യാദ പഠിപ്പിക്കാം പക്ഷെ മുഖ്യനെ താണ് വണങ്ങിയില്ലെങ്കില്‍ തട്ട് കിട്ടും എന്നാണ്.


മ രാ : അപ്പോള്‍ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജനങ്ങള്‍ എന്ന് പറയുന്ന ജീവികള്‍ക്ക് സ്വന്തമായ അഭിപ്രായം എന്നൊന്നില്ലേഡേ ?

എ കെ :
എവിടെ ? സ്വന്തമായ ചിന്തകളില്‍ നിന്നും ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അവനൊക്കെ എവിടെ എത്തും? മാധ്യമങ്ങള്‍ , ചാനലുകള്‍ ഇതൊക്കെ പറയുന്നത് കേട്ട് അതില്‍ അവര്‍ക്ക് സൌകര്യപ്രദമായ ഒരു പക്ഷം പിടിക്കും.എന്നിട്ട് ഘോര ഘോരം പ്രസംഗിക്കും . പക്ഷെ തടിക്ക് തട്ട് കിട്ടും എന്ന ചെറിയ സംശയം തോന്നുന്ന കാര്യങ്ങള്‍ അവന്മാര്‍ കണ്ടില്ലാ എന്ന് കൂളായി നടിച്ചുകളയും . അത് എന്ത് വലിയ പോക്രിത്തരമായാലും . ഉദാഹരണത്തിന് സിനിമാ നടിക്ക് കൊടുക്കുന്ന പ്രത്യേക പരിഗണന ചോദ്യം ചെയ്ത യുവാവിനെ കയ്യടിച്ചു പ്രോസ്ത്സാഹിപ്പിക്കുന്നവര്‍ തന്നെ മുഖ്യന്റെ ചെയ്തിയെ ആരും എതിര്‍ക്കാത്തതിനെപ്പറ്റി ഒരക്ഷരം മിണ്ടില്ല .


മ രാ : നല്ല ബെസ്റ്റ് നാട് .

എ കെ : തീര്‍ന്നില്ല . ഈ ജാനാധിപത്യം എന്ന ഇട്ടാപ്പിനെ തന്നെ ചില ഡിമാന്‍ണ്ട് അനുസരിച്ച് ഡാഡിയെ
മാറ്റുന്നവര്‍ അവന്മാരുടെ സൗകര്യം പോലെ വളച്ചു ഒടിക്കുകയും ചെയ്യും


മ രാ : ഫോര്‍ എക്സാമ്പിള്‍ ?

എ കെ : ഭാവി പ്രജകള്‍ അഴിമതിക്കെതിരെ നിരാഹാരം കിടക്കുന്ന ഒരു
മൂപ്പീന്നിനെ എടുത്ത് ഉടുത്തു കളയും . അങ്ങേര്‍ ചെയ്യുന്ന കുറ്റം ജനാധിപത്യ രീതിയില്‍ അതേ രാജ്യത്ത് തന്നെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ എന്തെങ്കിലും കാര്യത്തിന് ഒന്ന് അഭിനന്ദിക്കുന്നതിന്റെ പേരില്‍ . അത്ര തന്നെ . അതും പോരാഞ്ഞ് ഇതേ അവന്മാര്‍ തന്നെ ജനാധിപത്യം സിനിമാ തരാങ്ങള്‍ക്ക് ഇതൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാനുള്ള അവകാശം നല്‍കുന്നുണ്ട് എന്ന് ആക്രോശിക്കും . അതും അവരെ കുറെ തലക്ക് വെളിവില്ലാത്തവന്മാര്‍ ഏതോ നടിയെ എതിര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങി എന്നാ പേരില്‍ എന്തോ പൊക്കി കാണിച്ചു എന്ന പേരില്‍ .

മ രാ : നിറുത്തഡേ. കൂടുതല്‍ കേള്‍ക്കാനുള്ള പാങ്ങ് എനിക്കില്ല . ഇവനൊക്കെ എന്ത് ഇങ്ങനെ ?


എ കെ : ചെറുപ്പത്തിലെ മുതല്‍ മിക്കതിനെയും വീട്ടുകാരും , ബന്ധുക്കളും , ചുറ്റുമുള്ളവന്മാരും പറഞ്ഞ് പഠിപ്പിക്കുന്നത്‌ ഭൂരിപക്ഷം നിശബ്ദം സഹിക്കുന്ന തെറ്റുകള്‍ക്ക് എതിരെ ശബ്ദിച്ചാല്‍ നീ ഒറ്റപ്പെടും, തടി വെടക്കാകും എന്നൊക്കെയാണ് ."

മ രാ : ഡേ , നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ നമ്മുടെ രാജ്യത്തിനെ വെള്ളക്കാര്‍ പിടിച്ചടക്കും എന്നും, നാനൂറു വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിന് ശേഷമേ ഒടുക്കം രാജ്യം അവിടുത്തെ പ്രജകള്‍ക്കു പൂര്‍ണ്ണമായും തിരിച്ചു കിട്ടുകയുള്ളൂ എന്നും ജോതിഷി പറഞ്ഞു . ഇങ്ങനെയുള്ളവന്മാര്‍ ആണ് നാട്ടുകാര്‍ എങ്കില്‍ , വല്ലതും നടക്കുമോടെ ?

എ കെ : പല ടൈപ്പ് വെള്ളക്കാര്‍ മാറി മാറി വരുമ്പോള്‍ മുതല്‍ അവന്മാര്‍ കളഞ്ഞിട്ടു പോകുന്ന കാലഘട്ടം വരെ നട്ടെല്ലുള്ള കുറച്ചു ആളുകള്‍ എങ്കിലും നാട്ടില്‍ ബാക്കി കാണും. അത് കഴിഞ്ഞു ഒരു അറുപത് എഴുപത് കൊല്ലങ്ങള്‍ക്കുള്ളില്‍ അങ്ങേയുടെ ജന വിഭാഗം ഏതാണ്ട് പൂര്‍ണ്ണമായും നട്ടെല്ല് ഇല്ലാത്ത ജീവജാലമായി പരിണമിക്കും .

മ രാ : എന്തൊക്കെയായാലും എനിക്ക് ഈ രാജ്യത്തിന്‌ എന്‍റെ പേര് കൊടുത്തേ പറ്റു.

എ കെ : എന്നാല്‍ നേരെ പോയി ഫോറിനില്‍ നിന്ന് നാല് ഡിഗ്രിയും പിന്നെ ഐക്യ രാഷ്ട്ര സഭയില്‍ വല്ല തൂപ്പ് പണിയോ അല്ലെങ്കില്‍ ഐ എം എഫില്‍ ഗുമസ്ത പണിയോ ഒപ്പിച്ചോ . അങ്ങനെ ഉള്ളവന്മാരെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭരത പ്രജക്കള്‍ക്ക് മുട്ടന്‍ ബഹുമാനമാണ് . അല്ലാതെ സ്വന്തം രാജ്യത്തെ നല്ല രാജാവ് എന്നൊക്കെ പറഞ്ഞാല്‍ അവന്മാര്‍ ചിലപ്പോള്‍ പുറംകാലിന് തൊഴിക്കും

മ രാ : ഐക്യരാഷ്ട്ര സഭാ , ഐ എം എഫ് , ഇതൊക്കെ നിലവില്‍ വരാന്‍ യുഗങ്ങള്‍ പലതു പോകണമെഡേ

എ കെ : അപ്പൊ രാജാവിന്‍റെ പേര് കോഞ്ഞാട്ടയാകും . അത് മൂന്നു തരം

Wednesday, April 13, 2011

എങ്കിലും എന്‍റെ കാവ്യേ !!!

ഈ നാട്ടില്‍ വോട്ടു ചെയ്യാനുള്ള അവസ്ഥ നില നില്‍ക്കുന്നില്ല എന്ന് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനും , സുധാകരന്‍ സാറും പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ് എന്ന് തെളിഞ്ഞില്ലേ ? പാവം കാവ്യാ മാധവന്‍ ...ആശിച്ചു മോഹിച്ചു വോട്ടു കുത്താന്‍ വന്നതാണ് . സമ്മതിച്ചോ , പൊതു ജനം എന്ന കഴുത ?

ആ അമ്പോറ്റി കൊച്ചിനോട് ക്യൂവില്‍ നിക്കാന്‍ പറഞ്ഞവനെ കട്ടക്കിടിക്കണ്ടേ ? പ്രശസ്തയായ അവര്‍ സാധാരണ എമ്പോക്കികളെ പോലെ ക്യൂവില്‍ നില്‍ക്കണം എന്നൊക്കെ പറഞ്ഞാല്‍ നടക്കുന്ന കാര്യം വല്ലതുമാണോ ? (പ്രശസ്ത എന്നത് കൊണ്ട് ഉദ്ദേശിച്ചത് സിനിമകളിലൂടെ പ്രശസ്ത എന്നാണു അല്ലാതെ പോക്കണം കേടുകള്‍ വിചാരിച്ചു കൂട്ടി എന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെക്കൊണ്ട് പിടിപ്പിക്കരുത് .പറഞ്ഞേക്കാം )
പ്രതിരോധ മന്ത്രി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നിവരൊക്കെ ക്യൂ നിന്ന് വോട്ട് ചെയ്തു എന്നതൊന്നും ഇവിടെ വിഷയമല്ല . കാവ്യേ തൊട്ടാല്‍ കലിപ്പാണ്‌ . പറഞ്ഞില്ല എന്ന് വേണ്ട .

എന്തായാലും ആ പോളിംഗ് ബൂത്തിലെ ജനങ്ങള്‍ കാണിച്ചത്‌ ശുദ്ധ തെമ്മടിത്തരമായിപ്പോയി . കുവൈറ്റില്‍ നിന്നുള്ള ഫ്ലൈറ്റ് ഇറങ്ങിയപ്പോള്‍ പോലും വേദനിക്കാത്ത ആ വല്യ ഹൃദയം എത്ര നൊന്തിട്ടുണ്ടാകും. അമ്മ , അച്ഛന്‍ തുടങ്ങിയവര്‍ ആ കൊച്ചിന്റെ ശാപം മൂലം നിങ്ങളെയൊക്കെ സിനിമ കാണുന്നതില്‍ നിന്നും വിലക്കാതെ സൂക്ഷിച്ചോ.

ക്യൂവില്‍ നിന്ന് വോട്ട് ചെയ്യാന്‍ ശ്രമിച്ച് ധാര്‍മിക രോഷ വെറിയന്മാരായ നാട്ടുകാരുടെ കൂടുതല്‍ രോഷ പ്രകടനങ്ങള്‍ക്ക് വിധേയയാകാതെ രക്ഷപ്പെട്ട കാവ്യയെ ഞാന്‍ അഭിനന്ദിക്കുന്നു. ഒപ്പം ആ കൊച്ചിനെ ഇറക്കി വിട്ട നാട്ടുകാരെ എന്‍റെ പ്രതിഷേധവും അറിയിക്കുന്നു .

എങ്കിലും എന്‍റെ നാട്ടുകാരെ വല്ല ദീപികാ പദുക്കോണോ, ഇല്ലിയാനയോ ആയിരുന്നു നിങ്ങളുടെ പോളിംഗ് ബൂത്തില്‍ വന്നിരുന്നതെങ്കില്‍ നിങ്ങള്‍ താലപ്പൊലി , ആന , അമ്പാരി , വെടി (കതിനാ...എല്ലാത്തിനു എക്സ്പ്ലനേഷന്‍ വേണം, കലികാലം ) തുടങ്ങിയവുമായി അവരെ ആനയിച്ചു വോട്ട് ചെയ്യിക്കില്ലയിരുന്നോ .

പുത്തന്‍ വണ്ടികളോട് കാണിക്കുന്ന അനുഭാവം നമ്മുടെ നാട്ടുകാര്‍ ഒരിക്കലും ഒഫീഷ്യല്‍ സെക്കണ്ട് ഹാന്‍ഡ് വണ്ടികളോട് കാണിക്കാറില്ല എന്നൊരു നാട്ടു പഴമൊഴി ഞാന്‍ ഈ അവസരത്തില്‍ ചുമ്മാ , ഒന്നിനുമല്ലാതെ (അമ്മച്ചിയാണേ ) ഓര്‍ത്ത്‌ പോവുകയാണ്.

അല്ലെങ്കിലെ ഒരുപാട് ജീവിത വ്യഥകളിലൂടെ കടന്നു പോയി ഗദ്ധാമയില്‍ എത്തി നില്‍ക്കുന്ന ആ കൊച്ചിനെ നിങ്ങള്‍ കൂടി ഇങ്ങനെ വിഷമിപ്പിക്കണമായിരുന്നോ ?

വാര്‍ത്ത അറിയും മുന്‍പേ ഞാന്‍ വോട്ട ചെയ്ത് പോയി .ഇല്ലായിരുന്നെങ്കില്‍ ഞാനും വോട്ടു ബഹിഷ്കരിച്ച്‌ മഞ്ഞു വര്യരുടെയും സംയുക്താ വര്‍മ്മയുടെയും സംയുക്ത കുഞ്ഞനുജത്തിക്ക് (ഗദ്ധാമയുടെ പോസ്റ്ററില്‍ കണ്ടതാണ് ) ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുമായിരുന്നു . ഇനി പറഞ്ഞിട്ട് കാര്യമില്ല. പിന്നെ ഇനി താന്‍ വോട്ട് ചെയ്തില്ലെങ്കില്‍ കേരളത്തിലെ ഇലക്ഷന്‍ തന്നെ നിന്ന് പോയാലോ എന്ന് വിചാരിച്ച് ആ തങ്കപ്പെട്ട കുട്ടി , വിശാലാ ഹൃദയ (ഞാന്‍ ഇങ്ങനെ ഹൃദയത്തിന് ചുറ്റും കറങ്ങുന്നത് കൊണ്ട് ആരും തെറ്റിദ്ധരിക്കരുത്.ദ്രാവിഡ ശൈലിയില്‍ ധാരാളമായുള്ള മനസ്സ് എനിക്ക് എന്നും ഒരു ദൌര്‍ബല്യമാണ് ) വൈകുന്നേരം വന്നു ക്യൂവില്‍ നിന്ന് തന്നെ വോട്ട് ചെയ്യാനുള്ള ദയയും കാണിച്ചു .ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ചെയ്ത വോട്ട് അസാധുവാക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു ഞാന്‍ .

ബട്ട്‌ സ്റ്റില്‍ , മോശമായിപ്പോയി ജനങ്ങളെ , മോശമായിപ്പോയി

നോട്ട് ദി പോയിന്റ്‌ : തിരഞ്ഞെടുപ്പ് എന്തായാലും കഴിഞ്ഞു . എനിക്ക് കുറച്ചു ദിവസത്തേക്ക് വല്യ പണിയൊന്നും ഇല്ല താനും. അപ്പൊ പിന്നെ ചാനലുകള്‍ വരെ വന്‍ പ്രാധാന്യം നല്‍കുന്ന ഈ വാര്‍ത്തയെ എന്‍റെതായ ഒരു വീക്ഷണ കോണിലൂടെ (ഭയങ്കരം തന്നെ എന്‍റെ കാര്യം ) കണ്ടു കളയാം എന്ന് കരുതി . ലത്രേ ഉള്ളു സംഗതി.

Tuesday, April 12, 2011

പുതിയ മനിതന്‍

തലക്കെട്ടിന്റെ ഉദ്ദേശം ഞാന്‍ പുതിയ മനിതനായി വീണ്ടും അവതരിച്ചു എന്നല്ലാ. നാളെ ,അതായത് ഏപ്രില്‍ പതിമൂന്നാം തീയതി നമ്മക്ക് എല്ലാവര്‍ക്കും പുതിയ മനിതമാര്‍ ആകാനുള്ള അവസരം ലഭിക്കുകയാണ് എന്നാണ് ഉദ്ദേശിച്ചത് .

വീണ്ടും ഒരു തിരഞ്ഞെടുപ്പ് കൂടി വരുകയല്ലെ ? നമുക്ക് തകര്‍ക്കാനുള്ള അവസരമല്ലേ ?
എന്ത് തകര്‍ക്കാന്‍ എന്ന് ആരും ചോദിക്കരുത് . അത് കഴിഞ്ഞ പത്തറുപത് കൊല്ലങ്ങളായി ഇന്ത്യയില്‍ സാധാരണക്കാരന്‍ അല്ലെങ്കില്‍ കഴുത എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജനത്തിന് മനസ്സിലായിട്ടില്ല. തിരഞ്ഞെടുപ്പ്, ജനാധിപത്യപരമായ അവകാശം എന്നൊക്കെ പത്രക്കാര്‍ (ചാനലുകളും ) പറയും ,നമ്മള്‍ കേള്‍ക്കും ആവേശം കൊള്ളും, ഫുള്ള് പൊട്ടിക്കും .അത്ര തന്നെ .

എന്തായാലും സുനാമി തകര്‍ത്ത ഗ്രാമങ്ങളുടെ കഷ്ട സ്ഥിതികള്‍ അടുത്തര്ഞ്ഞു മനസ്സിലാക്കാന്‍ കോബ്രാ സിക്സ് ഹെലികോപ്പ്റ്ററില്‍ ഗഗന സഞ്ചാരം ചെയ്യുന്ന മാഡം പുത്രനെപ്പോലെ ഞാനും ഈ തിരഞ്ഞെടുപ്പിനെ അടുത്തറിയാന്‍ തന്നെ തീരുമാനിച്ച വിവരം നിങ്ങള്‍ ഏവരെയും സാമോദം അറിയിക്കട്ടെ .
സംഗതി തിരിഞ്ഞാ ? ഇല്ലെങ്കില്‍ വിശദമാക്കാം.

തിരഞ്ഞെടുപ്പ് , പ്രധാന മന്ത്രി തുടങ്ങിയ പ്രശസ്തരുടെ (അവര്‍ ഇതു രീതിയിലാണ് പ്രശസ്തര്‍ എന്ന് നിങ്ങള്‍ അന്വേഷിക്കുക.) സന്ദര്‍ശനം തുടങ്ങിയ റിയാലിറ്റി ഷോകള്‍ നാട്ടില്‍ നടക്കുമ്പോള്‍ ദേശം വിടുക എന്ന പതിവ് ഇത്തവണ തെറ്റിക്കാന്‍ ഞാന്‍ തീരുമാനിച്ചു എന്നതാണ് ന്യൂസ്.

ഇത്തവണ പതിവ് എന്ത് കൊണ്ട് തെറ്റിക്കുന്നു എന്ന് നിങ്ങള്‍ ചോദിച്ചില്ലെങ്കിലും ഞാന്‍ പറയും .അമ്മയാണെ പറയും .

കസേര പിടിച്ചിട്ട് കൊടുത്ത് വന്നിരുന്നോളാന്‍ പറഞ്ഞാലും വേണ്ട എന്ന മട്ടില്‍ നടക്കുന്ന ചാണ്ടി സാറിനെയും പിള്ളാരെയും കൊണ്ട് ഞാന്‍ തോറ്റു. ഇടതന്മാര്‍ ഫരിച്ചു ഫരിച്ചു സുഖമായി നൂറ്റിപ്പത്ത് സീറ്റ് ചാണ്ടിക്കും കൂട്ടര്‍ക്കും കണ്ണുമടച്ച് കിട്ടാവുന്ന പരുവത്തില്‍ നിന്ന് ഏതാനം മാസങ്ങള്‍ കൊണ്ടല്ലേ കാര്യങ്ങള്‍ വീണ്ടും ഫിഫ്റ്റി ഫിഫ്റ്റി എന്ന നിലയിലേക്ക് വീണത്‌ .

എന്‍റെ വിഷമം ചാണ്ടിയും മക്കളും തോല്‍ക്കുന്നതില്‍ അല്ല . അച്ചു മാമനും അനന്തിരവന്മാരും ജയിക്കുന്നതിലാണ്. സഡെന്‍ലീ ഞാന്‍ ഖദര്‍ ധാരിയായി എന്ന് ആരും കരുതരുത് . സംഭവം സന്തുലിതാവസ്ഥയോടുള്ള സ്നേഹമാണ്. അഞ്ചു കൊല്ലം വിപ്ലവം , അഞ്ചു കൊല്ലം ഖദര്‍ ...അതാണ്‌ നമ്മുടെ നാട്ടില്‍ പറഞ്ഞിട്ടുള്ളത്. അല്ലാതെ ഇനി ഒരു അഞ്ചു കൊല്ലം കൂടി വിപ്ലം തുടര്‍ച്ചയായി താങ്ങാനുള്ള കപ്പാസിറ്റി എനിക്ക് ഇല്ല .
സാമൂഹിക പ്രതിബദ്ധത മുട്ടി നില്‍ക്കുന്നവര്‍ ഒരു പക്ഷെ ചോദിച്ചേക്കാം, വളരെ നിരുത്തരവാദിത്വ പരമായ കാഴ്ചപ്പാട് അല്ലേ ഇത് എന്ന് ? അല്ല, ഇതാണ് ഏറ്റവും ഉത്തരവാദിത്വമുള്ള കാഴ്ചപ്പാട് .

കാരണം വിപ്ലവമോ , ഖദറോ രണ്ടില്‍ ആര് അധികാരത്തില്‍ വന്നാലും നാട്ടില്‍ നിന്നും ദാരിദ്ര്യം മൊത്തമായി ജീവനും കൊണ്ട് ഓടുമെന്നോ , അനീതി അക്രമം ഒക്കെ ഒഴിഞ്ഞ് രാമ രാജ്യം (ഒരു പ്രയോഗത്തിനു വേണ്ടി പറഞ്ഞതാണ് രാമന്‍ എന്നുളത് ഹാരൂണ്‍ അല്‍ റഷീദ് എന്നോ സോളമന്‍ എന്നോ സൗകര്യം പോലെ വായിച്ചോ . ഇനി അതിന് കലിപ്പുണ്ടാ ക്കരുത്) പുലരുമെന്നോ ചിന്തിക്കുന്നവന്റെ തലയ്ക്കു സുഖമില്ല എന്നെ ഞാന്‍ പറയു.

രണ്ടു കൂട്ടരും കണക്കാ. വേറെ ഓപ്ഷനുകള്‍ ഒന്നും നമുക്കില്ല താനും ( ബി ജെ പി എന്നു പറഞ്ഞ് ചിരിപ്പിക്കരുത് ). അപ്പൊ പിന്നെ ബാലന്‍സ് നില നില്‍ക്കട്ടെ . അഞ്ചു കൊല്ലം വിപ്ലവാരിഷ്ടം , അടുത്ത അഞ്ചു കൊല്ലം ഖദര്‍ നൂല്‍ക്കല്‍.

പിന്നെ ഇത്തവണ ഖദര്‍ ജയിക്കണം എന്ന എന്‍റെ ആഗ്രഹത്തിന് പിന്നില്‍ വ്യക്തിപരമായ ഒരു സ്വാര്‍ത്ഥ താത്പര്യം കൂടിയുണ്ട് . അടുത്തയിടെ കുട്ടനാട്ടില്‍ ഒരു പതിനായിരപ്പറ കണ്ടവും , തുറവൂരില്‍ കുറച്ചു പാട ശേഖരങ്ങളും വാങ്ങിയായിരുന്നു . വിപ്ലവം അധികാരത്തില്‍ ഇരിക്കുമ്പോള്‍ അവിടെ കൃഷി ഇറക്കാന്‍ ഞാന്‍ എന്‍റെ അടിവസ്ത്രം വരെ വില്‍ക്കേണ്ടി വരും .ലോക്കല്‍ മുതല്‍ കേന്ദ്രന്‍ വരെയുള്ള സകല ആദിചീങ്കണ്ണികള്‍ക്കും കാറും , ബാറും , പൂ...ത്ത പണവും കൊടുത്താല്‍ പോലും കാര്യം നടക്കുമോ എന്ന സംശയം പിന്നെയും . ഖദര്‍ ആകുമ്പോള്‍ ഏക ജാലക സംവിധാനമാണ് . കൊമ്പത്തുള്ള ഏതെങ്കിലും ഒരു തെണ്ടിക്ക് കാശ് അളന്നാല്‍ മതി . കാര്യങ്ങള്‍ സ്മൂത്താണ് . അപ്പോള്‍ തമ്മില്‍ ഭേദം ഖദര്‍ തന്നെയല്ലേ ?

അത് കൊണ്ട് ഇത്തവണ വലതിനെ ജയിപ്പിക്കാന്‍ ഒരു വോട്ട് എന്ന നിലക്കാണ് ഞാന്‍ പതിവ് തെറ്റിക്കുന്നത് .

ഗുരു വചനം : നാടിനെ പിടിച്ചു കുലുക്കുന്ന നിരവധി നീറുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തത്കാലം എന്ന്ക്ക് സൗകര്യം ഇല്ല. കുടിവെള്ള ക്ഷാമം (വൈപ്പിന്‍), വിലക്കയറ്റം ( കാരണം കേന്ദ്രമെന്ന് കേരളം, മറിച്ചെന്നു കേന്ദ്രം) , പാല്‍ ക്ഷാമം (വാഷിംഗ് പൌഡര്‍ മില്‍മ , വാഷിംഗ് പൌഡര്‍ മില്‍മ എന്ന് പശ്ചാത്തലം ) തുടങ്ങിയ അനവധി കാര്യങ്ങള്‍ വിട്ടിട്ടു എല്ലാവനും ഐസ്ക്രീമും , ശശിയും , പ്രശസ്തി വിവാദവും ഒക്കെ അന്വേഷിച്ച് നടക്കുകയല്ലേ ? അങ്ങനെയുള്ള കാലത്ത് നേരെ ചൊവ്വേ ഉള്ള കാര്യം പറയുന്നതാണ് നല്ലത് . സത്ഭരണം വന്നു കൂടാനാണ് നിങ്ങള്‍ വോട്ട് ചെയ്യേണ്ടത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവന്റെ മോന്തക്കിട്ട്‌ ഒന്ന് പൂശിയിട്ട് 'പോടാ പുല്ലേ എന്‍റെ സ്വന്തം പ്രയോജനത്തിന് വേണ്ടിയാണ് ഞാന്‍ വോട്ട് ചെയ്യുന്നത്' എന്ന് പറയുന്ന കാലം വന്നാലേ നമ്മുടെ നാട് രക്ഷപ്പെടു. തമിഴ്നാട്ടിലെ ആളുകളെ കണ്ടു പടിക്ക്. ലാപ്‌ ടോപ്‌, മിക്സി , കൈ നിറച്ചു കാശ് പിന്നെ മറ്റു പല അനൂകൂല്യങ്ങളും പറ്റിയാണ് അവിടെ ഓരോ തങ്ക മനിതനും പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്‌ . ബ്ലഡി മല്ലൂസ് ( ഞാനും ഉണ്ട് ) , നീയൊക്കെ ഇങ്ങനെ നടന്നോ . ചുക്കിനും ചുണ്ണാമ്പിനും കൊള്ളാതെ ഐസ്ക്രീം സാഹിബ്‌ എത്രയെണ്ണത്തിനെ ഒതുക്കി (ഐസ്ക്രീമേ), ശശിയുടെ മേല്‍ ഞരമ്പിനോ, കീഴ് ഞരമ്പിനോ കുഴപ്പം , സുഭാഷിണി പ്രശതയായത് പഞ്ചായത്ത് തലത്തിലോ അതോ റെയില്‍വേയിലോ എന്നൊക്കെ അന്വേഷിച്ച് പണ്ടാരമടങ്ങി പോ.