Tuesday, April 12, 2011

പുതിയ മനിതന്‍

തലക്കെട്ടിന്റെ ഉദ്ദേശം ഞാന്‍ പുതിയ മനിതനായി വീണ്ടും അവതരിച്ചു എന്നല്ലാ. നാളെ ,അതായത് ഏപ്രില്‍ പതിമൂന്നാം തീയതി നമ്മക്ക് എല്ലാവര്‍ക്കും പുതിയ മനിതമാര്‍ ആകാനുള്ള അവസരം ലഭിക്കുകയാണ് എന്നാണ് ഉദ്ദേശിച്ചത് .

വീണ്ടും ഒരു തിരഞ്ഞെടുപ്പ് കൂടി വരുകയല്ലെ ? നമുക്ക് തകര്‍ക്കാനുള്ള അവസരമല്ലേ ?
എന്ത് തകര്‍ക്കാന്‍ എന്ന് ആരും ചോദിക്കരുത് . അത് കഴിഞ്ഞ പത്തറുപത് കൊല്ലങ്ങളായി ഇന്ത്യയില്‍ സാധാരണക്കാരന്‍ അല്ലെങ്കില്‍ കഴുത എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജനത്തിന് മനസ്സിലായിട്ടില്ല. തിരഞ്ഞെടുപ്പ്, ജനാധിപത്യപരമായ അവകാശം എന്നൊക്കെ പത്രക്കാര്‍ (ചാനലുകളും ) പറയും ,നമ്മള്‍ കേള്‍ക്കും ആവേശം കൊള്ളും, ഫുള്ള് പൊട്ടിക്കും .അത്ര തന്നെ .

എന്തായാലും സുനാമി തകര്‍ത്ത ഗ്രാമങ്ങളുടെ കഷ്ട സ്ഥിതികള്‍ അടുത്തര്ഞ്ഞു മനസ്സിലാക്കാന്‍ കോബ്രാ സിക്സ് ഹെലികോപ്പ്റ്ററില്‍ ഗഗന സഞ്ചാരം ചെയ്യുന്ന മാഡം പുത്രനെപ്പോലെ ഞാനും ഈ തിരഞ്ഞെടുപ്പിനെ അടുത്തറിയാന്‍ തന്നെ തീരുമാനിച്ച വിവരം നിങ്ങള്‍ ഏവരെയും സാമോദം അറിയിക്കട്ടെ .
സംഗതി തിരിഞ്ഞാ ? ഇല്ലെങ്കില്‍ വിശദമാക്കാം.

തിരഞ്ഞെടുപ്പ് , പ്രധാന മന്ത്രി തുടങ്ങിയ പ്രശസ്തരുടെ (അവര്‍ ഇതു രീതിയിലാണ് പ്രശസ്തര്‍ എന്ന് നിങ്ങള്‍ അന്വേഷിക്കുക.) സന്ദര്‍ശനം തുടങ്ങിയ റിയാലിറ്റി ഷോകള്‍ നാട്ടില്‍ നടക്കുമ്പോള്‍ ദേശം വിടുക എന്ന പതിവ് ഇത്തവണ തെറ്റിക്കാന്‍ ഞാന്‍ തീരുമാനിച്ചു എന്നതാണ് ന്യൂസ്.

ഇത്തവണ പതിവ് എന്ത് കൊണ്ട് തെറ്റിക്കുന്നു എന്ന് നിങ്ങള്‍ ചോദിച്ചില്ലെങ്കിലും ഞാന്‍ പറയും .അമ്മയാണെ പറയും .

കസേര പിടിച്ചിട്ട് കൊടുത്ത് വന്നിരുന്നോളാന്‍ പറഞ്ഞാലും വേണ്ട എന്ന മട്ടില്‍ നടക്കുന്ന ചാണ്ടി സാറിനെയും പിള്ളാരെയും കൊണ്ട് ഞാന്‍ തോറ്റു. ഇടതന്മാര്‍ ഫരിച്ചു ഫരിച്ചു സുഖമായി നൂറ്റിപ്പത്ത് സീറ്റ് ചാണ്ടിക്കും കൂട്ടര്‍ക്കും കണ്ണുമടച്ച് കിട്ടാവുന്ന പരുവത്തില്‍ നിന്ന് ഏതാനം മാസങ്ങള്‍ കൊണ്ടല്ലേ കാര്യങ്ങള്‍ വീണ്ടും ഫിഫ്റ്റി ഫിഫ്റ്റി എന്ന നിലയിലേക്ക് വീണത്‌ .

എന്‍റെ വിഷമം ചാണ്ടിയും മക്കളും തോല്‍ക്കുന്നതില്‍ അല്ല . അച്ചു മാമനും അനന്തിരവന്മാരും ജയിക്കുന്നതിലാണ്. സഡെന്‍ലീ ഞാന്‍ ഖദര്‍ ധാരിയായി എന്ന് ആരും കരുതരുത് . സംഭവം സന്തുലിതാവസ്ഥയോടുള്ള സ്നേഹമാണ്. അഞ്ചു കൊല്ലം വിപ്ലവം , അഞ്ചു കൊല്ലം ഖദര്‍ ...അതാണ്‌ നമ്മുടെ നാട്ടില്‍ പറഞ്ഞിട്ടുള്ളത്. അല്ലാതെ ഇനി ഒരു അഞ്ചു കൊല്ലം കൂടി വിപ്ലം തുടര്‍ച്ചയായി താങ്ങാനുള്ള കപ്പാസിറ്റി എനിക്ക് ഇല്ല .
സാമൂഹിക പ്രതിബദ്ധത മുട്ടി നില്‍ക്കുന്നവര്‍ ഒരു പക്ഷെ ചോദിച്ചേക്കാം, വളരെ നിരുത്തരവാദിത്വ പരമായ കാഴ്ചപ്പാട് അല്ലേ ഇത് എന്ന് ? അല്ല, ഇതാണ് ഏറ്റവും ഉത്തരവാദിത്വമുള്ള കാഴ്ചപ്പാട് .

കാരണം വിപ്ലവമോ , ഖദറോ രണ്ടില്‍ ആര് അധികാരത്തില്‍ വന്നാലും നാട്ടില്‍ നിന്നും ദാരിദ്ര്യം മൊത്തമായി ജീവനും കൊണ്ട് ഓടുമെന്നോ , അനീതി അക്രമം ഒക്കെ ഒഴിഞ്ഞ് രാമ രാജ്യം (ഒരു പ്രയോഗത്തിനു വേണ്ടി പറഞ്ഞതാണ് രാമന്‍ എന്നുളത് ഹാരൂണ്‍ അല്‍ റഷീദ് എന്നോ സോളമന്‍ എന്നോ സൗകര്യം പോലെ വായിച്ചോ . ഇനി അതിന് കലിപ്പുണ്ടാ ക്കരുത്) പുലരുമെന്നോ ചിന്തിക്കുന്നവന്റെ തലയ്ക്കു സുഖമില്ല എന്നെ ഞാന്‍ പറയു.

രണ്ടു കൂട്ടരും കണക്കാ. വേറെ ഓപ്ഷനുകള്‍ ഒന്നും നമുക്കില്ല താനും ( ബി ജെ പി എന്നു പറഞ്ഞ് ചിരിപ്പിക്കരുത് ). അപ്പൊ പിന്നെ ബാലന്‍സ് നില നില്‍ക്കട്ടെ . അഞ്ചു കൊല്ലം വിപ്ലവാരിഷ്ടം , അടുത്ത അഞ്ചു കൊല്ലം ഖദര്‍ നൂല്‍ക്കല്‍.

പിന്നെ ഇത്തവണ ഖദര്‍ ജയിക്കണം എന്ന എന്‍റെ ആഗ്രഹത്തിന് പിന്നില്‍ വ്യക്തിപരമായ ഒരു സ്വാര്‍ത്ഥ താത്പര്യം കൂടിയുണ്ട് . അടുത്തയിടെ കുട്ടനാട്ടില്‍ ഒരു പതിനായിരപ്പറ കണ്ടവും , തുറവൂരില്‍ കുറച്ചു പാട ശേഖരങ്ങളും വാങ്ങിയായിരുന്നു . വിപ്ലവം അധികാരത്തില്‍ ഇരിക്കുമ്പോള്‍ അവിടെ കൃഷി ഇറക്കാന്‍ ഞാന്‍ എന്‍റെ അടിവസ്ത്രം വരെ വില്‍ക്കേണ്ടി വരും .ലോക്കല്‍ മുതല്‍ കേന്ദ്രന്‍ വരെയുള്ള സകല ആദിചീങ്കണ്ണികള്‍ക്കും കാറും , ബാറും , പൂ...ത്ത പണവും കൊടുത്താല്‍ പോലും കാര്യം നടക്കുമോ എന്ന സംശയം പിന്നെയും . ഖദര്‍ ആകുമ്പോള്‍ ഏക ജാലക സംവിധാനമാണ് . കൊമ്പത്തുള്ള ഏതെങ്കിലും ഒരു തെണ്ടിക്ക് കാശ് അളന്നാല്‍ മതി . കാര്യങ്ങള്‍ സ്മൂത്താണ് . അപ്പോള്‍ തമ്മില്‍ ഭേദം ഖദര്‍ തന്നെയല്ലേ ?

അത് കൊണ്ട് ഇത്തവണ വലതിനെ ജയിപ്പിക്കാന്‍ ഒരു വോട്ട് എന്ന നിലക്കാണ് ഞാന്‍ പതിവ് തെറ്റിക്കുന്നത് .

ഗുരു വചനം : നാടിനെ പിടിച്ചു കുലുക്കുന്ന നിരവധി നീറുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തത്കാലം എന്ന്ക്ക് സൗകര്യം ഇല്ല. കുടിവെള്ള ക്ഷാമം (വൈപ്പിന്‍), വിലക്കയറ്റം ( കാരണം കേന്ദ്രമെന്ന് കേരളം, മറിച്ചെന്നു കേന്ദ്രം) , പാല്‍ ക്ഷാമം (വാഷിംഗ് പൌഡര്‍ മില്‍മ , വാഷിംഗ് പൌഡര്‍ മില്‍മ എന്ന് പശ്ചാത്തലം ) തുടങ്ങിയ അനവധി കാര്യങ്ങള്‍ വിട്ടിട്ടു എല്ലാവനും ഐസ്ക്രീമും , ശശിയും , പ്രശസ്തി വിവാദവും ഒക്കെ അന്വേഷിച്ച് നടക്കുകയല്ലേ ? അങ്ങനെയുള്ള കാലത്ത് നേരെ ചൊവ്വേ ഉള്ള കാര്യം പറയുന്നതാണ് നല്ലത് . സത്ഭരണം വന്നു കൂടാനാണ് നിങ്ങള്‍ വോട്ട് ചെയ്യേണ്ടത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവന്റെ മോന്തക്കിട്ട്‌ ഒന്ന് പൂശിയിട്ട് 'പോടാ പുല്ലേ എന്‍റെ സ്വന്തം പ്രയോജനത്തിന് വേണ്ടിയാണ് ഞാന്‍ വോട്ട് ചെയ്യുന്നത്' എന്ന് പറയുന്ന കാലം വന്നാലേ നമ്മുടെ നാട് രക്ഷപ്പെടു. തമിഴ്നാട്ടിലെ ആളുകളെ കണ്ടു പടിക്ക്. ലാപ്‌ ടോപ്‌, മിക്സി , കൈ നിറച്ചു കാശ് പിന്നെ മറ്റു പല അനൂകൂല്യങ്ങളും പറ്റിയാണ് അവിടെ ഓരോ തങ്ക മനിതനും പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്‌ . ബ്ലഡി മല്ലൂസ് ( ഞാനും ഉണ്ട് ) , നീയൊക്കെ ഇങ്ങനെ നടന്നോ . ചുക്കിനും ചുണ്ണാമ്പിനും കൊള്ളാതെ ഐസ്ക്രീം സാഹിബ്‌ എത്രയെണ്ണത്തിനെ ഒതുക്കി (ഐസ്ക്രീമേ), ശശിയുടെ മേല്‍ ഞരമ്പിനോ, കീഴ് ഞരമ്പിനോ കുഴപ്പം , സുഭാഷിണി പ്രശതയായത് പഞ്ചായത്ത് തലത്തിലോ അതോ റെയില്‍വേയിലോ എന്നൊക്കെ അന്വേഷിച്ച് പണ്ടാരമടങ്ങി പോ.

No comments: