Wednesday, February 24, 2010

ഒടുവില്‍ തിലകന്‍ പ്രശനത്തില്‍ ഞാന്‍ ഇടപെടുന്നു.

തിലകന്‍ പ്രശനത്തില്‍ (തിലകന് മാനസിക പ്രശ്നമുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല , മൈന്‍ഡ് ഇറ്റ്‌ ) ഞാന്‍ ഇത് വരെ നിലപാട് വ്യക്തമാക്കാത്തത് മോശമാണെന്ന് അലേഗ്ര ഗുഡ്മാന്‍ (നിങ്ങള്‍ അറിയാന്‍ വഴിയില്ല. അമേരിക്കന്‍ എഴുത്തുകാരിയാ) പറഞ്ഞപ്പോഴാണ് ഞാന്‍ ഈ പ്രശനം ശ്രദ്ധിക്കുന്നത്. ജനിച്ചിട്ട്‌ ഇന്നുവരെ സത്യജിത് റേ , ബര്‍ഗ്മാന്‍ , കുറോസോവ തുടങ്ങിയവര്‍ സൃഷ്ടിച്ച ചലച്ചിത്ര കാവ്യങ്ങള്‍ അല്ലാതെ മറ്റൊന്നും കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത ഞാന്‍ ഈ ചീള് പ്രശ്നത്തില്‍ അഭിപ്രായം പറയുന്നത് എന്റെ വിപണി നിലവാരത്തില്‍ ഇടിവ് വരുത്തില്ലേ എന്നാ ആശങ്ക എനിക്കുണ്ടായില്ല എന്ന് പറഞ്ഞാല്‍ അത് അസത്യമാകും. ഉണ്ടായി. പിന്നെ വിവരംകെട്ട മലയാളികള്‍ക്ക് ഞാനും സുകുമാര്‍ അഴിക്കോടും അല്ലാതെ ആരാ ഉള്ളത് എന്നോര്‍ത്തപ്പോള്‍ എന്റെ മനസലിഞ്ഞു എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ. സുകുമാര്‍ അഴിക്കോട് കേരളത്തിനെ ഒഫിഷ്യല്‍ ഉപദേഷ്ടാവും (മലയാളിയുടെ സാംസ്കാരിക , ശാരീരിക , വൈകാരിക പ്രശ്നങ്ങളുടെ എല്ലാം സോലുഷ്യന്‍ പുള്ളിയുടെ കൈയ്യിലുണ്ട്‌) ഞാന്‍ കേരളത്തിലെ എണ്ണം പറഞ്ഞ കിടിലവും ആണെന്നത് വീണ്ടും നിങ്ങളെയൊക്കെ ഓര്‍മിപ്പിക്കേണ്ട കാര്യം ഉണ്ടെന്നു തോനുന്നില്ല. അതിനാല്‍ ഞാന്‍ നേരെ വിഷയത്തിലേക്ക് നോസ് ഡൈവ് ചെയ്യുന്നു.

ഈ വിഷയത്തില്‍ എന്റെ നിലപാട് വ്യക്തമാക്കും മുന്‍പേ തിലകനെ ഒറ്റപ്പെടുത്തുകയാണെങ്കില്‍ അത് എന്ത് കൊണ്ട് എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ഈ വിശ്വ പ്രശ്നത്തില്‍ കലാകാലത്ത് ശ്രീജിത്ത്‌ തിലകന്‍ തന്നെ പല തിയറികളും പറഞ്ഞിട്ടുണ്ട്. ആദ്യത്തെ തിയറി വേണുസ് ഇഫെക്ക്റ്റ് എന പേരില്‍ നെടുമുടി വേണുവിന്റെ നെഞ്ചില്‍ കയറി പൊങ്കാല ഇടാനുള്ള ശ്രമത്തിനിടയിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അതിനിടക്ക് തന്നെ കേരളത്തില്‍ കാണപ്പെടുന്ന ജീവികളില്‍ ഏറ്റവും ഉഗ്ര വിഷമുള്ളത് ദിലീപ് എന്ന ജീവിക്കാണെന്നും അദ്ദേഹം കണ്ടു പിടിച്ചു കളഞ്ഞു ( പാവം മഞ്ചു ).

ഈ കണ്ടുപിടുത്തങ്ങള്‍ക്ക് എന്ത് വിലകൊടുത്തും നോബല്‍ സമ്മാനം തിലകന് വാങ്ങിച്ചു കൊടുക്കണം എന്ന് ഞാന്‍ വിചാരിച്ചിരുന്നതാ (ഗോകുലം ഗോപാലേട്ടന് പത്മ അവാര്‍ഡുകള്‍ക്ക് തന്നെ പരിഗണിക്കണം എന്ന് സ്വയം ഒരെഴുത്തെഴുതി രാഷ്ട്രപതിക്ക് കൊടുക്കാമെങ്കില്‍ എനിക്കൊക്കെ പിന്നെ എന്തായിക്കൂട?) . അപ്പോഴേക്കും വീണ്ടും കേരളത്തെ നടുക്കിക്കൊണ്ട് തിലകന്‍ അടുത്ത കണ്ടുപിടുത്തം ഇറക്കി. അദ്ദേഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് തിരുവനന്തപുരത്തെ നായര്‍ ലോബിയാണെന്ന് (എം. ടി വാസുദേവന്‍ നായര്‍ മുതല്‍ ചായക്കടക്കാരന്‍ രാമന്‍ നായര്‍ വരെയുള്ള നായന്മാര്‍ മൊത്തം പ്രശനക്കാരാണ് എന്ന് നമ്മുടെ സ്വന്തം ചിത്രകാരന്‍ പറഞ്ഞപ്പോഴൊന്നും ഒരുത്തനും വിശ്വസിച്ചില്ലല്ലോ. അനുഭവിച്ചോ) .

അത് ശരി, അപ്പൊ നായര്‍ നായ്ക്കളാണ് പച്ച വെള്ളം ചവച്ചു കുടിക്കുന്ന സ്വഭാവക്കാരനായ തിലകേട്ടനെ പാര വെയ്ക്കുന്നത്. ഇന്ന് തന്നെ കോര്‍പറേഷന്‍ പട്ടി പിടുത്തക്കാരെ വിളിച്ചു ഈ നായ്ക്കളെ ഒതുക്കണം എന്ന് ഞാന്‍ വിചാരിച്ചതേ ഉള്ളു , ദാണ്ടേ തിലകേട്ടന്‍ തിരുവനന്തപുരം നായര്‍ ലോബിയുടെ മുതുകത്ത് നിന്നും ഹനുമാന്‍ ഗിയറിട്ട് മമ്മൂട്ടിയുടെ നെഞ്ചത്തേക്ക് ചാടുന്നു. മമ്മൂട്ടിക്ക് അഭിനയം വല്യ പിടിയൊന്നും ഇല്ലെന്നും അഭിനയ കലയില്‍ ഹിമാലയം കയറിയ തന്റെ ഒപ്പം അഭിനയിക്കാന്‍ മമ്മൂട്ടിക്ക് പേടിയായത് കൊണ്ടാണ് മമ്മൂട്ടി തന്നെ ഒതുക്കുന്നത്‌ എന്നുമാണ് തിലകേട്ടന്റെ പുതിയ തിയറി. മമ്മൂട്ടിക്ക് അഭിനയം വല്യ പിടിയൊന്നുമില്ല എന്ന് ദ്രോണയോ , പഴശ്ശി രാജയോ , പട്ടണത്തില്‍ ഭൂതമോ ഒക്കെ കണ്ട ഇതൊരു മലയാളിക്കും അറിയാവുന്ന കാര്യമാണ്. അതിപ്പോ അങ്ങെനെ വിളിച്ചു പറയേണ്ട കാര്യമൊന്നുമില്ല. എന്നാലും ഞാന്‍ അതല്ല ആലോചിക്കുന്നത് നെടുമുടി വേണു , ദിലീപ് , തിരുവനന്തപുരം നായര്‍ ലോബി , മമ്മൂട്ടി , ഇവരെല്ലാം കൂടി കൈ കോര്‍ത്ത് ഒതുക്കുവാന്‍ മാത്രം വലിപ്പത്തില്‍ തിലകേട്ടന്‍ വളര്‍ന്നത്‌ ഞാന്‍ അറിഞ്ഞില്ലല്ലോ. അദ്ദേഹത്തിന്റെ മഹനീയ സാന്നിധ്യം കൊണ്ട് മാത്രം അവതാറിനൊപ്പം പണം വാരിയ ചിത്രങ്ങളുടെ എണ്ണം അപ്പൊ നിരവധി ആയിരിക്കണം. എന്തോ, ഞാന്‍ ഇന്നലത്തെ പത്രം വായിക്കാത്തത് കൊണ്ട് ഇതൊന്നും അറിഞ്ഞിരുന്നില്ല.

അതെന്തായാലും , തിലകന്‍ ചേട്ടന്റെ ഭാഗത്ത് മുട്ടന്‍ ന്യായം ഉണ്ടെന്ന് എനിക്ക് ഉറപ്പാണ്‌. ന്യായം ഇല്ലാത്ത കാര്യം നമ്മുടെ അഴീക്കോട് സാറ് ഇന്നോളം പറഞ്ഞിട്ടുണ്ടോ? കമ്മ്യൂനിസ്റ്റ് പാര്‍ട്ടിയുടെ സുപ്പര്‍ അഡ്വൈസര്‍ പുള്ളിയാണെന്ന് പി ബി പോലും അറിഞ്ഞത് പുള്ളി പറഞ്ഞിട്ടല്ലേ? അത്ര വിവരമുള്ള ഒരാള്‍ അന്യായത്തിന്റെ ഭാഗത്ത് നില്‍ക്കും എന്ന് കരുതാന്‍ തരമില്ല. മാത്രമല്ല അഴീക്കോട് സാറ് പറയുന്നത് ഇന്നേ വരെ പിണറായി വിജയന്‍ പോലും ധിക്കരിച്ചിട്ടില്ല. പിന്നെയാണ് ഒരു മോഹന്‍ലാലും മമ്മൂട്ടിയും.

തിലകന്‍ പ്രശ്നം ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒത്തുതീര്‍പ്പാക്കം എന്ന് മോഹന്‍ലാല്‍ തന്നോട് പറഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞാല്‍, അങ്ങനെ പറഞ്ഞിട്ടില്ല എന്ന് പറയാന്‍ മോഹന്‍ലാല്‍ ആരാ? ഇനി ദുബായില്‍ നിന്നാണ് മോഹന്‍ലാല്‍ തന്നെ വിളിച്ചത് എന്ന് അഴീക്കോട് സാര്‍ പറഞ്ഞാല്‍, ആ സമയത്ത് താന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു എന്നൊക്കെ ലാല്‍ പറയാന്‍ പാടുണ്ടോ? ദുബായും തിരുവനന്തപുരവും തമ്മില്‍ വല്യ ദൂരമൊന്നും ഇല്ലല്ലോ? ഇതിനൊക്കെ മോഹന്‍ലാല്‍ പരിഹാരം ചെയ്തെ മതിയാവു എന്നാണ് എന്റെ അഭിപ്രായം. വല്ല സ്വര്‍ണ്ണക്കടയുടെയും പരസ്യത്തില്‍ അഭിനയിക്കുന്നതൊക്കെ നിരുത്തെ അഴീക്കോട് സാറിന്റെ പുസ്തകങ്ങളുടെ പരസ്യത്തില്‍ വേണം ലാല്‍ ഈ പറഞ്ഞതിനൊക്കെ പരിഹാരമായി അഭിനയിക്കാന്‍. മാത്രമല്ല അഴീക്കോട് സാര്‍ പറഞ്ഞത് പോലെ വെപ്പ് മുടിയും മേക്കപ്പും ഒന്നും ഇല്ലാതെ , സാറിനെപ്പോലെ അതിസുന്ദരനായിട്ടു വേണം ലാല്‍ അതിലൊക്കെ അഭിനയിക്കാന്‍.

അപ്പൊ എന്തായാലും അഴീക്കോട് സാര്‍ പറഞ്ഞ നിലക്ക് ഇനി തിലകന്‍ പ്രശനം രമ്യമായി പരിഹരിച്ചേ മതിയാവു. നിര്‍മ്മാതാവിന് പടത്തില്‍ തിലകനെ വേണോ വേണ്ടയോ എന്നതൊന്നും എനിക്ക് വിഷയമല്ല. ഒരു കൌമാരക്കാരന്റെ സ്വപ്‌നങ്ങള്‍ എന്ന പടം നാളെ ഒരുത്തന്‍ നിര്‍മ്മിച്ചാലും അതില്‍ നായകന്‍ തിലകന്‍ ചേട്ടന്‍ തന്നെയാവണം. നായികയായിട്ട്‌ വേണേല്‍ മീര ജാസ്മിനെ വെച്ചോ. മൊത്തത്തില്‍ വിലക്കപ്പെട്ട പടമാകണം അത്. സംവിധാനം അത്ഭുത വിനയന്‍ സാര്‍ (അദേഹം അത്ഭുത സിനിമകള്‍ മാത്രമേ എടുക്കു).കഥയും, തിരക്കഥയും അഴീക്കോട് സാര്‍ എഴുതിത്തരും (സാറ് സിനിമ കാണാന്‍ വരില്ല, ഇപ്പോഴേ പറഞ്ഞേക്കാം.) പടത്തിലെ എല്ലാ പുരുഷ കഥാപാത്രങ്ങളെയും തിലകന്‍ ചേട്ടന്‍ തന്നെ ചെയ്യും. അദേഹത്തിന്റെ പ്രതിഭയ്ക്ക് മുന്നില്‍ നിന്നും അഭിനയിക്കാന്‍ മലയാളത്തിലെ ഒരുവിധപ്പെട്ട സകലവന്മാര്‍ക്കും ഭയമാണല്ലോ . മാത്രമല്ല മലയാള സിനിമയിലെ ഒരു വിധപ്പെട്ട സകല അവന്മാരും രാവിലെ എഴുന്നേല്‍ക്കുന്നത്‌ തന്നെ തിലകനിട്ട് എങ്ങനെ പാര പണിയാം എന്ന് ചിന്തിച്ചു കൊണ്ടുമാണത്രേ. പടം നിര്‍മ്മിക്കാന്‍ ആളെ കിട്ടിയില്ലെങ്കില്‍ എ ഐ വൈ എഫുകാര്‍ ബക്കറ്റ് പിരിവ് നടത്തിയാണെങ്കിലും ഈ സിനിമ നിര്‍മ്മിക്കണം എന്നാണ് എന്റെ അഭിപ്രായം.

കെമസ്ട്രി ഇല്ലാതെ വെറും എല്‍ എല്‍ ബിയായ മമ്മൂട്ടിയും, കമ്പ്ലീറ്റു നായര്‍ ലോബിയുടെ വലയിലായ മോഹന്‍ലാലും , വിഷമായ ദിലീപും ഒന്നുമല്ല തിലകനാണ് മലയാള സിനിമയെ ഇത്രത്തോളം എത്തിച്ചത് എന്ന തിരിച്ചറിവ് എന്ന് ഉണ്ടാകുന്നോ അന്നേ മലയാളം സിനിമ രക്ഷപ്പെടു. പണ്ട് സുകുമാരനെ ഇടയ്ക്കു വിലക്കിയപ്പോള്‍ അങ്ങേര്‍ക്കു പകരം പദങ്ങളില്‍ പോയി അഭിനയിച്ചു സിനിമയെ നില നിറുത്തിയ മഹാനല്ലേ അദ്ദേഹം. ആ അദ്ദേഹത്തെ വിലക്കിയാല്‍, അദ്ദേഹത്തിനു പകരം മറ്റാരെങ്കിലും പോയി അഭിനയിക്കുന്നത് എവിടുത്തെ ന്യായം? അല്ല എവിടുത്തെ ന്യായം ???

ഇത്രയും കാര്യങ്ങള്‍ വളരെ സീരിയസ്സായി പറഞ്ഞ സ്ഥിതിക്ക് ഒരു രണ്ടു തമാശക്കാര്യങ്ങള്‍ കൂടി :
1. പഴശ്ശിരാജ, ദ്രോണ ഈ രണ്ടു പേരുകളും ഒരേ ശ്വാസത്തില്‍ പറഞ്ഞത് പൂര്‍ണ്ണമായ സ്വബോധത്തില്‍ തന്നെയാണ് എന്ന് ഞാന്‍ സത്യം ചെയ്യുന്നു. ഒന്ന് കൂറയാണെങ്കില്‍ മറ്റേത് തനി കൂറ . അത്രേയുള്ളൂ വ്യത്യാസം.

2. മമ്മൂട്ടി, മോഹന്‍ലാല്‍ , ദിലീപ് , ഈ ജാതികളെ ഒന്നും ആരാധിക്കുന്ന ഒരുത്തനല്ല ഞാന്‍. പക്ഷെ വിവരംക്കെട്ട പ്രേക്ഷകരെ മുതലെടുത്ത്‌ ജീവിക്കുന്ന അവരോടു എനിക്ക് പ്രത്യേക വിരോധവും ഇല്ല.

9 comments:

ജോ l JOE said...
This comment has been removed by the author.
ഒഴാക്കന്‍. said...

savyasaachi,

nayam vektham! oru koora yudham!

എന്നോട് കളിക്കല്ലേ said...

ബെര്‍ലി തോമസ് ഏലിയാസ് arjun krishan :)

അപ്പൂട്ടന്‍ said...

എടപെടുന്നളിയാ എന്ന് കണ്ടപ്പോൾ പ്രശ്നം ഒതുക്കിത്തീർക്കാൻ എവിടുന്നെങ്കിലും ഒരു രമ്യയേയും കൊണ്ടുവരും എന്നാണ്‌ കരുതിയത്‌. ഇതിപ്പൊ പരിഹാരമില്ലേ? അർജ്ജുനൻ വരെ കൈവിട്ടോ? ഇനിയാരുണ്ട്‌?

ഇവിടിപ്പം മൊത്തം ഈഗോ കളികൾ മാത്രം. മോഹൻലാലിന്‌ അഴീക്കോടുമായി ഈഗോക്ലാഷ്‌, അഴീക്കോടിന്‌ അതിലും വലിയ ഈഗോ, തിലകന്‌ പിന്നെ അതേയുള്ളു. കിട്ടിയ ചാൻസിനൊക്കെ വലിയ ഡയലോഗ്‌ കാച്ചാൻ ഉണ്ണികൃഷ്ണനും ഗണേശൻ പിള്ളയും കൂട്ടരും. എല്ലാവരുടേയും അബദ്ധങ്ങൾ കേട്ട്‌ ഒരു വഴിക്കായി.

ഇതിനിടയ്ക്ക്‌ മമ്മൂട്ടി ഒന്നും മിണ്ടാതെ നിൽക്കുന്നത്‌ ഭാഗ്യം എന്നു മാത്രം കരുതിയാൽ മതി.

കാക്കര - kaakkara said...

മോഹൻലാൽ കൂലി പരസ്യാഭിനയം നിറുത്തണോ അഴിക്കോട്‌ കൂലി പ്രസംഗം നിറുത്തണൊ അതല്ലെ പ്രശ്നം?

shaji said...

സവ്യസാചി ഇടപെട്ടു കുഴപ്പം ഉന്നും ഉണ്ടാക്കേണ്ട,ഇവരുടെയൊക്കെ ഫാന്‍സുകാരെ ഏല്പിച്ചാല്‍ മതി കാര്യങ്ങള്‍ എല്ലാം അവര്‍ വെടിപ്പാക്കി തരും .ഇപ്പോള്‍ തന്നെ അവര്‍ കോലംകത്തിക്കലും മറ്റുമായി തകര്‍ക്കുകയല്ലേ.സിനിമ തിയറ്ററിലും അവര്‍ മോശമല്ലാത്ത പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട് .

ഷാജി ഖത്തര്‍.

nikhimenon said...

oru avashyavumillatha vivaadam.....

Pranavam Ravikumar a.k.a. Kochuravi said...

:-) Good!

Alex said...

സഖാവേ,
എവിടെയാണ്?