Wednesday, January 13, 2010

എഴുത്തിന്റെ ഊ....ത...മ്പ്രാന്‍

"ഗുഡ് മോര്‍ണിംഗ് ഡോക്ക്റ്റര്‍ "


"ഗുഡ് മോര്‍ണിംഗ് , ഇരിക്കണം "

"ഇരിക്കാന്‍ തീരെ സമയമില്ല ഡോക്ക്ടര്‍ . ഞാന്‍ ഇവിടെയിരുന്നാല്‍ ലക്ഷക്കണക്കിന്‌ ആളുകളുടെ തന്തക്കു ആര് വിളിക്കുമെന്നേ ? "

"അപ്പൊ പ്രശ്നം ഗുരുതരമാണ്. എന്തായാലും സ്വയം മാനസിക പ്രശ്നം ഉണ്ടെന്ന് തിരിച്ചറിഞ്ഞ് വൈദ്യ സഹായം തേടുവാന്‍ തീരുമാനിച്ചത് അഭിനന്ദനാര്‍ഹം തന്നെ "

"തന്റെ തന്തക്കാടോ മാനസിക പ്രശ്നം . ഞാന്‍ വന്നത് എന്റെ വായനക്കാര്‍ക്ക് ഭയങ്കര മാനസിക പ്രശ്നം . അതിനു പരിഹാരം കാണാനാ"

"അപ്പൊ എഴുത്താണോ പണി ?"

"താങ്കള്‍ എന്റെ 'പെരിഗ്വയില്‍ നിന്നും പന്നിക്കുട്ടി' , 'കമ്പനാ വര്‍മ്മയുടെ കമ്പനങ്ങള്‍ ' , 'സിനിമാ നടി കാര്‍ത്ത്യായനി ഇപ്പോള്‍ എവിടെ?' തുടങ്ങിയ കൃതികള്‍ ഒന്നും താങ്കള്‍ വായിച്ചിട്ടില്ലേ?"

" 'സിനിമാ നടി കാര്‍ത്ത്യായനി ഇപ്പോള്‍ എവിടെ?' ഒരു ഇ-മെയില്‍ ഫോര്‍വേര്‍ഡ് വന്ന വാര്‍ത്തയല്ലേ?"

"പോക്ക്രിത്തരം പറയരുത് . എന്റെ കൃതികള്‍ ആളുകള്‍ അടിച്ചു മാറ്റി ഫോര്‍വേഡ് ചെയ്യുന്നതല്ലാതെ , ഞാന്‍ ഇന്നേ വരെ ഒരു ഇ-മെയിലും അടിച്ചു മാറിയിട്ടില്ല"

"ആരോപണം വരുന്നതിനു മുന്നേ നിഷേധിക്കുന്നത് തന്നെ ഒരു തരത്തില്‍ കുറ്റ സമ്മതമാണ്"

"ആന്നോ? എന്നാല്‍ എഴുത്തുകാരിലെ തമ്പ്രാനായ എനിക്ക് എന്തും ചെയ്യാം. അത് പോലാന്നോ മറ്റുള്ളവര്‍?"


"ശരിക്കും എന്താ തന്റെ പ്രശ്നം? "


"ഞാന്‍ ഒരു എഴുത്തുകാരനാണെന്ന് ഡോക്ക്റ്റര്‍ക്ക് അറിയാമല്ലോ?"


"പറഞ്ഞപ്പോള്‍ അറിഞ്ഞു. ആട്ടെ , ഈ എം ടി , മുട്ടത്തു വര്‍ക്കി, , പമ്മന്‍ , തോമസ്‌ പാലാ എന്നിവരെയൊക്കെ പോലെയുള്ള എഴുത്തുകാരന്‍ തന്നെയല്ലേ?"


"അവരൊക്കെ എന്നാ എഴുത്തുകാരാണെന്നാ ? എന്റെ എഴുത്തല്ലയോ എഴുത്ത് . ഞാന്‍ എഴുത്തുകാരുടെ എഴുത്തച്ഛന്‍ ആണെന്നാ എല്ലാവരും പറയുന്നത്"

"എല്ലാവരും എന്ന് വെച്ചാല്‍? കേരളം മുഴുവന്‍ ആളുകള്‍ നടന്ന് പറയുന്നുണ്ടോ? "

"അസൂയ കാരണം പലരും പറയാത്തത് കൊണ്ട് ഞാന്‍ സ്വയം കള്ള പേരുകളിലും, പിന്നെ ഞാന്‍ മണിയടിച്ചും , മറ്റു പലതും ചെയ്തും വെച്ചിരിക്കുന്ന ചില സിനിമാ നടന്മാരെക്കൊണ്ടും പറയിപ്പിക്കുന്നു. നാട്ടുക്കാര്‍ക്കൊക്കെ ഇങ്ങനെ അസൂയ തുടങ്ങിയാല്‍ എന്നെ പോലുള്ള പ്രതിഭാശാലികള്‍ പിന്നെ ഞങ്ങളുടെ പ്രതിഭ പത്തു പേരെ അറിയിക്കാന്‍ എന്നാ ചെയ്യുമെന്നെ?"

"പെരപ്പുരത്തു കയറി നിന്ന് കൂവ് . ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത് എന്നാത്തിനാ?"

"അടുത്തിടയായി എന്റെ വായനക്കാര്‍ക്ക്‌ മൊത്തം വട്ടായോ എന്ന് എനിക്കൊരു സംശയം"

"ഉം...എന്നാ പറ്റി?"

"അല്ല, അവര്‍ ഒന്നുകില്‍ എന്റെ കൃതികള്‍ വായിക്കുന്നത് നിറുത്തുന്നു .അല്ലേല്‍ ഞാന്‍ എഴുതുന്നതെല്ലാം വെറും കാട്ടി കൂട്ടലാന്ന് പറയുന്നു"

"അപ്പൊ അവരുടെ ഭ്രാന്തു മാറി വരുന്നു എന്നല്ലേഡോ പറയേണ്ടത്?"

"ചുമ്മാ ആക്കരുത്..."

"ഞാന്‍ കാര്യം പറഞ്ഞതാ..താനും പെട്ടന്നത് ചെയ്‌താല്‍ നമുക്ക് രണ്ടാള്‍ക്കും കൊള്ളാം"

"അവന്മാരുടെ ഭ്രാന്ത് മാറ്റാനായി ഞാന്‍ ലോകത്തുള്ള സകല കൌതുക വാര്‍ത്തകളും ലേഖനങ്ങളായി എഴുതി നോക്കി. നടന്നില്ല. പിന്നെ പണ്ടൊക്കെ സ്ഥിരമായി കൊണ്ട് നടന്നിരുന്ന 'എന്റെ സൃഷ്ടി ദാണ്ടേ കട്ടോണ്ട് പോയേ !!!' എന്ന് അലമുറയിട്ടു അവന്മാരുടെ ശ്രദ്ധ തിരിക്കാന്‍ നോക്കി"

"എന്നിട്ട്?"

"പണി പാളി എന്ന് പറഞ്ഞാല്‍ കഴിഞ്ഞു. എന്റെ കൃതി അടിച്ചു മാറ്റി എന്ന് ഞാന്‍ പറഞ്ഞ ലേഖനത്തിന് ചില അവന്മാര്‍ പറഞ്ഞത് എന്നതൊക്കെയാണെന്ന് അറിയാവോ? ആ കൃതി ഞാന്‍ തന്നെ എവിടുന്നോ പൊക്കിയതാന്ന് "

"സത്യത്തില്‍ അങ്ങനെ വല്ലതുവാന്നോ?"

"ഡോക്ക്റ്റര്‍ , അനാവശ്യം പറയരുത്. എന്നെയും, അനൂ മാലിക്കിനെയും പോലുള്ള സര്‍ഗ്ഗധനന്മാര്‍ ഒന്നും പൊക്കാറില്ല. ഞങ്ങള്‍ കൊള്ളാവുന്ന ആണുങ്ങള്‍ എഴുതിയ ലേഖനം, ഉണ്ടാക്കിയ പാട്ട് ഇതൊക്കെ വായിച്ചും കേട്ടും ഇന്‍സ്പയേര്‍ട് ആകും. എന്നിട്ട് സ്വന്തമായി വല്ലതുമൊക്കെ പടച്ചു വിടും "

"സുരുക്കമാ സൊന്നാല്‍ , അടിച്ചു മാറ്റല്‍ തന്നെ പരിപാടി?"

"അങ്ങനെ സംശയം പ്രകടിപ്പിച്ച ചില അവന്മാരെ ഞാന്‍ തന്തക്കു വിളിച്ചിട്ടുണ്ട് എന്നാണ് വെയ്പ്പ്"

"ഈ സൂക്കേട്‌ നേരത്തെ ഉണ്ടോ?"

"ഏത് സൂക്കേട്‌?"

"അല്ല...നാട്ടുകാരുടെ തന്തക്കു വിളിക്കുന്നത്‌?"

"അത് സൂക്കേടാന്നോ....നല്ല ഇരുമ്പന്‍ അച്ചായന്മാരുടെ ലക്ഷണം അല്ലിയോ?"

"ലക്ഷണം തന്നെ . പക്ഷെ താന്‍ പറഞ്ഞതിന്റെ അല്ല . ഒരു കള്ളന്‍ അവന്റെ കള്ളത്തരം മറയ്ക്കാന്‍ മറ്റുള്ളവരെ കള്ളാ എന്ന് വിളിക്കും എന്ന് കേട്ടിട്ടില്ലേ? അത് പോലെ സ്വന്തം തന്തപ്പടി യാര്‍ എന്ന സംശയം ഉപബോധ മനസ്സില്‍ ഉള്ളവര്‍ക്കാണ് ഇടയ്ക്കിടെ മറ്റുള്ളവരെ തന്തയില്ലത്തവന്മാര്‍ എന്ന് വിളിച്ചില്ലേല്‍ ഒരു ഏനക്കേട് പോലെ തോന്നുന്നത് "

"പക്ഷേ ഞാന്‍ ഇടയ്ക്കിടെ ആളുകളെ പല തന്തക്കു പിറന്നവന്മാരെ എന്നും വിളിക്കാറുണ്ടല്ലോ , ജിങ്കി ജിങ്കാ !!!"

"അത് ശരി , സ്വന്തം കാര്യത്തില്‍ അങ്ങനെ ഒരു സംശയവും തനിക്കുണ്ട്. അപ്പൊ, മൊത്തം പ്രശ്നമാ."

"എന്ത് പ്രശ്നം , തന്തയില്ലായ്മ പറയരുത്"

"ഹേയ്...ഞാന്‍ അങ്ങനെ പറയുമോ ? താന്‍ വാ, ഒരു കാര്യം കാണിച്ചു തരാം"

"എന്റെ കൃതികള്‍ വായിച്ചു തരളിതരായി , തളര്‍ന്നുറങ്ങുന്ന യുവതികളെയാണോ?"

"കര്‍ത്താവേ, അപ്പൊ ഇന്നേ വരെ ഒരു പെണ്ണിന്റെ ചൂരും ചെറുക്കന്‍ അറിഞ്ഞിട്ടില്ല. ആ വികലമായ ഫന്റെസികള്‍ക്ക് ചികിത്സ വേറെ വേണ്ടി വരുമല്ലോ!!!"

"എന്നതാ?"

"ഹേയ്...ഉറക്കെ ചിന്തിച്ചതാ. താന്‍ വാ"

"അധികം സമയം എടുക്കരുത്. എന്റെ വായനക്കാര്‍ അക്ഷമരായി കാത്തു നില്‍ക്കുകയാണ് എന്ന് ഓര്‍ക്കണം "

"എല്ലാം ഓര്‍മ്മയുണ്ട്...താനിങ്ങ്‌ വന്നേ"
------------
ഡോക്ക്റ്റര്‍ കൊണ്ട് പോയി തലയ്ക്കു ഇലവന്‍ കേ വി കണക്കറ്റു ചെയ്തതിന്റെ പിറ്റേ ദിവസം സാഹിത്യകാരനെ നാട്ടുകാര്‍ കാണുന്നത് , വീട്ടിന്റെ മതിലിനു മുകളില്‍ കയറിയിരുന്ന് അയാളുടെ കോലം കത്തിക്കാന്‍ വന്ന സങ്കല്പികരായ എതിരാളികളെ തെറി വിളിക്കുകയും, അദൃശ്യരായ പതിനായിരം പേരോട് ഒറ്റയ്ക്ക് യുദ്ധം ചെയുകയും ചെയ്യുന്ന നിലയിലാണ് . ഡോക്ക്റ്റര്‍ ഈ കേസ് കൈ ഒഴിയുകയും ചെയ്തു. ഇനി എന്നാ ചെയ്യും???

Wednesday, January 6, 2010

പ്രധാനമന്ത്രി പി എച് ഡിയാണേല്‍ ഞാന്‍ എന്തോ വേണം?

പി എച് ഡി ബിരുദം എടുക്കുക, ലോക ബാങ്കില്‍ കണക്കപ്പിള്ളയായി ജോലി നോക്കുക , ഒരു വട്ടം പോലും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ധൈര്യപ്പെടാതെ ലോകത്തിലെ ഏറ്റവും വല്യ ജനാധിപത്യ രാഷ്ട്രങ്ങളില്‍ ഒന്ന് എന്ന ചീത്തപ്പേരുള്ള ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുക; ഇതെല്ലം ഒരാളുടെ ഗുണങ്ങള്‍ ആണെങ്കില്‍, ആ ഗുണങ്ങള്‍ ഉള്ള ഒരുവന് വേണ്ടി എന്റെ ഒരു ദിവസത്തെ സ്വന്തന്ത്ര സഞ്ചാരം തടയുവാന്‍ ഏതെങ്കിലും പൊന്ന് മോന് അവകാശമുണ്ടോ? അതോ ഇത്രയൊക്കെ മഹത്വം ഉള്ള ഒരു വ്യക്തി ഞാന്‍ താമസിക്കുന്ന നഗരം സന്ദര്‍ശിക്കുമ്പോള്‍ , എനിക്ക് ചെയ്യുവാന്‍ ഇഷ്ടമുള്ള സിനിമ കാണല്‍, വെള്ളമടി, പെണ്ണ് പിടി തുടങ്ങിയ കാര്യങ്ങള്‍ അങ്ങേര്‍ക്കു വേണ്ടി ത്യാഗം ചെയ്തു "ഓക്സ്ഫോര്‍ഡില്‍ നിന്നും ഏതാണ്ട് വല്യ ഇട്ടാപ്പോക്കെ എടുത്ത മഹാനാ വരുന്നത്. ഈ ഗതാഗത നിയന്ത്രണത്തെ ബഹുമാനിക്കേണ്ടത് എന്റെ കടമയാണ്" എന്ന് സ്വയം പറഞ്ഞു ഞാന്‍ വീട്ടില്‍ കുറ്റിയടിച്ച് ഇരിക്കണോ?

ഇതൊക്കെ വേണം എന്ന് പറയുന്ന പല ക്ണാപ്പന്മാരും കാണും. പക്ഷെ , ഭരണഘടന എന്നൊരു സാധനം, പേരിനെങ്കിലും വ്യക്തി സ്വാതന്ത്ര്യം എന്നൊരു കിടുതാപ്പു എനിക്ക് തരുന്ന കാലത്തോളം, എനിക്ക് പി എച് ഡിക്കാരനോ , വേള്‍ഡ് ബാങ്കിന്റെ കണക്കപ്പിള്ളക്കോ വേണ്ടി എന്റെ വെള്ളമടിയോ, പെണ്ണ് പിടിയോ മാറ്റി വെയ്ക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നുള്ള കാര്യം ഞാന്‍ പറയുക തന്നെ ചെയ്യും. കാരണം ഉള്ളത് ഉള്ളത് പോലെ പറയുവാനുള്ള ആര്‍ജ്ജവം കൂടി നഷ്ട്ടപ്പെട്ടാല്‍ പിന്നെ മരവിച്ച ബഹുപൂരിപക്ഷം ശവങ്ങളുടെ കൂട്ടത്തില്‍ ഞാനും പെട്ട് പോകും എന്നൊരു തോന്നല്‍ എന്നില്‍ ഉണ്ട്. അത് കൊണ്ട് പറയുന്നു എന്ന്മാത്രം.

വല്യ ബിരുദങ്ങള്‍ , വല്യ സ്ഥാനങ്ങള്‍ ഇതൊക്കെ ഉള്ളവരെ താണ് വണങ്ങി , അവര്‍ക്ക് വേണ്ടി വഴി ഒഴിഞ്ഞ് നില്‍ക്കുന്നത് അഭിമാനവും, കടമയും ഒക്കെയായി കാണുന്നവര്‍ ഉണ്ടാകാം. പക്ഷേ, എനിക്ക് ഒരു ജനാധിപത്യ രാജ്യത്തിലെ ജനപ്രതിനിധിയെ, പബ്ലിക്‌ സര്‍വെന്റ് , (അതായത് ജനങ്ങളുടെ ജോലിക്കാരന്‍ ) ആയി മാത്രമേ കാണാന്‍ സാധിക്കു. ഇനിയിപ്പോ അങ്ങേര്‍ ലോകത്താദ്യമായി ഡോക്റ്ററേറ്റ് എടുത്ത വ്യക്തിയാണെങ്കില്‍ പോലും.

Monday, January 4, 2010

മലയാള സിനിമാ പ്രേക്ഷകര്‍ക്കുള്ള പത്ത് കല്‍പ്പനകള്‍

1) മമ്മൂട്ടി . മോഹന്‍ലാല്‍ തുടങ്ങിയ മഹാരഥികള്‍ അവതരിപ്പിക്കുന്ന മുപ്പത്തിയഞ്ച് വയസുള്ള (നിങ്ങളുടെ ആസ്വാദന സൌകര്യാര്‍ത്ഥം ചിലപ്പോള്‍ കല്യാണ പ്രായം കഴിഞ്ഞ എന്ന് മാത്രമേ സിനിമയില്‍ പറയു, വയസ്സ് നിങ്ങളുടെ ഭാവനക്ക് വിട്ടു തരും) , പെണ്ണ് കെട്ടാത്ത നായകന്മാരെ , നാലഞ്ച് കിളിന്തു പെണ്ണുങ്ങള്‍ വളഞ്ഞു നിന്ന് പ്രേമിക്കുന്ന പടങ്ങള്‍ കണ്ടാലും നിങ്ങള്‍ "തൈക്കിളവന്മാരുടെ ഓരോ ആഗ്രഹങ്ങളേ!!!" എന്ന് പറയാന്‍ പാടില്ല. "ഹോ , ഇത്രയൊക്കെ വയസും പ്രായവും ഒക്കെയായിട്ടും, ഇതുവരെ വയസ്സറിയിക്കാത്ത ആ പെണ്‍കുട്ടികള്‍ക്ക് അവരെ പ്രേമിക്കാനുള്ള അവസരം നല്‍കുന്നുണ്ടല്ലോ പുണ്യവാളന്മാര്‍ (പിണ്ണാക്ക് മാടന്മാര്‍ അല്ല, പ്രത്യേകം ശ്രദ്ധിക്കുക)" എന്ന് വേണം നിങ്ങള്‍ പറയുവാന്‍

2) അവതാര്‍ , 2012 , തുടങ്ങിയ പടങ്ങള്‍ കണ്ടിട്ട് , ചിലവാക്കിയ അണാ പൈസ വരെ നിങ്ങള്ക്ക് മുതലായി എന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങളെപ്പോലെ പാപികള്‍ ഭൂമി മലയാളത്തില്‍ വേറെ കാണില്ല.ഈ പാപങ്ങള്‍ തീരാന്‍ നിങ്ങള്‍ പട്ടണത്തില്‍ ഭൂതം, ലവ് ഇന്‍ സിങ്കപൂര്‍ , ഭഗവാന്‍ , എയിഞ്ചല്‍ ജോണ്‍ തുടങ്ങിയ ഉദാത്ത സിനിമകള്‍ ചുരുങ്ങിയത് മൂന്ന് വട്ടമെങ്കിലും കാണണം. കണ്ടാല്‍ മാത്രം പോരാ "അവതാറൊക്കെ വെറും കൂറ പടങ്ങള്‍. ഉണ്ണിക്കുട്ടന്റെ നേഴ്സറി ഡ്രോയിംഗ് ബുക്കിനെ അതിശയിക്കുന്ന ഗ്രാഫിക്ക്സ് ഉള്ള ഈ പട്ടണത്തില്‍ ഭൂതവും , പതിനേഴു മണികൂറില്‍ ഒണ്ടാക്കിയ (നിര്‍മ്മിച്ച എന്ന് സാരം) ഭഗാവനും ഒക്കെയല്ലേ അതുജ്ജ്വല പടങ്ങള്‍" എന്ന് പത്തു പേരോട് പറയുകയും വേണം.

3) തമിഴന്‍ ചിലപ്പോള്‍ പരുത്തിവീരന്‍ , സുബ്രഹമണ്യപുരം തുടങ്ങിയ പടങ്ങള്‍ എടുക്കുകയും കാശ് വാരുകയും ചെയ്യും. അയന്‍ പോലുള്ള വെറും മസാല പടങ്ങള്‍ കൊണ്ടവന്‍ ജനങ്ങളെ ഇളക്കി മറിച്ചെന്നും വരും. പക്ഷേ പ്രബുദ്ധ മലയാളികളായ നമ്മള്‍ അതൊന്നും കണ്ടതായി നടിക്കാന്‍ പാടില്ല. നമ്മള്‍ " സുബ്രഹമണ്യപുരത്തെക്കാള്‍ എന്ത് കൊണ്ടും ഉന്നതമായ പടമാണ് ട്വന്റി ട്വന്റി " എന്നും " അയനെക്കാള്‍ കിടിലം ആക്ഷന്‍ പടമാണ് മായാബസാര്‍" എന്നുമൊക്കെ വേണം പറയാന്‍. നമ്മള്‍ പ്രബുദ്ധ മലയാളീസും ലവന്മാര്‍ വെറും പാണ്ടികളും, ലത് മറക്കരുത്.

4) തമിഴ് സിനിമാ രംഗത്ത് ഏതാണ്ട് വിപ്ലവം നടക്കുന്നു എന്ന് ചില അവന്മാര്‍ പറഞ്ഞ് നടക്കുന്നുണ്ട് . അവിടെ ഒരു പിണ്ണാക്കും നടക്കുന്നില്ല എന്നറിയാന്‍ മലയാളം ഇന്റെര്‍നെറ്റിലെ ഞാന്‍ ഉത്പ്പടെയുള്ളവരുടെ എഴുത്തുകള്‍ വായിക്കുക. ആദ്യ വായനയില്‍ ഞാനും , എന്നെപ്പോലുള്ളവന്മാരും വെറും ഊ ... ബൈദ് ഖാന്‍മാര്‍ ആണെന്ന് നിങ്ങള്ക്ക് തോന്നിയേക്കാം (രണ്ടു, മൂന്നു, നാല് തുടങ്ങിയ പുനര്‍ :വായനകളിലും ആര്‍ക്കും അങ്ങനെ തന്നെയേ തോന്നു ). എന്നാലും നിങ്ങള്‍ ഞാന്‍ ജോലി ചെയ്യുന്ന പത്രത്തിന്റെ വെയിറ്റ് മാത്രം നോക്കിയെങ്കിലും ഞാന്‍ പറയുന്നത് വിശ്വസിക്കണം. തമിഴ് സിനിമയില്‍ വ്യത്യസ്തമായ പടങ്ങള്‍ ഉണ്ടാകുന്നതും, അവിടെ എന്നിക്കൊണ്ട് നാല്പതിലധികം നായക നടന്മാര്‍ ഉണ്ടെന്നത് ഒരു വിപ്ലവമേ അല്ല. അറുപതു കഴിഞ്ഞ മമ്മൂട്ടിയുടെയും , കണ്ടാല്‍ തൊണ്ണൂറു കഴിഞ്ഞ മോഹന്‍ലാലിന്റെയും അരഞ്ഞാണ ചരടുകളില്‍ മലയാള സിനിമയെ കൊണ്ട് കെട്ടിയിടാന്‍ ഞങ്ങള്‍ പത്രക്കാര്‍ (എന്നെ പോലുള്ള ചിലര്‍ ഇന്റര്‍നെറ്റില്‍ കൂടിയും ) ശ്രമിക്കുന്നതാണ് യഥാര്‍ത്ഥവിപ്ലവം . (എന്നെ സ്ഥിരമായി കാണപ്പെടാറുള്ള ഒരു സ്ഥലമാണ് ഈ സുപ്പര്‍ താരങ്ങളുടെ അരഞ്ഞാണ ചരടിന്റെ ചുറ്റുവട്ടം . ഉഗ്രന്‍ സ്ഥലമല്ലിയോ? ).

5) മമ്മൂട്ടി , മോഹന്‍ലാല്‍ എന്നിവരെക്കൊണ്ട് മാത്രമേ മലയാളം സിനിമയ്ക്ക് ഒരു മേല്‍ഗതി ഉണ്ടാകു എന്നത് ഇതിനോടകം ഞാനും, എന്നെപ്പോലുള്ള മറ്റു പല അരഞ്ഞാണ ഞാത്തുകളും അസന്നിഗ്ദ്ധമായി പറയുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. പക്ഷേ ഈ സന്ദേശം അതിന്റെ ലക്ഷ്യത്തില്‍ എത്തണമെങ്കില്‍ പ്രേക്ഷകരുടെ സഹകരണം കൂടി വേണം. അന്യഭാഷാ ചിത്രങ്ങളെ മാത്രമല്ല, മലയാളത്തില്‍ ഇറങ്ങുന്ന കുഞ്ചാക്കോ ബോബന്‍ ‍, ജയസൂര്യ തുടങ്ങിയ ലാട്ട് പുട്ട് നടന്മാരുടെ പടങ്ങളെ മാക്സിമം ഇടിച്ചു താഴ്ത്തി സംസാരിക്കുക എന്നത് പ്രേക്ഷകര്‍ എന്നാ നിലയില്‍ നിങ്ങളുടെ കര്‍ത്തവ്യമാണ്. ഉദാഹരണത്തിന് രണ്ടായിരത്തി ഒന്‍പതില്‍ ഇറങ്ങിയ ഗുലുമാല്‍ . ഇറങ്ങി മൂന്നാഴ്ചകള്‍ കഴിഞ്ഞിട്ടും പ്രമുഖ നഗരങ്ങളിലെ തിയെറ്ററുകളില്‍ വല്യ തെറ്റില്ലാത്ത കളക്ഷനുമായി ഓടുന്ന ഈ പടം നമ്മുടെ സുപ്പര്‍ താരങ്ങള്‍ക്ക് അപമാനം അല്ലെ? അതും ഇറങ്ങി ഒരാഴ്ച്ച കഴിയും മുന്‍പേ ചട്ടബിനാട് പോലുള്ള പടങ്ങള്‍ ഓടുന്ന പ്രദര്‍ശന ശാലകളില്‍ കാല്‍പ്പന്തോ , തലപ്പന്തോ ഒക്കെ കളിക്കാനുള്ള സ്ഥലം കാലിയടിച്ച് കിടക്കാന്‍ തുടങ്ങുമ്പോള്‍. ഗുലുമാല്‍ പോലുള്ള പടങ്ങളെ നിരൂപണങ്ങളിലോ , വാര്‍ഷിക കുഴലൂത്തുകളിലോ (വാര്‍ഷിക റിവ്യൂ എന്നും പറയും) ഉത്പ്പെടുത്താതെ മുക്കി ഞങ്ങള്‍ ഞങ്ങളുടെ കടമ ചെയ്തിട്ടുണ്ട്. ഇനി നിങ്ങള്‍ പ്രേക്ഷകര്‍ "കൂറപ്പടം , ഒരു വെറയ്റ്റിയും ഇല്ല" എന്ന് കാണുന്നവരോടൊക്കെ പറഞ്ഞേക്കണം. ഒന്നുമില്ലെങ്കിലും പത്തു കൊല്ലങ്ങള്‍ക്ക് മുന്‍പ് വരെ കുറെ നല്ല പടങ്ങള്‍ നമുക്ക് തന്നവരല്ലേ മമ്മൂട്ടിയും, മോഹന്‍ലാലും . അവരുടെ പടങ്ങള്‍ നമ്മള്‍ കാശ് മുടക്കി കണ്ടാണ്‌ ഹിറ്റുകള്‍ ആക്കിയത് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല . നല്ല പടങ്ങള്‍ പത്തു കൊല്ലം മുന്‍പ് നുക്ക് തന്ന കടപ്പാടിന്റെ പേരില്‍ അവരുടെ കാലം കഴിയും വരെ അവരെ ചുമക്കേണ്ടത്‌പ്രേക്ഷകരുടെ ബാധ്യതയാണ്. (ഇപ്പോള്‍ ഇറങ്ങുന്ന മമ്മൂട്ടി , മോഹന്‍ലാല്‍ പടങ്ങളില്‍ വെറയ്റ്റി തുള്ളിതുളുമ്പുകയാണോ എന്ന ചോദ്യം ഇവിടെ തീര്‍ത്തും അപ്രസക്തമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ).

6) അന്യഭാഷാ ചിത്രങ്ങളെയും, ഗുലുമാല്‍ , ഇവര്‍ വിവാഹിതരായാല്‍ പോലുള്ള ചീള് മലയാളം ചിത്രങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പിന്തിരിപ്പന്മാരെ ഒതുക്കാനായി, അവര്‍ എല്ലാവരും തന്നെ മമ്മൂട്ടിയുടെയും , മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ വ്യാജ സി ഡികളില്‍ കാണുന്ന അഥമന്മാരാണ് എന്ന് പ്രചരിപ്പിക്കുക. "എന്തിനാടാ കോപ്പേ വ്യാജ സി ഡി . നിന്റെയൊക്കെ മമ്മൂട്ടിയും, മോഹന്‍ലാലും കൊടി പിടിച്ചു, പിടിച്ചു ഇപ്പൊ മോസര്‍ബെയര്‍ പടമിറങ്ങി ഇരുപതാം ദിവസം ഡി വി ഡി നല്ല ഒറിജിനല്‍ സാധനം ഇറക്കുന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ചിട്ടില്ലേ?" എന്ന് ചില തലയ്ക്കു വെളിവുള്ളവന്മാര്‍ ചോദിച്ചേക്കാം. അവന്മാരോട് ഒന്നും മിണ്ടാന്‍ പോകണ്ടാ. കാര്യം സിനിമാ ശാലകളില്‍ മൂ...ന്നാര്‍ ആകുന്ന പടങ്ങള്‍ നിര്‍മ്മാതാവിന് വല്യ നഷ്ടം ഒന്നും വരുത്തിയില്ല എന്ന് പറയാന്‍ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ബലം ഈ മോസര്‍ബെയറും , സാറ്റലൈറ്റ് അവകാശങ്ങളും എന്നൊക്കെപറഞ്ഞ് സിനിമയ്ക്ക് കിട്ടുന്ന കാശാണ്.

7) സ്വന്തം പടങ്ങളുടെ ഗുണ നിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിച്ചിലെങ്കിലും, അന്യ ഭാഷ ചിത്രങ്ങളെ നിയന്ത്രിക്കാന്‍ മാക്സിമം ശ്രമിക്കും എന്ന് ലാലേട്ടന്‍ ഈയിടെ പറഞ്ഞിട്ടുണ്ട്. നിങ്ങളാല്‍ കഴിയുന്ന പോലെ അന്യഭാഷാ ചിത്രങ്ങളുടെ പോസ്റ്റര്‍ കീറിയും, ഇത്തരം ചിത്രങ്ങള്‍ കാണുവാന്‍ പോകുന്നവരെ കളിയാക്കിയും നിങ്ങളും അദ്ദേഹത്തോട് സഹകരിക്കണം.

8) പ്രേക്ഷകര്‍ പടം കാണുവാന്‍ മുടക്കുന്ന നാല്‍പ്പതു രൂപ ഒരു വിഷയമേ അല്ല. മമ്മൂട്ടിയും , മോഹന്‍ലാലും ഒരു പടം ഇറക്കിയാല്‍, പടം എത്ര തല്ലിപ്പൊളിയാണെങ്കിലും അത് ഹിട്ടക്കുക എന്നത് നമ്മുടെ കടമയാണ്. ഇനി പടം കണ്ടിട്ട് നിങ്ങള്‍ക്ക് അരും കൊലപാതകമായി തോന്നിയാല്‍പ്പോലും പുറത്തു മിണ്ടരുത്. രണ്ടാഴ്ച്ച പോലും തിയറ്ററില്‍ തികച്ചു ഓടാന്‍ സാധ്യത ഇല്ലാത്ത അത്തരം പടങ്ങളെ "മമ്മൂട്ടിയെ ശരിക്ക് ഉപയോഗിച്ചില്ല " "മോഹന്‍ലാലിന്‍റെ ശേഷി (അഭിനയമേ) ചൂഷണം ചെയ്തില്ല " എന്നൊക്കെ പറഞ്ഞ് ഞങ്ങള്‍ പത്രക്കാര്‍ വെള്ള പൂശിക്കൊള്ളാം.

9) മമ്മൂട്ടി, മോഹന്‍ലാല്‍ .അവര്‍ എന്നും താരങ്ങളായി നില നില്‍ക്കണം .മലയാള സിനിമ , കന്നഡ സിനിമയേക്കാള്‍ പരിതാപകരമായ അവസ്ഥയില്‍ പോയാലും (മെയിന്‍ ഷോ അന്യ ഭാഷ ചിത്രങ്ങളും , നൂണ്‍ ഷോ കന്നഡയും) നമുക്കൊന്നുമില്ല. ഇത് ഒരു പ്രേക്ഷകന് എപ്പോഴും ഓര്‍മ്മ വേണം.

10) നിങ്ങളുടെ മക്കളെയും , കൊച്ചു മക്കളെയും കൂടി പറ്റുമെങ്കില്‍ മമ്മൂട്ടി , മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസ്സിയെഷനില്‍ ചേര്‍ക്കുക. പക്ഷേ കൊള്ളാവുന്ന അന്യഭാഷാ ചിത്രങ്ങള്‍ എച് ബി ഓ, ഡി വി ഡി തുടങ്ങിയ മാധ്യമങ്ങളില്‍ കൂടി കാണുന്ന ശീലം അവര്‍ക്കുന്ടെങ്കില്‍, പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങള്‍ മാത്രം അവരെ കാണിക്കുക. പത്തു കൊല്ലത്തിനുള്ളിലുള്ള പടങ്ങള്‍ അവരെ കാണിച്ചിട്ട് "ഈ പുണ്യവാളന്മാരുടെ ഫാനായിക്കോടാ മക്കളെ" എന്ന് പറഞ്ഞാല്‍ , പ്രായവും ബന്ധവും ഒന്നും നോക്കാതെ അവര്‍ നിങ്ങളെ കൈ വെച്ചേക്കാം.

അപ്പൊ നമുക്കെല്ലാവര്‍ക്കും കൂടി ഒത്തു പിടിച്ചു മലയാളം സിനിമയെ ഒരു അരിക്കാക്കാം.

എന്ന്

കുഴല്‍ വിളിയോടെ,

പാലാ ഫ്രാഡു പാപ്പി അലിയാസ് നീല്‍ തോമാ

** റബര്‍ പത്രത്തിന്റെ കോഴിക്കോട്ടെ ആസ്ഥാന കൂലിയെഴുത്തുകാരില്‍ പ്രമുഖനും , ഇന്റെര്‍നെറ്റിലെ അഗ്രഗണ്യനായ ഊത്തിസ്റ്റും(സുപ്പറിന്റെ പടങ്ങളുടെ കുഴലൂത്ത് എന്നാണ് ഉദ്ദേശിച്ചത് ) ആണ് ലേഖകന്‍ **

ഇതൂടെ പിടിച്ചോ , ചുമ്മാ ഒരു 'സ്ഥിതി വെവര കണക്ക് ' : ചട്ടമ്പിനാട്, റിലീസ് ചെയ്തിട്ട് (ഡിസംബര്‍ ഇരുപത്തിനാല് ) ഒരാഴ്ച്ച തികഞ്ഞോ? . ഇന്നേക്ക് പത്താം ദിവസം ; തിരുവനന്തപുരം അജന്തയില്‍ നടന്നു കയറി ടിക്കറ്റ് എടുക്കാം, ഏത് ഷോയ്ക്കും. ഗുലുമാല്‍ , റിലീസ് ചെയ്തിട്ട് മൂന്നാഴ്ച. തിരുവനന്തപുരം കൃപാ തിയേറ്ററില്‍ ഫസ്റ്റ് ഷോക്ക് , ഞായറാഴ്ച ( ജനുവരി മൂന്ന് , രണ്ടായിരത്തി പത്ത് ) , കാര്‍ ഇടാന്‍ സ്ഥലമില്ല. പിന്നെ ഒരാഴ്ച തികയും മുന്‍പേ റിലീസ് ചെയ്ത രണ്ടു തിയേറ്ററില്‍ ഒന്നില്‍ നിന്നും (തിരുവനന്തപുരം, അഞ്ജലി ) ചട്ടമ്പിനാട് മാറ്റുകയും ചെയ്തു

Sunday, January 3, 2010

നിനക്കൊക്കെ അങ്ങനെ തന്നെ വേണം

പ്രധാനമന്ത്രി മരങ്ങോടന്‍ സിംഗിന്റെ ക്ഷമിക്കണം മണ്‍പാവ സിംഗിന്റെ തലസ്ഥാന സന്ദര്‍ശനം വന്‍ വിജയമായിരുന്നു എന്ന് പുറമ്പോക്ക് കണ്ടാന്ഗ്രസ്സ് കമ്മറ്റി (പി സി സി) അധ്യക്ഷ്യന്‍ സുരകേഷ് പന്നിത്തല അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി പി സി സി വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ ഓരിയിടുകയായിരുന്നു അദ്ദേഹം.

മദാമ്മയുടെയും പിള്ളാരുടെയും വീടുകളിലെ തിരക്കിട്ട അലക്ക് ജോലികള്‍ക്കും, പുറം പണികള്‍ക്കും ഇടയില്‍ , തലസ്ഥാനത്ത് വന്ന് ജനജീവിതം താറുമാറാക്കാനും, കണ്ടാന്ഗ്രസ്സ് പാര്‍ട്ടിയുടെ ഊത്ത് കമ്മറ്റി നല്‍കുന്ന അവാര്‍ഡ് സമ്മാനിക്കാനും, വനിതാ കലാലയത്തില്‍ തെണ്ടിത്തിരിയാനും സമയം കണ്ടെത്തിയ ശ്രീ മണ്‍പാവ സിംഗിനോടുള്ള ഒടുക്കത്തെ ക്ഷമിക്കണം ഒടുങ്ങാത്ത കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ടാണ് ശ്രീ പന്നി പത്ര സമ്മേളനംതുടങ്ങിയത്.

ജനുവരി മൂന്നാം തിയതി അവാര്‍ഡു ദാനം , വിമന്‍സ് കോളേജില്‍ പഞ്ചാരയടി എന്നീ ചടങ്ങുകളില്‍ പങ്കെടുക്കാനായി മാത്രം തലസ്താനത്തെക്ക് കെട്ടിയെടുത്ത ശ്രീ മണ്‍പാവയുടെ വരവ് കാരണം തലസ്ഥാനത്തെ സാധാരണക്കാരുടെ ജീവിതം ഒന്നര ദിവസത്തേക്ക് കംപ്ലീറ്റ് താറു മാറാക്കിയത് സമീപ കാലത്തോന്നു ഒരു നേതാവിനും അവകാശപ്പെടാന്‍ സാധിക്കാത്ത കൃത്യമാണെന്ന് ശ്രീ പന്നി പറഞ്ഞു.

ജനുവരി രണ്ടാംതീയതി സന്ധ്യക്ക്‌ ആറു മണി മുതല്‍ നഗരത്തിലെ പ്രധാന വീഥികള്‍ എല്ലാം പോലീസ് ഏമാന്‍മാര്‍ കൈയ്യേറി ഗതാഗതം ഗതികേടിലാക്കിയിരുന്നു. ഒരിടത്തെക്കെത്താന്‍ ഏഴു വഴികളും , പതിനാലു ഇട വഴികളും ഉണ്ടെന്നു കീര്‍ത്തി കേട്ട തലസ്ഥാന നഗരത്തില്‍, ആ വഴികള്‍ എല്ലാം തന്നെ കയറു കെട്ടി അടച്ചു, ജനത്തിനെ വട്ടം കറക്കി ഒടുവില്‍ 'ഈ വഴിയൊന്നും പോകാന്‍ ഒക്കിലെങ്കില്‍ വേറേതു വഴി പോകും സാറേ?" എന്ന് ചോദിച്ചവരോട് മാനത്തേക്ക് വിരല്‍ ചൂണ്ടി കാണിച്ച പോലീസുകാരന്മാര്‍ കാണേണ്ട ഒരു കാഴ്ച്ചതന്നെയായിരുന്നുവത്രേ.

ജനുവരി മൂന്നാം തീയതി പക്ഷേ പോലീസുകാരുടെ കടമ വെറി സകല അതിരുകളും ഭേദിച്ചു മാനം മുട്ടുകയായിരുന്നു എന്നതില്‍ വ്യക്തിപരമായി തനിക്കും, മൊത്തത്തില്‍ കണ്ടാന്ഗ്രസ്സ് പാര്‍ടിക്കും അഭിമാനം ഉണ്ടെന്ന് പറയുമ്പോള്‍ ശ്രീ പന്നിത്തലയുടെ മിഴികള്‍ നിറഞ്ഞിരുന്നോ എന്ന് ഒരു സംശയം പത്ര സമ്മേളനത്തില്‍ കൂടിയിരുന്ന സകലര്‍ക്കും ഉണ്ടായി.

ഹെല്‍മെറ്റ് പിച്ചയ്ക്ക് ക്ഷമിക്കണം പെറ്റിയ്ക്ക് ഒരു ദിവസം മുഴുവന്‍ ഇറങ്ങുവാന്‍ സാധിക്കില്ലല്ലോ എന്നാ അതി കഠിനമായ വേദന ഉള്ളിലൊതുക്കിയാണത്രേ പോലീസുകാര്‍ നാഷണല്‍ ഹൈവേ മുതല്‍ ഇട റോഡുകള്‍ വരെ വാഹന ഗതാഗതം തടഞ്ഞത്. പ്രധാനമന്ത്രിയുടെ വിമാനം തലസ്ഥാനത്തിന്റെ വ്യോമാതിര്‍ത്തി കടക്കുന്നത്‌ വരെ അതിനു കീഴെയുള്ള റോഡുകളില്‍ ഒരു സൈക്കിള്‍ പോലും ഓടാന്‍ അനുവദിക്കാത്ത കര്‍മ്മ നിരതരായ പോലീസുകാരെ കെട്ടിപ്പിടിച്ചു ഉമ്മവെയ്ക്കാത്തത് താന്‍ പിന്നാമ്പുറം പരിപാടികളില്‍ താത്പര്യമുള്ള പാര്‍ട്ടിയാണ് എന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുമോ എന്ന് പേടിച്ചിട്ടു മാത്രമാണ് എന്ന് ശ്രീ പന്നി പറയുകയുണ്ടായി.

സമ്മേളനത്തിനൊടുവില്‍ പത്രക്കാര് തെണ്ടികള്‍ (സോറി , നമ്മളും അതില്‍പ്പെടും എന്ന് ഓര്‍ത്തില്ല) ചായ സത്കാരവും , വൈകുന്നേരത്തെ വെള്ളമടിയും കഴിഞ്ഞിട്ടേ കൂട് പറ്റിയുള്ളൂ.

തലസ്ഥാനവാസികളോട് (തലസ്ഥാനത്തിനു പുറത്തുള്ള മറ്റു ജനതക്കും ബാധകം )ഒരു പ്രത്യേക അറിയിപ്പ് : മാനംക്കെട്ട നിനക്കൊക്കെ അങ്ങനെ തന്നെ വേണം. അടുത്ത തിരഞ്ഞെടുപ്പിലും വരി വരിയായി ചെന്ന് നിന്ന് ജനാധിപത്യ അവകാശം വിനയോഗിക്ക്. എന്നിട്ട് വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെടാത്ത ഏതെങ്കിലും കാപെറുക്കിയെ പൊതുജനത്തിന്റെ തലയില്‍ വല്ല അവന്മാരോ അവളന്മാരോ കയറ്റി വെയ്ക്കുന്നത് കണ്ട് വണ്ടറടിക്ക് . ഇതൊക്കെ രണ്ടാംനാള്‍ മറന്ന് നിനക്കൊക്കെ അഭിമാനിക്കാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അന്പത്തിയൊന്നാം ശതകം തികച്ചതും, മാപ്രാണം ജാനുവിന്റെ വീട്ടില്‍ ഒരു ദിവസത്തില്‍ അറുപതു ഉപയോഗിച്ച കോണ്ടങ്ങള്‍ കണ്ടെത്തിയതും ഒക്കെ വാര്‍ത്തയായി ഞങ്ങള്‍ പത്രക്കാര്‍ നിരന്തരം തന്നോളം .