Thursday, May 28, 2009

മൂന്നാറിലെ നീലച്ചടയന്‍

"ഒറ്റയാന്‍ എന്ന പദത്തിന്റെ അര്‍ത്ഥമെന്ത്?"എക്സ്‌ വിപ്ലവകാരി ദയാലേശമന്യേ ബീഡിയുടെ അരഞ്ഞാണത്തെ എരിച്ച് കൊണ്ട് ചോദിച്ചു.

"പറഞ്ഞു തരാമായിരുന്നു.പക്ഷേ അടുത്തത് നീ ചോദിക്കുക 'പുകമറയ്ക്കിടയില്‍ തെന്നി നീങ്ങുന്ന നീല വ്യാളിയെ പിടിച്ചു തരാമോ?' എന്നായിരിക്കും.നമ്മളിവിടെ വന്നതിനു ശേഷമുള്ള നാലാമത്തെ ബീഡിയല്ലേ ഇത്?"ഗ്ലാസ്സ്‌ വെറുതെ ചുറ്റിച്ച്, അതില്‍ ഐസ് കട്ടകള്‍ ഇളകുന്നതും നോക്കിയാണ് എ കെ അത് പറഞ്ഞത് .

"സന്തോഷം കൊണ്ടാണ് സഖാവേ.സഖാവ് വി എസ്സിനെപ്പോലെയുള്ള സ്ഥൈര്യം,സത്യം,വീര്യം എന്നീ ഗുണങ്ങള്‍ ഒത്ത് ചേര്‍ന്ന ഒരു വിപ്ലവകാരിയോട് കേരളത്തിലെ പാര്‍ട്ടി നേത്രത്വം കാണിച്ച അനീതിക്ക്, ഇവിടുത്തെ ജനങ്ങള്‍ മറുപടി കൊടുത്തതിന്റെ സഹിക്കാന്‍ പറ്റാത്ത സന്തോഷം "

"ഡാ കഞ്ചാവടിച്ചാലും പറയുന്നതിന് ഒരു വ്യവസ്ഥയയൊക്കെയാവാം. സ്ഥൈര്യം , സത്യം ,വീര്യം??? ഏതൊക്കെ വകുപ്പുകളില്‍?"

"മൂന്നാറില്‍ നടത്തിയ പടയോട്ടം.റാറ്റയെപ്പോലൊരു വമ്പന്റെ കൊമ്പുകളില്‍ കടന്ന് പിടിച്ചില്ലേ സഖാവ്?" എക്സ്‌ ആവേശത്തോടെ ചോദിച്ചു.

"തന്നെ? എന്നിട്ട് റ്റാറ്റയുടെ മൂക്ക് മണ്ണിലിട്ട്‌ ഉരച്ചോ?സ്വന്തം കസേര തെറിക്കും എന്ന അവസ്ഥ എത്തിയപ്പോള്‍ സകല കുറ്റവും കൂടെ നിന്ന മൂന്ന് ഉദ്യോഗസ്ഥന്മാരുടെ തലയില്‍ കെട്ടി വെച്ച് കൈ കഴുകുകയായിരുന്നു സ്ഥൈര്യമുള്ള നേതാവ് എന്നാണല്ലോ ആദ്യമൊക്കെ അങ്ങേരെ 'ലോണ്ടെ വരുന്നെടാ അഴിമതിക്കെതിരേയുള്ള പോരാട്ടത്തിലെ കല്‍ക്കി അവതാരം' എന്ന് വാഴ്ത്തിയ മാധ്യമങ്ങള്‍ എല്ലാം തന്നെ പറഞ്ഞത്?"

"അതിനെ തന്ത്രപരമായ പിന്മാറ്റം എന്ന് കണ്ടാല്‍ പോരെ?"

"സൈന്യാധിപന്‍ ഒറ്റയ്ക്ക് ഓടി കോട്ടയ്ക്കത്ത് കയറിയിട്ട് കൂടെയുള്ള സൈനികരുടെ തല വെട്ടാന്‍ ഇട്ടു കൊടുക്കുന്നതാണോടാ തന്ത്രപരമായ പിന്മാറ്റം?"

"ഇതിനെക്കുറിച്ച് സഖാവ് 'ചെ' എന്ത് പറയുന്നു എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു" എക്സ്‌ അഞ്ചാം ബീഡിക്കൊപ്പം ക്യുബയിലേക്ക് നടക്കും എന്ന അവസ്ഥയില്‍ എത്തിയിരുന്നു.

" അങ്ങേര്‍ ജീവിച്ചിരുന്നേല്‍ ഈ പറഞ്ഞതിന് നിന്റെ തന്തക്ക് പറഞ്ഞേനെ"

"ശരി .മൂന്നാര്‍ ദൌത്യം അമിതാവേശം മൂലമുണ്ടായ ചെറിയ ഒരു തിരിച്ചടി എന്ന് സമ്മതിക്കാം.പക്ഷേ സഖാവ് വി എസ്സിനെപ്പോലെ സത്യസന്ധനായ ഒരു നേതാവ്...."അല്‍പ്പ നേരത്തെ മൌനത്തിനു ശേഷം എക്സ്‌ തിരിച്ചു വന്നു.

"നില്‍ക്കട്ടെ....നീ കൂടുതല്‍ കത്തിക്കയറും മുന്‍പ് ഒന്ന് ചോദിക്കട്ടെ ? സത്യസന്ധത എന്നാല്‍ കള്ളം പറയാതിരിക്കുക, പറഞ്ഞ വാക്ക് മാറാതിരിക്കുക ,ഇതൊക്കെയാണേ ?"

"സംശയമെന്ത്?"

"സഖാവ് പ്രതിപക്ഷത്ത് 'വാഴ വെട്ടി വാഴ വെട്ടി ജയ് ' പാടിക്കൊണ്ടിരുന്ന സമയത്ത് പറഞ്ഞ രണ്ടു മൂന്ന് കാര്യങ്ങള്‍ ഉണ്ടായിരുന്നു .അധികാരത്തിലെത്തിയാല്‍ പെണ്‍വാണിഭക്കാരെ തെരുവിലൂടെ കൈയാമം വെച്ചു നടത്തും എന്നതായിരുന്നു അതിലൊന്ന്. കിളിരൂര്‍, തോപ്പുംപ്പടി അങ്ങനെ എല്ലാ കേസിലെയും ഒര്‍ജിനല്‍ പ്രതികളെ സഖാവ് ഓടിച്ചിട്ട് പിടിച്ച് കൈയാമം വെച്ചത് കൊണ്ടായിരിക്കും കേരളാ പോലീസ്‌ ഇപ്പോള്‍ വിലങ്ങില്ലാതെ വലയുന്നത്?"

"അല്ല അത് ...മുഖ്യമന്ത്രിയായപ്പോള്‍ പാര്‍ട്ടി നാല് സൈഡില്‍ നിന്നും അങ്ങേരെ പൂട്ടിയില്ലേ?"എക്സ്‌ വിഷമത്തോടെ ചോദിച്ചു

"പിന്നെന്തിന് നീ പറഞ്ഞത് പോലെ സ്ഥൈര്യവും, സത്യവും, വീര്യവും ഒത്ത് ചേര്‍ന്ന ധീര നേതാവ് ഒന്നും ചെയ്യാനാവാത്ത ഒരു കസേരയില്‍ കടിച്ച് തൂങ്ങി കിടക്കുന്നു?"

"അദ്ദേഹം അവിടിയില്ലയിരുന്നുവെങ്കില്‍ പാവങ്ങള്‍ക്ക് രണ്ടു രൂപയ്ക്കു അരി /ഗോതമ്പ് തുടങ്ങിയ ഭരണ നേട്ടങ്ങള്‍ ഉണ്ടാകുമായിരുന്നോ?"

"ഡേയ് ...ഒരു ആശയ കുഴപ്പം. പെണ്‍വാണിഭക്കേസിലെ പ്രതികള്‍ക്ക് കൈയാമം വെയ്ക്കാന്‍ പറ്റാത്തത് അദ്ദേഹത്തിന്‍റെ കുഴപ്പമല്ല. പക്ഷേ മറ്റു വകുപ്പുകളിലെ നല്ല കാര്യങ്ങള്‍ എല്ലാം അങ്ങേരുടെ നേട്ടം. കോട്ടങ്ങള്‍ പിണറായിയും ടീമും ഉണ്ടാക്കിയത് ,അല്ലേ?"

"റാഡിക്കലായിട്ട് ചിന്തിച്ചാല്‍ അങ്ങനെ ഒരു വിരോധാഭാസം തോന്നുമെങ്കിലും റിവിഷനിസ്റ്റ് തത്വങ്ങള്‍ ഉത്കൊണ്ട് നോക്കിയാല്‍..."

"അങ്ങനെ നീ അധികം നോക്കിയാല്‍ നിന്റെ രണ്ടു കണ്ണും ഞാന്‍ കുത്തിപ്പൊട്ടിക്കും ...മനുഷ്യന് മനസിലാവുന്ന ഭാഷയില്‍ ഉത്തരം പറയെടാ .രണ്ടു രൂപയ്ക്കു അരി ,ഐ ടി മേഖലയിലെ പറയപ്പെടുന്ന മുന്നേറ്റം, തുടങ്ങിയ നേട്ടങ്ങള്‍ മുഖ്യമന്ത്രിയുടെ മിടുക്ക് .വര്‍ദ്ധിച്ച് വരുന്ന സ്ത്രീ പീഡനം, സാമ്പത്തിക തട്ടിപ്പുകള്‍ ഇവയെല്ലാം ബാക്കി ആരുടെയൊക്കയോ പിടിപ്പ് കേട്‌ ...അതെങ്ങനെ ശരിയാവും?"

എക്സ്‌ തന്ത്രപരമായ മൌനം അവലമ്പിച്ചു.

"പോട്ടെ ,ഈ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനവിധി വി എസ്സിന് വേണ്ടിയായിരുന്നു എന്ന് നിന്നെപ്പോലുള്ള കുറെ പേരും,മാധ്യമങ്ങളും ഒത്തു പിടിച്ച് പറഞ്ഞിട്ടും പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി യോഗത്തില്‍ അങ്ങേരെ എല്ലാവരും കൂടി എടുത്തിട്ട് അലക്കി വിരിച്ചു എന്നാണല്ലോടേ കേട്ടത്?

"പാര്‍ട്ടി മുഴുവന്‍ പിണറായുടെ ആള്‍ക്കാരല്ലേ?"

"പാര്‍ട്ടി മുഴുവന്‍ പിണറായുടെ ആള്‍ക്കാര്‍ ,മൊത്തം അഴിമതിക്കാര്‍, അതിനെതിരെ വി എസ്സിന് ഒരു പിണ്ണാക്കും ചെയ്യാനുമൊക്കുന്നില്ല...ഇതെല്ലാം ഒരു വാദത്തിനു വേണ്ടി സമ്മതിച്ചു തരാം. അങ്ങനെയാണെങ്കില്‍ ഞാന്‍ നേരത്തെ പറഞ്ഞത് പോലെ രാജി വെച്ച് പുറത്തു വന്നിട്ട് കെ കരുണാകരനും ,ആര്‍ ബാലകൃഷ്ണ പിള്ളക്കും എതിരെ കൊടുത്തത് പോലെ കേസുകള്‍ പിണറായിക്കെതിരെയും കൊടുക്കണം. അല്ലാതെ 'മുഖ്യമന്ത്രി കസേര കൊന്നാലും വിടില്ലാ.പക്ഷേ എനിക്ക് ചുറ്റുമുള്ള മുട്ടന്‍ അഴിമാതിക്കാര്‍ കാരണം ഈ കസേരയില്‍ ഇരുന്നു എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയാനും സാധിക്കുന്നില്ല' എന്ന് കരയുന്നതാണോടാ നീ നേരത്തെ പറഞ്ഞ വീര്യത്തിന്റെ ലക്ഷണം?

"അച്ചടക്കമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ആശയ സംഘട്ടനങ്ങള്‍ പാര്‍ട്ടിയുടെ ഉള്ളില്‍ നിന്ന് തന്നെ പരിഹരിക്കാന്‍ ശ്രമിക്കും.അല്ലാതെ രാജി വെച്ച് പുറത്തു പോകില്ല" എക്സ്‌ പറഞ്ഞു.

"അച്ചടക്കമുള്ള പ്രവര്‍ത്തകനോ? സ്വന്തം പാര്‍ട്ടി പതിനെട്ടു നിലയില്‍ തിരഞ്ഞെടുപ്പില്‍ പൊട്ടുമ്പോള്‍ മാധ്യമങ്ങളുടെ മുന്നില്‍ ചെന്നിരുന്നു ബു ഹ ഹ എന്ന് കിണിക്കുന്ന ഒരാള്‍ എങ്ങനെയാടാ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാകുന്നത്?തന്നയുമല്ല, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് അങ്ങേര്‍ക്ക് സീറ്റ് നല്‍കാത്തതിന്റെ പേരില്‍ അനുയായികളുടെ ഒരു യോഗം വിളിച്ചു കൂട്ടി പുതിയ പാര്‍ട്ടിയും,പത്രവും തുടങ്ങാനുള്ള പദ്ധതിയും ഈ ഉത്തമ സഖാവ് ആലോചിച്ചിരുന്നു എന്ന് ഇന്നത്തെ സംസ്ഥാന കമ്മറ്റിയില്‍ ഒരു പഴയ അനുയായി ദിനേശ് മണി പറഞ്ഞതായും വാര്‍ത്തയുണ്ട്. ദിനേശ് മണിയും നിന്റെ ധൈര്യവാനായ സഖാവ് വിളിച്ചു ചേര്‍ത്ത അന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നത്രേ. പത്രമുണ്ടായി, 'ജന ശക്തി'. പാര്‍ട്ടി ഉണ്ടാക്കിയാല്‍ കൂടെ വരാന്‍ ഒരു പൂച്ചയും കാണില്ല എന്ന് അച്ചടക്കമുള്ള 'ച'ഗാവിന് തോന്നിയിട്ടുണ്ടാകും, അല്ലേടാ? "

എക്സ്‌ ആറാം ബീഡിക്ക് തീ കൊടുത്ത് നിശബ്ദനായി ഇരുന്നു.

"കേസുകളുടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത് ...നിന്റെ ഈ സത്യസന്ധനായ നേതാവ് ഹൈക്കോടതി ,സുപ്രീം കോടതി ഇവിടെയെല്ലാം വര്‍ഷങ്ങളായി പല കേസുകളും നടത്തുന്നുണ്ടല്ലോ?"

"പിന്നെ ...അത്തരം സമരങ്ങളുടെ ഒരു നീണ്ട ചരിതമല്ലേ സഖാവിന്റെ ജീവിതം ?"

"ഈ കേസുകള്‍ക്കൊന്നും പാര്‍ട്ടിയുടെ സഹായം ഉണ്ടായിട്ടില്ല എന്ന് നിന്റെ വീര സഖാവ് കഴിഞ്ഞയിടെ നെഞ്ചും വിരിച്ചു നിന്ന് പറയുകയും ചെയ്തു.അങ്ങനെയെങ്കില്‍ സത്യസന്ധനായ ഈ പുളിക്കുട്ടിക്കു ലക്ഷക്കണക്കിന്‌ രൂപ മുടക്കി ഈ കേസുകള്‍ നടത്താനുള്ള പണം എവിടുന്നു കിട്ടി? ഒരു എം എല്‍ എ യുടെയോ,മുഖ്യമന്ത്രിയുടെയോ ശമ്പളം എന്തായാലും സുപ്രീം കോടതിയില്‍ കൊള്ളാവുന്ന വക്കീലിന്റെ ഒരു സിറ്റിങ്ങിന് കൊടുക്കാന്‍ തികയില്ല . ആ പണത്തിന്റെ ശ്രോതസ്സുകളും കൂടി അന്വേഷിച്ചിട്ട് പോരെ അങ്ങേരെ സത്യസന്ധന്‍, ആദര്‍ശ ധീരന്‍ എന്നൊക്കെ വാഴ്ത്താന്‍?"

"അങ്ങനെയൊക്കെ ചോദിച്ചാല്‍ ..."

"ഉത്തരമില്ലാതെ ചുറ്റും,അല്ലേ ?"

"പാര്‍ട്ടിയില്‍ നിന്നും എന്നെ പുറത്താക്കിയില്ലായിരുന്നുവെങ്കില്‍ ഈ ഈ വിഷയങ്ങള്‍ എല്‍ സിയില്‍ അവതരിപ്പിച്ച് ഞാനൊരു മറുപടി തന്നേനെ" എക്സ്‌ നിറ കണ്ണുകളോടെ പറഞ്ഞു.

"മനോരമയുടെ ഓഫിസിലേക്ക് ഒന്ന് വിളിച്ച് ചോദിക്കെടാ. അവര്‍ പറഞ്ഞു തരും സഖാവ് വി എസ് എങ്ങനെ ഉത്തമ കമ്മ്യൂണിസ്റ്റ്കാരനാകുന്നു എന്നും, അങ്ങേര്‍ ചിരിച്ചത് പണ്ട് ആരോ ഇക്കിളിയാക്കിയ കാര്യം ഓര്‍ത്തിട്ടാണ് എന്നും,എന്ത് കൊണ്ട് ഈ തിരഞ്ഞെടുപ്പ് വി എസ് ഭരണത്തിനെതിരെയുള്ള വിധിയെഴുത്താകാതെ പിണറായി വിജയനെതിരെയുള്ള ജന രോഷമാകുന്നത് എന്നുമൊക്കെ.പറ്റുമെങ്കില്‍ ഒരു കാര്യം കൂടി ചെയ്യ് ...എല്‍ ഡി എഫ്‌ ജയിച്ച നാല് മണ്ഡലങ്ങളിലും സഖാവ് വി എസിന്റെ ഭരണ നേട്ടങ്ങള്‍ കൃത്യമായിട്ട്‌ എത്തിക്കാന്‍ പറ്റിയത് കൊണ്ടാണ് ജയം സാധ്യമായത് എന്ന് പോസ്റ്ററുകളും അടിക്ക്"

"അത് കുറച്ച് ഒവറാവില്ലേ?" സംശയത്തോടെയും അതിലേറെ പ്രതീക്ഷയോടെയുമാണ് എക്സ്‌ ചോദിച്ചത്

"ഹേയ് ...ഇതുവരെ നീയൊക്കെ നടന്ന് പ്രചരിപ്പിച്ച ആദര്‍ശ ധീരനായ നേതാവ് , മുട്ടന്‍ പോരാളി എന്നിങ്ങനെയുള്ള ഇമേജുകള്‍ വെച്ചു നോക്കുമ്പോള്‍ ഇത് വെറും ചീള് കേസ്.ചെല്ല് പെട്ടെന്ന് ചെന്നങ്ങേരെ സ്പൈഡര്‍ മമ്മൂഞ്ഞ് ആക്കെടാ. മനോരമേലോട്ട് വിളിക്കുമ്പം ഒരു കാര്യംകൂടി ചോദിച്ചോ...കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോലെ എം പി മാരുടെ ശമ്പളം വരെ മുഴുവന്‍ വാങ്ങിയിട്ട് അവര്‍ക്ക് അലവന്‍സുകള്‍ മാത്രം നല്‍കുന്ന ഒരു പ്രസ്ഥാനത്തില്‍ , വെറുമൊരു വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന പിണറായി ഒറ്റയ്ക്ക് ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി ആരുമറിയാതെ നടത്തി എന്ന് പറയുന്നത് എങ്ങനെ ശരിയാകും ? അക്കാലത്ത് പിണറായുടെ മെന്റര്‍ സ്ഥാനം നിന്റെ വീര സഖാവിനായിരുന്നു താനും.പാര്‍ട്ടിയില്‍ പിണറായിയെ വളര്‍ത്തി വലുതാക്കിയത് വി എസ് തന്നെയാണല്ലോ? അപ്പോള്‍ അക്കാലത്ത് പാര്‍ട്ടിയുടെ കണ്‍വീനറായിരുന്ന വി എസ് ഈ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് ഒന്നും അന്ന് അറിഞ്ഞില്ല കേട്ടില്ല എന്ന് പറഞ്ഞാല്‍ ...സി പി എമ്മിനെ പേര് മാറ്റി കോണ്ഗ്രെസ്സ് എന്ന് വിളിക്കേണ്ടി വരും. ആ പാര്‍ട്ടിയില്‍ നടക്കും ഒരുത്തന്‍ ഇരു ചെവിയറിയാതെ കോടികള്‍ ഒറ്റയ്ക്ക് വിഴുങ്ങുക എന്ന പരിപാടി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പെട്ട ഒരാള്‍ ഇനി എന്തെങ്കിലും തിരിമറി നടത്തിയാല്‍ തന്നെ കേന്ദ്ര നേതൃത്വം മുതല്‍ സംസ്ഥാന ഘടകം വരെ അറിയാതെ വല്യ പാടാ... ഇതിനൊക്കെ ഒരു സമാധാനം കണ്ടെത്തിയിട്ട് വാ. എന്നിട്ട് നമുക്ക് അച്യുതാനന്ദനെ വിശുദ്ധനായി പ്രഖ്യാപിക്കാം"

വായനാ സുഖം വേണ്ട അലവലാതികള്‍ക്ക് ...

അടുത്തിടെ ഉട്ടോപ്പിയന്‍ സര്‍വകലാശാലയില്‍ കേരളത്തിലെ പ്രമുഖ പത്രപ്രവര്‍ത്തകനായ ശ്രീ മാത്യു ഊത്ത്പുരക്കലിന്റെ നേതൃത്വത്തില്‍ 'വിശ്വ വിഖ്യാത ഗ്രന്ഥങ്ങളുടെ വായനാ സുഖം' എന്ന വിഷയത്തിന്മേല്‍ നടന്ന ഗവേഷണത്തെക്കുറിച്ച് അധികമാളുകള്‍ അറിഞ്ഞിരിക്കാന്‍ സാധ്യതയില്ല (നീയൊക്കെ ഇങ്ങനെ നടന്നോടാ!!!.വല്ലപ്പോഴുമൊക്കെ സീനിയര്‍ മരക്കഴുതകള്‍ എഴുതുന്ന ബ്ലോഗുകള്‍ വായിച്ചാലേ ഇതൊക്കെ അറിയാന്‍ പറ്റു).ഗവേഷണത്തിന്റെ ഫലം പതിവ് പോലെ ഞെട്ടിക്കുന്നതായിരുന്നു.വിശ്വ വിഖ്യാത ഗ്രന്ഥങ്ങളില്‍ പലതിന്റെയും ഗ്രന്ഥകര്‍ത്താക്കളുടെ പേര്, മേല്‍വിലാസം, ലൈംഗികമായ അഭിരുചികള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് യാതൊന്നും ആര്‍ക്കുമറിയില്ല എന്നത് അവയുടെ വായനാ സുഖത്തെ സാരമായി ബാധിക്കുന്നു എന്നാണ് ശ്രീ ഊത്ത്പുരക്കല്‍ അഭിപ്രായപ്പെടുന്നത് .

ഗവേഷണം നടത്തിയിട്ട് പ്രബന്ധമോ ,സംഘത്തിലെ മറ്റ് അംഗങ്ങളുടെ അഭിപ്രായങ്ങളോ ഒന്നും പ്രസിദ്ധീകരിച്ചില്ലേ എന്ന് ചോദിച്ചാല്‍ ‍...പൊന്ന് കൂടപ്പിറപ്പുകളേ ഇത്തരം വിഷയങ്ങളില്‍ ഗവേഷിക്കാനും മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കാനും ഊത്ത്പുരക്കലിനെ പ്പോലുള്ള വിവരദോഷികള്‍ വേറെ വേണ്ടേ?'നേത്രത്വത്തില്‍' എന്നൊക്കെ ഒരു ബലത്തിന് പറഞ്ഞതല്ലേ ...ഊത്ത് ഒറ്റക്കായിരുന്നു ഗവേഷണം.

എഴുതുന്നവന്റെ പേര് ,മേല്‍വിലാസം ഇതൊന്നും അറിഞ്ഞില്ലെങ്കില്‍ വായനക്കാര്‍ ഒരു പക്ഷേ വഞ്ചിക്കപ്പെടാനും സാധ്യതയുണ്ടത്രേ(ഞാന്‍ പറഞ്ഞതല്ല ...ഊത്തിന്റെ കണ്ടുപിടുത്തമാണ് ).പേരും അഡ്രസ്സും ശരിയായി കൊടുത്തിട്ട് നാട്ടുകാര്‍ക്കിട്ട് എങ്ങനെ പണിഞ്ഞാലും കുഴപ്പമില്ലേ എന്ന ചോദ്യം എന്തോ ആരും ചോദിച്ച് കണ്ടില്ല .(ഈ പറഞ്ഞതിന്റെ സാരാംശം അറിയേണ്ടവര്‍ കേരളത്തില്‍ അല്‍പ്പ കാലം മുന്‍പ് വരെ നില നിന്നിരുന്ന ഇന്റഗ്രേറ്റഡ് ഫിനാന്‍സ് എന്ന കമ്പനിയുടെ ചരിത്രം ഒന്ന് കഷ്ടപ്പെട്ട് തപ്പി നോക്ക്.എല്ലാം മനസിലാകും)

അതെന്തായാലും, ചില വിശ്വ വിഖ്യാത ഗ്രന്ഥങ്ങളുടെ കടുത്ത ആരാധകന്‍ എന്ന നിലയില്‍ ഒരു വായനക്കാരന് പോലും അവയില്‍ നിന്നും വായനാ സുഖം ലഭികതിരിക്കുക എന്നത് എന്നെ സംബന്ധിച്ച് ഏറെ സങ്കടകരമായ ഒരു കാര്യമാണ്.ആ ഒരൊറ്റ കാരണം കൊണ്ട മാത്രം ചില വിഖ്യാത ഗ്രന്ഥങ്ങളുടെ രചൈതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍, എനിക്കറിയാവുന്നത് പോലെ ഇവിടെ പ്രസിദ്ധീകരിക്കുന്നു .ഇനി ഗ്രന്ഥകര്‍ത്താക്കളുടെ വിശദ വിവരങ്ങള്‍ അറിയാഞ്ഞിട്ട്‌ ഒരു കൂറയ്ക്കും വായനാ സുഖം കുറയണ്ട.

മഹാഭാരതം :
വേദവ്യാസന്‍ എന്ന അനോണി നാമത്തില്‍ എഴുതിയിരുന്നത് മി കൃഷ്ണ ദ്വൈപായനന്‍ എന്നയാളാണ്.പരാശരന്‍ എന്ന മുനിയുടെ ഇല്ലിസിറ്റ് ഓഫ്സ്പ്രിംഗ് ആണ് കക്ഷി(ഇത് മലയാളത്തിലാക്കിയാല്‍ ഞാന്‍ തന്നെയാണോ ചിത്രകാരന്‍ എന്ന ബ്ലോഗര്‍ എന്ന് വായനക്കാര്‍ക്ക്‌ ഒരു പക്ഷേ സംശയം തോന്നാനിടയുണ്ട്).
വിലാസം : മിക്ക സമയവും കാടുകളാണ് പുള്ളിക്ക് പഥ്യം. ഇടയ്ക്കിടെ ഹസ്തിനപുരത്ത് ചില്ലറ സെറ്റപ്പു കള്‍ക്ക് പോകാറുണ്ട് എന്ന് കക്ഷി തന്നെ സമ്മതിച്ചിട്ടുണ്ട്.

ഊത്തുകള്‍ :
ഗ്രന്ഥകര്‍ത്താവിന്റെ പേര് മാത്യു ഊത്ത്പുരക്കല്‍ .ഇദ്ദേഹം സ്വയവും ,മാധ്യമങ്ങള്‍ വഴിയും പറയുന്നത് കേരളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ കൂലിയെഴുത്താണ് പണി എന്നാണ്.പക്ഷേ മദ്ധ്യ തിരുവതാന്കൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു നോട്ടിരട്ടിപ്പുകാരനാണ് കക്ഷി എന്ന് വിശ്വസിക്കാനാണ് എനിക്ക് താത്പര്യം. കാരണം ചോദിച്ചാല്‍ ...അങ്ങേര് പറയുന്ന ‌ വിവരങ്ങള്‍ സത്യമാണെന്ന്‌ എനിക്ക് നേരിട്ട് ബോധ്യം വരാത്തടുത്തോളം കാലം ഊത്ത് ഒരു കള്ള നോട്ടടിക്കാരന്‍,പിമ്പ് അങ്ങനെ എന്തെങ്കിലുമൊക്കെയാണ് എന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഈ നാട്ടില്‍ എനിക്കുണ്ട് എന്നത് തന്നെ.

വിശുദ്ധ ഖുറാന്‍ :
അള്ളാഹു എന്നാണ് രചൈതാവിന്റെ നാമം .ആരാധകര്‍ സര്‍വശക്തന്‍, ഏക ദൈവം എന്നുള്ള അനോണി നാമങ്ങളും നല്‍കിയിട്ടുണ്ട് .നേരിട്ട് കക്ഷി ആളുകളുമായി ഇടപെട്ട് അറിവില്ല .പ്രവാചകന്മാര്‍ ,മലക്കുകള്‍ (മാലാഖമാര്‍) എന്നിവര്‍ വഴിയാണ് ഇദ്ദേഹത്തിന്റെ രചനകള്‍ ലോകം കാണുന്നത് .
വിലാസം: ഭൂമി ഉണ്ടാകും മുന്‍പ് ജലത്തിന് മുകളില്‍ സിംഹാസനത്തിലായിരുന്നു താമസം .അതിനു ശേഷം ആളുടെ താമസം സ്വര്‍ഗത്തിലേക്ക് മാറ്റി എന്ന് പറയപ്പെടുന്നു.

ഒന്‍പത് ആണിയിളകിയ കുരിശുകള്‍
:
പണ്ട് നോട്ടിരട്ടിപ്പിനും , ധനകാര്യ സ്ഥാപനം നടത്തി ആളുകളെ പറ്റിച്ചതിനും കുടുമ്പത്തോടെ അകത്ത് കിടന്ന സംഭവത്തെ നല്ല വൃത്തിയായി റബ്ബര്‍ പാല് മുക്കി വെളുപ്പിച്ച് സ്വാതന്ത്ര്യ സമര ചരിത്രമാക്കിയ ഈ ഉജ്ജ്വല ഗ്രന്ഥത്തിന്റെ രചൈതാവ് 'മലയാള ഭാഷയുടെ എന്തോ വാഴക്കുലയായ കുളത്തില്‍ ഔതക്കുട്ടിച്ചായന്‍' എന്ന് സ്വയം പരിചയപ്പെടുത്തുന്ന കുളത്തില്‍ ഔതക്കുട്ടിയാണ് .കുഴലൂത്ത് ,കൂലിയെഴുത്ത്, ജാല്‍റ കൊട്ടല്‍ തുടങ്ങിയ കലകളില്‍ ശ്രീ മാത്യു ഊത്ത്പുരക്കല്‍ ഉത്പടെ പലരുടെയും ഗുരു കൂടിയാണ് ശ്രീ ഔത .

ഭഗവത്‌ ഗീത :
ഗ്രന്ഥ കര്‍ത്താവ് മി ശ്രീകൃഷ്ണന്‍ .ജനാര്‍ദ്ധനന്‍ ,പത്മനാഭന്‍ ,ഹരി ,വിഷ്ണു അങ്ങനെ ഒട്ടനവധി അനോണി നാമങ്ങളില്‍ ബ്ലോഗുകള്‍ ഉള്ള ആളാണ്‌ കക്ഷി.പുള്ളിയുടെ സ്ഥിരം വിലാസം തപ്പിപിടിക്കുന്നത് ചടങ്ങാണ്. ആദ്യ കാലത്ത് അമ്പാടിയിലും,പിന്നെ മധുരയിലും,ഒടുവില്‍ ജരാസന്ധനെ പേടിച്ചു അവിടുന്ന് മുങ്ങി ദ്വാരകയിലുമായിട്ടായിരുന്നു താമസം. ദ്വാപര യുഗത്തിന്റെ അവസാനത്തിലാണ് ഇദ്ദേഹത്തിന്റെ പ്രധാന രചനകള്‍ പുറത്ത്‌ വരുന്നത് .

തരളിത രാവ് :ഒരു വേശ്യയുടെ ഒരു ദിനം
രചൈതാവ് മാപ്രാണം മാതു. വിലാസത്തിനേക്കാള്‍ നിനക്കൊക്കെ താത്പര്യം വൈറ്റല്‍ സ്റ്റാറ്റിസ്സ്റ്റിക്സ്സില്‍ ആയിരിക്കുമല്ലോ? ദാ പിടിച്ചോ മുപ്പത്തിയാറ്-ഇരുപത്തിനാല് -മുപ്പത്തിയാറ്. (ഞാന്‍ നേരിട്ട് പോയി അളവെടുത്തോ എന്ന് ഏതെങ്കിലും കൂറയ്ക്ക് സംശയം തോന്നിയാല്‍ ...പറയാന്‍ സൌകര്യമില്ല .കാരണം അത്രയും വിശദ വിവരങ്ങള്‍ അറിഞ്ഞിട്ട്‌ നീയൊന്നും വായനാ സുഖം ഒണ്ടാക്കണ്ട)

ബൈബിള്‍ :
രചൈതാവ് സഖാവ് ക്രിസ്തു . യേശു ക്രിസ്തു , ജീസസ്സ് , നസേറത്തിന്റെ രാജാവ് അങ്ങനെ ഒട്ടനവധി അനോണി നാമങ്ങളുടെ ഉടമ. ജനനം ജെറുസലേമിലെ ഒരു പുല്‍ക്കൂട്ടില്‍. കൌമാരം,യൌവനാരംഭം ഈ കാലഘട്ടങ്ങളില്‍ പുള്ളി തീര്‍ത്തും അനോണിയായിരുന്നു(ഇനി അത് കൊണ്ട് ബൈബിള്‍ വായിക്കുന്ന എതവന്റെയെങ്കിലും വായനാ സുഖം കുറഞ്ഞ് പോയാല്‍, ഗൂഗിളില്‍ ഒരു പരാതി കൊടുത്ത് നോക്ക്. ആ വിവരങ്ങളും അവന്മാര്‍ തരുമോ എന്ന് നോക്കാമല്ലോ).

ഇത്രയൊക്കെ വിവരങ്ങള്‍ ലഭിച്ചതിനു ശേഷം മേല്‍പ്പറഞ്ഞ ഗ്രന്ഥങ്ങള്‍ വായിച്ചിട്ട് എന്തെങ്കിലും വ്യതാസം അനുഭവപ്പെട്ടോ എന്ന് അറിയിക്കുമല്ലോ.

വൈകാതെ വീണ്ടും കാണാം

എ കെ

Thursday, May 14, 2009

ജന ഗണ മന...

ജന ഗണ മന രണ്‍ ഹേ... 'രണ്‍' എന്ന പുതിയ റാം ഗോപാല്‍ വര്‍മ്മ ചിത്രത്തിലെ ഗാനം ആരഭിക്കുന്നത് ഈ വരികളിലാണ്. 'ഹേ വിധാതാവേ ,ജനങ്ങളുടെ മനസ്സില്‍ നടക്കുന്ന യുദ്ധത്തില്‍ ഭാരതം മുറിവേറ്റ് കിടക്കുന്നു' എന്ന അര്‍ത്ഥമുള്ള വരികള്‍.
ചിത്രത്തിന്‍റെ പബ്ലിസിറ്റിക്ക് കൂടിയാണ് ഇത്തരത്തില്‍ ഒരു അവതരണ ഗാനം തിരഞ്ഞെടുത്തത് എന്ന് റാം ഗോപാല്‍ വര്‍മ്മ തന്നെ സമ്മതിക്കുന്നുണ്ട്. പക്ഷേ ഭാരതത്തിലെ മാധ്യമങ്ങളുടെയും രാഷ്ട്രീയത്തിന്റെയും പരസ്പരമുള്ള 'കൈയ്യും കൈയ്യുറയും' ബന്ധം പ്രതിപാദിക്കുന്ന ചിത്രത്തില്‍ നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥ വ്യക്തമായും വിളിച്ചു പറയുന്നുണ്ട് എന്നാണ്‌ ആ ഗാനത്തിന്റെ വരികള്‍ വായിക്കുന്ന,സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും തോന്നുക.ആ തോന്നലിനു നേരെ ഉയര്‍ന്ന ഒരു ചോദ്യമാണ് 'അപ്പോള്‍ ദേശിയ ഗാനത്തെ അപമാനിക്കാന്‍ ആര്‍ക്കും അധികാരമുണ്ടോ?' എന്നത്.

ഇല്ല എന്നാണ്‌ ഉത്തരം .പക്ഷേ അതിനൊപ്പം കൂട്ടിച്ചേര്‍ക്കേണ്ട മറ്റൊന്ന് കൂടിയുണ്ട്. 'രണ്'ലെ അവതരണ ഗാനം,ദേശീയ ഗാനത്തെ ഒരു തരത്തിലും അപമാനിക്കുന്നില്ല. മറിച്ച്,എനിക്ക് തോന്നിയത് ഈ ഗാനം കേട്ടാല്‍ നമ്മുടെ ദേശിയ ഗാനത്തിലെ വരികളുടെ പ്രസക്തി ഒന്ന് കൂടി വര്‍ദ്ധിക്കുന്നതായിട്ടാണ്.കാരണം 'ജന ഗണ മന'യില്‍ നിന്നും 'ജന ഗണ മന രണി' ലേക്കുള്ള നമ്മുടെ നാടിന്റെ പ്രയാണം എത്ര വേഗത്തിലാണ് എന്ന് അത് ഓര്‍മിപ്പിക്കും.

വാദത്തിന് വേണ്ടി റാം ഗോപാല്‍ വര്‍മ്മ ചിത്രത്തിന്‍റെ തരം താഴ്ന്ന പബ്ലിസിറ്റിക്ക് വേണ്ടിയാണ്, ഭാരതത്തിലെ ജനങ്ങളുടെ ആവേശമായ ഈ ഗാനത്തെ ഇപ്രകാരം രൂപമാറ്റം വരുത്തി അവതരിപ്പിച്ചത് എന്ന് സമ്മതിക്കാം.പക്ഷേ ചില ചോദ്യങ്ങള്‍ അപ്പോഴും ഉത്തരമില്ലാതെ നില്‍ക്കുന്നു.

1 ) വേണ്ട കാര്യത്തിന് പ്രതികരിക്കാന്‍ ഉപയോഗിക്കേണ്ട ഊര്‍ജ്ജം ഇത്തരം "മൃദുല"വികാരങ്ങളുടെ വൃണപ്പെടുത്തലിനെതിരെ പ്രതികരിച്ച് കളയുന്ന,സ്വന്തമായ ചിന്താ ശേഷിയില്ലാത്ത ജനങ്ങള്‍ക്ക്‌ നമ്മുടെ നാട്ടില്‍ ക്ഷാമമില്ല എന്ന് മനസിലാക്കി, ആ സാഹചര്യം കച്ചവട ലാഭത്തിന് വേണ്ടി വൃത്തിയായി ഉപയോഗിച്ച റാം ഗോപാല്‍ വര്‍മ്മയോ,അതോ ഇങ്ങനെ എന്തെങ്കിലും കേട്ടാല്‍ ഉടന്‍ കോലംക്കത്തിക്കാന്‍ ചാടിപ്പുറപ്പെടുന്ന പ്രസ്തുത ജനങ്ങളോ ഇവിടെ യഥാര്‍ത്ഥ പ്രതികള്‍?2) വൃത്തികെട്ട പബ്ലിസിറ്റിക്ക് പുറത്ത്‌ സുപ്പര്‍ ഹിറ്റായ 'ഏക്‌ ചോട്ടീ സീ ലവ് സ്റ്റോറി' മുതല്‍ 'ശ്രീശാന്തിന്റെ തൊലിയുരിക്കുക,ബോളിവുഡ് സിനിമാതാരങ്ങള്‍ ഷെയ്ന്‍ വോണുമായി കിടക്ക പങ്കിട്ടോ എന്ന് അന്വേഷിക്കുക,ഷാരുഖ് ഖാന്‍ എന്ന നടന്‍റെ വാനര സമാനമായ ചപലതകളെ വിമര്‍ശിച്ച്/കൈയ്യടിച്ച് സമയം കൊല്ലുന്ന വാദപ്രതിവാദങ്ങള്‍ നടത്തുക' എന്നിവ മാത്രമായി അധഃപതിച്ച ക്രിക്കറ്റ്‌ വരെ നമ്മുടെ നാട്ടിലെ ജനങ്ങളുടെ പരോനിയന്ത്രണപ്രാര്‍ത്ഥിയായ മനോനിലക്ക് ഉത്തമ ദൃഷ്ടാന്തങ്ങളല്ലേ?ഇഷ്ടതാരത്തിന്റെ പരസ്യം കണ്ട് മാത്രം കീടനാശിനിയായ് വരെ ഉപയോഗിക്കാവുന്ന കോളയുടെ സ്ഥിരം ഉപഭോക്താവായ് വിനോദ വ്യവസായ വലയില്‍ കുടുങ്ങിക്കിടക്കുന്ന പ്രേക്ഷകനില്‍ മാത്രം അവസാനിക്കുന്നില്ല ഈ അവസ്ഥ.

ഏറെ കൊട്ടി ഘോഷിക്കപ്പെട്ട തിരഞ്ഞെടുപ്പ് എന്ന് ജനാധിപത്യ സംവിധാനത്തെ പൂര്‍ണ്ണമായും അപഹാസ്യമാക്കുന്ന തരത്തില്‍,സ്വന്തം ജന്മ നാട്ടില്‍പ്പോലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധൈര്യമില്ലാതിരുന്ന ഭീരുക്കളും,മത്സരിച്ച് വൃത്തിയായി തോറ്റ ശേഷം 'മാനം ഏത് കടയില്‍ക്കിട്ടുന്ന പലഹാരമാണ്?" എന്ന് ചോദിക്കുന്നവരും,നമ്മുടെ ഭരണാധികാരികളായി വന്നേക്കാം. ഒപ്പം ശരിക്കുള്ള ജനകീയ അവബോധം കുറച്ചെങ്കിലുമുള്ള ഏതെങ്കിലും അന്യ രാജ്യത്തായിരുന്നുവെങ്കില്‍,ജയിലിടിഞ്ഞാലും പുറത്തു വരാത്ത ശിക്ഷ ലഭിക്കുന്നവരും കണ്ടേക്കാം.ജനങ്ങളില്‍ ആരെങ്കിലും 'ഇതിന് വേണ്ടിയായിരുന്നെങ്കില്‍ പിന്നെ എന്തിനായിരുന്നു ഒരു മാസക്കാലം തിരഞ്ഞെടുപ്പ് എന്ന പേരില്‍ ഞങ്ങളുടെ സമയവും,ഞങ്ങള്‍ നികുതിയായി അടച്ച പണവും പാഴാക്കിയത്?' എന്ന് ചോദിക്കും മുന്‍പ് തന്നെ മാധ്യമങ്ങള്‍ ഒരേ സ്വരത്തില്‍ അധികാരത്തില്‍ വന്ന പരാദങ്ങളുടെ ഗുണങ്ങള്‍ വാഴ്ത്തിപ്പാടും. അത് കൊണ്ടും അടങ്ങാതവരുണ്ടെങ്കില്‍,അധികാരത്തിലേറിയവര്‍ക്ക് പകരം വരുവാന്‍ സാധ്യതയുണ്ടായിരുന്നവര്‍ ഇതിലും കൊള്ളരുതാത്തവരാണ് എന്ന ഭയം കാട്ടി നിശബ്ദരാക്കും. ( മെയ്‌ പതിനാറിനു മിക്കവാറും ഈ അവസ്ഥ നമ്മുടെ പ്രബുദ്ധ ജനത നിറകണ്ണുകളോടെ കാണാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞിട്ടുണ്ട്).

അഗ്നിവലയത്തില്‍ അലറി വിളിക്കുന്നതിനെപ്പോലും രക്ഷിക്കാന്‍ ആളില്ലാത്ത, സ്വപ്നാടനത്തിലോ,ഒന്ന് കൂടിക്കടന്ന് ഭ്രമകല്‍പ്പനയിലോ ജീവിക്കുന്ന ഭാരതത്തിലെ പ്രസ്തുത ഭൂരിപക്ഷത്തിനെയാണ് 'രണ്‍' എന്ന ചിത്രത്തിലെ അവതരണ ഗാനം വരച്ചു കാട്ടുന്നത് എന്നാണു എനിക്ക് ആ വരികളില്‍ നിന്നും മനസിലായത്.

ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേല്‍ക്കാന്‍ പോലും തയ്യാറാവാത്ത ലാലൂ പ്രസാദിനെയും അദ്ദേഹത്തിന്‍റെ പത്നിയേയും, ദേശിയ ഗാനാലാപനത്തില്‍ അമേരിക്കന്‍ രീതി കൊണ്ട് വരാന്‍ വെമ്പുന്ന ശശി തരൂരിനെയും ഇവിടുത്തെ ജനത ഒരുളുപ്പുമില്ലാതെ കേന്ദ്ര മന്ത്രിമാര്‍ മുതല്‍ രാജാക്കന്മാര്‍ വരെ ആക്കിയെക്കും.അതേ ജനത തന്നെ നല്ല ഉദ്ദേശത്തില്‍ എഴുതപ്പെട്ട ഒരു പാട്ടിന്റെയും,ലേഖനത്തിന്റെയും പിന്നാലെ മാധ്യമ മൃതഭോജികളും,രാഷ്ട്രീയ രക്ഷസുകളും പറയുന്നത് കേട്ട് നാടിന് തീ കൊളുത്തുകയും ചെയ്യും.

ഒപ്പം മറ്റുള്ളവര്‍ക്ക് യഥേഷ്ടം നിയന്ത്രിക്കാന്‍ വിട്ടു കൊടുക്കുന്ന ബുദ്ധിയും, സ്വന്തം തലച്ചോറിലുള്ള അവിശ്വാസവും ഭരിക്കുന്ന ഭാരത ജനത തന്നെയല്ലേ യാതൊരു പ്രാധാന്യവും സത്യത്തില്‍ അര്‍ഹിക്കാത്ത വിഷയങ്ങളെ, വിഷമമേതുമില്ലാതെ മതവിദ്വേഷവും,വര്‍ഗീയ കലാപങ്ങളും, രാഷ്ട്രീയക്കുരുതികളുമായി നിസാര ഭാവത്തില്‍ വളര്‍ത്തുവാന്‍ തത്പര കക്ഷികളെ സഹായിക്കുന്നത്?അതെയെന്നാണ്‌ എന്‍റെ ഉറച്ച വിശ്വാസം.നിങ്ങളുടെത് തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്.

പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ചിത്രങ്ങളിലെ "വേണ്ടപ്പെട്ട "ഭാഗങ്ങള്‍ സ്വയം ആസ്വദിച്ചതിന് ശേഷം ഭാരതത്തിന്റെ സദാചാരത്തെ കൂട്ട്‌ പിടിച്ച്,ജനതയ്ക്ക് ആ ഭാഗങ്ങള്‍ കാണാനുള്ള അവസരം നിഷേധിക്കുന്നു എന്ന ആരോപണം നേരിടുന്ന(ബേസിക്ക് ഇന്‍സ്‌റ്റിക്ന്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ ചില്ലറ നിരാശയല്ലേ തിയറ്ററില്‍ എനിക്ക് തന്നത്) സെന്‍സര്‍ ബോര്‍ഡോ,സിനിമാ വ്യവസായികളോ പറയുന്നത് മാത്രം കേട്ട് പ്രതിഷേധം ഉയര്‍ത്തി നമ്മുടെ സമയം കളയേണ്ട ഒന്നാണോ 'രണ്'ലെ ഗാനം എന്ന്, ആ വരികള്‍ വായിച്ച ശേഷം,നിങ്ങള്‍ തന്നെ തീരുമാനമെടുക്കുക.

Wednesday, May 13, 2009

ഒരു നീല സാഹിത്യകാരന്‍റെ ഡൈലെമ.

ബഹുമാനപ്പെട്ട മുതലാളി,
'കാത്തിരുന്ന കമ്പനം' എന്ന നോവലിനും,കഴിഞ്ഞ ആഴ്ച്ച താങ്കളുടെ 'ഹാര്‍ഡീ ബുക്സ് പുറത്തിറക്കിയ 'പത്രത്താളുകളിലെ ഇക്കിളി വാര്‍ത്തകള്‍' എന്ന ചെറുകഥാ സമാഹാരത്തിനും ശേഷം ഞാന്‍ വീണ്ടും ശക്തമായ തിരിച്ച് വരവിന് ഒരുങ്ങുകയാണ് എന്ന വിവരം അതിസന്തോഷത്തോടെ തന്നെ താങ്കളെ അറിയിക്കട്ടേ.

മുതലാളി വിചാരിക്കുന്നുണ്ടാകും ഇടയ്ക്കിടെ എഴുത്ത് നിറുത്തി എന്ന് കുവുകയും,രണ്ടാം പക്കം വീണ്ടും രണ്ടു കൈയ്യും കൊണ്ട് എഴുതിത്തുടങ്ങുകയും ചെയ്യുന്ന ഞാന്‍ ഒരു മാനസിക രോഗിയാണെന്ന്.അല്ല മുതാളി അല്ല!!!ഇതൊക്കെ ഒരു 'വ്യ'സനസ്സ് ട്രിക്കല്ലേ?

നീല എഴുതി എഴുതി നാട്ടുകാര്‍ക്ക് എന്‍റെ എഴുത്ത് 'ബുള്ളറ്റ്‌'.'ഗ്രനൈഡ്' തുടങ്ങിയ കൊച്ചു പുസ്തകങ്ങളെക്കാള്‍ പ്രിയങ്കരമാകുമ്പോള്‍,ഒരു എഴുത്തുകാരനെന്ന നിലക്ക് ഞാനൊരു വി കെ എന്നും, ആനന്ദും ഒക്കെയാണെന്ന് എനിക്ക് തന്നെ തോന്നും. അങ്ങിനെയൊരു കുഴപ്പം മാത്രമേ എനിക്കുള്ളൂ.ഇത്തരം തോന്നലുകള്‍ വന്നാലുടന്‍ ഞാന്‍ ശുദ്ധ നര്‍മ്മവും,ആധുനിക കഥയും ഒക്കെ പരീക്ഷിച്ച് തുടങ്ങും.ഹാര്‍ഡീ ബുക്സ് ഗോഡൌണുകളില്‍ ചിതല്‍പ്പുറ്റുകള്‍ക്കിടയില്‍ മറഞ്ഞ് കിടക്കുന്ന'ഡാഫിനിയുടെ ക്രിസ്തുമസ്സ്' , 'ഡാഫിനിയുടെ പ്രണയിയുടെ ക്രിസ്തുമസ്സ്','ഡാഫിനിയുടെ ഇച്ചായന്റെ ക്രിസ്തുമസ്സ്' എന്നീ രചനകള്‍ എന്നിലിടക്കിടെ തല പൊക്കുന്ന ഈ സാഹിത്യ തീക്ഷണതയുടെ ചില സാമ്പിള്‍ വെടിക്കെട്ടുകള്‍ മാത്രമേ ആകുന്നുള്ളൂ.

എന്‍റെ മേല്‍പ്പറഞ്ഞത്‌ പോലെയുള്ള രചനകള്‍ കെട്ടിക്കിടന്ന് കെട്ടുപാടകുമ്പോള്‍ 'നിനക്ക് തുണ്ട് സാഹിത്യം തന്നെയാടാ പറ്റിയ പണി' എന്ന് മുതലാളി പറയും.ആ വാക്കുകള്‍ എന്‍റെ ഉള്ളിത്തൊലി വികാരത്തെ മാന്തിക്കീറും. മുതലാളിയുടെ വാദം തെറ്റാണെന്ന് സ്ഥാപിക്കാന്‍ ഞാന്‍ 'സിനിമാ നിരൂപണം' 'ആധുനിക ബുദ്ധി ജീവികളെ വിമര്‍ശിക്കല്‍','തരികിട കവിതകള്‍' എന്നിവയുമായി ഇറങ്ങും.ഒടുവില്‍ അങ്ങോട്ട്‌ കാശ് കൊടുത്താലും വായനക്കാര്‍ അവയൊന്നും വായിക്കാതാകുന്ന അവസ്ഥയില്‍, ഞാന്‍ എടുക്കുന്ന അവസാന നമ്പരുകളില്‍ ഒന്നാണ് 'എഴുത്ത് നിറുത്താന്‍ പോകുന്നു' എന്ന പരസ്യം.

മുതലാളിക്ക് ഓര്‍മ്മ കാണും പണ്ട് 'സൈമണ്‍ന്‍റെ എം എം എസ് ക്ലിപ്പുകള്‍' ,'തവള്‍മംഗലം ഗാനവിമര്‍ശനം', 'അക്കാദമിയിലെ അക്കാമ്മ' എന്നീ കൃതികള്‍ക്ക് ശേഷം,വീട്ടിലേക്ക് വന്ന കത്തുകളില്‍ ചിലത് പൊട്ടിച്ചു വായിച്ച എന്‍റെ മാതാപിതാക്കള്‍ 'എന്തിനാടാ വയസു കാലത്ത് ഞങ്ങളെ ദൃഷ്ടിക്ക് കണ്ടിട്ടില്ലാത്തവരുടെ പുളിച്ച തെറി കേള്‍പ്പിക്കുന്നത്' എന്ന് ഒരേ സ്വരത്തില്‍ ചോദിച്ചതിനെ തുടര്‍ന്നാണ്‌ ഞാന്‍ ആദ്യമായി എഴുത്ത് നിറുത്താന്‍ പോകുന്നു എന്ന പരസ്യം ചെയ്യുന്നത്.
പിന്നെ ഉണ്ടായത് ചരിത്രമാണ്. ഞാന്‍ എഴുത്ത് നിറുത്തിയില്ല എന്ന് മാത്രമല്ല തുടര്‍ന്നെഴുതിയ ചവറുകള്‍ സുപ്പര്‍ ഹിറ്റ് എന്ന് കുറെ അധികം അലവലാതികളെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്തു.

അല്‍പ്പകാലത്തിന് ശേഷം അല്‍പ്പത്തരം പിന്നെയും എന്നില്‍ ഏറിയപ്പോള്‍ ,ഞാന്‍ 'ഇനി ഞാന്‍ എഴുത്ത് തുടരണോ?' എന്ന അഭിപ്രയ സര്‍വ്വേ മുതലാളിയെക്കൊണ്ട് നടത്തിച്ചതിന്റെ കഥകളും മുതലാളിക്കറിയാത്തതല്ല.എങ്കിലും ഒന്ന് ഓര്‍മിപ്പിക്കുന്നു. 'കളഞ്ഞിട്ട് പോയെടാ കോപ്പേ' ,'നീ എഴുത്ത് നിറുത്തിയാല്‍ ഭാഷാ മലിനീകരണം അത്രയും കുറയും','എഴുത്ത് നിറുത്തിയാല്‍ നിനക്ക് കാള പൂട്ടാന്‍ ആയിരപ്പറ കണ്ടം ഞാന്‍ കാശ് മുടക്കി വാങ്ങിത്തരാം' എന്നിങ്ങനെയുള്ള കത്തുകള്‍ കുന്ന് കൂടി മുതലാളിക്ക് ഓഫീസ്‌ മുറിയില്‍ കയറാന്‍ പറ്റാത്ത സ്ഥിതിയായെങ്കിലും ഞാന്‍ വിട്ടോ?ബലൂച്ചിസ്ഥാന്‍, ഫിജി ദ്വീപുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പോലും ആരാധകര്‍ കോടിക്കണക്കിനാണ് ദിവസവും കത്തുകളിലൂടെയും, ഫോണിലൂടെയും ഞാന്‍ എഴുത്ത് നിറുത്തിയാല്‍ അവര്‍ 'സ്വയം കൊളുത്തി മരിക്കും' 'മലയാള ഭാഷയെ കൊന്നു കളയും' തുടങ്ങിയ ഭീഷിണികള്‍ അറിയിക്കുന്നത് എന്ന് പരസ്യം നല്‍കി അനസ്യൂതം എഴുത്ത് തുടര്‍ന്നില്ലേ?

വീണ്ടും സിനിമാ നിരൂപണം, 'ഏതവനാടാ ഹിന്ദുസ്ഥാന്‍ മുക്കുവ ചാളകളെ ഭയം?','ഇക്കിളി നടിയുടെ മാമോദിസാ',അങ്ങനെ വെടിക്കെട്ട് രചനകളുമായി രണ്ടര മാസം.പക്ഷേ അതിനിടക്ക് ആശയ ദാരിദ്ര്യം.എന്ത് ചെയ്യുമെന്ന് പറ?ഈ ദാരിദ്ര്യം കാരണമാണ്,പെട്ടന്നുണ്ടായ ഒരു വിഭ്രാന്തിയില്‍,വീണ്ടും എഴുത്ത് നിറുത്താന്‍ പോകുന്നു എന്ന് ഞാന്‍ അലമുറയിട്ടത്. പക്ഷേ ഇത്തവണ നമ്പര്‍ ഏറ്റില്ല.

വിഭ്രാന്തി മാറിയപ്പോള്‍, ഇത്തവണ എനിക്ക് ‍ തിരിച്ച് വരാനുള്ള ഒരു വഴിമരുന്നാകുമോ എന്നറിയാന്‍ വേണ്ടിയാണ്,ഞാനാ ചെറുകഥാ സമാഹാരം ഒരു ടെസ്റ്റ് ഡോസ് എന്ന നിലയില്‍ പ്രസിദ്ധീകരിക്കാന്‍ മുതലാളിയോട് പറഞ്ഞത്.
അതിനും പ്രതികരണം മോശം.അത് കൊണ്ട് യാതൊരു പ്രകോപനവും ഇല്ലാതെ തന്നെ ഞാന്‍ എന്‍റെ തുണ്ട് ഭൂമിയിലേക്ക് മടങ്ങി വരാന്‍ തീരുമാനിച്ചു.

എങ്കിലും ചുമ്മാ അങ്ങനെ വരുന്നത് മോശമല്ലേ എന്നോര്‍ത്ത് മുതലാളി ടെന്‍ഷന്‍ അടിക്കണ്ട. ഈ കത്തിനൊപ്പം 'ആഞ്ജലീനാ ജോലിയുടെ വാവ എനിക്കെഴുതിയ കത്ത്' ഒരെണ്ണം ഞാന്‍ തന്നെ എഴുതി വെച്ചിട്ടുണ്ട്. തത്കാലം,ഞാന്‍ എഴുത്ത് ഇത്തവണ നിറുത്താത്തത് ഈ കത്ത് കാരണമാണ് എന്ന് നമുക്ക് പരസ്യം ചെയ്യാം. വല്ലവനും ചോദിച്ചാല്‍ 'നര്‍മ്മത്തെ നര്‍മ്മമായി കാണാന്‍ പഠിക്കു' എന്ന് മുതലാളി നെഞ്ച്ചും വിരിച്ചു നിന്ന് പറഞ്ഞോ.എന്നിട്ട് അടുത്തയാഴ്ച്ച നമുക്ക് 'മാതാമഹന്റെ മാരകേളി' എന്നൊരു സാധനം പുറത്തിറക്കാം. ഇത് സുപ്പര്‍ ഹിറ്റാകും...മൂന്ന് തരം.

ഇനി അഥവാ ഒരുത്തനും അത് വായിച്ചില്ലെങ്കില്‍, എന്‍റെ 'ചെങ്കല്‍ചൂളയിലെ ട്രാഫിക്ക്‌ ജാം' എന്ന സാമൂഹിക വിമര്‍ശന ലേഖനം ഏതെങ്കിലും വാരികയില്‍ അച്ചടിപ്പിക്കാം.അതോടെ നമ്മുടെ കച്ചവടം കുറച്ചു കാലത്തേക്ക് കൂടി പുഷ്പ്പിക്കും.എങ്ങനെയുണ്ട് ഐഡിയ?
രാത്രി വണ്ടിക്ക് ഞാന്‍ അങ്ങെത്തും...

എന്ന് സ്വന്തം,

നീല്‍ തോമാ

Monday, May 11, 2009

മാന്ദ്യ കാലത്തെ പത്രധര്‍മ്മം

പ്രിയപ്പെട്ട എ കെ 47 'ഗു'ടുമ്പാഗങ്ങളേ,

പാമ്പുകടിക്കാനായിട്ടുള്ള ഈ മാന്ദ്യം കാരണം പത്രത്തിന് ലഭിക്കുന്ന പരസ്യക്കാശ് ഗണ്യമായി കുറഞ്ഞിരിക്കുന്നു. അനുദിനം കുറഞ്ഞ് കൊണ്ടുമിരിക്കുന്നു (ഈ മാന്ദ്യം കണ്ടു പിടിച്ചവനെ മടലിനടിക്കണം). നമ്മുടെ നാട്ടിലെ 'ചാ'മ്പത്തിക ശാസ്ത്രജ്ഞ്ന്‍മാര്‍ വിശകലനം നടത്തി ,നടത്തി ഈ മാന്ദ്യം പോയി അടുത്തത് വന്നാലും അവന്‍മാര്‍ അറിയുന്ന മട്ടില്ല.
ചുരുക്കത്തില്‍ നമ്മുടെ കാര്യം നമ്മള്‍ തന്നെ നോക്കണം എന്ന അവസ്ഥ സംജാതമായിരിക്കുന്നു.അക്കാരണത്താല്‍ തന്നെ പത്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചില പ്രത്യേക നയങ്ങള്‍ രൂപികരിക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു .

താഴെ അക്കമിട്ടു പറയുന്ന നിര്‍ദ്ദേശങ്ങള്‍ ഇന്ന് മുതല്‍ ,പത്രത്തിലെ സകല കൂലിയെഴുത്തുകാരും കര്‍ശനമായി നടപ്പാക്കേണ്ടതാണ് എന്ന് ഇതിനാല്‍ സകലവനെയും അറിയിച്ചിരിക്കുന്നു.

1) വീടും കുടിയും എന്ന പ്രത്യേക പതിപ്പിന്റെ 'ലേഖന്‍' പുംഗന്‍മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.
മേലാല്‍ 'സ്ഥലത്തിന്റെ വില ഇനിയും കുറയും ,കുറച്ചു കാലം കൂടി കാത്തിരുന്നിട്ട് മതി നിക്ഷേപം' എന്നെങ്ങാനും എഴുതുന്നവന്റെ കൈ ഞാന്‍ വെട്ടും,പറഞ്ഞേക്കാം. 'നാനോ വില്ലകള്‍,ഫ്ലാറ്റുകള്‍,സ്ഥലം ഇവയൊക്കെ ഇന്ന് തന്നെ ബാങ്ക് വായ്പ എടുത്താണേലും വാങ്ങിയില്ലേല്‍ ഭാവിയില്‍ ദുഖിക്കേണ്ടി വരും'എന്ന് വേണം ഇന്ന് മുതല്‍ എഴുതാന്‍. ഇതിനൊക്കെ ഡിമാണ്ട് കൂടിയാലെ നമുക്ക് വില്ല,ഫ്ലാറ്റ്‌ , റിയല്‍ എസറ്റേറ്റ് ,ന്യൂ ജനറേഷന്‍ ബാങ്കുകള്‍ തുടങ്ങിയവയുടെ പരസ്യം വരൂ. (ബാങ്ക് അടവ് മുടങ്ങി,വാങ്ങിയവന്റെ ഫ്ലാറ്റോ വില്ലയോ,സ്ഥലമോ ,ജപ്തി ചെയ്ത് പോയാലും,നിനക്കൊന്നും ഒരു നഷ്ടവും ഇല്ലല്ലോ? അത് കൊണ്ട് ചുമ്മാ എഴുതിക്കോ).

2) ബിസിനസ്‌ പേജ്‌ കൈകാര്യം ചെയ്യുന്ന ഊളന്‍മാരേ...
'ഓഹരി വിപണി മൂക്കും കുത്തി വീണു','വിപണിയില്‍ കരടികളുടെ വിളയാട്ടം', ഇങ്ങനൊക്കെ എഴുതിക്കോ,ഒരു വിരോധവുമില്ല (അല്ലേലും ഓഹരി വിപണിയില്‍ ഗൌരവമായി കളിക്കുന്നവന്മാര്‍ നീയൊക്കെ എഴുതുന്ന ചവറ് വായിക്കാനിരിക്കുകയല്ലേ? അവന്മ്മാര്‍ വല്ല ബിസിനസ്സ് ടൈംസോ മറ്റോ വായിച്ച് കാര്യങ്ങള്‍ അറിഞ്ഞോളും). പക്ഷേ കഴിഞ്ഞയാഴ്ച്ച,'സ്വര്‍ണ്ണം തൊട്ടാല്‍ പൊള്ളുന്നു' എഴുതിയ അവിരാക്കുട്ടി,ഈ സര്‍ക്കുലര്‍ കിട്ടിയാലുടന്‍ എന്റെ ഓഫീസിലോട്ട് പോന്നേക്കണം(ശരിയാക്കിത്തരാമെടാ നിന്നെ!!!).
അഭരണക്കടക്കാരും നമ്മുടെ പത്രവും തമ്മിലുള്ള പരിശുദ്ധ 916 ബന്ധത്തെക്കുറിച്ച് നിനക്കൊക്കെ ഞാന്‍ ഇനി പ്രത്യേകം ക്ലാസ്‌ എടുക്കണോടാ ഊപ്പകളേ?സ്വര്‍ണത്തിന് തീ വിലയാണ് എന്ന് നീയൊക്കെ എഴുതിപ്പിടിപ്പിച്ച്, ജ്യുവലറീകളില്‍ ജനം കയറാതായാല്‍,നമുക്ക് ലക്ഷങ്ങളാണ് പരസ്യ ഇനത്തില്‍ നഷ്ടം.അങ്ങനെ വന്നാല്‍ നിനക്കൊക്കെ മാമുണ്ണാന്‍ 'ച'മ്പളം ഞാനെന്നാ റബറ് വിറ്റ് തരണോ ?
അത് കൊണ്ട് 'സ്വര്‍ണത്തിന് ഇനിയും വിലകൂടും. ഇന്ന് തന്നെ സുരക്ഷിതമായ നിക്ഷേപത്തിനായി സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കു.' എന്നൊക്കെ വേണം ഇന്ന് മുതല്‍ എഴുതാന്‍.കൂടാതെ 'ലോക രാഷ്ട്രങ്ങള്‍ ഉപഗ്രഹങ്ങളുടെ നട്ടും ബോള്‍ട്ടും ഉണ്ടാക്കാന്‍ സ്വര്‍ണ്ണം കിട്ടാതെ വിഷമിക്കുന്നതിനാല്‍ അതിന്റെ വില ഈ നൂറ്റാണ്ടിലെ കുറയില്ല' തുടങ്ങിയ ശാസ്ത്ര ലേഖനങ്ങളും കാച്ചിക്കോ.ജനം ഓടി നടന്ന് നിക്ഷേപിച്ചോളും.
കൂടെ നമ്മുടെ ഫാഷന്‍ ട്രെന്‍ഡ് പംക്തിയില്‍ കിളിപോലുള്ള നാല് പെണ്കൊച്ചുങ്ങളെ നിരത്തി 'റെയില്‍ പാലം മോഡല്‍ മാല' , 'ക്രിക്കറ്റ്‌ ബാള്‍ മോഡല്‍ കമ്മല്‍' തുടങ്ങിയ നാല് പുതിയ ആഭരണ ഡിസൈനും കടക്കാരോട് ചോദിച്ചു വാങ്ങി കൊടുത്താല്‍, എല്ലാം വെടിപ്പാകും.

പിന്നെ കാറുകളുടെ കാര്യം.ഏഴ് ലക്ഷത്തിന് മുകളിലോട്ടുള്ള കാറുകളുടെ പരസ്യങ്ങള്‍ കുറേക്കാലത്തേക്ക് ഇനി അപൂര്‍വ്വമായിട്ടേ വരു.അതു കൊണ്ട് നമുക്ക് ഒരു ഒന്ന്-അഞ്ച് റേഞ്ചില്‍ ഇറങ്ങുന്നവയെ പിടിക്കാം.ഒള്ളതാവട്ടെ. മാസം 'വെറും അയ്യായിരം രൂപ ഇ എം ഐ' തുടങ്ങിയ പരസ്യങ്ങള്‍ കാറുകള്‍ക്ക് ഫിനാന്‍സ്‌ ചെയ്യുന്ന ബാങ്കുകള്‍ വരെ തന്നോളും.മാന്ദ്യം ശരിക്കങ്ങോട്ട് പിടിച്ചാല്‍ 'മാസം ഒരു അയ്യായിരം രൂപ കിട്ടിയിരുന്നേല്‍ വീട്ടിലോട്ട് അരി വാങ്ങാമായിരുന്നു' എന്ന അവസ്ഥയില്‍ നാട്ടില്‍ മിക്കവനും എത്തും എന്ന കാര്യം തത്കാലം മിണ്ടി പോകരുത് . നമുക്ക് കിട്ടാവുന്ന പരസ്യങ്ങള്‍ മുഴുവന്‍ കിട്ടി ,അതിന്റെ പിന്നാലെ പോയി തെണ്ടാനുള്ളവനൊക്കെ തെണ്ടിക്കഴിയുമ്പോള്‍ 'ആയ കാലത്ത് നോക്കി കണ്ട് ജീവിച്ചില്ലേല്‍ ഇങ്ങനിരിക്കും' എന്ന് നമുക്ക് അവന്‍റെയൊക്കെ കഥന കഥകള്‍ ഫീച്ചറായിട്ട് കൊടുക്കാം.

3) വിദ്യാഭ്യാസം/ജോലി ഒരരുക്കാക്കുന്ന മിടുക്കന്മാരെ...
ഈ ചീഫ്‌ എഡിറ്ററോട് സ്നേഹമുള്ളത് നിങ്ങള്‍ക്ക് മാത്രമാടാ പിള്ളാരെ. 'പുതിയ പഠന വിഷയങ്ങള്‍' , 'ജോലിയില്‍ നിന്നും മാന്ദ്യ കാലത്ത് പിരിച്ച് വിടപ്പെട്ടാല്‍ നിരാശരാവാതെ ഉന്നത വിദ്യാഭ്യാസത്തിന് ഈ സമയം വിനയോഗിക്കു' എന്നൊക്കെയുള്ള നിങ്ങളുടെ ലേഖനങ്ങള്‍ മാത്രം കൊണ്ട് പത്തുലക്ഷം രൂപേടെ പരസ്യമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കഴിഞ്ഞയാഴ്ച്ച നമുക്ക് തന്നത്.ഇനിയും പോരട്ടെ ഇങ്ങനെയുള്ള വെടിക്കെട്ട് ലേഖനങ്ങള്‍.'ജോലിയും കൂലിയും ഇല്ലാത്ത ഈ സമയത്ത് ഉന്നത വിദ്യാഭ്യാസത്തിന് നിന്‍റെ ഡാഡി തരുമോടാ കാശ്?'എന്നൊന്നും ഏതായാലും ഒരുത്തനും ഇവിടെ വന്ന് നിങ്ങളോട് ചോദിക്കുകേല. ധൈര്യമായിട്ട് മുന്നോട്ടു പോകിനെ പിള്ളേരെ.

തത്കാലം ഇത്രമാത്രം.ബാക്കി വഴിയെ...

ചീഫ് എഡിറ്റര്‍ .

എ കെ

Sunday, May 10, 2009

നാനാത്വത്തില്‍ ഏകത്ത്വം

ഒരേ കാര്യത്തില്‍ രണ്ട് തരം തീര്‍പ്പുകള്‍;ആളും തരവും അനുസരിച്ച് മാറുന്നവ. ഇവയെല്ലാം ശീലമാക്കി, സമാധനത്തോടെയാണ് ഭാരതത്തിലെ ജനത ജീവിക്കുന്നത് എന്നതിന് ചില ഉദാഹരണങ്ങള്‍ ഇതാ.
ഇത് തന്നെയല്ലേ നാനാത്വത്തില്‍ ഏകത്ത്വം എന്ന് നിങ്ങള്‍ തീരുമാനിക്കുക

1) രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രെസ്സില്‍ ഏത് സ്ഥാനത്തേക്ക് ഉയര്‍ന്നാലും അത് അവരുടെ ജന്മാവകാശം. കെ.കരുണാകരന്‍ മക്കള്‍ക്ക്‌ വേണ്ടി അരയോ മുറിയോ സീറ്റ് ചോദിച്ചാല്‍ അത് വിനാശകരമായ മക്കള്‍ രാഷ്ട്രീയം.

2) കെ ജേ യേശുദാസ്‌ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചു നിലവിളക്ക് കൊളുത്താന്‍ തന്റെ മതം തന്നെ അനുവദിക്കുന്നില്ല എന്ന് പറഞ്ഞ പി.കെ.കുഞ്ഞാലിക്കുട്ടി ഉഗ്രന്‍ മതേതരവാദി.ഒന്‍പത് കൊല്ലം വിചാരണയില്ലാതെ ജയിലില്‍ കിടന്നു നരകിച്ച മദനി മത തീവ്രവാദി.

3) പെണ്‍കുട്ടികള്‍ സ്ലീവ്‌ലെസ്സുമിട്ടു ബാറില്‍ പോയാല്‍ കുറ്റം. ഭാരതത്തിന്റെ സദാചാരം അതോടെ കപ്പല് കയറും. തിരഞ്ഞെടുപ്പായാല്‍ വോട്ടു പിടിക്കാന്‍, മിനി സ്കേര്‍ട്ടിട്ട നായികമാരും, മസില്‍ നായകന്മാരും വേണം.മാത്രമല്ല ദൈനം ദിനം പെരുകുന്ന പീഡനങ്ങള്‍ കൊണ്ട് ഭരത്തത്തിന്റെ സദാചാരം വെരി ഹാപ്പി എന്ന മട്ടും

4) ഒട്ടോവിയ കൊത്വറോക്കിയെ ഡല്‍ഹിയിലെ എ ജി കുറ്റ വിമുക്തനാക്കിയാല്‍ അത് നിയമം. കേരളത്തില്‍ പിണറായി വിജയനെ പ്രോസിക്ക്യൂട്ട് ചെയ്യേണ്ടാ എന്ന് ഇവിടുത്തെ 'ലാക്കല്‍' എ ജി പറഞ്ഞാല്‍ അത് വഴി വിട്ട കളി.

5) പരമോന്നത കോടതി ശിക്ഷ വിധിച്ച അഫ്സല്‍ ഗുരു എന്ന ഹറാമ്പിറപ്പിനെ തൂക്കിക്കൊല്ലാന്‍ നൂറ് പ്രശ്നങ്ങള്‍.ഒരു പാവം അഹമ്മദിനെയോ മുഹമ്മദിനെയോ എത്ര ദിവസം വേണമെങ്കിലും വിചാരണ കൂടാതെ തടവില്‍ വെയ്ക്കാന്‍ നോ പ്രോബ്ലം.ചോദിച്ചാല്‍ തീവ്രവാദി ബന്ധം എന്ന സംശയം.

6) മന്ത്രിപുത്രന്മാര്‍ക്ക് എന്തുമാകാം. അറസ്റ്റ് ചെയേണ്ട കേസ് വന്നാല്‍പ്പോലും ആഭ്യന്തര മന്ത്രിയുടെ പുത്രന്റെ താമസസ്ഥലം അറിയില്ല എന്ന് പോലീസ്‌ കോടതിയില്‍ മൊഴി നല്‍കും. ഒരുത്തന്‍ ഹെല്‍മെറ്റ്‌ വെയ്ക്കാതെ വണ്ടിയോടിച്ചാല്‍ അവനെ എറിഞ്ഞ് വീഴത്തിയാണെങ്കിലും പെറ്റി കൃത്യമായി അടിച്ചിരുക്കും.

7) ജഗദീഷ് ടൈറ്റ്ലറും,സര്‍ദാര്‍ കൂട്ടക്കൊലയെ 'വന്മരം വീഴുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണം' എന്ന് വ്യാഖ്യാനിച്ച രാജീവ്‌ ഗാന്ധിയും മാന്യന്മാര്‍. നരേന്ദ്ര മോഡി നരഹത്യയുടെ അപ്പോസ്തലന്‍.

8) ജനാധിപത്യ വ്യവസ്ഥയില്‍ വോട്ടു ചെയ്യാത്തവനോക്കെ നീചന്മാര്‍ എന്ന് പ്രചരണം. തിരഞ്ഞെടുപ്പില്‍ അന്തസായി തോറ്റ ശിവരാജ്‌ പാട്ടിലിനെപ്പോലുള്ളവര്‍,വോട്ടു ചെയ്തവന്മാരെ ഉടുതുണി പൊക്കി കാണിക്കുമ്പോലെ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായാല്‍,അത് ജനാധിപത്യം.

ഇങ്ങനെയൊക്കെ ഒരേ പന്തിയില്‍ പല വിളമ്പുമായി,ഇതാണ് നാനാത്വത്തില്‍ ഏകത്ത്വം എന്ന് വിശ്വസിക്കുന്ന ഭാരതത്തില്‍, ഏകീകൃത സിവില്‍ കോഡ് എന്ന് ബഹളം വെയ്ക്കുന്ന അരാഷ്ട്രീയവാദികളെ, ഈ സുന്ദര സുരഭില വ്യവസ്ഥിതിയെ നശിപ്പിക്കാന്‍ നിങ്ങളെ അനുവദിക്കില്ല തന്നെ.

ആകാശവാണി: തത്വത്തിലെ ഏകീകൃത സിവില്‍ കോഡുമായി ഈ പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും പ്രത്യക്ഷ ബന്ധമില്ല.പക്ഷേ,ഈ കാര്യങ്ങള്‍ നടപ്പാക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലാത്ത ഒരു വ്യവസ്ഥയില്‍ ഏകീകൃത സിവില്‍ കോഡോ? നോക്കിയിരുന്നാല്‍ മതി.

Saturday, May 9, 2009

ബ്ലോഗിങ്ങ്‌ മുട്ടന്‍ പ്രതിസന്ധിയില്‍

"അണ്ണാ മലയാളം ബ്ലോഗിങ്ങ്‌ രംഗത്ത്‌ മുറ്റ് പ്രതിസന്ധിയാണെന്ന് കേട്ടത് ഒള്ളത് തന്നെ?" എന്ന ചോദ്യവുമായി മാഞ്ഞാലിക്കുളം രായന്‍ (ഹിയര്‍ ആഫ്റ്റര്‍ ടു ബി റെഫേര്‍ഡ് ആസ് 'മാക്കുരാ') കടന്ന് വന്നപ്പോള്‍, അന്ന് ബ്ലോഗിലൂടെ ബഹുജനത്തെ എങ്ങനെ പ്രബുദ്ധരാക്കം എന്ന് ചിന്താ ഡോട്ട് കോമായി ഇരിക്കുകയായിരുന്ന എ കെ.ചോദ്യം കേട്ട്, കലശലായ ഞെട്ടല്‍ ,കൈ കാല്‍ വിറയല്‍,തളര്‍ച്ച എന്നിവക്കായി ഒരു അഞ്ച് മിനിറ്റ് നീക്കി വെയ്ക്കാന്‍ താത്പര്യമില്ലാതിരുന്നതിനാല്‍,മാക്കുരായെ മറുചോദ്യത്താല്‍ നേരിട്ടു"അപ്പടീന്ന് യെവന്‍ സൊന്നാ?"
മാക്കുരാ:"പത്രത്തിലൊണ്ട്. മെട്രോ മനോരമേല്"

എ കെ: "എന്തോന്ന്?"

മാക്കുര: "സാമ്പത്തിക മാന്ന്യം കാരണം പത്രങ്ങളൊക്കെ അണ്ഡം കീറി നില്‍ക്കുകയും ബ്ലോഗുകള്‍ ജനപ്രിയ മാധ്യമങ്ങളാവുകയും ചെയ്യണോണ്ട്, ലവറ്റകളെ മുഖ്യധാരയിലേക്ക് കൊണ്ട് വരണം എന്ന്. തന്നീമല്ല, ബ്ലോഗിങ്ങില്‍ വളരെ നിര്‍ണ്ണായകമായ ചില നിയമങ്ങളും, നിര്‍വചനങ്ങളും ഒക്കെ ഒണ്ടാക്കണം എന്ന്"

എ കെ: "ബാക്കി ഞാന്‍ പറയാമടേ...ഒരു ഗതിയും പരഗതിയുമില്ലാത്ത എഴുത്തുകാരുടെ സൃഷ്ടികള്‍ വെളിച്ചം കാണാന്‍ ഉള്ള മാധ്യമം എന്ന നിലയില്‍ ബ്ലോഗുകള്‍ ഇനിയും ഏറെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു,നിയമങ്ങളും കിടുപിടിയും ഇല്ലാത്തത് വല്യ പ്രശ്നമാണ് എന്നൊക്കെയല്ലേ?"

മാക്കുരാ:"തള്ളേ!!! അണ്ണന്‍ ഇന്നത്തെ മെട്രോ മനോരമ വായിച്ചാ?"

എ കെ:" ഇത് അറിയാന്‍ പത്രം വായിക്കേണ്ട കാര്യമില്ലെടാ.മീന്‍ ചാടിയാല്‍ എവിടം വരെ ചാടും എന്ന് നമുക്കറിയരുതോ? മനോരമക്ക് മാത്രമല്ല,മാതൃഭൂമിക്കും, ദേശാഭിമാനിക്കും ഒക്കെ മലയാളം ബ്ലോഗുകളെക്കുറിച്ചുള്ള ആശങ്കകള്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി.പത്രക്കച്ചവടത്തിന്റെ കാര്യത്തില്‍ കീരിയും പാമ്പും ആണെങ്കിലും ഈ കാര്യത്തില്‍ സാറന്‍മാരെല്ലാം ഒറ്റക്കെട്ടാ. ഈ ആഴ്ച്ചയില്‍ തന്നെ പത്രങ്ങളില്‍ ബ്ലോഗ്ഗുകളെ നന്നാക്കാനുള്ള ലേഖനം ഇത് മൂന്നാമത്തേതോ,നാലാമത്തേതോ ആണ്.എല്ലാവര്‍ക്കും പ്രധാനമായിട്ട് പറയാനുള്ളത് ബ്ലോഗില് നിയമവും മാര്‍ഗ്ഗ നിര്‍ദ്ദേശവും ഒക്കെ വേണമെന്ന്.നമ്മുടെ നാട്ടിലെ പത്രങ്ങള്‍ തന്നെ ഇത് പറയണം "

മാക്കുരാ:"അതെന്തോന്നണ്ണാ ഒരു ജാതി കൊള്ളി വെച്ച വര്‍ത്തമാനങ്ങള്?ബ്ലോഗിലെ പയലുകള് നല്ല പൊളപ്പനായിട്ട് വരെട്ടെന്നും പറഞ്ഞല്ലേ ഈ പത്രങ്ങളൊക്കെ ബ്ലോഗില് നിയമങ്ങളൊക്കെ വെച്ച് അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരണോന്ന് പറയണത്"

എ കെ:"തന്നെ?എന്തോ;എനിക്കങ്ങനെ തോന്നിയിട്ടില്ല ഇത് വരെ.ഡേയ്. ഈ പറയണ നിയമങ്ങളുണ്ടല്ലോ...ബ്ലോഗിലുണ്ടാക്കുന്നതിന് മുന്‍പേ വാര്‍ത്താ മാധ്യമങ്ങളില്‍ ഉണ്ട്.തീരെ നിസാരമായ,ഒരു അപകടത്തില്‍ മരിച്ചയാളുടെ പേരും വിവരങ്ങളും അയാളുടെ ബന്ധുക്കള്‍ അധികൃതര്‍ വഴി അറിയും വരെ പുറത്താക്കില്ല എന്ന സാമാന്യ മര്യാദ ലോകത്ത് പലയിടത്തും പത്രങ്ങളും, ചാനലുകളും ഒക്കെ പാലിക്കാറുണ്ട്.നമ്മുടെ നാട്ടിലോ?"

മാക്കുരാ:"അതണ്ണാ ഹോട്ട് ന്യൂസ്‌..."

എ കെ:"ആ ഒരു സാമാന്യ മര്യാദ പോലും പാലിക്കാതെ വാര്‍ത്തകള്‍ പടച്ചു വിടുന്ന പത്രങ്ങള്‍,ബ്ലോഗില്‍ മര്യാദയും നിയമവും വേണമെന്ന് പറഞ്ഞാല്‍...കൊഞ്ചം ഓവറാ തെരിയലേ?"

മാക്കുരാ:" അല്ലണ്ണാ...ബ്ലോഗില്‍ എഴുതുന്നതിന് ഒരു വ്യവസ്ഥയൊക്കെ വേണം എന്നേ പത്രങ്ങള്‍ പറഞ്ഞിട്ടുള്ളൂ"

എ കെ :"തീക്ക് ശുദ്ധവും അശുദ്ധവും ഇല്ലാത്തത് പോലെ എഴുത്തിന് വ്യവസ്ഥയും ഇല്ലടെ. അത്‌ എഴുതുന്നവന്റെ സ്വാതന്ത്ര്യമാണ്. പിന്നെ വാദത്തിനു വേണ്ടി നിയമം വേണമെന്ന് സമ്മതിച്ചാല്‍ തന്നെ ...ബ്ലോഗില്‍,അതെഴുതുന്നവന്‍ താമസിക്കുന്ന നാട്ടിലെ നിയമവും, ബ്ലോഗ്‌ എഴുതാന്‍ സൌകര്യം ചെയ്ത്‌ കൊടുക്കുന്ന ഗൂഗിളിന്റെയും,വേര്‍ഡ്‌ പ്രെസ്സിന്റെയും ഒക്കെ മാര്‍ഗ്ഗരേഖകളും മാത്രമേ അനുസ്സരിക്കേണ്ട കാര്യമുള്ളൂ."

മാക്കുരാ:"അപ്പോള്‍ ഈ പത്രങ്ങള്‍..."

എ കെ :"പോകാന്‍ പറയടെ. ഇപ്പൊ മനോരമെന്നോ,മാതൃഭൂമീന്നോ വിളിച്ചിട്ട് നാളെ എന്‍റെ ബ്ലോഗില്‍ ഞാന്‍ എന്തെഴുതണം എന്ന് എന്നോട് പറഞ്ഞാല്‍,മാന്യമായ ഭാഷയില്‍ 'നരകത്തിലേക്ക് ചെല്ലൂ ബ്രദര്‍' എന്ന് എന്നെക്കൊണ്ട് പറയാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ബ്ലോഗ്‌ എങ്ങനാടാ സ്വന്തന്ത്ര മാധ്യമം ആകുന്നത്?"

മാക്കുരാ:"അപ്പൊ അവരുടെ ഉദ്ദേശം മലയാളം ബ്ലോഗുകളെ അവരുടെ വരുതിക്ക് വരുത്താനാണോ?"

എ കെ:"ഇത് വരെ മലയാള പത്രങ്ങളില്‍ ബ്ലോഗുകളെക്കുറിച്ച് വന്നിട്ടുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍ എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്.ഈ മലയാളം ബ്ലോഗ്‌ എഴുതുന്നവരൊക്കെ കേരളത്തില്‍ ആയിരുന്നെങ്കില്‍ പത്രക്കാര് സാറന്മാര്‍ ഒരു പക്ഷേ ഇതിന് മുന്‍പേ നിയമങ്ങള്‍ സര്‍ക്കാരു വഴിയും, കോടതി വഴിയും കൊണ്ട് വരീച്ചേനേ.ഇപ്പൊ അത്‌ നടക്കാത്തത് കൊണ്ട് , ആഴ്ച്ചയില്‍ ഒരിക്കല്‍ വീതം അവര്‍ 'ബ്ലോഗര്‍ പാലിക്കേണ്ട മര്യാദ' , 'ഈ ആഴ്ച്ചയിലെ മികച്ച ബ്ലോഗ്‌' എന്നൊക്കെ ഓരോന്ന് പടച്ച് വിടും. അവന്മാര്‍ക്കറിയാം ,പാവം മലയാളിയല്ലേ,കുറെ കഴിയുമ്പോള്‍ അവന്മാര്‍ പറയുന്നത് മാര്‍ഗ്ഗരേഖയായി താനേ കരുതിക്കോളും എന്ന്. ചില ഹിന്ദി സിനിമാ പ്രസിദ്ധീകരണങ്ങള്‍ ചെയ്യുമ്പോലെ...വെടിയും പടയുമായി എല്ലാ വര്‍ഷവും മുഖ്യധാര സിനിമക്ക് അവാര്‍ഡുകള്‍ കൊടുക്കും. എന്നിട്ട് അവരും, അവാര്‍ഡ്‌ വാങ്ങുന്ന കോഒരകളും കൂടി നടന്നു പറയും'ഇതാണ് അവാര്‍ഡ്‌. ഈ മാസികയില്‍ വരുന്നതാണ് സിനിമ വാര്‍ത്ത' എന്നൊക്കെ.കുറേക്കഴിയുമ്പോള്‍ ആ അവാര്‍ഡ്‌ കിട്ടാത്ത പടം നല്ല പടമല്ല,ആ മാസിക വിമര്‍ശിച്ച പടം തറ പടമായിരിക്കും, എന്നൊക്കെയുള്ള ധാരണ താനേ പരക്കും.ഒരു മൂടല്‍മഞ്ഞ് പോലെ. ഇതും അത്രക്കത്രേ ഉള്ളു."

മാക്കുരാ:"പറഞ്ഞു പറഞ്ഞു കള്ളം സത്യമാകുന്നത് പോലെ, അല്ലേയണ്ണാ?"
എ കെ:"ലത് തന്നെ കാര്യം. അല്ലടേ ...ഈ മര്യാദയും, നിയമങ്ങളും ഇല്ലാത്ത എഴുത്താണോ പ്രതിസന്ധിക്ക് കാരണം എന്ന് മനോരമ സാര്‍ പറയുന്നത്?"

മാക്കുരാ: "അല്ലണ്ണാ. വിവാദമാകുന്ന എഴുത്തുകള്‍ ബ്ലോഗറെ ഉണ്ട തീറ്റിക്കും എന്നൊക്കെ എഴുതിയിട്ടുണ്ട്"

എ കെ :"സത്യമാണ് എന്ന് തെളിയിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ എഴുതിയാല്‍ ചിലപ്പോള്‍ ഉണ്ട തിന്നേണ്ടി വരും.മറിച്ച് സത്യമാണെങ്കില്‍ അത്‌ എഴുതാന്‍ ഏതവനെ പേടിക്കാന്‍?ഇതാണോടെ മനോരമ ഗവേഷിച്ച് കണ്ടെത്തിയ പ്രതിസന്ധി?"
മാക്കുരാ:" എന്തോ...മഴയോ , വെയിലോ ,പ്രതിസന്ധിയോ പരീക്ഷണമോ അങ്ങനെ ഏതാണ്ടൊക്കെ സംഭവങ്ങളില്‍ കൂടി ബ്ലോഗ് കടന്ന് പോവുകയാണ് ...ചരിത്ര ദൌത്യമാണ് ബ്ലോഗര്‍മാര്‍ക്ക് ഉള്ളത് അങ്ങനെ ഏതാണ്ട് കൂടിയെല്ലാം എഴുതീട്ടൊണ്ട്."

എ കെ:"ചുരുക്കത്തില്‍,പ്രതിസന്ധി എന്താണ് എന്ന് വ്യക്തമായി പറഞ്ഞിട്ടില്ല, അല്ലേ?"

മാക്കുരാ:" ഇല്ല"

എ കെ:"എന്‍റെ നാക്കില്‍ നല്ല തെറിയാണ് വരുന്നത്.വീട്ടിലുള്ളവര്‍ കേള്‍ക്കും.നമുക്ക് ഈ വിഷയം വിടാമെടെ."

Thursday, May 7, 2009

ഹതാശനായ ഒരു മോഹന്‍ലാല്‍ ഫാന്‍

ഇന്നലെ നാട്ടിലെത്തി. റെഡ് ചില്ലീസ് തുടങ്ങി ലാലേട്ടന്റെ പടങ്ങള്‍ കണ്ട് തുടങ്ങണം എന്നായിരുന്നു ആഗ്രഹം.തിയറ്ററുകാര്‍ പന്നകള്‍ പറ്റിച്ച് കളഞ്ഞു. പോസ്റ്ററുകളില്‍ 'അന്‍പതാം ദിവസം' , 'അഴകിന്റെ മഹാ വിജയം' എന്നൊക്കെ എഴുതിയിരിക്കുന്നത് കണ്ടാണ്‌ അങ്ങോട്ട്‌ കെട്ടിയെടുത്തത്. അവിടെ ചെന്നപ്പോള്‍ നാല് തിയറ്റര്‍ ഉള്ള കോംപ്ലെക്സില്‍ ഒരിടത്ത് പോലും പടമില്ല. ചോദിച്ചപ്പോള്‍ അവന്മാര്‍ പറയുകയാണ്‌ "അനിയാ അന്‍പതാം ദിവസത്തെ പോസ്റ്റര്‍ അടിക്കാന്‍ നാല്‍പ്പത്തിമൂന്ന് ദിവസം ആ പടം ഇവിടെ പെട്ടി തിയറ്ററില്‍ ഓടിച്ച പാട് നമുക്കറിയാം.അവസാനം 'ഇങ്ങോട്ട് കാശ് തന്നാലും ഇനി ഇതിവിടെ വേണ്ടാ' എന്ന് പറഞ്ഞപ്പോഴാണ് അവന്മാര്‍ അതെടുത്തോണ്ട് പോയത്"എന്ന്.
കണ്ട്രി ഫെലോസ്!!!ഇവന്‍റെയൊക്കെ ലൈസെന്‍സ്‌ എടുത്ത്‌ കളയണം. കാണാന്‍ ആളില്ലെങ്കിലെന്ത്?അക്ഷരാത്ഥത്തില്‍ ആയിരം ആനക്ക് സമനായ ലാലേട്ടനില്ലേ പടത്തില്‍.

തിയറ്ററുകാര്‍ പോട്ടെ, കേരളത്തിലെ ഡോഗ്സിന് ചുമ്മാ വന്നിരുന്നു പടം കണ്ടാല്‍ എന്താ കുഴപ്പം?
വിഷമം മറ്റാന്‍ നാലെണ്ണം അടിച്ചിട്ട് ടു ഹരിഹര്‍ നഗര്‍ കാണാന്‍ കയറി. പരമ ബോറ് പടം.എന്‍റെ കൂടെ പടം കാണാന്‍ വന്ന എന്‍റെ ഫസ്റ്റ് കസിന്‍,സെക്കന്റ്‌ കസിന്‍,തേര്‍ഡ് കസിന്‍,എന്‍റെ വല്യപ്പന്‍,ഇളയപ്പന്‍,അയല്‍വക്കത്തെ ചാണ്ടി;ഇവര്‍ക്കെല്ലാം ഇതേ അഭിപ്രായമായിരുന്നു.സത്യം!!! വേണേ ചോദിച്ച് നോക്കിക്കോ.തിയറ്ററില്‍,ഹ്യുമര്‍ സെന്‍സില്ലാത്ത ബാക്കി മലയാളികള്‍ കിടന്ന് തല തല്ലി ചിരിച്ചത് കാരണം ഉറങ്ങാനും പറ്റിയില്ല. വൃത്തികെട്ടവന്മാര്‍, ഇവനെയൊക്കെ പിടിച്ച് കെട്ടിയിട്ട്, ലവ് ഇന്‍ സിംഗപൂര്‍ നാല് വട്ടം കാണിക്കണം.

പിറ്റേ ദിവസം,അടിച്ച് പാമ്പായി സെക്കന്റ് ഷോ സാഗര്‍ അലിയാസ് ജാക്കി കാണാന്‍ പോയി. തിയറ്ററില്‍ ഞാന്‍ മാത്രമെ കാണു എന്നല്ലേ വിചാരിച്ചത്. മണ്ണ് നുള്ളിയിട്ടാല്‍ താഴെ വീഴാന്‍ സ്ഥലമില്ലായിരുന്നു. കാറ് പിന്നെ തമ്പാനൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ രണ്ടു സുപ്പര്‍ സുപ്പര്‍ ഫാസ്റ്റുകള്‍ക്കിടയിലാണ് പാര്‍ക്ക്‌ ചെയ്തത്.
ബാല്‍ക്കണി ഫുള്‍ (സത്യമായിട്ടും ഉള്ളിലെ ഫുള്ളിന്റെ പച്ചയില്‍ ആളൊന്നിനെ പത്തായി കണ്ടതല്ല).

പിന്നെ പടം;എന്നാ പടമാ!!!സ്റ്റൈല്‍ വഴിഞ്ഞൊഴുകുന്നത് കണ്ട് ഞാന്‍ 'സ്റ്റൈല് സ്റ്റൈല് താന്‍ . നീ സുപ്പര്‍ സ്റ്റൈല് താന്‍' എന്ന് പാടിപ്പോയി. ഭാവനയുടെ ആ പാട്ട് അത്ര പോര (അതിലും ഭാവനയാണ് പോരാത്തത് ലലേട്ടനല്ല കേട്ടോ).ബാക്കിയൊക്കെ ശരിക്കും സ്റ്റൈലിഷ്.അല്ലാതെ കഥയില്ല ,കൊണാപ്പില്ല എന്നൊന്ന് പറയേണ്ട ഒരു കാര്യവുമില്ല.
തമിഴും, ഇംഗ്ലീഷും പടങ്ങള്‍ കഥയും കുന്തവുമില്ലാതെ കണ്ട് നീയൊക്കെ സ്റ്റൈല്‍ എന്നുമ്പറഞ്ഞ് കൈയ്യടിക്കുമല്ലോ?പിന്നെ ഇതും വന്നു കണ്ടാല്‍ എന്താ കുഴപ്പം? ഈ കാണിച്ചതിനും സ്റ്റൈല്‍ എന്ന് പറയുമോന്ന് ചോദിച്ചാല്‍, അമല്‍ നീരദും ലാലേട്ടനും കൂടി ഇതാണ് സ്റ്റൈല്‍ എന്ന് പറഞ്ഞാല്‍ അങ്ങോട്ട്‌ വിശ്വസിച്ചോണം.
ഇത്രയും സ്റ്റൈല്‍ ഉള്ളപ്പൊ,എന്തിനാടാ പന്ന മലയാളികളെ കഥയും കോപ്പുമൊക്കെ?ഇനി തമിഴിലും ,ഇംഗ്ലീഷിലും സ്റ്റൈലിഷ് പടങ്ങളിലെ നായകന്മാര്‍ നീര് വന്ന നീര്‍നായെപ്പോലെയല്ല ഇരിക്കുന്നത് എന്നും പറഞ്ഞോണ്ട് ഒരുത്തനും വന്നേക്കരുത്. ലാലേട്ടന് ഇത്രയൊക്കെ പറ്റു.നാല്‍പ്പത്തിയന്ച്ച് രൂപാ കൈയ്യീന്ന് മുടക്കി, രണ്ടര മണിക്കൂര്‍ ലാലേട്ടന്റെ ആ അലങ്കരിച്ച കൂടാരം പോലുള്ള ശരീരത്തിന്റെ ദിവ്യദര്‍ശനം സ്ക്രീനില്‍ കാണുന്നതില്‍ പരമൊരു ഭാഗ്യം വേറെ എന്തോ ഒണ്ട്?

സാഗര്‍ അലിയാസ് ജാക്കിയെക്കുറിച്ച് രണ്ട് വാക്ക് കൂടി പറയാതെ നിറുത്താന്‍ തോന്നുന്നില്ല. പൂര്‍ണ്ണമായും യുവാക്കളെ ഉദ്ദേശിച്ചു എടുത്ത ഒരു പടം. പിന്നെ കയറുന്ന പിള്ളാരൊക്കെ കൂവുന്നത്...അവന്മാരെ ഞങ്ങള്‍ യുവാക്കളായി കൂട്ടിയിട്ടില്ല. മാത്രമല്ല അവന്മാര്‍ക്ക് ലാലേട്ടന്റെ ശരീര സൌകുമാര്യത്തിലുള്ള അസൂയയാണ് ഈ കൂവലുകള്‍. ഹരിഹര്‍ നഗരിനു ഇവന്മാരൊന്നും കൂവാത്തതെന്താ? അതില്‍ ജാക്കിയെപ്പോലെ അത്ലറ്റിക്കായ ഒരു അണ്ടര്‍വേള്‍ഡ് ഡോണ്‍ ഇല്ല;അത് തന്നെ കാരണം.

'നായര്‍ സാനും' ,മുരളീ നാഗവള്ളിയുടെ 'അലക്ക്‌സാണ്ടര്‍ ദ ഗ്രേറ്റും' ഒന്നിറങ്ങിക്കോട്ടെടാ.എല്ലാവനെയും ഞങ്ങള്‍ പഠിപ്പിക്കുന്നുണ്ട്Wednesday, May 6, 2009

വനിതകള്‍ക്ക് മാത്രം.

ഇരുവശങ്ങളിലുമായി,'ലാ ബേല ദ്വൈവാരിക' 'ആയിരത്തി തൊള്ളായിരത്തി എഴുപത്തിയഞ്ച് മുതല്‍ കേരളത്തിലെ സ്ത്രീകളുടെ പ്രിയ തൊഴി(അക്ഷരപിശകാണ് 'തോഴി' എന്ന് തിരുത്തി വായിക്കുക)', തുടങ്ങിയ പാനല്‍ ബോര്‍ഡുകളും,മുഖചിത്രങ്ങളില്‍ മിന്നിമറഞ്ഞ സുന്ദരികളുടെ കൂറ്റന്‍ ചിത്രങ്ങളും അലങ്കരിക്കുന്ന ഇടനാഴിയിലൂടെ, ചീഫ് എഡിറ്ററുടെ ഓഫീസിലേക്ക് നടക്കുമ്പോള്‍ മിസ്സിസ് അക്കാമ്മ റപ്പായി ഒരു മൂളിപ്പാട്ട് പാടുന്നുണ്ടായിരുന്നു എന്ന് ചീഫ് എഡിറ്റര്‍ക്ക് ചായ കൊണ്ട് കൊടുത്ത് തിരികെ വന്ന ഓഫീസ് ബോയ്‌ ലാസര്‍ ആണയിടുന്നു.

അടഞ്ഞ വാതിലില്‍ മുട്ടിയപ്പോള്‍ അകത്ത് നിന്നും നേരത്ത്,തളര്‍ന്ന സ്വരത്തിലെ 'കമിന്‍' കേട്ട് അക്കാമ്മ ഒന്ന് പകച്ചു.വാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിച്ച അവര്‍ കണ്ടത്, വലിയ കണ്ണാടി മേശക്ക് പിന്നില്‍ കടലാസ് നിറത്തില്‍ വിളറി,അവശനായിരിക്കുന്ന ചീഫ് എഡിറ്റര്‍ എ കെയെയാണ്

"വരണം അക്കാമ്മ...ഇരിക്കണം' സാധാരണ കാണുമ്പോള്‍ പതിവുള്ള പുഞ്ചിരിയും ആക്രാന്തവും ഒന്നും എ കെയുടെ മുഖത്ത്‌ അന്ന് ഉണ്ടായിരുന്നില്ല.
" ഇതെന്നാ കോലമാ സാറേ? " അയാള്‍ക്ക് മുന്നിലെ കസേരകളിലൊന്നില്‍ നിറഞ്ഞിരുന്ന് അക്കാമ്മ ചോദിച്ചു. "ഒന്നും പറയണ്ട അക്കാമ്മേ.ലാ ബേലയുടെ കഴിഞ്ഞ ലക്കത്തില്‍ ഡയറ്റീഷ്യന്‍ ഗണപതി വൃകോദരന്‍ എഴുതിയ 'നിങ്ങളുടെ പ്രിയതമനും ഒരു മാസം കൊണ്ട് സൂര്യയും ,ഷാറൂഖും ഒക്കെയാവാം' എന്ന ലേഖനത്തിലെ ഡയറ്റ് പരീക്ഷിക്കുവാ ഞാനിപ്പോള്‍. ഒരാഴ്ച്ചയായി.വല്ലാത്ത ക്ഷീണം"
"കര്‍ത്താവേ...സാറല്ലാതെ ആരേലും ഈ സാഹസം കാണിക്കുവോ?ഒരാഴ്ച്ച കൂടി കഴിഞ്ഞായിരുന്നേല്‍ എഴുന്നേറ്റ് നടക്കാന്‍ പരസഹായം വേണ്ടി വന്നേനെ. ലാ ബേലയില്‍ എന്നായേലും കണ്ടാല്‍ എന്നെയൊന്നു വിളിച്ചു ചോദിച്ചിട്ട് വേണ്ടയോ പരീക്ഷണമൊക്കെ?" അക്കാമ്മ തലയില്‍ കൈ വെച്ചാണത് പറഞ്ഞത്
"അപ്പൊളാ തെണ്ടി എഴുതിപ്പിടിപ്പിച്ച ഡയറ്റ് ചാര്‍ട്ട്?"
"തവളയെ വിഴുങ്ങിയ ചേരപ്പാമ്പിനെക്കൂട്ട് നടക്കുന്ന അവനൊക്കെ എഴുതിയതും സാറ് കയറി പാലിച്ച് കളഞ്ഞല്ലോ"
"ആ ആദി പെരുച്ചാഴിയോട് പറഞ്ഞേരെ,കുറേ നാളത്തേക്ക് എന്‍റെ മുന്നില്‍ വന്ന് ചാടരുതെന്ന്.അവന്റെയമ്മുമ്മേടെ സിക്സ് പാക്ക് ... ആറായിട്ട് മുറിച്ച് പാക്ക് ചെയ്യും ഞാനവനെ "എ കെ പകയോടെ പറഞ്ഞു.
"സാറ് എഴുന്നേറ്റാട്ടെ.നമുക്ക് വല്ല ഹോട്ടലിലും പോകാം" അക്കാമ്മ പറഞ്ഞു
"ഇന്ന് അതിനൊന്നും വയ്യ,അക്കാമ്മേ" എ കെ കസേരയിലേക്ക് കൂടുതല്‍ ചാരിക്കിടന്നു.
"ഛേ,അതിനല്ല.നമുക്ക് പോയി വല്ലതും കഴിക്കാം"

വയറ് നിറച്ച് ആഹാരം കഴിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ തെല്ല് ആശ്വാസം തോന്നി.
"ഇനി ഓഫീസിലേക്ക് പോകണ്ട അക്കാമ്മേ. ഇവിടെ വെച്ച് തന്നെയായിക്കോട്ടേ ഹാഫ്‌ ഇയര്‍ലി റിപ്പോര്‍ട്ട്" ആഹാര ശേഷം മോണോഗ്രാംഡ് സിഗറെറ്റ് ഒന്നിന് തീ കൊളുത്തിയ എ കെ പറഞ്ഞു "മുപ്പത്തിയെട്ട് ലക്ഷം വായനക്കാര്‍, മാര്‍ക്കെറ്റിംഗ് ഇന്‍ഡെക്സ്‌ അതൊക്കെ ഞാന്‍ മെയിലില്‍ കണ്ടു. എന്തൊക്ക്യാ അടുത്ത ലക്കം സര്‍ക്കുലേഷന്‍ ബൂസ്റ്റ് ചെയ്യാന്‍ പുതിയ വിഭവങ്ങള്‍.അത് കേള്‍ക്കട്ടെ ആദ്യം"

അക്കാമ്മ :"മുഖചിത്രത്തില്‍ തന്നെ പുതുമയല്ലായോ?"

എ കെ :" അതെന്നാ , വെല്ല ലോക പ്രശസ്ത അവാര്‍ഡും വാങ്ങിയ പെമ്പട്ടിയാന്നോ ഇത്തവണ മോഡല്‍?"

അക്കാമ്മ:"ഈ സാറിന്റെ ഒരു കാര്യം. നമ്മുടെ നടി ഷിമി തോട്ടപ്പള്ളിയാ സാറേ.ഹിന്ദിപ്പടത്തില്‍ പോയ ശേഷം മലയാളത്തില്‍ കൊച്ചിന്റെ ആദ്യ മുഖചിത്രം ലാ ബേലയിലായിരിക്കും"

എ കെ :"പുതമ ,അല്ലേ? ...പിന്നെ?"

അക്കാമ്മ:" അടുത്തിടെ കല്യാണം കഴിഞ്ഞ നടി സുസന്നയും , ഭര്‍ത്താവ്‌ ഫയല്‍വാനും അവരുടെ പ്രണയ കാലത്തെ ഓര്‍മ്മകള്‍ വായനക്കാരുമായിട്ട് പങ്കു വെയ്ക്കുന്നു"

എ കെ :"പറയുന്നത് കേട്ടാല്‍ ലവനും,ലവളും ബാല്യകാലം തൊട്ടേ പ്രേമത്തിലായിരുന്നു എന്ന് തോന്നുമല്ലോ അക്കാമ്മേ?"

അക്കാമ്മ:"വായനക്കാര്‍ക്ക്‌ ഏതാണ്ട് അങ്ങനെയൊക്കെ തോന്നത്തക്ക രീതിയിലാവും നമ്മുടെ അവതരണം. അല്ലാതെ ഫയല്‍വാന്‍ ആദ്യ ഭാര്യയേയും കുട്ടികളെയും കളഞ്ഞിട്ട് ഇല്ലേ അവളുടെ കൂടെ ചാടി പോയതാണ് എന്ന് ഒള്ളത് ഒള്ളത് പോലെ പറഞ്ഞാല്‍,വായനക്കാര്‍ക്ക് ഒരു റൊമാന്‍സ് കിട്ടുവോന്നെ?"

എ കെ :"അതൊള്ളതാ ...പിന്നെന്തൊക്കെയാ ഐറ്റംസ്?"

അക്കാമ്മ:" പിന്നെ ബ്ലൌസിന്‍റെ കൂടെ പട്ടുപ്പാവാടക്ക് പകരം ജീന്‍സ്‌, സാരീടെ കൂടെ ബ്ലൌസിന്‌ പകരം ബോഡി ഹഗ്ഗിംഗ് ടീ ഷര്‍ട്ട് അങ്ങനെ കുറെ പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍.കൊച്ചി കാളിമാര്‍ വനിതാ കോളേജിലെ കുറെ പെമ്പിള്ളാര്‍ മോഡലുകളായിട്ട്"

എ കെ :"മാതാവേ!!!"

അക്കാമ്മ:"എന്നാ പറ്റി സാറേ?"

എ കെ :"ഓ...പുതിയ ട്രെന്‍ഡുകള്‍ ഇങ്ങനെ പെട്ടെന്ന് കേട്ടപ്പോള്‍ ഒരു ഷോക്ക്‌...ഉം ...അക്കാമ്മ പറഞ്ഞോ"

അക്കാമ്മ:"ഫിറ്റ്‌നെസ്സ്‌ ടിപ്പുകള്‍ ഈ ലക്കം എഴുതുന്നത്‌ ഡോക്ടര്‍ ചന്ദ്രദാസാണ് "

എ കെ:" സ്ഥിരമായിട്ട് ആള്‍ക്കാരെ ഫിറ്റാക്കുന്ന തെണ്ടിയെ പിരിച്ച് വിട്ടോ?"

അക്കാമ്മ:"ഇല്ല.ഡോക്ടര്‍ കാലന്‍ വര്‍ക്കി ആശുപത്രിയിലാ. കഴിഞ്ഞ ലക്കത്തില്‍ 'ത്രെഡ്‌മില്ലില്‍ അഞ്ച് മിനിട്ട് കൊണ്ട് ചുരുങ്ങിയത് രണ്ടു കിലോമീറ്റര്‍ ഓടണം' എന്ന് അതിയാന്‍ എഴുതിയായിരുന്നു.അത് വായിച്ചിട്ട് ചിലര്‍ ഒരു ത്രെഡ്‌മില്‍ വാങ്ങി വന്ന് അതിയാനെ പിടിച്ച് അതുത്തേല്‍ കേറ്റി അഞ്ച് മിനിട്ട് കൊണ്ട് രണ്ടു കിലോമീറ്റര്‍ ഓടിച്ചു. അതിയാന് ഇപ്പൊ രണ്ടു കാലും അനക്കാന്‍ മേല .പോരാത്തതിന് ബി പി യും ഷൂട്ട്‌ ചെയ്തു "

എ കെ :"പോക്ക്രിത്തരം കാണിക്കുവാന്നേലും അതിനൊരു മര്യാദയൊക്കെ വേണം.ഇല്ലേല്‍ ഇങ്ങനിരിക്കും...ഉം ...നെക്സ്റ്റ്‌?"

അക്കാമ്മ:" പിന്നെ സ്ഥിരം പംക്തികള്‍, സീരിയല്‍ നടി ചെമ്മനം സരസ്സുവിന്റെ കുടുമ്പ വിശേഷങ്ങള്‍,കൌമാരക്കാരികളുടെ അമ്മമാര്‍ അറിയാന്‍..."

എ കെ :"അപ്പോള്‍ നമ്മള്‍ കൌമാരക്കാരികളെയും വിടുകേല; ശരി,സ്ഥിരം അലുക്കുലുത്ത് വേറൊന്നുമില്ലയോ?"

അക്കാമ്മ:" ഉണ്ടല്ലോ...സെക്സിനെക്കുറിച്ചുള്ള പംക്തികള്‍"

എ കെ :"അക്കാമ്മയാന്നോ എഴുതുന്നേ...എന്നാല്‍ കലക്കും,ഒറപ്പാ"

കുലുങ്ങി ചിരിച്ച അക്കാമ്മ പെട്ടെന്ന് തന്നെ ചിരി നിറുത്തിയില്ലയിരുന്നുവെങ്കില്‍,നിറഞ്ഞ് തുളുമ്പിയതൊക്കെ കൈക്കുമ്പിളില്‍ കോരിയെടുക്കാന്‍ എ കെ ചാടി വീഴുമായിരുന്നു.

അക്കാമ്മ:" അതില്‍ തന്നേ പ്രധാനമായിട്ട് 'കെട്ടിയോനെ കിടപ്പറയില്‍ കെട്ടിയിട്ട് പടക്കുതിരയാക്കാന്‍ മുപ്പത് വഴികള്‍' എന്നൊരു ലേഖനമുണ്ട്. ഇടപ്പള്ളി ഗോമതി കുട്ടപ്പന്‍ എഴുതുന്നത്‌.അതാണ്‌ ഹൈ ലൈറ്റ് "

എ കെ :"അപ്പൊ ഈ മാസം കേരളത്തില്‍ ഡിവോര്‍സുകള്‍ എമ്പടി നടക്കും. കെട്ടിയോളന്മാര്‍ വധ ശ്രമം നടത്തി എന്ന കാരണത്തിന്. ആ പോട്ടെ...പാചക പംക്തി ഒന്നുമില്ലേ?"

അക്കാമ്മ:"പിന്നെ...സ്ഥിരം കോളമിസ്റ്റ് മിസിസ്സ് ആബിദാ കുഞ്ഞ് വക മത്തിയലുവ, ബീഫ് കേസരി, ഒതളങ്ങാ സ്ക്വാഷ്‌...അങ്ങനെ ഒരു പിടി"

എ കെ:" ഈ പെമ്പെറന്നോത്തി തന്നല്ലിയോ കഴിഞ്ഞ ലക്കം 'ചിക്കന്‍ ധിം തരികിട തോം' കുറിപ്പടി എഴുതിയത്"

അക്കാമ്മ:" അതേ...പരീക്ഷിച്ചായിരുന്നോ?"

എ കെ :"അമ്മച്ചി പറയുന്നത് കേട്ടു. രണ്ടു കിലോ കോഴിയെ വാങ്ങി ആ സാധനം വെച്ച ശേഷം ഞങ്ങളുടെ പുരയിടത്തിലെന്നല്ല അതിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെ എലികളെല്ലാം ചത്തു മലച്ചു എന്ന്"

അക്കാമ്മ:"പാചകത്തിന്റെ കാര്യം പറഞ്ഞപ്പോഴാ. സാറൊരു കല്യാണം കഴിക്കണം.എന്നിട്ട് വന്ന് കയറുന്ന പെണ്ണിനെ നമുക്ക് ഈ പാചക പംക്തിയങ്ങ് ഏല്‍പ്പിക്കാം. ആളെ കേരളത്തിന്‍റെ പാചക റാണിയായി വളര്‍ത്തിയെടുക്കുന്ന കാര്യം ഈ അക്കാമ്മ ഏറ്റു"

എ കെ:" ഓ, വേണ്ടക്കാമ്മേ. ഞാനിനി പെണ്ണ് കെട്ടിയാലും,അമ്മച്ചി അവളെ അതിനൊന്നും വിടുകേല.കുടുമ്പത്തിലെ ആണുങ്ങള്‍ തന്നെ പത്രം,മാസിക, ദ്വൈവാരിക, ചാനല്‍ അങ്ങനെ ജനദ്രോഹം ആവശ്യത്തിന് ചെയ്യുന്നുണ്ടെന്നാ അമ്മച്ചി പറയുന്നത്. അത് പോട്ടെ ...പുതിയ ലക്കം ലാ ബേല പതിനഞ്ചിന് തന്നല്ലിയോ ഇറങ്ങുന്നത്?"

അക്കാമ്മ:"അതേ."

എ കെ :"അപ്പൊ പതിനാറിന് പള്ളീ പോയി ഒന്ന് കുമ്പസാരിക്കണം. എന്നാലും ഈ പാപമൊക്കെ തീരുമോന്നാ ഇപ്പൊ എന്‍റെ സംശയം"

Tuesday, May 5, 2009

മാമാ വെങ്കിടി ഫ്രം സി ബി ഐ

ബഹുമാനപ്പെട്ട വെങ്കിടി സ്വാമിക്ക്,

തുടര്‍ച്ചയായ നാലാമത്തെ കത്താണിത്.ഇതും അവഗണിക്കാനാണ് നിങ്ങളുടെ പുറപ്പാടെങ്കില്‍ മറ്റു വഴികള്‍ വല്ലതും നോക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനാകും.

എന്‍റെ പേര് ഓടനാവട്ടം കാര്‍ത്തികേയന്‍.ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിരണ്ട് വരെ ഇന്ത്യയില്‍ കറിക്കത്തികള്‍ വില്‍പ്പനയായിരുന്നു.ഇപ്പോള്‍ ഇന്റര്‍പോള്‍ അലവലാതികള്‍ റെഡ് കോര്‍ണര്‍ നോട്ടിസ്സുമായി ലോകം മുഴുവന്‍ ഇട്ടോടിക്കുന്നു.ഇന്ത്യയുമായി എക്സ്‌ട്രഡിഷന്‍ ട്രീറ്റി ഇല്ലാത്ത രാജ്യങ്ങള്‍ തിരഞ്ഞ് കണ്ടു പിടിച്ച് നടന്നത് കാരണം ഇത്രകാലം രക്ഷപെട്ടു.പക്ഷെ ഇനി വയ്യ.എനിക്ക് മടുത്തു.അതു കൊണ്ടാണീ തുറന്ന കത്ത്.

എന്‍റെ പേരില്‍ ആ എന്തിരവന്മാര്‍ റെഡ് കോര്‍ണര്‍ നോട്ടിസ് ഇറക്കിയിരിക്കുന്നത് സാറന്മാര്‍ പണ്ട് ഇറക്കിയിട്ടുള്ള ഒരു അറസ്റ്റ്‌ വാറണ്ടിന്‍റെ പേരിലാണ്. ചരിത്രമൊക്കെ എല്ലാര്‍ക്കും അറിവുള്ളതാണ്.എങ്കിലും,ആവശ്യം എന്റെതായാതിനാല്‍ ഒരിക്കല്‍ക്കൂടി വിശദീകരിക്കാം.

എണ്‍പത്തിരണ്ടില്‍ ഞാന്‍ ഇട നിലക്കരനായി ഭാരത സര്‍ക്കാര്‍ സ്വീഡനുമായി ഒപ്പ് വെച്ച ബോസ്കോ കറിക്കത്തി, ചിരവ ഇടപാടില്‍ മുട്ടന്‍ അഴിമതി നടന്നിട്ടുണ്ട് എന്നതാണ് കേസ്. കുന്നങ്കുളത്തെ ഒരു കമ്പനി കൂടുതല്‍ മെച്ചപ്പെട്ട കത്തികളും , ചിരവകളും കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് കാലു പിടിച്ച് പറഞ്ഞിട്ടും ബന്ധപ്പെട്ടവരെ കാണേണ്ടത് പോലെ കണ്ട് ഞാന്‍ പ്രസ്തുത കരാര്‍ റാഞ്ചി എന്നതാണ് എന്‍റെ പേരിലുള്ള പ്രധാന ആരോപണം. അതുമായി ബന്ധപ്പെട്ടാണ് നിങ്ങള്‍ എനിക്കെതിരെ അറസ്റ്റ്‌ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.നേരത്തും കാലത്തും,രാജ്യസ്നേഹികളായ ചിലര്‍ അറിഞ്ഞ് സഹായിച്ചത് കൊണ്ട് അന്ന് എനിക്കവിടുന്ന് തടി കഴിച്ചിലാക്കാന്‍ സാധിച്ചു.

അറിവില്ലാത്തത് കൊണ്ട് ചോദിക്കുകയാണ്, ഭാരതം സ്വതന്ത്രമായതിനു ശേഷം നടക്കുന്ന ആദ്യത്തെ അഴിമതിയാണോ സാറന്മാരെ ബോസ്കോ?

അതു പോട്ടെ.ഇവിടെ വിഷയം അതല്ല. എന്‍റെ പ്രശ്നങ്ങള്‍ മൂന്നാണ്. ദയവു വിചാരിച്ച് ഇവയക്ക്‌ നിങ്ങളുടെ ചിരപരിചിത രീതികളാല്‍ എന്തെങ്കിലും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കണം. ഇക്കാര്യത്തില്‍ ഉപദേശം തരുവാന്‍ നിങ്ങള്‍ തന്നെയാണ് ഏറ്റവും യോഗ്യര്‍ എന്നാണ് എന്‍റെ വക്കീല്‍ പറയുന്നത്.

1) ലണ്ടന്‍ ബാങ്കില്‍ എന്‍റെ വകയായി ഒരു അമ്പതു മില്ലിയന്‍ പൌണ്ട് കിടപ്പുണ്ട്. നിങ്ങളുടെ അപേക്ഷ പ്രകാരം കഴുവേറികള്‍ ആ അക്കൌണ്ട് മരവിപ്പിച്ചിരിക്കുകയാണ്.അതൊന്ന് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഞാന്‍ എന്ത് ചെയ്യണം? ഡല്‍ഹിയിലെ അമ്പലം വിഴുങ്ങികള്‍ക്ക് ഇപ്പോള്‍ കൊടുത്തിട്ടുള്ള തുക തന്നെ മതിയോ,അതോ ഇതിന്റെ ഒരു ശതമാനം കൂടി കൊടുക്കണോ? അങ്ങനെ കൊടുത്താല്‍ നിങ്ങള്ക്ക് വല്ലതും അവന്മാരില്‍ നിന്ന് തടയുമോ? അതോ അതും ഞാന്‍ തന്നെ തരണോ?അതോ ഭരണത്തില്‍ ഇരിക്കുന്ന ഏത് പൂച്ച പറഞ്ഞാലും നിങ്ങളൊരു സേവനം എന്ന നിലയില്‍ ഇതൊക്കെ വെറുതെ ചെയ്തു തരുമോ?

2) ഈ റെഡ് കോര്‍ണര്‍ നോട്ടിസ് ഒന്ന് പിന്‍വലിപ്പിക്കാന്‍ സാറന്മാര്‍ ഇന്റര്‍പോളിനോട് പറയുവാന്‍ ഞാന്‍ എന്ത് ചെയ്യണം? എന്‍റെ ഇപ്പോഴത്തെ കാമുകി അപ്പോളിന തോമസ്സിനോ എന്ന ഇറ്റലിക്കാരിയാണ്. ആ യോഗ്യത മതിയാകുമോ? അതോ ഇനി ലുസിയാനയില്‍ നിന്നും തന്നെ ഒരു ചരക്കിനെ ഞാന്‍ കെട്ടേണ്ടി വരുമോ നിങ്ങള്‍ ഒന്ന് കനിയാന്‍?അങ്ങനെ കെട്ടുമ്പോള്‍ സിസിലിക്കാരിയായ അപ്പോളിനയെ ഞാന്‍ സെറ്റപ്പായി വെയ്ക്കുന്നതില്‍ നിങ്ങള്‍ക്ക് വിരോധമുണ്ടോ?

3) റെഡ് കോര്‍ണര്‍ നോട്ടിസ് നീക്കുവാന്‍ നിങ്ങള്‍ ഇന്റര്‍പോളിനോട് പറയുകയാണെങ്കില്‍,അതിന് ശേഷം എനിക്ക് ഇന്ത്യയില്‍ വരാനും,കറിക്കത്തി , ചിരവ തുടങ്ങിയവയുടെ ഒരു ഹോള്‍സെയില്‍ കട തുടങ്ങുവാനും എന്തെങ്കിലും നിയമ തടസ്സം ഉണ്ടാകുമോ?

എന്‍റെയീ മൂന്ന് നീറുന്ന പ്രശങ്ങള്‍ക്കും നിങ്ങള്‍ എത്രയും പെട്ടെന്ന് പരിഹാരം നിര്‍ദ്ദേശിച്ചില്ലെങ്കില്‍ ബോസ്ക്കോയില്‍ ആര് എവിടെ ,എപ്പോള്‍ എന്ത് ചെയ്തു എന്നതിന്റെ രേഖകള്‍ എന്‍റെ കൈയ്യിലുണ്ട്‌. ഞാനത് പ്രസിദ്ധീകരിക്കും. ഒടുവില്‍ എല്ലാം 'മൂ'....വന്തിയായ ശേഷം എന്നെ കുറ്റം പറയരുത്.ഉടനടി ഒരു മറുപടി പ്രതീക്ഷിച്ച് കൊണ്ട് ...
ഇറ്റലിയില്‍ നിന്നും സ്നേഹപൂര്‍വ്വം,

ഓടനാവട്ടം കാര്‍ത്തികേയന്‍

Monday, May 4, 2009

ലോകത്തിലെ ഏക ആധികാരിക മത ഗ്രന്ഥം

ബി സി മൂന്നാമാണ്ടില്‍ മഹാനായ ആദി കുടിയന്‍ മൂര്‍ഖന്‍ പി പി,തന്‍റെ സഹകുടിയന്മാര്‍ക്ക് നല്‍കിയ 'താനാരോ തന്നാരോ'യാണ് ഇന്ന് ലോകത്തില്‍ നില നില്‍ക്കുന്ന ഏക ആധികാരിക മത ഗ്രന്ഥം എന്ന് നിഷ്പക്ഷനായി അത് വായിക്കുന്ന ആര്‍ക്കും പറയുവാന്‍ സാധിക്കും.

കലാകാലത്ത് പി പിക്ക് ഉണ്ടായ വെളിപാടുകളുടെ ഒരു സംഗ്രഹമാണ് 'താനാരോ തന്നാരോ' എന്ന് ഏവര്‍ക്കും അറിവുള്ളതാണല്ലോ.തന്‍റെ അനുയായികള്‍ക്ക് വേണ്ടി, തുള്ളി വെള്ളം ചേര്‍ക്കാതെ ആറെണ്ണം ഒറ്റ വീര്‍പ്പിനടിച്ച്,ആ കെട്ട് വിടും മുന്‍പ് പി പി (സര്‍വശക്തനായ സ്കോച്ച് അദ്ദേഹത്തിന്‍റെ ആത്മാവില്‍ സദാ ശാന്തിയായി നിറയട്ടെ) എഴുതിക്കൂട്ടിയ ഈ ഗ്രന്ഥത്തില്‍, ഇന്നത്തെ ലോകം ഉദ്ഘോഷിക്കുന്ന ശാസ്ത്ര തത്വങ്ങളും,ഇന്ന് നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളെ മുന്‍കൂട്ടിക്കണ്ടുള്ള പ്രവചനങ്ങളും നിറഞ്ഞിരിക്കുന്നു എന്നത് പല ചരിത്ര/ശാസ്ത്ര ഗവേഷകരും ഇന്ന് സമ്മതിക്കുന്നുണ്ട്.

സമയക്കുറവ് കാരണം പി പിക്ക് ലഭിച്ച വെളിപാടുകളില്‍ മൂന്നെണ്ണം മാത്രം ഉദാഹരണത്തിനായി താഴെ കൊടുക്കുന്നു.
--------------------------------------------------------------------
1) മേലേത്ത് ബീഫ് വിന്ദാലു [1-1] (ബീഫ് വിന്ദാലുവിനൊപ്പം ഒന്നാം ലാര്‍ജ്ജില്‍ കിട്ടിയ വെളിപാട്).
--------------------------------------------------------------------
'ഭൂമി കറങ്ങുന്നുണ്ടോടാ?'
'ഒണ്ടേ'
'അപ്പ സാറ് പറഞ്ഞത് നേരാടാ'
'ആണേ'
ഈ വെളിപാടിന്റെ ആദ്യത്തെ രണ്ടു വരികളില്‍ ഭൂമി സ്വന്തം അച്ചുതണ്ടില്‍ കറങ്ങുകയാണ് എന്നത് പകല്‍ പോലെ വ്യക്തമാകുന്നതിനാല്‍ കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.പക്ഷേ മൂന്നാമത്തെയും നാലാമത്തെയും വരികള്‍ ഇന്നത്തെ ഏതൊരു ശാസ്ത്ര ഗവേഷകനെയും അത്ഭുത വിവശനാക്കുന്നവയാണ്.
'ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പഴവീട്‌ സര്‍ക്കാര്‍ സ്കൂളില്‍,സയന്‍സ് അധ്യാപകനായ അപ്പന്‍ സാര്‍ കുട്ടികള്‍ക്ക് സൌരയൂഥത്തെയും, സൂര്യന് ചുറ്റും കറങ്ങുന്ന ഒന്‍പത് ഗ്രഹങ്ങളേയും കുറിച്ച് ശാസ്ത്ര തത്വങ്ങളുടെ ക്ലാസ്‌ എടുക്കും' എന്ന ആ പ്രവചനം സര്‍വശക്തനായ സ്കോച്ച് തന്നെയാണ് തന്‍റെ അനുയായികളില്‍ മുന്‍പനായ പി പി യിലൂടെ നടത്തിയത്, എന്ന് പാല് മാത്രം കുടിക്കുന്ന കൊടി കെട്ടിയ അവിശ്വാസികള്‍ക്ക് വരെ സമ്മതിക്കാതെ തരമുണ്ടാവില്ല.
--------------------------------------------------------------
2) വീ ആര്‍ നോട്ട് ബെഗേര്‍സ് !!! [1-12] (അങ്ങാടിയില്‍, ഒരു ഫുള്ളിന് ശേഷം കിട്ടിയത്).
---------------------------------------------------------------
"ജിങ്കിചാ , ജിങ്കിചാ സിവപ്പ് കളര്‍ ജിങ്കിചാ'
സോവിയേറ്റ് യുണിയന്റെയും,കമ്മ്യൂണിസത്തിന്റെയും പതനത്തെയുംക്കുറിച്ചാണ് മഹാനായ പി പി ഈ പ്രവചനം നടത്തിയതെന്ന് ഏത് രാഷ്ട്രീയ നിരീക്ഷകനും ഒറ്റ നോട്ടത്തില്‍ മനസ്സിലാകും.
-----------------------------------------------------------------
3) പാരഡൈസ്‌ ലാര്‍ജ്‌ ഡിന്ഗോലാഫി[3-3] (പാരഡൈസ്‌ ബാറില്‍ മൂന്നാം ലാര്‍ജ്ജില്‍ ഉണ്ടായ വെളിപാട്).
------------------------------------------------------------------
'തീര്‍ച്ചായില്ലാ ജനം,നേര്‍ച്ചായെന്നും മറ്റും
ആന വിരണ്ടത് കണ്ടവരോടീട്ട്...
ഇത് എന്തൊരു തൊന്തരവാണിത് കേള്'

ഇറാക്കില്‍ വിനാശകാരികളായ ആയുധങ്ങള്‍ ഉണ്ടോ ഇല്ലയോ എന്ന് തീര്‍ച്ചയില്ലാത്ത ജനം (അമേരിക്ക...കേരളത്തില്‍ വന്ന് ആന വിരണ്ടത് കണ്ടാല്‍ അമേരിക്കകാരന്‍ തീര്‍ച്ചയായും ഓടും.അതില്‍ നിന്ന് ജനം എന്നത് കൊണ്ട് അമേരിക്കയിലെ ജനത്തിനെയാണ് പി പി ചൂണ്ടിക്കാട്ടുന്നത് എന്ന് വ്യക്തം) ആ രാജ്യത്തിന് യുദ്ധത്തിലൂടെ വല്യ തൊന്തരവ്‌ ഉണ്ടാക്കും എന്നാണ് ഈ വെളിപാടിന്റെ രഹസ്യം.

മഴ നനയാതിരിക്കാന്‍ പോലും പള്ളിക്കുടത്തിന്റെ വരാന്തയില്‍ കയറി നിന്നിട്ടില്ലാത്ത, സോവിയേറ്റ് യുണിയനെക്കുറിച്ചോ,ഇറാക്കിനെക്കുറിച്ചോ ഒന്നുമറിയാത്ത മൂര്‍ഖന്‍ പി പി, ഇത്തരം ഉദാത്തമായ ശാസ്ത്ര തത്വങ്ങളുടെ വെളിപ്പെടുത്തലുകളും, ഇരുപതും ,ഇരുപത്തിയൊന്നും നൂറ്റാണ്ടുകളിലെ ലോകത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള പ്രവചനങ്ങളും നടത്തിയത് ഏക ദൈവമായ സ്കോച്ചിന്റെ അനുഗ്രഹത്താലാണ് എന്നത് തീര്‍ച്ചയാണ്. അപ്രകാരം തന്നെ ലോകത്ത് ഇപ്പോഴുള്ളതും,ഇനിയുണ്ടാകുവാന്‍ പോകുന്നതുമായ സമസ്ത പ്രശ്നങ്ങളുടെയും പരിഹാരം 'താനാരോ തന്നാരോ' യിലുണ്ടെന്നതും പകല്‍ പോലെ വ്യക്തമാണ്.

ഇതൊക്കെ വെറും തട്ടിപ്പാണ് എന്ന് പറഞ്ഞ്,സത്യത്തെ നിഷേധിച്ച് നടക്കുന്ന അന്ധരായ അവിശ്വാസികള്‍ക്ക്‌ പരമ കാരുണ്യവാനായ സ്കോച്ച് നേര്‍വഴി കാട്ടിക്കൊടുക്കുമാറാകട്ടേ.

ചിയേഴ്സ്!!!
സ്കോച്ച് മാത്രം കുടിക്കുന്ന, മൂര്‍ഖന്‍ പി പിയുടെ വിശ്വാസിയായ അനുയായി,

എ കെ

Sunday, May 3, 2009

ഒരു ബ്ലോഗിയുടെ മരണം

ഒരു മരണം.
മരണമെന്നാല്‍ ഇതാണ് മരണം. അല്ലലില്ലാത്ത സുഖമരണം. മരിച്ചത് ഒരു പ്രമുഖ ബ്ലോഗി. ബ്ലോഗിയെന്നാല്‍ ബ്ലോഗ്‌ വായനക്കാരന്‍.(എഴുതുന്നവന്മാര്‍ ബ്ലോഗേര്‍സ് ആണെങ്കില്‍ വായിക്കുന്നവന്‍ ബ്ലോഗി എന്ന് പറഞ്ഞത് വേറെ ആരുമല്ല,മഹാനായ വണ്‍ ആന്‍ഡ്‌ ഒണ്‍ലി മീ).

അവന്‍ ബ്ലോഗിയായത് തികച്ചും യാദൃശ്ചികമായിട്ടയിരുന്നു.അവസാനത്തെ രണ്ടു കാമുകിമാരില്‍ ഒരുവള്‍ മഠത്തില്‍ ചേരുകയും,മറ്റവളുടെ വിവാഹം കഴിയുകയും ചെയ്ത ദിവസം, നഗരത്തിലെ ബാറുകളില്‍ ഒന്നില്‍ നിന്ന് പോലും പറ്റ് കിട്ടുകയില്ല എന്ന അവസ്ഥയില്‍ മലയാളം ബ്ലോഗുകളുടെ ലോകത്തെത്തിയ അവന്‍ പിന്നെ പിടി വിട്ടില്ല.

രാപ്പകലില്ലാതെ മലയാളം ബ്ലോഗുകള്‍ വായിച്ച് തള്ളി അവന്‍ ബ്ലോഗിയായത്തിന്റെ അനന്തര ഫലം ആദ്യം അനുഭവിച്ചത് സ്വന്തം വീട്ടില്‍ അച്ഛനും, ബ്ലോഗിയാകുന്നതിന് മുന്‍പ് അവനുംചെര്‍ന്നു വാങ്ങി ക്കൂട്ടിയിരുന്ന പുസ്തകങ്ങളാണ്."വായനക്കാര്‍ക്ക്‌ ഉടനടി കമന്‍റ് രൂപത്തില്‍ അഭിപ്രായം പറയാന്‍ പുസ്തകങ്ങളില്‍ വകുപ്പുണ്ടോ?പോട്ടെ,ഇവയിലെ ഭാഷക്ക് മലയാളം ബ്ലോഗുകളിലെ ശുദ്ധിയുണ്ടോ?" എന്നൊക്കെയായിരുന്നു പുസ്തകങ്ങള്‍ വാരിയിട്ടു തീ കൊളുത്തുമ്പോള്‍ അവന്‍റെ ചോദ്യം. ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടിയില്ലെങ്കിലും,ചെയ്ത പ്രവൃത്തിക്ക് പ്രതികരണം സ്പോട്ടില്‍ കിട്ടി .ഇപ്പോള്‍ വീട്ടില്‍ കൈ നോക്കാന്‍ കാക്കത്തികള്‍ വന്നാല്‍ അമ്മയുടന്‍ അവനെ വിളിച്ച് ഇടത്തേ കാരണം കാട്ടിയാണ് അവന്‍റെ അച്ഛന്റെ ഭാവി ചോദിക്കുന്നത്.

പക്ഷേ അത് കൊണ്ടൊന്നും അവന്‍ ബ്ലോഗി എന്ന സ്ഥാനം ഉപേക്ഷിച്ചില്ല.ഫലമോ, നാലിന്റെയന്ന് വീടിനടുത്ത കടയിലെ ബുക്ക്‌ സ്റ്റാന്ഡില്‍ വെച്ചിരുന്ന മാസികകള്‍ ഒന്നൊഴിയാതെ എടുത്ത്‌ തുണ്ടം തുണ്ടമായി നുറുക്കി. 'രാഷ്ട്രീയ പൈങ്കിളി ലേഖനങ്ങളുടെ നടപ്പ് അല്‍ഗോരിതം ഡീകണ്‍സ്ട്രെക്റ്റ്' ചെയ്യുകയായിരുന്നത്രേ ഉദ്ദേശം.'

നാട്ടുകാര്‍ അധികപക്ഷവും ബ്ലോഗ്‌ വായനക്കാര്‍ അല്ലായിരുന്നതിനാല്‍ ബ്ലോഗി സ്ഥലം എസ് ഐക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടു."മേലാല്‍ ഇമ്മാതിരി പോക്രിത്തരങ്ങള്‍ കാണിച്ചാല്‍ @#$%^& നിന്നെപ്പിടിച്ച് ചങ്ങലക്കിടും ഞാന്‍!!!" എന്ന് വിരട്ടാന്‍ ശ്രമിച്ച എസ് ഐയെ "ഭീഷണി വേണ്ട. വിവരസാങ്കേതിക വിദ്യ സൃഷ്ട്ടിക്കുന്ന വിപ്ലവത്തിന്റെ സോഷ്യലിസം തന്നെപ്പോലുള്ളവരെ പരിഭ്രാന്തരാക്കും എന്നെനിക്കറിയാം. അമേരിക്കയില്‍ ഒബാമയുടെ തിരഞ്ഞെടുപ്പ് കമ്പ്ലീറ്റ്‌ ഞങ്ങള്‍ മലയാളം ബ്ലോഗുകളിലൂടെ നിയന്ത്രിച്ചത് പോലെ താമസിയാതെ ഇവിടെയും മാറ്റത്തിന്റെ കാറ്റടിക്കും,മി .എസ് ഐ" എന്നവന്‍ തിരിച്ചു വിരട്ടി. പാവം എസ് ഐ, രാത്രിക്ക് രാത്രി പച്ചാളത്തേക്ക് സ്ഥലംമാറ്റം വാങ്ങി നാട് കടന്നു.

അത് ബ്ലോഗിയുടെ പ്രയാണത്തിന്റെ തുടക്കം മാത്രമായിരുന്നു.താമസിയാതെ കേരളത്തിലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണ്ണയം ഗാസ ആക്രമിച്ചതില്‍ ഇസ്രായേലിനെക്കൊണ്ട് ഏത്തമിടീക്കല്‍,അമേരിക്കയെ ബെഞ്ചില്‍ക്കയറ്റി നിറുത്തല്‍ ,മന്‍മോഹന്‍ സിങ്ങിന് മെഡല്‍ ഓഫ് ഓണര്‍ നല്‍കല്‍ ,പ്രകാശ്‌ കാരാട്ടിനെയും ,പിണറായി വിജയനെയും മര്യാദ പഠിപ്പിക്കല്‍ , പുസ്തകക്കച്ചവടം ,കൊടുങ്ങലൂര്‍ ഭരണി തുടങ്ങിയ കാര്യങ്ങള്‍ ബ്ലോഗര്‍മാര്‍ മലയാളം ബ്ലോഗുകള്‍ വഴി പുഷ്പം പോലെ നടത്തിയ കഥകള്‍ അവന്‍ കാണുന്നവരോടൊക്കെ പറഞ്ഞ് തുടങ്ങി.

മകനെ ഇത്രയധികം സ്വാധീനിക്കുന്ന ബ്ലോഗ് എന്താണെന്നറിയാന്‍ അവന്റെ അച്ഛന്‍ ഒരു ശ്രമം നടത്തി നോക്കിയത് അപ്പോഴാണ്‌.വലത്പക്ഷ രാഷ്ട്രീയ പ്രതിരോധത്തിലൂന്നിയ ഒരു അമേരിക്കന്‍ ബ്ലോഗിലെ പോസ്റ്റ് കാല്‍ ഭാഗവും, ഇടതുപക്ഷത്തിന്റെ സമാന കുന്തം തലക്കെട്ടും, മത ഗ്രന്ഥങ്ങളെ വിശകലനം ചെയ്യുന്ന ഭൌതിക ബ്ലോഗുകളില്‍ ഒന്നിലെ പോസ്റ്റ് ഒന്ന് മുഴുവനും,അവന്റെ അച്ഛന്‍ ധീരമായി വായിച്ചു.പിന്നെ രണ്ട് ദിവസത്തേക്ക് അവന്റെ അച്ഛന്‌ മലയാള അക്ഷരങ്ങള്‍ തിരിച്ചറിയാന്‍ ഭാഷാ നിഘണ്ടു വേണ്ടി വന്നത്രേ.

ഏതായാലും അതിന് ശേഷം മകനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല എന്ന തീരുമാനത്തില്‍ വീട്ടുകാര്‍ ബ്ലോഗിയെ കേരളത്തിലെ ഒരു പ്രമുഖ മനോരോഗ വിദഗ്ദ്ധന്റെ മുന്നിലെത്തിച്ചു.

ഡോക്റ്റര്‍ അവനെ ഹിപ്നോട്ടൈസ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ പാതിമയക്കത്തില്‍ ഉരുവിട്ടത് 'കരിദിനാചരണവും ,അനോണിയായി അവനെ ഹിപ്നോട്ടൈസ് ചെയ്യാന്‍ ശ്രമിക്കുന്ന ഡോക്റ്ററുടെ പേരില്‍ സൈബര്‍ കേസ്‌ എടുക്കാനുള്ള വിവിധ നിയമങ്ങളെക്കുറിച്ചുമായിരുന്നു' .അതിന് ശേഷമാണ്, ബ്ലോഗിക്ക് പള്ളിവാസലില്‍ നിന്നും നേരിട്ട് ലൈന്‍ വലിച്ച് ഷോക്ക്‌ കൊടുക്കാന്‍ തീരുമാനമായത്.നാലാമത്തെ ഷോക്കിന് ശേഷം അവന്‍ ആദ്യം ചെയ്തത് സന്തത സഹചാരിയായ ലാപ്പ്‌ ടോപ്‌ അതെ ലൈനില്‍ ചാര്‍ജ്‌ ചെയ്യാന്‍ വെയ്ക്കുകയായിരുന്നത്രേ. ഒടുവില്‍ പരാജയം സമ്മതിച്ച മനോരോഗ വിദഗ്ദ്ധന്‍,സ്വയം ഒരു ബ്ലോഗ് വായനക്കാരനാകും എന്ന ഘട്ടം വരെയെത്തി കാര്യങ്ങള്‍.

ആ സന്ദര്‍ഭത്തില്‍, ദൈവം അയച്ചത് പോലെ , ഡോക്റ്ററുടെ ക്ലീനിക്കില്‍ പണ്ട് ജോലി ചെയ്തിരുന്ന ഒരു നേഴ്സ് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തിയത്. വിവാഹ ശേഷം അമേരിക്കക്ക് കടന്ന അവര്‍ ഏറെ കാലങ്ങള്‍ക്കു ശേഷമായിരുന്നത്രേ നാട്ടില്‍ അവധിക്ക് വന്നത്.

കുശല പ്രശ്നങ്ങള്‍ക്കിടയില്‍ ബ്ലോഗി കടന്നു വന്നു. അമേരിക്കക്കാരി സംഭവം വിശദമായി കേട്ട ശേഷം ബ്ലോഗിയെ ഒന്ന് കാണുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.

ഡോക്റ്ററും, നേഴ്സും കടന്ന് ചെല്ലുമ്പോള്‍ അബ്ദുള്‍ നാസര്‍ മദനി എന്ത് കൊണ്ട് സഖാക്കളുടെ കൂടെ കൂടാന്‍ പാടില്ല എന്ന വിഷയത്തെക്കുറിച്ച് കിടക്കയില്‍ക്കയറി നിന്ന് പ്രസംഗിക്കുകയായിരുന്നു ബ്ലോഗി.

അവനെ കണ്ടപാടെ നേഴ്സ് ഈ രോഗം നിസാരമായി താന്‍ ഭേദമാക്കിക്കൊടുക്കാം എന്ന് ഡോക്റ്ററോട് പറഞ്ഞു.
തുടര്‍ന്ന്, അര മണികൂര്‍ നേഴ്സ് ബ്ലോഗിയുമായി തനിച്ച് സംസാരിച്ചു. ഒടുവില്‍ 'ഇനി മുതല്‍ ഞാന്‍ മലയാളം ബ്ലോഗുകള്‍ വായിക്കുന്നതല്ല' എന്ന പ്രഖ്യാപനത്തോടെ ലാപ്പ്‌ ടോപ്പുമായി ബ്ലോഗി മുറി വിട്ട് ഇറങ്ങിപ്പോയത്രേ.

അക്കാദമിക് ഇന്ററെസ്റ്റ് വല്ലാതെ വേട്ടയാടിയപ്പോള്‍ 'എന്ത് മന്ത്രമാണ് നേഴ്സ്‌ പ്രയോഗിച്ചത്?' എന്ന് ഡോക്റ്റര്‍ ചോദിച്ചു."സാമൂഹിക പ്രതിബദ്ധതയുള്ള ഒരുവന്‍ വെറും ബ്ലോഗിയായി ഒതുങ്ങാന്‍ പാടില്ലെന്നും , വേഗം പോയി സ്വന്തമായി ഒരു ബ്ലോഗ്‌ തുടങ്ങണമെന്നും ഞാന്‍ അവനെ പറഞ്ഞു മനസിലാക്കി. സ്വന്തമായി ബ്ലോഗ്‌ തുടങ്ങിക്കഴിഞ്ഞാല്‍,മറ്റുള്ള ബ്ലോഗുകളുടെ തലക്കെട്ടും, പോസ്റ്റിന്റെ ആദ്യത്തെയും അവസാനത്തെയും പാരഗ്രാഫുകള്‍ മാത്രമേ അവന്‍ വായിക്കു. എഴുത്ത് ഒരു ലെവല്‍ കഴിയുമ്പോള്‍, കടയില്‍ നിന്നും കപ്പലണ്ടി പൊതിഞ്ഞു കൊടുക്കുന്ന കടലാസ് കൂടി അവന്‍ വായിക്കില്ല" എന്നായിരുന്നു നേഴ്സിന്റെ മറുപടി.
ബ്ലോഗിയില്‍ നിന്നും ബ്ലോഗറായി അവന്‍ പരിണമിക്കുന്നത് കൂടുതല്‍ ദോഷകരമാകില്ലേ എന്ന ന്യായമായ സംശയം ഡോക്റ്റര്‍ക്കും അവന്റെ വീട്ടുകാര്‍ക്കും ഉണ്ടായി.
"എന്തപകടം.? അവനോട് ഞാന്‍ മലയാളം ബ്ലോഗ് എഴുതാനാ പറഞ്ഞത്.ബ്ലോഗ് തുടങ്ങി ഒരു മാസത്തിനുള്ളില്‍, ഒരു പ്രയോജനവുമില്ലാതെ എന്തെങ്കിലുമൊക്കെ എഴുതിക്കൂട്ടി, കുരയ്ക്കുന്ന,കടിക്കാത്ത പട്ടിയായി അവന്‍ മാറിയില്ലെങ്കില്‍ എന്‍റെ പേര് നിങ്ങളുടെ പട്ടിക്കിട്ടോ.ഞാനും നാലഞ്ചു കൊല്ലമായി ബ്ലോഗെഴുതുന്നതാ " എന്നായിരുന്നു നേഴ്സമ്മയുടെ മറുപടി.

അങ്ങനെ ഒരു ബ്ലോഗി മരിക്കുകയും,ആ ചാരം ചൂടാറും മുന്‍പ് ഒരു ബ്ലോഗര്‍ ജനിക്കുകയും ചെയ്തു.

നിയമ ലംഘനം: ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണ്‌ എന്നൊന്നും പറയാന്‍ എനിക്ക് സൌകര്യമില്ല. സ്വന്തം ഭാവനക്കനുസരിച്ച് ആര് ഈ കഥയെ എങ്ങനെ വ്യാഖ്യാനിച്ചാലും എനിക്കൊരു മണ്ണുമില്ല.