Tuesday, June 30, 2009

നൂറ് കഴിഞ്ഞു:പക്ഷെ നിറുത്താന്‍ ഉദ്ദേശമില്ല.

കോടതി: "പ്രതി ഹാജരുണ്ടോ?"
എ കെ:"ആറടി പൊക്കത്തിനെ പ്രതിക്കൂട്ടില്‍ കയറ്റി നിറുത്തിയിട്ട്‌ മണ്ടന്‍ ചോദ്യം ചോദിക്കാതെ കോടതി."
കോടതി:"ഡായ്!!!ഈ കേസിന്റെ വിധി പറയും മുന്നേ കോടതി അലക്ഷ്യത്തിന് അകത്ത് പോകണോ നിനക്ക്?"
എ കെ:"വേണ്ട.പ്രതി ഹാജരുണ്ട്"
കോടതി:"ആ പേടി ഇരിക്കട്ടെ.നിന്നെ പോലീസ് തപ്പിക്കൊണ്ട് വന്നതോ,അതോ സ്വയമേ ഹാജരായതോ?"
എ കെ:"കോടതി ആരോടും പറയരുത്. സ്വയമേ ഹജരായതാണ്.പക്ഷെ തപ്പിക്കൊണ്ട് വന്നതാണെന്ന് പറയണം എന്ന് ഏമാന്മാര്‍ കാലു പിടിക്കുന്നു.ഇപ്പൊ അതാണത്രേ ഫാഷന്‍."
കോടതി:"കറുത്ത ഗൌണിനപ്പുറം കോടതിക്ക് ഫാഷനില്‍ താത്പര്യമില്ല.അതിരിക്കട്ടെ, നിനക്ക് വക്കീല്‍ ഇല്ലേ?"
എ കെ:"ഇല്ല. തിരുവനന്തപുരത്തെ സകല വവ്വാലുകളും കൂടി ഹൈക്കോടതി ബെഞ്ച് ഉണ്ടാക്കിക്കൊണ്ട് വരാന്‍ സത്യാഗ്രഹത്തിലാണ്.രണ്ടോ, മൂന്നോ ബെഞ്ച് വേണേല്‍ ഞാന്‍ കൊടുക്കാം എന്ന് പറഞ്ഞതാ.പക്ഷെ ഒരുത്തനും വന്നില്ല.സോ,തനിക്കു താനും, പെരക്ക് തൂണും. അതാണവസ്ഥ"
കോടതി:"പുവര്‍‍ ബോയ്‌.പക്ഷെ കോടതിക്ക് സെന്റിമെന്റ്സ് പാടില്ലത്തിനാലും,സ്വാശ്രയ കോളേജുകളില്‍ പലവന്മാരുടെയും പകുതി ഫീസ് കൊടുക്കേണ്ടതിനാല്‍ നിനക്ക് വേണ്ടി സൗജന്യ വക്കീലിനെ ഏര്‍പ്പാടാക്കാന്‍ സര്‍ക്കാരിനു പണമില്ലത്തതിനാലും, നീ ചോദിക്കും മുന്നേ നിനക്ക് സ്വന്തം കേസ് വാദിക്കാനുള്ള അനുവാദം ദാ പിടിച്ചോ. ഇനി വിസ്താരം തുടങ്ങാം."

പബ്ലിക്‌ പ്രോസിക്യൂട്ടര്‍: "നിങ്ങളുടെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റത്തെ കുറിച്ചു നിങ്ങള്‍ ബോധവാനാണോ?"
എ കെ:"അല്ലെങ്കില്‍ കുഴപ്പം വല്ലതും ഉണ്ടോ?"
കോടതി:"ഡായ്!!!"
എ കെ:"ക്ഷമി കോടതി. അല്ല വക്കീലേ,ബോധവാനല്ല "
പ പ്രൊ:"സവ്യസാചി എന്നാ ബ്ലോഗിലൂടെ നിരന്തരമായി നടത്തുന്ന വ്യക്തിഹത്യയാണ് നിങ്ങളില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം"
എ കെ:"വ്യക്തിഹത്യ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല.ബ്ലോഗിലൂടെ ആളെ കൊല്ലുന്ന പരിപാടി എനിക്ക് അറിയാനും പാടില്ല"
പ പ്രോ:"അപ്പോള്‍ സവ്യസാചി എന്ന മലയാളം ബ്ലോഗ്‌ വഴി നിങ്ങള്‍ ആരെയും കളിയാക്കിയിട്ടില്ല എന്നാണോ?
എ കെ:"പിന്നേ!!!നെരപ്പിന് കളിയാക്കിയിട്ടുണ്ട്.പക്ഷെ അത് മലയാളം ബ്ലോഗിലെ മണ്ടന്മാര്‍ സ്ഥിരമായി പറയുമ്പോലെ വ്യക്തിഹത്യയല്ല.മാധ്യമങ്ങളിലൂടെയും,ബ്ലോഗുകളിലൂടെയും ഓരോരുത്തന്മാര്‍ പ്രചരിപ്പിക്കുന്ന,എനിക്ക് ഫ്രാഡാണെന്ന് തോന്നിയ വ്യക്തിത്ത്വങ്ങളെയാണ് ഞാന്‍ കളിയാക്കിയിട്ടുള്ളത്.അതിനെ വേണേല്‍ വ്യക്തിത്ത്വഹത്യ എന്ന് വിളിക്കാം"
പ പ്രോ:"ഒരാളുടെ വ്യക്തിത്ത്വത്തെ ആക്ഷേപിക്കുന്നത് ശരിയാണോ?"
എ കെ:"എന്‍റെ വക്കീലേ.ഞാന്‍ പറഞ്ഞില്ലേ ഫ്രാഡുകള്‍ എന്ന് എനിക്ക് തോന്നിയവരെ ഞാന്‍ കളിയാക്കിയിട്ടുണ്ട്.അതില്‍ അവര്‍ പ്രചരിപ്പിക്കുന്ന ഫ്രാഡ്‌ വ്യക്തിത്ത്വങ്ങളാണ് വിഷയം.അവര്‍ക്ക് വേറെ നല്ല ക്യാരെക്ടര്‍ ഉണ്ടെന്ന് വേണേല്‍ അവര്‍ തെളിയിക്കട്ടെ.ഞാന്‍ കാണുന്നത് എഴുതുന്നു.അത്ര മാത്രം.എന്‍റെ മനഃസാക്ഷിയുടെ കോടതിയില്‍ ശരിയെന്നു തോന്നിയത് മാത്രമേ ഇന്ന് വരെ ഞാന്‍ ബ്ലോഗില്‍ എഴുതിയിട്ടുള്ളു താനും"
കോടതി:"ഡേ, ഡേ...നീയാര് അധിപന്‍ പടത്തിലെ മോഹന്‍ലാലോ?നിന്‍റെ മനഃസാക്ഷിക്ക് സ്വന്തമായി കോടതിയുണ്ടേല്‍ ഞാന്‍ എന്തിനാടാ പിന്നെ ഇവിടെ ഇരിക്കുന്നത്?"
എ കെ:"വീണ്ടും ക്ഷമി. സ്വയം ശരി എന്ന് തോന്നിയത് മാത്രമേ ഇന്നോളം എഴുതിയിട്ടുള്ളൂ എന്ന് പറയാമോ?"
കോടതി:"കഷ്ട്ടിച്ച് ഒപ്പിക്കാം...ഇന്നോളം എന്ന് പറഞ്ഞാല്‍? കുറെ എഴുതിയിട്ടുണ്ടോ നീ?"
എ കെ:"ബ്ലോഗ്‌ എഴുതുന്ന ചില സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഞാന്‍ എഴുതിയ കിടിതാപ്പുകളുടെ എണ്ണം എടുക്കുന്നത്.ഇന്നലെയായിരുന്നു നൂറാമത്തെ പോസ്റ്റ്."
കോടതി:"നൂറാമത്തെ പോസ്റ്റിന്റെ ഭാഗമായി ബ്ലോഗില്‍ പ്രത്യേകതകള്‍ വല്ലതും?"
എ കെ:"നൂറാം പോസ്റ്റ് ഡങ്ക്ണക്കണഡാ,ഡങ്ക്ണക്കണഡാ..."
കോടതി:"കോടതിയില്‍ ഡപ്പാങ്കൂത്ത് അനുവദിക്കില്ല."
എ കെ:"സോറി,സാല്‍സ അറിയില്ല...ഉദ്ദേശിച്ചത്,നൂറാം പോസ്റ്റ് ആഘോഷമായിട്ട് ഇടണം എന്നായിരുന്നു ആഗ്രഹം.പക്ഷേ സ്ഥായിയായ മടി കാരണം പോസ്റ്റുകളുടെ എണ്ണം കൃത്യമായി എടുക്കാന്‍ മറന്നു"
കോടതി:"ദാറ്റ് ഈസ്‌ ഓള്‍ റൈറ്റ്...ഡോ സര്‍ക്കാര് വക്കീലേ, നിന്നുറങ്ങാതേ വിസ്താരം തുടര്‍ന്നോ"
പ പ്രോ:"താങ്ക്യൂ യുവര്‍ ഓണര്‍...പ്രതിയുടെ മേല്‍ ആരോപിച്ചിട്ടുള്ള കുറ്റം തെളിയിക്കുന്നതിലേക്കായി ബ്ലോഗ് സംബന്ധമായ ചില ചോദ്യങ്ങള്‍ ചോദിക്കുവാനുള്ള അനുവാദം കൂടി ഇങ്ങ് തന്നാല്‍ ജോറായേനെ."
കോടതി:"ചോദിച്ചോ,പക്ഷേ അലമ്പാക്കരുത്. "

പ പ്രോ: വീണ്ടും താങ്ക്യൂ യുവര്‍ ഓണര്‍. നിങ്ങള്‍ ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയിട്ട് എത്ര കാലമായി?"
എ കെ :"ഒരു വര്‍ഷത്തിനു താഴെ...കൃത്യമായി പറഞ്ഞാല്‍ രണ്ടായിരത്തിയെട്ട് ഓഗസ്റ്റ്‌ മാസമാണ് ഈ കലാപരിപാടി തുടങ്ങിയത്"
പ പ്രോ :"എന്തായിരുന്നു പ്രചോദനം?"
എ കെ:"പ്രകോപനമായിരുന്നു. ഇഞ്ചി പെണ്ണ് എന്നൊരു ബ്ലോഗര്‍ എഴുതിയ ആണവക്കരാറിനെക്കുറിച്ചുള്ള ഒരു അബദ്ധ ലേഖനവും, അതില്‍ വന്ന അതിനു വന്ന കുറെ മണ്ടന്‍ കമന്റുകളും കണ്ട് ഞാന്‍ അവിടെ രണ്ടു കമന്റുകള്‍ ഇട്ടു.പിന്നെ തോന്നി എന്തിന് വല്ലവരുടെയും ബ്ലോഗില്‍ പോയി നമ്മുടെ അഭിപ്രായം എഴുന്നള്ളിക്കണം, സ്വന്തമായിട്ട് ഒരു ഇട്ടാപ്പ് തുടങ്ങി അവിടെ പോരെ എന്ന്.അങ്ങനെയാണ് സവ്യസാചി തുടങ്ങിയത്"
പ പ്രോ:"എന്നിട്ട്,ബ്ലോഗില്‍ അത്യാവശ്യം വായനക്കാരുണ്ടോ?"
എ കെ:"വല്യ കാര്യമായിട്ടൊന്നുമില്ല.ദിവസം ശാരശരി ഇരുന്നൂറു മുതല്‍ ഇരുന്നൂറ്റിയന്പത് വരെ വായനക്കാര്‍ എന്നതാണ് കണക്ക്.ചില പോസ്റ്റുകള്‍ക്ക്‌ ആയിരം വരെ പോയ ദിവസങ്ങളും ഉണ്ട്."
പ പ്രോ :"ഹിറ്റ്‌ കൌണ്ട് ഉണ്ടോ?"
എ കെ :"നാല്‍പ്പത്തി അയ്യായിരത്തിന്‌ മുകളിലായി."
പ പ്രോ:"ഫോളോവേര്‍സ്?"
എ കെ:" ഗൂഗിളിന്റെ ആ ഒരു പദത്തിനോട് എനിക്ക് എതിര്‍പ്പാണ്. ഫോളോവേര്‍സ് ഉണ്ടാവാന്‍ ഞാന്‍ ആര് വിവേകാനന്ദനോ? സഹയാത്രികര്‍ എന്ന് വേണേ പറയാം .അത് നൂറ്റിഎണ്പതിന് മേലുണ്ട്.ഇടയ്ക്കു ഒരു എട്ടു പേര്‍ പിണങ്ങി പോയത് കൂട്ടാതെ."
പ പ്രോ:"അവരുടെയൊക്കെ പടങ്ങള്‍ ബ്ലോഗിന്റെ വശങ്ങളില്‍ പൂവിട്ട് പൂജിക്കാന്‍ വെച്ചിട്ടുണ്ടോ?"
എ കെ:"എഴുതുന്ന സാധങ്ങള്‍ ഒഴികെ ആഡ്സെന്‍സ്‌ പോലും ബ്ലോഗിലെങ്ങും വെക്കാന്‍ എനിക്ക് ഉദ്ദേശമില്ല.പിന്നെയല്ലേ വായനക്കാരുടെ പടങ്ങള്‍?"
പ പ്രോ:" വായനക്കാരോട് അപ്പോള്‍ നിങ്ങള്‍ക്ക് ഒരു കടപ്പാടും ഇല്ലേ?"
എ കെ:"എന്ത് പുല്ലിന്?എനിക്ക് ആത്മസുഖത്തിന് ഞാന്‍ എഴുതുന്നു.അവര്‍ക്ക് ഇഷ്ട്ടപ്പെട്ടാല്‍ വായിക്കും, ഇല്ലേല്‍ കളഞ്ഞിട്ട് പോകും. മാത്രമല്ല,അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലേല്‍ എന്നെ തെറി വിളിക്കാന്‍ കമന്റും തുറന്നു വെച്ചിട്ടുണ്ട്.ഇടക്കാലം വരെ കമന്റുകള്‍ക്ക് മറുപടി കൊടുക്കുമായിരുന്നു.പിന്നെ അതും നിറുത്തി.എനിക്ക് തോന്നിയത് ഞാന്‍ പോസ്റ്റായി ഇടുന്നു, അവര്‍ക്ക് തോന്നിയത് അവര്‍ കമന്റായും. അത്രേയുള്ളൂ. ഇതിലെന്തോന്ന് കടപ്പാട്?
പ പ്രോ: "അപ്പോള്‍ നിങ്ങളുടെ ബ്ലോഗ്‌ ആരും വായിച്ചില്ലെങ്കിലും നിങ്ങള്‍ക്ക് ഒന്നുമില്ല എന്ന നിലപാടാണോ?"
എ കെ: "ബ്ലോഗിന്റെ സുഖം അതല്ലേ വക്കീലേ?ബാധ്യതകള്‍ ഇല്ലാത്ത എഴുത്ത്. മാധ്യമങ്ങളില്‍ ഉള്ള എഡിറ്റര്‍ മുതല്‍ അച്ച് നിരത്തുന്ന കാപെറുക്കിയുടെ വരെ സെന്‍സറിങ്ങ് ഇല്ല.ഇന്ന സമയത്ത് എഴുതിക്കൊള്ളണം എന്ന വ്യവസ്ഥയില്ല. ശരി എന്ന് ഉത്തമ ബോധ്യമുള്ള നിമയപരമായത് എന്തും എഴുതാം. ആരെങ്കിലുമൊക്കെ അത് വായിച്ചാല്‍ അത് അവരുടെ ഇഷ്ടം.എനിക്കും വായനക്കാര്‍ക്കും തമ്മില്‍ ഒരു ബാധ്യതയും ഇല്ല .സന്തോഷത്തിന്റെയും, വിഷമത്തിന്റെയും പ്രശ്നം തീരെയില്ല."
പ പ്രോ: "അത് ചുമ്മാ മേനിക്ക്‌ പറയുന്നതാണെന്ന് ഞാന്‍ പറഞ്ഞാല്‍?"
എ കെ:"ചുമ്മാ പറയാമല്ലോ.വക്കീലിന്റെ വാ,വക്കീലിന്റെ വാക്ക്.പക്ഷേ മേനിയല്ല എന്ന് എനിക്ക് ഉത്തമ ബോധ്യമുള്ളതു കൊണ്ട് നോ പ്രോബ്സ്‌. വേണേ രണ്ടോ മൂന്നോ തെളിവും തരാം."
കോടതി:"ചുമ്മാ കൊടുക്കണം"
എ കെ:" വായനക്കാര്‍ വേണം എന്നുള്ളവര്‍ മറ്റ് ബ്ലോഗുകളില്‍ പോയി ചെയ്യുന്ന കമന്റ് കച്ചവടം, പുറം ചൊറിയല്‍ എന്നിവ ഞാന്‍ ഇന്ന് വരെ ചെയ്തിട്ടില്ല. ബ്ലോഗിലൂടെ നെറ്റ്‌വര്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ അക്കാദമി, ബ്ലോഗ് കൂട്ടായ്മ,ഇതിലൊന്നും ചെന്ന് തല വെച്ചിട്ടുമില്ല.സവ്യസാചി എന്ന ബ്ലോഗിനപ്പുറം മറ്റ് ബ്ലോഗുകളില്‍ എന്‍റെ റോള്‍ ഒരു വായനക്കരന്റെത് മാത്രമാണ്.എന്‍റെ ബ്ലോഗില്‍ ആരെയും സുഖിപ്പിക്കാന്‍ വേണ്ടി ഞാന്‍ പോസ്റ്റുകള്‍ ഇടാറുമില്ല. ഇത്രയൊക്കെ പോരെ ഞാന്‍ പറഞ്ഞ ബാധ്യതയില്ലാത്ത എഴുത്ത് എന്ന പോയന്റിന് ബലമായിട്ട്?"
പ പ്രോ:"അപ്പോള്‍ അക്കാദമി, ബ്ലോഗ്‌ കൂട്ടായ്മ എന്നിവയോടൊക്കെ നിങ്ങള്‍ക്ക് എതിര്‍പ്പാണോ?"
എ കെ:"വ്യക്തിപരമായി അങ്ങനെയുള്ള സംരഭങ്ങളില്‍ എനിക്ക് താത്പര്യമില്ല.പക്ഷേ അത്തരം കൂട്ടായ്മകള്‍ക്ക് എന്നെ ക്ഷണിച്ചില്ല എന്ന കൊതിക്കെറുവ് വെച്ച് അതിനെതിരെ അസംബന്ധം എന്നൊക്കെ പോസ്റ്റിടാനും ഞാന്‍ തുനിയാറില്ല."
പ പ്രോ:"നമുക്ക് പ്രധാന പ്രശ്നത്തിലേക്ക് വരാം. നിങ്ങളുടെ ബ്ലോഗില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ വ്യക്തിത്ത്വഹത്യയായി മാറാറില്ലേ?"
എ കെ:"വിമര്‍ശനം ഞാന്‍ നടത്താറില്ല.മിക്കവാറും ആക്ഷേപം അല്ലെങ്കില്‍ വ്യക്തിത്ത്വഹത്യ തന്നെയാണ് നടത്താറ് പതിവ്"
കോടതി:"കുറ്റസമ്മതമാണോ? വിധി പറയട്ടാ?"
എ കെ:"ചാടാതെ യുവര്‍ ഓണര്‍"
കോടതി:"കോടതിക്ക് ചാടാം.കോടതി ചാടും."
എ കെ:"പത്തു മിനിട്ട് കഴിഞ്ഞു ചാടിയാല്‍ എനിക്ക് കാര്യങ്ങള്‍ ഒന്ന് വിശദീകരിക്കാനുള്ള സമയം കിട്ടിയേനെ"
കോടതി:"വേഗം വേണം."
എ കെ:" രാഷ്ട്രീയ പരിജ്ഞാനം,കൊള്ളാവുന്ന ഭാഷ,കോമണ്‍സെന്‍സ് ഇതൊന്നും നയാ പൈസക്കില്ലാതെ വിക്കിപീഡിയ ഉള്ളത് കൊണ്ട് മാത്രം എഴുതപ്പെട്ട ലേഖനങ്ങള്‍, അതും ഒബാമയുടെ ചീഫ് ഓഫ് സ്റ്റാഫ്‌ ആരായിരക്കണം എന്ന് നിര്‍ദേശം കൊടുക്കുന്നവ, പിന്നെ തിരിച്ചു പ്രതികരിക്കില്ല എന്നുറപ്പുള്ള പാവങ്ങളുടെ തലയില്‍ കയറിയുള്ള ആളുകളി,നാഴികക്ക് നാല്‍പ്പത് വട്ടം അഭിപ്രായം മാറ്റി പറയുക, ധീരനും , തന്‍റേടിയുമായ എഴുത്തുകാരന്‍ എന്ന് അവസരം കിട്ടുമ്പോഴൊക്കെ പറഞ്ഞു നടന്നിട്ട്,എഴുതിയ പോസ്റ്റുകള്‍ നാലിന്റെയന്ന് ഡിലീറ്റ് ചെയുക, എന്നിട്ടതിനു മുട്ട് ന്യായങ്ങള്‍ നിരത്തുക; ഇതൊക്കെ കണ്ടാല്‍ കോടതി എന്ത് ചെയും?"
കോടതി:"കോടതി ഒന്നും ചെയ്യില്ല.പക്ഷേ കോടതി പിരിഞ്ഞ ശേഷം കൂ...ന്ന് കൂവും."
എ കെ:"ഞാന്‍ അത് വേറൊരു രീതിയില്‍ ചെയ്യുന്നു.അത്രേയുള്ളൂ."
കോടതി:"ഇനിയും ഇതൊക്കെ ചെയ്യും എന്ന ധ്വനി ആ വാക്കുകളില്‍ ഉണ്ട്.അപ്പൊ നീ നിറുത്താന്‍ ഉദ്ദേശമില്ല?"
എ കെ:"എവിടെ?"
പ പ്രോ:" അപ്പോള്‍ ഇനിയും വിവാദങ്ങള്‍ ഉണ്ടാകുമെന്ന് തന്നെയാണോ?"
എ കെ:"എന്തോന്ന് വിവാദം വക്കീലേ?കഴിയുന്നതും ഒരു പോസ്റ്റിന് ഇരുപത്തിനാല് മണിക്കൂറില്‍ കൂടുതല്‍ ആയുസ്സ്‌ ഞാന്‍ കൊടുക്കാറില്ല.വിവാദമൊക്കെ മറ്റുള്ളവര്‍ ഉണ്ടാക്കുന്നതല്ലേ?അതിനു എനിക്കൊന്നും ചെയ്യാനില്ല."
കോടതി:"എന്നാ നീ ഇനി നിന്ന് കോടതിയുടെ സമയം കളയണമെന്നില്ല."
പ പ്രോ:"അപ്പ വിധി?"
കോടതി:"അവന്റെ വിധി പോലെ വരും... കോടതിക്ക് തത്കാലം അതില്‍ തലയിടാന്‍ ഉദ്ദേശമില്ല.പോണേന് മുന്‍പ് നിനക്ക് അവസാനമായി വല്ലതും പറയണോടെ?
എ കെ:"എനിക്ക് ചുറ്റും,പ്രത്യേകിച്ച് മലയാളം ബ്ലോഗില്‍, ദിവസവും പുതിയ വിഷയങ്ങള്‍ തരാന്‍ ആളുള്ള കാലം ഞാന്‍ ഇവിടെയൊക്കെ തന്നെ കാണും.ഇനി മുതല്‍ കഴിയുന്നതും വ്യക്തിത്ത്വഹത്യകള്‍ പേരെടുത്ത് പറഞ്ഞ് ചെയ്യാന്‍ ശ്രമിക്കുന്നതാണ്.എഴുതിയതിന്റെ പേരിലൊന്നും ഒരു പുല്ലനോടും ഞാന്‍ മാപ്പ് പറയുമെന്നോ,ഏതെങ്കിലും പോസ്റ്റ് ഡിലീറ്റ്‌ ചെയ്യുമെന്നോ ഒരുത്തനും കരുതണ്ടാ.എന്തെഴുതണം, എങ്ങനെ എഴുതണം എന്ന തീരുമാനങ്ങള്‍ ഇത്രനാളെന്നത് പോലെ ഇനിയും എന്‍റെത് മാത്രമാകും.പക്ഷേ തുണ്ട് സൈറ്റുകളില്‍ വരുന്ന വാര്‍ത്തകള്‍,യൂ ട്യൂബ് വീഡിയോ ലിങ്കുകള്‍,വല്ല അവളമ്മാരുടെ ജന്മദിന ചിത്രങ്ങള്‍ തുടങ്ങിയവയിട്ട് പോസ്റ്റുകളുടെ എണ്ണം കൂട്ടുക,കുറെ കാലി ചെമ്പ് പാത്രം അടുക്കി വെച്ച് പടമെടുത്ത് 'കാലിയടിച്ച മനസുകള്‍' എന്ന അടിക്കുറിപ്പ് കൊടുക്കുക തുടങ്ങിയ പരിപാടികള്‍ സവ്യസാചി എന്ന ബ്ലോഗില്‍ ഞാന്‍ ചെയ്യുന്നതല്ല.മാത്രമല്ല..."
കോടതി:"ഡേ,ഡേ...നിറുത്തടേ.ഒരവസരം തന്നൂന്ന് കരുതി നീ മൈതാന പ്രസംഗം നടത്താതെ.ഉം...സ്റ്റാന്‍റ്റ് വിട്,സ്റ്റാന്‍റ്റ് വിട്."

Monday, June 29, 2009

അനോണി ആന്റണിക്കും,മറ്റുള്ളവര്‍ക്കും.

എന്‍റെ കഴിഞ്ഞ ഒരു പോസ്റ്റ് ചിലര്‍ക്കെങ്കിലും ചില തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്ന് തോന്നിയതിനാല്‍ ചില 'പായന്റ്സ്' വിശദീകരിക്കുന്നു.ദാറ്റ്‌ ഈസ്‌ ദാറ്റ്.

തെറ്റിദ്ധാരണകള്‍ ഉണ്ടാക്കി എന്ന് തോന്നിയത് ഞാന്‍ എഴുതിയ പോസ്റ്റായതിനാല്‍ , അവയ്ക്ക് വിശദീകരണം നല്‍കാനുള്ള ചോദ്യങ്ങള്‍ സാറ് തന്നെ (ഇത് ആന്റോക്കുട്ടി പതിച്ച് തന്ന പട്ടമാണ്) ചോദിക്കും, ഉത്തരങ്ങള്‍ സാറ് തന്നെ പറയും.പരാതിയുള്ളവര്‍ക്ക് സൈബര്‍ സെല്ലിന്റെ നമ്പര്‍ ആരെങ്കിലും കൊടുത്ത് സഹായിക്കുക.

ആദ്യം മറ്റുള്ളവര്‍ക്ക്:

1) ഞാന്‍ സംവരണത്തിന് എതിരാണോ?
തീര്‍ച്ചയായും എതിരാണ്.കാരണം കുട്ടിക്കാലം മുതല്‍ പള്ളികൂടത്തിലേയും കോളജുകളിലെയും പാഠങ്ങളില്‍ ഉള്ളത് പോരാഞ്ഞ് ദിവസേന നാഴികക്ക് നാല്‍പ്പതു വട്ടം എന്ന കണക്കില്‍ അരങ്ങേറുന്ന വല്യ ബുദ്ധി ജീവികളുടെയും, സാംസ്കാരിക നായകന്മാര്‍ എന്ന് വിളിക്കുന്ന വര്‍ഗ്ഗത്തിന്റെയും കവല പ്രസംഗങ്ങളില്‍ വരെ 'ജാതി മത ഭേദമന്യേ സകലവനും വാഴുന്ന എന്തരോ സ്ഥലമാണ് ഭാരതം' എന്ന നിലവിളി വിശ്വസിച്ച്, പ്രബുദ്ധന്‍ എന്ന വിളിപ്പേര് സ്വീകരിക്കണോ എന്ന ചിന്തയില്‍ ജീവിച്ച് വരികയായിരുന്നു ഞാന്‍.അപ്പോഴാണ്‌ നമ്മുടെ ചായക്കടക്കാരന്‍ രാമന്‍ നായരുടെ മകന്‍ ശങ്കര്‍ 'ഡേയ് അച്ഛന്‍ പറയുന്നു പഠിച്ച് പരീക്ഷകള്‍ക്ക് നല്ല മാര്‍ക്ക് വാങ്ങിയാല്‍ പോലും, ഞാന്‍ നായരായിപ്പോയത് കൊണ്ട് എന്നേക്കാള്‍ കുറഞ്ഞ മാര്‍ക്ക് വാങ്ങിയവന് എനിക്ക് മുന്‍പേ സര്‍ക്കാരു ജോലി കിട്ടാന്‍ എളുപ്പമാണെന്ന് , ശരിയാണോടെ?"എന്ന ചോദ്യം എന്നോട് ചോദിക്കുന്നത്. അന്തപ്പന്റെ സ്ഥിതിവിവര കണക്ക് അന്ന് കിട്ടിയിരുന്നേല്‍,ഞാന്‍ അതവനെ കാണിച്ച് പറഞ്ഞു നോക്കാമായിരുന്നു 'ഡേയ്, കൃത്യപ്രാതിനിദ്ധ്യം കമ്പ്ലീറ്റായിട്ട് കിട്ടും വരെ നീ ഒന്ന് ക്ഷമി.അത് കഴിഞ്ഞാല്‍ നമു‌ടെ നാട് മാവേലി നാടല്ലേ? പക്ഷെ, അത് വരെ നിനക്ക് ജോലി നിന്നെക്കാള്‍ കഴിവ് (പഠനത്തില്‍) കുറഞ്ഞവന് കിട്ടി കഴിഞ്ഞേ കിട്ടു. മാത്രമല്ല നായരെന്ന വാല് മാത്രം ബാക്കിയുള്ള നിന്റെ തന്തയെ ചിത്രകാരനെയും, ചാര്‍വാകനെയും പോലുള്ള പന്നിക്കൂട്ടങ്ങള്‍ തള്ളക്ക് വിളിക്കുന്നത്‌ നീ കേട്ടോണ്ട്‌ നിന്നോണം.ഇല്ലേല്‍ സെക്കുലറിസം പരുന്ത് റാഞ്ചി പോകും' എന്ന്.

2) അങ്ങിനെയെങ്കില്‍ ജാതി തിരിച്ച് ആളുകളെ ഇന്നും എണ്ണുന്നതിന്റെ കാരണം സംവരണം ആണെന്നാണോ ഞാന്‍ വിശ്വസിക്കുന്നത്?
ഇന്നേ ദിവസം എന്‍റെ കണ്മുന്പില്‍ വെച്ച് ഒരുത്തന്‍ ഒരു പെണ്ണിന്റെ മേല്‍മുണ്ട്‌ പറിക്കുകയാണെങ്കില്‍,പണ്ട് എന്‍റെ ജാതിക്കാര്‍ ചാന്നാര്‍ ലഹളക്ക് അനുകൂലമായിരുന്നോ,പ്രതികൂലമായിരുന്നോ എന്നത്, അത് ചെയ്യുന്നവന്റെ പരിപ്പെടുക്കുന്നതില്‍ നിന്നും എന്നെ തടയില്ല എന്ന് ഉത്തമ വിശ്വാസം ഉള്ളത് കൊണ്ട്,അതേ. തീര്‍ച്ചയായും ഇന്ന് താഴ്ന്ന ജാതി എന്നത് സംവരണം കൊണ്ട് മാത്രം നില നില്‍ക്കുന്ന ഒരു പട്ടമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മേല്‍മുണ്ട്‌ അപഹരിക്കപ്പെടുന്ന സ്ത്രീ അന്തര്‍ജനമോ,നായരോ,പുലയിയോ ഇനി അതൊന്നുമല്ലാത്ത ഒരു വേശ്യയോ ആണെങ്കില്‍ കൂടി എന്‍റെ പ്രതികരണത്തെ അത് ബാധിക്കില്ല.

മാത്രമല്ല നടപ്പിലുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍, നായരെന്ന് അന്തപ്പന്‍ ആരോപിക്കുന്ന ഞാനും, ക്രിസ്ത്യാനിയായ അന്തപ്പനും(സ്വയം പറയുന്ന), ഈഴവനായ ബാബുവും(ചുമ്മാ വാദത്തിന് വേണ്ടി) ഒരു കടയില്‍ നൂറു രൂപ കൊടുത്താല്‍, മുപ്പത്തിനാല് രൂപയ്ക്ക് ഒരു പാക്കെറ്റ് വില്‍സും,ബാക്കി അറുപത്തിയാറ് രൂപയും കിട്ടും.അല്ലാതെ ഈഴവനായ ബാബുവിന് ഇരുപത്തിയെട്ട് രൂപയ്ക്ക് കടക്കാരന്‍ ഒരു പാക്കെറ്റ് വില്‍സ്‌ കൊടുക്കില്ലല്ലോ.മറ്റെല്ലാ കാര്യത്തിലും ഇങ്ങനെ സമത്വം നില നില്‍കുമ്പോള്‍ , സംവരം ഒന്ന് കൊണ്ട് മാത്രം ആളുകളെ നായര്‍, ഈഴവന്‍ എന്നൊക്കെ തരം തിരിക്കുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചു പോകുന്നത് സാമന്യ ബുദ്ധി അല്‍പ്പം കൂടുതല്‍ ഉള്ളത് കൊണ്ടാണ്.അല്ലാതെ ശാസ്ത്ര സാഹിത്യ പരിഷകളുടെ പ്രബന്ധം വായിച്ചിട്ടും,ചാന്നാര്‍ ലഹളയുടെ ചരിത്രം പഠിച്ചിട്ടുമല്ല.

3)അപ്പോള്‍ പണ്ടത്തെ ചാതുര്‍ വര്‍ണ്യ വ്യവസ്ഥ അനുസരിച്ച് പിന്നോക്ക ജാതിക്കാരായിരുന്നവരുടെ പിന്‍തലമുറയ്ക്ക് ഉന്നമനം വേണ്ടേ?
തീര്‍ച്ചയായിട്ടും വേണം.വിദ്യാഭ്യാസം ആണല്ലോ സാമൂഹിക പുരോഗതിക്കുള്ള ഇന്നത്തെ മാനദണ്ഡം.അപ്പോള്‍ സര്‍ക്കാരിന് ചെയ്യാവുന്നത് ;ഏത് നില വരെയും കഴിവുള്ളവന് (പഠിക്കാന്‍, സ്വാശ്രയ ഫീസിനല്ല)സൗജന്യ വിദ്യാഭ്യാസം,അത് കഴിഞ്ഞാല്‍ അവനനവന്റെ കഴിവനുസരിച്ച് (അഭിരുചിയും) ജോലിയും എന്നത് ഒരു കര്‍മ്മ പദ്ധതിയായി നടപ്പാക്കകുക എന്നതാണ്.സൗജന്യ ആരോഗ്യ സംരക്ഷണം എന്നത് തത്വത്തിലെങ്കിലും നടപ്പാക്കിയിട്ടുള്ള ഇന്ത്യയില്‍ ഇതും നടക്കും. ഒരല്‍പ്പം ഇച്ഛാശക്തിയുള്ള നേതൃത്വം വേണം എന്ന് മാത്രം. അല്ലാതെ പൂര്‍വ്വികര്‍ അനുഭവിച്ച പീഡനത്തിന്റെ പരിഹാരം സംവരണം മാത്രമാണെങ്കില്‍, അമേരിക്കയിലും, ആഫ്രിക്കയിലും കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് കിട്ടേണ്ട സംവരണം ലോകത്ത് വേറെ ഒരുത്തനം കൊടുക്കാന്‍ പാടില്ല.കാരണം അവര്‍ അനുഭവിച്ചതിന്റെ നൂറിലൊന്ന് ഇവിടെ അര് അനുഭവിച്ചിരിക്കുന്നു?ഒരു കറുമ്പന്‍ അമേരിക്കയുടെ തലപ്പത്ത് വന്നത് സംവരണം എന്ന ആനുകൂല്യത്തിനു വേണ്ടി പോരാടിയ ജനതയുടെ പ്രതിനിധിയായി അല്ല മറിച്ച് സമത്വം എന്ന അവകാശത്തിനു വേണ്ടി ജീവന്‍ കളഞ്ഞവരുടെ പിന്‍ഗാമിയായിട്ടാണ് എന്നതും ഇവിടെ സ്മരണീയം.

ഇനി അന്തപ്പന് മാത്രമായി ചിലത്:

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനവും,മറ്റു സ്ഥിതി വിവര കണക്കുകളും പുക്കെട്ടിരുന്നു പഠിച്ച നേരത്ത്,ഞാന്‍ എഴുതിയ പോസ്റ്റ് ഒന്ന് മനസിരുത്തി വായിക്കാമായിരുന്നു. കാരണം അതില്‍ ഞാന്‍ സംവരണത്തെക്കുറിച്ചുള്ള എന്‍റെ അഭിപ്രായമല്ല പറഞ്ഞിരുന്നത്. ജാതി വ്യവസ്ഥയിലുള്ള സംവരണം വേണം എന്ന് പറയുന്ന അതെ ശ്വാസത്തില്‍ തന്നെ ജാതി വ്യവസ്ഥ തുടച്ച് നീക്കണം എന്നും പറയുന്ന ചിത്രകാരന്‍, ചാര്‍വാകന്‍ തുടങ്ങിയ ഫ്രാഡുകളെക്കുറിച്ചുള്ള എന്‍റെ അഭിപ്രായമായിരുന്നു ഞാന്‍ അവിടെ എഴുതിയത്. ജാതി വ്യവസ്ഥയില്‍ ഉള്ള സംവരണം നിലനിറുത്തിക്കൊണ്ട്‌ തന്നെ ജാതി മത ചിന്തകളെ തുടച്ച് നീക്കണം എന്ന് പറയുന്നത് ശുദ്ധ അബദ്ധമോ,കള്ളത്തരമോ ആണെന്ന് പറയുന്നതിന്റെ ഭാഗമായിട്ട് മാത്രമാണ് സംവരണം എന്ന വിഷയം ആ പോസ്റ്റില്‍ കടന്നു വന്നത്.
അന്തപ്പന്റെ പോസ്റ്റില്‍ പറഞ്ഞത് പോലെ 'അന്തപ്പന് കണക്കുകള്‍ എവിടുന്ന് കിട്ടി?' എന്നതല്ല എ കെ സാറിന്റെ സംശയം.ശാസ്ത്ര സാഹിത്യ പരിഷത്തിലും, ബ്രിട്ടാനിക്കയിലും മുങ്ങി തപ്പുന്നവര്‍ക്ക് മലയാളം മനസിലാവില്ലേ എന്നതാണ്? അതോ നേരെ പറയുന്ന കാര്യങ്ങള്‍ പോലും അത്തരക്കാര്‍ തലതിരിഞ്ഞേ വ്യാഖ്യാനിക്കാവു എന്ന് നിയമം വല്ലതും ഉണ്ടോ?

അപ്പ ശരി,എല്ലാം പറഞ്ഞത് പോലെ.

എ കെ.



Sunday, June 28, 2009

സമീരാ ഡാഫോഡില്‍ ദൈവത്തോട്

കഴിഞ്ഞ ദിവസങ്ങളിലെ ടി വി ദൃശ്യങ്ങള്‍,പത്ര തലക്കെട്ടുകള്‍ എന്നിവയെന്നെ എന്നെ വല്ലാതെ വേട്ടയാടുന്നു.കാരണം എത്ര ശ്രമിച്ചിട്ടും മൈക്കിള്‍ ജാക്സന്‍ കാലയവനികക്ക് പിന്നിലേക്ക് മൂണ്‍വാക്ക്‌ ചെയ്തു എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.
സാധാരണ ചെറ്റകളാണെങ്കിലും പത്രങ്ങള്‍ കുറച്ചു കൂടി കാരുണ്യം ഇത്തവണ കാട്ടി എന്ന് തോന്നുന്നു.'തട്ടി പോയി', പണ്ടാരമടങ്ങി' ,'സിദ്ധി കൂടി', 'പാസ്ഡ് എവേ','ഗോണ്‍ ഫോര്‍ ഗുഡ്' തുടങ്ങിയ പതിവ് ക്രൂര പദങ്ങള്‍ ഉപയോഗിക്കാതെ തലക്കെട്ടുകളില്‍ 'ദി ഫൈനല്‍ കര്‍ട്ടന്‍' (അതും മലയാളം പത്രത്തില്‍) ,'ജക്കോസ് ലാസ്റ്റ്‌ മൂണ്‍ വാക്ക്' തുടങ്ങിയ അതിമനോഹര പദങ്ങളാണ് ഉപയോഗിച്ചത്.മരണാനന്തരം എം ജെ മലയാള പത്രങ്ങള്‍ വായിച്ച് നൃത്തം ചെയ്യുന്നുണ്ടാവണം.

വെള്ളിയാഴ്ച്ച കാലത്ത്,ഇപ്പോള്‍ പ്രത്യേകിച്ച് വേറെ പണിയൊന്നും ഇല്ലാത്തതിനാല്‍,ടി വി കണ്ടേക്കാം എന്ന് കരുതി അത് ഓണ്‍ ചെയ്തപ്പോഴാണ് മൈക്കിള്‍ ജാക്സന്റെ മരണ വിവരം ഞാന്‍ അറിയുന്നത്. ഹോ കുറച്ചു കാലം മുന്‍പായിരുന്നെങ്കില്‍ ആ വാര്‍ത്ത ഞാന്‍ കാണില്ലായിരുന്നു.അന്ന് എനിക്ക് ടി വി കാണാന്‍ സമയമില്ലലോ.താടിയങ്കിളിന്റെ മലയാളം പടം കഴിഞ്ഞാല്‍, ഞാന്‍ തന്നെ നിര്‍മിക്കുന്ന താടിയുടെ തമിഴ് പടം, അത് കഴിഞ്ഞാല്‍ തെലുങ്ക്,പിന്നെ സമയം കിട്ടിയാല്‍ കന്നഡ. ഇടയ്ക്കിടെ അസത്യന്‍ ഡ്വാണ്‍ഫോറസ്റ്റ് അങ്കിളിന്റെ പടങ്ങള്‍.ഇതിനിടെ ടി വി കാണാന്‍ ആര്‍ക്കു നേരം? ങാ, അതൊക്കെ ഒരു കാലം. അത് പോട്ടെ...അപ്പോള്‍, എന്താ പറഞ്ഞു വന്നത്?ഓ, മൈക്കില്‍ ജാക്സന്‍. അദേഹം നമ്മെ വിട്ടു പിരിഞ്ഞു എന്ന വാര്‍ത്ത എന്നിലുണ്ടാക്കിയ അവിശ്വസിനിയത പോലെ ഒന്ന് ഇതിനു മുന്‍പ് ഉണ്ടായത് ഞാനും , സുപ്പര്‍ സ്റ്റാര്‍ ‍ ഏട്ടനും അഭിനയിച്ച അസത്യന്‍ അങ്കിളിന്റെ 'മിനിഞ്ഞാന്നത്തെ ചിന്താഭാരത്തിന്' കേരള സര്‍ക്കാര്‍ ജനപ്രിയ സിനിമക്കുള്ള അവാര്‍ഡ്‌ കൊടുത്തപ്പോള്‍ മാത്രമാണ്.

വാര്‍ത്ത കണ്ടപ്പോള്‍ തന്നെ,എനിക്കറിയാവുന്നവരെയൊക്കെ വിളിച്ച് ജക്കോ മരിച്ചിട്ടില്ല എന്ന് പറയണം എന്ന് വിചാരിച്ചതാണ്(നേരത്തെ പറഞ്ഞില്ലേ,ഇപ്പൊ പ്രത്യേകിച്ച് പണിയൊന്നും ഇല്ലല്ലോ.എനിക്കും സമയം പോണ്ടേ?).പക്ഷേ പരിപാടി ചീറ്റി പോയി.പണ്ടായിരുന്നെങ്കില്‍ എന്‍റെ കാള്‍ ആദ്യത്തെ റിംഗ് അടിക്കും മുന്‍പേ സകല ഫ്രാഡുകളും ചാടി വീണ് എടുത്തേനെ.പക്ഷേ ഇപ്പോള്‍ ഒരു ഡോഗും തിരിഞ്ഞ് നോക്കുന്നില്ല. അല്ലേലും കഷ്ടകാലം വരുമ്പോള്‍ ഇങ്ങനെ തന്നെ.

മൈക്കിന്റെ(മടിയില്‍ കിടത്തിയല്ലേ പേരിട്ടത്) മരണം എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. കുഞ്ഞും നാളില്‍ ഞാന്‍ താരാട്ടിനു പകരം കേട്ടിരുന്നത് 'സ്മൂത്ത്‌ ക്രിമിനലും', 'ആനി'യും ഒക്കെയായിരുന്നല്ലോ.മാത്രമല്ല 'മൈക്ക്‌ ഈസ്‌ ദി മോസ്റ്റ്‌ പോപ്പുലര്‍ മോട്ടേര്‍സ് ഇന്‍ ദി വേള്‍ഡ്' (ഒരു വിധം ഒപ്പിച്ചെന്ന് തോന്നുന്നു) .
അങ്ങനെ എന്നും എന്‍റെ കൂടെ ഉണ്ടായിരുന്ന മൈക്ക്‌ മരിച്ചു എന്ന് വിശ്വസിക്കാന്‍ എനിക്ക് ഇപ്പോഴും കഴിയുന്നില്ല. പച്ചാളം വാസു, തവളക്കുളം ചാണ്ടി, ഗ്രെഗറി പെക്ക്, അമിതാബ് ബച്ചന്‍, ദിം ദി മത്തായി , അങ്ങേനെ ലോകം അറിയുന്ന ഒരുപാട് പ്രശസ്തര്‍ ഉണ്ടാകാം.പക്ഷേ ഒരേയൊരു മൈക്ക് മാത്രം. അന്തരാളത്തിലെ രംഗ വേദിയില്‍ ഒടുക്കത്തെ തിരശീല വീഴുന്നതിന് അഞ്ച് നിമിഷം മുന്‍പ് വരെ ഒരു തീക്കുറ്റിയായി ജ്വലിച്ച് നിന്ന മൈക്ക്...
എനിക്കങ്ങ് സങ്കടം വന്നു. പെരപ്പുരത്തു കയറിയിരുന്ന് കുറെ നേരം കരഞ്ഞു.അവസാനത്തെ ആനക്കാരന്‍ വയലിന്‍ ചന്ദ്രപ്പന്‍,എന്നെ കളഞ്ഞിട്ട് ആദ്യ ഭാര്യയുടെ കൂടെ പോയില്ലായിരുന്നുവെങ്കില്‍ ഞാന്‍ അവനെക്കൊണ്ട് ഒരു ശോക രാഗം വായിപ്പിച്ചേനെ.

എന്‍റെ കളിക്കൂട്ടുകാരനായിരുന്നു മൈക്ക്‌. സന്തോഷങ്ങളിലും,സന്താപങ്ങളിലും എന്നും എന്‍റെ ഒപ്പം ഉണ്ടായിരുന്നവന്‍.താടി അങ്കിളിനെ ആദ്യ സിനിമക്കു വേണ്ടി കാണാന്‍ പോകും വഴി ഞാന്‍ ജക്കോയുടെ 'ഡെയ്ന്ച്ചറസ്' എന്ന ഗാനമാണ് കേട്ടിരുന്നത്. പിക്കാലത്ത് ഞാന്‍ നടുവൊടിച്ച് ഉണ്ടാക്കിയ കാശെല്ലാം ബന്ധുക്കള്‍,സുഹൃത്തുക്കള്‍, അഭ്യുദയകാംഷികള്‍,ബോയ്‌ ഫ്രണ്ട് എന്നൊക്കെ പറഞ്ഞ് കൂടെ നിന്നവനോക്കെ ചേര്‍ന്ന് അടിച്ചോണ്ട് പോയപ്പോള്‍, ഞാന്‍ ആശ്വാസം കണ്ടത് 'ആള്‍ ഐ വാണാ സേ ഈസ്‌ ദാറ്റ്‌ ദേ ഡോണ്ട് റിയലി കെയര്‍ എബൌട്ട്‌ അസ്‌' എന്ന മൈക്കിന്റെ വരികളിലാണ്.ഒടുവിലത്തെ കുറ്റി, വയലിന്‍ ചന്ദ്രപ്പന് വേറെ കെട്ടിയോളും കുട്ടികളും ഉണ്ട് എന്നറിഞ്ഞപ്പോള്‍, അവനെ ജക്കോയുടെ 'ബാഡ്‌' കേള്‍പ്പിക്കാന്‍ ഞാന്‍ ശ്രമിച്ചപ്പോളല്ലേ പുല്ലന്‍ കളഞ്ഞിട്ട് പോയത്?ഇന്നോളമുള്ള എന്‍റെ ജീവിതത്തെ മൈക്ക്‌ അത്രത്തോളം സ്വാധീനിച്ചിരുന്നു.

ജീവിതത്തില്‍ ഒരുപാട് അത്യാര്‍ത്തികള്‍ ഉള്ള ഒരുവളാണ് ഞാന്‍.അതില്‍ ഏറ്റവും വല്യ ആക്രാന്തങ്ങളില്‍ ഒന്ന് ജക്കോയെ നേരിട്ട് കാണുക എന്നതായിരുന്നു.ഇനി അത് സാധിക്കില്ല. സോ,ദൈവം എന്ന് പറയുന്ന മനുഷ്യന്‍ എന്‍റെ മുന്നിലെങ്ങാനും വന്നു പെട്ടാല്‍,ഇനി ഞാന്‍ ചോദിക്കുക'അടുത്ത ജന്മത്തിലും ഞാന്‍ സമീരാ ഡാഫോഡില്‍ ആയി ജനിക്കണം, ദേശിയ അവാര്‍ഡ്‌ മാത്രമല്ല ഓസ്കാര്‍ വരെ വാങ്ങണം, ലോകമറിയുന്ന നടിയാകണം, ഈ ജന്മത്തില്‍ എന്നെ വിലക്കിയ മലയാള താര സംഘടന പണ്ടാരമടങ്ങി പോകണം' എന്നൊക്കെയാവും.നാശം!!!എഴുതാന്‍ വന്നത് മറന്നു.'മൈക്കിള്‍ ജാക്സന്‍ വീണ്ടും ജനിക്കണം' എന്നും ഞാന്‍ വരം ചോദിക്കും കേട്ടോ.

സമീരാ ഡാഫോഡില്‍

Saturday, June 27, 2009

ബ്ലോഗിലെ പുരോഗമന ചിന്താഗതിക്കാര്‍ക്ക് ...

തീവണ്ടി പാളങ്ങളില്‍ തെണ്ടി തിരിഞ്ഞ് നടക്കുന്ന അവസ്ഥയില്‍ നിന്നും വ്യത്യസ്തമായി, ചായക്കടയുടെ ബെഞ്ചില്‍ ഇരിക്കുന്ന മട്ടിലാണ് പുരോഗമന ചിന്താഗതിക്കാരനെ എ കെ അന്ന് കണ്ടത് .
"ഡോ നായരേ." ചായ മുന്നില്‍ കൊണ്ട് വെച്ച കടയുടമ കം വിളമ്പുകാരനായ രാമന്‍ നായരെ പുരോഗമനവാദി വിളിച്ചു.അടുക്കളയിലേക്കു നടക്കാന്‍ തുടങ്ങുകയായിരുന്ന രാമന്‍ നായര്‍ തിരിഞ്ഞ് ചോദ്യ ഭാവത്തില്‍ വാദിയെ നോക്കി.

വാദി: "തന്‍റെ അപ്പുപ്പന്റെ അച്ഛന്‍ നമ്പൂതിരിയാകാനും, തന്‍റെ അപ്പുപ്പന്റെ അമ്മാവന്‍ ഒരു കൂട്ടിക്കൊടുപ്പുകാരനാകാനും സാധ്യത ഉണ്ട് എന്ന് അറിഞ്ഞിട്ടു തന്നെയാണോ താന്‍ ഈ നായര്‍ എന്നാ വാല്‍ പേരിന് പിന്നില്‍ ചേര്‍ത്ത് നടക്കുന്നത്?"
വാദിയുടെ മുഖത്ത്‌ തിളച്ച വെള്ളം, രാമന്‍ നായരുടെ കനത്ത കൈ അല്ലെങ്കില്‍ കാല് അങ്ങനെ എന്തെങ്കിലും ഉടനെ പതിക്കും എന്ന് കടയില്‍ ഉയര്‍ന്ന പൊതു പ്രതീക്ഷയെ തകിടം മറിച്ച്, സരസനായ നായര്‍ പുഞ്ചിരിച്ചു:"എന്‍റെ തന്തയുടെ പേര് മാധവന്‍ നായര്‍, അങ്ങേരുടെ അച്ഛന്‍ പരമേശ്വരന്‍ നായര്‍ അതിനും അപ്പുറത്തോട്ടു ഞാന്‍ ചികഞ്ഞിട്ടില്ല. അല്ലടാ കൂവേ, എന്‍റെ അപ്പുപ്പന്റെ അമ്മാവന്‍ കൂട്ടിക്കൊടുടുപ്പുകാരനായിരുന്നു എന്ന് നിനക്കെങ്ങനെ അറിയാം.നിന്റെ നിന്റെ അപ്പുപ്പന്റെ വല്യമ്മായിയെ അങ്ങേര്‍ കൂട്ടിക്കൊടുത്തിട്ടുണ്ടോ ?"
വാദി:(കുപിതനായി) "അനാവശ്യം പറയരുത്. "

എ കെ :"ചോദിച്ച് വാങ്ങിച്ചതല്ലേ നീ ?"
വാദി അടുത്തിരുന്ന എ കെയെ കണ്ടത് അപ്പോഴാണ്‌.

വാദി:"നീയെതാ ജാതി?"

എ കെ :"പറഞ്ഞാല്‍ നിന്‍റെ ഇനം അറിയില്ല. എ കെ യുടെ ജാതിയുടെ പേരും എ കെ എന്ന് തന്നെ?"

വാദി:"അടിസ്ഥാന പിന്നോക്ക വിഭാഗമാണോ?"

എ കെ :"വിദ്യാഭ്യാസം കൊണ്ടും സാമാന്യ ബുദ്ധി കൊണ്ടും തീരെ പിന്നോക്കമല്ല. പിന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പ് വോട്ട് ബാങ്കുകള്‍ ഉണ്ടാക്കാനായിട്ട് കുറെ കാപെറുക്കികള്‍ ഉണ്ടാക്കിയ തരം തിരിവ് അനുസരിച്ചാണ് നീ ചോദിച്ചതെങ്കില്‍ എ കെ ജാതിയെ തരം തിരിക്കാനുള്ള മാനസിക വലിപ്പം അവന്മാര്‍ക്കില്ലയിരുന്നത് കൊണ്ട് ക്ലാസ്സിഫിക്കേഷന്‍ തത്കാലം ആയിട്ടില്ല"

വാദി:"മനസിലായില്ല?"

എ കെ :"മാനസികരോഗികള്‍ക്ക് മനസിലാകില്ല"

വാദി (ചിരിച്ചു കൊണ്ട്):"ജാതി വ്യവസ്ഥയെ തുടച്ചു നീക്കണം എന്നാവശ്യപ്പെടുന്ന പുരോഗമന പ്രസ്ഥാനത്തിന്റെ വ്യക്താവായ എന്നെ മാനസിക രോഗി എന്ന് വിളിക്കുന്ന തനിക്കാണ് ഭ്രാന്ത് "

എ കെ :"എങ്ങനെ ? എങ്ങനെ? ജാതി വ്യവസ്ഥയെ തുടച്ചു നീക്കാനാണ് നിന്‍റെ ശ്രമമെന്നോ?അപ്പോള്‍ ഈ നാട്ടില്‍ ജാതി മത ഭേദമില്ലാതെ ഒന്ന് പോലെ കഴിയുന്ന ഒരു സമൂഹമായിരിക്കണമല്ലോ നിന്‍റെ സ്വപ്നം?"

വാദി:"എന്ന് നിസ്സംശയം പറയാം"

എ കെ :"എന്നാല്‍ ഞാന്‍ ജാതി വ്യവസ്ഥ അനുസരിച്ചുള്ള സംവരണം നിറുത്തലാകണം എന്ന് ഒരു പൊതുതാത്പര്യ ഹര്‍ജ്ജി ശടേന്ന് എഴുതാം. നീ അതില്‍ ഒപ്പിടുമോ?"

രാമന്‍ നായര്‍ : (അടുത്ത ബെഞ്ചുകാര്‍ക്ക് ആഹാരം വിളമ്പുന്നതിനിടെ) ചുമ്മാ ഒപ്പിട്ടു കൊടുക്കടേ.ജാതി വ്യവസ്ഥയെ തുടച്ചു നീക്കാന്‍ എന്തെങ്കിലുമൊക്കെ നീയും ചെയ്തെന്ന് വരട്ടേ"

വാദി:(തെല്ലു പരുങ്ങിയെങ്കിലും, വീര്യം വിടാതെ) "ജാതി തിരിച്ചുള്ള സംവരണം നിറുത്തലാക്കിയത് കൊണ്ട് കേരളത്തിലെ ജാതി ഭ്രാന്ത് മാറില്ല"

എ കെ :"പിന്നെ? ഒരുത്തന് പഠിക്കാനുള്ള അവസരം, ജോലി ഇതൊക്കെ കിട്ടിയത് അവന്റെ കഴിവും പ്രയത്നവും കൊണ്ടല്ല മറിച്ച് അവന്‍ താണ ജാതിക്കരനായത് കൊണ്ട് മാത്രമാണ് എന്നാ ബോധം മറ്റുള്ളവരിലും അവന്‍റെ മനസ്സിലും നിരന്തരം ഉണര്‍ത്തുന്ന സംവരണം കൊണ്ടാണോ നീയൊക്കെ ജാതി വ്യവസ്ഥ മാറ്റാന്‍ പോകുന്നത്?"

വാദി:"എന്‍റെ മകന് ജാതി സംവരണത്തില്‍ ജോലി കിട്ടിയെങ്കില്‍ അത് മൂന്ന് തലമുറ മുന്‍പ് അവന്‍റെ ജാതിക്കാര്‍ ജന്മിത്ത്വ വ്യവസ്ഥയില്‍ അനുഭവിച്ച കഷ്ട്ടപ്പാടിന്റെ കൂലിയായിട്ട് കൂട്ടിയാല്‍ മതി."

എ കെ :"അത് ശരി!!!അപ്പോള്‍ നിന്‍റെ മോനെ ഏതെങ്കിലും ജന്മി പീഡിപ്പിച്ചിട്ടുണ്ടോ?"

വാദി:"അതിനു ജന്മികളെ ഞങ്ങള്‍ തൂത്തെറിഞ്ഞില്ലേ ?"

എ കെ :"അത് കാര്യ വിവരമുള്ള ആണുങ്ങള്‍.നീ നിന്‍റെ കാര്യം പറ.നിന്നെയോ നിന്‍റെ മകനെയോ ആരെങ്കിലും ജാതി പിന്നോക്കമായത് കൊണ്ട് തെരുവില്‍ പീഡിപ്പിച്ചിട്ടുണ്ടോ?"

വാദി:"ഇല്ല"

എ കെ :(അടുക്കളയിലേക്കു നോക്കി, ഉറക്കെ) രാമന്‍ നായരും, അങ്ങേരുടെ മകനും നായരായത് കൊണ്ട് ആരെയെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോ?"

നായര്‍:"ഇവിടെ കട നേരെ നടത്താന്‍ സമയമില്ല. അപ്പോഴാണ്‌ പീഡനം"

എ കെ :(തിരിഞ്ഞ് വാദിയോട്) "പിന്നെ എന്ത് പിണ്ണാക്കിനാടാ മൂന്ന് തലമുറ മുന്‍പ് നടന്ന ഏതോ കാര്യത്തിന്റെ പേരില്‍ നിന്‍റെ മോന് ആനുകൂല്യവും ,രാമന്‍ നായരുടെ മകന് ഉണ്ടയും?"

വാദി :"അത് ഭരണഘടന..."

എ കെ :"ഡാ...അതില്‍ തന്നെ ഇത്ര കൊല്ലത്തിന് ശേഷം ഈ സംവരണം നിറുത്തലാക്കണം എന്നും പറഞ്ഞിട്ടുണ്ട്.സമ്മതിക്കുമോ നീയൊക്കെ?"

വാദി:"അത്...അത് പിന്നെ..."

എ കെ :"നിന്‍റെ മോനും, കൊച്ച് മോനും, അവന്‍റെ മോനും പഠനവും , ജോലിയും എല്ലാം ജാതി പറഞ്ഞു തന്നെ വേണം.എന്നിട്ട് നീയൊക്കെ പുരോഗമന വാദക്കാര്‍.ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും, നല്ല മാര്‍ക്ക് കിട്ടിയിട്ടും, നാട്ടില്‍ ജോലി കിട്ടാതെ ഗള്‍ഫില്‍ പോയി മണ്ണ് ചുമന്നും, ചായക്കടയില്‍ പാത്രം മോറിയും നടക്കേണ്ടി വരുന്ന രാമന്‍ നായരും അങ്ങേരുടെ മകനും ജാതി ഭ്രാന്തര്‍.ഇതൊന്നും പോരാഞ്ഞിട്ട് രാമന്‍ നായര്‍ ജാതി പേര് സ്വന്തം പേരിന്റെ കൂടെ ചേര്‍ത്താല്‍ നിനക്കൊക്കെ അപ്പൊ തുടങ്ങും ചൊറിച്ചില്‍, അല്ലേ?"

വാദി:"മേല്‍ജാതിക്കാരുടെ പൂര്‍വികര്‍ ചെറ്റകളായിരുന്നു എന്ന് സ്ഥാപിക്കുക എന്നത് ഞങ്ങള്‍ പുരോഗമന വാദികളുടെ പ്രഖ്യാപിത നയമാണ് .രാമന്‍ നായര്‍ ഉത്പ്പെട്ട സമൂഹത്തിന്റെ സമ്പൂര്‍ണ്ണ ബോധവത്കരണമാണ് ഞങ്ങളുടെ ആത്യന്തിക ലക്‌ഷ്യം"

എ കെ :"ഞാന്‍ ഇവിടെ വന്നു കയറിയപ്പോള്‍ നീ രാമന്‍ നായരേ ബോധവത്കരിക്കാന്‍ ശ്രമിച്ചത് പോലെ, അല്ലേ?"

വാദി:"ഏതാണ്ട്..."

എ കെ :"എന്നിട്ടെന്തായി? നീ അങ്ങേരുടെ വല്യകാരണവരെ കൂട്ടിക്കൊടുപ്പുകാരന്‍ എന്ന് വിളിച്ചു.അങ്ങേര്‍ മറുപടിയായി നിന്‍റെ വല്യകാര്‍ണോത്തിയെ വെടി എന്നും വിളിച്ചു.ഇത്തരത്തില്‍ എങ്ങനാടാ സമൂഹത്തെ ബോധവത്കരിച്ച് ജാതി വ്യവസ്ഥ ഇല്ലാതാക്കുന്നത്? അതോ നീ പുറത്തിറങ്ങിയാല്‍ ഉടന്‍ താണ ജാതിക്കാരനായ നിന്നെ രാമന്‍ നായര്‍ ജാതി പേര് പറഞ്ഞു അപമാനിച്ചു എന്ന് കേസ് കൊടുത്താണോ അങ്ങേരുടെ മനസിലെ ജാതി ചിന്ത ഇല്ലാതാക്കാന്‍ പോകുന്നത്?"
വാദി മൌനം പൂണ്ടിരിന്നു.

എ കെ :"ഡാ നീയൊക്കെ നായരെയും, നമ്പൂതിരിയെയും , ഞാന്‍ നേരത്തെ പറഞ്ഞ കാപെരുക്കികള്‍ മേല്‍ ജാതിക്കാരായി തരം തിരിച്ച മറ്റുള്ളവരെയും തെറി പറഞ്ഞു നടക്കുന്നതേ, സ്വയം അധമനാണ് എന്ന ചിന്ത ഉള്ളില്‍ കിടക്കുന്നത് കൊണ്ടാണ്. ഈ ചിന്തയും ഉള്ളില്‍ വെച്ചോണ്ട് ,നീയൊക്കെ പുരോഗമന ചിന്താഗതിക്കാരന്‍ എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് വിവരമുള്ളവര്‍ നിന്നെയൊക്കെ മനോരോഗികള്‍ എന്ന് വിളിക്കുന്നത്‌.എഴുന്നേറ്റു പോടാ ഭ്രാന്താ, രാവിലെ മനുഷ്യന് മെനകേടുണ്ടാക്കാന്‍ അവന്റെ മുത്തപ്പന്റെ പുരോഗമന വാദം...ഇതൊക്കെ നീ വല്ല മലയാളം ബ്ലോഗിലും പോയി പറ...അവിടാകുമ്പോള്‍ നീയൊക്കെ എന്ത് വിവരക്കേട് എഴുതിയാലും അത് വായിച്ച് കൈയ്യടിക്കാന്‍ കുറച്ചു മന്ദബുദ്ധികളെയെങ്കിലും കിട്ടും "

സമര്‍പ്പണം :മലയാളം ബ്ലോഗിലെ പുരോഗമന ചിന്താഗതിക്കാരായ ചാര്‍വാകന്‍,ചിത്രകാരന്‍ എന്നിവര്‍ക്ക് .

Monday, June 15, 2009

തെരിയാത് ???

ട്വിറ്റര്‍ ഇന്ന് പുതിയ തരികിട വാര്‍ത്തകള്‍ ഒന്നും തരാത്തതിനാല്‍ പഴയ ഒരു കഥ ഇന്നത്തെ പോസ്റ്റാക്കുന്നു.ഈ കഥയില്‍ ഞാന്‍ കഥാപാത്രമാണോ എന്ന് ചോദിച്ചാല്‍ അല്ല.പക്ഷേ സ്വാമി വിവേകാനന്ദന്‍ , ശങ്കരാചാര്യര്‍ തുടങ്ങിയവരുടെ ഭാഷയെ അനുസ്മരിപ്പിക്കുന്ന എന്തോ ഒന്ന് ഇതിലുണ്ട് (ഏത്,എങ്ങനെ എന്നൊന്നും ചോദിക്കണ്ടാ.ഒണ്ടെന്ന് പറഞ്ഞാല്‍ ഒണ്ട് ).

ഇത് വെറും ഒരു സാങ്കല്പിക കഥയാണെന്നോ ,ഇതില്‍ കഥാപാത്രങ്ങള്‍ വെറും മായയാണെന്നോ ഒക്കെ പറയാന്‍ എനിക്ക് നല്ല സൌകര്യമില്ല. വിരോധമുള്ളവര്‍ വിരോധിച്ചോ.


:)കഥ
:) (സ്മൈലികള് ചുമ്മാ കിടക്കട്ട്.എന്ന് കരുതി ഇനി പറയുന്നത് തമാശയല്ല കേട്ടാ ??? )

ഒരു നാടിന്റെ മുഴുവന്‍ അഭിമാനവും, ആശയും പ്രതീക്ഷയുമായി പിന്നെ മറ്റെന്തക്കെയോ കൂടിയായി വളര്‍ന്ന് വന്ന ഒരു വ്യക്തി ,ഒരു സുപ്രഭാതത്തില്‍ എല്ലാവരാലും നിരസിക്കപ്പെട്ടവനായി ആത്മഹത്യ ചെയ്യുക;ദാരുണമായ ഈ സംഭവം നടന്നത് കോട്ടയം ജില്ലയിലെ പാലയിലാണ്.

സംഭവത്തിലേക്ക് കടക്കും മുന്‍പ് ഒരല്‍പ്പം പിന്‍കഥ പറയേണ്ടതുണ്ട്.

പാലയുടെ അഭിമാനമായിരുന്നു കുഞ്ഞുമോന്‍.ഉത്സാഹശാലിയായ ചുമരെഴുത്ത് തൊഴിലാളി മാത്രമല്ല,അന്നാട്ടിലെ എന്ത് നല്ല കാര്യത്തിനും മുന്നിട്ടിറങ്ങുന്ന പൊതുകാര്യ പ്രസക്തന്‍ കൂടിയായ കുഞ്ഞുമോന്‍ എഴുതിയ ചുമരെഴുത്തുകള്‍ മ്യൂറല്‍ ചിത്രങ്ങളെ വെല്ലുന്നവയായിരുന്നത്രേ. പാലാക്കാര്‍ക്കാണേലോ;'പേറെടുക്കല്‍ തുടങ്ങി ശവമടക്കുവരെ എന്നാ ചടങ്ങായാലും മാണി സാറ് വന്നില്ലേലും കുഞ്ഞുമോന്‍ മസ്റ്റായിട്ട് വേണം,ഇല്ലേ സങ്കടവാ' എന്ന അവസ്ഥയും. ഇത്ര മാത്രംപോരെ കുഞ്ഞുമോന്റെ ജനസമ്മതി മനസിലാക്കാന്‍ ? (പോരെങ്കില്‍ ദാ ഇതൂടെ പിടിച്ചോ ) തങ്കപ്പെട്ട സ്വഭാവമുള്ള കുഞ്ഞുമോന്‍ പാലായിലെ അമ്മമാരുടെ പുത്ര സങ്കല്‍പ്പവും, അവിവാഹിതകളുടെ ഭര്‍തൃ സങ്കല്‍പ്പവുമായിരുന്നു.

നാട്ടിലുള്ള ചെറുപ്പക്കാരികളുടെ മുഴുവന്‍ സ്വപ്നമായിരുന്നെങ്കിലും,കുഞ്ഞുമോന്റെ മനസ്സില്‍ ദേവസ്സി മുതലാളിയുടെ മകള്‍ ടെസ്സി മാത്രമായിരുന്നു. മനസ്സില്‍ മാത്രമല്ല ,വൈകുന്നേരങ്ങളില്‍ ബാറില്‍ പോയി പതിവുള്ള നാലെണ്ണം കീച്ചിയ ശേഷം കുഞ്ഞുമോന്‍ പാടുന്ന പാട്ടുകളില്‍ പോലും ടെസ്സി നിറഞ്ഞ് നിന്നിരുന്നു.സാമ്പത്തികമായി തന്നെക്കാള്‍ ഏറെ പിന്നോക്കം നില്‍ക്കുന്നവനെങ്കിലും, കുഞ്ഞുമോനെപ്പോലെ സ്വഭാവ മഹിമയും,ജന സമ്മതിയും ഉള്ള ഒരാള്‍ തന്റെ മകളെ സ്നേഹിക്കുന്നതില്‍ ദേവസ്സി മുതലാളിക്കും, നോ പ്രോബ്ലം.

അങ്ങനെ സ്വച്ഛമായി ഒഴുകുന്ന മീനച്ചലാറിന്റെ മട്ടില്‍ ജീവിതം മുന്നോട്ട് പോകവെയാണ്, ഏറ്റുമാനൂര്‍കാരന്‍ ബിജു കുഞ്ഞുമോന്റെ പതിവ് ബാറില്‍ സപ്ലയറായി എത്തുന്നത്. എത്തിയ ദിവസം തന്നെ അവന്‍ കുഞ്ഞുമോന്റെ ജീവിതം കോഞ്ഞാട്ടയാക്കി എന്ന് പറയുമ്പോള്‍ ,അത് വെറും സത്യം മാത്രമായി ചരിത്രത്തിലേക്ക് കയറിയേക്കാവുന്ന ഒരു പ്രസ്താവനയാകും.

പാലയുടെ മുത്തായ കുഞ്ഞുമോനെക്കുറിച്ച് സഹപ്രവര്‍ത്തകരില്‍ നിന്നും അറിഞ്ഞ ബിജു,അന്ന് കുഞ്ഞുമോന്റെ പതിവ് കോന്റെസ്സാ റമ്മും , ബീഫ് ഉലത്തിയതും വിളമ്പുന്ന ജോലി സ്വയം ഏറ്റെടുത്തു.

നാലാമത്തെ ലാര്‍ജ്ജില്‍ മൂന്നാം ഐസ് ക്യൂബ്‌ ഇട്ട ശേഷമാണ് കുഞ്ഞുമോന്റെ ജീവിത കട്ടപൊഹയാക്കിയ ചോദ്യം അവന്റെ നാവില്‍ നിന്നും വീണത്‌.

"പാലയില്‍ കുഞ്ഞുമോന്‍ ചേട്ടായിയെക്കാള്‍ പ്രശസ്തനായി ഫ്രാഡ് പാപ്പി മാത്രമേ കാണു,അല്ലേ ചേട്ടായി?".
ടെസ്സിയെക്കുറിച്ച് ഒരു ഗാനം സ്വയം നിര്‍മ്മിച്ച് ട്യൂണ്‍ ചെയ്തു പാടാന്‍ ഒരുങ്ങുകയായിരുന്ന കുഞ്ഞുമോന്‍ അമ്പരപ്പോടെ ബിജുവിനെ നോക്കി "ഏത് ഫ്രാഡ് പാപ്പി?"

ബിജുവിനോട് കുഞ്ഞുമോന്‍ ചോദിച്ച ആ മറുചോദ്യം പ്രതികരണമുയര്‍ത്തിയത് ആ ബാറിലൊന്നാകെയായിരുന്നു. വെള്ളമടിച്ച് ചുവന്ന അനേകം ജോടി കണ്ണുകള്‍ കുഞ്ഞുമോനെ തുറിച്ച് നോക്കുന്നു.
പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു.ബാറില്‍ നിന്നും പാലാ ഫ്രാഡ് പാപ്പിയെ അറിയാത്തതിന്റെ പേരില്‍ മനേജര്‍ ഉത്പെട്ടവര്‍ ചേര്‍ന്ന് ഉത്പടെയുള്ളവര്‍ കുഞ്ഞുമോനെ കഴുത്തിനു പിടിച്ച് പുറത്താക്കുന്നതില്‍ തീര്‍ന്നില്ല കാര്യങ്ങള്‍.
ടെസ്സി കുഞ്ഞുമോനെ തള്ളി പറഞ്ഞു. ദേവസ്സി കുഞ്ഞുമോനോട്‌ 'ഇനി എന്റെ പുരയിടത്തിന്റെ പരിസരത്ത് നിന്നെ കാണരുത് ,ചെകുത്താനെ!!! ' എന്ന് ആട്ടി. കുഞ്ഞുമോന്റെ സ്വന്തം അപ്പനും ,അമ്മയും ഏക മകനെ ഉപേക്ഷിച്ചു ധ്യാനം കൂടാന്‍ പോയി. ഇടവക വികാരി കുഞ്ഞുമോനെതിരെ ഇടയലേഖനം ഇറക്കി .വേണ്ടിവന്നാല്‍ കുഞ്ഞുമോനെ പാലയില്‍ നിന്നും തുരത്താന്‍ മൂന്നാം വിമോചന സമരം (രണ്ടാം സമരം വേറെ ചില കാര്യങ്ങള്‍ക്ക് ഉടനടി നടത്തും എന്നാണു ലോഹകള്‍ പറയുന്നത്) നടത്തും എന്ന് അരമനയില്‍ നിന്നും അറിയിപ്പുണ്ടായി.

ഇത്രയൊക്കെയായിട്ടും പാല ഫ്രാഡ് പാപ്പി ആരെന്നു മാത്രം ഒരാളും കുഞ്ഞ്മോന് പറഞ്ഞു കൊടുത്തില്ല. ജീവനേക്കാള്‍ ഏറെ സ്നേഹിച്ച പെണ്ണും, അവളുടെ പണക്കാരന്‍ അപ്പനും ഒരുപോലെ തള്ളിപ്പറഞ്ഞതും ,തലേന്നുവരെ 'കുഞ്ഞുമോനെ' എന്ന് തികച്ച് വിളിക്കാത്ത വീട്ടുകാരുടെ പ്രവര്‍ത്തിയും,ബാറിലെ സംഭവത്തിനു ശേഷം '@#$%^മോനെ'എന്ന് നിരന്തരം വിളിക്കുന്ന നാട്ടുകാരും എല്ലാംകൂടി കുഞ്ഞുമോന്റെ മനസിനെ വേട്ടയാടി. ഒടുവില്‍ കുഞ്ഞ്മോന്‍ ഒരു തീരുമാനത്തിലെത്തി.'തന്നെ ആര്‍ക്കും വേണ്ടെങ്കില്‍ അങ്ങ് ചത്തേക്കാം.'

വളരെ കഷ്ട്ടപ്പെട്ടു ഒരു ഫുള്‍ റമ്മും, ഒരു പാക്കെറ്റ് എലിപ്പാഷാണവും സംഘടിപ്പിച്ച് (പാലായിലെ കടക്കാര്‍ ഫ്രാഡ് പാപ്പിയെ അറിയാത്ത കുഞ്ഞുമോന് സാധങ്ങള്‍ കൊടിക്കില്ല എന്ന വാശിയിലായിരുന്നത്രേ) കോട്ടയം പട്ടണത്തില്‍ പോയി കുഞ്ഞുമോന്‍ ഒരു ലോഡ്ജില്‍ മുറിയെടുത്തു. അവസാനത്തെ ലാര്‍ജില്‍ പാഷാണം കലര്‍ത്തി കുടിക്കുക എന്ന ഉദ്ദേശത്തോടെ കുഞ്ഞുമോന്‍ ,മുറിയടച്ചിരുന്ന് സേവ തുടങ്ങി. ഇടക്കെപ്പഴോ കുഞ്ഞുമോന്റെ അലയിളകുന്ന മനസ്സ് ആ വിലകുറഞ്ഞ ലോഡ്ജ് മുറിയിലെ ഒരു പ്രത്യേകത ശ്രദ്ധിച്ചു.ആ മുറിയില്‍ അഞ്ച് വെയിസ്റ്റ്‌ ബാസ്കെറ്റുകള്‍ ഉണ്ട്.അവയില്‍ നാലെണ്ണം നിറഞ്ഞ് കവിയുന്നത്ര ചാരം. അഞ്ചാമത്തെ ചവറ്റുകുട്ടയില്‍ ചാരം തന്നെയധികമെങ്കിലും, കത്താതെ ശേഷിക്കുന്ന നാലഞ്ച് താള്‍ കടലാസുകള്‍ .മുറി വൃത്തിയാക്കാന്‍ ലോഡ്ജുകാര്‍ മറന്നതില്‍ കുഞ്ഞുമോന് എന്തോ തെല്ലും നീരസം തോന്നിയില്ല. മാത്രമല്ല ഒരു കൌതുകത്തിന് വേണ്ടി ചവറ്റു കുട്ടയില്‍ കത്താതെ ശേഷിച്ച താളുകള്‍ അയാള്‍ എഴാം ലാര്‍ജ്ജിനൊപ്പം എടുത്ത്‌ വായിച്ച് തുടങ്ങി.
രണ്ട് താളുകള്‍ വായിച്ച് കഴിഞ്ഞതും കുഞ്ഞുമോന്റെ മുഖമാകെ വലിഞ്ഞു മുറുകി. ഭ്രാന്ത് പിടിച്ചത് പോലൊരു അവസ്ഥയില്‍ ‍കുഞ്ഞുമോന്‍ ലൈറ്റര്‍ കത്തിച്ച് കൈയ്യിലിരുന്ന ആ മുഴുവന്‍ കടലാസുകളും ഒറ്റയടിക്ക് ചാരമാക്കി.അനന്തരം ആ ചാരവും, ചവറ്റുകുട്ടകളിലെ ചാരവും എല്ലാം എടുത്ത്‌ ടോയിലെറ്റില്‍ കൊണ്ട് ഫ്ലഷ് ചെയ്തു തിരികെയെത്തിയ കുഞ്ഞുമോന്‍, ഷര്‍ട്ടിന്റെ പോകറ്റില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് എഴുതാനായി കൊണ്ട് വന്നിരുന്ന കടലാസും,പേനയും എടുത്ത്‌ ധൃതിയില്‍ എന്തോ എഴുതി.ശേഷം അവസാന ലാര്‍ജിനു കാക്കാതെ പാഷാണം അത് പടി പൊട്ടിച്ച് വായിലേക്ക് തട്ടി.എന്നിട്ട് റം കുപ്പി മൊത്തി കുടിച്ചു;മരിച്ച് വീണു.

പിറ്റേന്ന് പോലീസ്‌ ലോഡ്ജ്മുറിയില്‍ നിന്നും കുഞ്ഞുമോന്റെ മൃതശരീരത്തോടൊപ്പം അയാള്‍ എഴുതിയ കുറിപ്പും കണ്ടെടുത്തു. അത് ഇങ്ങനെ വായിച്ചു
'ഈ മുറിയില്‍ മുന്‍പ് താമസിച്ചിരുന്ന കഴുവേറി അനുഭവിച്ചേ ചാകത്തൊള്ളു. ഫ്രാഡ് പാപ്പി എഴുതിയ കഥകള്‍ കത്തിച്ചു ചാരമാക്കുമ്പോള്‍, അതില്‍ നാലഞ്ച് താളുകള്‍ കത്താതെ പോയത് ശ്രദ്ധിക്കാത്ത അവന്‍ ഒറ്റയൊരുത്തന്‍ കാരണമാണ് എന്റെ ടെസ്സിക്ക് എഴുതേണ്ടിയിരുന്ന യാത്രാമൊഴി ഈ പരുവത്തിലായതും, ഞാന്‍ വിചാരിച്ചതിലും നേരത്തെ ആത്മഹത്യ ചെയ്യുന്നതും.രണ്ട് പേജെങ്കില്‍ രണ്ട് പേജ്...ഫ്രാഡ് പാപ്പി എഴുതിയ ചവറ് ഞാന്‍ വായിക്കുവാന്‍ കാരണക്കാരനായ തെണ്ടി ...നീ നിത്യ നരകത്തില്‍ പോട്ടെ.'

കുഞ്ഞുമോന്‍

മോറല്‍ ഓഫ് ദി സ്റ്റോറി:
ടെസ്സി വക :
'ധീരനും, സത്ഗുണ സമ്പന്നനുമായ എ കെയെ അറിയില്ലെങ്കിലും (കണ്ടാ,കണ്ടാ,കഥയില്‍ ഇല്ലായിരുന്നിട്ടും ഞാന്‍ കയറി സ്കോര്‍ ചെയ്യുന്നത് കണ്ടാ) ഫ്രാഡ് പാപ്പിയെ കുഞ്ഞിച്ചായന്‍ അറിയേണ്ടതല്ലേ?ചന്ദനക്കുളം കണ്ടില്ലെങ്കിലും, ചാണകക്കുഴി കാണണ്ടേ?'
ദേവസ്സി മുതലാളി വക
: ' ആളുകളെ നിറുത്തി വടിയാക്കുന്ന ഇത്ര വല്യ ഒരു ചെറ്റയെ അറിയാത്ത ഒരു ശുദ്ധന്‍ എങ്ങനെ എന്റെ മോളെക്കെട്ടി , എന്റെ സ്ഥാപനങ്ങള്‍ ഒക്കെ നോക്കി നടത്തുമെന്നെ?
ഇടവക വികാരി
വക : 'യേശുവിനെ അറിഞ്ഞില്ലെങ്കിലും , ബറാബസ്സിനെ തിരിച്ചറിയാന്‍ കഴിവില്ലാത്തവന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര കൊള്ളുന്നത്‌ തന്നെയാണ് ഉത്തമം'.
ഇനി എന്റെ വക ഒന്ന് സ്പെഷ്യല്‍ :
'ചുമ്മാ തരികിട പരിപാടികള്‍ കാണിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു, ഇങ്ങനെ എന്തേലുമൊക്കെ വന്ന് കൂടുമെന്ന്.'

Saturday, June 13, 2009

തിരു'മന്ത്രി'പുരം

"തിരുവനന്തപുരം ഇനി ഒരു കലക്ക് കലക്കും" എന്ന അശരീരിക്ക് പിന്നാലെ അല്‍പ്പ സമയത്തിന് ശേഷമാണ് പത്രപ്രവര്‍ത്തകനും,അതിനാല്‍ തന്നെ നരഭോജിയുമായ ജന്തു മുറിയിലേക്ക് കടന്നു വന്നത് .

"എന്തെടെ , നിന്റെ പത്രം ഇവിടുന്നു കൂടും,കുടുക്കയും പറിച്ചോണ്ട് പോകാന്‍ തീരുമാനിച്ചോ?" കാണാതായതും, ഡിലീറ്റ്‌ ചെയ്തപ്പെട്ടതുമായ മലയാളം ബ്ലോഗുകള്‍ക്കും,അതിന്റെ എഴുത്തുകാര്‍ക്കും 'റ്റാ റ്റാ ബൈ ബൈ' പറഞ്ഞോണ്ട് ഒരു പോസ്റ്റിട്ടാല്‍ ആരെങ്കിലും തന്റെ പേരില്‍ സൈബര്‍ കേസ്‌ കൊടുക്കുമോ എന്ന ചിന്തക്ക് തത്കാലം അവധി കൊടുത്ത എ കെ നരഭോജിയെ നോക്കി ചോദിച്ചു.

"ഛേ അതല്ല...കേന്ദ്രത്തിലെ നാല് മന്ത്രിമാര്‍ തിരുവനന്തപുരത്തെ താമസക്കാരല്ലേ?" അനുവാദത്തിനു നില്‍ക്കാതെ ഇരിപ്പിടത്തില്‍ അമര്‍ന്ന ജന്തു പറഞ്ഞു.

"അത് കൊണ്ട് എങ്ങനെയാടാ തിരുവനന്തപുരം കലക്കുന്നത്? ഇനി,ഈ സാറന്മാര് ഇവിടെ 'ച'ന്ദര്‍ശനതിനു വരുമ്പോ നാട് മുഴുവന്‍ വണ്ടി തടഞ്ഞ്‌ പോലീസുകാര്‍ നാട്ടുകാരെ മെനക്കെടുത്തുന്നതാണോ കലക്കല്‍?"

ജന്തു :"അതല്ലാന്ന്...ഇനി ഹൈകോടതി ബെഞ്ചും, വിഴിഞ്ഞം തുറമുഖവും ഒക്കെ ജുക്കെന്ന് വരില്ലേ ഇവിടെ?തിരുവനന്തപുരംകാരുടെ ദീര്‍ഘകാല സ്വപ്‌നങ്ങള്‍ പൂവണിയാന്‍ പോവുകയല്ലേ? "

എ കെ :"ഹൈകോടതി ബെഞ്ചും, തുറമുഖവും തിരുവനന്തപുരംകാരുടെ സ്വപ്നമാണ് എന്ന് കോട്ടയംകാരനായ നിന്നോട് ആരാടാ മഹാ ബെഗറേ പറഞ്ഞത്?"

ജന്തു:"മനോരമ പത്രത്തില്‍ ഉണ്ടായിരുന്നോ എന്ന് ഒരു സംശയം"

എ കെ :"സിവില്‍ കേസുകള്‍ മാത്രം പതിനാറ് ലക്ഷത്തോളം സെഷന്‍സ് മുതല്‍ മുകളിലേക്കുള്ള കോടതികളില്‍ കെട്ടി കിടക്കുമ്പോള്‍ ഇതു തിരുവനന്തപുരംകാരനാടാ ഹൈകോടതി ബെഞ്ച് ഇവിടെ ച്വപ്നം കാണുന്നത്?ഇനി അതൂടെ ഇവിടെ സ്ഥാപിച്ചിട്ട് വേണം,ഗുണ്ടകള്‍ക്ക് ഐ ജി ഓഫീസും ,കമ്മീഷണര്‍ ഓഫീസും ഒക്കെ ബോറടിച്ച് തുടങ്ങുമ്പോള്‍, മുന്നിലിട്ട് ആളുകളെ വെട്ടിക്കൊല്ലാന്‍ പുതിയൊരു സ്ഥാപനവുംകൂടി ഈ നഗരത്തില്‍ വരാന്‍ ,അല്ലേ?"

ജന്തു:"അത് ഒരു പിന്തിരിപ്പന്‍ ചിന്തഗതിയാണല്ലോ?"

എ കെ :"പിന്തിരിപ്പന്‍ ചിന്താഗതി ,ഉണ്ട!!!എടാ ഡോഗിന്റെ ഡോഗേ...ഒരു ശരാശരി തിരുവനന്തപുരംകാരന്റെ സ്വപ്നം ഈ കാലത്ത് എന്താണെന്ന് അറിയാമോടാ നിങ്ങള്‍ പത്രക്കാര്‍ക്കോ, ഈ നഗരത്തിന്റെ അഭിമാനം എന്ന് പറഞ്ഞു നടക്കുന്ന രാഷ്ട്രീയക്കാര്‍ക്കോ?വീട്ടീന്ന് രാവിലെ ഇറങ്ങിയാല്‍ വൈകുന്നേരം തിരികെ വരുമ്പോള്‍ തല കഴുത്തില്‍ കാണണം എന്നതാണ് ഇന്ന് ഈ നഗരത്തിലുള്ളവരുടെ മിനിമം സ്വപ്നം. ആള് മാറി ഗുണ്ടകള്‍ വഴിയിലിട്ട്‌ വെട്ടിക്കൊന്നാലും ശവമെടുക്കാന്‍ മാത്രമേ പോലീസ്‌ വരൂ എന്നതാണ് അവസ്ഥ. അങ്ങനെ ഒരു നഗരത്തില്‍ ഹൈകോടതി ബെഞ്ചും ,തുറമുഖവും ഒക്കെ വന്നാലും ഇല്ലെങ്കിലും ഇവിടുത്തെ സാധാരണക്കാരന് ഒരു തേങ്ങയുമില്ല. "

ജന്തു:"ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ കൈയ്യിലല്ലേ?"

എ കെ :"പിന്നെ എം പി എന്നൊക്കെ ഓരോരുത്തനെ ജയിപ്പിച്ചു വിടുന്നത് ബെഞ്ചും, തുറമുഖവും കൊണ്ട് വരാന്‍ മാത്രമാണോടാ? അങ്ങനെയാണെങ്കില്‍ തിരുവനന്തപുരത്ത് നിന്നും എം പിയായി ജയിച്ചു പോയ സകലവന്റെയും ഇത്ര കാലം വാങ്ങിയ ശമ്പളം മുഴുവന്‍ ഏല്‍പ്പിച്ച ജോലി ചെയ്യാത്തതിന്റെ പേരില്‍ തിരികെ വാങ്ങണമല്ലോ? അല്ല ബെഞ്ചും, തുറമുഖവും ഇതുവരെ വന്നില്ലല്ലോ, ഏത്? "

ജന്തു :"അത് മാത്രമാണ് അവരുടെ ജോലി എന്നല്ലാ ..."

എ കെ :"ഡാ, ഒരു നഗരത്തില്‍ താമസിക്കുന്ന ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്ത അവസ്ഥ നില നില്‍ക്കുമ്പോള്‍ എന്തോന്ന് സമഗ്ര വികസനം? സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയാലോ, എം പി നല്‍കിയാലോ അത് ഇവിടാരും വേണ്ടാ എന്ന് പറയില്ല. ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ കൈയ്യില്‍ നില്‍ക്കാത്ത അവസ്ഥയാണെങ്കില്‍, ഇവിടെ വീടും മേല്‍വിലാസവും ഉണ്ട് എന്ന് പറയുന്ന കേന്ദ്ര മന്ത്രിമാര്‍ക്കും ഇവിടുത്തെ എം പി എന്ന് പറയുന്ന സാറിനും അതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലേ? ചുരുങ്ങിയ പക്ഷം കേന്ദ്രത്തിന്റെ ശ്രദ്ധ ഈ പ്രശ്നത്തിലേക്ക് കൊണ്ട് വരാനെങ്കിലും? അതോ വൈനടിച്ചും ,കോഴി തിന്നും ബോറടിക്കുമ്പോള്‍ പട്ടക്കാര് വിമോചന സമരം നടത്തിയാല്‍ മാത്രമേ കേന്ദ്രം ഇവിടെ ഇടപെടുകയുള്ളോ ?"

ജന്തു :" അത്,എല്ലാത്തിനും ഓരോ വ്യവസ്ഥയില്ലേ?"

എ കെ :"എന്ത് വ്യവസ്ഥ? പകല്‍ വെളിച്ചത്തില്‍ , നാട്ടുകാര്‍ മുഴുവന്‍ കാണ്‍കെ ഒരുത്തനെ ഐ ജി ഓഫിസിന്റെ മുന്നിലിട്ട് വെട്ടിക്കൊല്ലാന്‍ കുറെ അവന്മാര്‍ക്ക് ധൈര്യം നല്‍കുന്ന വ്യവസ്ഥയോ? ചത്തവനും ഒരു ഗുണ്ടയായിരുന്നു എന്ന് പറയുന്നു. അപ്പൊ സാധാരണക്കാരന്‍ ഒരാളെ ഈ ഗുണ്ടകള്‍ കൊല്ലാന്‍ തീരുമാനിച്ചാല്‍ എന്തായിരിക്കും അവസ്ഥ ?"

ജന്തു:" ക്രമസമാധാനം ഇങ്ങനെ കിടക്കുന്നത് കൊണ്ട് ഇവിടെ വരാനുള്ള വികസനം ഒന്നും വരേണ്ടാ എന്നാണോ?"

എ കെ :"ശരി ,ക്രമസമാധാനം ഇവിടെ ജീവിക്കുന്നവന്മാരുടെ തലേലെഴുത്തായി കരുതി നമുക്ക് വിടാം. എന്നിട്ട് നിന്റെ വികസനത്തിലേക്ക് വരാം.എന്ത് കോപ്പിലെ വികസനം? ഒരു പത്തു കൊല്ലം മുന്‍പ് കേരളത്തില്‍, പൈപ്പ് വെള്ളം അപൂര്‍വ്വമായി മാത്രം മുടങ്ങിയിരുന്ന നഗരമായിരുന്നു തിരുവനന്തപുരം. ഇന്നോ? ഒന്നിരാടം നഗരത്തില്‍ പലയിടത്തും വെള്ളമില്ല."

ജന്തു :"ജപ്പാന്‍ കുടിവെള്ള പദ്ധതി വന്നാല്‍ ഈ പ്രശ്നം തീരില്ലേ ?"

എ കെ "ഇത് നീ എന്നോട് പറഞ്ഞതിരിക്കട്ടെ.വേറെ തിരുവവന്തപുരംകാരോട് വലതും പോയി പറഞ്ഞാല്‍ സ്പോട്ടില്‍ കിട്ടും നിനക്ക് കരണത്ത്.ഡാ ,ജപ്പാന്‍ പദ്ധതി എന്ന് പറഞ്ഞ് നഗരത്തിലെ ഏറ്റവും തിരക്കലുള്ള ഏഴെട്ട് റോഡുകള്‍ കുഴിച്ചു മറിച്ചിട്ടിട്ട് വര്‍ഷമൊന്നാകാന്‍ പോകുന്നു. വെള്ളമൊട്ട് വന്നതുമില്ല,ഏത് സമയത്തും ഈ റോഡുകളില്‍ വണ്ടികളുടെ കൂട്ടയിടിയും,വണ്ടിക്കാരുടെ നിലവിളിയും.മഴ പെയ്താല്‍ ചതുപ്പ് ,വെയിലടിച്ചാല്‍ പൊടിക്കാറ്റുള്ള മരുഭൂമി. കണ്ണാടി പോലെ കിടന്നിരുന്ന റോഡുകള്‍ ഈ പരുവത്തില്‍ ആക്കുന്നതിനാനോടാ വികസനം എന്ന് പറയുന്നത്?"

ജന്തു :" വികസനം വരുന്നതിനു മുന്നോടിയായുള്ള ചില്ലറ കഷ്ട്ടപ്പാടുകലായി കണ്ടാല്‍ പോരെ ഇതിനെയൊക്കെ?"

എ കെ :"യാതൊരു പ്ലാനിങ്ങും ഇല്ലാതെ ഒരു നഗരത്തിലെ സകല റോഡുകളും പൈപ്പുകള്‍ ഇടാന്‍ ഒരേ സമയത്ത് കുഴിച്ചിട്ട് ,അതില്‍ ഒരെണ്ണം പോലും വേഗത്തില്‍ നന്നാക്കാത്തതിനെ വികസനം എന്നല്ലെടാ ,പോക്ക്രിത്തരം എന്നാണ് പറയേണ്ടത്.വൃത്തിയായിട്ട് വെളിച്ചം കാണുന്ന ഒരു സ്ട്രീറ്റ് ലൈറ്റ്‌ എങ്കിലും ഈ റോഡുകളില്‍ ഉണ്ടായിരുന്നേല്‍,വീണാല്‍ വീണവന്റെ 'അയ്യോ' വിളിരണ്ട് മിനിട്ട് കഴിഞ്ഞ് മാത്രം മുകളില്‍ കേള്‍ക്കുന്ന തരം കുഴികള്‍ രാത്രി വണ്ടിയില്‍ വരുമ്പോള്‍ ആളുകള്‍ക്ക് കാണാന്‍ എളുപ്പമായേനെ.ഇവിടെ അതുമില്ല .ഇങ്ങനെ അടിസ്ഥാന സൌകര്യങ്ങള്‍ എല്ലാം താറുമാറായി കിടക്കുന്ന ഒരു നഗരത്തില്‍ ഹൈ കോടതി ബെഞ്ചും, തുറമുഖവും എന്ത് വികസനം കൊണ്ട് വരുമെന്നാടാ ? ഇത് കുറെ അവന്മാര്‍ക്ക് കുറേക്കാലത്തേക്ക് ദിവസവും പത്രത്തില്‍ കിണിച്ചോണ്ടിരിക്കുന്ന പടം വരുത്താം ...അത്രേയുള്ളൂ "

ജന്തു: "അപ്പൊ ഈ നാലുകേന്ദ്ര മന്ത്രിമാര്‍ക്ക് തിരുവനന്തപുരത്ത് വീടുകള്‍ ഉള്ളത് കൊണ്ട് ഈ നഗരത്തിനു ഒരു പ്രയോജനവും ഇല്ലേ?"

എ കെ : "എന്ത് പ്രയോജനം? സാധാരണക്കാരന്റെ ജീവിത പ്രശ്നങ്ങളെക്കുറിച്ച് സംസ്ഥാനത്തോട് ചോദിച്ചാല്‍ കേന്ദ്ര ഫണ്ട് കിട്ടാത്തതാണ് കാരണം എന്ന് പറയും.കേന്ദ്രത്തോട് ചോദിച്ചാല്‍ കൊടുത്ത ഫണ്ട് സംസ്ഥാനം ദുര്‍വിനയോഗം ചെയ്തു എന്നും. ഇങ്ങനെയുള്ളപ്പോള്‍ ഈ നഗരത്തില്‍ നാല് കേന്ദ്ര മന്ത്രിമാരുടെ വീടുകള്‍ ഉണ്ടെങ്കില്‍ അത് അവര്‍ക്ക് കൊള്ളാം.അല്ലാതെ സാധാരണക്കാരന് അത് കൊണ്ട് എന്ത് കോപ്പ് കിട്ടാനാ? പിന്നെ വേണേല്‍ തിരുവനന്തപുരം എന്നാ പേര് മാറ്റി തിരുമന്ത്രിപുരം എന്നാക്കാം. അങ്ങനെ ഒരു പ്രയോജനം ഉണ്ട്."

Friday, June 12, 2009

സദാചാരവും,തരംതിരുവുകളും അങ്ങനെ ചിലതും.

ചുമ്മാ വായിക്കാന്‍ മാത്രം.(അല്ലാതെ നമ്മുടെ നാട്ടില്‍ എന്ത് പുല്ല് നടക്കുമെന്നാ???)

1) ഒരു ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യന്‍ സി ഇ ഓ,അമേരിക്കയില്‍ നിന്നോ യു കെയില്‍ നിന്നോ നമ്മുടെ നാട്ടിലെ ഓന്റെ സ്ഥാപനം കാണാന്‍ വരുന്ന വല്യ മുതലാളി സായിപ്പിന് കള്ളും,പെണ്ണും സെറ്റപ്പ് ചെയുമ്പോള്‍ ഇന്ത്യന്‍ സീ ഇ ഓ നല്ല ഒന്നാന്തരം കോര്‍പ്പറേറ്റ് വിസിബിലിറ്റിയുള്ള പുലി.

പുത്തരിക്കണ്ടം മൈതാനത്തും മറ്റും മുഷിഞ്ഞ ഡയറി കക്ഷത്തടുക്കി 'സാര്‍,ലോഡ്ജ് വേണോ' എന്ന് ചോദിക്കുന്ന ബാബുവേട്ടന്‍ വെറും തറ പിംപ്.

2) ബഹുരാഷ്ട ബാങ്കുകള്‍ക്ക് വേണ്ടി സി സി പിടുത്തം, ലോണ്‍ തിരകെ വാങ്ങല്‍ എന്നിവ ചെയ്യുന്നയാള്‍ റിക്കവറി മാനേജര്‍.

കടം കൊടുത്ത കാശ് സ്വന്തം മകളുടെ കല്യാണാവശ്യത്തിന് തിരികെ ചോദിക്കുമ്പോള്‍ കൊടുക്കാത്തവന്റെ കുത്തിന് പിടിക്കുന്നവന്‍ ഗുണ്ട.

3) സാധാരണക്കാരന്‍ വെള്ളമടിച്ച് വണ്ടിയോടിക്കുകയോ,അറുപതിന് മേല്‍ വേഗത്തില്‍ പോവുകയോ ചെയ്യുന്നത് ഗുരുതരമായ നിയമ ലംഘനം .

സിനിമാ താരങ്ങള്‍ വെള്ളമടിച്ച് വഴിയില്‍ കിടന്നുറങ്ങുന്ന ഭിക്ഷക്കാരുടെ മേല്‍ വണ്ടി കയറ്റുന്നതും,മന്ത്രി/വി ഐ പി മാരുടെ വാഹനങ്ങള്‍ നൂറ്റി നാല്‍പ്പതില്‍ പായുന്നതും നിയമം.

4) വിശപ്പ്‌ സഹിക്കാതെ ഒരു വട മോഷ്ടിക്കുന്നവന്‍ പെരുങ്കള്ളന്‍ ‍.

നാടിനു വേണ്ടി മരിച്ച പട്ടാളക്കാരുടെ ശവപ്പെട്ടിക്ക് മുതല്‍ ,രാജ്യ രക്ഷക്കുള്ള മിസൈലിന് വരെ ആയിരക്കണക്കിന് കോടികള്‍ കമ്മിഷനടിക്കുന്നവര്‍ തന്ത്രശാലികളായ നേതാക്കള്‍.

5) പാര്‍ക്കിലോ , ബീച്ചിലോ കമിതാക്കള്‍ പോയിരുന്നാല്‍ നാടിന്‍റെ സദാചാരം സ്പോട്ടില്‍ കപ്പല്‍ കയറും.ചിലപ്പോള്‍ പോലീസ്‌ എത്തി കമിതാക്കളെ പൊക്കി ഇമ്മോറല്‍ ട്രാഫിക്കിന് കേസുമെടുക്കും.

രാഹുല്‍ ഗാന്ധി കാമുകിയുമായി കുമരകത്ത് ഉല്ലസിക്കാന്‍ വന്നാല്‍ അത് നാടിന് അഭിമാനം.പ്രോട്ടോക്കോള്‍ അനുസരിച്ച് ഡി ജി പി ചെന്ന് സല്യൂട്ട് അടിച്ച് പഞ്ചനക്ഷത്ര ഹോട്ടലിന്റെ വാതില്‍ തുറന്ന് കൊടുത്തെന്നും വരാം.

6) അന്‍പത് രൂപയ്ക്കു ശരീരം വില്‍ക്കുന്നവള്‍ വേശ്യ .പിന്നെ കൊളോക്ക്യലായി വെടി, പടക്കം അങ്ങനെ പല വിശേഷണങ്ങള്‍ക്കും അര്‍ഹ.

മണിക്കൂറിന് പതിനായിരങ്ങളും ലക്ഷങ്ങളും വാങ്ങുന്നവള്‍ ഹൈ ക്ലാസ്സ്‌ സോഷ്യലൈറ്റ്.

ജനാധിപത്യ ഭാരതത്തിലെ ഹൈ ക്ലാസ്സ്‌ സദാചാരം,തരംതിരിവുകള്‍,ഇവയുടെ പട്ടിക അവസാനിക്കുന്നില്ല.എങ്കിലും,തത്കാലം ഇത്ര മാത്രം.

Wednesday, June 10, 2009

നൂറ് ദിവസമായോ ലാലേട്ടാ?

പ്രിയപ്പെട്ട ലാലേട്ടന് ,
ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇറങ്ങിയ 'ഇനിയും കുരുക്ഷേത്രം' മുതല്‍ ഈ കഴിഞ്ഞ മാസം ഇറങ്ങിയ 'ഭഗവാന്‍' വരെയുള്ള താങ്കളുടെ സിനിമകള്‍,പ്രദര്‍ശനം തുടങ്ങി ആദ്യ ആഴ്ച്ചയില്‍ തന്നെ കണ്ട ഒരാള്‍ എന്ന പരിഗണന ഒന്നും ഞാന്‍ ചോദിക്കുന്നില്ല.പക്ഷേ ഒരു സ്ഥിരം മലയാള ചലച്ചിത്ര പ്രേക്ഷകന്‍ എന്ന നിലക്ക് , ചുരുങ്ങിയത് എന്റെ സാമാന്യ ബുദ്ധിയെ പരീക്ഷിക്കരുത് എന്നൊരപേക്ഷയുണ്ട് .സമീപ കാലത്തായി പുറത്തിറങ്ങിയ താങ്കളുടെ ചിത്രങ്ങളുടെ നിലവാരത്തെക്കുറിച്ചല്ല ഞാന്‍ പറഞ്ഞ് വരുന്നത്.അത് താഴോട്ടെ പോകു എന്ന് ഭാഗവാനോടെ താങ്കള്‍ തെളിയിച്ച് കഴിഞ്ഞതാണല്ലോ.

ഉദ്ദേശിച്ചത് സമീപ കാലത്ത് ഇറങ്ങുന്ന താങ്കളുടെ സിനിമകളുടെ പരസ്യങ്ങളെയാണ് . ഇരുപത്തിയഞ്ച് ദിവസം തികച്ചു ഓടാത്ത 'ലവ് ഇന്‍ സിങ്കപൂര്‍' എന്ന മമ്മൂട്ടി ചിത്രം സുപ്പര്‍ഹിറ്റാണ് എന്ന് വരുത്തി തീര്‍ക്കാന്‍ മമ്മൂട്ടിയുടെ വല്യൊരു ചിത്രവുമായി കുറച്ച് ഫാന്‍സുകാര്‍ അല്‍പ്പ കാലം മുന്‍പ് തിരുവനന്തപുരത്തു ഒരു ജാഥ നടത്തിയിരുന്നു. അന്നവന്മാരെ ഞാനും സുഹൃത്തുക്കളും വളഞ്ഞിട്ടാണ് കൂവിയത്.

പക്ഷേ ഈ കഴിഞ്ഞ ആഴ്ച്ച തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ട താങ്കളുടെ 'സാഗര്‍ അലിയാസ് ജാക്കി'യുടെ പോസ്റ്ററുകള്‍ കാരണം ഞങ്ങള്‍ക്ക് അവന്മാരുടെ മുന്നില്‍ തലപൊക്കി നടക്കാന്‍ വയ്യാതായിട്ടുണ്ട്. ചിത്രം നൂറ് ദിനങ്ങള്‍ തികച്ചത്രേ. മാര്‍ച്ച്‌ ഇരുപത്തിയാറിന് പുറത്തിറങ്ങിയ ചിത്രം എങ്ങനെ ലാലേട്ടാ ജൂണ്‍ ഏഴിന് നൂറ് ദിവസം തികക്കുന്നത്? പെര്‍മ്പാവൂര്‍ ആന്റണി കണക്കു തെറ്റിച്ചതോ ,അതോ കേരള സര്‍ക്കാര്‍ 'ഇന്നത്തെ ചിന്താ വിഷയത്തിനെ' ജനപ്രിയ ചിത്രമായി തിരഞ്ഞെടുത്തത് പോലെ ആളെ വടിയാക്കുന്ന പരിപാടി താങ്കളും തുടങ്ങിയതോ?

പെട്ടി തിയറ്ററില്‍ നൂണ്‍ ഷോ കിടന്ന് 'കുരുക്ഷേത്ര' നൂറ് ദിവസം തികച്ചപ്പോഴും ഞങ്ങള്‍ മമ്മുട്ടി ഫാന്‍സിന്റെ മുന്നില്‍ പിടിച്ചു നിന്നു.അങ്ങേരുടെ പടങ്ങള്‍ അത്ര പോലുമില്ലല്ലോ എന്നായിരുന്നു ഞങ്ങളുടെ ഏക ആശ്വാസം.പക്ഷേ ഇത് ഒരല്‍പം കടന്ന കയ്യായി പോയി ലാലേട്ടാ .'നിന്റെയൊക്കെ സുപ്പര്‍ സ്റ്റാറിന് അറുപത് ദിവസമാനോടെ നൂറ്?' എന്നാണ് അവന്മാര്‍ ചോദിക്കുന്നത് . ഒരു വര്‍ഷം തകര്‍ത്തോടിയ 'ചിത്രം' , മെഗാ ഹിറ്റായ 'കിലുക്കം' അങ്ങനെ തങ്ങളുടെ എണ്ണമില്ലാത്ത ഹിറ്റുകള്‍ മുഴുവന്‍ ഇങ്ങനെ പോസ്റ്റര്‍ ഒട്ടിച്ച് ഉണ്ടാകിയതാണ് എന്നാണ് അവന്മാര്‍ ഇപ്പോള്‍ പറഞ്ഞ് നടക്കുന്നത് .

പണ്ട് തിയറ്ററില്‍ ഗാന്ധര്‍വം എന്ന സിനിമയില്‍ മൊത്തം കറണ്ട് പോയ വീട്ടിലെ ഫ്രിഡ്ജില്‍ വെളിച്ചം കണ്ടപ്പോള്‍ കൂവാന്‍ ശ്രമിച്ച മമ്മൂട്ടി ഫാനിനെ ഞങ്ങള്‍ കുനിച്ച് നിറുത്തി ഇടിച്ചിട്ടുണ്ട്. അന്നൊക്കെ ഞങ്ങള്‍ക്ക് അത് ധൈര്യമായി ചെയ്യാമായിരുന്നു .കാരണം ഗാന്ധര്‍വത്തിന് മുന്‍പും പിന്‍പുമായി ചൂണ്ടിക്കാണിക്കാന്‍ താങ്കളുടെ വെടിക്കെട്ട് പടങ്ങള്‍ ഒട്ടനവധി ഉണ്ടായിരുന്നു ഞങ്ങള്‍ക്ക് ഉയര്‍ത്തിക്കാട്ടി മമ്മൂട്ടി ഫാന്സിനോട് 'പോടാ പുല്ലുകളേ' എന്ന് പറയുവാന്‍ .പക്ഷേ ഇന്ന് പഴയ കാലമൊന്നുമല്ല ലാലേട്ടാ. റെഡ് ചില്ലിസിന് പകരം കാണിക്കാന്‍ ജാക്കിയും അതിനു പകരം ഭഗവാനും(എന്റെ ഭഗവാനെ !!!) ...താങ്കള്‍ തന്നെ ചിന്തിച്ചു നോക്കു ഞങ്ങളുടെ അവസ്ഥയെക്കുറിച്ച്.അങ്ങനെ നട്ടം തിരിയുന്നതിന്റെ ഇടക്കാണ് കഷ്ടി അറുപത് ദിവസം കുടുസ്സു തിയറ്ററില്‍ ഓടിയ പടത്തിന് നൂറാം ദിനത്തിന്റെ പോസ്റ്ററുകള്‍ വരുന്നത്.
മംഗലശേരി നീലകണ്ഠന്റെ വാക്കുകള്‍ കടമെടുത്താല്‍ 'ഇത് ഒരു മോഹന്‍ലാല്‍ ഫാനിന്റെ മരണമാണ്'

മനോവിഷമത്തോടെ നിറുത്തുന്നു.

എ കെ

അച്ചു മാമന് ,ഉപകാര സ്മരണയോടെ

എത്രയും പ്രിയപ്പെട്ട അച്ചു മാമക്ക്‌ ,
ഈ കത്തെഴുതാന്‍ അല്‍പ്പം വൈകി പോയി എന്ന് അറിയാം.പക്ഷേ മറ്റു പലതിനുമെന്നത് പോലെ ഈ കാലതാമസത്തിനും താങ്കള്‍ തന്നെയാണ് കാരണക്കാരന്‍ ‍.ഭരണത്തിലേറിയ കാലം മുതല്‍ ഞങ്ങള്‍ പ്രതിപക്ഷത്തിന് താങ്കള്‍ ചെയ്തു തരുന്ന ഓരോ ഉപകാരങ്ങള്‍ക്കും നന്ദി പറയണം എന്ന് വിചാരിക്കുമ്പോഴേക്കും,താങ്കള്‍ അത് വരെ ചെയ്തതൊക്കെ നിഷ്പ്രഭമാക്കുന്ന ഒരു മുട്ടന്‍ ഉപകാരം വീണ്ടും ചെയ്യും.നന്ദി പറയാന്‍ ഞങ്ങള്‍ക്ക് ഒരു ഗ്യാപ്പ് വേണ്ടായോ?
എന്നതായാലും അടുത്ത സഹായം താങ്കള്‍ ചെയ്യുന്നതിന് മുന്നേ ,ഞാന്‍ ഒടുവില്‍ ഈ കത്ത് അങ്ങ് എഴുതിയെക്കുവാ.

ഈ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, താങ്കള്‍ ഒരാള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ഒരു പക്ഷെ ഖദര്‍ നാമാവശേഷമായി പോയേനെ.
അല്ലേത്തന്നെ ഞാനും ആ പന്നിത്തലയനും കൂട്ടിയാല്‍ ഇവിടെ എന്നാ കൂടാനാ?ഒള്ളത് പറയാവല്ലോ ലീഡര്‍ മൂപ്പിന്നായിരുന്നു പാര്‍ട്ടിയുടെ നേതാവെങ്കില്‍ വല്ലതും ഒക്കെ നടക്കും എന്ന് പ്രതീക്ഷിക്കാമായിരുന്നു.

തിരഞ്ഞെടുപ്പ് അടുക്കാറായപ്പോള്‍ എന്നാ ചെയ്യുമെന്ന് ഞങ്ങള്‍ അന്തം വിട്ടിരിക്കുകയായിരുന്നു. അപ്പോഴല്ലായോ നിങ്ങളുടെ പാര്‍ട്ടി ആ മദനിയുമായി ഇഷ്ടം കൂടിയത്. മദനി നല്ലവനായി എന്ന് പാര്‍ട്ടി പറയും.പാര്‍ട്ടിയുടെ തന്നെ മുഖ്യമന്ത്രിയായ താങ്കള്‍ 'മദനി അത്ര നല്ലവനൊന്നുമല്ല' എന്ന് ഉടനെ തന്നെ പ്രസ്താവന ഇറക്കും . പിന്നെ പാര്‍ട്ടി സെക്രട്ടറിക്ക് എതിരെയുള്ള അഴിമതി കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്ന് പാര്‍ട്ടി പറയുമ്പോള്‍ , അതെ പാര്‍ട്ടിയില്‍ ഇരുന്നോണ്ട് താങ്കള്‍ 'അല്ല, ഇല്ലാ ,പുല്ലാ' എന്നൊക്കെ നീട്ടി എട്ടര കട്ടയില്‍ പാടി കുത്തിത്തിരിപ്പുണ്ടാക്കും.നിഷ്പക്ഷരായ വോട്ടര്‍മാര്‍ക്ക് (അഞ്ച് കൊല്ലങ്ങള്‍ കൂടുമ്പോള്‍ മാറി മാറി നമ്മളെ ജയിപ്പിക്കുന്ന ആ തെണ്ടികള്‍ തന്നെ) നിങ്ങളുടെ പാര്‍ട്ടിയില്‍ കൂട്ടത്തല്ലാണ് എന്ന് തോന്നാന്‍ വേറെ എന്തേലും വേണോ?

ചുളുവില് ഞങ്ങള്‍ക്ക് ലോട്ടറി അടിച്ചില്ലേ? പതിനാറ് സീറ്റ്...ഹോ !!! ഓര്‍ക്കുമ്പോ ദാണ്ടെ ഇപ്പോഴും കുളിര് കോരുന്നു. കേരളത്തില്‍ എവിടെ മത്സരിച്ചാലും നിലം തൊടാതെ തോറ്റോണ്ടിരുന്ന എം ഐ ഷാനവാസ്‌ വരെ ജയിച്ചില്ലേ?

എന്നാലും ഒരു ചെറിയ പരാതി എനിക്ക് താങ്കളെ പറ്റി ഈ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒണ്ട് കേട്ടോ.എങ്ങനെ ഈ പതിനാറ് സീറ്റ് ഞങ്ങള്‍ക്ക് കിട്ടി എന്നാ ഞെട്ടലില്‍ നിന്നും ഞങ്ങള്‍ മോചിതരാകും മുന്നേ, ഞങ്ങള്‍ ചിരിക്കേണ്ട ചിരി താങ്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചിരിച്ചു കളഞ്ഞില്ലേ?(ഞങ്ങളുടെ പാര്‍ട്ടിയിലെ കേന്ദ്രത്തിലെ മുതല്‍ കേരളത്തിലെ വരെ എ റ്റു ഇസെഡ്‌ നേതാക്കളെ തെറി വിളിച്ചു നടന്നിരുന്ന കാലത്ത്, ആ ലീഡര്‍ പോലും,ഞങ്ങള്‍ തിരഞ്ഞെടുപ്പിലൊരു സീറ്റ് പോലും കിട്ടാതെ തൊട്ടപ്പോള്‍ ഇങ്ങനെ ചിരിച്ചിട്ടില്ല.സമ്മതിച്ചു സഖാവേ ,സമ്മതിച്ചു.) പ്രതിപക്ഷം ചെയ്യേണ്ട ജോലികള്‍ തിരഞ്ഞെടുപ്പിന് മുന്നേയും ,അത് കഴിഞ്ഞും താങ്കള്‍ തന്നെ ചെയ്‌താല്‍ പിന്നെ പ്രതിപക്ഷ നേതാവെന്നും പറഞ്ഞു ഞാന്‍ നടക്കുന്നത് എന്നാത്തിനാണെന്നേ ?

അതൊക്കെ പോട്ടെ.ഞാന്‍ എന്റെ ഒരു ചെറിയ വിഷമം പറഞ്ഞൂന്നേയുള്ളു.അതൊന്നുംകെട്ടു താങ്കള്‍ ഹതാശനാകരുത്. പൂര്‍വാധികം ശക്തിയോടെ പാര്‍ട്ടിക്ക് തുരങ്കം വെയ്ക്കുന്നത് തുടരുക. നിങ്ങളുടെയാ പാര്‍ട്ടി സെക്രട്ടറിയെ ഇപ്പൊ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ച കേസില്‍ തട്ടി അകത്തിടാന്‍ വല്ല വഴിയുമുണ്ടോ എന്ന് ആലോചിക്കുക. അതോടെ കഴിഞ്ഞാല്‍ പിന്നെ നിങ്ങളെ പാര്‍ട്ടി ചവിട്ടി പുറത്താക്കിയാലും ഞങ്ങള്‍ക്ക് ഒന്നുമില്ല. ഇ എം എസും, എ കെ ജിയും ഒക്കെയുള്ള കാലത്തായിരുന്നേല്‍ ഏഴു പണ്ടേ താങ്കളെ ചുരുട്ടിക്കെട്ടി മൂലക്കിരുത്തിയേനെ എന്നാണ് പലരും പറയുന്നത്.ഏതായാലും അവരൊന്നും ഇന്നില്ലാത്തത് ഭാഗ്യം ,അല്ലിയോ?

അതെന്നതായാലും,ഇടയ്ക്കു വെച്ച് ആരെന്നാ പറഞ്ഞാലും പുതിയ പാര്‍ട്ടി തുടങ്ങി പുറത്ത്‌ പോവുക എന്നൊക്കെയുള്ള ചിന്തകള്‍ താങ്കള്‍ക്ക് ഉണ്ടാവരുത്. അങ്ങനെ പാര്‍ട്ടി തുടങ്ങിയാല്‍ താങ്കളുടെ കൂടെ വള്ളിക്കുന്നോ , വള്ളി നിക്കറോ പോലും കാണില്ല എന്നത് പോട്ടെ.താങ്കളെ പുറത്താക്കി പാര്‍ട്ടി വീണ്ടും ശക്തി പ്രാപിച്ചാല്‍ ഞങ്ങള്‍ പിന്നെ എന്നാ ചെയ്യും ?

അത് കൊണ്ട് വല്ലവരുമൊക്കെ വിഭീഷണന്‍ , ഡോഗീ എന്നൊക്കെ വിളിച്ചാലും (പട്ടി വിളി പണ്ട് മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ കാണിച്ച പോക്ക്രിത്തരത്തിനുള്ള കാവ്യനീതിയാണ് എന്നൊക്കെ പലരും പറയുന്നുണ്ട്.ഞാന്‍ വിശ്വസിച്ചിട്ടില്ല കേട്ടോ),മുഖ്യമന്ത്രി കസേരയില്‍ കുളയട്ടയെ പോലെ കടിച്ചു തൂങ്ങി കിടക്കുക (ഒരിക്കലെങ്കിലും അതില്‍ ഇരുന്നവര്‍ക്കല്ലേ ആ സുഖം അറിയു ). ഞങ്ങളുടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും തുടരുക.
ജയ് ഹിന്ദ്‌

പേരിന് പ്രതിപക്ഷ നേതാവ് (മുഖ്യനും, പ്രതിപക്ഷവും എല്ലാം താങ്കള്‍ തന്നെ )

തൊമ്മിക്കുഞ്ഞ്.

Monday, June 8, 2009

ബ്ലോഗിലെ കരിവാരം: വാര്‍ഷികം

കരിവാരം: വിപുലമായ വാര്‍ഷികാഘോഷ പരിപാടികള്‍

ബ്ലോഗന്‍സ്‌ ,ബ്ലോഗിതാസ് ആന്‍ഡ്‌ ഈ കൂട്ടത്തില്‍ പെടാത്ത മാന്യന്മാരെ,
കേരല്‍സ് ഡോട്ട് കോം എന്ന സൈബര്‍ ഭീകരന്മാരെ(ഇഞ്ചി പെണ്ണിനെ പോടീ എന്ന് വിളിക്കുന്നവന്മാര്‍ എല്ലാം സൈബര്‍ ഭീകരന്മാര്‍ ആണെന്നാണ്‌ കുറെ ചേട്ടന്മാര്‍ പറയുന്നത്.എനിക്കറിയില്ലേ!!!) മൂക്ക് കൊണ്ട് 'ഇണ്ണാ റാ ' വരപ്പിക്കുന്നതിന് വേണ്ടി രണ്ടായിരത്തിയെട്ട് ജൂണ്‍ എട്ട് മുതല്‍ പതിനഞ്ച് വരെ മലയാളം ബ്ലോഗ്‌ എഴുതുന്ന ഇരുനൂറോളം വിപ്ലവകാരികള്‍ കരിവാരം കൊണ്ടാടിയിരുന്നു. ചരിത്രത്തെ കടന്നു നില്‍ക്കുന്ന സമര ചരിതങ്ങളില്‍ ഉജ്ജ്വല സ്ഥാനമുള്ള ഈ സമരത്തിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ സ്വല്‍പ്പം വിപുലമായി തന്നെ നടത്തുവാന്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നു (ആരുടെ തീരുമാനമെന്നോ? തീരുമാനം എന്റേത് തന്നെ).

ഇനി വൈകി വായിക്കുന്നവര്‍ക്കായി ഒരല്‍പ്പം പഴങ്കഥ (പഴയ മാന്‍ഡ്രേക്ക് കോമിക്ക് സ്ട്രിപ്പുകളിലെപ്പോലെ).
രണ്ടായിരത്തിയെട്ട് മാര്‍ച്ച് ഇരുപ്പത്തിയാറാം തീയതിയാണ് മലയാളംബ്ലോഗ് എഴുതുന്ന മിന്നാമിനുങ്ങ് എന്ന സജി കേരള്‍സ് ഡോട്ട് കോം എന്ന ഭയങ്കരന്മാര്‍ ഏതോ ഒരു ചേച്ചിയുടെ (അതോ ചേട്ടന്റെയോ???) അതീവ രഹസ്യങ്ങള്‍ അടങ്ങിയ പാചക കുറിപ്പോ മറ്റോ അടിച്ചു മാറ്റി എന്ന വിവരം പുറത്തു വിടുന്നത് .ഈ വിവരം പുറത്തു വിട്ട മിന്നാമിനുങ്ങ്‌ പില്‍ക്കാലത്ത് നാലഞ്ചു മോഷണ കേസുകളില്‍ അകത്തുപോയെന്നോ, മാപ്പ് പറഞ്ഞു തടി ഊരിയെന്നോ, എല്ലാവരോടും പിണങ്ങി കുറെ കാലം മിന്നുന്നത് നിറുത്തിയെന്നോ ഒക്കെ കേള്‍ക്കുന്നു. ഇവിടെ വിഷയം അതല്ലാത്തതിനാല്‍ കഥ വളയാതെ മുന്നോട്ട് പോകും , എന്തേ, വിരോധമുണ്ടാ?.

അപ്പൊ പറഞ്ഞു വന്നത് ...മോഷണ വിവരം പുറത്തു വരുന്നു .അമേരിക്കയിലോ , അന്റാര്‍ട്ടിക്കയിലോ,മീനച്ചലാറിന്റെ തീരത്തോ മറ്റോ ഉള്ള ഇഞ്ചി പെണ്ണ് വിവരം അറിയുന്നു. ബ്ലോഗില്‍ എഴുതാന്‍ നല്ല വിഷയങ്ങള്‍ ,വൃത്തിയുള്ള ഭാഷ, ഭാരിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മിനിമം വേണ്ട കോമണ്‍സെന്‍സ് ; ഇവയൊന്നുമില്ലാതെ വിഷമിച്ചിരിക്കുകയായിരുന്നിരിക്കണം കക്ഷി.ഏതായാലും മോഷണ കഥ കേട്ട വഴി ,കാലത്തിന്റെ വിളി കേട്ട മട്ടില്‍ പുള്ളിക്കാരി കേരള്‍സ് ഡോട്ട് കോമിനെതിരെ സമരം തുടങ്ങാന്‍ തീരുമാനിക്കുന്നു .തീരുമാനിക്കുക മാത്രമല്ല 'മര്യാദയ്ക്ക് അടിച്ചു മാറ്റിയ പാചകക്കുറിപ്പ്‌ മാറ്റിക്കോ' എന്ന് കേരള്‍സിന് ഇംഗ്ലീഷില്‍ (ഹോ!!!) ഒരു മെയിലും അയച്ചു.കേരള്‍സ് അവന്മാര്‍ക്ക് ആകെ അറിയാവുന്ന ഭാഷയില്‍ ഉടനടി തന്നെ 'പേടിപ്പിക്കാതെ പോടീ പെണ്ണെ' എന്നോ മറ്റോ മറുപടിയും അയച്ചു .ഇഞ്ചി പെണ്ണ് ഈ വിവരങ്ങള്‍ എല്ലാം സ്വന്തം ബ്ലോഗിലൂടെ മലയാളം ബ്ലോഗ്‌ എഴുതുന്ന കുറെ ഞരമ്പ് രോഗികളുടെ (ക്ഷുഭിത യൌവനങ്ങളുടെ എന്നെഴുതണം എന്ന് മനസ്സില്‍ വിചാരിച്ചതാണ് ,ക്ഷമി)ശ്രദ്ധയില്‍ പെടുത്തുന്നു.

പിന്നെ കാഹളം മുഴക്കി പടയായിരുന്നു. കേരള്‍സിനെതിരെ മലയാളം ബ്ലോഗിലാകെ ബന്ദും, ഹര്ത്താലും. ഇഞ്ചി പെണ്ണിന്റെ ബ്ലോഗില്‍ പിന്തുണ കമന്റുകളുടെ പ്രവാഹം ( കേരള്സ് സൈറ്റില്‍ ഹിറ്റുകള്‍ കൂടി എന്നതിവിടെ വിഷയമല്ല എന്ന് പൊതുവെ മലയാളി ബ്ലോഗ് മതം ). ഹിറ്റുകള്‍ കൂടുന്നതനുസരിച്ച്, അനുനയം, ഭീഷിണി , അനുനയം, ഭീഷണി ഇങ്ങനെ കാര്‍ഡുകള്‍ ഇറക്കി കേരള്‍സ് വീണ് കിട്ടിയ അവസരം പരമാവധി മുതലാക്കി .ഇഞ്ചി പെണ്ണ് ബ്ലോഗില്‍ ഫെഡറെല്‍ ബ്യുറോക്കോ, കേരളത്തില്‍ ഏതോ പി സിക്കോ അങ്ങനെ ആര്‍ക്കൊക്കെയോ കേരള്‍സിനെക്കുറിച്ച് പരാതി നല്കിയിട്ടുണ്ട്, ഉടനെ അവന്മാരുടെ ചീട്ട് കീറും എന്ന് പ്രഖ്യാപിക്കുന്നു. ഇഞ്ചി പെണ്ണിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച (മാനസികമായി വേട്ടയാടിയ എന്ന് അര്‍ത്ഥം. തെറ്റിദ്ധരിക്കരുത്)
കേരള്‍സിന്റെ ഗുണ്ടായിസത്തിനുമെതിരെ നടന്ന മലയാളം ബ്ലോഗ് എഴുതുന്ന കുറെ ഇട്ടിക്കണ്ടപ്പന്മാര്‍ (ക്ഷമിക്കണം,എത്ര അടക്കാന്‍ ശ്രമിച്ചാലും സത്യം ചിലപ്പൊഴൊക്കെ തനിയെ പുറത്ത്‌ വരും) നടത്തിയ ഉജ്ജ്വല സമരമായിരുന്നു കരിവാരം.

ഇന്നേക്ക് കൃത്യം ഒരു വര്‍ഷം മുന്‍പ് നടന്ന ഈ സമരത്തിന്റെ വാര്‍ഷികാഘോഷമാണ് ഇന്ന് മുതല്‍ അടുത്ത ഏഴ് ദിവസങ്ങളിലായി നടക്കുന്നത്.(കേരള്‍സ് അവന്മാരുടെ ഇടയ്ക്കു പൂട്ടിയ മലയാളം വിഭാഗം വീണ്ടും തുറന്ന കഥകളോ,ഇഞ്ചി പെണ്ണ് അമേരിക്കയിലും ,കേരളത്തിലുമായി കൊടുത്തു എന്ന് പറയപ്പെടുന്നു കേസുകളുടെ പുരോഗതിയെക്കുറിച്ചുള്ള ചോദ്യങ്ങളോ ഈ വാരം പ്രോത്സാഹിപ്പിക്കുന്നതല്ല . ഇഞ്ചി പെണ്ണിന്റെ വാക്ക് മാത്രം കേട്ട് ബ്ലോഗിലെ ഇരുന്നൂറോളം സീനിയര്‍ മരക്കഴുതകള്‍ക്ക് കരിവാരം ആചാരിക്കാമെങ്കില്‍ നിനക്കൊക്കെ എന്താടാ ആയമ്മ പറഞ്ഞത് വിശ്വസിച്ചാല്‍ ‍??? )

ആഘോഷത്തിലെ പ്രധാന പരിപാടികള്‍ :

1) ഇഞ്ചി പെണ്ണിനെ കേരളത്തിലെ വിപ്ലവകാരികളുടെ ,പ്രത്യേകിച്ച് വനിതാ വിപ്ലവകാരികളുടെ സാംസ്കാരിക പ്രതിരൂപമായി അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ട്‌ കേരള/ കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഭീമ ഹര്‍ജി സമര്‍പ്പിക്കല്‍. (ഇതിലൊപ്പിടാന്‍ കരിവാരത്തിന് പേര് കൊടുത്ത ഇരുന്നൂറോളം കഴുതകളും ,കമന്റുകള്‍ വഴി ഗ്വാ ഗ്വാ വിളിച്ച ബാക്കി മണ്ടന്മാരും കാണും എന്ന് പ്രതീക്ഷിക്കുന്നു. മണ്ടനോ ,കഴുതയോ ആകുവാന്‍ താത്പര്യമില്ലാത്തതിനാല്‍ എനിക്ക് ഇതില്‍ ഒപ്പിടാന്‍ സൌകര്യമുണ്ടായിരിക്കുന്നതല്ല )

2) കരിവാരത്തിന് ആദ്യം ഇറങ്ങി പുറപ്പെട്ട ധീര സേനാനികള്‍ക്ക് (ഇരുനൂറോളം വരും.ഇപ്പോഴും പല ബ്ലോഗുകളിലും കരിവാരത്തില്‍ കൈ കോര്‍ത്തവര്‍ എന്നൊക്കെയുള്ള തലക്കെട്ടുകളില്‍ ഇവരുടെ പേരുകള്‍ കാണാവുന്നതാണ് ) മുന്നില്‍ 'മരക്കഴുത' എന്നും ,പിന്നില്‍ 'ജാക്കാസ്സ്' എന്നും ആലേഖനം ചെയ്ത ടീ ഷര്‍ട്ടുകള്‍ നല്‍കി ആദരിക്കല്‍. ഒപ്പം നെറ്റിയില്‍ 'പിണ്ണാക്ക് മാടന്‍ ' എന്ന് സുവര്‍ണ ലിപികളില്‍ എഴുതിയ തൊപ്പികളും നല്‍കുന്നതാണ്.
ബഹുമതികള്‍ സ്വീകരിക്കാന്‍ ചടങ്ങില്‍ നേരിട്ട് വരാന്‍ മടിയുള്ളവര്‍ (ക്ഷമിക്കണം ,സാധിക്കാത്തവര്‍ എന്ന് വായിക്കുക) വിലാസം അയച്ചു തന്നാല്‍ ഇട്ടാപ്പുകള്‍ പൊതിഞ്ഞ് അങ്ങ് എത്തിച്ച് തരുന്നതാണ്
നേരിട്ട് വരുന്നവരുടെ മുഖത്ത്‌ കരിവാരത്തിന്റെ സ്മരണക്കായി ടാര്‍ പൂശുന്നതാണ് . ഈ അവസരം പാഴാക്കരുത്.ഒന്നുമില്ലെങ്കിലും ഇഞ്ചി പെണ്ണിന് വേണ്ടിയല്ലേ?

3) കമന്റുകള്‍ വഴി സമരത്തിന് പിന്തുണ നല്‍കിയവര്‍ക്ക് 'മണ്ടന്‍ മുത്തപ്പ' എന്ന പദവി ഔദ്യോഗികമായി സ്ഥിരീകരിച്ച് നല്‍കുന്ന താമ്രപത്രങ്ങളുടെ വിതരണം.

ഇനി പറയുന്ന പരിപാടികളില്‍ ഇഞ്ചി പെണ്ണിന്റെ ബ്ലോഗ്‌ പെട്ടന്ന് മുന്നറിയിപ്പില്ലാതെ അപ്രത്യക്ഷമായത് പോലെ അപ്രതീക്ഷിത മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട് .

4) രണ്ടാം ദിവസം 'ഇഞ്ചിയെ കാണ്മാനില്ല' എന്ന അന്വേഷണാത്മക ഏകാംഗ നാടകം (മരമാക്രി വക) .)ഈ നാടകത്തിന് ഒരു അനുബന്ധം എഴുതാന്‍ കഴിവുള്ളവര്‍ ബയോഡാറ്റ സഹിതം അപേക്ഷിക്കുക (രണ്ടാം ദിവസം എഴുതിയത് ഡിലീറ്റ്‌ ചെയ്യണം എന്നുള്ളവര്‍ ദയവായി അപേക്ഷിക്കാതിരിക്കുക ) .

5) മൂന്നാം ദിവസം മുതല്‍ ഏഴാം ദിവസം വരെ സമയം കിട്ടുന്നത് പോലെ കേരള്‍സ് വധം കഥകളി , ഇഞ്ചി വിജയം ബാലെ , മരങ്ങോടന്മാരുടെ മോന്തയിലെ കരി (സ്കിറ്റ് ) തുടങ്ങിയ പരിപാടികള്‍ വേണമെന്നാണ് ആഗ്രഹം.നോക്കാം.

6) നിത്യേന ഇഞ്ചി തൈരും,ഇഞ്ചിക്കറിയും കൂട്ടിയുള്ള സദ്യ .

ഇതൂടെ പറഞ്ഞില്ലാ എന്ന് വേണ്ട :
മുകളില്‍ എഴുതിയിരിക്കുന്നത് മലയാളം ബ്ലോഗുകളില്‍ ജീവിച്ചിരിക്കുന്ന (ഇഞ്ചി പെണ്ണ് കുറെ ദിവസമായി ഉണ്ടോ അതോ കാലം ചെയ്തോ എന്ന് അറിയില്ല.അറിയണം എന്ന് നിര്‍ബന്ധമുള്ളവര്‍ മരമാക്രിയെ വിളിച്ച് ചോദിച്ചാല്‍ മതി) വ്യക്തികളെകുറിച്ച് തന്നെയാണ്. ഇതില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയാല്‍ എനിക്ക് ഒരു കോപ്പുമില്ല .

എ കെ.

ഒരു ചെറിയ കൂട്ടിച്ചേര്‍ക്കല്‍ :

അടുത്തിടെ നടന്ന ഒരു മോഷണവും ,അതിന് ഇരയായ ആളുടെ പ്രതികരണവും ലോണ്ടെ ലിവിടെ. അതെങ്ങനെ,ഇങ്ങനെയുള്ള മാന്യമായ പ്രതികരണം വഴി വ്യക്തമായ ഫലങ്ങള്‍ ഉണ്ടാകുമെങ്കിലും ,സ്വന്തം ബ്ലോഗില്‍ ആള് കൂടുമോ ? അത് കൊണ്ട് നുമ്മ മലയാളി ബ്ലോഗുകള്‍ക്ക് 'കരിവാരം മഹാ വാരം .ഇഞ്ചി പെണ്ണ് മഹാ വിപ്ലവകാരി(ണി)'.അല്ലിയോ സീനിയര്‍ ബ്ലോഗു എഴുത്ത് ചേട്ടന്മാരെ ???

Tuesday, June 2, 2009

ജീവന്റെ നീതി

'എ വെനസ്ഡേ' എന്നൊരു ഹിന്ദി ചലച്ചിത്രം സമീപ കാലത്ത് പുറത്തിറങ്ങിയിരുന്നു .എനിക്ക് ആ ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ തോന്നിയത് കൊള്ളാവുന്ന ഒരു ത്രില്ലര്‍ എന്നാണ്.പക്ഷേ നസറുദ്ദീന്‍ ഷായും ,അനുപം ഖേറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഒരു തീവ്ര വര്‍ഗീയ ചിത്രമാണ് എന്ന് ഈയിടെയാണ് എനിക്ക് മനസിലായത്. ഈ തിരിച്ചറിവ് എനിക്കുണ്ടായത് വെബ്ദുനിയയില്‍ വന്ന ഒരു ലേഖനം വായിച്ച ശേഷമാണ്.

ലേഖനത്തില്‍ എന്നെ ഏറ്റവു പ്രബുദ്ധനാക്കിയ വാചകങ്ങള്‍ ഇവയാണ്
" പേര് എന്താണെന്ന് നസറുദ്ദീന്‍ ഷായുടെ കഥാപാത്രം വെളിപ്പെടുത്തുന്നുണ്ടെങ്കിലും അത് പ്രേക്ഷകരുമായി പങ്കുവയ്ക്കാന്‍ സാധ്യമല്ലെന്നാണ് പ്രകാശ് റാത്തോഡ് പറയുന്നത്. കയ്യില്‍ മുഴുവന്‍ മന്ത്രച്ചരടുകള്‍ കെട്ടിയ പ്രകാശ് റാത്തോഡിന്റെ കയ്യില്‍ നിന്ന് ഷേയ്ക്ക്‌ഹാന്‍ഡ് വാങ്ങുന്ന നസറുദ്ദീന്‍ ഷായുടെ ഒരു ചരടും ഇല്ലാത്ത കയ്യുടെ ക്ലോസപ്പ് സിനിമയിലുണ്ട്. അത് കാണുമ്പോഴും സിനിമയുടെ മൊത്തം സാഹചര്യം മനസിലാവുമ്പോഴും നസറുദ്ദീന്‍ ഷായുടെ കഥാപാത്രത്തിന്റെ മതമെന്താണെന്ന് നമുക്ക് മനസിലാവും. സര്‍ക്കാരിനോടും പൊലീസിനോടും വിലപേശി നസറുദ്ദീന്‍ ഷായുടെ കഥാപാത്രം ജയിലിന് വെളിയില്‍ കൊണ്ടുവരുന്ന എല്ലാ തീവ്രവാദികളെയും ഇല്ലായ്മ ചെയ്യാന്‍ ‘സാധാരണക്കാരിലൊരുവന്’ കഴിയുന്നു. ഒടുവിലത്തെ തീവ്രവാദിയെ അവസാനിപ്പിക്കാന്‍ ഒരു മുസ്ലീം പൊലീസ് ഓഫീസറുടെ സേവനവും നസറുദ്ദീന്‍ ഷായുടെ കഥാപാത്രത്തിന് കിട്ടുന്നു. സിനിമയുടെ അവസാനം, ഒഴിഞ്ഞ ഒരു കെട്ടിടത്തിന് താഴെ പ്രകാശ് റാത്തോഡിനെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട് നസറുദ്ദീന്‍ ഷായുടെ കഥാപാത്രത്തിന്. തീവ്രവാദികള്‍ മുഴുവന്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍ നിന്നുള്ളവരാണെന്ന ഭൂരിഭാഗത്തിന്റെ അബദ്ധധാരണ നീരജ് പാണ്ഡേയും ആവര്‍ത്തിക്കുന്നു. ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ട തീവ്രവാദികളെ ഇല്ലായ്മ ചെയ്യാന്‍ ആ മതവിഭാഗത്തില്‍ പെട്ട ഒരാള്‍ തന്നെ ‘വാളണ്ടിയര്‍‍’ ആയി മുന്നോട്ട് വരുന്നിടത്താണ് നീരജ് അറിയാതെ തന്നെ (അതോ അറിഞ്ഞിട്ടോ) ഈ സിനിമ ‘ഭൂരിപക്ഷ വര്‍ഗീയത’യുടെ ഭാഗമാവുന്നത്." (നസറുദ്ദീന്‍ ഷാ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അരയിലും കൂടി ലേഖകന് ഒന്ന് തപ്പി നോക്കാമായിരുന്നു.വല്ല ഏലസോ, തകിടോ കിട്ടിയാല്‍ പ്രശ്നം തീര്‍ന്നില്ലേ ?)

ഈ കണ്ടുപിടുത്തം നടത്തിയ മഹാനെ ഒന്ന് അഭിനന്ദിക്കണം എന്ന തോന്നല്‍ ഉണ്ടായതാണ്.പക്ഷേ ഇത്ര ഗഹനമായ ഗവേഷണം നടത്തി കലയിലും,കവിതയിലും ഭൂരിപക്ഷ വര്‍ഗീയത കണ്ടെത്തുന്ന ഇന്റെര്‍നെറ്റിലെ ആദ്യത്തെയാളല്ല ഈ ലേഖകന്‍ എന്ന കാര്യം ഓര്‍ത്തത് അപ്പോഴാണ്‌ .സമീപ കാലത്ത് തന്നെ ഒരു ബ്ലോഗില്‍ 'പാസഞ്ചര്‍' എന്ന ചിത്രത്തിന്‍റെ നിരൂപണത്തിന് വന്നൊരു അഭിപ്രായത്തില്‍ പറഞ്ഞിരിക്കുന്നത് ' സിനിമയില്‍ അണലി ഷാജി എന്ന ഗുണ്ടയെ അയാളുടെ അനുയായികള്‍ ഇക്കാ എന്ന് സംബോധന ചെയ്യുന്നത് ഒഴിവാക്കിയിരുന്നെങ്കില്‍ ഷാജി മതമില്ലാത്ത ഒരു വില്ലന്‍ ആയേനെ' എന്നതായിരുന്നു. ചിത്രത്തിലെ തോമസ്‌ ചാക്കോ ,ഡി ജി പി സ്വാമി എന്നീ വില്ലന്മാരുടെ ജാതിയോ മതമോ അഭിപ്രായം പറഞ്ഞ വ്യക്തി ശ്രദ്ധിച്ച് കാണില്ല.ഒരു പക്ഷേ അവിടെ വര്‍ഗീയത ഉണ്ടെന്ന് കൂവിയാല്‍ ഏറ്റു പിടിക്കാന്‍ കിട്ടുമോ എന്ന സംശയമായിരിക്കാം കാരണം.

പരിതാപകരമായ ചലച്ചിത്ര ആസ്വാദനം ,അപക്വമായ ചിന്തകള്‍ , മന്ദബുദ്ധികളുടെ ശ്രേണിയില്‍പ്പെടുത്താവുന്ന ഭാഷ;ഇവയൊക്കെ ക്ഷമിക്കാം. പ്രത്യേക വിഭാഗത്തിനെ പ്രക്ഷുബ്ദരാക്കുന്ന തരത്തില്‍, വികലമായ സ്വന്തം ആശയങ്ങള്‍ മറ്റൊരാളുടെ തലയില്‍ കെട്ടി വെയ്ക്കാനുള്ള ശ്രമങ്ങളെ എന്ത് ചെയ്യണം?പ്രത്യേകിച്ചൊന്നും ചെയ്യേണ്ട കാര്യമില്ല;ഇത്തരം അഭിപ്രായങ്ങള്‍ വായിക്കുകയോ ,കേള്‍ക്കുകയോ ചെയ്യുന്നവര്‍ സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുകയാണെങ്കില്‍.അല്ലാതെ അബ്ദുല്‍ കരീമിന്റെ കയ്യില്‍ നിന്നും കടം വാങ്ങിയ കാശ് അയാള്‍ തിരികെ ചോദിച്ചപ്പോള്‍ കൊടുക്കാതെ അയാളെ അനാവശ്യം പറഞ്ഞ അര്‍ജ്ജുന്‍ കൃഷ്ണയെ അബ്ദുല്‍കരീം തല്ലി.അവര്‍ തമ്മില്‍ അടി പിടിയായി എന്ന സംഭവത്തെ പത്രങ്ങളോ ,മേല്‍പ്പറഞ്ഞത്‌ പോലുള്ള വിഷ ജന്തുക്കളോ 'തിരുവനന്തപുരത്ത് അബ്ദുല്‍കരീം എന്ന മുസ്ലീം സഹോദരനെ അര്‍ജ്ജുന്‍ കൃഷ്ണ എന്ന ഹിന്ദു വര്‍ഗീയ വാദി തല്ലി' എന്ന് അവതരിപ്പിക്കുമ്പോള്‍,അത് വായിക്കുന്ന മുഹമ്മദ്‌ 'ഓഹോ എന്റെ മതമായ ഇസ്ലാമില്‍ പെട്ട അബ്ദുല്‍ കരീമിനെ ഹിന്ദുവായ അര്‍ജ്ജുന്‍ തല്ലിയോ?"എന്നും,രാമന്‍ തിരിച്ചും ചിന്തിക്കുന്നടുത്താണ് പ്രശ്നങ്ങളുടെ തുടക്കം.

ഇത്തരത്തില്‍ ചിന്തിക്കാന്‍ തയാറായ ഒരു ജനതയെ തന്നെയാണ് ആദ്യ കാലം മുതല്‍ മാധ്യമങ്ങളും ഇപ്പോള്‍ ബ്ലോഗിലും , സൈറ്റുകളിലും കുറെ ക്ഷുദ്ര ജീവികളും ഭംഗിയായി അവരുടെ വിവിധ കാര്യ സാധ്യങ്ങള്‍ക്കായി ഉപയോഗിച്ച് വരുന്നത് .(അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ആക്രമണം നടത്തുന്ന കാലത്ത് ,ഡല്‍ഹി ജുമാ മസ്ജിദില്‍ ജുമാ നിസ്കാരത്തിനു തടിച്ചു കൂടിയ ആയിരങ്ങളുടെ ചിത്രം കൊടുത്തിട്ട് 'ബിന്‍ ലാദന്റെ സുരക്ഷക്കായി പ്രാര്ത്ഥിക്കാന്‍ തടിച്ച് കൂടിയ ജനം' എന്നാ അടിക്കുറിപ്പ് കൊടുത്ത പത്രത്തിന്റെ നാടാണിത് .)

മാധ്യമങ്ങളുടെയും മറ്റുള്ളവരുടെയും ലക്ഷ്യങ്ങള്‍ എന്തുമാകട്ടെ. അവര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ സ്വന്തം തലച്ചോറ് ഉപയോഗിച്ച് ചിന്തിച്ചു തുടങ്ങിയാല്‍ പിന്നെയവര്‍ എന്ത് എഴുതി വിട്ടാലും അത് വിഷയമാകില്ല.

പക്ഷേ സ്വബുദ്ധിയില്‍ ചിന്തിയ്ക്കാന്‍ എത്ര ആളുകള്‍ ഉണ്ടാകും ഇന്ന് നമ്മുടെ നാട്ടില്‍?അവനവന്റെ വിശ്വാസത്തെ സംരക്ഷിക്കാന്‍ ആയുധം എടുക്കുക എന്നത് അന്തിമമായി ആ വിശ്വാസത്തെ തന്നെ വഞ്ചിക്കുക എന്ന അവസ്ഥയാണ് എന്നത് എത്ര പേര്‍ തിരിച്ചറിയും?

പറഞ്ഞത് രാമനോ ,കൃഷ്ണനോ ,മുഹമ്മദോ ,ക്രിസ്തുവോ ആരുമാകട്ടെ.പേരില്‍ മാത്രമല്ല,ലോകത്തിന് തീ പിടിക്കുന്ന കാരണമായാല്‍ തന്നെ മറ്റൊരു ജീവന്‍ എടുക്കുവാന്‍ ഈ ഭൂമിയില്‍ ഒരുവനും അവകാശമില്ല .(രാമന്‍ ,മുഹമ്മദ്‌,ക്രിസ്തു എന്നിവര്‍ അന്യ മത വിശ്വാസികളെ കൊന്ന് തള്ളണം എന്ന് പറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നത് അവരവര്‍ തീരുമാനിക്കേണ്ട വിഷയമാണ് .മത ഗ്രന്ഥങ്ങള്‍ വായിച്ചിട്ടല്ല ,സ്വന്തം ബുദ്ധി ഉപയോഗിച്ച് .)

മതം, ജാതി ,നിറം,ഭാഷ,ദേശം തുടങ്ങിയവയിളുള്ള വ്യത്യാസങ്ങള്‍ നില നില്‍ക്കുമ്പോഴും,മനുഷ്യനെ സമന്മാരാക്കുന്നത് ജീവന്‍ എന്ന പ്രതിഭാസം മാത്രമാണ്. ജീവന് യാതൊരു വ്യത്യാസങ്ങളും ഇല്ല .അതിന് ഒരു നീതിയെ ഉള്ളു.സ്വച്ഛമായ നിലനില്‍പ്പ്‌.ഭൂമിയിലെ ജീവന്‍ മുഴുവന്‍ മുനുഷ്യന്‍ തമ്മില്‍ത്തല്ലി നശിപ്പിച്ചാലും,പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും അത് വീണ്ടും ഉരുവാകും.അത് തീര്‍ച്ചയാണ്. അക്കാരണം കൊണ്ട് തന്നെ,സുന്ദരമായ ഈ ഭൂമിയില്‍ ഏതെങ്കിലും സ്വാമിയോ,പാതിരിയോ ,മൌലവിയോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ പ്രചരിപ്പിക്കുന്ന അബദ്ധങ്ങളില്‍ മയങ്ങി, തമ്മിലടിച്ച് സ്വയം നശിക്കണോ എന്ന തീരുമാനം നമ്മുടേത് മാത്രമാകുന്നത്.