Monday, March 30, 2009

കേരളത്തില്‍ പുലി വേട്ട: ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: അഭ്യന്തരമന്ത്രിയുടെ കാര്യാലയം

കേരളത്തില്‍ ഇറങ്ങിയ പുലികളില്‍ ഒരാളെ ജീവനോടെ പിടികൂടിയ കുട്ടമ്പിള്ളയെ കണ്ടതും മന്ത്രിയുടെ മുഖത്ത്‌ ചിരിയുടെ മത്താപ്പ് കത്തി. സ്പെഷ്യല്‍ സ്ക്വാഡിന്റെ ഉപമേധാവിയെങ്കിലും,കേരളാ പോലീസില്‍ നിന്നും ചട്ടം പഠിച്ച പിള്ള തറ കുലുക്കിയുള്ള സല്യൂട്ടിനും , വാ കൈ പൊത്തിയുള്ള നില്‍പ്പിനും ഒരു കുറവും വരുത്തിയില്ല.

മന്ത്രി:"ഇരിക്ക് പിള്ളേ ."

പിള്ള ഇരുന്നു ഇരുന്നില്ല എന്നാ മട്ടില്‍ ഒരു ഭാവം അവലംബിച്ചു

മന്ത്രി :"നിങ്ങള്‍ ഒരു സിംഹമാണെന്ന് ഞാന്‍ കേട്ടിരുന്നു . ഇപ്പോളാണ് ബോധ്യമായത്"

പിള്ള :ഇദ്ദേഹത്തിന്റെ ദയ"

മന്ത്രി :"എന്നിട്ട്...വിശദമായി പറയടോ . എങ്ങനെ കുരുക്കി അവനെ?"

പിള്ള :"അത് മിനിഞ്ഞാന്ന് ഉച്ചയോടെ പത്തു പതിനഞ്ച് പുലികള്‍ ചേര്‍ത്തല തീരത്തു വന്നിറങ്ങി എന്ന് ഐ ബി റിപ്പോര്‍ട്ട് കിട്ടിയായിരുന്നു. അവന്‍മാര്‍ കൊച്ചി ലക്ഷ്യമാക്കി നീങ്ങുന്നു എന്നും ഐ ബിക്കാര്‍ പറഞ്ഞായിരുന്നു സാറേ. ഞാനുടനെ കിട്ടാവുന്നതില്‍ ഏറ്റവും വേഗതയുള്ള വണ്ടിയൊരണ്ണം സംഘടിപ്പിച്ച് ചേര്‍ത്തലയില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വെച്ചടിച്ചു"

മന്ത്രി :"വെരി ഗുഡ്.പുലികള്‍ കൊച്ചിയിലെക്കല്ല കൊല്ലം ഭാഗത്തേക്കാണ് നീങ്ങാന്‍ സാധ്യത കൂടുതല്‍ എന്ന് പിള്ള ഊഹിച്ചു അല്ലേ?"

പിള്ള:"അല്ല സാറേ അവന്‍മാര്‍ കൊച്ചിയിലേക്ക് നീങ്ങുമ്പോള്‍ നമ്മള്‍ കൂടി അങ്ങോട്ടു പോയി, വെറുതെ വഴിയില്‍ വെച്ചു തമ്മില്‍ കണ്ടു എന്തിനാ ഒരു കശപിശയും വെടി വെയ്പ്പും ഒക്കെ എന്ന് കരുതിയാ ഞാന്‍ തിരുവനന്തപുരത്തേക്ക് പോന്നത്.വണ്ടി ഓച്ചിറ കഴിഞ്ഞപ്പോഴല്ലേ ഐ ബിയില്‍ കഴുപ്പണംക്കെട്ടവന്മാര്‍ വിളിച്ചു പറയുന്നത് പുലികള്‍ കൊല്ലം ഭാഗത്തേക്കാണ് പോന്നത് എന്ന്."

മന്ത്രി :"ഉടന്‍ പിള്ള കൊല്ലത്തേക്ക്‌ കുതിച്ചു അല്ലേ ?"

പിള്ള :"ഇല്ല സര്‍.ഞാന്‍ അല്‍പ്പം പാടുപ്പെട്ടിട്ടാണെങ്കിലും ഓച്ചിറ ഒരു ലോഡ്ജില്‍ മുറിയെടുത്തു ."

മന്ത്രി:"അപ്പോള്‍ കൊല്ലം കളക്ട്രേറ്റില്‍ പുലികള്‍ വെച്ച ബോംബ് നിര്‍വീര്യമാക്കിയത് പിള്ളയല്ലേ?"

പിള്ള :"എന്‍റെ പൊന്നു സാറേ മുറിയെടുത്ത വഴി നാലെണ്ണം വിട്ടേച്ച് നിര്‍വീര്യമായി കിടന്നുറങ്ങിയ ഞാന്‍ എന്ത് ചെയ്യാന്‍?അവന്‍മാര്‍ ബോംബിന്റെ ട്രിഗര്‍ കൊടുത്തത് അവിടുത്തെ മെയിന്‍ സ്വിച്ചില്‍. പൊട്ടിക്കാന്‍ നോക്കിയപ്പം പവര്‍ കട്ട് അര മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും ശ്രമിച്ചപ്പോള്‍,അടുത്തൊരിടത്ത് ഭരണ കക്ഷിയുടെ തിരഞ്ഞെടുപ്പ് യോഗം നടത്താന്‍ വേണ്ടി അഡീഷണല്‍ ലോഡ് വലിച്ചത് കാരണം ട്രിഗര്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട വോള്‍ട്ടേജ് ഇല്ല. പിന്നെയും ശ്രമിച്ചപ്പോള്‍ ഫ്യൂസ് അടിച്ചു പോയി.ഒടുവില്‍ അവന്‍മാര്‍ മടുത്ത് കളഞ്ഞിട്ട് പോവുകയായിരുന്നു"

മന്ത്രി:" പിന്നെ ഇപ്പോള്‍ പിടിയിലായവാന്‍ എങ്ങനെ നിങ്ങളുടെ വലയില്‍ വന്നു വീണു?"

പിള്ള:"ബോംബ് വെയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ട വിഷമത്തില്‍ രണ്ടെണ്ണം അടിക്കാന്‍ അവന്‍മാര്‍ നേരെ ചെന്ന് ഒരു ബാറില്‍ കയറി. അവന്‍മാരുടെ കഷ്ടകാലത്തിന് പുലികളില്‍ ഒരുത്തന്‍ ബോംബിന്റെ റിമോട്ട് പൊതിഞ്ഞിരുന്നത് പൂന്തുറ സിറാജ് ആര്‍ എസ് പിയിലെ ചന്ദ്രചൂഡനെ കളിയാക്കി ചെയ്ത പ്രസംഗം വിശദമായി വന്ന ഏതോ പത്രം കൊണ്ടായിരുന്നു.ബാറിലുണ്ടായിരുന്ന ആര്‍ എസ് പി അനുഭാവികള്‍ അവന്‍മാരെ എടുത്തിട്ട് ചളുക്കി.അവിടുന്ന് ഉയിരും കൊണ്ടോടിയ അവന്‍മാര്‍ ചെന്ന് പെട്ടത് ഇലക്ഷന്‍ പിരിവിന്റെ നടുവില്‍. ഒരു നാല് കവലകളില്‍ നിന്നുമായി ഭരണപക്ഷവും, പ്രതിപക്ഷവും , ഈര്‍ക്കില്‍ പാര്‍ട്ടികളും എല്ലാം കൂടി അവന്‍മാരുടെ കയ്യില്‍ നിന്നും നല്ലൊരു സംഘ്യ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പിരിച്ചു എന്നാ കേട്ടത് ."

മന്ത്രി :"പാവങ്ങള്‍!!! തെണ്ടി പോയിക്കാണും"

പിള്ള :"കഴിഞ്ഞില്ല സാറേ ...രാഷ്ട്രീയക്കാരുടെ പിരുവ് കഴിഞ്ഞു ഉത്സവം ,പള്ളിപ്പെരുന്നാള്‍ എന്നൊക്കെപ്പറഞ്ഞു പിരിവു പിന്നെയും കുറെ കൊടുക്കേണ്ടി വന്നു അവന്മാര്‍ക്ക്. ഒടുവില്‍ റോഡില്‍ ഇങ്ങനെ നടക്കുന്നത് അപകടമാണ് എന്ന് കരുതി അവന്‍മാര്‍ രണ്ട് കാറുകള്‍ മോഷ്ടിച്ച് തിരുവനന്തപുരത്തേക്ക് വരാന്‍ തീരുമാനിക്കുകയായിരുന്നത്രേ. ഹൈവേയില്‍ ചുരുങ്ങിയത് ഒരു പത്തിടത്തെങ്കിലും നമ്മുടെ പിള്ളാര്‍ അവന്‍മാരെ പിടിച്ച് ആ പെറ്റി, ഈ പെറ്റി ,മറ്റേ പെറ്റി എന്ന് ഒരു വഴിക്കാക്കി."

മന്ത്രി:"ഇപ്പോഴും പിള്ള പറഞ്ഞില്ല,അറസ്റ്റിലായവനെ എങ്ങനെ വലയിലാക്കി എന്ന് ?"

പിള്ള:"പിരുവും പെറ്റിയും കൊടുത്ത് അവന്‍മാര്‍ കൊണ്ട് വന്ന കാശെല്ലാം തീര്‍ന്നു. സയനൈഡ് കൊരുത്തിട്ടിരുന്ന മാലകള്‍ വരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഊരി വാങ്ങിയപ്പോള്‍ മറ്റൊരു ഗതിയുമില്ലാതെ, ഒരു നേരത്തെ ആഹരം കഴിക്കാന്‍ പോലും നിവൃത്തിയില്ലാതെ, അവന്‍ ഞാന്‍ മുറിയെടുത്തിരുന്ന ലോഡ്ജ് അന്വേഷിച്ചു കണ്ടു പിടിച്ച് 'എന്നെ തൂക്കി കൊല്ലണം' എന്ന അപേക്ഷയുമായി കീഴടങ്ങുകയായിരുന്നു സാര്‍"

മന്ത്രി :"അപ്പോള്‍ അവന്‍റെ കൂട്ടുകാര്‍?"

പിള്ള:"നീണ്ടകര പാലത്തിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു എന്നാ അവന്‍ പറഞ്ഞത്"

മന്ത്രി:"സത്യമായിരിക്കും. ഈ നാട്ടില്‍ ജീവിക്കുമ്പോള്‍ ഇടയ്ക്കിടെ എനിക്ക് വരെ ആത്മഹത്യ ചെയ്താല്‍ കൊള്ളാം എന്ന് തോന്നാറുണ്ട്. പിന്നല്ലേ ആ പാവങ്ങള്‍"

Sunday, March 29, 2009

എ കെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുന്നു

കെ എം പി (ഐ )യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ എ കെ ഇന്നലെ, എതിരാളികളെ അമ്പരപ്പിക്കുന്ന ഒരു നീക്കത്തിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ തന്‍റെ സ്വത്ത് വിവരങ്ങളുടെ പട്ടിക സമര്‍പ്പിച്ചത് കൂടാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവ പരസമായി വെളിപ്പെടുത്തുവാനും തയ്യാറായി.അദ്ദേഹം ഞങ്ങളുടെ സ്വന്തം ലേഖകന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന് :

സ്വ ലേ : "സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ പരസ്യപ്പെടുത്തുന്നതിനു പിന്നിലെ ഉദ്ദേശം ഒന്ന് വ്യക്തമാക്കാമോ?"

എ കെ : "ലളിത ജീവിതം നയിക്കുന്ന എന്‍റെ മാതൃക ഒരാളെങ്കിലും പിന്തുടരുന്നെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതിയാണ്"

സ്വ ലേ :"ആദ്യം താങ്കളുടെ സ്വന്തം പേരിലുള്ള സ്വത്തുക്കളുടെ വിവരങ്ങളില്‍ നിന്നും തുടങ്ങാം"

എ കെ :"എന്‍റെ കൈയ്യില്‍ ഇപ്പോള്‍ അഞ്ച് രൂപയുണ്ട്.കഴിഞ്ഞ അഞ്ച് കൊല്ലമായി ഞാന്‍ താമസം സര്‍ക്കാര്‍ നല്‍കിയ ഫ്ലാറ്റിലാണ്. സ്വന്തമായി വാഹനം എന്ന് പറയാന്‍ ,കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ഇഷ്ടദാനം തന്ന ഒരു സെക്കന്റ് ഹാന്‍ഡ് ടി വി എസ് ഫിഫ്റ്റി ഉണ്ട്.അതില്‍ പെട്രോള്‍ അടിക്കുന്നത് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബക്കറ്റ് പിരിവ് നടത്തിയാണ് . "
(സ്വ ലേ പൊട്ടിക്കരഞ്ഞ് പോയതിനാല്‍ പതിനഞ്ച് നിമിഷങ്ങള്‍ക്ക് ശേഷം മാത്രമാണ് അഭിമുഖം തുടരാനായത്)
സ്വ ലേ :" കുടുമ്പ സ്വത്തായി താങ്കള്‍ക്ക് നീക്കിയിരുപ്പൊന്നും ലഭിച്ചില്ലേ?"

എ കെ :"കുടുമ്പ സ്വത്തായി ആളുകേറാമലയില്‍ ഉണ്ടായിരുന്ന അഞ്ച് സെന്റ് ഭൂമി വിറ്റിട്ട് ആ കാശിന് കഴിഞ്ഞ മാസം കാക്കനാട് മകളുടെ പേരില്‍ മുന്നൂറ്‌ ഏക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട് "

സ്വ ലേ :"ആളുകേറാമലയില്‍ അഞ്ചു സെന്റ് വിറ്റ കാശിന് കാക്കനാട് മുന്നൂറ്‌ ഏക്കര്‍, അല്ലേ ?"

എ കെ :"അതേ ...കുറച്ചു കാശ് കുറവുണ്ടായിരുന്നത് പാര്‍ട്ടി അനുഭാവിയായ ഒരു റിയല്‍‍ എസ്റ്റേറ്റ് മുതലാളി കടമായി തന്നു."

സ്വ ലേ :"ഭാര്യയുടെ പേരില്‍ സ്വത്തുക്കള്‍ വല്ലതും?"

എ കെ :"ഭാര്യയുടെ പേരില്‍ അല്‍പ്പ സ്വല്‍പ്പം സ്വത്തുക്കള്‍ ഉണ്ട്. നമ്മള്‍ ലളിത ജീവിതം നയിക്കുന്നു എന്ന് കരുതി അവരെയും അതിനു നിര്‍ബന്ധിക്കുന്നത് ശരിയല്ലല്ലോ.ഇപ്പോള്‍ തന്നെ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ പലരുടെയും ഭാര്യമാര്‍ ഈശ്വര വിശ്വാസികള്‍ അല്ലേ?"

സ്വ ലേ :"തീര്‍ച്ചയായും. ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ വിവരങ്ങള്‍ വെളിപ്പെടുത്താമോ?"

എ കെ :"പിന്നെന്താ.തിരുവനന്തപുരം , എറണാകുളം ,കോഴിക്കോട് എന്നിവിടങ്ങളിലായി പതിനാറ് വീടുകള്‍,എട്ട് ഫ്ലാറ്റുകള്‍ , ഇന്ത്യയിലെ വിവിധ ബാങ്കുകളിലായി നാല്‍പ്പത് കോടി രൂപയുടെ നിക്ഷേപം , പിന്നെ ഒരു പ്രൈവെറ്റ് ജെറ്റ് ,ബെന്റ്റ്‌ലേയുടെ ഒന്നും,ബ്യുഗാറ്റിയുടെ രണ്ടും കാറുകള്‍,പിന്നെ നൂറ്റിയന്പത് അടി നീളമുള്ള ഒരു ലക്ഷുറീ യാച്ചും .ഇന്ത്യയില്‍ ഇത്രയോക്കയെ ഉള്ളു അവളുടെ പേരില്‍. ഇതെല്ലാം അവളുടെ അച്ഛന്‍ വാങ്ങി കൊടുത്തതാ കേട്ടോ."

സ്വ ലേ : "ഭാര്യ പിതാവ് എന്ത് ചെയ്യുന്നു?"

എ കെ :"തെങ്ങ് കയറ്റമായിരുന്നു പണി. ഇപ്പോ സ്വിറ്റ്സര്‍ലാന്‍ഡില്‍ വിശ്രമ ജീവിതം നയിക്കുന്നു"

സ്വ ലേ : "താങ്കളുടെ മാതാപിതാക്കള്‍?"

എ കെ :"അവര്‍ ലണ്ടനില്‍ സ്ഥിര താമസമാണ്. ഡാഡി ഈയിടെ ബക്കിംഹാം പാലസ് വിലക്ക് ചോദിച്ചിരുന്നു .അവര്‍ കൊടുത്തില്ല.പിന്നെ അന്‍പതിനായിരം സ്ക്വയര്‍ ഫീറ്റ് ഉള്ള ചെറിയ വീട് ഒരെണ്ണം വാങ്ങി അഡ്ജെസ്റ്റ് ചെയ്തു ."

പ്രത്യേക അറിയിപ്പ് : അഭിമുഖത്തിനിടെ പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനം മൂലം അന്തരിച്ച ഞങ്ങളുടെ സ്വന്തം ലേഖകന്‍റെ മൃതശരീരം നാളെ രാവിലെ പത്തു മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കുന്നതാണ്.ശവസംസ്കാരം തൈക്കാട് വീട്ട് വളപ്പില്‍ ഉച്ചക്ക്‌ പന്ത്രണ്ടരക്ക് നടക്കും.

Saturday, March 28, 2009

സാഗര്‍/ ജാക്കി: ഇത്രക്കും ലോഡ് വേണ്ടായിരുന്നു.

പ്രിയപ്പെട്ട അമല്‍ നീരദ്,

നിങ്ങള്‍ റാം ഗോപാല്‍ വര്‍മ്മയുടെ ശിഷ്യനല്ലേ,മലയാളത്തില്‍ പുതു രക്തമല്ലേ എന്നൊക്കെ വിചാരിച്ചാണ് കണ്ണുമടച്ച് നാല്‍പ്പത് രൂപ മുടക്കിക്കളയാം എന്ന് ഞാന്‍ തീരുമാനിച്ചത്. ഒള്ളത് പറഞ്ഞാല്‍,നിങ്ങളുടെ രണ്ടാമാത്തെ സിനിമയായ സാഗര്‍ അലിയാസ് ജാക്കി കണ്ടിറങ്ങിയപ്പോള്‍(ഏലിയാസ് എന്ന് നിങ്ങള്‍ പറഞ്ഞാല്‍ മതി) ഇനി ഒരു നാല്‍പ്പത് ലക്ഷം കൂടി നിങ്ങള്‍ക്ക് വേണ്ടി മുടക്കണം എന്ന ആഗ്രഹം എന്നില്‍ പ്രബലമായിരിക്കുന്നു. നിങ്ങളുടെ ചിത്രത്തിലെ നായകനെപ്പോലെ കോണ്ട്രാക്റ്റ് വ്യവസ്ഥയില്‍ അധോലോകത്ത് പണിയെടുക്കുന്ന ആരെയെങ്കിലും നിങ്ങള്‍ക്ക് പരിചയമുണ്ടെങ്കില്‍ എന്നെ ഒന്ന് അറിയിക്കണം. പത്ത് നാല്‍പ്പത് ലക്ഷം രൂപ കൊടുത്ത് നിങ്ങളെ തട്ടാനുള്ള ഒരു കോണ്ട്രാക്റ്റ് കൊടുക്കാനാണ് .

അല്ല എനിക്കറിയാന്‍ പാടില്ലാത്തത് കൊണ്ട് ചോദിക്കുകയാ, എക്സ്ട്രീം ടൈറ്റ് ക്ലോസപ്പില്‍ കഥാപാത്രങ്ങളെക്കൊണ്ട് സംസാരിപ്പിക്കാതെ സംസാരിപ്പിക്കുന്ന വിദ്യയും മറ്റും പഠിപ്പിച്ചു തന്ന റാം ഗോപാല്‍ വര്‍മ്മ നിങ്ങള്‍ക്ക് ഒറ്റ വരിയിലെഴുതാവുന്ന ഒരു കഥ സിനിമയാക്കുമ്പോള്‍ അതില്‍ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ട്വിസ്റ്റും ടേണും എങ്ങനെ ഉണ്ടാക്കണം എന്ന് പഠിപ്പിച്ച് തന്നില്ലേ? പത്തന്പത്തിയൊന്നു സീനുകള്‍ അടുക്കിക്കൂട്ടി വെച്ച് ,ആദ്യത്തെ സീന്‍ കഴിയുമ്പോള്‍തന്നെ അടുത്ത്‌ എന്ത് സംഭവിക്കും എന്ന് സിനിമ കാണുന്ന ഏവനും മനസിലാകുന്ന തരത്തിലെ സൃഷ്ടി കണ്ട് ചോദിച്ചു പോയതാ. അതോ ഡിസൈനര്‍ വസ്ത്രങ്ങളും ധരിച്ചു, വില കൂടിയ കാറുകളും ,കൂളിംഗ് ഗ്ലാസുകളുമായി തുടക്കം മുതല്‍ ഒടുക്കം വരെ മോഹന്‍ലാല്‍ സ്ലോമോഷനില്‍ തെക്ക് വടക്ക് നടന്നാല്‍ പടം തകര്‍ക്കും എന്ന് ആന്റണി പെരുമ്പാവൂര്‍ നിങ്ങളോട് പറഞ്ഞോ?

മോഹന്‍ലാലിനെ കണ്ടാലും മതി . കറുത്ത നിറത്തിലെ വസ്ത്രങ്ങള്‍ സാധാരണ ഉള്ള തടി കുറച്ചു കാണിക്കുന്നവയാണ്. ഇത് കറുത്ത വസ്ത്രങ്ങള്‍ മാത്രം പോരാ ,അങ്ങേരെ മൊത്തത്തില്‍ കീലില്‍ മുക്കി എടുത്താലും തടി കുറഞ്ഞതായി തോന്നുന്ന യാതൊരു ലക്ഷണവും ഇല്ല. ക്ലോസപ്പില്‍ മാത്രം ഓടുന്ന നിങ്ങളുടെ ക്യാമറ കൂടിയായപ്പോള്‍ സത്യത്തില്‍ എനിക്ക് തിടമ്പെടുത്ത് നില്‍ക്കുന്ന ഗുരുവായൂര്‍ കേശവന്റെ ഫോട്ടോ യാണ് ഓര്‍മ്മവന്നത്‌.തലയെടുപ്പിലല്ല തടിയുടെ കാര്യത്തില്‍.

കൊള്ളാവുന്ന വില്ലന്മാരുടെ ഒരു പട തന്നെയുണ്ടായിട്ടും, അവരെ സിനമയുടെ പിരിമുറുക്കത്തിനല്ല മറിച്ച് ഫാഷന്‍ പരേഡ് നടത്താന്‍ ഉപയോഗിച്ച ഐഡിയ സ്റ്റൈല്‍ മീറ്റര്‍ ഉയര്‍ത്താനാവും എന്ന് ഞാനങ്ങ് സമാധാനിച്ചു. പക്ഷേ വല്യ സ്റ്റൈല്‍ ഒന്നും ഇല്ലാതെ , ശേഖരന്‍ക്കുട്ടി എന്ന നായകനുമായി കട്ടക്ക് നില്‍ക്കുന്ന വില്ലന്‍ കഥാപാത്രം കൂടി ഉണ്ടായിരുന്നത് കൊണ്ടാണ് ഇരുപതാം നൂറ്റാണ്ട് എന്ന സാധാരണ മസാലപ്പടം സൂപ്പര്‍ ഹിറ്റായത് എന്നത് മോഹന്‍ലാലിനോ എസ് എന്‍ സ്വാമിക്കോ എങ്കിലും ഓര്‍ക്കാമായിരുന്നു.

പക്ഷെ മറ്റൊരുകാര്യം, ചിത്രത്തില്‍ ഭാവന അവതരിപ്പിച്ച കഥാപാത്രത്തെയാണ്. വിഷ്വല്‍ മീഡിയാ ജേര്‍ണലിസ്റ്റിന്റെ ആ കഥാപാത്രം ഭാവനയ്ക്ക് പകരം ഭീമന്‍ രഘു ചെയ്തിരുന്നെങ്കില്‍ എന്തായിരുന്നു കുഴപ്പം? റൊമാന്‍സ് പറ്റില്ല . സമ്മതിച്ചു. പക്ഷെ ഈ വയസു കാലത്ത് , ഇത്രയും തടിയും വെച്ച് മോഹന്‍ലാലിനെ ഒരു ഗാന രംഗത്തിനു വേണ്ടി ലേ പോലെ സമുദ്ര നിരപ്പില്‍ നിന്നും ഇത്രയും ഉയരത്തിലുള്ള സ്ഥലത്ത് വലിച്ചു കയറ്റിയതിന്റെ പാപത്തില്‍ നിന്നും നിങ്ങള്‍ രക്ഷപെടില്ലയിരുന്നോ? അതും ആ പെണ്ണ് അങ്ങേരെ ഓടിച്ചിട്ടല്ലേ പാട്ട് പാടി പ്രേമിക്കുന്നത്. പാട്ടിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ അങ്ങോട്ടും ഇങ്ങോട്ടും നടന്നും , പാറകളുടെ പുറത്തു കയറി അര്‍മാനി സ്യൂട്ടും,കൂളിംഗ് ഗ്ലാസും ധരിച്ച സ്വാമി വിവേകാനന്ദന്റെ (പോക്കറ്റില്‍ കൈകള്‍ തിരുകി ) പോസു കൊടുത്ത് പാവം ലാല്‍ എങ്ങിപ്പോയിട്ടുണ്ടാവണം. വയസ്സാം കാലത്ത് അങ്ങേരെക്കൊണ്ട് ഇങ്ങനെയൊന്നും ചെയിക്കരുത് അമല്‍. ദൈവദോഷം കിട്ടും. ഇതൊക്കെ സ്ക്രീനില്‍ കണ്ട് കണ്ണ് ബള്‍ബ്ബായ എന്നെപ്പോലുള്ളവരുടെ ശാപം വേറെയും.

കഥയും തിരക്കഥയും എസ് എന്‍ സ്വാമിയാണ് എഴുതിയത് എന്ന് പേരുകള്‍ എഴുതി കാണിച്ചതില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ദയവു ചെയ്തു അങ്ങേരോട് പറയണം, ബോണ്‍ ഐഡെന്‍റ്റിറ്റി ,സോര്‍ഡ് ഫിഷ് തുടങ്ങിയ പടങ്ങള്‍ ഒന്ന് കൂടി ഇരുന്ന് കാണാന്‍. എന്നിട്ട് അടുത്ത പടത്തിലെങ്കിലും വിഷ്വലുകള്‍ മാത്രമല്ലാതെ, സീനുകളുടെ മുറുക്കം കൂടി ചേര്‍ത്ത് അടിച്ചു മാറ്റണം എന്ന് പ്രത്യേകം പറയണം .

ആകെപ്പാടെ പടത്തില്‍ കൊള്ളാവുന്ന സംഗതി ഇരുപതാം നൂറ്റാണ്ടിന്റെ തീം മ്യൂസിക്ക് പുതിയ രീതിയില്‍ അവതരിപ്പിച്ചതാണ്. പക്ഷെ ഇത്രയും വ്യതസ്ത രീതികളില്‍, ആ സംഗീതം കൊള്ളാവുന്ന ഒരു പടത്തിലായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി.

പോസ്റ്ററുകളില്‍ എനി ക്വസറ്റ്യന്‍സ് ? എന്ന് നല്ല വലിപ്പത്തില്‍ എഴുതി വെച്ചിരിക്കുന്നത് കണ്ടു . ഗുരു വര്‍മ്മയില്‍ നിന്നും കിട്ടിയതാവും ഈ 'ഇന്‍ യുവര്‍ ഫെയ്സ് ' ഭാവം. അങ്ങേര്‍ക്കത്‌ കാണിക്കാം.കാരണം രാമു കി ആഗ് പോലൊരു തറപ്പടം എടുക്കുന്ന അതേ ശ്വാസത്തില്‍ അങ്ങേര്‍ സത്യയും ,സര്‍ക്കാറും പോലുള്ള വെടിക്കെട്ട് പടങ്ങളും എടുക്കും. നമ്മള്‍ എന്ത് കണ്ടിട്ടാണാവോ ഈ ചാടുന്നത്? ആദ്യം കോപ്പിയടിയാണെങ്കിലും അതെങ്ങനെ വൃത്തിയായി ചെയ്യാം എന്നതെങ്കിലും ഗുരുവില്‍ നിന്നും പഠിക്ക്. എന്നിട്ട് കാണിക്കു ഷോ. അല്ലാതെ ജ്യോതിര്‍മയിയുടെ തുടകളും (അതെങ്കിലും നന്നായി കാണിച്ചിരുന്നെങ്കില്‍ അത്രയുമായേനെ) , വസയന്പതും കഴിഞ്ഞ്, നൂറു കിലോക്ക് മുകളില്‍ തൂങ്ങുന്ന മോഹന്‍ലാലിന്റെ സ്ലോമോഷനില്‍ ഉള്ള നടത്തവും കൊണ്ട് മാത്രം ഒരു സിനിമ ഉണ്ടാകില്ല.

മോഹന്‍ലാലിനെ പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടെന്ന് തോന്നുന്നില്ല. കഴിഞ്ഞ കുറെ പടങ്ങളായി അങ്ങേര്‍ക്ക് രജനികാന്ത് (അറുപത് വയസ്സായിട്ടും, ആദ്യ ചിത്രത്തില്‍ ഉണ്ടായിരുന്ന അതേ തടി തന്നെയാണ് രജനിക്ക് ഇപ്പോഴും എന്നെങ്കിലും ലാലേട്ടന്‍ ഓര്‍ത്താല്‍ മതിയായിരുന്നു) കളിക്കാന്‍ അല്ലാതെ മറ്റൊന്നിലും ഒരു താത്പര്യവും ഇല്ല എന്ന് തോന്നുന്നു. പക്ഷെ നിങ്ങളുടെ രണ്ടാമത്തെ പടമല്ലേ ഇത്? അത് കൊണ്ട് പറയുകയാണ്‌, ഇത് പോലത്തെ രണ്ടു പടവും കൂടി എടുത്താല്‍ മിക്കവാറും പണിയില്ലാതെ വീട്ടിലിരിക്കാം . അല്ല ഇനിയെങ്കിലും ഒരു പടം തുടങ്ങുമ്പോള്‍ ആദ്യമേ ഫ്രെയിം ബൈ ഫ്രെയിം വിഷ്വലുകളായി മാത്രം അതിനെ കാണാതെ കഥയും തിരക്കഥയും കൂടെ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം. പടം കാണുന്ന ഞങ്ങള്‍ക്കും.

സ്നേഹപൂര്‍വ്വം

എ കെ

Thursday, March 26, 2009

ഷക്കീല തിരുവനന്തപുരത്ത് നിന്നും ലോകസഭയിലേക്ക്

പ്രിയപ്പെട്ട ഷക്കീല ആന്‍റി,

വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍റെ നേതൃത്വത്തിലുള്ള കാമ മോഹിത പാര്‍ട്ടി (ഇന്ത്യ) [കെ എം പി (ഐ)] എന്ന ദേശിയ രാഷ്ട്രീയ കക്ഷി മത്സരിക്കുന്ന വിവരം എന്നെ കൂടാതെ അറിയുന്ന ആദ്യത്തെ വ്യക്തി നിങ്ങളാണ്.ഞാന്‍ ഇതെന്തിന് നിങ്ങളെ അറിയിക്കണം എന്ന് ന്യായമായും ആന്‍റിക്ക് സംശയം തോന്നാം. ഈ തിരഞ്ഞെടുപ്പില്‍ കെ എം പി (ഐ) യെ പ്രതിനിധീകരിച്ച് തിരുവനന്തപുരം ലോകസഭാ നിയോജക മണ്ടലത്തില്‍ ആന്‍റി മത്സരിക്കണം എന്ന അപേക്ഷ കൂടിയാണ് ഈ കത്ത്.

രാഷ്ട്രീയത്തില്‍ യാതൊരു മുന്‍പരിചയവും ഇല്ലാത്ത, സിനിമാ നടിയായ(ഒരു ഒന്നൊന്നര നടിയായ) ആന്‍റി എങ്ങനെ പെട്ടെന്ന് ഒരു തിരഞ്ഞെടുപ്പിനെ,അതും ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിടും എന്ന ഭയം തെല്ലും വേണ്ട. ഈ തിരഞ്ഞെടുപ്പ്, മുഖ്യമായും തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് ,വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ ഒന്നാണ്.പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളുടെ പട്ടിക ഒന്ന് ഓടിച്ച് നോക്കിയാല്‍ ആര്‍ക്കും അത് മനസിലാകും.
ഉദാഹരണത്തിന്‌ കോണ്ഗ്രസ്സിന്റെ സ്ഥാനാര്‍ഥി ശ്രീ.ശശി തരൂര്‍. തിരുവനന്തപുരം എന്ന നഗരം അദ്ദേഹം നേരിട്ട് കാണുന്നത് ഈ അടുത്തയിടെയാണെന്നാണ് എനിക്ക് തോന്നുന്നത്. ലണ്ടനില്‍ ജനിച്ചു വളര്‍ന്ന്,ജീവിതത്തിന്‍റെ നല്ലൊരു ഭാഗവും യു എന്നില്‍ വിയെറ്റ്നാമിലെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിച്ച് ,ഒടുവില്‍ യു എന്‍ സെക്രെട്ടറി ജനറല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ഗോപി വരച്ച അദ്ദേഹം, ഒരു സുപ്രഭാതത്തില്‍ കോണ്ഗ്രെസ്സ് സ്ഥാനാര്‍ഥിയായി. ഇപ്പോള്‍ അദ്ദേഹം ഭാരതത്തിന്റെയും, തിരുവനന്തപുരത്തിന്റെയും അഭിമാനമാണെന്നാണ് അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ എന്‍റെ അഭിപ്രായത്തില്‍, കിന്നാരത്തുമ്പികള്‍ ,ഡ്രൈവിങ്ങ് സ്കൂള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ആന്‍റി കേരളത്തിന്‍റെ വികാരമാണ് ,ആവേശമാണ്, ആക്രാന്തമാണ്.

മലയാളം ശരിക്കറിയാത്തത്,ഈ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആന്‍റിയെ അലട്ടിയെക്കാവുന്ന മറ്റൊരു പ്രശ്നമാണെന്ന് എനിക്കറിയാം.ഒന്നും പേടിക്കേണ്ട. ആന്‍റിക്ക് മിനിമം പത്ത് തമിഴ് വാക്കുകള്‍ക്കിടയില്‍ രണ്ടു മലയാളം വാക്കുകള്‍ എങ്കിലും പറയാന്‍ അറിയാമല്ലോ. ശ്രീ തരൂരിന് ഇരുപതു ഇംഗ്ലീഷ് വാക്കുകള്‍ പറഞ്ഞാലേ അര മലയാളം വരൂ എന്നാണ് കേട്ടത്. മാത്രമല്ല ജയിച്ചാല്‍ അങ്ങേരെ ഫോറിന്‍ അഫയേര്‍സ് മിനിസ്റ്ററോ മറ്റോ ആക്കും, അത് കൊണ്ട് മലയാളം അറിയേണ്ട കാര്യമൊന്നുമില്ലെന്ന് മലയാളം ബ്ലോഗുകളില്‍ ചില അമേരിക്കന്‍ ബുദ്ധിജീവികള്‍ പറഞ്ഞിട്ടുമുണ്ട് (ഈ ജീവികള്‍ പറഞ്ഞാല്‍പ്പിന്നെ അപ്പീല്‍ എല്ലാ എന്നാണു പൊതുവേയുള്ള വെയ്പ്പ്) . ആന്‍റി ഈ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അഫയേര്‍സ് (സെറ്റപ്പുകള്‍) എന്ന പുതിയ വകുപ്പിന്‍റെ മന്ത്രിയാകും എന്ന് നമുക്കും പ്രചരിപ്പിക്കാം.

പിന്നെ ആകെയുള്ള ഒരു പ്രശനം, കേരളത്തിനു പുറത്ത്‌ ജനിച്ചു വളര്‍ന്ന ആന്‍റി, തിരുവനന്തപുരത്തു നിന്നും ജയിച്ചാല്‍ തിരുവനന്തപുരത്തുകാരുടെ പ്രശങ്ങള്‍ എങ്ങനെ ലോകസഭയില്‍ എത്തിക്കും എന്ന ചോദ്യം എതിരാളികള്‍ ഉയര്‍ത്തിയേക്കാം എന്നതാണ്. ഒള്ളത് പറയാമല്ലോ ആന്‍റി, തിരുവനന്തപുരംകാര്‍ക്ക് നല്ല അടി കൊള്ളാത്തതിന്റെ പ്രശനമല്ലാതെ വേറെ ഒരു പ്രശ്നവും സത്യത്തില്‍ ഇല്ല.
മാത്രമല്ല ശശി തരൂര്‍ , സി പി ഐ യുടെ രാമചന്ദ്രന്‍ നായര്‍ (അങ്ങേരെ സഖാവ് വെളിയം ഭാര്‍ഗവനല്ലാതെ ആര്‍ക്കും ഈ തിരഞ്ഞെടുപ്പിന് മുന്‍പ് അറിയാമായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല ) എന്നിവരെക്കാളുമൊക്കെ ആന്‍റിയെ തിരുവനന്തപുരംകാരറിയും. ഇനി അബദ്ധത്തില്‍ അറിയാത്തവന്മാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ തന്നെ നമ്മള്‍ കിന്നാരത്തുമ്പികളുടെയും, നീലത്തടാകത്തിലെ നിഴല്‍ പക്ഷികളുടെയും ഡി വി ഡികള്‍ സൌജന്യമായി നല്‍കി അറിയിക്കും .
പിന്നെയുള്ളത് ബി ജെ പിയുടെ ശ്രീ .കൃഷ്ണദാസും , ബി എസ് പിയുടെ ഡോ. നീലലോഹിതദാസുമാണ് . അവരെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ നേരിട്ട് പറയാം.കേള്‍ക്കുമ്പോള്‍ ആന്‍റിക്ക് സ്വയം ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിങ്ങള്‍ സര്‍വ്വാത്മനാ യോഗ്യയാണെന്ന് ബോധ്യമാകും.അതുകൊണ്ട് എത്രയും വേഗം ആന്‍റി കണ്ണും പൂട്ടി തിരുവനന്തപുരത്ത് എത്തുക .ബാക്കി നമുക്ക് വരുന്നിടത്ത് വെച്ചു കാണാം.

സ്നേഹപൂര്‍വ്വം

എ കെ

ജനറല്‍ സെക്രെട്ടറി
കെ എം പി (ഐ)

Wednesday, March 25, 2009

ഇരുണ്ട നാളുകളിലെ കറുത്ത മുഖങ്ങള്‍

മാര്‍ച്ച് 21 : ട്രിവാന്‍ഡ്രം ക്ല്ബ്

ഏറെ നാളുകള്‍ക്ക് ശേഷം, തികച്ചും യാദൃശ്ചികമായിട്ടായിരുന്നു കുട്ടമ്പിള്ളയും എ കെയും കണ്ടുമുട്ടിയത്‌. പഴയ പരിചയം ഹെയ്ഗിന്റെ അടിത്തറയില്‍ കൂടുതല്‍ ശക്തമാക്കുന്നതിനിടെ,സംസാരം സ്വാഭാവികമായി അടുത്ത്‌ വരുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ചായി.

" എന്നാലും സി പി ഐ യോട് സി പി എം കാണിച്ചത് വല്യ ചതിയായിപ്പോയി സാറേ "നാലാമത്തെ ലാര്‍ജ് തൊണ്ട തൊടാതെ കാലിയാക്കിക്കൊണ്ട് സംസാരത്തിനിടെ പിള്ള പറഞ്ഞു.സര്‍ക്കാര്‍ ഉദ്യോഗസ്ഥനെങ്കിലും കറകളഞ്ഞ സി പി ഐ അനുഭാവിയായ പിള്ള തെല്ല് നിരാശയിലായിരുന്നു ."മാന്യന്മാരുടെ പാര്‍ട്ടിയായത്‌ കൊണ്ടല്ലേ ഇങ്ങനെയൊക്കെ സി പി എമ്മിന് കാണിക്കാന്‍ ഒക്കുന്നത്? "

"മാന്യന്മാരുടെ പാര്‍ട്ടിയോ? സി പി ഐയെക്കുറിച്ച് തന്നെയാണോ പിള്ള പറയുന്നത്?" എ കെ ചെറു ചിരിയോടെ ചോദിച്ചു
"അതെന്നാ സാറേ അങ്ങനെ ചോദിച്ചത്? സഖാവ് അച്യുത മേനോന്‍ ,സഖാവ് പി കെ വി ഇവരെപ്പോലെ മാന്യരായ രാഷ്ട്രീയ നേതാക്കളെ കേരളം കണ്ടിട്ടുണ്ടോ?" നിയമപാലനത്തിന്റെ ശിങ്കമായ പിള്ള ഒരു നിമിഷം കൊണ്ട് അരിവാള്‍ നെല്‍ക്കതിര്‍ ചൂടി. അടുത്ത നിമിഷം തലയില്‍ ചുവന്ന തോര്‍ത്തിന്റെ ഒരു വട്ടക്കെട്ടും എ കെ പ്രതീക്ഷിച്ചു.പക്ഷേ ഭാഗ്യത്തിനതുണ്ടായില്ല .

"സഖാവ് പി കെ വിയും അച്യുത മേനോനുമല്ലല്ലോ ഇപ്പൊ സി പി ഐയുടെ തലപ്പത്ത്. ആവശ്യമുള്ളതിനും ഇല്ലാത്തതിനും കയറി ഗ്വാ ഗ്വാ വിളിക്കുന്ന ,പക്ഷേ കാര്യത്തോടടുക്കുമ്പോള്‍ നട്ടെല്ലുള്ള ഒരു തീരുമാനവും എടുക്കാന്‍ സാധിക്കാത്ത മിടുക്കന്മാരല്ലേ ?" ഒരു സിഗരറ്റിനു തീ പകര്‍ന്ന് കൊണ്ട് എ കെ ചോദിച്ചു .

"അതിപ്പോ ഒരു കൂട്ട് മുന്നണിയില്‍ ചില വിട്ട് വീഴ്ചകള്‍ ഒക്കെ വേണ്ടി വരില്ലേ സാറേ?" പിള്ള ആറാം വട്ട തൈലം കൈകളില്‍ എടുത്ത്‌ ചോദിച്ചു.

"ഉം...വിട്ട് വീഴ്ച്ച . അല്ലാതെ മുന്നണി ഒരു വാശിക്ക് വിട്ടാല്‍ ഒരു ഗതിയും പരഗതിയും ഇല്ലാതെ അലയേണ്ടി വരുമെന്ന പേടിയല്ല. ചുമ്മാ പോണം പിള്ളേ."
പിള്ള ഒന്നും മിണ്ടിയില്ല

"പിള്ള നേരത്തെ സഖാവ് അച്ച്യുത മേനോന്റെ കാര്യം പറഞ്ഞല്ലോ " എ കെ വിടാനുള്ള ഭാവമില്ലായിരുന്നു .

"അതെ സഖാവിനെന്തു പറ്റി ഇപ്പോള്‍?കേരളം കണ്ടിട്ടുള്ള ഏറ്റവും മാന്യനായ ഒരു നേതാവല്ലയിരുന്നോ സഖാവ്? നല്ല ഒന്നാന്തരം മുഖ്യമന്ത്രിയും" പിള്ള വീണ്ടും ഉഷാറായി

"അത് സി പി ഐകാരും ,പത്രങ്ങളും കുറെക്കാലമായി പറഞ്ഞ് നടക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹമല്ലായിരുന്നോ കേരളാ മുഖ്യമന്ത്രി ?"

"അതിന്?" അടിയന്തരാവസ്ഥ എന്ന് കേട്ടപ്പോള്‍ പിള്ളയുടെ മുഖം ഒന്ന് മങ്ങി .

"അല്ല,കേരളവും,ഇന്ത്യയും കണ്ടിട്ടുള്ള ഏറ്റവും ഇരുണ്ട കാലഘട്ടത്തില്‍ , ഇവിടുത്തെ മുഖ്യമന്ത്രിയായി ഇരുന്നയാള്‍ എങ്ങനെ ഒന്നാന്തരം മുഖ്യമന്ത്രിയാവും?" എ കെ ചോദിച്ചു.

"അതിപ്പോ സഖാവ് എന്ത് ചെയ്യാനാ സാറേ. കരുണാകരന്‍ സാറല്ലായിരുന്നോ അന്നത്തെ അഭ്യന്തര മന്ത്രി " ചുറ്റും ഒന്ന് നോക്കിയ ശേഷം സ്വരം താഴ്ത്തിയാണ് പിള്ള അത് പറഞ്ഞത് .

"ഇതും ഞാന്‍ കുറേക്കാലമായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. അടിയന്തരാവസ്ഥക്കാലത്തെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം കെ കരുണാകരനാണെന്ന്. അതെങ്ങനെ ശരിയാവും പിള്ളേ? നിങ്ങള്‍ പറയുമ്പോലെ അച്യുത മേനോന്‍ വളരെ കഴിവുള്ളൊരു നേതാവാണെങ്കില്‍, സ്വന്തം മന്ത്രിസഭയില്‍ ഒരംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള കഴിവും അദ്ദേഹത്തിന്‌ ഉണ്ടായിരിക്കേണ്ടതല്ലേ? അല്ല ,ഇനി അദ്ദേഹം ആരോടും വഴക്കിനു പോകാത്താ ,മാന്യ വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ ,പില്‍ക്കാലത്ത് സഖാക്കന്മാര്‍ തന്നെ പാടി നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ നടക്കുമ്പോള്‍,ചുരുങ്ങിയ പക്ഷം ഞങ്ങളോടുള്ള കടമയായിട്ടെന്കിലും ഒരന്വേഷണത്തിന് ഉത്തരവിടുകയോ ,അതിനു കഴിവില്ലെകില്‍ രാജി വെച്ച് പുറത്ത്‌ പോവുകയോ ചെയ്യേണ്ടാതായിരുന്നില്ലേ ?"
പിള്ള മൌനത്തില്‍ ഒളിച്ചു.

"അച്യുത മേനോന്‍ കഴിവുള്ള ഒരു മുഖ്യമന്ത്രിയായിരുന്നെങ്കില്‍, അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് കേരളത്തില്‍ നടന്ന ഭീകരതകള്‍ക്ക് കെ.കരുണാകരനൊപ്പം തന്നെ ഉത്തരവാദിയാണ്‌. അല്ലെങ്കില്‍ സ്വന്തം മന്ത്രിസഭയിലെ ഒരംഗത്തെപ്പോലും നിലക്ക് നിറുത്താന്‍ കഴിവില്ലതിരുന്ന ഒരു നേതാവ്. അല്ലാതെ അടിയന്തരാവസ്ഥക്കാലത്തെ ചെയ്തികളുടെ മുഴുവന്‍ ഉത്തരവാദിത്വവും കരുണാകരന്, അച്യുത മേനോന്‍ മികച്ച നേതാവും...ഇതെവിടുത്തെ ന്യായം പിള്ളേ?"

"അടിയന്തരാവസ്ഥ സാറ് പറഞ്ഞത് പോലെ അത്ര മോശം കാലമൊന്നുമല്ലായിരുന്നു" മാറ്റിയ അടവുമായി പിള്ള തിരികെ കളത്തിലിറങ്ങി ."കേരളത്തില്‍ ആ സമയത്ത് ക്രമസമാധാനം കളിയാടുകയല്ലായിരുന്നോ ?"

"കക്കയം ക്യാമ്പിലോ? " എ കെ എടുത്തടിച്ചത്‌ പോലെ ചോദിച്ചു "സ്വന്തം നാട്ടില്‍ നില്‍ക്കാതെ ഇന്ത്യയില്‍ അഭയം തേടിയ സമാധാനത്തിന്റെ മാടപ്രാവോ പാവങ്ങളുടെ അമ്മയോ ഒക്കെയായിരുന്ന മദര്‍ തെരേസ അടിയന്തരാവസ്ഥയെ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചത് അവരുടെ ഇന്ത്യയിലെ നിലനില്‍പ്പിനു വേണ്ടിയായിരുന്നു. കെ.കരുണാകരന്‍ ഇന്നും അക്കാലത്തെ ന്യായികരിക്കുന്നത് അങ്ങേര്‍ അതിന്റെ നടുവില്‍ നിന്ന ആളായത് കൊണ്ടായിരിക്കാം. നിര്‍ബന്ധിത വന്ധ്യംകരണം, വിചാരണ കൂടാതെ തടവില്‍ വെയ്ക്കല്‍ തുടങ്ങിയ മനോഹര നടപടികള്‍ ഇന്ദിരാ ഗാന്ധിയും അവരുടെ തൃപ്പുത്രന്‍ സഞ്ജയ്‌ ഗാന്ധിയും ചേര്‍ന്ന് യഥേഷ്ടം നടപ്പിലാക്കിയ ആ കാലത്തെ പിള്ള ന്യായികരിക്കുന്നത്,നിങ്ങള്‍ ആ സമയം കക്കയം ക്യാമ്പില്‍ ഉണ്ടായിരുന്നത് കൊണ്ടാണോ?" എ കെ ചോദിച്ചു

"അമ്മച്ചിയാണേ അക്കാലത്ത് ഞാന്‍ തിരുവനന്തപുരത്തായിരുന്നു ." പിള്ള പെട്ടെന്ന് പറഞ്ഞു.

"അല്ല അക്കാലത്തുണ്ടായിരുന്ന പോലീസുകാരെയും, രാഷ്ട്രീയ നേതാക്കളെയും മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല" അല്‍പ്പ നേരത്തെ മൌനത്തിനു ശേഷമാണ് എ കെ അത് പറഞ്ഞത്.പിള്ള ഒന്നും മിണ്ടാതെ എ കെയെ തുറിച്ച് നോക്കി .

"പിള്ള പ്രൊഫെസ്സര്‍ ഈച്ചര വാര്യരുടെ 'ഒരച്ഛന്റെ ഓര്‍മ്മകള്‍' വായിച്ചിട്ടുണ്ടോ?" എ കെ ചോദിച്ചു.

"മനോരമ ആഴ്ച്ചപ്പതിപ്പില്‍ വരുന്ന നോവലാണോ?"

"ബെസ്റ്റ് ...മനോരമയില്‍ അത് പ്രസിദ്ധീകരിക്കില്ല പിള്ളേ . അവന്മാരുടെ പിടുക്ക വിറയ്ക്കും .അടിയന്തരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജന്‍റെ അച്ഛന്‍ എഴുതിയ പുസ്തകമാണ്.ആ പുസ്തകത്തില്‍ പറയുന്നുണ്ട് സഖാവ് അച്യുത മേനോന്‍ ഈച്ചര വാര്യരോട് 'നിങ്ങളുടെ മകനെ അന്വേഷിച്ച് ഞാന്‍ ഇനി കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ മുഴുവന്‍ കയറി ഇറങ്ങണോ' എന്ന് ചോദിച്ച സംഭവം. അങ്ങനെയുള്ള അച്യുതമേനോന്‍ ഇവിടുത്തെ ജനങ്ങളുടെ കണ്ണില്‍ മാന്യന്‍ . അടിയന്തരാവസ്ഥക്ക്‌ ശേഷം ഈച്ചര വാര്യര്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചപ്പോള്‍ , രാജനെ കരി തേച്ച് കാണിച്ച് എഡിറ്റോറിയല്‍ എഴുതിയ മലയാള മനോരമ പത്രത്തിന്റെ സര്‍ക്കുലേഷന്‍ ഇന്ന് പതിനേഴു ലക്ഷം കോപ്പികള്‍ .അതാ ഞാന്‍ പറഞ്ഞത് നിങ്ങളെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കേരളത്തിലെ ജനതയുണ്ടല്ലോ...അവനൊക്കെ ഇപ്പൊ ആകുലത ഐ പി എല്‍ ഇന്ത്യയില്‍ നിന്നും മാറ്റിയതിനെക്കുറിച്ചാണ്. ഇന്നേ ദിവസം അടിയന്തരാവസ്ഥ ഇല്ലാതായിട്ട് മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ തികയുന്നു. തൊട്ടതിനും പിടിച്ചതിനു, ജയന്തികളും ഓര്‍മ്മ പെരുന്നാളും ആഘോഷിക്കുന്ന ഒരു നായ്ക്കള്‍ക്കും അതോര്‍ക്കാന്‍ സമയമില്ല. അതെങ്ങനെ, ഓര്‍ത്താല്‍ പല വിഗ്രഹങ്ങളും ഉടയില്ലേ? ഇവനൊന്നും ഒരു അടിയന്തരാവസ്ഥ അനുഭവിച്ചാല്‍ പോര. സ്ഥിരമായിട്ട് അങ്ങനെ ഒരു കാലം വന്നാലെ ഇവനൊക്കെ പഠിക്കു"

എ കെ പറഞ്ഞതിന് ഒന്നും തിരകെ പറയാനില്ലാത്തതിനാല്‍ കുട്ടമ്പിള്ള ബെയററെ വിളിച്ച് അടുത്ത കുപ്പിക്ക്‌ പറഞ്ഞു.

Tuesday, March 24, 2009

എ കെ ഓണ്‍ലൈന്‍

ഒരാഴ്ച്ചത്തെ വിദേശ പര്യടനത്തിനു ശേഷം എ കെ 47 പത്രത്തിന്റെ ചീഫ് എഡിറ്റര്‍ എ കെ മടങ്ങിയെത്തിയത്, പത്രത്തിന് ഒരു ഓണ്‍ലൈന്‍ എഡിഷന്‍ തുടങ്ങുവാനുള്ള തീരുമാനവുമായിട്ടാണ്. കൂലിയെഴുത്തിന് നിലവില്‍ പത്രത്തില്‍ ജോലി ചെയ്യുന്ന തെണ്ടികള്‍ തന്നെ മതി എന്ന് തീരുമാനിക്കപ്പെട്ടുവെങ്കിലും, ഓണ്‍ലൈന്‍ സിനിമാ വിഭാഗം കൈകാര്യം ചെയാന്‍ കൂടുതല്‍ പ്രവര്‍ത്തി പരിചയമുള്ള ആരെങ്കിലും വേണമെന്ന് എ കെക്ക് നിര്‍ബന്ധമായിരുന്നു.

വൈകാതെ തന്നെ പുതിയ ജോലിക്കായുള്ള ഒഴിവിന്‍റെ പരസ്യങ്ങള്‍ വിളമ്പരം ചെയ്യപ്പെട്ടു. അപേക്ഷകരില്‍ പ്രമുഖ പത്രങ്ങളില്‍ ജോലി ചെയ്യുന്ന അലവലാതികള്‍ നിരവധിയായിരുന്നതിനാല്‍, അവരില്‍ ഏറ്റവും മുന്തിയ കള്ളന്മാരെ അഭിമുഖത്തിനായി തിരഞ്ഞെടുക്കാനുള്ള ചുമതല ഒരു വിദഗ്ദ്ധ സംഘത്തിനായിരുന്നു .

ഓണ്‍ലൈന്‍ എഡിഷന്റെ സിനിമാ വിഭാഗത്തിന്റെ മേല്‍നോട്ടം വഹിക്കേണ്ട സ്ഥാനത്തേക്ക് താനൊരാളുടെ പേരുമാത്രമേ സൂക്ഷ്മ പരിശോധനക്കൊടുവില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളു എന്ന വിവരം നേരത്തെ രഹസമായി ചോര്‍ന്നു കിട്ടിയിരുന്നതിനാല്‍ മാത്യു ഊത്തുപ്പുരക്കല്‍ നല്ല ആത്മവിശ്വാസത്തിലായിരുന്നു. അഭിമുഖം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരുന്നത് എ കെ 47 പത്രത്തിന്റെ ഓഫീസില്‍ വെച്ചായിരുന്നു.
കൃത്യ സമയത്ത് തന്നെ പതിമൂന്നാം നിലയിലെ , ചീഫ് എഡിറ്ററുടെ ഓഫീസിലേക്ക് ഊത്തുപ്പുരക്കല്‍,പ്രൈവെറ്റ് സെക്രെട്ടറിയാല്‍ ആനയിക്കപ്പെട്ടു. മുന്നിലെ മേശപ്പുറത്തെ സ്വിസ് ചോക്കലേറ്റ് നിറഞ്ഞ സ്ഫടിക പാത്രംകണ്ട് കൈ തരിച്ചെങ്കിലും,സംഗതി പ്രസ് മീറ്റല്ല ,ജോലിക്കുള്ള ഇന്റര്‍വ്യൂ ആണെന്ന് സ്വയം പലവട്ടം പറഞ്ഞയാള്‍ ആക്രാന്തം അടക്കി .ഓഫീസ് ബോയ് മുന്നില്‍ക്കൊണ്ട് വെച്ച ചായ മാത്രം കുടിച്ചു സമാധാനിച്ചു. പത്ത് നിമിഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ എ കെ ൪൭ പത്രത്തിന്റെ ചീഫ് എഡിറ്റര്‍ എ കെ ഓഫീസിനുള്ളിലേക്ക് പ്രവേശിച്ചു. പതിവുള്ള ആചാര നൃത്തങ്ങള്‍ക്കും, ആര്‍പ്പു വിളികള്‍ക്കും ഒടുവില്‍ അഭിമുഖം ആരംഭിച്ചു.

എ കെ : " കുളത്തില്‍ ഔതക്കുട്ടിച്ചായന്റെ പത്രത്തില്‍ ജോലിചെയ്യുന്ന നിങ്ങള്‍ ഈ ജോലിക്കപെക്ഷിക്കാന്‍ കാരണം? കോട്ടയം റബ്ബര്‍ പാലിന്റെ ഒട്ടല്‍ തീര്‍ന്നത് കൊണ്ടാണോ?"

ഊ പ്പു : "താങ്കളുടെ പത്രം ഞാന്‍ സ്ഥിരമായി വായിക്കാറുണ്ട് . നിങ്ങളുടെ പുതിയ ഈ സംരംഭത്തിന് എന്നെപ്പോലോരളുടെ പ്രവര്‍ത്തിപരിചയവും, കഴിവുകളും ഉപയോഗപ്രദമായിരിക്കും എന്ന് തോന്നി"

എ കെ :"അല്ലാതെ കൂടുതല്‍ കാശും,എന്റെ പത്രം ഇവിടത്തെ കൂലിയെഴുത്തുകാര്‍ക്ക് നല്‍കുന്ന ഫസ്റ്റ് ക്ലാസ് സൌകര്യങ്ങളും കണ്ടു ആക്രാന്തം മൂത്തിട്ടല്ല? എത്രയായാലും ഔതക്കുട്ടി പഠിപ്പിച്ച തരികിടകള്‍ മറക്കരുത്"

ഊ പ്പു: "പഠിച്ചതല്ലേ പാടു ,സര്‍?"

എ കെ: "ഉം ...അത് നില്‍ക്കട്ടെ.ഈ ജോലി നിങ്ങള്ക്ക് ലഭിക്കുകയാനെന്കില്‍ , എ കെ 47 ഓണ്‍ലൈന്‍ സിനിമാ വിഭാഗത്തെ എങ്ങനെ മികവുറ്റതാക്കാം എന്നതിനെക്കുറിച്ച് നിങ്ങളുടെ മനസ്സില്‍ എന്തെങ്കിലും ഐഡിയകള്‍ ഉണ്ടോ?"

ഊ പ്പു: "അതിന് ഔതക്കുട്ടിച്ചയന്‍ ഓണ്‍ലൈന്‍ എഡിഷനില്‍ ചെയ്യുന്ന പരിപാടികളാ ഏറ്റവു നല്ലത് സര്‍. സിനിമാ രംഗത്തെ പുതിയ വാര്‍ത്തകള്‍,ഉടന്‍ വരുന്നു ,ലൊക്കേഷന്‍ റിപ്പോര്‍ട്ടുകള്‍ അങ്ങനെ ഉള്ളടക്കത്തിന് പഞ്ഞം ഒന്നുമുണ്ടാവുകേല. പിന്നെ സിനിമാ നടികളുടെ ഫോട്ടോ ഗാലറി . അത് മസ്റ്റായിട്ട് വേണം .വായനക്കാര്‍ വായിനോക്കികള്‍ ഏറ്റവും കൂടുതല്‍ ഇടിച്ച് കയറുന്നത് അവിടെയല്ലേ?ദിവസവും,പുതിയ പുതിയ പടങ്ങള്‍ അവിടെ ഇട്ടാല്‍ ഹിറ്റിന് ഒരു പഞ്ഞവും കാണുകേല"

എ കെ : "അപ്പോ സിനിമാ നിരൂപണം, ലേഖനങ്ങള്‍ ഇതൊന്നും വേണ്ടേ?"

ഊ പ്പു :"നിരൂപണം ഒക്കെ വല്യ റിസ്കാ സാറേ. ഇപ്പൊ ഇറങ്ങുന്നു മലയാളം പടങ്ങള്‍ പത്തില്‍ ഒന്‍പതും വെറും തറയല്ലേ? അതങ്ങനെ തന്നെ എടുത്തെഴുതി വെച്ചാല്‍,പിന്നെ നമ്മുടെ സ്റ്റാര്‍ ഷോകള്‍ക്കും, അവാര്‍ഡ് നൈറ്റുകള്‍ക്കും താരങ്ങളെ കിട്ടുമോ?പിന്നെ തമിഴ്,ഹിന്ദി പടങ്ങളുടെ നിരൂപണം എഴുതാം. ഇനി മലയാള സിനിമകളുടെ നിരൂപണം വേണമെന്ന് നിര്‍ബന്ധമാണേല്‍,പടം തിയറ്ററുകളില്‍ നിന്നും പോയി ഒരാഴ്ച്ച കഴിഞ്ഞു അതിന്‍റെ നിരൂപണം എഴുതാം ."

എ കെ :"അങ്ങനെ എഴുതിയാല്‍ അതൊക്കെ ആരെങ്കിലും വായിക്കുമോ ?"

ഊ പ്പു: "ആള്‍ക്കാര് തെണ്ടികള്‍ ഇത് വല്ലതും ശ്രദ്ധിക്കുമോ സര്‍ ? ദാ ഇപ്പൊ തന്നെ ക്രേസി ഗോപാലാന്‍ എന്ന എ ക്ലാസ് കൂറ പടത്തിന്റെ നിരൂപണം ഞങ്ങള്‍ കഴിഞ്ഞ ആഴ്ച്ചയല്ലയോ ഇട്ടത്? ആ പടം തിയറ്ററീന്ന് പോയിട്ട് മാസമൊന്നായി. ഒരുത്തനും ശ്രദ്ധിച്ചില്ല. നിരൂപണത്തിന് നിരൂപണവുമായി."

എ കെ :"അത് കൊള്ളാം"

ഊ പ്പു :"പിന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ പടങ്ങള്‍ ഇറങ്ങുമ്പോള്‍,പടമെത്ര തല്ലിപ്പൊളിയായാലും കഴിയുമെങ്കില്‍ തിയറ്ററില്‍ ജന പ്രവാഹം എന്നേ നമ്മള്‍ എഴുതാവു. പിന്നെ തീരെ നിലം തൊടാതെ പൊട്ടുന്ന പടങ്ങള്‍ വന്നാല്‍ , 'പടമത്ര പോരെ മാത്രമല്ല മമ്മൂട്ടിയെപ്പോലെ അല്ലെങ്കില്‍ ലാലിനെപ്പോലെ ഒരു മഹാ പ്രതിഭക്ക് ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യാനുമില്ല' എന്ന മട്ടില്‍ വേണം നമ്മള്‍ എഴുതാന്‍. അതും പടമിറങ്ങി അമ്പത്‌ ദിവസമെങ്കിലും കഴിഞ്ഞ ശേഷം മാത്രം"

എ കെ "അതിനെക്കാളും അവര്‍ എന്തിന് ഇങ്ങനത്തെ പടങ്ങളില്‍ അഭിനയിക്കുന്നു എന്ന് ആദ്യത്തെ ദിവസം തന്നെ നിരൂപണം എഴുതിയാല്‍ ചിലപ്പോള്‍ അടുത്ത പടം അവര്‍ ശ്രദ്ധിച്ചു ചെയ്താലോ? അല്ല സ്ഥിരമായി സിനിമകാണുന്ന,ഇവരെ രണ്ടും പേരെയും ഇഷ്ടമുള്ള ഒരു പ്രേക്ഷകനാണേ ഞാനും"

ഊ പ്പു : "എന്‍റെ സാറേ,നടക്കുന്ന കാര്യം വല്ലതും പറ. അങ്ങനെ നിരൂപണം വല്ലതും അബദ്ധത്തില്‍ എഴുതിപ്പോയാല്‍ മിക്കവാറും നടക്കാന്‍ സാധ്യത നമ്മുടെ പത്ര വണ്ടികള്‍ക്ക് നേരെ സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ കല്ലെറിയുക എന്നതായിരിക്കും.പിന്നെ നമ്മള്‍ നടത്തുന്ന സ്റ്റാര്‍ ഷോകള്‍ക്ക് താരങ്ങളെ മഷിയിട്ട് നോക്കിയാല്‍ പ്പോലും കാണാന്‍ കിട്ടുകയുമില്ല . അടുത്ത കാലത്തിറങ്ങിയ പല പടങ്ങളും വെറും തറയാണെന്ന് ഇരുപത്തിയനച്ചും,മുപ്പതും കൊല്ലങ്ങള്‍ ഈ ഫീല്‍ഡില്‍ പഴക്കമുള്ള മമ്മൂട്ടിക്കും മോഹന്‍ലാലിനും നമ്മള്‍ പറഞ്ഞു കൊടുത്തിട്ട് വേണോ അറിയാന്‍? സിനിമകള്‍ നന്നാക്കണം എന്ന് ആഗ്രഹമുണ്ടെങ്കില്‍, അവര്‍ എന്നേ ചെയ്തേനെ? അവര്‍ക്കിഷ്ടം, കഴിയുന്ന കാലത്തോളം ഇങ്ങനെ സൂപ്പര്‍ സ്റ്റാറുകള്‍ എന്ന പ്രഭയില്‍ നില്‍ക്കണം. അതിനവര്‍ക്ക് വേണ്ടത് വിമര്‍ശകരെയല്ല,നല്ല കുഴലൂത്തുകാരെയാണ്. ആ പണി നമുക്കങ്ങ് വൃത്തിയായിട്ട് ചെയ്യാമെന്നെ.വെറുതെയെന്തിനാ മലയാളി സിനിമയെ നന്നാക്കാം എന്ന നടക്കാത്ത മോഹവുമായി, സാറ് പറഞ്ഞ തരത്തിലെ നിരൂപണങ്ങള്‍ ഒക്കെ എഴുതി നമ്മള്‍ നമ്മുടെ കാലിന് തന്നെ കോടാലിക്ക് വെട്ടുന്നത്?"

എ കെ :"അത് ശരിയാ. താനിത്രയും ഫ്ലെക്സിബിളായി ചിന്തിക്കുന്ന ഒരുത്തനാണെന്നു തന്റെ ബ്ലോഗു വായിച്ചാല്‍ തോന്നുകേല കേട്ടോ.ഞാന്‍ കരുതിയത്‌ ചോരത്തിളപ്പ് കൂടി വായി തോന്നുന്നതെന്തും എഴുതുന്ന ഒരുകക്ഷിയാണ് താനെന്നാ"

ഊ പ്പു: "സാറെന്റെ ബ്ലോഗ് വായിക്കാറുണ്ടോ?"

എ കെ :"എനിക്കങ്ങനെ വലിപ്പച്ചെറുപ്പമൊന്നുമില്ല . ഏത് ചെറ്റ എന്ത് എഴുതിയാലും അത് ഞാന്‍ വായിക്കും"

ഊ പ്പു :"ചോരത്തിളപ്പും തന്റേടവും ഒക്കെ അതിലെ വായനക്കാരേ പറ്റിക്കാന്‍ പറയുന്നതല്ലേ സാറേ? അബദ്ധത്തില്‍ രാഷ്ട്രീയമായോ , സാമൂഹികമായോ വല്ല കുഴപ്പം പിടിച്ച സാധനം ഇനി ഞാന്‍ എഴുതിപോയാലും എന്നെ വിളിച്ചൊന്ന് പേടിപ്പിച്ചാല്‍ മതി ,ഞാന്‍ നന്നായിക്കോളും. തല്ലേണ്ട കാര്യംപോലുമില്ല. ദാണ്ടെ ഈ ആടുത്ത ദിവസം നമ്മുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും മെത്രാച്ചന്‍മാരെയും കോനയടിച്ച് ഞാന്‍ ഒരു പോസ്റ്റിട്ടായിരുന്നു . വിളിക്കേണ്ടവര്‍ വിളിച്ചപ്പോള്‍ ഞാനത് നൈസായി ഡിലീറ്റ് ചെയ്തില്ലയോ? "

എ കെ :"അപ്പോ വായനക്കാരോട് പറഞ്ഞ തന്റേടവും , ചങ്കൂറ്റവും ഒക്കെ ?"

ഊ പ്പു :"ഉണ്ട ...സാറേ പത്തു പേര് വായിച്ചു തുടങ്ങിയാല്‍ പിന്നെ വായിക്കുന്ന ഭൂരിഭാഗം ചെറ്റകളും ഓട്ടോമാറ്റിക്കായിട്ട് നമ്മുടെ സ്തുതിപാടകരായിട്ടു മാറും. കൂടാതെ ഇങ്ങനെ എന്തേലും സംഭവിച്ചാല്‍ അടുത്ത ദിവസം സ്വല്‍പ്പം അശ്ലീലം കലര്‍ത്തി ഒരു പോസ്റ്റോ അല്ലെങ്കില്‍ നമുക്ക് വല്യ തട്ടില്ലാത്ത എന്നായേലും സാമൂഹിക വിമര്‍ശനമോ അങ്ങ് കാച്ചിയാല്‍ അവന്മാര്‍ നമ്മളെ വീണ്ടും പുലിയായി വാഴ്ത്തിക്കോളും . ഈ ഞാന്‍ തന്നെ എത്രവട്ടം പറഞ്ഞത് തിരിച്ചും മറിച്ചും മാറ്റിപ്പറഞ്ഞിരിക്കുന്നു. "

എ കെ :" കൊള്ളാം . താന്‍ ഔതക്കുട്ടിയുടെ ശിഷ്യന്‍ തന്നെ . എന്തായാലും പോകുന്ന വഴി സെക്രെട്ടറിയുടെ കൈയീന്ന് അപ്പോയിന്റ്മെന്‍റ് ഓര്‍ഡര്‍ വാങ്ങിക്കോ."

ഊ പ്പു :"വളരെ നന്ദി സര്‍ . എ കെ 47 ഓണ്‍ലൈന്‍ സിനിമാ വിഭാഗം നമുക്ക് തകര്‍ക്കാം"

Saturday, March 14, 2009

ദുബായില്‍ നിന്ന്, ഭാര്യക്ക്‌ സ്നേഹപൂര്‍വ്വം...

പ്രിയപ്പെട്ട മോളു,
ഈ മാസം പതിവിലും അമ്പതിനായിരം രൂപ ഞാന്‍ കൂടുതല്‍ അയച്ചതിനാല്‍ നിനക്ക് പ്രത്യേകിച്ച് ഒരു സുഖക്കുറവും കാണില്ല എന്നറിയാം. എനിക്കും ഇവിടെ സുഖം തന്നെ. നാളെ ഫോണ്‍ ചെയ്യുമ്പോള്‍ വിശദമായി നിന്നോട് ചില കാര്യങ്ങള്‍ സംസാരിക്കാം എന്നാണു ആദ്യം കരുതിയിരുന്നത്. എങ്കിലും നിന്‍റെ കഴിഞ്ഞ മെയിലിലെ ചില പരിഭവങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചതിനാലാണ് ഇപ്പോള്‍ ഞാനീ മറുപടി അയക്കുന്നത്.

നിന്‍റെ അച്ഛനമ്മമാരോട് എനിക്ക് സ്നേഹമില്ല എന്ന് നിനക്ക് എങ്ങനെ പറയാന്‍ തോന്നി മോളു?അവരെ ഞാന്‍ ദൈവങ്ങള്‍ക്കൊപ്പമല്ലേ കാണുന്നത്? നമ്മുടെ വീട്ടില്‍ ആ ഗീതോപദേശത്തിന്റെയാ മ്യൂറല്‍ പെയിന്റിംഗ് ഉള്ള ചുവരിനെതിരെയുള്ള സ്ഥലം ഒഴിച്ചിട്ടിരിക്കുന്നത് , നിന്‍റെ അച്ഛന്റെ ഫോട്ടോ ദൈവത്തെപ്പോലെ മാലയിട്ട് വെയ്ക്കാനാണെന്ന് നിന്നോട് ഞാനിന്നു വരെ പറഞ്ഞിട്ടില്ല എന്നേയുള്ളു. അതാണ്‌ സത്യവും,എന്റെ ആഗ്രഹവും.
നിന്‍റെ അച്ഛന്‍ ഇപ്പോഴും അതി രാവിലെ നടക്കാന്‍ പോകാറില്ലേ? നമ്മുടെ വീടിനു മുന്നിലൂടെ ഇപ്പോഴും മീന്‍ ലോറികള്‍ രാവിലെ ഹൈ സ്പീഡ് സര്‍വീസ് നടത്താറില്ലേ?

ഇനി നിന്‍റെ അമ്മയുടെ കാര്യമാണെങ്കില്‍,അവരെ കാണുമ്പോഴൊക്കെ എനിക്ക് ചുടല ഭദ്രകാളിയുടെ ദര്‍ശനം കിട്ടിയ അനുഭവമാണ് ഉണ്ടാവുക. നിന്‍റെ അമ്മയുടെ കാര്യം പറഞപ്പോഴാണ് മറ്റൊരു കാര്യമോര്‍ത്തത്. നമ്മുടെ വക്കീലിനോട് ഞാന്‍ 'റാറ്റ് മാര്‍'എലി വിഷം ഉണ്ടാക്കുന്ന കമ്പനിക്കെതിരെ കണ്‍സ്യൂമര്‍ കോര്‍ട്ടില്‍ ഒരു കേസ് കൊടുക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നു. കള്ളന്മാര്‍ ,ഉഗ്രവിഷമാണെന്ന് പരസ്യം ചെയ്തിട്ട് , ഒരു മുഴുവന്‍ പാക്കറ്റ് തീര്‍ത്താലും അമ്പതിയൊമ്പത് വയസ്സായ ഒരു കിഴട്ടു കിളവി പോലും ചാവില്ല. ആ കേസിന്‍റെ കാര്യം നീ വക്കീലിനെ വിളിച്ചൊന്ന് അന്വേഷിക്കണം.
പിന്നെ അടുത്ത മാസം നിന്‍റെ അമ്മയുടെ അറുപതാം പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കണം. ഞാന്‍ നാട്ടിലില്ല എന്ന് കരുതി ആഘോഷങ്ങള്‍ക്ക് ഒരു കുറവും വരുത്തരുത്.

പിന്നെ നീ എന്താ പറഞ്ഞത്? നിന്‍റെ കാര്യങ്ങളില്‍ ഒന്നും എനിക്ക് ഒരു ശ്രദ്ധയും ഇല്ലെന്നോ? ദൈവദോഷം പറയരുത് മോളു. ഇന്നലെക്കൂടി നിന്‍റെ അനുജത്തി ശ്രുതിയെക്കുറിച്ചും,നിന്‍റെ കൂട്ടുകാരിയാ ഞെളിഞ്ഞ് നടക്കുന്ന രമ ടീച്ചറെക്കുറിച്ചും ഞാന്‍ ഓര്‍ത്തു. ഗ്രൂപ്പ് ജനറല്‍ മാനേജറായി എനിക്ക് പ്രമോഷന്‍ കിട്ടിയാല്‍ ഉടന്‍ ശ്രുതിയെ എന്‍റെ പേര്‍സണല്‍ സെക്രെട്ടറിയായി അപ്പോയിന്റ് ചെയ്യാനുള്ള എല്ലാ കാര്യങ്ങളും ഞാന്‍ ചെയ്തു കഴിഞ്ഞു. മാത്രമല്ല അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍,രമ ടീച്ചര്‍ക്ക് കൊടുക്കാന്‍ ഒരു ഡയമണ്ട് നെക്ക്ലേസും ഞാന്‍ വാങ്ങി വെച്ചിട്ടുണ്ട്. നിന്‍റെ കുടുമ്പക്കാര്‍ക്കും,സുഹൃത്തുക്കള്‍ക്കും മുന്നില്‍ നിന്‍റെ അന്തസ്സ് ഒട്ടും കുറയരുത്‌ എന്ന് കരുതി മാത്രമല്ലേ ഞാനീ പാടൊക്കെപ്പെടുന്നത്.

ഇങ്ങനെയൊക്കെയുള്ള എന്നെയാണ് ഫാമിലി വിസ എടുത്ത്‌ നിന്നെ ഇവിടെ കൊണ്ട് വരാത്തതിന്റെ പേരില്‍ നീ സ്നേഹമില്ലെന്നും മറ്റും കുറ്റപ്പെടുത്തുന്നത്. എന്ത് ചെയ്യാനാ മോളു? കാറും,താമസിക്കാന്‍ എലീറ്റ് വില്ലയും,ജോലിക്കാരെയും,ആരെ വേണമെകിലും ജോലിക്കെടുക്കാനുള്ള അധികാരവും ഒക്കെ എനിക്ക് തരുന്ന എന്‍റെ കമ്പനി, ഫാമിലി സ്റ്റാറ്റസ് മാത്രം തരുന്നില്ല. എന്താണെന്നറിയില്ല.
ങ്ങാ...എല്ലാം കൂടി ദൈവം ഒരാള്‍ക്ക്‌ നല്‍കില്ലല്ലോ? നമ്മുടെ വിധി എന്ന് സമാധാനിക്കുക. വിഷമം നിനക്കു മാത്രമല്ലല്ലോ? എനിക്കുമില്ലേ? നിനക്കവിടെ ആശ്വാസമായി അരുകില്‍ നമ്മുടെ കുടുമ്പക്കാരെങ്കിലും ഉണ്ട്. എനിക്കോ? വല്ലപ്പോഴും ബുര്‍ജ് അല്‍ അറബിലോ , അറ്റ്ലാന്‍റ്റിസിലോ പോയി റഷ്യന്‍സുമായി നേരം വെളുക്കുവോളം കുടുമ്പ കാര്യങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നതു മാത്രമാണ് നിന്‍റെ ഏട്ടന് ഏക ആശ്വാസം.
പോട്ടെ.എന്‍റെ വിഷമങ്ങള്‍ കൂടുതല്‍ പറഞ്ഞു ഞാന്‍ നിന്നെ സങ്കടപ്പെടുത്തുന്നില്ല.
ബാക്കി നാളെ ഫോണ്‍ ചെയ്യുമ്പോള്‍ .

ചക്കരയുമ്മകളോടെ,

നിന്‍റെ സ്വന്തം,

അച്ചുവേട്ടന്‍

പിണറായിക്ക് ഒരു സി പി ഐ പ്രവര്‍ത്തകന്‍റെ തുറന്ന കത്ത്

സഖാവ് പിണറായി വിജയന്‍ അറിയുവാന്‍ ,
ഒരു മുന്നണിക്കകത്തെ സാമാന്യ മര്യാദകള്‍ പോലും പാലിക്കാത്ത ഒരു പാര്‍ട്ടിയുടെ സെക്രെട്ടറിയായ നിങ്ങളെ സഖാവേ എന്ന് വിളിക്കാന്‍ എന്‍റെ നാവു വളയില്ല. പിന്നെ കീബോര്‍ഡ് വളക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ അങ്ങനെ സംബോധന ചെയുന്നു എന്ന് മാത്രം.
നിങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിയോട് കാണിച്ച അപമാര്യാദയുടെ ആഴം താങ്കള്‍ക്ക് മനസിലാകും എന്നൊരു പ്രതീക്ഷയും എനിക്കില്ല .എങ്കിലും പറയുന്നു,കൊടും ചതിയായി പോയി സഖാവേ,കൊടും ചതി.

വര്‍ഷങ്ങളായി ഞങ്ങളുടെ പാര്‍ട്ടി നല്ല അന്തസായി പതിനെട്ട് നിലയില്‍ പൊട്ടിയിരുന്ന പൊന്നാനി പിടിച്ചെടുക്കാന്‍ താങ്കളുടെ പാര്‍ട്ടി ശ്രമിക്കുന്നത് യാതൊരു തരത്തിലും ന്യായികരിക്കാവുന്ന ഒരു പ്രവൃത്തിയല്ല . തോല്‍വി വിജയത്തിലേക്കുള്ള ചവിട്ടു പടിയാണെന്ന ആപ്തവാക്യം മുന്‍ നിറുത്തി പറയട്ടെ,കുറെയധികം ചവിട്ട്‌ പടികള്‍ സ്വന്തമാക്കിയ ഒരു പാര്‍ട്ടി എന്ന പരിഗണന പോലും നിങ്ങള്‍ ഞങ്ങള്‍ക്ക് തന്നില്ല .

നിങ്ങളുടെ ഏകപക്ഷീയമായ വല്യേട്ടന്‍ കളിക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ടു പോകും എന്ന് ഞങ്ങളുടെ പാര്‍ട്ടി നേതൃത്വം പറഞ്ഞപ്പോള്‍ 'പോടാ ആദ്യം പോയി കടുപ്പത്തില്‍ ഒരു കട്ടന്‍ ചായ ഉണ്ടാകാന്‍ പഠിക്ക്' എന്ന ഭാവമായിരുന്നു നിങ്ങള്‍ക്ക്.
ഇത്ര അഹങ്കാരം നല്ലതല്ല സഖാവേ. മാത്രമല്ല അഹങ്കാരവും , വാക്ക് മാറലും അത്യാവശ്യം കാണിക്കാന്‍ മുന്നണിയില്‍ ഞങ്ങളില്ലേ? ഇതൊരുമാതിരി കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങള്‍ കെ കരുണാകരനിട്ട് പണിഞ്ഞ പണി പോലെയായിപ്പോയി.

എല്ലാം പോട്ടേന്ന് വെക്കാം. പക്ഷെ അധികം കളിച്ചാല്‍ ഇരുപത് സീറ്റുകളിലും ഞങ്ങള്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിറുത്തിക്കളയും എന്ന് സഖാവ് വെളിയം ഭീഷിണിപ്പെടുത്തിയപ്പോള്‍,താങ്കള്‍ക്ക് ചുരുങ്ങിയ പക്ഷം ഭയം അഭിനയിക്കുകയെങ്കിലും ചെയ്യാമായിരുന്നു. പകരം താങ്കള്‍ ചെയ്തതോ ? കേട്ട ഭാവം നടിച്ചില്ല . കേരളത്തില്‍ മൊത്തം നടന്നു തിരഞ്ഞാലും ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇരുപതാളെ തികച്ചെടുക്കാന്‍ കാണില്ല എന്നറിഞ്ഞ് കൊണ്ടുള്ള ധാര്‍ഷ്ട്യമല്ലേ അത് ? നോക്കിക്കോ ഞങ്ങള്‍ ബര്‍ദാന്‍ സഖാവിനോട് പറഞ്ഞ് കൊടുക്കും.(വെളിയം സഖാവിനെ നോക്ക്. അദ്ദേഹം ഇരുപതെന്നത് ഇപ്പോള്‍ പതിനെട്ട് എന്നാക്കിയില്ലേ? അതാണ്‌ ഞങ്ങള്‍ക്ക് നിങ്ങളോടുള്ള സ്നേഹം. )

ഒരു ഗതിയും പരഗതിയുമില്ലാത്തവരെ സംരക്ഷിക്കുക എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിസ്ഥാന തത്വശാസ്ത്രത്തില്‍ പെടില്ലേ സഖാവേ? ഇടതു മുന്നണി വിട്ടാല്‍ ഞങ്ങള്‍ ഏതാണ്ട് മേല്‍പ്പറഞ്ഞ അവസ്ഥയിലാകും. അതിനിടവരുത്താതെ ഞങ്ങള്‍ക്ക് പൊന്നാനിയില്‍ നിന്നും മാന്യമായി ,ശതമാനം വര്‍ദ്ധിപ്പിച്ച് തോല്‍ക്കാന്‍ അവസരം തരിക. അതാണ്‌ നിങ്ങള്‍ക്ക് നല്ലത്. അല്ല ഞങ്ങളെ അവഗണിക്കാനാണ് ഭാവമെങ്കില്‍...ഞങ്ങള്‍ മുന്നണി വിട്ടു പോകും എന്ന് താങ്കള്‍ വ്യാമോഹിക്കണ്ടാ(അയ്യടി മനമേ). കൂട്ടത്തോടെ ചത്തൊടുങ്ങിയാലും എല്‍ ഡി എഫില്‍ തന്നെ തുടര്‍ന്ന് ഞങ്ങള്‍ നിങ്ങളെ വേട്ടയാടും

എന്ത് വേണം എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.

വിപ്ലവാഭിവാദ്യങ്ങളോടെ

സഖാവ് വല്യാമു
(സി പി ഐ )

Tuesday, March 10, 2009

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ തീം സോങ്ങുകള്‍:

'ജയ് ഹോ' കോണ്‍ഗ്രസ്സ് അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തീം സോങ്ങ് ആക്കുന്നതിന്റെ ചുവട് പിടിച്ച്, കേരളത്തിലെ രാഷ്ട്രീയ കക്ഷികളും പ്രസിദ്ധമായ ചലച്ചിത്ര ഗാനങ്ങളെ അവലംബമാക്കിയുള്ള ഗാനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. കേരളത്തില്‍കക്ഷികള്‍ എല്ലാം വ്യക്തികളെ ചുറ്റി ഓടുന്ന ഇക്കാലത്ത്,അതേ വ്യക്തികളുടെ സ്വഭാവ സവിശേഷതകളും,പ്രതീക്ഷകളും,നിരാശകളും പ്രതിഫലിപ്പിക്കുന്ന ഗാനങ്ങള്‍ക്കാവും ഊന്നല്‍ നല്‍കപ്പെടുക. രാഷ്ട്രീയ പാര്‍ട്ടികളിലെ വിഭാഗീയത കാരണം ഒരേ പാര്‍ട്ടിയില്‍ തന്നെ ഒന്നിലധികം ഗാനങ്ങള്‍ കണ്ടേക്കാം. വിശദാംശങ്ങള്‍ ഇനിപ്പറയുന്നു:

ഇടത് വല്യേട്ടന്‍:

അച്ചു മാമ
അവലംബം : നാന്‍ ഓട്ടോക്കാരന്‍. ചിത്രം : ബാഷാ

'നാന്‍ അച്ചു മാമന്‍,അച്ചു മാമന്‍
മൂന്നാര്‍ തിരിഞ്ഞ റൂട്ടുക്കാരന്‍.
മലമ്പുഴയില്‍ വേട്ടക്കാരന്‍
മാരാരിക്കുളത്ത് പിച്ചക്കാരന്‍
സുരേഷ് കുമാര്‍ എന്‍ കൂട്ടുകാരന്‍.....
നാന്‍ എപ്പോഴുമേ കേരളത്തിന്‍ മുഖ്യമന്ത്രി ഡാ (ഉം ,ഉം ...ആഗ്രഹം,ആഗ്രഹം)

മിന്നല്‍ പിണര്‍ വിഭാഗം
1)
അവലംബം :പപ്പു കാണ്റ്റ് ഡാന്‍സ്,സാലാ. ചിത്രം : ജാനെ തു യാ ജാനെ നാ.
(മഹാകവി സുധാകരന്‍ പാടി ,കെ ഇ എന്‍ നൃത്തം ചെയ്യുന്ന സ്റ്റേജ് ഷോയുടെ രൂപത്തിലാവും ഈ ഗാനത്തിന്റെ വീഡിയോ റിലീസ്.)

'ഹേ മസ്കുലര്‍,ഹേ പോപ്പുലര്‍
സ്പെക്ടാകുലര്‍...
...അച്ചു കി ജെ സി ബി തേജ് ഹേ...
ബട്ട് അച്ചു കാണ്റ്റ് ഡാന്‍സ്, സാലാ. ഹോയെ ,ഹോയെ ,ഹോയെ ഹോയെ.'

2) അവലംബം: ശിവാജി തീം സോങ്ങ്. ചിത്രം : ശിവാജി .

'സേ ദ റൈറ്റ് ഡാ
പിണറായി റൈറ്റ് ഡാ...
സച്ചിന്‍ അടിച്ചാല്‍ , സിക്സര്‍ താണ്ടാ
പിണറായി അടിച്ചാല്‍,സ്ട്രെച്ചര്‍ താണ്ടാ...(മാമാ ജാഗ്രതൈ )

ഇടത് ചെറിയേട്ടന്‍: (അത് പണ്ട് ...)
അവലംബം:ഒരുവന്‍ ഒരുവന്‍ മുതലാളി. ചിത്രം: മുത്തു.
(വെളിയം കുതിരവണ്ടിയില്‍ പാടിക്കൊണ്ട് പായുന്ന വീഡിയോ)

'ഒരുവന്‍ ഒരുവന്‍ മുതലാളി (അത് വല്യേട്ടന്‍)
ഉലകില്‍ മറ്റവന്‍ എരപ്പാളി (പേരെടുത്ത് പറയണോ?) ...'

വലത്:
(ജയ് ഹോ മാത്രം പോരല്ലോ കേരളത്തില്‍)
ചാണ്ടി
അവലംബം : കാറ്റാടിത്തണലും. ചിത്രം: ക്ലാസ്മേറ്റ്സ്

'ലാവ്ലിന്‍ കേസും,കേസില്‍ ഒരു പിണവും
അച്ചൂന്റെ പാരയും നമുക്ക് കോളാ...'

ചെന്നി
അവലംബം: രാമകഥാ ഗാനലയം. ചിത്രം :ഭരതം

'രാഹുല്‍ കഥാ ഗാനലയം മംഗളമെന്‍.... '

കരുണ്‍ജി
അവലംബം: ആറ്റ് നോറ്റുണ്ടായൊരുണ്ണി . ചിത്രം:ശാന്തം

'ആറ്റ് നോറ്റുണ്ടായൊരുണ്ണി (ആത്മഗതം: അതിങ്ങനെയായി)
അച്ഛന്‍ കാത്ത്‌ കാത്തുണ്ടായൊരുണ്ണി (അത് പരുന്തും കാലില്‍ പോയി)'

കാവി പാര്‍ട്ടി:
അവലംബം: ഒരു രൂപ നോട്ട് കൊടുത്താല്‍. ചിത്രം:ലോട്ടറി ടിക്കെറ്റ്

'ഒരു വോട്ട് മറിച്ചു കൊടുത്താല്‍
ലക്ഷങ്ങള്‍ കൂടെപ്പോരും '

മറ്റു പാര്‍ട്ടികളില്‍:

മുരളി

അവലംബം: ചന്തു ചതിച്ച ചതിയാണച്ഛാ. ചിത്രം :ഒരു വടക്കന്‍ വീരഗാഥ

'ചാണ്ടി ചതിച്ച ചതിയാണച്ഛാ...
ആ ചെന്നി പണിഞ്ഞ പണിയാണച്ഛാ '

പാലായിലെ വല്യ മാണി
അവലംബം :എന്‍റെ മകന്‍ കൃഷ്ണനുണ്ണി ,കൃഷ്ണാട്ടത്തിന് പോകേണം. ചിത്രം :ഉദയം

'എന്‍റെ മകന്‍ ,കുഞ്ഞു മാണി, കോട്ടയത്തിന്‌ പോകേണം.
കോട്ടയത്തിന്‌ പോയാല്‍ പോര,എം പിയായി തീരേണം'

ലീഗ്
അവലംബം: എല്ലാരും ചൊല്ലണ്. ചിത്രം :നീലക്കുയില്‍

'എല്ലാരും ചൊല്ലണ് ,എല്ലാരും ചൊല്ലണ്
ഫ്രാഡാണ് സാഹിബ്ബെന്ന് ...
ഞാനൊന്ന് തൊട്ടപ്പം ഐസ് ക്രീമിന്റെ കൂടാണ് കണ്ടതയ്യാ
നല്ല കൂടാണ് കണ്ടതയ്യാ'

Sunday, March 8, 2009

അനോണി തങ്കമ്മയുടെ കുമ്പസാരം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായ്, തങ്കമ്മ എന്ന് സ്വയം വിളിക്കുന്ന ഒരു സാധു അനോണി,എന്‍റെ ശ്രദ്ധ പിടിച്ച് പറ്റുവാനായി ഈ ബ്ലോഗില്‍ കിടന്നു കറങ്ങുന്നു. കഴിഞ്ഞ പോസ്റ്റിലെ അവരുടെ കമന്റ് കണ്ടപ്പോള്‍ ,എന്നെ അടുത്തറിയാവുന്ന ആരോ ആണ് ഈ തങ്കമ്മ എന്ന് എനിക്ക് സംശയം തോന്നി. കമന്റ് രൂപത്തില്‍ ഞാനത് ചോദിക്കുകയും ചെയ്തു. അതിനു മറുപടി വന്നത് സുദീര്ഘമായ ഒരു ഇ മെയിലും. എന്‍റെ ശ്രദ്ധ പിടിച്ച് പറ്റുവാന്‍ തങ്കമ്മ ശ്രമിച്ചതിന്റെ കാരണങ്ങള്‍ക്കൊപ്പം, തങ്കമ്മയുടെ ജീവിത കഥ കൂടിയാണ് ഈ മെയില്‍ . തങ്കമ്മയുടെ ജീവിത കഥയില്‍ ചിലപ്പോള്‍ വനിതകള്‍ക്ക് അസുഖകരമായ വസ്തുതകള്‍ കണ്ടേക്കാം എന്ന് ആദ്യമേ മുന്നറിയിപ്പ് തരുന്നു.

സാധാരണ ഇത്തരം തറ ഇടപാടുകള്‍ ഈ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാത്തതാണ്‌. എന്നാലും തങ്കമക്ക് ജന്മനാ ഉള്ള ചില വൈകല്യങ്ങളും , അവരുടെ ഇപ്പോഴത്തെ അവസ്ഥയും പരിഗണിച്ചാണ് ഈ സൌജന്യം ഞാന്‍ ചെയ്യുന്നത്.തങ്കമ്മയുടെ മെയിലിന്റെ പൂര്‍ണ്ണ രൂപം താഴെ.

പ്രിയപ്പെട്ട എ കെ ഉടയത് അറിയാന്‍,

താങ്കളുടെ ബ്ലോഗില്‍ സ്ഥിരമായി അനോണി കമന്റിടുന്ന ഒരാളാണ് ഞാന്‍. ഹായ്,വിഷയ തൊമ്മൻ,അനാഥൻ ആന്‍ഡ് ആനാഥൻ,അനോണികളുടെ രക്ഷകന്‍, എന്ന പേരിലൊക്കെ,താങ്കളുടെ കഴിഞ്ഞതിന്റെ മുന്‍പത്തെ പോസ്റ്റില്‍ വരെ, ചില്ലക്ഷരങ്ങള്‍ക്ക് പകരം '' ഉപയോഗിച്ചിരുന്ന അതേ അനോണി. അതേ പോസ്റ്റില്‍ തന്നെ ഞാന്‍ എന്‍റെ യഥാര്‍ത്ഥ പേരും പറഞ്ഞിരുന്നു. തങ്കമ്മ എന്ന്.
എന്‍റെ പേരില്‍ നിന്നും ലിങ്ക് ഞാന്‍ താങ്കളുടെ പ്രൊഫൈലിലേക്ക് കൊടുത്തതും മനപൂര്‍വ്വമാണ്. കാരണം നാം തമ്മില്‍ രക്ത ബന്ധമൊന്നുമില്ലെങ്കിലും,അമ്മ വഴിയുള്ള ബന്ധത്തില്‍ താങ്കളെ ഞാനെന്‍റെ സ്വന്തം പിതാവായാണ് കാണുന്നത്.(എന്‍റെ മൂത്ത സഹോദരി പറയുന്നു അവളുമായുള്ള ബന്ധത്തില്‍ താങ്കള്‍ എനിക്ക് അളിയാനാണെന്ന്).

താങ്കള്‍ പണ്ട് കഥയെഴുതുവാനായി,oooooooooooo ല്‍ കുറച്ച് കാലം താമസിച്ചത് ഓര്‍ക്കുന്നുണ്ടോ? അപ്പോള്‍ താങ്കളുടെ വീടടിച്ചു വാരാനും , വല്ലതും വെച്ചു വിളമ്പി തന്ന് താങ്കളെ ഉറക്കാനും ,നാട്ടുകാര്‍ കമ്പക്കെട്ട് എന്ന് വിളിച്ചിരുന്ന ഒരു ൦൦൦൦൦൦൦൦ വും അവരുടെ പതിനാറുകാരിയായ മകള്‍ ൦൦൦൦൦൦൦൦൦യും വരുമായിരുന്നു. നാട്ടുകാരുടെ ആ കമ്പക്കെട്ടിന് ജനിച്ച മറ്റൊരു സന്താനമാണ് ഞാന്‍
താങ്കള്‍ നാട്ടില്‍ വരുന്നതിനു കുറെ നാളുകള്‍ മുന്‍പ് , എന്‍റെ ചേച്ചിയുടെ അച്ഛന്‍ കൂടാതെ ഒരു തമിഴന്‍ ഡാന്‍സ് മാസറ്റര്‍ ഇടയ്ക്കിടെ കമ്പക്കെട്ടിനു തീ കൊടുക്കാന്‍ വരുമായിരുന്നു. ആ വെടിക്കെട്ടിന്റെ അനന്തര ഫലമാണ് തങ്കമ്മ എന്ന ഈ ഞാന്‍ (എന്നെക്കുറിച്ച് താങ്കളോട് യാതൊന്നും അമ്മ പറയാത്തത് ,താങ്കള്‍ക്ക് എന്നെ പണിക്ക് നിറുത്തുന്നതില്‍ ഒരു താത്പര്യവും ഉണ്ടാകില്ല എന്നറിഞ്ഞു കൊണ്ടാണ്.കാരണം എന്‍റെ ചേച്ചിയെ പോലെയല്ലല്ലോ ഞാന്‍)

ജനിച്ചപ്പോള്‍ മുതല്‍ എന്നെ തങ്കമ്മ എന്ന് വിളിക്കണോ അതോ തങ്കപ്പന്‍ എന്ന് വിളിക്കണോ എന്ന് നാട്ടുകാര്‍ക്ക് സംശയമാണ്(എനിക്ക് തങ്കമ്മ എന്ന പേരാ ഇഷ്ടം). അത് കൊണ്ടവര്‍ എന്നെ 'ഒന്‍പത് ' എന്ന് വിളിച്ചു. അത് താങ്കള്‍ക്ക് സിഗ്നലിലൂടെ മനസിലാക്കിത്തരുവാനായാണ് ഞാന്‍ എന്‍റെ കമന്റുകളില്‍ ചില്ലക്ഷരങ്ങള്‍ക്ക് പകരം '' ഉപയോഗിച്ചത്. അല്ലാതെ മലയാളം അറിയാത്തത് കൊണ്ടല്ല. പക്ഷെ താങ്കള്‍ക്ക് ഞങ്ങള്‍ ചാന്തുപൊട്ട് അസോസിയേഷന്റെ സിഗ്നലുകളൊന്നും അറിയില്ല എന്ന് എനിക്ക് മനസിലായി. അത് കൊണ്ട് കൂടിയാണ് ഞാന്‍ ഈ മെയില്‍ അയക്കുന്നത്.

അമ്മ മരിച്ചതിനു ശേഷം ആകെ കഷ്ട്ടപ്പാടിലാണ് ഞാനും ചേച്ചിയും. ഒരു ഒന്‍പതായ എന്നെ ഒരു പണിക്കും, ഒരു വിധപ്പെട്ട ആണുങ്ങള്‍ വിളിക്കുന്നില്ല . കോഴിക്കോട് പോലും ആര്‍ക്കും എന്നെ വേണ്ടാതായിരിക്കുന്നു.
ചേച്ചിയാകട്ടെ പലയിടത്തും പണിക്കു പോയി നോക്കി. പക്ഷെ പത്തു കൊല്ലങ്ങള്‍ക്കു മുന്‍പ് എ കെക്ക് ചെയ്തു കൊടുത്ത പണികളുടെ ഒരു തൃപ്തി ഒന്നിലും കിട്ടുന്നില്ല എന്നാണ് അവള്‍ പറയുന്നത്.

അവളുടെ ഈ പറച്ചില്‍ കാരണം ഞങ്ങള്‍ മുഴുപ്പട്ടിണിയാകുന്ന ലക്ഷണമാണ്. അത് കൊണ്ട് മാത്രമാണ് താങ്കളുടെ ബ്ലോഗില്‍ കയറി അനോണി കമന്റുകളിട്ട്,താങ്കളെ പ്രകോപിപ്പിച്ച്, ശ്രദ്ധ ആകര്‍ഷിക്കുവാന്‍ ഞാന്‍ ശ്രമിച്ചത്.

എന്‍റെ ചൊറിച്ചില്‍ സഹിക്ക വയ്യാതെ ഐ പി ട്രാക്ക് ഉപയോഗിച്ച് താങ്കള്‍ എന്നെ കണ്ടു പിടിക്കും,അപ്പോള്‍ കാര്യങ്ങള്‍ നേരിട്ട് പറയാം എന്നൊക്കെയായിരുന്നു എന്‍റെ മോഹങ്ങള്‍. പക്ഷേ കാസര്‍ഗോഡ്‌ മുതല്‍ കളിയിക്കാവിള വരെ പിതാക്കള്‍ ഘോഷയാത്ര നടത്തുന്ന അനോണികളോട്‌ പോലും, തികച്ചും മാന്യമായി മാത്രം ഇടപഴകുന്ന ഒരു മഹാനുഭാവനാണ് എ കെ എന്ന് ഈ തങ്കമ്മക്ക് അറിയില്ലായിരുന്നു. കുറ്റബോധം കൊണ്ട് ഇപ്പോള്‍ എന്‍റെ മനസ്സ് ഒരു നെരിപ്പോടാണ് .അതണക്കാന്‍ കൂടി വേണ്ടിയാണ് ഈ കത്ത്.

ഹൃദയ വിശാലത ഏറെയുള്ള താങ്കള്‍ എനിക്ക് മാപ്പ് തരും എന്നറിയാം.എങ്കിലും തങ്കമ്മയുടെ ഹൃദയ പൂര്‍വ്വമായ ക്ഷമാപണം സ്വീകരിച്ചാലും.

ഇനി പ്രധാന വിഷയം. എന്‍റെ ചേച്ചിയുടെ കാര്യത്തില്‍ താങ്കള്‍ ദയവ് വിചാരിച്ച് എന്തെങ്കിലും പരിഹാരം ഉണ്ടാക്കണം. നാട്ടിലെ അമ്പലക്കാളയെ ചില പ്രത്യേക സാഹചര്യങ്ങളില്‍ കാണുമ്പോഴും, രാവിലെ എനിക്ക് പുഴുങ്ങിത്തരാന്‍ നേന്ത്രപ്പഴം വാങ്ങാന്‍ പോകുമ്പോഴുമൊക്കെ താങ്കളുടെ ഓര്‍മ്മകള്‍ അവളെ വല്ലാതെ വേട്ടയാടുന്നു എന്ന് അവള്‍ പറഞ്ഞ് തുടങ്ങിയിരിക്കുന്നു. അതെന്താ അങ്ങനെ? എനിക്കൊന്നും മനസിലാകാറില്ല.
എന്തായാലും ഈയിടെയായി ഒരു തരം പനി പിടിച്ച അവസ്ഥയിലാണവള്‍(വിഷയ ദാരിദ്ര്യമാണ് പ്രധാന പ്രശ്നമത്രേ). താങ്കളുടെ വരവ് മാത്രമേ ഇതിനൊരു പരിഹാരമായി ഞാന്‍ കാണുന്നുള്ളൂ. സ്ഥിരം സെറ്റപ്പിനൊന്നും താങ്കള്‍ക്ക് താത്പര്യം കാണില്ല എന്ന് എനിക്കറിയാം.ആറ് മാസത്തില്‍ ഒരിക്കല്‍,ഒന്ന് ഇത്രേടം വരെ വന്നു പോവുക. ബാക്കി ചിലവിനുള്ള കാശ് എന്നെ ഏല്‍പ്പിക്കുക. അത്രയും മതി . താങ്കള്‍ അങ്ങനെ ചെയ്‌താല്‍ പുറമ്പണിക്ക് പോകുന്നത് മുഴുവനായി നിറുത്താം എന്ന് അവളും സമ്മതിച്ചിട്ടുണ്ട്.

ഇത്രയെങ്കിലും ചെയ്യാന്‍ താങ്കള്‍ക്ക് താത്പര്യമില്ലെങ്കില്‍,പിന്നെ ഈ തങ്കമ്മ നിസഹായയാണ്. താങ്കളുടെ ബ്ലോഗില്‍ വീണ്ടും സ്വന്തം പേരിലും മറ്റു പല പേരിലും കയറി അനോണി കമന്റിട്ടു ചൊറിയാന്‍ ശ്രമിക്കുക എന്നതല്ലാതെ എന്‍റെ മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങളില്ല.
ഈ പാവത്തിനെയും കുടുമ്പത്തെയും പട്ടിണിക്കിട്ട് കൊല്ലരുത് എന്ന അപേക്ഷയോടെ,

താങ്കള്‍ സമ്മതിച്ചാല്‍, താങ്കളുടെ വിനീതയായ ഭാവി മാമി (മാമിയാ എനിക്കിഷ്ടം,മാമനല്ല)

തങ്കമ്മ

P S: താങ്കള്‍ ഒരു പക്ഷേ ഈ മെയില്‍ താങ്കളുടെ ബ്ലോഗില്‍ ഇടുകയാണെങ്കില്‍, എന്‍റെ പേരൊഴികെ മറ്റെല്ലാ പേരുകളും ,സ്ഥലപേരുകള്‍ സഹിതം മായ്ച്ച് കളഞ്ഞ ശേഷമേ അപ്രകാരം ചെയ്യാവു എന്ന് താഴ്മയായി അപേക്ഷിക്കുന്നു.

വായനക്കാരോട് :
തങ്കമ്മയുടെ കത്ത് വായിച്ച ശേഷം , നിങ്ങളിലാരെങ്കിലും ഈ വിഷയത്തില്‍ ഞാന്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്ന് ദയവ് ചെയ്തു പറഞ്ഞ് തരണം.കാരണം ഞാനാകെ ആശയ കുഴപ്പത്തിലാണ്. ഇന്നലെ തിരുവനന്തപുരത്തു വെച്ചു കണ്ടപ്പോള്‍ അസിനും, പാര്‍വതി ഓമനക്കുട്ടനും മാറി മാറി എന്നെ ബോംബെയിലേക്ക് ക്ഷണിക്കുന്ന അവസരത്തില്‍, ഞാന്‍ തങ്കമ്മ പറഞ്ഞ പ്രശ്നങ്ങള്‍ ഏറ്റെടുക്കാനോ? വേണ്ടി വന്നാല്‍ ഈ വിഷയത്തില്‍ ഒരു പോള്‍, സര്‍വേ എന്നിവ നടത്താനും ഞാന്‍ ഒരുക്കമാണ്(അതാണല്ലോ ഇപ്പൊ ഫാഷന്‍) . മാത്രമല്ല ഇതാണല്ലോ ഡെമോക്രസി "വാട്ട് ആന്‍ ഐഡിയ സര്‍ജി"

എ കെ എന്ത് ചെയ്യണം ?

1) അസിനും,പാര്‍വതിക്കുമൊപ്പം ബോളിവുഡിലേക്ക് പോകണം

2) തങ്കമ്മയുടെ സഹോദരിയെ ഏറ്റെടുക്കണം

3) ബോളിവുഡിലേക്ക് പോകുന്നത് കൊണ്ട് കുഴപ്പമില്ല. പക്ഷേ തങ്കമ്മയുടെ സഹോദരിയെക്കൂടി ഏറ്റെടുക്കണം.

4) തങ്കമ്മയുടെ അപേക്ഷ തള്ളിക്കളഞ്ഞ്,ആ ഒന്‍പത് ചൊറിച്ചില്‍ തുടരട്ടേ എന്ന് കരുതി,പാരീസ് ഹില്‍ട്ടണ് ഒരു ജീവിതം കൊടുക്കണം.

വായനക്കാര്‍ ദയവ് ചെയ്ത് അവരുടെ അഭിപ്രായങ്ങള്‍ ഒന്ന്,രണ്ട്, മൂന്ന്, നാല് എന്നീ ക്രമത്തില്‍ രേഖപ്പെടുത്തി നാലഞ്ച് ജീവിതങ്ങള്‍ (അസിന്‍, പാര്‍വതി, പാരീസ് , തങ്കമ്മ സോദരി ,അത് വഴി തങ്കമ്മയുടെയും) രക്ഷിക്കണം.

സ്നേഹപൂര്‍വ്വം

എ കെ

Saturday, March 7, 2009

എംപറര്‍ ഓഫ് ഗുഡ് ടൈംസ്‌

പത്രമോഫീസില്‍ നിന്നും ലഭിച്ച വിവരത്തിന്റെ ചുവട് പിടിച്ചാണ്,ഏറെ അന്വേഷണങ്ങള്‍ക്കൊടുവില്‍, അവന്‍ ആ ക്ലബ്ബിലെത്തിയത്. അമ്പതില്‍ താഴെ മാത്രം അംഗങ്ങളുള്ള ക്ലബ്ബിന്റെയുള്ളില്‍ പ്രവേശിക്കാന്‍ അവന്‌ ഏറെ പണിപ്പെടേണ്ടി വന്നു. കോടികളുടെ വാര്‍ഷിക വരുമാന കണക്കില്‍ മാത്രം അംഗത്വം ലഭിക്കുന്ന ആ ക്ലബ്ബിന്റെ അകമൊന്നു കാണാന്‍ ,പത്രപ്രവര്‍ത്തകന്‍ എന്ന മേല്‍വിലാസം മാത്രം തികയില്ല എന്ന തിരിച്ചറിവോടെ, അപ്രതീക്ഷിതമായി സഹായത്തിനെത്തിയ പഴയ സഹപാഠിയായ,ക്ലബ് മാനേജര്‍ക്കൊപ്പം അവന്‍ അകത്ത് പ്രവേശിച്ചു. പേര്‍ഷ്യന്‍ പരവതാനികളും, വിലയേറിയ തിരശീലകളും , ആഡമ്പര പൂര്‍ണ്ണമായ ഇരിപ്പിടങ്ങളും, നിറഞ്ഞ ഉള്ളറകളില്‍,മദ്യം വിളമ്പുന്നത് , പഴയ ഖലീഫയുടെ അന്തപുരവാസിനികളെ ലജ്ജിപ്പിക്കാന്‍ പോന്ന തരത്തില്‍ വസ്ത്രധാരണം ചെയ്ത അതിസുന്ദരികള്‍.

ക്ലബ്ബിലെ ഏറ്റവും വിശിഷ്ടമായ പ്രത്യേക വിഭാഗത്തില്‍ , ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ അമ്മാനമാടുന്ന നാലഞ്ച് മുഖങ്ങള്‍ക്കൊപ്പം, പതിവ് സദസ്സ് കൂടുകയായിരുന്നു എമ്പറര്‍ ഫാല്‍ക്കണ്‍ ഗ്രൂപ്പ് ഉടമയായ എ കെ.
മുഖം കാണിക്കുവാന്‍ മാനേജര്‍ വഴി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഉല്ലാസ വേളകളുടെ ചക്രവര്‍ത്തി ,എന്തോ, അനുവാദം നല്‍കി.

അനുവദിക്കപ്പെട്ട ഇരിപ്പിടത്തില്‍,പാതി ഇരുന്നെന്ന് വരുത്തിയവന്‍ ,സംഭാഷണത്തിന് നല്ല തുടക്കം കുറിക്കാനായി ആശംസകളെ കൂട്ട് പിടിച്ചു "അശോക ചക്രവര്‍ത്തിയുടെ കിരീടവും, വാളും, അദ്ദേഹത്തിന്‍റെ കുതിരയുടെ കടിഞ്ഞാണും അമേരിക്കയില്‍ നടന്ന ലേലത്തില്‍ സ്വന്തമാക്കിയതിന് അഭിനന്ദനങ്ങള്‍,സര്‍"
"നിന്‍റെ അഭിനന്ദനങ്ങള്‍ ബാങ്കിലിട്ടാല്‍ , എന്ത് പലിശ കിട്ടും?" ചക്രവര്‍ത്തി തമോഗുണ പ്രധാനനായിരുന്നു.

പത്രധര്‍മ്മം (ആധുനികം) തൊണ്ടയില്‍ തടഞ്ഞ്‌ താന്‍ മരിച്ചു പോകുമെന്ന് അവന്‌ തോന്നി.
"നീ വന്ന കാര്യം പറ" മുന്നിലെ വിലയേറിയ സ്ഫടിക പാനപാത്രങ്ങള്‍ ,എണ്ണമില്ലാത്ത തവണകളില്‍ നിറയുന്നതിനിടെ, ഉഗ്രന്‍ അല്‍പ്പം മയപ്പെട്ടു.

"ആ ലേലത്തെ സംബന്ധിച്ച് ചില ചോദ്യങ്ങള്‍..." മടിച്ചു മടിച്ചാണ് അവന്‍ പറഞ്ഞത് .
"നീ വെറുതെ ചോദിക്ക്.ഇന്നത്തെ നേരമ്പോക്കിന് വഴിയെന്താ എന്നാലോചിച്ചിരിക്കുകയായിരുന്നു ഞങ്ങള്‍"
"ഭാരതത്തിന്‌ ഏറെ വൈകാരികമായ ബന്ധങ്ങളുള്ള വസ്തുക്കളാണ് അശോക ചക്രവര്‍ത്തിയുടെ വാളും , കിരീടവും, കുതിരയുടെ കടിഞ്ഞാണും."
"തന്നെ?"
"അതെ സര്‍ ...ഈ ചരിത്ര വസ്തുക്കള്‍ ഒരു വിദേശിയില്‍ നിന്നും സ്വന്തമാക്കി അങ്ങ് ഭാരതത്തിന്റെ മാനം രക്ഷിച്ചു എന്ന് ഞാന്‍ പറഞ്ഞാല്‍?പ്രത്യേകിച്ച് ഈ ലേലം നിറുത്തി വെയ്പ്പിക്കാനോ , ആ വസ്തുക്കള്‍ സ്വന്തമാക്കണോ കേന്ദ്ര സര്‍ക്കാരിന് പോലും കഴിയാത്ത സാഹചര്യത്തില്‍? "
"എടാ , പത്തിരുപത് കോടി രൂപ മുടക്കി ഞാന്‍ ഈ സാധനങ്ങള്‍ വാങ്ങിയത് എനിക്ക് പുരാവസ്തുക്കളോടുള്ള താത്പര്യം കൊണ്ടാണ്. അല്ലാതെ ഫാരതത്തിന്റെ അഫിമാനം ചംരക്ഷിക്കാനല്ലാ. മാത്രമല്ല ഞാന്‍ കള്ള് വിറ്റ് ,കഷ്ടപ്പെട്ടുണ്ടാക്കിയ കാശ് മുടക്കി എന്തെങ്കിലും വാങ്ങിയാല്‍ ,അതെങ്ങനാട ഭാരതത്തിലെ അഷ്ടിക്ക് വകയില്ലാത്ത ശത കോടികളുടെ അഭിമാനമാകുന്നത്?അശോകന്റെ വാളുമായിട്ട് ഉള്ള ജോലി ഇന്ന് തെറിക്കുമോ അതോ നാളെയോ എന്ന് വേവലാതിപ്പെട്ട് നടക്കുന്നവന് എന്ത് പുല്ലിന്‍റെ വൈകാരിക ബന്ധമാടാ?"

പ്രതീക്ഷിക്കാത്ത വാക്കുകള്‍ കേട്ട് മാധ്യമ ജീവി കുന്തമൊന്ന് നീറ്റായി വിഴുങ്ങിയിരുന്നപ്പോള്‍,ചക്രവര്‍ത്തി അക്രമണം കൂടുതല്‍ രൂക്ഷമാക്കി ."ഡാ...ലൈന്‍ മാന് മുതല്‍ മന്ത്രിക്ക് വരെ അവരവരുടെ ജോലി കൃത്യമായി ചെയ്യാന്‍ പോലും കൈകൂലി കൊടുക്കേണ്ടി വരുന്ന ഇന്ത്യക്കാരന് ,സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നാനൂറാം മത്സരം കളിച്ചാലോ, അഭിനവ് ബിന്ദ്ര സ്വര്‍ണ്ണ മെഡല്‍ നേടിയാലോ, ഞാന്‍ വല്ല പുരാവസ്തുക്കളും വാങ്ങിയാലോ അതില്‍ അഭിമാനിക്കാന്‍ എന്താടാ ഉള്ളത്? ഇനിയവന്‍ അങ്ങനെ അഭിമാനം കൊണ്ടാല്‍,അതോടെ അവന്‍റെ ജീവിതത്തിലെ സകല പ്രശ്നങ്ങളും തീരുമോ? നിന്‍റെ കാര്യം തന്നെയെടുക്ക് ...അല്ലെങ്കില്‍ വേണ്ട...നീയും നിന്റെ മുതലാളിയുമൊക്കെ അന്യ രക്തം കുടിച്ച് പുലരുന്ന ജന്തുക്കളാ...ഒരു ഐ ടിക്കാരന്റെയോ, എന്തിന് ഇന്ത്യയിലെ ഒരു കര്‍ഷകന്റെയോ കാര്യമെടുക്ക്. സച്ചിന്‍ അമ്പതാം ശതകം അടിച്ചാലോ , ഞാന്‍ വെര്‍ജിന്‍ അറ്റ്‌ലാന്‍റ്റിക്ക് സായിപ്പിന്റെ കൈയ്യില്‍ നിന്നും പിടിച്ചെടുത്താലോ,അതില്‍ അഭിമാനം കൊള്ളുന്നത്‌ കൊണ്ട് ഈപ്പറഞ്ഞ ഐ ടിക്കാരനെ അവന്‍റെ കമ്പനി സാമ്പത്തിക മാന്ദ്യ സമയത്ത് പിരിച്ച് വിടാതിരിക്കുകയോ, കര്‍ഷകന് സമയത്ത് മഴ കിട്ടുകയോ ചെയ്യുമോ?"

പത്രം നിശബ്ദ മരണത്തിലേക്ക് കൂടുതല്‍ അടുത്തു.
"ഇനി വേറൊരു ജാതിയുണ്ട് .കള്ള് കച്ചവടക്കാരന്‍ ഭാരതത്തിന്റെ ചരിത്ര സ്മാരകങ്ങള്‍ വില കൊടുത്ത് വാങ്ങിയതില്‍ അവന്മാരില്‍ ചിലര്‍ക്ക് അപമാനം.വേറെ ചിലര്‍ക്ക് ചരിത്രം വസ്തുക്കളിലല്ലാ അവന്റെയൊക്കെ...വേണ്ട വല്ലതും പറഞ്ഞാല്‍ കൂടി പോകും. പത്തു പേര്‍ക്ക് പ്രയോജനമുള്ള നമ്മുടെ പല ആയുര്‍വേദ മരുന്നുകളുടെയും പേറ്റന്റ് ഇന്ന് സായിപ്പിന്റെ കൈയ്യിലാണ്. ജീവിത ചിലവ് ദിവസം പ്രതി കൂടി വരുന്നു. വെള്ളവുമില്ല,വെളിച്ചവുമില്ല. സാധാരണക്കാരന്‍ എന്ന തെണ്ടി എങ്ങനെ പരുന്തുങ്കാലില്‍ പോയാലും ഒന്നുമില്ല എന്ന മനോഭാവം വെച്ച് പുലര്‍ത്തുന്ന സര്‍ക്കാരുകള്‍. അവന്മാരെ വീണ്ടും വീണ്ടും തിരഞ്ഞെടുത്തു കയറ്റുമ്പോള്‍ തോന്നാത്ത അപമാനമൊന്നും ഒരു ചെറ്റയ്ക്കും ഇതിലും തോന്നേണ്ട കാര്യമില്ല."

ചക്രവര്‍ത്തിക്ക് ചുറ്റുമിരുന്നിരുന്ന പ്രമുഖര്‍ പത്രത്തിന്റെ കൊലപാതകം ആഘോഷിക്കാന്‍ എന്ന വണ്ണം പലതവണ പാനപാത്രങ്ങള്‍ കാലിയാക്കി ചിരിച്ചു.

"പിന്നെ ചരിത്രം വസ്തുക്കളിലല്ലാ എന്ന് പറഞ്ഞു നടക്കുന്ന കൂറകള്‍... ആണെന്ന് പറയുന്ന നിന്റെയോക്കെ പത്രം വായിക്കുന്ന അവനെയൊക്കെ ചവിട്ടാന്‍ ആളില്ലാഞ്ഞിട്ടാണ്. മട്ടും ഭാവവും കണ്ടാല്‍, അവന്റെയൊക്കെ കാണാ കുണാ വര്‍ത്തമാനം കേട്ട് മാത്രമാണ് നാട് അല്‍പ്പമെങ്കിലും മര്യാദക്ക് ഓടുന്നത് എന്ന് തോന്നും.ആയ കാലത്ത് കള്ളു വാറ്റിയും , ചാരായം വിറ്റും ഞാനുണ്ടാക്കിയ കാശിന് ഞാന്‍ ചിലപ്പോള്‍ അശോകന്റെ കിരീടമോ,മെര്‍ലിന്‍ മണ്‍റോയുടെ പാന്റ്റീസോ ലേലത്തില്‍ പിടിക്കും. നിന്നെപോലുള്ള അലവലാതികള്‍ പത്രം ചിലവാവാനും, ചാനലിന്റെ വ്യൂവര്‍ഷിപ്പ് കൂട്ടാനുമായി അതിന്റെയൊക്കെ പിന്നാലെ ഇന്ത്യയുടെ അഭിമാനം ,അപമാനം എന്നൊക്കെ കൂവി മണത്തു നടക്കും. നല്ല പ്രായത്തില്‍ കംഫര്‍ട്ട് സ്റ്റേഷന്റെ ചുവരില്‍ അബ്സ്ട്രാക്റ്റ് വരച്ചും, തെറിക്കവിത എഴുതിയും നടന്ന ,നാടിനും, വീടിനും വേണ്ടാത്ത ഈ നാറികള്‍ക്ക്‌ അതിലെന്ത് കാര്യം? ചരിത്രം അവന്റെയൊക്കെ പിണ്ണാക്ക് തലയിലാണ് ,വസ്തുക്കളിളല്ല എന്ന് കൂവിയത് കൊണ്ട് നാടിനു അഞ്ചു നയാ പൈസയുടെ പ്രയോജനമില്ലാത്തത് പോട്ടേ, അവന്റെയൊക്കെ കുടുമ്പത്ത് അത് കൊണ്ട് ഒരു നേരത്തെ അരി വാങ്ങാന്‍ പറ്റുമായിരുന്നെങ്കില്‍ സമ്മതിക്കാമായിരുന്നു" മതിയായോടാ കീടമേ എന്ന മട്ടില്‍ ചക്രവര്‍ത്തി മുന്നില്‍ ഇരുന്ന പത്രത്തെ ഒന്ന് നോക്കി

"സാറ് തന്നെ പറഞ്ഞത് പോലെ ,ഇങ്ങനെ ഏതെങ്കിലും അഭിമാനമോ ,അപമാനമോ ദിവസവുമില്ലെങ്കില്‍ പത്രം ചിലവാകില്ല സര്‍" ആസന്ന മരണന്റെ അവസാന പ്രാര്‍ഥനയുടെ സ്വരത്തില്‍, പത്രപ്രവര്‍ത്തകന്‍ എന്ന അഹങ്കാരം അല്‍പ്പം മുന്‍പ് വരെ സൂക്ഷിച്ചിരുന്നവന്‍ പറഞ്ഞു

"പോയി എഴുതിക്കോടാ ...നിനക്കിഷ്ടമുള്ളത്‌ എഴുതിക്കോ." ചക്രവര്‍ത്തി പുച്ഛത്തില്‍ പറഞ്ഞു.
"അവസാനമായി എന്തെങ്കിലും കമന്റ് എനിക്ക് എഴുതാന്‍ പാകത്തില്‍ ...ഇന്ത്യക്കാരന് അഭിമാനം തോന്നത്തക്ക എന്തെങ്കിലും ...വയറ്റിപ്പിഴപ്പിന്റെ പ്രശ്നമാണ് സര്‍ .സാറിന്റെ അഭിമാന സൂചകമായ പ്രസ്താവനയില്ലാതെ അങ്ങോട്ട്‌ ചെന്നാല്‍ മുതലാളി എന്നെ വെച്ചേക്കില്ല" കച്ചിത്തുരുമ്പിനായുള്ള കൈകാലടി .
"പോടാ..പോയി എഴുത് ...എന്റെ കൈയ്യില്‍ കാശുണ്ട്. അത് മുടക്കി ഞാന്‍ എന്ത് ചെയ്താലും എനിക്ക് കൊള്ളാം. നാളെ ഈ വാങ്ങിയ പുരാവസ്തുക്കള്‍ ഭാരത സര്‍ക്കാരിന് ഞാന്‍ പിച്ചയായി നല്‍കിയാലും അത് കൊണ്ടുള്ള പ്രയോജനം എനിക്കു മാത്രം. അഷ്ടിക്കു വകയില്ലാത്തവന്‍ ഇത്തരം കാര്യങ്ങളില്‍ അഭിമാനമോ, അപമാനമോ കാണാന്‍ നില്‍ക്കാതെ, ഉള്ള നേരത്ത് നാല് ചോട് കപ്പയോ കിഴങ്ങോ നട്ടാല്‍, മാന്ദ്യം രൂക്ഷമാകുമ്പോള്‍ പാണ്ടി ലോറിയില്‍ വരുന്ന പച്ചക്കറിക്ക് കൊടുക്കാന്‍ കാശില്ലാതെ തെണ്ടേണ്ടി വരില്ല"

എരിഞ്ഞു കരിഞ്ചാമ്പലടിച്ച് പറന്നു പോയ പത്ര ജീവിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യേണ്ട ജോലി കൂടി അവന്റെ വീട്ടുകാര്‍ക്ക് ലാഭമായി എന്നത് പിന്‍കുറിപ്പ്.

Thursday, March 5, 2009

എ കെ 47:ചേരി നിവാസികള്‍,എന്‍റെ സഹോദരങ്ങള്‍

എ കെ ഗ്രൂപ്പ് പുറത്തിറക്കുന്ന പുതിയ മാസികയായ എ കെ 47 നില്‍,പകല്‍ പ്രമുഖ ബുദ്ധിജീവിയും,വൈകുന്നേരങ്ങളില്‍ നഗരത്തിലെ കിറ്റീ പാര്‍ട്ടികളുടെ ആത്മാവും,ചില നേരങ്ങളില്‍ പത്ര പ്രവര്‍ത്തകയുമായ തകരപ്പറമ്പില്‍ കാര്‍ത്ത്യായനി ,ക്ഷമിക്കണം, മിസിസ്സ് ക്യാര്‍ത്തി ടിന്‍ഫീല്‍ഡ് 'എന്‍റെ ഐ ബാള്‍സ്സിലൂടെ' എന്ന പരമ്പര എഴുതുന്നു.


എന്‍റെ ഐ ബാള്‍സ്സിലൂടെ :

ഇത്രയും വിരസമായ ഒരാഴ്ച്ച എന്‍റെ ലൈഫില്‍ ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു.തിങ്കളാഴ്ച്ച രാവിലെ പ്രസ്സ് ക്ലബ്ബില്‍, 'സ്ലം ഡോഗ് മില്ല്യണറും ഇന്ത്യക്കാരുടെ ഇരട്ടത്താപ്പും', എന്ന വിഷയത്തില്‍ ഒരു ചര്‍ച്ചയുണ്ടായിരുന്നു എന്നത് മാത്രമാണ് ഒരാശ്വാസമായി തോന്നിയത്.
അതില്‍ പങ്കെടുക്കാന്‍ ഇറങ്ങുമ്പോഴാണ് ഹബിക്ക് ഒരു ചെറിയ മാസ്സീവ്‌ അറ്റാക്ക്. വീട്ടില്‍ ജോലിക്കാരുണ്ടായിരുന്നത് ഭാഗ്യം. അവരങ്ങേരെ ഓട്ടോ വിളിച്ച് ആശുപത്രിയിലാക്കിയത് കാരണം കാര്‍ എനിക്ക് ഫ്രീയായി കിട്ടി. സമയത്ത് പ്രസ്സ് ക്ലബ്ബില്‍ എത്താനും സാധിച്ചു.

അവിടെ മിക്കവാറും എല്ലാം പരിചിത മുഖങ്ങളായിരുന്നു. ചര്‍ച്ച ശരിക്കും ഇന്ത്യക്കാരുടെ ഇരട്ടത്താപ്പ് പൊളിച്ചു കാണിച്ചു എന്ന് തന്നെ പറയാം.
ചര്‍ച്ചയില്‍ ഉടനീളം,'റബര്‍ മര'യിലെ മാത്യൂ ഊത്തുപുരയില്‍ നിറഞ്ഞു നില്‍ക്കുയയായിരുന്നു. പ്രിയദര്‍ശനെയും,അമിതാബ് ബച്ചനെയും പോലുള്ള ദന്തഗോപുരവാസികള്‍ക്കും,മറ്റു പലര്‍ക്കും,ഭാരതത്തില്‍ വൃത്തികെട്ട ചേരികളുണ്ടെന്ന് ലോകത്തിനു ലോകത്തിന് മുന്നില്‍ തുറന്ന് സമ്മതിക്കാന്‍ മടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത് കൊണ്ടാണവര്‍ സ്ലം ഡോഗ് പോലൊരു ചിത്രത്തെ തള്ളി പറയുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ചേരികള്‍ ഇന്ത്യയില്‍ ഒരു വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണെന്നും, അത് സായിപ്പിന് മുന്നില്‍ തുറന്നു പറയുവാന്‍ മടിയുള്ളവര്‍ വെറും ഫ്രാഡുകളാണെന്നും ഊത്തുപുരയില്‍ സാര്‍ പറഞ്ഞപ്പോള്‍, സത്യത്തില്‍ എന്റെ മനസ്സ് അഭിമാനത്തല്‍ തുള്ളിച്ചാടുകയായിരുന്നു. എത്ര ധീരനും,സത്യസന്ധനുമായ മനുഷ്യന്‍!!!

തുടര്‍ന്ന് അദ്ദേഹം രാജ്യ സ്നേഹത്തെക്കുറിച്ച് പറയുവാന്‍ തുടങ്ങിയപ്പോള്‍,സംസ്കാരമില്ലാത്ത ഒരുവന്‍ ഇടയ്ക്കു കയറി. ഏതോ പുതിയ പത്രത്തിന്റെ ആളാണെന്നു തോന്നുന്നു. പേര് പോലും എനിക്ക് ഓര്‍മയില്ല. അവന്‍ ഊത്തുപുരയില്‍ സാറിനോട് ചോദിക്കുകയാണ്, "സ്ലം ഡോഗ് ഓസ്കാറുകള്‍ തൂത്തു വാരിയത് കൊണ്ടോ ,കുറെ പത്രക്കാരും, വിദേശത്തെ ബുദ്ധിജീവി നാട്യമുള്ള ഇന്ത്യക്കാരും സായിപ്പിന്റെ മുന്നില്‍ 'ദാണ്ടെ സായിപ്പേ നല്ല അത്യുഗ്രന്‍ ചേരി. ഇവിടെ ചേറിലാണ്ട ജീവിതങ്ങളെല്ലാം എന്‍റെ സഹോദരി സഹോദരന്‍മാരാണ്' എന്ന് നെഞ്ചും വിരിച്ചു പറഞ്ഞത് കൊണ്ടോ സത്യത്തില്‍ ഒരു ഇന്ത്യക്കാരന് അഭിമാനിക്കാന്‍ സാധിക്കുമോ?ഇതിനെക്കാളുമൊക്കെ അഭിമാനമുണ്ടാകില്ലേ, പത്രങ്ങളുടെയും മറ്റു മാധ്യമങ്ങളുടെയും സഹായത്തോടെ , ചേരി നിവാസികളെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലേക്ക് കൊണ്ട് വരുവാന്‍ അതാത്‌ സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തി, പതുക്കെ പതുക്കെ ചേരികള്‍ തന്നെ ഇല്ലാതാക്കുന്നതില്‍? "എന്നൊക്കെ. പാവം ഊത്തുപുരക്കല്‍ സാര്‍ ,എന്ത് മറുപടി പറയണം എന്നറിയാതെ നിന്ന് പോയി. അതുകൊണ്ടവന്‍ നിറുത്തിയോ? വീണ്ടും അവന്‍ ചോദിക്കുകയാണ്, "അതിനു ശേഷം സായിപ്പിനോട്‌ പോടാ പുല്ലേ ,ഞങ്ങളുടെ സഹോദരി സഹോദരന്മാരെല്ലാം നിങ്ങളുടെ നാട്ടില്‍ പലരും ജീവിക്കുന്നതിനേക്കാള്‍ അന്തസായിട്ടാണ് ജീവിക്കുന്നതെന്നും, പ്രിയദര്‍ശനോടും ,അമിതാബ് ബച്ചനോടും വെറുതെ കാണാ കുണാ പറയാതെ ഇങ്ങനെ വല്ല പ്രയോജനമുള്ള കാര്യവും ചെയ്യ് എന്നും പറയുന്നതല്ലേ ഈ വിമര്‍ശനങ്ങളെക്കാളൊക്കെ നല്ലത്?" എന്ന്.

കേട്ടപ്പോള്‍ എനിക്കങ്ങ് ദേഷ്യം വന്നു. എന്ത് വിഡ്ഢിത്തമാണ് അവന്‍ പറയുന്നത്. ചേരിയില്‍ ഉള്ള ലോ ലൈഫുകളെ, പത്രങ്ങള്‍ എഴുതി, എഴുതി ഒടുവില്‍ സര്‍ക്കാര്‍ അവരെ നല്ല ജീവിത നിലവാരത്തിലേക്ക് കൊണ്ട് വന്നാല്‍, ഡാനി ബോയലിനെ പോലുള്ളവര്‍ സിനിമയെടുക്കാന്‍ എവിടെ പോകും. ഓസ്കാറുകള്‍ നമുക്ക് കിട്ടിയില്ലെങ്കില്‍ പിന്നെ നാം എന്തെടുത്തിട്ട് അഭിമാനം കൊള്ളും.മാത്രമല്ല,നിങ്ങള്‍ തന്നെ ഒന്നാലോചിച്ചു നോക്ക്. നിങ്ങളുടെ വീട്ടില്‍ വരുത്തുന്ന പത്രത്തിന്റെ മുന്‍ പേജില്‍ ധാരാവി ചേരികളുടെ ദാരുണാവസ്ഥയും, സര്‍ക്കാരുകള്‍ ആ പ്രദേശത്തോട് കാണിക്കുന്ന അവജ്ഞയെയും കുറിച്ചൊക്കെ ഒന്നോ രണ്ടോ ദിവസം തുടര്‍ച്ചയായി എഴുതുന്നത്‌ ഓ കെ. അത് കഴിയുമ്പോള്‍,നിങ്ങള്‍ക്ക് ആ വാര്‍ത്തകള്‍ ബോറടിക്കില്ലേ?

നേരെ മറിച്ച് സ്ലം ഡോഗിന് അവാര്‍ഡുകള്‍ കിട്ടിയ വാര്‍ത്ത , അവാര്‍ഡ് ജേതാക്കളുടെ ജീവചരിത്രം, അവരുമായുള്ള അഭിമുഖം, അവരെ അഭിനന്ദിച്ച് പ്രമുഖര്‍ എഴുതുന്ന ഓര്‍മ്മക്കുറിപ്പുകള്‍, പ്രിയദര്‍ശന്റെയും,അമിതാബിന്റെയും അഭിപ്രായങ്ങള്‍, അവരെ വിമര്‍ശിച്ച് കൊണ്ടുള്ള ലേഖനങ്ങള്‍ ,അങ്ങനെ ഒരാറ് മാസം പോയാലും നിങ്ങള്‍ക്ക് മുഷിയുമോ? ഇല്ല.
അപ്പോഴാണ്‌ ചേരികള്‍ സര്‍ക്കാരുകളെക്കൊണ്ട് നരുദ്ധരിപ്പിക്കാനുള്ള ലേഖനങ്ങള്‍ എഴുതണം എന്ന് ഒരുത്തന്‍ പറയുന്നത്.

നമ്മുടെ സര്‍ക്കാരുകളല്ലേ? ഈ പ്രശ്നം ഒന്ന് ശ്രദ്ധിക്കാന്‍ തന്നെ, ചുരുങ്ങിയത് ഒരു വര്‍ഷം തുടര്‍ച്ചയായ് പത്രങ്ങളും ,മാസികകളും ഇത് തന്നെ മുഖ്യ വിഷയമായി കൈകാര്യം ചെയ്യേണ്ടി വരും. വായനക്കാര്‍ക്ക്‌ ബോറടിച്ച്, സര്‍ക്കുലേഷന്‍ കുറഞ്ഞാല്‍ അവന്‍ സമാധാനം പറയുമോ?

എന്തായാലും ഊത്തുപുരയില്‍ സാറിന് വല്യ വിഷമമായിപ്പോയി.ഒടുവില്‍ ആ അഹങ്കാരിയെ ഇറക്കി വിട്ട ശേഷമേ സാര്‍ പ്രസംഗം തുടര്‍ന്നുള്ളു

പക്ഷേ പോകുന്നതിന് മുന്‍പ് അവന്‍ ,"ഓസ്കാര്‍ അഭിമാനികള്‍ ആരും ഒരു മുന്‍ ഓസ്കാര്‍ വിജയ ചിത്രത്തിലെ നായികാ ഇപ്പോള്‍ കല്‍ക്കട്ടാ സോനാഗഞ്ചില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവരം അറിയാത്തതോ,അതോ സ്ലം ഡോഗിന്റെയത്ര വാര്‍ത്താ പ്രാധാന്യം ഇല്ലാത്തതിനാല്‍ മനപൂര്‍വ്വം അറിഞ്ഞില്ലെന്നു നടിക്കുന്നതോ? " എന്ന് കൂടി ചോദിച്ച് കളഞ്ഞു.

വര്‍ഷങ്ങള്‍ക്കു ശേഷവും ആ വാര്‍ത്ത ഉയര്‍ന്നു വന്നാല്‍, വല്ലവര്‍ക്കും ഓസ്കാര്‍ കിട്ടിയതിനും, ചേരിയിലെ ജീവനുകള്‍ നമ്മുടെ സഹോദരി സഹോദരന്‍മാരാണെന്ന് വിളിച്ച് കൂവുന്നതിലും അഭിമാനം കൊള്ളുകയല്ലാതെ,ചേരി നിവാസികളുടെ നന്മക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിവില്ലാത്തവരാണ് നമ്മള്‍ എന്ന് ലോകം പറയില്ലേ? അതിനു നാം ഇട കൊടുക്കാമോ? അത് കൊണ്ടല്ലേ ഇത്തരം വാര്‍ത്തകള്‍ നാം കുഴിച്ചു മൂടുന്നതും,സ്ലം ഡോഗിനെച്ചൊല്ലി അഭിമാനിക്കുന്നതും .

ഏതായാലും അവനെ ഇറക്കി വിട്ട ശേഷം ഊത്തുപുരയില്‍ സാര്‍ പ്രസംഗം തുടര്‍ന്നു. രാജ്യസ്നേഹികളായ ഇന്ത്യക്കാരെല്ലാം ചേരി നിവാസികളെ സ്വന്തം സഹോദരി , സഹോദരന്മാരായി കാണുമെന്നും ('കാണുക മാത്രമേ ചെയ്യു' എന്ന് ആ അഹങ്കാരി, അടഞ്ഞ് കൊണ്ടിരുന്ന വാതിലിന് അപ്പുറത്ത് നിന്നും വിളിച്ചു പറഞ്ഞോ എന്നൊരു സംശയം) ,എല്ലാ ഇന്ത്യക്കാരും അങ്ങനെ രാജ്യ സ്നേഹികളാവുന്ന ദിവസമാണ്‌ തന്‍റെ സ്വപ്നമെന്നും സദസ്സിനോട് സംസാരിക്കവേ അദേഹം പറഞ്ഞു.

തത്കാലം ഇത്ര മാത്രം. അടുത്ത ലക്കത്തിലെങ്കിലും കൂടുതല്‍ വിശേഷങ്ങള്‍ നിങ്ങളുമായി പങ്കു വെയ്ക്കാന്‍ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
ഇനി വേണം ജോലിക്കാരെ വിളിച്ച്,അങ്ങേരെ കിടത്തിയിരിക്കുന്നത് ഏത് ആശുപത്രിയിലാണെന്ന് ചോദിച്ചിട്ട്,ഒന്ന് പോയി കാണാന്‍.

ക്യാര്‍ത്തി ടിന്‍ഫീല്‍ഡ്

Tuesday, March 3, 2009

അമേരിക്കയിലും സംവരണം!!!

സാമ്പത്തിക മാന്ദ്യം മറികടക്കുവാന്‍ എഴുനൂറ്റി എണ്പത്തിയേഴ് ബില്ല്യണ്‍ ഡോളറിന്റെ 'ഇക്കണോമിക്ക് സ്റ്റിമുലസ്സ് ബില്‍' ഒപ്പ് വെച്ച നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമയുടെ അടുത്ത നീക്കം, അമേരിക്കയിലെ കറുത്ത വര്‍ഗ്ഗകാരുടെ സമഗ്രമായ ഉന്നമനമായിരിക്കും.ഈ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടി,നിലവിലെ സ്ഥിതിഗതികള്‍ വിശദമായി പഠിച്ച്,സത്വര നടപടികള്‍ സ്വീകരിക്കാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുവാനായി, മലയാളം ബ്ലോഗില്‍ വിളയാടുന്ന മൂന്ന് പ്രമുഖരെ ഒബാമ അടുത്തിടെ തിരഞ്ഞെടുക്കുകയുണ്ടായി.
ഈ മൂവരും,എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍, വെറും കാപെറുക്കികളും അതിലുപരി മാനസിക രോഗികളുമാണ്.പക്ഷേ എന്‍റെ അഭിപ്രായം മാനിക്കാന്‍ ഒബാമ എന്‍റെ മച്ചമ്പിയൊന്നുമല്ലാത്തതിനാല്‍,അങ്ങേര്‍ അങ്ങേരുടെ തീരുമാനവുമായി മുന്നോട്ടു പോവുക തന്നെ ചെയ്തു.
(ആ മൂന്ന് മനോരോഗികളുടെയും നാമങ്ങള്‍ ഞാന്‍ ഇവിടെ വെളിപ്പെടുത്തുന്നില്ല. ഊഹങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യം വായനക്കര്‍ക്കുണ്ട് എന്ന് ഞാന്‍ പറഞ്ഞിട്ട് വേണ്ടല്ലോ അറിയാന്‍)

വിഷയത്തിലേക്ക് വരാം.ഈ മൂങ്ങ ക്ഷമിക്കണം മൂന്നംഗ വിദഗ്ദ്ധ സമതി, ഏറെ പഠനങ്ങള്‍ക്കൊടുവില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍,അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനായി സ്വീകരിക്കേണ്ട ചില നടപടികളെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് വായിച്ചു കണ്ണ് നിറഞ്ഞ് പോയ ഒബാമ,സമതിയിലെ ഏറ്റവും മുറ്റിയ മനോരോഗിക്ക്,സെനറ്റില്‍ ഈ വിഷയത്തെക്കുറിച്ച് പ്രസംഗിക്കാന്‍ അവസരമൊരുക്കിക്കൊടുത്തു.
മലയാളത്തിലായിരുന്നു മനോരോഗിയുടെ അലക്ക്. സെനറ്റിന് അത് തര്‍ജ്ജിമ ചെയ്തു കൊടുത്തവന്‍,പ്രസംഗത്തിലെ പല പദങ്ങളും കേട്ട് ബി പി കൂടി,ഒടുവില്‍ ഹൃദയം തകര്‍ന്ന് മരിക്കുകയായിരുന്നു. ചരിത്രത്തിലേക്ക് ഇഴഞ്ഞ് കയറാന്‍ സാധ്യതയുള്ള ആ പ്രസംഗമാണ് ചുവടെ :

"മഹനീയമായ ചില ആശയങ്ങളുടെ സഹായത്തോടെ അമേരിക്കയെ,പൂര്‍ണ്ണമായിട്ടല്ലെങ്കിലും,കഴിയുന്നത്ര ഭാരതത്തിന്റെ പരുവത്തിലാക്കുക, ക്ഷമിക്കണം, മാതൃകയിലാക്കുക എന്ന ഐതിഹാസിക ദൌത്യമാണ് ഞങ്ങള്‍ മൂവരിലും ചുമത്തപ്പെട്ടിരിക്കുന്നത്. അതിലേക്കായി, വിശദമായ പഠനങ്ങള്‍ തന്നെ ഞങ്ങള്‍ അമേരിക്കന്‍ സാമൂഹിക വ്യവസ്ഥിതിയെക്കുറിച്ച് നടത്തി എന്ന് ഈ അവസരത്തില്‍ നിങ്ങളെ അറിയിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങളാണ് ഈ പഠനത്തിലൂടെ ഞങ്ങള്‍ക്ക് മനസിലാക്കുവാന്‍ സാധിച്ചത്. അമേരിക്കന്‍ സാമൂഹിക വ്യവസ്ഥിതി കമ്പ്ലീറ്റ് പ്രശ്നങ്ങളാണ്. ഈ പ്രശ്നങ്ങള്‍ക്കെല്ലാം മൂല കാരണമോ?ബ്രാഹ്മണ്യത്തിന്റെ വിഷ പുകയേറ്റ്,അഹങ്കാരത്തിന്റെ ഭാംഗ് കുടിച്ച് മദിക്കുന്ന സായിപ്പിന്റെ നായര്‍ മാടമ്പിത്ത്വവും.

കറുത്ത വഗ്ഗക്കരുടെ സാമൂഹിക ഉന്നമനത്തിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് ഞങ്ങളുടെ പ്രാഥമിക കര്‍ത്തവ്യം. പക്ഷെ ഈ ഉന്നമനം സാധ്യമാവണമെങ്കില്‍ ആദ്യം വേണ്ടത് വെളുമ്പന്‍റെ വമ്പിനെ ഇല്ലായ്മ ചെയുകയാണ്. അതിനുള്ള വിശദമായ നിര്‍ദ്ദേശങ്ങള്‍ ഞങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്.എങ്കിലും അതിലെ കാതലായ ഭാഗങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ഇവിടെ അവതരിപ്പിക്കുന്നു.

വംശീയമായ വേര്‍തിരിവ് അമേരിക്കയില്‍ നിയമം മൂലം നിരോധിച്ചിട്ട് കാലങ്ങളായി.ഒരു കറുത്ത വര്‍ഗ്ഗക്കാരനെ സായിപ്പന്മാരെല്ലാം കൂടി വോട്ട് ചെയ്ത് അമേരിക്കയുടെ രാഷ്ട്രപതി വരെയാക്കി. പക്ഷേ ഇതു കൊണ്ടൊന്നും സായിപ്പിന്റെ മനസ്സിലെ ബ്രാഹ്മണ/നായര്‍ മാടമ്പി മരിക്കുന്നില്ല. അവനെ തല്ലിക്കൊന്നാല്‍ മാത്രമേ കറുത്ത വര്‍ഗ്ഗക്കാരന് ഉന്നമനം ഉണ്ടാകു.
സായിപ്പിന്റെ അഹങ്കാരം തീരണമെങ്കില്‍,ആദ്യം വേണ്ടത് ചരിത്രത്തിന്റെ തന്നെ ഒരു പൊളിച്ചെഴുത്താണ്. കറുത്ത വര്‍ഗ്ഗക്കാരല്ലാത്ത സകലവനും, അമേരിക്കയിലെ ചൈനീസ്‌ കുടിയേറ്റക്കാര്‍ വരെ,കമ്പ്ലീറ്റ് ആര്യന്‍ അധിനിവേശത്തിന്റെ ജാരസന്തതികളാണെന്ന ചരിത്ര സത്യം ജന മനസുകളില്‍ നാം കുത്തിക്കയറ്റണം. ഞങ്ങളുടെ സമതിയില്‍,ചരിത്രത്തില്‍ അടകോടന്‍ യൂണിവേര്‍സിറ്റിയില്‍ നിന്നും പി എച്ച് ഡി എടുത്ത കാപെറുക്കി,ആര്യന്‍ ജാര സന്തതികളുടെ ചരിത്രം ബ്ലോഗുകളിലൂടെയും, പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കുന്നതാണ്. മാത്രമല്ല,'അഥിനി ദേവിയുടെ ആര്‍ത്തവ ചക്രം' , 'സിയൂസും , ജോര്‍ജ് ബുഷും , ഞാനും തമ്മിലെ ത്രികോണ സ്വവര്‍ഗ്ഗ പ്രണയം' 'ഞാന്‍ കുടിച്ച് വറ്റിച്ച സെപ്റ്റിക്ക് ടാങ്കുകള്‍' തുടങ്ങി, ഞാന്‍ ബ്ലോഗില്‍ എഴുതിയ, ആത്മകഥാംശമുള്ള സ്ഫോടനാത്മക സാമൂഹിക ലേഖനങ്ങളുടെ ഒരു സമാഹാരവും,മേല്‍പ്പറഞ്ഞ ചരിത്രത്തിന്റെ പ്രചാരണത്തിന് വേണ്ടി പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നതാണ്. എന്‍റെ കൂടുതല്‍ ലേഖനങ്ങള്‍ പുസ്തകത്തിലുത്പ്പെടുത്തണോ എന്ന് സെനറ്റ് അംഗങ്ങള്‍,എന്‍റെ ബ്ലോഗ് മുഴുവന്‍ വായിച്ച ശേഷം അറിയിക്കുക.

ചരിത്രത്തിന്റെ പ്രചാരണത്തിന് ഈ നടപടികള്‍ മാത്രം പോര. അമേരിക്കയിലെ ഓരോ കറുത്തവര്‍ഗ്ഗക്കാരനും തന്‍റെ മക്കളെ സായിപ്പിന്റെ വീട്ടിനു മുന്നില്‍ ചെന്ന് നിന്ന് 'ഫ്രാഡ് ദൈവമായ മഹാവിഷ്ണുവിന്റെ കപട അവതാരമായ ഹിറ്റ്ലറുടെ ജാരസന്തതികളുടെ പിന്‍തലമുറക്കാരെ,ബ്രാഹ്മണ/നായര്‍ പരിഷകളെ!!!' എന്ന് വിളിച്ച് കൂവാന്‍ പഠിപ്പിക്കണം. ഷോട്ട് ഗണ്‍ തുടങ്ങിയ മാരകായുധങ്ങള്‍ സ്വന്തമായി ഇല്ല എന്ന് ഉറപ്പുള്ള സായിപ്പന്മാരുടെ വീടുകള്‍ക്ക് മുന്നില്‍ ഞാനും വരാം,തെറി വിളിക്കുവാന്‍.

ഇതോടെ അമേരിക്കയുടെ യഥാര്‍ത്ഥ അവകാശികള്‍ സത്യത്തില്‍ റെഡ് ഇന്ത്യന്‍സ് പോലുമല്ല, മറിച്ച് ആഫ്രോ അമേരിക്കന്‍ വര്‍ഗ്ഗമാണ് എന്ന ചരിത്ര സത്യം ലോകത്തിന് ബോധ്യപ്പെടും.

ഇനി നമുക്ക് വേണ്ടത് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കറുത്ത വര്‍ഗ്ഗത്തെ കൊണ്ടു വരിക എന്നുള്ളതാണ്.പഠനത്തിന്റെയും,തൊഴിലിന്റെയും മഹത്വം പ്രചരിപ്പിക്കാനും,അത് വഴി ഈ മാര്‍ഗ്ഗങ്ങളിലേക്ക് ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ കടന്ന് വരുന്നത് പ്രോത്സാഹിപ്പിക്കാനുമായി,അമേരിക്കയില്‍ നിലവിലുള്ള 'അഫിര്‍മേറ്റീവ് ആക്ഷന്‍' എന്ന നയം പാടെ ഉപേക്ഷിക്കുകയാണ് ഇതിലേക്കുള്ള ആദ്യ പടി. നമുക്ക് വേണ്ടത് സംവരണമാണ്.മെറിറ്റും,കോപ്പും ഒന്നുമില്ലാത്ത മുട്ടന്‍ സംവരണം. പബ്ലിക്ക് സ്ക്കൂളുകളില്‍ മാത്രമല്ല, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, എന്തിന് എം ഐ റ്റി , ഹാര്‍വാര്‍ഡ്‌ തുടങ്ങിയ ഫ്യൂഡല്‍ അരജാകത്ത്വത്തിന്റെ പ്രചാരകരായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വരെ,ചുരുങ്ങിയത് എഴുപതു ശതമാനം സീറ്റുകളും കറുത്തവര്‍ഗ്ഗക്കാര്‍ക്കായി നിയമം വഴി സംവരണം ചെയ്യണം.

മെറിറ്റ് എന്ന വാക്ക് മിണ്ടുന്നവനെ, പ്രത്യേകിച്ച് അവന്‍ സായിപ്പാണെങ്കില്‍, തൂക്കി അകത്തിടണം. വിദ്യാഭ്യാസത്തില്‍ മാത്രമല്ല ജോലികളുടെ കാര്യത്തിലും സംവരണം ഏര്‍പ്പെടുത്തണം. ഈ പദ്ധതിയുടെ തുടക്കത്തില്‍,ഉന്നത സ്ഥാനങ്ങളിലേക്ക് യോഗ്യരായവരെ കറുത്ത വര്‍ഗ്ഗക്കാര്‍ക്കിടയില്‍ നിന്നും കണ്ടെത്താനാവില്ലെങ്കില്‍, കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നും പിന്നോക്ക സമുദായക്കാരെ കൊണ്ട് വന്ന്,അവര്‍ക്ക് അമേരിക്കന്‍ പൌരത്വം നല്‍കി നാം ഉദാഹരണങ്ങള്‍ സൃഷ്ടിക്കണം. ഇതിന്‍റെ പ്രാരംഭ നടപടികളായി ഹിലാരി ക്ലിന്റനെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനത്ത്‌ നിന്നും പിരിച്ചു വിട്ട്, സി.കെ.ജാനുവിനെ തത്സ്ഥാനത്ത്‌ നിയമിക്കണം. എഫ് ബി ഐ ഡയറെക്ടര്‍ റോബര്‍ട്ട് മ്യൂള്ളറെ മാറ്റി,പകരം കേരളത്തിലെ മൂന്നാര്‍ പൂച്ചകളില്‍ ഒരുവനായ ജപ്പാന്‍ ഐ പി എസ്സിനെ നിയമിക്കണം.മൂന്നിന്റെയന്ന് റിപബ്ലിക് പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി ഒബാമാക്കിട്ട് പ്ലാങ്ക് വലിച്ച്, അങ്ങേര്‍ സ്വന്തം കഴിവ് തെളിയിച്ചില്ലെങ്കില്‍ എന്നോട് ചോദിച്ചോ.
ഒരിക്കല്‍ ജോലിക്ക് കയറിക്കൂടിയാല്‍ പിന്നെയൊരുത്തനും അങ്ങേരെ പിരിച്ച് വിടാനും പറ്റില്ല. കാരണം എന്തിന്റെ പേരിലായാലും , ആരെങ്കിലും അങ്ങേര്‍ക്കെതിരെ വല്ല നടപടിയും എടുത്താല്‍, ഉടന്‍ വിദ്വാന്റെ തന്തപ്പടി ,'എന്‍റെ മോന്‍ പിന്നോക്കനായത് കാരണമാണേ ഈ പീഡനം!!!' എന്ന് പത്രക്കാരെ വിളിച്ച് കൂട്ടി കൂവിക്കോളും.
സംവരണത്തിലൂടെ ജോലി നേടുന്നവനെ എന്ത് പോക്ക്രിത്തരം കാണിച്ചാലും ഒരു പുല്ലനും തൊടാന്‍ സാധിക്കില്ല എന്ന് കറുത്ത വര്‍ഗ്ഗക്കാര്‍ മനസിലാക്കുമെന്നതാണ് ഇത് കൊണ്ടുള്ള ഗുണം.

ഇങ്ങനെയുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വരുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം,കറുത്ത വര്‍ഗ്ഗക്കാര്‍ക്കിടയില്‍ ദുരഭിമാനികള്‍ പലരും കാണും എന്നതാണ്. 'യാചകര്‍ക്കും,ഭവനരഹിതര്‍ക്കും ഷെല്‍റ്ററുകളില്‍ വിതരണം ചെയ്യുന്ന സൗജന്യ സൂപ്പ് പോലെയാണ് സംവരണം, അത് ഞങ്ങള്‍ക്ക് വേണ്ട, ഞങ്ങള്‍ സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനുള്ള വഴി കണ്ടെത്തിക്കൊള്ളാം' എന്നൊക്കെ അവന്മാര്‍ പറയുവാന്‍ സാധ്യതയുണ്ട്. അങ്ങനെ പറയുന്നവന്മാരെ പിന്നെ ജീവിക്കാന്‍ അനുവദിക്കരുത്. വിഷം കുത്തി വെയ്ച്ച് കൊല്ലണം.
സംവരണം എന്നത് കറുത്ത വര്‍ഗ്ഗക്കാരന്റെ ഉന്നമനത്തിനുള്ള ഉപാധി എന്നതിനേക്കാള്‍,സായിപ്പിനെ ഒതുക്കാനുള്ള ആയുധം എന്ന നിലയില്‍ സമീപിക്കേണ്ട ഒരു പ്രതിഭാസമാണ്. അതിനെ എതിര്‍ക്കുന്നവര്‍ക്ക്,അവന്‍ വെളുത്തവനോ ,കറുത്തവനോ ആകട്ടെ, മരണമാണ് വിധി.

കിഴക്ക് ദിക്കിന്റെ ചരിത്രം പരിശോധിച്ചാല്‍ ,സംവരണത്തെ ഒരു ആയുധമായി കാണുന്നതിന്റെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാവുന്നതാണ്.
ഉദാഹരണത്തിന്‌, ഒരു രാജ്യത്തെ സമൂഹത്തില്‍ ചരിത്രാതീത കാലത്ത് മാടമ്പിമാര്‍ പീഡിപ്പിച്ചിരുന്ന പിഗ്മി, ലിള്ളിപുട്ടിയന്‍, കടലാടി,ചപ്പാണി തുടങ്ങിയ ജാതിക്കാര്‍ക്ക് ഈ നൂറ്റാണ്ടില്‍ സംവരണം ഉണ്ടെന്ന് കരുതുക. ജാതി വ്യവസ്ഥ അവിടെ നിയമം മൂലം നിരോധിച്ചിട്ടുമുണ്ട്. ആ രാജ്യത്ത്, 'കടലാടി' ജാതിക്ക് നിയമം അനുവദിച്ചിട്ടുള്ള സംവരണത്തിന്റെ സകല ആനുകൂല്യങ്ങളും വടിച്ച്‌ നക്കുന്ന ഒരു സഹോദരനെ ആരെങ്കിലും 'കടലാടി' എന്ന് വിളിച്ചാല്‍ അത് 'ജാതി പറഞ്ഞ് അക്ഷേപിക്കല്‍' എന്ന ഘോര പാമാണ്. അങ്ങനെ വിളിച്ചവന്റെ പരിപ്പെടുക്കാന്‍ നിയമങ്ങളുണ്ട്. അപ്രകാരമായിരിക്കണം അമേരിക്കയില്‍ നിയമ ഭേദഗതി കൊണ്ട് വരേണ്ടത്.
കറുത്തവര്‍ഗ്ഗക്കാരെ മൊത്തത്തില്‍ 'നീഗ്രോ' എന്ന ജാതിയായി അംഗീകരിച്ച് വേണം ഈ ആനുകൂല്യങ്ങള്‍ എല്ലാം നല്‍കാന്‍. നീഗ്രോ എന്ന ജാതിപ്പേരില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവനെ, സായിപ്പ്,എന്തും തുറന്ന് പറയുന്ന അവന്‍റെ സ്വഭാവം വെച്ച് 'നീഗ്രോ' എന്ന് തന്നെ വിളിക്കും. അപ്പോള്‍ ജാതിപ്പേര് പറഞ്ഞ് അപമാനിച്ചതിന് അവനെ നമുക്ക് അകത്താക്കാം. എങ്ങനെയുണ്ട് ഐഡിയ?

മറ്റൊരു പ്രധാന വസ്തുത കൂടി ഈ അവസരത്തില്‍ എടുത്ത്‌ പറയേണ്ടതുണ്ട്. സംവരണം നടപ്പിലാക്കിയാല്‍, എത്ര കാലം കൊണ്ട് നമ്മള്‍ പറയുന്ന സമത്വം സമൂഹത്തില്‍ നിലവില്‍ വരും എന്ന് ചില ചെറ്റകള്‍ ചോദിക്കുവാനിടയുണ്ട്. ഈ ചോദ്യത്തിന്റെ ഉത്തരങ്ങള്‍, സംവരണം നടപ്പാക്കി ഒരായിരം വര്‍ഷങ്ങള്‍ കഴിഞ്ഞാലും, 'ഇനിയും സമത്വത്തിന് ഏറെ ദൂരം', 'മുഴുവനായിട്ടില്ല,ഇനിയും കുറച്ച് പേര്‍ കൂടി സമന്മാരാകുവാന്‍ ബാക്കി' എന്നോക്കെയായിരിക്കണം.

ഇങ്ങനെയൊക്കെ ചെയ്‌താല്‍ സായിപ്പിന്റെ മനസ്സില്‍ വിദ്വേഷം തലപൊക്കുകയും,അതു വഴി കു ക്ലുക്സ് ക്ലാന്‍,സ്കിന്‍ ഹെഡ്സ് തുടങ്ങിയ സംഘടനകള്‍ വീണ്ടും ശക്തി പ്രാപിക്കുകയും ചെയ്യില്ലേ എന്ന് നിങ്ങള്‍ക്ക് സംശയം തോന്നാം. സംശയിക്കേണ്ട, അവന്‍മാര്‍ ശക്തി പ്രാപിക്കണം. എന്നിട്ട് വന്‍ കലാപത്തിലൂടെ അവന്മാരെയെല്ലാം നമുക്ക് കൊന്നൊടുക്കണം.
കറുത്തവനും വെളുത്തവനും തുല്യരായ ഒരു ലോകം എന്ന മാര്‍ട്ടിന്‍ ലുതര്‍ കിംഗിന്‍റെ സ്വപ്നം തത്കാലം അവിടെ നില്‍ക്കട്ടെ. വെളുത്തവന്റെ പൂര്‍വികര്‍ കറുത്തവരോട് പണ്ട് കാട്ടിയ അതിക്രമങ്ങള്‍ക്ക്,ഇപ്പോളുള്ള സായിപ്പന്മാരും,അവന്റെയൊക്കെ വരാനിരിക്കുന്ന നാല് തലമുറകളും സമാധാനം പറയണം. എന്നിട്ട് മതി സമത്വവും,കിമത്വവുമൊക്കെ. എവിടെടാ പന്ന നായിന്റെ മക്കളെ എന്‍റെ ചെവിയില്‍ വെക്കാനുള്ള ചെമ്പരത്തി!!! "

എ കെയുടെ കുറിപ്പ് :ഐതിഹാസികമായ ഈ പ്രസംഗം കേട്ട ആവേശത്തില്‍ ,പ്രാസംഗികന്റെ ,പുറത്തിറങ്ങാന്‍ പോകുന്ന പുസ്തകത്തെക്കുറിച്ചുള്ള ഒരു നിരൂപണം എഴുതുവാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം കൂടി വായനക്കാരെ അറിയിക്കാന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കുന്നു.ഏറെ വൈകാതെ ആ നിരൂപണം ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.

Monday, March 2, 2009

സ്ത്രീകള്‍ക്ക് വേണ്ടത് അല്ലെങ്കില്‍ പുരുഷന്‍മാര്‍ അറിഞ്ഞിരിക്കേണ്ടത്

ആദി ഗുരു ബഷീറിനെപ്പോലെ നൂറ്റാണ്ടുകള്‍ തപസ്സ് ചെയ്ത്(കുറച്ച് പഴയ കലാലയ ഫലിതങ്ങള്‍ അടിച്ചു മാറ്റിയും) ഉരുവാക്കിയ ചിന്താരത്നങ്ങളാണ് ഇവ. ദയവു ചെയ്ത് വനിതാമണികള്‍ തല്ലാന്‍ വരരുത്.

1) കിടപ്പറയില്‍ അവള്‍ക്ക് തലവേദന വന്നാല്‍ അത് അസുഖം.ആണിന് തലവേദനയെന്നാല്‍ അവനവളോട് പഴയത് പോലെ താത്പര്യമില്ല എന്ന് സാരം. രണ്ട് മൂന്ന് ദിവസം തുടര്‍ച്ചയായ് നീണ്ടു നില്‍ക്കുന്ന തലവേദന, ആണിന് മേല്‍ പരസ്ത്രീ ബന്ധം ആരോപിക്കപ്പെടാന്‍ വരെ കാരണമായേക്കാം. (ഇത് വിവാഹിതര്‍ക്ക് മാത്രമുള്ളതാണ്. കാരണം അല്ലാത്ത ബന്ധങ്ങളില്‍,കിടപ്പറയില്‍ തലവേദനക്ക് സ്ഥാനമില്ല. അഥവാ ഇനി ശരിക്ക് തലവേദന ഉണ്ടെങ്കിലും, ഒരുവിധപ്പെട്ട വേദനയൊക്കെ ഡിസ്പിരിന്‍ മാറ്റും.എന്നാല്‍ വിവാഹിതരുടെ സ്ഥിരമായ തലവേദന മാറ്റാന്‍ എന്റെയറിവിലുള്ള ഏക ഔഷധം,പങ്കാളിയെ മാറ്റലാണ്)

2) വിവാഹം എന്ന പ്രതിഭാസം ,ആണിനും പെണ്ണിനും മൂന്ന് റിങ്ങുകളെ ചുറ്റിയാണ്‌. ആണിന് 'എന്‍ഗേജ്മെന്‍റ് റിങ്ങ്' , 'വെഡിങ്ങ് റിങ്ങ്' ,ഒടുക്കം 'സഫറിങ്ങ്' .
പെണ്ണിന് ആദ്യത്തെ രണ്ട് റിങ്ങും ആണുങ്ങളുടേത് തന്നെ .മൂന്നമത്തേത്, വിവാഹ ശേഷം ആണിനെ അണിയിക്കാനുള്ള 'നോസ് റിങ്ങ്' (മൂക്ക് കയറിടണ്ടേ അവന്‌?).

3) പെണ്ണുങ്ങള്‍ അന്യ പുരുഷനോട് ഇടപഴകുന്നതില്‍ പങ്കാളി അസ്വസ്ഥനായാല്‍ , അവന്‍ വെറും പ്രൂഡ്(ഇനിയും കൂടിയാല്‍ മാഡ്) .
ആണുങ്ങള്‍ അബദ്ധത്തില്‍ ഒരന്യ സ്ത്രീയെ നോക്കിയാല്‍, അവനൊരു ഫ്രോഡ്.

4) അവളുടെ പിറന്നാള്‍ അവന്‍ മറന്നാല്‍ , അവന്‍ ഒരു ഷോവനിസ്റ്റ്.
അവന്‍റെ പിറന്നാള്‍ അവള്‍ മറന്നാല്‍, അവള്‍ ഫെമിനിസ്റ്റ്.
വിവാഹിതരുടെ കാര്യത്തില്‍ , അവളുടെ ബന്ധുക്കളോടുള്ള ചെറിയ അലോഹ്യം പോലും ചിലപ്പോള്‍ ആണിനെ ഷോവനിസ്റ്റിക്ക് പിഗ്ഗാക്കി മാറ്റാം. തിരിച്ച് അവന്‍റെ അമ്മയെ അവള്‍ പട്ടിണിക്കിടുന്നത് ഫെമിനിസവും.(അവള്‍ ജോലിയും,കമ്പനി വക പാര്‍ട്ടിയും കഴിഞ്ഞു വരുമ്പോള്‍ അവന്‍റെ തള്ളക്ക് വെച്ചു വിളമ്പാനല്ലേ നേരം. ഒന്ന് പോണം ഹേ)

5) സൌഹൃദ സദസ്സുകളില്‍,അവന്‍റെ അഭിപ്രായങ്ങളെ അവള്‍ ഖണ്ടിക്കുകയോ, അവനെ കളിയാക്കുകയോ ചെയ്‌താല്‍ അതവളുടെ ഉജ്ജ്വല വ്യക്തിത്വത്തിന്റെ ബഹിര്‍സ്ഫുരണം മാത്രമാണ്.ഇതേ കാര്യങ്ങള്‍ അവന്‍ തിരിച്ച് ചെയ്ത് പോയാല്‍,അത് അവളെ അപമാനിക്കലാണ്.അവനെ തൂക്കിക്കൊല്ലാന്‍ വരെ വകുപ്പുണ്ട്‌.

ഇത്രയും ആണുങ്ങള്‍ അറിഞ്ഞിരിക്കേണ്ട അവശ്യ നിയമങ്ങള്‍.
ഇനി പറയുവാന്‍ പോകുന്നത് , ആണുങ്ങളുടെ സ്വൈര്യ ജീവിതത്തിനുള്ള ചില കാര്യങ്ങള്‍.

ചില ചോദ്യങ്ങളുടെ മറുപടി നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാം. നിങ്ങളുടെ സമാധാന ജീവിതത്തിന്‌ ഉതകുന്ന , രണ്ട് ദിവ്യമായ ഉത്തരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

ഇനിയും മുറുകിയാല്‍ ഞാന്‍ പൊട്ടിത്തെറിക്കും എന്ന് കേഴുന്ന ജീന്‍സോ അത് പോലെയുള്ള മറ്റെന്തെങ്കിലും വസ്ത്രമോ ധരിച്ച് കാമുകി/ഭാര്യ ത്രികോണേ ,ത്രികോണേന്ന് നടന്ന്, നിങ്ങളുടെ മുന്നിലെത്തി 'ഈ ഡ്രെസ്സ് എനിക്ക് ചേരുന്നുണ്ടോ ഡാ/ ചേട്ടാ (ഉം ...ഇപ്പോഴത്തെക്കാലത്ത് കാത്തിരുന്നാല്‍ മതി, ലവള് ചേട്ടാന്ന് വിളിക്കാന്‍) ?' എന്ന് ചോദിച്ചാല്‍ 'ചേരുന്നില്ല' എന്ന സത്യം ഒറ്റവാക്കില്‍ പറയുന്നതാണ് നിങ്ങളുടെ ശീലമെങ്കില്‍, ഇതിനോടകം തന്നെ നിങ്ങള്‍ പരേതനായിട്ടുണ്ടാവും.
മറിച്ച് ' ചേരുന്നുണ്ട്' എന്ന് മറുപടി നല്‍കിയവരില്‍ ഭൂരിഭാഗവും 'അപ്പോള്‍ ഞാന്‍ ഇന്നലെയിട്ട , ചുരിദാര്‍ / സാരി /ലാച്ച എനിക്ക് ചേരില്ല അല്ലേ?.അതിലെനിക്ക് തടി കൂടുതല്‍ തോന്നിക്കുമോ? ' എന്നീ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ച്‌ നിന്നിട്ടുമുണ്ടാവണം.
ഒറ്റവാക്കിലെ ഒരു മറുപടിയുമിവിടെ നിങ്ങളുടെ തടി കാക്കില്ല 'നിന്‍റെ ഫിഗറിന് ഏത് ഡ്രെസ്സും ചേരും' എന്ന് നീര്‍ക്കുതിരയുടെ മുഖത്ത്‌ നോക്കിയും ഇമ ചിമ്മാതെ പറയുവാന്‍ സാധിക്കുന്നവനാണ് ഇവിടെ വിജയി.

ആണിനെ വട്ടം ചുറ്റിക്കുന്ന മറ്റൊരു ചോദ്യം, സൌദര്യത്തെക്കുറിച്ചുള്ള താരതമ്യം നടത്തുന്ന വകയിലേതാണ്. താരതമ്യം നിങ്ങളുടെ ലവളും , ഐശ്വര്യ റായുമായിട്ടോ അല്ലെങ്കില്‍ അയലത്തെ സുന്ദരിയുമായിട്ടോ ആകാം. അദര്‍ വുമണ്‍ ഇവിടെ ആര് തന്നെയായാലും നിങ്ങളുടെ മറുപടി ഒരു സെക്കണ്ട് പോലും താമസിക്കരുത്‌. 'നിന്‍റെ സൌന്ദര്യം താരതമ്യം ചെയ്യാന്‍ നിനക്ക് വേറെ ആരെയും കിട്ടിയില്ലേ?' എന്ന് 'ടക്കനെ' തിരിച്ച് ചോദിക്കുക (ഒരു തരത്തില്‍ അത് സത്യവുമാകാം. അയലത്തെ നെടുവരിയന്‍ സുന്ദരി എവിടെക്കിടക്കുന്നു, കരിക്കലത്തില്‍ തലയിട്ട പൂച്ചയെപ്പോലിരിക്കുന്ന ഇവള്‍ എവിടെക്കിടക്കുന്നു).
'ഹേയ്, അവള്‍ക്ക് നിന്റെയത്ര സൌന്ദര്യം ഇല്ല' എന്ന മറുപടി 'ഓഹോ അപ്പോള്‍ നിങ്ങളവളെ ശ്രദ്ധിക്കാറുണ്ട്, അല്ലേ?" എന്ന കലാപത്തിലും,സത്യസന്ധമായ മറുപടി നിങ്ങളുടെ കൊലപാതകത്തിലും കലാശിച്ചേക്കാം എന്ന് ഓര്‍ക്കുക.

ഒടുവിലായി ഗുരുവിന്റെ വക ഒരശരീരി: അനാദി കാലമായി പലരും ഉത്തരം തേടുന്ന പ്രഹേളികയാണ് .ശാരീരിക ബന്ധത്തില്‍, അധിക സുഖം ലഭിക്കുന്നത്‌ ആണിനോ ,പെണ്ണിനോ?
ചെവിക്കുള്ളില്‍ അസ്വസ്ഥത അനുഭവപ്പെടുമ്പോള്‍ , ചിലപ്പോളെങ്കിലും നിങ്ങള്‍ ചെറുവിരല്‍ ചെവിയിലിട്ട് ഇളക്കാറില്ലേ? അപ്പോള്‍ കൂടുതല്‍ സുഖം കിട്ടുന്നത് ചെവിക്കോ , വിരലിനോ? ഈ ചോദ്യത്തിന്റെ ഉത്തരമറിയുന്നവര്‍ക്ക് മുകളില്‍ പറഞ്ഞ പ്രഹേളികയുടെയും ഉത്തരമറിയാം.

Sunday, March 1, 2009

നാന്‍ കടവുള്‍:ഒരു മലയാളി പ്രേക്ഷകന്‍റെ നിരൂപണം

വായനക്കാരുടെ കത്തുകളില്‍ നിന്നും തമോഗര്‍ത്തം ചീഫ് എഡിറ്റര്‍ എ കെ നേരിട്ട് തിരഞ്ഞെടുത്ത കത്ത് :

നാന്‍ കടവുള്‍ എന്ന  തമിഴ് ചിത്രത്തെയും,ബാല എന്ന സംവിധായകനെയും എന്തിനാണ് പ്രേക്ഷകര്‍ ഇത്രത്തോളം വാഴ്ത്തുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
സത്യത്തിലീ ചിത്രം കണ്ടപ്പോളാണ് ഷാജി കൈലാസ്, വിനയന്‍, പ്രിയദര്‍ശന്‍ തുടങ്ങിയ നമ്മുടെ മലയാളി സംവിധായകന്മാരുടെ മഹത്വം എനിക്ക് ബോധ്യപ്പെട്ടത്‌. ബാല എന്നയാ തമിഴന്‍ വെറുതേ രണ്ട്,രണ്ടര കൊല്ലം അങ്ങേരുടെയും ,അഭിനേതാക്കളുടെയും സമയം പാഴാക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ. ഒപ്പം നിര്‍മ്മാതാക്കളുടെ പണവും.
നമ്മുടെ മലയാളത്തിലെ ചുണക്കുട്ടികളായ സംവിധാന പ്രതിഭകള്‍ ഇതേ ചിത്രം,കുറഞ്ഞ ചിലവില്‍,കുറഞ്ഞ സമയത്തില്‍,കൂടുതല്‍ ഇംപാക്റ്റ് കൊടുത്ത് ചെയ്തേനെ.

ഇപ്പോള്‍ തന്നെ നമ്മുടെ ഷാജി കൈലാസ് എങ്ങാനുമായിരുന്നിരിക്കണം ഈ ചിത്രത്തിന്‍റെ സംവിധായകന്‍.
ചിത്രത്തിലെ നായകനായ ആര്യയുടെ ഇന്ട്രോ, എരിഞ്ഞ് കത്തുന്ന ചിതകള്‍ക്ക് നടുവില്‍ ഉര്‍ത്തവ പത്മാസനത്തില്‍ (തലകുത്തി നിന്ന്,കാലുകള്‍ ചമ്രം പിണച്ചു വെയ്ക്കുന്ന രീതി) നില്‍ക്കുന്നതായിട്ടാണ്.

ഷാജി നായകന്റെ ഇന്ട്രോക്ക് മോഹന്‍ലാലിനെ വെച്ച് കൂടുതല്‍ പഞ്ച് നല്‍കുമായിരുന്നു.
കാശിയില്‍, ചിതകള്‍ എരിഞ്ഞു കത്തുന്ന പുക ഉയരുന്നതിനിടയില്‍ കുറേ അഘോര സന്യാസിമാര്‍ , നായകനെ അന്വേഷിച്ചെത്തുന്ന പിതാവിനോട് 'സന്യാസിമാരിലെ നരസിംഹം വരാനിരിക്കുന്നതേയുള്ളു' എന്ന് പറയുകയും , അത് വഴി പ്രേക്ഷകനെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുകയും ചെയ്തേനെ.
ഒടുവില്‍ 'നരസിംഹം' എന്ന ഗാനത്തിന്റെ തന്നെ അകമ്പടിയോടെ, ഉയരുന്ന പുകയ്ക്കും, ചാമ്പലിനുമിടയിലൂടെ ,ചുവന്ന നിറത്തിലെ തുറന്ന ജീപ്പ് ഓടിച്ച് മോഹന്‍ലാല്‍ സ്ക്രീനിലേക്ക് രംഗപ്രവേശം ചെയ്യും. ജീപ്പില്‍ നിന്നും അദ്ദേഹം കാല്‍ നിലത്ത്‌ കുത്തുമ്പോള്‍, സ്ക്രീന്‍ മൊത്തം ഭൂമികുലുക്കം ഉണ്ടായത് പോലെ ഒന്ന് കുലുങ്ങും.
ഈ ഇംപാക്റ്റ് കിട്ടിയോ ബാലയുടെ നാന്‍ കടവുള്‍ കണ്ട ഏതെങ്കിലും പ്രേക്ഷകന്? ഇല്ലല്ലോ? അതാണ്‌ പറഞ്ഞത് ഷാജി കൈലാസ് പുലിയാണെന്ന്.

ഇന്ട്രോയില്‍ തന്നെ 'ശിവോഹം' എന്ന ഗാനത്തിനിടയില്‍ ,ആര്യയുടെ രുദ്രന്‍ എന്ന കഥാപാത്രം, കുറച്ചാള്‍ക്കാരുമായ് പോരാടുന്ന രംഗങ്ങള്‍ ബാല കാണിക്കുന്നുണ്ട്‌. അഘോരികള്‍ ദുഷ്ടന്മാരെ തിരിച്ചറിയുകയും, അവരെ നിഗ്രഹിക്കാന്‍ സ്വയം കാലഭൈരവ രൂപം സ്വീകരിക്കുകയും ചെയ്യുമെന്ന് ഒരു കിളവന്‍ സ്വാമി ആദ്യ രംഗങ്ങളിലൊന്നില്‍ പറയുന്നത് കൊണ്ട് മാത്രം, ആ സംഘട്ടനത്തിന്റെ ഉദ്ദേശം പ്രേക്ഷകര്‍ക്ക്‌ പൂര്‍ണ്ണമായി മനസിലാകണം എന്നില്ല.
ഷാജി കൈലാസ് ഈ ചിത്രം സംവിധാനം ചെയ്തിരുന്നെങ്കില്‍, വല്ല സിദ്ധിഖിനെയും കാശിയില്‍ ശ്മശാനങ്ങള്‍ കൈയേറുന്ന ഭൂ-മാഫിയാ തലവനായി അവതരിപ്പിച്ച് ,ഒടുവില്‍ മോഹന്‍ലാല്‍ വന്ന് അയാളെ അടിച്ച് കൊല്ലുന്നത് കാണിച്ച് തിയറ്ററുകളില്‍ കരഘോഷം ഉയര്‍ത്തിയേനെ.

ഇതൊക്കെ പോട്ടേ,ഈ ചിത്രത്തില്‍ നിര്‍മ്മാതാവിന് എത്ര ഭീമമായ നഷ്ടമാണ് ബാല വരുത്തി വെച്ചിരിക്കുന്നത്? നായകനായ ആഘോര സന്യാസി അവതരണ രംഗത്തിലുത്പ്പെടെ പല സീനുകളിലും ലങ്കോട്ടി കെട്ടിയാണ് വരുന്നത്.
ഇതേ രംഗങ്ങള്‍ ഷാജി ചിത്രീകരിച്ചിരുന്നുവെങ്കില്‍, നായകനെ ലങ്കോട്ടിക്ക് പകരം ബൈഫോര്‍ഡിന്റെയോ ,ജോക്കിയുടെയോ അടിവസ്ത്രങ്ങള്‍ അണിയിച്ച്, നിര്‍മാതാവിന് ഈ ബ്രാന്‍ഡുകളുടെ പരസ്യ ഇനത്തില്‍ എത്ര രൂപ ഉണ്ടാക്കി കൊടുത്തേനേ ?റെഡ് ചില്ലീസ് എന്ന തന്‍റെ കഴിഞ്ഞ ചിത്രത്തില്‍ 'സാംസംഗ്', 'സില്‍ക്ക് എയര്‍ 'അങ്ങനെ എത്ര ബ്രാന്‍ഡുകളുടെ പരസ്യങ്ങളാണ് ഷാജി അതിമനോഹരമായ് ഓരോ രംഗങ്ങള്‍ക്കിടയിലും തിരുകിയത്.
മാത്രമല്ല, ആധുനിക അടിവസ്ത്രങ്ങള്‍ മാത്രമിട്ട് ,തുറന്ന ജീപ്പില്‍ വന്നിറങ്ങി വില്ലന്മാരെ നോക്കി "ശംഭോ മഹാദേവാ" എന്ന പഞ്ച് ഡയലോഗ് മോഹന്‍ലാല്‍ പറയുമ്പോള്‍ തിയറ്ററുകളില്‍ ഉത്സവ പ്രതീതിയായിരുന്നേനേ. (ഇപ്പോള്‍ ചിത്രത്തില്‍ ആര്യ കഞ്ചാവടിച്ച് 'ഭം,ഭം മഹാദേവ' എന്നാണ് പറയുന്നത്. വൃത്തികേട്).

ഷാജി കൈലാസ് വേണ്ട, 'നമ്മുടെ വിനയന്‍ സാറായിരുന്നു ഈ ചിത്രത്തിന്‍റെ സംവിധായകനെങ്കില്‍ 'എന്ന് പല രംഗങ്ങളും കണ്ടപ്പോള്‍ ഞാന്‍ ആഗ്രഹിച്ച് പോയി. ഭിക്ഷക്കാരുടെയും , അവരെ വെച്ച് കച്ചവടം നടത്തുന്ന ക്രൂരരായ ആളുകളുടെ കഥയും ചിത്രത്തിന്‍റെ ഭാഗമാണ്. എണ്‍പതോളം ഭിക്ഷക്കാര്‍ കഥാപാത്രങ്ങളായി ഈ ചിത്രത്തിലുണ്ട് താനും. വിനയന്‍ ഇവരിലോരോരുത്തരുടെ കഥയും ഓരോ സിനിമയാക്കിയേനെ. മാത്രമല്ല നായികയുടെയും , കൂട്ടുകാരികളുടെയും (ബാലയുടെ സിനിമയിലെ മുഖ്യ സ്ത്രീ കഥാപാത്രത്തിന് കൊള്ളാവുന്ന ഒരു കൂട്ടുകാരി പോലുമില്ല) കുളി സീനിലൂടെ വിഷ്യുല്‍ ബ്യൂട്ടി ,രണ്ട് ബലാത്സംഗ രംഗങ്ങളിലൂടെ വില്ലന്റെ ശരിക്കുള്ള ക്രൂര മുഖം,ഇവയൊക്കെ വിനയന്‍ സാര്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ ചുമ്മാ വാരി വിതറിത്തരുമായിരുന്നു.

ഇത്തരം ഒരു നാലാം കിട സിനിമ പ്രിയദര്‍ശനെപ്പോലെ അന്താരാഷ്ട്ര നിലവാരമുള്ളയൊരു സംവിധായകന്‍ ചെയ്യണം എന്നാഗ്രഹിക്കുന്നത് അതിമോഹമാണെന്നറിയാം. എങ്കിലും നമ്മള്‍ മലയാളി പ്രേക്ഷകരെ കരുതി അദ്ദേഹം അങ്ങനെ ഒരു ദയവ് കാട്ടിയിരുന്നുവെങ്കില്‍,നാന്‍ കടവുള്‍ കുടുമ്പ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ചിത്രം എന്ന് കാലം വിധിയെഴുതിയേനെ.
ആദ്യ രംഗങ്ങളില്‍, നായക പിതാവ് ആ സന്യാസിയല്ലേ തന്‍റെ മകന്‍, ഈ സന്യാസിയല്ലേ തന്‍റെ മകന്‍ എന്ന് പലരെയും തെറ്റിദ്ധരിച്ച്‌ കാശിയുടെ ശ്മശാന്‍ ഘാട്ടുകളില്‍ അലയുന്നതും,മൃതശരീരം എന്ന് വിചാരിച്ച് ജീവനുള്ള ജഗതിയെ ആളുകള്‍ കൊണ്ട് ചിതയില്‍ വെയ്ക്കുന്നതും...അങ്ങനെ ആദ്യത്തെ അര മണിക്കൂറില്‍ തന്നെ പ്രേക്ഷകര്‍ ചിരിച്ചു മണ്ണ് കപ്പിയേനെ.
മാത്രമല്ല ക്ലൈമാക്സിലെ സംഘട്ടന രംഗം ബാല ചിത്രീകരിച്ച് വെച്ചിരിക്കുന്നത് കണ്ടാല്‍ കരച്ചില്‍ വരും. ഞാന്‍ പടം കണ്ടപ്പോള്‍ ,എനിക്ക് ചുറ്റുമിരുന്നിരുന്ന പ്രിയദര്‍ശന്‍ വിരോധികള്‍ ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് തങ്ങള്‍ ആ രംഗങ്ങള്‍ കാണുന്നത് എന്ന് ഭാവിക്കുന്നത് കണ്ടു. ഫ്രാഡുകള്‍!!!
പ്രിയനെങ്ങാനുമായിരുന്നിരിക്കണം ഈ സിനിമയുടെ സംവിധായകന്‍. സിനിമയിലെ സകല കഥാപാത്രങ്ങളും കൂടി ഒരു കൂട്ടയടിയായിരുന്നേനെ ക്ലൈമാക്സ്. അതിനിടയില്‍ അവനു വെച്ച വെടി ഇവന് കൊള്ളുന്നു, ചിലര്‍ക്ക് ഷോക്കടിക്കുന്നു, ചിലര്‍ കാല് തെറ്റി വെള്ളത്തില്‍ വീഴുന്നു...അങ്ങനെ ടോം ആന്‍ഡ് ജെറി കണ്ടത് പോലുള്ള ചിരിയലകള്‍ തിയേറ്റര്‍ ചുമരുകളെ പ്രകമ്പനം കൊള്ളിച്ചേനെ. ഇനി പറഞ്ഞിട്ടെന്ത് കാര്യം. നമ്മള്‍ മലയാളികള്‍ക്ക് കൊടുത്ത് വെച്ചിട്ടില്ല.

ഇത്രയൊക്കെ തന്നെ നാന്‍ കടവുള്‍ എന്ന ചിത്രത്തെക്കുറിച്ച് പറയുന്നത് അധികമാണ്. എങ്കിലും അവസാനമായി, തമോഗര്‍ത്തം മുന്‍കൈ എടുത്ത്‌ ഷാജി,വിനയന്‍,പ്രിയന്‍ എന്നിവരുടെ 'നരസിംഹം', 'രാക്ഷസരാജാവ്', 'വെട്ടം' എന്നീ ചിത്രങ്ങളുടെ ഡി വി ഡികള്‍ ആ പാണ്ടി ബാലക്ക് അയച്ച് കൊടുക്കണം എന്ന് കൂടി അഭ്യര്‍ത്ഥിക്കുന്നു.കണ്ടു പഠിക്കട്ടെ അവന്‍ ,ഒരു പടം എങ്ങനെ എടുക്കണം എന്ന്.

സ്നേഹപൂര്‍വ്വം,

രായശേഖരന്‍ കളിയിക്കാവിള