Saturday, March 28, 2009

സാഗര്‍/ ജാക്കി: ഇത്രക്കും ലോഡ് വേണ്ടായിരുന്നു.

പ്രിയപ്പെട്ട അമല്‍ നീരദ്,

നിങ്ങള്‍ റാം ഗോപാല്‍ വര്‍മ്മയുടെ ശിഷ്യനല്ലേ,മലയാളത്തില്‍ പുതു രക്തമല്ലേ എന്നൊക്കെ വിചാരിച്ചാണ് കണ്ണുമടച്ച് നാല്‍പ്പത് രൂപ മുടക്കിക്കളയാം എന്ന് ഞാന്‍ തീരുമാനിച്ചത്. ഒള്ളത് പറഞ്ഞാല്‍,നിങ്ങളുടെ രണ്ടാമാത്തെ സിനിമയായ സാഗര്‍ അലിയാസ് ജാക്കി കണ്ടിറങ്ങിയപ്പോള്‍(ഏലിയാസ് എന്ന് നിങ്ങള്‍ പറഞ്ഞാല്‍ മതി) ഇനി ഒരു നാല്‍പ്പത് ലക്ഷം കൂടി നിങ്ങള്‍ക്ക് വേണ്ടി മുടക്കണം എന്ന ആഗ്രഹം എന്നില്‍ പ്രബലമായിരിക്കുന്നു. നിങ്ങളുടെ ചിത്രത്തിലെ നായകനെപ്പോലെ കോണ്ട്രാക്റ്റ് വ്യവസ്ഥയില്‍ അധോലോകത്ത് പണിയെടുക്കുന്ന ആരെയെങ്കിലും നിങ്ങള്‍ക്ക് പരിചയമുണ്ടെങ്കില്‍ എന്നെ ഒന്ന് അറിയിക്കണം. പത്ത് നാല്‍പ്പത് ലക്ഷം രൂപ കൊടുത്ത് നിങ്ങളെ തട്ടാനുള്ള ഒരു കോണ്ട്രാക്റ്റ് കൊടുക്കാനാണ് .

അല്ല എനിക്കറിയാന്‍ പാടില്ലാത്തത് കൊണ്ട് ചോദിക്കുകയാ, എക്സ്ട്രീം ടൈറ്റ് ക്ലോസപ്പില്‍ കഥാപാത്രങ്ങളെക്കൊണ്ട് സംസാരിപ്പിക്കാതെ സംസാരിപ്പിക്കുന്ന വിദ്യയും മറ്റും പഠിപ്പിച്ചു തന്ന റാം ഗോപാല്‍ വര്‍മ്മ നിങ്ങള്‍ക്ക് ഒറ്റ വരിയിലെഴുതാവുന്ന ഒരു കഥ സിനിമയാക്കുമ്പോള്‍ അതില്‍ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ട്വിസ്റ്റും ടേണും എങ്ങനെ ഉണ്ടാക്കണം എന്ന് പഠിപ്പിച്ച് തന്നില്ലേ? പത്തന്പത്തിയൊന്നു സീനുകള്‍ അടുക്കിക്കൂട്ടി വെച്ച് ,ആദ്യത്തെ സീന്‍ കഴിയുമ്പോള്‍തന്നെ അടുത്ത്‌ എന്ത് സംഭവിക്കും എന്ന് സിനിമ കാണുന്ന ഏവനും മനസിലാകുന്ന തരത്തിലെ സൃഷ്ടി കണ്ട് ചോദിച്ചു പോയതാ. അതോ ഡിസൈനര്‍ വസ്ത്രങ്ങളും ധരിച്ചു, വില കൂടിയ കാറുകളും ,കൂളിംഗ് ഗ്ലാസുകളുമായി തുടക്കം മുതല്‍ ഒടുക്കം വരെ മോഹന്‍ലാല്‍ സ്ലോമോഷനില്‍ തെക്ക് വടക്ക് നടന്നാല്‍ പടം തകര്‍ക്കും എന്ന് ആന്റണി പെരുമ്പാവൂര്‍ നിങ്ങളോട് പറഞ്ഞോ?

മോഹന്‍ലാലിനെ കണ്ടാലും മതി . കറുത്ത നിറത്തിലെ വസ്ത്രങ്ങള്‍ സാധാരണ ഉള്ള തടി കുറച്ചു കാണിക്കുന്നവയാണ്. ഇത് കറുത്ത വസ്ത്രങ്ങള്‍ മാത്രം പോരാ ,അങ്ങേരെ മൊത്തത്തില്‍ കീലില്‍ മുക്കി എടുത്താലും തടി കുറഞ്ഞതായി തോന്നുന്ന യാതൊരു ലക്ഷണവും ഇല്ല. ക്ലോസപ്പില്‍ മാത്രം ഓടുന്ന നിങ്ങളുടെ ക്യാമറ കൂടിയായപ്പോള്‍ സത്യത്തില്‍ എനിക്ക് തിടമ്പെടുത്ത് നില്‍ക്കുന്ന ഗുരുവായൂര്‍ കേശവന്റെ ഫോട്ടോ യാണ് ഓര്‍മ്മവന്നത്‌.തലയെടുപ്പിലല്ല തടിയുടെ കാര്യത്തില്‍.

കൊള്ളാവുന്ന വില്ലന്മാരുടെ ഒരു പട തന്നെയുണ്ടായിട്ടും, അവരെ സിനമയുടെ പിരിമുറുക്കത്തിനല്ല മറിച്ച് ഫാഷന്‍ പരേഡ് നടത്താന്‍ ഉപയോഗിച്ച ഐഡിയ സ്റ്റൈല്‍ മീറ്റര്‍ ഉയര്‍ത്താനാവും എന്ന് ഞാനങ്ങ് സമാധാനിച്ചു. പക്ഷേ വല്യ സ്റ്റൈല്‍ ഒന്നും ഇല്ലാതെ , ശേഖരന്‍ക്കുട്ടി എന്ന നായകനുമായി കട്ടക്ക് നില്‍ക്കുന്ന വില്ലന്‍ കഥാപാത്രം കൂടി ഉണ്ടായിരുന്നത് കൊണ്ടാണ് ഇരുപതാം നൂറ്റാണ്ട് എന്ന സാധാരണ മസാലപ്പടം സൂപ്പര്‍ ഹിറ്റായത് എന്നത് മോഹന്‍ലാലിനോ എസ് എന്‍ സ്വാമിക്കോ എങ്കിലും ഓര്‍ക്കാമായിരുന്നു.

പക്ഷെ മറ്റൊരുകാര്യം, ചിത്രത്തില്‍ ഭാവന അവതരിപ്പിച്ച കഥാപാത്രത്തെയാണ്. വിഷ്വല്‍ മീഡിയാ ജേര്‍ണലിസ്റ്റിന്റെ ആ കഥാപാത്രം ഭാവനയ്ക്ക് പകരം ഭീമന്‍ രഘു ചെയ്തിരുന്നെങ്കില്‍ എന്തായിരുന്നു കുഴപ്പം? റൊമാന്‍സ് പറ്റില്ല . സമ്മതിച്ചു. പക്ഷെ ഈ വയസു കാലത്ത് , ഇത്രയും തടിയും വെച്ച് മോഹന്‍ലാലിനെ ഒരു ഗാന രംഗത്തിനു വേണ്ടി ലേ പോലെ സമുദ്ര നിരപ്പില്‍ നിന്നും ഇത്രയും ഉയരത്തിലുള്ള സ്ഥലത്ത് വലിച്ചു കയറ്റിയതിന്റെ പാപത്തില്‍ നിന്നും നിങ്ങള്‍ രക്ഷപെടില്ലയിരുന്നോ? അതും ആ പെണ്ണ് അങ്ങേരെ ഓടിച്ചിട്ടല്ലേ പാട്ട് പാടി പ്രേമിക്കുന്നത്. പാട്ടിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ അങ്ങോട്ടും ഇങ്ങോട്ടും നടന്നും , പാറകളുടെ പുറത്തു കയറി അര്‍മാനി സ്യൂട്ടും,കൂളിംഗ് ഗ്ലാസും ധരിച്ച സ്വാമി വിവേകാനന്ദന്റെ (പോക്കറ്റില്‍ കൈകള്‍ തിരുകി ) പോസു കൊടുത്ത് പാവം ലാല്‍ എങ്ങിപ്പോയിട്ടുണ്ടാവണം. വയസ്സാം കാലത്ത് അങ്ങേരെക്കൊണ്ട് ഇങ്ങനെയൊന്നും ചെയിക്കരുത് അമല്‍. ദൈവദോഷം കിട്ടും. ഇതൊക്കെ സ്ക്രീനില്‍ കണ്ട് കണ്ണ് ബള്‍ബ്ബായ എന്നെപ്പോലുള്ളവരുടെ ശാപം വേറെയും.

കഥയും തിരക്കഥയും എസ് എന്‍ സ്വാമിയാണ് എഴുതിയത് എന്ന് പേരുകള്‍ എഴുതി കാണിച്ചതില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ദയവു ചെയ്തു അങ്ങേരോട് പറയണം, ബോണ്‍ ഐഡെന്‍റ്റിറ്റി ,സോര്‍ഡ് ഫിഷ് തുടങ്ങിയ പടങ്ങള്‍ ഒന്ന് കൂടി ഇരുന്ന് കാണാന്‍. എന്നിട്ട് അടുത്ത പടത്തിലെങ്കിലും വിഷ്വലുകള്‍ മാത്രമല്ലാതെ, സീനുകളുടെ മുറുക്കം കൂടി ചേര്‍ത്ത് അടിച്ചു മാറ്റണം എന്ന് പ്രത്യേകം പറയണം .

ആകെപ്പാടെ പടത്തില്‍ കൊള്ളാവുന്ന സംഗതി ഇരുപതാം നൂറ്റാണ്ടിന്റെ തീം മ്യൂസിക്ക് പുതിയ രീതിയില്‍ അവതരിപ്പിച്ചതാണ്. പക്ഷെ ഇത്രയും വ്യതസ്ത രീതികളില്‍, ആ സംഗീതം കൊള്ളാവുന്ന ഒരു പടത്തിലായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി.

പോസ്റ്ററുകളില്‍ എനി ക്വസറ്റ്യന്‍സ് ? എന്ന് നല്ല വലിപ്പത്തില്‍ എഴുതി വെച്ചിരിക്കുന്നത് കണ്ടു . ഗുരു വര്‍മ്മയില്‍ നിന്നും കിട്ടിയതാവും ഈ 'ഇന്‍ യുവര്‍ ഫെയ്സ് ' ഭാവം. അങ്ങേര്‍ക്കത്‌ കാണിക്കാം.കാരണം രാമു കി ആഗ് പോലൊരു തറപ്പടം എടുക്കുന്ന അതേ ശ്വാസത്തില്‍ അങ്ങേര്‍ സത്യയും ,സര്‍ക്കാറും പോലുള്ള വെടിക്കെട്ട് പടങ്ങളും എടുക്കും. നമ്മള്‍ എന്ത് കണ്ടിട്ടാണാവോ ഈ ചാടുന്നത്? ആദ്യം കോപ്പിയടിയാണെങ്കിലും അതെങ്ങനെ വൃത്തിയായി ചെയ്യാം എന്നതെങ്കിലും ഗുരുവില്‍ നിന്നും പഠിക്ക്. എന്നിട്ട് കാണിക്കു ഷോ. അല്ലാതെ ജ്യോതിര്‍മയിയുടെ തുടകളും (അതെങ്കിലും നന്നായി കാണിച്ചിരുന്നെങ്കില്‍ അത്രയുമായേനെ) , വസയന്പതും കഴിഞ്ഞ്, നൂറു കിലോക്ക് മുകളില്‍ തൂങ്ങുന്ന മോഹന്‍ലാലിന്റെ സ്ലോമോഷനില്‍ ഉള്ള നടത്തവും കൊണ്ട് മാത്രം ഒരു സിനിമ ഉണ്ടാകില്ല.

മോഹന്‍ലാലിനെ പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടെന്ന് തോന്നുന്നില്ല. കഴിഞ്ഞ കുറെ പടങ്ങളായി അങ്ങേര്‍ക്ക് രജനികാന്ത് (അറുപത് വയസ്സായിട്ടും, ആദ്യ ചിത്രത്തില്‍ ഉണ്ടായിരുന്ന അതേ തടി തന്നെയാണ് രജനിക്ക് ഇപ്പോഴും എന്നെങ്കിലും ലാലേട്ടന്‍ ഓര്‍ത്താല്‍ മതിയായിരുന്നു) കളിക്കാന്‍ അല്ലാതെ മറ്റൊന്നിലും ഒരു താത്പര്യവും ഇല്ല എന്ന് തോന്നുന്നു. പക്ഷെ നിങ്ങളുടെ രണ്ടാമത്തെ പടമല്ലേ ഇത്? അത് കൊണ്ട് പറയുകയാണ്‌, ഇത് പോലത്തെ രണ്ടു പടവും കൂടി എടുത്താല്‍ മിക്കവാറും പണിയില്ലാതെ വീട്ടിലിരിക്കാം . അല്ല ഇനിയെങ്കിലും ഒരു പടം തുടങ്ങുമ്പോള്‍ ആദ്യമേ ഫ്രെയിം ബൈ ഫ്രെയിം വിഷ്വലുകളായി മാത്രം അതിനെ കാണാതെ കഥയും തിരക്കഥയും കൂടെ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം. പടം കാണുന്ന ഞങ്ങള്‍ക്കും.

സ്നേഹപൂര്‍വ്വം

എ കെ

21 comments:

Amarghosh said...

ഇനി വരുന്നുണ്ടല്ലോ ഇതിലും വലിയ ഒരെണ്ണം... കാസനോവ. അറുപത് കഴിഞ്ഞ കാമദേവന്‍.

നമ്മുടെയൊക്കെ വിധി എന്നല്ലാതെ എന്ത് പറയാന്‍

കിരണ്‍ തോമസ് തോമ്പില്‍ said...

AK

എന്തുഭാവിച്ച ഇത്‌ ലല്‍ ഫാന്‍സെങ്ങാനും കണ്ടാല്‍ നിങ്ങളേ തല്ലിക്കൊല്ലും

റോബി said...

അപ്പോൾ ഇങ്ങേര്‌ നന്നാവുന്ന ലക്ഷണമില്ല അല്ലേ?
ക്ലോസപ്പും സ്ലോമോഷനും സിനിമ എന്താണെന്നറിയാത്തവന്റെ വജ്രായുധങ്ങളാണല്ലോ പണ്ടു മുതലേ.
എനിക്കിയാളുടെ മൂന്നാമത്തെ സിനിമയാണു കാണേണ്ടത്‌. ലാലിനെയും മമ്മൂട്ടിയെയും സ്ലോമോഷനിൽ നടത്തി രണ്ട്‌ പടമാക്കി. മൂന്നാമത്‌ ആരെ നടത്തും?

അപ്പുക്കുട്ടന് said...

ഓഹോ അപ്പോ പടം കാണണ്ടാന്നാണോ ആശാനെ…മ്ം കാശ് ലഭിക്കാമല്ലെ

Anonymous said...

എ കെ.. ഞാന്‍ പ്രതിഷേധിക്കുന്നു.. സ്വാമി എഴുതിയ ഈ കഥക്കെന്താ കുഴപ്പം??

ലാലേട്ടന്‍ കാറില്‍ നിന്നിറങ്ങി കുറേ ദൂരം നടക്കുന്നു. ലാലേട്ടന്‍ കാറില്‍ നിന്നിറങ്ങി കുറേ ദൂരം നടക്കുന്നു. ലാലേട്ടന്‍ പ്ലേയിനില്‍ കയറാന്‍ കുറേ ദൂരം നടക്കുന്നു. പ്ലയിനില്‍ കയറി ഇരിക്കുന്നു. കുറേ ദൂരം നടക്കുന്നു. ആരാണ്ടെ ഇടിക്കുന്നു. ഇരിക്കുന്നു. ബീച്ചില്‍ കൂടി നടക്കുന്നു. ജ്യോതിര്‍ മയി നിക്കറിട്ടു ഡാന്‍സ് കളിക്കുന്നു. ലാലേട്ടന്‍ നടക്കുന്നു.. മഴയത്തു കുട പിടിച്ചോണ്ടു നടക്കുന്നു. നടക്കുന്നു.കുറേ ദൂരം നടക്കുന്നു.

വെടി വെക്കുന്നു.കുറേ ദൂരം നടക്കുന്നു.

ലാലേട്ടനും നായിക ഭാവനയും കൂടെ പാട്ടു പാടുന്നു.കുറേ ദൂരം നടക്കുന്നു.
കൊല്ലുന്നു..പിന്നേം മഴയത്തു കുട പിടിച്ചോണ്ടു നടക്കുന്നു..കൊല്ലുന്നു..
വെടി വെക്കുന്നു..നടന്നോണ്ടു വെടി വെക്കുന്നു..കുറേ ദൂരം നടക്കുന്നു.വെടി വെക്കുന്നു..കൊല്ലുന്നു..കൊല്ലുന്നു..വെടി വെക്കുന്നു..വെടി വെക്കുന്നു..കൊല്ലുന്നു..കൊല്ലുന്നു..കഴുത്തറത്തു കൊല്ലുന്നു.. ബോംബ് വെച്ചു കൊല്ലുന്നു..

------

പിന്നെ എനിക്കു ഓര്‍മ്മ വന്നതു ഗുരുവായൂര്‍ കേശവനെ അല്ല.. ദാ.. ഈ ജന്തുവിനെ ആണു.
http://animalsneedkisses.files.wordpress.com/2009/01/walrus-portrait.jpg

അത്രേം തടി മാത്രം പോരാ ആ ലുക്ക് കിട്ടാന്‍ എന്നു തോന്നിയതു കൊണ്ടു താടി കൂടി ഏതാണ്ട് ആ കൊമ്പിന്റെ ഷേപ്പില്‍ ആക്കി വെച്ചിരിക്കുന്നെ കണ്ടില്ലേ..

ശ്രീഹരി::Sreehari said...

പോസ്റ്റും കമന്റും വായിച്ച് ചിരിച്ചൊരു വഴി ആയി...
പടം ഇറങ്ങും മുന്‍പേ ഊഹിച്ചിരുന്നു... അമല്‍ നീരദിന് പറ്റിയ പണി അല്ല സം‌വിധാനം...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹഹഹ എ.കെ ചിരിച്ചൊരു വഴിയ്ക്കായി. ഇതിന്റെ പ്രിവ്യൂ കണ്ടപ്പഴേ സിനിമ കാണാനുള്ള മോഹം വേണ്ടെന്നു വെച്ചു.

നല്ല കിടിലന്‍ എഴുത്ത് !

Aadityan said...

ഒരു ചെറിയ gap ഇന് ശേഷം ഫോറം ill ആണല്ലോ.Enjoyed the post
I think lal's last movie i enjoyed was Naran.After that its all (sorry if i missed any good ones) ലാല്‍ ഫാന്‍സ്‌ പോലും നല്ല തെറിയാണ് പറയുന്നത് ഈ പടത്തെ കുറിച്ച് .അംജദ് ഖാന്‍ നെ പോലെ ഇരിക്കുന്ന ലാല്‍ ഇനെ നോക്കി പത്തു ഇരുപതു വയസുള്ള പെണ്‍ പിള്ളേര്‍ നോക്കി Wow എന്ന് പറയുന്നതായി കനിക്കുനതിന്തേ മനശ്ശട്രം എന്നികിത് വരെ പിടികിട്ടിയിട്ടില്ല (Dont know about this one but its there till chillies)

BS Madai said...

ലാല്‍, തോക്ക്, അധോലോകം, റൊമാന്‍സ് - ഈ കോപ്പ് കോമ്പിനേഷന്‍ വിട്ടുപിടിക്കാനുള്ള സമയമായെന്ന് ഈ കൊപ്പന്മാര്‍ക്ക് തോന്നാതതെന്താ?! "അഥവാ ബിരിയാണി കൊടുക്കുന്നെന്ടെന്കിലോ" എന്ന വിചാരത്തിലായിരിക്കും പിന്നെയും പിന്നെയും പടച്ചു വിടുന്നത്. A.K. റിവ്യു നന്നായി ചിരിപ്പിച്ചു.

ആർപീയാർ | RPR said...

എപ്പോഴും മുയലു ചാകുമെന്ന് കരുതുന്ന ഇത്തരം വിഡ്ഡികളാണ് മലയാള സിനിമയെ ഇത്രയും കുളമാക്കിയത്. മോഹൻലാലിനോ തലയ്ക്ക് വെളിവില്ല. ഇപ്പോഴൂം 23 വയസെന്നാ വിചാരം. പോയാൽ ജ്യോതിർമയിയുടെ വല്ലതും തടയുമോ മക്കളേ?? അതോ അതും പാഴാണോ??

കിരണ്‍ തോമസ് തോമ്പില്‍ said...

മോഹന്‍ലാലിന്റെയും ഒരു പ്രമുഖ ന്യൂസ്‌ ചാനല്‍ MD യുടെയും ഒക്കെ ഉടമസ്ഥതയില്‍ ഉള്ള മാക്സ്ലാബാണ്‌ ഈ ചിത്രം വിറ്റിരിക്കുന്നത്‌. തമിഴ്‌ സിനിമ റിലീസ്‌ ചെയ്യുന്നത്‌ പോലെ തീയേറ്ററുകള്‍ മിക്കതും പടം വന്‍ തുക നല്‍കി വാങ്ങിയിരിക്കുകയാണ്‌ അതിനാല്‍ പൊട്ടിയാല്‍ നഷ്ടം തീയേറ്ററുകാര്‍ക്ക്‌ മാത്രം. അവര്‍ ബഹളം വച്ചിട്ടും കാര്യമില്ല മാധ്യമങ്ങള്‍ അത്‌ മുക്കും. ചാനല്‍ MD ക്കൊക്കെ നല്ല ഹോള്‍ഡാ

Eccentric said...

കിടിലന്‍ റിവ്യൂ കിടിലന്‍ എഴുത്ത്...
ഇത് തന്നെയാണ് എനിക്കും തോന്നിയത്...
ente review ivide www.puzhu.blogspot.com

ശ്രീ @ ശ്രേയസ് said...

ഇന്നലെ തിയേറ്ററില്‍ പോയിരുന്നു, കണ്ടു. ഓടിച്ചിട്ടുള്ള പ്രേമം കണ്ടു കഷ്ടം തോന്നി, അതും അച്ഛനും മകളും പോലെ തോന്നിക്കുന്ന രണ്ടുപേര്‍ തമ്മില്‍! വല്ല Prithviraj ആയിരുന്നെങ്കില്‍ കുറച്ചു നന്നായേനെ എന്ന് തോന്നിപ്പോയി. തിയേറ്ററില്‍ ഒരു വശത്ത് കൂവലായിരുന്നു.

My Days said...

Nice review!
Luckily I have already made the decision not to go for any Mohanlal movies (after watching redchillies)unless in the extreme case of constipation!!

മാരീചന്‍‍ said...

സിനിമ കണ്ടില്ല. ഇനി കണ്ടാലും റിവ്യൂ എഴുതില്ല.. സത്യം..
4n009rന്റെ കമന്റും ക്ഷ പിടിച്ചു......

Zebu Bull::മാണിക്കന്‍ said...

ഏയ്, മോഹന്‍ ലാലിന്‌ അമ്പതുവയസ്സൊന്നുമുണ്ടെന്ന് എനിക്കു തോന്നുന്നില്ല്ല; ഏറിയാല്‍ ഒരു മുപ്പത് ;-)

മാരീചന്‍ പറഞ്ഞതുസത്യം: 4n009r-ന്റെ കമന്റ് ഉഗ്രന്‍.

Balu..,..ബാലു said...

4n009r,
ഇത്ര സിമ്പിളായി, ഇത്ര മനോഹരമായി ഒരു സിനിമയെ വര്‍ണ്ണിക്കാന്‍ കഴിയുമെന്ന് താങ്കള്‍ തെളിയിച്ചു.. വാക്കുകളില്ല മാഷെ.. കലക്കന്‍!

ജെസ്സ് said...

ഇത് ഞാന്‍ കോപ്പി ചെയ്ത് എന്റെ കെട്യോനയച്ചു കൊടുത്തൂട്ടോ..
ഇത് കാണാതെ പറ്റില്ല എന്നും പറഞ്ഞു എന്തൊരു ബഹളമായിരുന്നെന്നോ ??
എടീ ഇരുപതാം നൂറ്റാണ്ടിനെക്കാളും നല്ലതായിരിക്കും എന്നൊക്കെ പറഞ്ഞു..
ഇത് വായിച്ചാല്‍ എന്തായാലും പുള്ളി എന്നെ കൊണ്ടോവില്ല.( എന്നാലും കാണുന്നത് മൊടക്കും എന്നെനിക്കു തോന്നണില്ല )
ഞാന്‍ രക്ഷപെട്ടു. ...
നന്ദി സുഹൃത്തെ ...

suraj::സൂരജ് said...

ഏ.കേ, ഇത് വെടിക്കെട്ട് !!

shajeer said...

ho lalettante oru padam flop aayappozhekkum enthaa santhosham??mayabazar-um parunthum onnum aarum arinjillayirikkum alle?kooduthalonnum parayanilla,

" പാച്ചല്ലൂര്‍ പാച്ചന്‍ " said...

Thangal verum AK alla.... oru ononnara AK-47 thanee...