Thursday, March 5, 2009

എ കെ 47:ചേരി നിവാസികള്‍,എന്‍റെ സഹോദരങ്ങള്‍

എ കെ ഗ്രൂപ്പ് പുറത്തിറക്കുന്ന പുതിയ മാസികയായ എ കെ 47 നില്‍,പകല്‍ പ്രമുഖ ബുദ്ധിജീവിയും,വൈകുന്നേരങ്ങളില്‍ നഗരത്തിലെ കിറ്റീ പാര്‍ട്ടികളുടെ ആത്മാവും,ചില നേരങ്ങളില്‍ പത്ര പ്രവര്‍ത്തകയുമായ തകരപ്പറമ്പില്‍ കാര്‍ത്ത്യായനി ,ക്ഷമിക്കണം, മിസിസ്സ് ക്യാര്‍ത്തി ടിന്‍ഫീല്‍ഡ് 'എന്‍റെ ഐ ബാള്‍സ്സിലൂടെ' എന്ന പരമ്പര എഴുതുന്നു.


എന്‍റെ ഐ ബാള്‍സ്സിലൂടെ :

ഇത്രയും വിരസമായ ഒരാഴ്ച്ച എന്‍റെ ലൈഫില്‍ ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു.തിങ്കളാഴ്ച്ച രാവിലെ പ്രസ്സ് ക്ലബ്ബില്‍, 'സ്ലം ഡോഗ് മില്ല്യണറും ഇന്ത്യക്കാരുടെ ഇരട്ടത്താപ്പും', എന്ന വിഷയത്തില്‍ ഒരു ചര്‍ച്ചയുണ്ടായിരുന്നു എന്നത് മാത്രമാണ് ഒരാശ്വാസമായി തോന്നിയത്.
അതില്‍ പങ്കെടുക്കാന്‍ ഇറങ്ങുമ്പോഴാണ് ഹബിക്ക് ഒരു ചെറിയ മാസ്സീവ്‌ അറ്റാക്ക്. വീട്ടില്‍ ജോലിക്കാരുണ്ടായിരുന്നത് ഭാഗ്യം. അവരങ്ങേരെ ഓട്ടോ വിളിച്ച് ആശുപത്രിയിലാക്കിയത് കാരണം കാര്‍ എനിക്ക് ഫ്രീയായി കിട്ടി. സമയത്ത് പ്രസ്സ് ക്ലബ്ബില്‍ എത്താനും സാധിച്ചു.

അവിടെ മിക്കവാറും എല്ലാം പരിചിത മുഖങ്ങളായിരുന്നു. ചര്‍ച്ച ശരിക്കും ഇന്ത്യക്കാരുടെ ഇരട്ടത്താപ്പ് പൊളിച്ചു കാണിച്ചു എന്ന് തന്നെ പറയാം.
ചര്‍ച്ചയില്‍ ഉടനീളം,'റബര്‍ മര'യിലെ മാത്യൂ ഊത്തുപുരയില്‍ നിറഞ്ഞു നില്‍ക്കുയയായിരുന്നു. പ്രിയദര്‍ശനെയും,അമിതാബ് ബച്ചനെയും പോലുള്ള ദന്തഗോപുരവാസികള്‍ക്കും,മറ്റു പലര്‍ക്കും,ഭാരതത്തില്‍ വൃത്തികെട്ട ചേരികളുണ്ടെന്ന് ലോകത്തിനു ലോകത്തിന് മുന്നില്‍ തുറന്ന് സമ്മതിക്കാന്‍ മടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത് കൊണ്ടാണവര്‍ സ്ലം ഡോഗ് പോലൊരു ചിത്രത്തെ തള്ളി പറയുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ചേരികള്‍ ഇന്ത്യയില്‍ ഒരു വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണെന്നും, അത് സായിപ്പിന് മുന്നില്‍ തുറന്നു പറയുവാന്‍ മടിയുള്ളവര്‍ വെറും ഫ്രാഡുകളാണെന്നും ഊത്തുപുരയില്‍ സാര്‍ പറഞ്ഞപ്പോള്‍, സത്യത്തില്‍ എന്റെ മനസ്സ് അഭിമാനത്തല്‍ തുള്ളിച്ചാടുകയായിരുന്നു. എത്ര ധീരനും,സത്യസന്ധനുമായ മനുഷ്യന്‍!!!

തുടര്‍ന്ന് അദ്ദേഹം രാജ്യ സ്നേഹത്തെക്കുറിച്ച് പറയുവാന്‍ തുടങ്ങിയപ്പോള്‍,സംസ്കാരമില്ലാത്ത ഒരുവന്‍ ഇടയ്ക്കു കയറി. ഏതോ പുതിയ പത്രത്തിന്റെ ആളാണെന്നു തോന്നുന്നു. പേര് പോലും എനിക്ക് ഓര്‍മയില്ല. അവന്‍ ഊത്തുപുരയില്‍ സാറിനോട് ചോദിക്കുകയാണ്, "സ്ലം ഡോഗ് ഓസ്കാറുകള്‍ തൂത്തു വാരിയത് കൊണ്ടോ ,കുറെ പത്രക്കാരും, വിദേശത്തെ ബുദ്ധിജീവി നാട്യമുള്ള ഇന്ത്യക്കാരും സായിപ്പിന്റെ മുന്നില്‍ 'ദാണ്ടെ സായിപ്പേ നല്ല അത്യുഗ്രന്‍ ചേരി. ഇവിടെ ചേറിലാണ്ട ജീവിതങ്ങളെല്ലാം എന്‍റെ സഹോദരി സഹോദരന്‍മാരാണ്' എന്ന് നെഞ്ചും വിരിച്ചു പറഞ്ഞത് കൊണ്ടോ സത്യത്തില്‍ ഒരു ഇന്ത്യക്കാരന് അഭിമാനിക്കാന്‍ സാധിക്കുമോ?ഇതിനെക്കാളുമൊക്കെ അഭിമാനമുണ്ടാകില്ലേ, പത്രങ്ങളുടെയും മറ്റു മാധ്യമങ്ങളുടെയും സഹായത്തോടെ , ചേരി നിവാസികളെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലേക്ക് കൊണ്ട് വരുവാന്‍ അതാത്‌ സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തി, പതുക്കെ പതുക്കെ ചേരികള്‍ തന്നെ ഇല്ലാതാക്കുന്നതില്‍? "എന്നൊക്കെ. പാവം ഊത്തുപുരക്കല്‍ സാര്‍ ,എന്ത് മറുപടി പറയണം എന്നറിയാതെ നിന്ന് പോയി. അതുകൊണ്ടവന്‍ നിറുത്തിയോ? വീണ്ടും അവന്‍ ചോദിക്കുകയാണ്, "അതിനു ശേഷം സായിപ്പിനോട്‌ പോടാ പുല്ലേ ,ഞങ്ങളുടെ സഹോദരി സഹോദരന്മാരെല്ലാം നിങ്ങളുടെ നാട്ടില്‍ പലരും ജീവിക്കുന്നതിനേക്കാള്‍ അന്തസായിട്ടാണ് ജീവിക്കുന്നതെന്നും, പ്രിയദര്‍ശനോടും ,അമിതാബ് ബച്ചനോടും വെറുതെ കാണാ കുണാ പറയാതെ ഇങ്ങനെ വല്ല പ്രയോജനമുള്ള കാര്യവും ചെയ്യ് എന്നും പറയുന്നതല്ലേ ഈ വിമര്‍ശനങ്ങളെക്കാളൊക്കെ നല്ലത്?" എന്ന്.

കേട്ടപ്പോള്‍ എനിക്കങ്ങ് ദേഷ്യം വന്നു. എന്ത് വിഡ്ഢിത്തമാണ് അവന്‍ പറയുന്നത്. ചേരിയില്‍ ഉള്ള ലോ ലൈഫുകളെ, പത്രങ്ങള്‍ എഴുതി, എഴുതി ഒടുവില്‍ സര്‍ക്കാര്‍ അവരെ നല്ല ജീവിത നിലവാരത്തിലേക്ക് കൊണ്ട് വന്നാല്‍, ഡാനി ബോയലിനെ പോലുള്ളവര്‍ സിനിമയെടുക്കാന്‍ എവിടെ പോകും. ഓസ്കാറുകള്‍ നമുക്ക് കിട്ടിയില്ലെങ്കില്‍ പിന്നെ നാം എന്തെടുത്തിട്ട് അഭിമാനം കൊള്ളും.മാത്രമല്ല,നിങ്ങള്‍ തന്നെ ഒന്നാലോചിച്ചു നോക്ക്. നിങ്ങളുടെ വീട്ടില്‍ വരുത്തുന്ന പത്രത്തിന്റെ മുന്‍ പേജില്‍ ധാരാവി ചേരികളുടെ ദാരുണാവസ്ഥയും, സര്‍ക്കാരുകള്‍ ആ പ്രദേശത്തോട് കാണിക്കുന്ന അവജ്ഞയെയും കുറിച്ചൊക്കെ ഒന്നോ രണ്ടോ ദിവസം തുടര്‍ച്ചയായി എഴുതുന്നത്‌ ഓ കെ. അത് കഴിയുമ്പോള്‍,നിങ്ങള്‍ക്ക് ആ വാര്‍ത്തകള്‍ ബോറടിക്കില്ലേ?

നേരെ മറിച്ച് സ്ലം ഡോഗിന് അവാര്‍ഡുകള്‍ കിട്ടിയ വാര്‍ത്ത , അവാര്‍ഡ് ജേതാക്കളുടെ ജീവചരിത്രം, അവരുമായുള്ള അഭിമുഖം, അവരെ അഭിനന്ദിച്ച് പ്രമുഖര്‍ എഴുതുന്ന ഓര്‍മ്മക്കുറിപ്പുകള്‍, പ്രിയദര്‍ശന്റെയും,അമിതാബിന്റെയും അഭിപ്രായങ്ങള്‍, അവരെ വിമര്‍ശിച്ച് കൊണ്ടുള്ള ലേഖനങ്ങള്‍ ,അങ്ങനെ ഒരാറ് മാസം പോയാലും നിങ്ങള്‍ക്ക് മുഷിയുമോ? ഇല്ല.
അപ്പോഴാണ്‌ ചേരികള്‍ സര്‍ക്കാരുകളെക്കൊണ്ട് നരുദ്ധരിപ്പിക്കാനുള്ള ലേഖനങ്ങള്‍ എഴുതണം എന്ന് ഒരുത്തന്‍ പറയുന്നത്.

നമ്മുടെ സര്‍ക്കാരുകളല്ലേ? ഈ പ്രശ്നം ഒന്ന് ശ്രദ്ധിക്കാന്‍ തന്നെ, ചുരുങ്ങിയത് ഒരു വര്‍ഷം തുടര്‍ച്ചയായ് പത്രങ്ങളും ,മാസികകളും ഇത് തന്നെ മുഖ്യ വിഷയമായി കൈകാര്യം ചെയ്യേണ്ടി വരും. വായനക്കാര്‍ക്ക്‌ ബോറടിച്ച്, സര്‍ക്കുലേഷന്‍ കുറഞ്ഞാല്‍ അവന്‍ സമാധാനം പറയുമോ?

എന്തായാലും ഊത്തുപുരയില്‍ സാറിന് വല്യ വിഷമമായിപ്പോയി.ഒടുവില്‍ ആ അഹങ്കാരിയെ ഇറക്കി വിട്ട ശേഷമേ സാര്‍ പ്രസംഗം തുടര്‍ന്നുള്ളു

പക്ഷേ പോകുന്നതിന് മുന്‍പ് അവന്‍ ,"ഓസ്കാര്‍ അഭിമാനികള്‍ ആരും ഒരു മുന്‍ ഓസ്കാര്‍ വിജയ ചിത്രത്തിലെ നായികാ ഇപ്പോള്‍ കല്‍ക്കട്ടാ സോനാഗഞ്ചില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവരം അറിയാത്തതോ,അതോ സ്ലം ഡോഗിന്റെയത്ര വാര്‍ത്താ പ്രാധാന്യം ഇല്ലാത്തതിനാല്‍ മനപൂര്‍വ്വം അറിഞ്ഞില്ലെന്നു നടിക്കുന്നതോ? " എന്ന് കൂടി ചോദിച്ച് കളഞ്ഞു.

വര്‍ഷങ്ങള്‍ക്കു ശേഷവും ആ വാര്‍ത്ത ഉയര്‍ന്നു വന്നാല്‍, വല്ലവര്‍ക്കും ഓസ്കാര്‍ കിട്ടിയതിനും, ചേരിയിലെ ജീവനുകള്‍ നമ്മുടെ സഹോദരി സഹോദരന്‍മാരാണെന്ന് വിളിച്ച് കൂവുന്നതിലും അഭിമാനം കൊള്ളുകയല്ലാതെ,ചേരി നിവാസികളുടെ നന്മക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിവില്ലാത്തവരാണ് നമ്മള്‍ എന്ന് ലോകം പറയില്ലേ? അതിനു നാം ഇട കൊടുക്കാമോ? അത് കൊണ്ടല്ലേ ഇത്തരം വാര്‍ത്തകള്‍ നാം കുഴിച്ചു മൂടുന്നതും,സ്ലം ഡോഗിനെച്ചൊല്ലി അഭിമാനിക്കുന്നതും .

ഏതായാലും അവനെ ഇറക്കി വിട്ട ശേഷം ഊത്തുപുരയില്‍ സാര്‍ പ്രസംഗം തുടര്‍ന്നു. രാജ്യസ്നേഹികളായ ഇന്ത്യക്കാരെല്ലാം ചേരി നിവാസികളെ സ്വന്തം സഹോദരി , സഹോദരന്മാരായി കാണുമെന്നും ('കാണുക മാത്രമേ ചെയ്യു' എന്ന് ആ അഹങ്കാരി, അടഞ്ഞ് കൊണ്ടിരുന്ന വാതിലിന് അപ്പുറത്ത് നിന്നും വിളിച്ചു പറഞ്ഞോ എന്നൊരു സംശയം) ,എല്ലാ ഇന്ത്യക്കാരും അങ്ങനെ രാജ്യ സ്നേഹികളാവുന്ന ദിവസമാണ്‌ തന്‍റെ സ്വപ്നമെന്നും സദസ്സിനോട് സംസാരിക്കവേ അദേഹം പറഞ്ഞു.

തത്കാലം ഇത്ര മാത്രം. അടുത്ത ലക്കത്തിലെങ്കിലും കൂടുതല്‍ വിശേഷങ്ങള്‍ നിങ്ങളുമായി പങ്കു വെയ്ക്കാന്‍ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
ഇനി വേണം ജോലിക്കാരെ വിളിച്ച്,അങ്ങേരെ കിടത്തിയിരിക്കുന്നത് ഏത് ആശുപത്രിയിലാണെന്ന് ചോദിച്ചിട്ട്,ഒന്ന് പോയി കാണാന്‍.

ക്യാര്‍ത്തി ടിന്‍ഫീല്‍ഡ്

8 comments:

ArjunKrishna said...

എ കെ 47 എന്ന പേരിന്‍റെ കടപ്പാട്, കഴിഞ്ഞ പോസ്റ്റുകളില്‍ ഒന്നില്‍ കമന്റിട്ട പേരറിയാത്ത ഒരു സുഹൃത്തിനാണ്.

Anonymous said...

വീണ്ടും വിഷയ ദാരിദ്യം.

പ്ലീസ് സർ ഇനിയും ഈ വിഷയം തന്നെ എഴുതി ചിരിപ്പിക്കല്ലേ, വയ്യ സർ.
ഇന്ന് ഞാൻ ചിരിച്ച് ചിരിച്ച് ചാകും.

Anonymous said...

വിഷയ തൊമ്മൻ പറഞ്ഞതിനോട് യോജിപ്പുണ്ട്.

ഇപ്പോൾ ബൂലോകം മുഴുവനും സ്ലം ഡോഗുകളെപ്പറ്റിയെ എഴുതാനുള്ളൂ.

ശരിക്കും ബോറിങ്ങ്.

സസ്നേഹം
തങ്കമ്മ. :)

Anonymous said...

എകെ അവർ എന്റെയും സഹോദരങ്ങളാണേ

കലക്കി.

ഇതിന്റെ രണ്ടാം ഭാഗം വേഗമിങ്ങ് പോരട്ടെ,

ArjunKrishna said...

തങ്കമ്മേ എനിക്കങ്ങ് ഇഷ്ടമായി . ഈയിടെയായി തങ്കമ്മ എന്റെ ബ്ലോഗ്ലിലാണോ താമസം? പിന്നെ വിഷയ ദാരിദ്യം....അത് തന്നെയാണല്ലോ പോസ്റ്റിലും പറഞ്ഞിരിക്കുന്നത്.ഇങ്ങനെയുള്ള കാര്യങ്ങള്‍ പെട്ടെന്ന് ബോറടിക്കും

Unknown said...

Excellent Craft and some facts well said.The link given was truly shocking.Thanks for sharing this one.I am sure no media would run this story. Even if they do so, then as you said it wont find a long run as Slum Dog news.

Good work bro.

Cheers

Anonymous said...

:ദാണ്ടെ സായിപ്പേ നല്ല അത്യുഗ്രന്‍ ചേരി. ഇവിടെ ചേറിലാണ്ട ജീവിതങ്ങളെല്ലാം എന്‍റെ സഹോദരി സഹോദരന്‍മാരാണ്:
Ithu poloru dialog mattevidayo vayicchapole ;)

Ellaa pathrangalum koode bhoolokavum slum dogine vittu kaashakkumpol veritta ee chintha nannayittundu.

O t :Thankal ethu pathrathilaa?

Aadityan said...

ഓസ്കാര്‍ മായി ബന്ട്തപെട്ടു മാദ്ധ്യമങ്ങളും (അത് പോലെ കുറെ ബോല്ങേര്‍ മാരും) നടത്തുന്ന മീന്‍ പിടിത്തം ശരിക്കും സഹതാപം അര്‍ഹിക്കുന്നു. ഉത്തു പറമ്പില്‍ സര്‍ ഇനെ മനസിലയേഎ
(പൂഊയി ....).പോസ്റ്റ് നന്നായിരുന്നു .ലിങ്ക് ശരിക്കും ഷോക്കിംഗ് ആയിരുന്നു .അസ്ത്രം വിട്ടു പുതിയ ആയുധങ്ങള്‍ അന്നലോ ഉപയോഗിക്കുനത് (AK 47 ????) താലിബാന്‍ ഇല്‍ നിന്നാണോ കിട്ടിയത് ? അല്ലെങ്ങിലും തങ്ങളെ ഭീകരന്‍ ആയി മുദ്ര കുത്താന്‍ എന്നി അധികം വൈകില്ല .All the best.Whats next????