Saturday, March 14, 2009

ദുബായില്‍ നിന്ന്, ഭാര്യക്ക്‌ സ്നേഹപൂര്‍വ്വം...

പ്രിയപ്പെട്ട മോളു,
ഈ മാസം പതിവിലും അമ്പതിനായിരം രൂപ ഞാന്‍ കൂടുതല്‍ അയച്ചതിനാല്‍ നിനക്ക് പ്രത്യേകിച്ച് ഒരു സുഖക്കുറവും കാണില്ല എന്നറിയാം. എനിക്കും ഇവിടെ സുഖം തന്നെ. നാളെ ഫോണ്‍ ചെയ്യുമ്പോള്‍ വിശദമായി നിന്നോട് ചില കാര്യങ്ങള്‍ സംസാരിക്കാം എന്നാണു ആദ്യം കരുതിയിരുന്നത്. എങ്കിലും നിന്‍റെ കഴിഞ്ഞ മെയിലിലെ ചില പരിഭവങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചതിനാലാണ് ഇപ്പോള്‍ ഞാനീ മറുപടി അയക്കുന്നത്.

നിന്‍റെ അച്ഛനമ്മമാരോട് എനിക്ക് സ്നേഹമില്ല എന്ന് നിനക്ക് എങ്ങനെ പറയാന്‍ തോന്നി മോളു?അവരെ ഞാന്‍ ദൈവങ്ങള്‍ക്കൊപ്പമല്ലേ കാണുന്നത്? നമ്മുടെ വീട്ടില്‍ ആ ഗീതോപദേശത്തിന്റെയാ മ്യൂറല്‍ പെയിന്റിംഗ് ഉള്ള ചുവരിനെതിരെയുള്ള സ്ഥലം ഒഴിച്ചിട്ടിരിക്കുന്നത് , നിന്‍റെ അച്ഛന്റെ ഫോട്ടോ ദൈവത്തെപ്പോലെ മാലയിട്ട് വെയ്ക്കാനാണെന്ന് നിന്നോട് ഞാനിന്നു വരെ പറഞ്ഞിട്ടില്ല എന്നേയുള്ളു. അതാണ്‌ സത്യവും,എന്റെ ആഗ്രഹവും.
നിന്‍റെ അച്ഛന്‍ ഇപ്പോഴും അതി രാവിലെ നടക്കാന്‍ പോകാറില്ലേ? നമ്മുടെ വീടിനു മുന്നിലൂടെ ഇപ്പോഴും മീന്‍ ലോറികള്‍ രാവിലെ ഹൈ സ്പീഡ് സര്‍വീസ് നടത്താറില്ലേ?

ഇനി നിന്‍റെ അമ്മയുടെ കാര്യമാണെങ്കില്‍,അവരെ കാണുമ്പോഴൊക്കെ എനിക്ക് ചുടല ഭദ്രകാളിയുടെ ദര്‍ശനം കിട്ടിയ അനുഭവമാണ് ഉണ്ടാവുക. നിന്‍റെ അമ്മയുടെ കാര്യം പറഞപ്പോഴാണ് മറ്റൊരു കാര്യമോര്‍ത്തത്. നമ്മുടെ വക്കീലിനോട് ഞാന്‍ 'റാറ്റ് മാര്‍'എലി വിഷം ഉണ്ടാക്കുന്ന കമ്പനിക്കെതിരെ കണ്‍സ്യൂമര്‍ കോര്‍ട്ടില്‍ ഒരു കേസ് കൊടുക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നു. കള്ളന്മാര്‍ ,ഉഗ്രവിഷമാണെന്ന് പരസ്യം ചെയ്തിട്ട് , ഒരു മുഴുവന്‍ പാക്കറ്റ് തീര്‍ത്താലും അമ്പതിയൊമ്പത് വയസ്സായ ഒരു കിഴട്ടു കിളവി പോലും ചാവില്ല. ആ കേസിന്‍റെ കാര്യം നീ വക്കീലിനെ വിളിച്ചൊന്ന് അന്വേഷിക്കണം.
പിന്നെ അടുത്ത മാസം നിന്‍റെ അമ്മയുടെ അറുപതാം പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കണം. ഞാന്‍ നാട്ടിലില്ല എന്ന് കരുതി ആഘോഷങ്ങള്‍ക്ക് ഒരു കുറവും വരുത്തരുത്.

പിന്നെ നീ എന്താ പറഞ്ഞത്? നിന്‍റെ കാര്യങ്ങളില്‍ ഒന്നും എനിക്ക് ഒരു ശ്രദ്ധയും ഇല്ലെന്നോ? ദൈവദോഷം പറയരുത് മോളു. ഇന്നലെക്കൂടി നിന്‍റെ അനുജത്തി ശ്രുതിയെക്കുറിച്ചും,നിന്‍റെ കൂട്ടുകാരിയാ ഞെളിഞ്ഞ് നടക്കുന്ന രമ ടീച്ചറെക്കുറിച്ചും ഞാന്‍ ഓര്‍ത്തു. ഗ്രൂപ്പ് ജനറല്‍ മാനേജറായി എനിക്ക് പ്രമോഷന്‍ കിട്ടിയാല്‍ ഉടന്‍ ശ്രുതിയെ എന്‍റെ പേര്‍സണല്‍ സെക്രെട്ടറിയായി അപ്പോയിന്റ് ചെയ്യാനുള്ള എല്ലാ കാര്യങ്ങളും ഞാന്‍ ചെയ്തു കഴിഞ്ഞു. മാത്രമല്ല അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍,രമ ടീച്ചര്‍ക്ക് കൊടുക്കാന്‍ ഒരു ഡയമണ്ട് നെക്ക്ലേസും ഞാന്‍ വാങ്ങി വെച്ചിട്ടുണ്ട്. നിന്‍റെ കുടുമ്പക്കാര്‍ക്കും,സുഹൃത്തുക്കള്‍ക്കും മുന്നില്‍ നിന്‍റെ അന്തസ്സ് ഒട്ടും കുറയരുത്‌ എന്ന് കരുതി മാത്രമല്ലേ ഞാനീ പാടൊക്കെപ്പെടുന്നത്.

ഇങ്ങനെയൊക്കെയുള്ള എന്നെയാണ് ഫാമിലി വിസ എടുത്ത്‌ നിന്നെ ഇവിടെ കൊണ്ട് വരാത്തതിന്റെ പേരില്‍ നീ സ്നേഹമില്ലെന്നും മറ്റും കുറ്റപ്പെടുത്തുന്നത്. എന്ത് ചെയ്യാനാ മോളു? കാറും,താമസിക്കാന്‍ എലീറ്റ് വില്ലയും,ജോലിക്കാരെയും,ആരെ വേണമെകിലും ജോലിക്കെടുക്കാനുള്ള അധികാരവും ഒക്കെ എനിക്ക് തരുന്ന എന്‍റെ കമ്പനി, ഫാമിലി സ്റ്റാറ്റസ് മാത്രം തരുന്നില്ല. എന്താണെന്നറിയില്ല.
ങ്ങാ...എല്ലാം കൂടി ദൈവം ഒരാള്‍ക്ക്‌ നല്‍കില്ലല്ലോ? നമ്മുടെ വിധി എന്ന് സമാധാനിക്കുക. വിഷമം നിനക്കു മാത്രമല്ലല്ലോ? എനിക്കുമില്ലേ? നിനക്കവിടെ ആശ്വാസമായി അരുകില്‍ നമ്മുടെ കുടുമ്പക്കാരെങ്കിലും ഉണ്ട്. എനിക്കോ? വല്ലപ്പോഴും ബുര്‍ജ് അല്‍ അറബിലോ , അറ്റ്ലാന്‍റ്റിസിലോ പോയി റഷ്യന്‍സുമായി നേരം വെളുക്കുവോളം കുടുമ്പ കാര്യങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നതു മാത്രമാണ് നിന്‍റെ ഏട്ടന് ഏക ആശ്വാസം.
പോട്ടെ.എന്‍റെ വിഷമങ്ങള്‍ കൂടുതല്‍ പറഞ്ഞു ഞാന്‍ നിന്നെ സങ്കടപ്പെടുത്തുന്നില്ല.
ബാക്കി നാളെ ഫോണ്‍ ചെയ്യുമ്പോള്‍ .

ചക്കരയുമ്മകളോടെ,

നിന്‍റെ സ്വന്തം,

അച്ചുവേട്ടന്‍

4 comments:

തങ്കമ്മ said...
This comment has been removed by a blog administrator.
തങ്കമ്മ said...
This comment has been removed by a blog administrator.
ArjunKrishna said...

തങ്കമ്മേ, പുതിയ നമ്പരുകളുമായിട്ട് ഇറങ്ങിയിട്ട് ഒരു കാര്യവും ഇല്ല. നിന്‍റെ കാര്യത്തില്‍ എനിക്ക് ഒന്നും ചെയ്യാനില്ല .നിനക്കായി ഡെഡിക്കേറ്റ് ചെയ്ത പോസ്റ്റില്‍ ഞാന്‍ പറഞ്ഞിരുന്നതല്ലേ കാര്യങ്ങള്‍ . ...ചെല്ല് ,ചെല്ല് പിന്നെ പിതൃത്വം ...ഗൊച്ച് 'ഗു'ള്ളി നിന്നെ പോലൊരു ഒമ്പതിനും പിതൃത്വം? നടക്കണ കാര്യം വല്ലതും പറയു തങ്കു...
ബ്ലോഗര്‍ ഐ ഡി വേണ്ട ,ഗൂഗിള്‍ ഐ ഡി പോലുമില്ലേ തങ്കമ്മക്ക്? കഷ്ടം .ഒരെണ്ണം തുടങ്ങിയിട്ട് വാ കേട്ടോ? അല്ലേല്‍ വീണ്ടുംഇവിടെ അനോണി ഓപ്ഷന്‍ തുറക്കാന്‍ ഉറക്കമിളക്ക്

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

"നമ്മുടെ വക്കീലിനോട് ഞാന്‍ 'റാറ്റ് മാര്‍'എലി വിഷം ഉണ്ടാക്കുന്ന കമ്പനിക്കെതിരെ കണ്‍സ്യൂമര്‍ കോര്‍ട്ടില്‍ ഒരു കേസ് കൊടുക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നു. കള്ളന്മാര്‍ ,ഉഗ്രവിഷമാണെന്ന് പരസ്യം ചെയ്തിട്ട് ,"

കലക്കി മാഷേ.