Wednesday, October 28, 2009

മലയാളത്തിന്‍റെ ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ടെക്നിക്കല്‍ പെര്‍ഫെക്ഷനുള്ള ചലച്ചിത്രം നിര്‍മ്മിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നെ തടയരുത്, പ്ലീസ്‌!!! മലയാളത്തിന് ഒരു ലോകോത്തര സിനിമ എടുത്ത്‌ കൊടുത്തെ ഞാന്‍ അടങ്ങു.

പെര്ഫെക്ഷന്റെ ആദ്യപടി എം ടി - ഹരിഹരന്‍- മമ്മൂട്ടി ടീമിനെറെ പേരുകള്‍ നീളത്തില്‍ പത്രത്തില്‍ കൊടുക്കുക എന്നതാണ്. പിന്നെ എന്ത് കോപ്രായം സ്ക്രീനില്‍ കാണിച്ചു വെച്ചാലും, ഈ ദൈവങ്ങളെ കുറ്റം പറയാന്‍ പാടുണ്ടോ എന്ന ചിന്തയില്‍ സകലവനും മിണ്ടാതിരുന്നോളും. അബദ്ധത്തില്‍ വല്ലവനും നമ്മുടെ പടത്തിനെ കുറ്റം പറഞ്ഞു പോയാല്‍ എം ടിയും, മമ്മൂട്ടിയും , ഹരിഹരനും ചേര്‍ന്നാല്‍ നല്ല സിനിമ മാത്രമേ ഉണ്ടാകു എന്ന് പത്രക്കാരും , മറ്റു മാധ്യമങ്ങളും പറഞ്ഞു പഠിപ്പിച്ചു വെച്ചിരിക്കുന്ന മണ്ടന്മാര്‍ കയറി അവന്റെ നെഞ്ചത്ത് പൊങ്കാലയിട്ടോളും.

ചരിത്രം വല്ലതും പടമാക്കിയാലോ എന്ന ആലോചനക്കിടയിലാണ് ചെഗുവരെയുടെ കഥ ഓര്‍മ്മ വന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല , അതിത്തന്നെ കച്ചവടം ഉറപ്പിച്ചു. ഇനി വേണം വല്ല കാട്ടിലും , കുന്നിലും പോയി ഒരു രണ്ടു വര്‍ഷം കിടന്നിട്ട് ഉദാത്ത പടം ഒരെണ്ണം എടുത്ത്‌ മലയാളിയുടെ മോന്തക്കിട്ട്‌ പൂശിക്കൊടുക്കാന്‍ .

പത്തു മുപ്പത് കോടി രൂപ ചിലവാക്കി , രണ്ടു വര്‍ഷങ്ങള്‍ കാട്ടിലും , മലയിലും ഒക്കെ കിടന്ന് കഷ്ടപ്പെട്ടു എന്നൊക്കെ നാല് പരസ്യവും, പത്ര വാര്‍ത്തകളും കൊടുത്താല്‍ പിന്നെ പടത്തിന്റെ നിലവാരം വല്ലതും വിഷയമാണോ?

ചെഗുവരെയുടെ കഥയാകുമ്പോള്‍ ഒളിപ്പോരാണല്ലോ പ്രധാന ആകര്‍ഷണം. അതിനു വേണ്ടി പുത്തരിക്കണ്ടം മൈതാനം ഒരു മാസത്തേക്ക് ബുക്ക്‌ ചെയ്യണം.ഒളിപ്പോരാണെന്ന് പറഞ്ഞു തുറസ്സായ സ്ഥലത്ത് കിടന്ന് കൂട്ടയടി നടത്തുക എന്നതാണ് മലയാള സിനിമയുടെ പുതിയ ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍. അത് നമ്മള്‍ കലക്കും.

പിന്നെ സ്റ്റണ്ട് സീനുകളില്‍ കയര്‍ ലാവിഷായിട്ട്‌ കാണും. പെര്‍ഫെക്ഷന്റെ ഭാഗമായി , റോപ്പ്‌ ടെക്നിക്ക്‌ ഉപയോഗിക്കുന്ന ഓരോ സീനും സ്ക്രീനില്‍ വരുമ്പോള്‍ കണ്ടിരിക്കുന്ന മൂന്ന് വയസുകാരന് വരെ ഇത് കയറാണ് എന്ന് മനസിലാകുന്ന രീതിയിലാകും ഓരോ രംഗത്തിന്റെയും ചിത്രീകരണം.

വല്ലവനും ചോദിച്ചാല്‍ , "ഇംഗ്ലീഷ്‌ സിനിമകളില്‍ കയറു കെട്ടി നടത്തിയാല്‍ നിനക്കൊന്നും ഒരു കുഴപ്പവും ഇല്ല അല്ലേടാ?" എന്ന് നമുക്ക് ചോദിക്കാം . അപ്പൊ വല്ലവനും "ഇംഗ്ലീഷ്‌ പടങ്ങളില്‍ കയറ് ഉപയോഗിച്ചാലും കണ്ടോണ്ടിരിക്കുന്നവന് അത് തോന്നാത്ത രീതിയില്‍ അവന്മാര്‍ ഡീസന്റായി അത് ചെയ്യും" എന്ന് പറഞ്ഞേക്കാം . ലവന്മാരോട് "മുന്നൂറ്‌ കോടി മുടക്കി പിടിക്കുന്ന ഇംഗ്ലീഷ്‌ പടത്തെയും, മുപ്പത് കോടിയുടെ ഈ ചിത്രത്തെയും താരതമ്യം ചെയ്യുന്നോടാ വിവരം കെട്ടവനെ ?" എന്ന് ചോദിക്കാം. പിന്നെയും ചില അവന്മാരുണ്ട് "ഇംഗ്ലീഷ്‌ പടങ്ങള്‍ നില്‍ക്കട്ടെ ,മുപ്പത് കോടി മുടക്കി എടുത്ത്‌, കയറും കോപ്പുമൊക്കെ ലാവിഷായിട്ട്‌ തന്നെ ഉപയോഗിച്ച് തെലുങ്കന്‍മാര്‍ 'മഗാധീര' എന്നൊരു പടം എടുത്തായിരുന്നു. ഇത്തരം ഒരു കോപ്പ് എടുക്കും മുന്‍പ് അതെങ്കിലും ഒന്ന് മനസിരുത്തി കണ്ടൂടായിരുന്നോ?" എന്നൊക്കെ ചോദിക്കുന്നവന്മാര്‍. അവന്മാരോട് "പ്രബുദ്ധ മലയാളികളായ എം ടി -ഹരിഹരന്‍ പിന്നെ അഭിനയ കലയുടെ കൊലപാതകി സോറി കുലപതിയായ മമ്മൂട്ടിയും ഉള്ള പടത്തിനെ ഫ്രാഡ് തെലുങ്ക് പടവുമായി താരതമ്യം ചെയ്യുന്നോ? നിനോക്കൊക്കെ തെലുങ്കന്റെ കൂറ പടങ്ങളെ പറഞ്ഞിട്ടുള്ളടാ." എന്നൊക്കെപ്പറഞ്ഞ് ഒതുക്കാന്‍ നമ്മുടെ നാട്ടില്‍ ആളുകള്‍ ഉണ്ടാകും. നമ്മള്‍ അതൊന്നും ശ്രദ്ധിക്കണ്ട. ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍, അത് ഞാന്‍ തകര്‍ത്തിരിക്കും, കട്ടായം.

റസൂല്‍ പൂക്കുട്ടി തന്നെ ഈ പടത്തിന്റെ ശബ്ദലേഖനം ചെയ്യണം എന്ന് എനിക്ക് വാശിയാണ്. അങ്ങേരെ സമയത്ത് കിട്ടിയില്ലെങ്കില്‍ വേണ്ടി വന്നാല്‍ ഈ പടം ഞാന്‍ ഒരു നിശബ്ദ ചിത്രമായിട്ടിറക്കാനും മടിക്കില്ല.ങാഹാ!! കളി എന്നോടോ? പൂക്കുട്ടി പടത്തില്‍ വന്നാല്‍ ഉടന്‍ പടം ഓസ്കാര്‍ നിലവാരത്തില്‍ ഏതിലെ എത്തി എന്ന് ചോദിച്ചാല്‍ പോരെ?

മഴയുടെയോ, കാറ്റ് വീശുന്നതിറെയോ ശബ്ദം കറക്ട്ടായിട്ട് കിട്ടിയാല്‍ ബാക്കി നമുക്ക് കൊഴുപ്പിക്കാം.പൂക്കുട്ടിയുടെ ഒരു നാല് അഭിമുഖങ്ങള്‍ പത്രങ്ങളിലും , മാസികകളിലും ഈ സിനിമയെക്കുറിച്ച് വന്നു കഴിഞ്ഞാല്‍ രാവണന്റെ കാലത്തെ ശബ്ദ ക്രമീകരണമുള്ള തിയറ്ററില്‍ ഇരുന്നു പടം കണ്ട കഴുതകളും "ഹോ!!! എന്തൊരു ഭയങ്കര ശബ്ദമാ?" എന്നേ പറയു.

പടം ഇറങ്ങുന്നതിന് ഒരു രണ്ടു ദിവസം മുന്നേ എം ടി സാറിനെക്കൊണ്ട് " ദാണ്ടെ വരുന്നെടാ മലയാളത്തിന്റെ ബെന്‍ഹര്‍" എന്നോ മറ്റോ ഒന്ന് പറയിപ്പിച്ചല്‍ ജയിച്ചു. പിന്നെ ഏതെങ്കിലും വിമര്‍ശകന്‍ വാ തുറക്കുമോ? പടം എത്ര തറയാണെങ്കിലും എംടി നല്ലതെന്ന് പറഞ്ഞതിനെ വിമര്‍ശിക്കാന്‍ എതവനെങ്കിലും ധൈര്യം കാണിക്കുമോ ?

പടം അങ്ങോട്ടിറങ്ങിയാല്‍ ബാക്കി ഫാന്‍സുകാര്‍ നോക്കിക്കോളും. പിന്നെ ആ പടമല്ലേ മലയാളത്തിന്റെ ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍. അല്ലാ എന്ന് പറയന്നവന്മാരേയോക്കെ അവന്മാര്‍ മോഹന്‍ലാല്‍ ഫാന്‍ ആക്കിക്കോളും.

അപ്പൊ എല്ലാം പറഞ്ഞത് പോലെ . ഞാന്‍ വല്ല ക്യൂബന്‍ കാടുകളിലേക്കും പോകട്ടെ. രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞ് മലയാളത്തിലെ ഏറ്റവും ടെക്ക്നിക്കല്‍ പെര്‍ഫെക്ഷന്‍ ഉള്ള പടവുമായി ഞാന്‍ ഒരു വരവുണ്ട്. നോക്കിക്കോ.


അമ്പാടി കോവാല്‍

Monday, October 26, 2009

കര്‍ത്താവും, റോമിയോമാരും, പാല്‍പ്പൊടിയും

കെ എന്‍ പി സി വി യു (കര്‍ത്താവിനെ നിദ്ര പ്രാപിപ്പിച്ച കൌണ്‍സില്‍ ഫോര്‍ വിജിലന്‍സ് & ഉഡായിപ്പ്)

തീവ്രവാദത്തിന് ഒരു പുതിയ മുഖം, അല്ലെങ്കില് ന്യൂ ഫേസ് , അല്ലെങ്കില് നയാ ചെഹരാ നല്‍കി പുതിയൊരു യുദ്ധമുഖം തുറക്കുകയാണ് ചില പന്നിക്കുരിപ്പുകള്‍. റോമിയോ ജിഹാദ്, ലവ്‌ ജിഹാദ് എന്നൊക്കെയാണ് പത്രക്കാരും, നമ്മള്‍ കര്‍ത്താവിന്റെ ജാഗ്രതാ സൈന്യക്കാരും ഈ പരിപാടിയെ , അല്ലെങ്കില്‍ പദ്ധതിയെ വിളിക്കുന്നത്‌ .

ആസൂത്രിത പ്രണയവും മതം മാറ്റവും
പോക്രിത്തരമല്ലിയോ ഇവന്മാര്‍ കാണിക്കുന്നത് ? പാല്‍പ്പൊടിയും . കമ്പളി പുതപ്പും കൊടുത്ത് നമ്മുടെ കര്‍ത്താവിന്റെ മണവാട്ടിമാര്‍ ആദിവാസികള്‍ മുതല്‍ ഏത് ജാതിക്കാരെയും മതം മാറ്റി കര്‍ത്താവില്‍ അഭയം പ്രാപിപ്പിക്കുന്നത് പോലെ വല്ല പരിപാടിയുമാണോ ഇത്? നമ്മുടെ സഭയുടെ ഫീമെയില്‍ കുഞ്ഞാടുകളെ പ്രണയിച്ച്, അല്ലെങ്കില് ലൈന്‍ അടിച്ചു, അല്ലെങ്കില് വളച്ച് ചാടിച്ചോണ്ട് പോയി മതം മാറ്റുക എന്നൊക്കെ പറഞ്ഞാല്‍? വൃത്തികെട്ടവന്മാര്‍ !!!

കൃത്രിമമായി ഒരുക്കുന്ന പ്രണയക്കുരുക്ക്
വളരെ ബോധപൂര്‍വ്വം ഒരു പ്രണയക്കുരുക്ക് നിര്‍മ്മിക്കുകയാണ് ലവ്‌ ജിഹാദികള്‍ ആദ്യം ചെയ്യുന്നത്. പ്രണയത്തിന്റെ ആരംഭത്തില്‍, മാന്യമായ പെരുമാറ്റം, സമ്പന്നമായ വസ്ത്ര ധാരണം എന്നിവയാല്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുക എന്നതാണ് ഇവരുടെ തന്ത്രം.

ആദ്യം തന്നെ ഇവരെ ബ്ലാക്ക്‌ മെയില്‍ ചെയ്യാനുള്ള തന്ത്രങ്ങള്‍ മെനയപ്പെടുന്നു . അശ്ലീല സിഡികളില്‍ തളയ്ക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് പിന്നെ ഒരിക്കലും സമൂഹത്തില്‍ സ്വന്തന്ത്രമായി ജീവിക്കാന്‍ സാധിക്കുന്നില്ല. ഒന്നുകില്‍ ആത്മഹത്യ അല്ലെങ്കില്‍ ലൈംഗിക പീഡനങ്ങള്‍ക്കും (പ്രകൃതി വിരുദ്ധം ഉത്പ്പടെ. ഹോ!!! ) കമ്പ്ലീറ്റ് പരിപാടികള്‍ക്കും വഴങ്ങിക്കൊടുക്കുക എന്നത് മാത്രമാകും പിന്നെ ഇവര്‍ക്ക് മുന്നിലുള്ള വഴികള്‍. അല്ല, അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുകയാണ്, ഇതിനൊക്കെ വേണ്ടി നിങ്ങള്‍ എന്തിനു ലവ് /റോമിയോ ജിഹാദികളെ അന്വേഷിച്ചു ബുദ്ധിമുട്ടണം . വല്ല പയസ് ട്വന്റിയോ തേര്‍ട്ടിയോ കോണ്‍വെന്റിലും ചേര്‍ന്നാല്‍ പോരെ? ലൈംഗിക പീഡനം, ആത്മഹത്യ എന്നിവയില്‍ നിങ്ങള്‍ക്ക് തിയറി/ പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ എടുക്കാന്‍ ഫാദര്‍ പൂച്ചത്രിക്ക , ഫാദര്‍ പാന്റൂരാന്‍, സിസ്റ്റര്‍ ബഫി തുടങ്ങിയ എത്രയെത്ര പ്രഗത്ഭരാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ളത് .

ഇങ്ങനെ പെണ്‍കുട്ടികള്‍ നമ്മുടെ കൂട്ടത്തില്‍നിന്നും ചാടി പോകുന്നത് തടയേണ്ടത് നിയമം ഒന്നുമല്ല. ഇനി നിയമം ഉണ്ടാക്കാന്‍ പോയി ,മത പരിവര്‍ത്തനം എങ്ങാനും നിരോധിക്കപ്പെട്ടാല്‍ നമ്മുടെ ആപ്പീസ് ഏതിലെ പൂട്ടി എന്ന് ചോദിച്ചാല്‍ മതി (തമിഴ്‌ നാട്ടിലൊക്കെ ഉഡായിപ്പ് മത പരിവര്‍ത്തനം നിറുത്തലാക്കിയത് കൊണ്ടുണ്ടായ ക്ഷീണം നമുക്കിതുവരെ മാറിയിട്ടില്ല എന്നത് ഈ അവസരത്തില്‍ സ്മരിക്കുക കുഞ്ഞാടുകളെ). അത് കൊണ്ട് ഇത്തരക്കാരെ നമ്മള്‍ തന്നെ തടയണം എന്നാണ് കൌണ്‍സിലിന്റെ അഭിപ്രായം.

അതിനായി പെണ്‍കുട്ടികളുടെ മാതാ പിതാക്കള്‍ക്കായി കൌണ്‍സില്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നു
1) നിങ്ങളുടെ കുട്ടികളുടെ മൊബൈല്‍ , ഇന്റര്‍നെറ്റ് ഉപയോഗം സദാ നിരീക്ഷിച്ചേക്കണം.

2) ഐസ്ക്രീം പാര്‍ലര്‍, ഇന്റര്‍നെറ്റ്‌ കഫേ തുടങ്ങിയ അടച്ചുറപ്പുള്ള പൊതു സ്ഥലങ്ങള്‍ സദാ നിരീക്ഷിക്കണം. നിങ്ങള്‍ക്ക് ഇതില്‍ വല്ല ബുദ്ധിമുട്ടും ഉണ്ടേല്‍ പറഞ്ഞാല്‍ മതി, നമ്മുടെ യൂത്ത് മൂവ്മെന്റിലെ പണിയില്ലാത്ത കുറെ കുഞ്ഞാടുകളെ ഇതിലേക്കായി വിട്ട് തരാം.അവര്‍ക്കും ഒരു പണിയാവട്ടെ.

3) കുട്ടികള്‍ നിങ്ങളോട് അകല്‍ച്ച പാലിക്കുക, സദാ സമയം മുറിയില്‍ കതകടച്ചിരിക്കുക തുടങ്ങിയ സ്വഭാവങ്ങള്‍ കാണിച്ചു തുടങ്ങിയാല്‍ സംശയിക്കണ്ട, അത് ലവ് ജിഹാദ് തന്നെ. ഉടനെ അവരെ പിടിച്ച് ഇടവക വികാരിയുടെ മുന്നില്‍ എത്തിക്കുക. ബാക്കി അദ്ദേഹം നോക്കിക്കൊള്ളും


4) ഇടവക വികാരിയുടെ കൈയ്യില്‍ നില്‍ക്കാത്ത കേസുകെട്ടുകള്‍ പയസ് കോണ്‍വെന്റുകളിലേക്ക് റെഫര്‍ ചെയ്യുന്നതാണ്. കോടാലി കൈ , കിണര്‍ തുടങ്ങിയ കുരിശിന്റെ വഴിയിലേക്കുള്ള മാര്‍ഗ്ഗദര്ശികള്‍ ഉപയോഗിച്ചുള്ള കൌണ്സിലിങ്ങില്‍ എന്നതായാലും ഒരു തീരുമാനം ഉണ്ടാകും.

5) ഇത്രയൊക്കെ മുന്‍കരുതലുകള്‍ എടുത്താലും ചില അവളന്മാര്‍ ചാടി പോകും. ചാടി പോയത് മുസ്ലീം പയ്യന്റെ കൂടെയാണെങ്കില്‍, ഇനിയവന്‍ ജനിച്ചിട്ട്‌ നിങ്ങളുടെ നാടിന്റെ അതിര്‍ത്തിക്കപ്പുറം പോകത്തവനാണെങ്കില്‍ കൂടി, താലിബാന് വേണ്ടി ലവ് ജിഹാദ് നടത്താനാണ് നിങ്ങളുടെ മകളെ അടിച്ചോണ്ട് പോയത് എന്ന് പോലീസില്‍ പരാതി കൊടുത്തേക്കുക. പയ്യന് മുന്‍ തീവ്രവാദ ബന്ധങ്ങള്‍ ഒന്നും ഇല്ല എന്നതൊന്നും ഇവിടെ വിഷയമല്ല. നമ്മുടെ സുവിശേഷ പത്രങ്ങള്‍ , നമ്മോട്‌ അനുഭാവമുള്ള മറ്റു മാധ്യമങ്ങള്‍ ഇവയിലൂടെ സംഗതികള്‍ നമുക്ക് വെടിപ്പാക്കാം.

ഫാദര്‍ കോണി പാല്‍പ്പൊടി
സെക്രെട്ടറി ,
കെ എന്‍ പി സി വി യു

Sunday, October 18, 2009

പഴശൂംംംംരാജ

മലയാളത്തിന്‍റെ ലോക എനിമ ഛെ സിനിമ പഴശ്ശി രാജ കേരള ചരിത്രത്തെ കുറിച്ച് എന്നെപ്പോലുള്ള വിവരദോഷികളെ പ്രബുദ്ധരാക്കാന്‍ ഗോകുലം ഗോപാലന്‍ സാര്‍ പത്തു മുപ്പതു കോടി രൂപ ചുമ്മാ പോട്ട് പുല്ലെന്ന് മുടക്കി എടുത്ത പടമാണെന്നാണ് തിയറ്ററിനു മുന്നില്‍ ലഡ്ഡു വിതരണം നടത്തിയ മമ്മൂട്ടി ഫാന്‍സ്‌ ചേട്ടന്മാര്‍ പറഞ്ഞത്.

പടം കണ്ടപ്പോള്‍ തോന്നി,ഇത് ചരിത്രത്തിന്റെ സത്യസന്ധമായ ആവിഷ്കാരമാണെങ്കില്‍ പഴശ്ശി രാജയെ ബ്രിട്ടീഷുകാര്‍ കൊന്നതില്‍ ഒരു അത്ഭുതവും ഇല്ല. ഒളിപ്പോര്‍ ആയിരുന്നല്ലോ പഴശ്ശിയുടെ യുദ്ധ തന്ത്രം. ഹരിഹരന്‍ എം ടി മമ്മൂട്ടി ടീമിന്റെ ഈ മൈ...മൈ ...മൈനാക പടത്തില്‍ കാണിച്ചിരിക്കുന്നത്‌ പോലെയാണ് ഒര്‍ജിനല്‍ പഴശ്ശി യുദ്ധം ചെയ്തതെങ്കില്‍ അങ്ങേരെ കൊല്ലാന്‍ ഈസ്റ്റ്‌ ഇന്ത്യ കമ്പനി പട്ടാളം ഒന്നും വേണ്ട.നമ്മുടെ ലോക്കല്‍ പി സി കുട്ടമ്പിള്ളയും ,അഞ്ചു പോലീസുകാരും മതി.

ചിത്രത്തിലെ ആദ്യ യുദ്ധ രംഗം കണ്ടപ്പോള്‍ സത്യത്തില്‍ കിടുങ്ങിപ്പോയി. കുരുത്തോല കൊണ്ട് കര്‍ട്ടന്‍ കെട്ടി മുഖം മറച്ച നാലഞ്ചു ആദിവാസികള്‍ ഒളിഞ്ഞിരുന്നു പട്ടാളത്തിനു നേരെ അമ്പെയ്യുന്നു. ഒരു വന്‍ മരത്തില്‍ നിന്നും പരുന്ത് പറന്നിറങ്ങുന്ന പോലെ ചാടി വീഴുന്ന മനോജ്‌ കെ ജയന്‍. കുറ്റിക്കാട്ടില്‍ പതുങ്ങിയിരിക്കുന്ന പദ്മപ്രിയയും ടീമും. അത്രയും വരെ ഒകെ. പിന്നെ പഴശ്ശി ഒളിപ്പോര്‍ നടത്താനാണ് പറഞ്ഞത് എന്ന് മറന്നു പോയിട്ടായിരിക്കണം, ഒരു തുറന്ന പ്രദേശത്ത്‌ കൂട്ടയടിയാണ് അവര്‍ നടത്തുന്നത്. പത്തിരുന്നൂറ് ബ്രിട്ടീഷ്‌ പട്ടാളക്കാരുടെ പരിപ്പെടുക്കുന്ന നല്ല അമറന്‍ അടി.

ചിത്രത്തിന്‍റെ കഥ പോരാളിയായ രാജകുമാരനെക്കുറിച്ചായത് കൊണ്ട് യുദ്ധ രംഗങ്ങള്‍ ലാവിഷ്. അത് ചിത്രീകരിച്ചിരിക്കുന്നതോ , വിജയ്കാന്ത് ചിത്രങ്ങളെ വെല്ലുന്ന രീതിയില്‍ കയറുകള്‍ ഉപയോഗിച്ചും. മമ്മൂട്ടിയും ശരത്കുമാറും തമ്മിലെ പരിശീലന പയറ്റ് മുതല്‍ കഥാപാത്രങ്ങള്‍ ഫുള്‍ ടൈം അന്തരീക്ഷത്തിലാണ്.

ചരിത്രത്തെ ഉദ്ധരിക്കുന്നതിന്റെ കൂടെ ആലപ്പുഴയിലെ കയറ് വ്യവസായത്തെ കൂടി പ്രോത്സാഹിപ്പിക്കാം എന്ന് വിചാരിച്ചായിരിക്കണം ഗോകുലം ഗോപാലേട്ടന്‍ യുദ്ധ രംഗങ്ങളില്‍ കയറു കെട്ടി ആളെ പൊക്കുന്ന നമ്പര്‍ വാരി വിതറിയത്.

ചിത്രത്തിന്‍റെ തിരക്കഥ ഇനി ഓസ്കാറിന് അയച്ചില്ലെങ്കില്‍ കൂടി അവന്മാര്‍ ഒന്നോ രണ്ടോ ഓസ്കാര്‍ ഇങ്ങോട്ട് കൊണ്ട് തരാന്‍ സകല സാധ്യതയുമുണ്ട്.
ഒരു ചെറിയ സാമ്പിള്‍ ദാ. അനുയായിയായ തലക്കല്‍ ചന്തുവിനെ ചതിയില്‍ പിടിച്ച് തൂക്കികൊല്ലുന്നതിന് പകരമായി പഴശ്ശി രാജ ഒറ്റയ്ക്ക് ബ്രിട്ടീഷുകാരുടെ താവളം ആക്രമിച്ച് കുറെ വല്യ സായിപ്പന്മാരെ തട്ടുന്നു. ഉള്ളതില്‍ ഒരു വല്യ സായിപ്പിന്റെ ശവം തൂക്കുമരത്തില്‍ കെട്ടിത്തൂക്കി ഇടുന്നു. സാധാരണ അങ്ങനെ ഒരു കര്‍മ്മം പഴശ്ശിയുടെ വിജയമല്ലേ? പക്ഷെ എം ടിയും ഹരിഹരനും പറയുന്നത് അങ്ങനെയല്ല എന്നാണ്. കാരണം മേല്‍പറഞ്ഞ സംഭവം കഴിഞ്ഞ ഉടന്‍ ചിത്രത്തില്‍ നടക്കുന്നത് പഴശ്ശിയുടെ പട്ടാളത്തില്‍ നിന്നും ആളുകള്‍ കൂട്ടമായി പിരിഞ്ഞ് ബ്രിട്ടീഷ്‌ പട്ടാളത്തിന് മുന്നില്‍ കീഴടങ്ങുന്നതാണ്. പോട്ടെ പാവങ്ങള്‍ പേടിച്ചു പോയിക്കാണും എന്ന് കണ്ടിരിക്കുന്നവന്‍ വിചാരിക്കുമ്പോഴേക്കും, നല്ല തണ്ടും തടിയുമുള്ള പുലി പോലൊരുത്തന്‍ കീഴടങ്ങാന്‍ പോകും വഴി മമ്മൂട്ടിക്ക് മുന്നില്‍ വന്നു നിന്ന് ഒരു ഡയലോഗ് "ആയുധം എടുക്കാന്‍ ശക്തി വീണ്ടു കിട്ടിയാല്‍ ഞങ്ങള്‍ തിരിച്ച് വരും " എന്ന് . കൊടുക്കണ്ടേ തിരക്കഥക്കും സംഭാഷണത്തിനും സ്പോട്ടില്‍ അവാര്‍ഡ്?

ഹരിഹരന്റെ സംവിധാനത്തിന്റെ മികവ് പൂര്‍ണ്ണമായി പ്രകടമാകുന്നത് യുദ്ധരംഗങ്ങളിലാണ്. ആഫ്രിക്കന്‍ കുഴല്‍ തോക്ക് (ഡാര്‍ട്ട് ഗണ്‍:- ഊതി വിഷ സൂചി തെറിപ്പിക്കുന്നരണ്ട് ലാ സാധനം) ഉപയോഗിക്കുന്ന വയനാടിലെ ലോക്കല്‍ ആദിവാസികള്‍ പങ്കെടുക്കുന്ന അത്ഭുതകരമായ യുദ്ധ രംഗങ്ങള്‍ ഒരു പക്ഷെ ലോക സിനിമയില്‍ മറ്റൊരിടത്തും കാണാന്‍ സാധിക്കില്ല.

പടം ക്ലൈമാക്സില്‍ എത്തുമ്പോഴേക്കും ഹരിഹരന്‍ ഫുള്‍ ഫോമിലാകും. ഇരുപത്തിയന്ച്ചില്‍ കൂടാത്ത സൈന്യ ബലവുമായി പഴശ്ശി ഒരു പുല്‍മേട്ടില്‍ ബ്രിട്ടീഷുകാരെ അഭിമുഖീകരിക്കുന്നു. "ഐ ആം പഴശ്ശി ..." എന്ന് രണ്ടു ഇംഗ്ലീഷ്‌ ഡയലോഗ് അടിച്ച് സായിപ്പിനെ വിരട്ടുന്നു (മമ്മൂട്ടി മാക്സിമം പരത്തി ഇംഗ്ലീഷ്‌ പറയാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും എനിക്ക് ഇന്‍സ്പെക്ടര്‍ ബല്‍റാമിലെ "ഉസ് ഷേര്‍ കാ നാം ഹേ ഇന്‍സ്പെക്ടര്‍ ബല്‍റാം" എന്ന ഹിന്ദി ഡയലോഗിന്റെ കനം അനുഭവപ്പെട്ടു പഴശ്ശിയുടെ ഇംഗ്ലീഷില്‍). മമ്മൂട്ടിയുടെ ഇംഗ്ലീഷ്‌ കേട്ട സായിപ്പ് "വെക്കടാ വെടി !!!" എന്ന് ഉത്തരവിടുന്നു. അപ്പൊ ദാണ്ടേ ചാടി വീഴുന്നു വേറൊരു സായിപ്പ് "ടിയാനെ ജീവനോടെ പിടിക്കണം എന്നാണ് ഡങ്കന്‍ (ഡിങ്കന്‍ അല്ല) സായിപ്പിന്റെ ഉത്തരവ്‌" എന്ന്. മറ്റേ സായിപ്പ് വെടി ക്യാന്‍സല്‍ ചെയ്ത് അടി തുടങ്ങാന്‍ പറയുന്നു. പിന്നെയങ്ങോട്ട് ബാലഭവന്‍ പിള്ളാരുടെ മഹാഭാരതം നാടകത്തിനെ വെല്ലുന്ന യുദ്ധമാണ് . ഇടയ്ക്ക് ട്രോയ് , 300 തുടങ്ങിയ ഇംഗ്ലീഷ്‌ ചിത്രങ്ങളുടെ ഓര്‍മ്മയില്‍ മമ്മൂട്ടി ചില അന്യായ കോമഡികളും കാണിക്കുന്നുണ്ട്. ഒടുവില്‍ സായിപ്പ് മമ്മൂട്ടിയുടെ കോമഡി സഹിക്കാന്‍ വയ്യാതെ അങ്ങേരെ വെടി വെച്ചു കൊല്ലുന്നു.
അപ്പോള്‍ ഡങ്കന്‍ സായിപ്പിന്റെ ഉത്തരവ്‌? അത് ക്ലൈമാക്സില്‍ മമ്മൂട്ടിക്ക് കുറെ ഷോകള്‍ കാണിക്കാനുള്ള അവസരം കൊടുത്തിട്ടേ വെടി വെച്ച് കൊല്ലാന്‍ പാടുള്ളു എന്നാണ് ഡങ്കന്‍ രഹസ്യമായി ഉത്തരവ്‌ കൊടുത്തത് എന്ന് ഊഹിക്കാനുള്ള ബുദ്ധി മലയാളികള്‍ക്കുണ്ട് എന്ന് ഹരിഹരന് അറിയാം. അത് കൊണ്ട് പഴശ്ശി മരിച്ചു കഴിഞ്ഞ് ജീവനോടെ പിടിക്കാനുള്ള ഉത്തരവിനെക്കുറിച്ച് ആരും ഒരക്ഷരവും മിണ്ടുന്നില്ല.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. പഴശ്ശിയുടെ സേനാനാകനായ ഇടച്ചേന കുങ്കന്‍ എന്ന പോരാളിയായി ശരത്കുമാര്‍ നന്നായിട്ടുണ്ട്. ശരിക്കും ഒരു അപരാജിതനായ യോദ്ധാവിന്റെ കെട്ടും മട്ടും കുങ്കനില്‍ കൊണ്ട് വരാന്‍ ശരത്കുമാറിന് കഴിഞ്ഞിട്ടുണ്ട്. എനിക്കൊപ്പം പടം കണ്ട ഒരു സുഹൃത്ത് പറഞ്ഞ "പടത്തിലെ ബാക്കിയുള്ള സകലവന്മാരും ബോറായത് കൊണ്ട് കൂടെയാണ് ശരത്കുമാര്‍ തകര്‍ത്തു എന്ന് നിനക്ക് തോന്നിയത്" എന്ന വാക്കുകളും സത്യമാവാം.

പദ്മപ്രിയയുടെ നീലി എന്ന ആദിവാസി പോരാളി യുവതിയുടെയും ,മനോജ്‌ കെ ജയന്റെ തലക്കല്‍ ചന്തു എന്ന കഥാപാത്രത്തിന്റെയും പാത്രസൃഷ്ടി വടക്കന്‍ വീരഗാഥയിലെ അരിങ്ങോടരെ സൃഷ്ടിച്ച അതേ തൂലിക തന്നെ നടത്തിയിരുന്നുവെങ്കില്‍ എന്ന് തോന്നിപ്പോയി. സ്ക്രീനില്‍ തിളങ്ങാന്‍ ഏറെ അവസരങ്ങള്‍ ഒന്നും കഥയില്‍ ഇരുവര്‍ക്കും ഇല്ല എന്നത് ഒരു ദുഃഖസത്യം .
വില്ലന്മാര്‍ എല്ലാം കണക്കാ. എല്ലാവരും ഒരുമാതിരി നേരത്തെ ഹിസ്റ്ററി ബുക്ക്‌ വായിച്ച് ക്ലൈമാക്സില്‍ പഴശ്ശി മരിക്കും എന്ന് മനസിലാക്കിയ മട്ടിലാണ് തെക്ക് വടക്ക് നടക്കുന്നത്. ഏറെ ഫുട്ടെജ് ഉള്ള സുമന്‍ പോലും ഒരു ജാതി സ്വപ്നാടനം നടത്തുന്ന ഭാവത്തിലാണ് ഫുള്‍ ടൈം.
ഒടുവില്‍ മമ്മുക്ക. യുവത്ത്വം തുടിക്കുന്ന മമ്മുക്ക കയറ് കെട്ടി പറന്നു പയറ്റാത്തപ്പോള്‍ കാലങ്ങളായി ദഹനക്കേട് അലട്ടുന്ന രീതിയില്‍ ഉജ്ജല പ്രകടനം കാണിച്ച് ആദ്യാവസാനം സ്ക്രീനില്‍ നിറയുന്നുണ്ട് എന്നത് ഫാന്‍സിനെ ഹരം കൊള്ളിക്കതിരിക്കില്ല.

പഴശ്ശിയുടെ പത്നി കൈതേരി മാക്കമായ കനിഹ, സ്വന്തം അംഗവടിവ് നമ്മളെ ബോധ്യപ്പെടുത്താനായി മാത്രം അമേരിക്കയില്‍ നിന്നും വിമാനം കയറി വന്ന് ഈ പടത്തില്‍ അഭിനയിച്ചതിന് ആര് നന്ദി പറഞ്ഞില്ലെങ്കിലും ഞാന്‍ നന്ദി പറയും. മൂന്ന് തരം!!!

ഇളയരാജയുടെ സംഗീതത്തില്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന ഗാനം മാത്രം ചിത്രത്തിന്‍റെ അടിസ്ഥാന സ്വഭാവവുമായി( വീര്യം എന്നാണല്ലോ വെപ്പ്. ബാക്കി ഒരിടത്തും ഈ പറഞ്ഞ സാധനം ഇല്ല എന്നത് കാര്യം വേറെ) ഒത്ത് പോകുന്നുണ്ട്. പിതാമഹന്‍ പോലുള്ള ചിത്രങ്ങളിലെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതം നല്‍കിയ രാജക്ക് ഇതു എന്ത് പറ്റി എന്ന് തോന്നിപ്പോയി ചിത്രത്തിലെ പശ്ചാത്തല സംഗീതം കേട്ടപ്പോള്‍.

ഛായാഗ്രഹണം യുദ്ധരംഗങ്ങളെ ബാലിശമാക്കുന്നതില്‍ മോശമല്ലാത്ത പങ്കു വഹിച്ചു എന്നത് അഭിനന്ദനാര്‍ഹമായ ഒരു കാര്യമാണ്. സംവിധായകനും , തിരക്കഥാകൃത്തും, നായകനും, നിര്‍മ്മാതാവും ഒരു തറപ്പടം എടുക്കണം എന്ന വാശിയില്‍ രണ്ടു കൊല്ലങ്ങള്‍ കാട്ടിലും ,മലയിലും കിടന്നു കഷ്ട്ടപ്പെടുമ്പോള്‍ ഛായാഗ്രാഹകന്‍ ഒട്ടും മോശമാകരുതല്ലോ.

റസൂല്‍ പൂക്കുട്ടിയെ മറന്നതല്ല കേട്ടോ. വാളുകള്‍ കൂട്ടി മുട്ടുന്ന സ്വരങ്ങളും, മഴയുടെ ശബ്ദങ്ങളും കലക്കിയിട്ടുണ്ട്. പക്ഷെ അത് പോലെ ബോറായ ചില ഇടപാടുകളും പടത്തില്‍ പൂക്കുട്ടി സാര്‍ വകയുണ്ട്. നിലത്തു കിടക്കുന്ന ഒരു വാള്‍ മറ്റൊരു വാള്‍ കൊണ്ട് കോരിയെടുത്ത് മമ്മൂട്ടി ശരത്ത് കുമാറിന് എറിഞ്ഞ് കൊടുക്കുന്ന രംഗത്തില്‍ കേട്ട ശബ്ദം ഇതിനേക്കാള്‍ വൃത്തിയായി പാലാട്ട് കോമനില്‍ കേട്ടിട്ടുണ്ട് എന്നാണ് എന്‍റെ ഓര്‍മ്മ.

അപ്പോള്‍ മൊത്തത്തില്‍ ഏതാണ്ട് എല്ലാം കവര്‍ ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്. ശേഷം വല്ലതും ബാക്കിയുണ്ടെങ്കില്‍ അവനവന്‍ പോയിക്കണ്ട് അനുഭവിച്ചോ.

പഴശ്ശി രാജ കണ്ടു കഴിഞ്ഞപ്പോള്‍ ചില സംശയങ്ങള്‍ ബാക്കി. അവ കൂടി കുറിക്കുന്നു:
1) കയറ് കെട്ടി ആളെ പറപ്പിച്ച് വൃത്തികേടാക്കിയ യുദ്ധരംഗങ്ങള്‍ക്കും, തറ ഗ്രാഫിക്സിനും വേണ്ടിയാണോ ഗോപാലന്‍ സാര്‍ മുപ്പതു കോടിയോളം വാരി വിതറി എന്ന് പറഞ്ഞത് ? അതോ പടത്തില്‍ പീസ് നിരത്താനോ? (കനിഹ ,പദ്മപ്രിയ ,സുമന്റെ ഭാര്യയായി ഒരൊറ്റ സീനിലേക്ക്‌ ഒരു ഒരു യുവ സുന്ദരി,അങ്ങനെ അങ്ങനെ...). അതോ, ഇനി ബ്ലാക്ക്‌ വൈറ്റ് ആക്കാനോ?

2) പഴയ ഉദയ വടക്കന്‍പ്പാട്ടുകളുടെ (നസീര്‍ ടീ ഷര്‍ട്ടും ഇട്ട് കുതിരപ്പുറത്ത്‌ സെറ്റില്‍ നിന്നും സെറ്റിലേക്ക് പോയി അഭിനയിച്ചിരുന്ന ആ പടങ്ങള്‍ തന്നെ ) ഡി വി ഡികള്‍ എവിടെക്കിട്ടും? അന്നത്തെ പ്രേക്ഷകരെ ബോറടിപ്പിക്കാതെ ഹിറ്റായ പടങ്ങളാണല്ലോ അവയെല്ലാം? പഴശ്ശി രാജ പോലുള്ള മലയാളത്തിന്‍റെ ലോക എനിമകള്‍ കാണുന്നതിനേക്കാള്‍ ഭേദം പൊന്നാപുരം കോട്ട , പാലാട്ട് കുഞ്ഞിക്കണ്ണന്‍ തുടങ്ങിയ ചിത്രങ്ങള്‍ കാണുന്നതാണ്.

Thursday, October 8, 2009

രാഹുലിന്റെ ദണ്ടി യാത്രകള്‍; തേക്കടിയിലെ തെണ്ടികളും

രാഹുല്‍ ഗാന്ധി ഈ ഇടയായി ഇന്ത്യയാകെ നടന്ന് തെണ്ടി ഛെ ദണ്ടി യാത്ര നടത്താനുള്ള പുറപ്പാടിലാണെന്ന് തോന്നുന്നു. നടന്നെന്ന് ചുമ്മാ ഒരു ഗുമ്മിന് പറഞ്ഞതാണ്. കേന്ദ്ര സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കി പ്രത്യേകം വിമാനം വിട്ട് കൊടുത്തിട്ടുണ്ട് ,യുവരാജാവിന് യു പിയില്‍ പോയി പാവപ്പെട്ട ഏതെങ്കിലും മോത്തി ഭായി ഉണ്ടാകിക്കൊടുക്കുന്ന ചായ മോന്താനും , പിന്നെ അതെ വേഗത്തില്‍ തിരുവനതപുരത്ത് വന്നു ഇവിടെ മാര്‍ഗ്ഗ തടസ്സങ്ങള്‍ സൃഷ്ടിക്കാനും. അല്ലെങ്കിലേ ജപ്പാന്‍ കുടിവെള്ളം, അവന്‍റെ അമ്മുമ്മേടെ പദ്ധതി എന്നീ പല പേരുകളില്‍ ഇനി വെട്ടിപ്പൊളിക്കാന്‍ കൊള്ളാവുന്ന ഒരു റോഡും തിരുവനന്തപുരത്ത് ബാക്കിയില്ല . അത് കൊണ്ടുള്ള യാത്രാ ദുരിതം പോരാഞ്ഞിട്ടാണ്‌ ,യുവരാജാവ് വക ഗതാഗത നിയന്ത്രണം തലസ്ഥാനത്തുകാരുടെ അസ്ഥാനത്തിട്ട് കിട്ടുന്നത്.

പ്രത്യേക വിമാനത്തില്‍ വന്നിറങ്ങി സാധാരണക്കാരന് ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ പോട്ടെ എന്ന് വെയ്ക്കാം(അല്ലേലും ഇങ്ങനെയുള്ളവന്മാരെ ജയിപ്പിച്ച്‌ 'പ'രണത്തില്‍ കയറ്റിയ മണുങ്ങന്‍ ജനത്തിന് ഈ പണിയൊന്നും കിട്ടിയാല്‍ പോരാ)എന്നങ്ങോട്ട് ചിന്തിക്കണം എന്ന് ചിന്തിച്ചപ്പോഴേക്കും ദാ വരുന്നു അടുത്ത രസികന്‍ ന്യൂസ്‌. പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ യുവരാജാവിന് വെടിവെയ്ക്കാന്‍ സോറി വെടി കൊള്ളാതിരിക്കാനുള്ള പ്രത്യേക വണ്ടി തിരുവനന്തപുരത്ത് എത്തിക്കാന്‍ എയര്‍ ഫോഴ്സ് വിമാനം നാലഞ്ച് വട്ടം ഷട്ടിലടിച്ചു എന്ന്.കേട്ടപ്പോള്‍ കോള്‍മയിര്‍ കൊണ്ട് പോയി. തേക്കടിയില്‍ ബോട്ട് മുങ്ങി മരിച്ച പത്തന്‍പത് മൃതദേഹങ്ങള്‍ അവരവരുടെ ജന്മനാട്ടില്‍ എത്തിക്കാന്‍ വിമാനം വിട്ട് കൊടുക്കുമോ എന്ന് ചോദിച്ചപ്പോള്‍ പറ്റില്ല എന്ന് തത്വം മൊഴിഞ്ഞ എയര്‍ ഫോഴ്സ് മാമകള്‍ തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ വണ്ടി എടുക്കാന്‍(വണ്ടി എന്ന് തന്നെ വായിക്കണം...ട്ടാ) പോയത് എന്നോര്‍ത്തപ്പോള്‍ 'ഫാരതാമ്പേ!!!' എന്ന് അമ്മച്ചിയാണേ വിളിച്ചു പോയി.

സംഭവം അധികമാളുകള്‍ അറിയും മുന്‍പ് തോല്‍വികളില്‍ തളരാത്ത എം ഐ .ഷാനവാസ്‌ (കേരളം മുഴുവന്‍ നടന്ന് തോറ്റിട്ടാണേ ഒടുക്കം വയനാട്ടില്‍ അടുത്തിടെ പച്ച തൊട്ടത്‌ )വിശദീകരണവുമായി എത്തുകയും ചെയ്തു.ഭാവി പ്രധാനമന്ത്രിയായ രാഹുല്‍ വാവക്ക് വണ്ടി വാങ്ങാന്‍ പോയതിനെയും , തേക്കടിയില്‍ മരിച്ചവരെ അവരവരുടെ നാടുകളില്‍ എത്തിക്കാന്‍ കൂട്ടാക്കാത്തതിനെയും തമ്മില്‍ താരതമ്യം ചെയ്യരുതെന്ന്. അതെ സാര്‍, തേക്കടിയിലെ അനാഥ പ്രേതങ്ങള്‍ എവിടെക്കിടക്കുന്നു രാഹുല്‍ ഗാന്ധി എവിടെ കിടക്കുന്നു. ജനാധിപത്യ വ്യവസ്ഥയില്‍ ഭാരതത്തിലെ സകല തെണ്ടികളും സമന്മാരാണെന്ന് പറഞ്ഞവനെ പുറങ്കാലിനടിച്ച് വാള്‍ പോസ്റ്ററാക്കണം.

രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് വന്നാലും ,ഇവിടെ ഗതാഗത തടസം ഉണ്ടാക്കിയാലും എനിക്കൊരു പീകോക്കുമില്ല. ഇങ്ങനെയുള്ള ബാധകള്‍ വരുന്ന ദിവസം ഈ നഗരം വിട്ട് പോകുന്നവനാണ് ഞാന്‍. പിന്നെ എന്ത് പിണ്ണാക്കിന് ഇത്രയും എഴുതിക്കൂട്ടി എന്ന് ചോദിച്ചാല്‍, ചില കാര്യങ്ങള്‍ പറയാന്‍ അധികമാളുകള്‍ ഇല്ലാത്തത് കൊണ്ട് എന്നായിരിക്കും എന്‍റെ മറുപടി.

എന്തായാലും സ്വന്തം കാശ് മുടക്കിയാണ് യുവരാജാവ് തിരുവനന്തപുരത്തേക്ക് കെട്ടിയെടുത്തത് എന്ന് എനിക്ക് തോന്നുന്നില്ല. അതിനാല്‍ തന്നെ , രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് ചുറ്റിത്തിരിയുമ്പോള്‍ 'ഈ ചെറുക്കന് വേറെ ഒരു പണിയുമില്ലേ' എന്നോ മറ്റോ വയര്‍ലെസ്സിലൂടെ ചോദിച്ച ആ പോലീസുകാരന് എന്‍റെ സ്വന്തം പേരിലും , തേക്കടിയിലെ കുറെ അനാഥ പ്രേതങ്ങളുടെ പേരിലും അമര്‍ത്തി ചവുട്ടി ഒരു സല്യൂട്ട്.

എ കെ

ഇപ്പോഴേ പറഞ്ഞേക്കാം:ഇവിടെ വിഷയം രാഹുല്‍ ഗാന്ധിയും തേക്കടിയുമാണ്. അതിനിടക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു പതിനായിരം കോടിയുടെ സ്വത്തുണ്ട്,ലാവലിനില്‍ പിണറായി കുറെ കാശ് അമുക്കി എന്ന പതിവ് നമ്പരുകള്‍ ഇറക്കി ഒരുത്തനും ഇങ്ങോട്ട് വന്നേക്കരുത്

Tuesday, October 6, 2009

ലവ്‌ ജിഹാദ്/ പ്രണയത്തിന്റെ ധര്‍മ്മയുദ്ധം

പ്രിയപ്പെട്ട നൂര്‍ജഹാന്‍,
ശ്രാവണ നിലാവൊത്ത (ഇനി ഞാന്‍ നിന്നെ കയറി റംസാന്‍ ചന്ദ്രിക എന്ന് വിളിച്ചത് കൊണ്ട് മലബാര്‍ സംസാഥാന വാദികളും ,ശ്രീരാമ സേനയും കലിപ്പുണ്ടാക്കണ്ട. ശ്രാവണ നിലാവിനെ നീ രഹസ്യമായിട്ട്‌ റംസാന്‍ ചന്ദ്രിക എന്ന് വായിച്ചോ. ആരുമറിയണ്ട) നിന്നെ കണ്ടും, നിന്റെ പ്രണയത്തിന്റെ സുലൈമാനി കുടിച്ചും മതിയാവും മുന്നേ ഇങ്ങനെ ഒരു കത്തെഴുതേണ്ടി വന്നത് നമ്മള്‍ രണ്ടും വല്ല അമേരിക്കയിലും ജനിക്കാത്തത് കൊണ്ട് മാത്രമാണ്. ആര്‍ഷ ഭാരത ഭൂവില്‍ നമ്മുടെ പ്രേമം ഏതാണ്ട് കോഞ്ഞാട്ടയാവാനുള്ള സകല ലക്ഷണവും ഞാന്‍ കാണുന്നുണ്ട് .

ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് നമ്മുടെ പ്രണയം വിവാഹമായോ , നിക്കാഹായോ പരിണമിച്ചാല്‍, അല്‍പ്പ സ്വല്‍പ്പം പൊട്ടലും ചീറ്റലും നമ്മുടെ വീട്ടുകാര്‍ക്കിടയില്‍ കുറച്ചു കാലത്തേക്ക് ഉണ്ടാകും,കാണാ കുണാ പറഞ്ഞോണ്ട് വരുന്ന മത നേതാക്കന്മാരോട് പോയി പണി നോക്കാന്‍ പറയാം എന്നൊക്കെയായിരുന്നു എന്‍റെ വിശ്വാസം.

പക്ഷേ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയൊന്നുമല്ല എന്ന് വളരെയടുത്താണ്‌ എനിക്ക് മനസിലായത് .
മുത്തലാക് (അവന്റെ പേര് തന്നെ വശപിശകാണ് ) അനുയായികളായ ശ്രീരാമ സേനക്കാര്‍ പറയുന്നത് നീ എന്നെ മതം മാറ്റി തീവ്രവാദത്തിലേക്ക് നയിക്കാന്‍ വേണ്ടി മാത്രം എന്നെ പ്രണയിക്കുന്ന ഒരു തീവ്രവാദിനിയാണെന്നാണ്. ദീപിക പത്രക്കാരും ഏതാണ്ട് ഇതൊക്കെ തന്നെയാണ് പറയുന്നത്.

ജനിച്ചിട്ട്‌ ഇന്നേ വരെ തിരുവനന്തപുരത്തിന് അപ്പുറത്തെ ലോകം കണ്ടിട്ടില്ലാത്ത നീ (കഴിഞ്ഞ മാസം നമ്മള്‍ മൂന്നാറില്‍ പോയത് കൂട്ടില്ല) എങ്ങനെ തീവ്രവാദിനിയാകും എന്ന് ഞാന്‍ ചോദിച്ച് നോക്കി. പക്ഷേ ആര് കേള്‍ക്കാന്‍? ശ്രീരാമ സേനക്കാര്‍ ഓടി നടന്ന് ലവ്‌ ജിഹാദിനെതിരെ കോളേജുകള്‍ക്ക് മുന്നില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നു. അഭയാ കേസ് , ഹിമാലയ കൊലപാതം, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്,പോള്‍ മുത്തൂറ്റ് വധം തുടങ്ങിയ കേസുകളൊക്കെ പ്രശസ്തമായ വിധം അന്വേഷിച്ച് പരണത്ത് കയറ്റി ഒരു പണിയുമില്ലാതെ ഇരുന്നിരുന്ന കേരളാ പോലീസ്‌ , ഒരു പണി കിട്ടിയ സന്തോഷത്തില്‍ , ' ആരെടാ പോസ്റ്റര്‍ ഒട്ടിച്ചത്?' എന്ന് അന്വേഷിക്കുന്നു. (ഒരു പോസ്റ്ററിന്റെ പേരില്‍ അന്വേഷണം തുടങ്ങിയ ഏമാന്മാര്‍ , ഇതേ വിഷയം കവര്‍ സ്റ്റോറി ആക്കി എഴുതിയ കേരള ശബ്ദത്തിനും , വാര്‍ത്തയായി കൊടുത്ത ദീപികക്കും എതിരെ കേസേടുക്കുമായിരിക്കും എന്ന് പ്രതീക്ഷിക്കാം, അല്ലേ?).

ശ്രീരാമ സേനക്കാര്‍ പുല്ലന്മാര്‍ പോസ്റ്റര്‍ ഒട്ടിക്കുകയോ, പോലീസിന്റെ ഇടി കൊള്ളുകയോ ചെയ്യട്ടെ , അതില്‍ നമുക്കെന്ത് കാര്യം എന്ന് വിചാരിച്ചു തുടങ്ങിയതാണ്‌ ഞാന്‍. അപ്പോഴേക്കും ദാണ്ടെ വരുന്നു കോടതിയുടെ വക ഇണ്ടാസ്‌ . ലവ്‌ ജിഹാദ് ശരിക്കും ഉണ്ടോ എന്ന് കണ്ടു പിടിക്കാന്‍ . പോലീസ് ബഹുത് കുഷ്‌ . സേനക്കാരുടെ കൂടെ ഇനി ലോക്കല്‍ ജിഹാദികളെയും ഇടിക്കമല്ലോ.

പ്രിയപ്പെട്ടവളെ , ഇപ്പൊ നിനക്ക് മനസിലായില്ലേ , നമ്മുടെ പ്രണയത്തിന്റെ കാര്യം ഏതാണ്ട് ഒരു തീരുമാനമായി എന്ന്? ഇനി അങ്ങോട്ട്‌ , ഞാന്‍ മതം മാറി ഇസ്ലാമായായി നിന്നെ കെട്ടിയാല്‍ നീ തീവ്രവാദിനിയാണ് . പോട്ടെ, നീ മതം മാറി ഹിന്ദുവായാല്‍ പ്രശ്നം തീരുമോ? നാളെ ഇവന്മാരെല്ലാം കൂടി എന്നെ പ്രണയ ധര്‍മ്മയുദ്ധത്തിനായി നിന്നെ മതം മാറ്റിയ ഹിന്ദു തീവ്രവാദി ആക്കില്ല എന്ന് ആര് കണ്ടു?

എങ്ങാണ്ടോ രണ്ട് കുണ്ടന്മാര്‍ , ഏതോ രണ്ട് പിടകളെ ചാടിച്ചോണ്ട് പോയെന്നും, ലവളന്മാരെ തട്ടിക്കൊണ്ടു പോയി എന്ന് കാണിച്ചു മാതാപിതാക്കള്‍ കൊടുത്ത പരാതിയുടെ പുറത്താണ് ഇതിന്റെയൊക്കെ തുടക്കമെന്നും കേള്‍ക്കുന്നു. അതെന്തായാലും നമ്മള്‍ വഴിയാധാരമായത് മിച്ചം.

ഇനി പുല്ലന്മാരെയെല്ലാം അവഗണിച്ച് ഞാന്‍ നിന്നെ കെട്ടി എന്ന് വെച്ചോ. നമുക്ക് ജനിക്കുന്ന മക്കളെ മതമില്ലാത്ത കുട്ടികളായി വളര്‍ത്താന്‍ ഇവിടുത്തെ പന്നിക്കുരിപ്പുകള്‍ സമ്മതിക്കുമോ? മതമില്ലാത്ത ജീവന്റെ പേരില്‍ ഗുരുവിനെ ചവിട്ടിക്കൊന്ന നാടാണിത് എന്ന് ഓര്‍ക്കണം. മതമില്ലായ്മ എന്ന് ആരേലും പറഞ്ഞാല്‍ മാത്രം ഇവിടെ ശ്രീരാമ സേനയും, മലബാര്‍ വാദികളും , പാതിരിമാരും ഒറ്റക്കെട്ടാണ്. കഷ്ടകാലത്തിന് എങ്ങാനും മതം വേണ്ട എന്ന് പറയുന്ന ഒരു ജനത ഈ നാട്ടില്‍ വന്ന് പോയാല്‍ അവന്മാരുടെ കഞ്ഞികുടി മുട്ടില്ലേ?

അതുകൊണ്ട് നമ്മുടെ മുന്നില്‍ രണ്ട് വഴികളാണ് ഇനിയുള്ളത്. ഒന്നുകില്‍ നമുക്ക് നാട് വിട്ട് വല്ല അമേരിക്കയിലും പോയി അവിടുത്തെ പൌരനും പൌരിയും ആയി സുഖമായി ജീവിക്കാം (നമ്മുടെ നാട്ടില്‍ ജീവിക്കുക എന്ന ചടങ്ങിനേക്കാള്‍ എളുപ്പമാണ് ഇത് , സത്യം!!!). അല്ലെങ്കില്‍, നമ്മുടെ പ്രണയം ഈ നാട്ടിലെ ശ്രീരാമ സേനക്കാരും, മലബാര്‍ സംസ്ഥാന വാദികളും ഒന്നോടെ പണ്ടാരമടങ്ങിയിട്ട് സാക്ഷാത്കരിക്കപ്പെടുന്ന ഒരു ദിവസത്തിനായി കാത്തിരിക്കാം.

പ്രണയപൂര്‍വ്വം
എ കെ

Saturday, October 3, 2009

പഴശ്ശി രാജ ബഹിഷ്കരണം

ഓര്‍മ്മ ശരിയാണെങ്കില്‍, പുനയില്‍ 'കുച്ച് കുച്ച് ഹോതാ ഹേ' എന്നാ ഷാരുഖ് ഖാന്‍ ചിത്രത്തിനാണ് ആദ്യ നാളുകളില്‍ ടിക്കറ്റ്‌ നിരക്ക് കൂട്ടിയുള്ള അഭ്യാസം ഞാന്‍ കാണുന്നത്. പിന്നെ 'ദുബായ്' എന്ന മമ്മൂട്ടി ചിത്രത്തിന് കേരളത്തിലും ഈ കലാ പരിപാടി അരങ്ങേറി. (ദുബായ് എട്ട് നിലയില്‍ പൊട്ടിയപ്പോള്‍ ആ വിഷമം തീര്‍ന്നു ). അടുത്തിടെ ട്വന്റി ട്വന്റിക്കും ആദ്യ നാളുകളില്‍ ടിക്കറ്റ്‌ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. (ആദ്യത്തെ മൂന്ന് ദിവസത്തെ ഷോകള്‍ക്ക് കയറാതെ പ്രതിഷേധിച്ച മോഹന്‍ലാല്‍ ഫാന്‍സിനു ചിയേര്‍സ്!!!) .ഇപ്പോഴിതാ മമ്മൂട്ടി നായകനാകുന്ന മാഗ്നം ഓപ്പസ് (???) പഴശ്ശി രാജയ്ക്കും ടിക്കറ്റ്‌ നിരക്ക് ആദ്യ ദിനങ്ങളില്‍ വര്‍ദ്ധിപ്പിച്ചേക്കും എന്ന് കേള്‍ക്കുന്നു.

മമ്മൂട്ടി അഭിനയിച്ച സിനിമകള്‍ കാണണമെങ്കില്‍ ഇങ്ങോട്ട് കാശ് തരണം എന്ന് ജനം പറയുന്ന ഈ കാലത്ത്, അറുപതും, നൂറും രൂപ അങ്ങോട്ട്‌ കൊടുക്കണം എന്ന് പറഞ്ഞാല്‍ പെറ്റ തള്ള സഹിക്കുമോ? ഇനി അഥവാ വല്ലവരുടെയുമൊക്കെ പെറ്റ തള്ളമാര്‍ ഇത് അങ്ങോട്ട്‌ സഹിച്ചാലും, എനിക്ക് സഹിക്കാന്‍ സൌകര്യമില്ല.

ഗോകുലം ഗോപാലന്‍ പത്തു മുപ്പത് കോടി രൂപ മുടക്കി കേരള ചരിത്രത്തിന്റെ ഒരേട്‌ മലയാളികളെ കഷ്ട്ടപ്പെട്ട് പഠിപ്പിക്കാന്‍ ഇറങ്ങി തിരിച്ച ത്യാഗത്തിന്റെ പേരിലാണത്രേ ഇപ്പോള്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കണം എന്ന കരച്ചില്‍.

അതെന്തായാലും , ഈ ഗോപാലനോട്‌ ഞാന്‍ വീട്ടില്‍ ചെന്ന് 'കോവാലന്‍ സര്‍, ചിട്ടി കമ്പനി നടത്തി പണം കുന്ന് കൂട്ടാതെ, ചുമ്മാ ഒരു മുപ്പത് കോടി ഇറക്കി കേരള ചരിത്രത്തെക്കുറിച്ച് മലയാളികളെ ബോധവത്കരിക്കണം, പ്ലീസ്!!!' എന്ന് പറഞ്ഞിട്ടില്ല.

തന്നെയുമല്ല, പടം പിടിച്ച വക , പിന്നെ അതിന്റെ അഗ്രസ്സീവ് പ്രൊമോഷന് വേണ്ടി മീഡിയയെ കാണേണ്ട പോലെ കണ്ട വക , പോസ്റ്റര്‍ കാശ് വക; അങ്ങനെ ഗോകുലത്തിന് ചിലവായ പണം ലാഭ സഹിതം അങ്ങേര്‍ക്ക് തിരിച്ച് കിട്ടണം എന്ന നിര്‍ബന്ധം എനിക്ക് തെല്ലുമില്ല. . മാത്രമല്ല, ഈ പടത്തിന് ആദ്യ നാളുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ , പടം തറ തൊടാതെ പൊട്ടണം എന്ന ആഗ്രഹം ശക്തിയായി ഉണ്ട് താനും.

പത്തു മുപ്പത് കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന ഒരു ചിത്രം പൊട്ടിയാല്‍ അത് സിനിമാ വ്യവസായത്തെ തന്നെ പ്രതികൂലമായി ബാധിക്കില്ലേ? എത്ര കുടുമ്പങ്ങള്‍ അത് മൂലം പട്ടിണിയിലാകും? ഈ ചോദ്യങ്ങള്‍ പ്രസക്തമാകുന്നത് ഇപ്പോഴാണ് എന്ന് ചിലര്‍ക്ക് തോന്നാം. എന്നാല്‍ എനിക്ക് അങ്ങനെ ഒരു പീകോക്കും (മയില്‍, മയില്‍) തോന്നുന്നില്ല.
മറിച്ച് എനിക്ക് തോന്നുന്ന കാര്യങ്ങള്‍ രണ്ടാണ് :

1) ഇന്ന് കന്നഡ സിനിമയേക്കാള്‍ കഷ്ടമായ അവസ്ഥയില്‍ നില്‍ക്കുന്ന മലയാള സിനിമ പൊളിഞ്ഞ് തകര്‍ന്നിട്ടു പുതുരക്തം വരേണ്ട സമയം അതിക്രമിച്ച് നാളുകള്‍ ഏറെയായി. അതിന് പഴശ്ശി രാജ പൊളിയുന്നതാണ് ആവശ്യമെങ്കില്‍ അങ്ങനെ. നമുക്ക് കാര്യം നടന്നാല്‍ മതി.

2)ഞാന്‍ ഒരു കൂലി പണിക്കാരനായ, സിനിമാ ഭ്രാന്തനായിരുന്നെങ്കില്‍ , ആദ്യ ദിവസം വര്‍ദ്ധിച്ച നിരക്കില്‍ ടിക്കറ്റ് എടുത്ത്‌ ഞാന്‍ പടം കണ്ടാല്‍ എന്റെ കുടുമ്പം ചിലപ്പോള്‍ ആ ദിവസം പട്ടിണി ആയേനെ. ആ അവസ്ഥയെക്കാള്‍ എനിക്കിഷ്ടം സിനിമയെ നമ്പി നില്‍ക്കുന്ന കുടുമ്പങ്ങള്‍ പട്ടിണിയാകുന്നതാണ്.

പഴശ്ശി രാജ മോശം ചിത്രമായിരിക്കുമെന്നോ , ഉദാത്തമായ ചിത്രമായിരിക്കുമെന്നോ പടം ഇറങ്ങും മുന്‍പ് പറയാന്‍ എനിക്ക് മാധ്യമ കുഴലൂത്ത് വശമില്ല. ഒരുപക്ഷേ പടം ഇനി ഭൂലോക ക്ലാസിക്ക് തന്നെയായാലും, ഞാന്‍ എന്തായാലും വര്‍ദ്ധിപ്പിച്ച ടിക്കറ്റ്‌ നിരക്കില്‍ പടം കണ്ടു ഗോകുലം ഗോപാലനേയും , മമ്മൂട്ടിയെയും സേവിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ആദ്യ ദിവസം കൂടിയ ടിക്കറ്റ് വാങ്ങി മമ്മുക്കയെ കണ്ടു പുളകം കൊള്ളാന്‍ ഒരുങ്ങി നില്‍ക്കുന്ന മണ്ടന്മാരോട് എനിക്ക് ഒന്നും പറയാനില്ല. നിങ്ങളുടെ കാശ്, നിങ്ങളുടെ സാമാന്യ ബുദ്ധി . ഞാന്‍ എന്തായാലും നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ പഴശ്ശി രാജ ബഹിഷ്കരണം നടത്താന്‍ തീരുമാനിച്ചു. നിരക്ക് കുറയുകയാണെങ്കില്‍ ഞാന്‍ പടം അന്ന് കണ്ടോളാം. ഇല്ലെങ്കില്‍ ഡി വീ ഡി ഇറങ്ങുമ്പോള്‍. ഇനി നിരക്ക് വര്‍ദ്ധന വെറും കെട്ടുകഥയാണെങ്കില്‍ ആദ്യ ദിവസങ്ങളില്‍ തന്നെ സന്തോഷത്തോടെ പഴശ്ശി രാജ കാണുന്നവരില്‍ ഞാനുമുണ്ടാകും.

എ കെ

Friday, October 2, 2009

ഗാന്ധിഗിരി

ഗാന്ധിജി നമ്മുടെ രാഷ്ട്ര പിതാവ് :
പാവം, പുള്ളി അറിഞ്ഞോ ഭാവിയില്‍ സര്‍ക്കാര് അങ്ങേരെ നൂറിലും, അഞ്ഞൂറിലും , ആയിരത്തിലും ഒക്കെ പതിപ്പിക്കുമെന്ന് ; പട്ട ഷാപ്പ്‌ മുതല്‍ വെടിപ്പുര വരെ ക്രയ വിക്രയം ഇപ്പോള്‍ പുള്ളിയുടെ മഹനീയ സാന്നിധ്യത്തിലല്ലേ? മാത്രമല്ല പുള്ളിയുടെ പടമുള്ള നോട്ടുകളുടെ വിലയാണേല്‍ ദിവസേന മൂക്കുംക്കുത്തി താഴേക്കും .

മഹാത്മാ ഗാന്ധി ജനത സ്വയം തൊഴില്‍ കണ്ടെത്തിയും , ഗ്രാമ സ്വാരാജ്‌ കൈവരിക്കുകയും ചെയ്യുക വഴി വേണം രാജ്യം അഭിവൃദ്ധിപ്പെട്ടാന്‍ എന്നോ മറ്റോ പറഞു
. :
കേരളത്തിലെ ഗാന്ധി മാര്‍ഗ്ഗികളായ പിള്ളേര്‍സ് സ്വയം തൊഴില്‍ കണ്ടെത്തി തുടങ്ങി. ക്വൊട്ടേഷന്‍. ഗാന്ധിജി ഇന്ന് ജീവിച്ചിരുന്നേല്‍ ഗള്‍ഫ്‌ ഹെയര്‍ പിടിപ്പിച്ച് തലമുടി എഴുന്നേല്‍പ്പിച്ച് നിറുത്തി പുളകിതനായേനെ. മാത്രമല്ല 'വെറുതെ ഉപ്പു സത്യാഗ്രഹം, നിരാഹാരം എന്നൊന്നും മിനക്കെടാതെ അന്നത്തെ വല്ല ,ഓംപ്രകാശിനോ , പുത്തന്‍പാലം രാജേഷിനോ നാല് ക്വൊട്ടേഷന്‍ കൊടുത്തിരുന്നേല്‍ പൊടിയന്മാര്‍ ബ്രിട്ടീഷുകാരുടെ പരിപ്പെടുത്തേനെ' എന്ന് സങ്കടപ്പെടുകയും ചെയ്തേനെ.

ഗാന്ധിജി സഹന സമരത്തിലൂടെ വെള്ളക്കാരെ നേരിട്ടു:
ആ കാര്യത്തില്‍ ഇന്നത്തെ പിള്ളേരെ സമ്മതിക്കണം. ഐ ടി കമ്പനികള്‍ മുതല്‍ വിദേശ ചാനലുകള്‍ (താമസിയാതെ പത്രവും) വരെയുള്ള ഇന്ത്യയിലെ ഒട്ടനേകം ഓഫിസുകളില്‍ പതിനായിരക്കണക്കിനു യുവ മുകുളങ്ങള്‍ ദിവസേന വെള്ളക്കാരെ സഹന സമരത്തിലൂടെ നേരിടുകയല്ലേ ഇന്ന്. വെള്ളക്കാരന്‍ തന്തക്കോ, തള്ളക്കോ വിളിച്ചാല്‍ പോലും ഒരു ചെറു പുഞ്ചിരിയോടെ 'യെസ് മി. സ്വൈന്‍' എന്ന് നട്ടെല്ല് വളച്ചു നിന്ന് പറഞ്ഞ് ഒരു ജാതി സഹനമല്ലേ പിള്ളേര്‍ ഇന്ന് നടത്തുന്നത്. ഗാന്ധിജി അന്തരിച്ചത് അങ്ങേരുടെ ഭാഗ്യം. ഇല്ലേല്‍ ചിലപ്പോള്‍ കഴുത്തില്‍ പട്ടി തൊടലും തൂകി ഐ ടി പ്രൊഫഷണലായി ഈ ആധുനിക സമരമുറയില്‍ പങ്കെടുക്കേണ്ടി വന്നേനെ കക്ഷിക്ക്.

ഒരു ജനസേവകന്റെ ഉത്തമ മാതൃകയാണ് ഗാന്ധിജി
:
ആണെല്ലോ. പക്ഷേ പുള്ളിയുടെ ദയ കൊണ്ട് അധികാരത്തില്‍ വന്നവരുടെ പിന്തലമുരക്കാര്‍ , ഗാന്ധിജിയെ സൂക്ഷ്മമായി പഠിക്കുന്നത് 'എങ്ങനെ അങ്ങേരെ പോലെ ആകാതിരിക്കാം' എന്നറിയാനാണ് ; അത്രേ വ്യത്യാസമുള്ളൂ . ഇപ്പോഴും അങ്ങേര്‍ ഉത്തമ മാതൃകയായി തന്നെ തുടരുന്നു.

മൌന്റ്റ്‌ ബാറ്റന്‍ (എഡ്വീനയുടെ ഹബി) പണ്ട് ഗാന്ധിജിയെ 'അര്‍ദ്ധനഗ്നനായ ഫക്കീര്‍' എന്ന് വിളിച്ചു:

ഇന്ന് കേന്ദ്ര/ കേരള സര്‍ക്കാരുകള്‍ ആഞ്ഞു പിടിച്ച് ആസിയാന്‍ , സ്മാര്‍ട്ട് സിറ്റി, ആണവം, ഭൂമിക്കച്ചവടം എന്നൊക്കെ പറഞ്ഞ് ജനങ്ങളെ പൂര്‍ണ്ണ നഗ്നരായ ഫക്കീറുകള്‍ ആക്കാനുള്ള ശ്രമമാണ് എന്ന് തോന്നുന്നു. ഗാന്ധിജിക്ക് അര്‍ദ്ധ നഗ്നനാവാമെങ്കില്‍ വെറും തുക്കടാ ജനങ്ങള്‍ക്ക്‌ പൂര്‍ണ്ണനഗ്നരായാല്‍ എന്ത് ? അല്ല എന്ത്?

ഹാപ്പി ബര്‍ത്ത്ഡേ ഗാന്ധിയപ്പുപ്പാ!!! മഹാത്മാ ഗാന്ധി കി ജയ് !!!