Wednesday, October 28, 2009

മലയാളത്തിന്‍റെ ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ടെക്നിക്കല്‍ പെര്‍ഫെക്ഷനുള്ള ചലച്ചിത്രം നിര്‍മ്മിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നെ തടയരുത്, പ്ലീസ്‌!!! മലയാളത്തിന് ഒരു ലോകോത്തര സിനിമ എടുത്ത്‌ കൊടുത്തെ ഞാന്‍ അടങ്ങു.

പെര്ഫെക്ഷന്റെ ആദ്യപടി എം ടി - ഹരിഹരന്‍- മമ്മൂട്ടി ടീമിനെറെ പേരുകള്‍ നീളത്തില്‍ പത്രത്തില്‍ കൊടുക്കുക എന്നതാണ്. പിന്നെ എന്ത് കോപ്രായം സ്ക്രീനില്‍ കാണിച്ചു വെച്ചാലും, ഈ ദൈവങ്ങളെ കുറ്റം പറയാന്‍ പാടുണ്ടോ എന്ന ചിന്തയില്‍ സകലവനും മിണ്ടാതിരുന്നോളും. അബദ്ധത്തില്‍ വല്ലവനും നമ്മുടെ പടത്തിനെ കുറ്റം പറഞ്ഞു പോയാല്‍ എം ടിയും, മമ്മൂട്ടിയും , ഹരിഹരനും ചേര്‍ന്നാല്‍ നല്ല സിനിമ മാത്രമേ ഉണ്ടാകു എന്ന് പത്രക്കാരും , മറ്റു മാധ്യമങ്ങളും പറഞ്ഞു പഠിപ്പിച്ചു വെച്ചിരിക്കുന്ന മണ്ടന്മാര്‍ കയറി അവന്റെ നെഞ്ചത്ത് പൊങ്കാലയിട്ടോളും.

ചരിത്രം വല്ലതും പടമാക്കിയാലോ എന്ന ആലോചനക്കിടയിലാണ് ചെഗുവരെയുടെ കഥ ഓര്‍മ്മ വന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല , അതിത്തന്നെ കച്ചവടം ഉറപ്പിച്ചു. ഇനി വേണം വല്ല കാട്ടിലും , കുന്നിലും പോയി ഒരു രണ്ടു വര്‍ഷം കിടന്നിട്ട് ഉദാത്ത പടം ഒരെണ്ണം എടുത്ത്‌ മലയാളിയുടെ മോന്തക്കിട്ട്‌ പൂശിക്കൊടുക്കാന്‍ .

പത്തു മുപ്പത് കോടി രൂപ ചിലവാക്കി , രണ്ടു വര്‍ഷങ്ങള്‍ കാട്ടിലും , മലയിലും ഒക്കെ കിടന്ന് കഷ്ടപ്പെട്ടു എന്നൊക്കെ നാല് പരസ്യവും, പത്ര വാര്‍ത്തകളും കൊടുത്താല്‍ പിന്നെ പടത്തിന്റെ നിലവാരം വല്ലതും വിഷയമാണോ?

ചെഗുവരെയുടെ കഥയാകുമ്പോള്‍ ഒളിപ്പോരാണല്ലോ പ്രധാന ആകര്‍ഷണം. അതിനു വേണ്ടി പുത്തരിക്കണ്ടം മൈതാനം ഒരു മാസത്തേക്ക് ബുക്ക്‌ ചെയ്യണം.ഒളിപ്പോരാണെന്ന് പറഞ്ഞു തുറസ്സായ സ്ഥലത്ത് കിടന്ന് കൂട്ടയടി നടത്തുക എന്നതാണ് മലയാള സിനിമയുടെ പുതിയ ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍. അത് നമ്മള്‍ കലക്കും.

പിന്നെ സ്റ്റണ്ട് സീനുകളില്‍ കയര്‍ ലാവിഷായിട്ട്‌ കാണും. പെര്‍ഫെക്ഷന്റെ ഭാഗമായി , റോപ്പ്‌ ടെക്നിക്ക്‌ ഉപയോഗിക്കുന്ന ഓരോ സീനും സ്ക്രീനില്‍ വരുമ്പോള്‍ കണ്ടിരിക്കുന്ന മൂന്ന് വയസുകാരന് വരെ ഇത് കയറാണ് എന്ന് മനസിലാകുന്ന രീതിയിലാകും ഓരോ രംഗത്തിന്റെയും ചിത്രീകരണം.

വല്ലവനും ചോദിച്ചാല്‍ , "ഇംഗ്ലീഷ്‌ സിനിമകളില്‍ കയറു കെട്ടി നടത്തിയാല്‍ നിനക്കൊന്നും ഒരു കുഴപ്പവും ഇല്ല അല്ലേടാ?" എന്ന് നമുക്ക് ചോദിക്കാം . അപ്പൊ വല്ലവനും "ഇംഗ്ലീഷ്‌ പടങ്ങളില്‍ കയറ് ഉപയോഗിച്ചാലും കണ്ടോണ്ടിരിക്കുന്നവന് അത് തോന്നാത്ത രീതിയില്‍ അവന്മാര്‍ ഡീസന്റായി അത് ചെയ്യും" എന്ന് പറഞ്ഞേക്കാം . ലവന്മാരോട് "മുന്നൂറ്‌ കോടി മുടക്കി പിടിക്കുന്ന ഇംഗ്ലീഷ്‌ പടത്തെയും, മുപ്പത് കോടിയുടെ ഈ ചിത്രത്തെയും താരതമ്യം ചെയ്യുന്നോടാ വിവരം കെട്ടവനെ ?" എന്ന് ചോദിക്കാം. പിന്നെയും ചില അവന്മാരുണ്ട് "ഇംഗ്ലീഷ്‌ പടങ്ങള്‍ നില്‍ക്കട്ടെ ,മുപ്പത് കോടി മുടക്കി എടുത്ത്‌, കയറും കോപ്പുമൊക്കെ ലാവിഷായിട്ട്‌ തന്നെ ഉപയോഗിച്ച് തെലുങ്കന്‍മാര്‍ 'മഗാധീര' എന്നൊരു പടം എടുത്തായിരുന്നു. ഇത്തരം ഒരു കോപ്പ് എടുക്കും മുന്‍പ് അതെങ്കിലും ഒന്ന് മനസിരുത്തി കണ്ടൂടായിരുന്നോ?" എന്നൊക്കെ ചോദിക്കുന്നവന്മാര്‍. അവന്മാരോട് "പ്രബുദ്ധ മലയാളികളായ എം ടി -ഹരിഹരന്‍ പിന്നെ അഭിനയ കലയുടെ കൊലപാതകി സോറി കുലപതിയായ മമ്മൂട്ടിയും ഉള്ള പടത്തിനെ ഫ്രാഡ് തെലുങ്ക് പടവുമായി താരതമ്യം ചെയ്യുന്നോ? നിനോക്കൊക്കെ തെലുങ്കന്റെ കൂറ പടങ്ങളെ പറഞ്ഞിട്ടുള്ളടാ." എന്നൊക്കെപ്പറഞ്ഞ് ഒതുക്കാന്‍ നമ്മുടെ നാട്ടില്‍ ആളുകള്‍ ഉണ്ടാകും. നമ്മള്‍ അതൊന്നും ശ്രദ്ധിക്കണ്ട. ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍, അത് ഞാന്‍ തകര്‍ത്തിരിക്കും, കട്ടായം.

റസൂല്‍ പൂക്കുട്ടി തന്നെ ഈ പടത്തിന്റെ ശബ്ദലേഖനം ചെയ്യണം എന്ന് എനിക്ക് വാശിയാണ്. അങ്ങേരെ സമയത്ത് കിട്ടിയില്ലെങ്കില്‍ വേണ്ടി വന്നാല്‍ ഈ പടം ഞാന്‍ ഒരു നിശബ്ദ ചിത്രമായിട്ടിറക്കാനും മടിക്കില്ല.ങാഹാ!! കളി എന്നോടോ? പൂക്കുട്ടി പടത്തില്‍ വന്നാല്‍ ഉടന്‍ പടം ഓസ്കാര്‍ നിലവാരത്തില്‍ ഏതിലെ എത്തി എന്ന് ചോദിച്ചാല്‍ പോരെ?

മഴയുടെയോ, കാറ്റ് വീശുന്നതിറെയോ ശബ്ദം കറക്ട്ടായിട്ട് കിട്ടിയാല്‍ ബാക്കി നമുക്ക് കൊഴുപ്പിക്കാം.പൂക്കുട്ടിയുടെ ഒരു നാല് അഭിമുഖങ്ങള്‍ പത്രങ്ങളിലും , മാസികകളിലും ഈ സിനിമയെക്കുറിച്ച് വന്നു കഴിഞ്ഞാല്‍ രാവണന്റെ കാലത്തെ ശബ്ദ ക്രമീകരണമുള്ള തിയറ്ററില്‍ ഇരുന്നു പടം കണ്ട കഴുതകളും "ഹോ!!! എന്തൊരു ഭയങ്കര ശബ്ദമാ?" എന്നേ പറയു.

പടം ഇറങ്ങുന്നതിന് ഒരു രണ്ടു ദിവസം മുന്നേ എം ടി സാറിനെക്കൊണ്ട് " ദാണ്ടെ വരുന്നെടാ മലയാളത്തിന്റെ ബെന്‍ഹര്‍" എന്നോ മറ്റോ ഒന്ന് പറയിപ്പിച്ചല്‍ ജയിച്ചു. പിന്നെ ഏതെങ്കിലും വിമര്‍ശകന്‍ വാ തുറക്കുമോ? പടം എത്ര തറയാണെങ്കിലും എംടി നല്ലതെന്ന് പറഞ്ഞതിനെ വിമര്‍ശിക്കാന്‍ എതവനെങ്കിലും ധൈര്യം കാണിക്കുമോ ?

പടം അങ്ങോട്ടിറങ്ങിയാല്‍ ബാക്കി ഫാന്‍സുകാര്‍ നോക്കിക്കോളും. പിന്നെ ആ പടമല്ലേ മലയാളത്തിന്റെ ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍. അല്ലാ എന്ന് പറയന്നവന്മാരേയോക്കെ അവന്മാര്‍ മോഹന്‍ലാല്‍ ഫാന്‍ ആക്കിക്കോളും.

അപ്പൊ എല്ലാം പറഞ്ഞത് പോലെ . ഞാന്‍ വല്ല ക്യൂബന്‍ കാടുകളിലേക്കും പോകട്ടെ. രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞ് മലയാളത്തിലെ ഏറ്റവും ടെക്ക്നിക്കല്‍ പെര്‍ഫെക്ഷന്‍ ഉള്ള പടവുമായി ഞാന്‍ ഒരു വരവുണ്ട്. നോക്കിക്കോ.


അമ്പാടി കോവാല്‍

8 comments:

nikhimenon said...

pazhassi review nu kittiya pazhykku kanakku theerthatgha?

Aadityan said...

ഉടനെ വേണോ ? ഒരെണ്ണം കണ്ടതിന്റെ ക്ഷീണം തീര്‍ന്നില്ല . പിന്നെ ഉടനെ പോയി Angel John കുടി കണ്ടാല്‍ ഒരു രണ്ടു മൂന്ന് കൊല്ലത്തേക്ക് മലയാള പടം വെറുത്തു പോകും

cALviN::കാല്‍‌വിന്‍ said...

ഹ ഹ ഹ :-)

Panicker said...

ഈ പറഞ്ഞ തെലുങ്ക് പടം ഞാന്‍ ഇവിടെ ഒരു തീയേറ്ററില്‍ പതിനഞ്ച് യൂറോ മുടക്കി കണ്ടതാ.. അതിന്റെ ബജറ്റ്‌ അമ്പതു കോടിയോ മറ്റോ ആണെന്നാണ് കേട്ടത്. അതില്‍ ആകെ ഇഷ്ടപെട്ടത് കാജല്‍ അഗര്‍വാളിനെ മാത്രം.. കഥയും സീനുകളും എല്ലാം അഞ്ചോ ആറോ ഹോളിവുഡ്‌ സിനിമകളില്‍ നിന്നും അടിച്ചു മാറ്റപ്പെട്ടത്.. മൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഞാന്‍ മുടിഞ്ഞ കാജല്‍ ഫാന്‍ ആയിക്കഴിഞ്ഞിരുന്നു.. ഏക ആശ്വാസം ഓള്‍ ആയിരുന്നല്ലോ...

അത് കൊണ്ട് മഗധീരയുമായി താരതമ്യപ്പെടുതുന്നതിനോട് യോജിപ്പില്ല.. എന്നാലും ബ്രേവ്ഹാര്ട്ടിനെക്കാള്‍ നല്ലത് എന്നൊക്കെ പറഞ്ഞത്, അതും എംടി, അല്പം കടന്നു പോയി ...

nikhimenon said...

a.k. dont miss kerala cafe..ts good

Aadityan said...

മഗ ധീര പോലെയുള്ള പടങ്ങളില്‍ നിന്നും ഇവിടെയുള്ള പ്രതിഭകള്‍ യുദ്ധ രംഗങ്ങള്‍ എങ്ങനെ എടുക്കണം എന്നും കയറു വൃത്തികേട്‌ ഇല്ലാതെ എങ്ങനെ ഉപയോഗിക്കാം എന്നും മാത്രം മനസിലകിയിരുന്നെങ്ങില്‍ എന്ന് മാത്രം തോന്നി പോകുന്നു

ശാശ്വത്‌ I Saswath Tellicherry said...

പ്രിയ എ. കെ.,


മുന്‍പെഴുതിയ കമന്റ്‌ വായിച്ചു കാണുമല്ലോ... കമന്റ്‌ എഴുത്തിന്റെ പരിമിതമായ സാധ്യതകള്‍ തിരിച്ചറിഞ്ഞു കൊണ്ട് ഇത്രേം കാലം അറച്ചു നിന്ന ബൂലോഗത്തിന്റെ പടിവാതില്‍ ഞാനും ചവിട്ടുകയാണ്.


http://quickbrain.blogspot.com/2009/11/blog-post.html


താങ്കളെ പോലുള്ളവരുടെ സഹായ സഹകരണങ്ങള്‍ ഈ തുടക്കക്കാരനുണ്ടാകണം. ഇന്ത പോസ്റ്റ്‌ ഒരു വാട്ടി പാര്‍ത്തു ഉങ്കള്‍ തീരുമാനത്തൈ സോല്ലിടുങ്കോ.


സസ്നേഹം,


ചെറി

പതാലി said...

ഇതിലേ വരാന്‍ വൈകി. അഭിനന്ദിക്കാതിരിക്കാന്‍ തരമില്ല.
അസ്സാലായിരിക്കുന്നു.
പക്ഷ, ഇതൊക്കെ ആര്‍ക്കു മനസ്സിലാകാന്‍?
ഇനി മലയാള സിനിമയില്‍ ഇതില്‍പരം ഒന്നും സംഭവിക്കാനില്ല എന്ന മട്ടില്‍ ആഘോഷിക്കുകയല്ലേ.
നേരം പോലെ ഊ പോസ്റ്റും ഒന്നു വായിച്ചേര്.
http://moderntalkies.blogspot.com/2009/10/blog-post.html