Friday, October 2, 2009

ഗാന്ധിഗിരി

ഗാന്ധിജി നമ്മുടെ രാഷ്ട്ര പിതാവ് :
പാവം, പുള്ളി അറിഞ്ഞോ ഭാവിയില്‍ സര്‍ക്കാര് അങ്ങേരെ നൂറിലും, അഞ്ഞൂറിലും , ആയിരത്തിലും ഒക്കെ പതിപ്പിക്കുമെന്ന് ; പട്ട ഷാപ്പ്‌ മുതല്‍ വെടിപ്പുര വരെ ക്രയ വിക്രയം ഇപ്പോള്‍ പുള്ളിയുടെ മഹനീയ സാന്നിധ്യത്തിലല്ലേ? മാത്രമല്ല പുള്ളിയുടെ പടമുള്ള നോട്ടുകളുടെ വിലയാണേല്‍ ദിവസേന മൂക്കുംക്കുത്തി താഴേക്കും .

മഹാത്മാ ഗാന്ധി ജനത സ്വയം തൊഴില്‍ കണ്ടെത്തിയും , ഗ്രാമ സ്വാരാജ്‌ കൈവരിക്കുകയും ചെയ്യുക വഴി വേണം രാജ്യം അഭിവൃദ്ധിപ്പെട്ടാന്‍ എന്നോ മറ്റോ പറഞു
. :
കേരളത്തിലെ ഗാന്ധി മാര്‍ഗ്ഗികളായ പിള്ളേര്‍സ് സ്വയം തൊഴില്‍ കണ്ടെത്തി തുടങ്ങി. ക്വൊട്ടേഷന്‍. ഗാന്ധിജി ഇന്ന് ജീവിച്ചിരുന്നേല്‍ ഗള്‍ഫ്‌ ഹെയര്‍ പിടിപ്പിച്ച് തലമുടി എഴുന്നേല്‍പ്പിച്ച് നിറുത്തി പുളകിതനായേനെ. മാത്രമല്ല 'വെറുതെ ഉപ്പു സത്യാഗ്രഹം, നിരാഹാരം എന്നൊന്നും മിനക്കെടാതെ അന്നത്തെ വല്ല ,ഓംപ്രകാശിനോ , പുത്തന്‍പാലം രാജേഷിനോ നാല് ക്വൊട്ടേഷന്‍ കൊടുത്തിരുന്നേല്‍ പൊടിയന്മാര്‍ ബ്രിട്ടീഷുകാരുടെ പരിപ്പെടുത്തേനെ' എന്ന് സങ്കടപ്പെടുകയും ചെയ്തേനെ.

ഗാന്ധിജി സഹന സമരത്തിലൂടെ വെള്ളക്കാരെ നേരിട്ടു:
ആ കാര്യത്തില്‍ ഇന്നത്തെ പിള്ളേരെ സമ്മതിക്കണം. ഐ ടി കമ്പനികള്‍ മുതല്‍ വിദേശ ചാനലുകള്‍ (താമസിയാതെ പത്രവും) വരെയുള്ള ഇന്ത്യയിലെ ഒട്ടനേകം ഓഫിസുകളില്‍ പതിനായിരക്കണക്കിനു യുവ മുകുളങ്ങള്‍ ദിവസേന വെള്ളക്കാരെ സഹന സമരത്തിലൂടെ നേരിടുകയല്ലേ ഇന്ന്. വെള്ളക്കാരന്‍ തന്തക്കോ, തള്ളക്കോ വിളിച്ചാല്‍ പോലും ഒരു ചെറു പുഞ്ചിരിയോടെ 'യെസ് മി. സ്വൈന്‍' എന്ന് നട്ടെല്ല് വളച്ചു നിന്ന് പറഞ്ഞ് ഒരു ജാതി സഹനമല്ലേ പിള്ളേര്‍ ഇന്ന് നടത്തുന്നത്. ഗാന്ധിജി അന്തരിച്ചത് അങ്ങേരുടെ ഭാഗ്യം. ഇല്ലേല്‍ ചിലപ്പോള്‍ കഴുത്തില്‍ പട്ടി തൊടലും തൂകി ഐ ടി പ്രൊഫഷണലായി ഈ ആധുനിക സമരമുറയില്‍ പങ്കെടുക്കേണ്ടി വന്നേനെ കക്ഷിക്ക്.

ഒരു ജനസേവകന്റെ ഉത്തമ മാതൃകയാണ് ഗാന്ധിജി
:
ആണെല്ലോ. പക്ഷേ പുള്ളിയുടെ ദയ കൊണ്ട് അധികാരത്തില്‍ വന്നവരുടെ പിന്തലമുരക്കാര്‍ , ഗാന്ധിജിയെ സൂക്ഷ്മമായി പഠിക്കുന്നത് 'എങ്ങനെ അങ്ങേരെ പോലെ ആകാതിരിക്കാം' എന്നറിയാനാണ് ; അത്രേ വ്യത്യാസമുള്ളൂ . ഇപ്പോഴും അങ്ങേര്‍ ഉത്തമ മാതൃകയായി തന്നെ തുടരുന്നു.

മൌന്റ്റ്‌ ബാറ്റന്‍ (എഡ്വീനയുടെ ഹബി) പണ്ട് ഗാന്ധിജിയെ 'അര്‍ദ്ധനഗ്നനായ ഫക്കീര്‍' എന്ന് വിളിച്ചു:

ഇന്ന് കേന്ദ്ര/ കേരള സര്‍ക്കാരുകള്‍ ആഞ്ഞു പിടിച്ച് ആസിയാന്‍ , സ്മാര്‍ട്ട് സിറ്റി, ആണവം, ഭൂമിക്കച്ചവടം എന്നൊക്കെ പറഞ്ഞ് ജനങ്ങളെ പൂര്‍ണ്ണ നഗ്നരായ ഫക്കീറുകള്‍ ആക്കാനുള്ള ശ്രമമാണ് എന്ന് തോന്നുന്നു. ഗാന്ധിജിക്ക് അര്‍ദ്ധ നഗ്നനാവാമെങ്കില്‍ വെറും തുക്കടാ ജനങ്ങള്‍ക്ക്‌ പൂര്‍ണ്ണനഗ്നരായാല്‍ എന്ത് ? അല്ല എന്ത്?

ഹാപ്പി ബര്‍ത്ത്ഡേ ഗാന്ധിയപ്പുപ്പാ!!! മഹാത്മാ ഗാന്ധി കി ജയ് !!!