Thursday, October 8, 2009

രാഹുലിന്റെ ദണ്ടി യാത്രകള്‍; തേക്കടിയിലെ തെണ്ടികളും

രാഹുല്‍ ഗാന്ധി ഈ ഇടയായി ഇന്ത്യയാകെ നടന്ന് തെണ്ടി ഛെ ദണ്ടി യാത്ര നടത്താനുള്ള പുറപ്പാടിലാണെന്ന് തോന്നുന്നു. നടന്നെന്ന് ചുമ്മാ ഒരു ഗുമ്മിന് പറഞ്ഞതാണ്. കേന്ദ്ര സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കി പ്രത്യേകം വിമാനം വിട്ട് കൊടുത്തിട്ടുണ്ട് ,യുവരാജാവിന് യു പിയില്‍ പോയി പാവപ്പെട്ട ഏതെങ്കിലും മോത്തി ഭായി ഉണ്ടാകിക്കൊടുക്കുന്ന ചായ മോന്താനും , പിന്നെ അതെ വേഗത്തില്‍ തിരുവനതപുരത്ത് വന്നു ഇവിടെ മാര്‍ഗ്ഗ തടസ്സങ്ങള്‍ സൃഷ്ടിക്കാനും. അല്ലെങ്കിലേ ജപ്പാന്‍ കുടിവെള്ളം, അവന്‍റെ അമ്മുമ്മേടെ പദ്ധതി എന്നീ പല പേരുകളില്‍ ഇനി വെട്ടിപ്പൊളിക്കാന്‍ കൊള്ളാവുന്ന ഒരു റോഡും തിരുവനന്തപുരത്ത് ബാക്കിയില്ല . അത് കൊണ്ടുള്ള യാത്രാ ദുരിതം പോരാഞ്ഞിട്ടാണ്‌ ,യുവരാജാവ് വക ഗതാഗത നിയന്ത്രണം തലസ്ഥാനത്തുകാരുടെ അസ്ഥാനത്തിട്ട് കിട്ടുന്നത്.

പ്രത്യേക വിമാനത്തില്‍ വന്നിറങ്ങി സാധാരണക്കാരന് ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ പോട്ടെ എന്ന് വെയ്ക്കാം(അല്ലേലും ഇങ്ങനെയുള്ളവന്മാരെ ജയിപ്പിച്ച്‌ 'പ'രണത്തില്‍ കയറ്റിയ മണുങ്ങന്‍ ജനത്തിന് ഈ പണിയൊന്നും കിട്ടിയാല്‍ പോരാ)എന്നങ്ങോട്ട് ചിന്തിക്കണം എന്ന് ചിന്തിച്ചപ്പോഴേക്കും ദാ വരുന്നു അടുത്ത രസികന്‍ ന്യൂസ്‌. പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ യുവരാജാവിന് വെടിവെയ്ക്കാന്‍ സോറി വെടി കൊള്ളാതിരിക്കാനുള്ള പ്രത്യേക വണ്ടി തിരുവനന്തപുരത്ത് എത്തിക്കാന്‍ എയര്‍ ഫോഴ്സ് വിമാനം നാലഞ്ച് വട്ടം ഷട്ടിലടിച്ചു എന്ന്.കേട്ടപ്പോള്‍ കോള്‍മയിര്‍ കൊണ്ട് പോയി. തേക്കടിയില്‍ ബോട്ട് മുങ്ങി മരിച്ച പത്തന്‍പത് മൃതദേഹങ്ങള്‍ അവരവരുടെ ജന്മനാട്ടില്‍ എത്തിക്കാന്‍ വിമാനം വിട്ട് കൊടുക്കുമോ എന്ന് ചോദിച്ചപ്പോള്‍ പറ്റില്ല എന്ന് തത്വം മൊഴിഞ്ഞ എയര്‍ ഫോഴ്സ് മാമകള്‍ തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ വണ്ടി എടുക്കാന്‍(വണ്ടി എന്ന് തന്നെ വായിക്കണം...ട്ടാ) പോയത് എന്നോര്‍ത്തപ്പോള്‍ 'ഫാരതാമ്പേ!!!' എന്ന് അമ്മച്ചിയാണേ വിളിച്ചു പോയി.

സംഭവം അധികമാളുകള്‍ അറിയും മുന്‍പ് തോല്‍വികളില്‍ തളരാത്ത എം ഐ .ഷാനവാസ്‌ (കേരളം മുഴുവന്‍ നടന്ന് തോറ്റിട്ടാണേ ഒടുക്കം വയനാട്ടില്‍ അടുത്തിടെ പച്ച തൊട്ടത്‌ )വിശദീകരണവുമായി എത്തുകയും ചെയ്തു.ഭാവി പ്രധാനമന്ത്രിയായ രാഹുല്‍ വാവക്ക് വണ്ടി വാങ്ങാന്‍ പോയതിനെയും , തേക്കടിയില്‍ മരിച്ചവരെ അവരവരുടെ നാടുകളില്‍ എത്തിക്കാന്‍ കൂട്ടാക്കാത്തതിനെയും തമ്മില്‍ താരതമ്യം ചെയ്യരുതെന്ന്. അതെ സാര്‍, തേക്കടിയിലെ അനാഥ പ്രേതങ്ങള്‍ എവിടെക്കിടക്കുന്നു രാഹുല്‍ ഗാന്ധി എവിടെ കിടക്കുന്നു. ജനാധിപത്യ വ്യവസ്ഥയില്‍ ഭാരതത്തിലെ സകല തെണ്ടികളും സമന്മാരാണെന്ന് പറഞ്ഞവനെ പുറങ്കാലിനടിച്ച് വാള്‍ പോസ്റ്ററാക്കണം.

രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് വന്നാലും ,ഇവിടെ ഗതാഗത തടസം ഉണ്ടാക്കിയാലും എനിക്കൊരു പീകോക്കുമില്ല. ഇങ്ങനെയുള്ള ബാധകള്‍ വരുന്ന ദിവസം ഈ നഗരം വിട്ട് പോകുന്നവനാണ് ഞാന്‍. പിന്നെ എന്ത് പിണ്ണാക്കിന് ഇത്രയും എഴുതിക്കൂട്ടി എന്ന് ചോദിച്ചാല്‍, ചില കാര്യങ്ങള്‍ പറയാന്‍ അധികമാളുകള്‍ ഇല്ലാത്തത് കൊണ്ട് എന്നായിരിക്കും എന്‍റെ മറുപടി.

എന്തായാലും സ്വന്തം കാശ് മുടക്കിയാണ് യുവരാജാവ് തിരുവനന്തപുരത്തേക്ക് കെട്ടിയെടുത്തത് എന്ന് എനിക്ക് തോന്നുന്നില്ല. അതിനാല്‍ തന്നെ , രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് ചുറ്റിത്തിരിയുമ്പോള്‍ 'ഈ ചെറുക്കന് വേറെ ഒരു പണിയുമില്ലേ' എന്നോ മറ്റോ വയര്‍ലെസ്സിലൂടെ ചോദിച്ച ആ പോലീസുകാരന് എന്‍റെ സ്വന്തം പേരിലും , തേക്കടിയിലെ കുറെ അനാഥ പ്രേതങ്ങളുടെ പേരിലും അമര്‍ത്തി ചവുട്ടി ഒരു സല്യൂട്ട്.

എ കെ

ഇപ്പോഴേ പറഞ്ഞേക്കാം:ഇവിടെ വിഷയം രാഹുല്‍ ഗാന്ധിയും തേക്കടിയുമാണ്. അതിനിടക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു പതിനായിരം കോടിയുടെ സ്വത്തുണ്ട്,ലാവലിനില്‍ പിണറായി കുറെ കാശ് അമുക്കി എന്ന പതിവ് നമ്പരുകള്‍ ഇറക്കി ഒരുത്തനും ഇങ്ങോട്ട് വന്നേക്കരുത്

16 comments:

cALviN::കാല്‍‌വിന്‍ said...

മിടുക്കാ‍ാ‍ാ :)

suraj::സൂരജ് said...

:))))))))))))))))) !

Manoj മനോജ് said...

ഈ ഓട്ടം കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് പണ്ട് “യുവാവായ” എം.കെ. ഗാന്ധിയെ ഇന്ത്യ ചുറ്റാന്‍ പറഞ്ഞയച്ച കാര്‍ന്നോരെയാണ്. ഒടുവില്‍ എം.കെ. ഗാന്ധി ഇന്ത്യയൊക്കെ ചുറ്റി വന്നപ്പോഴേയ്ക്കും പറഞ്ഞ് വിട്ട കാര്‍ന്നോര് യാത്രയായി. പിന്നെ നാം കാണുന്നത് “യുവാവായ” എം.കെ. ഗാന്ധി കോണ്‍ഗ്രസ്സിന്റെ തലപ്പത്ത് ഇരിക്കുന്നതാണ്. അവസാനം സ്വന്തം ശിഷ്യന്മാരായ നെഹ്രുവിന്റെയും, പട്ടേലിന്റെയും അവഗണന ഏറ്റ് വാങ്ങി ഇന്ത്യ വിഭജിക്കുന്നതിന് സാക്ഷിയും ആകേണ്ടി വന്നു. അന്നും എം.കെ. ഗാന്ധിക്ക് “ലളിത” ജീവിതം നയിക്കുവാന്‍ കുറേ പണം മുടക്കേണ്ടി വന്നിരുന്നു എന്ന് സരോജിനിജി പറഞ്ഞ് വച്ചിട്ടുണ്ടല്ലോ.

ഇന്നിപ്പോള്‍ “യുവാവായ” ആര്‍.ഗാന്ധിയെ ഇന്ത്യന്‍ പര്യടനത്തിന് വിട്ടത് ഏത് കാര്‍ന്നോരാണോ ആവോ? ചരിത്രം ആവര്‍ത്തിക്കുമോ? പുള്ളീയുടെ “ലളിത” ജീവിതം നാം നേരിട്ട് കാണുക മാത്രമല്ല അനുഭവിക്കുകയും ചെയ്യുന്നു...

തല്ലിപ്പൊളി തൊമ്മന്‍ said...

മനോജ് സാര്‍ വെറുതേ വിട്ടിരുന്ന ഒരാളാരുന്നു, മഹാത്മാഗാന്ധി. തീര്‍ന്നൂ..മോളിലെ കമന്റില് എല്ലാം തീര്‍ന്നു.
ഗാന്ധിയിപ്പൊ ശശിയായി!

തല്ലിപ്പൊളി തൊമ്മന്‍ said...

ചോദിക്കാന്‍ വിട്ടൂ, ഈ പോസ്റ്റിനു കമന്റായി സംഘപരിവാറിന്റെ വര്‍ഗീയതയേക്കുറിച്ചോ മോഡിയുടെ കിരാതഭരണത്തേക്കുറിച്ചോ എഴുതാമോ?

ബിജു കോട്ടപ്പുറം said...

എത്ര ചെലവായാലും വേണ്ടീല ഒരു ലോ കോസ്റ്റ് വീടുകെട്ടിയാ മതീന്ന് പണ്ടാരാണ്ട് പറഞ്ഞിട്ടുണ്ടല്ലോ. അതുപോലെയാണ് കോണ്‍ഗ്രസിന്റെ ചിലവുചുരുക്കല്‍ പ്രഹസനം

Krishnakumar said...

This is the problem with comparison. I don’t think Mahatma Gandhi ever asked for all the security arrangements that were made for him. Congress party needed his image as a common man. So they did as much as possible to maintain him that way. What they did for M.K.Gandhi was necessary for the party’s and Nehru family’s survival. But what they do for Rahul Gandhi is absolutely ridiculous.
Just because the young man carries the name Gandhi, it does not make him eligible to be mentioned in the same breath in which Mahatma is mentioned. The name Gandhi is nor Nehru’s ancestral property.

Aadityan said...

ഒരു ജനതയ്ക്ക് അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ മാത്രമേ കിട്ടു എന്നൊരു മഹാന്‍ പറഞ്ഞിട്ടുണ്ട്.
പിന്നെ മലയാളീ കല്‍ അല്ലെ ഈ പോസ്റ്റ്‌ ഒക്കെ വായികുന്നത് . അവസാനത്തെ പോയിന്റ്‌ വളരെ നന്നായി .

എം ഏ ഷാനവാസ്‌ എം പി എന്ന് മുഴുവന്‍ പറയാത്തത് മോശമായി . പുള്ളികും കാണില്ലേ ആഗ്രഹങ്ങള്‍ :)

കിരണ്‍ തോമസ് തോമ്പില്‍ said...

kollam

Ajay said...

First time here. Really liked this post and read many of your previous postings. The variety in your subjects is truly amazing. One day you are making fun of Malayalam’s oldie superstars and the next day you present a dire reality like Love Jihad Hoax in such a humorous way. Truly, you Rock:):)

അപ്പൂട്ടന്‍ said...

ടോംസിന്റെ ഒരു പഴയ ലക്കം ബോബനും മോളിയും ആണ്‌ രാഹുലിന്റെ ഈ പരിപാടി കാണുമ്പോൾ എനിക്കോർമവരാറ്‌.

ബസ്‌ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാൻ ഗതാഗതമന്ത്രി കെഎസ്‌ആർടിസി ബസിൽ യാത്രചെയ്യാൻ തീരുമാനിക്കുന്നു. നേരത്തേക്കൂട്ടി കയറുന്ന സ്റ്റോപ്പ്‌ തീരുമാനിച്ചിട്ടുണ്ട്‌.

ആ ഡിപ്പോയിലെ ഏറ്റവും മികച്ച കണ്ടീഷൻ വണ്ടിയാണ്‌ അധികൃതർ തെരഞ്ഞെടുക്കുന്നത്‌. മദ്ധ്യത്തിൽ മൂന്നുവരി സീറ്റുകൾ മന്ത്രിക്കായി ഒഴിച്ചിടുന്നു. പേരിന്‌ പത്താളെ കയറ്റുന്നു, നിൽക്കുന്നവർ ആരുമില്ല. മന്ത്രി കൈ കാണിച്ചയുടൻ ബസ്‌ നിർത്തുന്നു. മന്ത്രി കയറി തനിക്കായി ഒഴിച്ചിട്ട സീറ്റിൽ ഇരിക്കുന്നു. കുടിക്കാൻ കരിക്ക്‌, തലചായ്ക്കാൻ തലയിണ എന്നിവ എത്തുന്നു. ബസ്‌ ഓടുന്നത്‌ ഒരു മീഡിയം സ്പീഡിൽ. ഇറങ്ങാനുള്ള സ്റ്റോപ്പ്‌ എത്തുന്നതിനു മുൻപ്‌ കണ്ടക്ടറുടെ വക സ്പെഷൽ അറിയിപ്പ്‌ (മന്ത്രിയ്ക്ക്‌ മാത്രം).
മന്ത്രി ഇറങ്ങിക്കഴിഞ്ഞ്‌ പത്രക്കാരുടെ ചോദ്യം യാത്രയേക്കുറിച്ച്‌
മന്ത്രിയുടെ ഉത്തരം - ബസ്‌ യാത്ര ദുരിതമാണെന്നുപറയുന്നവനെ ഉലക്കക്കടിക്കണം.

nikhimenon said...

ak angane onnum paranjekkalle,rahul maaman next tym will come in train.(with all the compartments booked for him and the nsg's...!)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

അയ്യേ.. എത്ര പറഞ്ഞാലും ഇവര്‍ക്കു മനസിലാവില്ലല്ലോ. ഗാന്ധി... ഗാന്ധി... രാഹുല്‍ ഗാന്ധി.. ഇന്നത്തെ പത്രത്തില്‍ പ്രത്യേകം എഴുതിയിട്ടുണ്ട്‌. "എന്നെ രാഹുല്‍ എന്നു വിളിക്കുന്നതാ എനിക്കിഷ്ടം. " എന്നു മൂപ്പര്‍ പറഞ്ഞതായിട്ട്‌.

[എന്നാല്‍ പെങ്ങള്‍ക്ക്‌ `ഗാന്ധി' യിലാണ്‌ പുടി. ഉത്തരേന്ത്യയില്‍ വിവാഹ ശേഷം ഭര്‍ത്താവിന്‍റെ sur-name ആണു സ്ത്രീകള്‍സ്വീകരിക്കാറ്‌. എന്നാല്‍ `ഗാന്ധി' വിട്ടാല്‍ കഴിഞ്ഞില്ലേ കാര്യം. അതിനുമില്ലേ ഒരു സൂത്രപ്പണി `പ്രിയങ്ക വഡേര ഗാന്ധി'. ]

മൂര്‍ത്തി said...

:)രസികന്‍...

somebody said...

ഇന്നത്തെ പത്രത്തില്‍ എ കെ ബാലന്‍ പറഞ്ഞിട്ടുണ്ട്.. മന്ത്രി മാരോട് ചെലവ് ചുരുക്കാന്‍ പറയുന്ന സമയത്ത് ഈ ചെറു ഗാന്ധിയോട് ചെലവ് ചുരുക്കാനാണ് പറയേണ്ടത്‌ എന്ന്.. കാര്യം ശെരിയാണ്.. ഇദ്ധേഹം കോളേജ് കുട്ടികള്‍ക് കൈ കൊടുക്കാന്‍ വേണ്ടി പൊതു ഗജനവില്‍ നിന്ന് ചിലവാക്കിയത്‌ ഏകദേശം ഒന്നര കോടി രൂപ!! ഇത് കൊണ്ട് എന്ത് നേട്ടം ?

kakara - കാക്കര said...

ഇതും കൂടി ഇവിടെ കിടക്കട്ടെ!

ഗാന്ധിജിയുടെ ഗാന്ധിയും ഫിറോസ്ഗാന്ധിയുടെ ഗാന്ധിയും ഒന്നല്ല!

ഫിറോസ്‌"ഗന്ധി"യുടെ (സുഗന്ധം) നെഹ്രു തർജ്ജമ ചെയ്തു ഗാന്ധി ആക്കിയതാണ്‌! ഒരുതരം തർജ്ജ്മ സൂത്രം! ഇഗ്ലീഷിൽ നിന്നു മറ്റു ഭാഷകളിലേക്‌ൿ

ആറ്‌ അബ്ദുല്ലക്കുട്ടിമാരെ ഉണ്ടാക്കിയപോലെ തന്നെ ഒരു തരം തരികിട!

ബുദ്ധി വേണടാ ബുദ്ധി....

പിൻകുറിപ്പ്‌

ഞാനും ഒരു ബയോടാറ്റ രാഹുൽജിക്‌ൿ അയച്ചു കൊടുക്കുന്നുണ്ട്‌! കിട്ടിയാൽ "യൂത്തൻ" പ്രസിഡന്റ്‌, പോയാൽ ഞാൻ ഇനിയും ബ്ലോഗിൽ...