Saturday, June 13, 2009

തിരു'മന്ത്രി'പുരം

"തിരുവനന്തപുരം ഇനി ഒരു കലക്ക് കലക്കും" എന്ന അശരീരിക്ക് പിന്നാലെ അല്‍പ്പ സമയത്തിന് ശേഷമാണ് പത്രപ്രവര്‍ത്തകനും,അതിനാല്‍ തന്നെ നരഭോജിയുമായ ജന്തു മുറിയിലേക്ക് കടന്നു വന്നത് .

"എന്തെടെ , നിന്റെ പത്രം ഇവിടുന്നു കൂടും,കുടുക്കയും പറിച്ചോണ്ട് പോകാന്‍ തീരുമാനിച്ചോ?" കാണാതായതും, ഡിലീറ്റ്‌ ചെയ്തപ്പെട്ടതുമായ മലയാളം ബ്ലോഗുകള്‍ക്കും,അതിന്റെ എഴുത്തുകാര്‍ക്കും 'റ്റാ റ്റാ ബൈ ബൈ' പറഞ്ഞോണ്ട് ഒരു പോസ്റ്റിട്ടാല്‍ ആരെങ്കിലും തന്റെ പേരില്‍ സൈബര്‍ കേസ്‌ കൊടുക്കുമോ എന്ന ചിന്തക്ക് തത്കാലം അവധി കൊടുത്ത എ കെ നരഭോജിയെ നോക്കി ചോദിച്ചു.

"ഛേ അതല്ല...കേന്ദ്രത്തിലെ നാല് മന്ത്രിമാര്‍ തിരുവനന്തപുരത്തെ താമസക്കാരല്ലേ?" അനുവാദത്തിനു നില്‍ക്കാതെ ഇരിപ്പിടത്തില്‍ അമര്‍ന്ന ജന്തു പറഞ്ഞു.

"അത് കൊണ്ട് എങ്ങനെയാടാ തിരുവനന്തപുരം കലക്കുന്നത്? ഇനി,ഈ സാറന്മാര് ഇവിടെ 'ച'ന്ദര്‍ശനതിനു വരുമ്പോ നാട് മുഴുവന്‍ വണ്ടി തടഞ്ഞ്‌ പോലീസുകാര്‍ നാട്ടുകാരെ മെനക്കെടുത്തുന്നതാണോ കലക്കല്‍?"

ജന്തു :"അതല്ലാന്ന്...ഇനി ഹൈകോടതി ബെഞ്ചും, വിഴിഞ്ഞം തുറമുഖവും ഒക്കെ ജുക്കെന്ന് വരില്ലേ ഇവിടെ?തിരുവനന്തപുരംകാരുടെ ദീര്‍ഘകാല സ്വപ്‌നങ്ങള്‍ പൂവണിയാന്‍ പോവുകയല്ലേ? "

എ കെ :"ഹൈകോടതി ബെഞ്ചും, തുറമുഖവും തിരുവനന്തപുരംകാരുടെ സ്വപ്നമാണ് എന്ന് കോട്ടയംകാരനായ നിന്നോട് ആരാടാ മഹാ ബെഗറേ പറഞ്ഞത്?"

ജന്തു:"മനോരമ പത്രത്തില്‍ ഉണ്ടായിരുന്നോ എന്ന് ഒരു സംശയം"

എ കെ :"സിവില്‍ കേസുകള്‍ മാത്രം പതിനാറ് ലക്ഷത്തോളം സെഷന്‍സ് മുതല്‍ മുകളിലേക്കുള്ള കോടതികളില്‍ കെട്ടി കിടക്കുമ്പോള്‍ ഇതു തിരുവനന്തപുരംകാരനാടാ ഹൈകോടതി ബെഞ്ച് ഇവിടെ ച്വപ്നം കാണുന്നത്?ഇനി അതൂടെ ഇവിടെ സ്ഥാപിച്ചിട്ട് വേണം,ഗുണ്ടകള്‍ക്ക് ഐ ജി ഓഫീസും ,കമ്മീഷണര്‍ ഓഫീസും ഒക്കെ ബോറടിച്ച് തുടങ്ങുമ്പോള്‍, മുന്നിലിട്ട് ആളുകളെ വെട്ടിക്കൊല്ലാന്‍ പുതിയൊരു സ്ഥാപനവുംകൂടി ഈ നഗരത്തില്‍ വരാന്‍ ,അല്ലേ?"

ജന്തു:"അത് ഒരു പിന്തിരിപ്പന്‍ ചിന്തഗതിയാണല്ലോ?"

എ കെ :"പിന്തിരിപ്പന്‍ ചിന്താഗതി ,ഉണ്ട!!!എടാ ഡോഗിന്റെ ഡോഗേ...ഒരു ശരാശരി തിരുവനന്തപുരംകാരന്റെ സ്വപ്നം ഈ കാലത്ത് എന്താണെന്ന് അറിയാമോടാ നിങ്ങള്‍ പത്രക്കാര്‍ക്കോ, ഈ നഗരത്തിന്റെ അഭിമാനം എന്ന് പറഞ്ഞു നടക്കുന്ന രാഷ്ട്രീയക്കാര്‍ക്കോ?വീട്ടീന്ന് രാവിലെ ഇറങ്ങിയാല്‍ വൈകുന്നേരം തിരികെ വരുമ്പോള്‍ തല കഴുത്തില്‍ കാണണം എന്നതാണ് ഇന്ന് ഈ നഗരത്തിലുള്ളവരുടെ മിനിമം സ്വപ്നം. ആള് മാറി ഗുണ്ടകള്‍ വഴിയിലിട്ട്‌ വെട്ടിക്കൊന്നാലും ശവമെടുക്കാന്‍ മാത്രമേ പോലീസ്‌ വരൂ എന്നതാണ് അവസ്ഥ. അങ്ങനെ ഒരു നഗരത്തില്‍ ഹൈകോടതി ബെഞ്ചും ,തുറമുഖവും ഒക്കെ വന്നാലും ഇല്ലെങ്കിലും ഇവിടുത്തെ സാധാരണക്കാരന് ഒരു തേങ്ങയുമില്ല. "

ജന്തു:"ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ കൈയ്യിലല്ലേ?"

എ കെ :"പിന്നെ എം പി എന്നൊക്കെ ഓരോരുത്തനെ ജയിപ്പിച്ചു വിടുന്നത് ബെഞ്ചും, തുറമുഖവും കൊണ്ട് വരാന്‍ മാത്രമാണോടാ? അങ്ങനെയാണെങ്കില്‍ തിരുവനന്തപുരത്ത് നിന്നും എം പിയായി ജയിച്ചു പോയ സകലവന്റെയും ഇത്ര കാലം വാങ്ങിയ ശമ്പളം മുഴുവന്‍ ഏല്‍പ്പിച്ച ജോലി ചെയ്യാത്തതിന്റെ പേരില്‍ തിരികെ വാങ്ങണമല്ലോ? അല്ല ബെഞ്ചും, തുറമുഖവും ഇതുവരെ വന്നില്ലല്ലോ, ഏത്? "

ജന്തു :"അത് മാത്രമാണ് അവരുടെ ജോലി എന്നല്ലാ ..."

എ കെ :"ഡാ, ഒരു നഗരത്തില്‍ താമസിക്കുന്ന ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്ത അവസ്ഥ നില നില്‍ക്കുമ്പോള്‍ എന്തോന്ന് സമഗ്ര വികസനം? സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയാലോ, എം പി നല്‍കിയാലോ അത് ഇവിടാരും വേണ്ടാ എന്ന് പറയില്ല. ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ കൈയ്യില്‍ നില്‍ക്കാത്ത അവസ്ഥയാണെങ്കില്‍, ഇവിടെ വീടും മേല്‍വിലാസവും ഉണ്ട് എന്ന് പറയുന്ന കേന്ദ്ര മന്ത്രിമാര്‍ക്കും ഇവിടുത്തെ എം പി എന്ന് പറയുന്ന സാറിനും അതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലേ? ചുരുങ്ങിയ പക്ഷം കേന്ദ്രത്തിന്റെ ശ്രദ്ധ ഈ പ്രശ്നത്തിലേക്ക് കൊണ്ട് വരാനെങ്കിലും? അതോ വൈനടിച്ചും ,കോഴി തിന്നും ബോറടിക്കുമ്പോള്‍ പട്ടക്കാര് വിമോചന സമരം നടത്തിയാല്‍ മാത്രമേ കേന്ദ്രം ഇവിടെ ഇടപെടുകയുള്ളോ ?"

ജന്തു :" അത്,എല്ലാത്തിനും ഓരോ വ്യവസ്ഥയില്ലേ?"

എ കെ :"എന്ത് വ്യവസ്ഥ? പകല്‍ വെളിച്ചത്തില്‍ , നാട്ടുകാര്‍ മുഴുവന്‍ കാണ്‍കെ ഒരുത്തനെ ഐ ജി ഓഫിസിന്റെ മുന്നിലിട്ട് വെട്ടിക്കൊല്ലാന്‍ കുറെ അവന്മാര്‍ക്ക് ധൈര്യം നല്‍കുന്ന വ്യവസ്ഥയോ? ചത്തവനും ഒരു ഗുണ്ടയായിരുന്നു എന്ന് പറയുന്നു. അപ്പൊ സാധാരണക്കാരന്‍ ഒരാളെ ഈ ഗുണ്ടകള്‍ കൊല്ലാന്‍ തീരുമാനിച്ചാല്‍ എന്തായിരിക്കും അവസ്ഥ ?"

ജന്തു:" ക്രമസമാധാനം ഇങ്ങനെ കിടക്കുന്നത് കൊണ്ട് ഇവിടെ വരാനുള്ള വികസനം ഒന്നും വരേണ്ടാ എന്നാണോ?"

എ കെ :"ശരി ,ക്രമസമാധാനം ഇവിടെ ജീവിക്കുന്നവന്മാരുടെ തലേലെഴുത്തായി കരുതി നമുക്ക് വിടാം. എന്നിട്ട് നിന്റെ വികസനത്തിലേക്ക് വരാം.എന്ത് കോപ്പിലെ വികസനം? ഒരു പത്തു കൊല്ലം മുന്‍പ് കേരളത്തില്‍, പൈപ്പ് വെള്ളം അപൂര്‍വ്വമായി മാത്രം മുടങ്ങിയിരുന്ന നഗരമായിരുന്നു തിരുവനന്തപുരം. ഇന്നോ? ഒന്നിരാടം നഗരത്തില്‍ പലയിടത്തും വെള്ളമില്ല."

ജന്തു :"ജപ്പാന്‍ കുടിവെള്ള പദ്ധതി വന്നാല്‍ ഈ പ്രശ്നം തീരില്ലേ ?"

എ കെ "ഇത് നീ എന്നോട് പറഞ്ഞതിരിക്കട്ടെ.വേറെ തിരുവവന്തപുരംകാരോട് വലതും പോയി പറഞ്ഞാല്‍ സ്പോട്ടില്‍ കിട്ടും നിനക്ക് കരണത്ത്.ഡാ ,ജപ്പാന്‍ പദ്ധതി എന്ന് പറഞ്ഞ് നഗരത്തിലെ ഏറ്റവും തിരക്കലുള്ള ഏഴെട്ട് റോഡുകള്‍ കുഴിച്ചു മറിച്ചിട്ടിട്ട് വര്‍ഷമൊന്നാകാന്‍ പോകുന്നു. വെള്ളമൊട്ട് വന്നതുമില്ല,ഏത് സമയത്തും ഈ റോഡുകളില്‍ വണ്ടികളുടെ കൂട്ടയിടിയും,വണ്ടിക്കാരുടെ നിലവിളിയും.മഴ പെയ്താല്‍ ചതുപ്പ് ,വെയിലടിച്ചാല്‍ പൊടിക്കാറ്റുള്ള മരുഭൂമി. കണ്ണാടി പോലെ കിടന്നിരുന്ന റോഡുകള്‍ ഈ പരുവത്തില്‍ ആക്കുന്നതിനാനോടാ വികസനം എന്ന് പറയുന്നത്?"

ജന്തു :" വികസനം വരുന്നതിനു മുന്നോടിയായുള്ള ചില്ലറ കഷ്ട്ടപ്പാടുകലായി കണ്ടാല്‍ പോരെ ഇതിനെയൊക്കെ?"

എ കെ :"യാതൊരു പ്ലാനിങ്ങും ഇല്ലാതെ ഒരു നഗരത്തിലെ സകല റോഡുകളും പൈപ്പുകള്‍ ഇടാന്‍ ഒരേ സമയത്ത് കുഴിച്ചിട്ട് ,അതില്‍ ഒരെണ്ണം പോലും വേഗത്തില്‍ നന്നാക്കാത്തതിനെ വികസനം എന്നല്ലെടാ ,പോക്ക്രിത്തരം എന്നാണ് പറയേണ്ടത്.വൃത്തിയായിട്ട് വെളിച്ചം കാണുന്ന ഒരു സ്ട്രീറ്റ് ലൈറ്റ്‌ എങ്കിലും ഈ റോഡുകളില്‍ ഉണ്ടായിരുന്നേല്‍,വീണാല്‍ വീണവന്റെ 'അയ്യോ' വിളിരണ്ട് മിനിട്ട് കഴിഞ്ഞ് മാത്രം മുകളില്‍ കേള്‍ക്കുന്ന തരം കുഴികള്‍ രാത്രി വണ്ടിയില്‍ വരുമ്പോള്‍ ആളുകള്‍ക്ക് കാണാന്‍ എളുപ്പമായേനെ.ഇവിടെ അതുമില്ല .ഇങ്ങനെ അടിസ്ഥാന സൌകര്യങ്ങള്‍ എല്ലാം താറുമാറായി കിടക്കുന്ന ഒരു നഗരത്തില്‍ ഹൈ കോടതി ബെഞ്ചും, തുറമുഖവും എന്ത് വികസനം കൊണ്ട് വരുമെന്നാടാ ? ഇത് കുറെ അവന്മാര്‍ക്ക് കുറേക്കാലത്തേക്ക് ദിവസവും പത്രത്തില്‍ കിണിച്ചോണ്ടിരിക്കുന്ന പടം വരുത്താം ...അത്രേയുള്ളൂ "

ജന്തു: "അപ്പൊ ഈ നാലുകേന്ദ്ര മന്ത്രിമാര്‍ക്ക് തിരുവനന്തപുരത്ത് വീടുകള്‍ ഉള്ളത് കൊണ്ട് ഈ നഗരത്തിനു ഒരു പ്രയോജനവും ഇല്ലേ?"

എ കെ : "എന്ത് പ്രയോജനം? സാധാരണക്കാരന്റെ ജീവിത പ്രശ്നങ്ങളെക്കുറിച്ച് സംസ്ഥാനത്തോട് ചോദിച്ചാല്‍ കേന്ദ്ര ഫണ്ട് കിട്ടാത്തതാണ് കാരണം എന്ന് പറയും.കേന്ദ്രത്തോട് ചോദിച്ചാല്‍ കൊടുത്ത ഫണ്ട് സംസ്ഥാനം ദുര്‍വിനയോഗം ചെയ്തു എന്നും. ഇങ്ങനെയുള്ളപ്പോള്‍ ഈ നഗരത്തില്‍ നാല് കേന്ദ്ര മന്ത്രിമാരുടെ വീടുകള്‍ ഉണ്ടെങ്കില്‍ അത് അവര്‍ക്ക് കൊള്ളാം.അല്ലാതെ സാധാരണക്കാരന് അത് കൊണ്ട് എന്ത് കോപ്പ് കിട്ടാനാ? പിന്നെ വേണേല്‍ തിരുവനന്തപുരം എന്നാ പേര് മാറ്റി തിരുമന്ത്രിപുരം എന്നാക്കാം. അങ്ങനെ ഒരു പ്രയോജനം ഉണ്ട്."

3 comments:

Aadityan said...

"അങ്ങനെ ഒരു നഗരത്തില്‍ ഹൈകോടതി ബെഞ്ചും ,തുറമുഖവും ഒക്കെ വന്നാലും ഇല്ലെങ്കിലും ഇവിടുത്തെ സാധാരണക്കാരന് ഒരു തേങ്ങയുമില്ല".

Wonder why no media in kerala fails to raise such common man concerns.
ന്യൂസ്‌ വാല്യൂ കുറവായത് കൊണ്ടാകും .

പോസ്റ്റ്‌ നനായി . ചിന്തിപ്പിക്കുന്ന പോസ്റ്റ്‌ കല്‍ ഇനിയും പോരട്ടെ

Melethil said...

നമിച്ചു!

keralafarmer said...

അയ്യോ നിങ്ങളാരും അറിഞ്ഞില്ലെ? ജപ്പാന്‍ കുടിവെള്ളം എത്തിക്കാന്‍ വര്‍ഷത്തോളം കുഴിതോണ്ടി ഒരു പൈപ്പിട്ട് അത് മൂടി ഉറപ്പിച്ച് ടാറും ചെയ്തു. അപ്പോഴാണ് ഇട്ട പൈപ്പ് കറുപ്പായിപ്പോയി വെളുത്ത പൈപ്പിട്ടുകളയാം (അത് വേറൊരു കമ്പനിയുടെതാകണം) എന്ന് തീരുമാനിച്ചതും ഒന്നരയടി വീതിയില്‍ റോഡിന്റെ മറുവശത്ത് നടുറോഡുവരം അവിടവിടെയായി ചാല് കീറി പരിശോദിച്ച് കുറെക്കാലം ഇട്ടിരുന്നു. ആര്‍ക്കും പരാതിഇല്ല. അങ്ങിനെയാണ് അടുത്ത പൈപ്പ് മണ്ണുമാന്തി യന്ത്രം കൊണ്ട് ചാലു കീറി പൈപ്പിറക്കുന്നത്. അത് പൂര്‍ത്തിയായി നികത്തി ടാറിടുമ്പോഴേയ്ക്കും ബാക്കിയുള്ള രണ്ട് വര്‍ഷം പൂര്‍ത്തിയാകും. ഇലക്ഷന്‍ ചൂടും പരാജയവും അതിന്റെ കാരണവും ഒക്കെ പഠിച്ച് കഴിയുമ്പോഴേയ്ക്കും ജനം ഈ പൈപ്പിനറെ കാര്യം മറക്കും. അടുത്ത പദ്ധതി ചിലപ്പോള്‍ മറ്റൊരു രാജ്യത്തൂന്നാവാം.
പണ്ട് മന്ത്രി ഗംഗാധരന്‍ കുഴിച്ചിട്ട പൈപ്പ് എന്തോ ആവശ്ടയത്തിന് തോണ്ടിയപ്പോള്‍ കണ്ടെന്ന് പറയുന്നത് കേട്ടു.