പ്രിയപ്പെട്ട എ കെ 47 'ഗു'ടുമ്പാഗങ്ങളേ,
പാമ്പുകടിക്കാനായിട്ടുള്ള ഈ മാന്ദ്യം കാരണം പത്രത്തിന് ലഭിക്കുന്ന പരസ്യക്കാശ് ഗണ്യമായി കുറഞ്ഞിരിക്കുന്നു. അനുദിനം കുറഞ്ഞ് കൊണ്ടുമിരിക്കുന്നു (ഈ മാന്ദ്യം കണ്ടു പിടിച്ചവനെ മടലിനടിക്കണം). നമ്മുടെ നാട്ടിലെ 'ചാ'മ്പത്തിക ശാസ്ത്രജ്ഞ്ന്മാര് വിശകലനം നടത്തി ,നടത്തി ഈ മാന്ദ്യം പോയി അടുത്തത് വന്നാലും അവന്മാര് അറിയുന്ന മട്ടില്ല.
ചുരുക്കത്തില്‍ നമ്മുടെ കാര്യം നമ്മള് തന്നെ നോക്കണം എന്ന അവസ്ഥ സംജാതമായിരിക്കുന്നു.അക്കാരണത്താല്‍ തന്നെ പത്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചില പ്രത്യേക നയങ്ങള്‍ രൂപികരിക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു .
താഴെ അക്കമിട്ടു പറയുന്ന നിര്‍ദ്ദേശങ്ങള്‍ ഇന്ന് മുതല്‍ ,പത്രത്തിലെ സകല കൂലിയെഴുത്തുകാരും കര്‍ശനമായി നടപ്പാക്കേണ്ടതാണ് എന്ന് ഇതിനാല്‍ സകലവനെയും അറിയിച്ചിരിക്കുന്നു.
1) വീടും കുടിയും എന്ന പ്രത്യേക പതിപ്പിന്റെ 'ലേഖന്' പുംഗന്മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.
മേലാല്‍ 'സ്ഥലത്തിന്റെ വില ഇനിയും കുറയും ,കുറച്ചു കാലം കൂടി കാത്തിരുന്നിട്ട് മതി നിക്ഷേപം' എന്നെങ്ങാനും എഴുതുന്നവന്റെ കൈ ഞാന്‍ വെട്ടും,പറഞ്ഞേക്കാം. 'നാനോ വില്ലകള്‍,ഫ്ലാറ്റുകള്‍,സ്ഥലം ഇവയൊക്കെ ഇന്ന് തന്നെ ബാങ്ക് വായ്പ എടുത്താണേലും വാങ്ങിയില്ലേല്‍ ഭാവിയില്‍ ദുഖിക്കേണ്ടി വരും'എന്ന് വേണം ഇന്ന് മുതല്‍ എഴുതാന്‍. ഇതിനൊക്കെ ഡിമാണ്ട് കൂടിയാലെ നമുക്ക് വില്ല,ഫ്ലാറ്റ് , റിയല്‍ എസറ്റേറ്റ് ,ന്യൂ ജനറേഷന് ബാങ്കുകള്‍ തുടങ്ങിയവയുടെ പരസ്യം വരൂ. (ബാങ്ക് അടവ് മുടങ്ങി,വാങ്ങിയവന്റെ ഫ്ലാറ്റോ വില്ലയോ,സ്ഥലമോ ,ജപ്തി ചെയ്ത് പോയാലും,നിനക്കൊന്നും ഒരു നഷ്ടവും ഇല്ലല്ലോ? അത് കൊണ്ട് ചുമ്മാ എഴുതിക്കോ).
2) ബിസിനസ് പേജ് കൈകാര്യം ചെയ്യുന്ന ഊളന്മാരേ...
'ഓഹരി വിപണി മൂക്കും കുത്തി വീണു','വിപണിയില്‍ കരടികളുടെ വിളയാട്ടം', ഇങ്ങനൊക്കെ എഴുതിക്കോ,ഒരു വിരോധവുമില്ല (അല്ലേലും ഓഹരി വിപണിയില്‍ ഗൌരവമായി കളിക്കുന്നവന്മാര്‍ നീയൊക്കെ എഴുതുന്ന ചവറ് വായിക്കാനിരിക്കുകയല്ലേ? അവന്മ്മാര് വല്ല ബിസിനസ്സ് ടൈംസോ മറ്റോ വായിച്ച് കാര്യങ്ങള്‍ അറിഞ്ഞോളും). പക്ഷേ കഴിഞ്ഞയാഴ്ച്ച,'സ്വര്‍ണ്ണം തൊട്ടാല്‍ പൊള്ളുന്നു' എഴുതിയ അവിരാക്കുട്ടി,ഈ സര്‍ക്കുലര്‍ കിട്ടിയാലുടന്‍ എന്റെ ഓഫീസിലോട്ട് പോന്നേക്കണം(ശരിയാക്കിത്തരാമെടാ നിന്നെ!!!).
അഭരണക്കടക്കാരും നമ്മുടെ പത്രവും തമ്മിലുള്ള പരിശുദ്ധ 916 ബന്ധത്തെക്കുറിച്ച് നിനക്കൊക്കെ ഞാന്‍ ഇനി പ്രത്യേകം ക്ലാസ് എടുക്കണോടാ ഊപ്പകളേ?സ്വര്‍ണത്തിന് തീ വിലയാണ് എന്ന് നീയൊക്കെ എഴുതിപ്പിടിപ്പിച്ച്, ജ്യുവലറീകളില് ജനം കയറാതായാല്‍,നമുക്ക് ലക്ഷങ്ങളാണ് പരസ്യ ഇനത്തില്‍ നഷ്ടം.അങ്ങനെ വന്നാല്‍ നിനക്കൊക്കെ മാമുണ്ണാന്‍ 'ച'മ്പളം ഞാനെന്നാ റബറ് വിറ്റ് തരണോ ?
അത് കൊണ്ട് 'സ്വര്‍ണത്തിന് ഇനിയും വിലകൂടും. ഇന്ന് തന്നെ സുരക്ഷിതമായ നിക്ഷേപത്തിനായി സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കു.' എന്നൊക്കെ വേണം ഇന്ന് മുതല്‍ എഴുതാന്‍.കൂടാതെ 'ലോക രാഷ്ട്രങ്ങള്‍ ഉപഗ്രഹങ്ങളുടെ നട്ടും ബോള്‍ട്ടും ഉണ്ടാക്കാന്‍ സ്വര്‍ണ്ണം കിട്ടാതെ വിഷമിക്കുന്നതിനാല്‍ അതിന്റെ വില ഈ നൂറ്റാണ്ടിലെ കുറയില്ല' തുടങ്ങിയ ശാസ്ത്ര ലേഖനങ്ങളും കാച്ചിക്കോ.ജനം ഓടി നടന്ന് നിക്ഷേപിച്ചോളും.
കൂടെ നമ്മുടെ ഫാഷന്‍ ട്രെന്‍ഡ് പംക്തിയില്‍ കിളിപോലുള്ള നാല് പെണ്കൊച്ചുങ്ങളെ നിരത്തി 'റെയില്‍ പാലം മോഡല്‍ മാല' , 'ക്രിക്കറ്റ് ബാള്‍ മോഡല്‍ കമ്മല്‍' തുടങ്ങിയ നാല് പുതിയ ആഭരണ ഡിസൈനും കടക്കാരോട് ചോദിച്ചു വാങ്ങി കൊടുത്താല്‍, എല്ലാം വെടിപ്പാകും.
പിന്നെ കാറുകളുടെ കാര്യം.ഏഴ് ലക്ഷത്തിന് മുകളിലോട്ടുള്ള കാറുകളുടെ പരസ്യങ്ങള്‍ കുറേക്കാലത്തേക്ക് ഇനി അപൂര്‍വ്വമായിട്ടേ വരു.അതു കൊണ്ട് നമുക്ക് ഒരു ഒന്ന്-അഞ്ച് റേഞ്ചില്‍ ഇറങ്ങുന്നവയെ പിടിക്കാം.ഒള്ളതാവട്ടെ. മാസം 'വെറും അയ്യായിരം രൂപ ഇ എം ഐ' തുടങ്ങിയ പരസ്യങ്ങള്‍ കാറുകള്‍ക്ക് ഫിനാന്‍സ് ചെയ്യുന്ന ബാങ്കുകള്‍ വരെ തന്നോളും.മാന്ദ്യം ശരിക്കങ്ങോട്ട് പിടിച്ചാല്‍ 'മാസം ഒരു അയ്യായിരം രൂപ കിട്ടിയിരുന്നേല്‍ വീട്ടിലോട്ട് അരി വാങ്ങാമായിരുന്നു' എന്ന അവസ്ഥയില്‍ നാട്ടില്‍ മിക്കവനും എത്തും എന്ന കാര്യം തത്കാലം മിണ്ടി പോകരുത് . നമുക്ക് കിട്ടാവുന്ന പരസ്യങ്ങള്‍ മുഴുവന്‍ കിട്ടി ,അതിന്റെ പിന്നാലെ പോയി തെണ്ടാനുള്ളവനൊക്കെ തെണ്ടിക്കഴിയുമ്പോള്‍ 'ആയ കാലത്ത് നോക്കി കണ്ട് ജീവിച്ചില്ലേല്‍ ഇങ്ങനിരിക്കും' എന്ന് നമുക്ക് അവന്റെയൊക്കെ കഥന കഥകള്‍ ഫീച്ചറായിട്ട് കൊടുക്കാം.
3) വിദ്യാഭ്യാസം/ജോലി ഒരരുക്കാക്കുന്ന മിടുക്കന്മാരെ...
ഈ ചീഫ് എഡിറ്ററോട് സ്നേഹമുള്ളത് നിങ്ങള്‍ക്ക് മാത്രമാടാ പിള്ളാരെ. 'പുതിയ പഠന വിഷയങ്ങള്‍' , 'ജോലിയില്‍ നിന്നും മാന്ദ്യ കാലത്ത് പിരിച്ച് വിടപ്പെട്ടാല്‍ നിരാശരാവാതെ ഉന്നത വിദ്യാഭ്യാസത്തിന് ഈ സമയം വിനയോഗിക്കു' എന്നൊക്കെയുള്ള നിങ്ങളുടെ ലേഖനങ്ങള്‍ മാത്രം കൊണ്ട് പത്തുലക്ഷം രൂപേടെ പരസ്യമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കഴിഞ്ഞയാഴ്ച്ച നമുക്ക് തന്നത്.ഇനിയും പോരട്ടെ ഇങ്ങനെയുള്ള വെടിക്കെട്ട് ലേഖനങ്ങള്‍.'ജോലിയും കൂലിയും ഇല്ലാത്ത ഈ സമയത്ത് ഉന്നത വിദ്യാഭ്യാസത്തിന് നിന്റെ ഡാഡി തരുമോടാ കാശ്?'എന്നൊന്നും ഏതായാലും ഒരുത്തനും ഇവിടെ വന്ന് നിങ്ങളോട് ചോദിക്കുകേല. ധൈര്യമായിട്ട് മുന്നോട്ടു പോകിനെ പിള്ളേരെ.
തത്കാലം ഇത്രമാത്രം.ബാക്കി വഴിയെ...
ചീഫ് എഡിറ്റര്‍ .
എ കെ
Monday, May 11, 2009
Subscribe to:
Post Comments (Atom)
5 comments:
super.....
OT
ഈയിടെ അക്ഷരപ്പിശാച് കൂടുന്നുണ്ടല്ലോ....
കാല്വിന് : കണ്ട പിശാചുക്കളെ തിരുത്തിയിട്ടുണ്ട്(പോസ്റ്റ് ചെയ്യും മുന്‍പ് രണ്ടാവര്‍ത്തി വായിക്കാത്തതിന്റെ കുഴപ്പമാണ്).ഓ ടോക്ക് പ്രത്യേക നന്ദി.അക്ഷര പിശാചിനെ കൊല്ലാനിരുന്നയിരുപ്പില് പോസ്റ്റില്‍ ചെറിയ ഒരു കൂട്ടിചേര്‍ക്കലും നടത്തി.
ha ha..kalakki gadiii,,
“മാന്ദ്യ കാലത്തെ ചീപ് എഡിറ്റന്” ല്ലേ ? ;)
കൊള്ളാം...കൊള്ളാം...
:)
Post a Comment