Thursday, May 14, 2009

ജന ഗണ മന...

ജന ഗണ മന രണ്‍ ഹേ... 'രണ്‍' എന്ന പുതിയ റാം ഗോപാല്‍ വര്‍മ്മ ചിത്രത്തിലെ ഗാനം ആരഭിക്കുന്നത് ഈ വരികളിലാണ്. 'ഹേ വിധാതാവേ ,ജനങ്ങളുടെ മനസ്സില്‍ നടക്കുന്ന യുദ്ധത്തില്‍ ഭാരതം മുറിവേറ്റ് കിടക്കുന്നു' എന്ന അര്‍ത്ഥമുള്ള വരികള്‍.
ചിത്രത്തിന്‍റെ പബ്ലിസിറ്റിക്ക് കൂടിയാണ് ഇത്തരത്തില്‍ ഒരു അവതരണ ഗാനം തിരഞ്ഞെടുത്തത് എന്ന് റാം ഗോപാല്‍ വര്‍മ്മ തന്നെ സമ്മതിക്കുന്നുണ്ട്. പക്ഷേ ഭാരതത്തിലെ മാധ്യമങ്ങളുടെയും രാഷ്ട്രീയത്തിന്റെയും പരസ്പരമുള്ള 'കൈയ്യും കൈയ്യുറയും' ബന്ധം പ്രതിപാദിക്കുന്ന ചിത്രത്തില്‍ നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥ വ്യക്തമായും വിളിച്ചു പറയുന്നുണ്ട് എന്നാണ്‌ ആ ഗാനത്തിന്റെ വരികള്‍ വായിക്കുന്ന,സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും തോന്നുക.ആ തോന്നലിനു നേരെ ഉയര്‍ന്ന ഒരു ചോദ്യമാണ് 'അപ്പോള്‍ ദേശിയ ഗാനത്തെ അപമാനിക്കാന്‍ ആര്‍ക്കും അധികാരമുണ്ടോ?' എന്നത്.

ഇല്ല എന്നാണ്‌ ഉത്തരം .പക്ഷേ അതിനൊപ്പം കൂട്ടിച്ചേര്‍ക്കേണ്ട മറ്റൊന്ന് കൂടിയുണ്ട്. 'രണ്'ലെ അവതരണ ഗാനം,ദേശീയ ഗാനത്തെ ഒരു തരത്തിലും അപമാനിക്കുന്നില്ല. മറിച്ച്,എനിക്ക് തോന്നിയത് ഈ ഗാനം കേട്ടാല്‍ നമ്മുടെ ദേശിയ ഗാനത്തിലെ വരികളുടെ പ്രസക്തി ഒന്ന് കൂടി വര്‍ദ്ധിക്കുന്നതായിട്ടാണ്.കാരണം 'ജന ഗണ മന'യില്‍ നിന്നും 'ജന ഗണ മന രണി' ലേക്കുള്ള നമ്മുടെ നാടിന്റെ പ്രയാണം എത്ര വേഗത്തിലാണ് എന്ന് അത് ഓര്‍മിപ്പിക്കും.

വാദത്തിന് വേണ്ടി റാം ഗോപാല്‍ വര്‍മ്മ ചിത്രത്തിന്‍റെ തരം താഴ്ന്ന പബ്ലിസിറ്റിക്ക് വേണ്ടിയാണ്, ഭാരതത്തിലെ ജനങ്ങളുടെ ആവേശമായ ഈ ഗാനത്തെ ഇപ്രകാരം രൂപമാറ്റം വരുത്തി അവതരിപ്പിച്ചത് എന്ന് സമ്മതിക്കാം.പക്ഷേ ചില ചോദ്യങ്ങള്‍ അപ്പോഴും ഉത്തരമില്ലാതെ നില്‍ക്കുന്നു.

1 ) വേണ്ട കാര്യത്തിന് പ്രതികരിക്കാന്‍ ഉപയോഗിക്കേണ്ട ഊര്‍ജ്ജം ഇത്തരം "മൃദുല"വികാരങ്ങളുടെ വൃണപ്പെടുത്തലിനെതിരെ പ്രതികരിച്ച് കളയുന്ന,സ്വന്തമായ ചിന്താ ശേഷിയില്ലാത്ത ജനങ്ങള്‍ക്ക്‌ നമ്മുടെ നാട്ടില്‍ ക്ഷാമമില്ല എന്ന് മനസിലാക്കി, ആ സാഹചര്യം കച്ചവട ലാഭത്തിന് വേണ്ടി വൃത്തിയായി ഉപയോഗിച്ച റാം ഗോപാല്‍ വര്‍മ്മയോ,അതോ ഇങ്ങനെ എന്തെങ്കിലും കേട്ടാല്‍ ഉടന്‍ കോലംക്കത്തിക്കാന്‍ ചാടിപ്പുറപ്പെടുന്ന പ്രസ്തുത ജനങ്ങളോ ഇവിടെ യഥാര്‍ത്ഥ പ്രതികള്‍?2) വൃത്തികെട്ട പബ്ലിസിറ്റിക്ക് പുറത്ത്‌ സുപ്പര്‍ ഹിറ്റായ 'ഏക്‌ ചോട്ടീ സീ ലവ് സ്റ്റോറി' മുതല്‍ 'ശ്രീശാന്തിന്റെ തൊലിയുരിക്കുക,ബോളിവുഡ് സിനിമാതാരങ്ങള്‍ ഷെയ്ന്‍ വോണുമായി കിടക്ക പങ്കിട്ടോ എന്ന് അന്വേഷിക്കുക,ഷാരുഖ് ഖാന്‍ എന്ന നടന്‍റെ വാനര സമാനമായ ചപലതകളെ വിമര്‍ശിച്ച്/കൈയ്യടിച്ച് സമയം കൊല്ലുന്ന വാദപ്രതിവാദങ്ങള്‍ നടത്തുക' എന്നിവ മാത്രമായി അധഃപതിച്ച ക്രിക്കറ്റ്‌ വരെ നമ്മുടെ നാട്ടിലെ ജനങ്ങളുടെ പരോനിയന്ത്രണപ്രാര്‍ത്ഥിയായ മനോനിലക്ക് ഉത്തമ ദൃഷ്ടാന്തങ്ങളല്ലേ?ഇഷ്ടതാരത്തിന്റെ പരസ്യം കണ്ട് മാത്രം കീടനാശിനിയായ് വരെ ഉപയോഗിക്കാവുന്ന കോളയുടെ സ്ഥിരം ഉപഭോക്താവായ് വിനോദ വ്യവസായ വലയില്‍ കുടുങ്ങിക്കിടക്കുന്ന പ്രേക്ഷകനില്‍ മാത്രം അവസാനിക്കുന്നില്ല ഈ അവസ്ഥ.

ഏറെ കൊട്ടി ഘോഷിക്കപ്പെട്ട തിരഞ്ഞെടുപ്പ് എന്ന് ജനാധിപത്യ സംവിധാനത്തെ പൂര്‍ണ്ണമായും അപഹാസ്യമാക്കുന്ന തരത്തില്‍,സ്വന്തം ജന്മ നാട്ടില്‍പ്പോലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധൈര്യമില്ലാതിരുന്ന ഭീരുക്കളും,മത്സരിച്ച് വൃത്തിയായി തോറ്റ ശേഷം 'മാനം ഏത് കടയില്‍ക്കിട്ടുന്ന പലഹാരമാണ്?" എന്ന് ചോദിക്കുന്നവരും,നമ്മുടെ ഭരണാധികാരികളായി വന്നേക്കാം. ഒപ്പം ശരിക്കുള്ള ജനകീയ അവബോധം കുറച്ചെങ്കിലുമുള്ള ഏതെങ്കിലും അന്യ രാജ്യത്തായിരുന്നുവെങ്കില്‍,ജയിലിടിഞ്ഞാലും പുറത്തു വരാത്ത ശിക്ഷ ലഭിക്കുന്നവരും കണ്ടേക്കാം.ജനങ്ങളില്‍ ആരെങ്കിലും 'ഇതിന് വേണ്ടിയായിരുന്നെങ്കില്‍ പിന്നെ എന്തിനായിരുന്നു ഒരു മാസക്കാലം തിരഞ്ഞെടുപ്പ് എന്ന പേരില്‍ ഞങ്ങളുടെ സമയവും,ഞങ്ങള്‍ നികുതിയായി അടച്ച പണവും പാഴാക്കിയത്?' എന്ന് ചോദിക്കും മുന്‍പ് തന്നെ മാധ്യമങ്ങള്‍ ഒരേ സ്വരത്തില്‍ അധികാരത്തില്‍ വന്ന പരാദങ്ങളുടെ ഗുണങ്ങള്‍ വാഴ്ത്തിപ്പാടും. അത് കൊണ്ടും അടങ്ങാതവരുണ്ടെങ്കില്‍,അധികാരത്തിലേറിയവര്‍ക്ക് പകരം വരുവാന്‍ സാധ്യതയുണ്ടായിരുന്നവര്‍ ഇതിലും കൊള്ളരുതാത്തവരാണ് എന്ന ഭയം കാട്ടി നിശബ്ദരാക്കും. ( മെയ്‌ പതിനാറിനു മിക്കവാറും ഈ അവസ്ഥ നമ്മുടെ പ്രബുദ്ധ ജനത നിറകണ്ണുകളോടെ കാണാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞിട്ടുണ്ട്).

അഗ്നിവലയത്തില്‍ അലറി വിളിക്കുന്നതിനെപ്പോലും രക്ഷിക്കാന്‍ ആളില്ലാത്ത, സ്വപ്നാടനത്തിലോ,ഒന്ന് കൂടിക്കടന്ന് ഭ്രമകല്‍പ്പനയിലോ ജീവിക്കുന്ന ഭാരതത്തിലെ പ്രസ്തുത ഭൂരിപക്ഷത്തിനെയാണ് 'രണ്‍' എന്ന ചിത്രത്തിലെ അവതരണ ഗാനം വരച്ചു കാട്ടുന്നത് എന്നാണു എനിക്ക് ആ വരികളില്‍ നിന്നും മനസിലായത്.

ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേല്‍ക്കാന്‍ പോലും തയ്യാറാവാത്ത ലാലൂ പ്രസാദിനെയും അദ്ദേഹത്തിന്‍റെ പത്നിയേയും, ദേശിയ ഗാനാലാപനത്തില്‍ അമേരിക്കന്‍ രീതി കൊണ്ട് വരാന്‍ വെമ്പുന്ന ശശി തരൂരിനെയും ഇവിടുത്തെ ജനത ഒരുളുപ്പുമില്ലാതെ കേന്ദ്ര മന്ത്രിമാര്‍ മുതല്‍ രാജാക്കന്മാര്‍ വരെ ആക്കിയെക്കും.അതേ ജനത തന്നെ നല്ല ഉദ്ദേശത്തില്‍ എഴുതപ്പെട്ട ഒരു പാട്ടിന്റെയും,ലേഖനത്തിന്റെയും പിന്നാലെ മാധ്യമ മൃതഭോജികളും,രാഷ്ട്രീയ രക്ഷസുകളും പറയുന്നത് കേട്ട് നാടിന് തീ കൊളുത്തുകയും ചെയ്യും.

ഒപ്പം മറ്റുള്ളവര്‍ക്ക് യഥേഷ്ടം നിയന്ത്രിക്കാന്‍ വിട്ടു കൊടുക്കുന്ന ബുദ്ധിയും, സ്വന്തം തലച്ചോറിലുള്ള അവിശ്വാസവും ഭരിക്കുന്ന ഭാരത ജനത തന്നെയല്ലേ യാതൊരു പ്രാധാന്യവും സത്യത്തില്‍ അര്‍ഹിക്കാത്ത വിഷയങ്ങളെ, വിഷമമേതുമില്ലാതെ മതവിദ്വേഷവും,വര്‍ഗീയ കലാപങ്ങളും, രാഷ്ട്രീയക്കുരുതികളുമായി നിസാര ഭാവത്തില്‍ വളര്‍ത്തുവാന്‍ തത്പര കക്ഷികളെ സഹായിക്കുന്നത്?അതെയെന്നാണ്‌ എന്‍റെ ഉറച്ച വിശ്വാസം.നിങ്ങളുടെത് തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്.

പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ചിത്രങ്ങളിലെ "വേണ്ടപ്പെട്ട "ഭാഗങ്ങള്‍ സ്വയം ആസ്വദിച്ചതിന് ശേഷം ഭാരതത്തിന്റെ സദാചാരത്തെ കൂട്ട്‌ പിടിച്ച്,ജനതയ്ക്ക് ആ ഭാഗങ്ങള്‍ കാണാനുള്ള അവസരം നിഷേധിക്കുന്നു എന്ന ആരോപണം നേരിടുന്ന(ബേസിക്ക് ഇന്‍സ്‌റ്റിക്ന്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ ചില്ലറ നിരാശയല്ലേ തിയറ്ററില്‍ എനിക്ക് തന്നത്) സെന്‍സര്‍ ബോര്‍ഡോ,സിനിമാ വ്യവസായികളോ പറയുന്നത് മാത്രം കേട്ട് പ്രതിഷേധം ഉയര്‍ത്തി നമ്മുടെ സമയം കളയേണ്ട ഒന്നാണോ 'രണ്'ലെ ഗാനം എന്ന്, ആ വരികള്‍ വായിച്ച ശേഷം,നിങ്ങള്‍ തന്നെ തീരുമാനമെടുക്കുക.

5 comments:

Anonymous said...

നന്ന്. പിശാച് പിന്നേം..!

ശ്രീ ഗുണനന്‍ said...

ഏ കെ

ഹാറ്റ്സ് ഓഫ്

പ്രായപൂര്‍ത്തിയായവര്‍ക്കുള്ള....

എനിക്കും ആ ബോര്‍ഡില്‍ മേബര്‍ ആകണം

hAnLLaLaTh said...

നല്ല നിരീക്ഷണങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍..

Aadityan said...

സ്വന്തം തല ഉപയോഗിച്ച് ചിന്തികുനതിനു പകരം മാധ്യമങ്ങള്‍ വിളംബിതരുന്നതും വിഴുങ്ങി പ്രതികരിക്കുന്ന ജനങ്ങള്‍ എന്ന കഴുതകളെ കുറിച്ചുള്ള നിരീക്ഷണം 100% ശരിയാണ് .
ഗ്രൂപ്പ്‌ കളില്‍ പെടാതെ ശരി എന്ന് തോന്നുനത് ഇനിയും വളരെ കാലം എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു

Mist said...

നിന്റെ മരുന്നു തീര്‍ന്നോടെ?