Sunday, May 3, 2009

ഒരു ബ്ലോഗിയുടെ മരണം

ഒരു മരണം.
മരണമെന്നാല്‍ ഇതാണ് മരണം. അല്ലലില്ലാത്ത സുഖമരണം. മരിച്ചത് ഒരു പ്രമുഖ ബ്ലോഗി. ബ്ലോഗിയെന്നാല്‍ ബ്ലോഗ്‌ വായനക്കാരന്‍.(എഴുതുന്നവന്മാര്‍ ബ്ലോഗേര്‍സ് ആണെങ്കില്‍ വായിക്കുന്നവന്‍ ബ്ലോഗി എന്ന് പറഞ്ഞത് വേറെ ആരുമല്ല,മഹാനായ വണ്‍ ആന്‍ഡ്‌ ഒണ്‍ലി മീ).

അവന്‍ ബ്ലോഗിയായത് തികച്ചും യാദൃശ്ചികമായിട്ടയിരുന്നു.അവസാനത്തെ രണ്ടു കാമുകിമാരില്‍ ഒരുവള്‍ മഠത്തില്‍ ചേരുകയും,മറ്റവളുടെ വിവാഹം കഴിയുകയും ചെയ്ത ദിവസം, നഗരത്തിലെ ബാറുകളില്‍ ഒന്നില്‍ നിന്ന് പോലും പറ്റ് കിട്ടുകയില്ല എന്ന അവസ്ഥയില്‍ മലയാളം ബ്ലോഗുകളുടെ ലോകത്തെത്തിയ അവന്‍ പിന്നെ പിടി വിട്ടില്ല.

രാപ്പകലില്ലാതെ മലയാളം ബ്ലോഗുകള്‍ വായിച്ച് തള്ളി അവന്‍ ബ്ലോഗിയായത്തിന്റെ അനന്തര ഫലം ആദ്യം അനുഭവിച്ചത് സ്വന്തം വീട്ടില്‍ അച്ഛനും, ബ്ലോഗിയാകുന്നതിന് മുന്‍പ് അവനുംചെര്‍ന്നു വാങ്ങി ക്കൂട്ടിയിരുന്ന പുസ്തകങ്ങളാണ്."വായനക്കാര്‍ക്ക്‌ ഉടനടി കമന്‍റ് രൂപത്തില്‍ അഭിപ്രായം പറയാന്‍ പുസ്തകങ്ങളില്‍ വകുപ്പുണ്ടോ?പോട്ടെ,ഇവയിലെ ഭാഷക്ക് മലയാളം ബ്ലോഗുകളിലെ ശുദ്ധിയുണ്ടോ?" എന്നൊക്കെയായിരുന്നു പുസ്തകങ്ങള്‍ വാരിയിട്ടു തീ കൊളുത്തുമ്പോള്‍ അവന്‍റെ ചോദ്യം. ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടിയില്ലെങ്കിലും,ചെയ്ത പ്രവൃത്തിക്ക് പ്രതികരണം സ്പോട്ടില്‍ കിട്ടി .ഇപ്പോള്‍ വീട്ടില്‍ കൈ നോക്കാന്‍ കാക്കത്തികള്‍ വന്നാല്‍ അമ്മയുടന്‍ അവനെ വിളിച്ച് ഇടത്തേ കാരണം കാട്ടിയാണ് അവന്‍റെ അച്ഛന്റെ ഭാവി ചോദിക്കുന്നത്.

പക്ഷേ അത് കൊണ്ടൊന്നും അവന്‍ ബ്ലോഗി എന്ന സ്ഥാനം ഉപേക്ഷിച്ചില്ല.ഫലമോ, നാലിന്റെയന്ന് വീടിനടുത്ത കടയിലെ ബുക്ക്‌ സ്റ്റാന്ഡില്‍ വെച്ചിരുന്ന മാസികകള്‍ ഒന്നൊഴിയാതെ എടുത്ത്‌ തുണ്ടം തുണ്ടമായി നുറുക്കി. 'രാഷ്ട്രീയ പൈങ്കിളി ലേഖനങ്ങളുടെ നടപ്പ് അല്‍ഗോരിതം ഡീകണ്‍സ്ട്രെക്റ്റ്' ചെയ്യുകയായിരുന്നത്രേ ഉദ്ദേശം.'

നാട്ടുകാര്‍ അധികപക്ഷവും ബ്ലോഗ്‌ വായനക്കാര്‍ അല്ലായിരുന്നതിനാല്‍ ബ്ലോഗി സ്ഥലം എസ് ഐക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടു."മേലാല്‍ ഇമ്മാതിരി പോക്രിത്തരങ്ങള്‍ കാണിച്ചാല്‍ @#$%^& നിന്നെപ്പിടിച്ച് ചങ്ങലക്കിടും ഞാന്‍!!!" എന്ന് വിരട്ടാന്‍ ശ്രമിച്ച എസ് ഐയെ "ഭീഷണി വേണ്ട. വിവരസാങ്കേതിക വിദ്യ സൃഷ്ട്ടിക്കുന്ന വിപ്ലവത്തിന്റെ സോഷ്യലിസം തന്നെപ്പോലുള്ളവരെ പരിഭ്രാന്തരാക്കും എന്നെനിക്കറിയാം. അമേരിക്കയില്‍ ഒബാമയുടെ തിരഞ്ഞെടുപ്പ് കമ്പ്ലീറ്റ്‌ ഞങ്ങള്‍ മലയാളം ബ്ലോഗുകളിലൂടെ നിയന്ത്രിച്ചത് പോലെ താമസിയാതെ ഇവിടെയും മാറ്റത്തിന്റെ കാറ്റടിക്കും,മി .എസ് ഐ" എന്നവന്‍ തിരിച്ചു വിരട്ടി. പാവം എസ് ഐ, രാത്രിക്ക് രാത്രി പച്ചാളത്തേക്ക് സ്ഥലംമാറ്റം വാങ്ങി നാട് കടന്നു.

അത് ബ്ലോഗിയുടെ പ്രയാണത്തിന്റെ തുടക്കം മാത്രമായിരുന്നു.താമസിയാതെ കേരളത്തിലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണ്ണയം ഗാസ ആക്രമിച്ചതില്‍ ഇസ്രായേലിനെക്കൊണ്ട് ഏത്തമിടീക്കല്‍,അമേരിക്കയെ ബെഞ്ചില്‍ക്കയറ്റി നിറുത്തല്‍ ,മന്‍മോഹന്‍ സിങ്ങിന് മെഡല്‍ ഓഫ് ഓണര്‍ നല്‍കല്‍ ,പ്രകാശ്‌ കാരാട്ടിനെയും ,പിണറായി വിജയനെയും മര്യാദ പഠിപ്പിക്കല്‍ , പുസ്തകക്കച്ചവടം ,കൊടുങ്ങലൂര്‍ ഭരണി തുടങ്ങിയ കാര്യങ്ങള്‍ ബ്ലോഗര്‍മാര്‍ മലയാളം ബ്ലോഗുകള്‍ വഴി പുഷ്പം പോലെ നടത്തിയ കഥകള്‍ അവന്‍ കാണുന്നവരോടൊക്കെ പറഞ്ഞ് തുടങ്ങി.

മകനെ ഇത്രയധികം സ്വാധീനിക്കുന്ന ബ്ലോഗ് എന്താണെന്നറിയാന്‍ അവന്റെ അച്ഛന്‍ ഒരു ശ്രമം നടത്തി നോക്കിയത് അപ്പോഴാണ്‌.വലത്പക്ഷ രാഷ്ട്രീയ പ്രതിരോധത്തിലൂന്നിയ ഒരു അമേരിക്കന്‍ ബ്ലോഗിലെ പോസ്റ്റ് കാല്‍ ഭാഗവും, ഇടതുപക്ഷത്തിന്റെ സമാന കുന്തം തലക്കെട്ടും, മത ഗ്രന്ഥങ്ങളെ വിശകലനം ചെയ്യുന്ന ഭൌതിക ബ്ലോഗുകളില്‍ ഒന്നിലെ പോസ്റ്റ് ഒന്ന് മുഴുവനും,അവന്റെ അച്ഛന്‍ ധീരമായി വായിച്ചു.പിന്നെ രണ്ട് ദിവസത്തേക്ക് അവന്റെ അച്ഛന്‌ മലയാള അക്ഷരങ്ങള്‍ തിരിച്ചറിയാന്‍ ഭാഷാ നിഘണ്ടു വേണ്ടി വന്നത്രേ.

ഏതായാലും അതിന് ശേഷം മകനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല എന്ന തീരുമാനത്തില്‍ വീട്ടുകാര്‍ ബ്ലോഗിയെ കേരളത്തിലെ ഒരു പ്രമുഖ മനോരോഗ വിദഗ്ദ്ധന്റെ മുന്നിലെത്തിച്ചു.

ഡോക്റ്റര്‍ അവനെ ഹിപ്നോട്ടൈസ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ പാതിമയക്കത്തില്‍ ഉരുവിട്ടത് 'കരിദിനാചരണവും ,അനോണിയായി അവനെ ഹിപ്നോട്ടൈസ് ചെയ്യാന്‍ ശ്രമിക്കുന്ന ഡോക്റ്ററുടെ പേരില്‍ സൈബര്‍ കേസ്‌ എടുക്കാനുള്ള വിവിധ നിയമങ്ങളെക്കുറിച്ചുമായിരുന്നു' .അതിന് ശേഷമാണ്, ബ്ലോഗിക്ക് പള്ളിവാസലില്‍ നിന്നും നേരിട്ട് ലൈന്‍ വലിച്ച് ഷോക്ക്‌ കൊടുക്കാന്‍ തീരുമാനമായത്.നാലാമത്തെ ഷോക്കിന് ശേഷം അവന്‍ ആദ്യം ചെയ്തത് സന്തത സഹചാരിയായ ലാപ്പ്‌ ടോപ്‌ അതെ ലൈനില്‍ ചാര്‍ജ്‌ ചെയ്യാന്‍ വെയ്ക്കുകയായിരുന്നത്രേ. ഒടുവില്‍ പരാജയം സമ്മതിച്ച മനോരോഗ വിദഗ്ദ്ധന്‍,സ്വയം ഒരു ബ്ലോഗ് വായനക്കാരനാകും എന്ന ഘട്ടം വരെയെത്തി കാര്യങ്ങള്‍.

ആ സന്ദര്‍ഭത്തില്‍, ദൈവം അയച്ചത് പോലെ , ഡോക്റ്ററുടെ ക്ലീനിക്കില്‍ പണ്ട് ജോലി ചെയ്തിരുന്ന ഒരു നേഴ്സ് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തിയത്. വിവാഹ ശേഷം അമേരിക്കക്ക് കടന്ന അവര്‍ ഏറെ കാലങ്ങള്‍ക്കു ശേഷമായിരുന്നത്രേ നാട്ടില്‍ അവധിക്ക് വന്നത്.

കുശല പ്രശ്നങ്ങള്‍ക്കിടയില്‍ ബ്ലോഗി കടന്നു വന്നു. അമേരിക്കക്കാരി സംഭവം വിശദമായി കേട്ട ശേഷം ബ്ലോഗിയെ ഒന്ന് കാണുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.

ഡോക്റ്ററും, നേഴ്സും കടന്ന് ചെല്ലുമ്പോള്‍ അബ്ദുള്‍ നാസര്‍ മദനി എന്ത് കൊണ്ട് സഖാക്കളുടെ കൂടെ കൂടാന്‍ പാടില്ല എന്ന വിഷയത്തെക്കുറിച്ച് കിടക്കയില്‍ക്കയറി നിന്ന് പ്രസംഗിക്കുകയായിരുന്നു ബ്ലോഗി.

അവനെ കണ്ടപാടെ നേഴ്സ് ഈ രോഗം നിസാരമായി താന്‍ ഭേദമാക്കിക്കൊടുക്കാം എന്ന് ഡോക്റ്ററോട് പറഞ്ഞു.
തുടര്‍ന്ന്, അര മണികൂര്‍ നേഴ്സ് ബ്ലോഗിയുമായി തനിച്ച് സംസാരിച്ചു. ഒടുവില്‍ 'ഇനി മുതല്‍ ഞാന്‍ മലയാളം ബ്ലോഗുകള്‍ വായിക്കുന്നതല്ല' എന്ന പ്രഖ്യാപനത്തോടെ ലാപ്പ്‌ ടോപ്പുമായി ബ്ലോഗി മുറി വിട്ട് ഇറങ്ങിപ്പോയത്രേ.

അക്കാദമിക് ഇന്ററെസ്റ്റ് വല്ലാതെ വേട്ടയാടിയപ്പോള്‍ 'എന്ത് മന്ത്രമാണ് നേഴ്സ്‌ പ്രയോഗിച്ചത്?' എന്ന് ഡോക്റ്റര്‍ ചോദിച്ചു."സാമൂഹിക പ്രതിബദ്ധതയുള്ള ഒരുവന്‍ വെറും ബ്ലോഗിയായി ഒതുങ്ങാന്‍ പാടില്ലെന്നും , വേഗം പോയി സ്വന്തമായി ഒരു ബ്ലോഗ്‌ തുടങ്ങണമെന്നും ഞാന്‍ അവനെ പറഞ്ഞു മനസിലാക്കി. സ്വന്തമായി ബ്ലോഗ്‌ തുടങ്ങിക്കഴിഞ്ഞാല്‍,മറ്റുള്ള ബ്ലോഗുകളുടെ തലക്കെട്ടും, പോസ്റ്റിന്റെ ആദ്യത്തെയും അവസാനത്തെയും പാരഗ്രാഫുകള്‍ മാത്രമേ അവന്‍ വായിക്കു. എഴുത്ത് ഒരു ലെവല്‍ കഴിയുമ്പോള്‍, കടയില്‍ നിന്നും കപ്പലണ്ടി പൊതിഞ്ഞു കൊടുക്കുന്ന കടലാസ് കൂടി അവന്‍ വായിക്കില്ല" എന്നായിരുന്നു നേഴ്സിന്റെ മറുപടി.
ബ്ലോഗിയില്‍ നിന്നും ബ്ലോഗറായി അവന്‍ പരിണമിക്കുന്നത് കൂടുതല്‍ ദോഷകരമാകില്ലേ എന്ന ന്യായമായ സംശയം ഡോക്റ്റര്‍ക്കും അവന്റെ വീട്ടുകാര്‍ക്കും ഉണ്ടായി.
"എന്തപകടം.? അവനോട് ഞാന്‍ മലയാളം ബ്ലോഗ് എഴുതാനാ പറഞ്ഞത്.ബ്ലോഗ് തുടങ്ങി ഒരു മാസത്തിനുള്ളില്‍, ഒരു പ്രയോജനവുമില്ലാതെ എന്തെങ്കിലുമൊക്കെ എഴുതിക്കൂട്ടി, കുരയ്ക്കുന്ന,കടിക്കാത്ത പട്ടിയായി അവന്‍ മാറിയില്ലെങ്കില്‍ എന്‍റെ പേര് നിങ്ങളുടെ പട്ടിക്കിട്ടോ.ഞാനും നാലഞ്ചു കൊല്ലമായി ബ്ലോഗെഴുതുന്നതാ " എന്നായിരുന്നു നേഴ്സമ്മയുടെ മറുപടി.

അങ്ങനെ ഒരു ബ്ലോഗി മരിക്കുകയും,ആ ചാരം ചൂടാറും മുന്‍പ് ഒരു ബ്ലോഗര്‍ ജനിക്കുകയും ചെയ്തു.

നിയമ ലംഘനം: ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണ്‌ എന്നൊന്നും പറയാന്‍ എനിക്ക് സൌകര്യമില്ല. സ്വന്തം ഭാവനക്കനുസരിച്ച് ആര് ഈ കഥയെ എങ്ങനെ വ്യാഖ്യാനിച്ചാലും എനിക്കൊരു മണ്ണുമില്ല.

9 comments:

Suraj said...

സൌകര്യമ്പോലെ വ്യാഖ്യാനിച്ചു ;))

Calvin H said...

ha ha ha :)

വേണു venu said...

മരണം സത്യമാണോ.?

ഹന്‍ല്ലലത്ത് Hanllalath said...

ഇത്രയൊക്കെ വേണമായിരുന്നോ..?
എല്ലാം ഒരു പോലെ അല്ല ..
പലതില്‍ ചിലത് വേറെയാണ്...

എഴുത്ത് കൊള്ളാം...ആശംസകള്‍...

ബഷീർ said...

:)ആശംസകള്‍.

വീകെ said...

ഒരിടത്തു മരണം..
അവിടെത്തന്നെ ജനനം..

Nishanth said...

"ബ്ലോഗിക്ക് പള്ളിവാസലില്‍ നിന്നും നേരിട്ട് ലൈന്‍ വലിച്ച് ഷോക്ക്‌ കൊടുക്കാന്‍ തീരുമാനമായത്.നാലാമത്തെ ഷോക്കിന് ശേഷം അവന്‍ ആദ്യം ചെയ്തത് സന്തത സഹചാരിയായ ലാപ്പ്‌ ടോപ്‌ അതെ ലൈനില്‍ ചാര്‍ജ്‌ ചെയ്യാന്‍ വെയ്ക്കുകയായിരുന്നത്രേ. ഒടുവില്‍ പരാജയം സമ്മതിച്ച മനോരോഗ വിദഗ്ദ്ധന്‍,സ്വയം ഒരു ബ്ലോഗ് വായനക്കാരനാകും എന്ന ഘട്ടം വരെയെത്തി കാര്യങ്ങള്‍."

കൊള്ളാം കിടിലന്‍

Kuttyedathi said...

ചന്ദ്രമൌലി ആണിതിന്റെ ലിങ്ക് തന്നത് . അടിപൊളി , കിടിലോല്‍ക്കിടിലം !!

ക്വോട്ടാന്‍ നോക്കിയാല്‍ നെറയെ ഉണ്ട് .

അതുകൊണ്ടതിനു മുതിരുന്നില്ല. എന്തായാലും താങ്കള്‍ വെറും ബ്ലോഗിയായിരുന്നാല്‍ മലയാളം ബ്ലോഗിനത് നഷ്ടം തന്നെ. തകര്‍ത്തെഴുതൂ

തറവാടി said...

:)