Wednesday, July 6, 2011

നീല്‍ തോമ VS പ്രധാനമന്ത്രി എ കെ

"നമസ്കാരം മി പ്രധാനമന്ത്രി "

"എ കെ ജി എന്നാണ് സാധാരണ എല്ലാവരും എന്നെ വിളിക്കുന്നത്‌ "

"ജി ചേര്‍ത്ത് ഞങ്ങള്‍ പത്രക്കാര്‍ ഇപ്പോള്‍ അമൂല്‍ ബേബി ജിയെ മാത്രമേ സംബോധന ചെയ്യു. പത്രത്തിന്‍റെ പോളിസിയാണ് "

"യുവരാജ് അമൂല്‍ ജിയുടെ പബ്ലിസിറ്റിക്കായുള്ള എന്ത് പോളിസിയും ഞാന്‍ സ്വാഗതം ചെയ്യും "

"താങ്കളുടെ ജോബ്‌ ഡിസ്ക്രിപ്ഷനില്‍ ആദ്യത്തെ വ്യവസ്ഥ അതാണ്‌ എന്ന് എനിക്കറിയാം "

"ഉം...ഉം ... നീ വന്ന കാര്യം പറ "

"അഭിമുഖത്തിന് സമയം അനുവദിച്ചിരുന്നു "

"പ്രായം കുറെ ആയില്ലേ അനിയാ . മറവി പിടിച്ച് തുടങ്ങി "

"എന്നാല്‍ പിന്നെ ഇതൊക്കെ വിട്ടിട്ടു വീട്ടില്‍ ഇരിക്കുന്നതല്ലേ നല്ലത് ? കൊച്ചു മക്കളെയും കളിപ്പിച്ച് , പണ്ട് ആളെ പറ്റിക്കാന്‍ എഴുതിയ ഇക്കണോമിക്ക്സ് തരികിടകളുടെ റോയല്‍റ്റിയും വാങ്ങി ..."

"ഡേയ് ...ഞാന്‍ ഒരു പ്രധാനമന്ത്രി അല്ലേഡേ ? കുറച്ച് കൂടെ മാന്യമായിട്ട് ..."

"താങ്കള്‍ മാഡത്തിന്‍റെ അടിപാവാട കഴുകല്‍ , അമൂല്‍ ജിക്ക് ഇങ്ക് കുറുക്കി കൊടുക്ക‍ല്‍ എന്നിവ മുഴുവന്‍ സമയ ജോലികളായി സ്വീകരിച്ചതിനു ശേഷം നാട്ടില്‍ ഇപ്പോള്‍ താങ്കളുടെ അവസ്ഥയും ഹെല്‍മെറ്റ്‌ പിരിവ് ഫുള്‍ ടൈം പണിയാക്കിയ പോലീസിന്‍റെയും അവസ്ഥ ഏതാണ്ട് ഒരു പോലെയാണ് . നോ റെസ്പെക്റ്റ് അറ്റ് ആള്‍"

"അഭിമുഖം തുടങ്ങെടാ !!!"

"ആയിക്കോട്ടെ .ആദ്യമായിട്ട് വ്യക്തിപരമായ ഒരു ചോദ്യം . പണ്ട് താങ്കള്‍ക്ക് ഇന്‍റര്‍നാഷണല്‍ മോഷണ ഫണ്ടിലും ഈ അടിപാവാട കഴുകലും .ഇങ്ക് കുറുക്കലും തന്നെയായിരുന്നോ പണി ?"

"അല്ല. അണ്ടര്‍ സ്കേര്‍ട്ട്‌ വാഷിംഗ് ആന്‍ഡ്‌ ബേബി ഫുഡ്‌ പ്രോസിസ്സസിംഗ് ."

"തൊമ്മിക്കുഞ്ഞ് അമേരിക്കയില്‍ പോയാല്‍ ടോം.കേ. ഞ്ച് ആകുമ്പോലെ അല്ലെ? "

"ഏതാണ്ട്."

"ഇനി നമുക്ക് പ്രധാന വിഷയത്തിലേക്ക് കടക്കാം. അഴിമതി , കള്ളപ്പണ നിരോധന ബില്ലിന്‍റെ പരിധിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെയും കൊണ്ട് വരണം എന്ന ആവശ്യം ഉന്നയിച്ച് നീല്‍ തോമ നടത്തിയ നിരാഹാര സത്യാഗ്രഹത്തെയും , അത് പൊളിച്ചടുക്കി കൊടുക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെയും കുറിച്ച് താങ്കളുടെ അഭിപ്രായം അറിയാന്‍ ഞങ്ങളുടെ വായനക്കാര്‍ക്ക് ഏറെ താത്പര്യം ഉണ്ട് "

"നീല്‍ തോമ ...കള്ള നാ ...."

"സാര്‍ !!!"

"സോറി ...കള്ള നാണയം . ആരാ ഈ നീല്‍ തോമ എന്ന് നിങ്ങള്‍ ഒന്ന് വിശദമായി അന്വേഷിക്കണം . ഏതോ റബര്‍ കാട്ടില്‍ ഇരുന്ന് തുണ്ട് കഥകളും , കൌതുക വാര്‍ത്തകളും , ഇക്കിളി സാഹിത്യവും അച്ചടിച്ച് വിറ്റ് കോടികള്‍ ഉണ്ടാക്കിയവനാണ് അവന്‍ . അങ്ങനെ ഒരുത്തന് എന്നെ അഴിമതി നിരോധന ബില്ലിന്‍റെ പരിധിയില്‍ കൊണ്ട് വരണം എന്ന ആവശ്യം ഉന്നയിക്കാന്‍ എന്ത് അവകാശം "

"ഈ പറഞ്ഞത് ഒന്നും നിയമം മൂലം നിരോധിച്ചിട്ടുള്ള പണികള്‍ അല്ലല്ലോ സാര്‍ നമ്മള്‍ എല്ലാവരും, അവനനവന് അറിയാവുന്ന പണികള്‍ ചെയ്ത് ജീവിക്കുന്നു . സാറ് അടിപ്പാവാട കഴുകുന്നു , തോമ തുണ്ട് എഴുതുന്നു . പിന്നെ അത്രയല്ലേ ഉള്ളു.വി കേ എന്‍ , ബഷീര്‍ ലെവലില്‍ ഒക്കെ എഴുതണം എന്ന് തോമക്ക് ആഗ്രഹം കലശലായി ഉണ്ട് . പക്ഷേ അവന്‍റെ കൈയ്യില്‍ ഉള്ളതല്ലേ അവനെടുത്ത് പൂശാന്‍ പറ്റു.അവന്‍റെ വി കെ എന്‍ /ബഷീര്‍ ആഗ്രഹം സാറിന് സമര്‍ത്ഥനായ ഒരു ഭരണാധികാരിയായി അറിയപ്പെടണം എന്നുള്ള ആഗ്രഹം പോലെ കണ്ടാല്‍ മതി "

"മാഡത്തിന്‍റെ അടിപാവാട കഴുകുന്നത് ഈ രാജ്യത്തെ ഏറ്റവും മഹത്തരമായ ജോലിയാണ്. അത് കഴിഞ്ഞ പത്തു പതിനഞ്ച് കൊല്ലങ്ങളായി വൃത്തിയായി ചെയ്യുന്ന ഞാന്‍ എവിടെക്കിടക്കുന്നു , വെറും തുണ്ട് സാഹിത്യകാരനായ ലവന്‍ എവിടെ കിടക്കുന്നു"

"ശരി, സമ്മതിച്ചു .പക്ഷേ നീല്‍ തോമ നിയമങ്ങള്‍ ഒന്നും ലംഘിക്കാത്ത കാലത്തോളം , അയാള്‍ എന്ത് ജോലി ചെയുന്നു എന്ന് നോക്കേണ്ട കാര്യമുണ്ടോ. അയാളുടെ ആവശ്യങ്ങള്‍ ന്യായമാണോ എന്ന് മാത്രം നോക്കിയാല്‍ പോരെ ? "

"ന്യായമായ ആവശ്യങ്ങളോ ? അവന്‍റെ ആവശ്യങ്ങള്‍ ശുദ്ധ അനാവശ്യങ്ങളാണ്. തന്ത്രപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസിനെ അങ്ങനെ കണ്ട ആപ്പ ഊപ്പ ബില്ലുകളുടെ ഒന്നും പരിധിയില്‍ കൊണ്ട് വരാന്‍ ഒക്കില്ല"

"അപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഈ രാജ്യത്തെ നിയമത്തിന് അതീതമാണ് എന്നാണോ സാര്‍ പറയുന്നത് ? "

"ഈ ജനാധിപത്യ രാജ്യത്തെ പരമോന്നത പദവികളില്‍ ഒന്നല്ലേഡേ പ്രാധാനമന്ത്രി പദം ?"

"അത് കൊണ്ട് അത് നിയമങ്ങള്‍ക്ക് അതീതമാണോ ?"

"എന്നല്ല...പിന്നെ വ്യക്തിപരമായി ഞാന്‍ അഴിമതികള്‍ക്ക് മേലെയല്ലേ ?"

"അഴിമതി കാണിക്കുന്നതില്‍ മേലെയാണെന്നോ ?"

"ഡാ!!!"

"താങ്കളെക്കുറിച്ച് വ്യക്തിപരമായി പറഞ്ഞാല്‍ , ഈ ജനാധിപത്യ രാജ്യത്ത് ഒരു തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാതെ താങ്കള്‍ എങ്ങനെ ഈ പദവിയില്‍ എത്തി എന്ന് ഈ രാജ്യത്തെ തൊണ്ണൂറ് ശതമാനം ആളുകള്‍ക്കും അറിയില്ല . ബാക്കി പത്ത് ശതമാനം വിദ്യാഭ്യാസമുള്ള ശുദ്ധ വിവരദോഷികള്‍ മാധ്യമങ്ങള്‍ താങ്കളെ മാര്‍ക്കറ്റ് ചെയ്ത മോഷണ ഫണ്ടിലെ കിടിലം, പത്ത് പി എച് ഡി എടുത്ത ബുദ്ധിജീവി ;ഇതൊക്കെ വിശ്വസിച്ച്,ഹോ എ കെയെ പ്രധാനമന്ത്രിയായി കിട്ടിയത് നമ്മുടെ പുണ്യമാണ് എന്ന മട്ടില്‍ നടക്കുകയാണ് . അത് കൊണ്ട് താങ്കളുടെ വ്യക്തിത്വത്തിന്‍റെ മഹത്ത്വം ഒരുപാട് പൊക്കിപ്പിടിക്കാതിരിക്കുകയാണ് നല്ലത്."

"പക്ഷേ തന്ത്ര പ്രധാന തീരുമാനങ്ങള്‍ ..."

"കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ താങ്കള്‍ എടുത്ത തന്ത്ര പ്രധാന തീരുമാനങ്ങള്‍ ഇന്ധന വില തോന്നിയത് പോലെ കൂട്ടാന്‍ കമ്പനികള്‍ക്ക് അനുവാദം നല്‍കി , പല അഴിമതികളും അന്വേഷിക്കാന്‍ ആവശ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഉണ്ട വിഴുങ്ങിയത് പോലെ മൌനം പാലിച്ചു ; ഇതൊക്കെയല്ലേ ? ഇനി തന്ത്ര പ്രധാന തീരുമാനങ്ങള്‍ വേറെ എന്തെങ്കിലുമൊക്കെ താങ്കള്‍ ഒളിച്ചിരുന്ന് ആരും അറിയാതെ എടുക്കാറുണ്ട് എന്ന് തന്നെ ഇരിക്കട്ടെ . എങ്കില്‍ ആ ഒരറ്റ കാരണം കൊണ്ട് പ്രധാനമന്ത്രി ഈ രാജ്യത്തെ നിയമങ്ങള്‍ക്ക് അതീതനാണോ ?"

"ഒരിക്കലുമല്ല . പക്ഷെ ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന നീല്‍ തോമ ഒരു ശുദ്ധ അഭാസനാണ് . മാത്രമല്ല പഞ്ച നക്ഷത്ര ഹോട്ടലില്‍ ഉള്ള സൌകര്യങ്ങളെക്കാള്‍ വലിയ സൌകര്യങ്ങള്‍ ഒരുക്കിയാണ് നിരാഹാരം കിടന്നത്. പിന്നെ അവന്‍റെ പിന്നില്‍ പ്രതിപക്ഷത്തിന്‍റെ കറുത്ത കരങ്ങള്‍ ഞാന്‍ കാണുന്നു. രാവണ ഭൂമി മൈതാനത്ത് , അവനെ പൊക്കാന്‍ രാത്രി പോലീസ് കയറിയപ്പോള്‍ ലവന്‍ ഓടി.ഓടുന്നതിനിടെ അവന്‍റെ മുണ്ടഴിഞ്ഞു വീണപ്പോള്‍ അടിയില്‍ കാവി അണ്ടര്‍വെയര്‍ പോലീസുകാര്‍ കണ്ടിരുന്നു ."

"ഈ പറഞ്ഞത് ഒന്നും നീല്‍ തോമ ഉന്നയിക്കുന്ന ആവശ്യങ്ങളുടെ സാധുത ഇല്ലതാക്കുന്നില്ലല്ലോ? തോമ അഭാസനാണ് എങ്കില്‍ അവന് കൊള്ളം. നിയമം വല്ലതും ലംഘിച്ചിട്ടുണ്ടെങ്കില്‍ അവനിട്ട് കൊള്ളും. പ്രതിപക്ഷം എന്ന് പറയുന്നത് ഐ എസ് ഐയുടെ ഈ നാട്ടിലെ ബ്രാഞ്ച് അല്ല. ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികള്‍ തന്നെയല്ലേ അവരും ? തോമയുടെ അണ്ടര്‍വെയറിന്‍റെ കളര്‍ എന്തായിരുന്നു എന്നുള്ളതല്ല എന്‍റെ ചോദ്യം. തോമയുടെ പ്രധാന ആവശ്യങ്ങള്‍ രണ്ടാണ്. ഒന്ന് ,വിദേശ ബാങ്കുകളില്‍ ഒളിപ്പിക്കപ്പെട്ട കണക്കില്ലാത്ത കള്ളപ്പണം നമ്മുടെ നാട്ടിലേക്ക് മടക്കി കൊണ്ട് വരിക. രണ്ട് താങ്കളുടെ ഓഫീസ് ഉത്പടെ സകല സര്‍ക്കാര്‍ സംവിധാനങ്ങളെയും അഴിമതി നിരോധന ബില്ലിന്‍റെ പരിധിയില്‍ കൊണ്ട് വരിക. ഈ ആവശ്യങ്ങള്‍ ന്യായമാണോ അല്ലയോ ? എന്‍റെ ചോദ്യം അതാണ്"

"ഒരിക്കലും ന്യായമല്ല "

"എന്ത് കൊണ്ട് എന്ന് കൂടി വിശദമാക്കാമോ ?"

"പൊന്നനിയാ , ഈ ആവശ്യങ്ങള്‍ ഞാന്‍ അംഗീകരിച്ചാല്‍ എന്‍റെ തല വെട്ടി അവര്‍ ഫൂട്ട്ബാള്‍ കളിക്കും "

"ആര് ?"

"എന്‍റെ സഹ മന്ത്രിമാര്‍ മുതല്‍ മാഡം വരെ .പിന്നെ രാജ്യത്തെ വന്‍ തോക്കുകളും "

"അപ്പൊ സാര്‍ പേരിനൊരു പ്രധാനമന്ത്രി .റബര്‍ സ്റ്റാമ്പ്‌ പോലെ .ഭരണം ഒക്കെ അവര് നോക്കിക്കോളും , അല്ലേ ?"

"എഴുന്നേറ്റ് പോടാ അവിടുന്ന് . അതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. അവന്‍റെ ഒരു കണ്ടുപിടുത്തം."

1 comment:

അനില്‍ഫില്‍ (തോമാ) said...

എന്റെ പേരു വച്ച് തന്നെ ചേട്ടന്‍ നമ്മുടെ മൗന മോഹന സിങ്ങിനിട്ട് താങ്ങിയല്ലേ?


സമയം കിട്ടുമ്പം എന്റെ ബ്ലോഗിലും വരുവാന്‍ ക്ഷണിക്കുന്നു.

www.anilphil.blogspot.com (THOMA)