Sunday, April 5, 2009

ഐ ജി : സുരേഷ് ഗോപി മാത്രം

സ്പെഷ്യല്‍ സ്ക്വാഡ് ഉപമേധാവി കുട്ടമ്പിള്ള ക്ലബ്ബില്‍ എത്തുമ്പോള്‍ തിരക്ക് കുറവായിരുന്നു. പതിവ് മേശയില്‍ തീ തൈലവും, അനുസാരികളും, സിഗരറ്റുമായി ഏകാന്തതയുടെ കാമുകന്റെ റോള്‍ അഭിനയിച്ച് കളയാം എന്ന പിള്ളയുടെ മോഹം മുളയിലേ നുള്ളിക്കൊണ്ടാണ് അകന്ന ബന്ധുവും ക്ലബ്ബിലെ മറ്റൊരു സ്ഥിരം കുറ്റിയുമായ സുഗതന്‍ രംഗപ്രവേശം ചെയ്തത്.
"എന്തെരണ്ണാ ഇന്നലെ കണ്ടില്ലല്ല്?" എന്ന ചോദ്യവുമായി സുഗതന്‍ പിള്ളക്കെതിരെ സ്ഥാനംപ്പിടിച്ചു.

പിള്ള:"ഇന്നലെ ഐ ജി കാണാന്‍ പോയിരുന്നടെ"

സുഗതന്‍:"എന്തെരെണ്ണാ ഇത് ? നിങ്ങള് സുരേഷ് ഗോവീടെ പടങ്ങളെല്ലാം കാണുമോ?"

പിള്ള:"എന്തെടേ സുരേഷ് ഗോപിക്ക് കുഴപ്പം?"

സുഗതന്‍ :"ചവറു പടങ്ങളല്ലേ?അങ്ങേര്‍ക്കു അഫിനയം വല്ലോം വരുമോ? "

പിള്ള :"ഡേ, സുഗതാ മമ്മൂട്ടിക്കും മോഹന്‍ലാലിനും മാത്രമേ അഭിനയം വരൂ എന്ന് പറയുന്ന, ചില തനിമലയാളിക്കഴുവേറി മക്കളുണ്ട്.ലവന്മാരുടെ ഗ്യാങ്ങില്‍ തന്നെടെ നീയും?"

സുഗതന്‍:"സുരേഷ് ഗോവി നല്ല നടനെനെന്നാണാ അണ്ണന്‍ ഈ പറഞ്ഞോണ്ട് വരുന്നത്?"

പിള്ള :"അങ്ങേരു വല്യ കുഴപ്പമില്ല എന്നാ എനിക്ക് തോന്നിട്ടുള്ളത്"

സുഗതന്‍:"ഒരു നാഷണല്‍ അവാര്‍ഡ് കിട്ടിയോണ്ടായിരിക്കും? അത് നമ്മുടെ മമ്മൂട്ടിക്ക് എത്രെണ്ണം കിട്ടിയിരിക്കുന്നു?"മമ്മൂട്ടിയുടെ കടുത്ത ആരാധകനായ സുഗതന്‍ പുച്ഛം കലര്‍ന്ന സ്വരത്തിലാണ് അത് പറഞ്ഞത്

പിള്ള:"അവാര്‍ഡുകളൊക്കെ വിടടേ.സുരേഷ് ഗോപി വല്യ സ്റ്റാറാകും വരെ മലയാളത്തില്‍ പോലീസ് വേഷം ചെയ്യാന്‍ നിന്റെ മമ്മൂട്ടി മാത്രമേ ഉണ്ടായിരുന്നുള്ളല്ലോ? സുരേഷ് ഗോപി വന്ന ശേഷം മറ്റേ അങ്ങേരുടെ ഒരൊറ്റ പോലീസ് പടം വിജയിച്ചോ? ഗോഡ്മാന്‍ മുതല്‍ രൗദ്രം വരെ എതുമെടുത്തോ നീ. പോട്ടെ,മമ്മൂട്ടി അച്ചായന്‍ വേഷങ്ങള്‍ തകര്‍ക്കും എന്നാണല്ലോ പൊതുവേയുള്ള വെയ്പ്പ്. സുരേഷ് ഗോപി ലേലം ചെയ്തതിന് ശേഷം വന്ന നസ്രാണിയും ഭും"

സുഗതന്‍:"അണ്ണന്‍ അത് വിട്...ഐ ജിടെ കാര്യം പറ"

പിള്ള:"ചോദിച്ചു മേടിച്ചതല്ലേ നീ. ഐ ജി കണ്ടോണ്ടിരിക്കാമടേ. ഒരൊറ്റ മിനിട്ട് പോലും ബോറടിക്കൂല

"സുഗതന്‍:"പക്ഷേ നിരൂവണങ്ങള് എഴുതുന്ന അണ്ണന്‍മാര് പറയണത് പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നാണല്ല്"

പിള്ള:" പോലീസുകാരന്‍ നായകനായിട്ട് വരുന്ന രാഷ്ട്രീയം വിഷയമായിട്ടുള്ള പടങ്ങള്‍ എല്ലാം ഒരേ രീതിയില്‍ തന്നെ ആവൂലേടെ? അതില്‍ കൊള്ളാവുന്ന രീതിയില്‍ നല്ല കുറിക്ക് കൊള്ളുന്ന കാലത്തിനു ചേര്‍ന്ന വിമര്‍ശനങലുള്ള പടങ്ങള്‍ കലക്കും. നീ ട്വിസ്റ്റെര്‍ , ഡീപ്പ് ഇംപാക്റ്റ് അങ്ങനത്തെ പടങ്ങള്‍ വല്ലതും കണ്ടിട്ടുണ്ടോ? എല്ലാത്തിലും ഓരോ പ്രകൃതി ദുരന്തങ്ങള്‍ വരാന്‍ പോകുന്നതും, ഒടുവില്‍ സായിപ്പ് മാന്ത്രിക വിദ്യ കാണിച്ച് ലോകത്തിനെ രക്ഷിക്കുന്നതും തന്നെ കഥ. കുറെ ഗ്രാഫിക്സും വാരി വിതറി കാശ് പൊട്ടിക്കുന്ന അത്തരം പടങ്ങള്‍ക്കൊക്കെ നീ ഈപ്പറഞ്ഞ നിരൂപണങ്ങള്‍ എഴുതുന്ന തെണ്ടികള്‍ പോയിരുന്ന് വിസിലടിക്കും. എന്നാ അവന്റെയൊക്കെ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ പച്ചക്ക് വിളിച്ച് പറയുന്ന ,സായിപ്പിന്റെ ആയിരത്തിലൊന്ന് ചിലവില്‍ എടുക്കുന്ന മലയാളം പടങ്ങളെ ലവന്മാര്‍ക്കു പുച്ഛം.സായിപ്പ് പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ കൊടുത്താല്‍ അത് അമൃതാവുമോടേ?"

"ബി ഉണ്ണീഷ്ണന്‍ ഇതിലത്ര പൊലിച്ചില്ല എന്നാണല്ലോ കേട്ടത് ? " നിയമ പാലനത്തില്‍ മാത്രമല്ല അത്യാവശ്യം ലോക സിനിമകളുടെ കാര്യത്തിലും പിള്ള വിജ്ഞനാണെന്ന് ആണെന്ന് മനസിലാക്കിയ സുഗതന്‍ പരീക്ഷണം മറ്റൊരു തരത്തിലാക്കി

പിള്ള:"ഒരു ചെറിയ കഥ വൃത്തിയായിട്ട്, അളുകളെ ബോറടിപ്പിക്കാതെ സിനിമയാക്കി വെയ്ക്കുന്നതില്‍ കൂടുതല്‍ എങ്ങനാടാ അങ്ങേര്‍ പൊലിക്കേണ്ടത്?"

സുഗതന്‍:"അല്ല രൗദ്രം ,ആയുധം ഈ പടങ്ങളുടെ ഒരു മിക്സാ ഐ ജി എന്ന് ..."

പിള്ള (സുഗതനെ മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ): "നിന്റെ ഒണക്ക നിരൂപണക്കാര് പറഞ്ഞതാവും. ഡാ നീ പറഞ്ഞ രണ്ടു പടങ്ങളുമായിട്ട് ഐ ജിയെ അവന്മാര്‍ താരതമ്യം ചെയ്യുന്നത് അത് രണ്ടും പൊട്ടിയ പടങ്ങളായത് കൊണ്ടാ. ഈ പടത്തിനെ വേണമെങ്കില്‍ ടൈഗറുമായി കൂട്ടിക്കെട്ടാം. നിന്റെ നിരൂപണ ഫ്രാഡുകളത് ചെയ്യുകേല .കാരണം ടൈഗര്‍ വിജയിച്ച പടമാണല്ലോ. അവനൊക്കെ സ്ഥിരമായി കുഴലൂതുന്ന മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പടങ്ങള്‍ തറ തൊടാതെ പൊട്ടുമ്പോള്‍ സുരേഷ് ഗോപിയുടെ വല്യ കുഴപ്പമില്ലാത്ത പടത്തിനെക്കുറിച്ച് നല്ലത് പറയുന്നതെങ്ങനെ?"

സുഗതന്‍:"അല്ല പടത്തില് ഒരു നായികയോ ,നല്ലൊരു പാട്ടോ പോലും ഇല്ല. ശരിയല്ലേ?"

പിള്ള:" ഇല്ലെടാ ...നഗരത്തില്‍ ബോംബ് വെയ്ക്കാന്‍ പോകുന്ന തീവ്രവാദിയെ പിടിക്കാന്‍ നടക്കുന്നതിനിടെ ഐ ജി കത്രീന കൈഫുമായി മൌറീഷ്യസ്സില്‍ പോയി പാട്ട് പാടുന്നില്ല"

സുഗതന്‍ :"അതല്ല ഉണ്ണീഷ്ണന്റെ ഇതിന് മുന്‍പത്തെ പടം മാടമ്പിയില്‍ അമ്മ മഴക്കാറ് പാട്ട് കേട്ട് കേരളത്തില്‍ കരയാത്തവര്‍ ആരുമില്ല "

പിള്ള :തിയറ്ററില്‍ ആ പാട്ടില്‍ കരക്കടിഞ്ഞ തിമിംഗലത്തിന്റെ ശവം പോലെ കട്ടിലില്‍ കിടക്കുന്ന ലാലിനെക്കണ്ട് എന്‍റെ കണ്ണും നിറഞ്ഞെടാ. ആക്ഷന്‍ പടത്തില്‍ എന്തിനാടാ കണ്ണ് നിറയിക്കുന്ന പാട്ട്? പടത്തിനാവശ്യമുള്ള സെന്റിമെന്റ്സ് അതിലുണ്ട്. പിന്നെ പടം തുടക്കം മുതല്‍ ഒടുക്കം വരെ നല്ല പൊളപ്പന്‍ ഡയലോഗുകളുമായി കൊണ്ട് പോകുന്നത് സുരേഷ് ഗോപിയാണ്. പടത്തില്‍ തന്നെ പറയും പോലെ ഇതാണ് മോനെ പോലീസ്. ബാക്കിയൊക്കെ വെറും വേസ്റ്റ് "

സുഗതന്‍:" അപ്പൊ ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍, സുരേഷ് ഗോപി പടങ്ങള്‍ പോലെ ഇതും തകര്‍പ്പനാണെന്നാണോ അണ്ണന്‍ പറഞ്ഞോണ്ട് വരുന്നത് ?"

പിള്ള:"അവര്‍ മൂന്നാളും ഒരുമിച്ച് കൂടുമ്പോള്‍ കളി വേറെ മോനെ. ഇത് ഉണ്ണികൃഷ്ണന്റെ രീതിയില്‍, ബോറടിക്കാതെ രണ്ടര മണിക്കൂര്‍ കണ്ടോണ്ടിരിക്കാവുന്ന ഒരു സുരേഷ് ഗോപി പടം."

സുഗതന്‍:" ശരിയാണ്. നിരൂപണം എഴുതണ അണ്ണനും പറഞ്ഞത് ഒരു സീനില്‍ പോലും കൊവ്വലുകലില്ല ,ചെല സീനില്‍ കൈയടികള് ലാവിഷായിട്ട്‌ ഒണ്ടെന്നുമാണ് കേട്ടാ"

പിള്ള :"അത്രയെങ്കിലും പറഞ്ഞല്ലോ ഒരുത്തന്‍. അവനെ ദൈവം കാക്കും. എന്നാലും പടം അത്ര പോരാ എന്നേ അവന്മാര്‍ പറയു. സൂപ്പര്‍ താരങ്ങളുടെ ഏത് കൂറ പടം വന്നാല് അവന്മാര്‍ 'പടമത്ര നല്ലതല്ലെങ്കിലും തിയറ്ററുകളില്‍ ജന പ്രവാഹം' എന്ന് ഒരുളുപ്പുമില്ലാതെ വെച്ച് കാച്ചുകയും ചെയ്യും "

സുഗതന്‍:"അപ്പ നാളെ ഞാന്‍ ഐ ജി കാണാന്‍ പോട്ടാ അണ്ണാ?"

പിള്ള :"നിനക്ക് ടൈഗര്‍ ഇഷ്ടപ്പെട്ടാടെ ?"

സുഗതന്‍:" ഓ. ഹിറ്റ് പടമല്ലേ. "

പിള്ള :"എന്നാ ഐ ജിക്ക് ധൈര്യമായിട്ട് പോ.ഇഷ്ടപ്പെടും"

4 comments:

വിന്‍സ് said...

ടൈഗര്‍ ഹിറ്റ് ആയിരുന്നോ.....ടൈഗര്‍ ലെവലില്‍ ആണേല്‍ ഈ പടത്തിന്റെ കൊണം മനസ്സിലായി. എന്തായാലും കാണുന്നുണ്ട്.

ശ്രീഹരി::Sreehari said...

ടൈഗര്‍, മാടമ്പി രണ്ടു പടങ്ങളും എനിക്കിഷ്ടമായിരുന്നു... അത് കൊണ്ട് ഐജിയില്‍ നേരിയ പ്രതീക്ഷ ഉണ്ട്... എല്ലാ റിവ്യൂകളും വായിക്കട്ടെ...

ഇതിലെ അവിടിവിടെ ഉള്ള തെറിവിളികള്‍ ഒഴിവാക്കി സാഗര്‍ ജാക്കിയുടെ റിവ്യൂ പോലെ എഴുതിയിരുന്നെങ്കില്‍ കുറച്ച് കൂടെ നന്നായേനെ..

റോബി said...

കരക്കടിഞ്ഞ തിമിംഗലത്തിന്റെ ശവം പോലെ കട്ടിലില്‍ കിടക്കുന്ന ലാലിനെക്കണ്ട് ..

മതി. ഈ ഒരു വാചകം കൊണ്ട് പോസ്റ്റു വായിച്ച സമയം വേസ്റ്റായില്ല.

ശ്രീ said...

ടൈഗര്‍ തീയറ്ററില്‍ പ്പോയി കണ്ടിട്ട് ക്ലൈമാക്സ് ഒഴിച്ചു നിര്‍ത്തിയാല്‍ പ്രത്യേകത ഒന്നും തോന്നിയിരുന്നില്ല.