Tuesday, April 21, 2009

ഒരു പ്രധാനമന്ത്രിയുടെ വ്യഥകള്‍

ആത്മകഥാക്കുറിപ്പിന്റെ തര്‍ജ്ജിമ :(മാഡത്തിന്റെ അടുക്കളപ്പുറത്ത് കിടന്ന് കിട്ടിയ താളില്‍ നിന്നും).

ഞാന്‍ പ്രധാനമന്ത്രിയായപ്പോള്‍ അവന്‍മാര്‍ നടന്ന് പറഞ്ഞു ഞാന്‍ ഐ എം എഫിന്റെ നോമിനിയാണെന്ന്. ദാ ഇപ്പൊ പറയുന്നു മദാമ്മയുടെ പാവയാണെന്ന്. വാക്കിന് സ്ഥിരതയില്ലത്തവര്‍. ഏതെങ്കിലും ഒന്ന് പറഞ്ഞാല്‍ പോരെ ഇവന്മാര്‍ക്ക്?
ഇതൊക്കെ കേട്ടിട്ടും തിരിച്ച് ഒരക്ഷരം മിണ്ടാന്‍ പറ്റാത്ത എന്‍റെ ഗതികേട്, ഛേ അല്ല, ഒരു പ്രധാനമന്ത്രിയുടെ വിഷമങ്ങള്‍ ആരെങ്കിലും അറിയുന്നുണ്ടോ?

ആ മൂപ്പീന്ന് ലോഹ്പുരുഷിനെക്കൊണ്ട് ഒരു രക്ഷയുമില്ല എന്നായിട്ടുണ്ട്. ഞാന്‍ ദുര്‍ബലനാണത്രേ? മനുഷ്യര് വല്ലതും പറയുന്ന കാര്യമാണോ ഇത്? ഇനി ദുര്‍ബലനല്ല എന്ന് കാണിക്കാന്‍ ,ഞാന്‍ പരസ്യമായി വെയിറ്റ് ലിഫ്റ്റിങ്ങ് നടത്തണോ?ബൈപാസ് കഴിഞ്ഞ സമയമല്ലായിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു.

അവര്‍ പറയുന്നത് പോലെ ഞാന്‍ കഴുപ്പണംക്കെട്ടവനായത് കൊണ്ടല്ല ,മാഡവും കുടുമ്പവും, അവരുടെ അടുക്കളക്കാരും അലക്കുകാരും ഒക്കെ പറയുന്ന കാര്യങ്ങള്‍ എല്ലാം തലയാട്ടി സമ്മതിക്കുന്നത്.മാഡത്തിന്റെ കുടുമ്പസ്വത്താണ് ഞങ്ങളുടെ പാര്‍ട്ടി. അവരുടെ കുടുമ്പ ബിസിനസ്സ് ഇന്ത്യയെ ഭരിക്കലും. അവരായിട്ട്‌ ദയവു തോന്നി തന്നൊരു സ്ഥാനം. അവിടിരിക്കുമ്പോള്‍ ഞാന്‍ പിന്നെ ആര് പറയുന്നത് കേള്‍ക്കണം? ഇന്ത്യയിലെ ജനങ്ങള്‍ എന്ന് വിളിക്കുന്ന പരിഷകള്‍ പറയുന്നതോ? ഇന്നോളം ഒരു തിരഞ്ഞെടുപ്പില്‍ പോലും നില്‍ക്കാത്ത, ഇനി നില്‍ക്കാന്‍ യാതൊരു ഉദ്ദേശവുമില്ലാത്ത എനിക്ക് ഈ ജനങ്ങള്‍ എന്ന് പറയുന്ന അലവലാതികളെക്കൊണ്ട് എന്ത് പ്രയോജനം? എവിടെയെങ്കിലും തിരഞ്ഞെടുപ്പിന് പോയി നിന്നാല്‍ അവന്മാര്‍ എന്നെ ജയിപ്പിക്കുമാരിയുന്നെങ്കില്‍ പോട്ടേന്നു വെയ്ക്കാമായിരുന്നു.പഞ്ചാബില്‍ ജനിച്ച എനിക്ക് ആസാമില്‍ രാജ്യസഭാ സീറ്റ് തരാന്‍ ഈ ജനത്തിന് പറ്റുമോ? അതിന് തത്കാലം മാഡം തന്നെ വേണം.ഇതൊക്കെ ഇവന്മാരെ ഒന്ന് പറഞ്ഞു മനസിലാക്കി കൊടുക്കണേ എന്‍റെ ഗുരുവായൂരപ്പാ, സോറി ഗുരു നാനാക്കേ.

ഇതൊന്നു ആ ലോഹ്പുരുഷിന് അറിയാത്തതല്ല. എന്നിട്ടും അങ്ങേര്‍ എന്‍റെ പിന്നാലെ കൂടിയിരിക്കുകയാണ്. ഞാന്‍ ദുര്‍ബലനല്ലെങ്കില്‍ അങ്ങേര്‍ എന്നെക്കുറിച്ച് പറയുന്ന കാര്യങ്ങളുടെയും, ഇന്ത്യയിലെ പൊതുവായ പ്രശ്നങ്ങളുടെയും മേല്‍ ഒരു സംവാദത്തിന് ചെല്ലാന്‍. പിന്നെ, എന്‍റെ പട്ടി പോകും. കാത്തിരുന്നാല്‍ മതി.
സംവാദവും മറ്റും അമേരിക്കന്‍ രീതിയാണ് എന്ന് പറഞ്ഞ് ഞാന്‍ തടിയൂരി. ഭാരതീയ രീതിയായിരുന്നെങ്കില്‍ ലോഹ്പുരുഷിന്റെ ശവം കളത്തില്‍ വീണേനെ എന്ന മട്ടില്‍. (ഇന്ത്യയാത് ഭാഗ്യം ...കൊള്ളാവുന്ന വല്ല രാജ്യത്തുമായിരുന്നു ഒരു രാഷ്ട്രത്തലവന്‍ ഇങ്ങനെ പറഞ്ഞിരുന്നതെങ്കില്‍ ആ ഒരൊറ്റ കാരണം കൊണ്ട് അയാളുടെ പാര്‍ട്ടി അടുത്ത തിരഞ്ഞെടുപ്പില്‍ കൂടടക്കം പൊട്ടിയേനെ. ഇവിടുള്ള കഴുതകള്‍ക്ക് ഇത് വല്ലതും അറിയാമോ?).
ഭാഗ്യം,അമേരിക്കന്‍ രീതി വേണ്ടെങ്കില്‍ ഭാരതീയ തനതു രീതിയായ ഗുസ്തി പിടിച്ചു കാര്യങ്ങള്‍ തീരുമാനിക്കാം എന്ന് ആ ലോഹ് പറയാത്തത്.ഞാന്‍ ഓടിപ്പോയേനെ !!!
അങ്ങേര്‍ക്ക് ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ? വല്ല രാമാ ക്ഷേത്രമോ, ശിവന്റെ അമ്പലമോ പണിയാം പിള്ളേരെ എന്ന് വിളിച്ചു പറഞ്ഞ് 'അമ്പലം വന്നു കഴിഞ്ഞാല്‍ പിന്നെ ഇന്ത്യയില്‍ പാലും തേനുമാണ് ഒഴുകാന്‍ പോകുന്നത് ' എന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു നടന്നാല്‍ പോരെ? ഇതൊക്കെ വിട്ടിട്ട് എന്‍റെ നെന്ച്ത്തു കേറാന്‍ ,പാവം ഞാന്‍ എന്ത് പിഴച്ചു?

ലോഹ്പുരുഷിന്റെ കാര്യം പിന്നെയും പോട്ടെ എന്ന് വെയ്ക്കാം. അങ്ങേര്‍ എതിര്‍ പാര്‍ട്ടിയല്ലേ? എന്‍റെ തന്നെ പാര്‍ട്ടിയിലുള്ളവന്മാര്‍ കാണിക്കുന്ന കന്നംതിരുവുകള്‍ കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ല.
ഒരു വിധം പ്രശ്നങ്ങള്‍ ഒന്ന് ഒതുങ്ങുമ്പോള്‍, മാഡത്തിന്റെ ത്രിപ്പുത്രന്‍ എനിക്ക് വേണ്ടി ലോഹ്പുരുഷിനോട് ഗ്വാ ഗ്വാ വിളിക്കും. അതിന്റെ തെറി ലോഹ്പുരുഷിന്റെ അനുയായികളുടെ വായീന്ന് കേള്‍ക്കുന്നതും ഞാന്‍ തന്നെ(അവന്മാര്‍ പറയുന്ന തെറി...ഹോ!!!വാക്കിന് വാക്കിന് ബഹന്‍ @@#$ വിളിക്കുന്ന ഞങ്ങള്‍ സര്‍ദാര്‍മാര്‍ നമിച്ചു പോകും).ആ ചെറുക്കന് എന്നെ ഇങ്ങനെ തെറി കേള്‍പ്പിക്കേണ്ടെ വല്ല കാര്യവുമുണ്ടോ. എനിക്ക് വേണ്ടി മറുപടി പറയാന്‍ ലവനാര് എന്ന് മറ്റെവന്മാര്‍ ചോദിക്കുന്നത് ന്യായമല്ലേ? ആ ചെക്കന് സ്പെയ്നീന്നോ, ഇറ്റലീന്നോ വല്ലവളന്മാരെയും വളച്ച് കുമാരകത്തോ,കുളുവിലോ പോയി കിടക്കരുതോ? വെറുതെ എന്‍റെ തന്തക്കു വല്ലവനെയും കൊണ്ട് വിളിപ്പിച്ചിട്ട് അവനെത് ഗുണം?

മാഡത്തിന്റെ സന്താനങ്ങള്‍ ഒരു വഴിക്ക്,പാര്‍ട്ടിയിലുള്ള ബാക്കി അമ്പലം വിഴുങ്ങികള്‍ വേറൊരു വഴിക്ക്. ദാ ഇന്നലെത്തന്നെ പത്രക്കാര്‍ എന്നെ വളഞ്ഞിട്ട് പിടിച്ചു ചോദിക്കുകയാണ് 'ഇസ്രായേലില്‍ നിന്നും ആയുധം വാങ്ങിയ ഇടപാടില്‍ കോടികളുടെ അഴിമതി നടന്നിട്ടില്ലേ ?' എന്ന്.ഛെടാ!!!ഇതൊക്കെ കാലാ കാലത്ത് ഞാന്‍ കൃത്യമായി അറിഞ്ഞിരുന്നെങ്കില്‍, ഞാനിന്ന് ആരാകുമായിരുന്നു?മാഡത്തിന്റെ ഭര്‍ത്താവ്‌ പ്രധാനമന്ത്രിയായിരുന്നപ്പോള്‍,അങ്ങേരുടെ മൂക്കിന്റെ താഴെ നടന്ന പല ആയുധ ഇടപാടുകളും അങ്ങേര്‍ അറിഞ്ഞിട്ടില്ല. പിന്നല്ലേ ഈ ഞാന്‍? ചിലപ്പഴേയുള്ളു.(എന്നാലും ആ പ്രതിരോധ മന്ത്രി പുണ്യാളന്‍ അറിയാതെ ഇവന്മാര്‍ എങ്ങനെ ഇത് സംഘടിപ്പിച്ചു?മിടുക്കന്മാര്‍ തന്നെ)

ലോഹ്പുരുഷും,മാഡത്തിന്റെ സന്താനവും, സ്വന്തം പാര്‍ട്ടിക്കാരും ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ഒന്നും പോരാഞ്ഞിട്ട് ഇപ്പൊ സഖ്യകക്ഷികള്‍ എന്നുമ്പറഞ്ഞ് ഇത്രയും നാള്‍ കൂടെ നടന്നവന്മാരും തുടങ്ങിയിട്ടുണ്ട്. ഒരുത്തന്‍ നാട് നീളെ നടന്നു പറയുന്നു ആ പള്ളി പൊളിച്ചതില്‍ എന്‍റെ പാര്‍ട്ടിക്കും പങ്കുണ്ടെന്ന്. വേറൊരുത്തന് ഇപ്പോഴാണ് ഓര്‍മ്മവന്നത്‌,ആ തമിഴ്പ്പുലി അവന്‍റെ കൂടെ മണ്ണപ്പം ചുട്ടു കളിച്ചിട്ടുണ്ട് എന്ന്. ഇവന്മാരെല്ലാം ഇങ്ങനെ തുടങ്ങിയാല്‍ ഞാന്‍ എന്ത് ചെയ്യും?
അധികം കളിച്ചാല്‍ ഒടുക്കം പോട്ട് പുല്ലെന്ന് വെച്ച് എല്ലാം കൂടി കളഞ്ഞിട്ട് ഞാന്‍ വല്ല അമേരിക്കന്‍ സര്‍വകലാശാലയിലും വിസിറ്റിംഗ് പ്രൊഫസ്സറായി പോകും. അവസാനം ഇനി അതൊക്കയെയുള്ളു രക്ഷയായിട്ട്.

6 comments:

ഹു :: Hu said...

ഹ ഹ ഹ സൂപ്പര്‍!!!

മാറുന്ന മലയാളി said...

ഇതു കലക്കി ഇഷ്ടാ.........പറയാതെ വയ്യ.......

Aadityan said...

Nice post. keep going . whats next?
(cant find transilator to comment in malayalam)

മുക്കുവന്‍ said...

അധികം കളിച്ചാല്‍ ഒടുക്കം പോട്ട് പുല്ലെന്ന് വെച്ച് എല്ലാം കൂടി കളഞ്ഞിട്ട് ഞാന്‍ വല്ല അമേരിക്കന്‍ സര്‍വകലാശാലയിലും വിസിറ്റിംഗ് പ്രൊഫസ്സറായി പോകും. അവസാനം ഇനി അതൊക്കയെയുള്ളു രക്ഷയായിട്ട്.

at least he has got that option.. rest of all idiots doesnt seen a lp school :)

Aadityan said...

rest of all idiots doesnt seen a lp school....

Agreed. best example is Mr Lalu Yadav who was the railway minister. who made indian railway profitable with out increasing ticket rates :)

suraj::സൂരജ് said...

അപ്പൂപ്പന്‍ ബൈപ്പാസും കഴിഞ്ഞിരിക്കുന്നത് ഏ.ക്കേട ഭാഗ്യം ! ;)