Saturday, April 18, 2009

ഒരു തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാരാന്റെ ആത്മഹത്യാക്കുറിപ്പ്‌

സഖാക്കളെ,
ചോരപ്പുഴകള്‍ നീന്തിക്കടന്ന സമരാവേശത്തിലും, ഇന്ന് ഞാന്‍ ദുഖിതനാണ്. പൊന്നരിവാള്‍ അമ്പിളി രാകി രാകി, പൊന്‍ പുലരി കാത്തിരുന്ന് മടുത്തത് കൊണ്ടല്ല എന്നെ വിഷാദ രോഗം പിടികൂടിയത് എന്ന് ആദ്യമേ തന്നെ നിങ്ങളോട് പറയട്ടേ. ആ പുലരി സഖാവ് കാരാട്ടോ,സഖാവ് ബര്‍ദാ‍നോ ആരെങ്കിലും കൊണ്ട് വരുമെന്നുള്ളതു തീര്‍ച്ചയാണ്. പക്ഷേ ആ ദിനത്തെ റെഡ് സല്യൂട്ട് നല്‍കി സ്വീകരിക്കാന്‍ അന്ന് നിങ്ങളോടൊപ്പം ഞാന്‍ ഉണ്ടാവില്ല എന്ന് മാത്രം.

തിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ കഴിഞ്ഞ്, ഫല പ്രഖ്യാപനത്തിന്റെ മുന്നോടിയായി മുതലാളിത്ത വ്യവസ്ഥയുടെ സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ചാനലുകള്‍,ഫല പ്രവചനം നടത്തുന്നത് ഒന്ന് കണ്ടേക്കാം എന്ന് കരുതി. തകര്‍ന്നു പോയി സഖാക്കളെ ,തകര്‍ന്നു പോയി. കേരളത്തില്‍ യു ഡീ എഫിന് മുന്‍തൂക്കം ലഭിക്കും എന്ന് അവന്മാര്‍ പറഞ്ഞത് ഞാന്‍ സഹിക്കും.പക്ഷേ കേന്ദ്രത്തില്‍ വീണ്ടും യു പി എ സര്‍ക്കാര്‍ ... അത് ഞാന്‍ എങ്ങനെ സഹിക്കും?അങ്ങനെ വന്നേക്കാന്‍ സാധ്യത ഉണ്ടത്രേ.

ജയപരാജയങ്ങള്‍ തുല്യമായിക്കണ്ട് മുന്നോട്ട് നടക്കുന്നവനാണ് ഒരു യഥാര്‍ത്ഥ വിപ്ലവകാരി എന്നത് ഞാന്‍ വിസ്മരിക്കുന്നില്ല. പക്ഷേ കേന്ദ്രത്തില്‍ യു പി എ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ സാമ്രാജ്യത്ത്വവും, ആഗോളവത്കരണവും ഇന്ത്യയില്‍ അഴിഞാടുമെന്നല്ലേ ഇന്നാള് ബര്‍ദാന്‍ സഖാവ് തിരുവനന്തപുരത്ത് പ്രസംഗിച്ചത്. ഈ സാമ്രാജ്യത്ത്വത്തിനെയും, ആഗോളവത്കരണത്തിനെയും ഞാന്‍ ഇന്നുവരെ നേരില്‍ കണ്ടിട്ടില്ല. എന്നാലും സഖാവ് അന്ന് പറഞ്ഞത് വെച്ച് നോക്കുമ്പോള്‍,രണ്ടും കൊടും ഭീകരന്മാരാകാനാണ് സാധ്യത. മാത്രമല്ല സഖാവ് അന്ന് തിരുവനന്തപുരത്ത് വന്നത് കൊണ്ട്, ഉറപ്പായിട്ടും സാമ്രാജ്യത്ത്വം പേടിച്ച് വടക്കന്‍ ജില്ലകളിലേക്ക് കടന്ന് എവിടെയെങ്കിലും പതുങ്ങിയിരിപ്പുണ്ടാകും. ആഗോളവത്കരണവും അതുപോലെ തന്നെ എവിടെയെങ്കിലുമൊക്കെ കാണും.യു പി എ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇവന്മാര്‍ രണ്ടും വീണ്ടും തല പൊക്കില്ലേ?പിന്നെ ഒരു യഥാര്‍ത്ഥ സഖാവ് ജീവിച്ചിരിക്കുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ?

ഈ ചിന്ത എന്നെ വല്ലാണ്ട് അലട്ടിയപ്പോള്‍,വോട്ടിങ്ങ് യന്ത്രങ്ങള്‍ പിടിച്ചെടുത്ത് വിപ്ലവത്തിന്റെ മാര്‍ഗ്ഗത്തിലൂടെ ഈ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എന്തെങ്കിലും വകുപ്പുണ്ടോ എന്നറിയാന്‍ ഞാന്‍ ഒന്ന് കറങ്ങി നോക്കി. യന്ത്രങ്ങള്‍ക്കു കാവല്‍ കേരളാ പോലീസ് അല്ല കമാണ്ടോസ് ആണെന്ന് അന്ന് രാവിലത്തെ പത്രം വായിച്ചിരുന്നെങ്കില്‍ അറിഞ്ഞേനെ. വിപ്ലവം കഴിഞ്ഞ് വന്ന് നെസ്കഫേയും (കട്ടഞ്ചായയുടെ കാലം കഴിഞ്ഞില്ലേ) കുടിച്ചു പത്രം വായിക്കാം എന്ന് കരുതിയതാണ് കുഴപ്പമായത്. എന്തിനേറെ പറയുന്നു...ഹിന്ദിക്കാരുടെ ഇടിക്ക് ഒരു മയവുമില്ലായിരുന്നു.

മൂന്നാം മുന്നണി എന്നൊക്കെ പറഞ്ഞു ആശുപത്രിയില്‍ കാണാന്‍ വന്ന സഖാക്കള്‍ പലരും എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഓ ...എവിടെ നടക്കാന്‍.? മായാവതിയും ടീമുമല്ലേ പാര്‍ട്ടികള്‍. നാലഞ്ച് മന്ത്രി കസേരകള്‍ ആ മദാമ്മ പൊക്കി കാണിച്ചാല്‍ എല്ലാവളന്മാരും, അവന്മാരും ക്യൂവായി അങ്ങോട്ട്‌ പോകും. അതുകൊണ്ട് സഖാക്കളെ ,ഫല പ്രഖ്യാപനത്തിന് ഫല പ്രഖ്യാപനത്തിന് കൃത്യം ഏഴ് ദിവസങ്ങള്‍ക്ക് ശേഷം, ഞാന്‍ എന്‍റെ ജീവനൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഒരാഴ്ച്ച സമയം എന്തിനാണെന്നാല്‍ ബി ജെ പി അധികാരത്തില്‍ വരാതിരിക്കാന്‍ എന്ന ന്യായം പറഞ്ഞ് കാരാട്ട് സഖാവും മറ്റും വീണ്ടും മദാമ്മയുമായി ഇഷ്ടം കൂടിയാലോ? അങ്ങനെ വന്നാല്‍ പിന്നെ സാമ്രാജ്യത്വത്തിനെ പേടിക്കണ്ടല്ലോ. ആഗോളവത്കരണം അതോടെ കടലില്‍ ചാടി ചത്തോളും.

ഇനി അങ്ങനെയൊന്നും സംഭവിച്ചിലെങ്കില്‍, ഈ സഖാവിനെ നിങ്ങളാരും വിസ്മരിക്കരുത്. 'ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉയരുന്നു.' എന്നൊക്കെപ്പറഞ്ഞ് , നാട്ടില്‍ ഉമ്മന്‍ ചാണ്ടിയെയും, കേന്ദ്രത്തില്‍ ആ തലേക്കെട്ടുകാരന്‍ താടി പാവ പ്രധാനമന്ത്രിയെയും വിരട്ടുമ്പോള്‍ എന്‍റെ പേരും നിങ്ങള്‍ രക്തസാക്ഷികള്‍ക്കൊപ്പം കൂട്ടിപ്പറയണം.
യാത്രയില്ല സഖാക്കളെ യാത്രയില്ല...
വിപ്ലവാഭിവാദ്യങ്ങള്‍ മാത്രം

സഖാവ് കോരന്‍

5 comments:

മാനവീയം said...

എടാ ചെക്കാ നിനക്ക് സത്യത്തിൽ പ്രാന്താണൊ?
കുറച്ച് ദിവസമായി നീ എഴുതന്നത് കാണുമ്പോൾ സത്യത്ഥിൽ നിന്നോട് അനുകമ്പ തോന്നുന്നു. ഈ ഛെറു പ്രായത്തിൽ പ്രാന്തു പിടിച്ചല്ലോ എന്നോർത്ത്. അപ്പനും അമ്മയും ഒന്നും ഇല്ലേടാ നല്ല ബുദ്ധി പറഞ്ഞു തരാൻ

അൽ‌പ്പായസ്സായി പോകുമല്ലോട ചെക്കാ

Aadityan said...

ഇതെന്താ ഈ എ കെ യെ തെറി പറയുന്നവരുടെ എല്ലാം ill എന്ന അക്ഷരം ഒരു മാതിരി ഇരിക്കുന്നെ ? തോന്നിയതാകും അല്ലെ .
പിന്നെ മാനവീയം ചേട്ടനോട് കാണിച്ചത് മോശമായി പോയി.ചെട്ടന്തേ വീടിനു മുന്നില്‍ പോസ്റ്റ് എഴുതി ഒട്ടിച്ചതും പോര , ചേട്ടനെ shanichu കൊണ്ട് വന്നു കാണിക്കയും ചെയുന്നോ ? വിടരുത് ചേട്ടാ ഇവനെയൊക്കെ
പോസ്റ്റ് നന്നായി . എവിടെയായിരുന്നു കുറച്ചു കാലമായി ?

ullas said...

കാര്യങ്ങള്‍ ഇത്ര ലളിത വല്ക്കരിക്കരുത് . നവ ഭാരതത്തില്‍ ജീവിക്കാന്‍ മോന്‍ സര്‍വഥാ യോഗ്യന്‍ .

Anonymous said...

ഇത് വെടിക്കെട്ട്.ഇതില്‍ കൂടുതല്‍ സഖാക്കളെ കൊട്ടാനില്ല

Anonymous said...

കൊള്ളാം...