ഭാരതത്തില്‍ ജാനാധിപത്യം ഒരു പരാജയമാകുന്നതിന് കാരണക്കാര്‍ ആരാണ്? വേറാരുമല്ല സാര്‍ ,ഞങ്ങള്‍ ജനങ്ങള്‍ തന്നെയാണ്.
ഇന്ത്യയിലെ ജനാധിപത്യ അവകാശങ്ങള്‍ ഒരു ഒന്ന് ഒന്നര അവകാശങ്ങളാണ് എന്ന് മാധ്യമങ്ങളും, രാഷ്ട്രീയ നേതാക്കളും പറഞ്ഞാല്‍, ഞങ്ങള്‍ സ്പോട്ടില്‍ അഭിമാനവും, രോമാഞ്ചവും,കുളിര്‍പ്പനിയും വന്ന് വീഴും.
ജനാധിപത്യ വ്യവസ്ഥയില്‍ ഒരു സാധാരണക്കാരന് ലഭിക്കേണ്ട അടിസ്ഥാന സംരക്ഷണം പോലും ഇവിടെ ലഭിക്കുന്നില്ല എന്ന് സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിക്കാന്‍ ഞങ്ങള്‍ക്കറിയില്ല.
പിടികിട്ടാപ്പുള്ളികള്‍ തിരഞ്ഞെടുപ്പിന് മത്സരിക്കുമ്പോഴും, ഞങ്ങളുടെ പോലീസുകാര്‍ കര്‍മ്മ ശേഷി തെളിയിക്കുന്നത് , പകലന്തിയോളം ഗ്രഹോപകരണ സാധനങ്ങളും,നിഘണ്ടുക്കളും വീട് വീടാന്തരം കയറി ഇറങ്ങി വിറ്റതിന്റെ ക്ഷീണം മാറ്റാന്‍ സെക്കണ്ട് ഷോ കണ്ടു മടങ്ങി വരുന്നവനെ വഴിയില്‍ തടഞ്ഞ് നിറുത്തി 'പത്രിരാത്രിക്ക് ആരുടെ @@#$%^ പോയിട്ട് വരുന്നെടാ നായിന്‍റെ മോനെ' എന്ന് ചോദിച്ചാണ്. 'മര്യാദക്ക് സംസാരിക്കണം സാര്‍' എന്ന് പോലീസുകാരനോട് പറയാനുള്ള അവകാശം ഞങ്ങള്‍ക്കില്ല എന്നാണ് ഞങ്ങള്‍ കുട്ടിക്കാലം മുതല്‍ പഠിച്ചിരിക്കുന്നത്.
ഞങ്ങള്‍ പൊരി വെയിലത്ത് സിഗ്നല്‍ കാത്ത് നില്‍ക്കുമ്പോള്‍,മന്ത്രിമാരുടെ വാഹനങ്ങള്‍ നിലവിളി ശബ്ദവും , വെടിയും പടയുമായി ഞങ്ങളെക്കടന്ന് പോയാല്‍, അതവരുടെ അവകാശമാണ് എന്നാണ് ഞങ്ങള്‍ മനസിലാക്കിയിരിക്കുന്നത്.
ജനാധിപത്യം എന്നാല്‍ ജനങ്ങളുടെ സേവകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ക്ക് സാധാരണ ജനത്തിന് മേല്‍ സമ്പൂര്‍ണ്ണാധിപത്യം എന്നതാണ് ഞങ്ങള്‍ പാലിക്കുന്ന അര്‍ത്ഥം.
'അരിയുടെയും,പച്ചക്കറിയുടെയും വില കൂടന്നല്ലോ മന്ത്രി സാര്‍' എന്ന് ഞങ്ങള്‍ ചോദിക്കുമ്പോള്‍ മന്ത്രി ചോദിക്കും 'മറ്റെവന്മാര്‍ ഭരിച്ചിരുന്നപ്പോള്‍ കൂടിയിട്ടില്ലേ?'. അത് അതു 'ശരിയായിരിക്കും ഈ വിലക്കയറ്റം സൂര്യന്‍ ഉദിക്കുന്നത് പോലെ തടയാനാവാത്ത ഒരു പ്രതിഭാസമാകണം' എന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ച് ഞങ്ങള്‍ തിരിച്ചു പോകും.
രാജ്യത്തിന് യാതൊരു പ്രയോജനവുമില്ലാത്ത ഉന്നയിച്ച് രാഷ്ട്രീയക്കാര്‍ ഹര്‍ത്താലുകളും ,സമരങ്ങളുമായി പൊതു നിരത്ത് കൈയ്യേറുമ്പോള്‍, അത് ഞങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളാണ് എന്ന് കരുതി ഞങ്ങള്‍ അവധി ദിവസം ആഘോഷിക്കും.
ഈ പറയുന്നതൊന്നുമല്ല ജനാധിപത്യം എന്ന് ആരെങ്കിലും ഞങ്ങളോട് പറഞ്ഞാല്‍ 'നിലവിലുള്ള വ്യവസ്ഥക്ക് കുഴപ്പങ്ങള്‍ കണ്ടേക്കാം. പക്ഷേ എന്ത് കൊണ്ടും പട്ടാള ഭരണത്തെയോ എകാധിപത്യത്തെയോ അപേക്ഷിച്ച് ഇത് മെച്ചപ്പെട്ടതാണ് ' എന്നു പറഞ്ഞ് നിലവിലുള്ള വ്യവസ്ഥക്ക് പകരം വെയ്ക്കാവുന്നവ ഭയാനകമാണെന്ന ഒറ്റ കാരണം കൊണ്ട്,ഇപ്പോള്‍ നടക്കുന്ന സകല പോക്ക്രിത്തരവും സഹിക്കുക എന്നത് നമ്മുടെ ബാധ്യതയാണ് എന്ന് ഞങ്ങള്‍ അവനെ പഠിപ്പിക്കും.
ഈ ജനാധിപത്യത്തിലും ക്രൂരമായ ലോക്കപ്പ് മരണങ്ങളും, രാഷ്ട്രീയ കൊലപാതകങ്ങളും,വര്‍ഗീയ കലാപങ്ങളും ഞങ്ങള്‍ക്ക് ചുറ്റും നടന്നപ്പോള്‍ ഞങ്ങള്‍ കണ്ണുകള്‍ മുറുക്കിയടച്ചു. 'തിരഞ്ഞെടുപ്പില്‍ ചട്ട വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് രാജി വെയ്ക്കണം എന്ന കോടതി വിധി തൃണവത്ഗണിച്ച് രാജ്യത്തെ അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ടും ഇന്ദിരാ ഗാന്ധി അധികാരത്തില്‍ തുടര്‍ന്ന' ജനാധിപത്യ വ്യവസ്ഥയുടെ ഏറ്റവും നഗ്നമായ ലഘനം നടന്നത് മറ്റേതോ നാട്ടിലാണ് എന്ന മട്ടില്‍, വീണ്ടും ഞങ്ങള്‍ ജനാധിപത്യം പൌരന് നല്‍കിയ ഏറ്റവും വല്യ ആയുധമായ സമ്മതിദാനാവകാശം ഉപയോഗിച്ച് തന്നെ അവരെ അധികാരത്തിലേറ്റി. അപ്പോഴും ഞങ്ങള്‍,ഇന്തയില്‍ ജനാധിപത്യം പൂത്തുലഞ്ഞ് നില്‍ക്കുകയാണെന്നും, പത്തു പതിനഞ്ച് കൊല്ലങ്ങള്‍ക്കുള്ളില്‍ ഭാരതം ലോകത്തെ നയിക്കുമെന്നും അവര്‍ പറഞ്ഞത് വിശ്വസിച്ചു;അഭിമാനിച്ചു. ഇന്നും അഭിമാനിക്കുന്നു.
മറ്റു താളുകള്‍:
മൂന്നാം പേജിലേക്ക്
ഒന്നാം പേജിലേക്ക്