Monday, April 20, 2009

വേണ്ടാ വേണ്ടാന്ന് അന്നേ പറഞ്ഞാ...

സായിപ്പ് സ്ലം ഡോഗ് എടുത്തപ്പോള്‍ ,അതിന് രണ്ട് ഇന്ത്യക്കാര്‍ ഓസ്കാര്‍ വാങ്ങിയപ്പോള്‍,എന്തായിരുന്നു ബഹളം.
'കാണെടാ കാണ് ഇന്ത്യന്‍ ഫ്രാഡുകളെ,ലോണ്ടെ ലതാണ് പടം' എന്ന് പെരപ്പുറത്ത് കയറി നിന്നല്ലായിരുന്നോ അട്ടഹാസം.അസൂയ മൂത്ത പ്രിയദര്‍ശനും,ആവശ്യമുള്ളതും ഇല്ലാത്തതുമായ സകലിടത്തും കയറി അഭിപ്രായം പറഞ്ഞു തെറി കേള്‍ക്കുന്നത് വിനോദമാക്കിയ അമിതാബും ഏതാണ്ട് വിവരക്കേടുകള്‍ വിളിച്ചു പറഞ്ഞതിന് ലവന്മാരെ വലിച്ചു കീറി ഉടുത്തുകളഞ്ഞില്ലേ? ഡാനി ബോയല്‍ അക്കിറോ കുറസോവയുടെ പുനര്‍ജന്മാണെന്ന് ഭാഗ്യത്തിന് പറഞ്ഞില്ല എന്നേയുള്ളു.വേറെ വിഷയങ്ങള്‍ പെട്ടന്ന് കിട്ടിയില്ലായിരുന്നേല്‍ ചിലപ്പോ അതും കേള്‍ക്കേണ്ടി വന്നേനെ.

അപ്പോഴേ പറഞ്ഞതാണ് "പൊന്നണ്ണന്‍മാരേ സായിപ്പ് പടം പിടിച്ചത് ലവന് വേണ്ടിയാണ്. അത് കൊണ്ട് പൂക്കുട്ടിക്കും റഹ്മാനും ഒസ്കാറുകള്‍ കിട്ടിയതില്‍ സന്തോഷം.ലതവിടെ വിട്.ഇവിടുത്തെ കുറെ കാപെറുക്കികള്‍ ആ സിനിമയെ ചീത്ത പറഞ്ഞത് കൊണ്ടോ നിങ്ങളെല്ലാം കൂടി അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചത് കൊണ്ടോ ഇന്ത്യയിലെ ചേരികളോ,അവിടുത്തെ ആള്‍ക്കാരുടെ ജീവിതാവസ്ഥയോ മാറാന്‍ പോകുന്നില്ല" എന്ന്.ആര് കേള്‍ക്കാന്‍?

'സമ്മതിക്കൂല,സ്ലം ഡോഗ് ഇന്ത്യന്‍ ചേരികള്‍ എന്ന യാഥാര്‍ത്ഥ്യമാണ് ലോകത്തിന് മുന്നില്‍ തുറന്നു കാട്ടിയത് അത് ഇഷ്ട്ടപ്പെടാത്ത പ്രിയദര്‍ശനെയും,അമിതാബിനെയും ഉടുതുണിയഴിച്ച് പുളിവാറലിന് പെടച്ചിട്ടെ ശേഷം കാര്യമുള്ളൂ' എന്നതല്ലയിരുന്നോ സാറന്മാരുടെ ലൈന്‍.വേറെ ഏതാണ്ട് കൂടെ പറഞ്ഞായിരുന്നല്ല....' ഇന്ത്യയില്‍ ചേരികള്‍ ഒരു നഗ്ന സത്യമാണ്.അവിടെ ജീവിക്കുന്ന ആളുകളും എന്‍റെ സഹോദരരാണ്'അങ്ങനെ ഏതാണ്ടോ.

ഇതൊക്കെ എവിടെ ചെന്ന് നില്‍ക്കും എന്ന് അറിയാവുന്നത് കൊണ്ട് ഒരിക്കല്‍ കൂടി പറഞ്ഞു നോക്കി "സായിപ്പ് പടം പിടിച്ചത് ഇന്ത്യയിലെ ചേരികള്‍ ഉദ്ധരിക്കാന്‍ അല്ല.അതു പോലെ തന്നെ ആ പടത്തിനെ തെറി പറയുന്നവന്മാര്‍, അവന്മാര്‍ക്ക് ഓസ്കാര്‍ ചടങ്ങില്‍ പോയി ജാഡ കാണിക്കാന്‍ സാധിക്കാത്ത കെറുവിലാ വിവരക്കേടുകള്‍ വിളിച്ച് പറയുന്നത്"എന്ന്.സമ്മതിച്ചില്ല.

എന്നിട്ട് ഇപ്പൊ എല്ലാവനും ദാണ്ടേ അച്ചിയെ കളയുകേം ചെയ്തു കൊച്ചീലൊട്ട് എത്തിയതുമില്ല എന്ന അവസ്ഥയിലായില്ലേ?

സ്ലം ഡോഗ് എടുത്ത്‌ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ അതേ സായിപ്പിന്റെ നാട്ടുകാര്‍ തന്നെ സ്റ്റിങ്ങ് ഓപ്പറേഷന്‍ എന്നുമ്പറഞ്ഞ് സ്ലം ഡോഗ് ബാല നായികയുടെ തന്തപ്പടിയെക്കൊണ്ട് ഒന്നരക്കോടി രൂപക്ക് ആ കുട്ടിയെ കച്ചവടം ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് പറയിപ്പിച്ചു.

പത്രങ്ങള്‍ ആ വാര്‍ത്ത ആഘോഷിക്കുന്നത് പോട്ടെ.സ്ലം ഡോഗില്‍ ഇന്ത്യയുടെ ഒരു വിഭാഗം ജനങ്ങള്‍ ചേരികള്‍ പോലെ വൃത്തികെട്ട ചുറ്റുപാടുകളില്‍ ജീവിക്കുന്നു എന്ന സത്യം വിളിച്ചു പറഞ്ഞ ഡാനി ബോയലിനെ തോളില്‍ത്തട്ടി അഭിനന്ദിക്കാന്‍ ബ്രിട്ടനിലേക്ക് അടുത്ത 'ബീ'മാനം എപ്പോഴാ എന്ന് ചോദിച്ചവന്മാര്‍ തന്നെ ബ്രിട്ടീഷ് പത്രം 'ഇന്ത്യക്കാരന്‍ ആയുഷ്കാലം മുഴുവന്‍ ചേരിയില്‍ത്തന്നെ കഴിയണം'എന്ന സന്ദേശമാണ് ഈ സ്റ്റിങ്ങ് ഓപ്പറേഷന്‍ എന്ന പോക്ക്രിത്തരത്തിലൂടെ പ്രചരിപ്പിക്കുന്നതെന്ന് അട്ടഹസിക്കുന്നു.ഇത് തന്നയല്ലേ പ്രിയനും,അമിതാബും സ്ലം ഡോഗിനെക്കുറിച്ചും മറ്റൊരു തരത്തില്‍ പറഞ്ഞത്.മണ്ടത്തരങ്ങളാണ് വിളിച്ച് പറഞ്ഞതെങ്കിലും,പ്രിയന്‍ ചുരുങ്ങിയ പക്ഷം ഇപ്പോഴും അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നുണ്ട്‌(ജയ് ഹോ പരസ്യം ചെയ്തത് അങ്ങേരുടെ പ്രൊഫഷന്‍ .പക്ഷേ സ്ലം ഡോഗിനെ ചൊല്ലി അഭിമാനിച്ചവരോ?

സിനിമയില്‍ കാണിച്ചാല്‍ അത് നഗ്നമായ സത്യങ്ങളുടെ തുറന്നു കാട്ടല്‍.പത്രത്തില്‍ വന്നാല്‍ അത് രാജ്യത്തെ അപമാനിക്കല്‍. അല്ല ചേട്ടന്മാരെ, ഇങ്ങനെ മാറ്റി മാറ്റി അഭിപ്രായം പറയുന്നതിനല്ലേ നാട്ടില്‍ ഡെയ്ലി ആദ്യം കാണുന്നവനെ ഡാഡി എന്ന് വിളിക്കുന്ന സ്വഭാവം എന്ന് പറയുന്നത് ? നമുക്ക് ആ സ്വഭാവം ഇല്ലാത്തത് കൊണ്ട് അറിയില്ലേ. അത് കൊണ്ട് ചോദിച്ചതാ.

അതോ, ഇനി സ്ലം ഡോഗ്,സായിപ്പ് ഉദ്ദേശ ശുദ്ധിയോടെ സത്യസന്ധമായി എടുത്ത പടവും,പത്രങ്ങള്‍ ഈ കാണിച്ചത് ദുഷ്ടലാക്കോടെയുള്ള നുണകളും ആണെന്ന് ആര്‍ക്കെങ്കിലും തോന്നിയോ?

അന്‍പതിനായിരവും,അറുപതിനായിരവും മാസം എണ്ണി വാങ്ങുന്ന ഉപരി മധ്യവര്‍ഗ്ഗത്തിനും,കോടികള്‍ കൊണ്ട് കളിക്കുന്ന ഉപരി വര്‍ഗ്ഗത്തിനും ചിലപ്പോള്‍ എത്ര കോടി രൂപ തരാം എന്ന് പറഞ്ഞാലും ഒരു അച്ഛന്‍ മകളെ മറ്റൊരാള്‍ക്ക് വില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലായിരിക്കും (ഇവര്‍ അതിലും വല്യ വൃത്തികേടുകളെ കാണിക്കു.അതു കാര്യം വേറെ.)പക്ഷേ സ്ലം ഡോഗില്‍ കണ്ട മാലിന്യങ്ങള്‍ നിറഞ്ഞ ചേരിയിലെ ജീവിതവും,ഭിക്ഷാടന മാഫിയയും പോലെ തന്നെ, ജീവിത സാഹചര്യങ്ങള്‍ കാരണം മകളെ വില്‍ക്കാന്‍ ഒരുങ്ങുന്ന അച്ഛനും ഇന്ത്യയിലെ വേദനിപ്പിക്കുന്ന സത്യമാണ്. സ്ലം ഡോഗിനെ പുകഴ്ത്തുകയും,ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തെ ഇകഴ്ത്തുകയും ചെയ്യുന്ന ചേട്ടന്‍മാരോടും ചേച്ചിമാരോടും ഞാന്‍ അന്നേ പറഞ്ഞതാ, സായിപ്പ് ഈ ചെയ്യുന്നതൊന്നും ഇന്ത്യയെ ലോകത്തിനു മുന്നില്‍ പത്തരമാറ്റ് തിളക്കത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള ത്വര കൊണ്ടല്ലാന്ന്. അവന് മീന്‍ പിടിക്കാനുള്ള (അത് പടമായാലും, വര്‍ത്തയായാലും) സാഹചര്യം ,നമ്മള്‍ ഇന്ത്യക്കാര്‍ തന്നെ ഇവിടെ ആവശ്യത്തിലേറെ ഒരുക്കി കൊടുത്തിട്ടുണ്ട്.അതവന്‍ ഉപയോഗിക്കുന്നു.

അപ്പോള്‍ ചോദിക്കും വാര്‍ത്തയാക്കുന്നതിന് പകരം ആ കുട്ടിയുടെ അച്ഛന്‌ മര്യാദക്ക് ജീവിക്കാന്‍ കുറച്ചു പണം കൊടുക്കുന്നതല്ലായിരുന്നോ ഇതിലും അന്തസ്സെന്ന്. സ്ലം ഡോഗിന്റെ അണിയറക്കാര്‍,ഓസ്കാര്‍ ചടങ്ങില്‍ കൊണ്ട് നടന്നു പ്രദര്‍ശിപ്പിച്ച ശേഷം ആ കുട്ടികളെ നടതള്ളിയത് കൊണ്ടായിരിക്കണമല്ലോ ഇപ്പോള്‍ ഈ വാര്‍ത്തക്ക് ആധാരമായ സാഹചര്യം സംജാതമായത്?അങ്ങനെയെങ്കില്‍ ആ ചോദ്യം ആദ്യം ചോദിക്കേണ്ടത്‌ ഡാനി ബോയലിനോടല്ലേ?

സായിപ്പിനെ പറഞ്ഞിട്ട് കാര്യമില്ല.ഇക്കാര്യത്തില്‍ ക്രിയാത്മകമായി എന്തെങ്കിലും ചെയാന്‍ സാധിക്കുക നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ക്കാണ്.മൂന്നാം ലോകത്തെ മാധ്യമ സംസ്കാരം അതിന് അനുവദിക്കുന്നിലെങ്കില്‍,പ്രബുദ്ധരായ പത്രപ്രവര്‍ത്തകര്‍ സ്വമേധയാ അതിന് തുനിഞ്ഞിറങ്ങണം.ഇതിനൊന്നും വയ്യെങ്കില്‍,ചുരുങ്ങിയ പക്ഷം 'ബ്ലഡി ഇന്ത്യന്‍സ്.നമ്മുടെ പയ്യന്‍ സ്ലം ഡോഗ് എടുത്തപ്പോള്‍ അവനൊക്കെ ഇന്ത്യയിലെ ചേരികളെക്കുറിച്ച് അഭിമാനം. ഇപ്പൊ അവിടെ നടക്കുന്ന മറ്റു സത്യങ്ങള്‍ വിളിച്ച് പറഞ്ഞപ്പോള്‍ അവനൊക്കെ അപമാനം. തരംതാണ ഇരട്ടത്താപ്പ്' എന്ന് സായിപ്പിനെക്കൊണ്ട് പറയിപ്പിക്കുന്ന(സായിപ്പിത്രയും നീളത്തില്‍ മലയാളം പറയുമോ എന്ന് അറിയില്ല.ഇംഗ്ലീഷില്‍ തീര്‍ച്ചയായും പറയും)തരത്തിലെ അഭിപ്രായങ്ങള്‍ പറയാതിരിക്കുക.പ്ലീസ്!!!അപേക്ഷയാണ്.

2 comments:

സാംഷ്യ റോഷ്|samshya roge said...

നല്ല പോസ്റ്റ്...
സ്ലും ഡോഗിനെ അതിനര്‍ഹിക്കുന്ന സ്ഥാന ത്തിരുത്താതെ പൊക്കി നടന്നു ആഘോഷിച്ചത്തിന്റെ ഫലമാണ് ഇതൊക്കെ.. വെറുമൊരു ആവറേജ് പടത്തിനു കിട്ടേണ്ട തിലും കൂടുതലാണ് അതിന് കിട്ടിയത്. ഇനി ഇതൊക്കെ അനുഭവിക്കുക തന്നെ...

ശ്രീഹരി::Sreehari said...

ഈ പോസ്റ്റ് കണ്ടിട്ട് കെട്ടിപ്പിടിച്ച് ഒരുമ്മ തരാന്‍ തോന്നുന്നു...
(തെറ്റിദ്ധരിക്കരുത് പ്ലീസ്....)

അന്നേ എത്ര പറഞ്ഞതാ ആരു കേള്‍ക്കാന്‍!