Tuesday, August 19, 2008

അക്ഷരങ്ങളിലെ കെട്ടുകാഴ്ചകള്‍ തുടരുന്നു...

ബ്ലോഗിങ് എന്നത് ഡയറിക്കുറിപ്പുക്കളുടെ ആധുനിക രൂപം എന്ന രീതിയിലാണ് അധികപക്ഷ എഴുത്തുകാരും സമീപിക്കുന്നത് എന്ന് കഴിഞ്ഞ കുറുച്ച് നാളുകളില്‍ എനിക്ക് മനസ്സിലായി.
നല്ല കാര്യം .നിങ്ങളുടെ ഡയറി നിങ്ങളുടെ മാത്രം സ്വകാര്യ സ്വത്താണ്. അതില്‍ എന്തെഴുതണം എന്ന് തീരുമാനിക്കുവാനുള്ള പൂര്‍ണ്ണ സ്വാതന്ത്രവും നിങ്ങള്ക്ക് തന്നെ . പക്ഷെ ബ്ലോഗ് എന്ന ആധുനിക ഡയറി തീര്‍ത്തും സ്വകാര്യമാണോ?
ഇന്റര്‍നെറ്റ് എന്ന സമുദ്രത്തില്‍ ഒഴുകുന്ന സന്ദേശമടങ്ങിയ കുപ്പികളല്ലേ ബ്ലോഗുകള്‍ . (സന്ദര്‍ശകര്‍ക്ക് അവ വായിക്കുവാന്‍ പ്രത്യേക സ്വാഗതം ആവശ്യമില്ലെങ്കില്‍) . ആര്‍ക്കും അവ വായിക്കാം. അവയിലെ അക്ഷരങ്ങള്‍ എങ്ങിനെയും വിവക്ഷിക്കാം. അങ്ങിനെ വരുമ്പോളാണ്, നമ്മുടെ നാട്ടില്‍ ഗൌരവതരമായ വിഷയങ്ങള്‍ ചര്ച്ച ചെയ്യപ്പെടുന്ന ബ്ലോഗുകള്‍ കുറച്ചുകൂടി ഉത്തരവാദിത്ത്വം പുലര്‍ത്തണം എന്ന എന്റെ വാദം ഞാന്‍ വീണ്ടും ഉയര്‍ത്തുന്നത്. നിങ്ങള്‍ എഴുതുന്ന കുറിപ്പുകള്‍ നര്‍മ്മമോ, പാചകത്തെ സംബന്ധിച്ചോ ആണെങ്കില്‍ കുഴപ്പമില്ല. പക്ഷേ ആണവ കരാര്‍ , അല്ലെങ്കില്‍ രാജ്യത്തെ ഭകഷ്യ ക്ഷാമം ഇവയെ കുറിച്ചാണ് നിങ്ങള്‍ ബ്ലോഗില്‍ എഴുതുന്നതെങ്കില്‍ ഒരല്‍പ്പം ഉത്തരവാദിത്വം ആകാം .

എന്താണാ ഉത്തരവാദിത്വം എന്ന് എന്‍റെ ചിന്തയില്‍ വരുന്നതു പോലെ പറയാന്‍ ശ്രമിക്കുന്നു...

ആണവക്കരാറിനെക്കുറിച്ചാണ് എഴുതുന്നതെങ്കില്‍ ഇന്ത്യ സ്വതത്രയായത് മുതലുള്ള നായ തന്ത്ര ബന്ധങ്ങളില്‍ തുടങ്ങി , ഇന്ത്യ അഭിമുഖീകരിക്കുന്ന ഊര്‍ജ്ജ ക്ഷാമത്തെക്കുറിച്ച് വരെ എഴുതുന്നത് നല്ലത് തന്നെ. പക്ഷേ പ്രധാനപെട്ട അഞ്ചു ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം നല്‍കണം എന്ന് മാത്രം . (നിങ്ങള്ക്ക് ആണവോര്‍ജ ശാസ്ത്രജന്മാരെ നേരിട്ടു പരിചയമുണ്ടെങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് എളുപ്പത്തില്‍ ഉത്തരം കിട്ടും )
1) ആണവക്കരാര്‍ കൊണ്ടു ഇന്ത്യയുടെ ഊര്‍ജ പ്രതിസന്ധിക്ക് ഒരളവുവരെയെങ്കിലും പരിഹാരം കാണുവാന്‍ സാധിക്കുമോ?
2) സാധിക്കുമെങ്കില്‍ എത്ര കാലം കൊണ്ടു അത് നടപ്പില്‍ വരും. അതിന് വരുന്ന വ്യയം എത്ര. അത് നമ്മുടെ സമ്പത്ത് വ്യവസ്ഥയെ ബാധിക്കുമോ?"
3) ഇനി അത് സാധിക്കിലെങ്കില്‍ ഊര്‍ജത്തിനു മറ്റു മാര്‍ഗങ്ങള്‍ എന്തെല്ലാം?
4) ആണവ കരാറില്‍ ഒപ്പിടുമ്പോള്‍ ഇന്ത്യക്ക് ലഭിക്കും എന്ന് പറയപ്പെടുന്നു റിയാക്ടറുകള്‍ കാലഹരണപ്പെട്ട സാങ്കേതിക വിദ്യയാണെന്ന് ഉപയോഗിക്കുന്നത് ഒരു ആരോപണം ഉണ്ട്. അത് ശരിയോ തെറ്റോ?

5) ആണവക്കരാര്‍ കൊണ്ടു മാത്രം കുറഞ്ഞ പക്ഷം ഊര്‍ജത്തിന്റെ ലഭ്യതയിലെങ്കിലും ഇന്ത്യക്ക് ചൈനയുടെ ഒപ്പമെത്തുവാന്‍ സാധിക്കുമോ?

ഖേദകരം എന്ന് പറയട്ടേ സാമാന്യ ബുദ്ധിയുള്ള, വാര്‍ത്തകള്‍ വല്ലപ്പോഴും കാണുന്ന ഒരു മനുഷ്യന് തോന്നാവുന്ന ഈ ചോദ്യങ്ങള്‍ ഇന്നോളം കരാറിനെ കുറിച്ചു നടന്ന ഒരു ചര്‍ച്ചയിലും, ലേഖനത്തിലും വ്യക്തതയോടെ ഉയര്‍ന്ന് വന്നിട്ടില്ല.
കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതു പോലെ ഇന്റര്‍നെറ്റില്‍ നിന്നും, റേയല്‍ട്ടിക്കു വേണ്ടി മാത്രം എഴുതപ്പെട്ട പുസ്തകങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ അതേപടി നിരത്തി ബുദ്ധി ജീവി കളിക്കുവാനുള്ള ശ്രമങ്ങളാകട്ടെ തകര്‍ക്കുന്നതുമുണ്ട്

മുന്‍ പോസ്റ്റുകളില്‍ പറഞ്ഞതുപോലെ ഇത്തരം ഒരു ബ്ലോഗിങ്ങിലേക്ക് ഞാന്‍ വലിച്ചിഴക്കപ്പെട്ടതാണ് ( ചുരുങ്ങിയ പക്ഷം ഞാനെങ്കിലും അങ്ങിനെ കരുതുന്നു) . ആണവ കരാറില്‍ എനിക്ക് ഒരു താത്പര്യവും ഇല്ലാ . കാരണം ഒരു തരത്തിലും അതിന്റെ ഗതി വിഗതികളെ എനിക്ക് തത്കാലം സ്വാധീനിക്കാന്‍ സാധിക്കില്ലാ എന്ന തിരിച്ചറിവ് തന്നെ. താത്പര്യം ഉണ്ടായിരുന്നെന്കില്‍ ഞാന്‍ എഴുതുമായിരുന്ന പോസ്റ്റില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കാണുമായിരുന്നു എന്ന് മാത്രം...
പക്ഷേ എനിക്ക് സ്വാധീനിക്കാന്‍ ( ചെറിയ തോതിലെങ്കിലും ) കഴിയുന്ന വിഷയങ്ങള്‍ ആവശ്യത്തിലധികം കേരളത്തില്‍ തന്നെയുണ്ട്‌ . അവയില്‍ ഒന്നാണ് പോലീസിന്റെ പുതിയ ഹെല്‍മെറ്റ്‌ വേട്ട . അതിലേക്കു ഞാന്‍ എന്ത് മലമറിച്ചു എന്നുള്ളത് അടുത്ത പോസ്റ്റില്‍...
( വല്ലപ്പോഴും മാത്രം ഈ ബ്ലോഗില്‍ എന്‍റെ വീര കൃത്യങ്ങളും ഉണ്ടാകും എന്ന മുന്നറിയിപ്പ് അടുത്ത പോസ്റ്റിനു മുന്നോടിയായി നല്കുന്നു ) .

അക്ഷരങ്ങള്‍ ഒരു സമൂഹത്തെ തന്നെ മാറ്റി മറിക്കും എന്നത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മുതല്‍ ജയപ്രകാശ് നാരായണന്‍ വരെ തെളിയിച്ചിട്ടുള്ളതാണ്. ലോകം കാണുന്ന നിങ്ങളുടെ കുറിപ്പുകള്‍ ഒരു മാറ്റത്തിന്റെ തുടക്കത്തിനായി എന്ന വണ്ണം എഴുതുക. മാറ്റം വരുമോ എന്ന സംശയം അരുത്. ഒറ്റയാനായി പോയേക്കാം നിങ്ങള്‍. കുരങ്ങന്മാര്‍ നിങ്ങളെ നോക്കി പല്ലിളിച്ച്ചു കാട്ടിയേക്കാം. ഒരു പക്ഷേ നിങ്ങളുടെ എഴുത്ത് ആരും വായിക്കാതെ പോയേക്കാം. അപ്പോഴും മനസാക്ഷിക്ക് ശരിയെന്നു തോന്നുന്നത് മാത്രം ചെയ്യുക. ചുറ്റും നടക്കുന്നതില്‍ നിങ്ങള്‍ക്ക് വേദന തോന്നുന്നുവെങ്കില്‍ സാധാരണക്കാരന് മനസിലാകുന്ന ഭാഷയില്‍, നിങ്ങളെ സ്വയം അവന്റെ ഗണത്തില്‍പ്പെടുത്തി അതേപ്പറ്റി എഴുതുക . ഒന്നു മാത്രം നിത്യം ഓര്‍ക്കുക . അഗ്നിയെ ആദ്യമായി മെരുക്കുവാന്‍ പഠിച്ച മനുഷ്യനെയും സമൂഹം തള്ളി പറഞ്ഞിരുന്നു എന്ന് .
വീണ്ടും കാണാം ...

അര്‍ജ്ജുന്‍ കൃഷ്ണ

2 comments:

ArjunKrishna said...

അവസാനം വന്ന അനോണിക്കുള്ള മറുപടികൂടിയാണിത് . (അതിന് മുന്പ് ഒരു ചോദ്യ അനോണിയോട്‌ ...ബ്ലോഗ് ജേര്‍ണലിസമോ? കമന്റ് വായിച്ചപ്പോള്‍ അത് ഒന്നു വിശദീകര്‍ച്ചിരുനെങ്കില്‍ നന്നായിരുന്നു എന്ന് തോന്നി . അനിയാ വങ്കാ , ക്ഷമിക്കണം അനോണീ, ആദ്യം ജേര്‍ണലിസം എന്താണെന്നു നേരെ ചൊവ്വേ പഠിക്കു. എന്നിട്ടാകാം ബ്ലോഗ് ജേര്‍ണലിസം എന്ന വിഡ്ഢിത്തം എഴുന്നള്ളിക്കുന്നത് . 'സിറ്റിസണ്‍ ജേര്‍ണലിസം' ആയിരുന്നെങ്കില്‍ പിന്നെയും സഹിക്കാമായിരുന്നു...

പിന്നെ നമതു വാഴ്വും കാലത്തെ കുറിച്ച് അറിയിച്ചതിന് നന്ദി . ഞാന്‍ പോയി നോക്കി . അദ്ദേഹത്തെ തല്ലാനൊന്നും പോകണ്ടാ. താങ്കള്‍ക്ക് തീരെ സഹിക്കാന്‍ പറ്റാതെ ഇനി ആരെയെങ്കിലും തല്ലിയെ പറ്റു എന്നുണ്ടെങ്കില്‍ ഒരു കമന്റിട്ടാല്‍ (മെയില് ഐ ഡി വേണം ട്ടാ ) ഞാന്‍ എന്‍റെ വിലാസം അയച്ചു തരാം . നേരിട്ടിങ്ങ് പോരു .എല്ലാം നമുക്കു കോമ്പ്ലിമെന്റ്സ് ആക്കാം. എന്താ ? അത് കഴിയുമ്പോള്‍ എനിക്കുറപ്പാണ് പിന്നെ ആരെയും തല്ലണമെന്ന് അനിയന് തോന്നില്ലാ...

പിന്നെ ഞാന്‍ ചെയ്ത വീര കൃത്യം ഉടനെ പോസ്റ്റായി ഇടുന്നുണ്ട്. മനസിലാകുമെങ്കില്‍ വായിച്ചോ ...

സുല്‍ |Sul said...

വിചാരങ്ങളെല്ലാം കൊള്ളാം.
മുന്‍പ് അക്കമിട്ടു നിരത്തിയ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമറിയാമെങ്കില്‍ നമ്മളൊക്കെയിന്നാരായേനെ. ആ ചോദ്യങ്ങള്‍ക്കുത്തരം ബ്ലോഗേര്‍സിനുമാത്രമല്ല ഇവിടുത്തെ പ്രിന്റ് മീഡിയക്ക് പോലും അറിയില്ലെന്നു തോന്നുന്നു. എല്ലാം ഒരു കളിയല്ലേ അര്‍ജുന്‍, കളിയിലെന്നും നമ്മള്‍ പോലീസ് കളിയറിയുന്ന ‘അവര്‍’‍ കള്ളനും.
-സുല്‍