Wednesday, August 22, 2012

ഒളിമ്പിക്സ് : ബി എം ഡബ്ലിയുവും സംവരണവും

കാലുളുക്കി ജയിച്ചാല്‍ ബി എം ഡബ്ല്യൂ കിട്ടുമോ ?
സൈനാ നെഹ്വാള്‍ മിടുക്കിയാണ് ,സെലിബ്രിറ്റി എന്ന വലയം ഉള്ളതിനാല്‍ സുന്ദരിയും. ബാഡ്മിന്‍ടണ്‍ രംഗത്ത് ഇന്ന് ഇന്ത്യയില്‍ ഉള്ള ഏറ്റവും മികച്ച കളിക്കാരിയും സൈന തന്നെ. പക്ഷേ ഈ കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സില്‍ നിര്‍ഭാഗ്യവശാല്‍ സൈനക്ക് സ്വര്‍ണ്ണം കിട്ടാതെ പോയി . നിര്‍ഭാഗ്യം എന്ന് ഞാന്‍ പറഞത് വെങ്കലം കിട്ടി നാട്ടില്‍ എത്തിയപ്പോള്‍ ,മറ്റു സമ്മാനങ്ങള്‍ക്കും , പദവികള്‍ക്കും പുറമേ ക്രിക്കട്റ്റ് ഇതിഹാസവും , രാജ്യസഭാ അംഗവും ആയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വക ഒരു ബി എം ഡബ്ല്യൂ കുട്ടിക്ക് സമ്മാനം കിട്ടി. വെള്ളിയോ സ്വര്‍ണ്ണമോ കിട്ടിയിര്‍ന്നെങ്കില്‍ ക്രിക്കറ്റ് ദൈവം ഒരു പക്ഷേ വിമാനം വല്ലതും വാങ്ങിക്കൊടുത്തേനെ.
കാര്യം ലണ്ടന്‍ ഒളിമ്പിക്സ് നടക്കുമ്പോള്‍ സൈനക്ക് സ്വര്‍ണ്ണമോ വെള്ളിയോ കിട്ടും എന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു . അല്ലെങ്കിലും വീട്ടില്‍ കപ്പലണ്ടിയും കൊറിച്ച് ബിഗ്‌ സ്ക്രീനില്‍ ഗെയിം അനാലിസിസ് നടത്തുന്ന എന്നെ പോലുള്ളവര്‍ ആണല്ലോ ഇന്ത്യന്‍ കായിക രംഗത്തിന്റെ പ്രാണവായു . അത് പോട്ടെ , പറഞ്ഞു വന്നത് പ്രതീക്ഷ , അപ്പൊ ഞാനിങ്ങനെ പ്രതീക്ഷകളുമായി സൈനയുടെ മാച്ചുകള്‍ ഓരോന്ന് കണ്ട്, കപ്പലണ്ടി , കടല , ബോംബെ മിഠായി ഇതൊക്കെ മാറി മാറി അടിച്ച് വിശകലനങ്ങള്‍ പാസാക്കി ഇരിക്കുകയായിരുന്നു. സെമി വരെ കൊച്ച് പറന്നു അങ്ങ് എത്തി . അത് പറയാതെ വയ്യ . പക്ഷേ സെമി ഫൈനലില്‍ കൊടും ചതിയല്ലേ നടന്നത് ? വാങ്ങ് യിഹാന്‍ (ഓള്‍ടെ പേര് തന്നെ നാക്ക് ഉളുക്കിക്കും )എന്നൊരു ചീനാക്കാരി ആയിരുന്നു പാവം സൈനയുടെ എതിരാളി . ചൈനയല്ലേ ഡ്യൂപ്ലിക്കേറ്റ് ആകും എന്ന് നമ്മുടെ കൊച്ച് വിചാരിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ ? പക്ഷേ ചൈനക്കാരി ഡ്യൂപ്ലിക്കേറ്റ് അല്ല എന്ന് മാത്രമല്ല ഷാവോലിനില്‍ നിന്നും നേരിട്ട് കങ്ങ്-ഫൂ പടിച്ചവളും ആയിരുന്നു എന്ന് തോന്നുന്നു . എട്ടാമത്തെ വയസില്‍ കരാട്ടെ ഉപേക്ഷിച്ച് റാക്കെറ്റ്‌ കൈയ്യിലെടുത്ത സമാധാന പ്രിയയായ സൈനയെ നിലം തൊടീച്ചില്ല.നാല്പത്തിയഞ്ച് മിനിട്ടുകള്‍ക്കുള്ളില്‍ ചുരുട്ടിക്കെട്ടുകയും ചെയ്തു . ശരി പോട്ടെ , വെങ്കലമെങ്കില്‍ വെങ്കലം എന്ന് സൈനയും ഒപ്പം ഞാനും

വെങ്കലം വാങ്ങിക്കാന്‍ കൊച്ച് ചെന്നപ്പോള്‍ ദാണ്ടേ അവിടെയും നില്‍ക്കുന്നു എണ്ണം പറഞ്ഞ ചൈനാക്കാരി ഒരെണ്ണം .പേര്‍ വാങ്ങ് ക്സിന്‍ (വാക്സിന്‍ എന്നും വിളിക്കാം ). ആ കൊച്ച് തൊട്ട് മുന്നേയുള്ള കളിയില്‍ കങ്ങ് -ഫൂ കാണിച്ച് കാലുളുക്കി നില്‍ക്കുകയാണ് . മോശമാണ് , എന്നാലും കളിയില്‍ സൈനയ്ക്ക് അതൊരു നേട്ടമാകും എന്ന് ഞാന്‍ പ്രതീക്ഷിച്ചു . സൈനയും പ്രതീക്ഷിച്ച് കാണും . പക്ഷേ അച്ചുതാനന്ദന്റെ മാപ്പും തിരുത്തലും പ്രതീക്ഷിച്ച പി ബി /വിജയന്‍ സഖ്യത്തിന്റെ അവസ്ഥ എന്നെയും സൈനക്കൊച്ചിനെയും കളി തുടങ്ങി രണ്ടാമത്തെ സെക്കണ്ടില്‍ പിടികൂടി എന്ന് പറഞ്ഞാല്‍ മതിയല്ലോ . വാക്സിന്‍ നമ്മുടെ കൊച്ചിനെ എടുത്തിട്ട് ഫുട്ബാള്‍ കളിക്കുകയായിരുന്നു. കാല് ഉളുക്കിയിട്ട് അവള്‍ ഇങ്ങനെ .അപ്പോള്‍ ഉളുക്കിയില്ലായിരുന്നുവെങ്കിലോ? നമ്മുടെ കൊച്ചിന്റെ ഭസ്മം ആ കണ്ണില്‍ ചോരയില്ലാത്തവള്‍ കാറ്റില്‍ പറത്തിയേനെ.
ആദ്യത്തെ ഗെയിം കിട്ടി കിട്ടിയില്ല എന്ന പരവുത്തില്‍ (നമ്മുടെ കൊച്ചിനല്ല , ലവള്‍ക്ക് ) വാക്സിന്‍ ഉളുക്കിന്റെ വേദന കാരണം വീണു. എന്നിട്ട് അവള്‍ മെഡലീന്ന് പിടി വിട്ടോ ? ഇല്ല. തിരച്ചു വന്ന് നമ്മുടെ സൈനക്കുട്ടിയെ പന്ത് തട്ടി ഗെയിം കൊണ്ട് പോയി . വാക്സിന്‍ അടുത്ത ഗെയ്മിലും ആദ്യത്തെ പോയന്റ് എടുത്തു . അപ്പോഴേക്കും പണി പാലും വെള്ളത്തില്‍ കിട്ടി. ഉളുക്ക് ഗുരുതരം . വേദന സഹിക്കാന്‍ വയ്യാതെ വാക്സിന്‍ പിന്മാറി സൈനക്കുട്ടിക്ക് വെങ്കലം. ഹോ എന്തൊരു കുളിര് !!!

ഇനി അടുത്ത മെഡല്‍ പ്രതീക്ഷ നമ്മള്‍ വെച്ചിരുന്നത് ഫ്രീ സ്റ്റൈല്‍ ഗുസ്തിയിലാണ് .ഹരിയാനയിലെ മണ്ണിലും പൊടിയിലും കിടന്ന് ഉരുണ്ട് ഗുസ്തി പഠിച്ച ഒരു സുശീലന്‍ ലണ്ടനിലേക്ക് പോയിട്ടുണ്ടായിരുന്നു. ഈ ഗുസ്തി എന്നോകെ പറയുന്നത് റാക്കറ്റ് ഗെയിമുകള്‍ പോലെ മിന്നല്‍ പോലത്തെ മോട്ടര്‍ സ്കില്‍സ് , ടെക്നിക്കുകള്‍ (ചീനികളുടെ കളികള്‍ യൂ ട്യൂബില്‍ ഉണ്ടേല്‍ കണ്ടു നോക്ക് , എല്ലാം മനസിലാകും ) ഒന്നും വേണ്ടാത്ത വെറും ഗെയിം ആണ് എന്ന് അറിയാമല്ലോ ? ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും വട്ടം ചുറ്റി പിടിക്കുക, തുണി അലക്കുന്നത്‌ പോലെ എതിരാളിയെ എടുത്തു നിലത്തിട്ടു അടിക്കുക, നിലത്തു കുത്തുക ...കഴിഞ്ഞു . ഒരു സോഫ്സ്റ്റിക്കേഷനും ഇല്ലാത്ത ഗെയിം . ആകെയുള്ള പ്രശം നിലത്തിട്ടുള്ള ആ കുത്തില്‍ ചിലപ്പോള്‍ ഊരയുടെ കൊളുത്ത് വിട്ടു പോകും എന്നത് മാത്രമാണ് . അത് തിരിച്ചു പിടിച്ചിടാന്‍ ലോക്ക്സ്മിത് ബൈജുവോ , ആലപ്പുറം ബാപ്പു തങ്ങളോ വരേണ്ടി വരും. അങ്ങനെയുള്ള ഒരു ഗെയ്മില്‍ എനിക്ക് വലിയ താത്പര്യം ഒന്നുമില്ല. എന്നാലും സുശീലന്റെ കളി ഒന്ന് കണ്ടു കളയാം എന്ന് കരുതി . ഒന്നര മുതല്‍ ആറര വരെയുള്ള ഇന്ത്യന്‍ സമയത്തിനിടയ്ക്ക് നാല് മാച്ചുകള്‍ . ഓരോ ലെവല്‍ കഴിയുമ്പോഴും എതിരാളികള്‍ ഹിഡിമ്പന്‍ , അതിനേക്കാള്‍ മുറ്റിയ ബകന്‍ , കുഭകര്‍ണ്ണന്‍ എന്നീ നിലവാരത്തില്‍ നില്‍ക്കുന്നവരും. സെമിയിലെ കസാക്കിസ്ഥനില്‍ നിന്നുള്ള അക്ഷുറെക്ക് ടാനടാറോവ് (സുകു എന്ന് വിളിക്കാം ) എന്നാ സാത്വിക മനുഷ്യനെ കണ്ടാല്‍ ഒരു വെളുത്ത ഘടോത്കച്ചന്‍ . കസാക്കിസ്ഥാന്‍ സുകുവിനെയും എങ്ങനെയൊക്കെയോ തൂക്കി വാരി തറയിലടിച്ച് വീങ്ങിയ മുഖവും ശരീരവുമായി സുശീലന്‍ ഫൈനലില്‍ എത്തി. അപ്പോള്‍ അവിടെ നില്‍ക്കുന്നു തത്സുഹിരോ യോനെമിസ്തു (ജപ്പാന്‍ ഭാഷയിലെ ശശി വര്‍മ്മ ). സാക്ഷാല്‍ രാവണന്‍ .കണ്ടാലറിയാം ജനിച്ചപ്പോള്‍ മുതല്‍ പ്രോട്ടീന്‍ അല്ലാതെ അദേഹം ഒന്നും കഴിച്ചിട്ടില്ല , സുപ്പര്‍ കമ്പ്യൂട്ടര്‍ സിമുലേഷന്‍ ഉപയോഗിച്ചല്ലാതെ ഗുസ്തി പഠിച്ചിട്ടുമില്ല . പോരാത്തതിന് ജപ്പാന്‍ ഗ്രൌണ്ട് സെല്‍ഫ് ഡിഫെന്‍സ് ഫോര്‍സിലെ അംഗവും . തികഞ്ഞില്ലേ നമ്പര്‍ ? ഇവിടെ പാലും നെയ്യും കടം വാങ്ങിയ കാശിനു വാങ്ങി കഴിച്ച് ലോക്കല്‍ അഖാഡ കളില്‍ (ജിം വരുന്നതിനു മുന്നേ അങ്ങനെ ഒരു സാധനം നിലവല്‍ ഉണ്ടായിരുന്നു ) ഭീം സിംഗ് ഫയല്വാന്മാരുമായി ഉരുട്ടി പിടുത്തം മോഡല്‍ ഗുസ്തി പഠിച്ച പാവം സുശീലനെ ജപ്പാന്‍ ശശി വര്‍മ്മ തോല്‍പ്പിച്ചു . സുശീലന് വെള്ളി.

ഇത്രയും കഥ . ഇനി സച്ചിന്‍ തെണ്ടുല്‍ക്കര്‍ സൈന കൊച്ചിന് ബി എം ഡബ്ല്യൂ ഒരെണ്ണം മുഴുവനായി വാങ്ങി കൊടുക്കുകുകയും , കൊച്ചിന്റെ കോച്ചന്‍മാര്‍ക്ക് വേറെ ഏതോ കാറുകള്‍ സമ്മാനിക്കുകയും ചെയ്തു എന്ന് കേട്ടപ്പോള്‍ എനിക്ക് തോന്നിയ ഒരു സംശയം . പാവം സുശീലനും കോച്ചുകള്‍ക്കും ഓരോ സൈക്കിള്‍ എങ്കിലും വാങ്ങി കൊടുത്തൂടെ ? സച്ചിന്റെ കാശ് , കൊച്ചന്റെ ഇഷ്ടം ...ഞാന്‍ ചോദിച്ചു എന്നെ ഉള്ളു . എതിരാളി നില തൊടാതെ തോല്‍പ്പിക്കും എന്ന അവസ്ഥയില്‍ അവളുടെ കാല് ഉളുക്കിയത് കൊണ്ട് വെങ്കലം കിട്ടിയ കൊച്ചിന് ബി എം ഡബ്ല്യൂ . സുശീലന് സൈക്കിള്‍ കിട്ടുമോ എന്ന് അറിയില്ല ...സുശീല്‍ കുമാറിന് കിട്ടിയ മറ്റു സമ്മാനങ്ങള്‍ മറക്കുന്നില്ല . എന്നാലും സൈനയെക്കാള്‍ അഭിനന്ദനത്തിന് അര്‍ഹന്‍ അദ്ദേഹമാണ് എന്നൊരു തോന്നല്‍ പിടി വിടുന്നില്ല .
ആടുത്ത ഒളിമ്പിക്സില്‍ സംവരണം ഉണ്ടാകുമോ ?
ഇനി പൊതുവായ ചില കാര്യങ്ങള്‍ . ഒളിമ്പിക്സില്‍ ഒന്ന് പങ്കെടുത്തു കൊടുത്താല്‍ അസിസ്റ്റന്റ്‌ കമ്മീഷണര്‍ പദവിക്ക് തുല്യമായ കോച്ച് ജോലിയും മറ്റും ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട് .അത് കേട്ടപ്പോള്‍ തോന്നിയ ചില സംശയങ്ങളാണ് ഇനി

1 ) ഒളിമ്പിക്സ് നിലവാരത്തിലെ കായിക താരങ്ങളെ വികസിപ്പിച്ചെടുക്കാനുള്ള ട്രെയ്നിങ്ങിന്റെ ജോബ്‌ ഓര്‍ഡര്‍ കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ ഉണ്ടോ ?കാണുമായിരിക്കും.

2 )ഈ ആനുകൂല്യങ്ങള്‍ ഒക്കെ കാരണം ഒളിമ്പിക്സ് സംഘത്തില്‍ പേരു വരാന്‍ ഇനി ഉന്തും തള്ളും ആയിരിക്കും . സെലക്ഷന്‍ എളുപ്പമാക്കാന്‍ ഇന്ത്യ ഒട്ടാകെ സെലക്ഷന്‍ കമ്മറ്റി അതി വേഗ കൌണ്ടറുകള്‍ തുടങ്ങുമോ ? അതോ ഏക ജാലക സംവിധാനമാണോ ഉദ്ദേശിക്കുന്നത് ?

3 ) കൌണ്ടര്‍ ആയാലും ജാലകം ആയാലും അവിടെ അപേക്ഷകര്‍ മേശയുടെ സ്വീകരിക്കേണ്ട മുകളിലൂടെയുള്ള നടപടി ക്രമങ്ങള്‍ , മേശയ്ക്കു അടിയിലൂടെ മസ്റ്റ് ആയിട്ടും വേണ്ട നടപടികള്‍ എന്നിവയുടെ ഇനം തിരിച്ച വിശദമായ വിവരങ്ങള്‍ ഏതെങ്കിലും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കുമോ ?

4 )റിയോ ഡി ജെനിറോയില്‍ രണ്ടായിരത്തി പതിനാറില്‍ നടക്കുന്ന ഒളിപിക്സ്സില്‍ പങ്കെടുക്കുന്ന കായികതാരങ്ങളുടെ തിരഞ്ഞെടുപ്പിന് സംവരണം ഉണ്ടോ ? ഇല്ലെങ്കില്‍ കോടതിയെ സമീപിച്ചാല്‍ കിട്ടുമോ ?

5 ) സംവരണം ഉണ്ടെങ്കില്‍ ഏത് വിഭാഗത്തിനാകും മുന്‍ഗണന ? ആ വിഭാഗത്തിലേക്ക് മതമോ /ജാതിയോ ഒന്ന് മാറ്റി എടുക്കണമെങ്കില്‍ അതിവേഗ സംവിധാനങ്ങള്‍ എന്തെങ്കിലും കൊണ്ട് വല്ല പ്രയോജനവും ഉണ്ടാകുമോ ?

6 ) സംവരണത്തിലൂടെ അത്ലെറ്റിക്ക് മീറ്റുകളില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന എനിക്ക് സമയത്തിലും ദൂരത്തിലും ഇളവ് കിട്ടുമോ ? ഉസൈന്‍ ബോള്‍ട്ടിനെ പോലെയുള്ള സവര്‍ണ്ണ ഫാസിസ്റ്റുകള്‍ നൂറു മീറ്റര്‍ ദൂരം ഒന്‍പത് സെക്കന്‍ഡോ അതില്‍ താഴെയോ ഉള്ള സമയത്ത് ഓടി തീര്‍ക്കുമ്പോള്‍ ഞാന്‍ ഒരു ഇരുപത്തിയെട്ട് മീറ്റര്‍ പതിനൊന്ന് സെക്കണ്ട് കൊണ്ട് ഓടി തീര്‍ത്താല്‍ സ്വര്‍ണ്ണം കിട്ടുമോ ? ഇത് സംബന്ധിച്ച ഇന്ത്യന്‍ നിയമം റിയോയില്‍ നടപ്പാക്കാന്‍ ഏത് കോടതിയില്‍ പോണം ?

7 )ഒളിമ്പിക്സ് സംഘത്തില്‍ കായികതാരമായി തല കാണിച്ച് അസിസ്റ്റന്റ്റ് കമ്മീഷണര്‍ റാങ്കിലുള്ള ജോലിയും മറ്റു ആനുകൂല്യങ്ങളും കൈപറ്റിക്കഴിഞ്ഞാല്‍ പിന്നെ ഞാന്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കണം എന്ന് നിര്‍ബന്ധം ഉണ്ടോ ? അതോ കോച്ചായി വല്ല ടീവി പരിപാടികളിലും കണ്ട്രാക്കും അടിച്ചു നടന്നാല്‍ മതിയോ ?

8 ) എന്റെ അമ്മാവന്റെ മൂന്നാം ഭാര്യ ഇറ്റലിയില്‍ നിന്നോ കൊളംബിയയില്‍ നിന്നോ ആകുന്നത്‌ കൊണ്ട് സെലക്ഷന്‍ കമ്മറ്റി മുന്‍പാകെ എന്തെങ്കിലും അനൂകൂല്യത്തിന് സ്കോപ്പുണ്ടോ ?

9 ) പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി ത്രയമായ മദരാജന്മാര്‍ ആരെങ്കിലുമോ, മൂവരും ഒരുമിച്ചോ എനിക്ക് വേണ്ടി ശുപാര്‍ശ ചെയ്‌താല്‍ ഞാന്‍ ഒളിമ്പിക്സ് സംഘത്തിന്റെ അകത്താകുമോ അതോ കണ്ണൂര്‍ സെന്‍ട്രല്‍ ജെയിലിന്റെ അകത്താകുമോ ? എനിക്ക് വേണ്ടി ടി വി രജനീഷ് എം എല്‍ എ ടി വി യില്‍ക്കൂടെ കരഞ്ഞാല്‍ എന്തെങ്കിലും പ്രത്യേക ഇളവിന് സ്കോപ്പുണ്ടോ ?

10 ) നിര്‍ബന്ധമായും സെലക്ഷന്‍ കിട്ടാന്‍ നരേന്ദ്ര മോഡിയെ തള്ളിപ്പറഞ്ഞാല്‍ മതിയാകുമോ ? അങ്ങനെ പറഞ്ഞാല്‍ ഇപ്പോഴത്തെ കാറ്റ് അനുസരിച്ച് അമേരിക്ക വഴക്ക് പറയുമോ ?

ലാസ്റ്റ് ഒരു സംശയം കൂടി : ഇനി കായിക താരം ആക്കിയില്ലെങ്കിലും വേണ്ട . സെലക്ഷന്‍ കമ്മറ്റിയില്‍ കയറി പറ്റാന്‍ ഞാന്‍ എന്ത് ചെയ്യണം .?

ആരെങ്കിലുമൊക്കെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ തരികയും , ഞാന്‍ രണ്ടായിരത്തി പതിനാറില്‍ റിയോയില്‍ ഇന്ത്യയുടെ അഭിമാനത്തെ ഒരു അരുക്കാക്കുകയും ചെയ്യും എന്ന ശുഭ പ്രതീക്ഷയില്‍ തത്കാലം നിറുത്തുന്നു .
സ്വന്തം
എ കെ

No comments: