Tuesday, January 15, 2013

മത വിശ്വാസം അഥവാ ദുര്‍ബല വിശ്വാസം

ഇനിയങ്ങോട്ട് പറയാന്‍ പോകുന്ന കാര്യങ്ങള്‍ എവന്‍റെയെങ്കിലും മന:സാക്ഷിയെ പിടിച്ചു കുത്തിയാല്‍ ...............


കണക്കായി പോയി !!!

സംഭവം നടക്കുന്നത് മൂന്നു നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് . അന്ന് എ കെ യെ കണ്ടാല്‍ ....കണ്ടാല്‍ എന്ത്? മൂന്ന് നാല് വയസ് കുറഞ്ഞിരിക്കുമായിരുന്നു. അത്ര തന്നെ .

പ്രത്യേകിച്ച് പണിയൊന്നും ചെയ്യാതെ ശമ്പളം വാങ്ങി , ഓഫീസില്‍ കറങ്ങി നടന്നു പഞ്ചാരയടിക്കുന്ന ഈ പ്രതിഭാസത്തെ കണ്ടു സ്നേഹവും സന്തോഷവും സഹിക്കാന്‍ വയ്യാതെ മാനേജ്മെന്‍റ് ഒരു വമ്പന്‍ പ്രോജക്റ്റ് ശ്രീമാന്‍ എ കെയെ ഏല്‍പ്പിക്കുന്നു .

പ്രൊജെക്റ്റില്‍ അത്യാവശ്യം വിവരമുള്ള ഒരു നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ (അഡ്മിന്‍ അന്ന ആ ജീവി തന്നെ ) വേണം . നാട്ടിലില്ലാത്ത കാശ് കൊടുത്ത് ഒരുത്തനെ കണ്ടു പിടിച്ചു. കണ്ടു പിടിച്ച വഴി അവനെ അമേരിക്കക്ക് കയറ്റിയും അയച്ചു . അവിടെ ചെന്ന് സംഭങ്ങള്‍ നിരീക്ഷിച്ചു , പഠിച്ചു എന്നുള്ള വ്യാജേന ലവന്‍ എ കെയെ വിളിക്കുന്നു .  നാട്ടില്‍ അവനെ സപ്പോര്‍ട്ട് ചെയ്യാന്‍ ഒരുത്തന്‍ കൂടി വേണം അത്രേ. പറയന്ന കാര്യങ്ങള്‍ അത് പോലെ ചെയ്യാന്‍ പറ്റുന്ന ഒരുത്തന്‍ .

അങ്ങനെ ഒരുത്തനെയും കണ്ടു പിടിച്ചു. ബി കോം , ഇംഗ്ലീഷ് ഫെയില്‍ഡ്‌ . പക്ഷെ നെറ്റ്വര്‍ക്ക്  അത്യാവശ്യം അറിയാം. പറയുന്ന കാര്യങ്ങള്‍ അതുപോലെ ചെയ്തോളും . മിടുക്കന്‍ . പേര് അജുരാജ്.  

ഇത്രയും പശ്ചാത്തലം , ഇനി മെയിന്‍ കഥ .

ഒരു ദിവസം പതിവ് പോലെ ഒന്‍പതു മണിക്ക് ഓഫീസിനു വെളിയിലെ ചായക്കടയില്‍ എത്തി , ചായ , കടി, സിഗരറ്റ്  തുടങ്ങിയ അവശ്യ വസ്തുക്കള്‍ എല്ലാം ആവശ്യത്തില്‍ കൂടുതല്‍ ചെലുത്തി, ഏകദേശം പത്തു മണിയോട് അടുപ്പിച്ച് ഓഫീസില്‍ കയറിയ എ കെ കാണുന്നത് ജ്വലിച്ച് നില്‍ക്കുന്ന ബാബുമോന്‍ എന്ന പ്രോജെകറ്റ് ലീഡറെയാണ് .

"രാവിലെ എന്തഡേ പ്രശനം . ലോക്കിക്കാര് ഇന്നലെ നീയൊക്കെ ചെയ്തു കൊടുത്ത സേവനങ്ങളുടെ ഉപാകാര  സ്മരണയില്‍ നിന്‍റെ ഒക്കെ പൂര്‍വികരുടെ കുശലം  അന്വേഷിച്ചോ   ?" എ കെ ഡയലോഗ് ഓപ്പണ്‍ ചെയ്തു

"സായിപ്പു തന്തക്ക്‌  വിളിക്കുന്നത്‌ കേള്‍ക്കുന്നത് മാസം അമ്പതു രൂപ നിങ്ങള്‍ തരുന്നത് കൊണ്ടാണ്. പക്ഷെ ഇനി ഞാന്‍ ലോക്കിയില്‍ ജോലി ചെയണം എങ്കില്‍ ആ അജുരാജ് എന്ന് പറയുന്ന തെണ്ടിയെ മാറ്റണം . ഇല്ലെങ്കില്‍ എനിക്ക് വേറെ പ്രോജെക്റ്റ്‌ വേണം "

"നീ പ്രശനം എന്താണ് എന്ന് വെച്ചാല്‍ പറ " എ കെ നയത്തില്‍ താരമായി ചോദിച്ചു

"രാവിലെ വന്നപ്പോള്‍ അവന്‍ എന്‍റെ അടുത്തു വന്നിരുന്നു. ഇന്നാള് കോന്നിയില്‍ ഞാന്‍ പെണ്ണുകാണാന്‍ പോയ കഥ നിങ്ങക്കും അറിയാമല്ലോ ?"

"പിന്നെ . അക്കാര്യത്തില്‍ നീ ലോക പ്രശസ്തന്‍ അല്ലെ ? നിന്‍റെ ശുദ്ധ ജാതകവുമായി പെണ്ണിന്‍റെ ജാതകത്തിന് പൊരുത്തമില്ല അത് കൊണ്ട് പെണ്ണ് കാണല്‍ നമ്പര്‍ 21, കോന്നിയും കോഞ്ഞാട്ട . ഇതല്ലേ കഥ "

"നിങ്ങള്‍ക്ക് പരിഹാസം . എന്‍റെ വേദന ഞാന്‍ ആരോട് പറയും "

"നീ കരയാതെ . കോന്നിയിലെ പെണ്ണും അജുരാജും തമ്മില്‍ എന്ത് ബന്ധം. അത് പറ "

"രാവിലെ ആ തെണ്ടി സംസാരം തുടങ്ങിയതേ  കോന്നി പെണ്ണുകാണല്‍ പറഞ്ഞാണ്"

"ലവന്‍ നിന്നെ കളിയാക്കിയാ?"

"കളിയാക്കിയാല്‍ ഞാന്‍ ക്ഷമിക്കുമായിരുന്നു . അവന്‍ എന്നോട് പറയുകയാണ്‌ ഹിന്ദുവാണ് എന്നുമ്പറഞ്ഞ് ജാതകവും പിടിച്ചോണ്ട് നടക്കുന്നത്  കൊണ്ടാണ് എനിക്ക് പെണ്ണ് കിട്ടാത്തത് എന്ന്. ജാതകം കീറി കളഞ്ഞിട്ട്  അവന്‍റെ കൂടെ ചെന്നാല്‍ നല്ല മണി മണി പോലെയുള്ള പെണ്ണുങ്ങളെ അവന്‍ കാണിച്ചു തരാം എന്ന് "

"അവന്‍റെ  കയ്യില്‍ മണി മണി പോലെയുള്ള പെമ്പിള്ളാര്‍ സ്റ്റോക്ക് ഉണ്ടോ ? എന്നിട്ട് അവന്‍ എന്നോട് ഒരു വാക്ക് പറഞ്ഞില്ലാലോ ?"

"നിങ്ങള്‍ കാര്യം കേള്‍ക്കുന്നുണ്ടോ ?"

"നീ പറ "

"എന്നിട്ട് അവന്‍ ഹിന്ദു ദൈവങ്ങളെ ചീത്ത വിളിച്ചോണ്ട് ഒരു അലക്കായിരുന്നു. മുപ്പത്തി മുക്കോടി ദൈവങ്ങള്‍ എന്ന് പറയുന്നത് ചെകുത്താന്‍ കര്‍ത്താവിന്‍റെ മൂന്നിലൊന്നു സൈന്യത്തെ അടര്‍ത്തി മാറ്റി കൊണ്ട് പോയി സ്ഥാപിച്ച മതമാണ്‌ എന്നും, ഗണപതി പിശാചിന്‍റെ സന്താനം ആണെന്നുംഒക്കെ.  ,പിന്നെ ദേവിയെക്കുറിച്ച് പറഞത് വെളിയില്‍ പറയാന്‍ കൊള്ളില്ല " ബാബുമോന്‍ ആണ് നിമിഷം ജ്വലിച്ച് കയറി . ഇപ്പൊ ചരമാകും എന്ന് വരെ തോന്നിപ്പോയ.

അപ്പൊ അതാണ്‌ കേസ് കെട്ട് , അജുരാജ് എന്ന നെറ്റ് അഡ്മിന്‍ ജീവിക്ക് മത പ്രവര്‍ത്തനം എന്നൊരു സൈഡ് ബിസിനസ്സും കൂടിയുണ്ട് . അതിനു അവന്‍ ഓഫീസില്‍ തിരഞ്ഞെടുത്ത ആളും കൊള്ളാം .  മംഗലപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെ സ്ഥിരം ഉത്സവ കമ്മറ്റി ഭാരവാഹിയായ ബാബുമോന്‍ . അജുരാജിന്‍റെ അപ്പാഷേ സെര്‍വര്‍ ബാബുമോന്‍ ഇത് വരെ ഡീ കമ്മിഷന്‍ ചെയ്ത്,  ഓഫ്‌ ലൈന്‍ ആക്കിയിട്ടില്ല എങ്കില്‍ അത് ഭാഗ്യം കൊണ്ട് മാത്രം .

എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഒരു പൊട്ടിത്തെറി ഉറപ്പ് . എ കെ മിന്നല്‍ വേഗത്തില്‍ തത്വചിന്തകന്‍റെ മുഖം മൂടി  എടുത്തണിഞ്ഞു .
"ഡേ , അവന്‍ നീ വിശ്വസിക്കുന്ന ദൈവങ്ങളെ ചീത്ത വിളിച്ചു. ഇതല്ലേ പ്രശ്നം? "
"അതെ . നിങ്ങള്‍ക്ക് അറിയാമോ . ഓരോ ദിവസവും സിസ്റ്റം ലോഗിന്‍ ചെയ്യും മുന്‍പേ ' ഗം ഗണപതി ' ചൊല്ലിയിട്ടാണ് ഞാന്‍ ജോലി തുടങ്ങുന്നത് . ഇന്നോളം എനിക്ക് വലിയ ദോഷം ഒന്നും വരാതെ ഗണപതി നോക്കിയിട്ടുമുണ്ട് "
"അപ്പൊ ഗണപതിക്ക് ശക്തി ഉണ്ടെന്ന് നിനക്ക് വിശ്വാസം ഉണ്ട് ?"
"എല്ലാ വിഘ്നങ്ങളും മാറ്റുന്ന ഗണപതിക്ക്‌  ശക്തി ഇല്ലാതെ പിന്നെ ?" താന്‍ എന്തൊരു മണ്ടന്‍ എന്ന ഭാവത്തില്‍ ബാബുമോന്‍ എ കെ യെ നോക്കി
"പിന്നെ എന്തുവാടെ പ്രശനം. സര്‍വ ശക്തനായ ഗണപതിയെ ഒരു ലോക്കല്‍ അജുരാജ് ചീത്ത വിളിച്ചാല്‍ നീ എന്തിന്  ചൂടാകണം ?. ഗണപതിയെ  ചീത്ത വിളിക്കുന്നത്‌ തടയാന്‍ നീ വേണമെങ്കില്‍ ഗണപതി പിന്നെ എങ്ങനെ സര്‍വ്വ ശക്തനാകും ? നീ ഗണപതിയുടെ വില കളയുമല്ലോ ?"
തുടരെ തുടരെ ഉള്ള ചോദ്യങ്ങള്‍ കേട്ട് ബാബുമോന്‍ അകെ അമ്പരന്നു. ഇതിപ്പോള്‍ ഗണപതിയെ അപമാനിച്ചത് അജുരാജോ അതോ താനോ എന്ന ചിന്താകുഴപ്പം അവന്‍റെ മുഖത്ത് .
ഏതിനും സംഭവം അവിടെ തീര്‍ന്നു . ബാബുമോന്‍ പിന്നെ അജുരാജി നോട് ജോലിക്കാര്യങ്ങള്‍ ഒഴിച്ച് മറ്റൊന്നും സംസാരിക്കാന്‍ തയ്യാര്‍  അല്ലായിരുന്നു .

ഇനി കട്ട് ടു ഒരാഴ്ചയ്ക്ക് ശേഷമുള്ള ഓഫീസ്. സമയം വൈകുന്നേരം ഏഴര . ഒട്ടു മിക്ക ജന്തുക്കളും ആറ്  മണിക്ക് തന്നെ  സ്ഥലം കാലിയാക്കി . ഡൌണ്‍ലോഡ് ചെയ്യാന്‍ ഇട്ടിരുന്ന അഞ്ചു സിനിമകളില്‍ അവസാനത്തേത് ഇനിയും ഒരു 20% ബാക്കി ഉള്ളതിനാല്‍ എ കെ അന്ന് അത് കൂടി തീര്‍ന്നിട്ട് പോകാം എന്ന് കരുതി കാത്തിരിക്കുമ്പോഴാണ് അജുരാജ് ക്യാബിനിലേക്ക്‌  എത്തി നോക്കിയത് .
"താന്‍ പോയില്ലേ ഇത് വരെ ?"
"ഇല്ല ഫ്രണ്ട് പിക്ക് ചെയ്യാന്‍ വരും. അവന്‍ കുറച്ചു ലെറ്റ് ആകും "
"ഓ കെ . ഞാന്‍ പത്തു മിനിറ്റില്‍ ഇറങ്ങും . എവിടെയെങ്കിലും ഡ്രോപ്പ് ചെയ്യണോ ?"
"വേണ്ട . ഇപ്പൊ തിരക്കാണോ ?"
"അല്ല "
അത് സംസാരിക്കാനുള്ള ക്ഷണമായി കണക്കകി അജുരാജ് അകത്തേക്ക് പ്രവേശിക്കുന്നു.
"ഇരിക്ക്"  എ കെ പറഞ്ഞപ്പോള്‍ എതിരെ കയറി കുത്തിയിരിക്കുന്നു
"എ കെ എന്താ ഇതുവരെ കല്യാണം കഴിക്കാത്തത് ?" ഓപ്പണിംഗ് ബോള്‍
"ഒരുത്തിയെ കെട്ടിയാല്‍ ബാക്കിയുള്ളവളന്മാരുടെ കാര്യം ആര് നോക്കും ?" സ്കയര്‍ കട്ട് . ഫോര്‍ !!!
"ഞാന്‍ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ വിഷമമാകുമോ ?"
"വിഷയ സംബന്ധ  കാര്യമാണെങ്കില്‍ സന്തോഷം. മറ്റു വിഷയങ്ങളും വിഷമമാകില്ല. പറഞ്ഞോ "
"ജീവിതത്തില്‍ ഒരു ലക്‌ഷ്യം ഒക്കെ വേണം എന്ന് തോന്നിയിട്ടില്ലേ ?"
"ഒന്നല്ല പല ലക്ഷ്യങ്ങള്‍ ഉണ്ട് ജീവിതത്തില്‍ . "
"അതല്ല...ലക്‌ഷ്യം എന്ന് ഞാന്‍ ഉദ്ദേശിച്ചത് ഈ ജീവിതത്തിന് ഒരു അര്‍ത്ഥം വേണ്ടേ എന്നാണ് "
"ഇതുവരെ അങ്ങനെ ആലോചിച്ചിട്ടില്ല " (വളഞ്ഞു ചുറ്റി നേരെയാടി വാ ആണ്ടി)
"ചെകുത്താന്‍ ആണ് അങ്ങനെ ഒരു തോന്നല്‍ മനസ്സില്‍ വരാന്‍ സമ്മതിക്കാത്തത് "
"ചെകുത്താനോ ? " (ലവന്‍ ഇത്ര ഭയങ്കരനോ ? വന്നു വന്നു എന്‍റെ അര്‍ത്ഥം എടുത്തു വെച്ചാണോ അവന്‍റെ കളി ? )
"അതെ . ലൂസിഫര്‍ "
"ഓ ..ദൈവത്തിന്‍റെ പഴയ ഇഷ്ടക്കാരന്‍ മാലാഖ "
"ബൈബിള്‍ വായിച്ചിട്ടുണ്ടോ ?" അജുരാജ  മുഖത്ത് അമ്പരപ്പ്
"ബൈബിള്‍ കണ്ടിട്ടുണ്ട് "
"ലൂസിഫര്‍ ദൈവത്തിന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട മാലാഖ ആയിരുന്നു എന്ന് എ കെ പറഞ്ഞത് ശരിയാണ് "
" മറ്റു മാലാഖമാര്‍ക്ക് ഇല്ലാത്ത സുഗന്ധം പൊഴിയുന്ന ദേഹവും , സംഗീതം ആകാശത്തില്‍ നിന്നും സൃഷ്ടിക്കാനുള്ള കഴിവും ദൈവം ലൂസിഫറിന്  മാത്രം കൊടുത്തത്  ആ ഇഷ്ടം കൊണ്ടായിരിക്കും, അല്ലെ ?"
"അതെ "
"പിന്നെ എന്നാ പറ്റി  ഇഷ്ടക്കാര്‍ തെറ്റി പിരിയാന്‍ ? "
"ലൂസിഫറിന് ദൈവം ആകണം എന്ന് തോന്നി. അത്യാഗ്രഹം മൂത്തപ്പോള്‍ ദൈവത്തിനു എതിരെ പടയും നയിച്ചു. ദൈവത്തിന്‍റെ സൈന്യത്തിന്‍റെ മൂന്നിലൊന്ന് അടര്‍ത്തിയെടുത്തു ഭൂമിയില്‍ വന്നു താവളം തീര്‍ത്തു   "
 "അത് അല്ലെങ്കിലും അങ്ങനയെ വരൂ . ഒടുക്കം മനുഷ്യന്‍റെ നെഞ്ചത്ത് ആണല്ലോ പട"
"ഇല്ല . മനുഷ്യനെ അങ്ങനെ ഉപദ്രവിക്കാന്‍ ചെകുത്താനെ ദൈവം സമതിച്ചില്ല ഒരൊറ്റ രാത്രി കൊണ്ട് ചെകുത്താന്‍ താവളം അടിച്ച നഗരവും, അവന്‍റെ മുഴുവന്‍ സൈന്യവും ദൈവം നശിപ്പിച്ചു .ആ നഗരം ഇനി ഒരിക്കലും ശാന്തി എന്താണ് എന്ന് അറില്ല എന്ന് ശപിക്കുകയും ചെയ്തു . ഏതായിരുന്നു  ആ നഗരം എന്ന് അറിയാമോ ?" 
"അത് ലൂസിഫറിനും , ദൈവത്തിനും , അജുരാജിനും മാത്രമല്ലേ അറിയൂ. അജു പറ "
"ഇറാക്ക് " (ഡം  ട ഡാ !!! )
"ദൈവമേ!!! ഒരു സംശയം ഇറാക്കും , ലൂസിച്ചായന്‍റെ സൈന്യവും ഒക്കെ നിരപ്പാക്കിയ ദൈവം ലൂസിയെയും കാച്ചിയോ ?"
"ഇല്ല."
"ആ ചെകുത്താനെ മാത്രം മനുഷ്യരുടെ ഇടയിലേക്ക് വിട്ടു അല്ലെ ? നല്ല ബെസ്റ്റ് ദൈവം . നമുക്കിട്ട്  പണിയണേല്‍ ഇങ്ങനെ പണിയണം "
അജുരാജിന്‍റെ മുഖത്ത്  ശാന്തമായ ചിരി
"അല്ല അജുരാജേ , സര്‍വശക്തനായ ദൈവത്തിന്  ലൂസിഫറിനെ തട്ടാന്‍ ഇത്ര  പാടായിരുന്നോ  ?"
"ഒരു വിഷമവും ഉണ്ടായിരുന്നില്ല. പക്ഷെ ലൂസിഫറിനോട് പോലും ദൈവം നീതിമാനാണ്  " പിന്നെ ദൈവ വാചകം ക്വാട്ട്  " 'നിനക്ക് ഒരിക്കലും എന്നെ ജയിക്കാന്‍ കഴിയില്ല . സാധിക്കുമെങ്കില്‍ നീ എന്‍റെ പ്രതിരൂപത്തെ ജയിച്ച്  കാണിക്കു' എന്നാണ് ദൈവം ചെകുത്തനോട് പറഞ്ഞത് ?"
"പ്രതിരൂപം എന്ന് പറഞ്ഞത് മനുഷ്യര ആയിരിക്കും, അല്ലിയോ ?"
"അതെ "
"ആ മത്സരത്തില്‍, ഫസ്റ്റ് റൌണ്ടില്‍ തന്നെ ലൂസി അണ്ണന്‍ ദൈവത്തിനെ നോക്ക് ഔട്ട് ആക്കിയില്ലേ ?"
അജുരാജ് തികഞ്ഞ  അമ്പരപ്പില്‍ "മനസിലായില്ല"
"ആദ്യത്തെ മനുഷ്യര്‍ മി ആദം ആന്‍ഡ്‌ മിസ്സിസ് അവ്വ ആദം എന്നിവരെ വളച്ച് ഏദന്‍ തോട്ടത്തില്‍ നിന്നും ലൂസി അണ്ണന്‍ ചാടിച്ചില്ലേ . അപ്പോഴെങ്കിലും ദൈവത്തിനു ലൂസിയെ കാച്ചാമായിരുന്നു. പിന്നെ എന്ത് പറ്റി ? നിന്നെ ഞാന്‍ കാവിലെ പാട്ട് മത്സരത്തിന് എടുത്തോളാം എന്ന് പറയേണ്ടി വന്നോ ?"

അജുരാജിന്‍റെ മുഖം ഇരുണ്ടു തുടങ്ങി

"എ കെ ബൈബിള്‍ ഒക്കെ വായിക്കാറുണ്ട് അല്ലെ ? അപ്പൊ സമയമില്ലാത്ത നേരത്ത് സംസാരിക്കേണ്ട വിഷയമല്ല ഇതൊന്നും. സമയമുള്ളപ്പോള്‍, ഞാന്‍ ചില സങ്കീര്‍ത്തനങ്ങള്‍ തരാം . അതൊക്കെ ഒന്ന് കേട്ട് നോക്ക്. അതിനു ശേഷം നമുക്ക് സംസാരിക്കാം " എന്ന് പറഞ്ഞു "ഓ !!! ദാ വരുന്നു" എന്ന്  ഇല്ലാത്ത വിളിക്ക് എതിര്‍ വിളി കേട്ട മട്ടില്‍ അജുരാജ് സ്കൂട്ട് .

അപ്പോള്‍ ഇത്രയൊക്കെ പറഞ്ഞത് എ കെ ക്ക്  ഐ ടി കമ്പനിയില്‍ വലിയ പോസ്റ്റ് ആണ്‌ ,  എ കെക്ക്  ഭയങ്കര വിവരമാണ് എന്നൊക്കെ   പറയാന്‍ വേണ്ടി മാത്രമല്ല. നിങ്ങള്‍ പൂവര്‍ ഗൈസിന് ഒരല്‍പ്പം    മോറല്‍ ഓഫ് ദി സ്റ്റോറികളും കൂടി പറഞ്ഞു തരാം എന്ന് കരുതിയാണ് . (ഞാന്‍ ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളുടെ  വിധി എന്താകുമായിരുന്നു. ഹോ!!! ആലോചിക്കാന്‍ പോലും വയ്യ )

അപ്പോള്‍ കേട്ടോളു . പിന്നെ പറഞ്ഞില്ല എന്ന് പറയരുത് .

ബാബു മോന്‍ ആകട്ടെ, അജുരാജ് ആകട്ടെ ,  മറ്റേതെങ്കിലും പേരിലുള്ള ദൈവത്തിനെ വിശ്വസിക്കുന്നവന്‍ ആകട്ടെ ; സ്വന്തം വിശ്വാസത്തില്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും അത്ര ഉറപ്പ്  പോര. കൃഷ്ണന്‍ /യേശു/അല്ലാഹു,  ഇവരില്‍ ആരെ വിശ്വസിച്ചാലും ആ വിശ്വാസം ശക്തമാണ് എന്ന ഉറപ്പ് നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ മറ്റൊരാളുടെ വിശ്വാസത്തിനെ തള്ളി പറയുക /അപമാനിക്കുക എന്ന പ്രവര്‍ത്തി നിങ്ങള്‍ ഒരിക്കലും ചെയ്യില്ല . നിങ്ങളുടെ വിശ്വാസത്തിനെ ആരെങ്കിലും തള്ളി പറയുകയോ /അപമാനിക്കുകയോ ചെയ്‌താല്‍ നിങ്ങള്‍ക്ക് വിഷമം തോന്നുകയോ/ അത് ചെയ്തവന്റെ തന്തക്ക്‌  വിളിക്കാനുള്ള ത്വര ഉണ്ടാവുകയോ ഇല്ല. ഞാന്‍ നേരത്തെ ചോദിച്ചത് പോലെ , സര്‍വ്വ ശക്തനായ ദൈവത്തിനു വേണ്ടി നിങ്ങള്‍ക്ക് തന്തക്കു വിളിക്കേണ്ടി വരുന്നത് , അല്ലെങ്കില്‍ ആ ദൈവത്തെ തള്ളി പറയുന്ന ഒരുവനില്‍ നിന്നും ആ ദൈവത്തെ നിങ്ങള്‍ രക്ഷിക്കേണ്ടി വരുന്നത്, നിങ്ങള്‍ വിശ്വസിക്കുന്ന സര്‍വ്വ ശക്തന്‍റെ ഗതികേടാണ് . അങ്ങനെ വരുമ്പോള്‍ വാക്കുകള്‍ കൊണ്ട് നിങ്ങളുടെ വിശ്വാസത്തെ തള്ളി പറയുന്നവരെക്കാള്‍ അതിനെ രക്ഷിക്കാന്‍ എന്ന പേരില്‍ വാളെടുക്കുന്ന നിങ്ങള്‍ തന്നെയാണ് ആ വിശ്വാസത്തെ ഏറ്റവും കൂടുതല്‍ അപമാനിക്കുന്നത്

 നിരീശ്വര വാദികളുടെ കാര്യത്തിലും ഇത് ബാധകമാണ്. ദൈവങ്ങളെ അവര്‍ ചീത്ത വിളിച്ചു നടക്കുന്നതിന്റെ പിന്നിലെ ചേതോ വികാരം "ഇനി എങ്ങാനും പത്തു പേര്‍ കൂടുതല്‍ ദൈവത്തിനെ വിളിക്കുന്നത്‌ കൊണ്ട് ദൈവത്തിനു ശക്തി  വരികയും അങ്ങേര്‍ നമുക്കിട്ടു പണിയുകയും ചെയ്താലോ"എന്ന ഭയമാണ് ".  ശാസ്ത്ര തത്വങ്ങള്‍ നിരത്തി ദൈവം ഇല്ല എന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ടത് പത്തു പേര്‍ തങ്ങളുടെ നിലപാടിനെ അംഗീകരിക്കണം  . എന്നാല്‍ മാത്രമേ സ്വന്തം വിശ്വാസത്തില്‍ അവര്‍ക്ക് തന്നെ ഒരു ഉറപ്പു വരൂ

ഒരു ഭാവന  (വ്യക്തിപരമായി എനിക്ക് ഇപ്പൊ  സനുഷയെ ആണ് ഇഷ്ടം )കൂടി പറഞ്ഞിട്ട് ഞാന്‍ പോകുന്നു : റാംജന്മ ഭൂമി/ ബാബറി മസ്ജിദ് പ്രശ്നം . എന്‍റെ  അഭിപ്രായത്തില്‍ ഒരു അമ്പലമോ പള്ളിയോ തകരുന്നത് കൊണ്ടോ , പണിയുന്നത് കൊണ്ടോ ബാധിക്കുന്ന അസ്ഥിത്വം അല്ല  രാമന്‍റെത് / അല്ലെങ്കില്‍ അള്ളാഹുവിന്‍റെത്  എന്ന് ഏത്  വിഭാഗം വിശ്വസിക്കുന്നുവോ , ആ വിഭാഗം വിശ്വസിക്കുന്ന ദൈവമാണ് സര്‍വ്വ ശക്തന്‍. ഒരു ഭക്തനും / പിന്‍ഗാമിയും അമ്പലമോ  /പള്ളിയോ തനിക്ക് വേണ്ടി പണിയിക്കേണ്ട  ആവശ്യം ആ ദൈവത്തിന് ഉണ്ടാവില്ല . അപ്പോള്‍ നിങ്ങളുടെ ദൈവം സര്‍വ്വ ശക്തന്‍ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ മറു വിഭാഗത്തിന് സ്ഥലം പൂര്‍ണ്ണമായി വിട്ടു കൊടുക്കുക. വിശ്വാസത്തിനു ഉറപ്പില്ലത്ത്വര്‍ അവിടെ അമ്പലമോ/ പള്ളിയോ പണിയട്ടെ . അവരുടെ പാവം ദുര്‍ബല ദൈവത്തിനു അവരുടെ സംരക്ഷണം ഇല്ലാതെ പറ്റില്ല. നിങ്ങളുടെ സര്‍വ്വ ശക്തനാണ് നിങ്ങളുടെ സഹായം  ആ  സര്‍വ്വശക്തന്    ആവശ്യവുമില്ല. അദ്ദേഹത്തിന്‍റെ സഹയാമാണ് നിങ്ങള്‍ക്ക് ആവശ്യം .

ഇങ്ങനെ ഒരു പരിഹാരം നിര്‍ദ്ദേശിച്ചാല്‍ , ഏത്  ദൈവം സര്‍വ്വ ശക്തനായി തീരും ?

ഉത്തരം ആലോചിക്കു.  ഞാന്‍ ദേ പോയി, സൌകര്യും കിട്ടുമ്പോള്‍ ഒക്കെ വരാം   

5 comments:

ArjunKrishna said...

ജസ്റ്റ്‌ എ ടിപ്പ് : മത വിശ്വാസം എന്നാ ടൈറ്റില്‍ മത / വിശ്വാസം എന്ന് വായിച്ചാല്‍ നിരീശ്വര്‍ ടീംസിനും ചേരും

Satheesh :: സതീഷ് said...

നല്ല എഴുത്ത്! ഇത്രേം നേരം പിടിച്ചു വായിപ്പിച്ചതിനു നന്ദി. ഇനിയിപ്പോ പണ്ടത്തെ പോസ്റ്റുകളും കൂടി വായിക്കട്ടെ!

sid said...

Claps

sid said...

Claps

പെണ്‍കൊടി said...

ഇതു കൊള്ളാം.. നന്നായി എഴുതി.

പണ്ട് ഞാന്‍ ത്രിശ്ശൂരില്‍ പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ കഴുത്തിലെ മൂകാംബിക ദേവിയുടെ ലോക്കറ്റ് കണ്ട് ഒരു സിസ്റ്റര്‍ ചോദിച്ചിട്ടുണ്ട് - "ഇതേതാ ആ പെണ്ണാണോ ? കൊല്ലത്തുള്ള ആ പെണ്ണു ? (അമൃതാനന്ദമയിയെയാണ്‌ ഉദ്ദേശിച്ചത്).
എന്നിട്ടു സിസ്റ്റര്‍ അതിന്റെ കൂടെ കൂട്ടിച്ചേര്‍ത്തു - "നിങ്ങളീ ഹിന്ദുക്കള്‍ മനുഷ്യന്മാരെ ദൈവാക്കീട്ട് - ഹ ഹ ഹ "

ആദ്യം മറുപടി പറയണോ എന്നാലോചിച്ചെങ്കിലും പിന്നെ പറഞ്ഞു - "സിസ്റ്ററേ - യേശു മജ്ജയും മാംസവുമുള്ള മനുഷ്യനാണെന്നല്ലെ ബൈബിളിലുള്ളത് ? അപ്പൊ അതും മനുഷ്യാരാധനയല്ലേ ?"

പിന്നെ ബെല്ലടിച്ചതോണ്ട് ഞാന്‍ ക്ലാസ്സില്‍ പോയി.

വിശ്വാസമൊക്കെ നല്ലതു തന്നെ. പക്ഷെ ആക്ഷേപിക്കുന്നത് നല്ലതല്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.