Wednesday, March 25, 2009

ഇരുണ്ട നാളുകളിലെ കറുത്ത മുഖങ്ങള്‍

മാര്‍ച്ച് 21 : ട്രിവാന്‍ഡ്രം ക്ല്ബ്

ഏറെ നാളുകള്‍ക്ക് ശേഷം, തികച്ചും യാദൃശ്ചികമായിട്ടായിരുന്നു കുട്ടമ്പിള്ളയും എ കെയും കണ്ടുമുട്ടിയത്‌. പഴയ പരിചയം ഹെയ്ഗിന്റെ അടിത്തറയില്‍ കൂടുതല്‍ ശക്തമാക്കുന്നതിനിടെ,സംസാരം സ്വാഭാവികമായി അടുത്ത്‌ വരുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ചായി.

" എന്നാലും സി പി ഐ യോട് സി പി എം കാണിച്ചത് വല്യ ചതിയായിപ്പോയി സാറേ "നാലാമത്തെ ലാര്‍ജ് തൊണ്ട തൊടാതെ കാലിയാക്കിക്കൊണ്ട് സംസാരത്തിനിടെ പിള്ള പറഞ്ഞു.സര്‍ക്കാര്‍ ഉദ്യോഗസ്ഥനെങ്കിലും കറകളഞ്ഞ സി പി ഐ അനുഭാവിയായ പിള്ള തെല്ല് നിരാശയിലായിരുന്നു ."മാന്യന്മാരുടെ പാര്‍ട്ടിയായത്‌ കൊണ്ടല്ലേ ഇങ്ങനെയൊക്കെ സി പി എമ്മിന് കാണിക്കാന്‍ ഒക്കുന്നത്? "

"മാന്യന്മാരുടെ പാര്‍ട്ടിയോ? സി പി ഐയെക്കുറിച്ച് തന്നെയാണോ പിള്ള പറയുന്നത്?" എ കെ ചെറു ചിരിയോടെ ചോദിച്ചു
"അതെന്നാ സാറേ അങ്ങനെ ചോദിച്ചത്? സഖാവ് അച്യുത മേനോന്‍ ,സഖാവ് പി കെ വി ഇവരെപ്പോലെ മാന്യരായ രാഷ്ട്രീയ നേതാക്കളെ കേരളം കണ്ടിട്ടുണ്ടോ?" നിയമപാലനത്തിന്റെ ശിങ്കമായ പിള്ള ഒരു നിമിഷം കൊണ്ട് അരിവാള്‍ നെല്‍ക്കതിര്‍ ചൂടി. അടുത്ത നിമിഷം തലയില്‍ ചുവന്ന തോര്‍ത്തിന്റെ ഒരു വട്ടക്കെട്ടും എ കെ പ്രതീക്ഷിച്ചു.പക്ഷേ ഭാഗ്യത്തിനതുണ്ടായില്ല .

"സഖാവ് പി കെ വിയും അച്യുത മേനോനുമല്ലല്ലോ ഇപ്പൊ സി പി ഐയുടെ തലപ്പത്ത്. ആവശ്യമുള്ളതിനും ഇല്ലാത്തതിനും കയറി ഗ്വാ ഗ്വാ വിളിക്കുന്ന ,പക്ഷേ കാര്യത്തോടടുക്കുമ്പോള്‍ നട്ടെല്ലുള്ള ഒരു തീരുമാനവും എടുക്കാന്‍ സാധിക്കാത്ത മിടുക്കന്മാരല്ലേ ?" ഒരു സിഗരറ്റിനു തീ പകര്‍ന്ന് കൊണ്ട് എ കെ ചോദിച്ചു .

"അതിപ്പോ ഒരു കൂട്ട് മുന്നണിയില്‍ ചില വിട്ട് വീഴ്ചകള്‍ ഒക്കെ വേണ്ടി വരില്ലേ സാറേ?" പിള്ള ആറാം വട്ട തൈലം കൈകളില്‍ എടുത്ത്‌ ചോദിച്ചു.

"ഉം...വിട്ട് വീഴ്ച്ച . അല്ലാതെ മുന്നണി ഒരു വാശിക്ക് വിട്ടാല്‍ ഒരു ഗതിയും പരഗതിയും ഇല്ലാതെ അലയേണ്ടി വരുമെന്ന പേടിയല്ല. ചുമ്മാ പോണം പിള്ളേ."
പിള്ള ഒന്നും മിണ്ടിയില്ല

"പിള്ള നേരത്തെ സഖാവ് അച്ച്യുത മേനോന്റെ കാര്യം പറഞ്ഞല്ലോ " എ കെ വിടാനുള്ള ഭാവമില്ലായിരുന്നു .

"അതെ സഖാവിനെന്തു പറ്റി ഇപ്പോള്‍?കേരളം കണ്ടിട്ടുള്ള ഏറ്റവും മാന്യനായ ഒരു നേതാവല്ലയിരുന്നോ സഖാവ്? നല്ല ഒന്നാന്തരം മുഖ്യമന്ത്രിയും" പിള്ള വീണ്ടും ഉഷാറായി

"അത് സി പി ഐകാരും ,പത്രങ്ങളും കുറെക്കാലമായി പറഞ്ഞ് നടക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹമല്ലായിരുന്നോ കേരളാ മുഖ്യമന്ത്രി ?"

"അതിന്?" അടിയന്തരാവസ്ഥ എന്ന് കേട്ടപ്പോള്‍ പിള്ളയുടെ മുഖം ഒന്ന് മങ്ങി .

"അല്ല,കേരളവും,ഇന്ത്യയും കണ്ടിട്ടുള്ള ഏറ്റവും ഇരുണ്ട കാലഘട്ടത്തില്‍ , ഇവിടുത്തെ മുഖ്യമന്ത്രിയായി ഇരുന്നയാള്‍ എങ്ങനെ ഒന്നാന്തരം മുഖ്യമന്ത്രിയാവും?" എ കെ ചോദിച്ചു.

"അതിപ്പോ സഖാവ് എന്ത് ചെയ്യാനാ സാറേ. കരുണാകരന്‍ സാറല്ലായിരുന്നോ അന്നത്തെ അഭ്യന്തര മന്ത്രി " ചുറ്റും ഒന്ന് നോക്കിയ ശേഷം സ്വരം താഴ്ത്തിയാണ് പിള്ള അത് പറഞ്ഞത് .

"ഇതും ഞാന്‍ കുറേക്കാലമായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. അടിയന്തരാവസ്ഥക്കാലത്തെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം കെ കരുണാകരനാണെന്ന്. അതെങ്ങനെ ശരിയാവും പിള്ളേ? നിങ്ങള്‍ പറയുമ്പോലെ അച്യുത മേനോന്‍ വളരെ കഴിവുള്ളൊരു നേതാവാണെങ്കില്‍, സ്വന്തം മന്ത്രിസഭയില്‍ ഒരംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള കഴിവും അദ്ദേഹത്തിന്‌ ഉണ്ടായിരിക്കേണ്ടതല്ലേ? അല്ല ,ഇനി അദ്ദേഹം ആരോടും വഴക്കിനു പോകാത്താ ,മാന്യ വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ ,പില്‍ക്കാലത്ത് സഖാക്കന്മാര്‍ തന്നെ പാടി നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ നടക്കുമ്പോള്‍,ചുരുങ്ങിയ പക്ഷം ഞങ്ങളോടുള്ള കടമയായിട്ടെന്കിലും ഒരന്വേഷണത്തിന് ഉത്തരവിടുകയോ ,അതിനു കഴിവില്ലെകില്‍ രാജി വെച്ച് പുറത്ത്‌ പോവുകയോ ചെയ്യേണ്ടാതായിരുന്നില്ലേ ?"
പിള്ള മൌനത്തില്‍ ഒളിച്ചു.

"അച്യുത മേനോന്‍ കഴിവുള്ള ഒരു മുഖ്യമന്ത്രിയായിരുന്നെങ്കില്‍, അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് കേരളത്തില്‍ നടന്ന ഭീകരതകള്‍ക്ക് കെ.കരുണാകരനൊപ്പം തന്നെ ഉത്തരവാദിയാണ്‌. അല്ലെങ്കില്‍ സ്വന്തം മന്ത്രിസഭയിലെ ഒരംഗത്തെപ്പോലും നിലക്ക് നിറുത്താന്‍ കഴിവില്ലതിരുന്ന ഒരു നേതാവ്. അല്ലാതെ അടിയന്തരാവസ്ഥക്കാലത്തെ ചെയ്തികളുടെ മുഴുവന്‍ ഉത്തരവാദിത്വവും കരുണാകരന്, അച്യുത മേനോന്‍ മികച്ച നേതാവും...ഇതെവിടുത്തെ ന്യായം പിള്ളേ?"

"അടിയന്തരാവസ്ഥ സാറ് പറഞ്ഞത് പോലെ അത്ര മോശം കാലമൊന്നുമല്ലായിരുന്നു" മാറ്റിയ അടവുമായി പിള്ള തിരികെ കളത്തിലിറങ്ങി ."കേരളത്തില്‍ ആ സമയത്ത് ക്രമസമാധാനം കളിയാടുകയല്ലായിരുന്നോ ?"

"കക്കയം ക്യാമ്പിലോ? " എ കെ എടുത്തടിച്ചത്‌ പോലെ ചോദിച്ചു "സ്വന്തം നാട്ടില്‍ നില്‍ക്കാതെ ഇന്ത്യയില്‍ അഭയം തേടിയ സമാധാനത്തിന്റെ മാടപ്രാവോ പാവങ്ങളുടെ അമ്മയോ ഒക്കെയായിരുന്ന മദര്‍ തെരേസ അടിയന്തരാവസ്ഥയെ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചത് അവരുടെ ഇന്ത്യയിലെ നിലനില്‍പ്പിനു വേണ്ടിയായിരുന്നു. കെ.കരുണാകരന്‍ ഇന്നും അക്കാലത്തെ ന്യായികരിക്കുന്നത് അങ്ങേര്‍ അതിന്റെ നടുവില്‍ നിന്ന ആളായത് കൊണ്ടായിരിക്കാം. നിര്‍ബന്ധിത വന്ധ്യംകരണം, വിചാരണ കൂടാതെ തടവില്‍ വെയ്ക്കല്‍ തുടങ്ങിയ മനോഹര നടപടികള്‍ ഇന്ദിരാ ഗാന്ധിയും അവരുടെ തൃപ്പുത്രന്‍ സഞ്ജയ്‌ ഗാന്ധിയും ചേര്‍ന്ന് യഥേഷ്ടം നടപ്പിലാക്കിയ ആ കാലത്തെ പിള്ള ന്യായികരിക്കുന്നത്,നിങ്ങള്‍ ആ സമയം കക്കയം ക്യാമ്പില്‍ ഉണ്ടായിരുന്നത് കൊണ്ടാണോ?" എ കെ ചോദിച്ചു

"അമ്മച്ചിയാണേ അക്കാലത്ത് ഞാന്‍ തിരുവനന്തപുരത്തായിരുന്നു ." പിള്ള പെട്ടെന്ന് പറഞ്ഞു.

"അല്ല അക്കാലത്തുണ്ടായിരുന്ന പോലീസുകാരെയും, രാഷ്ട്രീയ നേതാക്കളെയും മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല" അല്‍പ്പ നേരത്തെ മൌനത്തിനു ശേഷമാണ് എ കെ അത് പറഞ്ഞത്.പിള്ള ഒന്നും മിണ്ടാതെ എ കെയെ തുറിച്ച് നോക്കി .

"പിള്ള പ്രൊഫെസ്സര്‍ ഈച്ചര വാര്യരുടെ 'ഒരച്ഛന്റെ ഓര്‍മ്മകള്‍' വായിച്ചിട്ടുണ്ടോ?" എ കെ ചോദിച്ചു.

"മനോരമ ആഴ്ച്ചപ്പതിപ്പില്‍ വരുന്ന നോവലാണോ?"

"ബെസ്റ്റ് ...മനോരമയില്‍ അത് പ്രസിദ്ധീകരിക്കില്ല പിള്ളേ . അവന്മാരുടെ പിടുക്ക വിറയ്ക്കും .അടിയന്തരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജന്‍റെ അച്ഛന്‍ എഴുതിയ പുസ്തകമാണ്.ആ പുസ്തകത്തില്‍ പറയുന്നുണ്ട് സഖാവ് അച്യുത മേനോന്‍ ഈച്ചര വാര്യരോട് 'നിങ്ങളുടെ മകനെ അന്വേഷിച്ച് ഞാന്‍ ഇനി കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ മുഴുവന്‍ കയറി ഇറങ്ങണോ' എന്ന് ചോദിച്ച സംഭവം. അങ്ങനെയുള്ള അച്യുതമേനോന്‍ ഇവിടുത്തെ ജനങ്ങളുടെ കണ്ണില്‍ മാന്യന്‍ . അടിയന്തരാവസ്ഥക്ക്‌ ശേഷം ഈച്ചര വാര്യര്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചപ്പോള്‍ , രാജനെ കരി തേച്ച് കാണിച്ച് എഡിറ്റോറിയല്‍ എഴുതിയ മലയാള മനോരമ പത്രത്തിന്റെ സര്‍ക്കുലേഷന്‍ ഇന്ന് പതിനേഴു ലക്ഷം കോപ്പികള്‍ .അതാ ഞാന്‍ പറഞ്ഞത് നിങ്ങളെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കേരളത്തിലെ ജനതയുണ്ടല്ലോ...അവനൊക്കെ ഇപ്പൊ ആകുലത ഐ പി എല്‍ ഇന്ത്യയില്‍ നിന്നും മാറ്റിയതിനെക്കുറിച്ചാണ്. ഇന്നേ ദിവസം അടിയന്തരാവസ്ഥ ഇല്ലാതായിട്ട് മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ തികയുന്നു. തൊട്ടതിനും പിടിച്ചതിനു, ജയന്തികളും ഓര്‍മ്മ പെരുന്നാളും ആഘോഷിക്കുന്ന ഒരു നായ്ക്കള്‍ക്കും അതോര്‍ക്കാന്‍ സമയമില്ല. അതെങ്ങനെ, ഓര്‍ത്താല്‍ പല വിഗ്രഹങ്ങളും ഉടയില്ലേ? ഇവനൊന്നും ഒരു അടിയന്തരാവസ്ഥ അനുഭവിച്ചാല്‍ പോര. സ്ഥിരമായിട്ട് അങ്ങനെ ഒരു കാലം വന്നാലെ ഇവനൊക്കെ പഠിക്കു"

എ കെ പറഞ്ഞതിന് ഒന്നും തിരകെ പറയാനില്ലാത്തതിനാല്‍ കുട്ടമ്പിള്ള ബെയററെ വിളിച്ച് അടുത്ത കുപ്പിക്ക്‌ പറഞ്ഞു.

2 comments:

Vadakkoot said...

ഉള്ള സത്യം മുഴുവനും പച്ചയ്ക്ക് വിളിച്ച് പറഞ്ഞ് ചെറിയേട്ടന്റെ തൊലിയുരിച്ചുകളഞ്ഞല്ലോ മാഷേ...

കിരണ്‍ തോമസ് തോമ്പില്‍ said...

AK കലക്കി
CPI നേതക്കളേ മിശിഹായാക്കുന്നത്‌ CPM നെ ഒന്നിരുത്താനായി മാധ്യമങ്ങള്‍ കൊണ്ടു നടന്ന ഒരു ഗിമ്മിക്കായിരുന്നു. എന്നാല്‍ CPM ഇലെ ജീവിക്കുന്ന മിശിഹ ഉണ്ടായതോടെ ( CPM നേതാക്കന്മാര്‍ മിശിഹാ ആകുന്നത്‌ അവര്‍ മരിച്ചു കഴിഞ്ഞാല്‍ മാത്രമാണല്ലോ) CPI മിശിഹാത്വം പോയിപ്പോയി. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട്‌ ജീവിക്കുന്ന CPM മിശിഹായ്ക്കെതിരെ CPI ക്കാര്‍ രംഗത്തുവന്നതോടെ CPI ക്കാരുടെ കഷ്ടകാലം ആരംഭിക്കുകയയി. LDF ലെ പുതിയ വിവാദങ്ങള്‍ പുതിയ മിശിഹാമാര്‍ ഉണ്ടാകാന്‍ സഹായിക്കുമെന്ന് കരുതാം. വീരന്‍ മിശിഹ ചൂഡന്‍ മിശിഹ വെളിയം മിശിഹ ഇസ്മയേല്‍ മിശിഹ അങ്ങനെ പോകുന്നു ആ ലിസ്റ്റ്‌. സാത്താന്‍ പിണറായി ഉള്ളടത്തോളം കാലാം മിശിഹാകള്‍ ഉണ്ടായിക്കൊണ്ടെ ഇരിക്കും