Saturday, March 14, 2009

പിണറായിക്ക് ഒരു സി പി ഐ പ്രവര്‍ത്തകന്‍റെ തുറന്ന കത്ത്

സഖാവ് പിണറായി വിജയന്‍ അറിയുവാന്‍ ,
ഒരു മുന്നണിക്കകത്തെ സാമാന്യ മര്യാദകള്‍ പോലും പാലിക്കാത്ത ഒരു പാര്‍ട്ടിയുടെ സെക്രെട്ടറിയായ നിങ്ങളെ സഖാവേ എന്ന് വിളിക്കാന്‍ എന്‍റെ നാവു വളയില്ല. പിന്നെ കീബോര്‍ഡ് വളക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ അങ്ങനെ സംബോധന ചെയുന്നു എന്ന് മാത്രം.
നിങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിയോട് കാണിച്ച അപമാര്യാദയുടെ ആഴം താങ്കള്‍ക്ക് മനസിലാകും എന്നൊരു പ്രതീക്ഷയും എനിക്കില്ല .എങ്കിലും പറയുന്നു,കൊടും ചതിയായി പോയി സഖാവേ,കൊടും ചതി.

വര്‍ഷങ്ങളായി ഞങ്ങളുടെ പാര്‍ട്ടി നല്ല അന്തസായി പതിനെട്ട് നിലയില്‍ പൊട്ടിയിരുന്ന പൊന്നാനി പിടിച്ചെടുക്കാന്‍ താങ്കളുടെ പാര്‍ട്ടി ശ്രമിക്കുന്നത് യാതൊരു തരത്തിലും ന്യായികരിക്കാവുന്ന ഒരു പ്രവൃത്തിയല്ല . തോല്‍വി വിജയത്തിലേക്കുള്ള ചവിട്ടു പടിയാണെന്ന ആപ്തവാക്യം മുന്‍ നിറുത്തി പറയട്ടെ,കുറെയധികം ചവിട്ട്‌ പടികള്‍ സ്വന്തമാക്കിയ ഒരു പാര്‍ട്ടി എന്ന പരിഗണന പോലും നിങ്ങള്‍ ഞങ്ങള്‍ക്ക് തന്നില്ല .

നിങ്ങളുടെ ഏകപക്ഷീയമായ വല്യേട്ടന്‍ കളിക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ടു പോകും എന്ന് ഞങ്ങളുടെ പാര്‍ട്ടി നേതൃത്വം പറഞ്ഞപ്പോള്‍ 'പോടാ ആദ്യം പോയി കടുപ്പത്തില്‍ ഒരു കട്ടന്‍ ചായ ഉണ്ടാകാന്‍ പഠിക്ക്' എന്ന ഭാവമായിരുന്നു നിങ്ങള്‍ക്ക്.
ഇത്ര അഹങ്കാരം നല്ലതല്ല സഖാവേ. മാത്രമല്ല അഹങ്കാരവും , വാക്ക് മാറലും അത്യാവശ്യം കാണിക്കാന്‍ മുന്നണിയില്‍ ഞങ്ങളില്ലേ? ഇതൊരുമാതിരി കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങള്‍ കെ കരുണാകരനിട്ട് പണിഞ്ഞ പണി പോലെയായിപ്പോയി.

എല്ലാം പോട്ടേന്ന് വെക്കാം. പക്ഷെ അധികം കളിച്ചാല്‍ ഇരുപത് സീറ്റുകളിലും ഞങ്ങള്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിറുത്തിക്കളയും എന്ന് സഖാവ് വെളിയം ഭീഷിണിപ്പെടുത്തിയപ്പോള്‍,താങ്കള്‍ക്ക് ചുരുങ്ങിയ പക്ഷം ഭയം അഭിനയിക്കുകയെങ്കിലും ചെയ്യാമായിരുന്നു. പകരം താങ്കള്‍ ചെയ്തതോ ? കേട്ട ഭാവം നടിച്ചില്ല . കേരളത്തില്‍ മൊത്തം നടന്നു തിരഞ്ഞാലും ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇരുപതാളെ തികച്ചെടുക്കാന്‍ കാണില്ല എന്നറിഞ്ഞ് കൊണ്ടുള്ള ധാര്‍ഷ്ട്യമല്ലേ അത് ? നോക്കിക്കോ ഞങ്ങള്‍ ബര്‍ദാന്‍ സഖാവിനോട് പറഞ്ഞ് കൊടുക്കും.(വെളിയം സഖാവിനെ നോക്ക്. അദ്ദേഹം ഇരുപതെന്നത് ഇപ്പോള്‍ പതിനെട്ട് എന്നാക്കിയില്ലേ? അതാണ്‌ ഞങ്ങള്‍ക്ക് നിങ്ങളോടുള്ള സ്നേഹം. )

ഒരു ഗതിയും പരഗതിയുമില്ലാത്തവരെ സംരക്ഷിക്കുക എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിസ്ഥാന തത്വശാസ്ത്രത്തില്‍ പെടില്ലേ സഖാവേ? ഇടതു മുന്നണി വിട്ടാല്‍ ഞങ്ങള്‍ ഏതാണ്ട് മേല്‍പ്പറഞ്ഞ അവസ്ഥയിലാകും. അതിനിടവരുത്താതെ ഞങ്ങള്‍ക്ക് പൊന്നാനിയില്‍ നിന്നും മാന്യമായി ,ശതമാനം വര്‍ദ്ധിപ്പിച്ച് തോല്‍ക്കാന്‍ അവസരം തരിക. അതാണ്‌ നിങ്ങള്‍ക്ക് നല്ലത്. അല്ല ഞങ്ങളെ അവഗണിക്കാനാണ് ഭാവമെങ്കില്‍...ഞങ്ങള്‍ മുന്നണി വിട്ടു പോകും എന്ന് താങ്കള്‍ വ്യാമോഹിക്കണ്ടാ(അയ്യടി മനമേ). കൂട്ടത്തോടെ ചത്തൊടുങ്ങിയാലും എല്‍ ഡി എഫില്‍ തന്നെ തുടര്‍ന്ന് ഞങ്ങള്‍ നിങ്ങളെ വേട്ടയാടും

എന്ത് വേണം എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.

വിപ്ലവാഭിവാദ്യങ്ങളോടെ

സഖാവ് വല്യാമു
(സി പി ഐ )

7 comments:

ഇ.എ.സജിം തട്ടത്തുമല said...

പോസ്റ്റു വായിച്ചു.
കൊള്ളാമല്ലോ, ആക്ഷേപഹാസ്യം.

Unknown said...

ആരാടാ ഞങ്ങള്‍ കമ്മുണിസ്റ്റുക്കാരെ കളിയാക്കുന്നത് അടി മേടിക്കും കേട്ടോ

കിരണ്‍ തോമസ് തോമ്പില്‍ said...

കൊള്ളാം

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വല്ലതും നടക്ക്വോ വെളിയം സഖാവെ?
സി പി ഐ ഒറ്റക്ക് ഒന്ന് മത്സരിച്ചു കാണാന്‍ ആഗ്രഹമുണ്ട്. എത്ര സി പി ഐ ക്കാര്‍ കേരളത്തില്‍ ജീവിച്ചിരിപ്പുണ്ട് എന്നറിയാനുള്ള കൊതി കൊണ്ടാണേ.

Sriletha Pillai said...

very good satire!

abhilash attelil said...

ഞാന്‍ പ്രതീക്ഷിച്ചതിലും വലുതാണ്‌ സി പി ഐ .അവര്‍ക്ക് മല്‍സരിക്കാന്‍ പതിനെട്ടു പേരുണ്ട്.അത്രെയും വിചാരിച്ചില്ലായിരുന്നു .

Name said...

ശരിയാണ്. ഒറ്റയ്ക്ക് നിന്നാല്‍ ഒറ്റ സീറ്റില്‍ പോലും ജയിക്കാന്‍ CPI യ്ക്ക് പറ്റില്ല. എങ്കിലും സുഹൃത്തെ, കേരളത്തിലെ ഏറ്റവും നേരും നെറിയും ഉള്ള ഒരു പാര്‍ട്ടി ആണ് CPI.
അച്യുത മേനോനും PKV-യും തന്നെയല്ലേ ഇന്നും കേരളത്തിലെ അഴിമതി പുരളാത്ത മുഖ്യമന്ത്രിമാര്‍? ഇന്നും CPI-യുടെ മൂന്നു സ്ഥാനാര്‍ത്തികളെ നോക്കു - സൌമ്യതും സത്യസന്ധതയും ഇന്ന് പലര്‍ക്കും ഒരു weakness ആയിരിക്കും. CPI-ക്ക് അതാണ്‌ strength.

CPI-യ്ക്ക് വോട്ട് കുറയുന്നെങ്കില്‍ അതിനു കാരണം ആദര്‍ശത്തില്‍ നിന്നും അകലുന്നത് കൊണ്ടല്ല. അത് മുറുകെ പിടിക്കുന്നത്‌ കൊണ്ടാണ്. അതാണ്‌ ഈ നാടിന്റെ ശാപം.

പറയാനാണെങ്കില്‍ ഒരുപാടുണ്ട്. പക്ഷെ വേണ്ട. ഒന്ന് മാത്രം - വിശ്വാസങ്ങള്‍ കൊണ്ട് ഒന്നും നെടുന്നില്ലായിരിക്കാം. പക്ഷെ നേട്ടങ്ങള്‍ക്ക്‌ വേണ്ടി വിശ്വാസങ്ങള്‍ കൈവിടാന്‍ തയ്യാറാകാത്ത ഒരു ജനത ഇവിടെയും ഉണ്ട്.

ജയ് ഹിന്ദ്‌