Tuesday, March 24, 2009

എ കെ ഓണ്‍ലൈന്‍

ഒരാഴ്ച്ചത്തെ വിദേശ പര്യടനത്തിനു ശേഷം എ കെ 47 പത്രത്തിന്റെ ചീഫ് എഡിറ്റര്‍ എ കെ മടങ്ങിയെത്തിയത്, പത്രത്തിന് ഒരു ഓണ്‍ലൈന്‍ എഡിഷന്‍ തുടങ്ങുവാനുള്ള തീരുമാനവുമായിട്ടാണ്. കൂലിയെഴുത്തിന് നിലവില്‍ പത്രത്തില്‍ ജോലി ചെയ്യുന്ന തെണ്ടികള്‍ തന്നെ മതി എന്ന് തീരുമാനിക്കപ്പെട്ടുവെങ്കിലും, ഓണ്‍ലൈന്‍ സിനിമാ വിഭാഗം കൈകാര്യം ചെയാന്‍ കൂടുതല്‍ പ്രവര്‍ത്തി പരിചയമുള്ള ആരെങ്കിലും വേണമെന്ന് എ കെക്ക് നിര്‍ബന്ധമായിരുന്നു.

വൈകാതെ തന്നെ പുതിയ ജോലിക്കായുള്ള ഒഴിവിന്‍റെ പരസ്യങ്ങള്‍ വിളമ്പരം ചെയ്യപ്പെട്ടു. അപേക്ഷകരില്‍ പ്രമുഖ പത്രങ്ങളില്‍ ജോലി ചെയ്യുന്ന അലവലാതികള്‍ നിരവധിയായിരുന്നതിനാല്‍, അവരില്‍ ഏറ്റവും മുന്തിയ കള്ളന്മാരെ അഭിമുഖത്തിനായി തിരഞ്ഞെടുക്കാനുള്ള ചുമതല ഒരു വിദഗ്ദ്ധ സംഘത്തിനായിരുന്നു .

ഓണ്‍ലൈന്‍ എഡിഷന്റെ സിനിമാ വിഭാഗത്തിന്റെ മേല്‍നോട്ടം വഹിക്കേണ്ട സ്ഥാനത്തേക്ക് താനൊരാളുടെ പേരുമാത്രമേ സൂക്ഷ്മ പരിശോധനക്കൊടുവില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളു എന്ന വിവരം നേരത്തെ രഹസമായി ചോര്‍ന്നു കിട്ടിയിരുന്നതിനാല്‍ മാത്യു ഊത്തുപ്പുരക്കല്‍ നല്ല ആത്മവിശ്വാസത്തിലായിരുന്നു. അഭിമുഖം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരുന്നത് എ കെ 47 പത്രത്തിന്റെ ഓഫീസില്‍ വെച്ചായിരുന്നു.
കൃത്യ സമയത്ത് തന്നെ പതിമൂന്നാം നിലയിലെ , ചീഫ് എഡിറ്ററുടെ ഓഫീസിലേക്ക് ഊത്തുപ്പുരക്കല്‍,പ്രൈവെറ്റ് സെക്രെട്ടറിയാല്‍ ആനയിക്കപ്പെട്ടു. മുന്നിലെ മേശപ്പുറത്തെ സ്വിസ് ചോക്കലേറ്റ് നിറഞ്ഞ സ്ഫടിക പാത്രംകണ്ട് കൈ തരിച്ചെങ്കിലും,സംഗതി പ്രസ് മീറ്റല്ല ,ജോലിക്കുള്ള ഇന്റര്‍വ്യൂ ആണെന്ന് സ്വയം പലവട്ടം പറഞ്ഞയാള്‍ ആക്രാന്തം അടക്കി .ഓഫീസ് ബോയ് മുന്നില്‍ക്കൊണ്ട് വെച്ച ചായ മാത്രം കുടിച്ചു സമാധാനിച്ചു. പത്ത് നിമിഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ എ കെ ൪൭ പത്രത്തിന്റെ ചീഫ് എഡിറ്റര്‍ എ കെ ഓഫീസിനുള്ളിലേക്ക് പ്രവേശിച്ചു. പതിവുള്ള ആചാര നൃത്തങ്ങള്‍ക്കും, ആര്‍പ്പു വിളികള്‍ക്കും ഒടുവില്‍ അഭിമുഖം ആരംഭിച്ചു.

എ കെ : " കുളത്തില്‍ ഔതക്കുട്ടിച്ചായന്റെ പത്രത്തില്‍ ജോലിചെയ്യുന്ന നിങ്ങള്‍ ഈ ജോലിക്കപെക്ഷിക്കാന്‍ കാരണം? കോട്ടയം റബ്ബര്‍ പാലിന്റെ ഒട്ടല്‍ തീര്‍ന്നത് കൊണ്ടാണോ?"

ഊ പ്പു : "താങ്കളുടെ പത്രം ഞാന്‍ സ്ഥിരമായി വായിക്കാറുണ്ട് . നിങ്ങളുടെ പുതിയ ഈ സംരംഭത്തിന് എന്നെപ്പോലോരളുടെ പ്രവര്‍ത്തിപരിചയവും, കഴിവുകളും ഉപയോഗപ്രദമായിരിക്കും എന്ന് തോന്നി"

എ കെ :"അല്ലാതെ കൂടുതല്‍ കാശും,എന്റെ പത്രം ഇവിടത്തെ കൂലിയെഴുത്തുകാര്‍ക്ക് നല്‍കുന്ന ഫസ്റ്റ് ക്ലാസ് സൌകര്യങ്ങളും കണ്ടു ആക്രാന്തം മൂത്തിട്ടല്ല? എത്രയായാലും ഔതക്കുട്ടി പഠിപ്പിച്ച തരികിടകള്‍ മറക്കരുത്"

ഊ പ്പു: "പഠിച്ചതല്ലേ പാടു ,സര്‍?"

എ കെ: "ഉം ...അത് നില്‍ക്കട്ടെ.ഈ ജോലി നിങ്ങള്ക്ക് ലഭിക്കുകയാനെന്കില്‍ , എ കെ 47 ഓണ്‍ലൈന്‍ സിനിമാ വിഭാഗത്തെ എങ്ങനെ മികവുറ്റതാക്കാം എന്നതിനെക്കുറിച്ച് നിങ്ങളുടെ മനസ്സില്‍ എന്തെങ്കിലും ഐഡിയകള്‍ ഉണ്ടോ?"

ഊ പ്പു: "അതിന് ഔതക്കുട്ടിച്ചയന്‍ ഓണ്‍ലൈന്‍ എഡിഷനില്‍ ചെയ്യുന്ന പരിപാടികളാ ഏറ്റവു നല്ലത് സര്‍. സിനിമാ രംഗത്തെ പുതിയ വാര്‍ത്തകള്‍,ഉടന്‍ വരുന്നു ,ലൊക്കേഷന്‍ റിപ്പോര്‍ട്ടുകള്‍ അങ്ങനെ ഉള്ളടക്കത്തിന് പഞ്ഞം ഒന്നുമുണ്ടാവുകേല. പിന്നെ സിനിമാ നടികളുടെ ഫോട്ടോ ഗാലറി . അത് മസ്റ്റായിട്ട് വേണം .വായനക്കാര്‍ വായിനോക്കികള്‍ ഏറ്റവും കൂടുതല്‍ ഇടിച്ച് കയറുന്നത് അവിടെയല്ലേ?ദിവസവും,പുതിയ പുതിയ പടങ്ങള്‍ അവിടെ ഇട്ടാല്‍ ഹിറ്റിന് ഒരു പഞ്ഞവും കാണുകേല"

എ കെ : "അപ്പോ സിനിമാ നിരൂപണം, ലേഖനങ്ങള്‍ ഇതൊന്നും വേണ്ടേ?"

ഊ പ്പു :"നിരൂപണം ഒക്കെ വല്യ റിസ്കാ സാറേ. ഇപ്പൊ ഇറങ്ങുന്നു മലയാളം പടങ്ങള്‍ പത്തില്‍ ഒന്‍പതും വെറും തറയല്ലേ? അതങ്ങനെ തന്നെ എടുത്തെഴുതി വെച്ചാല്‍,പിന്നെ നമ്മുടെ സ്റ്റാര്‍ ഷോകള്‍ക്കും, അവാര്‍ഡ് നൈറ്റുകള്‍ക്കും താരങ്ങളെ കിട്ടുമോ?പിന്നെ തമിഴ്,ഹിന്ദി പടങ്ങളുടെ നിരൂപണം എഴുതാം. ഇനി മലയാള സിനിമകളുടെ നിരൂപണം വേണമെന്ന് നിര്‍ബന്ധമാണേല്‍,പടം തിയറ്ററുകളില്‍ നിന്നും പോയി ഒരാഴ്ച്ച കഴിഞ്ഞു അതിന്‍റെ നിരൂപണം എഴുതാം ."

എ കെ :"അങ്ങനെ എഴുതിയാല്‍ അതൊക്കെ ആരെങ്കിലും വായിക്കുമോ ?"

ഊ പ്പു: "ആള്‍ക്കാര് തെണ്ടികള്‍ ഇത് വല്ലതും ശ്രദ്ധിക്കുമോ സര്‍ ? ദാ ഇപ്പൊ തന്നെ ക്രേസി ഗോപാലാന്‍ എന്ന എ ക്ലാസ് കൂറ പടത്തിന്റെ നിരൂപണം ഞങ്ങള്‍ കഴിഞ്ഞ ആഴ്ച്ചയല്ലയോ ഇട്ടത്? ആ പടം തിയറ്ററീന്ന് പോയിട്ട് മാസമൊന്നായി. ഒരുത്തനും ശ്രദ്ധിച്ചില്ല. നിരൂപണത്തിന് നിരൂപണവുമായി."

എ കെ :"അത് കൊള്ളാം"

ഊ പ്പു :"പിന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ പടങ്ങള്‍ ഇറങ്ങുമ്പോള്‍,പടമെത്ര തല്ലിപ്പൊളിയായാലും കഴിയുമെങ്കില്‍ തിയറ്ററില്‍ ജന പ്രവാഹം എന്നേ നമ്മള്‍ എഴുതാവു. പിന്നെ തീരെ നിലം തൊടാതെ പൊട്ടുന്ന പടങ്ങള്‍ വന്നാല്‍ , 'പടമത്ര പോരെ മാത്രമല്ല മമ്മൂട്ടിയെപ്പോലെ അല്ലെങ്കില്‍ ലാലിനെപ്പോലെ ഒരു മഹാ പ്രതിഭക്ക് ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യാനുമില്ല' എന്ന മട്ടില്‍ വേണം നമ്മള്‍ എഴുതാന്‍. അതും പടമിറങ്ങി അമ്പത്‌ ദിവസമെങ്കിലും കഴിഞ്ഞ ശേഷം മാത്രം"

എ കെ "അതിനെക്കാളും അവര്‍ എന്തിന് ഇങ്ങനത്തെ പടങ്ങളില്‍ അഭിനയിക്കുന്നു എന്ന് ആദ്യത്തെ ദിവസം തന്നെ നിരൂപണം എഴുതിയാല്‍ ചിലപ്പോള്‍ അടുത്ത പടം അവര്‍ ശ്രദ്ധിച്ചു ചെയ്താലോ? അല്ല സ്ഥിരമായി സിനിമകാണുന്ന,ഇവരെ രണ്ടും പേരെയും ഇഷ്ടമുള്ള ഒരു പ്രേക്ഷകനാണേ ഞാനും"

ഊ പ്പു : "എന്‍റെ സാറേ,നടക്കുന്ന കാര്യം വല്ലതും പറ. അങ്ങനെ നിരൂപണം വല്ലതും അബദ്ധത്തില്‍ എഴുതിപ്പോയാല്‍ മിക്കവാറും നടക്കാന്‍ സാധ്യത നമ്മുടെ പത്ര വണ്ടികള്‍ക്ക് നേരെ സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ കല്ലെറിയുക എന്നതായിരിക്കും.പിന്നെ നമ്മള്‍ നടത്തുന്ന സ്റ്റാര്‍ ഷോകള്‍ക്ക് താരങ്ങളെ മഷിയിട്ട് നോക്കിയാല്‍ പ്പോലും കാണാന്‍ കിട്ടുകയുമില്ല . അടുത്ത കാലത്തിറങ്ങിയ പല പടങ്ങളും വെറും തറയാണെന്ന് ഇരുപത്തിയനച്ചും,മുപ്പതും കൊല്ലങ്ങള്‍ ഈ ഫീല്‍ഡില്‍ പഴക്കമുള്ള മമ്മൂട്ടിക്കും മോഹന്‍ലാലിനും നമ്മള്‍ പറഞ്ഞു കൊടുത്തിട്ട് വേണോ അറിയാന്‍? സിനിമകള്‍ നന്നാക്കണം എന്ന് ആഗ്രഹമുണ്ടെങ്കില്‍, അവര്‍ എന്നേ ചെയ്തേനെ? അവര്‍ക്കിഷ്ടം, കഴിയുന്ന കാലത്തോളം ഇങ്ങനെ സൂപ്പര്‍ സ്റ്റാറുകള്‍ എന്ന പ്രഭയില്‍ നില്‍ക്കണം. അതിനവര്‍ക്ക് വേണ്ടത് വിമര്‍ശകരെയല്ല,നല്ല കുഴലൂത്തുകാരെയാണ്. ആ പണി നമുക്കങ്ങ് വൃത്തിയായിട്ട് ചെയ്യാമെന്നെ.വെറുതെയെന്തിനാ മലയാളി സിനിമയെ നന്നാക്കാം എന്ന നടക്കാത്ത മോഹവുമായി, സാറ് പറഞ്ഞ തരത്തിലെ നിരൂപണങ്ങള്‍ ഒക്കെ എഴുതി നമ്മള്‍ നമ്മുടെ കാലിന് തന്നെ കോടാലിക്ക് വെട്ടുന്നത്?"

എ കെ :"അത് ശരിയാ. താനിത്രയും ഫ്ലെക്സിബിളായി ചിന്തിക്കുന്ന ഒരുത്തനാണെന്നു തന്റെ ബ്ലോഗു വായിച്ചാല്‍ തോന്നുകേല കേട്ടോ.ഞാന്‍ കരുതിയത്‌ ചോരത്തിളപ്പ് കൂടി വായി തോന്നുന്നതെന്തും എഴുതുന്ന ഒരുകക്ഷിയാണ് താനെന്നാ"

ഊ പ്പു: "സാറെന്റെ ബ്ലോഗ് വായിക്കാറുണ്ടോ?"

എ കെ :"എനിക്കങ്ങനെ വലിപ്പച്ചെറുപ്പമൊന്നുമില്ല . ഏത് ചെറ്റ എന്ത് എഴുതിയാലും അത് ഞാന്‍ വായിക്കും"

ഊ പ്പു :"ചോരത്തിളപ്പും തന്റേടവും ഒക്കെ അതിലെ വായനക്കാരേ പറ്റിക്കാന്‍ പറയുന്നതല്ലേ സാറേ? അബദ്ധത്തില്‍ രാഷ്ട്രീയമായോ , സാമൂഹികമായോ വല്ല കുഴപ്പം പിടിച്ച സാധനം ഇനി ഞാന്‍ എഴുതിപോയാലും എന്നെ വിളിച്ചൊന്ന് പേടിപ്പിച്ചാല്‍ മതി ,ഞാന്‍ നന്നായിക്കോളും. തല്ലേണ്ട കാര്യംപോലുമില്ല. ദാണ്ടെ ഈ ആടുത്ത ദിവസം നമ്മുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും മെത്രാച്ചന്‍മാരെയും കോനയടിച്ച് ഞാന്‍ ഒരു പോസ്റ്റിട്ടായിരുന്നു . വിളിക്കേണ്ടവര്‍ വിളിച്ചപ്പോള്‍ ഞാനത് നൈസായി ഡിലീറ്റ് ചെയ്തില്ലയോ? "

എ കെ :"അപ്പോ വായനക്കാരോട് പറഞ്ഞ തന്റേടവും , ചങ്കൂറ്റവും ഒക്കെ ?"

ഊ പ്പു :"ഉണ്ട ...സാറേ പത്തു പേര് വായിച്ചു തുടങ്ങിയാല്‍ പിന്നെ വായിക്കുന്ന ഭൂരിഭാഗം ചെറ്റകളും ഓട്ടോമാറ്റിക്കായിട്ട് നമ്മുടെ സ്തുതിപാടകരായിട്ടു മാറും. കൂടാതെ ഇങ്ങനെ എന്തേലും സംഭവിച്ചാല്‍ അടുത്ത ദിവസം സ്വല്‍പ്പം അശ്ലീലം കലര്‍ത്തി ഒരു പോസ്റ്റോ അല്ലെങ്കില്‍ നമുക്ക് വല്യ തട്ടില്ലാത്ത എന്നായേലും സാമൂഹിക വിമര്‍ശനമോ അങ്ങ് കാച്ചിയാല്‍ അവന്മാര്‍ നമ്മളെ വീണ്ടും പുലിയായി വാഴ്ത്തിക്കോളും . ഈ ഞാന്‍ തന്നെ എത്രവട്ടം പറഞ്ഞത് തിരിച്ചും മറിച്ചും മാറ്റിപ്പറഞ്ഞിരിക്കുന്നു. "

എ കെ :" കൊള്ളാം . താന്‍ ഔതക്കുട്ടിയുടെ ശിഷ്യന്‍ തന്നെ . എന്തായാലും പോകുന്ന വഴി സെക്രെട്ടറിയുടെ കൈയീന്ന് അപ്പോയിന്റ്മെന്‍റ് ഓര്‍ഡര്‍ വാങ്ങിക്കോ."

ഊ പ്പു :"വളരെ നന്ദി സര്‍ . എ കെ 47 ഓണ്‍ലൈന്‍ സിനിമാ വിഭാഗം നമുക്ക് തകര്‍ക്കാം"

7 comments:

ധൂമകേതു said...

തകര്‍ത്തു എ.കെ, നല്ല കൊട്ട്‌. കൊള്ളേണ്ടിടത്തു വേണ്ട രീതിയില്‍ തന്നെ കൊണ്ടിട്ടുണ്ട്‌.

Kvartha Test said...

എ കെ 47-ന്‍റെ വെടി മറ്റേ അങ്ങേരുടെ വെടിയടിയേക്കാള്‍ വളരെ മെച്ചം തന്നെ!

kavithrayam said...

@ധൂമകേതു & ശ്രീ @ ശ്രേയസ് :
നിങ്ങളീ ബൂലോകത്തൊന്നുമല്ലെ ജീവിക്കുന്നതു? ലവനാരാ മറ്റവനാരാ എന്നൊന്നും തിരിച്ചറിയാനുള്ള വിവേകം ഇതുവരെ ഉദിച്ചില്ലേ?

Aadityan said...

കുറച്ചയല്ലോ കണ്ടിട്ട് .പോസ്റ്റ് കൊള്ളാം.നന്നായി .വിവേകിയായ കൃഷ്ണകുമാരിനോട് ഒരു വാക്ക് മതി akkarayille അനിയ . എത്ര കാലമായി ഇതും കൊണ്ട് നടക്കുന്നു ? (എഴുതിയ ആശയത്തില്‍ കരിയമുണ്ടോ എന്ന് നോക്കാതെ ചുമ്മാ ......) പിന്നെ എ കെ , തങ്ങള്‍ എഴുതാറുള്ളത് ,എന്നികരിയവുന്നത് , എല്ലാം സത്യം ആകുന്നു (ഇവിടുത്തെ വലിയ പുലികള്‍ മിണ്ടാന്‍ പേടിക്കുന്ന അന്നെന്നു മാത്രം ) ഔതചായന്തേ ഓണ്‍ലൈന്‍ റിവ്യൂ , എന്തിന്ന എങ്ങനെ ചെയുനതെന്ന് (പടം പൊയ് കഴിന്ജിതു ഒരു റിവ്യൂ) മുന്‍പേ തോന്നാറുണ്ട് .എന്നിയങ്ങോട്ടു muraikku പോസ്റ്റ് കാണുമല്ലോ അല്ലെ .ഇത്തരം കീടങ്ങളെ വിട്ടു കളയു .ഇവനൊക്കെ മറുപടി പറഞ്ഞു സമയം കളയല്ലേ

Suraj said...

കലക്കീഷ്ടാ ;))

ആശംസകള്‍

ഹു :: Hu said...

AK ,

SUPERBBBBBBBB

ധൂമകേതു said...

സോറി എ.കെ... ബൂലോകത്തെ ആളുകളെപറ്റിയുള്ള വിവരം കുറവായതുകൊണ്ടാവാം കൊട്ടിന്‍റെ ദിശ മനസ്സിലാക്കുന്നതില്‍ പിഴവു പറ്റിയത്‌.