Sunday, March 29, 2009

എ കെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുന്നു

കെ എം പി (ഐ )യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ എ കെ ഇന്നലെ, എതിരാളികളെ അമ്പരപ്പിക്കുന്ന ഒരു നീക്കത്തിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ തന്‍റെ സ്വത്ത് വിവരങ്ങളുടെ പട്ടിക സമര്‍പ്പിച്ചത് കൂടാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവ പരസമായി വെളിപ്പെടുത്തുവാനും തയ്യാറായി.അദ്ദേഹം ഞങ്ങളുടെ സ്വന്തം ലേഖകന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന് :

സ്വ ലേ : "സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ പരസ്യപ്പെടുത്തുന്നതിനു പിന്നിലെ ഉദ്ദേശം ഒന്ന് വ്യക്തമാക്കാമോ?"

എ കെ : "ലളിത ജീവിതം നയിക്കുന്ന എന്‍റെ മാതൃക ഒരാളെങ്കിലും പിന്തുടരുന്നെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതിയാണ്"

സ്വ ലേ :"ആദ്യം താങ്കളുടെ സ്വന്തം പേരിലുള്ള സ്വത്തുക്കളുടെ വിവരങ്ങളില്‍ നിന്നും തുടങ്ങാം"

എ കെ :"എന്‍റെ കൈയ്യില്‍ ഇപ്പോള്‍ അഞ്ച് രൂപയുണ്ട്.കഴിഞ്ഞ അഞ്ച് കൊല്ലമായി ഞാന്‍ താമസം സര്‍ക്കാര്‍ നല്‍കിയ ഫ്ലാറ്റിലാണ്. സ്വന്തമായി വാഹനം എന്ന് പറയാന്‍ ,കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ഇഷ്ടദാനം തന്ന ഒരു സെക്കന്റ് ഹാന്‍ഡ് ടി വി എസ് ഫിഫ്റ്റി ഉണ്ട്.അതില്‍ പെട്രോള്‍ അടിക്കുന്നത് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബക്കറ്റ് പിരിവ് നടത്തിയാണ് . "
(സ്വ ലേ പൊട്ടിക്കരഞ്ഞ് പോയതിനാല്‍ പതിനഞ്ച് നിമിഷങ്ങള്‍ക്ക് ശേഷം മാത്രമാണ് അഭിമുഖം തുടരാനായത്)
സ്വ ലേ :" കുടുമ്പ സ്വത്തായി താങ്കള്‍ക്ക് നീക്കിയിരുപ്പൊന്നും ലഭിച്ചില്ലേ?"

എ കെ :"കുടുമ്പ സ്വത്തായി ആളുകേറാമലയില്‍ ഉണ്ടായിരുന്ന അഞ്ച് സെന്റ് ഭൂമി വിറ്റിട്ട് ആ കാശിന് കഴിഞ്ഞ മാസം കാക്കനാട് മകളുടെ പേരില്‍ മുന്നൂറ്‌ ഏക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട് "

സ്വ ലേ :"ആളുകേറാമലയില്‍ അഞ്ചു സെന്റ് വിറ്റ കാശിന് കാക്കനാട് മുന്നൂറ്‌ ഏക്കര്‍, അല്ലേ ?"

എ കെ :"അതേ ...കുറച്ചു കാശ് കുറവുണ്ടായിരുന്നത് പാര്‍ട്ടി അനുഭാവിയായ ഒരു റിയല്‍‍ എസ്റ്റേറ്റ് മുതലാളി കടമായി തന്നു."

സ്വ ലേ :"ഭാര്യയുടെ പേരില്‍ സ്വത്തുക്കള്‍ വല്ലതും?"

എ കെ :"ഭാര്യയുടെ പേരില്‍ അല്‍പ്പ സ്വല്‍പ്പം സ്വത്തുക്കള്‍ ഉണ്ട്. നമ്മള്‍ ലളിത ജീവിതം നയിക്കുന്നു എന്ന് കരുതി അവരെയും അതിനു നിര്‍ബന്ധിക്കുന്നത് ശരിയല്ലല്ലോ.ഇപ്പോള്‍ തന്നെ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ പലരുടെയും ഭാര്യമാര്‍ ഈശ്വര വിശ്വാസികള്‍ അല്ലേ?"

സ്വ ലേ :"തീര്‍ച്ചയായും. ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ വിവരങ്ങള്‍ വെളിപ്പെടുത്താമോ?"

എ കെ :"പിന്നെന്താ.തിരുവനന്തപുരം , എറണാകുളം ,കോഴിക്കോട് എന്നിവിടങ്ങളിലായി പതിനാറ് വീടുകള്‍,എട്ട് ഫ്ലാറ്റുകള്‍ , ഇന്ത്യയിലെ വിവിധ ബാങ്കുകളിലായി നാല്‍പ്പത് കോടി രൂപയുടെ നിക്ഷേപം , പിന്നെ ഒരു പ്രൈവെറ്റ് ജെറ്റ് ,ബെന്റ്റ്‌ലേയുടെ ഒന്നും,ബ്യുഗാറ്റിയുടെ രണ്ടും കാറുകള്‍,പിന്നെ നൂറ്റിയന്പത് അടി നീളമുള്ള ഒരു ലക്ഷുറീ യാച്ചും .ഇന്ത്യയില്‍ ഇത്രയോക്കയെ ഉള്ളു അവളുടെ പേരില്‍. ഇതെല്ലാം അവളുടെ അച്ഛന്‍ വാങ്ങി കൊടുത്തതാ കേട്ടോ."

സ്വ ലേ : "ഭാര്യ പിതാവ് എന്ത് ചെയ്യുന്നു?"

എ കെ :"തെങ്ങ് കയറ്റമായിരുന്നു പണി. ഇപ്പോ സ്വിറ്റ്സര്‍ലാന്‍ഡില്‍ വിശ്രമ ജീവിതം നയിക്കുന്നു"

സ്വ ലേ : "താങ്കളുടെ മാതാപിതാക്കള്‍?"

എ കെ :"അവര്‍ ലണ്ടനില്‍ സ്ഥിര താമസമാണ്. ഡാഡി ഈയിടെ ബക്കിംഹാം പാലസ് വിലക്ക് ചോദിച്ചിരുന്നു .അവര്‍ കൊടുത്തില്ല.പിന്നെ അന്‍പതിനായിരം സ്ക്വയര്‍ ഫീറ്റ് ഉള്ള ചെറിയ വീട് ഒരെണ്ണം വാങ്ങി അഡ്ജെസ്റ്റ് ചെയ്തു ."

പ്രത്യേക അറിയിപ്പ് : അഭിമുഖത്തിനിടെ പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനം മൂലം അന്തരിച്ച ഞങ്ങളുടെ സ്വന്തം ലേഖകന്‍റെ മൃതശരീരം നാളെ രാവിലെ പത്തു മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കുന്നതാണ്.ശവസംസ്കാരം തൈക്കാട് വീട്ട് വളപ്പില്‍ ഉച്ചക്ക്‌ പന്ത്രണ്ടരക്ക് നടക്കും.

5 comments:

Unknown said...

ഒരു പ്രത്യേക അറിയിപ്പ് ഇന്ന് കൂടിയ മീടിങ്ങില്‍ രാഷ്ട്രീയക്കാരെ ഇന്റര്‍വ്യൂ ചെയ്യാന്‍ LIC insuranse ഉള്ള ആളുകളെ മാതമേ അനുവദിക്കൂ എന്ന് തീരുമാനിച്ചതായി സദയം അറിയിക്കുന്നു
നന്നായിരിക്കുന്നു
ആശംസകള്‍
സജി തോമസ്

ഹരീഷ് തൊടുപുഴ said...

നീണ്ട ഒരു കൈയ്യടി....

Calvin H said...

നന്നായി :)

Chullanz said...

well said. when i read about this politicians i also feel like this only

ബോണ്‍സ് said...

ഇപ്പോള്‍ മുഴുവന്‍ സ്വത്ത് വെളിപ്പെടുതലിന്റെയും സമയം ആണല്ലോ! കലക്കി!!