Monday, March 30, 2009

കേരളത്തില്‍ പുലി വേട്ട: ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: അഭ്യന്തരമന്ത്രിയുടെ കാര്യാലയം

കേരളത്തില്‍ ഇറങ്ങിയ പുലികളില്‍ ഒരാളെ ജീവനോടെ പിടികൂടിയ കുട്ടമ്പിള്ളയെ കണ്ടതും മന്ത്രിയുടെ മുഖത്ത്‌ ചിരിയുടെ മത്താപ്പ് കത്തി. സ്പെഷ്യല്‍ സ്ക്വാഡിന്റെ ഉപമേധാവിയെങ്കിലും,കേരളാ പോലീസില്‍ നിന്നും ചട്ടം പഠിച്ച പിള്ള തറ കുലുക്കിയുള്ള സല്യൂട്ടിനും , വാ കൈ പൊത്തിയുള്ള നില്‍പ്പിനും ഒരു കുറവും വരുത്തിയില്ല.

മന്ത്രി:"ഇരിക്ക് പിള്ളേ ."

പിള്ള ഇരുന്നു ഇരുന്നില്ല എന്നാ മട്ടില്‍ ഒരു ഭാവം അവലംബിച്ചു

മന്ത്രി :"നിങ്ങള്‍ ഒരു സിംഹമാണെന്ന് ഞാന്‍ കേട്ടിരുന്നു . ഇപ്പോളാണ് ബോധ്യമായത്"

പിള്ള :ഇദ്ദേഹത്തിന്റെ ദയ"

മന്ത്രി :"എന്നിട്ട്...വിശദമായി പറയടോ . എങ്ങനെ കുരുക്കി അവനെ?"

പിള്ള :"അത് മിനിഞ്ഞാന്ന് ഉച്ചയോടെ പത്തു പതിനഞ്ച് പുലികള്‍ ചേര്‍ത്തല തീരത്തു വന്നിറങ്ങി എന്ന് ഐ ബി റിപ്പോര്‍ട്ട് കിട്ടിയായിരുന്നു. അവന്‍മാര്‍ കൊച്ചി ലക്ഷ്യമാക്കി നീങ്ങുന്നു എന്നും ഐ ബിക്കാര്‍ പറഞ്ഞായിരുന്നു സാറേ. ഞാനുടനെ കിട്ടാവുന്നതില്‍ ഏറ്റവും വേഗതയുള്ള വണ്ടിയൊരണ്ണം സംഘടിപ്പിച്ച് ചേര്‍ത്തലയില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വെച്ചടിച്ചു"

മന്ത്രി :"വെരി ഗുഡ്.പുലികള്‍ കൊച്ചിയിലെക്കല്ല കൊല്ലം ഭാഗത്തേക്കാണ് നീങ്ങാന്‍ സാധ്യത കൂടുതല്‍ എന്ന് പിള്ള ഊഹിച്ചു അല്ലേ?"

പിള്ള:"അല്ല സാറേ അവന്‍മാര്‍ കൊച്ചിയിലേക്ക് നീങ്ങുമ്പോള്‍ നമ്മള്‍ കൂടി അങ്ങോട്ടു പോയി, വെറുതെ വഴിയില്‍ വെച്ചു തമ്മില്‍ കണ്ടു എന്തിനാ ഒരു കശപിശയും വെടി വെയ്പ്പും ഒക്കെ എന്ന് കരുതിയാ ഞാന്‍ തിരുവനന്തപുരത്തേക്ക് പോന്നത്.വണ്ടി ഓച്ചിറ കഴിഞ്ഞപ്പോഴല്ലേ ഐ ബിയില്‍ കഴുപ്പണംക്കെട്ടവന്മാര്‍ വിളിച്ചു പറയുന്നത് പുലികള്‍ കൊല്ലം ഭാഗത്തേക്കാണ് പോന്നത് എന്ന്."

മന്ത്രി :"ഉടന്‍ പിള്ള കൊല്ലത്തേക്ക്‌ കുതിച്ചു അല്ലേ ?"

പിള്ള :"ഇല്ല സര്‍.ഞാന്‍ അല്‍പ്പം പാടുപ്പെട്ടിട്ടാണെങ്കിലും ഓച്ചിറ ഒരു ലോഡ്ജില്‍ മുറിയെടുത്തു ."

മന്ത്രി:"അപ്പോള്‍ കൊല്ലം കളക്ട്രേറ്റില്‍ പുലികള്‍ വെച്ച ബോംബ് നിര്‍വീര്യമാക്കിയത് പിള്ളയല്ലേ?"

പിള്ള :"എന്‍റെ പൊന്നു സാറേ മുറിയെടുത്ത വഴി നാലെണ്ണം വിട്ടേച്ച് നിര്‍വീര്യമായി കിടന്നുറങ്ങിയ ഞാന്‍ എന്ത് ചെയ്യാന്‍?അവന്‍മാര്‍ ബോംബിന്റെ ട്രിഗര്‍ കൊടുത്തത് അവിടുത്തെ മെയിന്‍ സ്വിച്ചില്‍. പൊട്ടിക്കാന്‍ നോക്കിയപ്പം പവര്‍ കട്ട് അര മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും ശ്രമിച്ചപ്പോള്‍,അടുത്തൊരിടത്ത് ഭരണ കക്ഷിയുടെ തിരഞ്ഞെടുപ്പ് യോഗം നടത്താന്‍ വേണ്ടി അഡീഷണല്‍ ലോഡ് വലിച്ചത് കാരണം ട്രിഗര്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട വോള്‍ട്ടേജ് ഇല്ല. പിന്നെയും ശ്രമിച്ചപ്പോള്‍ ഫ്യൂസ് അടിച്ചു പോയി.ഒടുവില്‍ അവന്‍മാര്‍ മടുത്ത് കളഞ്ഞിട്ട് പോവുകയായിരുന്നു"

മന്ത്രി:" പിന്നെ ഇപ്പോള്‍ പിടിയിലായവാന്‍ എങ്ങനെ നിങ്ങളുടെ വലയില്‍ വന്നു വീണു?"

പിള്ള:"ബോംബ് വെയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ട വിഷമത്തില്‍ രണ്ടെണ്ണം അടിക്കാന്‍ അവന്‍മാര്‍ നേരെ ചെന്ന് ഒരു ബാറില്‍ കയറി. അവന്‍മാരുടെ കഷ്ടകാലത്തിന് പുലികളില്‍ ഒരുത്തന്‍ ബോംബിന്റെ റിമോട്ട് പൊതിഞ്ഞിരുന്നത് പൂന്തുറ സിറാജ് ആര്‍ എസ് പിയിലെ ചന്ദ്രചൂഡനെ കളിയാക്കി ചെയ്ത പ്രസംഗം വിശദമായി വന്ന ഏതോ പത്രം കൊണ്ടായിരുന്നു.ബാറിലുണ്ടായിരുന്ന ആര്‍ എസ് പി അനുഭാവികള്‍ അവന്‍മാരെ എടുത്തിട്ട് ചളുക്കി.അവിടുന്ന് ഉയിരും കൊണ്ടോടിയ അവന്‍മാര്‍ ചെന്ന് പെട്ടത് ഇലക്ഷന്‍ പിരിവിന്റെ നടുവില്‍. ഒരു നാല് കവലകളില്‍ നിന്നുമായി ഭരണപക്ഷവും, പ്രതിപക്ഷവും , ഈര്‍ക്കില്‍ പാര്‍ട്ടികളും എല്ലാം കൂടി അവന്‍മാരുടെ കയ്യില്‍ നിന്നും നല്ലൊരു സംഘ്യ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പിരിച്ചു എന്നാ കേട്ടത് ."

മന്ത്രി :"പാവങ്ങള്‍!!! തെണ്ടി പോയിക്കാണും"

പിള്ള :"കഴിഞ്ഞില്ല സാറേ ...രാഷ്ട്രീയക്കാരുടെ പിരുവ് കഴിഞ്ഞു ഉത്സവം ,പള്ളിപ്പെരുന്നാള്‍ എന്നൊക്കെപ്പറഞ്ഞു പിരിവു പിന്നെയും കുറെ കൊടുക്കേണ്ടി വന്നു അവന്മാര്‍ക്ക്. ഒടുവില്‍ റോഡില്‍ ഇങ്ങനെ നടക്കുന്നത് അപകടമാണ് എന്ന് കരുതി അവന്‍മാര്‍ രണ്ട് കാറുകള്‍ മോഷ്ടിച്ച് തിരുവനന്തപുരത്തേക്ക് വരാന്‍ തീരുമാനിക്കുകയായിരുന്നത്രേ. ഹൈവേയില്‍ ചുരുങ്ങിയത് ഒരു പത്തിടത്തെങ്കിലും നമ്മുടെ പിള്ളാര്‍ അവന്‍മാരെ പിടിച്ച് ആ പെറ്റി, ഈ പെറ്റി ,മറ്റേ പെറ്റി എന്ന് ഒരു വഴിക്കാക്കി."

മന്ത്രി:"ഇപ്പോഴും പിള്ള പറഞ്ഞില്ല,അറസ്റ്റിലായവനെ എങ്ങനെ വലയിലാക്കി എന്ന് ?"

പിള്ള:"പിരുവും പെറ്റിയും കൊടുത്ത് അവന്‍മാര്‍ കൊണ്ട് വന്ന കാശെല്ലാം തീര്‍ന്നു. സയനൈഡ് കൊരുത്തിട്ടിരുന്ന മാലകള്‍ വരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഊരി വാങ്ങിയപ്പോള്‍ മറ്റൊരു ഗതിയുമില്ലാതെ, ഒരു നേരത്തെ ആഹരം കഴിക്കാന്‍ പോലും നിവൃത്തിയില്ലാതെ, അവന്‍ ഞാന്‍ മുറിയെടുത്തിരുന്ന ലോഡ്ജ് അന്വേഷിച്ചു കണ്ടു പിടിച്ച് 'എന്നെ തൂക്കി കൊല്ലണം' എന്ന അപേക്ഷയുമായി കീഴടങ്ങുകയായിരുന്നു സാര്‍"

മന്ത്രി :"അപ്പോള്‍ അവന്‍റെ കൂട്ടുകാര്‍?"

പിള്ള:"നീണ്ടകര പാലത്തിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു എന്നാ അവന്‍ പറഞ്ഞത്"

മന്ത്രി:"സത്യമായിരിക്കും. ഈ നാട്ടില്‍ ജീവിക്കുമ്പോള്‍ ഇടയ്ക്കിടെ എനിക്ക് വരെ ആത്മഹത്യ ചെയ്താല്‍ കൊള്ളാം എന്ന് തോന്നാറുണ്ട്. പിന്നല്ലേ ആ പാവങ്ങള്‍"

7 comments:

:: VM :: said...

ഹഹഹഹഹ!
കേരളത്തില്‍ തീവ്രവാദം ഇല്ലാതിരിക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്നുള്ള ഈ പരാക്രമങ്ങള്‍ തീര്‍ച്ചയായും അബിനന്ദനാര്‍ഹം തന്നെ!

അഫ്ഘാനിലും ഇറാക്കിലും മറ്റും അമേരിക്ക എന്ത്കൊണ്ട് ഈ ടെക്കനിക്ക് പരീക്ഷിക്കുന്നില്ല ആവോ?

കുട്ടമ്പിള്ളയേ ആന്റി ടെററിസ്റ്റ് വിങ്ങിന്റെ ഇന്റര്‍പോള്‍ മേധാവിയാക്ക്യാലോ??

Unknown said...

കുട്ടന്‍ പിള്ള ജയ് ജയ്
അടുത്ത് തന്നെ പ്രോമോഷനോട് കൂടി ജമ്മു കാശ്മീരിലേക്ക് പറഞ്ഞയക്കുന്നതാണ്
നന്നായിരിക്കുന്നു
ആശംസകള്‍
ഇനിയും വരാം സ്നേഹത്തോടെ സജി തോമസ്

കൂട്ടുകാരന്‍ | Friend said...

കേരളത്തിലിറങ്ങിയ പുലികള്‍ ഇവിടെ കണ്ട പുപ്പുലികളെ കണ്ടു ഭയപ്പെട്ടോടി . ഓടിയ വഴിയില്‍ പുല്ലുപോലും കിളിര്‍ക്കില്ല.. സംഭവം ജോര്‍... നടക്കട്ടെ..

Aadityan said...
This comment has been removed by the author.
Aadityan said...
This comment has been removed by the author.
Aadityan said...

കുട്ടന്‍ പിള്ള ജയ് ഹോ .upto date ആണല്ലോ keep going. All the best

Zebu Bull::മാണിക്കൻ said...

ഇതു കലക്കി :)