Friday, January 23, 2009

ഒബാമക്ക് സ്നേഹപൂര്‍വ്വം അമേരിക്കന്‍ ആന്റി

പ്രിയപ്പെട്ട പ്രസിഡന്റ്റ് (നീണ്ട പത്തു വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം എനിക്കും കിട്ടി അമേരിക്കന്‍ പൌരത്ത്വം ),
ആദ്യമായ് സ്ഥനാരോഹണത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
ഇന്ന് ഞാന്‍ അന്തസുള്ള ഒരു അമേരിക്കന്‍ പൌരയാണ്. എങ്കിലും എന്‍റെ 'പഴയ ' ജന്മനാടായ ഇന്ത്യയെന്ന മൂന്നാം കിട രാഷ്ട്രം (എക്സ്ക്യുസ് ദ സ്ലിപ് ... മൂന്നാം ലോക രാഷ്ട്രം ) ചില നേരങ്ങളില്‍ എന്നെ വല്ലാതെ ചിന്താകുലയാക്കുന്നു (തേങ്ങാ കുലയല്ല ) . പ്രത്യേകിച്ച് കേരളത്തെക്കുറിച്ചുള്ള ചിന്തകള്‍ .പ്രധാനമായും അതിനാലാണ് താങ്കള്‍ക്ക് ഞാനീ കത്ത് എഴുതുന്നത് .

താങ്കള്‍ സ്ഥാനമേറ്റാല്‍ ഉടന്‍ ഐ ടി ഔട്ട് സോര്‍സിങ്ങ് നിറുത്തലാക്കുവാനുള്ള നടപടികള്‍ തുടങ്ങും എന്നൊരു അഭ്യൂഹം കേള്‍ക്കുവാന്‍ തുടങ്ങിയിട്ട് നാളേറെയായി. അതിലെന്തെങ്കിലും വാസ്തവം ഉണ്ടോ എന്നറിയുവാന്‍ എനിക്ക് താത്പര്യം ഉണ്ട് . ഈ വിവരം സത്യമാണെങ്കില്‍...വെല്‍ഡണ്‍ സര്‍!!!. എത്രയും പെട്ടെന്ന് അത് നിറുത്തലാക്കി ,ഞങ്ങള്‍ പണ്ട് കാലത്ത് നേഴ്സുമാരായും ,ഭര്‍ത്താക്കന്‍മാരുടെ കഴുത്തില്‍ തൂങ്ങിയും ഇവിടെയെത്തിയ അമേരിക്കന്‍ ആന്റിമാര്‍ അനുഭവിക്കുന്ന മനോവ്യഥക്ക് ഒരു പരിഹാരം അങ്ങ് കാണണം .

പണ്ടൊക്കെ ഞങ്ങള്‍ അമേരിക്കന്‍ ആന്റിമാര്‍ കേരളത്തില്‍ അവധിക്ക് ചെന്നാല്‍ എന്നാ വെയിറ്റായിരുന്നു. ഞങ്ങളുടെ അമേരിക്കന്‍ പുരാണങ്ങള്‍ കേട്ട് അവിടുത്തെ അലവലാതി പെണ്ണുങ്ങള്‍ വായുമ്പൊളിച്ചിരിക്കുമായിരുന്നു . എന്നാല്‍ ഇന്ന് അതാണോ സ്ഥിതി? . ഓണ്‍ സൈറ്റ് പ്രോജെക്റ്റ്‌ എന്നെല്ലാം പറഞ്ഞ് കണ്ട അവലാതികള്‍ക്കൊക്കെ അമേരിക്കയില്‍ വരാം എന്നായിട്ടുണ്ട്. അതും സ്വന്തമായി അഞ്ചു പൈസ മുടക്കില്ലാതെ . മക് ഡൊണാള്‍ഡിസിലെ ഞങ്ങളുടെ ലഞ്ചും അതിന്‍റെ മെനുവുമൊക്കെ കേട്ട് , ഒന്നും മനസിലായിലെങ്കിലും വായില്‍ വെള്ളമൂറിച്ച് അസൂയപ്പെട്ടിരുന്ന കേരളത്തിലെ പെണ്ണുങ്ങളുടെ മക്കളും, സഹോദരങ്ങളും, ഭര്‍ത്താക്കന്മാരും ഇന്ന് അത് "രണ്ടു ഡോളറിന്റെ ഹാപ്പി മീല്‍സ് അല്ലേ ?" എന്ന് ചോദിച്ച് ഞങ്ങളെ കൂവുന്നു. ഇതു ന്യായമാണോ സര്‍? ഞങ്ങള്‍ക്കൊരു വിലയില്ലേ? പോട്ടെ , ഡോളറിന് ഒരു വിലയില്ലേ ?
ഡോളറിന് വിലയില്ലേ എന്ന് അവന്മാരോട് ചോദിച്ചപ്പോള്‍ പറയുകയാണ്‌ മൂന്ന് മാസത്തെ ഓണ്‍ സൈറ്റില്‍ അവന്‍മാര്‍ ഞങ്ങള്‍ ഒരു വര്‍ഷം ഉണ്ടാക്കുന്ന കാശ് ഡോളറില്‍ ഉണ്ടാക്കുമെന്ന് .നാട്ടില്‍ ബാങ്കില്‍ വീഴുന്ന ഇന്ത്യന്‍ ശമ്പളം പുറമെയും . പിന്നെ ഞങ്ങള്‍ കഷ്ട്ടപ്പെട്ട് ഇവിടോട്ട് വിമാനം കയറിയത് ഊഞ്ഞാലാടാനാണോ ?

കേരളത്തില്‍ ഈ ഐ ടി തെണ്ടികള്‍ കാരണം തലപൊക്കി നടക്കാന്‍ മേലാതായിട്ടുണ്ട്. ഞങ്ങള്‍ ഡിസ്നി ലാന്‍ഡിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ അവന്‍മാര്‍ വാഷിംഗ്‌ടണ്‍ ഓണ്‍ സൈറ്റ് കഴിഞ്ഞ് ന്യൂയോര്‍ക്ക് വഴി ലണ്ടനില്‍ എത്തി ഒരു ദിവസം അവിടെ തങ്ങി ലണ്ടണ്‍ ടവറിലും , മാഡം തുസാദ് മ്യുസിയത്തിലും ഒക്കെ പോയ കഥകള്‍ മറുപടിയായി പറയും .

ഈയിടക്ക് കേരളത്തില്‍ പോയപ്പോള്‍ ഒരുത്തന്‍ വാഷിംഗ്ടണ്‍ മുതല്‍ ന്യൂയോര്‍ക്ക് വരെ വെറുതെ ഉല്ലാസത്തിന് ചെയ്ത ട്രെയിന്‍ യാത്രയെക്കുറിച്ച് എന്നോട് പറഞ്ഞ് കളഞ്ഞു. അഹങ്കാരി. വര്‍ഷം പത്ത് പതിനഞ്ചായി ഞാന്‍ അമേരിക്കയില്‍ . ഇതുവരെ ഞാന്‍ ചെയ്തിട്ടില്ല ആ ട്രെയിന്‍ യാത്ര.
എന്നാല്‍ അവനിട്ട് ഒന്നു കൊട്ടാം എന്ന് കരുതി , അമേരിക്ക സമത്വ സുന്ദരമായ ഒരു സമ്പന്ന രാഷ്ട്രവും ,ഇന്ത്യ പിച്ചക്കാരെ മുട്ടിയിട്ട് വഴി നടക്കുവാന്‍ സാധിക്കാത്ത ഒരു രാജ്യവുമാണെന്ന് ഞാന്‍ പറഞ്ഞു. പണ്ടായിരുന്നെങ്കില്‍ ഇതു കേട്ടവന്‍ തലകറങ്ങി ഇരുന്നേനെ . പക്ഷേ ഈ ഐ ടി കുരുത്തംക്കെട്ടവന്‍ പറഞ്ഞ മറുപടി കേള്‍ക്കണോ ? " ആന്റി അന്ധേരി ചേരികളെക്കാള്‍ കഷ്ടമായ മാന്‍ഹട്ടനിലെ ഹെല്‍സ് കിച്ചന്‍ അല്ലേ ? " എന്നൊരു മറുചോദ്യം അവനെന്നോട് ചോദിച്ചു കളഞ്ഞു സര്‍. പോയില്ലേ കമ്പ്ലീറ്റ് മാനവും . എന്‍റെയും, അമേരിക്കയുടെയും.

ഇതെല്ലം ക്ഷമിക്കാം സര്‍ . പണ്ട് ഞങ്ങള്‍ ഇന്ത്യയില്‍ നിന്നും ഇവിടേയ്ക്ക് കുടിയേറുന്ന കുടുമ്പങ്ങള്‍ ,കുട്ടികള്‍ ജനിക്കുമ്പോള്‍ ഞങ്ങളുടെ മാതാ പിതാക്കളെ ഇവിടേയ്ക്ക് കൊണ്ട് വരുമായിരുന്നു . കുട്ടികള്‍ വളര്‍ന്ന് ഒരു പ്രായമാകുമ്പോള്‍ കിളവനെയും ,കിളവിയെയും തിരികെ നാട്ടിലേക്കയക്കാനും ബുദ്ധിമുട്ടില്ലായിരുന്നു. മക്കള്‍ക്ക്‌ ഞങ്ങളെ അമേരിക്ക കാണിക്കാന്‍ എന്തൊരുത്സാഹം എന്ന് കരുതി അന്നൊക്കെ അവര്‍ സന്തോഷത്തോടെ വന്ന് പോയിരുന്നു. പക്ഷേ ഐ ടിക്കാര്‍ മാസത്തില്‍ രണ്ട് തവണ വീതം ഇവിടെ കയറിയിറങ്ങാന്‍ തുടങ്ങിയ ശേഷം അതല്ല സ്ഥിതി. ആ ശല്യങ്ങളുടെ മാതാ പിതാക്കളോടുള്ള സഹവാസം കാരണം ഞങ്ങളുടെ അപ്പനമ്മച്ചിമാര്‍ ഇപ്പോള്‍ ഞങ്ങളോട് "നിന്‍റെ കൊച്ചിനെ നോക്കാന്‍ വേലക്കരായി വരാന്‍ ഞങ്ങള്‍ക്ക് സൌകര്യമില്ല" എന്ന് പറഞ്ഞ് തുടങ്ങിയിരിക്കുന്നു. ബേബി സിറ്റിങ്ങിന് പണം കൊടുത്ത് മുടിഞ്ഞു സര്‍,മുടിഞ്ഞു .

ഇതൊക്കെക്കൊണ്ടാണ്‌ ഞാന്‍ പറഞ്ഞത്, ഔട്ട് സോര്‍സിങ്ങ് നിറുത്തണം സര്‍. അതോടെ തീരും അവന്റെയൊക്കെ ജാഡ. ഞങ്ങള്‍ അമേരിക്കന്‍ ആന്റിമാര്‍ക്ക് കേരളത്തില്‍ ഉണ്ടായിരുന്ന ആ അന്തസ്സ് മടങ്ങി വരുകയും ചെയ്യും. താങ്കള്‍ എന്നെ നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു.

ഓഫ് ടോപിക് : സാധാരണ എന്ത് കാര്യത്തിനും നിയമോപദേശം, സാരോപദേശം, ഭരണഘടനാപരമായ ഉപദേശം ഇതൊക്കെ ഞാന്‍ സൌജന്യമായി ആള്‍ക്കാര്‍ക്ക്, അവര്‍ ചോദിക്കാതെ തന്നെ നല്‍കാറുണ്ട്. പക്ഷേ മറ്റു ഭരണകാര്യങ്ങള്‍ താങ്കള്‍ നോക്കീം കണ്ടും ചെയ്യും എന്ന വിശ്വാസത്തില്‍ തത്കാലം ഇവിടതിന് മുതിരുന്നില്ല .

സ്നേഹപൂര്‍വ്വം

എക്സ് മീനച്ചിലാറുകാരി,
അമേരിക്കന്‍ ആന്റി

**വായനക്കാരോട് : അമേരിക്കന്‍ ആന്റി ഒബാമക്ക് മലയാളത്തില്‍ കത്തെഴുതിയോ എന്ന സംശയം വേണ്ട . നാടു മറന്നാലും ചോട് മറക്കാത്ത ആ പുണ്യവതിയെ സംശയിച്ചാല്‍ നീയൊക്കെ നിത്യനരകത്തില്‍ പോകും .ഓര്‍ത്തോ **

14 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഐ ജസ്റ്റ് തിങ്ക്ഡ് അബൌട് യു എന്നു പറഞ്ഞ ഒരു ഐ.ടി ഉദ്യോഗസ്ഥനെ ഈയിടെ കണ്ടിരുന്നു.

നല്ല രസമായി വായിച്ചു

ശ്രീഹരി::Sreehari said...

പ്രിയേച്ചീ,
അതാണ് പ്രസന്റ് ഫ്യൂച്ചര്‍ പെര്‍ഫക്റ്റ് ടെന്‍സ്... :)

Anjali said...

കഴിഞ്ഞ പോസ്റ്റിന്റെ തല്ലും ബഹളവും തന്നെയാവും ഇവിടെ എന്ന് കരുതി വെറുതെ വന്നു നോക്കിയതാ. പോസ്റ്റ് പതിവു പോലെ രസിപ്പിച്ചു .
ആ ബേബി സിറ്റിംഗ് നൂറ് ശതമാനം സത്യസന്ധമായ നിരീക്ഷണം . അമേരിക്കയിലും , ബ്രിട്ടനിലും ഒക്കെ താമസിക്കുന്ന ഭൂരിഭാഗം മലയാളികളും കുട്ടികളെ നോക്കാന്‍ അച്ഛനമ്മമാരെ കൊണ്ടുപോകുന്നത് കണ്ടിട്ടിടുണ്ട്.

Aadityan said...

ഒരു വലിയ ബഹളം കഴിജതല്ലെ ഉള്ളു . പോസ്റ്റ് കല്‍ സ്ഥിരമായി നല്ല നിലവാരം പുലര്‍ത്തുന്നു.പണ്ടൊരിക്കല്‍ ഇത് പോലെ അമേരിക്കയിലെ വര്‍ണ വിവേചനം ellayima യെ കുറിച്ചു സംസാരിച്ച ആളോട്‌ ഒരു സായിപ്പു ചെയുന്ന അതെ ജോലി ചെയുന്ന ഏഷ്യന്‍ നു അതെ ശമ്പളം കിട്ടു മോ എന്ന് ചോദിച്ചതിനു കേട്ട തെറി !!!!
All the best keep going

ഓഫ് : ഇ സ്പീടിലാണ് പോസ്റ്റിങ്ങ്‌ എങ്കില്‍ പോസ്റ്റ് ഇല്ലാത്ത ദിവസം ഈന്നു കട മുടക്കം എന്നൊരു ബോര്‍ഡ് വൈകവുന്നതാണ്

Anil said...

കിടിലന്‍ (പോസ്റ്റും , കമന്റ്സും)
:)

Anonymous said...

:)

ഷഫീര്‍ said...

അമേരിക്കന്‍ പൊങ്ങച്ചത്തിന്റെ കഥ ഇഷ്ടപ്പെട്ടു. ആശംസകള്‍

::: VM ::: said...

ഹഹഹ! ആന്റ്റി വെഷമിക്കണ്ടാ, നാട്ടില്‍ തന്നെ കൊറെയെണ്ണം ഇപ്പോ സൌസറു കീറിയിരിക്കുവാ.

അമ്മായിയുടെ പ്രാര്‍ത്ഥനകൂടി ഒബാമണ്ണന്‍ കേട്ടാ പിന്നെ, നിങ്ങടെ പഴേ പ്രതാപം തിരിച്ചു വരും!

ബേബി സിറ്റിങ്ങിനു കാശൂ ചെലവാണേല്‍, ആന്റിയുടെ ബേബിയോട് സ്റ്റാന്‍ഡ്-അപ് എന്നു പറഞ്ഞേച്ചാ പോരേ? ;)

Anonymous said...

രസകരമായിരിക്കുന്നു.

പോസ്റ്റിന് ബെർളി ടച്ച് ഉണ്ടോ എന്നു സംശയം,

ഇനി ഇതും ബെർളി തന്നെ ആണോ ???

ArjunKrishna said...

അനോണിമസ് : ഈ ചോദ്യത്തിന് മുന്പ് ആദിത്യന്‍ എന്നയാളോട് വിശദമായി മറുപടി പറഞ്ഞതാണ് . എങ്കിലും പറയാം . അത് 'വേ' ഇതു 'റേ'.
ഒരുചോദ്യം ഇനി അങ്ങോട്ട്. ശൈലിയിലോ , ഭാഷയിലോ , എവിടെയാണ് ഈ ടച്ച് കണ്ടത് എന്ന് കൂടി വ്യക്തമാക്കാമോ?

Anonymous said...

ഇച്ചായാ. ഇപ്പോൾ നേരമില്ല. സമയം കിട്ടിയാൽ അറിയിക്കാം.

ഒറിജിനൽ ബെർളിയുടെ പോസ്റ്റും ഇതു കൂടി കൂട്ടി വായിച്ചാൽ മനസ്സിലാകും, അതു എനിക്ക് അനുഭവപ്പെട്ടത് കൊണ്ട് പറഞ്ഞതാണ്.
സോറി സാർ.

ഇനി അതിന്മെൽ തൂങ്ങി കേസിനൊന്നും പോകരുത്.

ArjunKrishna said...

ഇല്ല കുട്ടി സാറ് കേസ് കൊടുന്നില്ല . കരയണ്ട . സമയം പോലെ വന്നു കുട്ടി പറഞ്ഞ സാമ്യം ഒന്ന് വിശദീകരിച്ചാല്‍ മതി . വരണം ,ഞാന്‍ കാത്തിരിക്കും. കൂട്ടിയും ,കുറച്ചും വായിച്ചിട്ടും എനിക്ക് ബെര്‍ളി തോമസിന്റെയും (ബെര്‍ളി എന്ന് ഉദ്ദേശിച്ചത് ബെര്‍ളിത്തരങ്ങള്‍ എഴുതുന്ന ബെര്‍ളിയെ തന്നെയല്ലേ? ) എന്‍റെയും ഭാഷ തമ്മില്‍ അജഗജാന്തരം അനുഭവപ്പെടുന്നു. ചിലപ്പോള്‍ എഴുതിയ ഞാന്‍ തന്നെ വായിച്ചത് കൊണ്ടാവാം .

പിന്നെ കത്ത് പോസ്റ്റായി ഇട്ടതാണ് സാമ്യതയെങ്കില്‍ അമേരിക്കന്‍ ആന്റിയുടെ ഒബാമയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ എഴുത്ത് പകര്‍പ്പ് അമേരിക്കന്‍ സീക്രട്ട് സര്‍വീസ് വിട്ട് തരാത്തതിനാലും , ആന്റി ഒബാമയുടെ ശ്രദ്ധക്ക് എന്ന ടി വീ പരസ്യം ഇതുവരെ നല്‍കാത്തതിനാലുമാണ് കത്തില്‍ ആ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്

Aadityan said...

മുകളില്‍ പറഞ്ഞ ചോദ്യം ആദ്യമായി ചോദിച്ച വ്യക്തി എന്ന നിലക്ക് പറഞ്ഞോട്ടെ. ആശയ പരമായ similarities അന്ന് എന്നെ കൊണ്ടു അത് ചൊദിപ്പിചതു. പിന്നീട് ezhutinthe ശൈലിയിലുള്ള ദിഫ്ഫെരെന്‍സ് ഉം മുന്പ് വന്ന തങ്ങളുടെ ചില പോസ്റ്കളും കണ്ടപ്പോള്‍ എന്തെ തെടിധാരണ മാറി . പോസ്റ്റിങ്ങ്‌ ആശയങ്ങളില്‍ നിങ്ങള്‍ രണ്ടുപേരും ചിലപ്പോളൊക്കെ ഒരേ രീതിയില്‍ (ഒരേ ടോപ്പിക്ക്) എഴുടരുന്ടെന്നത് സത്യം. അതാകാം ഈ സംശയം ഉണ്ടാക്കിയത് .പിന്നെ തങ്ങള്‍ അരയാല്‍ എന്ത്? പോസ്റ്റ് നന്നാകുന്നുണ്ട് .keep going

Anonymous said...

dear AK;
i just finishd reading all ur 2009 posts. in some stories i felt blogger charly touch . i think its cos of the super hero "AK" character.But ur style of criticism is superb man. hats off to u. i dont have varamozhy installed now. dats y english comment. kshamikkuka