Wednesday, January 28, 2009

ഭാരതീയ നാരികള്‍ക്ക്‌ എ കെ വാനര പരിവാര്‍ വക പെരുമാറ്റച്ചട്ടങ്ങള്‍

സമീപ കാലത്തായി, പ്രത്യേകിച്ച് മെട്രോ നഗരങ്ങളിലും , അവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും ഭാരതീയ നാരികള്‍ നമ്മുടെ പൈതൃകത്തെയും, സംസ്കാരത്തെയും അവഗണിച്ച് തുടങ്ങിയ വിവരം വാനര പരിവാറിന്റെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു . അത്തരം സ്ത്രീകള്‍ക്കുള്ള അവസാന താകീതും, ഭാരത സ്ത്രീകള്‍ പൊതുവേ എങ്ങിനെ ജീവിക്കണം എന്ന അനുശാനങ്ങളും പൊതുജന ശ്രദ്ധക്കായ് പ്രസിദ്ധീകരിക്കുന്നു :

1 ) പതിവായി ബാറുകളിലും ,പബ്ബുകളിലും പോകുന്ന സ്‌ത്രീകള്‍ ഇന്നുമുതല്‍ അതാത്‌ പ്രദേശങ്ങളിലെ വാനര പരിവാര്‍ കാര്യാലയങ്ങളില്‍ എത്തുക. ബിയറിന് പകരം പുണ്യാഹവും , ടച്ചിംഗ്സിനായ് ത്രിമധുരവും സൌജന്യമായി ഇവിടങ്ങളില്‍ വിതരണം ചെയ്യുന്നതാണ് .

2 ) വസ്ത്രധാരണത്തിലും സ്‌ത്രീകള്‍ ഇന്ന് മുതല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ് . ഇറക്കം കുറഞ്ഞവ ,ഇറുകിപ്പിടിച്ചവ തുടങ്ങിയ വസ്ത്രങ്ങള്‍ നിങ്ങള്‍ ധരിച്ചാല്‍ അതുകാണുന്ന ഞങ്ങളുടെ പരിവാറിലെ എഴുന്നേറ്റ് നില്‍ക്കുവാന്‍ ശേഷിയില്ലാത്ത വന്ധ്യ (ക്ഷമിക്കണം വന്ദ്യ എന്ന് തിരുത്തി വായിക്കുക ) വയോധിക നേതാകള്‍ക്ക് അതി രക്തസമ്മര്‍ദ്ദം ,മസ്തിഷ്കാഘാതം . ഹൃദയസ്തംഭനം തുടങ്ങിയവ ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ കഴിയുന്നതും നിങ്ങള്‍ കാല്‍നഖം പോലും പുറത്ത്‌ കാട്ടാതിരിക്കുവാന്‍ ശ്രദ്ധിക്കുക .

3 ) വലെന്‍റൈന്സ് ഡേ , ഫ്രണ്ട്ഷിപ്പ് ഡേ തുടങ്ങിയ സാംസ്കാരിക അനാചാരങ്ങള്‍ ഒന്നും തന്നെ ഇനി മുതല്‍ അനുവദിക്കുന്നതല്ലാ. പകരം സ്നേഹത്തിന്റെയും , ശാന്തിയുടെയും സന്ദേശവാഹകരായ ദാരാ സിംഗ് ( ഗ്രഹാം സ്റ്റെയിന്‍സ് ഫെയിം ) , ഡോ : തൊഗാഡിയാ തുടങ്ങിയവരുടെ ജന്മജയന്തികള്‍ നിങ്ങള്‍ക്ക് പ്രണയത്തിനും, സൌഹൃദത്തിനുമുള്ള ദിനങ്ങളായി ആഘോഷിക്കാം.

4)) പ്രണയം മേലില്‍ നിങ്ങള്‍ ആശംസാ കാര്‍ഡുകള്‍ വഴി പ്രണയിതാവിനെ അറിയിച്ചു പോകരുത്. പ്രണയ ലേഖനങ്ങള്‍ക്ക് ശാകുന്തളത്തെ മാത്രം മാതൃകയാക്കുക. താമരയിലയില്‍ എഴുത്താണി കൊണ്ട് നിങ്ങള്‍ എഴുതുന്ന പ്രണയ ലേഖനങ്ങള്‍ നിങ്ങളുടെ അടുത്തുള്ള വാനര പരിവാര്‍ കാര്യാലയങ്ങളില്‍ ഏല്‍പ്പിക്കുക. അവയിലെ ഭാഷ ഭാരതീയ സംസ്കാരത്തെ മുറിവേല്‍പ്പിക്കുന്നില്ലാ എന്ന് ഉറപ്പ് വരുത്തിയ ശേഷം, പരിവാര്‍ വാനരന്മാര്‍ അത് നിങ്ങളുടെ കമിതാകള്‍ക്ക് കൈമാറുന്നതായിരിക്കും .

5) ) എം ടീവി, ചാനല്‍ വീ എന്നിവ പൂര്‍ണ്ണമായും സ്‌ത്രീകള്‍ വര്‍ജ്ജിക്കേണ്ടതാണ് . പകരം വനരസേനയുടെ സ്വന്തം ചാനലുകളില്‍ സന്യാസി / സന്യാസിനീ പ്രമുഖര്‍ നടത്തുന്ന ആത്മീയ പ്രഭാഷണങ്ങളും , ഗീതാ ഗീഥികളും കാണുക. പ്രസ്തുത യോഗി, യോഗിനിമാര്‍ എവിടെയെങ്കിലും ബോംബ് വെക്കാന്‍ പോവുന്ന വേളയില്‍ നിങ്ങള്‍ രാമായണം , സ്വാമി അയ്യപ്പന്‍, ജയ് ഹനുമാന്‍ എന്നീ പുണ്യ പുരാണ സീരിയലുകളുടെ പുനഃസംപ്രേക്ഷണം കണ്ട് നിര്‍വൃതിയടഞ്ഞു കൊള്ളണം .

6) പ്രസ്തുത സീരിയലുകളില്‍, സ്‌ത്രീകള്‍ ഭര്‍ത്താക്കന്‍മ്മാരെ സംബോധന ചെയ്യും വിധം 'ആര്യ പുത്രാ' , 'നാഥാ' , 'പ്രിയതമാ', 'പ്രഭോ' എന്നൊക്കെ വേണം നിങ്ങള്‍ ഇന്ന് മുതല്‍ ഭര്‍ത്താക്കന്മാരെ സംബോധന ചെയ്യുവാന്‍ . നിങ്ങളുടെ അയല്‍പക്കത്ത്‌ നാഥന്‍ എന്നൊരാള്‍ താമസമുണ്ടെങ്കില്‍ 'നാഥാ' എന്ന വിളി വാനര പരിവാറിന്റെ മുന്‍സമ്മതത്തോടെ ഒഴിവാക്കാം .

7 ) എന്ത് തന്നെ പ്രകോപനം ഉണ്ടായാലും, സ്‌ത്രീകള്‍ ഇന്ന് മുതല്‍ അസഭ്യ വാക്കുകള്‍ ഉച്ചരിക്കാന്‍ പാടുള്ളതല്ല. ആംഗലേയത്തിലുള്ള തെറി തീരെ പാടില്ല. ബസ്സിലോ , ഓഫീസിലോ വെച്ച് ഒരുവന്‍ നിങ്ങളെ കൈയ്യേറ്റം ചെയ്‌താല്‍ പോലും "പാപി, നീചാ ,നിനക്കുള്ള ശിക്ഷ ഭഗവാന്‍ തന്ന് കൊള്ളും" എന്ന് മാത്രമേ പറയുവാന്‍ പാടുള്ളു. അതും കണ്ണീരോടെ . അതാണ്‌ ഭാരത സ്ത്രീകളുടെ ഭാവശുദ്ധി എന്ന് മനസിലാക്കുക.

8) ) വിവാഹിതരായ സ്‌ത്രീകള്‍ പതിവൃതകളും , ശീലാവതിയുടെ സ്വഭാവമുള്ളവരുമായിരിക്കണം. നിങ്ങളുടെ ഭര്‍ത്താവിന് വേശ്യാഗമനത്തിന് താത്പര്യമുണ്ടെങ്കില്‍ , നിങ്ങള്‍ തന്നെ അദ്ദേഹത്തെ വേശ്യയുടെ അരുകില്‍ എത്തിക്കേണ്ടതാണ്. വേശ്യയുടെ വീട്ടിലേക്ക് ,നിങ്ങള്‍ ഭര്‍ത്താവിനെ ചുമലില്‍ ചുമക്കണം എന്നൊന്നും ഞങ്ങള്‍ പറയില്ല. കാറിലോ,ഓട്ടോയിലോ കൊണ്ട് വിട്ടാല്‍ മതി.

9) ഭര്‍ത്താവിന്റെ മരണ ശേഷം സ്ത്രീയുടെ ജീവിതം വ്യര്‍ത്ഥം എന്ന പ്രപഞ്ച സത്യം തിരിച്ചറിഞ്ഞ്, ഉടന്തടി ചാടി സതി അനുഷ്ടിക്കാന്‍ നിങ്ങള്‍ എപ്പോഴും സന്നദ്ധരായിരിക്കണം . ഇനി നിങ്ങളുടെ ഭര്‍ത്താവിനെ ,കൈയിലിരുപ്പിന്റെ ഗുണം കാരണം നാട്ടുക്കാര്‍ തല്ലിക്കൊന്നതാണെങ്കില്‍ കൂടി ,നിങ്ങള്‍ സതി അനുഷ്ടിച്ചേ മതിയാവു.അതാണ്‌ നമ്മുടെ സംസ്കാരം,മറക്കരുത്.

ഇന്ന് മുതല്‍ മേല്‍പ്പറഞ്ഞ നിയമാവലി ഭാരതത്തിലെ എല്ലാ സ്ത്രീകളും അക്ഷരംപ്രതി പാലിക്കേണ്ടതാണ്. ഇവ ലംഘിക്കുന്നവരെ വാനര പരിവാറിന്റെ സദാചാര പോലീസുകാരായ 'ജാംബവാന്‍ ദള്‍' , 'ജടായു സേന' എന്നിവയുടെ പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുന്നതായിരിക്കും . ഈ പ്രവര്‍ത്തകര്‍ സദാ രാമനും, കൃഷ്ണനും, ഹനുമാനും വേണ്ടി മുദ്രാവാക്യം വിളിക്കുന്നവരെങ്കിലും, പ്രകൃതിയാ രാവണന്റെ സ്വഭാവമുള്ളവരും ഞരമ്പ് രോഗികളുമായതിനാല്‍, നിയമങ്ങള്‍ പാലിക്കാത്ത സ്ത്രീകളെ ഇവര്‍ പീഡിപ്പിച്ചാല്‍ വാനര പരിവാര്‍ അതിന്‍റെ ഉത്തരവാദിത്ത്വം ഏല്‍ക്കുന്നതല്ലാ.

ഈ നിയമാവലിയിലെ നിയമങ്ങള്‍ ഒന്നും തന്നെ വനരസേനയുടെ നേതാക്കളുടെ കുടുമ്പങ്ങളിലെ സ്ത്രീകള്‍ക്ക് ബാധകമല്ല എന്നും ഇതിനാല്‍ അറിയിച്ച് കൊള്ളുന്നു.

സാംസ്കാരിക വെറിയോടെ,
പരിവാര്‍ വാനര മുഖ്യന്‍:
മഹോദയ് എ കെ

14 comments:

ശ്രീഹരി::Sreehari said...

നന്നായി...

...പകല്‍കിനാവന്‍...daYdreamEr... said...

ഈ നിയമാവലിയിലെ നിയമങ്ങള്‍ ഒന്നും തന്നെ വനരസേനയുടെ നേതാക്കളുടെ കുടുമ്പങ്ങളിലെ സ്ത്രീകള്‍ക്ക് ബാധകമല്ല എന്നും ഇതിനാല്‍ അറിയിച്ച് കൊള്ളുന്നു.

ഡും ഡും ഡും....!!!

Karuthedam said...

നന്നായി..
പാവം ഓമന കുട്ടി ലോക സുന്ദരി മത്സരത്തില്‍ runner up ആയപ്പോള്‍ സദാചാര ബോധം കൊണ്ട് പൊറുതിമുട്ടിയ നാടല്ലെ ഇത്.
പക്ഷെ പെണ്ണുങ്ങളും ഒന്ന് ചിന്തിച്ചാല്‍ നന്ന്. ബാറിലും പബ്ബിലും പോയി തുറന്നു കാട്ടിയാല്‍ വാനരപരിവാരല്ല ചിലപ്പോള്‍ സാധാരണ മനുഷ്യരും control വിട്ടു പെരുമാറിയെന്ന് വരും. അന്ന് രക്ഷിക്കാനും സങ്കടപെടാനും വീട്ടുകാരെ കാണൂ.

Aadityan said...

നമ്മുടെ യുവതലമുറയുടെ പോകു ശരിയന്നെന്നു ആരും പറയില്ല .സായിപ്പു കൊണ്ടു നടക്കുന്ന നല്ല സ്വഭാവങ്ങള്‍ കണ്ടില്ലെന്നു നടിച്ചു ചീത്ത കരിയങ്ങള്‍ അത് പോലെ അനുകരിക്കാനുള്ള പ്രവണത അന്ന് കാണാറുള്ളത്‌ .പക്ഷെ ഇതിനെതിരെ നിയമം കയിലെടുക്കുനത് ഒരു കാരണവശാലും ന്യായികരിക്കാന്‍ പറ്റില്ല .പോസ്റ്റ് നന്നായി .ജാംബവാന്‍ ദാല്‍ നിങ്ങളെ കൈ കാരിയം ചെയുമോ ? ഒന്നു ശ്രടിക്കന്നെ .ഓള്‍ ദ ബെസ്റ്റ്

Aadityan said...

:)

Anjali said...

പെണ്‍കുട്ടികള്‍ പബ്ബില്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഈ സേനക്കാരെ രാമന്‍ നേരിട്ട് എല്‍പ്പിച്ചിട്ടുണ്ടാവും. അല്ലേ? നര്‍മ്മമായി പറഞ്ഞുവെങ്കിലും പോസ്റ്റിലെ നിയമാവലി, ഇതിങ്ങനെ മുന്നോട്ടുപോയാല്‍ ചിലപ്പോള്‍ സത്യത്തില്‍ പ്രാബല്യത്തില്‍ വരും. പോസ്റ്റ് കുറിക്ക് കൊള്ളുന്നുണ്ട്.

Anonymous said...

അണ്ണാ ഞാന്‍ ഒരു പബ്ബു തുടങ്ങുന്നുണ്ട്, അണ്ണന്റെ ഭാര്യയേയും, അമ്മയേയും, പെന്‍ഗ്ഗന്മാരേയും ഒക്കെ അവിടെ വിട്ട് ഇതൊരു വന്‍ വിജയമാക്കി തരുമല്ലോ - സസ്നേഹം പബ്ബനുകൂലി സമിതി

നാട്ടുകാരന്‍ said...

നന്നായിട്ടുണ്ട് ......അഭിനന്ദനങ്ങള്‍!
എന്‍റെ നാട്ടു കാഴ്ചകള്‍ കണ്ടിട്ടുണ്ടോ?

ArjunKrishna said...

അനോണി : മാഷിന് സ്വന്തം കുടുമ്പത്തിലെ സ്ത്രീകളോടുള്ള ബഹുമാനം വ്യക്തമാക്കുന്ന വാക്കുകള്‍. പറഞ്ഞാതാണ് പോയന്റ് ,കുടുംബക്കാര്‍ക്കില്ലാത്ത വിഷമം പുറത്ത്‌ നിന്നും വരുന്ന ഞരമ്പ്‌ രോഗികള്‍ക്ക്‌ ഉണ്ടാവേണ്ട കാര്യം? അതോ സ്ത്രീകള്‍ പബ്ബില്‍ പോകുന്നത് അനുവദിച്ചാല്‍ സ്വന്തം കുടുംബത്തിലുളളവരും അത് തുടങ്ങും എന്ന ഭയമോ? എനിക്കെന്തായാലും ആ ഭയം ഇല്ല .
പിന്നെ കമന്റിന്റെ മൊത്തതിലെ ഭാഷക്കുള്ള മറുപടി: ഒന്നു പോടാ ചെക്കാ അവിടുന്ന്.എന്‍റെ വായില്‍ നിന്നും തെറി കേള്‍ക്കണമെങ്കിലും അതിനിനും വേണം ഒരു മിനിമം ക്ലാസ് . നിനക്ക് അതില്ല .അതാവുന്ന കാലത്ത് വാ . ആലോചിക്കാം

ഷഫീര്‍ said...

ഒന്നും മറുപടി നല്‍കാന്‍ ഇല്ലാത്ത വിധം മുഖമടച്ച് എഴുതുന്ന പോസ്റ്റുകളില്‍ സാധാരണ സഖാക്കളാണ് എഴുതിയവന്റെ തള്ളക്ക് വിളിച്ച് കെറുവ് തീര്‍ക്കുന്നത് . ഇതിപ്പോ സംഘപരിവാര്‍ സഹോദരങ്ങളും അനോണികളായി ഈ പരിപാടി തുടങ്ങിയോ?
പോസ്റ്റ് നന്നായി എ കെ . ഇരട്ടത്താപ്പുകള്‍ മനോഹരമായി പൊളിച്ച്ചടുക്കിയിട്ടുണ്ട്

മാരാര്‍ said...

കലക്കി.. ഇതു തമാശയല്ല. ഇതില്‍ 80% ഇപ്പൊള്‍ നടന്നു കൊണ്ടിരിക്കുന്നതു തന്നെ

Anonymous said...

ലോകത്തിലെ മൂല്യച്യുതിക്ക് കാരണം വസ്ത്രങ്ങളുടെ കണ്ടുപിടുത്തമാണ്. വസ്ത്രം ഉള്ളതുകൊണ്ടാണു അത് അഴിക്കണമെന്ന് തോന്നുന്നത്. അഴിക്കാന്‍ വസ്ത്രമില്ലെങ്കിലോ? തൊലി അഴിക്കാന്‍ പറ്റുമോ? തിരുവിതാംകൂറില്‍ നിന്ന് പോയി തമിഴകത്തിന്റെ നക്ഷത്രക്കണ്ണായ ഒരു താരത്തിനു ഇനി ഉരിയാന്‍ അത് മാത്ര്മേ ഉള്ളു എന്ന് കോടതിക്ക് പോലും തോന്നി. അതു കൊണ്ട് വസ്ത്രം ഒരു ഭാരതീയമായ ഒരു സംഗതിയല്ല. ദരിദ്രനാരായണനു എവിടെ വസ്ത്രം? അവന്റെ അത്യുന്നത ആരാദ്ധ്യപുരുഷനു കഷ്ടിച്ച് അരമറയ്ക്കാന്‍ ഒരാനത്തോലുണ്ട്. അത്രേയുള്ളു. അതു കൊണ്ട് തുണി നമുക്ക് വേണ്ടാ എന്നുള്ളത് ന്യായമാണു. ആരും തുണിയുടുക്കാതായാല്‍ പിന്നെ എന്തു പ്രശ്നം? ഒരു തമാശ പറയട്ടെ.... വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്ലൌസിടണമെന്ന് പറഞ്ഞ് സമരം ചെയ്തു. വലിയ ലഹളയായിരുന്നു. ഇപ്പോഴത്തെ കോലം കണ്ടാല്‍ അതെന്തിനായിരുന്നു എന്ന് ആശ്ചര്യം തോന്നും.

ArjunKrishna said...

അനോണി , ബെസ്റ്റ് ...നിങ്ങളാണ് ശരിക്കുള്ള ഇന്ത്യക്കാരന്‍ ,അതിലുപരി 916 മലയാളി. വ്യകതികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോള്‍ മതം , നയന്‍താര ,ശിവന്‍ ...ബെസ്റ്റ് കണ്ണാ ബെസ്റ്റ്.

AM I A HINDU? said...

With all due respects and regards to every one, using force to stop women going to a bar or celebrating Valentine's day is counter productive.

Apart from that these kind of acts will only make younger generation to leave our culture/religion in droves and embrace other religions.

From my personal experience, I have seen many young Hindus leaving Hinduism since they feel Hinduism is complex and dogmatic.

On my part, I am the author of AM I A HINDU? [www.amiahindu.com] which sold many copies around the globe.

So we should NOT be very careful when ever we enforce all these things, specailly since we are a culture which has "Kama Sutra" and " Tantras".

Voltaire in Essay on Tolerance wrote: I may disagree with what you say, but I will defend to the death, your right to say it.

Hinduism is the symbolic representation of what Voltaire wrote.