Sunday, March 1, 2009

നാന്‍ കടവുള്‍:ഒരു മലയാളി പ്രേക്ഷകന്‍റെ നിരൂപണം

വായനക്കാരുടെ കത്തുകളില്‍ നിന്നും തമോഗര്‍ത്തം ചീഫ് എഡിറ്റര്‍ എ കെ നേരിട്ട് തിരഞ്ഞെടുത്ത കത്ത് :

നാന്‍ കടവുള്‍ എന്ന  തമിഴ് ചിത്രത്തെയും,ബാല എന്ന സംവിധായകനെയും എന്തിനാണ് പ്രേക്ഷകര്‍ ഇത്രത്തോളം വാഴ്ത്തുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
സത്യത്തിലീ ചിത്രം കണ്ടപ്പോളാണ് ഷാജി കൈലാസ്, വിനയന്‍, പ്രിയദര്‍ശന്‍ തുടങ്ങിയ നമ്മുടെ മലയാളി സംവിധായകന്മാരുടെ മഹത്വം എനിക്ക് ബോധ്യപ്പെട്ടത്‌. ബാല എന്നയാ തമിഴന്‍ വെറുതേ രണ്ട്,രണ്ടര കൊല്ലം അങ്ങേരുടെയും ,അഭിനേതാക്കളുടെയും സമയം പാഴാക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ. ഒപ്പം നിര്‍മ്മാതാക്കളുടെ പണവും.
നമ്മുടെ മലയാളത്തിലെ ചുണക്കുട്ടികളായ സംവിധാന പ്രതിഭകള്‍ ഇതേ ചിത്രം,കുറഞ്ഞ ചിലവില്‍,കുറഞ്ഞ സമയത്തില്‍,കൂടുതല്‍ ഇംപാക്റ്റ് കൊടുത്ത് ചെയ്തേനെ.

ഇപ്പോള്‍ തന്നെ നമ്മുടെ ഷാജി കൈലാസ് എങ്ങാനുമായിരുന്നിരിക്കണം ഈ ചിത്രത്തിന്‍റെ സംവിധായകന്‍.
ചിത്രത്തിലെ നായകനായ ആര്യയുടെ ഇന്ട്രോ, എരിഞ്ഞ് കത്തുന്ന ചിതകള്‍ക്ക് നടുവില്‍ ഉര്‍ത്തവ പത്മാസനത്തില്‍ (തലകുത്തി നിന്ന്,കാലുകള്‍ ചമ്രം പിണച്ചു വെയ്ക്കുന്ന രീതി) നില്‍ക്കുന്നതായിട്ടാണ്.

ഷാജി നായകന്റെ ഇന്ട്രോക്ക് മോഹന്‍ലാലിനെ വെച്ച് കൂടുതല്‍ പഞ്ച് നല്‍കുമായിരുന്നു.
കാശിയില്‍, ചിതകള്‍ എരിഞ്ഞു കത്തുന്ന പുക ഉയരുന്നതിനിടയില്‍ കുറേ അഘോര സന്യാസിമാര്‍ , നായകനെ അന്വേഷിച്ചെത്തുന്ന പിതാവിനോട് 'സന്യാസിമാരിലെ നരസിംഹം വരാനിരിക്കുന്നതേയുള്ളു' എന്ന് പറയുകയും , അത് വഴി പ്രേക്ഷകനെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുകയും ചെയ്തേനെ.
ഒടുവില്‍ 'നരസിംഹം' എന്ന ഗാനത്തിന്റെ തന്നെ അകമ്പടിയോടെ, ഉയരുന്ന പുകയ്ക്കും, ചാമ്പലിനുമിടയിലൂടെ ,ചുവന്ന നിറത്തിലെ തുറന്ന ജീപ്പ് ഓടിച്ച് മോഹന്‍ലാല്‍ സ്ക്രീനിലേക്ക് രംഗപ്രവേശം ചെയ്യും. ജീപ്പില്‍ നിന്നും അദ്ദേഹം കാല്‍ നിലത്ത്‌ കുത്തുമ്പോള്‍, സ്ക്രീന്‍ മൊത്തം ഭൂമികുലുക്കം ഉണ്ടായത് പോലെ ഒന്ന് കുലുങ്ങും.
ഈ ഇംപാക്റ്റ് കിട്ടിയോ ബാലയുടെ നാന്‍ കടവുള്‍ കണ്ട ഏതെങ്കിലും പ്രേക്ഷകന്? ഇല്ലല്ലോ? അതാണ്‌ പറഞ്ഞത് ഷാജി കൈലാസ് പുലിയാണെന്ന്.

ഇന്ട്രോയില്‍ തന്നെ 'ശിവോഹം' എന്ന ഗാനത്തിനിടയില്‍ ,ആര്യയുടെ രുദ്രന്‍ എന്ന കഥാപാത്രം, കുറച്ചാള്‍ക്കാരുമായ് പോരാടുന്ന രംഗങ്ങള്‍ ബാല കാണിക്കുന്നുണ്ട്‌. അഘോരികള്‍ ദുഷ്ടന്മാരെ തിരിച്ചറിയുകയും, അവരെ നിഗ്രഹിക്കാന്‍ സ്വയം കാലഭൈരവ രൂപം സ്വീകരിക്കുകയും ചെയ്യുമെന്ന് ഒരു കിളവന്‍ സ്വാമി ആദ്യ രംഗങ്ങളിലൊന്നില്‍ പറയുന്നത് കൊണ്ട് മാത്രം, ആ സംഘട്ടനത്തിന്റെ ഉദ്ദേശം പ്രേക്ഷകര്‍ക്ക്‌ പൂര്‍ണ്ണമായി മനസിലാകണം എന്നില്ല.
ഷാജി കൈലാസ് ഈ ചിത്രം സംവിധാനം ചെയ്തിരുന്നെങ്കില്‍, വല്ല സിദ്ധിഖിനെയും കാശിയില്‍ ശ്മശാനങ്ങള്‍ കൈയേറുന്ന ഭൂ-മാഫിയാ തലവനായി അവതരിപ്പിച്ച് ,ഒടുവില്‍ മോഹന്‍ലാല്‍ വന്ന് അയാളെ അടിച്ച് കൊല്ലുന്നത് കാണിച്ച് തിയറ്ററുകളില്‍ കരഘോഷം ഉയര്‍ത്തിയേനെ.

ഇതൊക്കെ പോട്ടേ,ഈ ചിത്രത്തില്‍ നിര്‍മ്മാതാവിന് എത്ര ഭീമമായ നഷ്ടമാണ് ബാല വരുത്തി വെച്ചിരിക്കുന്നത്? നായകനായ ആഘോര സന്യാസി അവതരണ രംഗത്തിലുത്പ്പെടെ പല സീനുകളിലും ലങ്കോട്ടി കെട്ടിയാണ് വരുന്നത്.
ഇതേ രംഗങ്ങള്‍ ഷാജി ചിത്രീകരിച്ചിരുന്നുവെങ്കില്‍, നായകനെ ലങ്കോട്ടിക്ക് പകരം ബൈഫോര്‍ഡിന്റെയോ ,ജോക്കിയുടെയോ അടിവസ്ത്രങ്ങള്‍ അണിയിച്ച്, നിര്‍മാതാവിന് ഈ ബ്രാന്‍ഡുകളുടെ പരസ്യ ഇനത്തില്‍ എത്ര രൂപ ഉണ്ടാക്കി കൊടുത്തേനേ ?റെഡ് ചില്ലീസ് എന്ന തന്‍റെ കഴിഞ്ഞ ചിത്രത്തില്‍ 'സാംസംഗ്', 'സില്‍ക്ക് എയര്‍ 'അങ്ങനെ എത്ര ബ്രാന്‍ഡുകളുടെ പരസ്യങ്ങളാണ് ഷാജി അതിമനോഹരമായ് ഓരോ രംഗങ്ങള്‍ക്കിടയിലും തിരുകിയത്.
മാത്രമല്ല, ആധുനിക അടിവസ്ത്രങ്ങള്‍ മാത്രമിട്ട് ,തുറന്ന ജീപ്പില്‍ വന്നിറങ്ങി വില്ലന്മാരെ നോക്കി "ശംഭോ മഹാദേവാ" എന്ന പഞ്ച് ഡയലോഗ് മോഹന്‍ലാല്‍ പറയുമ്പോള്‍ തിയറ്ററുകളില്‍ ഉത്സവ പ്രതീതിയായിരുന്നേനേ. (ഇപ്പോള്‍ ചിത്രത്തില്‍ ആര്യ കഞ്ചാവടിച്ച് 'ഭം,ഭം മഹാദേവ' എന്നാണ് പറയുന്നത്. വൃത്തികേട്).

ഷാജി കൈലാസ് വേണ്ട, 'നമ്മുടെ വിനയന്‍ സാറായിരുന്നു ഈ ചിത്രത്തിന്‍റെ സംവിധായകനെങ്കില്‍ 'എന്ന് പല രംഗങ്ങളും കണ്ടപ്പോള്‍ ഞാന്‍ ആഗ്രഹിച്ച് പോയി. ഭിക്ഷക്കാരുടെയും , അവരെ വെച്ച് കച്ചവടം നടത്തുന്ന ക്രൂരരായ ആളുകളുടെ കഥയും ചിത്രത്തിന്‍റെ ഭാഗമാണ്. എണ്‍പതോളം ഭിക്ഷക്കാര്‍ കഥാപാത്രങ്ങളായി ഈ ചിത്രത്തിലുണ്ട് താനും. വിനയന്‍ ഇവരിലോരോരുത്തരുടെ കഥയും ഓരോ സിനിമയാക്കിയേനെ. മാത്രമല്ല നായികയുടെയും , കൂട്ടുകാരികളുടെയും (ബാലയുടെ സിനിമയിലെ മുഖ്യ സ്ത്രീ കഥാപാത്രത്തിന് കൊള്ളാവുന്ന ഒരു കൂട്ടുകാരി പോലുമില്ല) കുളി സീനിലൂടെ വിഷ്യുല്‍ ബ്യൂട്ടി ,രണ്ട് ബലാത്സംഗ രംഗങ്ങളിലൂടെ വില്ലന്റെ ശരിക്കുള്ള ക്രൂര മുഖം,ഇവയൊക്കെ വിനയന്‍ സാര്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ ചുമ്മാ വാരി വിതറിത്തരുമായിരുന്നു.

ഇത്തരം ഒരു നാലാം കിട സിനിമ പ്രിയദര്‍ശനെപ്പോലെ അന്താരാഷ്ട്ര നിലവാരമുള്ളയൊരു സംവിധായകന്‍ ചെയ്യണം എന്നാഗ്രഹിക്കുന്നത് അതിമോഹമാണെന്നറിയാം. എങ്കിലും നമ്മള്‍ മലയാളി പ്രേക്ഷകരെ കരുതി അദ്ദേഹം അങ്ങനെ ഒരു ദയവ് കാട്ടിയിരുന്നുവെങ്കില്‍,നാന്‍ കടവുള്‍ കുടുമ്പ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ചിത്രം എന്ന് കാലം വിധിയെഴുതിയേനെ.
ആദ്യ രംഗങ്ങളില്‍, നായക പിതാവ് ആ സന്യാസിയല്ലേ തന്‍റെ മകന്‍, ഈ സന്യാസിയല്ലേ തന്‍റെ മകന്‍ എന്ന് പലരെയും തെറ്റിദ്ധരിച്ച്‌ കാശിയുടെ ശ്മശാന്‍ ഘാട്ടുകളില്‍ അലയുന്നതും,മൃതശരീരം എന്ന് വിചാരിച്ച് ജീവനുള്ള ജഗതിയെ ആളുകള്‍ കൊണ്ട് ചിതയില്‍ വെയ്ക്കുന്നതും...അങ്ങനെ ആദ്യത്തെ അര മണിക്കൂറില്‍ തന്നെ പ്രേക്ഷകര്‍ ചിരിച്ചു മണ്ണ് കപ്പിയേനെ.
മാത്രമല്ല ക്ലൈമാക്സിലെ സംഘട്ടന രംഗം ബാല ചിത്രീകരിച്ച് വെച്ചിരിക്കുന്നത് കണ്ടാല്‍ കരച്ചില്‍ വരും. ഞാന്‍ പടം കണ്ടപ്പോള്‍ ,എനിക്ക് ചുറ്റുമിരുന്നിരുന്ന പ്രിയദര്‍ശന്‍ വിരോധികള്‍ ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് തങ്ങള്‍ ആ രംഗങ്ങള്‍ കാണുന്നത് എന്ന് ഭാവിക്കുന്നത് കണ്ടു. ഫ്രാഡുകള്‍!!!
പ്രിയനെങ്ങാനുമായിരുന്നിരിക്കണം ഈ സിനിമയുടെ സംവിധായകന്‍. സിനിമയിലെ സകല കഥാപാത്രങ്ങളും കൂടി ഒരു കൂട്ടയടിയായിരുന്നേനെ ക്ലൈമാക്സ്. അതിനിടയില്‍ അവനു വെച്ച വെടി ഇവന് കൊള്ളുന്നു, ചിലര്‍ക്ക് ഷോക്കടിക്കുന്നു, ചിലര്‍ കാല് തെറ്റി വെള്ളത്തില്‍ വീഴുന്നു...അങ്ങനെ ടോം ആന്‍ഡ് ജെറി കണ്ടത് പോലുള്ള ചിരിയലകള്‍ തിയേറ്റര്‍ ചുമരുകളെ പ്രകമ്പനം കൊള്ളിച്ചേനെ. ഇനി പറഞ്ഞിട്ടെന്ത് കാര്യം. നമ്മള്‍ മലയാളികള്‍ക്ക് കൊടുത്ത് വെച്ചിട്ടില്ല.

ഇത്രയൊക്കെ തന്നെ നാന്‍ കടവുള്‍ എന്ന ചിത്രത്തെക്കുറിച്ച് പറയുന്നത് അധികമാണ്. എങ്കിലും അവസാനമായി, തമോഗര്‍ത്തം മുന്‍കൈ എടുത്ത്‌ ഷാജി,വിനയന്‍,പ്രിയന്‍ എന്നിവരുടെ 'നരസിംഹം', 'രാക്ഷസരാജാവ്', 'വെട്ടം' എന്നീ ചിത്രങ്ങളുടെ ഡി വി ഡികള്‍ ആ പാണ്ടി ബാലക്ക് അയച്ച് കൊടുക്കണം എന്ന് കൂടി അഭ്യര്‍ത്ഥിക്കുന്നു.കണ്ടു പഠിക്കട്ടെ അവന്‍ ,ഒരു പടം എങ്ങനെ എടുക്കണം എന്ന്.

സ്നേഹപൂര്‍വ്വം,

രായശേഖരന്‍ കളിയിക്കാവിള

18 comments:

Unknown said...

Adipoli... Inium prateekshikkunnu...
Aasamsakalode... Saeed

Unknown said...

Time thettanenn thonnunnu.. Ippol March 1, 3.05 pm ayittum blogil kanikkunnath March 1, 1.35 am ennanu

Anonymous said...

എന്‍റെ സിനിമ ആ പാണ്ടി ബാലയുടെ ചവറിനെക്കാള്‍ എന്ത് കൊണ്ടും കിടിലമായിരിക്കും എന്ന് സംശയമില്ല. ഈ പടം ഞാന്‍ എടുത്താല്‍ കലാഭവന്‍ മണിയുടെ നായക വേഷത്തിന് അവാര്‍ഡ് കിട്ടാത്തത് മലയാളത്തിലെ താരധിപത്യത്തിന്റെ മറ്റൊരു കളിയാണെന്ന് ഞാന്‍‍ മുന്‍കൂട്ടി പ്രസ്താവിക്കുന്നു.

രായപ്പന്‍ said...

ഹ ഹ ഹ......... കലക്കി....

Unknown said...

കലക്കി,പ്രത്യേകിച്ച് മോഹന്‍ലാലിന്‍റെ സ്ക്രീനിലേക്കുള്ള വരവ്.നാന്‍ കടവുള്‍ കണ്ടില്ല ഇതുവരെ.എന്തായാലും ഈ പോസ്റ്റ് വായിച്ച ശേഷം എത്രയും പെട്ടെന്ന് കാണാന്‍ തീരുമാനിച്ചു.

Anonymous said...

കൊള്ളാം,
എഴുത്ത് കുറച്ച് കൂടി നന്നാകണം.
വായനയുടെ കുറവുണ്ട്.
ആശംസകള്‍..

ot: എന്റെ കമന്റും നിനക്കുള്ള ഭിക്ഷയായി സ്വീകരിച്ചോളൂ.

Anonymous said...

നിറയെ അക്ഷര തെറ്റുകളുണ്ട്.

ഇനിയുള്ള പോസ്റ്റുകളിൽ ശ്രദ്ദിക്കുക.

Aadityan said...

പടം കണ്ടിട് കമന്റ് ചെയമെന്നു കരുതി . കണ്ടപ്പോള്‍ സത്യത്തില്‍ വിഷമം തോന്നി . പാണ്ടി എന്ന് കളിയാക്കിയിരുന്ന തമിള്‍ സിനിമ എത്ര നന്നായി നമ്മളിപ്പോളും പഴയ പ്രതാപവും പറഞ്ഞു മാടമ്പി മാരായി ജീവിക്കുന്നു . എന്തിന്ന നാന്‍ കടവുള്‍ വരെ ഒക്കെ പോകുന്നെ .പഠികത്തവന്‍ എന്ന പക്കാ കച്ചവട സിനിമയുടെ (ധനുഷ്) അടുത്ത് നില്‍ക്കുന ഒരു പടം പോലും മലയാളത്തില്‍ ഇല്ലാലോ .മേല്‍പറഞ്ഞത്‌ (പഠികത്തവന്‍) തമിള്‍ ഇലെ ഒരു ശരാശരി പടം മാത്രം അന്നെനു ഓര്‍ക്കുക .നമുക്ക് നമുടെ കിളവന്മാരും ,തടിയന്മാരും അവരുടെ പഴയ പ്രതാപ കഥകളും ധാരാളം !!!!

ArjunKrishna said...

മമ്മത്: 'വായന' പണ്ടേ ഇല്ല .മമ്മതിന്‌ 'വായന ' ഭയങ്കര ഇഷ്ടമാണെന്ന് തോന്നുന്നു ? എന്തായാലും ഞാന്‍ ആ ടൈപ്പ് അല്ലാത്തതിനാല്‍ ഇതിനു ഇവിടെ പരിഹാരം കാണാന്‍ നിര്‍വാഹമില്ല
എഴുത്ത് കൂടുതല്‍ നന്നാക്കാന്‍ ഉദ്ദേശവുമില്ല.
പിന്നെയെന്ത് കൊള്ളാമെന്നാ നീ ഉദ്ദേശിച്ചത്???
ഓ ടോ : ഭിക്ഷ കൊടുത്തേ ശീലമുള്ളൂ,സ്വീകരിക്കാറില്ല.

സാത്താന്‍ : അടുത്ത പോസ്റ്റില്‍ ശ്രദ്ധിക്കണോ,വേണ്ടേ എന്ന് ഞാന്‍ തീരുമാനിച്ചോളാം.അതവിടെ നില്‍ക്കട്ടെ. തത്കാലം ഈ പോസ്റ്റിലെ തെറ്റുകള്‍ ചൂണ്ടി കാണിച്ചാല്‍ തിരുത്താം.

Anonymous said...

നാന്‍ കടവുള്‍ എന്നാ .. എന്ന
സത്യത്തിലീ ?? എന്താ ലീ ?
ബാല എന്നയാ ?
പാഴക്കുകയായിരുന്നു ? പാഴാക്കുകയായിരുന്നു
അവതരണ രംഗത്തിലുത്പ്പെടെ ? രംഗത്തിലുൾപ്പെടെ
സ്നേഹൂര്‍വ്വം ? ..
കണ്ടത് ഇവിടെ കുറിച്ചിടുന്നു.
ഇത് എന്റെ സഹായ ഭിക്ഷ. എരന്നു ആരു ചോദിച്ചാലും ഈ നാം സഹായിക്കുന്നതായിരിക്കും.

Anonymous said...

'വായന ' ഭയങ്കര ഇഷ്ടമാണ്
ഫയർ, ക്രൈം, മുത്തുചിപ്പി ... എന്നിങ്ങനെയുള്ള എല്ലാം സ്ഥിരമായി വായിക്കാറുണ്ട്.
വേണമെങ്കിൽ ഒരോ കോപ്പി അയച്ചു തരാം.

Anonymous said...

തമ്പീ, ഉങ്കൾക്ക് എതുവും വിസയം ഇരുന്താൽ നാം ഇങ്കതാ ഇറിക്കിറേൻ, കേളുടാ..
മടിക്കാതെ ചോദിക്കാം, നാണമൊന്നും കാണിക്കണ്ട.

ArjunKrishna said...

സാത്താന്‍ /മമ്മത് (രണ്ടാള്‍ക്കും കൂടി ഒരുത്തരം മതിയല്ലോ? ചില്ലക്ഷരം ശരിയായില്ലേ ഇതുവരെ ? കഷ്ടം) : ഇതാണ് അനോണികളെ കൊണ്ടുള്ള പ്രയോജനം.പിന്നെ അറിവ് ഏത് പിച്ചക്കാരനില്‍ നിന്നും ഞാന്‍ സ്വീകരിക്കും എന്നത് കൊണ്ട് അത് ഭിക്ഷയാകുന്നില്ല .('എന്ന' ,'സ്നേഹപൂര്‍വ്വം',ഇത് രണ്ടും തിരുത്തിയിട്ടുണ്ട്. ബാക്കിയൊന്നും തിരുത്തേണ്ട കാര്യമില്ല.കാരണം മനപൂര്‍വ്വം അങ്ങനെ ഇട്ടതാണ്,കിടക്കട്ടെ ഭാഷക്ക് എന്‍റെ വക സംഭാവന)
മമ്മത് , ഞാന്‍ 'വായിക്കാറില്ല' എന്ന് പറഞ്ഞല്ലോ. മമ്മതിന്‌ 'വായന' നല്ല ശീലമായ സ്ഥിതിക്ക് അനസ്യൂതം തുടരുക ...'വായന' , യേത്?

ഇനി ശരിക്കുള്ള ഭിക്ഷ എന്താണെന്ന് കുട്ടികള്‍ മനസ്സിലാക്കാന്‍ ഒരു ചെറിയ പാഠം: (നിന്റെ മറുപടി വരാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു )
യഥാര്‍ത്ഥ ഭിക്ഷ എന്ന് പറയുന്നത് ദാ ഈ അനോണി ഓപ്ഷന്‍ ഞാന്‍ നിങ്ങള്‍ക്കായ് തുറന്നു വെച്ചിരിക്കുന്നതാണ്.ഞാനാ പിച്ച നല്‍കുന്നത് എനിക്ക് തോന്നുമ്പോള്‍ നിറുത്തും . അത് അന്നേ പറഞ്ഞാതാണ് . നീ പഠിച്ചില്ല. വീണ്ടും പഠിപ്പിക്കാം

ഇനി വീണ്ടും ഇവിടെത്തന്നെ കണ്ണും നട്ട് ഉറക്കമിളച്ച് കാത്തിരിക്ക് കുറെ നേരത്തേക്ക് കൂടി , അനോണി ഓപ്ഷന്‍ വീണ്ടും തുറക്കാന്‍ . ഭിക്ഷ വീണ്ടും തത്കാലത്തേക്ക് കുറച്ച് നേരം നിറുത്തി വെച്ചിരിക്കുന്നു.അക്ഷരത്തെറ്റ് ചൂണ്ടി കാട്ടുക വഴി നിന്നെക്കൊണ്ടുള്ള ഇന്നത്തെ ആവശ്യം കഴിഞ്ഞു . പോയിനെടാ ,പോയിന്‍:)

ഇതെന്താണ് നടക്കുന്നത് എന്നറിയാത്തവര്‍ക്ക് : എന്റെ അഹങ്കാരം മാറ്റി മര്യാദ പഠിപ്പിക്കാന്‍, ചൊറിച്ചില്‍ രോഗമുള്ള ഒരു അനോണി അവതരിച്ചിട്ടുണ്ട് . മറ്റ് ബ്ലോഗുകളില്‍ കാണിക്കുന്ന തറ വേലകള്‍ ,എഴുത്തുകാര്‍ അവരുടെ ദയവാല്‍ അനോണി ഓപ്ഷന്‍ എന്ന പിച്ച നല്‍കുന്നത് കൊണ്ട് മാത്രമാണ് സാധിക്കുന്നത് എന്ന് അവനൊന്ന് മനസ്സിലാക്കി കൊടുക്കാനും ആരെങ്കിലും വേണ്ടേ.അതാണ്‌ ഈ കളികള്‍.നിങ്ങള്‍ ഇത് ശ്രദ്ധിക്കേണ്ട. ഇതിങ്ങനെ ഒരു ഭാഗത്ത് കുറച്ച് നാളത്തേക്ക് നടക്കും .

Mr. X said...

കലക്കീ ട്ടാ... പക്ഷേങ്കില്... ഞമ്മടെ പൂതി... ഇത് ആ അടൂരിനെക്കൊണ്ട് ചെയ്യിക്കണം... ന്നാരുന്നു...
:-)

Tom said...

This post reminded me of 'Red Chillies' ... now I feels like vomiting.

have our heroes lost their mind?

Hrishy said...

excellent ....

Unknown said...

Sharp,stinging humor.

Good stuff bro.

Cheers

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നാന്‍ കടവുള്‍ എന്ന സിനിമ കണ്ടിട്ട് കുറെ ആലോചിച്ചതാ ഇതിലെന്തുവാ ഇത്രേം എന്നു. വൃത്തികെട്ട സിനിമ എന്ന് ഒറ്റവാക്കില്‍ പറയാന്‍ തോന്നി

തലകുത്തിനില്‍ക്കുന്ന സീന്‍ ഉള്ളതോണ്ടാവും ചെലപ്പൊ ഭയങ്കരം കിടിലന്‍ എന്നൊക്കെ ന്യൂസ് കേള്‍ക്കുന്നത്