Friday, July 3, 2009

നന്ദിയുണ്ടേല്‍ ഇങ്ങനെ വേണം.

മാന്യമഹാജനങ്ങളെ ,
ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിന് ഞങ്ങളുടെ സഖ്യകക്ഷിയെ അടുത്ത അഞ്ചു കൊല്ലത്തേക്ക്‌ വല്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ ഭരിക്കാന്‍ പ്രാപ്തരാക്കിയ നിങ്ങളോട് നന്നായിട്ട് ഒന്ന് നന്ദി പറയുവാന്‍ ഇതുവരെ സാധിച്ചില്ല. കുതിരക്കച്ചവടം, മന്ത്രിമാരുടെ സീറ്റ് വിഭജനം(ഒന്നും രണ്ടുമല്ല, എഴുപത്തിയൊന്പതാ കേസുക്കെട്ടുകളുടെ എണ്ണം),വ്യക്തിപരമായി എനിക്ക് മാഡത്തിന്റെ മാത്രമല്ല ഇപ്പോള്‍ യുവരാജവിന്റെയും,യുവറാണിയുടെയും അടുക്കളപ്പണിയും. അങ്ങനെ ഞങ്ങള്‍ എല്ലാവരും സാമാന്യം നല്ല തിരക്കിലായതാണ് നിങ്ങള്‍ക്കുള്ള നന്ദി വൈകാനുള്ള കാരണം.
പറയാന്‍ വൈകി എന്ന് കരുതി നന്ദിയില്‍ ഒരു കുറവും ഈ സര്‍ക്കാര്‍ വരുത്തില്ല. എങ്കിലും അങ്ങനെ ഒരു ഭീതി ചില വൃത്തങ്ങളില്‍ നില നില്‍ക്കുന്നതിനാല്‍, അത് അകറ്റുവാനായി സര്‍ക്കാര്‍ ചില ദ്രുത കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.പദ്ധതിയുടെ കരടു രൂപം നിങ്ങള്‍ക്കായി താഴെ കൊടുക്കുന്നു.


1) ഇന്ധന വില നാല് രൂപ കൂട്ടി. ഇതൊന്നും ഒന്നുമല്ല മക്കളേ.കഴിഞ്ഞ തവണ ഭരണത്തില്‍ ഇരുന്നപ്പോള്‍ ആഗോള വിപണയില്‍ പെട്രോളിന് വില കുത്തനെ ഇടിഞ്ഞപ്പൊഴൊന്നും ഇവിടെ ഞങ്ങള്‍ വില കുറച്ചില്ല. എന്നിട്ട് ഇലക്ഷന്‍ അടുക്കാറായപ്പോള്‍ നിനക്കൊക്കെ പിച്ചയായി കുറച്ച് തന്നത് പത്തു രൂപയാ.മിനിമം വില തിരിച്ചു പഴയതെങ്കിലും ആക്കണ്ടേ.ഇല്ലെങ്കില്‍ ഓയില്‍ മുതലാളിമാര്‍ എന്ത് വിചാരിക്കും. വരട്ടെ, ഒരു ആറ് മാസം കൂടി കഴിയുമ്പോള്‍ വീണ്ടും വില കൂട്ടി നമുക്ക് പഴയപടിയാക്കാം.

2) അവശ്യ സാധനങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ തീ പിടിച്ച വിലയായതിനാലും, ഇന്ധന വില വര്‍ദ്ധന അതി‌ ഇനിയും കൂട്ടാന്‍ സാധ്യതയുള്ളതിനാലും തത്കാലം ഞങ്ങള്‍ അതിനു വേണ്ടി വേറെ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല.പക്ഷെ വഴിയേ അതും ശരിയാക്കിത്തരാം.

3) കാലവര്‍ഷം ചതിച്ച് കര്‍ഷകര്‍ കടം കയറി ആത്മഹത്യ ചെയ്‌താല്‍, അവരുടെ കുടുമ്പത്തിന് ദുരിതാശ്വാസം എന്ന പേരില്‍ നല്‍കുന്ന തുക ഓരോ വര്‍ഷവും സര്‍ക്കാരിന് ഉണ്ടാക്കുന്നത്‌ ഭീമമായ ചിലവാണ്‌ .അതിനാല്‍ ഇനി മുതല്‍ ആത്മഹത്യ ചെയ്യുന്നവന്മാരുടെ കൃഷി ഭൂമി പിടിച്ചെടുത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് ആദായ വിലക്ക് വില്ക്കുന്നതോ പട്ടത്തിനു കൊടുക്കുന്നതോ ആണ്.അതാണ്‌ ലാഭം. ആത്മഹത്യ ചെയ്യുന്ന തെണ്ടിക്ക് വേണമെങ്കില്‍ മരണാനന്തര ബഹുമതിയായി 'ജനസംഖ്യാ നിരക്ക് കുറയ്ക്കാന്‍ മുന്‍കൈ എടുത്ത ധീരന്‍' എന്നോ മറ്റോ ഒരു അവാര്‍ഡ്‌ നല്‍കാം(ഫലകം മാത്രം,നോ ക്യാഷ്‌ ).

4) ഇനി രാജ്യ രക്ഷ. ഇന്ത്യന്‍ ജയിലുകളില്‍ കിടക്കുന്ന പാക്കിസ്ഥാന്‍ തീവ്രവാദികള്‍ക്ക് എല്ലാവര്ക്കും (അഫസ്സല്‍ ഗുരുവിന് പ്രത്യേകിച്ചും) ഫൈവ് സ്റ്റാര്‍ സൌകര്യം ഉള്ള ജയില്‍ മുറികള്‍ ഒരുക്കും. അതേസമയം പാകിസ്ഥാന്‍ ജയിലുകളില്‍ കിടക്കുന്ന സകല ഇന്ത്യന്‍ ചെറ്റകളെയും എത്രയും പെട്ടെന്ന് തൂക്കിക്കൊല്ലാനുള്ള ഇടപാടുകള്‍ ചെയ്യും .

5) അമേരിക്കന്‍ സൈന്യത്തെ രണ്ടായിരത്തി പതിനൊന്നോടെ ഇറാക്കില്‍ നിന്നും പിന്‍വലിക്കും. കൂടാതെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കും. അയ്യോ!!!പറഞ്ഞത് പോലെ ഇതൊന്നും നമ്മുടെ സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യമല്ലല്ലോ. സ്ലം ഡോഗിന് ഓസ്കാര്‍ കിട്ടിയപ്പോള്‍ അത് ഞങ്ങള്‍ ഭരിച്ചത് കൊണ്ടാണ് എന്ന് പറഞ്ഞ അതെ ലൈനില്‍ ഓര്‍ക്കാതെ പറഞ്ഞു പോയതാ. എന്തായാലും കിടക്കട്ടെ.അത് വിശ്വസിച്ചവരും കുറേപ്പേര്‍ ഇല്ലായിരുന്നോ?അവന്മാര്‍ ഇതും വിശ്വസിച്ചോളും .

ഒന്നൊന്നര മാസം കൊണ്ട് ഇത്രയൊക്കെ പദ്ദതിയിടാന്‍ പറ്റിയുള്ളൂ.എന്ന് വെച്ച് ആരും നിരാശപ്പെടെണ്ടാ.അഞ്ചു കൊല്ലങ്ങള്‍ കിടക്കുകയല്ലേ നമ്മുടെ മുന്നില്‍. ഈ രാജ്യം നിരപ്പാക്കാതെ ഞങ്ങള്‍ പോകുമോ?

എല്ലാവര്‍ക്കും ജയ് ഹിന്ദ്‌ ,

കരുത്തനായ പ്രധാനമന്ത്രി,

മണ്‍പാവ സിംഗ് .

2 comments:

ഹു :: Hu said...

"Great Writing."
Nandiyundengil ingine venam.- Vote cheythavanmarkku (including me) ingine thanne venam.
Manpava Singh ha ha ha.

വീകെ said...

ഇങ്ങനെയൊക്കെയല്ലെ പാവം മുതലാളിമാരെ സന്തോഷിപ്പിക്കാൻ പറ്റു.
തെരഞ്ഞെടുപ്പിന്റെ സമയത്ത് വാങ്ങിയ കോടികൾ മടക്കി കൊടുക്കണ്ടെ...?
വാങ്ങിയവരാണൊ കൊടുക്കേണ്ടത്...?
അല്ലേ അല്ല....!!
ആ ചിലവും നമ്മൾ തന്നെ വഹിക്കണം..