Saturday, July 25, 2009

എ കെ :ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്‌

എന്‍റെ പ്രിയപ്പെട്ട ആരാധകരെ ( വല്ലവരും ബാക്കിയുണ്ടെങ്കില്‍ അവരെയാണ് ഉദ്ദേശിച്ചത്),

തരികടനെറ്റ് ചാനലില്‍ ഈ ശനിയാഴ്ച്ച രാത്രി ഒന്‍പത് മണിക്ക് ആരംഭിക്കുന്ന എ കെ - ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്‌ എന്ന മെഗാ റിയാലിറ്റി ഷോയെക്കുറിച്ച് കേരളത്തില്‍ ഇനിയറിയാന്‍ ബാക്കി സുഗുണന്‍ ഓടനാവട്ടം മാത്രമേ കാണു.സുഗുണനെ നിങ്ങള്‍ക്ക് പരിചയം കാണില്ല. എന്‍റെ അവസാനമിറങ്ങിയ ചിത്രമായ 'ടൌണില്‍ ചെകുത്താന്‍' കാണണം എന്ന് വാശി പിടിച്ച്,അങ്ങേര്‍ ആ പടം കാണുവാന്‍ കാരണക്കാരായ രണ്ട് മക്കളെ, സിനിമ കണ്ടിറങ്ങിയ ഉടന്‍ കിണറ്റില്‍ തള്ളിയിട്ട് കൊന്ന ശേഷം അവരുടെ കൂടെ ചാടി,ചാകാതെ ആശുപത്രിയില്‍ കോമയില്‍ കിടക്കുന്ന മാന്യദേഹമാണ് ശ്രീ സുഗുണന്‍.
അത് പോട്ടെ. സുഗണനല്ല, എന്‍റെ എല്ലാ സമീപ കാല ചിത്രങ്ങളിലെയും പോലെ ഞാന്‍ മാത്രമാണല്ലോ എവിടെ വിഷയം.എന്‍റെ ഫുള്‍ ഫിഗര്‍,എന്‍റെ ഫേസ്,എന്‍റെ ഫേസ്, എന്‍റെ ഫുള്‍ ഫിഗര്‍,ബാക്കി എന്‍റെ ഡാന്‍സും. ക്ഷമിക്കണം,ഒരു നിമിഷത്തേക്ക് ഏതോ സെറ്റിലാണ് എന്ന് തോന്നിപ്പോയി. അപ്പോള്‍ കാര്യത്തിലേക്ക് കടക്കാം.
തരികിടനെറ്റില്‍ ഈ മെഗാ റിയാലിറ്റി ഷോ എങ്ങനെ സംഭവ്യമായി എന്നത് ഇന്നും പലര്‍ക്കും ഒരു അത്ഭുതമാണ്.ബെസ്റ്റ് അക്ടറും ഞാനും തമ്മില്‍ എന്ത് ബന്ധം എന്നാണ് പല അവന്മാരും ചോദിക്കുന്നത്. അവന്മാര്‍ക്കൊക്കെ മറുപടി എന്‍റെ സ്നേഹപൂര്‍വ്വം എ കെ എന്ന ബ്ലോഗിലൂടെ കൊടുക്കാം എന്ന് വിചാരിച്ചതാണ്. പക്ഷേ പിന്നെ വിചാരിച്ചു, എന്തിന് കമന്റ് മോഡറേറ്റ് ചെയ്യുന്നവനെ ഇതുവരെ അവന്‍ കേട്ടിട്ടില്ലാത്ത തെറികള്‍ കേള്‍പ്പിക്കണം എന്ന്.അത് കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു വിശദീകരണം എ കെ 47 പത്രത്തിലൂടെ ഞാന്‍ നല്‍കുന്നത്.

അടുത്തിടെ ഞാനും എന്‍റെ മകനും കൂടി പ്ലേസ്കൂള്‍ എന്നൊരു ചലച്ചിത്ര നിര്‍മ്മാണ കമ്പനി തുടങ്ങിയ വിവരം എല്ലാര്‍ക്കും അറിയാവുന്നതാണല്ലോ. കമ്പനിയുടെ പ്രധാന പരിപാടി എന്‍റെ പടങ്ങള്‍ വിതരണത്തിന് എടുക്കുക എന്നത് തന്നെ.പിന്നെ മോന്‍ ചെറുക്കന്‍ പറഞ്ഞത് കൊണ്ട് മാത്രം പുതിയ പിള്ളാരുടെ ചില പടങ്ങള്‍ കൂടി ഞങ്ങള്‍ വിതരണം ചെയ്യുകയും, നിര്‍മ്മിക്കുകയും ചെയ്യും. അല്ലേലും പുറത്തൊക്കെ പോയി പഠിച്ച ചെറുക്കന് വിവരമുണ്ട്. എന്‍റെ ഈഗിള്‍ ,ലവ് ഇന്‍ ആഫ്രിക്ക ഈ ജനുസ്സില്‍പ്പെട്ട പടങ്ങള്‍ വിതരണം ചെയ്‌താല്‍ ലാഭം പോയിട്ട് കുത്തുപാള ഒരെണ്ണം സെറ്റപ്പ് ചെയ്യാനുള്ള കാശ് പോലും കിട്ടില്ല എന്ന് അവനറിയാം.

അങ്ങനെ ഞങ്ങള്‍ ഉപ്പയും, മോനും സിനിമാ നിര്‍മ്മാണം, വിതരണം തുടങ്ങിയ തരികിടകളുമായി ഇറങ്ങാന്‍ എന്തായലും തീരുമാനിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് എന്‍റെ തലയില്‍ ഒരു ഐഡിയ കത്തിയത്.
കഴിഞ്ഞ അഞ്ചാറു കൊല്ലങ്ങളായി തിയറ്ററില്‍ വരുന്ന എന്‍റെ പടങ്ങള്‍ക്കെല്ലാം ഇനിഷ്യല്‍ കളക്ഷനായി വരെ കിട്ടുന്നത് നല്ല അസാധ്യ കൂവലാണ്. ലവ് ഇന്‍ ആഫ്രിക്കയും , ടൌണില്‍ ചെകുത്താനും ഒക്കെ അബദ്ധത്തില്‍ കാണാന്‍ കയറിയവന്മാര്‍ ,അടുത്ത പടം കാണാന്‍ അതേ തിയറ്ററില്‍ വരുമ്പോള്‍,അവിടെ ലാസ്റ്റ് കണ്ട എന്‍റെ പടങ്ങളുടെ ഓര്‍മ്മയില്‍ ചിലപ്പോള്‍ കൂവി പോകാറുണ്ടത്രേ.

സംഗതികള്‍ അങ്ങനെയിരിക്കെ, എന്തായാലും വിവരമുള്ള ഒരുത്തനും എന്നെ ബെസ്റ്റ് ആക്ടര്‍ എന്ന് ഇനി പറയും എന്ന് തോന്നുന്നില്ല. അപ്പോള്‍ ഞാന്‍ തന്നെ പറഞ്ഞേക്കാം. മെഗാ റിയാലിറ്റി ഷോ എന്ന പേരില്‍ കുറെ പിള്ളേരെ വിളിച്ച്,അവരെക്കൊണ്ട് ഞാന്‍ അഭിനയിച്ച ചിത്രങ്ങളിലെ രംഗങ്ങള്‍ സ്റെജില്‍ അവതരിപ്പിച്ച് , ഒടുക്കം അവരില്‍ ഒരുത്തനോ ഒരുത്തിക്കോ, എന്‍റെ ഒരു സിനിമയില്‍ ചാക്കില്‍ കെട്ടി ആറ്റില്‍ കളയുന്ന ഒരു സീനും കൊടുക്കാം. അവന്മാര്‍ക്ക് കൊടുന്ന അവാര്‍ഡിന് 'എ കെ - ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്‌' എന്ന പേരും കൂടിയിട്ടാല്‍ ഞാനാരായി? പോരാത്തതിന് 'ഒരു നടന്റെ അഭിനയം പാഠ പുസ്തകമാക്കി ദാണ്ടേ കുറെ പിള്ളാര്‍ അഭിനയം പഠിക്കുന്നേ!!!' എന്ന് കുറെ പത്രക്കാര് അലവലാതികളെക്കൊണ്ട് എഴുതിക്കുകയും ചെയ്യാം. എന്‍റെ ഒരു ബുദ്ധിയേ!!!സമ്മതിക്കണം.

അപ്പോള്‍ ഈ ശനിയാഴ്ച്ച മുതല്‍ നമ്മള്‍ തകര്‍ക്കാന്‍ തുടങ്ങുകയാണ്.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ. അത് കൊണ്ട് മാത്രം ഈ ഷോയെക്കുറിച്ച് എന്‍റെ മനസ്സില്‍ ഉള്ള ചില ചെറിയ ആകുലതകള്‍ കൂടി ഞാന്‍ നിങ്ങളുമായി പങ്കു വെയ്ക്കുകയാണ്. ഷോയില്‍ പിള്ളര്‍ ഞാന്‍ അഭിനയിച്ച രംഗങ്ങള്‍ സ്റ്റേജില്‍ അവതരിപ്പിക്കുമ്പോള്‍, അതിനു മാര്‍ക്കിടുന്നത്‌ പഴയകാല നായിക 'ചീലയും', ഹാസ്യ സാമ്രാട്ട് 'നിശ്ചല്‍- സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ഇന്ത്യയും', എന്‍റെ ബോറിംഗ് ബാച്ച്ലര്‍ എന്ന പടത്തിന്റെ സംവിധാകന്‍ ചിദ്ദിക്കുമാണ്.പിള്ളാര്‍ സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍, പിന്നിലുള്ള സ്ക്രീനില്‍ ചിലപ്പോള്‍ ഞാന്‍ അഭിനയിച്ച ഒര്‍ജിനല്‍ രംഗങ്ങളും കാണിക്കാന്‍ സാധ്യതയുണ്ട്.ഈഗിളിലെ എന്‍റെ കാവടിയും, ലവ് ഇന്‍ ആഫ്രിക്കയിലെ പട്ടി കമ്പിക്കാല് കണ്ട പോലുള്ള ഡാന്‍സും, കണ്ണന്‍ കമ്പിയിലെ 'കാ'മഡിയും ഒക്കെ കണ്ടിട്ട് ഇനി മാര്‍ക്കിടാന്‍ വന്നവര്‍ എന്നെ എടുത്തിട്ട് ചളുക്കുമോ എന്നാണ് പേടി. നമ്മുടെ പെര്‍ഫോമന്‍സ് തിയറ്ററില്‍ സഹിക്കുന്ന തെണ്ടികളെ പോലെയല്ലല്ലോ ഇവര്‍. കാശ് മുടക്കി തിയറ്ററില്‍ പടം കാണുന്നവന്റെ മുന്നില്‍ നമുക്ക് ചെന്ന് ചാടാതെ കഴിക്കാം.അതുപോലാണോ ദിവസേനയെന്നവണ്ണം കാണേണ്ട ഇവര്‍?
ഇനി ഞാന്‍ അഭിനയിച്ച രംഗങ്ങളില്‍ വല്ലതും പുതിയ പിള്ളേര്‍ വൃത്തിയായിട്ട് അഭിനയിച്ചാല്‍ 'കണ്ടു പഠിക്കടാ കൊണാപ്പാ, ഇതാണ് അഭിനയം' എന്ന് ആ നിശ്ചല്‍ പറയാനും മതി. കേരളത്തിലെ മികച്ച അഞ്ചു നടമാരുടെ കൂട്ടത്തില്‍ ഞാന്‍ പെടില്ല എന്ന് പണ്ട് പച്ചക്ക് പറഞ്ഞ മോനാ അത്.
ങ്ങാ!!!എന്തായാലും നനഞ്ഞിറങ്ങി.ഇനി കുളിച്ചു കയറാം.
അപ്പൊ ശനിയാഴ്ച്ച കാണാം.
സ്നേഹപൂര്‍വ്വം

മെഗാസ്റ്റാര്‍ എ കെ/ ഇക്ക

Friday, July 24, 2009

അത്യാധുനിക ടെര്‍മിനേറ്റര്‍

വിവരമുള്ള പണ്ഡിതരുടെ കുറിപ്പുകള്‍:
യന്ത്രങ്ങളായി ചിലര്‍ മക്ക്ജിയുടെ ടെര്‍മിനേറ്റര്‍ സാല്‍വേഷനിലും പ്രത്യക്ഷപ്പെടുന്നുണ്ട്.യന്ത്രങ്ങളുടെ സിനിമ എന്നാ നിര്‍ണ്ണായാകത്വത്തിനുപരി യന്ത്രങ്ങള്‍ക്കു ഈ ചിത്രത്തില്‍ ചില ദൌത്യങ്ങള്‍ നിര്‍വഹിക്കാന്‍ ഉണ്ടെന്ന് തോന്നുന്നു. വധ ശിക്ഷ കാത്തിരിക്കുന്ന ക്രൂരനായ കൊലപാതകി മാര്‍ക്കസ്സിന്റെ ജീവിതിത്തിലേക്ക് കടന്നു വരുന്ന സൈബര്‍ ഡൈയ്ന്‍ എന്ന യന്ത്രങ്ങളുടെ നിര്‍മ്മാണ കമ്പനി, മാര്‍ക്കസിന്റെ ശരീരത്തിലേക്ക്‌ മാരക വിഷം കുത്തി വെയ്ക്കുന്ന യന്ത്രങ്ങള്‍ , സമാന്തരമായി വര്‍ത്തമാന കാലത്തില്‍ സ്ക്രീനില്‍ മൊത്തം ഓടി നടക്കുന്ന യന്ത്രങ്ങള്‍ എന്നിവയുമുണ്ട്.
കാഴ്ക്കാരും, കേള്‍വിക്കാരുമായി പിന്നെയുമുണ്ട് കുറെ യന്ത്രങ്ങള്‍.

കുറച്ചുകൂടി ആലോചിച്ചാല്‍ സിനിമ തീര്‍ക്കുന്ന മാനിസ്ക ലോകം തന്നെ യന്ത്രങ്ങളുടെതാണ് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. മാനസിക പക്ത്വയില്ലത്ത യന്ത്രങ്ങള്‍ നടത്തുന്ന എടുത്ത്‌ ചട്ടങ്ങളും, അത് മൂലമുണ്ടാകുന്ന പിരിമുറുക്കങ്ങ‍ളുമാണ് സിനിമക്കുള്ളിലെ അതിനാടകത്തെ പൊലിപ്പിക്കുന്നത്.യാന്ത്രികമായ ഈ അവസ്ഥ സാല്‍വേഷനിലെ എല്ലാ കഥാപാത്രങ്ങളിലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കാണാന്‍ സാധിക്കുന്നുണ്ട്. അപ്പോള്‍ യന്ത്രങ്ങള്‍ക്കു വേണ്ടി നിര്‍മ്മിക്കപ്പെട്ട ഒരു ചിത്രമാണോ ഇത് എന്നാണ് ആലോചിക്കാനുള്ളത്.
യന്ത്രങ്ങളുടെ മാനസിക വളര്‍ച്ചയില്ലായ്മ മാത്രമല്ല ,സഫലമാകാത്ത ലൈംഗിക തൃഷ്ണയുടെ തീക്ഷണമായ അന്തര്‍പ്രവാഹങ്ങളുടെ സൂചനകളും ചിത്രത്തില്‍ ഉടനീളം ഒളിഞ്ഞ് കിടപ്പുണ്ട്. സിനിമയുടെ ആരംഭത്തില്‍, ഒരു ചുമ്പനത്തിന് വേണ്ടി മരണ ശേഷം തന്റെ ശരീരം യന്ത്രമാക്കി മാറ്റാന്‍ വിട്ടു കൊടുക്കുന്ന മാര്‍ക്കസ് ഒരു പ്രതീകമാണ്. ഈ പ്രതീകത്തിന്റെ വിശദീകരണമാണ് തുടര്‍ന്നുള്ള ചിത്രത്തിന്‍റെ ഗതി മുഴുവന്‍.
ചിത്രത്തില്‍ പല യന്ത്രങ്ങളും ഉപയോഗിക്കുന്ന തോക്കുകളുടെ വലിപ്പം, പലപ്പോഴും തിയറ്ററിലെ ഇരുട്ടില്‍ ബാല്യ കാലത്ത് നമ്മുടെ എക്യുപ്പ്മെന്റിന്റെ നീളം അളന്നത് ഓര്‍മിപ്പിക്കുന്നത്‌ കൊണ്ടാകും, ഇരുളില്‍ ഇത്രയധികം കൈയ്യടികള്‍ കേട്ടത്.

ഇനി വിവരമില്ലാത്ത ഞാന്‍ എഴുതുന്നത് :
പൊന്ന് കൂടപ്പിറപ്പുകളേ , മറ്റു ഹറാം പിറപ്പുകളേ,
മുകളില്‍ കൊടുത്തിരിക്കുന്നത് അടുത്തിടെ വായിക്കാന്‍ ഇടയായ ചില ചലച്ചിത്ര നിരൂപണങ്ങളുടെ രൂപരേഖയാണ്.വായിച്ചു കണ്ണ് ബള്‍ബ്ബായത് കൊണ്ട് മാത്രമാണ് അവ പോലെ ഒന്ന് പുനഃസൃഷ്ടിക്കാന്‍ ശ്രമിച്ചു നോക്കിയത്. വല്യ പാടൊന്നുമില്ല.'നേര്‍ കാര്യം പറയുന്നത് ജിലേബി പോലെ നേര്‍ വരയിലാകും' എന്ന അടിസ്ഥാന തത്ത്വം അങ്ങോട്ട്‌ മുറുകെ പിടിച്ചാല്‍ പകുതി ജോലി കഴിഞ്ഞു.
എന്നാലും സ്ഥിരമായി ഈ പണി നമുക്ക് പറ്റില്ല എന്നതും വേദനയോടെ ഞാന്‍ തിരിച്ചറിയുന്നു. കാരണം ഒരു സിനിമയില്‍ ബിമ്പങ്ങളും, അതിനുള്ളില്‍ അന്തരാള സൂചനകളും കണ്ടെത്തി, മേല്‍പ്പറഞ്ഞ തരത്തില്‍ ദിവസേനെ നിരൂപണം എഴുതിയാല്‍ എന്റെ നാലഞ്ച് നട്ട് എപ്പോ ഇളകി എന്ന് ചോദിച്ചാല്‍ മതി.
ഈ അഭിനവ പണ്ഡിതന്മാരെ സമ്മതിക്കണം. എഴുത്ത് അങ്ങോട്ട്‌ മൂക്കുമ്പോള്‍ , വായിക്കുന്നവന് ഇത് സിനിമയെ കുറിച്ച് എഴുതുന്ന കാലന്റെ അഭിപ്രായമാണോ അതോ മാഗ്നാകാര്‍ട്ടയുടെ അസല്‍ പതിപ്പോ എന്ന് തോന്നത്തക്ക വിധമുള്ള എഴുത്ത് . ഹോ!!! ഭയങ്കരം തന്നെ അണ്ണന്മാരെ.

എന്നാല്‍ മറ്റു ചില സാറന്മാര്‍ സംവിധാനം മുതല്‍ വേഷവിധാനത്തിന് വരെ മാര്‍ക്കുകള്‍ ഇട്ട് നിരൂപിക്കും. എന്നാല്‍ ആ പാത പിന്തുടരാം എന്ന് കരുതിയതാ (നമുക്കുമില്ലേ ആഗ്രഹങ്ങള്‍).പക്ഷേ അവിടെയും വന്‍ പ്രശ്നം.നമ്മള്‍ ഒരു പടത്തിനെ എങ്ങനെ നിരൂപിച്ചാലും അതില്‍ വ്യക്തമായി രണ്ട് കാര്യങ്ങള്‍ പറയും.
1) പടം നമുക്ക് ഇഷ്ട്ടപ്പെട്ടോ?
2)നമ്മുടെ അഭിപ്രായത്തില്‍ പടം കണ്ടാല്‍ കാശ് മുതലാണോ?
മേല്‍പ്പറഞ്ഞ ചേട്ടന്മാരുടെ നിരൂപണങ്ങളില്‍ ഈ രണ്ട് കാര്യം മാത്രം പൊടി പോലുമില്ല കണ്ടുപിടിക്കാന്‍. ബാക്കി സംവിധായകന് രണ്ട് മാര്‍ക്ക്, നാടാണ്‌ പത്തു മാര്‍ക്ക് തുടങ്ങിയ റേറ്റിങ്ങും ,' പടം അത്ര പോരെങ്കിലും , മമ്മൂട്ടിക്ക് ഇതില്‍ കാര്യമായി ഒന്നും ചെയ്യാനില്ല'(സംശയം വേണ്ട, ഇത് തന്നെയാണ് ലൈന്‍ ) തുടങ്ങി ഗീര്‍വാണങ്ങള്‍ അനവധി ഉണ്ടാകും താനും. നമുക്കാണേല്‍ അതൊട്ട്‌ പറ്റുകയുമില്ല
.

ആത്മാര്‍ത്ഥമായി ചോദിക്കുകയാണ് പണ്ഡിതന്മാരെ , മാര്‍ക്കിടല്‍ ചേട്ടന്മാരെ; ഈ പരിപാടികള്‍ എങ്ങനെ സുഗമാമായി ചെയ്യാം എന്നതിന്റെ ട്യൂട്ടോറിയല്‍ വല്ലയിടത്തും ലഭ്യമാണോ? ആണെങ്കില്‍ ദയവു ചെയ്തു പറഞ്ഞു തരണം. നിങ്ങളെപ്പോലെ അത ബൌധിക വ്യായാമത്തിന്റെ തലങ്ങളില്‍ വിഹരിക്കാനും, മാര്‍ക്കിട്ടു കളിക്കാനുമൊക്കെ എനിക്കും ആഗ്രഹങ്ങള്‍ ഉണ്ടേ. അത് കൊണ്ടാ.

മലയാളം ബ്ലോഗില്‍ നല്ല സിനിമാ നിരൂപണം നടത്തിയിരുന്ന ജയകൃഷ്ണന്റെ ബ്ലോഗിന്റെ ഓര്‍മയ്ക്ക് മുന്നില്‍ സമര്‍പ്പണം


Wednesday, July 22, 2009

എല്ലാം കോമ്പ്ലിമെന്റ്സ്...

അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള നമ്മുടെ നാട്ടില്‍ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം.എങ്കിലും ചിലത് പറയാതെ പോയാല്‍ , 'എനിക്കത് അന്ന് പറയാമായിരുന്നു' എന്ന് പിന്നിട് തോന്നും. അത് കൊണ്ട് ദേണ്ടെ കിടക്കുന്നു .
മുന്‍ രാഷ്ട്രപതി ഡോ : എ പി ജെ അബ്ദ്ദുള്‍ കലാമിനെ അമേരിക്കന്‍ വിമാന കമ്പനി ദേഹ പരിശോധനയ്ക്ക്‌ വിധേയനാക്കി എന്നതാണല്ലോ ഇപ്പൊഴത്തെ ഫാന്‍സി ടോപ്പിക്ക്‌ .

ഈ വിഷയത്തില്‍ ഉയര്‍ന്ന് കേട്ട ചില അഭിപ്രായങ്ങള്‍ :
1) അമേരിക്കക്കാരന് ഇത്ര അഹങ്കാരമോ? അവനും ഇവിടെ വരുമ്പോള്‍ തുണി അഴിച്ചു നിറുത്തി പരിശോധിക്കണം.
നുമ്മ അഭിപ്രായം: ഒവ്വ , ഒവ്വ ...അമേരിക്കന്‍ മുന്‍ രാഷ്ട്രപതിയെ വിട് , അവിടുത്തെ ഒരു മുന്‍ പഞ്ചായത്ത് പ്രസിഡന്റ്‌ (അമേരിക്കയില്‍ പഞ്ചായത്തില്ലെങ്കില്‍ അതെന്റെ കുറ്റമല്ല) ഇവിടെ വന്നാല്‍ ഉടന്‍ നമ്മുടെ വിദേശ കാര്യവും, സ്വദേശ കാര്യവും എല്ലാം കൂടി തായമ്പക മുതല്‍ ഓല പീപ്പി വരെ സകലതുമായി ചെന്ന് പരവതാനി നിവര്‍ത്തി സ്വീകരിക്കും.അതിനിടേലാ പരിശോധന .ഇമ്മിണി പുളിക്കും.

2) മുസ്ലീമായത് കൊണ്ടാണ് ഡോ :കലാമിന് ഈ ദുഃസ്ഥിതി ഉണ്ടായത്.
മച്ചാന്റെ ടേക്ക് : തന്നേ?അപ്പൊ പണ്ട് ജോര്‍ജ് ഫെര്‍ണാണ്ടസിനെ അമേരിക്കയിലിട്ടു തുണി ഉരിഞ്ഞത് അങ്ങേര്‍ അങ്ങോട്ട്‌ പോണ വഴി പൊന്നാനിയില്‍ പോയി തൊപ്പിയിട്ടത് കൊണ്ടാണോ? അഫ്സല്‍ ഗുരു മുതല്‍ അബ്ദുല്‍ കലാം വരെ ആരുടെ പേരിലും മതം തിരുകി കയറ്റുന്ന ഇത്തരക്കാര്‍ ഉള്ളത് കൊണ്ട് തന്നെയാവാം ഒരു പക്ഷെ വെള്ളക്കാരന് ‍തെണ്ടി ഇവിടുന്ന് താടി വെച്ച് ചെല്ലുന്നവനൊക്കെ ബോംബ് വെയ്ക്കാന്‍ ചെല്ലുന്നതാണ് എന്ന് കരുതുന്നത് (ഫെര്‍ണാണ്ടസിനും,ഡോ :കലാമിനും താടിയില്ലല്ലോ എന്ന വാദത്തിനു സ്കോപ്പുണ്ട് ചേട്ടന്മാരെ.തുടങ്ങിക്കോ !!!) .

3) അമേരിക്കന്‍ നിയമം ഇന്ത്യന്‍ മണ്ണില്‍ ബാധകമാകുമോ എന്ന് പഠിക്കേണ്ടിയിരിക്കുന്നു.
സാറിന്റെ മൊഡ: പഠിച്ചോ, പഠിച്ചോ. പഠിക്കുമ്പോള്‍ ഇതൂടെ ഒന്നോര്‍ക്കണേ.സായിപ്പിന്റെ ബി പി ഓകളിലും , ഔട്ട്‌ സോര്‍സ്സിങ്ങ് സോഫ്റ്റ്‌വെയര്‍ സ്ഥാപനങ്ങളിലും ഓഗസ്റ്റ്‌ പതിനഞ്ചിനും, ജനുവരി ഇരുപത്തിയാറിനും , ഒക്ടോബര്‍ രണ്ടിനും പോയിരുന്നു മണി മണി ജോലി ചെയ്തിട്ട് 'അത് ഞങ്ങളുടെ നിവൃത്തി കേട്‌ കൊണ്ടാ' എന്ന് വിലപിക്കുകയും, അബദ്ധത്തില്‍ സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ നരസിംഹത്തിന്റെ നൂലുകെട്ടിനും,സ്നാപക യോഹന്നാന്റെ മാമോദിസക്കും , ഹാജി അലിയുടെ മയ്യതിനും അവധി കിട്ടിയില്ല എന്ന് കൊടി പിടിക്കുകയും ചെയ്യുന്ന നാണം കെട്ടവന്മാരുടെ നാട്ടില്‍ അമേരിക്കയുടെ അല്ല, താമസിയാതെ ഉട്ടോപ്പിയയുടെ നിയമം വരെ അവന്മാര്‍ വന്നു നടപ്പാക്കിയിട്ട് പോകും.
പൊതു അവധികള്‍ എന്ന് സകല അലവലാതികള്‍ക്കും ബാധകമായ അടിസ്ഥാന നിയമങ്ങള്‍ ലംഘിക്കാന്‍ കൂട്ട് നില്‍ക്കുന്ന കാപെറുക്കികള്‍ ഇവിടെ തന്നെയുള്ളപ്പോള്‍, അമേരിക്കകാരന്‍ ചെറ്റയെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ എന്നൂടെ പഠിക്കണേ സാറന്മ്മാരേ.

4) സ്വന്തം ജോലി കൃത്യമായി ചെയ്ത വിമാന കമ്പനിക്കരനെ അഭിനന്ദിക്കണം.
നമുക്ക് തോന്നിയത് : പിന്നെ, വേണം!!! ഭാരതത്തിലെ ഒരു നിയമം, അത് എന്ത് തന്നെയായാലും, ലംഘിക്കുക എന്നത് ഒരു തെണ്ടിയുടെ ജോലിയുടെ ഭാഗമാണെങ്കില്‍ ‍, അവനെ മാത്രമല്ല‍, അവന്‌ ആ ജോലി കൊടുത്തവന്മാരെക്കൂടി ഭാരതരത്നം നല്‍കി അഭിനന്ദിക്കണം.

ഇനി പൊതുവായി ചിലത് :
വന്‍ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമുള്ള മന്ത്രിമാര്‍, ജനങ്ങളുടെ മുന്നില്‍ സമ്മതിദാനം തേടാന്‍ കെല്‍പ്പില്ലാതെ (എഴുന്നേറ്റു നില്‍ക്കാനും) പിന്‍വാതിലില്‍ കൂടി പ്രധാനമന്ത്രിയാകുന്നവര്‍ , നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിന്റെ ചില ഉന്നത പ്രതീകങ്ങള്‍ക്ക് മാത്രം നല്‍കപ്പെടേണ്ട നിയമപരമായ ഇളവുകള്‍ രാഷ്ട്രീയക്കാരായ ഏത് ചെറ്റയ്ക്കും ഒരുളുപ്പുമില്ലാതെ അനുഭവിക്കാവുന്ന ഒരു വ്യവസ്ഥ; ഇങ്ങനെ നമ്മുടെ നിയമങ്ങളെ വളച്ചൊടിക്കാനും, അപഹാസ്യമാക്കാനും മുന്‍പന്തിയില്‍ നില്‍ക്കുന്നത് നാം തന്നെയാണ് എന്നിരിക്കെ, പുറം രാജ്യത്തുള്ള ഏതെങ്കിലും ഒരുത്തന്‍ ആ നിയമത്തെ ബഹുമാനിക്കണം എന്ന് നമ്മള്‍ വിലപിക്കുന്നത് അര്‍ത്ഥശൂന്യമാണ് .

ദിവസേന മന്ത്രിമാരുടെയും, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി , പ്രിയങ്കാ ഗാന്ധി , അവരുടെ പുള്ളകള്‍ (കോണ്ഗ്രെസ്സുകാര്‍ക്ക് യഥാക്രമം അഡ്വാനി അങ്ങനെ തുടങ്ങി വായിക്കാം) എന്നിവരുടെ സന്ദര്‍ശനം, ഗതാഗത നിയന്ത്രണം , അമ്മുമ്മേടെ അടിയന്തരം അങ്ങനെ പല പേരില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളില്‍ ചിലരെങ്കിലും ഏതെങ്കിലും വി വി ഐ പിയെ സായിപ്പ് പിടിച്ച് തുണി ഉരിയുമ്പോള്‍ ഉള്ളു കൊണ്ട് സന്തോഷിക്കുന്നതിന്റെ കാരണവും മേല്‍പ്പറഞ്ഞ ദുരുപയോഗങ്ങളാണ്.

ഇത്രയും പറഞ്ഞ നിലക്ക് :
മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഡോ: കലാം സംഭവം, ഇത്ര കാലം കഴിഞ്ഞിട്ടാണോ പുറത്ത്‌ വരുന്നത്? ഡോ കലാം പരാതിപ്പെട്ടില്ല എന്നത് നില്‍ക്കട്ടെ. പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥര്‍ ആരും സംഭവം നടക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കൂടെ ഇല്ലായിരുന്നോ? അതോ, ഇപ്പോള്‍ ഈ വിവാദം പെട്ടന്ന് പൊങ്ങി വരുകയും, രണ്ടാം ദിവസം വിമാന കമ്പനി പറഞ്ഞ് എല്ലാം കോമ്പ്ലിമെന്റ്സ് ആക്കുകയും ചെയ്തത് മറ്റെന്തിലെങ്കിലും നിന്ന് മാധ്യമ/ജന ശ്രദ്ധ തിരിക്കാനുള്ള വിദ്യയോ ? മിസ്‌ഡിറക്ഷന്‍ എന്ന ജാല വിദ്യക്കാരുടെ നമ്പര്‍? അല്ല, ഹിലാരി ചേച്ചി ഒതുക്കത്തില്‍ ഇവിടെ വന്നു നാലഞ്ചു കരാറുകളും മറ്റും ഒപ്പിട്ട് പോയായിരുന്നേ. ആയുധ കരാറോ, ഇന്ത്യന്‍ സൈനിക മേധാവികളുടെ ലങ്കോട്ടി വരെ എന്തും അമേരിക്കന്‍ ആശാന്മാര്‍ക്ക് പരിശോധിക്കാനുള്ള കരാറോ...അങ്ങനെ എന്തൊക്കെയോ. ഡോ:കലാം വിവാദത്തില്‍ വിവാദത്തിനിടെ , കരാറിനെക്കുറിച്ച് മാധ്യമങ്ങളോ , രാഷ്ട്രീയ വിശകലന ഫ്രാഡുകളോ കാര്യമായി ഒന്നും പറഞ്ഞു കണ്ടില്ല? ശ്രദ്ധ തിരിഞ്ഞത് തന്നേ? അതോ പതിവ് പോലെ ജനത്തിനെ നിറുത്തി പറ്റിച്ചതോ?

ആത്മാഭിമാനമുള്ള നമ്മള്‍

ആത്മാഭിമാനമുള്ള പൌരന്മാരെ,
രാജ്യത്ത്‌ ആത്മാഭിമാനത്തിന്റെ ലെവല്‍ ഈയിടയായി ഒരല്‍പം കുറഞ്ഞുവോ എന്നോരോ സംശയം.കാരണം മറ്റൊന്നുമല്ല. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിമാന കമ്പനികള്‍ നമ്മള്‍ ഇന്ത്യക്കാരെ പിടിച്ചു തുണിയഴിച്ച് പരിശോധന നടത്തുന്നതിന് ചില തെമ്മാടികള്‍ കിടന്നു ബഹളം ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു.നടുവിന് ചവിട്ട്‌ കൊള്ളാത്ത കുഴപ്പമാണ് അവനൊക്കെ.

ആത്മാഭിമാനമുള്ള പൌരന്മാരായ നമ്മുക്ക് ഇന്ന് ലോകത്താകെ ലഭിച്ചു കൊണ്ടിരിക്കുന്ന പല അംഗീകാരങ്ങളില്‍ ഏറ്റവും ഉന്നതമായവയല്ലേ, നമ്മുടെ വല്യേട്ടനായ അമേരിക്ക, വ്യലപ്പനായ ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ള സായിപ്പ് മുതലാളിമാര്‍ നമ്മുടെ അടിവസ്ത്രം വരെ ഊരി പരിശോധിക്കുക എന്നത്? ഈ ബഹളമുണ്ടാക്കുന്ന അലവലാതികള്‍ ഇനിയിതൊക്കെ എന്ന് പഠിക്കാന്‍? നമ്മുടെ പ്രതിരോധ മന്ത്രി മുതല്‍, മുന്‍ രാഷ്ട്രപതി വരെയുള്ള ആണ്‍കുട്ടികള്‍ ഇത്തരം ബഹുമാനങ്ങള്‍ നെഞ്ചൂക്കോടെയല്ലേ ഇന്നോളം ഏറ്റ് വാങ്ങിയിട്ടുള്ളത്?

ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി സായിപ്പന്മാര്‍ പലപ്പോഴായി അവരുടെ കോണകം വരെ ഊരി വാങ്ങി.എന്നിട്ട് അവരാരെങ്കിലും കമാന്ന് മിണ്ടിയോ? ഇല്ല. അവര്‍ക്കറിയാം, സായിപ്പ് മുതലാളിമാര്‍ ഇതൊക്കെ ചെയ്യുന്നത് നമ്മളോടുള്ള സഹിക്കാന്‍ പറ്റാത്ത സ്നേഹത്തിന്റെ പുറത്താണെന്ന്.

ചില അവന്മാര്മാര്‍ പറഞ്ഞോണ്ട് നടക്കുന്നുണ്ട്...നമ്മുടെ പ്രതിരോധ മന്ത്രിയെ പുറം രാജ്യത്ത്‌ തുണിയഴിച്ച് പരിശോധനയ്ക്ക്‌ വിധേയനാക്കിയാല്‍, ആ മന്ത്രി 'നിന്റെ രാജ്യത്ത്‌ എനിക്ക് കയറെണ്ടാടാ പുല്ലേ!!!' എന്ന് പറഞ്ഞിട്ട് മടങ്ങി പോരണമായിരുന്നു എന്നും, നമ്മുടെ രാജ്യത്ത്‌ വെച്ചു ഇത് ചെയ്‌താല്‍ ആ വിമാന കമ്പനിയെ തുടര്‍ന്ന് ഇവിടെ സേവനം നടത്താന്‍ അനുവദിക്കരുത്,എന്നൊക്കെ. ഇവനൊക്കെ പറയുന്നത് പോലെ ചെയ്‌താല്‍ സായിപ്പ് മുതലാളിമാര്‍ നമുക്ക് തരുന്ന ആയുധം മുതല്‍ കോണ്ടതിന്റെ വരെ കോടികള്‍ വിലയുള്ള കരാറുകള്‍, അതുവഴിയുള്ള കമ്മീഷന്‍, ഇവയൊക്കെ ഇവന്റെയൊക്കെ കുടുമ്പത്തീന്ന് കൊണ്ട് വരുമോ.ഛെടാ!!! സായിപ്പന്മാര്‍ തുണിയഴിച്ചോണ്ട് പോയവന്മാര്‍ക്ക് പരാതിയില്ല.പിന്നെ ഇവനൊക്കെ എന്തിന്റെ കഴപ്പാ?

ഇനി വേറെ ചില അവന്മാരുണ്ട്. "അമേരിക്കന്‍ പ്രസിഡന്റ്, ബ്രിട്ടിഷ്‌ പ്രൈം മിനിസ്റ്റര്‍ എന്നിവരെയൊക്കെ മറ്റു വല്ല രാജ്യത്തും വെച്ചു ഇത് പോലെ ചെയ്യാന്‍ ആര്‍ക്കെങ്കിലും ധൈര്യം വരുമോ?" എന്ന് ചോദിക്കുന്നവന്മാര്‍. ബോയ്സ്, അമേരിക്ക , ബ്രിട്ടന്‍ , നമ്മുടെ രാജ്യം ഇതെല്ലാം കൂടി തുലനം ചെയ്യരുത്.സായിപ്പന്മാര്‍ പലതും ചെയ്യും. നാണമില്ലാത്തവന്മര്‍!!! അത് കണ്ട് നമ്മള്‍ ആത്മാഭിമാനമുള്ളവര്‍ക്ക് അങ്ങനെ തന്നെ ചെയ്യാന്‍ സാധിക്കുമോ? ഇനി അഥവാ ചെയ്‌താല്‍ തന്നെ സായിപ്പ് ഊരി വാങ്ങിയ നമ്മുടെ ട്രൌസര്‍ കീറുക കൂടി ചെയ്‌താല്‍?ട്രൌസറിന് സമാധാനം ആര് പറയും? അത് കൊണ്ട് നമുക്ക് സായിപ്പ് മുതലാളിമാരെ ബഹുമാനിച്ചേ പറ്റു. നമ്മള്‍ മാത്രമല്ല, നമ്മുടെ വരും തലമുറയും മനസിലാക്കണം; സായിപ്പ് നമ്മുടെ മുതലാളി, ഉടയോന്‍, ദൈവം എന്നിവയൊക്കെയാണെന്ന്.

നമുക്ക്‌ സായിപ്പിന്റെ മുന്നില്‍ തുണിയൂരി നിന്നും, മഹാത്മാ ഗാന്ധിയെ കോനയടിച്ച പെണ്ണുമ്പിള്ള അണ്ടര്‍ സെക്രെട്ടറി എന്ന് പറഞ്ഞു സന്ദര്‍ശനത്തിന് വരുമ്പോള്‍ തലയില്‍ ചുമന്നും,നമ്മുടെ ആത്മാഭിമാനം വരും തലമുറയ്ക്ക് കാട്ടിക്കൊടുക്കണം .

ജയ് കോന്റിനെന്റല്‍ ,

കേന്ദ്ര അത്മാഭിമാന മന്ത്രി (എണ്‍പതോളം തെണ്ടികള്‍ ഉള്ളപ്പോള്‍ ഇങ്ങനെയും വകുപ്പുകള്‍ വരും)

ഗോഡ് ബ്ലെസ്സ് അമേരിക്കാ സിംഗ് .

Monday, July 20, 2009

കീഴടങ്ങി , കീഴടങ്ങി!!!

എന്തെല്ലാം ബഹളമായിരുന്നു. ധീര യോദ്ധാവ് , അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്യുന്ന മൂപ്പിന്ന്, കേരളത്തിലെ പാവങ്ങളുടെ അവസാന തേങ്ങാക്കൊല സോറി പ്രതീക്ഷ;ഒടുവിലെന്തായി? വിശേഷണങ്ങള്‍ ചാര്‍ത്തിക്കൊടുത്തു പൊക്കിക്കൊണ്ട് നടന്ന മാധ്യമങ്ങള്‍ നിന്ന നില്‍പ്പില്‍ കാല് മാറി. 'സഖാവ് സധൈര്യം പാര്‍ട്ടി വിട്ട് പുറത്ത്‌ വന്ന് ഞങ്ങളെപ്പോലെ തെണ്ടിത്തിരിഞ്ഞ്, പട്ടിക്കു പോലും വേണ്ടാതെ നടക്കണം' എന്ന് ചാനലുകളായ , ചാനലുകള്‍ മുഴുവന്‍ കയറി ഓരിയിട്ട വള്ളിക്കുന്ന്, വള്ളിയില്ലാത്ത കുന്ന് തുടങ്ങിയവന്മാര്‍ കടലില്‍ മുങ്ങിയോ, അതോ പരന്തുംകാലില്‍ പോയോ? നോ ഐഡിയ.

അപ്പോള്‍ സഖാവിന്റെ അവസ്ഥയോ?ജഗ്ഗുവിന്റെ താവളത്തിലേക്ക് ഇരച്ച് കയറുന്ന ജയന്റെ വീര്യം എന്നൊക്കെ റബ്ബറ് പത്രം വെറുതെ പറഞ്ഞതാ മക്കളെ. സഖാവ് ഇപ്പോള്‍ ടി ജി രവിയുടെ മുന്നില്‍ ഒറ്റത്തോര്‍ത്തും ചുറ്റി പെട്ടു പോയ ജയഭാരതിയുടെ അവസ്ഥയിലാണ്. നസീറായി രക്ഷിക്കാന്‍ ചാടി വീഴും എന്ന് കരുതിയവനൊക്കെ ബഹദൂര്‍ പോലും അല്ല എന്ന തിരിച്ചറിവിലും.

അന്നേ വിവരമുള്ളവര്‍ പറഞ്ഞതാ.മാധ്യമങ്ങളും , കുറച്ച് കാപെറുക്കികളും പറയുന്നത് കേട്ട് തുള്ളാന്‍ പോയാല്‍ ഒടുക്കം പണി ഒറ്റയ്ക്ക് നിന്ന് വാങ്ങുമെന്ന്. ആര് കേള്‍ക്കാന്‍? അല്ലെങ്കിലും നല്ലത് പറഞ്ഞാല്‍ കേള്‍ക്കുന്ന ശീലം പണ്ടേ ഇല്ലല്ലോ. ഒടുക്കം വയസ്സാം കാലത്ത് ചവിട്ടി പുറത്താക്കല്‍, പെരുമാറ്റ ചട്ടം അങ്ങനെ , അങ്ങനെ ...

തീപ്പൊരി പ്രസംഗവും , പല വ്യാഖ്യാനങ്ങള്‍ ഉയര്‍ത്തുന്ന 'ഇല്ലാ, അല്ല , പുല്ലാ' തുടങ്ങിയ ശബ്ദങ്ങള്‍ എല്ലാം വിഴുങ്ങി സാഷ്ടാംഗ പ്രണാമവും പിന്നെ രണ്ടു കയ്യും പൊക്കി നിന്ന് 'കീഴടങ്ങി, കീഴടങ്ങി ...രണ്ടു കൈയ്യും പൊക്കിയാല്‍ പിന്നെ വെടി വെയ്ക്കാന്‍ പാടില്ല. അമിതാബ് ബച്ചന്‍ അങ്ങനെയാ' എന്ന കരച്ചിലും.

പോരാട്ടം, സമരവീര്യം , പിന്മാറാത്ത ചങ്കൂറ്റം ഇതൊക്കെ പറഞ്ഞിട്ടുണ്ട്...ആണുങ്ങള്‍ക്ക്. സഖാവിനല്ല.സഖാവിനു പറഞ്ഞിട്ടുള്ളത് പറ്റാവുന്ന കാലം ആ കസേരയില്‍ കടിച്ചു തൂങ്ങി കിടക്കുക. ഈ ഒരു കാര്യം മാത്രം ആരും പറഞ്ഞു കൊടുത്തില്ലേലും വൃത്തിയായി ചെയ്തോളും. കാരണം ആശിച്ചു, മോഹിച്ചു, ഒരുപാട് തരികിട കളിച്ച് കിട്ടിയ കസേരയല്ലേ ? അഞ്ചു പൈസക്ക്‌ വിലയില്ലാത്ത ആത്മാഭിമാനത്തിന്റെ പേരില്‍ അത് അങ്ങനെ കളയാന്‍ ഒക്കുമോ?പക്ഷേ തനി കൊണത്തിന് അധിക കാലം അടങ്ങി ഇരിക്കാനും സാധിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ വീണ്ടും കുര തുടങ്ങാന്‍ ഒരു വകുപ്പുണ്ട്‌. ഒരൊറ്റ കുഴപ്പമേയുള്ളു. മിക്കവാറും 'ഇനി കാടേ ഗതി' എന്ന മട്ടിലാകും അടുത്ത നടപടി. അപ്പോഴെന്തു ചെയ്യും? അരൂര്‍ മീന്‍ കറി കൂട്ടി ഊണ് ദിവസും കിട്ടില്ലലോ.

Wednesday, July 15, 2009

മമ്മൂട്ടി മോഹന്‍ലാലിന്‍റെ അളവ് കോലോ ?

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഭ്രമരം കണ്ടിട്ട് അതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ മമ്മൂട്ടിയുടെ പട്ടണത്തില്‍ ഭൂതം കൂടി കാണണം എന്ന് നിര്‍ബന്ധം ഉണ്ടോ? മമ്മൂട്ടി അഭിനയിച്ച ഒരേ കടലിനെക്കുറിച്ചുള്ള അഭിപ്രായം മോഹന്‍ലാലിന്റെ മിഴികള്‍ സാക്ഷിയുമായി കെട്ട് പിണഞ്ഞു കിടക്കുന്നതാണോ? ഉണ്ട്, അതേ എന്നാണ് യഥാക്രമം ഇരുവരുടെയും ഫാന്‍സ്‌ എന്ന് അവകാശപ്പെട്ടു നടക്കുന്ന കാപെറുക്കികള്‍ പറയുന്നത് .ഈ മറ്റവന്‍മാരോട് ചില സംശയങ്ങള്‍ ചോദിക്കണം എന്ന് വിചാരിച്ചിട്ട് ദിവസങ്ങള്‍ കുറച്ചായി.ഇന്നാണ് ടൈം കിട്ടിയത്.

സംശയം ഒന്ന്
: മോഹന്‍ലാലിന്റെ കഴിവുകളുടെ അളവ് മമ്മൂട്ടിയെ വെച്ചും,തിരിച്ച് മമ്മൂട്ടിയുടെ കഴിവുകള്‍ മോഹന്‍ലാലിനെ വെച്ചുമാണോ അളക്കുന്നത്?
ഉത്തരം അതേ എന്നാണെങ്കില്‍ , എനിക്കൊന്നേ പറയാനുള്ളൂ. അങ്ങനെ ചെയ്യാന്‍ എനിക്ക് ഇപ്പൊ മനസ്സില്ല.നീ ഒക്കെ എന്തോ ചെയ്യും?
മോഹന്‍ലാലിന്റെ ഒരു പടം നാല്‍പ്പതു രൂപ (ചിലപ്പോള്‍ ബ്ലാക്കില്‍ ഇരുന്നൂറു രൂപ വരെ ) കൊടുത്ത് കണ്ടിട്ട് ഇഷ്ട്ടപ്പെട്ടില്ലെങ്കില്‍ ഞാന്‍ ആ പടത്തിനെ തെറി പറയും. അതിനു തൊട്ടു മുന്‍പിറങ്ങിയ മമ്മൂട്ടിയുടെ പടം മോശമായിരുന്നോ, ഞാന്‍ തെറി പറയുന്ന മോഹന്‍ലാലിന്റെ പടം ആ പടത്തെക്കാള്‍ ഭേദമായിരുന്നോ എന്നൊന്നും നോക്കേണ്ട കാര്യം എനിക്കില്ല.

സംശയം രണ്ട്
: മോഹന്‍ലാലിനു ലെഫ്റ്റ്: കേണല്‍ പദവി കിട്ടിയതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അരുണാച്ചലിന് എ ഡി ബി വായ്പ്പ കിട്ടാതിരിക്കാന്‍ ചൈന നടത്തിയ ഗൂഡ ശ്രമങ്ങള്‍ക്കെതിരെ മമ്മൂട്ടി പ്രതികരിച്ചോ ഇല്ലയോ എന്ന് ഞാന്‍ അന്വേഷിക്കണോ?
വേണമെന്ന് പറയുന്ന വിവരംക്കെട്ടവന്മാരെ, ഇന്ത്യന്‍ പൌരന്‍ എന്നാ നിലയില്‍ ചൈനയുടെ നീക്കത്തിനെതിരെ നമ്മുടെ പ്രധാനമന്ത്രി കിളവന്‍ പ്രതികരിച്ചോ എന്ന് ഞാന്‍ അന്വേഷിക്കാം.ചൈനക്കെതിരെ പ്രതികരിക്കാന്‍ മമ്മൂട്ടി ആര്? ഇന്ത്യന്‍ അമ്പാസിഡറോ?അതോ ചൈനീസ്‌ പ്രധാനമന്ത്രിയുടെ പെങ്ങടെ കെട്ടിയോനോ? അങ്ങേരു പടത്തില്‍ പറയുന്നത് പോലും ജനത്തിന്റെ കൂവല്‍ കാരണം ഇവിടെ നേരെ ചൊവ്വേ നമുക്ക് കേള്‍ക്കാന്‍ പറ്റുന്നില്ല.പിന്നല്ലേ അങ്ങേരിനി ഇന്‍ഡോ ചൈന പ്രശ്നത്തില്‍ അഭിപ്രായം പറയുന്നുണ്ടോ എന്ന് നോക്കിയിരിക്കുന്നത്? (ഇനി അഥവാ അങ്ങേര് അഭിപ്രായം എഴുന്നള്ളിച്ചാല്‍ തന്നെ സുല്‍ഫത്ത് മുഹമ്മദ്‌ക്കുട്ടി പോലും അത് മുഖവിലക്കെടുക്കും എന്ന് എനിക്ക് തോന്നുന്നില്ല).
കൂട്ടത്തില്‍ ഒരു കാര്യം കൂടി പറയാതെ വയ്യ. മോഹന്‍ലാലിനു ലെഫ്റ്റ് : കേണല്‍ പദവി കിട്ടിയ സന്തോഷം ആഘോഷിക്കുന്ന തിളപ്പില്‍ ഏതോ ഒരു തിരുമണ്ടന്‍ ബ്ലോഗ്ലില്‍ പറയുന്നത് കേട്ട്.പണ്ട് നാനാ പടേക്കര്‍ ടെറിട്ടൊറിയല്‍ ആര്‍മിയില്‍ ചേരാന്‍ അപേക്ഷ കൊടുത്ത് അത് കിട്ടിയിരുന്നു, ലാലിന്റെ ആര്‍മി പ്രവേശനവും അത് പോലെ രാജ്യ സ്നേഹം കൊണ്ടോ മറ്റോ ആണെന്ന് കണ്ടാല്‍ മതി എന്ന്. ബ്ലഡി ഫൂള്‍സ്‌ !!! ഇതാണ് താരതമ്യത്തിന്റെ കുഴപ്പം. നാന ടെറിട്ടൊറിയല്‍ ആര്‍മിയില്‍ ചേര്‍ന്ന് തന്റെ സേവനങ്ങള്‍ രാജ്യത്തിന് വാഗ്ദാനം ചെയ്തത് കാര്‍ഗില്‍ യുദ്ധം നടക്കുന്ന സമയത്താണ്‌.ഒരു യുദ്ധം നടക്കുന്ന സമയത്ത് നമ്മുടെ മമ്മൂട്ടിയും, മോഹന്‍ലാലും പട്ടാളത്തിനു അവരുടെ സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ കുറച്ച് പാട് പെടും .പാക്കിസ്ഥാന്‍കാരുടെ മുന്നില്‍ ചെന്ന് നിന്ന് 'ഞാന്‍ ഇടിച്ച് കുത്തി പെയ്യും ', 'തൂണ് പിളര്‍ന്നും ഞാന്‍ വരും' എന്നൊന്നും പറഞാല്‍ ഉണ്ട നെഞ്ചില്‍ കേറാതിരിക്കില്ലല്ലോ.
നമ്മുടെ താരങ്ങളെക്കൊണ്ട് പറ്റും; വല്ല കോളേജിന്റെ തിണ്ണ നിരങ്ങി കൊച്ചു പെമ്പിള്ളാരെ നോക്കി വെള്ളമിറക്കി, ബാക്കിയുള്ളവന്മാരെ ആര്‍മിയില്‍ ചേരേണ്ട ആവശ്യകത ബോധ്യപ്പെടുത്താനോ, വെബ്‌ സൈറ്റ് തുടങ്ങി 'രക്തദാനം മഹാദാനം' എന്ന് കൂവി പത്രക്കാര് തെണ്ടികളെക്കൊണ്ട് 'മനുഷ്യ സ്നേഹത്തിന്റെ കാവല്‍ മാലാഖ' എന്ന് എഴുതിക്കാനുമൊക്കെ.

സംശയം മൂന്ന് : ബ്ലെസ്സി , മോഹന്‍ലാല്‍ ചിത്രം മോശമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഉടന്‍ മലയാള സിനിമ തട്ടി പോകുമോ?
അതേ എന്ന് പറയുന്നവന്മാരെ ടൈംടേബിള്‍ വെച്ചു തിരണ്ടി വാലിനടിക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അഭിപ്രായത്തിന്റെ കാരണം ഒരുത്തനോടും വ്യക്തമാക്കേണ്ട കാര്യമില്ലെങ്കിലും, ചുമ്മാ രസത്തിന് ഒരു ചിന്ന സംഭവം കൂടി പറഞ്ഞേക്കാം.ബട്ടര്‍ഫ്ലൈ ഓണ്‍ എ വീല്‍/ഷാറ്റേര്‍ഡ് എന്ന ഇംഗ്ലീഷ്‌ പടത്തിന്റെ അടിസ്ഥാന കഥാതന്തു ( ഒരാളുടെ സ്വസ്ഥ ജീവിതം അപ്രതീക്ഷിതമായി വന്നെത്തുന്ന മറ്റൊരുവന്‍ താറുമാറാക്കുന്നത്), ഛായാഗ്രഹണ സങ്കേതം എന്നിവ അപ്പാടെ പൊക്കി ഭ്രമരമായി രൂപാന്തരപ്പെടുത്തിയ ബ്ലെസ്സി ലോകോത്തര 'ചിനിമാ ചംവിധായകനാണെന്ന്‌ ' പറയണമെങ്കില്‍, മൂന്നാം വയസ്സ് മുതല്‍ ഞാന്‍ കണ്ടിട്ടുള്ള സിനിമകള്‍ ഒന്നും സിനിമ അല്ല എന്ന് കൂടി പറയേണ്ടി വരും. കഥാതന്തു അടിച്ചു മാറ്റിയതോ പോട്ടെ.എന്നിട്ട് അതിനകത്ത് സ്വന്തം കൂട്ടിചേര്‍ക്കലുകള്‍ നടത്തി, മലയാളികരണം എന്ന പേരില്‍ വൃത്തികേടാക്കി ഒടുവില്‍ ത്രില്ലര്‍ എന്ന പേരും. കൊള്ളാവുന്ന ത്രില്ലര്‍ ഒന്നും എടുക്കാന്‍ ബ്ലെസ്സി തത്കാലം വളര്‍ന്നിട്ടില്ല.(എന്നാ നീ എടുക്കടാ കൊള്ളാവുന്ന ത്രില്ലര്‍ എന്ന് വല്ലവനും പറഞ്ഞാല്‍...തത്കാലം അതിനുള്ള മൂഡില്ല.മൂഡ് തോന്നിയാല്‍ നിന്റെയൊന്നും അനുവാദമില്ലാതെ തന്നെ എടുത്തോളാം എന്നാണ് ഉത്തരം)

ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ മറ്റൊരു സംശയം. ഇതൊക്കെ ആരോട് പറഞ്ഞിട്ട് എന്ത് കാര്യം?ഇതൊന്നും ഒരുത്തനെയും നന്നാക്കാന്‍ വേണ്ടി പറഞ്ഞതല്ല. എന്റെ ബ്ലോഗ്, എന്റെ ഇഷ്ടം. ബു ഹ ഹ ഹ!!!

Tuesday, July 14, 2009

സ്വകാര്യ സ്ഥാപനങ്ങളില്‍ സംവരണം.

സ്വകാര്യ കമ്പനി മാനേജ്മെന്റുകളുടെ ശ്രദ്ധയ്ക്ക്
മലയാളക്കരയില്‍ ആഞ്ഞടിക്കുന്ന പുരോഗമന വാതത്തിന്റെ (വാദം എന്ന് തിരുത്തി വായിക്കുക.ജനിതകമായ ചില പ്രശ്നങ്ങള്‍ കാരണം വല്ലതും എഴുതുമ്പോള്‍ ഇത്തരം ഫാള്‍ട്ടുകള്‍ പതിവാണ്) കൊടുങ്കാറ്റ് (ഹോ!!!) സ്വകാര്യ സ്ഥാപനങ്ങള്‍ പുല്ലു പോലെ അവഗണിക്കുന്നത് അക്ഷന്തവ്യമായ കുറ്റമാണ്. പറഞ്ഞു വന്നത് കീഴാള വിഭാഗത്തിന് (അതാണ്‌ ഇപ്പൊ നടപ്പ് ഫാഷന്‍) പതിറ്റാണ്ടുകളായി കിട്ടിക്കൊണ്ടിരിക്കുന്ന സംവരണം എന്ന പിച്ചയെക്കുറിച്ചാണ് (ആനുകൂല്യത്തെ എന്ന് തിരുത്തിക്കോണം.പറഞ്ഞില്ലേ, ജനിതക വൈകല്യം.)

മെറിറ്റ് എന്ന കാപട്യത്തെ പൊളിച്ച് കാട്ടി, താരതമ്യേന മത്സര ശേഷിയും (മറ്റു ശേഷികളും), ബുദ്ധിയും കുറവായ കീഴാള സമൂഹത്തിന്റെ ഉന്നമനത്തിന് ഏക ആശ്രയം സംവരണമാണ് എന്ന് ഞങ്ങളുടെ അഭിനവ പൂര്‍ണ്ണ വട്ടന്മാരുടെ (പുരോഗമന വാദികളുടെ എന്ന് വായിക്കണേ, പ്ലീസ്‌!!!) ലേഖനങ്ങള്‍ വായിച്ച എല്ലാവര്‍ക്കും ഇതിനോടകം മനസ്സിലായിട്ടുണ്ട്. (പറയുമ്പോള്‍ എല്ലാം പറയണമല്ലോ, മോഡറേഷനില്‍ ഉരുണ്ട്‌ വീണ് പത്ത് ജയിച്ച കീഴാള ബുദ്ധി ജീവികള്‍ മാത്രമേ ഞങ്ങള്‍ക്ക് വേണ്ടി ലേഖനങ്ങള്‍ എഴുതുക പതിവുള്ളു.)

സംവരണം വഴി കഴിവുള്ളവരെ മാറ്റി നിറുത്തി,അധകൃത വിഭാഗത്തിന്റെ ഉന്നമനത്തിന് എന്ന പേരില്‍, നാട്ടിലെ സര്‍ക്കാര്‍ ഓഫീസുകളുടെ കാര്യം ഞങ്ങള്‍ പകുതി മുക്കാലും നിരപ്പാക്കി കഴിഞ്ഞു.ബാക്കി വല്ലതുമുണ്ടെങ്കില്‍ അത് യൂണിയന്‍കാര്‍ നോക്കിക്കൊള്ളും.

ഇനി ഞങ്ങള്‍ പുരോഗമന വാദികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് സ്വകാര്യ സ്ഥാപനങ്ങളിലെക്കാണ് .എന്ത് കൊണ്ട് ഇത്തരം സ്ഥാപനങ്ങളില്‍ സംവരണം ഇല്ല? കൊള്ളാവുന്ന ഒരു രാജ്യത്തും ഇതിനേക്കാള്‍ കഷ്ടത അനുഭവിച്ചിട്ടുള്ള (അപ്പുപ്പനെ ജന്മി തല്ലി, അമ്മുമ്മയെ രാത്രി കളപ്പുരയിലേക്ക് കൊണ്ട് പോയി എന്നതിന്റെയൊക്കെ പേരിലാണല്ലോ ഇന്ന് ഞങ്ങള്‍ പിച്ചയായിക്കിട്ടുന്നതൊക്കെ അന്തസായി വാങ്ങി നക്കുന്നത്) ജനവിഭാഗങ്ങള്‍ക്ക് പോലും സംവരണം ഇല്ല, കഴിവുള്ളവര്‍ ഉണ്ടെങ്കിലേ നാട് രക്ഷപ്പെടു തുടങ്ങിയ കാണാ കുണാ ന്യായം ഒന്നും ഞങ്ങള്‍ സ്വീകരിക്കുന്നതല്ല.രാജ്യം പണ്ടാരമടങ്ങിപ്പോയാലും ഞങ്ങള്‍ക്ക് തേങ്ങയാണ്.
അത് കൊണ്ട് സ്വകാര്യ സ്ഥാപനങള്‍ക്കായി ചില ചിട്ട വട്ടങ്ങള്‍ ഞങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട് .
അവ താഴെ പറയുന്നതിന്‍ പ്രകാരമാണ്.

1) മേലില്‍ സകല സ്വകാര്യ സ്ഥാപങ്ങളിലും കീഴാള വിഭാഗത്തിന് ചുരുങ്ങിയത് എഴുപതു ശതമാനമെങ്കിലും സംവരണം വേണം. നൂറു ശതമാനമാക്കിയാല്‍ അത്രയും നല്ലത് .

2) മെറിറ്റ് എന്ന വാക്ക് ഇനി മേലാല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ കേട്ട് പോകരുത്. ജനിതക ഘടനയിലെ കുഴപ്പങ്ങള്‍ കാരണം കീഴാള വിഭാഗത്തിന് മത്സര ശേഷി ഇല്ല എന്നാണ് ഞങ്ങളുടെ മതം. മത്സര ശേഷി, മറ്റു ശേഷികള്‍ , ബുദ്ധി എന്നിവ ജനിതകമായി തന്നെ നിഷേധിക്കപ്പെട്ട (ഇതിന് പിന്നിലും സവര്‍ണ്ണ വിഭാഗത്തിന്റെ കറുത്ത കൈകളാണ് എന്ന് സ്ഥാപിക്കാന്‍ ഞങ്ങളുടെ സ്വന്തം ലേഖകര്‍ ശ്രമിക്കുന്നുണ്ട്) വിഭാഗങ്ങള്‍ക്ക് എങ്ങനെ മെറിറ്റ് ഉണ്ടാകാനാണ് എന്ന ഞങ്ങളുടെ ചോദ്യം, അഞ്ചു പൈസയുടെ മൂള തലക്കകത്തില്ലാതെ അനൂകൂല്യത്തിന്റെ ദാക്ഷണ്യം കൊണ്ട് മാത്രം ജീവിക്കുന്ന എല്ലാ പ്രബുദ്ധ ജനങ്ങള്‍ക്കും ഇന്ന് ഒരു ആവേശമാണ്.

3) സ്വകാര്യ കമ്പനികളില്‍ സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ , സംവരണത്തിന്റെ കീഴില്‍ വരുന്ന സ്ഥാന മാനങ്ങള്‍ സ്ഥാപനത്തിന്റെ ആണിക്കല്ലുകള്‍ അല്ലെങ്കില്‍ കീ പൊസിഷനുകള്‍ ആയിരിക്കണം. ഈ കാര്യം കമ്പനി അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണം. പി എസ് സി, കെ എസ് ആര്‍ ടി സി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഈ കാര്യത്തില്‍ മാതൃകയാക്കാവുന്നതാണ്. സ്ഥാപനം ചിലപ്പോള്‍ കുത്തുപാള എടുത്ത്‌ പോയേക്കാം.പക്ഷെ കീഴാളരുടെ ഉന്നമനം !!! അതാണ്‌ പോയന്റ്.

4) സംവരണ പൂളില്‍ വരുന്ന ഒഴിവുകള്‍ ഒരു കാരണവശാലും പൊതു പൂളിലേക്ക് കൊണ്ട് വരാന്‍ പാടുള്ളതല്ല .കാരണം പൊതു പൂളില്‍ അവ വന്നാല്‍ കീഴാളര്‍ക്ക് നേരത്തെ പറഞ്ഞ ജനിതക പ്രശ്നങ്ങള്‍ കാരണം അവ കിട്ടാന്‍ സാധ്യത കുറവാണല്ലോ ? ഉദാഹരണത്തിന്‌, ഹൃദ്‌രോഗ വിദഗ്ധനായ ഒരു ഡോക്റ്ററുടെ ഒഴിവാണ് നിങ്ങളുടെ സ്ഥാപനത്തില്‍ സംവരണ പൂളിന്‍ കീഴില്‍ വരുന്നത് എന്ന് കരുതുക.അത്യാവശ്യം വിദ്യാഭ്യാസവും മറ്റുമുള്ള ഒരു കീഴാളന്‍ അപേക്ഷിക്കുന്നത് വരെ യാതൊരു കാരണവശാലും ആ ഒഴിവു നികത്തുവാന്‍ പാടുള്ളതല്ല. അതു വരെ രോഗികള്‍ ചത്തു തുലയട്ടെ, നാശങ്ങള്‍. തീരെ നിവൃത്തിയില്ലെങ്കില്‍ കീഴാള വിഭാഗത്തില്‍, സംവരണം വഴി(മെറിറ്റിലല്ല, ബീ കെയര്‍ഫുള്‍ !!!) ജോലിയില്‍ പ്രവേശിച്ച വല്ല കമ്പൌഡര്‍ക്കും പ്രസ്തുത തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കാവുന്നതാണ് .

5) പൊതു പൂളില്‍ വരുന്ന ജോലികളിലും കീഴാള വിഭാഗത്തിന് മുന്‍ഗണന നല്‍കേണ്ടതാണ്.ഉദാഹരണത്തിന് ആണവ റിയാക്റ്റര്‍ നിര്‍മ്മിക്കുന്ന ഒരു സ്ഥാപനത്തില്‍ പ്രധാന ശാസ്ത്രജ്ഞന്റെ ഒഴിവിലേക്ക് എം ഐ ടി ഉന്നത ബിരുദധാരിയായ മാധവ വാര്യരും , സനാതന ധര്‍മ്മ കോളേജില്‍ നിന്നും ബി എസ് സി ഫിസിക്സ്‌ അഞ്ചാം കൊല്ലം പാസായ കീഴാളന്‍ സതീഷും ഒരേ സമയത്ത് അപേക്ഷിക്കുകയാണെങ്കില്‍ , ജോലി ആര്‍ക്ക് കൊടുക്കണം എന്നത് ഞങ്ങള്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓര്‍ക്കുക,മെറിറ്റ് വെറും കാപട്യം. സംവരണമാണ് കാര്യം. ഒരു തവണ കാണിച്ച് കൊടുത്താല്‍ മതി, സതീശന്‍ റിയാക്റ്റുകള്‍ ഉണ്ടാക്കി തള്ളില്ലേ?

തലമുറ തലമുറകളായി കീഴാള വിഭാഗം അനുഭവിക്കുന്ന (ഇപ്പോഴും അനുഭവിക്കുന്നുണ്ട് എന്നാണ് ഞങ്ങളുടെ പക്ഷം ) അവഗണനകള്‍ക്ക് ഒരേയൊരു പരിഹാരം സംവരണമാണ്. സംവരണം എന്ന പിച്ച വാങ്ങി നക്കുന്നവന്റെ ഉള്ളില്‍ അവന്‍ അധകൃതനാണ് എന്ന അപകര്‍ഷതാ ബോധം ഒരിക്കലും മാറില്ലായിരിക്കാം. പക്ഷെ ആത്മാഭിമാനമുള്ള ഒരു ജനതയല്ല മറിച്ച് നൂറു ശതമാനം സംവരണം ഉള്ള ഒരു ജനതയാണ് നമ്മുടെ ലക്ഷ്യം.
പുരോഗമന വാദി പ്രസ്ഥാനം സ്ക്രെട്ടറി
.


റെയില്‍വേ സുരേഷ് /സണ്‍ ഓഫ് ചോതി
(നായന്മാരുടെയും നമ്പൂതിരിമാരുടെയും രാക്കഥകള്‍ തപ്പി നടക്കുന്ന ജോലി സൈഡായുള്ളത് കൊണ്ട് സണ്‍ ഓഫ് എന്നത് ഉറപ്പാക്കാന്‍ സമയം കിട്ടിയിട്ടില്ല. ഒരു ഊഹം മാത്രം.ചിലപ്പോള്‍ പണ്ട് ജന്മിയായിരുന്ന ഏതേലും നായരോ, നമ്പൂതിരിയോ ആ സ്ഥാനത്ത്‌ വന്നേക്കാനും സാധ്യതയുണ്ട് .)

പിന്‍ക്കുറിപ്പ് : 1)ഇനി എന്നെ നായര്‍ സംഹാര സമതി 'നായ്‌ രാവണ പണിക്കരുടെ' പിന്‍ഗാമിയും, ഇ എം എസ്സിന്റെ അനുയായിയും, സവര്‍ണ്ണ മാടമ്പിയുമായി മുദ്ര കുത്താന്‍ ഒട്ടും താമസിക്കരുത്‌ കേട്ടോ പു: വാക്കളെ .

2) പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കീഴാളരില്‍ മത്സര ശേഷിയും മറ്റും കുറയ്ക്കുന്ന ജനിതക വൈകല്യത്തെക്കുറിച്ച് എനിക്ക് പറഞ്ഞു തന്നത് ആധുനിക പൂര്‍ണ്ണ വട്ടന്മാരില്‍ ഒരുത്തന്‍ തന്നെയാണ്. റിസേര്‍ച്ച് ഫലങ്ങള്‍ വേണ്ടവര്‍ അയാളെ സമീപിക്കുക.

എ കെ

Sunday, July 5, 2009

ആരാധകര്‍ ഉണ്ടാകുന്നത് .

മരുഭൂമികള്‍ ഉണ്ടാകുന്നത് എന്ന പുസ്തകത്തിന് സമാനമായി,വിമര്‍ശകരുടെയും,വായനക്കാരുടെയും പ്രശംസ ഒരുപോലെ പിടിച്ചു പറ്റാന്‍ സാധ്യതയുള്ള ഒരു പുസ്തകമാണ് എക്സ്‌ സ്വാമി ലോലാനന്ദയുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന 'ആരാധകര്‍ ഉണ്ടാകുന്നത്'(അമേരിക്കയിലും,യുറോപ്പിലും ഇതിന്റെ പേര്'ആരാധകര്‍ ഉണ്ടയാകുന്നത്').വായനക്കാര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഈ പുസ്തകത്തിന്റെ ആദ്യ താളില്‍ നിന്നും നിങ്ങള്‍ക്കായി...
ഒന്ന്
ആരാധകര്‍
.
എന്‍റെ സന്യാസ ജീവിതത്തിന്‍റെ പ്രാരംഭ ഘട്ടത്തില്‍ ഞാന്‍ നടത്തുന്ന പ്രഭാഷണങ്ങള്‍ കേള്‍ക്കാനോ, എഴുതിയ ലേഖനങ്ങള്‍ വായിക്കാനോ ആശ്രമത്തില്‍ ഒരു പട്ടി പോലും ഉണ്ടാവുക വിരളമായിരുന്നു. അങ്ങനെ ഇരകളെ കിട്ടാതെ വട്ടം തിരിയവെയാണ് ഞാന്‍ ആരാധകരുടെ പ്രാധാന്യം ആദ്യമായി മനസിലാക്കുന്നത്‌. ജര്‍മ്മനിയിലും, ജപ്പാനിലും ഉള്ള,യദാക്രമം പൂര്‍വ്വാശ്രമത്തിലെ എന്‍റെ കുഞ്ഞമ്മയുടെ മകന്‍, ഒരു സുഹൃത്ത് എന്നിവര്‍ വഴി ഞാന്‍ ആശ്രമത്തിന് അത്യാവശ്യം പരസ്യം നല്‍കുന്ന പോസ്റ്ററുകള്‍ അച്ചടിപ്പിച്ച് അന്താരാഷ്ട ഭക്തി സംഘടനകളുടെ ചില ആള് കൂടുന്ന ഓഫീസുകള്‍ക്ക് മുന്നില്‍ പതിപ്പിച്ചു.നാട്ടിലെ ചില ആശ്രമങ്ങളുടെ മുന്നിലും ഇതേ പോസ്റ്ററുകള്‍ ഒട്ടിച്ചത്തോടെ എന്‍റെ പ്രഭാഷണം കേള്‍ക്കുവാന്‍ ഒന്നും രണ്ടുമായി ആളുകള്‍ വന്നെത്താന്‍ തുടങ്ങി.അവരുടെ മുന്നില്‍ ഒരല്‍പ്പ സ്വല്‍പ്പം ഇക്കിളി കലര്‍ത്തി എന്‍റെ നാല് ഭക്തി പ്രഭാഷണങ്ങളും, ലേഖനങ്ങളും അവതരിപ്പിച്ചതോടെ ആശ്രമത്തില്‍ ആളുകളുടെ എണ്ണം കൂടി തുടങ്ങി.വാനപ്രസ്ഥം സിനിമക്ക് കയറിയതിനെക്കാള്‍ ആളുകള്‍ കിന്നാരത്തുമ്പികള്‍ക്ക് കയറിയിട്ടില്ലേ? ഏതാണ്ട് അതെ മനഃശാസ്ത്രം തന്നെ.പക്ഷേ ഷക്കീലയുടെ പ്രശസ്തി ഏറെ നാള്‍ നില്‍ക്കാത്തത് പോലെ ഇക്കിളിക്കഥകള്‍ കൊണ്ട് മാത്രം ഏറെ നാള്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ല എന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു.

എന്‍റെ പ്രശസ്തി അല്‍പ്പം കൂടി കൂട്ടാന്‍ എന്തുണ്ട് മാര്‍ഗ്ഗം എന്ന ചിന്ത മാത്രമായിരുന്നു ആ കാലഘട്ടത്തില്‍ എന്നെ ഭരിച്ചിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ ഒരു ലേഖനം എഴുതി.പകല്‍ ആതുരസേവകയും,രാത്രി വേശ്യയുമായ ഒരുവളുടെ ജീവിതം ഉദാഹരിച്ച് ഒരു സാരോപദേശ കഥ. പുതിയ ഒരു സന്യാസി അവരുടെ കഞ്ഞിയില്‍ പാറ്റയിടാന്‍ പൊങ്ങി വരുന്നു എന്ന് എന്നെക്കുറിച്ച് ധരിച്ച് വെച്ചിരുന്ന ഒരു സന്യാസിനിപ്പെണ്ണും ലവളുടെ കുറേ ശിങ്കിടികളും കൂടി അത് അങ്ങ് ഏറ്റു പിടിച്ചു. 'ആതുര സേവകരായ സ്ത്രീകള്‍ എല്ലാം വേശ്യകളാണ്' എന്ന് ഞാന്‍ പറഞ്ഞു എന്നതായിരുന്നു അവരുടെ പ്രചരണം.

കാത്തിരുന്ന ഒരു അവസരം വീണു കിട്ടിയ ഞാന്‍, ജപ്പാനിലും , ജര്‍മനിയിലും ഉള്ള എന്‍റെ "ആരാധകരെ" കൂടാതെ വേറെയും കുറച്ചു പേരെ കൂടി ഇറക്കി സന്യാസിനിയെയും അവളുടെ ഏറാന്‍ മൂളികളെയും കളിയാക്കിച്ച് ഒരു പരുവത്തിലാക്കി.വിവാദം കൊഴുത്തപ്പോഴും,എനിക്ക് വേണ്ടി ഞാന്‍ ഇറക്കിയ ആരാധകര്‍ 'ഗ്വാ ഗ്വാ' വിളിക്കുമ്പോഴും, ഞാന്‍ മാന്യന്‍ എന്നാ മട്ടില്‍ 'കഥയെ കഥയായി കണ്ടൂടെ ബ്രദേര്‍സ് ആന്‍ഡ്‌ സിസ്റ്റേര്‍സ്' എന്ന നിലപാടുമായി അവരുടെ ഇടയില്‍ കറങ്ങി നടന്നു.

ഏതിനും,അതോടെ എനിക്ക് നല്ല പേരായി.മറ്റു പല ആശ്രമങ്ങളിലും ഞാന്‍ ഫ്രാഡാണ് എന്ന മട്ടിലെ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നതിനാല്‍,അവിടുത്തെ ഭക്ത ജനങ്ങളില്‍ പലരും ആകാംഷ കാരണം എന്‍റെ ആശ്രമത്തിലും വന്നു തുടങ്ങി.

ഈ സംഭവം കൊണ്ടുണ്ടായ ഏക പ്രശ്നം ഞാന്‍ ഒരു അലവലാതിയാണ് എന്ന പൊതു അഭിപ്രായം ഭൂരിഭാഗത്തിനും ഉണ്ടായതാണ്. അതിനെ ഞാന്‍ നേരിട്ടതും എന്‍റെ ആരാധകര്‍ വഴി തന്നെയാണ്. 'ഞാന്‍ ഒരു ശുദ്ധ തോന്ന്യവാസിയും, മഹാ നുണയനും ആണ്' എന്നൊരു പ്രസ്താവന ഞാന്‍ തന്നെ ഇറക്കി. കൂട്ടത്തില്‍ എന്‍റെ "ആരാധകരെ"ക്കൊണ്ട് 'ഇത്ര തുറന്ന മനസ്സോടെ കാര്യങ്ങള്‍ വിളിച്ചു പറയാന്‍ ധൈര്യം കാണിച്ച സ്വാമി ലോലന്‍ ഒരു പുലി തന്നെ' എന്ന മട്ടിലെ പോസ്റ്ററുകളും, ലേഖനങ്ങളും ഞാന്‍ ഇറക്കിച്ചു.
ഒരുത്തന്‍ സ്വയം തരികിടയാണെന്നു പറയുകയും, നാലഞ്ച് കാപെറുക്കികള്‍ ചുറ്റും കൂടി നിന്ന് 'ഹോ ഇങ്ങനെ തുറന്നു പറയുന്ന ഇവന്‍ തന്റേടി തന്നെ' എന്ന് പറയുകയും ചെയ്‌താല്‍ 'ശരിയായിരിക്കും' എന്ന് വിചാരിക്കുന്നത് നമ്മുടെ നാട്ടിലെ അധികപക്ഷ മണ്ടന്മാരുടെയും ഒരു അടിസ്ഥാന സ്വഭാവമാണല്ലോ.അതേപ്പിടിച്ച് ഞാനങ്ങ് വളര്‍ന്നു.സന്യാസിമാര്‍ക്കിടയില്‍ എന്നെ അറിയാത്തവര്‍ ചുരുക്കമായി.

അതൊരു തുടക്കം മാത്രമായിരുന്നു. ജപ്പാനിലും, ജര്‍മനിയിലും മാത്രമല്ല അമേരിക്ക, യു കെ എന്നിവടങ്ങിലും ഒക്കെ ഞാന്‍ എന്‍റെ ഗുണ്ടകളെ അല്ല ആരാധകരെ ഒരുക്കി നിറുത്തി. എന്നിട്ട് എന്‍റെ പ്രഭാഷണങ്ങളിലും, ലേഖനങ്ങളിലും മറ്റു സന്യാസികളെ ആക്ഷേപിക്കുക എന്നത് ഞാനങ്ങ് ശീലമാക്കി. അതിനു ശേഷമാണ് ഞാന്‍ ഒരുക്കി നിറുത്തിയിരുന്ന ആരാധകരുടെ പണികള്‍ തുടങ്ങിയിരുന്നത്. 'ഹോ!!!ഇങ്ങനെ തുറന്നെഴുതാന്‍ സന്യാസി ലോകത്ത് ലോലന്‍ സ്വാമി മാത്രമേ കാണു', 'ലോലന്‍ സ്വാമി ഒരു സംഭവം തന്നെ', 'ഇത്ര ഭാവാത്മകമായി എങ്ങനെ എഴുതാന്‍ സാധിക്കുന്നു?" തുടങ്ങിയ അഭിപ്രായങ്ങള്‍ (എഴുത്തുകള്‍, ഇ മെയില്‍, ടെലിഫോണ്‍ സന്ദേശം തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ) കൃത്യ സമയത്ത് നാലാളുകള്‍ കാണുകയും , കേള്‍ക്കുകയും ചെയ്യുന്ന പടി എത്തിക്കുക. കൂടാതെ ഞാന്‍ ചെയ്യുന്നത് മോശമാണ് എന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ അവന്റെ/ അവളുടെ തന്തക്കു വിളിക്കുക. ഞാന്‍ കള്ളപ്പേരുകളിലും,എന്‍റെ ഗുണ്ടകള്‍ അവരുടെ പേരിലും എഴുതിയ എന്‍റെ അപാധാനങ്ങളെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള പോസ്റ്ററുകള്‍, ലേഖനങ്ങള്‍ എന്നിവ ഇട മുറിയാതെ പുറത്തു വരുന്ന കാര്യത്തിലും ഞാന്‍ ബദ്ധശ്രദ്ധനായിരുന്നു അക്കാലത്ത് .ഇടയ്ക്കിടെ ഞാന്‍ ചില സന്യാസ സംഘടനകളെ കളിയാക്കുമ്പോള്‍ ആ വിവരംക്കെട്ടവന്മാര്‍ എനിക്കെതിരെ കൂട്ടമായി പോസ്റ്റര്‍ അടിച്ചിരുന്നു. ഞാനും,എന്‍റെ കള്ളപ്പേരുകളും,ഗുണ്ടകളും അവരുടെ കള്ളപ്പേരുകളും കൂടി 'അദ്ദേഹത്തിന്‍റെ വളര്‍ച്ചയില്‍ അസൂയാലുക്കളായ സംഘടനകള്‍ ഒത്തു ചേര്‍ന്ന് ലോലന്‍ സ്വാമിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നേ!!!' എന്ന് മറു പോസ്റ്ററുകള്‍ അടിച്ചാണ് അവരെ നേരിട്ടത്‌.ഇലക്ഷനില്‍ പതിനെട്ടു നിലയില്‍ പൊട്ടിയാലും പിന്നീട് വിളിക്കുന്ന ജില്ലാ സമ്മേളനത്തില്‍ വന്നു കൂടുന്ന ജനലക്ഷങ്ങളോട് 'നിങ്ങള്‍ ഇങ്ങനെ പാര്‍ട്ടിക്കു പിന്നില്‍ ഒറ്റക്കെട്ടായി അണി നിരക്കുന്നത് കണ്ട് അങ്ങ് ലാങ്ങ്ലിയില്‍ സി ഐ എക്ക് വിറളി പിടിച്ചതിന്റെ ഫലമാണ് അവര്‍ ഗൂഡാലോചന നടത്തി പാര്‍ട്ടിയെ ഈ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത്' എന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് പതിവില്ലേ? ഏതാണ്ട് അത് തന്നെ. ഇതൊക്കെ കണ്ടും കെട്ടും സാധാരണ ജനങ്ങളില്‍ പലരും ഞാന്‍ ഏതോ സംഭവമാണ് എന്ന് ധരിച്ചത് സ്വാഭാവികം.അല്ലെങ്കിലും ഞാന്‍ നേരത്തെ പറഞ്ഞത് പോലെ അധികപക്ഷം മലയാളിക്കും അഞ്ചു പത്തു പൈസയുടെ കുറവുണ്ടല്ലോ.

നമ്മള്‍, നമുക്ക് വേണ്ടി സൃഷ്ടിക്കുന്ന ആരാധകര്‍ നമ്മുടെ ഉയര്‍ച്ചക്ക് എങ്ങനെയൊക്കെ സഹായകമാകും എന്നതിന് ഏറ്റവും വല്യ ഉദാഹരണം എന്‍റെ സന്യാസി ജീവിതത്തിലെ പ്രസ്തി തന്നെയാണ്.നമ്മള്‍ പറയുന്നതെന്തും മുത്തുമണികളാണ് എന്ന് അവരെക്കൊണ്ട് പറയിക്കുക, നമ്മളെ എതിര്‍ത്ത് സംസാരിക്കുന്നവനെ തെറികളില്‍ ആറാടിക്കുക,നമുക്കെതിരെ പ്രത്യക്ഷപ്പെടുന്ന പോസ്റ്ററുകള്‍ക്ക് മുകളില്‍ മുകളില്‍ നമുക്ക് അനുകൂലമായ പോസ്റ്ററുകള്‍ ഒട്ടിച്ച് എതിര്‍പ്പിനെ മുക്കുക തുടങ്ങിയ പല പ്രവര്‍ത്തികളും നമുക്ക് അവരെക്കൊണ്ടു ചെയ്യിക്കാം. അവരെക്കൊണ്ട് തന്നെ നമ്മുടെ ലേഖനങ്ങള്‍ക്കും മറ്റു പ്രസിധീകരനങ്ങള്‍ക്കും വായനക്കാരെ കൂട്ടുവനല്ല മറിച്ച് നര്‍മ്മം, ഭക്തി,കാമം, വെറി (ഛൊ!!!കൈവിട്ട് പോയി) തുടങ്ങിയ വികാരങ്ങള്‍ ലോകത്തിലേക്ക് പകര്‍ന്നു, ലോകരില്‍ ആനന്ദം വളര്‍ത്തുക എന്ന നല്ല ഉദ്ദേശം മാത്രമേ നമ്മള്‍ കാണിക്കുന്ന സകല പോക്രിത്തരങ്ങളിലും ഉള്ളു എന്ന് മറ്റുള്ളവരോട് നിരന്തരം പറയിക്കുകയുമാവാം.കാര്യങ്ങള്‍ കൈ വിട്ട് പോകുമ്പോള്‍ നമ്മളും ഇടയ്ക്കിടെ ഇതൊക്കെ തന്നെ പറയണം എന്ന് മാത്രം. ശുദ്ധ തെണ്ടിത്തരം എഴുതി വെച്ചിട്ട്,ഒടുവില്‍ നാട്ടുകാര്‍ വട്ടം കൂടി നിന്ന് തന്തക്ക് വിളിക്കുകയാണെങ്കില്‍ 'നര്‍മ്മം, നര്‍മ്മം' എന്ന് പറഞ്ഞു തടി കഴിച്ചിലാക്കില്ലേ? അതും മേല്‍പ്പറഞ്ഞ പരിപാടിയുടെ ഇനങ്ങളില്‍ ഒന്നായി വരും.

പക്ഷേ നമ്മള്‍ സൃഷ്ടിക്കുന്നതല്ലാതെ, ഈ പൊലിപ്പും ബഹളവും ഒക്കെ കണ്ട് ചില നിഷ്കളങ്കന്മാര്‍ നമ്മുടെ ശരിക്കുള്ള ആരാധകരായി വന്ന് ഭവിക്കും(എനിക്ക് ഇങ്ങനെ ചില ആരാധകര്‍ ആദ്യം ഉണ്ടാകുന്നത് ആതുര സേവകയുടെ കഥക്ക് ശേഷമുണ്ടായ പൊല്ലാപ്പുകള്‍ക്കിടയിലാണ്).ഇവന്മാരെ സൂക്ഷിക്കണം.ഇരുതല വാളുകളുടെ സ്വഭാമാണ് ഇവന്മാര്‍ക്ക്. നമ്മളെ എതിര്‍ക്കുന്നവരെ ഇവന്മാര്‍ നമ്മള്‍ ഇടപാട് ചെയ്യുന്ന ആളുകളെക്കാള്‍ വാശിയില്‍ തെറി വിളിക്കും എന്നുള്ളത് സത്യം.അധികം പേരും ആ തെറി വിളി പേടിച്ച് നമുക്കെതിരെ ശബ്ദിക്കാന്‍ പിന്നെ ഒന്ന് മടിക്കും.പക്ഷേ ചിലവന്മാരുണ്ട്. നമ്മുടെ തലക്കിട്ട് വേടുക എന്നത് ഒരു വിനോദമായി കാണുന്നവര്‍.അങ്ങനെയുള്ളവന്മാര്‍ക്ക് ഒരു പുല്ലനെയും പേടിയില്ല എന്നിടത്താണ് നമ്മുടെ നിഷ്കളങ്ക ആരാധകര്‍ നമുക്ക് തന്നെ പാരയാകുന്നത്‌.

ഉദാഹരണത്തിന്: നമ്മുടെ തലക്കിട്ട് വേടുന്നത് വിനോദമാക്കിയവന്‍'സ്വാമി ഗോളാനന്ദന്‍ ഒരു ഫ്രാഡാണ്' എന്ന് ഒരു ആക്ഷേപ ലേഖനം ഇറക്കിയെന്നു കരുതുക.അവന്‍ ഗോളാനന്ദന്‍ എന്ന് ഉദ്ദേശിച്ചത് ലോലാനന്ദനായ എന്നെത്തന്നെയാണ് എന്ന് ഞാനായിട്ട് വെറുതെ സമ്മതിച്ചു എന്ന് വരുത്തണ്ടാ എന്ന് വിചാരിച്ചു നമ്മള്‍ അത് ശ്രദ്ധിക്കാത്ത മട്ടില്‍ ഇരിക്കും.ചിലപ്പോള്‍ ഇവിടെ നമ്മുടെ നിഷ്കളങ്കന്‍ ചാടി വീഴും."സ്വാമി ലോലാനന്ദന്റെ ഏഴയലത്ത് എത്താന്‍ നിനക്കൊന്നും ആവില്ലെടാ. അങ്ങേരുടെ എല്ലാ ലേഖനവും വായിച്ചിട്ടുള്ളത് കൊണ്ടല്ലേ നീ ഇപ്പോള്‍ ഇങ്ങനെ എഴുതുന്നത്‌?" എന്നോ മറ്റോ നിഷ്കളങ്കന്‍ നമുക്കിട്ടു വേടുന്നവനോട് ചോദിച്ചാല്‍ തീര്‍ന്നില്ലേ? മിക്കവാറും 'ഞാന്‍ ഏത് കാപെറുക്കി എഴുതിയ സാധനവും വായിക്കുമെടാ കൂവേ.എനിക്കങ്ങനെ വലിപ്പ ചെറുപ്പം ഒന്നുമില്ല' എന്ന മറുപടി അവന്മാര്‍ക്ക് ഉടനെ കിട്ടുകയും ചെയ്യും.നമ്മുടെ പേര് സ്വന്തമായി പറയാതെ തന്നെ നമുക്കിട്ട് വേടുന്നവന്‍ നമ്മള്‍ ഫ്രാഡ്‌, അടകോടന്‍ എന്നൊക്കെ വിളിച്ച മാതിരിയായില്ലേ? അതിനു സാഹചര്യം ഒരുക്കുന്നതോ? നമ്മുടെ നിഷ്കളങ്ക ആരാധകനും.അതുകൊണ്ട് സ്വാഭാവിക ആരാധകരെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അവന്‍മാര്‍ കാരണം നമ്മുടെ ചെമ്പ് തെളിഞ്ഞെന്ന് വരാം.

പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷന്‍ വില :രണ്ട് രൂപ.
പബ്ലിഷ്‌ ചെയ്തു കഴിഞ്ഞാല്‍ :മിക്കവാറും ഒരു വിലയും കാണില്ല.
--------------------------------------------------------------------
സമര്‍പ്പണം: കെ കരുണാകരന്‍, മോഹന്‍ലാല്‍, പിന്നെ ബ്ലോഗിലെ ചില ഫ്രാഡുകള്‍ എന്നിവരുടെ മലയാളം ബ്ലോഗിലെ നിഷ്കളങ്കനായ ആരാധകന്‍ എന്ന് എനിക്ക് തോന്നിയ വിന്‍സ് എന്ന വ്യക്തിയാണ് ഈ പോസ്റ്റിനു പ്രചോദനമായത്. സമര്‍പ്പണം അദ്ദേഹത്തിന്‌ മാത്രം.
മുന്നറിയിപ്പ്: സ്വാമി ലോലാനന്ദന്റെ ആരാധകര്‍ വിളിക്കുന്ന 'ഗ്വാ ഗ്വാ'ക്ക് മുന്‍‌കൂര്‍ മറുപടിയാണിത്.ഈ കണ്ടത് മഞ്ഞുമലയുടെ അഗ്രം മാത്രം.സീരീസ്സായിട്ട് ചവിട്ടുകള്‍ വരാന്‍ പോകുന്നതേയുള്ളു.പോയിനെടാ പോയിന്‍!!!

Saturday, July 4, 2009

മോഹന്‍ലാലിന് വട്ടോ സമനില തെറ്റിയതോ?

ഭ്രമരം കണ്ടിട്ട് ഇറങ്ങും വഴി എന്‍റെ സുഹൃത്തിന്റെ ബൈക്ക് തിയറ്ററിന് മുന്നില്‍ നിന്നും എടുക്കവേ അടുത്തിരുന്ന സൈക്കിള്‍ മറിഞ്ഞു വീണു . ഇറങ്ങുന്ന തിരക്കില്‍ സൈക്കിള്‍ നേരെ എടുത്തു വയ്ക്കാന്‍ മിനക്കെടാതെ ഞങ്ങള്‍ പുറത്തേക്കു നീങ്ങി. ഭ്രമരം മൂഡ്‌ ആയതിന്നാല്‍ ഭാവന പോയത് ഇങ്ങനെ...

ഒരു ഏഴെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ആ സൈക്കിള്‍ ഉടമ സുഹൃത്തിനെ തേടി വരുന്നു. അന്ന് സൈക്കിള്‍ മറിച്ചിട്ട് വിട്ടു പോയത് കൊണ്ട് അയാളുടെ ജീവിതം തന്നെ നശിച്ചു എന്നും ഇനി ഒരേ ഒരു പരിഹാരം ആ തിയേറ്റര്‍ന് മുന്നിലെത്തി താനാണു സൈക്കിള്‍ മറിച്ച് ഇട്ടത് എന്ന് ഏറ്റു പറയണം എന്ന് അവശ്യപ്പെടുന്നു.സുഹൃത്ത്‌ ആദ്യം വിസമ്മതിക്കുന്നു(വേറെ പണി ഇല്ലെ? അല്ല പിന്നെ).പിന്നെ കുടുംബത്തെ തട്ടി കളയും എന്ന് ഭീഷണിപ്പെടുത്തുമ്പോള്‍ സമ്മതിക്കുന്നു .അവര്‍ തിയറ്ററിലേക്ക് യാത്ര തുടങ്ങുന്നു.
വഴി നീളെ സൈക്കിള്‍ ഉടമ പരസ്പര ബന്ധം ഇല്ലാത്ത തമാശകള്‍ പറയുക, തട്ട് കടയില്‍ തല്ലു ഉണ്ടാക്കുക, സൈക്കിളിനെപ്പറ്റി വികാര നിര്‍ഭരമായി സംസാരിക്കുക മുതലായവയില്‍ മുഴുകുന്നു.ഇതൊക്കെ കണ്ടു പ്രന്തായ സുഹൃത്ത്‌ എന്നെ വിളിച്ചു വരുത്തുന്നു. പിന്നെ മൂന്ന് പേരും ചേര്‍ന്ന് യാത്ര തുടരുന്നു.വഴിക്ക് വെച്ച് ഓടാന്‍ ശ്രമിക്കുന്ന എന്നെയും സുഹൃത്തിനെയും സൈക്കിള്‍ ഉടമ തല്ലി പരിപ്പിളക്കുന്നു.പരിപ്പിളകിയ ഞങ്ങളെ ആശുപത്രിയില്‍ കൊണ്ട് പോകുന്നതോടെ ഞങ്ങള്‍ സൈക്കിള്‍ ഉടമയുമായി കമ്പനിയാവുന്നു.(അത് തെളിയിക്കാനായി ഞങ്ങള്‍ ഒരുമിച്ചു ഒരു പാട്ട് പാടുന്നു).ഒടുവില്‍ തിയേറ്റര്‍ന് മുന്നിലെത്തി നോക്കുമ്പോള്‍ സൈക്കിള്‍ ഇല്ല. തൊട്ടടുത്ത സൈക്കിള്‍ കടയില്‍ അത് കണ്ടം ചെയ്തിട്ടിരിക്കുന്നു .അന്തംവിട്ട് നില്‍ക്കുന്ന എന്നെയും സുഹൃത്തിനെയും നോക്കി കുറച്ചു ചേഷ്ടകള്‍( ഭാവാഭിനയം ?) കാണിച്ച ശേഷം നിങ്ങളെ ഇവിടെ കൊണ്ട് വന്നു കൊല്ലാനായിരുന്നു എന്‍റെ പരിപാടി എന്നും തത്കാലം അത് ചെയ്യുന്നിലെന്നും,മനസ്സ് മാറുന്നതിനു മുന്‍പ് ഓടിക്കൊള്ളനും പറയുന്ന സൈക്കിള്‍ ഉടമ. (സൈക്കിള്‍ ഉടമക്ക് ഭ്രാന്ത് അഥവാ വട്ട് ആണ് എന്നത് ക്ലൈമാക്സ്‌).

ഏതാണ്ട് ഇതൊക്കെ തന്നെയാണ് ഭ്രമരം എന്ന മഹാ ക്ലാസ്സിക്കിന്റെ കഥ.(സംഗതി മോഹന്‍ലാല്‍ ആയതു കൊണ്ട് വട്ടാണ് എന്ന് പറയുന്നില്ല പകരം സമനില തെറ്റിയ എന്ന സ്ഥിരം സാധനം ആണ് ഉപയോഗിച്ചിരികുന്നത് ).

ശരി അത് വിട്.

ഇനി ചില ചോദ്യങ്ങള്‍.
1) മോഹന്‍ലാല്‍ എന്ന നടന്റെ മികച്ച പത്തു ചിത്രങ്ങളില്‍ ഒരെണ്ണം ഇതാണ് എന്ന് പറയാമോ ?

ചിലപ്പം തന്നെ പറയും.ഇപ്പോള്‍ വാഴ്ത്തി പാടുന്ന ആരാധകര്‍ പോലും ഒരു വര്‍ഷം കഴിഞ്ഞു ചോദിച്ചാല്‍ മറന്നു പോകുന്ന പടം.
2) ഇ സിനിമയുടെ പബ്ലിസിറ്റിയുടെ ഭാഗമായി നടത്തിയ താഴെ പറയുന്ന കാര്യങ്ങള്‍ സത്യമാണോ
a) നായകന്റെ പേര് കഥയുടെ അവസാനം വരെ പറയുന്നില്ല .പേര് പറഞ്ഞു പോയാല്‍ സിനിമയുടെ എന്തരോ പോകും.

പടം തുടങ്ങി ഇരുപത്തിരണ്ടാം മിനിറ്റു മുതല്‍ നായകന്റെ പേര് കിളി കിളി പോലെ എല്ലാരും പറയുനുണ്ട്. അത് കൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിച്ചതായി തോന്നിയില്ല.
b) ബ്ലെസി ആദ്യമായി സംവിധാനം ചെയുന്ന ത്രില്ലര്‍ ചിത്രം.

ഇത് ഒരു ത്രില്ലര്‍ ആണെന്ന് പറയുന്നവനെ നേരില്‍ കണ്ടാല്‍ മലയാളത്തില്‍ തന്നെയുള്ള കൊള്ളാവുന്ന നാലു ത്രില്ലര്‍ പടങ്ങളുടെ ഡി വി ഡികള്‍ ഫ്രീ ആയി കൊടുക്കുനതാണ്. ( പിന്നേ!!! ആഗ്രഹം... അതൊക്കെ ആര്‍ക്കും എന്തും ആക്കാം).
c) പകയുടെ അണയാത്ത കനലുമായി, നായകനും പ്രതിനായകനും ഒരാളാകുമ്പോള്‍ ... (ഇതു പോസ്റ്ററില്‍ വെണ്ടക്കാ മുഴുപ്പില്‍എഴുതിയിട്ടുള്ളത്)

പകയും കനലും ഒക്കെ ഇരിക്കട്ടെ. ഈ പടത്തില്‍ ഒരിടത്ത് പോലും ലാലിന് ഒരു പ്രതിനായക സ്വഭാവംകാണാനില്ല (പിന്നെ തര്‍ക്കിക്കാന്‍ വേണമെങ്കില്‍ കൊല്ലാനാണ് ഇവനെ ഒക്കെ കെട്ടി എടുത്തത്‌ എന്ന് പറയാം) പക്ഷേ മലയാളത്തില്‍ ഉയരങ്ങളില്‍, ശരപഞ്ജരം മുതലായ പടങ്ങള്‍ ഒക്കെ വന്നിട്ടുണ്ട്. ഓടിയിട്ടും ഉണ്ട്. സോ,ആള്‍ക്കാരെ വടിയാക്കരുത്‌.
3) മറ്റു ബ്ലെസി ചിത്രങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍...?

കാഴ്ച്ച, തന്മാത്ര, പളുങ്ക് ഇവയെല്ലാം ഇതിനെക്കാളും ഭേദമാണ്.

4) സിനിമയിലെ ലോജിക്കല്‍ ഫ്ലോ?

അതല്ലേ ഏറവും കിടിലം.കഥയിലെ ഏറ്റവും നിര്‍ണായകമായ വഴിത്തിരിവിന് ലോജിക് തീരെ ഇല്ല. ബാക്കി ഭാഗങ്ങളില്‍ ലാലിന് വട്ടായത് കൊണ്ട് ലോജിക് വേണമെന്ന് നിര്‍ബന്ധവും ഇല്ല.

5) ഈ ചിത്രത്തില്‍ മറ്റു ബ്ലെസി ചിത്രങ്ങളില്‍ ഇല്ലാത്ത എന്തെങ്കിലും പുതുമ ?ഉണ്ടല്ലോ .... നിന്ന് കൊണ്ട് മൂത്രം ഒഴിക്കുന്ന ലാലിനരുകില്‍ കുനിഞ്ഞിരുന്ന് മുകളിലേക്ക് നോക്കി വേറൊരു കഥാപാത്രം നടത്തുന്ന കിടിലന്‍ ഡബിള്‍ മീനിംഗ് ഡയലോഗ്( ലാല്‍ ഫാന്‍സിനെ രോമാഞ്ചം കൊള്ളിക്കനാണെന്ന് തോന്നുന്നു.ബൂലോകത്തും ഇങ്ങനെ കുറച്ച് ആരാധകരെ കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു.ചിലര്‍ തുണി പൊക്കി കാണിച്ചാല്‍ പോലും ഉടനെ 'ഹോ ...എന്തൊരു മഹാത്ഭുതം.' എന്ന് വട്ടം കൂടി നിന്ന് പറയുന്നവരെ.ആരെങ്കിലും അബദ്ധത്തില്‍ തുണി പൊക്കി കാണിക്കുന്നവനെ നോക്കി 'പോക്കണംകേട്‌ കാണിക്കുന്നേ' എന്ന് പറഞ്ഞു പോയാല്‍ അവന്റെ തന്തക്കു വിളിക്കാന്‍ ചാടി ഇറങ്ങുന്നവരെ.ലാലിന്റെ കുറേ ഫാന്‍സും ഇങ്ങനത്തവന്മാര്‍ ഉണ്ടല്ലോ? അവര്‍ക്ക് ചിലപ്പോള്‍ ഈ സീന്‍ ഇഷ്ട്ടപ്പെടും).
6) ലാല്‍ ഇതര നടി നടന്മാരോ ?

എന്തോന്ന് ചോദ്യമെടേ ? സൂപ്പര്‍ പടത്തില്‍ ബാക്കിയുള്ളവര്‍ എന്ത് ചെയാന്‍?. പിന്നെ നായികാ .. ഒരു ഭാവി വാഗ്ദാനം ആകുന്നു. ഷാമ്പൂ ചെയ്ത മുടിയും, ഷേപ്പ് ചെയ്ത പുരികവും ഒക്കെയായി ഒരു ഒന്ന്-ഒന്നര കര്‍ഷക സ്ത്രീ. സംസാരം രണ്ടു രണ്ടര ബുദ്ധി ജീവി സ്റ്റൈലിലും.
7) ഈ പടത്തിലെ ലാലിന്റെ അഭിനയ മുഹൂര്‍ത്തങ്ങളെ കുറിച്ച് എന്തെങ്കിലും...

ഒരു നടന്‍ തമാശ രംഗത്തില്‍ അഭിനയിച്ചാല്‍ പ്രേക്ഷകന് ചിരി വരണം.ശോക രംഗത്തില്‍ അഭിനയിച്ചാല്‍ പ്രേക്ഷകന് സങ്കടം വരണം. ഈ പടത്തിന്റെ അവസാന രംഗങ്ങളില്‍ ലാലിന്റെ ഭ്രാന്ത് വ്യക്തമാക്കുന്ന (സോറി,സമനില തെറ്റിയ) രംഗങ്ങള്‍ കണ്ടാല്‍ പ്രേക്ഷകന് ശരിക്കും ഭ്രാന്ത് പിടിക്കുന്നത്‌ പോലെ തോന്നും (സത്യം!!!).
8) മതി,മതി ഇനി ഒറ്റ വാചകത്തില്‍ ഈ പടത്തെ പറ്റി ഒരു അഭിപ്രായം പറയു ...

ലാലിനെ അഭിനയിപ്പിച്ചേ അടങ്ങു എന്ന വാശിയില്‍ ബ്ലെസി എടുത്ത പടം.
9) കുറച്ചും കൂടി വ്യക്തമായ അഭിപ്രായം...

വാശിക്കാണെങ്കില്‍ മോസര്‍ബെയര്‍ ആണ് ലാഭം. പോരേ? മതിയേ!!!!


---------------------------
ഈ നിരൂപണം എഴുതിയത് ഞാനല്ല(എന്‍റെ ദ്വന്ദ വ്യക്തിത്ത്വമോ, പ്രേതമോ ആണ് ഇത് എഴുതിയത് എന്നല്ല ഉദ്ദേശിച്ചത്).മലയാളം ബ്ലോഗില്‍ പലര്‍ക്കും സുപരിചിതനും, നിര്‍ഭാഗ്യവശാല്‍ എന്‍റെ ഉറ്റ സുഹൃത്തുമായ ഒരുത്തനാണ് ഇതിന്റെ സൃഷ്ടാവ്.ചില സാങ്കേതിക കാരണങ്ങളാല്‍ (ഒവ്വ, ഒവ്വ) അവന്‍റെ സ്വന്തം പേര് വെളിപ്പെടുത്തി ഇത് പ്രസിദ്ധീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ എന്‍റെ ബ്ലോഗില്‍ ഞാന്‍ അതെടുത്ത് അലക്കുന്നു. ഭ്രമരം എന്ന ചിത്രത്തെക്കുറിച്ച് എന്‍റെ വ്യക്തിപരമായ അഭിപ്രായം ദാറ്റ്സ്മലയാളം ഡോട്ട് കോമില്‍ വന്നതിനോട് ഏകദേശം സമാനമായതിനാലാണ്‌(ബ്ലെസ്സിയെന്ന സംവിധായകന്‍ ചിത്രത്തിലെ ചിലയിടങ്ങളില്‍ പരാജയപ്പെട്ടു എന്ന് അവരില്‍ നിന്നും വ്യതസ്തമായി എനിക്ക് അഭിപ്രായമുണ്ട്) ഞാന്‍ ഭ്രമരം കണ്ട വിശേഷം എഴുതാന്‍ മുതിരാത്തത്. ഈ നിരുപണത്തിന്റെ കൈയ്യടിയും തെറിയും ലോണ്ടെ ലവന് (എഴുത്തിന്റെ ശൈലിയോ, കുത്തോ , കോമയോ വെച്ച് ആളെ കണ്ടു പിടിക്കാന്‍ സാധിക്കുന്ന മലയാളം ബ്ലോഗ്വാസികള്‍ ലവന്റെ പേര് പറയുന്നതില്‍ എനിക്ക് വിരോധമില്ല.)രണ്ടു ചിന്ന ക്ലൂകള്‍ വേണേല്‍ തരാം.ആള് എനിക്കും മുന്‍പ് ബ്ലോഗിലെത്തിയതാണ്‌. ലവന്‍ ഒപ്പിച്ച ചില തരികിടകള്‍ വന്‍ സംഭവങ്ങളും ആയിട്ടുണ്ട്‌. മത്സരത്തിന്റെ അവസാനം ആളുടെ ശരിക്കുള്ള പേര് അവനായിട്ടു വെളിപ്പെടുത്തിയാല്‍ ഉണ്ട്.ഇല്ലേല്‍, ഇല്ല. എന്നാ പിന്നെ ഞാന്നങ്ങോട്ട് ?.

എ കെ

Friday, July 3, 2009

നന്ദിയുണ്ടേല്‍ ഇങ്ങനെ വേണം.

മാന്യമഹാജനങ്ങളെ ,
ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിന് ഞങ്ങളുടെ സഖ്യകക്ഷിയെ അടുത്ത അഞ്ചു കൊല്ലത്തേക്ക്‌ വല്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ ഭരിക്കാന്‍ പ്രാപ്തരാക്കിയ നിങ്ങളോട് നന്നായിട്ട് ഒന്ന് നന്ദി പറയുവാന്‍ ഇതുവരെ സാധിച്ചില്ല. കുതിരക്കച്ചവടം, മന്ത്രിമാരുടെ സീറ്റ് വിഭജനം(ഒന്നും രണ്ടുമല്ല, എഴുപത്തിയൊന്പതാ കേസുക്കെട്ടുകളുടെ എണ്ണം),വ്യക്തിപരമായി എനിക്ക് മാഡത്തിന്റെ മാത്രമല്ല ഇപ്പോള്‍ യുവരാജവിന്റെയും,യുവറാണിയുടെയും അടുക്കളപ്പണിയും. അങ്ങനെ ഞങ്ങള്‍ എല്ലാവരും സാമാന്യം നല്ല തിരക്കിലായതാണ് നിങ്ങള്‍ക്കുള്ള നന്ദി വൈകാനുള്ള കാരണം.
പറയാന്‍ വൈകി എന്ന് കരുതി നന്ദിയില്‍ ഒരു കുറവും ഈ സര്‍ക്കാര്‍ വരുത്തില്ല. എങ്കിലും അങ്ങനെ ഒരു ഭീതി ചില വൃത്തങ്ങളില്‍ നില നില്‍ക്കുന്നതിനാല്‍, അത് അകറ്റുവാനായി സര്‍ക്കാര്‍ ചില ദ്രുത കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.പദ്ധതിയുടെ കരടു രൂപം നിങ്ങള്‍ക്കായി താഴെ കൊടുക്കുന്നു.


1) ഇന്ധന വില നാല് രൂപ കൂട്ടി. ഇതൊന്നും ഒന്നുമല്ല മക്കളേ.കഴിഞ്ഞ തവണ ഭരണത്തില്‍ ഇരുന്നപ്പോള്‍ ആഗോള വിപണയില്‍ പെട്രോളിന് വില കുത്തനെ ഇടിഞ്ഞപ്പൊഴൊന്നും ഇവിടെ ഞങ്ങള്‍ വില കുറച്ചില്ല. എന്നിട്ട് ഇലക്ഷന്‍ അടുക്കാറായപ്പോള്‍ നിനക്കൊക്കെ പിച്ചയായി കുറച്ച് തന്നത് പത്തു രൂപയാ.മിനിമം വില തിരിച്ചു പഴയതെങ്കിലും ആക്കണ്ടേ.ഇല്ലെങ്കില്‍ ഓയില്‍ മുതലാളിമാര്‍ എന്ത് വിചാരിക്കും. വരട്ടെ, ഒരു ആറ് മാസം കൂടി കഴിയുമ്പോള്‍ വീണ്ടും വില കൂട്ടി നമുക്ക് പഴയപടിയാക്കാം.

2) അവശ്യ സാധനങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ തീ പിടിച്ച വിലയായതിനാലും, ഇന്ധന വില വര്‍ദ്ധന അതി‌ ഇനിയും കൂട്ടാന്‍ സാധ്യതയുള്ളതിനാലും തത്കാലം ഞങ്ങള്‍ അതിനു വേണ്ടി വേറെ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല.പക്ഷെ വഴിയേ അതും ശരിയാക്കിത്തരാം.

3) കാലവര്‍ഷം ചതിച്ച് കര്‍ഷകര്‍ കടം കയറി ആത്മഹത്യ ചെയ്‌താല്‍, അവരുടെ കുടുമ്പത്തിന് ദുരിതാശ്വാസം എന്ന പേരില്‍ നല്‍കുന്ന തുക ഓരോ വര്‍ഷവും സര്‍ക്കാരിന് ഉണ്ടാക്കുന്നത്‌ ഭീമമായ ചിലവാണ്‌ .അതിനാല്‍ ഇനി മുതല്‍ ആത്മഹത്യ ചെയ്യുന്നവന്മാരുടെ കൃഷി ഭൂമി പിടിച്ചെടുത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് ആദായ വിലക്ക് വില്ക്കുന്നതോ പട്ടത്തിനു കൊടുക്കുന്നതോ ആണ്.അതാണ്‌ ലാഭം. ആത്മഹത്യ ചെയ്യുന്ന തെണ്ടിക്ക് വേണമെങ്കില്‍ മരണാനന്തര ബഹുമതിയായി 'ജനസംഖ്യാ നിരക്ക് കുറയ്ക്കാന്‍ മുന്‍കൈ എടുത്ത ധീരന്‍' എന്നോ മറ്റോ ഒരു അവാര്‍ഡ്‌ നല്‍കാം(ഫലകം മാത്രം,നോ ക്യാഷ്‌ ).

4) ഇനി രാജ്യ രക്ഷ. ഇന്ത്യന്‍ ജയിലുകളില്‍ കിടക്കുന്ന പാക്കിസ്ഥാന്‍ തീവ്രവാദികള്‍ക്ക് എല്ലാവര്ക്കും (അഫസ്സല്‍ ഗുരുവിന് പ്രത്യേകിച്ചും) ഫൈവ് സ്റ്റാര്‍ സൌകര്യം ഉള്ള ജയില്‍ മുറികള്‍ ഒരുക്കും. അതേസമയം പാകിസ്ഥാന്‍ ജയിലുകളില്‍ കിടക്കുന്ന സകല ഇന്ത്യന്‍ ചെറ്റകളെയും എത്രയും പെട്ടെന്ന് തൂക്കിക്കൊല്ലാനുള്ള ഇടപാടുകള്‍ ചെയ്യും .

5) അമേരിക്കന്‍ സൈന്യത്തെ രണ്ടായിരത്തി പതിനൊന്നോടെ ഇറാക്കില്‍ നിന്നും പിന്‍വലിക്കും. കൂടാതെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കും. അയ്യോ!!!പറഞ്ഞത് പോലെ ഇതൊന്നും നമ്മുടെ സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യമല്ലല്ലോ. സ്ലം ഡോഗിന് ഓസ്കാര്‍ കിട്ടിയപ്പോള്‍ അത് ഞങ്ങള്‍ ഭരിച്ചത് കൊണ്ടാണ് എന്ന് പറഞ്ഞ അതെ ലൈനില്‍ ഓര്‍ക്കാതെ പറഞ്ഞു പോയതാ. എന്തായാലും കിടക്കട്ടെ.അത് വിശ്വസിച്ചവരും കുറേപ്പേര്‍ ഇല്ലായിരുന്നോ?അവന്മാര്‍ ഇതും വിശ്വസിച്ചോളും .

ഒന്നൊന്നര മാസം കൊണ്ട് ഇത്രയൊക്കെ പദ്ദതിയിടാന്‍ പറ്റിയുള്ളൂ.എന്ന് വെച്ച് ആരും നിരാശപ്പെടെണ്ടാ.അഞ്ചു കൊല്ലങ്ങള്‍ കിടക്കുകയല്ലേ നമ്മുടെ മുന്നില്‍. ഈ രാജ്യം നിരപ്പാക്കാതെ ഞങ്ങള്‍ പോകുമോ?

എല്ലാവര്‍ക്കും ജയ് ഹിന്ദ്‌ ,

കരുത്തനായ പ്രധാനമന്ത്രി,

മണ്‍പാവ സിംഗ് .

Thursday, July 2, 2009

അച്ചായന്‍ ടെര്‍മിനേറ്റഡ്

പ്രിയപ്പെട്ട അച്ചായന്,
ഹൃദയം തകരുന്ന വേദനയിലാണ് ഞാന്‍ ഈ ലെറ്റര്‍ ഡ്രാഫ്റ്റ്‌ ചെയ്യുന്നത്. ഒഫീഷ്യല്‍ ലെറ്റര്‍ ആണെങ്കില്‍ പോലും അതില്‍ എന്‍റെ മനസ്സില്‍ വിങ്ങുന്ന ചില കാര്യങ്ങള്‍ പറയുവാതിരിക്കാന്‍ എനിക്ക് സാധിക്കുന്നില്ല അച്ചായാ, സാധിക്കുന്നില്ല.
അച്ചായന് ഈ ലെറ്റര്‍ അടിച്ചു തരാന്‍ നമ്മുടെ ചീഫ് എഡിറ്റര്‍ എ കെ എന്ന ആ അന്തി ക്രിസ്തു വിളിച്ച് പറഞ്ഞപ്പോള്‍ എന്‍റെ ചങ്ക് പിടഞ്ഞ പിടച്ചില്‍.ഇതിനു മുന്‍പ് എന്‍റെ പിറന്നളിന്റെയന്ന് അച്ചായന്‍ ബ്ലോഗില്‍ മാനാഞ്ചിറ വാസന്തിയുടെ പടം കൊടുത്ത് അവളുടെ ചരമ ദിനം ആഘോഷിച്ചപ്പോള്‍ മാത്രമേ ഞാന്‍ ഇത്ര വിഷമിച്ചിട്ടുള്ളൂ. അലച്ച് വിളിച്ച് ഞാന്‍ ആ എ കെയുടെ ക്യാബിനില്‍ ചെന്ന് 'എന്നതാ സാറേ കാര്യം ?" എന്ന് ചോദിച്ചു. അപ്പോളാ സാത്താന്‍ പറയുകയാണ് 'അവന്‍ നമ്മുടെ പത്രത്തിന്റെ പേര് കളയും കൊച്ചേ.' എന്ന്.
പിന്നെ ഞങ്ങള്‍ തമ്മില്‍ നടന്ന വാഗ്വാദം അച്ചായന്റെ അറിവിലേക്കായി താഴെ ഞാന്‍ ഡ്രാഫ്റ്റ്‌ ചെയ്ത് കയറ്റുന്നു.ഇതില്‍ ലില്ലി ഞാനാണ് (അച്ചായന് എന്നെ മാനാഞ്ചിറ കൊച്ചുട്രീസയെന്നോ,കൊച്ച് പടക്കം എന്നോ പറഞ്ഞാലല്ലേ ശരിക്കും അറിയത്തൊള്ളൂ.) എ കെ ആ അന്തി ക്രിസ്തുവാണെന്ന് പ്രത്യേകം പറയണ്ടല്ലോ.
മീറ്റിംഗ് പ്ലേസ് : ചീഫ് എഡിറ്ററുടെ ക്യാബിന്‍.
മീറ്റിംഗ് സമയം:അങ്ങേരുടെ സൌകര്യത്തിന്‌.
ലില്ലി:" ലക്ഷക്കണക്കിന്‌ ആരാധകരുള്ള അച്ചായനെ അങ്ങനെ പറഞ്ഞു വിട്ടാല്‍ അതല്ലിയോ സാറേ നമ്മുടെ സത്പേരിനെ ബാധിക്കുന്നത്?"

എ കെ :"സത്പേരോ? നമുക്കോ? സത്പേര് പോകുന്ന കാര്യമല്ലടി കൊച്ചേ പറഞ്ഞത്. നമ്മുടെ പത്രത്തിന്റെ വില കളയുന്ന കാര്യമാണ്. എരപ്പാളിത്തരവും, ഫ്രാഡ് പരിപാടികളും അപ്പനപ്പുപ്പന്മാരുടെ കാലത്തെ കാണിച്ചു തുടങ്ങിയതാ നമ്മുടെ പത്രം.പലരും തെറിയും പറഞ്ഞിട്ടൊണ്ട്‌.പക്ഷെ വഴിയെ പോണവന്മാരെല്ലാം കയറി താടിക്കിട്ട് തട്ടുക എന്നത് ഇന്നോളം ഉണ്ടായിട്ടില്ല...എന്‍റെ പത്രത്തിനിട്ടോ അവിടെ ജോലി ചെയ്യുന്ന ഒരുത്തനിട്ടോ."

ലില്ലി:" അതിനിപ്പോ അച്ചായന്‍ എന്നാ ചെയ്തെന്നാ സാറേ?"

എ കെ:" ആ ബറാബസ്സ് ചെയ്ത് തുടങ്ങിയത് ഇന്നും ഇന്നലേമല്ല.കൊറേ നാളായി.അവന്‍ വഴിയെ പോണവരുടെ കൈയ്യില്‍ വടി കൊണ്ടേ കൊടുത്തിട്ട്, കുപ്പായമൂരി പുറന്തിരിഞ്ഞ് നിന്ന് കൊടുക്കും.ചിലര് പെരുക്കും.അക്കൂട്ടത്തില്‍ ചിലര്‍ നമ്മുടെ പത്രത്തിന്റെ തന്തക്കും വിളിക്കും."

ലില്ലി:"അതിനു അച്ചായന്‍ ആരോടും പറഞ്ഞിട്ടില്ല ഇവിടാ ജോലി ചെയ്യുന്നത് എന്ന്."

എ കെ: "പിന്നെ ആ ഇട്ടുണ്ണാന്‍ നമ്മുടെ പത്രത്തിലാണ് ജോലി ചെയ്യുന്നത് എന്ന് ഞാനാന്നോ വാര്‍ത്ത കൊടുത്തത്?.ഒന്ന് പോ കൊച്ചേ...അത് കൊണ്ട് എനിക്കെന്നാ പരസ്യക്കാശ് കൂടുതല്‍ വല്ലതും കിട്ടുവോ?അവന്റെ കൂടെ കൂടി നീയും വിവരക്കേട് പഠിച്ചെന്നാ തോന്നുന്നേ"

ലില്ലി:" അങ്ങനെ പറഞ്ഞ് നടന്നത് കൊണ്ട് അച്ചായന് എന്നാ പ്രയോജനം കിട്ടാന്‍?"

എ കെ:"ലില്ലി,ഡോണ്ട് ബീ സില്ലി. ഡി കൊച്ചേ...അവന്‍ പാലാ ഫ്രാഡ് പാപ്പി എന്ന പേരില്‍ ബ്ലോഗ് എഴുതിയാല്‍, അവന്‍റെ കൈയിലുള്ള ഭാഷക്കും, വിഷയത്തിനും അവന്‍റെ കുടുമ്പത്തുള്ളവര്‍ പോലും അത് വായിക്കത്തില്ല. എന്നാല്‍ നമ്മുടെ പത്രത്തില്‍ ജോലി ചെയ്യുന്ന പാലാ ഫ്രാഡ് പാപ്പി എന്ന പേരിലായാലോ? എന്ത് തരികിട എഴുതിയാലും അത് വായിക്കാന്‍ ആള് കാണും."

ലില്ലി:"ഞാന്‍ പറഞ്ഞില്ലേ സാര്‍, അച്ചായന്‍ ഒരിടത്തും നമ്മുടെ പത്രത്തിന്റെ പേര് പറഞ്ഞിട്ടില്ല"

എ കെ :"ഹാ..അവനായിട്ട്‌ എന്നാത്തിനാ കൊച്ചേ പറയുന്നത്?അവന്‍റെ ഗള്‍ഫിലും, ഐയര്‍ലെണ്ടിലും ജര്‍മനിയിലും ഉള്ള സ്വന്തക്കാരെയോ, കൂട്ടുകാരെയോ കൊണ്ട് നാല് കമന്റ്റ് അത്തരത്തില്‍ മൂന്ന് ബ്ലോഗുകളില്‍ ഇട്ടാല്‍ പോരെ?അതിനുള്ള തരികിടയൊക്കെ നമ്മുടെ പത്രം തന്നെ അവനെ പഠിപ്പിച്ചിട്ടുണ്ട്. "

ലില്ലി:"അങ്ങനെ ബ്ലോഗില്‍ ആള് കൂടിയിട്ട് അച്ചായന് എന്നാ ഗുണം?ഹിറ്റുകള്‍ പുഴുങ്ങി തിന്നാണോ അങ്ങേര്‍ ജീവിക്കുന്നത്?"

എ കെ:"എന്‍റെ കൊച്ചേ,അവന്‍റെ ബ്ലോഗിലെ ഹിറ്റ്‌ കൌണ്ടര്‍ പുഴുങ്ങിത്തിന്ന് തന്നെയാണ് അവന്‍ ഭാവിയില്‍ ജീവിക്കാന്‍ പോകുന്നത്.ടെക്നോ വിജ്ഞാനം എന്ന പേരില്‍ അവന്‍ എഴുതുന്ന ചവറുകള്‍ ആണ്ടിലും സംക്രാന്തിയിലും നമ്മുടെ പത്രത്തില്‍ അച്ചടിച്ച് വന്നത് കൊണ്ട് മാത്രം ആരും അവനെ ഒരു എഴുത്തുകാരനായി കാണില്ല എന്ന് അവന്‌ നന്നായിട്ടറിയാം.പക്ഷെ പക്ഷേ വല്ലപ്പോഴും നമ്മുടെ പത്രത്തേല്‍ എഴുതുന്നതിന്റെ കൂടെ ലക്ഷക്കണക്കിന്‌ വായനക്കാര്‍ ഉള്ള ഒരു ബ്ലോഗും അവനുണ്ട് എന്ന് റെസ്യൂമെയില്‍ ‍ കണ്ടാലോ? കളി മാറിയാ?ഇങ്ങനെ ആളെക്കൂട്ടി സ്വയം ഭാഷയുടെ രാജാവ് കളിക്കുന്ന പണിയും അവന്‍ പഠിച്ചത് ഈ ചീഫ് എഡിറ്ററെ കണ്ടിട്ടാ."

ലില്ലി:"അത് കൊണ്ട് ഇപ്പൊ എന്നാ പറ്റി സാറേ?"

എ കെ:"കൊച്ചേ,അവന്‍ ഈ അടുത്ത കാലത്തായിട്ട് എന്നാ എഴുതിയാലും നാട്ടുകാര്‍ എടുത്തിട്ടു പന്ത് തട്ടുന്നു.ദാണ്ടെ ഈ കഴിഞ്ഞ ദിവസ്സി അവന്‍ ഏതാണ്ട് കൂട്ടയ്മക്കോ, ധ്യാനത്തിനോ എതിരായിട്ട്‌ ഏതാണ്ടൊക്കെ എഴുതി വിട്ടു.'കരണക്കുറ്റി നോക്കി രണ്ട് തരാന്‍ ആളില്ലാത്തതാ അച്ചായന്റെ കുഴപ്പം' എന്നതാണ് അതിന് വായനക്കാരന്‍ നല്‍കിയ ഏറ്റവും മാന്യമായ പ്രതികരണം.പല തവണ ഞാന്‍ അവനോടു പറഞ്ഞിട്ടുള്ളതാ.അവനെക്കൊണ്ട്‌ പറ്റുന്ന പണികളായ തുണ്ട് കഥകള്‍, പടക്കങ്ങളുടെ ജന്മദിനം, ഓര്‍മ്മ ദിനം എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങള്‍ അങ്ങനെ എന്തേലുമൊക്കെ എഴുതി ആളുകളെ കോള്‍മൈര്‍ കൊള്ളിച്ച് ജീവിക്കാന്‍.പത്ത് പേരറിയണം എന്ന അവന്‍റെ ഉദ്ദേശവും നടക്കും. വേണ്ടാത്തെ പണിക്കു പോവാതെ എന്നൊക്കെ.ക്ണാപ്പന്‍ കേള്‍ക്കുകേല"

ലില്ലി:"അച്ചായന്റെ സര്‍ഗ്ഗ ശേഷി..."

എ കെ :"ഉണ്ട...എടി കൊച്ചേ, ഇനി അവനു അങ്ങനെ എന്തെങ്കിലും എഴുതണേല്‍ തന്നെ, മിനിമം ചങ്കൂറ്റം വേണ്ടായോ?ഇത് ആരേലും 'ഡാ!!!'ന്ന് ഉറക്കെയൊന്ന് വിളിച്ചാല്‍ ആ പോസ്റ്റും,അതിന് മുന്നേയുള്ള പോസ്റ്റും ഡിലീറ്റ്‌ ചെയ്ത് 'തെറി വിളികളെ പ്രോത്സാഹിപ്പിക്കെണ്ടാ എന്ന് കരുതി ചെയ്തതാ' എന്ന് കൊണവതിയാരം പറയുന്നവന് പറ്റിയ പണിയാണോ അവന്‍ ഈ കാണിക്കുന്നത്? നീ തന്നെ പറ."

ലില്ലി:"എന്ന് ചോദിച്ചാല്..."

എ കെ :"അതാ ഞാന്‍ പറഞ്ഞത് അവന്‍ നമ്മുടെ പേര് കളയുമെന്ന്.നിനക്കറിയത്തില്ലേ,ഇന്നോളം എഴുതിയ ചെറ്റത്തരങ്ങളില്‍ എല്ലാം നമ്മുടെ പത്രം ഉറച്ച് നിന്നിട്ടേയുള്ളു.ആരെന്നാ പറഞ്ഞാലും നമ്മള്‍ കുലുങ്ങിയിട്ടില്ല. അങ്ങനെയുള്ള ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അവന് ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ?ഒടുക്കമെന്നാ പറ്റി? മലയാളം ബ്ലോഗിലെ അംഗീകൃത മനോരോഗികളില്‍ ഒരുത്തനായ...എന്നതാ അവന്‍റെ പേര് ..പെയിന്‍റ്ററോ,വരപ്പിസ്റ്റോ... ആ,അങ്ങനെ ഏതാണ്ടൊരുത്തന്‍ വരെ ഇവനെ മനോരോഗി എന്ന് വിളിച്ചില്ലേ? ഒരുമാതിരി ക്രൈംഫയറുകാരന്‍ നമ്മളെ മഞ്ഞപ്പത്രം എന്ന് വിളിക്കുന്നത്‌ പോലെ. അത് കൊണ്ട് നീ ചെന്ന് അവന് ഒരു കടലാസ് അടിച്ച് കൊടുത്തേരെ.ഒന്നുകില്‍ പഴയത് പോലെ തുണ്ടും, തരികിടയുമായി ആളെ പറ്റിച്ച് ജീവിക്കുക, അല്ലേല്‍ ഒരല്‍പ്പം ചങ്കൂറ്റം ഉണ്ടാക്കിയിട്ട് വിവാദ നായകന്‍ കളിക്കാന്‍ ഇറങ്ങുക. ഇതൊന്നും പറ്റുകേലെങ്കില്‍ വേറെ ആപ്പീസ് അന്വേഷിക്കുക.എന്നാ?"

ലില്ലി :"അത് സാറേ..."

എ കെ :"എനിക്കറിയാം മാനാഞ്ചിറയില്‍, പടക്കം ട്രീസയായി നടന്നിരുന്ന നിന്നെ പൊക്കി അയല്‍ക്കാരി ലില്ലിയാക്കി ഇവിടെ എച്ച് ആറില്‍ ജോലി മേടിച്ച് തന്നത് അവനാ.അതിന്റെ നന്ദിയൊക്കെ വേണ്ടത് തന്നെ.പക്ഷേ വ്യസനസ് ഈസ്‌ വ്യസനസ്."

ലില്ലി:"സാറിതെങ്ങനെ..."
എ കെ:"അവന്‍റെ ഒരു നിലവാരം വെച്ച് ചുമ്മാ ഊഹിച്ചതാടി കൊച്ചേ... കറക്റ്റല്ലിയോ?"
മീറ്റിംഗ് കഴിഞ്ഞു.
കൂടുതലൊന്നും ഞാന്‍ എഴുതുന്നില്ല അച്ചായാ.ഇനി തീരുമാനം അച്ചായന്‍ എടുത്തോ.ആ അന്തി ക്രിസ്തു പറഞ്ഞതില്‍ എന്തേലുമൊന്ന് ചെയ്തൂടെ നമുക്ക്? അതോ അച്ചായന്‍ ഇവിടെയും വിവാദ നായകന്‍ ഇമേജ് ഉണ്ടാക്കാന്‍ ശ്രമിച്ച് പണി വാങ്ങിക്കെട്ടുവോ?.
സ്വന്തം
കൊച്ച് പടക്കം

Wednesday, July 1, 2009

താടിയുടെ മരണം: അത്ഭുത വലയന്‍

സംവിധായകനും, തിരക്കഥാകൃത്തുമായ താടിയുടെ മരണത്തില്‍ അനുശോചിക്കുക എന്നതിലുപരി താടി സാറിന്റെ അകാലത്തിലുള്ള മരണത്തിന് സുപ്പര്‍ താരങ്ങള്‍ എങ്ങനെ കാരണമായി എന്നത് ലോകത്തെ അറിയിക്കുക എന്നതാണ് മലയാള സിനിമയില്‍ പണിയില്ലാത്തവരുടെ അസോസിയേഷന്‍ (എം സി പി എ /മക്‌പാ) എന്നില്‍ ചുമത്തിയിരിക്കുന്ന ഉത്തരവാദിത്ത്വം.അതുകൊണ്ട് മുഖവുരകളില്ലാതെ ഞാന്‍ തുടങ്ങുന്നു.

എന്നാലും ഞാന്‍ ആലോചിക്കുകയായിരുന്നു...അന്‍പത്തിനാല് വയസിനുള്ളില്‍ ചില്ലറ അക്രമം വല്ലതുമാണോ താടി കാണിച്ച് കൂട്ടിയത്. അങ്ങേര്‍ക്കു മാത്രം എപ്പ നോക്കിയാലും പതിനെട്ട്-ഇരുപത് വയസുള്ള പെമ്പിള്ളാരെക്കിട്ടുമായിരുന്നു ...ഐ മീന്‍ പിള്ളാരുടെ ഡേറ്റ് കിട്ടുമായിരുന്നു. ഇവിടെ ബാക്കിയുള്ളവന്‍ ഒരു പടമെടുത്താല്‍ നായികയെ മാനത്തു നിന്നും കെട്ടിയിറക്കണം. ആ കവിതയാണേല്‍ കെട്ടിപ്പോവുകയും ചെയ്തു. നാലഞ്ചു പുതിയ പെമ്പിള്ളാരുടെ നമ്പര്‍ താടിയുടെ കയ്യില്‍ നിന്നും വാങ്ങാം എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാന്‍.അതിനു മുന്നേ പോയില്ലേ...താടി!!!!.ക്ഷമിക്കണം‍ ,അല്‍പ്പം ഇമോഷണല്‍ ആയിപ്പോയി.ഇവിടെ എനിക്ക് കിട്ടാത്തതല്ലല്ലോ (ഡേറ്റ്) പ്രശനം. താടിയുടെ മരണത്തിന് സൂപ്പര്‍ താരങ്ങള്‍ എങ്ങനെ കാരണക്കാരായി?

മറ്റുള്ളവര്‍ക്ക് തിരക്കഥ എഴുതിക്കൊടുക്കുക എന്ന അറിയാവുന്ന പണി നിറുത്തി താടി സംവിധാനം തുടങ്ങിയ ശേഷം, അങ്ങേരുടെ ഇറങ്ങിയ പടങ്ങളില്‍ ഒരു വിധപ്പെട്ടതെല്ലാം എട്ട് നിലയില്‍ പൊട്ടിയെങ്കിലും, സുപ്പര്‍ താരങ്ങള്‍ക്ക് ചുമ്മാ അങ്ങേരുടെ പടങ്ങളില്‍ അഭിനയിക്കാന്‍ പാടില്ലായിരുന്നോ? അവര്‍ അങ്ങനെ അഭിനയിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ അവരുടെ കരിയര്‍ കുത്ത് പാളയെടുത്തേനേ .പക്ഷെ താടി പോയി അങ്ങേരുടെ പെര്‍ഫ്യൂഡ് മാനിനിന്റെ തമിഴ്‌ പതിപ്പെടുക്കുക തുടങ്ങിയ മണ്ടത്തരങ്ങള്‍ കാണിച്ച് പൊട്ടി പാളിസകില്ലായിരുന്നു.

ഇപ്പോത്തന്നെ'സുശാന്തിയും, വിജയലക്ഷ്മിയും പിന്നെ മണികണ്ഠനും' എന്ന ചിത്രത്തിന് ശേഷം എന്‍റെ ഒരു വിധപ്പെട്ട എല്ലാ പടങ്ങളും ആരെക്കൊണ്ടും തെറ്റ് പറയിക്കാത്ത രീതിയില്‍ പൊട്ടിയിട്ടുണ്ട്.സുപ്പര്‍ സ്റ്റാര്‍ ഇക്ക അഭിനയിച്ച എന്‍റെ രണ്ടു പടങ്ങള്‍, 'ബാധാ സഹിബും' , 'രാക്ഷസ ജേതാവും' എന്‍റെ അവസാന പടമായ 'അത്ഭുതന്‍' പോലെ അത്ഭുതകരമായി പൊട്ടി.പക്ഷേ ഇതൊന്നും വീണ്ടും ഞാന്‍ ഡേറ്റ് ചോദിക്കുമ്പോള്‍ തരാതിരിക്കാന്‍ ഇക്കാക്ക്‌ ഒരു ന്യായമല്ല. ഇത് എന്‍റെ മാത്രം കാര്യമല്ല. ആവശ സംവിധായകരുടെ ഒരു പൊതു ആവശ്യമാണ്‌.'കോളേജ് കാരാമ' എന്ന പടമെടുത്ത ജമന്തിദാസിന് ബോധമുള്ളവര്‍ ആരും പിന്നെ ഡേറ്റ് കൊടുക്കില്ല.എങ്കില്‍ പോലും ആ വാരസ്യാരുടെ കെട്ടിയോന്‍ ദാസിന്റെ പടത്തില്‍ അഭിനയിച്ചേ പറ്റു എന്ന് ഞാന്‍ പറഞ്ഞത് കേരളക്കരയാകെ കേട്ടതല്ലേ?അപ്രകാരം തന്നെ താടിക്കും സുപ്പര്‍ താരങ്ങള്‍ ഡേറ്റ് കൊടുക്കണമായിരുന്നു. അല്ലാതെ താടി തട്ടിപ്പോയിട്ട് അങ്ങേരുടെ പിള്ളാരുടെ പഠന കാര്യങ്ങള്‍ നോക്കാം,കോളേജിലയക്കാം എന്നൊക്കെ പറഞ്ഞത് കൊണ്ട് ഒരു കാര്യവുമില്ല.അങ്ങേര്‍ ജീവിച്ചിരുന്നപ്പോള്‍ അങ്ങേര്‍ക്കു ഡേറ്റ് കൊടുത്ത് സ്വന്തം കരിയര്‍ കട്ടപ്പുറത്താക്കുക എന്ന മഹത് കര്‍മ്മം ചെയ്തിരുന്നെങ്കില്‍ സുപ്പര്‍ താരങ്ങളെ ഞാന്‍ സമ്മതിച്ചേനെ.

ഇക്കയുടെ കാര്യം നില്‍ക്കട്ടെ. മെഗാസ്റ്റാര്‍ ഏട്ടനോ? തടി തിരക്കഥ എഴുതിയ 'മൂന്നര ചക്രം' ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞില്ലേ? പിന്നെയത് ആ ഭൂമിരാജിനെ നായകനാക്കി പുറത്ത്‌ വന്ന് ഒന്നര ചക്രം പോലും കിട്ടാതെ തിയറ്ററില്‍ നിന്നും പോയി.അത്ര തറ കഥയായിരുന്നെങ്കിലും ഏട്ടന് ചുമ്മാ അഭിനയിച്ചൂടായിരുന്നോ അതില്‍? ഒടുവില്‍ ആ എബി മേലയില്‍ സംവിധാനം ചെയ്ത് താടിയുടെ തിരക്കഥയില്‍ 'കംസന്‍' എന്നൊരു പടം ചെയ്യാം എന്ന് ഏട്ടന്‍ എട്ട് എന്നാണു കേട്ടത്. അവസാന നിമിഷം താടി അത് സ്വന്തമായി സംവിധാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നത്രേ. അതിലും ഞാന്‍ താടിയെ കുറ്റം പറയില്ല.സംവിധായകനായാലുള്ള സുഖം സംവിധായകനല്ലേ അറിയൂ? ഒരു സെറ്റിന്റെ മുഴുവന്‍ നിയന്ത്രണം...ഹോ ...പാല്‍പ്പായസം മുതല്‍ പാഷാണം വരെ എന്തും ഇഷ്ടാനുസരണം തിരഞ്ഞെടുത്ത് അനുഭവിക്കാം... അതൊക്കെ മനസിലാക്കി ഏട്ടന്‍ വേണ്ടേ അഡ്ജെസ്റ്റ്റ്‌ ചെയ്യാന്‍? ചെയ്തില്ല.

അതാണ്‌ ഞാന്‍ പറഞ്ഞത് താടിയുടെ മരണത്തിന് കാരണം സുപ്പര്‍ താരങ്ങളാണെന്ന്. അല്ലാതെ അയ കാലത്ത് കല്ല്‌ കുടിച്ചും, പെണ്ണ് പിടിച്ചും സ്വന്തം ആരോഗ്യം നോക്കാതെ നടന്നതോ, ആവശ്യമില്ലാത്ത പരിപാടികള്‍ക്ക് പോയി സ്വയം വരുത്തി വെച്ച സാമ്പത്തിക ബാധ്യതകളോ അല്ല. സുപ്പര്‍ താരങ്ങള്‍ മര്യാദക്ക് താടിയുടെ സംവിധാനത്തില്‍ നാലഞ്ചു ഫ്രാഡ് പടങ്ങളില്‍ അഭിനയിച്ചിരുന്നെങ്കില്‍ അങ്ങേര്‍ക്കു ഈ വിധി വരില്ലായിരുന്നു.ഇതിന് പരിഹാരമായി സുപ്പര്‍ താരങ്ങള്‍ എന്‍റെയും, മക്പാ അംഗമായ വൈജൂ ‌ കൊട്ടരത്തിനക്കരയുടെയും ഈരണ്ട് പടങ്ങളില്‍ വീതം അഭിനയിക്കണം.ഇല്ലേല്‍ പത്താം തീയതി മുതല്‍ സമരമാണ്, സമരം.

മക്‌പാ ജനറല്‍ ‍ സെക്ക്രട്ടറി.

അത്ഭുത വലയന്‍.

ഈ പോസ്റ്റ് പ്രശസ്തര്‍ ആരെങ്കിലും മരിച്ചാല്‍ ഉടനെ അവരെ ദൈവമാക്കി സര്‍വ്വ കുറ്റവും ജീവിച്ചിരിക്കുന്നവരുടെ തലയില്‍ കെട്ടി വെയ്ക്കാന്‍ ഇറങ്ങുന്ന അലവലാതികള്‍ക്കും,കൂടാതെ മരിച്ചവരുടെ സന്മാര്‍ഗ്ഗവും, അവര്‍ ആരുടെയൊക്കെ കൂടെ അന്തിയുറങ്ങി എന്നതിന്റെ ലിസ്റ്റും അറിയാതെ ഉറക്കം വരാത്ത ചെറ്റകള്‍ക്കുമായി സമര്‍പ്പിക്കുന്നു.