Wednesday, January 7, 2009

ചാരരമ : സിനിമാ കഥ

കേരളത്തിലെ മാധ്യമ രാജാവും,റബ്ബറിന്റെ ബ്രാന്‍ഡ് അമ്പാസിഡറുമായ കുളത്തില്‍ ഔതകുട്ടിച്ചായന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷങ്ങളില്‍ നിന്നുമാണ് കഥ തുടങ്ങുന്നത്. കരീന കപ്പൂര്‍ അവതരപ്പിക്കുന്ന ഇറ്റാലിയന്‍ നൃത്തം വായും പൊളിച്ച് നോക്കി നില്‍ക്കുന്ന കൊച്ച് മകന്‍ ജിമ്മിയെ ഔതകുട്ടി അരുകില്‍ വിളിച്ച് തന്‍റെ ഒരു ആഗ്രഹം അറിയിക്കുന്നു. കുന്നങ്കുളം മുതല്‍ കോത്താഴം വരെ എഡിഷനുകള്‍ ഉള്ള കുടുമ്പത്തിന്റെ പത്രത്തിന് ഒരു പാക്കിസ്ഥാന്‍ എഡിഷന്‍ വേണം . വയസുകാലത്തും മൂപ്പീന്നിന്റെ തല്ലുകൊള്ളിത്തരത്തിനു കുറവൊന്നും വന്നിട്ടില്ല എന്ന് ജിമ്മി അഭിമാനത്തോടെ ഓര്‍ക്കുന്നു.ഒട്ടും വൈകാതെ ഔതകുട്ടിയുടെ ആഗ്രഹം സാധിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി ജിമ്മി യാത്രയാകുന്നു .

പാരിസില്‍ 'വിസ്ക്കി എ ഗോ ഗോ' എന്ന ലോക പ്രശസ്തമായ നൈറ്റ് ക്ലബ്ബില്‍ വെച്ചു ജിമ്മിക്കു വല്യപ്പന്റെ ആഗ്രഹം സാധിക്കുവാനുള്ള മാര്‍ഗ്ഗം 'സല്‍മാ ബേഗം' എന്ന പാക്കിസ്ഥാന്‍ സുന്ദരിയുടെ രൂപത്തില്‍ തുറന്നു കിട്ടുന്നു.
സല്‍മ അതി സുന്ദരി, ലോകംമുഴുവന്‍ നടന്ന് കല കച്ചവടം നടത്തി പാക്കിസ്ഥാനും,അന്യ രാഷ്ട്രങ്ങളുമായുള്ള ബന്ധം ആഴത്തില്‍ ഉറപ്പിക്കാന്‍ പ്രതിജ്ഞ എടുത്തവള്‍,ലോകത്ത് എവിടെ താമസിച്ചാലും ഹോട്ടല്‍ മുറിയുടെ വാതില്‍ അകത്ത് നിന്നും കുറ്റിയിടുന്ന ശീലമില്ലാത്തവള്‍ , പഴയ ഐ എസ് ഐ ഉപമേധാവിയുടെ മകള്‍ .ഔതകുട്ടിയുടെ സ്വന്തം ഭാഷയില്‍ പറഞ്ഞാല്‍ കളങ്കമില്ലാത്ത മാടപ്രാവ് .

ജിമ്മിയും സല്‍മയും പാരിസിലും ,ഇറ്റലിയിലും , ലണ്ടനിലും പാറിപ്പറന്ന്, തേംസിന്റെ ഓളങ്ങളില്‍ ഊഞ്ഞാലാടി 'തും പാസ് ആയെ' പാടുന്നിടത്തു അവരുടെ ബന്ധം ശക്തമാകുന്നു .അതിനിടെ ജിമ്മി തന്‍റെ വല്യപ്പന്റെ ആഗ്രഹം സല്‍മയെ അറിയിക്കുന്നു. താന്‍ അതിനുള്ള വഴി ഒരുക്കാം എന്ന് സമ്മതിക്കുന്ന സല്‍മ പക്ഷേ രണ്ടു ഉപാധികള്‍ ജിമ്മിക്കു മുന്നില്‍ വെയ്ക്കുന്നു .ഒന്നു ജിമ്മി തന്നെ വിവാഹം കഴിക്കണം. രണ്ട് പാക്ക് എഡിഷന്‍ ഔതക്കുട്ടിപ്പത്രത്തില്‍ പ്രധാന വാര്‍ത്തകള്‍ ഭാരതത്തിന്റെ സൈനിക രഹസ്യങ്ങള്‍ ആവണം. പത്രം ചിലവാകുമെങ്കില്‍ ഏത് പിശാചിന്റെ മകനെയും ദൈവപുത്രനാക്കുന്ന ഔതകുട്ടിയുടെ കൊച്ച് മകനായ ജിമ്മി ഉപാധികള്‍ അംഗീകരിക്കുന്നു.

തുടര്‍ന്ന് ജിമ്മിയും ,സല്‍മയും കറാച്ചിയിലെത്തി വിവാഹിതരാകുന്നു. തുടര്‍ നടപടികളായി , ജിമ്മിയും സല്‍മയും കേരളത്തിലേക്ക് തിരിക്കുന്നു. സല്‍മയുടെ ബന്ധുക്കളായ ഏഴെട്ട് മീശയില്ലാത്ത താടികളും വിസക്ക് അപേക്ഷ കൊടുക്കുന്നു. പക്ഷേ പാക്കിസ്ഥാന്‍ പൌരന്മാരായ അവരുടെ അപേക്ഷ ഭാരത സര്‍ക്കാര്‍ ആദ്യം നിരസിക്കുന്നു. പക്ഷേ ദേശിയ സുരക്ഷ സമതിയില്‍ തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് ഔതകുട്ടി താടികള്‍ക്ക് വിസ ഒപ്പിച്ച് കൊടുക്കുന്നു .

ഈ സമയത്തൊക്കെ ഭാരതത്തിന്റെ രഹസ്യാന്വേഷണ വിഭാഗം ഉറങ്ങുകയായിരുന്നോ? അല്ല . അവര്‍ ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് മാച്ച് ഭീകരാക്രമണം ഒന്നുമില്ലാതെ കഴിയാന്‍ വൃതം നോറ്റിരിക്കുകയായിരുന്നു .

തുടര്‍ന്ന് കഥ മുന്നോട്ടു നീങ്ങുന്നത്‌ .റിസേര്‍ച്ച് അനാലിസിസ്സ് വിന്ഗിന്റെ ആസ്ഥാനത്താണ് . റോ ഡയറക്ടര്‍ (അമിതാബ് ബച്ചന്‍ -ഗസ്റ്റ്‌ ),ആകെ അസ്വസ്ഥനാണ് . വന്‍കുടലിന്റെ അസുഖം തന്നെ പ്രശ്നം (അല്ലാതെ രാജ്യ സുരക്ഷയെപ്പറ്റി ഇക്കാലത്ത് ആര്‍ക്ക് ആശങ്ക?) .

അദ്ദേഹത്തിന്‍റെ സെക്രട്ടറി അനുവാദം ചോദിച്ചു ക്യാബിനില്‍ പ്രവേശിക്കുന്നു .
"ആ തെണ്ടിയെ കണ്ടു കിട്ടിയോ?" ഡയറക്ടര്‍ അദ്ദേഹത്തിന്‍റെ ബാരിടോണ്‍ സ്വരത്തില്‍ ചോദിക്കുന്നു . "എവിടെയവന്‍? ചൈന ? ജപ്പാന്‍? മംഗോളിയ?"
"ഇവിടൊക്കെ അന്വേഷിച്ചു സര്‍. ഒടുവില്‍ ആലപ്പുഴ മാവേലിക്കര റൂട്ടില്‍ ഒരു ഷാപ്പില്‍ അടിച്ചു വീലായ നിലയില്‍ കണ്ടെത്തി. ഇപ്പൊ മോര് കൊടുത്ത് പുറത്തിരുത്തിയിരിക്കുകയാണ് " സെക്രട്ടറി സുന്ദരി മൊഴിയുന്നു
"കെട്ടിയെടുക്കവനെ"


ഓഫീസിന്റെ വാതില്‍ തുറന്ന് "ഭൂമി കറങ്ങുന്നുണ്ടോടാ?" എന്ന പാട്ടുമായി അകത്തേക്ക് പ്രവേശിക്കുന്ന അര്‍ജ്ജുന്‍ കൃഷണ ആള്‍സോ നോണ്‍ ആസ് എ കെ നാലും മൂന്നും ഏഴ് ( അത് ഞമ്മള് തന്നെ ) .
ഡയറക്ടര്‍ ഒരു ഫ്ലാഷ് ഡ്രൈവ് എ കെക്ക് കൈ മാറുന്നു . കൂടുതല്‍ ഒന്നും പറയുന്നില്ല .

എ കെ ഫ്ലാഷ് ഡ്രൈവ് തന്‍റെ ക്യാബിന്‍ കമ്പ്യൂട്ടറില്‍ പരിശോധിക്കുന്നു . അതില്‍ മുഴുവന്‍ ഡയറക്ടര്‍ ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത ഇക്കിളി എം എം എസ്സുകളുടെ ശേഖരമാണ് . രഹസ്യ ഫോണിലൂടെ ഡയറക്ടറെ വിളിക്കുന്ന എ കെ .
" കൂടുതല്‍ ക്ലാരിറ്റിയുള്ള എം എം എസ്സുകള്‍ എവിടെ കിട്ടും എന്ന് അന്വേഷിക്കുന്നതാണോ സര്‍ എന്‍റെ അടുത്ത മിഷന്‍?"

"ഡാ ഡ്രൈവ് മാറി പോയി . അതിങ്ങു കൊണ്ട് വന്നിട്ട് ശരിക്കുള്ളത്‌ കൊണ്ട് പോ .കൊണ്ട് വരുമ്പോള്‍ അതില്ലില്ലാത്ത എന്തെങ്കിലും നിന്‍റെ കളക്ഷനില്‍ ഉണ്ടെങ്കില്‍ അതിലിടാന്‍ മറക്കണ്ടാ . നിനക്കു അതീന്ന് വല്ലതും വേണേ എടുത്തോ. ആരും അറിയണ്ട " എന്ന് ഡയറക്ടര്‍ .

ഡയറക്ടര്‍ എ കെക്ക് ശരിക്കുള്ള ഫ്ലാഷ് ഡ്രൈവ് കൈമാറുന്നതോടെ ഉദ്ധ്വേഗജനകമായ സംഭവങ്ങളുടെ ഒരു പരമ്പരക്ക് തുടക്കം കുറിക്കപ്പെടുന്നു.

ജിമ്മിയുടെയും സല്‍മയുടെയും വിവാഹാനന്തര പാര്‍ട്ടി . അവിടെക്കെത്തുന്ന എ കെ . സിനിമയുടെ ഇംഗ്ലീഷ് പതിപ്പില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു സാധാരണ വെയിറ്ററായി നുഴഞ്ഞു കയറുന്ന എ കെ , അവിടാകെയും , അവിടെ കൂടിയിരിക്കുന്ന വമ്പന്മാരുടെ വാഹനങ്ങളിലും , വസ്ത്രങ്ങളിലും അവരറിയാതെ അതി സൂക്ഷ്മ ക്യമറകളും, ശ്രവണോപകരണങ്ങളും പിടിപ്പിച്ച് മര്യാദക്ക് തിരികെ പോകും . ഹിന്ദിയിലും , തെലുങ്കിലും,തമിഴിലുംയ്തു തന്നെ എ കെ ചെയ്യും .ഹിന്ദിയില്‍ മലായിക്ക അറോറ, ശില്‍പാ ഷെട്ടി എന്നിവരുടെ ഐറ്റം ഡാന്‍സ് , തെലുന്കില്‍ അനുഷ്ക ഷെട്ടി , നിഷാ കൊത്താരി എന്നിവരുടെ ഐറ്റം ഡാന്‍സ്, തമിഴില്‍ 'വാഴ്കയില്‍ ആയിരം തടൈക്കല്ലപ്പാ . തടൈക്കല്ലും ഉനക്കൊരു പടിക്കല്ലപ്പാ' എന്ന പഞ്ച് സോങ്ങ് ഇവയുടെ പശ്ചാത്തലത്തില്‍ ആകും എന്ന് മാത്രം .
എന്നാല്‍ മലയാളത്തില്‍ മാത്രം എ കെ ,കൈ വീതി കസവ് മുണ്ടും , ഖദര്‍ സില്‍ക്കിന്റെ ഷര്‍ട്ടും അണിഞ്ഞ് നേരെ പാര്‍ട്ടിയിലേക്ക് ഇടിച്ച് കയറി ഔതക്കുട്ടിയുടെ മുന്നിലെത്തുന്നു . പിന്നെ രണ്ടേ രണ്ടു മിനിട്ടു കൊണ്ടു ഔതകുട്ടിയെ ബൈബിളിന്റെ തത്ത്വവും ,പാക്കിസ്ഥാന്‍ താടികളെ ഖുറാന്‍ സംഗ്രഹവും ,ഔതകുട്ടിയുടെ വക്കീല്‍ ഹരി അയ്യരെ വേദാന്ത സാരവും പഠിപ്പിച്ച ശേഷം താന്‍ റോയുടെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നുമാണെന്നും തന്‍റെ അവതാര ലക്ഷ്യം ഔതകുട്ടിയെ പൂട്ടുക എന്നതാണെന്നും തുറന്നടിക്കുന്നു.അനന്തരം ഒപ്പം കൊണ്ട് വന്ന അതി സൂക്ഷ്മ ക്യമറകളും മറ്റുപകരണങ്ങളും പുറത്തെടുത്തു എ കെ ഔതകുട്ടിയുടെ മുന്നിലിട്ട് ചവിട്ടി പൊട്ടിക്കുന്നു . രാജ പരമ്പരയായ തനിക്ക് ഔതകുട്ടിയുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അവയുടെ ആവശ്യമില്ലെന്നും ,മര്‍മ്മം പഠിച്ച തന്‍റെ വിരല്‍ത്തുമ്പില്‍ ആ രഹസ്യങ്ങള്‍ താനേ ചുരുളഴിയും എന്നും എ കെ ഔതകുട്ടിക്കു മുന്നറിയിപ്പ് നല്‍കുന്നു.

ആ പഞ്ചനക്ഷത്ര ഹോട്ടല്‍ ലോണില്‍ ഏഴ് മുതല്‍ എഴുപതു വരെ പ്രായമായ ലേഡീസ് എ കെയെ ആരാധനയോടെ നോക്കുന്നു. ആണുങ്ങളില്‍ ചിലര്‍ എ കെക്ക് പകരം കാണുന്നത് ഗര്‍ജ്ജിക്കുന്ന സിംഹത്തിന്റെ ഇമേജറി . ഒരു സുന്ദരി ( കത്രീന കൈഫ്‌ ഗസ്റ്റ് ) എ കെക്ക് അരുകിലെത്തി "ഭൂമി മലയാളത്തില്‍ ഇത്രയും സുന്ദരന്‍ വേറെ ഇല്ല " എന്ന് പറഞ്ഞ ശേഷം ഹോട്ടലില്‍ നിന്നുമിറങ്ങിപ്പോകുംവഴി ഒരു പാണ്ടി ലോറി ഇടിച്ച് മരിക്കുന്നു . മണ്ടന്‍ മലയാളി ഹാപ്പി .പടം സൂപ്പര്‍ ഹിറ്റ് .

അവിടുന്ന് അന്വേഷണങ്ങള്‍ തുടങ്ങുന്നു . ആല്‍പ്സ് മല നിരകള്‍ , ചൈനീസ് വന്‍ മതില്‍ , ന്യൂസീലാന്‍ഡ്‌ , കറാച്ചി ,കോട്ടയം, കുന്നങ്കുളം എന്നിവിടങ്ങളില്‍ ചെയ്‌സ്‌,സംഘട്ടനം, ഐറ്റം ഡാന്‍സ് , റൊമാന്‍സ് (പല പെണ്ണുങ്ങളും വലിഞ്ഞു കയറി വന്ന് എ കെയെ പ്രേമിക്കുന്നു.ഒപ്പം രഹസ്യങ്ങള്‍ ചോര്‍ത്താനായി സല്‍മയെയും എ കെ വളക്കുന്നു) എന്നിവയുമായി കഥ മുന്നോട് പോകുന്നു.
അന്വേഷണത്തിനൊടുവില്‍ ജിമ്മിയെയും ,സല്‍മയെയും അവളുടെ ബന്ധുക്കള്‍ താടികളെയും ഗ്രീസില്‍ വെച്ച് (ചുമ്മാ കെടക്കട്ട് ) എ കെ അറസ്റ്റ് ചെയുന്നു , പക്ഷേ പാക് എഡിഷന്റെ ആദ്യ പതിപ്പിനുള്ള സൈനിക രഹസ്യങ്ങളുമായി ഔതകുട്ടി രക്ഷപെടുന്നു .

ഇടയ്ക്കൊന്ന് : ഫ്രാഡ് ബൌദ്ധിക ജാടയുമായി നടക്കുന്ന മലയാളികള്‍ക്ക് അമ്മയാണെ ഒരു ഐറ്റം ഡാന്‍സ് പോലും പടത്തില്‍ കാണാന്‍ സാധിക്കില്ല.നീയൊക്കെ തെലുങ്കിന്റെ ഡബ്ബിംഗ് അല്ലെങ്കില്‍ തമിഴ് പതിപ്പ് ഇവയിലേതെങ്കിലും കേരളത്തില്‍ റിലീസ് ചെയുമ്പോള്‍ തലയില്‍ മുണ്ടിട്ട് പോയി കണ്ടാല്‍ മതി അതൊക്കെ .

ഔതക്കുട്ടിയെ പിന്തുടരുന്ന എ കെ , പാക് അതിര്‍ത്തിയില്‍ വെച്ച് അങ്ങേരെ സൈനിക രഹസ്യങ്ങളുമായി പിടികൂടുന്നു. മറ്റെല്ലാ വഴികളും അടഞ്ഞ ഔതക്കുട്ടി എ കെ ക്ക് മുന്നില്‍ കീഴടങ്ങുന്നു .പക്ഷേ അവര്‍ തമ്മിലത്തിനു ശേഷം നടക്കുന്ന സംഭാഷണം കഥയുടെ ഗതി മാറ്റുന്നു. ജാതി,മതം , രാഷ്ട്രീയം,ക്രിക്കറ്റ് , സിനിമ എന്നിവയില്‍ ഏത് ഉപയോഗിച്ചും മാധ്യമങ്ങള്‍ക്കും , രാഷ്ട്രീയ , സാംസ്കാരിക നേതാകള്‍ക്കും എന്നും എളുപ്പത്തില്‍ വിവിധ ചേരികളിലാക്കി തമ്മിലടിപ്പിക്കാന്‍ മാത്രമുള്ളതാണ് ഇന്ത്യന്‍ ജനതയെന്നു,ഒരു എ കെ വിചാരിച്ചാല്‍ അവര്‍ രക്ഷപെടില്ല എന്നും ഔതക്കുട്ടി എ കെയെ പറഞ്ഞു ബോധ്യപ്പെടുത്തുന്നു. കഴുതകളായ ജനങ്ങള്‍ പോയി പണ്ടാരമടങ്ങട്ടെയെന്നും , സ്വന്തം കാര്യം നോക്കാനും ഔതക്കുട്ടി എ കെയെ ഉപദേശിക്കുന്നു. തുടര്‍ന്ന് ഔതകുട്ടി നല്‍കിയ മേല്‍വിലാസത്തില്‍ ഇന്ത്യ പാക്ക് ബന്ധം ആഴത്തില്‍ ഉറപ്പിക്കാന്‍ തന്നെ കാത്തിരിക്കുന്ന മൂന്നു പാക്ക് സുന്ദരികളുടെയരുകിലേക്ക് എ കെയും, പാക് എഡിഷന്‍ ആദ്യ പതിപ്പിന് വേണ്ട വിവരങ്ങളുമായി കറാച്ചിയിലേക്ക് ഔതയും പോകുന്നു .

ഒരാഴ്ച നീണ്ട ഇന്ത്യ പാക്ക് ബന്ധം ആഴത്തിലുറപ്പിക്കാനുള്ള കര്‍മ്മ പരിപാടികല്‍ക്കൊടുവില്‍ എ കെ രണ്ട് ബൈപാസ് കഴിഞ്ഞവനെപ്പോലെ റോ യുടെ ആസ്ഥാനത്ത് മടങ്ങിയെത്തുന്നു. ഔതകുട്ടിച്ചായന്‍ ഇന്ത്യ പാക്ക് ബന്ധം നല്ല രീതിയില്‍ മുന്നോട്ടു പോകണം എന്നാഗ്രഹിക്കുന്ന ഒരു ദേശസ്നേഹി ആണെന്നും , അദ്ദേഹത്തിന്‍റെ കുടുമ്പത്തില്‍ നടന്ന വിവാഹവും ,പത്രത്തിന്റെ പാക്ക് എഡിഷനും ആ ബന്ധത്തിന് നാഴിക കല്ലുകള്‍ ആകുമെന്നും റിപ്പോര്ട്ട് സമര്‍പ്പിക്കുന്നു. പക്ഷേ ഇതൊക്കെ ജനങ്ങള്‍ വിശ്വസിക്കുമോ എന്നും , അവര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലേ എന്നും ഡയറക്ടര്‍ സംശയിക്കുന്നു .
"എന്ത് പ്രശനം സര്‍?" അവന്മ്മാരൊക്കെ ജാതിയെന്നോ, മതമെന്നോ , രാഷ്ട്രീയമെന്നോ അങ്ങിനെ കാര്യമില്ലാത്ത എന്തിന്റെയെങ്കിലും പേരില്‍ തമ്മിലടിച്ചു പണ്ടാരമടങ്ങിക്കോളും . ഇതൊക്കെ ശ്രദ്ധിക്കാന്‍ ആര്‍ക്ക് സമയം. . പിന്നെ ആകെ ഇതിനെ കുറിച്ച് ചര്‍ച്ച നടക്കാന്‍ സാധ്യതയുള്ളത് മലയാളം ബ്ലോഗുകളിലാണ്. അവിടെ എഴുതുന്ന കാപെറുക്കികളില്‍ ഭൂരിഭാഗവും നാളെ ബ്ലോഗില്‍ എഴുതുന്ന ചവറുകള്‍ പുസ്തകമാക്കി വി കെ എന്നും , മൈകിള്‍ കൃഷ്ടനും ആകാന്‍ നടക്കുന്ന കൂറകളാ. അവന്മാര്‍ നാളെ പുസ്തകത്തിന്റെ പബ്ലിസിറ്റി ഔതകുട്ടിച്ചായന്റെ പത്രം വഴി കിട്ടാനുള്ള സാധ്യത ഇല്ലതാക്കേണ്ട എന്ന് വിചാരിച്ചു ഒരക്ഷരം മിണ്ടില്ല. ഇനി വല്ലവനും ഇതിനെക്കുറിച്ച് എഴുതിയാല്‍ തന്നെ വായിക്കുന്നവരില്‍ ഭൂരിഭാഗവും ഞാന്‍ നേരത്തെ പറഞ്ഞ കാപെറുക്കികളാ . അവന്‍മ്മാര്‍ അത് വായിച്ചിട്ട് കമാന്ന് ഒരക്ഷരം മിണ്ടാതെ പോയിക്കോളും . പോരാഞ്ഞ് ബ്ലോഗില്‍ തന്നെ ഔതകുട്ടിച്ചായന്റെ കുഴലൂത്തുകാര്‍ ആവശ്യത്തിലധികം . അവന്മ്മരെക്കൊണ്ട് മറ്റു വിവാദ വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിപ്പിച്ച് ഈ വിഷയം ഔതകുട്ടിച്ചായന്‍ ഡൌണ്‍ പ്ലേ ചെയിപ്പിച്ചോളും .എന്തെങ്കിലും കണ്ടന്റ് തെഫ്റ്റോ മറ്റോ നടന്നു എന്ന് പറഞ്ഞു ഒരു ലേഘനമിട്ടാല്‍ ഇവന്മാര്‍ അതിന്റെ പിന്നാലെ കരിവാരം , അമ്മുമ്മേടെ അടിയന്തരം എന്നൊക്കെപ്പറഞ്ഞ് എല്ലിന്‍ കഷ്ണം കണ്ട നായ്ക്കളെ പോലെ പൊയ്ക്കോളും. അതിനിടയില്‍ ഇന്ത്യയുടെ കാര്യമാര് ഓര്‍ക്കാന്‍ ? "
എ കെയുടെ ഈ ഡൈലോഗോടെ ചാരരമ അവസാനിക്കുന്നു

7 comments:

വീണ said...

ബ്ലോഗ് വായന തുടങ്ങിയിട്ട് എന്‍റെ ആദ്യത്തെ കമന്റാണിത്. ഉഗ്രന്‍ പോസ്റ്റ് . അധികമാളുകള്‍ക്ക് ഈ ധൈര്യം കാണുമെന്ന് തോന്നുന്നില്ലാ . ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുമോ?

Anonymous said...

ബ്ലോഗില്‍ ഔതകുട്ടിച്ഛയന്റെ കുഴലൂത്തുകാര്‍??? ആരാണവര്‍ എന്ന് കൂടി വ്യക്തമാക്കാമായിരുന്നു. ബാക്കി കാപെരുക്കികളുടെ കാര്യം പറഞ്ഞു 100% സത്യം

Aadityan said...

തകര്‍ത്തു കളഞ്ഞു .ഉഗ്രന്‍ . നേരത്തെ ചോദിച്ച സംശയം അവശേഷിക്കുന്നു .എന്തായാല്ലും തകര്‍ത്തു .അടുത്ത പടം ഉടനേ ഉണ്ടോ ? ഉണ്ടാവണം ... all the best

Anonymous said...

chararama will be a super hit.
BTW Outhakuttychaayan's Pak Edition ,is it a hit over there?

Well done bro

Anonymous said...

:-)

ബാബുരാജ് said...

കലക്കി എ.കെ.
എന്നാലും അവസാനം എനിക്ക്‌ ഇഷ്ടപ്പെട്ടില്ല. ഔതക്കുട്ടിക്ക്‌ നല്ല മറുപടി കൊടുത്ത്‌ ചവിട്ടിക്കൂട്ടണ്ടേ? സാരമില്ല റിലീസ്‌ ചെയ്യുമ്പം രണ്ടു ക്ലൈമാക്സ്‌ ആക്കിയാല്‍ മതി.

Anonymous said...

ഇതു തകര്‍ത്തു :-p